Site icon The Writings of Sunil Upasana

കടത്തുവഞ്ചിയും കാത്ത്

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്.

ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം. സന്താപമെന്ന ഋജുരേഖയില്‍ തളച്ചിടപ്പെട്ട ഒരുപാട് നാളുകൾ, ഋതുക്കൾ, വര്‍ഷങ്ങൾ. ഒടുക്കം ആ ഋജുരേഖയുടെ ചാരുത(?)ക്കു ഭംഗം വരുത്തി ഇതാ ഒരു സ്പൈക്ക്… സന്തോഷത്തിന്റെ ഒരു ഉയര്‍ന്ന ഹൈക്ക്!

‘കടത്തുവഞ്ചിയും കാത്ത്’ എന്ന കഥ മലയാളത്തില്‍ ഗൗരവമായ വായനയെ പ്രതിനിധീകരിക്കുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ ബ്ലോഗന പംക്തിയിൽ!


 


“രവീ ഇതോടെ നീയിന്നത്തെ കുത്ത് നിർത്തില്ലേ?” വഞ്ചിയിൽ കയറും മുമ്പ് വാസുദേവൻ ചോദിച്ചു.

അന്തിമയങ്ങിയ പടിഞ്ഞാറേ ചക്രവാളത്തിലേക്കു രവി നോക്കി. ചുവപ്പുരാശി നേർത്തു കഴിഞ്ഞിരുന്നു. കടത്തു നിര്‍ത്തേണ്ട സമയമായെന്നു പ്രകൃതിയുടെ ഓർമപ്പെടുത്തൽ.

രവി തലയാട്ടി. “അതെ. ഇത് അവസാനത്തേതാ”

പുഴയിൽ കുഞ്ഞോളങ്ങളുണ്ടാക്കി കാറ്റു വീശി. രവി മുളങ്കോൽ പുഴയില്‍നിന്നു ഉയര്‍ത്തി. മുളയുടെ തുമ്പിലൂടെ പുഴവെള്ളം ധാരയായി ഒലിച്ചിറങ്ങി. ഇരുമ്പുവളയമിട്ട അടിഭാഗത്തു കട്ടിച്ചേറിന്റെ കറുത്ത ആവരണം.

രവി അന്വേഷിച്ചു. “എവിട്യായിരുന്നു ഇന്നു കല്യാണം?”

“മാളേല്. നമ്മടെ പ്രഭാകരന്റെ ബന്ധത്തിലൊള്ളതാ”

വാസുദേവൻ കക്ഷത്തിൽവച്ചിരുന്ന ബാഗ് തുറന്നു മുറുക്കാന്‍‌പൊതി എടുത്തു. മുന്‍‌കൂട്ടി തയ്യാറാക്കി വച്ചിരുന്ന മുറുക്കാൻ വായില്‍‌തള്ളി കൂടുതൽ വിശേഷങ്ങൾ നിരത്തി.

“ചെക്കനു പെണ്ണിന്റെ വീട്ടാര് കൊടുത്തതു അഞ്ചു ലക്ഷോം കാറും. പെണ്ണിന്റെ മേത്താണെങ്കീ നമ്മടെ പേര്‍ഷ്യൻ ജ്വല്ലറീലൊള്ളേനേക്കാളും കൂടുതൽ പൊന്ന്ണ്ട്”

