Site icon The Writings of Sunil Upasana

കാര്‍ത്തികേ വിശുദ്ധനായ പാപി !

ക്രിക്കറ്റ് എന്ന ഗെയി‍മിലെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളില്‍ രണ്ടാമത്തെതാണ് (എന്നെ സംബന്ധിച്ചിടത്തോളം) സിക്സറുകള്‍. ഒന്നാമത് ബൈല്‍‌സ്‍ വായുവില്‍ പറക്കുന്ന കാഴ്ചതന്നെ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സിക്സ് ഇംഗ്ലണ്ട് ലോകകപ്പില്‍ ആന്‍ഡ്രൂ കാഡിക്കിനെതിരെ സച്ചിന്‍ അടിച്ചതാണ്. പിന്നെ സുളുവിന്റെ (ലാന്‍‌സ് ക്ലൂസ്‌നര്‍) പാദമനക്കാതെയുള്ള ഒത്തിരി സിക്സുകളും.

എന്തുതന്നെയായാലും മൈതാനമധ്യത്തുനിന്ന് ബാറ്റ്സ്‌മാന്‍ പറത്തുന്ന ഓരോ സിക്സും സ്റ്റേഡിയത്തിലും കാണികളിലും തിരമാലകള്‍ തീര്‍ക്കാന്‍ പര്യാപ്തമാണ്. എക്കാലത്തും അതങ്ങിനെ തന്നെയുമായിരുന്നു. ഇന്നലത്തെ ഒരു സിക്സ് ഒഴിച്ച്!


ഇന്ത്യാ ശ്രീലങ്ക മത്സരത്തില്‍ 41/42 ഓവര്‍ എറിഞ്ഞ റാന്‍ഡിവിന്റെ അഞ്ചാം ബോള്‍ ദിനേശ് കാര്‍ത്തിക് സാഹസികമായ ഷോട്ടിലൂടെ നിലം‌തൊടാതെ അതിര്‍ത്തി കടത്തിയപ്പോള്‍ എന്റെ മനസ്സില്‍ തിരമാലകള്‍ ഉണ്ടായില്ല, കൂടാതെ മാതൃഭൂമി ഓണപ്പതിപ്പില്‍ (സ്വവര്‍ഗ)പ്രണയത്തെക്കൂറിച്ച് ഉണ്ണി.ആര്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഒന്നുകൂടെ ഓര്‍ത്തു. ചെറിയ ഭേദഗതിയോടെ ആ വാക്കുകള്‍ ഞാന്‍ ഉരുവിട്ടു.

കാര്‍ത്തികേ വിശുദ്ധനായ പാപി!!

അങ്ങിനെ എന്നെക്കൊണ്ട് പറയിപ്പിച്ചത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ തൊണ്ണൂറ് റണ്ണിലധികം അടിച്ചുനില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആയിരിക്കാം. കാര്‍ത്തിക് ഇറങ്ങിയ ഉടന്‍ മൂന്നുഫോര്‍ തുടരെ അടിച്ചപ്പോള്‍ മനസ്സ് ആഹ്ലാദിച്ചു. റണ്‍റേറ്റ്അമിതമായി ഉയരാതിരിക്കാന്‍ ടീമിനപ്പോള് കുറച്ചുറണ്‍സ് അനിവാര്യമായിരുന്നു. പക്ഷേ സിക്സ് പായിച്ച സമയത്ത്, ടീം താല്പര്യത്തേക്കാളുപരിയായി, അമിത ആവേശപ്രകടനമായിരുന്നു കണ്ടത്. ഫലം സ്വന്തം പാളയത്തുനിന്നുതന്നെ ചരിത്രനിര്‍മാണത്തിന് മനപ്പൂര്‍വ്വമല്ലാത്ത ഒരു ചെറിയ പ്രതിബന്ധം.

സച്ചിന്‍ നിരാശനായിരിക്കില്ല. ഒരു പക്ഷേ ആരാധകരും. പക്ഷേ ഞാന്‍…

ഫോട്ടോ സോഴ്‌സ് : indiatoday.in

Exit mobile version