ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ബുദ്ധ ബുക്ക്സ് (അങ്കമാലി) പ്രസിദ്ധീകരിച്ച ‘ആർഷദർശനങ്ങൾ’ എന്ന എന്റെ പുസ്തകത്തിലെ അദ്ധ്യായമാണ് ഇത്. പുസ്തകം വാങ്ങാൻ 9446482215 എന്ന നമ്പറിൽ ബന്ധപ്പെടുക. OR ആമസോണിൽ നിന്നു വാങ്ങാൻ, ഫ്ലിപ്‌കാർട്ടിൽ നിന്നു വാങ്ങാൻ.

Click Here to read the English version of this post.


പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.

പ്രകൃതിയുടെ തത്ത്വത്തെ ആരും അറിയുന്നില്ലെങ്കിൽ അതിനെ വർണ്ണിക്കുവാൻ ആർക്കു സാധിക്കും? ഈ സൃഷ്ടിയുടെ ഉൽഭവ കാരണം എന്ത്? വിഭിന്നങ്ങളായ സൃഷ്ടികൾ ഏത് ഉപാദന കാരണത്തിൽ നിന്നും പ്രകടമായി? ദേവഗണം ഈ സൃഷ്ടിക്കു ശേഷമാണുണ്ടായത്. അപ്പോൾ ഈ സൃഷ്ടി എവിടെ നിന്നുണ്ടായി എന്ന് ആരറിയുന്നു?… വിഭിന്നങ്ങളായ ഈ സൃഷ്ടികൾ എങ്ങിനെയുണ്ടായി? ആരിവയെ സൃഷ്ടിച്ചു? ദിവ്യധാമത്തിൽ വസിക്കുന്ന ഈ സൃഷ്ടികളുടെ സ്വാമി ഇവയുടെ രചനയെ സംബന്ധിച്ചറിയുന്നു. ഒരു പക്ഷേ അവനും അറിയുന്നില്ലായിരിക്കാം.[1]

പ്രപഞ്ച സൃഷ്ടിയെ കുറിച്ച് കൃത്യമായി അറിയാനാകില്ലെന്നും, ദൈവങ്ങൾ പ്രപഞ്ച സൃഷ്ടിക്കു ശേഷമാണ് ഉണ്ടായതെന്നും നിലപാടെടുക്കുന്ന സൂക്തം, പക്ഷേ എല്ലാത്തിനും മുകളിൽ പരമവും സവിശേഷവുമായ ഒരു ശക്തിയെ, ‘അവൻ’ (He) എന്നു വിളിച്ചു പ്രതിഷ്ഠിക്കുന്നു. ഈ സവിശേഷ ശക്തി പ്രപഞ്ച സൃഷ്ടിയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നുവെന്നു ഉറപ്പ് പറയുമ്പോഴും, ഇത് തന്നെയാണ് പ്രപഞ്ച സൃഷ്ടാവെന്നു സൂക്തം ഉറപ്പിക്കുന്നില്ല. പകരം പ്രപഞ്ച സൃഷ്ടാവ് ആരെന്ന് അതിനു മിക്കവാറും അറിയാമായിരിക്കും, എന്നാൽ ഒരുപക്ഷേ അറിയാതിരിക്കാനും മതി എന്ന അജ്ഞേയ നിലപാടാണ് സൂക്തം എടുക്കുന്നത്. എന്തു തന്നെയായാലും പ്രപഞ്ചം ഒരു നിർമിതിയാണെന്നും, നിലനിൽക്കുന്ന ഒന്നാണെന്നും സൂക്തത്തിൽ നിന്നു വ്യക്തമാണ്. ഋഗ്‌വേദം പ്രസരിപ്പിക്കുന്നത് യഥാർത്ഥവും മൂർത്തവുമായ ചിന്താ പരിസരമായതിനാൽ, മറ്റുള്ളവയെ (ദൈവത്തെ പോലും) ആശ്രയിക്കാതെ, സ്വതന്ത്രമായ നിലനിൽക്കുന്ന പ്രപഞ്ചത്തിന്റെ ആസ്ഥിത്വത്തെ കുറിച്ച് സൂക്തം സംശയം പ്രകടിപ്പിക്കുന്നില്ല. പക്ഷേ പിൽക്കാലത്ത് സ്വതന്ത്രമായി നിലനിൽക്കുന്ന പ്രപഞ്ചം എന്ന വീക്ഷണത്തിനു പിൻബലം കുറയുകയും, പ്രപഞ്ചത്തിനു സ്വന്തവും സ്വതന്ത്രവുമായ നിൽനിൽപ്പില്ലെന്ന വാദങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.

