Site icon The Writings of Sunil Upasana

മാളവികയുടെ തിരുവാതിര

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



മാളവിക തെക്കിനിയിലേക്ക് ചെന്നു. അവിടെ ചെമ്പിൽ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. കപ്പ് ഇല്ലായിരുന്നു.

വിളിച്ചു ചോദിച്ചു. “അമ്മേ ആ പ്ലാസ്റ്റിക് കപ്പെവിട്യാ?”

കട്ടപ്പുക കുമിഞ്ഞുവരുന്ന അടുക്കളയിൽനിന്ന് ചുമയല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. കപ്പിനായി മാളവിക പിന്നെ കാത്തുനിന്നില്ല. ചെമ്പ് ചരിച്ച് വെള്ളമെടുത്തു. മുഖവും കൈകാലുകളും കഴുകി. അരയിൽ കയറ്റി കുത്തിയിരുന്ന പാവാട ശരിയായുടുത്തു. മുടി മാടിയൊതുക്കി കോലൻചീപ്പ് കൊണ്ട് ഭംഗിയായി ഈരിവച്ചു. മാളവിക ചീപ്പിലേക്കു കൌതുകത്തോടെ നോക്കി. ഇല്ല! ചീപ്പിൽ പൊട്ടിയ ഒരു മുടിയിഴ പോലുമില്ല. വെറുതെയാണൊ എല്ലാരും പറയുന്നത്…

“ഹായ്, മാളൂന് എന്തോരം മുട്യാ! എന്തൊരു ഭംഗ്യാ കാണാൻ“

അമ്മ ആഴ്ചയിൽ നാലുദിവസം താളിതേച്ച് കുളിപ്പിക്കുന്നതു കൊണ്ടാവും ഇത്രയും മുടി. കാല്‍‌മുട്ടിനു കുറച്ചു മുകളിൽ വരെയുണ്ട് നീളം. അതുമുഴുവൻ വാരിച്ചുറ്റിയാൽ ഉണ്ണിയാര്‍ച്ചയുടെ തല പോലെ കെട്ടിവക്കാം.

“മാളൂ വെളക്ക് കൊളുത്ത്. നേരം സന്ധ്യായി”

അടുക്കളയിൽനിന്നു അമ്മയുടെ ശബ്ദം. പൌഡറിട്ടു നെറ്റിയിൽ പൊട്ട് കുത്തുന്നതിനിടയിൽ മാളവിക ചിണുങ്ങി. “ഞാനമ്പലത്തീ പോവാമ്പോവാ അമ്മേ. സമയല്യാ“

“വെളക്ക് കൊളുത്താണ്ടാ നീ അമ്പലത്തീ പോണെ. ഇന്നലേം കൂടി പോയതല്ലേ നീ. എല്ലാ ദിവസോം എന്തിനാ അമ്പലത്തീ പോണെ”

മാളവിക അപകടം മണത്തു. തര്‍ക്കിക്കാൻ നിൽക്കണ്ട. ഇല്ലെങ്കിൽ അമ്മ എല്ലാം ഓര്‍ത്തു പറയും. മാളവിക പൂജാമുറിയിൽ‌നിന്നു നിലവിളക്ക് എടുത്തു. അതിനിടയിൽ ക്ലോക്കിലേക്കു നോക്കി.
കുഴപ്പമില്ല. ആവശ്യത്തിനു സമയമുണ്ട്. കീറത്തുണിയെടുത്തു വിളക്കിൽ പറ്റിപ്പിടിച്ചിരുന്ന കരിയും എണ്ണയും തുടച്ചുകളഞ്ഞ് വെടുപ്പാക്കി. ഇപ്പോൾ വിളക്കു കാണാൻ കുറേക്കൂടി മെനയുണ്ട്.

