അദ്ധ്യായം 21 — ഒടുക്കം എന്ന തുടക്കം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


ഇരുപതാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

2005 ജൂണിൽ ബാംഗ്ലൂരിലേക്കു തിരിക്കുന്നതിനു മുമ്പ് ഷാരോൺ എന്ന സുഹൃത്തുമായി സംസാരിച്ചു. അദ്ദേഹത്തിനു അക്കാലത്തു ബാംഗ്ലൂരിൽ ജോലിയുണ്ട്. ഞങ്ങൾ കക്കാട് തീരദേശം റോഡ്‌സൈഡിലെ കനാലിൽ ഇരിക്കുകയാണ്. പനമ്പിള്ളിക്കടവിൽ പഞ്ചായത്ത് സ്ഥാപിച്ച മോട്ടോർ അടിച്ചുകയറ്റുന്ന പുഴവെള്ളം കനാലിലൂടെ ഒഴുകുന്നു. പുഴവെള്ളത്തിന്റെ കുളിർമ്മയിൽ കാലുകൾ മുക്കി. അളന്നു മുറിച്ചു സംസാരിക്കുന്ന പ്രകൃതക്കാരനായിട്ടും ഷാരോൺ അല്പം വാചാലനായ പോലെ എനിക്കു തോന്നി.

“ബാംഗ്ലൂരിലെ ഓരോ ഇന്റർവ്യൂവും ഓരോ അറിവാണ്. ഓരോ ഇന്റർവ്യൂവും ഗുണകരമായ ഒരു അറിവെങ്കിലും നമുക്കു നൽകും. ഇന്റർവ്യൂകളിലെ തോൽവി പോലും അറിവാണ്. ഇന്റർവ്യൂ എങ്ങിനെ നേരിടരുതെന്നു ആ തോൽവി നമ്മെ പഠിപ്പിക്കും. അങ്ങിനെ കുറച്ചു തോൽവികൾ ഏറ്റുവാങ്ങിക്കഴിയുമ്പോൾ നമുക്കു തെറ്റു കൂടാതെ, തോൽക്കാതെ എങ്ങിനെ ഇന്റർവ്യൂവിനെ അഭിമുഖീകരിക്കാമെന്നു മനസ്സിലാകും. അതൊരു ത്രെഷോൾഡ് പോയിന്റാണ്. അതിനു ശേഷം വിജയങ്ങളുടെ ആരംഭം തുടങ്ങും. തോൽവികൾ പഴങ്കഥയാകും”

അദ്ദേഹത്തിന്റെ വാക്കുകൾ പരമ സത്യമായിരുന്നു. ബാംഗ്ലൂരിൽ ആദ്യകാലത്തു അഭിമുഖീകരിച്ച എല്ലാ ഇന്റർവ്യൂകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എനിക്കു പുതിയ അറിവുകൾ തന്നു. ശരീരഭാഷ എങ്ങിനെ ഒരുക്കാമെന്നു പഠിച്ചു. ടെക്‌നിക്കൽ റൗണ്ടുകളെ അതിജീവിക്കാൻ ഇരുന്നൂറോളം ചോദ്യങ്ങളുടെ ക്വസ്റ്റ്യൻ ബാങ്ക്, ഓരോ വിഷയത്തിനും വെവ്വേറെ തയ്യാറാക്കി. അതുവഴി ടെക്നിക്കൽ റൗണ്ടുകളിൽ ചോദിക്കുന്ന ചോദ്യങ്ങളിൽ എഴുപതു ശതമാനവും ക്വസ്റ്റ്യൻബാങ്കിലുള്ള ചോദ്യങ്ങളുമായി ബന്ധമുള്ളവയായിരിക്കുമെന്നു ഉറപ്പാക്കി. കുറച്ചധികം ഇന്റർവ്യൂകൾ അഭിമുഖീകരിച്ചു ഞാൻ കാത്തിരിക്കുകയായിരുന്നു, ത്രെഷോൾഡ് പോയിന്റിൽ എത്താൻ. അതിനുശേഷം പരാജയമില്ലെന്നല്ലേ? അതിനാൽ ക്ഷമയോടെ കാത്തിരുന്നു.