ഭാരതീയ ദർശനങ്ങൾ വളരെ അടിസ്ഥാന തലത്തിലുള്ള ഒരു ചോദ്യത്തിന്റെ ഉത്തരമായാണ് ഉയർന്നു വന്നതും, വളർന്ന് വികാസം പ്രാപിച്ചതും. ഈ ലോകത്തിൽ എന്തെങ്കിലും യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്നതായിരുന്നു ആ ലളിത ചോദ്യം. ഉത്തരം പറഞ്ഞവരെല്ലാം സ്വന്തം ആസ്ഥിത്വത്തെ/നിലനിൽപ്പിനെ കുറിച്ച് ഒരിക്കലും സംശയിച്ചില്ല. അതിനാൽ അവർ ‘ഉണ്ട്’ എന്ന മറുപടി നൽകി. ഉത്തരം പറയുന്നവർ തന്നെ ആസ്ഥിത്വപരമായി ഇല്ലെങ്കിൽ പിന്നെ ഉത്തരം എങ്ങിനെ ഉത്തരമാകും? ചോദ്യം എങ്ങിനെ ചോദ്യമാകും? അതിനാൽ ‘ലോകത്ത് യഥാർത്ഥത്തിൽ നിലനിൽക്കുന്നവ ഉണ്ട്’ എന്നതിൽ ആരും സംശയം പ്രകടിപ്പിച്ചില്ല. പക്ഷേ ഈ തുടക്ക നിലപാടിൽ മാത്രമേ അവർക്കിടയിൽ യോജിപ്പുണ്ടായിരുന്നുള്ളൂ. അതിനു ശേഷം, യഥാർത്ഥത്തിൽ നിലനിൽക്കുന്ന-തിന്റെ സ്വഭാവം, എണ്ണം, ഇനം എന്നിവയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരാൻ തുടങ്ങി.

‘യഥാർത്ഥത്തിൽ/അത്യന്തികമായി നിലനിൽക്കുന്നത്’ എന്ന സംജ്ഞയെപ്പറ്റി വിവരിക്കേണ്ടത് ഇവിടെ അവശ്യമാണ്. ഭാരതീയ ദർശന പ്രകാരം, ‘യഥാർത്ഥത്തിൽ നിലനിൽക്കുന്നത്’ എന്നതിന്റെ അർത്ഥം, യാതൊന്നിനെയും ആശ്രയിക്കാതെ തന്നെത്താൻ സ്വതന്ത്രമായി നിലനിൽക്കാൻ കെൽപ്പുള്ള ഒന്ന് എന്നാണ്. ഈ ഒന്ന്-നെ പലതരത്തിൽ സംബോധന ചെയ്യാം – പരമാർത്ഥ സത്യം, പരമ സത്യം, പരമ യാഥാർത്ഥ്യം, പരമാത്മാവ്, പരബ്രഹ്മം., എന്നിങ്ങനെ[2]. ഈ പരമാർത്ഥ സത്യത്തിനു അതിന്റെ സർവ്വ സ്വതന്ത്ര നിലനിൽപ്പിനു വേണ്ടി ഒന്നിനെപ്പോലും ആശ്രയിക്കേണ്ടതില്ല. പകരം മറ്റുള്ളവയെല്ലാം അവയുടെ നിൽനിൽപ്പിനു പരമാർത്ഥ സത്യത്തെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വതന്ത്ര നിലനിൽപ്പുള്ള പരമാർത്ഥ സത്യമാണ് സ്വതന്ത്ര നിലനിൽപ്പില്ലാത്ത എല്ലാ വസ്തുക്കളുടേയും നിലനിൽപ്പിന്റെ ആധാരം[3]. അങ്ങിനെ വരുമ്പോൾ സ്വതന്ത്ര നിലനിൽപ്പുള്ള പരമാർത്ഥ സത്യത്തിന്റെ നില ‘പരമമായ തലത്തിലും’, സ്വതന്ത്ര നിലനിൽപ്പില്ലാത്ത വസ്തുക്കളുടെ നില ‘ആപേക്ഷിക തലത്തിലും’ ആയിരിക്കും.

