ലേഖനം 5 — ഭാരതീയ ദർശന ധാരകൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


നാലാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാരതീയ ദർശനത്തിലെ വിവിധ ധാരകൾക്കിടയിൽ കർക്കശമായ തരംതിരിവ് ഇല്ല. അവയെല്ലാം പല വിധത്തിൽ പരസ്പരബന്ധിതമാണ്. അവയ്ക്കിടയിൽ കൃത്യമായ അതിർവരമ്പ് വരയ്ക്കുക അസാധ്യം. ഒരു ദർശന വിഭാഗത്തിന്റെ ചില സിദ്ധാന്തങ്ങളെ മറ്റു ദർശന വിഭാഗങ്ങൾ അംഗീകരിച്ച് സ്വീകരിച്ചേക്കാം. ഒപ്പം മറ്റു ചില സിദ്ധാന്തങ്ങളെ കഠിനമായി എതിർക്കുകയും ചെയ്യും. ഇത്തരം എതിർപ്പുകളാണ് പുതിയ ദർശന ശാഖകൾക്കു പലപ്പോഴും അസ്ഥിവാരമിടുന്നത്. എല്ലാ ഭാരതീയ ദർശന ധാരകൾക്കും ഇടയിൽ യോജിപ്പിന്റെ മേഖലകൾ നിലനിൽക്കാൻ കാരണം ഉപനിഷത്ത് ഉൾപ്പെടെയുള്ള വേദസാഹിത്യവുമായി അവയ്ക്കുള്ള അഭേദ്യബന്ധം ആണ്[1].

ചാർവാക ദർശനം, ഹൈന്ദവ ദർശനങ്ങൾ, ബുദ്ധിസ്റ്റ് ദർശനങ്ങൾ, ജൈന ദർശനം, ആജീവികർ ഉൾപ്പെടെയുള്ള മറ്റു ദർശന ധാരകൾ[2]., എന്നിങ്ങനെ ഭാരതീയ ദർശനത്തെ അഞ്ചായി തരംതിരിക്കാം[3].

ചാർവാക ദർശനം:-

ചാർവാക ദർശന സ്ഥാപകൻ ബൃഹസ്പതിയാണ്. ‘ബൃഹസ്പതി സൂത്ര’മാണ് മൂലകൃതി. ഇത് ഇന്നുവരെ കണ്ടുകിട്ടിയിട്ടില്ലാത്തതിനാൽ, മറ്റു ദാർശനിക ഗ്രന്ഥങ്ങളിലുള്ള ബ്രഹസ്പതി സൂത്രത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കുകയാണ് പതിവ്.

ചാർവാക ദർശന പ്രകാരം മൂലഘടകങ്ങൾ നാലാണ് – അഗ്നി, വായു, ജലം, പൃഥ്വി[4]. ലോകത്തിലുള്ള എല്ലാം ഈ നാല് ഘടകങ്ങളാൽ നിർമിതമാണ്. മനുഷ്യശരീരത്തിൽ ഈ ഘടകങ്ങൾ പ്രത്യേക അനുപാതത്തിൽ കൂടിക്കലരുന്നതിനാൽ അതിൻ ഫലമായി ബോധം (Consciousness) ഉണ്ടാകുന്നു. ബോധത്തിനു ശരീരബാഹ്യമായി നിലനിൽപ്പില്ല. പ്രത്യക്ഷം മാത്രമാണ് പ്രമാണം; അനുമാനത്തെ ചാർവാകർ തള്ളിക്കളയുന്നു[5].

ചാർവാകർ ആത്മാവിനെ നിഷേധിക്കുന്നില്ല. പകരം മറ്റു ദർശനങ്ങൾ വച്ചുപുലർത്തുന്ന ആത്മസങ്കല്പത്തിനു കടകവിരുദ്ധമായ ആത്മസങ്കല്പം പുലർത്തുന്നു. വിവിധ ചാർവാക വിഭാഗങ്ങൾ മനസ്സ്, ശരീരം, പ്രാണൻ, ഇന്ദ്രിയങ്ങൾ, എന്നിവയെ ആത്മാവായി പരിഗണിക്കുന്നു. ഇവിടെ ആത്മാവ് മാറ്റങ്ങൾക്കു വിധേയമാണ്. മരണത്തോടെ ആത്മാവും ഇല്ലാതാകുന്നു.

ചാർവാക ദർശനത്തിൽ മോക്ഷപ്രാപ്തി മരണത്തോടെ സംഭവിക്കുന്നു. മനുഷ്യനു ഒരു ജന്മമേയുള്ളൂ. മരണത്തിനപ്പുറം ജീവിതമോ പുനർജന്മമോ ഇല്ല. ലോകത്തിലെ എല്ലാ സംഭവങ്ങളും സന്ദർഭവശാൽ സംഭവിക്കുന്നതാണ്; മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതല്ല. കർമ്മ സിദ്ധാന്തം തെറ്റാണ്. ദൈവം ഇല്ല. വേദങ്ങൾ യാതൊരു സത്യവും അടങ്ങിയിട്ടില്ലാത്ത അബദ്ധ പഞ്ചാംഗങ്ങൾ ആണ്… ചാർവാക ദർശന വീക്ഷണങ്ങൾ ഇപ്രകാരം നീളുന്നു. വേദങ്ങളുടെ പ്രമാണ്യം അംഗീകരിക്കാത്തതിനാൽ ചാർവാകരെ നാസ്തികർ എന്നു വിളിക്കുന്നു[6]. എന്നാൽ ഉപനിഷത്തിലെ ചില സൂക്തങ്ങൾ ചാർവാക സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു എന്നു വാദമുണ്ട്[7].

ഭാരതീയ ദർശന ചരിത്രത്തിൽ ഒരിക്കലും നിർണായക ശക്തിയല്ലായിരുന്നെങ്കിലും, പ്രമുഖമായ എല്ലാ ദർശന ശാഖകളും അവരുടെ ഗ്രന്ഥങ്ങളിൽ ചാർവാക ദർശനത്തെ പറ്റി പരാമർശിക്കുകയും ചാർവാക സിദ്ധാന്തങ്ങളെ ഖണ്ഢിക്കുകയും ചെയ്യുന്നുണ്ട്. അതുവഴി, എണ്ണത്തിൽ കുറവെങ്കിലും, ചാർവാകർ എക്കാലത്തും ഭാരതത്തിൽ ഉണ്ടായിരുന്നെന്ന് കരുതാവുന്നതാണ്.

ആസ്തിക/ഹൈന്ദവ ദർശനങ്ങൾ:-

വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്ന ദർശന വിഭാഗങ്ങളെയാണ് ആസ്തികർ എന്നു വിളിച്ചിരുന്നത്. പിൽക്കാലത്തു ഇവ ഹൈന്ദവ ദർശനങ്ങൾ എന്നറിയപ്പെട്ടു. ആസ്തിക വിഭാഗത്തിൽ പെടുന്ന ആറ് ദർശനങ്ങൾ തീർത്തും വ്യത്യസ്തമായ വിവിധ ദർശനങ്ങൾ അല്ല. അവ തമ്മിലുള്ള അന്തരം താരതമ്യേന ലഘുവാണ്. ആറു ദർശനങ്ങൾക്കും അടിസ്ഥാനമായി വൈദിക സാഹിത്യം പ്രവർത്തിക്കുന്നു.

സാംഖ്യ ദർശനം:-

ഭാരതീയ ദർശനങ്ങളിൽ ഏറ്റവും പഴക്കം സാംഖ്യ ദർശനത്തിനാണ്. കപില മുനിയുടെ സാംഖ്യ സൂത്രമാണ് അടിസ്ഥാന ഗ്രന്ഥം. എന്നാൽ ഇത് കണ്ടുകിട്ടിയിട്ടില്ല. ഈശ്വരകൃഷ്ണൻ എന്ന ദാർശനികന്റെ സാംഖ്യാകാരിക-യാണ് വ്യാപകമായി ഉപയോഗിക്കുന്ന സാംഖ്യ കൃതി. സാംഖ്യ ദർശനം ദൈവത്തെ നിരസിക്കുന്നു. എന്നാൽ വേദപ്രാമാണ്യം അംഗീകരിക്കുന്നതിനാൽ ആസ്തിക ദർശനമായി അറിയപ്പെടുന്നു.

ഒന്നിനേയും ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽപ്പുള്ള പ്രകൃതി, പുരുഷ എന്നീ രണ്ട് യഥാർത്ഥ്യങ്ങളെ സാംഖ്യം മുന്നോട്ടു വയ്ക്കുനു. ഇതിൽ പ്രകൃതിക്കു ജഢസ്വഭാവമാണ്. എന്നാൽ പുരുഷ[8] ചൈതന്യമുള്ളതും സംവദനത്തിനു ശക്തവുമാണ്. പ്രപഞ്ചത്തിൽ അനേകം പുരുഷ ഉണ്ടെന്നും അവയുടെ മോക്ഷത്തിനായി പ്രകൃതി അനസ്യൂതം പരിണമിക്കുമെന്നും സാംഖ്യ ദർശനം പറയുന്നു. സാംഖ്യ ദാർശനികർ പരിണാമവാദികളാണ്. കാര്യം (Effect) കാരണത്തിൽ (Cause) അന്തർലീനമാണ്. കാരണം പരിണമിച്ചുണ്ടായതാണ് കാര്യം. കാര്യം നാമത്തിലും രൂപത്തിലും (Name and Form) കാരണത്തിൽ നിന്നു വ്യത്യസ്തമാകാമെങ്കിലും രണ്ടിന്റേയും സത്ത ഒന്നു തന്നെയെന്നു സാംഖ്യ സൂചിപ്പിക്കുന്നു[9].

