Site icon The Writings of Sunil Upasana

ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് മാമ്പ്രക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽ‌പാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന് മുന്നിലൂടെയാണ് പോകുന്നത്. വാഹനഗതാഗതം പൊതുവെ കുറവായതിനാൽ ഈ റോഡിൽ കുണ്ടുംകുഴിയും ഇല്ലെന്നു തന്നെ പറയാം. ഷാപ്പിനു സമീപം ജനവാസമില്ല. പകൽ മുഴുവൻ അധ്വാനിച്ച് സന്ധ്യക്ക് ഒരു കുപ്പി മോന്തണമെന്നു തോന്നുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം.

ഒരു വൈകുന്നേരം ആന്റണിയുടെ ‘തീരദേശ‘ത്തിരുന്ന് മിനുങ്ങുമ്പോഴാണ് ചെറാലക്കുന്ന് പ്രദേശത്ത് എന്തിനും പോന്നവനെന്ന പെരുമയുള്ള തമ്പി ഒരു ഇരുചക്ര വാഹനം വാങ്ങണമെന്നു തീരുമാനിച്ചത്. ഇരുപത്താറ് വയസ്സും ആറടിയിൽ താഴെ പൊക്കവും. ഉറച്ച ശരീരഘടന. ‘നേരെ വാ, നേരെ പോ’ മട്ട് പ്രകൃതം. അപാരമായ ചങ്കൂറ്റം. ശത്രുക്കൾക്ക് തികഞ്ഞ അപകടകാരി, മിത്രങ്ങൾക്ക് ആപൽബാന്ധവൻ. ഇതെല്ലാം ചേർന്നാൽ ചെറാലക്കുന്ന് തമ്പി ആയി.

ഒരു മാസം മുമ്പ് അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രംവിളക്ക് ഉത്സവം കണ്ടു അർദ്ധരാത്രിയിൽ മടങ്ങി വരികയായിരുന്നു തമ്പി. അന്നനാട് മുതൽ ചെറാലക്കുന്ന് വരെ ഏഴ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. നടന്നെത്താൻ ബുദ്ധിമുട്ട്. മിനുങ്ങിയാലത്തെ കഥ വേറെ. തമ്പി ഒരു ഓട്ടോ വിളിച്ചു. പരിചയമില്ലാത്ത പയ്യനായിരുന്നു ഡ്രൈവർ. ചെറാലക്കുന്നിലേക്ക് വണ്ടി വിടാൻ പറഞ്ഞപ്പോൾ പയ്യനു സംശയം.

“കക്കാട് വഴിയല്ലേ അവടയ്‌ക്ക് പൂവാ?”

തമ്പി അതെയെന്നു തലയാട്ടി. പയ്യനു വഴിയറിയില്ല എന്നു കരുതി തമ്പി ഓരോ വളവിലും എങ്ങോട്ടു തിരിയണമെന്നു പറഞ്ഞു കൊടുത്തു. മൂന്നുനാലു തവണ ഇതാവർത്തിച്ചപ്പോൾ പയ്യൻ വിലക്കി.

“വഴി എനിക്കറിയാം. പറഞ്ഞ് തരണ്ട”

തമ്പി സമ്മതിച്ചു. പക്ഷേ അടുത്ത വളവ് എത്തിയപ്പോഴും ഏങ്ങോട്ടു തിരിയണമെന്നു അറിയാതെ പറഞ്ഞു പോയി. പയ്യൻ ദേഷ്യപ്പെട്ടു.

“ഹ ഇയാളൊന്ന് മിണ്ടാണ്ടിര്ന്നേ“

അങ്ങിനെയെങ്കിൽ അങ്ങിനെ. തനിക്ക് വീട്ടിലെത്തിയാൽ മതിയല്ലോ. തമ്പി ആശ്വസിച്ചു. പക്ഷേ മിനുങ്ങലിന്റെ ഹാങ്ങോവറിൽ അടുത്ത വളവെത്തിയപ്പോഴും തമ്പി ഡ്രൈവറുടെ തോളിൽ തട്ടി പറഞ്ഞു.

