ദാർശനിക നുറുങ്ങുകൾ — എന്താണ് പ്രമാണം / വിജ്ഞാന സ്രോതസ്സ് ?

ഇന്ത്യൻ ഫിലോസഫി ദാർശനിക നുറുങ്ങുകൾ ലേഖനം

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


ഭാരതീയ തത്ത്വചിന്തയെ മനസ്സിലാക്കണമെങ്കിൽ ഏതൊരാൾക്കും വിജ്ഞാനസ്രോതസ്സുകളെ (സംസ്കൃതത്തിൽ ‘പ്രമാണം’ എന്നു പറയും) കുറിച്ച് സാമാന്യധാരണ വേണം. അതില്ലാതെയുള്ള ദാർശനിക വായനയും അറിവും ഈടുറ്റതാകില്ല. കാരണം ബാഹ്യലോകവുമായി തത്ത്വചിന്ത വളരെ ഇഴപിരിഞ്ഞു കിടക്കുകയാണ്. ബാഹ്യലോകത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിച്ചാലേ തത്ത്വചിന്തക്കു മുന്നോട്ടു പോകാനാകൂ.

ബാഹ്യലോകത്തെ കുറിക്കുന്ന ശരിയായ അറിവ് ലഭിക്കാൻ ദാർശനികർ അനുവർത്തിക്കുന്ന രീതികളെയാണ് ‘പ്രമാണം’ അല്ലെങ്കിൽ ‘വിജ്ഞാന സ്രോതസ്സ്’ എന്നു പറയുന്നത്. പ്രമാണങ്ങൾ, വിജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്ന് വിവരം ശേഖരിക്കുകയും, അവയെ ഒരു പ്രത്യേക രീതിയിൽ മനുഷ്യരിലേക്കു കടത്തിവിടുകയും ചെയ്യുന്നു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ദാർശനികർ വിവിധ സിദ്ധാന്തങ്ങൾ പടുത്തുയർത്തുന്നത്. പ്രമാണങ്ങളെ പറ്റിയുള്ള പഠനത്തിൽ പിഴവ് വന്നാൽ, അതിന്മേൽ പടുത്തുയർത്തുന്ന സിദ്ധാന്തങ്ങൾ അസ്ഥിരവും അസാധുവുമാകും. അതിനാൽ പ്രമാണങ്ങളെ കുറിച്ചുള്ള പഠനവും വിശകലനവും തീർത്തും കുറ്റമറ്റതാകേണ്ടതുണ്ട്.

ഭാരതത്തിലെ വിവിധ ദാർശനിക ധാരകൾ ഒന്നിലധികം പ്രമാണങ്ങളെ അംഗീകരിക്കുന്നു. വിവിധ ദർശനധാരകൾക്കു പ്രമാണങ്ങൾ പൊതുവല്ല. അല്പം വ്യത്യാസങ്ങൾ കാണാം. പ്രത്യക്ഷം (Perception) ആണ് എല്ലാ ദാർശനിക ധാരകളും അംഗീകരിക്കുന്ന പ്രമാണം. (മധ്യമക-അദ്വൈത വിഭാഗങ്ങൾ പ്രത്യക്ഷത്തിനു വ്യവഹാരികയിൽ മാത്രമേ പ്രാധാന്യമുണ്ടെന്ന് പറയുന്നുള്ളൂ). നാം കണ്ണുകളാൽ നേരിട്ടു വസ്തുക്കളെ കണ്ടു മനസ്സിലാക്കുന്നതാണ് പ്രത്യക്ഷപ്രമാണം എന്നു പൊതുവെ പറയാം.

‘അനുമാനം’ (Inference) ആണ് രണ്ടാമത്തെ പ്രമുഖ പ്രമാണം. പുക കാണുമ്പോൾ തീയുടെ സാമീപ്യം (തീയിനെ നേരിൽ കണ്ടില്ലെങ്കിൽ തന്നെയും) നാം തിരിച്ചറിയുന്നത് അനുമാന പ്രമാണം വഴിയാണ്.

മൂന്നാമത്തെ പ്രമുഖ പ്രമാണമാണ് ‘ശബ്ദം’ (Testimony). ഈ പ്രമാണം പറയുന്നത് എന്തെന്നാൽ, ഒരു വിഷയത്തിൽ പരിണതപ്രജ്ഞരായവരുടെ വാക്കുകൾ നാം സത്യമായി കണക്കിലെടുക്കണം എന്നാണ്. സ്കൂളുകളിൽ ക്ലാസ് എടുക്കുന്ന അധ്യാപകരുടെ വാക്കുകൾ കേട്ട് നാം പഠിക്കുന്നത്, ശബ്ദം എന്ന പ്രമാണം അനുസരിച്ചാണ്

ഭാരതീയ ദർശനത്തിൽ, അദ്വൈത വേദാന്തവും പൂർവ്വ മീമാംസയും ആറ് പ്രമാണങ്ങളെ അംഗീകരിക്കുമ്പോൾ, ബൗദ്ധ ദർശനങ്ങൾ രണ്ട് പ്രമാണങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. എന്നാൽ രണ്ടോ അതിലധികമോ പ്രമാണങ്ങളെ ഒറ്റ ഗ്രൂപ്പായി പരിഗണിക്കുന്ന സമ്പ്രദായം ഭാരതീയ ദർശനത്തിലുണ്ട്. ഉദാഹരണമായി, അദ്വൈത വേദാന്തത്തിലെ ‘ഉപമാനം’, ‘അർത്ഥപത്തി’ എന്നീ പ്രമാണത്തെ, മറ്റു ദർശനങ്ങൾ ‘അനുമാനം’ എന്ന പ്രമാണത്തിൽ ഉൾപ്പെടുത്തുന്നു.

Read More ->  ശ്രവണ - മനന - നിദിധ്യാസന

കൂടുതൽ ദാർശനിക നുറുങ്ങുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image Credit: – https://www.vedicaim.com/2017/08/pramaan-ke-prakaar.html

അഭിപ്രായം എഴുതുക