‘പ്രകൃതി’ സാംഖ്യ ദർശന പ്രകാരം സത്വ, രജസ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളുടെ ആകെത്തുകയാണ്. മൂന്ന് ഗുണങ്ങളുടെയും ആധാരമല്ല, മറിച്ച് മൂന്നു ഗുണങ്ങളും കൂടിച്ചേർന്നതാണ് പ്രകൃതി. മാനസികവും ഭൗതികവുമായവ ഉൾപ്പെടെ, ലോകത്തിലുള്ള എല്ലാം തന്നെ മൂന്ന് ഗുണങ്ങളാൽ നിർമിതമാണ്. സത്വഗുണം കൂടുതലുള്ളവ മനസ്സായും, തമോഗുണം കൂടുതലുള്ളവ ജഢപ്രകൃതമായ ഭൗതികവസ്തുവായും മാറുന്നു. ‘പ്രകൃതി’യിലെ ഈ മൂന്നു ഗുണങ്ങൾ എപ്പോഴും സംഘർഷത്തിലായിരിക്കും. ഒരു ഗുണത്തിനും മറ്റുള്ളവയേക്കാൾ മുൻതൂക്കമില്ലാത്തപ്പോൾ പ്രകൃതി സന്തുലിതാവസ്ഥ പ്രാപിക്കുന്നു. ഈ സന്തുലിതാവസ്ഥ തകർക്കുന്നത് പുരുഷ ആണ്. പുരുഷ മോക്ഷം കാംക്ഷിക്കുന്നതിനാൽ പ്രകൃതിയെ ‘ബാധിക്കുന്നു[10]’. അപ്പോൾ പുരുഷയുടെ താല്പര്യാർത്ഥം പ്രകൃതി പരിണാമപ്രക്രിയ ആരംഭിക്കുന്നു.

സാംഖ്യ ദർശന പ്രകാരം ലോകത്തിൽ അനേകം പുരുഷ ഉണ്ട്. പുരുഷ മൂന്ന് ഗുണങ്ങൾക്കും (സത്വ, രജസ്, തമസ്) അതീതമാണ്. പുരുഷ സ്വതവേ ദൈവികമാണ്. വളരെ സൂക്ഷ്മമായ പുരുഷ-യ്ക്കു വിവേചനക്ഷക്തിയുണ്ട്. പ്രകൃതി മാറ്റങ്ങൾക്കു വിധേയമാണെങ്കിൽ, പുരുഷ മാറ്റങ്ങൾക്കു അതീതമാണ്. പുരുഷ പ്രകൃതിയെ സമീപിക്കുമ്പോൾ, പ്രകൃതി പരിണാമ പ്രക്രിയ ആരംഭിക്കുകയും മഹത്[11], അഹംകാര[12], ഇന്ദ്രിയങ്ങൾ., തുടങ്ങിയ വിവിധ പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യും. പുരുഷ ആകട്ടെ, അജ്ഞാനം നിമിത്തം, ഈ വിവിധ പരിണതികളുമായി (മഹത്, അഹംകാര.,) തദാമ്യം പ്രാപിക്കുകയും ചെയ്യുന്നു. തത്ഫലമായി മിഥ്യാബോധം, ദുഃഖം., ഇത്യാദികൾ ഉണ്ടാകും.

സാംഖ്യ ദർശന പ്രകാരം, തന്റെ സ്വതവേയുള്ള ദൈവികത്വത്തെ പറ്റി പുരുഷ വിവേചിച്ച് മനസ്സിലാക്കുന്നതാണ് മോക്ഷം. പുരുഷ പ്രകൃതിയുടെ വിവിധ പരിണാമഘട്ടങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ ഇത്തരം വിവേചനം സാധ്യമാകില്ല. അപ്പോൾ പുരുഷ വിവിധ ‘ദുഃഖ’ങ്ങളുടെ തടവിലായിരിക്കും. ഈ ദുഃഖത്തെ ഇല്ലാതാക്കലാണ് മോക്ഷം. മോക്ഷം എന്നത് ‘സന്തോഷം/സുഖം’ നിറഞ്ഞു നിൽക്കുന്ന അവസ്ഥയല്ല. മറിച്ച് ദുഃഖമില്ലാത്ത അവസ്ഥയാണ്.

മോക്ഷം നേടുന്നതിനു സാംഖ്യ ദർശനം കർമ്മത്തേക്കാൾ ജ്ഞാനത്തിനു പ്രാധാന്യം കല്പിക്കുന്നു[13]. മോക്ഷത്തിനു ഉതകുന്ന ജ്ഞാനം പുരുഷ-യെ, പ്രകൃതിയിൽ നിന്നു വേറിട്ടുള്ള, അതിന്റെ യഥാർത്ഥ നിലയെപ്പറ്റി ബോധവാനാക്കുന്നു. സ്വന്തം ദൈവികത്വത്തെ കുറിച്ച് പുരുഷ അങ്ങിനെ അറിയും. അപ്പോൾ ദുഃഖം വഴിമാറുന്നു.

സാംഖ്യ ദർശനവും അദ്വൈത വേദാന്തവും തമ്മിൽ കുറച്ചു വ്യത്യാസങ്ങളേയുള്ളൂ. പ്രകൃതി – പുരുഷ ദ്വൈതത്തെ ഒഴിവാക്കി, അവ രണ്ടും ഒന്നാണെന്ന് സങ്കല്പിച്ചാൽ അദ്വൈതത്തോടു ചേർന്നു നിൽക്കാവുന്നതായി സാംഖ്യ ദർശനം മാറും. ആദ്യകാല ബുദ്ധിസവും സാംഖ്യ ദർശനവും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. കാര്യ-കാരണ സിദ്ധാന്തം, പ്രകൃതിയുടെ അനസ്യൂത പരിണാമം, ദുഃഖ നിവാരണം., ഇത്യാദി ആശയങ്ങൾ സാംഖ്യ ദർശനം ബുദ്ധിസത്തിനു മുൻപേ വികസിപ്പിച്ചെടുത്തിരുന്നു.

യോഗ ദർശനം:-

സാംഖ്യവുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന ദർശന ശാഖയാണ് യോഗ ദർശനം. സാംഖ്യം കൂടുതലും സൈദ്ധാന്തികമാണെങ്കിൽ യോഗ ദർശനം സാംഖ്യ സിദ്ധാന്തങ്ങളെ പ്രായോഗികവൽക്കരിക്കുന്നു. പതജ്ഞലി മഹർഷിയുടെ യോഗസൂത്രമാണ് മൂലകൃതി. ഇതിൽ ആദിമകാലം മുതൽ നിലവിലുണ്ടായിരുന്ന യോഗചര്യകൾ ചിട്ടയായി ക്രോഢീകരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു. വ്യാസ ആചാര്യന്റെ യോഗഭാഷ്യം യോഗസൂത്രങ്ങളെ ലളിതമായി വിശദീകരിക്കുന്ന കൃതിയാണ്.

സാംഖ്യയിൽ നിന്ന് വ്യത്യസ്തമായി യോഗ ദർശനം ദൈവത്തെ അംഗീകരിക്കുന്നു. എന്നാൽ ഇവിടെ ദൈവം ലോകസൃഷ്ടാവോ പരിപാലകനോ ശിഥിലീകർത്താവോ അല്ല. മറിച്ച് ‘പ്രകൃതി’യുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്ന ശക്തിയാണ്. അതുവഴി പരിണാമ പ്രക്രിയയ്ക്കു ദൈവം വഴിമരുന്നിടുന്നു. ആശ്രയം തേടുന്ന ആത്മാവിന്റെ മോക്ഷപ്രാപ്തിക്കു ദൈവം സഹായിക്കും. സാംഖ്യ ദർശനത്തെ പോലെ യോഗ ദർശനം അനേകം പുരുഷ/ആത്മാവ് ഉണ്ടെന്ന് പറയുന്നു.

യോഗ ദർശനം മോക്ഷപ്രാപ്തിക്ക് ശാരീരികവും മാനസികവുമായ ചിട്ടവട്ടങ്ങൾ നിഷ്കർഷിക്കുന്നു. യമ (Restraints), നിയമ (Observances), ആസന (Body Postures), പ്രാണായാമ (Breath Control), പ്രത്യഹാര (Withdrawing the sense organs), ധാരണ (Fixing the attention), ധ്യാനം (Meditation), സമാധി (Absorbed state) എന്നിങ്ങനെ എട്ട് ഘട്ടങ്ങളിലൂടെ, മോക്ഷം പ്രാപിക്കാൻ, ഒരു യോഗി കടന്നു പോകേണ്ടതുണ്ട്. ഒടുവിൽ അവിദ്യ, ഈഗോ, മാനസിക ദൗർബല്യം എന്നിവ ഇല്ലാതായി യോഗിയുടെ മനസ്സ് ശുദ്ധമായ നിലയിലേക്കു ഉയരും. അതോടെ ആത്മാവും ‘പ്രകൃതി’യും തമ്മിലുള്ള വേർതിരിവ് മനസ്സിലാക്കി യോഗി സമാധി പ്രാപിക്കുന്നു.

വൈശേഷിക ദർശനം:-

ലോകത്തിൽ രൂപംകൊണ്ട ആദ്യത്തെ പരമാണു സിദ്ധാന്തം (Atomist theory) വൈശേഷിക ദർശനത്തിന്റേതാണ്. ബുദ്ധിസത്തിനു മുമ്പും വൈശേഷിക ദർശനം നിലവിലിരുന്നതായി കരുതപ്പെടുന്നു. കണാദ മുനി രചിച്ച വൈശേഷിക സൂത്രമാണ് മൂലഗ്രന്ഥം. ഇതിനു ‘പ്രശസ്തപാദ’രുടെ ഭാഷ്യമുണ്ട്. രണ്ട് പ്രമാണങ്ങളെ വൈശേഷിക ദർശനം അംഗീകരിക്കുന്നു – പ്രത്യക്ഷം, അനുമാനം. ഇവയിൽ ഉപമാനവും ആപ്തവാക്യവും ഉൾപ്പെടെയുള്ള മറ്റു പ്രമാണങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രപഞ്ചത്തിൽ നിരവധി യാഥാർത്ഥ്യങ്ങളുണ്ടെന്നു പറയുന്ന വൈശേഷിക ദർശനം അവയെ ഏഴ് വിഭാഗത്തിലായി സജ്ജീകരിച്ചിരിക്കുന്നു – ദ്രവ്യം (Substance), ഗുണം (Quality), കർമ്മം/ചലനം (Action/Motion), ഇനം (Community), വിശേഷത്വം/സവിശേഷത (Particularity), സമവായ/പാരമ്പര്യം (Inherence), അഭാവം (Non-existence). ഒമ്പത് തരം ദ്രവ്യങ്ങൾ ഉണ്ട് – വായു, ജലം, അഗ്നി, പൃഥ്വി, ആകാശ, കാലം (Time), ദിക്ക്, ആത്മാവ്, മനസ്സ്. ഇരുപത്തിനാല് ഗുണങ്ങളും അഞ്ച് വിധം ചലനവും[14] വൈശേഷിക ദർശനത്തിലുണ്ട്.