എണ്ണക്കുപ്പിയെടുത്തു നിലവിളക്കിലേക്ക് എണ്ണ പകര്‍ന്നു. തുണി തെറുത്തു തിരിയുണ്ടാക്കി. വിളക്കിൽ നാലു ദിക്കിലേക്കും തിരി വച്ചു. കയ്യിൽ പുരണ്ട എണ്ണ ഒരുനിമിഷത്തെ സംശയത്തിനു ശേഷം തലമുടിയിൽ തേച്ചു.

അടുക്കളയിലെത്തി തീപ്പെട്ടി എടുക്കുമ്പോൾ അമ്മ മാളവികയോട് പറഞ്ഞു. “മാളു… ഇന്ന് തിരുവാതിരയാ. നെന്റെ പേരിലൊരു പുഷ്പാജ്ഞലി കഴിച്ചേക്ക്. പിന്നെ ഇന്ന് രാത്രി ഉറങ്ങാനും പാടില്യ“

മാളവിക ഉത്സാഹത്തോടെ പറഞ്ഞു. “അതൊക്കെ അറിയാമ്മേ”

ഉമ്മറത്തെത്തി വിളക്കു കത്തിച്ച് ഒരുതിരി തുളസിത്തറയിൽ വച്ചു. തെക്കുവശത്ത് ദീപനാളം കാണിച്ചു.

“ദീപം… ദീപം…”

നിലവിളക്ക് എല്ലാ മുറിയിലും കാണിച്ചു തൊഴുതു. പിന്നെ തിടുക്കത്തി; മുറിയിൽ കയറി ദാവണി വാരിച്ചുറ്റി കണ്ണാടിയിൽ നോക്കി.

“ഈശ്വരാ സമയം കൊറെയായോ?”

വേഗം അമ്പലത്തിലേക്കു നടന്നു, അല്ല ഓടി. അമ്പലത്തിൽ ദീപാരാധനയ്ക്കായി നട അടച്ചു കഴിഞ്ഞിരുന്നു. ശ്രീകോവിലിനു മുന്നിൽ ഒരുവശത്ത് പുരുഷന്മാരും മറുവശത്ത് സ്ത്രീകളും വരിവരിയായി കൈകൂപ്പി പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്നു. മാളവിക അണപ്പ് നിയന്ത്രിച്ച്, നെറ്റിയിലെ വിയര്‍പ്പ് ദാവണികൊണ്ട് ഒപ്പി. പടാപടാ മിടിക്കുന്ന ഹൃദയത്തോടെ എതിര്‍വരിയുടെ ഏറ്റവും പിന്‍ഭാഗത്തേക്കു ആരും കാണാതെ തലതിരിച്ചു നോക്കി.

“ഉവ്വ്. വന്നിട്ടുണ്ട്“

പതിവ് പോലെ അലസമായ വേഷം. എണ്ണ തേക്കാത്ത മുടി അലങ്കോലമായി കിടക്കുന്നു. മാളവിക വരിയുടെ ഏറ്റവും പിന്നിൽ പോയി നിന്നു. തൊട്ടുമുന്നിൽ നിന്ന വാരസ്യാർ പിന്നോട്ടു തിരിഞ്ഞു അന്വേഷിച്ചു.

“അയ്. മാളൂട്ടി ന്താ വൈക്യേ?”

മാളവിക മന്ദഹസിച്ചു. ഒന്നുമില്ല എന്ന അര്‍ത്ഥത്തിൽ ചുമലനക്കി. മനസ്സിൽ പിറുപിറുത്തു.

“ഈ വാരസ്യാര്‍ക്ക് എന്തിന്റെ കേടാ. ത്തിരി വൈകീന്ന് വച്ച്”

വാരസ്യാർ വീണ്ടും പ്രാര്‍ത്ഥനയിൽ മുഴുകിയപ്പോൾ മാളവിക പതുക്കെ വലതുവശത്തേക്കു അലക്ഷ്യമായി പാളിനോക്കി.

