പരമാർത്ഥിക സത്യം, വ്യവഹാരിക സത്യം എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത് ?

അദ്വൈത വേദാന്തം ഇന്ത്യൻ ഫിലോസഫി ഉപനിഷത്ത് ദാർശനിക നുറുങ്ങുകൾ Latest Posts

എല്ലാ ദാർശനിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ചില സവിശേഷ പദങ്ങളുണ്ട്. ഇവയിൽ ചിലത് ആത്മീയനിലകളെ സൂചിപ്പിക്കുന്നതാണെങ്കിൽ, മറ്റു ചിലവ താത്വിക നിലപാടുകളെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം പദാവലികളെ പറ്റി ഏകദേശ ധാരണ ദാർശനിക കുതുകികൾക്കു അവശ്യമാണ്.

ഈ അദ്ധ്യായത്തിൽ ദാർശനിക മേഖലയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന രണ്ട് പദങ്ങളുടെ – പരമാർത്ഥികം, വ്യവഹാരികം – അർത്ഥം വിശദീകരിക്കുന്നു.

പരമാർത്ഥിക സത്യം / പരംപൊരുൾ: –

മറ്റൊന്നിനേയും ആശ്രയിക്കാതെ സ്വന്തം നിലയിൽ സ്വതന്ത്രമായി നിലനിൽക്കുന്നത് എന്താണോ അതിനെയാണ് ദാർശനികമായി പരമാർത്ഥിക സത്യം എന്നു വിളീക്കുന്നത്. ഈ പരമാർത്ഥിക സത്യത്തിനു അതിന്റെ സർവ്വ സ്വതന്ത്ര നിലനിൽപ്പിനു വേണ്ടി ഒന്നിനെപ്പോലും ആശ്രയിക്കേണ്ടതില്ല. പകരം മറ്റുള്ളവയെല്ലാം അവയുടെ നിൽനിൽപ്പിനു പരമാർത്ഥിക സത്യത്തെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വതന്ത്ര നിലനിൽപ്പുള്ള പരമാർത്ഥിക സത്യമാണ് സ്വതന്ത്ര നിലനിൽപ്പില്ലാത്ത എല്ലാ വസ്തുക്കളുടേയും നിലനിൽപ്പിന്റെ ആധാരം.

പരമാർത്ഥിക സത്യത്തെ മറ്റു പല പദങ്ങളാലും വിശേഷിപ്പിക്കാറുണ്ട് – പരംപൊരുൾ, പരമാത്മാവ്, ബ്രഹ്മം, പരബ്രഹ്മം, പരമസത്യം, നിർഗുണ ബ്രഹ്മം., എന്നിങ്ങനെ. പരമാർത്ഥിക സത്യമാണ് ഒരു മനുഷ്യനു എത്താൻ കഴിയുന്ന ഉയർന്ന നില. അതിനു മുകളിൽ മറ്റൊരു നിലയുമില്ല.

വ്യവഹാരിക സത്യം:-

പരമാർത്ഥിക സത്യത്തിനു താഴെയുള്ള നിലയാണ് വ്യവഹാരിക സത്യം. ഇതിനു സ്വന്തം നിലയിൽ സ്വതന്ത്രമായ നിലനിൽപ്പില്ല. വ്യവഹാരിക സത്യം നിലനിൽപ്പിനായി പരമാർത്ഥിക സത്യത്തെ ആശ്രയിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വ്യവഹാരിക സത്യം ആരൂഢം ഉറപ്പിച്ചിരിക്കുന്നത് പരമാർത്ഥിക സത്യത്തിലാണ്.

അദ്വൈതവേദാന്തം പ്രകാരം, നാം അംഗമായതും ഇടപെട്ടു പ്രവർത്തിക്കുന്നതുമായ പ്രകൃതി / ഭൗതിക ലോകം വ്യവഹാരിക തലത്തിലാണ്. പരമാർത്ഥിക സത്യത്തിൽ നിന്നു വിരുദ്ധമായി, വ്യവഹാരിക സത്യത്തിൽ ഇന്ദ്രിയങ്ങൾ, യുക്തി., എന്നിവയ്‌ക്കു പ്രാധാന്യമുണ്ട്. അതുവഴി, വ്യവഹാരിക ലോകം ശാസ്ത്ര നിയമങ്ങൾക്കു വിധേയമാണ്.

Read More ->  ലേഖനം 6 -- പ്രപഞ്ചസൃഷ്‌ടി വാദത്തിലെ അപാകത

അഭിപ്രായം എഴുതുക