പരമാണു സിദ്ധാന്തം വൈശേഷിക ദർശനത്തിന്റെ ഹൃദയമാണ്. പരമാണു സിദ്ധാന്തത്തെ കൂടാതെ വൈശേഷിക ദർശനത്തെ വിശദീകരിക്കുക സാധ്യമല്ല. കണികാ വാദം എന്നും അറിയപ്പെടുന്ന പരമാണു വാദം അനുസരിച്ച് പൃഥ്വി, വായു, അഗ്നി, ജലം എന്നിവയുടെ കണങ്ങൾ (ആറ്റങ്ങൾ) പല വിധത്തിലും അനുപാതത്തിലും കൂടിച്ചേർന്നാണ് ലോകത്തിലുള്ള എല്ലാം ഉണ്ടായത്. വിവിധ കണങ്ങൾ കൂടിച്ചേർന്നുണ്ടായ സംയുക്തങ്ങൾ (Composite) അനശ്വരമല്ല; അവയ്ക്കു സ്വന്തവും സ്വതന്ത്രവുമായ നിലനിൽപ്പും ഇല്ല. പക്ഷേ സംയുക്തമല്ലാത്ത അവസ്ഥയിൽ, കണങ്ങൾ അനശ്വരവും സ്വന്തമായ നിലനിൽപ്പുള്ളതുമാണ്. കണങ്ങളെ നശിപ്പിക്കാനോ സൃഷ്ടിക്കാനോ സാധിക്കില്ല. കണങ്ങളുടെ ചലനത്തിനും, തദ്വാരാ മറ്റു കണങ്ങളുമായുള്ള കൂടിച്ചേരലിനും നിദാനം ഈശ്വരനാണ്. വൈശേഷിക ദർശന പ്രകാരം ആത്മാവിന്റെ ഒരു ഗുണമാണ് ബോധം; ആത്മാവിന്റെ സത്ത അല്ല. അനുകൂല സാഹചര്യങ്ങളിൽ ആത്മാവിനു ബോധം ഗുണമായി ലഭ്യമാകും. അനുകൂല സാഹചര്യം ഇല്ലാതാകുമ്പോൾ ബോധം നഷ്ടപ്പെടുകയും ചെയ്യും.

ദുഃഖത്തെ എന്നെന്നേക്കുമായി നിർമാജനം ചെയ്യുകയാണ് മോക്ഷപ്രാപ്തി. അതോടെ ആത്മാവിനുള്ള സന്തോഷം, സന്താപം, ആഗ്രഹങ്ങൾ, യോഗ്യത, അയോഗ്യത, സംവദനങ്ങൾ., എന്നിവയെല്ലാം നിലയ്ക്കും. ആത്മാവ് അതിന്റെ സ്വതവേയുള്ള മോക്ഷനിലയെ പറ്റി മനസ്സിലാക്കും. മോക്ഷമാർഗങ്ങളായി വൈശേഷിക ദർശനം ആദ്യം ജ്ഞാനത്തേയും, പിന്നീടു സഹായക സ്ഥാനത്ത് കർമ്മത്തേയും (പ്രവൃത്തി) കണക്കാക്കുന്നു.

ബാഹ്യലോകത്തെ വിലയിരുത്തുന്നതിൽ സാധാരണക്കാരുടെ വീക്ഷണമാണ് വൈശേഷിക ദർശനം പിന്തുടരുന്നത്. ഏകത്വത്തിനു വേണ്ടി ബഹുസ്വരതയെ കയ്യൊഴിയാൻ വൈശേഷിക – ന്യായ ദർശനങ്ങൾ തയ്യാറല്ല.

ന്യായ ദർശനം:-

ഭാരതീയ ദർശനത്തിൽ ന്യായ ദർശനത്തിന്റെ സ്ഥാനം അഗ്രഗണ്യമാണ്. പ്രമാണങ്ങളുടെ കാര്യത്തിലും മറ്റും ഇഴകീറിയുള്ള സൂക്ഷ്മപരിശോധന ന്യായ ദർശനത്തിന്റെ പ്രത്യേകതയാണ്. ന്യായ ദർശനം ഉദയം ചെയ്ത ശേഷമുള്ള ദാർശനിക ഗ്രന്ഥങ്ങളിൽ ന്യായ വീക്ഷണങ്ങളെ അനുകൂലിച്ചും എതിർത്തുമുള്ള പരാമർശങ്ങൾ പരക്കെയുണ്ട്. ബുദ്ധിസ്റ്റ് ദാർശനികരും, കിടയറ്റ താർക്കികരുമായ ദിഗ്നാഗൻ, ധർമ്മകീർത്തി., തുടങ്ങിയവരോടു സൈദ്ധാന്തികമായി നിരന്തരം ഏറ്റുമുട്ടിയ വൈദിക ദാർശനികരിൽ ഏറെയും ന്യായ ദർശനത്തിന്റെ വക്താക്കളായിരുന്നു.

വൈശേഷിക ദർശനത്തോടു വളരെ അടുത്തുനിൽക്കുന്ന ന്യായ ദർശനത്തിന്റെ സ്ഥാപകൻ ഗൗതമ മഹർഷിയാണ്[15]. ന്യായസൂത്ര-മാണ് മൂലകൃതി. ഇതിനു വാത്‌സ്യായനൻ ഭാഷ്യവും, ഉദ്യോതകാരൻ വർത്തിക-വും, വാചസ്പതി മിശ്ര ടിക-യും എഴുതിയിട്ടുണ്ട്[16]. ഗംഗേശ ഉപാധ്യായയാണ് ‘നവ്യ ന്യായ’യുടെ ഉപജ്ഞാതാവ്. മറ്റൊരു പ്രമുഖ ന്യായ ദാർശനികനാണ് ഉദായനൻ.

ന്യായ ദർശനം പ്രമുഖമായും പ്രമാണങ്ങളെ പറ്റിയുള്ള പഠനത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്. എല്ലാ അറിവും സ്വതവേ സത്യമാണോ അല്ലയോ, പ്രായോഗികമായി മാറ്റ് തെളിയിക്കാത്ത ‘അറിവ്’ അറിവാകുമോ., തുടങ്ങിയ അസംഖ്യം വിജ്ഞാന സംബന്ധിയായ കാര്യങ്ങൾ ന്യായ ദർശനം പരിശോധിക്കുന്നു. ന്യായം പ്രകാരം മനുഷ്യനിലെ ബോധം ആത്മാവിന്റെ ഒരു ഗുണമാണ്, സത്ത അല്ല.

ന്യായ ദർശനം പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തവാക്യം എന്നീ നാല് പ്രമാണങ്ങളെ അംഗീകരിക്കുന്നു. അനേകം ആത്മാവുകളും ഒരു ഈശ്വരനും ഉണ്ടെന്നു ന്യായം പറയുന്നു. ഈശ്വരനുണ്ടെന്നു തെളിയിക്കാൻ നിരവധി തെളിവുകൾ ന്യായം മുന്നോട്ടുവയ്ക്കുന്നുമുണ്ട്. ലോകവീക്ഷണത്തിലും മോക്ഷമാർഗത്തിലും ന്യായ ദർശനം വൈശേഷിക ദർശനത്തിനു തുല്യമാണ്. ഭാരതീയ ദർശന ധാരകളെ ഇതുപോലെ സ്വാധീനിച്ച മറ്റൊരു ദർശനമില്ല.

പൂർവ-മീമാംസ ദർശനം:-

ചതുർവേദങ്ങളിൽ പ്രതിപാദിക്കുന്ന ആചാര – കർമ്മങ്ങൾക്കു തത്ത്വജ്ഞാനത്തിന്റെ അടിത്തറ പാകിയത് പൂർവ്വ-മീമാംസ ദർശനമാണ്. ഇവർ കർമ്മകാണ്ഢത്തെ അനുസരിക്കുന്നു. വേദമന്ത്രങ്ങൾക്കും കർമ്മങ്ങൾക്കും സാധുത ഉറപ്പുവരുത്തുന്നതാണ് പൂർവ്വ മീമാംസ രീതി.

ജൈമിനി മഹർഷിയുടെ മീമാംസ സൂത്രമാണ് മൂലകൃതി. ഇതിനു ശബരസ്വാമിയുടെ ഭാഷ്യം ഉണ്ട്. പൂർവ്വ മീമാംസ ദർശനത്തിലെ ഏറ്റവും അറിയപ്പെടുന്ന ദാർശനികൻ കുമാരില ഭട്ടൻ ആണ്. ഇദ്ദേഹത്തിന്റെ മൂന്നു കൃതികൾ – ശ്ലോകവർത്തിക, തന്ത്രവർത്തിക, തുപീടിക – മീമാംസ ദർശനത്തിലെ പ്രമുഖ ഗ്രന്ഥങ്ങളാണ്. കുമാരില ഭട്ടൻ ബുദ്ധിസ്റ്റ് ദാർശനികരോടു സമർത്ഥമായി എതിരിട്ടു വിജയിച്ചതായി വിവിധ പണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു[17]. ശങ്കരാചാര്യരേക്കാളും അല്പം മുതിർന്ന കുമാരിലയുമായി ആചാര്യർ കാശിയിൽ വച്ചു കൂടിക്കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്[18]. പൂർവ്വ മീമാംസ ദർശനത്തിൽ കുമാരില ഭട്ടനെ അനുകൂലിക്കുന്ന ‘ഭട്ട വിഭാഗ’ത്തിനു പുറമേ, പ്രഭാകര മിശ്രയെ അനുകൂലിക്കുന്ന ‘പ്രഭാകര വിഭാഗവും’ ഉണ്ട്.

Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും - 2

മീമാംസ ദർശനത്തിലെ ഭട്ട വിഭാഗം ആറ് പ്രമാണങ്ങളെ അംഗീകരിക്കുന്നു – പ്രത്യക്ഷം, അനുമാനം, ഉപമാനം, അർത്ഥപത്തി, അനുപലബ്ധി, ആപ്തവാക്യം. പ്രമാണങ്ങളേയും അവയുടെ പ്രവർത്തനരീതിയേയും സംബന്ധിച്ച് ഭട്ട – പ്രഭാകര വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. കുമാരിലയുടെ അഭിപ്രായ പ്രകാരം ആത്മാവ് സ്വ-പ്രഭയാൽ സ്വയം പ്രകാശിതമാണ്. അതിനാൽ അത്മാവിന്റെ നിലനിൽപ്പിനു മറ്റു തെളിവുകൾ ആവശ്യമില്ല. കുമാരില ബോധം ആത്മാവിന്റെ സത്തയാണെന്നു പറയുമ്പോൾ പ്രഭാകര ഗുണം മാത്രമാണെന്നു സിദ്ധാന്തിക്കുന്നു. പ്രഭാകര വിഭാഗവും ബുദ്ധ ദാർശനികരും ചില കാര്യങ്ങളിൽ ഒരേ അഭിപ്രായക്കാരാണ്.