വാസുദേവൻ തുടര്‍ന്നുകൊണ്ടിരുന്നു. രവി എല്ലാം മൂളിക്കേട്ടു. വിശേഷങ്ങൾ കേള്‍ക്കാൻ കുട്ടിക്കാലം മുതലേ താല്പര്യമാണ്. അന്നൊക്കെ രാത്രിയിൽ കടവിനക്കരെ നിന്നു കൂക്കുവിളി കേള്‍ക്കാൻ കാതോര്‍ത്തിരിക്കും. കാരണം അച്ഛൻ വഞ്ചിയിറക്കിയാൽ കൂടെ പോകാൻ അനുവാദമുണ്ട്. ചിലപ്പോൾ ചെറിയവഞ്ചിയായിരിക്കും ഇറക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ വലിയ വഞ്ചിയിൽ പോകും. പെട്രോമാക്സും കൂടെ കരുതും. വഞ്ചി കുത്തുമ്പോൾ കടത്തുകാരനു ഇരുട്ട് പ്രശ്നമല്ല. അവർക്കു സ്വന്തം കൈവെള്ളയിലെ വരകളേക്കാളും നന്നായി പുഴയുടെ ഭൂമിശാസ്ത്രം അറിയാം. പക്ഷേ വഞ്ചിയേറുന്നവര്‍ക്കു അങ്ങിനെയല്ല. മങ്ങിയ വെളിച്ചത്തിൽ പുഴയിലൂടെ സഞ്ചരിക്കുമ്പോൾ അടുത്തിരിക്കുന്നവന്റെയോ കടത്തുകാരന്റെയോ മുഖം കാണുന്നത് അവര്‍ക്കു ആശ്വാസമാണ്. അപ്പോൾ നാട്ടിലെ കേട്ടുകേഴ്‌വികളുടെയും ഉപജാപങ്ങളുടേയും കെട്ടഴിയും. നന്നേ ചെറുപ്പത്തിൽ കേട്ട അത്തരം സംഭാഷണങ്ങളാണ് രവിയെ നല്ല ശ്രോതാവാക്കിയത്.

വാസുദേവൻ വിഷയം മാറ്റി.

“നിനക്ക് കടത്തുകൂലി കൊറച്ച് കൂട്ടിക്കൂടേ?”

“ഉം… വേണം”

“ഇന്യെന്താ താമസം. ഹോട്ടലീ കൂട്ടീലേ. സലൂണീ കൂട്ടീലേ”

“കൂട്ടി…”

“ഹ അതെന്താ നിയ്യൊരു താല്പര്യല്ലാത്ത മാതിരി പറേണെ”

രവി സമ്മതിച്ചു. ശരിയാണ്, തന്റെ മറുപടിയിൽ താല്പര്യമില്ലായ്‌മ ഉണ്ടായിരുന്നു. അതിന്റെ ക്ഷീണം തീര്‍ക്കാനും വിഷയം മാറ്റാനും രവി നര്‍മത്തിൽ ആരാഞ്ഞു.

“ഷാപ്പീ കൂട്ടീല്ലല്ലോ വാസ്വേട്ടാ?”

“ഹഹഹഹ…“ വാസുദേവൻ വിടർന്നു ചിരിച്ചു. “അതാ രവ്യേ ഒരു രക്ഷ. അന്തിയാവുമ്പോ ഒരു ഗ്ലാസ്സ് മോന്തീല്ലെങ്കി എനിക്കൊരു ഇത് പോലാ”

വാസുദേവൻ മടിക്കുത്തു തുറന്നു കാശെണ്ണാൻ തുടങ്ങി. കടവിനടുത്തെ കള്ളുഷാപ്പിൽ കയറാനുള്ള മുന്നൊരുക്കമാണ്. എണ്ണി തിട്ടപ്പെടുത്തി രവി കേള്‍ക്കാൻ ഉറക്കെപ്പറഞ്ഞു.

“നൂറ്റിപ്പത്തു രൂപ അമ്പതു പൈസ“

രവി ശ്രദ്ധിച്ചില്ല. മനസ്സ് അലഞ്ഞു നടക്കുകയായിരുന്നു. കടത്തുകൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം വാസുവേട്ടൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് ഓര്‍ത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി, ശരിക്കു പറഞ്ഞാൽ അച്ഛൻ മരിച്ചശേഷം, കൂലി കൂട്ടിയിട്ടില്ല. ഇതിനിടയിൽ ശ്രീരാമ ഹോട്ടലിൽ രണ്ടുതവണ വിലകൂട്ടി. മറ്റുള്ളവരും തഥൈവ. കള്ളുഷാപ്പിൽ മാത്രം വിലകള്‍ക്കു മാറ്റമില്ല. തനിക്കു കൂട്ടായി അവരെങ്കിലും ഉണ്ട്.