“എടത്തോട്ട് എടത്തോട്ട്…”

ഓട്ടോ പെട്ടെന്ന് നിന്നു. ഉള്ളിലെ ചെറിയ ലൈറ്റ് തെളിയിച്ച് ഡ്രൈവർ പയ്യൻ പുറത്തിറങ്ങി. തമ്പിയെ ചീത്ത വിളിച്ച് താക്കീത് ചെയ്തു. “മിണ്ടാണ്ടിരുന്നോ. മര്യാദക്കാണെങ്കീ ഞാനങ്ങട് എത്തിക്കാം. അല്ലെങ്കി ഇപ്പോ എറങ്ങണം”

വണ്ടി തൈക്കൂട്ടം ജംങ്‌ഷനു അടുത്തെത്തിയിരുന്നു. ചെറാലക്കുന്നിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ട്. തമ്പി വായപൊത്തി മിണ്ടാതിരുന്നു. മനസ്സിൽ ചിന്തിച്ചു. പയ്യൻ പറഞ്ഞത് കാര്യമല്ലേ. അവനു വഴി അറിയാമെങ്കിൽ പിന്നെ എന്തിനു പറഞ്ഞു കൊടുക്കണം. ആർക്കാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ ദേഷ്യം വരും. പിന്നീടുള്ള മൂന്നു വളവുകളിൽ തമ്പി മിണ്ടിയില്ല. മൂളിപ്പാട്ടു പാടി ആസ്വദിച്ചു. പക്ഷേ തൈക്കൂട്ടം പിന്നിട്ട് ഓട്ടോ തീരദേശംപാടം ഭാഗത്ത് എത്തിയപ്പോൾ, അവിടെ മൂന്നും കൂടിയ ഒരു കവല കണ്ടപ്പോൾ തമ്പിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ തോളിൽ ആഞ്ഞടിച്ച് പറഞ്ഞു.

“നീയിങ്ങട് തിരിക്കടാ ഇടത്തോട്ട്!”

കഴിഞ്ഞു. എല്ലാം ശുഭം.

പയ്യനാണെങ്കിലും അവനു നല്ല ആരോഗ്യമാണെന്നു ഓസീൻ കമ്പനിയുടെ അരികിലെ ടാർ റോഡിലൂടെ അവശനായി നടക്കുമ്പോൾ തമ്പി ഓർത്തു. അതു കൂടാതെ ഓർമയിലുണ്ടായിരുന്ന രണ്ടാമത്തെ കാര്യം സ്വന്തമായി ഇരുചക്ര വാഹനം വാങ്ങുന്നതായിരുന്നു. അതിനാണ് ഇപ്പോൾ അന്തിമമായി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

തമ്പി തീരുമാനം ഷാപ്പിലുണ്ടായിരുന്ന സഹകുടിയന്മാരോട് പറഞ്ഞു.

“ഞാനൊരു വണ്ടി വാങ്ങാൻ പോവാണ്”

അടുത്തിരുന്ന രണ്ടുപേർ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. ഫൽഗുണൻ എന്ന സുഹൃത്ത് അന്വേഷിച്ചു.

“നിനക്കതിനു വണ്ടി ഓടിക്കാൻ അറിയോ?”

“ഹഹഹ. അതൊക്കെ പഠിക്കാൻ അത്ര നേരം വേണോ”

തമ്പിയിൽ ആശയക്കുഴപ്പം ഇല്ലായിരുന്നു. വണ്ടി വാങ്ങുക തന്നെ. കാശിന്റെ കാര്യത്തിലേ അനിശ്ചിതത്വമുള്ളൂ. അത് ഇടത്തരം കല്യാണ ബ്രോക്കറായ അച്ഛനോട് കൂടിയാലോചിക്കാൻ തീരുമാനിച്ചു. പിറ്റേന്നു രാവിലെ വീട്ടുമുറ്റത്തിരുന്ന് മാവില കൊണ്ട് പല്ലു തേക്കുന്ന അച്ഛനോട് പരമാവധി എളിമയോടെ കാര്യം ഉണര്‍ത്തിച്ചു. അന്നനാട് അമ്പലം, പാതിരാത്രിയിൽ തിരിച്ചുവരൽ, ഓട്ടോ കേസ്, ബൈക്കു വാങ്ങൽ. കാശ്…

അവസാനത്തെ വാചകം കേട്ടപ്പോൾ മാത്രം അത്രനേരം യാതൊരു കുലുക്കവുമില്ലാതെ ഇരുന്ന അച്ഛൻ ഞെട്ടി.