വർഷങ്ങൾ കുറേ കടന്നുപോയി. രണ്ട്… നാല്… ആറ്… എട്ട്… പത്ത്… പന്ത്രണ്ട്., എന്നിട്ടും ഞാൻ ത്രെഷോൾഡ് പോയിന്റിൽ എത്തിയില്ല. ആവശ്യത്തിനു ഇന്റർവ്യൂകൾ അഭിമുഖീകരിച്ചല്ലോ. എന്നിട്ടുമെന്തേ പരാജയങ്ങൾ തുടർക്കഥയാകുന്നു? പല കോണുകളിൽനിന്നു എനിക്കു ഉത്തരം ലഭിച്ചു. എല്ലാ ഉത്തരങ്ങൾക്കും ഐക്യരൂപമുണ്ടായിരുന്നു.

“ശാരീരിക വൈകല്യമുള്ളവർക്കു ത്രെഷോൾഡ് പോയിന്റ് നിർണയിക്കുക അസാധ്യമാണ്. ഒരുപക്ഷേ ഇല്ലാതിരിക്കാനും മതി.”

ഉത്തരത്തിൽ ശരിയുണ്ടെന്നു നിർണയിക്കാൻ എന്റെ ഭൂതകാലം തന്നെ ധാരാളമായിരുന്നു. എങ്കിലും ഭാവിയെ പറ്റി പ്രതീക്ഷകൾ ഇല്ലെന്നല്ല. പ്രതീക്ഷകൾ തീർച്ചയായും ഉണ്ട്. അതിന്റെ കാരണം അറിയേണ്ടേ..?

**********

ചില രീതിയിൽ ചിന്തിച്ചാൽ ജീവിതം ഒരു ചാക്രിക പ്രക്രിയയാണ്. അവസാനം എന്നത് ആരംഭവുമാണ്. വൃത്താകൃതിയിലുള്ള ഒരു ചരട് മുറിച്ചുവെന്നു കരുതുക. അപ്പോൾ ചരടിന്റെ തുടക്കവും ഒടുക്കവും ഒരിടത്തു തന്നെയാണെന്നു പറയാം. ചരട് ഋജുവായി വർത്തിക്കുമ്പോൾ അതൊരു വൃത്തമല്ല, മറിച്ചു നേർരേഖയായി തോന്നും. ആ നേർ രേഖയിലൂടെ (വൃത്തത്തിലൂടെ) നമുക്കു കുറച്ചധികം സഞ്ചരിക്കേണ്ടി വരുന്നു, ചാക്രിക പ്രക്രിയയുടെ അവസാനമെത്താൻ. അവിടെയാണ് മറ്റൊരു പ്രക്രിയയുടെ ആരംഭമുള്ളത്. അതായത് പരിവർത്തനം സാധിതമാകുന്ന പോയിന്റ്. ഏതെങ്കിലും മാനസികാവസ്ഥ പേറി നേർരേഖയിലൂടെ സഞ്ചരിക്കുന്നവൻ അവസാന ഘട്ടത്തിൽ, മറ്റൊരു അവസ്ഥയെ പ്രാപിക്കുന്നു. അതു സന്തോഷമാകാം, അല്ലെങ്കിൽ സന്താപം. അതുമല്ലെങ്കിൽ ആവർത്തനങ്ങളുടെ നിസംഗത. അപ്പോൾ നേർരേഖയുടെ അവസാനത്തോടു അടുക്കുന്തോറും സഞ്ചാരിയിൽ ആകാംക്ഷയും പിരിമുറുക്കവും അനുഭവപ്പെടും. അടുത്ത ഘട്ടത്തിൽ എന്താണ് കാത്തിരിക്കുന്നത്? അതൊരു ഗെയിം ചേഞ്ചർ ആയിരിക്കുമോ. അതോ പഴയ ഗെയിമിന്റെ ആവർത്തനമോ. സന്തോഷത്തിന്റെ തിരക്കഥയിൽ വാർത്തെടുത്ത ആവർത്തനങ്ങൾ ഭാവഭേദമില്ലാതെ സ്വീകരിക്കപ്പെടുന്നു. സന്തോഷത്തിലേക്കുള്ള പരിവർത്തനമാകട്ടെ വൈകാരിക വേലിയേറ്റമുണ്ടാക്കും. പക്ഷേ സന്താപത്തിന്റെ ഓരോ ആവർത്തനവും പരിവർത്തനവും വ്യക്തിക്കു ആഘാതമാണ്. പൊരുത്തപ്പെട്ടു പോകാൻ പ്രയാസം. എന്നെ സംബന്ധിച്ചു ഓരോ ചാക്രിക പ്രക്രിയയുടെ അവസാനത്തിലും, ആരംഭമാകുന്നത് തുടർച്ച നിലനിർത്തുന്ന പഴയ അനുഭവങ്ങളാണ്. പരിവർത്തനമല്ല, മറിച്ചു തിരക്കഥയിൽ മാറ്റങ്ങളില്ലാത്ത ആവർത്തനങ്ങളാണ് എനിക്കു ആഘാതമാകുന്നത്.