വാസുദേവൻ പറഞ്ഞു. “നിനക്ക് പറ്റ്യ ഒരാലോചന എന്റെ കയ്യില്ണ്ട്. മാമ്പ്രേന്ന്”

രവി വേണ്ടെന്നു പറഞ്ഞു.

“മുപ്പത്തിനാലായില്ലേ. ഇന്യെന്താ ഭാവം. നിന്റെ കല്യാണത്തിനു ഞാൻ കൊണ്ടരണ ആലോചന മതീന്നാ നാണപ്പൻ പറയാറ്”

“അച്ഛൻ അങ്ങനെ പറഞ്ഞണ്ടാ” രവി സംശയിച്ചു.

“ഉവ്വടാ മോനേ. നിനക്കറിയോ ഞങ്ങ രണ്ടുപേരും അങ്ങടുമിങ്ങടും പറയാത്ത ഒറ്റ കാര്യല്ല്യ”

കുറച്ചുനാളുകൾക്കു ശേഷമാണ്‍ ആരെങ്കിലും അച്ഛനെക്കുറിച്ചു പറയുന്നത്. പണ്ട് അങ്ങിനെയല്ലായിരുന്നു. കടത്തിൽ ഹരിശ്രീ കുറിച്ച കാലത്തു വഞ്ചി കയറാൻ വരുന്നവരെല്ലാം ഒരേകാര്യം പലതവണ പറയും. അതു കേള്‍ക്കുന്നത് അസഹ്യമായിരുന്നു. കടത്തുവഞ്ചിയുടെ അരികിലൂടെ നടന്നു ഊന്നുകോൽ പുഴയിലെറിയുമ്പോൾ അവരില്‍‌നിന്നു പാറിവരാറുള്ള സഹതാപം മുറ്റിയ നോട്ടങ്ങൾ അതിലേറെ അസഹ്യം. എല്ലാവരും എല്ലാം മറക്കാൻ കുറേക്കാലമെടുത്തു. വാസുവേട്ടനെപ്പോലെ അപൂര്‍വ്വം ചിലർ ഓര്‍ത്താലായി.

എന്താണ് മറുപടി പറയുക. പതിവുപല്ലവികൾ കേട്ടാൽ അദ്ദേഹം വിടില്ല. നാട്ടിലെ എല്ലാവരുടേയും വിവാഹങ്ങള്‍ക്കു വഴിതെളിച്ച വ്യക്തിയാണ്. അച്‌ഛനുമായും നല്ല അടുപ്പമായിരുന്നു.

“ജാതകത്തില് ഇത്തിരി പെശക്ണ്ട്. മുപ്പതു കഴിഞ്ഞാപ്പിന്നെ മുപ്പത്തിയഞ്ചിനു ശേഷാ പാടൊള്ളൂ”

വാസുദേവൻ മൂളി. “ഉം… ജാതകച്ചേർച്ച പ്രധാനാണ്. നമ്മടെ മേലൂരിലെ…”

രവി പുഴയിൽ കുത്തുകോലെറിഞ്ഞു.

വാസുവേട്ടൻ എന്നു വിളിക്കപ്പെടുന്ന വാസുദേവന്റെ പ്രധാനതൊഴിൽ മൂന്നാമൻ പണിയാണ്. കല്യാണസീസണിൽ മഷിയിട്ടാൽ കാണാൻ ‌കിട്ടില്ല. അല്ലാത്തപ്പോൾ വഞ്ചി കുത്താൻ വരും. ആ മേഖലയിൽ വിദഗ്ദനുമാണ്.