പൂർവ്വ-മീമാംസ പ്രകാരം, ചതുർവേദങ്ങൾ അനുശാസിക്കുന്ന കർമ്മങ്ങൾ ചിട്ടയായി നിർവഹിച്ചാൽ മോക്ഷപ്രാപ്തി ലഭിക്കും. കർമ്മങ്ങളുടെ ഫലം ഉടനടി ജീവിതത്തിൽ സിദ്ധിച്ചേക്കണമെന്നില്ല. പക്ഷേ ദൃഷ്ടിഗോചരമല്ലാത്ത ‘അപൂർവ’ എന്ന ശക്തിയായി കർമ്മഫലം നീണ്ടകാലം നിലനിൽക്കുമെന്നും, അനുയോജ്യമായ സാഹചര്യത്തിൽ അവ ഇഹലോകത്തിലോ പരലോകത്തിലോ ഫലം ചെയ്യുമെന്നും മീമാംസ ദർശനം പറയുന്നു. കർമ്മത്തെ കൂടാതെ, മോക്ഷത്തിനായി, മീമാംസ ദർശനം ജ്ഞാനത്തെ അനുശാസിക്കുന്നു. കർമ്മങ്ങൾ ജ്ഞാനലബ്ധിക്കു ഉതകും വിധം മനസിനെ പക്വമാക്കും. വേദങ്ങൾ നിഷ്കർഷിക്കുന്ന കർമ്മങ്ങൾ ചെയ്യാതെ മോക്ഷം ഒരുതരത്തിലും സാധ്യമല്ല.

ഉത്തര-മീമാംസ ദർശനം / വേദാന്തം:-

ഉപനിഷത്തിലെ വിവിധ ആശയങ്ങളെ, പ്രത്യേകിച്ചും ജീവാത്മാവും പരമാത്മാവും[19] തമ്മിലുള്ള ബന്ധം, കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ച് ബദരായണ മുനി രചിച്ചതാണ് വേദാന്ത സൂത്രം. ഉപനിഷത്തിലുള്ള പരസ്പരവിരുദ്ധമെന്നു തോന്നിയേക്കാവുന്ന ആശയങ്ങളെ തെളിമയോടെ ആവിഷ്കരിച്ച് തീർപ്പിലെത്തിക്കുകയാണ് വേദാന്ത സൂത്രത്തിൽ ചെയ്യുന്നത്. വേദാന്തസൂത്രത്തിനു നിരവധി ഭാഷ്യങ്ങൾ ഉണ്ട്. ശങ്കര, രാമാനുജ, മധ്വ, വല്ലഭ, നിമ്പാർക്ക, തുടങ്ങിയ ആചാര്യന്മാർ[20] വേദാന്തസൂത്രത്തിനു തങ്ങളുടേതായ ഭാഷ്യം എഴുതി. ക്രമേണ അവർ ഓരോരുത്തരും അവരുടേതായ വേദാന്ത വിഭാഗങ്ങൾ സ്ഥാപിച്ചു.

ഭാരതത്തിൽ ഉദയം കൊണ്ടിട്ടുള്ള ദർശന ശാഖകളിൽ ഏറ്റവും അദ്വിതീയമായത് വേദാന്ത ദർശനത്തിൽ പെടുന്ന അദ്വൈത വേദാന്തമാണ്. യോഗ ദർശനത്തെപ്പോലെ ലോക പ്രശസ്തമാണ് അദ്വൈത വേദാന്തം. രാമാനുജ ആചാര്യന്റെ ഭക്തിയിൽ അധിഷ്ഠിതമായ വിശിഷ്ട-അദ്വൈതവും, മധ്വ ആചാര്യന്റെ ദ്വൈത-വേദാന്തവും പ്രമുഖം തന്നെയാണ്.

അദ്വൈത വേദാന്ത പ്രകാരം ജീവാത്മാവും പരമാത്മാവും (ആത്മാവും ബ്രഹ്മവും) രണ്ടല്ല, ഒന്ന് തന്നെയാണ്. ചന്ദ്രബിബം വിവിധ കുടങ്ങളിലെ ജലത്തിൽ തട്ടി പ്രതിഫലിക്കുന്ന പോലെ, ഓരോ മനുഷ്യനിലുമുള്ള ജീവാത്മാവ്, ആ മനുഷ്യനിലെ അവിദ്യയിൽ തട്ടി ബ്രഹ്മം പ്രതിഫലിക്കുന്നതാണ്. ജീവ[21] ബ്രഹ്മജ്ഞാനം നേടി അവിദ്യ ഇല്ലാതാകുമ്പോൾ താൻ ബ്രഹ്മം തന്നെയാണെന്ന് ജീവാത്മാവ് മനസ്സിലാക്കുന്നു. ബ്രഹ്മസാക്ഷാത്കാരം അപ്പോൾ സംഭവിക്കും. അദ്വൈത വേദാന്തം മോക്ഷപ്രാപ്തിക്ക് ജ്ഞാന-മാർഗത്തിനു മുൻതൂക്കം കൊടുക്കുന്നു. ഒപ്പം കർമ്മവും ധ്യാനവും പരിശീലിക്കുകയും വേണം[22].

അദ്വൈത വേദാന്ത പ്രകാരം ബാഹ്യലോകത്തിനു സ്വന്തവും സ്വതന്ത്രവുമായ നിലനിൽപ്പില്ല. ബാഹ്യലോകം നിലനിൽപ്പിനായി ബ്രഹ്മത്തെ ആശ്രയിക്കുന്നു. അതുവഴി ബാഹ്യലോകം ആപേക്ഷിക യാഥാർത്ഥ്യവും ബ്രഹ്മം പരമ യാഥാർത്ഥ്യവും ആകുന്നു. അദ്വൈത വേദാന്തത്തിന്റെ അവിഭാജ്യ ഘടകമാണ് മായാവാദം. ഇതനുസരിച്ച് ബാഹ്യലോകത്തിന്റെ യഥാർത്ഥ നില/സത്ത അനിർവചനീയമാണ്. യാഥാർത്ഥ്യത്തിനു സഗുണവും നിർഗുണവുമായി രണ്ടു തലങ്ങൾ അദ്വൈത വേദാന്തത്തിലുണ്ട്.

വിശിഷ്ട-അദ്വൈത സ്ഥാപകൻ രാമാനുജ ആചാര്യർ ആണ്. അദ്ദേഹത്തിന്റെ വേദാന്തസൂത്ര ഭാഷ്യം ‘ശ്രീ ഭാഷ്യം’ എന്നറിയപ്പെടുന്നു. അദ്വൈത വേദാന്തത്തിലെ ഗുണങ്ങളില്ലാത്ത (നിർഗുണ) ബ്രഹ്മത്തിനു പകരം വിശിഷ്ട-അദ്വൈതം എല്ലാ ഗുണങ്ങളുമുള്ള ഈശ്വരനെ പരമസത്യമായി കാണുന്നു. സഗുണ – നിർഗുണ ഭാവങ്ങൾ ബ്രഹ്മത്തിനില്ല. മായവാദം തെറ്റാണ്. ആത്മാവ് ഈശ്വരന്റെ ഒരു ഭാഗമാണ്. മോക്ഷപ്രാപ്തിക്കു ഭക്തർ എല്ലാം ഈശ്വരനിൽ സമർപ്പിച്ച്, ഉപാധിയില്ലാതെ ഈശ്വരനെ ആരാധിക്കണം. ഭക്തി മാർഗമാണ് വിശിഷ്ട-അദ്വൈതത്തിന്റെ കാതൽ.

മധ്വ ആചാര്യന്റെ ദ്വൈത വേദാന്തത്തിൽ ആത്മാവും ബ്രഹ്മവും തമ്മിൽ ബന്ധമില്ല. ഒരിക്കലും കൂട്ടിയിണക്കാനാകാത്ത അഞ്ചുതരം വേർതിരിവുകളെ ദ്വൈത വേദാന്തം മുന്നോട്ടു വയ്ക്കുന്നു. ഈശ്വരൻ – ആത്മാവ്, ഈശ്വരൻ – ദ്രവ്യം, ആത്മാവ് – ദ്രവ്യം, ആത്മാവ് – ഇതര ആത്മാവ്, ദ്രവ്യം – ഇതര ദ്രവ്യം എന്നീ അഞ്ച് വേർതിരിവുകൾ അനാദിയാണ്. ദ്വൈത വേദാന്തത്തിൽ മോക്ഷമാർഗങ്ങൾ ഭക്തി, കർമ്മം, ജ്ഞാനം എന്നിവയാണ്.

നിമ്പാർക്ക ആചാര്യരുടെ ദ്വൈത-അദ്വൈത സിദ്ധാന്തം അത്മാവിനേയും ബ്രഹ്മത്തേയും ഒരേ സമയം ഒന്നായും വിഭിന്നമായും പരിഗണിക്കുന്നു. ബ്രഹ്മം പരിണമിച്ചുണ്ടായതാണ് ലോകമെന്ന സിദ്ധാന്തം ദ്വൈത-അദ്വൈതികളുടേതാണ്. വല്ലഭ ആചാര്യന്റെ ശുദ്ധ-അദ്വൈത പ്രകാരം ബ്രഹ്മം നിർഗുണമല്ല. ബ്രഹ്മം എല്ലാ ഗുണങ്ങളോടും കൂടിയതാണ്; സഗുണമാണ്. ബ്രഹ്മം നിർവചനത്തിനു വഴങ്ങുന്നതാണ്. ലോകം ഒന്നാകെ ബ്രഹ്മമാണ്. പ്രകൃതിയും ആത്മാവുമെല്ലാം ബ്രഹ്മം തന്നെ. ഇരു ദർശനങ്ങളും കർമ്മം, ഭക്തി, ജ്ഞാനം എന്നിവയെ മോക്ഷമാർഗങ്ങളായി കാണുന്നു[23].