പക്ഷേ കുറ്റിത്താടി വളര്‍ന്ന ആ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. പതിവ് നിര്‍വികാരഭാവം അവിടെ മുറ്റിനിൽക്കുന്നു. മാളവികക്കു ചെറുതായി ശുണ്ഠി വന്നു. ഇയാളെന്താ എപ്പോഴും ഇങ്ങിനെ. ഒന്നു നോക്കിക്കൂടേ. താനെന്താ സുന്ദരിയല്ലേ?

വാരസ്യാർ എപ്പോഴും അമ്മയോടു പറയാറുണ്ട്.

“എന്ത് മുഖശ്രീയാ മാളൂട്ടിക്ക്. നല്ല മുടീം. എല്ലാ ദെവസോം താളി തേച്ച് കുളിക്കാന്‍ പറേണട്ടാ ജാനകി”

കോളേജിൽ പല ആൺ‌കുട്ടികളും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നു മാളവികക്കറിയാം. പക്ഷേ ആരോടും ‘ഒരിത്’ തിരിച്ചു തോന്നിയിട്ടില്ല.

ഈ ചേട്ടനോടും പ്രത്യേകിച്ച് സ്നേഹമൊന്നുമില്ല. പക്ഷേ എന്തോ ഒരു പ്രത്യേകതയുണ്ട്.
മുഖത്ത് സാധുവിനെ പോലെ എപ്പോഴും മൌനമാണ്. അമ്പലത്തിൽ വരുന്ന ഒറ്റ പെണ്‍കുട്ടിയേയും ഇന്നേവരെ നോക്കുന്നത് മാളവിക കണ്ടിട്ടില്ല. തന്നേക്കാളും സുന്ദരിയായ വടക്കേതിലെ മീനാക്ഷിയേയും ഗൌനിക്കാറില്ല. അത് നന്നായൊള്ളൂ. എന്താ അവളുടെ ഒരു നെഗളിപ്പ്. സൌന്ദര്യമുണ്ടായാൽ എല്ലാം ആയെന്നാണ് വിചാരം. ഈ ചേട്ടന്റെ അടുത്ത് മീനാക്ഷിയുടെ കളികളൊന്നും ഇതുവരെ നടന്നിട്ടില്ല. ആല്‍ത്തറക്കു സമീപം വായിനോക്കാൻ ഇരിയ്ക്കുന്നവരെപ്പോലെയല്ല എല്ലാവരുമെന്നു മീനാക്ഷിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും.

ഇദ്ദേഹം കാണാൻ മോശമൊന്നുമല്ല. ഇരുപത്തഞ്ച് തോന്നിക്കുന്ന പ്രായം. കുറ്റിത്താടിയും വേണുനാഗവള്ളി മീശയും നല്ല ശോകച്ഛായ കൊടുക്കുന്നുണ്ട്. ആദ്യമായി കണ്ടത് രണ്ടുമാസം മുമ്പ് അമ്മയുടെ കൂടെ അമ്പലത്തിലെത്തിയപ്പോഴാണ്. അന്നേ ശ്രദ്ധയാകർഷിച്ചിരുന്നു.

 

പുഷ്പാഞ്‌ജലി പ്രസാദം വാങ്ങാൻ കാത്തുനിൽക്കുമ്പോൾ മാളവിക വീണ്ടും കണ്ടു. അദ്ദേഹം അലക്ഷ്യമായി എന്തോ ഓര്‍ത്തു നില്‍ക്കുകയാണ്. അയലക്കത്തെ പ്രകാശനൊക്കെയാണെങ്കിൽ മാളവിക അകലേനിന്നു വരുന്നതു കാണുമ്പോൾ തന്നെ കോലൻചീപ്പ് കൊണ്ട് മുടിയും, കിളുന്ത് മീശയും ഈരി വയ്ക്കും. പോരാതെ കൈകൊണ്ട് തലയും ശരീരവുമൊക്കെ തപ്പിനോക്കും. എല്ലാം ഭദ്രമല്ലേ എന്നറിയാന്‍. അതു കാണുമ്പോൾ മാളവികക്കു ചൊറിഞ്ഞു വരും. എന്താ അവന്റെയൊരു നിൽ‌പ്പ്. കാടിവെള്ളം കണ്ട പശുക്കുട്ടിയുടെ പോലെ. ഈ പുള്ളിയാണെങ്കിൽ അങ്ങനെ ഒന്നുമില്ല. കണ്ട ഭാവം കൂടെ നടിക്കില്ല. പിന്നല്ലേ.