“ഇത്തവണ എടവപ്പാതി കടുക്കൂന്നാ തോന്നണെ. ഇന്നലത്തെ പെയ്ത്ത് അതിന്റെ സൂചന്യായിട്ട് എടുക്കാം. കാലം തെറ്റ്യല്ലേ പെയ്തെ”

ആകാശത്തു കാര്‍മേഘങ്ങൾ കിഴക്കോട്ടു ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. പുഴക്കരയിലേക്കു നോക്കി വാസുദേവൻ അധികാരസ്വരത്തിൽ പറഞ്ഞു.

“മുമ്പത്തെ ആഴ്ചത്തേക്കാളും വെള്ളം ജാസ്തി കൂടീണ്ട്. കൗണ്ടറിന്റെ പടി മുങ്ങ്യാപ്പിന്നെ നീ വഞ്ചി എറക്കണ്ടാ”

വാസുദേവൻ എന്തോ ആലോചിച്ചു വിഷമിച്ചു. ഇനിയെന്താണ് പറയാൻ പോകുന്നതെന്നു രവിക്കു അറിയാം.

 

“നാണപ്പൻ” സംസാരം നിര്‍ത്തി അദ്ദേഹം കറുത്തു കലങ്ങിയൊഴുകുന്ന പുഴവെള്ളത്തെ തുറിച്ചുനോക്കി. നരച്ച പുരികത്തിനു താഴെ, മിഴികളിൽ ഭീതി നിറഞ്ഞു.

“നാണപ്പൻ പോയത് എനിക്കിപ്പഴും വിശ്വസിക്കാമ്പറ്റിയിട്ടില്ല”

അല്പസമയത്തെ നിശബ്ദത. “ഞാനായിട്ട് വല്യ കൂട്ടായിരുന്നു. നിനക്കോര്‍മയില്ലേ കൊച്ചിലേ ഞങ്ങടെ കൂടെ പൊഴേന്ന് കക്കവാരാൻ വരാറൊള്ളത്”

വാസുദേവൻ മുറുക്കാൻ പുഴയിലേക്കു തുപ്പി. പുഴവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞ്, സ്വന്തം കൈത്തലം നിവര്‍ത്തി നോക്കി. മുളങ്കോൽ പിടിച്ചുവീണ തയമ്പുകൾ പൂര്‍ണമായും മാഞ്ഞിരിക്കുന്നു. കണ്ണിൽ ശോകഛായ പടര്‍ന്നു.

“എത്ര തവണ്യാ നാണപ്പന്റെ കൂടെ വഞ്ചി കുത്തീരിക്കണെ. അന്നമനട തേവരുടെ ഉത്സവത്തിനു ഒരറ്റത്ത് ഞാനും മറ്റേ അറ്റത്ത് നാണപ്പനുമായിരിക്കും. ഇപ്പോ മുങ്ങുംന്ന പോലെ വഞ്ചി നെറയെ ആള്ണ്ടാവും. ചെറുതായൊന്ന് ഒലഞ്ഞാ മതി സൈഡിലിരിക്കണോര്ടെ പിന്നീ വെള്ളം നനയും. എന്നട്ടും ഒറ്റ തവണപോലും അപകടണ്ടായിട്ടില്ല. അതാ ഞങ്ങ തമ്മിലൊള്ള മനപ്പൊരുത്തം”

വാസുദേവന്റെ സ്വരത്തിലെ ഇടര്‍ച്ച രവി തിരിച്ചറിഞ്ഞു.