ബുദ്ധ-ദർശനങ്ങൾ:-

ബുദ്ധിസ്റ്റ് ദർശനങ്ങൾ പ്രധാനമായും നാലാണ്. ഹീനയാന – മഹായാന വിഭാഗങ്ങളിൽ നിന്ന് രണ്ടെണ്ണം വീതം. എല്ലാ ബുദ്ധിസ്റ്റ് ദർശനങ്ങൾക്കും പൊതുവായ ചില സിദ്ധാന്തങ്ങളുണ്ട്. ക്ഷണിക വാദം (Momentariness), അനാത്മവാദം (No Soul), പരസ്പരാശ്രിത നിലനിൽപ്പ് (Pratitya-samutpada)., എന്നിവ. ഹൈന്ദവ ദർശനങ്ങളിൽ പൊതുവെ ഇല്ലാത്ത വിജ്ഞാനവാദം (Idealism) ബുദ്ധ-ദർശനങ്ങളിൽ അപൂർവമല്ല.

വൈഭാസിക ദർശനം (ഹീനയാനം):-

വൈഭാസികർ ബാഹ്യ/പ്രത്യക്ഷ വാദികളാണ്. ബാഹ്യലോകത്തിനും മനസ്സിനും ഇക്കൂട്ടർ സ്വന്തവും സ്വതന്ത്രവുമായ നിലനിൽപ്പ് കൽപ്പിക്കുന്നു. പുറംലോകം മനസ്സിനെ ആശ്രയിച്ചു നിലനിൽക്കുന്നതല്ലെന്നു സാരം. കാഴ്ചക്കാരൻ ബാഹ്യലോകത്തേയും അതിലെ വസ്തുക്കളേയും പ്രത്യക്ഷത്തിൽ, നേരിൽ ദർശിക്കുന്നു (Direct Realism). പൃഥ്വി, വായു, ജലം, അഗ്നി എന്നീ നാലു മൂലഘടകങ്ങൾ ഉണ്ട്. വസ്തുക്കൾ നിർമിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ലോകത്തുള്ളതെല്ലാം ക്ഷണികമാണ്. എല്ലാം നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്നു. എന്നാൽ നിർവാണം അനശ്വരമാണ്. ഇങ്ങിനെയാണ് വൈഭാസിക ദർശന സിദ്ധാന്തങ്ങൾ.

കൂടുതൽ വായനക്ക് — വൈഭാസിക ദർശനം.

സൗത്രാന്തിക ദർശനം (ഹീനയാനം):-

ബാഹ്യലോകത്തെ നാം നേരിൽ ദർശിക്കുന്നില്ല എന്ന വാദക്കാരാണ് സൗട്രാന്തിക ദർശനം. മനസ്സിൽ തെളിയുന്ന ദൃശ്യങ്ങൾ വഴി നാം ബാഹ്യലോകത്തെ അനുമാനിച്ചെടുക്കുകയാണ് ചെയ്യുന്നത്. ബാഹ്യലോകത്തിലെ വസ്തുക്കളെ കാണുന്നതിനും, മനസ്സിലാക്കിയെടുക്കുന്നതിനും ഇടയിൽ ചെറിയ സമയവ്യത്യാസം ഉള്ളതിനാൽ, ഒരു സമയത്ത് ദർശിച്ച ബാഹ്യവസ്തുവിനെ അടുത്ത നിമിഷത്തിൽ മനസ്സിലാക്കുമ്പോൾ അത് അനുമാനമേ ആകൂ, പ്രത്യക്ഷം ആകില്ല[24]. സ്വതവേ ഗുണങ്ങളില്ലാത്ത സംവദനത്തിനു, ആന്തരിക ദർശനത്തിനു, ഗുണങ്ങൾ നൽകുന്നത് ബാഹ്യവസ്തുവിലുള്ള ഗുണങ്ങളാണ്. ഇപ്രകാരം ഗുണങ്ങളോടു കൂടിയ സംവദനം മനസ്സിൽ ബാഹ്യവസ്തുവിന്റെ ഒരു രൂപം സൃഷ്ടിക്കുകയും, അതുവഴി നാം ബാഹ്യവസ്തുവിന്റെ സാന്നിധ്യവും രൂപവും അനുമാനിച്ചെടുക്കുകയും ചെയ്യുന്നു. ഈ വിധത്തിൽ സൗട്രാന്തിക ദർശനം ബാഹ്യാനുമേയ വാദത്തെ (Indirect realism) പിന്തുണക്കുന്നു.

വിജ്ഞാനവാദം (മഹായാനം):-

ഈ ദർശനപ്രകാരം (ബാഹ്യവസ്തുവിനെ കുറിക്കുന്ന) സംവദനങ്ങളേയുള്ളൂ, ബാഹ്യലോകം അത്യന്തികമായി ഇല്ല. ബാഹ്യലോക വസ്തുവിനെ കാണുന്നതും, അതിന്റെ സംവദനം നമ്മിൽ സംഭവിക്കുന്നതും ഒരുമിച്ചായതിനാൽ അവ രണ്ടും (ബാഹ്യവസ്തുവും, വസ്തുവിനെപ്പറ്റിയുള്ള സംവദനവും) ഒന്നാണെന്നു വിജ്ഞാനവാദികൾ പറയുന്നു. ബാഹ്യലോകം പോലൊന്ന് തീർച്ചയായും നമ്മിൽ ഉടലെടുക്കും. പക്ഷേ അതിനു കാരണം ശരീരത്തിനുള്ളിൽ തന്നെയുള്ള സംവദനങ്ങളാണ്. സംവദനങ്ങൾക്കു ആധാരം ബാഹ്യലോക വസ്തുക്കളല്ല; നമ്മിലെ ‘ആലയവിജ്ഞാന[25]’ ആണ്. ആലയവിജ്ഞാനയിൽ അവിദ്യ സൃഷ്ടിക്കുന്ന ആഘാതങ്ങളാണ് സംവദനങ്ങളായി രൂപപ്പെട്ട്, ബാഹ്യലോകമായി മനുഷ്യർക്കു മുന്നിൽ ദൃശ്യമാകുന്നത്. അല്ലാതെ ബാഹ്യലോകത്തിനു സ്വന്തമായ നിലനിൽപ്പില്ല. ജ്ഞാനസമ്പാദനം വഴി അവിദ്യ നിഷ്കാസനം ചെയ്യപ്പെടുമ്പോൾ ആലയവിജ്ഞാന സ്വസ്ഥമാക്കപ്പെടുകയും, സംവദനങ്ങൾ ഉണ്ടാകുന്നത് നിലയ്ക്കുകയും, യോഗി നിർവാണം പ്രാപിക്കുകയും ചെയ്യുന്നു.

വിജ്ഞാനവാദ ദർശനം ‘തഥാത/വിജ്ഞാപ്തിമാത്ര’ എന്ന ഒരു പരമയാഥാർത്ഥ്യം ഉണ്ടെന്നു പറയുന്നു. അതുവഴി അവർ ഒരു പരമാർത്ഥ സത്യത്തെ മുൻനിർത്തിക്കൊണ്ടുള്ള വിജ്ഞാനവാദമാണ് (Absolute Idealism) പുലർത്തുന്നത്. വെറും മനസ്സിനെ മുൻനിർത്തിക്കൊണ്ടുള്ള വിജ്ഞാനവാദമല്ല (Subjective Idealism).

മധ്യമക ദർശനം (മഹായാനം):-

മധ്യമക ദർശനത്തിന്റെ സ്ഥാപകനായി കണക്കാക്കുന്നത് നാഗാർജുനനെയാണ്. എന്നാൽ നാഗാർജുനനു മുമ്പ് ജീവിച്ചിരുന്ന അശ്വഘോഷൻ മധ്യമക ദർശനത്തിന്റെ പല സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്[26]. അശ്വഘോഷന്റെ സിദ്ധാന്തങ്ങളെ കറതീർന്ന ന്യായവാദങ്ങളാൽ അദ്വിതീയമായ നിലയിൽ പ്രതിഷ്ഠിക്കുകയാണ് നാഗാർജുനൻ ചെയ്തത്. ഈ പ്രക്രിയയിൽ സ്വന്തം വീക്ഷണങ്ങളും മധ്യമക ദർശനത്തിലേക്കു അദ്ദേഹം നിർലോഭം പകർത്തി. ഭാരതീയ ദർശനത്തിൽ നാഗാർജുനനോടൊപ്പം നിൽക്കുന്ന ദാർശനിക പ്രതിഭകൾ ചുരുക്കമാണ്. മൂല-മധ്യമക-കാരിക, പ്രജ്ഞാ-പരമിത-ശാസ്ത്രം എന്നിവയാണ് നാഗാർജുനന്റെ പ്രമുഖ രചനകൾ.

ബാഹ്യലോകത്തിലെ എല്ലാ വസ്തുക്കളും സ്വന്തം നിലനിൽപ്പിനായി പരസ്പരം ആശ്രയിക്കുന്നുവെന്നും, അതിനാൽ ബാഹ്യലോക വസ്തുക്കൾക്കു സത്ത ഇല്ലെന്നും മധ്യമക ദർശനം പറയുന്നു. ബാഹ്യവസ്തുക്കൾക്കു മാത്രമല്ല, വിജ്ഞാനവാദികൾ പ്രാമുഖ്യം കൊടുക്കുന്ന, മനസ്സിനും സത്തയില്ല. ലോകത്തിലുള്ള എല്ലാം തന്നെ ‘ശൂന്യം’ ആണ്. ബാഹ്യലോകത്തിന്റെ സത്ത ഇല്ലാത്ത, ആപേക്ഷിക അവസ്ഥയെ കുറിക്കാനാണ് ശൂന്യം ഉപയോഗിക്കുന്നത്[27]. ‘ശൂന്യത’ എന്ന വാക്കിനു മധ്യമക ദർശനത്തിൽ ഒന്നിൽ കൂടുതൽ അർത്ഥങ്ങളുണ്ട്. മധ്യമക ദർശനം ‘പ്രജ്ഞ’ എന്ന പരമമായ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നു.