Read More ->  ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ - ആമുഖം

Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


ഇക്കാലത്തിനിടയിൽ എടുത്തു പറയേണ്ടത് കമ്പനികളുടെ സമീപനരീതിയാണ്. പത്തുവർഷം മുമ്പു തുടർന്ന രീതികൾ ഇപ്പോഴും അനുവർത്തിക്കുന്നവർ. അതു ഇനിയും തുടരാണ് എല്ലാ സാധ്യതയും. ഒരു സ്ട്രാറ്റജി എന്ന നിലയിൽ, ഇതു വിലയിരുത്തലിനു സ്കോപ്പുള്ള വിഷയമാണ്. അപ്പോൾ മുന്നോട്ടുള്ള പാതയിൽ ഇനിയെന്തെല്ലാം നേരിടും എന്നതിന്റെ ഏകദേശ ചിത്രം ലഭിക്കും. ആ ചിത്രത്തിന്റെ പൂർവ്വ അനുഭവങ്ങളുടെ പിൻബലം ഉണ്ട്.

ഭാവിയെ വിലയിരുത്തിയപ്പോൾ ആദ്യം ലഭിച്ച ചിത്രത്തിൽ ഞാൻ ദർശിച്ചത് നെഗറ്റീവ് റിസൾട്ടുകൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അപൂർവ്വം പോസിറ്റീവുകൾ ആണ്. അവഗണനയുടെ തീഷ്ണഭാവം. അതിന്റെ ബഹുഭൂരിപക്ഷ ശക്തിയിൽ ഞാൻ നടുങ്ങി. അപ്പോൾ ചിത്രം സത്യം തന്നെയോ, അതിനെ പൂർണമായും വിശ്വസിക്കാമോ എന്ന സംശയമുദിച്ചു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഭൂതകാലത്തിനു എത്രത്തോളം പങ്കാളിത്തമുണ്ട്? എത്രത്തോളം സ്വാധീനം ചെലുത്താനാകും?

ധാരണകളെ ഞാൻ ഒന്നുകൂടി ഉടച്ചുവാർത്തു. വീണ്ടും ഒന്നിൽനിന്നു തുടങ്ങി. അന്നുവരെ ലഭിച്ച ഓരോ ഡാറ്റയും പരിശോധിച്ചു. ഓരോന്നും വിലപ്പെട്ട അറിവുകൾ നൽകി. വീണ്ടും അവയെല്ലാം സംയോജി പ്പിച്ചപ്പോൾ എന്നിൽ പുതിയ തിരിച്ചറിവുകൾ ഉണർന്നു. ഭൂതകാല സംഭവങ്ങളെ ആസ്പദമാക്കി ഭാവി എന്താകുമെന്നു അനുമാനിക്കുന്നതിൽ തെറ്റില്ലെങ്കിലും, ആ സംഭവങ്ങൾ ഭാവിയിലും അതേ തീവ്രതയിൽ തുടർന്നാലേ ലഭിച്ച ചിത്രത്തിനു നിലനിൽപ്പുള്ളൂ. അല്ലാത്ത പക്ഷം ചിത്രം അവഗണിക്കേണ്ടതാണ്.