“പൊഴ നെറഞ്ഞ് കെടക്കണ അന്നു അക്കരേന്നൊള്ള കൂക്കുവിളി കേട്ട് വഞ്ചി അഴിച്ചത് ഞാനാ. പക്ഷേങ്കി അവൻ സമ്മതിച്ചില്ല. ഞാനിപ്പ വരാ വാസൂ, നീ ഷാപ്പിൽക്ക് പൊക്കോന്ന് പറഞ്ഞു. അത് അവസാനത്തെ പോക്കാന്ന് എനിക്കറീല്ലായിരുന്നു. മഴേത്ത് ആളോള്‍ ഓടിക്കൂടണ കണ്ടാ ഞാനെറങ്ങ്യെ”

വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ ഭാവമാറ്റം രവിയേയും നൊമ്പരപ്പെടുത്തി.

“അച്ഛനെ നീ മുങ്ങിയെടുക്കണ കണ്ട് ഞാനിന്നും ഞെട്ടി എണീക്കാറ്ണ്ടടാ മോനേ”

വഞ്ചി കരയോടു അടുത്തു. രവി മുളങ്കോൽ വൈരാഗ്യത്തോടെ പുഴയിലെറിഞ്ഞു ആഞ്ഞുകുത്തി. വഞ്ചിയുടെ വശത്തിലൂടെ നടന്നു മുളങ്കോലിന്റെ വണ്ണം‌കുറഞ്ഞ തുമ്പുവരെ വെള്ളത്തിലാഴ്ത്തി കുത്തി. മണല്‍ത്തരികളെ വെള്ളത്തിൽ പാറിച്ചു പരത്തി വഞ്ചി കരക്കു കയറി. ഒരറ്റം പുഴവെള്ളത്തിന്റെ ഓളങ്ങള്‍ക്കൊപ്പം ആടിയുലയൽ തുടര്‍ന്നു.

രാത്രി കനത്തിരുന്നു. പുഴക്കരയിലും കടവിലേക്കുള്ള ഇടവഴിയിലും ഇരുട്ട് തളം‌കെട്ടി. പുഴവെള്ളവും ഇരുട്ടിൽ കറുത്തു. മിഴിതുറന്ന ചന്ദ്രപ്രഭയിൽ ആ കറുപ്പ് തിളങ്ങി. ആടിയും ഉലഞ്ഞും തിളങ്ങി. കടവില്‍നിന്നു അകന്നു പോകുന്ന ബീഡിക്കുറ്റിയുടെ പ്രകാശം മാത്രമായി വാസുദേവൻ മാറി. പിന്നീടു അതും ഇരുളിൽ മറഞ്ഞു. കള്ളുഷാപ്പിലെ അറുപതു വാട്ട് വെളിച്ചത്തിന്റെ കീറിൽ കടത്തുകൂലി വാങ്ങുന്ന ചെറിയ ഓലഷെഡും, വിഎം ടാക്കീസിൽ കളിക്കുന്ന സിനിമയുടെ പോസ്റ്ററും മങ്ങിത്തെളിഞ്ഞു.

തെറുത്തു കയറ്റിയ ഷര്‍ട്ടിന്റെ കയ്യില്‍‌നിന്നു പകുതിവലിച്ച ബീഡിക്കുറ്റിയെടുത്തു രവി കത്തിച്ചു. പുകയെടുത്തു പുഴയുടെ കുഞ്ഞോളങ്ങളിൽ മന്ദമുലയുന്ന വഞ്ചിയിൽ കയറി, രണ്ടു വശങ്ങളേയും ബന്ധിപ്പിച്ച് ഉറപ്പിച്ചിരുന്ന പലകയിൽ മലര്‍ന്നുകിടന്നു. പുഴവെള്ളം നിരന്തരം നനയുന്ന പലകക്കു പുഴയുടെ മാദകഗന്ധമായിരുന്നു. രവി അതു ആഞ്ഞാഞ്ഞു ശ്വസിച്ചു. കാര്‍മേഘങ്ങള്‍ക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രബിംബത്തിലെ കരടിരൂപത്തെ ആദ്യമായി കാണുന്നപോലെ ഉറ്റുനോക്കി. അറിയാതെ അതിനുനേരെ വിരൽ ചൂണ്ടി. രവി കുട്ടിയായി മാറുകയായിരുന്നു. ആ കുട്ടി തൊട്ടരുകിൽ വിയര്‍പ്പിൽ മുങ്ങിയ ഒരു രൂപം താന്‍‌കിടക്കുന്ന വഞ്ചിയുന്തി കരക്കു കയറ്റുന്നതു കണ്ടു. കുട്ടി രൂപത്തോടു സാകൂതം ആരാഞ്ഞു.