മഹായാന ബുദ്ധിസത്തിലെ മധ്യമക – വിജ്ഞാനവാദ ദർശനങ്ങൾക്കു അദ്വൈത വേദാന്തവുമായി വളരെ സാമ്യമുണ്ട്. മൂന്നിന്റേയും ആധാരം ഉപനിഷത്തുക്കളാണ്. Read appendix

ജൈന ദർശനം:-

വർദ്ധമാന മഹാവീരൻ സ്ഥാപിച്ച ജൈന ദർശനം ഭാരതീയ ദർശനങ്ങളിൽ വളരെ പ്രമുഖമാണ്. ശ്രീബുദ്ധന്റെ സമകാലികനായിരുന്ന മഹാവീരൻ ‘ജീന’ പദവി നേടിയ ശേഷം രൂപംകൊടുത്ത സിദ്ധാന്തങ്ങളിലാണ് ജൈന ദർശനം പ്രധാനമായും നിലകൊള്ളുന്നത്. എന്നാൽ മഹാവീരനു മുമ്പും ജൈനദർശനം നിലവിലുണ്ടായിരുന്നു. പാർശ്വനാഥ എന്ന ജൈന തീർത്ഥങ്കരനെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ജൈന ദർശനം ദൈവത്തിന്റെ ആസ്ഥിത്വം അംഗീകരിക്കുന്നില്ല. പകരം ‘ജീന’ പദവി നേടിയ തീർത്ഥങ്കരന്മാരെ ജൈനർ ആദരിക്കുന്നു. ജൈന ദർശനം ജീവ – അജീവ എന്നിങ്ങനെ രണ്ടായി എല്ലാത്തിനേയും വിഭജിച്ചിരിക്കുന്നു. ലോകത്തിലുള്ള എല്ലാം ആറ്റങ്ങൾ കൂടിച്ചേർന്നു ഉണ്ടായവയാണ്. ആറ്റങ്ങൾ അനാദിയും അനശ്വരവുമാണ്. മനുഷ്യരിൽ ദിവ്യത്വമുണ്ടെന്നും, മറഞ്ഞു കിടക്കുന്ന ഈ ദിവ്യത്വത്തെ, ജ്ഞാനം നേടി, സാക്ഷാത്കരിക്കുന്നതാണ് മോക്ഷമെന്നും ജൈന ദർശനം പഠിപ്പിക്കുന്നു.

ജൈനദർശനത്തിലെ അനേകാന്ത വാദം ലോകത്തിലെ എല്ലാ വസ്തുക്കൾക്കും നിരവധി ഗുണങ്ങൾ കല്പിക്കുകയും, ഓരോ വസ്തുവിനും മറ്റു വസ്തുക്കളുമായി ബന്ധമുള്ളതായും സിദ്ധാന്തിക്കുന്നു. പരമാർത്ഥ യാഥാർത്ഥ്യത്തെ അന്തിമമായി നിർവചിക്കാനാകില്ലെന്നു ഇതു സൂചിപ്പിക്കുന്നു. നിരവധി വസ്തുക്കളും അവയുടെ ഗുണങ്ങളും ബന്ധങ്ങളും ഉള്ളപ്പോൾ, യാഥാർത്ഥ്യത്തെ പറ്റി ഏകമാനമായ നിർവചനത്തേക്കാൾ ബഹുസ്വരമായ നിർവചനങ്ങളാണ് ഉയരുകയെന്നു സാരം. ബഹുസ്വരമായ ഇത്തരം നിർവചനങ്ങൾ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ യാഥാർത്ഥ്യത്തെ കുറിക്കുന്നു. എന്നാൽ ബഹുസ്വരമായ നിർവചനങ്ങൾക്കു യാഥാർത്ഥ്യത്തെ പൂർണമായും നിർവചിക്കാനുമാകില്ല. നമ്മുടെ എല്ലാ ജ്ഞാനവും ആപേക്ഷികം മാത്രമാണ്. അവ പരമമായി സത്യമാണെന്ന് കരുതുക വയ്യ. അതിനാൽ എല്ലാ നിർവചനങ്ങൾക്കും മുന്നിൽ ‘സ്യാദ്’ (May Be/Perhaps) എന്നു ചേർക്കേണ്ടതുണ്ട്. ‘സ്യാദ് വാദം’ എന്ന ജൈന സിദ്ധാന്തത്തിന്റെ പൊരുൾ ഇതാണ്.

മറ്റു ദർശന  ധാരകൾ:-

ഇതുവരെ എഴുതിയ ദർശന ധാരകളെല്ലാം ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നവയാണ്. എന്നാൽ പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മറ്റുചില ദർശനങ്ങൾ നിർഭാഗ്യവശാൽ അന്യം നിന്നുപോവുകയോ, തങ്ങളുടെ സിദ്ധാന്തങ്ങൾ പ്രമുഖ ദർശനങ്ങളുടെ ഭാഗമാക്കി മാറ്റുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ആറ് ദർശനങ്ങളെ കുറിച്ച് ശ്രീബുദ്ധൻ ‘സാമന്ന-ഫല-സൂത്ര’ത്തിൽ പരാമർശിക്കുന്നുണ്ട്. അവയുടെ സംഗ്രഹം ഇവിടെ നൽകുന്നു.

ആജീവിക ദർശനം:-

മക്കാലി ഗോശാല[28]-യുടെ ‘നിയതി വാദം’ പൗരാണിക ഭാരതത്തിലെ പ്രമുഖ ദർശനമായിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളും മറ്റും ചിതറിക്കിടക്കുന്ന അനേകം നിയതിവാദങ്ങൾ ഈ ദർശനത്തിന്റെ സംഭാവനയാണ്. നിയതി വാദം അനുസരിച്ച് ലോകത്തിൽ സംഭവിക്കുന്നതെല്ലാം വിധി പ്രകാരമാണ് നടക്കുന്നത്. മനുഷ്യരുടെ കർമ്മങ്ങൾക്കു (അവ നല്ലതായാലും ചീത്തയായാലും) യാതൊരു ഫലവും ലഭിക്കില്ല. പാപവും പുണ്യവും ഇല്ല. കർമ്മസിദ്ധാന്തം തെറ്റാണ്. മനുഷ്യപ്രയത്നത്തിനു വിലയില്ല. പ്രയത്നത്തിനു പ്രയത്നിക്കുന്നവന്റെ ജീവിതത്തിൽ ഒരു ഫലവും ഉളവാക്കാൻ സാധിക്കില്ല. കാരണം ഒരുവന്റെ ഉയർച്ചയും താഴ്ചയും നിർണയിക്കുന്നത് വിധിയാണ്.

കർമ്മവും ജ്ഞാനവും ഭക്തിയും ധ്യാനവും മോക്ഷപ്രാപ്തിക്ക് ഉതകുന്നതല്ല. എത്രമാത്രം നന്നായി, മര്യാദയോടെ ജീവിച്ചാലും 8400000 മഹാകല്പ കാലയളവോളം നീളുന്ന പുനർജന്മ പരമ്പരക്കു ശേഷമേ മനുഷ്യനു മോക്ഷം ലഭിക്കൂ. ഈ പക്രിയക്കുള്ളിൽ മനുഷ്യൻ ഭൂമിയിലുള്ള ഏല്ലാ ജീവജാലങ്ങളായും പുനർജനിച്ചു മരിക്കുന്നതാണ്. വളരെ പ്രത്യേകതയുള്ള ദാർശനിക വീക്ഷണമാണിത്. ഏതു കുലത്തിൽ ജനിച്ചാലും, പണ്ഢിതനായാലും, പാമരനായാലും മോക്ഷത്തിലെത്താൻ എല്ലാവരും ഒരേപോലെ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളായും ജനിച്ചു മരിക്കേണ്ട അവസ്ഥ സാമൂഹിക ഉച്ചനീചത്വങ്ങളെ നിരാകരിക്കുന്നു.

അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ ആജീവികർക്കു നൽകിയ ദാനങ്ങളെ പറ്റി പരാമർശമുണ്ട്. മൗര്യ സാമ്രാജ്യ കാലത്ത് ആജീവികർക്കു പ്രമുഖ സ്ഥാനമുണ്ടായിരുന്നതായി അതുവഴി മനസ്സിലാക്കാം. തമിഴ് കൃതിയായ ‘മണിമേഖല’യും ആജീവിക ദർശനത്തെ പറ്റി സൂചിപ്പിക്കുന്നു. തിരുവഞ്ചിക്കുളത്തു (വഞ്ചി) വച്ചു നടന്ന ദാർശനിക കൂട്ടായ്മയിൽ ആജീവിക ദർശനം പരാമർശിതമായെന്നു മണിമേഖല പ്രസ്താവിക്കുന്നു. നിയതിവാദം ഭാരതമെമ്പാടും അറിയപ്പെട്ടിരുന്നുവെന്ന് സാരം.

പൂർണ കാശ്യപൻ (അ-ക്രിയ-വാദം):-

പൂർണ കാശ്യപന്റെ അക്രിയവാദം അനുസരിച്ച് ഒരുവൻ എന്തു പ്രവൃത്തി ചെയ്താലും അതിൽ ഒരു തെറ്റുമില്ല. കൊലപാതകമായാലും മോഷണമായും തഥൈവ. ശ്രീബുദ്ധൻ ബ്രഹ്മജ്വാല സൂത്രത്തിൽ പൂർണ കാശ്യപന്റെ നിലപാട് ‘കാരണങ്ങൾ ഇല്ലാതെയും കാര്യം ഉണ്ടാകാം’ എന്നതാണെന്നു സൂചിപ്പിക്കുന്നു. (ഇത് ബുദ്ധന്റെ നിലപാടിനു കടകവിരുദ്ധമാണ്). ഇതു പ്രകാരം എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കാര്യം (effect) സംഭവിക്കുന്നതിനു ഒരു കാരണവും (Cause) ആവശ്യമില്ല. അപ്പോൾ കൊലപാതകമോ മോഷണമോ നടക്കുന്നത് കൊലയാളിയുടേയോ മോഷ്ടാവിന്റേയോ കുഴപ്പം കൊണ്ടാണെന്നു പറയുന്നത് ശരിയല്ല. അക്രിയവാദം ഇങ്ങിനെ പറയുന്നു.

Read More ->  മറഡോണ : ദി സോക്കര്‍ ഗോഡ്

അക്രിയവാദത്തെ മറ്റൊരു രീതിയിലും നോക്കിക്കാണാവുന്നതാണ്. പരമാത്മാവ് സ്വതവേ നിഷ്ക്രിയമാണെന്നത് ചില ദർശന ധാരകളുടെ സിദ്ധാന്തമാണ്. അങ്ങിനെയെങ്കിൽ നിഷ്ക്രിയമായ പരമാത്മാവിനു മേൽ മനുഷ്യർ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം എങ്ങിനെ ചാർത്താൻ കഴിയും? പ്രത്യേകിച്ചും ജീവാത്മാവ് ഒരു അയഥാർത്ഥ്യമായിരിക്കെ?