“കാശോ!“ വായിലെ മാവിലത്തണ്ട് തുപ്പിക്കളഞ്ഞ് അദ്ദേഹം ചോദ്യഭാവത്തിൽ തമ്പിയെ നോക്കി.

“നീയൊരു പെണ്ണുകെട്ടാണ്ട് ഇത് നടക്കില്ല മോനേ. നാലു ലക്ഷം വാങ്ങാവുന്ന ആലോചന അച്ഛന്‍ കൊണ്ടരാം. കെട്ടാൻ നീ തയ്യാറാണോ?”

തമ്പി സമ്മതിച്ചില്ല. പെണ്ണുകെട്ടാനുള്ള പക്വത ആയിട്ടില്ല.

കാശിന്റെ കാര്യത്തിൽ അച്ഛൻ കയ്യൊഴിഞ്ഞതിൽ നിരാശനാകാതെ തമ്പി അടുത്ത വഴി തേടി. ചാലക്കുടി ബജാജ് സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക്കും നാട്ടുകാരനുമായ സജീവനെ പോയി കണ്ടു. അദ്ദേഹം വിചാരിച്ചാൽ ഒരു ബജാജ് 4S എങ്കിലും വാങ്ങാൻ സാധിക്കും.

കാര്യമറിഞ്ഞപ്പോൾ സജീവൻ ചോദിച്ചു. “ഏത് വണ്ട്യാ തമ്പീ നിന്റെ മനസ്സില്?”

“എൻഫീൽഡ്”

“ഉഗ്രൻ” സജീവൻ അഭിനന്ദിച്ചു. “എത്ര്യാ നിന്റെ ബഡ്ജറ്റ്?”

“ഒരയ്യായിരം രൂപ!”

സജീവന്റെ മുഖത്തെ പ്രസന്നഭാവം മറഞ്ഞു. “അതേലെ”

കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു. “എൻഫീൽഡ് മത്യാ?”

സജീവൻ വയലന്റാകുന്നതു കണ്ട് തമ്പി ആവശ്യത്തിൽ നിന്നു പിന്നോക്കം പോയി. “നിന്റെ മനസ്സിലെന്തൂട്ടാന്ന് വച്ച പറ സജീവാ. എന്റേൽ ആകെ അഞ്ചേ ഒള്ളൂ. അതോണ്ട് എന്തു കിട്ട്യാലും വാങ്ങാം”

സജീവനു ശ്വാസം നേരെ വീണു. “ഏറ്റോ ?”

“ഏറ്റു”

“എന്നാൽ നാളെ വണ്ടി എത്തും”

“ഏതു വണ്ടി. എൻഫീൽഡാ അതോ ബൈക്കോ?”

“രണ്ടുമല്ല”

തമ്പി അമ്പരന്നു. “പിന്നെ?”

സജീവൻ രഹസ്യം പൊട്ടിച്ചു. “യെസ്‌ഡി!!”

“എന്നുവെച്ചാ?”

“യെസ്‌ഡി എഴുപതുകളിലെ രോമാഞ്ചല്ലേ തമ്പീ. രാജാധി രാജൻ. വില്ലാളി വീരൻ. ഒരെണ്ണം എന്റെ കസ്റ്റഡീലിണ്ട്. നാളെ എത്തും”

“ആ വണ്ടി കൊള്ളാമോ സജീവാ?

“കൊള്ളാമോന്നാ. തീ വെലക്ക് വിറ്റു പോവും. ഒരെടത്തും ഇപ്പോ കിട്ടാല്യ” പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ ‌നിന്നു തമ്പി യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു.

അടിക്കുറിപ്പ് : രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version