ഇപ്രകാരം സർവ്വ-സ്വതന്ത്ര നിലനിൽപ്പുള്ള പരമാർത്ഥ സത്യത്തെ ഭാരതീയ ദർശനം മുന്നോട്ടു വച്ചു. കാരണം ബാഹ്യലോകം/ബാഹ്യപ്രകൃതി എപ്പോഴും മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷത്തിലും ബാഹ്യലോകം മാറിക്കൊണ്ടിരിക്കുന്നു[4]. മാറ്റങ്ങൾക്കു വിധേയമാകുന്നവയ്ക്കാകട്ടെ സ്വതന്ത്ര നിലനിൽപ്പുമില്ല. മാറ്റങ്ങൾ, മാറ്റമില്ലാത്ത ഒന്ന്-ലേക്കുള്ള ചൂണ്ടുപലയാണ്[5]. അതിനാൽ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന, സ്വതന്ത്ര നിലനിൽപ്പില്ലാത്ത ബാഹ്യലോകം, മാറ്റങ്ങൾക്കു വിധേയമല്ലാത്ത സ്വതന്ത്ര നിലനിൽപ്പുള്ള ഒന്ന്-നെ ആശ്രയിച്ചു നിലനിൽക്കുകയാണെന്നു ഭാരതീയ ദർശനത്തിലെ ചില ധാരകൾ ഊന്നിപ്പഞ്ഞു. ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ ഉപനിഷത്തിൽ ഈ ആശയം വളരെ പ്രകടമാണ്.

സ്വതന്ത്ര നിലനിൽപ്പുള്ള പരമാർത്ഥ സത്യമുണ്ടെന്നു അംഗീകരിച്ചപ്പോഴും, പരമാർത്ഥ സത്യത്തിന്റെ സ്വഭാവത്തെപ്പറ്റി വിഭിന്ന ആശയങ്ങൾ വിവിധ ദർശനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അത്തരം ആശയങ്ങൾ ഭാരതീയ ദർശനത്തെ പുഷ്ടിപ്പെടുത്താനും കൂടുതൽ വൈവിധ്യമുള്ള മേഖലകളിലേക്കു അന്വേഷണങ്ങൾ വ്യാപിപ്പിക്കാനും ഇടയാക്കി.

ദ്രവ്യവും ചിന്തയും[6] ഭാരതീയ ദർശനത്തിൽ:-

ഭാരതീയ തത്ത്വചിന്തയുടെ ആരംഭദശയിൽ തന്നെ ദാർശനികർ ഒരിക്കലും ഒരുമിപ്പിക്കാൻ കഴിയാത്ത രണ്ട് തത്ത്വങ്ങളെ കണ്ടെത്തി[7]. ശരീരബാഹ്യമായ ഭൗതികലോകവും, ശരീരാന്തരികമായ മാനസിക ലോകവുമായിരുന്നു അവ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ദ്രവ്യവും ചിന്തയും. യോജിക്കാതെ പരസ്പരം എതിരിട്ടു നിന്ന ഇവയെ സമന്വയിപ്പിച്ച് ഒറ്റ സിദ്ധാന്തത്തിൽ കൂട്ടിയിണക്കാനുള്ള ദാർശനിക ശ്രമങ്ങൾ പലപ്പോഴും ഉദ്ദേശിച്ച ഫലം തന്നില്ല. തത്ഫലമായി, ദ്രവ്യം – ചിന്ത എന്നിവയെ കൂട്ടിയിണക്കിയും, വിരുദ്ധ ധ്രുവങ്ങളിൽ നിർത്തിയുമുള്ള വിവിധ സിദ്ധാന്തങ്ങൾ ഭാരതത്തിൽ ഉയർന്നു വന്നു.

ചിന്ത അടിസ്ഥാനപരമായി അമൂർത്തമാണ്. അതിന്റെ നിലനിൽപ്പും പ്രവർത്തനവും അവ്യക്ത തലത്തിലാണ്. ബാഹ്യലോകവുമായി ശരീരത്തിനു ബന്ധമില്ലാത്ത അവസ്ഥയിലും ചിന്തക്കു പ്രവർത്തിക്കാനാകും. ആശയങ്ങൾ ക്രോഡീകരിക്കാനും, തീരുമാനങ്ങളിൽ എത്താനും ബാഹ്യലോകവുമായി ചിന്തക്ക് എപ്പോഴും സംവദിക്കേണ്ടതില്ല. സത്യത്തിൽ സംവദനമല്ല, മറിച്ച് പുനരാലോചനയും പ്രതിഫലനവുമാണ് (Reasoning) ചിന്തയിൽ പ്രധാനമായും നടക്കുന്നത്. ബാഹ്യലോകത്തിന്റെ അഭാവത്തിലും ചിന്ത നിലനിൽക്കും.