പകുദ കത്യായനൻ (ശാശ്വത-വാദം):-

പകുദ കത്യായനൻ ലോകത്തിൽ അനേകം പരമ യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന പക്ഷക്കാരനാണ്. ഏഴ് മൂലഘടകങ്ങളെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു – പൃഥ്വി, ജലം, വായു, അഗ്നി, സുഖം, ദുഃഖം, ആത്മാവ്. ഈ ഏഴു മൂലഘടകങ്ങൾ നിർമിക്കപ്പെട്ടതോ നശിപ്പിക്കപ്പെടാവുന്നതോ അല്ല. ഇവയ്ക്കു അനശ്വരമായ നിലനിൽപ്പുണ്ട്. ഈ ഘടകങ്ങൾ കൂടിച്ചേർന്നു പുതിയൊരു വസ്തു ഉണ്ടാകുമ്പോൾ ആ കൂടിച്ചേരൽ യാന്ത്രിക പ്രവൃത്തിയോ, അല്ലെങ്കിൽ സൗഖ്യത്തിനോ ദുഃഖത്തിനോ വേണ്ടി മനപ്പൂർവ്വം കൂടിച്ചേരുന്നതോ ആകാം. മൂലഘടകങ്ങൾ കൂടിച്ചേർന്നുണ്ടായ ഒരു വസ്തുവിനെ (അതിപ്പോൾ മനുഷ്യശരീരമായാലും) വാൾ ഉപയോഗിച്ച് വെട്ടിമുറിച്ചാൽ അവിടെ സംഭവിക്കുന്നത് മൂലഘടകങ്ങളെ വകഞ്ഞുമാറ്റി വാൾ കടന്നുപോവുക മാത്രമാണ്. വിവിധ മൂലഘടകങ്ങൾക്കു ഇടയിലുള്ള ബന്ധം വിട്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ. മൂലഘടകങ്ങൾക്കു കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല. മൂലഘടകങ്ങളെ വെട്ടിമുറിക്കാനോ വിഭജിക്കാനോ സാധ്യമല്ല.

കത്യായനന്റെ സിദ്ധാന്തം ഒരുതരം അക്രിയവാദമായും പരിഗണിക്കപ്പെടുന്നു. ഏഴു മൂലഘടകങ്ങൾക്കു അനശ്വരത്വം കല്പിക്കുക വഴി ശാശ്വതവാദവും (Eternalism) കത്യായനന്റെ ദർശനത്തിൽ ഉണ്ട്

അജിത കേശകമ്പാലിൻ:-

അജിത-യുടെ ദർശനം ദ്രവ്യത്തിനു പരമമായ സ്ഥാനം നൽകിക്കൊണ്ടുള്ളതാണ്. ചാർവാക ദർശനവുമായി ഇതിനു വളരെ സാമ്യമുണ്ട്.

മനുഷ്യശരീരം നിർമിക്കപ്പെട്ടിരിക്കുന്നത് പൃഥ്വി, ജലം, വായു, അഗ്നി എന്നീ നാലു ഘടകങ്ങളാലാണ്. മരണ ശേഷം ശരീരത്തിലെ വിവിധ ഘടകങ്ങൾ അവയുടെ തനതായ നിലയിലേക്കു മടങ്ങും[29]. മരണശേഷം മറ്റൊരു ജീവിതമില്ല. മരണത്തോടെ എല്ലാം തീരുന്നു. പാപവും പുണ്യവും ഇല്ല., എന്നിങ്ങനെയാണ് അജിത-യുടെ സിദ്ധാന്തങ്ങൾ.

സജ്ഞയ ബേലാത്തിപുത്ര:-

ഭാരതീയ ദർശനത്തിൽ അജ്ഞേയ-വാദത്തിന്റെ (Skepticism/Agnosticism) പ്രതിനിധിയാണ് സജ്ഞയൻ. എല്ലാ ചോദ്യങ്ങൾക്കും ഉറച്ച മറുപടി അജ്ഞേയ വാദികൾ നൽകില്ല. എന്തിനും ഏതിനും ഒരു സാധ്യത തുറന്നിട്ടേ ഇക്കൂട്ടർ സംസാരിക്കൂ[30].

മനുഷ്യ-ഇന്ദ്രിയങ്ങളുടെ പ്രവർത്തനം നിശ്ചിത പരിമിതികൾക്കുള്ളിലായതിനാൽ, ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അറിവിൽ ഇക്കൂട്ടർ സംശയാലുക്കളായിരിക്കാം. ഭാരതീയ ദർശനങ്ങളിൽ പലതും ബാഹ്യവസ്തുക്കളെ വിലയിരുത്താനുള്ള ഇന്ദ്രിയങ്ങളുടെ കാര്യക്ഷമതയെ സംശയിക്കുന്നവരാണ്. അത് കൂടുതൽ കർക്കശമായി പ്രയോഗത്തിൽ വരുത്തുന്നത് അജ്ഞേയ വാദികൾ ആകാം.

നിഗാന്ത നാദപുത്ര:-

‘കെട്ടുപാടുകൾ ഇല്ലാത്ത’ എന്നു അർത്ഥമുള്ള ‘നിർഗ്രന്ഥ’ എന്നതിന്റെ പാലി വാക്കാണ് ‘നിഗാന്ത’. വർദ്ധമാന മഹാവീരനാണ് നിഗാന്ത നാദപുത്രൻ. ജൈന ദർശനത്തെ പറ്റി മുമ്പ് എഴുതിയതെല്ലാം ഇവിടെയും ബാധകമാണ്.

ഭാരതീയ ദർശനങ്ങളുടെ പൊതുവായ അന്തഃസത്ത:-

ഭാരതീയ ദർശനങ്ങൾ ഇപ്രകാരം നിരവധിയാണെങ്കിലും അവയുടെയെല്ലാം അന്തഃസത്ത ഒന്നാണ്. വിവിധ വീക്ഷണങ്ങൾ പുലർത്തുന്നവരുടെ ബുദ്ധിശക്തിക്കു ഇണങ്ങും വിധമാണ് ദർശനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഒട്ടുമിക്ക ഭാരതീയ ദർശനങ്ങളും സകലചരാചരങ്ങളിലുമുള്ള ദൈവികത്വത്തെ അറിയുക എന്ന ലക്ഷ്യമാണ് അത്യന്തികമായി മുന്നോട്ടു വയ്ക്കുന്നത്. അതു സാധിക്കാൻ വിവിധ വീക്ഷണഗതികൾ പുലർത്തുന്നവർക്കു യോജിക്കും വിധം വ്യത്യസ്ത രീതികൾ അവർ ഉപയോഗിക്കുന്നെന്ന് മാത്രം. കാണുന്നതിനെല്ലാം യാഥാർത്ഥ്യമുണ്ടെന്ന ജൈന-ന്യായ-വൈശേഷിക-വൈഭാസികയുടെ ബാഹ്യവാദവും, യാഥാർത്ഥ്യമുള്ള ഘടകങ്ങൾ വെറും രണ്ടാണെന്ന സംഖ്യാ-യോഗാ സിദ്ധാന്തവും, ഒരേയൊരു യാഥാർത്ഥ്യമേയുള്ളൂ എന്ന അദ്വൈത വേദാന്ത – മഹായാന വിഭാഗങ്ങളുടെ ദർശനവും വ്യത്യസ്ത വീക്ഷണഗതികൾ പുലർത്തുന്നവരെ ഉദ്ദേശിച്ച് രൂപം കൊണ്ടവയാണ്. എല്ലാ പ്രമുഖ ഭാരതീയ ദർശനങ്ങളുടെയും ലക്ഷ്യം ഒന്നാണ് – ദിവ്യത്വത്തെ സാക്ഷാത്കരിക്കുക!

ആറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



[1] N/A.

[2] ഈ വിഭാഗത്തിലെ, ആജീവികർ ഒഴികെ, ദർശന ധാരകളെപ്പറ്റിയുള്ള സ്രോതസ് ബുദ്ധിസ്റ്റ് പീഠകയിലെ ‘സാമന്നഫല സൂത്ര’മാണ്.

[3] അഞ്ചാമത്തേത് നിയതമായ ഘടനയുള്ള ദർശന വിഭാഗമല്ല. മറിച്ച് ആദ്യ നാലുവിഭാഗങ്ങൾ കഴിഞ്ഞ് ബാക്കിയുള്ള എല്ലാ ദർശന ധാരകളേയും ഉൾക്കൊള്ളിച്ചുള്ളതാണ് അഞ്ചാമത്തെ വിഭാഗം.

[4] ആകാശ-ത്തെ (Ether/Space) ഒരു മൂലഘടകമായി ചാർവാക ദർശനം പരിഗണിക്കുന്നില്ല.

[5] ചാർവാകർ അനുമാനത്തെ പ്രമാണമായി അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ അത് അക്ഷരാർത്ഥത്തിൽ, കർക്കശമായെടുക്കുന്നത് പിശകായേക്കുമെന്നു തോന്നുന്നു. പ്രത്യക്ഷ പ്രമാണത്തിനു വളരെയധികം പ്രാമുഖ്യമുള്ള ചില ‘അനുമാന’ങ്ങളെ ചാർവാക ദർശനം അംഗീകരിച്ചിരിക്കാൻ ഇടയുണ്ട്. മനുഷ്യരുടെ ദൈനംദിന മാനസിക വ്യാപാരങ്ങളിൽ നിരന്തരം കടന്നുവരുന്ന അനുമാനങ്ങളെ ചാർവാക ദർശനം നിരാകരിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല.

[6] ദൈവം ഇല്ലെന്നു പറയുന്നവരെ പൗരാണിക ഭാരതത്തിൽ നാസ്തികർ എന്നു വിളിച്ചിരുന്നില്ല. മറിച്ച് വേദങ്ങളുടെ അപൗരുഷേയതയും പ്രാമാണ്യവും അംഗീകരിക്കാത്തവരായിരുന്നു നാസ്തികർ. ഉദാഹരണമായി ദൈവത്തെ നിരസിക്കുന്ന സാംഖ്യ ദർശനം നാസ്തികം അല്ല. കാരണം സാംഖ്യം വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കുന്നു. എന്നാൽ ഹൈന്ദവ ദർശനങ്ങളെ പോലെ കർമ്മസിദ്ധാന്തത്തേയും പുനർജന്മത്തേയും മറ്റും അംഗീകരിക്കുമ്പോഴും, വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കാത്തതിനാൽ ബുദ്ധദർശനങ്ങൾ നാസ്തിക ധാരയിൽ പെടുന്നു.

[7] “As a lump of salt is without interior or exterior, entire, and purely saline in taste, even so is the Self without interior or exterior, entire, and Pure Intelligence alone. (The self) comes out (as a separate entity) from these elements, and (this separateness) is destroyed with them. After attaining (this oneness) it has no more (particular) consciousness. This is what I say, my dear. So said Yajfiavalkya.”