വാരസ്യാർ അമ്മയോട് പറയുന്നത് കേട്ടാണ് മാളവിക അറിഞ്ഞത്, ഈ ചേട്ടന്‍ എല്ലാദിവസവും ദീപാരാധന തൊഴാൻ വരുമെന്ന്. അപ്പോൾ മുതൽ മാളവികക്കും ഭക്തി കൂടി. ശ്രദ്ധ ആകര്‍ഷിക്കാൻ മാളവികയും ചില്ലറ പൊടിക്കൈകൾ ശ്രമിക്കാതിരുന്നില്ല. പല പ്രാവശ്യം കൈത്തണ്ടയിലെ കുപ്പിവളകൾ കിലുക്കി നോക്കി. എത്ര തവണ പാദസരം കൂടുതൽ ശബ്ദമുണ്ടാകുന്ന വിധം അനാവശ്യമായി ചലിപ്പിച്ചു നടന്നു. ഒരു കാര്യവുമില്ല.

മാളവികക്ക് സംശയംതോന്നി. ഈ ചേട്ടനെന്താ പൊട്ടനാണോ? ഏയ്. അങ്ങനെയൊന്നും അല്ല എന്നാണ് വല്യമ്മാമൻ വീട്ടിൽ വന്നപ്പോൾ പറഞ്ഞത്. കുറച്ചകലെ താമസിക്കുന്ന വല്യമ്മാമൻ എല്ലാ ദിവസവും സന്ധ്യക്കു മുത്തശ്ശിയുടെ കൂടെ നാട്ടുകാര്യങ്ങൾ സംസാരിക്കുന്നത് പതിവാണ്. അച്ഛന്‍ മുത്തശ്ശിക്കു വാങ്ങിക്കൊടുക്കാറുള്ള വെറ്റിലയും പൊകലയും വല്ല്യമ്മാമൻ വലിയ വായിൽ വെട്ടിവിഴുങ്ങും. അതു കാണുമ്പോൾ മാളവികക്ക് തോന്നിയിട്ടുണ്ട്, വല്യമ്മാമൻ വരുന്നത് വെറ്റില മുറുക്കാനാണെന്ന്. മുത്തശ്ശിക്കും ഇതൊക്കെ അറിയാം. എന്നാലും ഒന്നും പറയില്ല.

“എന്റെ നേരെ അനിയനാ അവൻ. ഒരു പാവം. വെറ്റ്ല ഒക്കെ എടുക്കണ്ണ്ടെങ്കിലും എനിക്ക് നാട്ടുകാര്യങ്ങൾ അറിയാലോ”

അത് ശരിയാണ്. മുത്തശ്ശി ഇപ്പോൾ പുറത്തേക്കൊന്നും അധികം പോകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിലേക്കു മാത്രമേ പോകൂ. വലിയ താൽ‌പര്യമില്ലെങ്കിലും, വേറെയൊന്നും ചെയ്യാനില്ലെങ്കിൽ, മാളവിക അവരുടെ സംഭാഷണം കേട്ടിരിക്കും.

അങ്ങിനെയുള്ള ഒരു ദിവസമാണ് വല്യമ്മാമ ആ കാര്യം പറഞ്ഞത്.