ചിന്തക്ക് നിയതമായ ആകൃതിയോ അളവുകളോ ഭാരമോ ഇല്ല. ചിന്ത എന്താണ്, അതിനെ എങ്ങിനെ നിർവചിക്കാം, ഇത്യാദി ചോദ്യങ്ങളുടെ ഉത്തരം ചിന്തയെ ഒരു ആന്തരിക അവസ്ഥയിലേക്കു ചുരുക്കും. ചിന്തയെ ശരീരബാഹ്യമായി സങ്കൽപ്പിക്കുക സാധ്യമല്ല. മറിച്ച് ശരീരബാഹ്യമായത് ചിന്തക്കുള്ള അസംസ്കൃത വസ്തുവാണ്. ബാഹ്യലോകത്തിന്റെ നിർവചനം തന്നെ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നത് കാണാം. സാധാരണക്കാരെ സംബന്ധിച്ച് ചിന്തയ്ക്കു പുറത്തുള്ളതെല്ലാം ബാഹ്യലോകമാണ്.

Read More ->  മായയും അവിദ്യയും തമ്മിലുള്ള ബന്ധമെന്ത്?

ചിന്തയും ദ്രവ്യവും എപ്പോഴും എതിർധ്രുവങ്ങളിൽ തളച്ചിടപ്പെട്ടിരിക്കുന്നു. ചിന്തക്കു ദ്രവ്യം പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒന്നാണ്. പക്ഷേ അതെങ്ങിനെ സാധ്യമാകും? മാനസിക ഭാവമായി നിലനിൽക്കുന്ന ചിന്തക്കു എങ്ങിനെയാണ് മാനസിക ഭാവമില്ലാത്ത, ജഢാവസ്ഥയിലുള്ള ദ്രവ്യത്തിന്റെ പ്രകൃതം മനസ്സിലാക്കാനാവുക? എങ്ങിനെയാണ് ഇവയ്ക്കു രണ്ടിനുമിടയിൽ ആശയവിനിമയം സാധ്യമാവുക? ജഢാവസ്ഥയിലുള്ള ദ്രവ്യത്തിനു, ‘സ്വന്തം പ്രകൃതത്തെ പറ്റി’ ചിന്തയോടു ആശയവിനിമയം നടത്താനാകില്ല. ദ്രവ്യത്തിന്റെ സ്വഭാവഗുണങ്ങൾ മനസ്സിലാക്കാൻ ചിന്തയെ ദ്രവ്യം സഹായിക്കുകയില്ല. ദ്രവ്യം ജഢാവസ്ഥയിൽ ഒരിടത്തു നിലകൊള്ളുകയേ ഉള്ളൂ. അതിനാൽ ദ്രവ്യത്തിന്റെ പ്രകൃതം മനസ്സിലാക്കാൻ ചിന്തക്കു സ്വയം പ്രവർത്തിക്കേണ്ടി വരുന്നു. ചിന്ത അതിന്റെ ഉറവിടമായ ശരീരത്തിൽ നിന്ന് ഇന്ദ്രിയങ്ങൾ വഴി ‘പുറത്തിറങ്ങി’, ദ്രവ്യത്തിന്റെ അടുത്തെത്തി, വിവരങ്ങൾ ശേഖരിച്ച ശേഷം, തിരിച്ച് ശരീരത്തിൽ തന്നെ എത്തുന്നു. ഇത് സങ്കീർണമായ പ്രക്രിയയാണ്. ദാർശനികർക്കിടയിൽ എളുപ്പത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാവുന്ന ഇടം.