“എന്താച്ഛാ ചന്ദ്രന്റെ ഉള്ളിൽ കരടി പോലൊരു രൂപം”

കരയിലേക്കു പാതി കയറിയ വഞ്ചിയിലെ വടക്കയർ എടുത്തു, രൂപം സമീപത്തെ ഇരുമ്പുവളയത്തിൽ കൊളുത്തി. പിന്നെ വഞ്ചിയിൽ മലര്‍ന്നുകിടന്ന മകനെ കഴുത്തിലിരുത്തി ഇടവഴിയിലൂടെ സാവധാനം നടന്നു.

“അത് ചന്ദ്രനിലെ കുഴിയാ കുട്ടാ”

കുട്ടി നെറ്റിവഴി അച്‌ഛന്റെ തലയിൽ മുറുകെ ചുറ്റിപ്പിടിച്ചു. “ഇത്രേം ചെറ്യ കുഴ്യോ!”

“ആങ് ചെറ്യ കുഴി. ഹഹഹഹ”

പരുക്കൻ ചിരി പുഴക്കരയിലെ കൈതപ്പൊന്തകളിലും ഇല്ലിക്കാടുകളിലും തട്ടി നിശബ്ദതപൂകി. രവി പലകയിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും കാതോര്‍ത്തു. എങ്ങും നിശബ്ദതമാത്രം. വഞ്ചിക്കുള്ളിൽ തളം‌കെട്ടിയ പുഴവെള്ളത്തിൽ പ്രതിഫലിച്ച ചന്ദ്രബിബം എന്നിട്ടും രവിയെ സംശയാലുവാക്കി. അച്‌ഛൻ അടുത്തുണ്ടോ? നേരിയ അണപ്പോടെ രവി വീണ്ടും കാതുകൂര്‍പ്പിച്ചു. എന്തിനെയോ കണ്ടു ഭയന്നപോലെ പ്രകൃതി നിശബ്ദമാണ്.

കാലുനീട്ടി വെള്ളമിളക്കി ചന്ദ്രബിംബത്തെ പല കഷണങ്ങളായി ചിതറിച്ചു രവി എഴുന്നേറ്റു. വഞ്ചിയിൽ ചാരിവച്ചിരുന്ന മുളങ്കോലിനു പകരം തുഴയെടുത്തു വഞ്ചിയിറക്കി. പുഴയിലേക്ക്. കറുത്തു തിളങ്ങി ഒഴുകുന്ന പുഴയിലേക്ക്. ഒഴുക്കിനു എതിരായി, അക്കര ഒഴിവാക്കി, പുഴയോരത്തിലൂടെ രവി സാവധാനം വഞ്ചി തുഴഞ്ഞു. കടവില്‍‌നിന്നു കുറച്ചുമാറി മണല്‍‌വഞ്ചികളെ കടന്നു, പുഴയോരത്തു കൂട്ടമായി വളര്‍ന്നുനില്‍ക്കുന്ന ചേമ്പുകളെ വകഞ്ഞുമാറ്റി വഞ്ചി മുന്നേറി. ഒടുക്കം പഴയതും ഉപയോഗശൂന്യവുമായ ഒരു കുളിപ്പടവിൽ വഞ്ചിയുടെ അടിഭാഗം ഇടിച്ചുനിന്നു.