 

“കേട്ടോ ഓപ്പോളേ. മ്മടെ നാണുവാശാന്റെ ചായപ്പീടികക്ക് പിന്നിലൊള്ള വാടകവീട്ടിൽ ഒരു പയ്യൻ താമസിക്കണ്ണ്ട് ഇപ്പോ“

“ത്രിശൂര്കാരനാ. ദെവസോം അമ്പലത്തിൽ വരും. കണ്ടാലോ ഒരു പാവം”

മുത്തശ്ശി അന്വേഷിച്ചു. “ആ കുട്ടി എന്താ ചെയ്യണ് ഭാസ്കരാ?”

വല്യമ്മാമന്റെ മറുപടി കേള്‍ക്കാൻ മാളവിക ചെവി കൂര്‍പ്പിച്ചു.

‘കൊച്ചീൽ ഏതോ കമ്പ്യൂട്ടർ കമ്പനീലാത്രെ ജോലി. ഒരു തണുപ്പന്‍ മട്ട് പ്രകൃതം. പുസ്തകങ്ങളോടാണത്രെ കമ്പം”

മാളവികക്കും പുസ്തകങ്ങൾ വലിയ ഇഷ്ടമാ‍യിരുന്നു. പണ്ട് വായനശാലയിൽനിന്നു സ്ഥിരമായി പുസ്തകം എടുക്കുമായിരുന്നു. വയസ്സറിയിച്ചതിൽ പിന്നെ വായനശാലയിൽ പോകുന്നത് കുറക്കേണ്ടിവന്നു.

പുറത്തിറങ്ങുമ്പോൾ മുത്തശ്ശി പറയും. “മാളൂട്ടി വല്യ പെണ്ണായീലേ.വായനശാലേല്‍ പോകുമ്പോ മോനൂനേം വിളിച്ചോ”

പിന്നെ പോകുന്നിടത്തൊക്കെ മോനുവിനെ വാലായി കൊണ്ടുനടക്കാൻ മാത്രം എന്താ ഇപ്പോൾ പറ്റിയെ. വലുതായാൽ ഇത്ര അധികം കുഴപ്പങ്ങളാണോ? ഇപ്പോൾത്തന്നെ ദിവസവും അമ്പലത്തിൽ പോകുന്നതിൽ അമ്മക്കെന്തോ സംശയമുള്ളതുപോലെ മാളവികക്കു തോന്നുന്നുണ്ട്.

ശ്രീകോവിലിന്റെ വാതിലിലിൽ ഘടിപ്പിച്ചിരിക്കുന്ന മണികൾ കിലുങ്ങി. അതൊരു സിഗ്നൽ ആണ്. പടിയിൽ വിതറിയിരിക്കുന്ന കര്‍പ്പൂരം കത്തിക്കാനുള്ള അടയാളം.

നട തുറന്ന് പോറ്റി ഭഗവാനെ കര്‍പ്പൂരാഴി ഉഴിഞ്ഞു. മാളവിക നന്നായി പ്രാര്‍ത്ഥിച്ചു.

“ഈശ്വരാ. ഇന്നാ ചേട്ടന് എന്നോട് സംസാരിക്കാൻ തോന്നിക്കണേ!”

നല്ലവണ്ണം തൊഴുത് ഓരോരുത്തരായി പിരിഞ്ഞു. മാളവിക പ്രസാദം കൊടൂക്കുന്നിടത്തേക്കു നടക്കുമ്പോഴാണ് കണ്ടത്. ആ ചേട്ടന്‍ ശാസ്താവിന്റെ പ്രതിഷ്ഠക്കു മുന്നിൽ തൊഴുതുനില്‍ക്കുന്നു. ഒന്നും ആലോചിച്ചില്ല. വേഗം അവിടേക്കു നടന്നു. ആളുടെ തൊട്ടടുത്തായി നിന്നു. കണ്ണുകൊണ്ട് പാളി നോക്കി. ഇല്ല. ശ്രദ്ധിക്കുന്നില്ലാ.

മാളവിക ചെവിടോര്‍ത്തു നിന്നു. നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. “ചേട്ടനോട് സംസാരിച്ചാലോ?“

പെട്ടെന്നുതന്നെ മനസിൽ മറുചോദ്യം ഉദിച്ചു. “എന്താ ചോദിക്കാ?”