ഭൂതകാല സംഭവങ്ങളെ ഞാൻ സ്ഥിരമായത്, അസ്ഥിരമായത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചു. മെഡിക്കൽ പരിഹാരം സാധ്യമല്ലാത്ത സ്ഥിര-ഘടകങ്ങൾ ഭാവിയിലും മാറ്റമില്ലാതെ ഉണ്ടാകുമെങ്കിലും അസ്ഥിരമായ, ധാരാളം, ഘടകങ്ങൾ അതേ തീവ്രതയിൽ തുടരുമെന്നതിനു യാതൊരു ഉറപ്പുമില്ല. അവ തീർച്ചയായും വ്യത്യാസപ്പെട്ടേക്കാം. അത്തരം ഓരോ വ്യത്യാസത്തിനും ഭാവി നിർണയത്തിൽ നിർണായക സ്വാധീനമുണ്ട്. കൂടാതെ ഭാവിയിൽ നേരിട്ടേക്കാവുന്ന പുതിയ കാര്യങ്ങൾ, അവ ഉളവാക്കുന്ന ഫലം., ഇവയെല്ലാം ഭൂതകാലത്തെ അപ്രസക്തമാക്കി പോസിറ്റീവുകൾ നിറഞ്ഞ നല്ലൊരു നാളെയെ രൂപപ്പെടുത്താവുന്ന പോയിന്റുകളാണ്. ആ ലക്ഷ്യത്തിലേക്കു പ്രയത്നങ്ങളെ വഴിതിരിച്ചു വിട്ട് ഏകോപിപ്പിക്കുകയാണ് വേണ്ടത്. ഈ ഏകോപനം ഒരു സാധ്യതയല്ല, മറിച്ച് സാധിതമാണ് എന്നുവേണം പറയാൻ. എങ്കിലും ഈ ഘട്ടത്തിലും ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റുകൾക്കു ഒന്നും ചെയ്യാനില്ല. അവയ്ക്കു റോളുകൾ ഒന്നുമില്ല. തോൽവിയോ വിജയമോ, മറ്റെന്തോ ആകട്ടെ, ഒരു നിശ്ചിതശതമാനം സാധ്യത ഏതിനും നൽകാവുന്നതാണ്. മനസ്സിലാക്കുക, കാലമാണ് നമ്മുടെ കണക്കു കൂട്ടലുകളെ ശരിയും തെറ്റുമായി വർഗ്ഗീകരിക്കുന്നതും, വിധിക്കുന്നതും. വർത്തമാനകാലം, ഭാവിയിൽ നമ്മെ ശരികളിലേക്കു നയിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനുള്ളതാണ്. അപ്പോൾ അതിൽ വ്യാപൃതനാവുക.

Read More ->  അദ്ധ്യായം 11 -- സൗഹൃദങ്ങൾ

പരിവർത്തനത്തിലേക്കു എത്താൻ എനിക്കിനിയും എറെ ചാക്രിക പ്രക്രിയകളിലൂടെ സഞ്ചരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാത്തിരിപ്പ് അനിശ്ചിതത്വം നിറഞ്ഞതാണ്. എങ്കിലും ഏറെ മടുപ്പ് ഉളവാക്കുന്നില്ല. ട്വിസ്റ്റ് സംഭവിക്കുന്ന ഘട്ടം ഒരുപക്ഷെ ഇന്നാകാം, അല്ലെങ്കിൽ നാളെ എന്നു പ്രതീക്ഷ വയ്ക്കുമ്പോൾ കടുത്ത നിരാശക്കു കാരണമില്ല. പ്രതീക്ഷ എന്നതിന്റെ പ്രത്യേകതയാണത്. ആഗ്രഹത്തിന്റെ ഉപോൽപ്പന്നം. ആഗ്രഹങ്ങളാണെങ്കിൽ നിലക്കാത്ത പ്രവാഹവും. ഒരെണ്ണം നിറവേറ്റപ്പെടുമ്പോൾ നാം വൈരാഗിയാകില്ല. പകരം മറ്റു മോഹങ്ങൾ ഉദിക്കും.

ഓരോ ചാക്രിക പ്രക്രിയയുടെ അവസാനവും എന്റെ പ്രതീക്ഷകൾ വാടിക്കൊഴിയുകയും, പുതിയ പ്രക്രിയയുടെ തുടക്കത്തിൽ പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യും. അതാണ് ഇത്രയും നാൾ സംഭവിച്ചത്. ശുഭാപ്തി വിശ്വാസത്തിൽ തുടങ്ങി നൈരാശ്യത്തിൽ അവസാനിക്കുന്ന പ്രക്രിയ. പക്ഷേ എല്ലാ പ്രക്രിയയും ഇങ്ങിനെയാവുകയില്ല. കാരണം ‘മാറ്റം’ എന്ന അനിവാര്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഒന്നിനും സാധിക്കില്ല. അതിനാൽ ശുഭാപ്തി വിശ്വാസത്തിൽ തുടങ്ങി, നൈരാശ്യത്തിൽ അവസാനിക്കാതെ, ശുഭമായി തന്നെ അവസാനിക്കുന്ന ഒരു ചാക്രികപ്രക്രിയക്കു ഞാൻ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നു തോന്നുന്നു. എല്ലാം കാലം വിധിക്കട്ടെ.


One Reply to “അദ്ധ്യായം 21 — ഒടുക്കം എന്ന തുടക്കം”

അഭിപ്രായം എഴുതുക