ദാർശനിക നുറുങ്ങുകൾ — എന്താണ് നാമരൂപം?

ഇന്ത്യൻ ഫിലോസഫി ഉപനിഷത്ത് ദാർശനിക നുറുങ്ങുകൾ ലേഖനം Latest Posts

ഭാരതീയ ദാർശനിക കൃതികളിൽ ആവർത്തിച്ച് പരാമർശിക്കപ്പെടുന്ന ഒരു പദമാണ് ‘നാമരൂപം’ (Name and Form). ‘ബാഹ്യലോകത്തെ വസ്തുക്കൾ നാമരൂപങ്ങളാണ്’, ‘നാമരൂപങ്ങൾ സ്വയമേ നിലനിൽപ്പില്ലാത്തവയാണ്’., എന്നെല്ലാം പല ഭാരതീയ ദാർശനിക കൃതികളും പ്രസ്താവിക്കുന്നുണ്ട്. എന്താണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് അർത്ഥമാക്കുന്നത്?

വളരെ പ്രാധാന്യമുള്ള ഒരു സംജ്ഞയാണ് നാമരൂപം. വസ്തുക്കളുടെ ആകൃതിക്കു (Form) അനുസരിച്ച് അവയെ വിവിധ പേരുകളിൽ (Name) നാം വിളിക്കുന്നതിനെ തത്ത്വചിന്താപരമായി സൂചിപ്പിക്കുന്നതാണ് നാമരൂപം. ഉദാഹരണമായി, മരം കൊണ്ടു നമുക്ക് മേശ, കസേര, ടീപ്പോയ്, ജനൽ., തുടങ്ങിയ അനേകം വസ്തുക്കൾ ഉണ്ടാക്കാം. എന്നാൽ വിവിധ പേരുകളിൽ അറിയപ്പെടുന്നെങ്കിലും ഈ വസ്തുക്കൾ എല്ലാം അടിസ്ഥാനപരമായി മരം മാത്രമാണ്. ആകൃതി കാരണമാണ് അവയ്ക്കു വിവിധ പേരുകൾ (മേശ, കസേര…) ലഭിക്കുന്നത്. ഇപ്രകാരം ഈ വസ്തുക്കളെല്ലാം മരത്തിന്റെ നാമരൂപങ്ങളാണെന്ന് പറയാം. ഇതേപോലെ തന്നെ സ്വർണം, പ്ലാസ്റ്റിക്., തുടങ്ങിയ എല്ലാ വസ്തുക്കൾക്കും അവയുടേതായ നാമരൂപങ്ങളുണ്ട്. ഈ ലോകത്തിലുള്ളതെല്ലാം ഒരർത്ഥത്തിൽ ചില ആധാരമൂലകങ്ങളുടെ നാമരൂപങ്ങളാണ്.

അപ്രകാരം ലോകത്തുള്ള എല്ലാ വസ്തുക്കളേയും നമുക്ക് 92 മൂലകങ്ങളിലേക്കു ചുരുക്കാം. നോക്കൂ, നാമരൂപങ്ങളായ ലക്ഷക്കണക്കിനു വസ്തുക്കളെയാണ് 92 മൂലകങ്ങളിലേക്കു ചുരുക്കിയിരിക്കുന്നത്. എന്നാൽ വേദാന്തം ഇതിനും ഒരുപടി മുകളിൽ ചിന്തിക്കുന്നു! ഈ 92 മൂലകങ്ങളേയും ഒരേയൊരു ആധാരത്തിലേക്കു ചുരുക്കാൻ പറ്റുമെന്ന് വേദാന്തം ഊന്നിപ്പറയുന്നു. ഇതെങ്ങിനെ സാധ്യമാകും?

ഈ 92 മൂലകങ്ങളും ദ്രവ്യസ്വഭാവമുള്ളവയാണ്. ഇവയിലെ ഏതെങ്കിലും മൂലകത്തെ ദ്രവ്യസ്വഭാവമുള്ള മറ്റൊരു മൂലകത്തിലേക്കു ചുരുക്കാനാകില്ല. അതുകൊണ്ട് തന്നെ, ഈ 92 മൂലകങ്ങളുടെയും ആധാരമായി വേദാന്തം/ഉപനിഷത്ത് പ്രസ്താവിക്കുന്നത് ദ്രവ്യസ്വഭാവമുള്ള, ഭൗതികമായ മറ്റൊരു പദാർത്ഥത്തെ അല്ല. മറിച്ച് ദ്രവ്യസ്വഭാവമില്ലാത്ത അമൂർത്തമായ ഒന്നിനെയാണ് – പ്രജ്ഞ! ‘പ്രജ്ഞാനം ബ്രഹ്മ’, പ്രജ്ഞയാണ് ബ്രഹ്മം. ലോകത്തെ മൂലകങ്ങൾ എല്ലാം പ്രജ്ഞയുടെ നാമരൂപങ്ങളാണെന്ന് ചുരുക്കം. നാമരൂപങ്ങളുടെ ആധാരവും പ്രജ്ഞയാണ്. പ്രപഞ്ചത്തിന്റേയും ആധാരവും പ്രജ്ഞ തന്നെ.

കൂടുതൽ ദാർശനിക നുറുങ്ങുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image Credit – https://www.yogapedia.com/definition/9600/namarupa

Read More ->  അവിദ്യ & മായ

അഭിപ്രായം എഴുതുക