പുസ്തകങ്ങളെക്കുറിച്ചായാലോ? വല്യമ്മാമ പറഞ്ഞത് പുസ്തകങ്ങളോടാണ് കമ്പമെന്നല്ലേ.
അപ്പോൾ ഏതെങ്കിലും പുസ്തകങ്ങൾ വായിക്കാൻ തരുമോ എന്നു ചോദിക്കാം. മാളവിക ചുറ്റിലും നോക്കി. അടുത്താരുമില്ല. എല്ലാവരും ചന്ദനം വാങ്ങാനായി വാരരുടെ അടുത്താണ്. നല്ല അവസരം.

മാളവിക കുറച്ചുകൂടി അടുത്തുനിന്ന് മുഖത്തേക്കു ഉറ്റുനോക്കി. എന്തെങ്കിലും ചോദിക്കാൻ ധൈര്യം കിട്ടിയാൽ ഇന്നു ചോദിച്ചിട്ടേയുള്ളൂ. മാളവിക ഉറ്റുനോക്കിയിരിയ്ക്കുന്ന സമയത്തുതന്നെ അവിചാരിതമായി പോറ്റി ശ്രീകോവിലിനു മുന്നിലുള്ള മണികൾ മുഴക്കി അകത്തു കേറിയത്.
നല്ല ശബ്ദമുണ്ടായിരുന്നു.

മാളവിക നടക്കുനേരെ തിരിഞ്ഞു നോക്കി. മുഖം തിരിച്ചപ്പോൾ മുന്നിൽ ആ മുഖം. കണ്ണുകളിൽ കുസൃതി. വിളറിയ ചുണ്ടുകൾ കണ്ണിമയനക്കാതെ നോക്കി നില്‍ക്കണ മാളവികയെ നോക്കി മന്ദഹസിച്ചു. മാളവികക്കു ഒന്നും ചോദിക്കാൻ തോന്നിയില്ല. തൊണ്ട വരണ്ടു. എന്തു ചെയ്യണമെന്നറിയാതെ പതുക്കെ തലകുനിച്ചു നിന്നു, ആളെന്തെങ്കിലും ചോദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.

“എന്താ മാളൂട്ടി? എന്തിനാ എന്നെ നോക്കിനിന്നെ. എന്തെങ്കിലും ചോദിക്കാനുണ്ടോ?”

നല്ല മുഴക്കമുള്ള ആ ശബ്ദം. മാളവികക്ക് ഇഷ്ടപ്പെട്ടു. ഹൃദയം സന്തോഷത്താൽ വീര്‍പ്പുമുട്ടി.
ഒടുക്കം സംസാരിച്ചൂലോ. മാളവിക ചെറുതായി ചിരിച്ചു. ഒന്നുമില്ലെന്ന അര്‍ത്ഥത്തിൽ ചുമലുകൾ അനക്കി. പിന്നെ പാദസരങ്ങൾ കിലുക്കി ഓടിപ്പോയി.

വീട്ടിലെത്തിയപ്പോൾ ഉമ്മറത്തെ തിണ്ണയിലിരുന്നു വല്യമ്മാമനും മുത്തശ്ശിയും ഭയങ്കര സംസാരം.
മാളവിക മുറിയിൽപോയി ദാവണി അഴിച്ചു പാവാട മാറ്റിയുടുത്തു. മുത്തശ്ശിയുടെ മടിയിൽ കിടന്നു. വല്ല്യമ്മാമന്റെ പറച്ചിലിലൊന്നും മാളവികക്കു തരിമ്പും താൽ‌പര്യം തോന്നിയില്ല. മനസ്സപ്പോഴും അമ്പലത്തിലെ സംഭവത്തിലായിരുന്നു. മുത്തശ്ശി നെറുകയിൽ തഴുകി വല്യമ്മാമനോട് പറയുന്നതും മാളവിക കേട്ടില്ല.