Brihadaranyaka Upanishad. IV.v.13

[8] പുരുഷ-യെ ഏകദേശം ആത്മാവിനു സമമായി കണക്കാക്കാം.

[9] നാമം എന്നതിനു പകരം ‘പേര്’ എന്നും, രൂപം എന്നതിനു ‘ആകൃതി’ എന്നും ഉപയോഗിക്കാം. ഒരു ഉദാഹരണം സ്വർണം (കാരണം) ഉപയോഗിച്ച് വിവിധ ആഭരണങ്ങൾ (കാര്യം) നിർമിക്കുമ്പോൾ, ആഭരണങ്ങൾക്കു അവയുടെ രൂപത്തിനു (ആകൃതിക്കു) അനുസരിച്ച് മാല, വള., ഇത്യാദി വ്യത്യസ്ത പേരുകൾ (നാമം) ലഭിക്കും. ഇങ്ങിനെ വ്യത്യസ്ത പേരും രൂപവും ഉണ്ടെങ്കിലും ആഭരണങ്ങളുടെ അടിസ്ഥാന സത്ത സ്വർണം ആണ്. അതായത് കാരണവും (സ്വർണം) കാര്യവും (ആഭരണങ്ങൾ) അത്യന്തികമായി ഒന്നു തന്നെയെന്ന് വിവക്ഷ.

[10] കാന്തം അരികിലെത്തുമ്പോൾ ഇരുമ്പുകണികകൾ ചലിക്കുന്ന പോലെ, പുരുഷ-യുടെ സാമീപ്യത്താൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റുന്നു എന്നു സാരം. മറ്റു ദാർശനിക ധാരകൾ ഏറെ വിമർശിച്ചിട്ടുള്ള സാംഖ്യ വീക്ഷണമാണിത്. ചൈതന്യമുള്ള പുരുഷ എങ്ങിനെ ചൈതന്യമില്ലാത്ത, ജഢസമാനമായ പ്രകൃതിയെ പരിണാമ പ്രക്രിയയിലേക്കു നയിക്കുന്നുവെന്നതിനു കൃത്യമായ മറുപടി സാംഖ്യപക്ഷത്തു നിന്ന് ഇല്ലെന്നു അഭിപ്രായമുണ്ട്. സാംഖ്യ ദർശനത്തിലെ ഏറ്റവും ദുർബലമായ കണ്ണിയായി ഇതിനെ കണക്കാക്കാം.

[11] Cosmic Intellect.

[12] Cosmic Ego.

[13] കർമ്മത്തെ പൂർണമായും സാംഖ്യ ദർശനം ഒഴിവാക്കുന്നില്ല. ഫലം ഇശ്ചിക്കാതെയുള്ള കർമ്മങ്ങൾ മോക്ഷത്തിനായുള്ള ജ്ഞാനസമ്പാദനത്തിനു ഉപയോഗപ്പെടുത്താമെന്നു സാംഖ്യം.

[14] Upward movement, Downward movement, Expansion, Contraction and Locomotion.

[15] ’ഗൗതമ’ എന്നത് ഗോത്രനാമം ആണ്. അക്ഷപാദ എന്നും ഗൗതമ മുനിക്ക് പേരുണ്ട്.

[16] ഭാഷ്യം – ഒരു മൂലകൃതിയെ അധികരിച്ച് വിശദമായി എഴുതുന്ന നിരൂപണം/അർത്ഥം. വർത്തിക – പ്രമുഖമായ ഒരു ഭാഷ്യത്തിൽ വേണ്ട വിധത്തിൽ പരാമർശിക്കപ്പെടാതെ പോയ ഭാഗങ്ങളെ അധികരിച്ചു എഴുതുന്ന വിശദീകരണം; വർത്തികം ഭാഷ്യത്തെ പൂർണതയിലേക്കു ഉയർത്തുന്നു. ടിക – ഭാഷ്യത്തെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന രചന.

[17] “Kumarila Bhatta, the famous and great Mimamsa doctor, was perhaps the foremost and the fiercest critic of Buddhist thought. He has devoted two long chapters of his great polemical work, the Slokavartika, exclusively to the refutation of the two well known systems of Mahayana philosophy, viz. the Vijnanavada and the Madhyamaka. In course of his penetrating and sustained criticism, Kumarila has attacked the Buddhist view of Buddha’s omniscience, the theory of no-soul, the theory of momentariness, the doctrine of unique particular and the theory of phenomenal reality – …… The remarkable review and the trenchant criticism of the tenets of Buddhist systems reproduced, shows that Kumarila was well trained in the niceties of Buddhist dogmatics.”

Studies in Buddhistic culture of India, by Lal Mani Joshi.

[18] ശങ്കരാചാര്യർ കാണാനെത്തുമ്പോൾ കുമാരില ഉമിത്തീയിൽ വെന്ത് സ്വയം മരണം വരിക്കുകയായിരുന്നു. ബുദ്ധിസ്റ്റായ ഗുരുവിനെ കുമാരില ചെറുപ്പത്തിൽ കബളിപ്പിച്ചുവെന്നതായിരുന്നു കാരണം. ബുദ്ധിസ്റ്റ് ദർശനങ്ങളെ വിമർശിച്ച് തോൽപ്പിക്കാൻ, കുമാരില ഒരു ബുദ്ധസന്യാസിയാണെന്ന നാട്യത്തിൽ ബുദ്ധിസ്റ്റ് ഗുരുവിനെ സമീപിച്ച് ബുദ്ധദർശനങ്ങൾ എല്ലാം പഠിച്ചെടുത്തു. പിന്നീട് അവയെ വിമർശന ശരങ്ങളാൽ സമർത്ഥമായി എതിരിട്ടു. കാലമേറെ കഴിഞ്ഞപ്പോൾ താൻ ഗുരുവിനെ കബളിപ്പിക്കുകയായിരുന്നെന്ന് കുമാരിലക്കു ബോധ്യമായി. അപ്പോൾ ഗുരുനിന്ദക്കു അന്നു നിലവിലിരുന്ന ശിക്ഷ – ഉമിത്തീയിൽ സ്വയം വെന്ത് മരിക്കുക – സ്വീകരിച്ചു. ഭാരതീയ ദർശനത്തിലെ ഏതു വിഭാഗത്തിലും ഗുരുവിനുള്ള പരമപ്രധാന സ്ഥാനത്തിനു ഈ സംഭവം അടിവരയിടുന്നു.

[19] ആത്മാവും ബ്രഹ്മവും എന്നു ലളിതമായി പറയാം.

[20] ഇവരെല്ലാം ഇന്ത്യയുടെ തെക്കുഭാഗത്തു നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്.

[21] ശരീരസമേതനായ ആത്മാവ്; മനുഷ്യൻ.

[22] “(Eventhough there be no injuctions about sacrifices etc.), still one must be endowed with self-control and the like, since these are enjoined as subsidiaries of knowledge; and hence have to be practiced as a matter of course.”

Brahma Sutra Bhashya of Sankaracharya. III.iv.27

[23] ആത്മാവ് – ബ്രഹ്മം ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന വിവിധ നിലപാടുകൾ ബ്രഹ്മസൂത്രത്തിലുണ്ട്. ജൈമിനി, ബദരി, ആത്രേയ, കാർശ്‌നാജിനി, ആശ്‌മരഥ്യാ, ഔദുലോമി, കാശകൃ‌ത്‌സ്‌ന എന്നിവരുടെ അഭിപ്രായങ്ങൾ പിൽക്കാല വേദാന്തികളെ സ്വാധീനിച്ചിട്ടുണ്ട്. Brahmasutra Bhashya of Sankaracharya . I.iv.20 – 22.

[24] ഒന്നാമത്തെ നിമിഷത്തിൽ ദർശിച്ച ബാഹ്യവസ്തു ഏതാണെന്ന് നാം മനസ്സിലാക്കുന്നത് രണ്ടാമത്തെ നിമിഷത്തിലും, രണ്ടാമത്തെ നിമിഷത്തിൽ ദർശിക്കുന്ന ബാഹ്യവസ്തു ഏതാണെന്ന് മനസ്സിലാക്കുന്നത് മൂന്നാമത്തെ നിമിഷത്തിലുമായിരിക്കും. ദർശിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഇടയിൽ സമയവ്യത്യാസം ഉള്ളിടത്തോളം അനുമാനം വഴിയേ ബാഹ്യവസ്തുവിനെ പറ്റി മനസ്സിലാക്കാനാകൂ എന്നു ചുരുക്കം. ഓരോ നിമിഷത്തിലും ബാഹ്യലോകം മാറിക്കൊണ്ടിരിക്കുകയാണല്ലോ.

[25] ഏറ്റക്കുറച്ചിലുകൾ ഉള്ള ബോധത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ് ആലയവിജ്ഞാന. ബാഹ്യലോകത്തെ സൃഷ്ടിക്കാനാവശ്യമായ ‘വാസന’കൾ ഇതിലുണ്ട്.

[26] ‘Awakening of Faith in Mahayana’ എന്ന ബുക്ക് വായിക്കുക.

[27] ചില ദാർശനികർ, പ്രത്യേകിച്ചും പാശ്ചാത്യർ, ശൂന്യ എന്നതിനെ ‘ഒന്നുമില്ലായ്മ’യിലേക്കു ചുരുക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണ്. ബാഹ്യലോകത്തിന്റെ അനിർവചനീയമായ നിലയെ കുറിക്കാനാണ് ശൂന്യ ഉപയോഗിക്കുന്നത്. കൂടുതൽ വായനക്ക് “Philosophy of Nagarjuna” by Venkata Ramanan.

[28] ഈ പേര് പലതരത്തിൽ ഉച്ചരിക്കാറുണ്ട്.

[29] ”A human being is built up of the four elements. When he dies the earthy in him returns and relapses to the earth, the fluid to the water, the heat to the fire, the windy to the air, and his faculties pass into space.” – Samannaphala Sutta.

[30] ”If you ask me whether there is another world – well, if I thought there were, I would say so. But I don’t say so. And I don’t think it is thus or thus. And I don’t think it is otherwise. And I don’t deny it. And I don’t say there neither is, nor is not, another world. And if you ask me about the beings produced by chance ; or whether there is any fruit, any result, of good or bad actions; or whether a man who has won the truth continues, or not, after death” – Samannaphala Sutta.

Featured Image credit – http://historicaltimeofindia.blogspot.com/2013/01/konark-sun-temple-in-orissa.html

അഭിപ്രായം എഴുതുക