ഒഴുക്കില്ലാത്ത പടവിൽ തുഴകൊണ്ടു രവി ആഴമളന്നു. വഞ്ചി അരുകിലേക്കു ഒതുക്കി നിര്‍ത്തി മുട്ടോളം വെള്ളമുള്ള പടവിൽ ഇറങ്ങിനിന്നു. വഴുക്കലിൽ കാലുകൾ തെന്നിയെങ്കിലും വീണില്ല. പുഴ ചതിക്കില്ല അതിന്റെ കടത്തുകാരനെ. പൊതുവിലുള്ള വിശ്വാസമാണത്. അച്ഛനാണ് അതാദ്യം തെറ്റാണെന്നു തെളിയിച്ചത്. അതോ തെളിയിപ്പിച്ചതോ?

മണല്‍‌വാരുന്നവർ മുങ്ങിത്തപ്പുന്നതുകണ്ട് കരയിൽ അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. നെഞ്ചിലെ തിക്കുമുട്ടൽ അത്രയധികമായിരുന്നു. അച്ഛൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം മുങ്ങിപ്പൊങ്ങി. കുളിപ്പടവിലെ വഴുക്കലുള്ള പടിയിൽ വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനെ മടിയിൽ‌ കിടത്തി കരഞ്ഞു. കരഞ്ഞു തളര്‍ന്നു. ഇന്നത്തെപ്പോലെ അന്നും പടവുകളിൽ പുഴയുടെ കുഞ്ഞോളങ്ങൾ വന്നുമുട്ടിയിരുന്നു, നിശബ്ദമായി.

കൈക്കുമ്പിളിൽ പുഴവെള്ളമെടുത്തു രവി വാസനിച്ചു. പുഴയുടെ ഉന്മാദിപ്പിക്കുന്ന ഗന്ധം സിരകളിലോടി. അച്ഛനും പുഴയുടെ മണമായിരുന്നു. വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനും അന്നു പുഴയുടെ മണമായിരുന്നു. മുങ്ങിയെടുത്ത തന്നിലേക്കും അതു പരന്നു. തുഴ കയ്യിലെടുത്തതോടെ ഒരിക്കലും വേര്‍‌പിരിയാത്തവിധം ആഴത്തിൽ വേരുപടര്‍ത്തുകയും ചെയ്തു.

കൈക്കുമ്പിളിലെ ജലം പുഴയിലേക്കൊഴുക്കി രവി ആകാശത്തു നോക്കി. കാര്‍മേഘങ്ങൾ ചന്ദ്രനെ പൂര്‍ണമായി മറച്ചിരിക്കുന്നു. ഇനി ആര്‍ത്തുപെയ്യുന്ന ഇടവപ്പാതിയുടെ ഊഴമാണ്. അച്ഛനെ ചതിച്ച ഇടവപ്പാതിയുടെ ഊഴം. പുഴയോരത്തെ ഇല്ലിക്കാടുകളെ ആടിയുലയിച്ചു തണുത്ത കാറ്റുവീശി. കുഞ്ഞോളങ്ങൾ ദീര്‍ഘിച്ചു, ശക്തികൂടി. അവ രവിയുടെ കാലുകളെ അമര്‍ത്തി തഴുകി. അച്ഛന്റെ സ്പര്‍ശം പോലെ. മുളങ്കോൽ പിടിച്ചു തയമ്പുവീണ കൈത്തലം കൊണ്ടുള്ള തലോടൽ പോലെ.

ഉള്ളിന്റെയുള്ളിൽ നിന്നുയര്‍ന്ന ഏതോ ചോദനയിൽ, തന്നെ വാത്സല്യത്തോടെ തഴുകുന്ന ഓളങ്ങളെനോക്കി രവി വിളിച്ചു.

“അച്ഛാ…”

 
മറുപടിയായി ഓളങ്ങൾ പിന്നെയും പിന്നെയും രവിയെ തഴുകിക്കൊണ്ടിരുന്നു.

Exit mobile version