“ഭാസ്കരാ. ഇന്ന് മാളൂം തിരുവാതിര നോമ്പ് എടുക്കണുണ്ട്. അവള്‍ടെ ആദ്യത്തെ വ്രതാ“

വല്യമ്മാമന്‍ എന്തോ ഓര്‍മയിൽ മുഴുകി. “ജാനകി പറഞ്ഞു. എല്ലാം നന്നായി ഓപ്പോളേ“

അകത്തെ മുറിയിൽനിന്നു അമ്മ വിളിയ്ക്കുന്ന ശബ്ദം.

“മാളൂ. ഇങ്ങ്ട് വാ. ഈ കസവ് മുണ്ട് നെനക്കാ. വേഗം ഉടുക്ക്‘

മാളവിക വേഗം തട്ടിപ്പിടഞ്ഞ് എണീറ്റു. വടക്കേതിൽ ഇന്നുരാത്രി മുഴുവൻ തിരുവാതിരിക്കളിയാ. അമ്മയുടെ കൂടെ പോകാം. മാളവികക്കു ഉടുക്കാൻ അച്ഛൻ പുതിയ സെറ്റ്മുണ്ട് വാങ്ങിച്ചിരുന്നു. ആദ്യമായിട്ടാണ് സെറ്റുമുണ്ട് ഉടുക്കാൻ പോകുന്നത്. എങ്ങിനെയാകുമോ എന്തോ?

സെറ്റുമുണ്ടുടുത്ത്, പൊട്ടുകുത്തി ഉമ്മറത്തെത്തിയപ്പോൾ വല്യമ്മാമൻ മുത്തശ്ശിയോട് യാത്രപറഞ്ഞു ഇറങ്ങുകയായിരുന്നു. തുളസിത്തറയോളം ചെന്നിട്ട് എന്തോ പറയാൻ മറന്നതിനാൽ വല്യമ്മാമന്‍ തിരിച്ചുവന്നു.

മാളവിക കേട്ടു. “പിന്നെ ഓപ്പോളേ, ആ നാണുവാശാന്റെ വാടകവീട്ടിൽ താമസിക്കണ ചെക്കനില്ലേ. ആള് ഇവട്‌ന്ന് പൂവ്വാത്രെ“

മുത്തശ്ശി തിരക്കുന്നത് മാളവിക അവ്യക്തമായേ കേട്ടുള്ളൂ. “അതെന്താ ഭാസ്കരാ..?”

“വേറെവിടാണ്ട് ജോലി കിട്ടീന്നാ വാരസ്യാര് പറഞ്ഞെ. നാളെ രാവിലെ പുറപ്പെടും‌“

മാളവികയുടെ കണ്ണിൽ ഉറവ പൊടിഞ്ഞു. കോണുകളിലൂടെ അത് ചാലിട്ടൊഴുകി. അടുക്കളക്കോലായിൽ ചെന്ന് ആരും കാണാതെ സെറ്റുമുണ്ടിന്റെ അഗ്രം കൈയിൽ തിരുപ്പിടിച്ച്, വായപൊത്തി ശബ്ദമില്ലാതെ കരയുമ്പോഴും മാളവികയുടേ അകക്കണ്ണിൽ കുറ്റിത്താടിയും എണ്ണ പുരട്ടാത്ത തലമുടിയുമുള്ള ഒരു നിര്‍വികാരമുഖം ഉണ്ടായിരുന്നു. കാതുകളിൽ ആ മുഴക്കമുള്ള ശബ്ദവും.

“എന്തേ മാളൂട്ടി? എന്തേ എന്നെ നോക്കിനിന്നേ. എന്തെങ്കിലും ചോദിക്കാനുണ്ടോ?”

Featured Image Credit: – https://malayalam.samayam.com/spirituality/thriruvathira-festival-thiruvathira-paattukal/articleshow/62342273.cms


Exit mobile version