ചിന്തക്കു അതിന്റെ ആധാരമായ മനുഷ്യശരീരത്തിൽ നിന്നു മാറി ബാഹ്യ വസ്തുവിലേക്കെത്തി, ആ വസ്തുവിന്റെ ഗുണങ്ങൾ (Qualities) ഗ്രഹിച്ചെടുക്കാൻ ഇന്ദ്രിയങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഈ ഗ്രാഹ്യപക്രിയയിൽ ഇന്ദ്രിയങ്ങൾ അവയുടെ ധർമ്മം പിഴവില്ലാതെ, ശരിയായി നിറവേറ്റുന്നുണ്ടെന്ന് എങ്ങിനെ ഉറപ്പിക്കാനാകും? ഇന്ദ്രിയങ്ങൾക്കു തെറ്റു പറ്റിക്കൂടെ[8]. ഇനിയിപ്പോൾ ചിന്ത ഒരു വസ്തുവിന്റെ ഗുണങ്ങൾ മനസ്സിലാക്കിയെന്നു കരുതുക. അപ്പോൾ ഈ ഗുണങ്ങളുടെ ആധാരം വസ്തുവാണോ, അതോ ചിന്തയാണോ എന്ന് എങ്ങിനെ ഉറപ്പിക്കും? ബാഹ്യവസ്തു (ദ്രവ്യം) ഒരിക്കലും അതിന്റെ ഗുണങ്ങൾ എന്താണെന്നു ചിന്തയോടു പറയില്ല. മറിച്ചു ചിന്ത ആ ഗുണങ്ങൾ മനസ്സിലാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദിശയിലേക്കു മാത്രമുള്ള (വൺവേ) ആശയ സംവദനമാണ്. ചിന്തയിൽനിന്നു വസ്തുവിലേക്കുള്ള പ്രയാണം. ചിന്തയുടെ ഇത്തരം ഏകദിശാപരമായ പ്രവർത്തനത്തിനു ബാഹ്യവസ്തുവിന്റെ ശരിയായ സത്തയോ ഗുണങ്ങളോ മനസ്സിലാക്കിയെടുക്കാനാകില്ലെന്നു വാദമുണ്ട്. അതിൽ കഴമ്പുമുണ്ട്. അപ്പോൾ മുമ്പ് സൂചിപ്പിച്ച ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുന്നു. ബാഹ്യവസ്തുക്കൾക്കു ഉണ്ടെന്നു കരുതപ്പെടുന്ന ഗുണങ്ങൾ സത്യത്തിൽ ബാഹ്യവസ്തുക്കളിൽ തന്നെയാണോ ഉള്ളത്? അതോ ചിന്തയിലുള്ള (ബാഹ്യവസ്തുക്കളുടേതെന്ന് കരുതപ്പെടുന്ന) ഗുണങ്ങൾ, ചില പ്രത്യേക കാരണങ്ങൾ നിമിത്തം, ബാഹ്യവസ്തുവിന്റെ രൂപത്തിൽ ‘ബാഹ്യലോകത്ത്’ പ്രത്യക്ഷപ്പെടുന്നതോ?

മനുഷ്യചിന്ത ബാഹ്യലോകത്തെ പറ്റിയുള്ള എല്ലാ വിവരവും കാത്തു സൂക്ഷിക്കുന്നത് അറിവായാണ്. ഇതാകട്ടെ നിയതമായ ഘടനയും ആകാരവുമില്ലാത്ത ആശയ രൂപമാണ്. ഒരുതരം ഉണർച്ച എന്നു പറയാം; ദ്രവ്യരൂപം അല്ലാത്തത്. ഓരോ ബാഹ്യവസ്തുവും മനുഷ്യചിന്തക്കു ഒരു ആശയമാണ്. ദ്രവ്യം (വസ്തു) ശരീരബാഹ്യമായി നിലനിൽക്കുന്നിടത്തോളം, മനുഷ്യചിന്തക്കു ദ്രവ്യത്തെപ്പറ്റി ക്രോഢീകരിക്കാനാകുന്നതെല്ലാം ആശയം എന്ന നിലയിൽ മാത്രമാണ്. എല്ലാ മൂർത്തമായ വസ്തുവും മനുഷ്യ ചിന്തക്കു അമൂർത്തമാണ്. ബാഹ്യലോകമെന്നത് മനുഷ്യചിന്തക്കു നിരവധി ആശയങ്ങളുടെ സഞ്ചയമാണ്. എന്നാൽ ബാഹ്യലോകത്തിനു ചിന്തയിൽനിന്നു വേറിട്ട, സ്വതന്ത്ര നിലനിൽപ്പ് ഉണ്ടായേക്കാം.

ഒരു ആശയം ഒരു വസ്തുവിനെ പ്രതിനിധീകരിക്കുമ്പോൾ ആ ആശയത്തിലെ മുന്തിയ ഘടകം വസ്തുവിന്റെ ഗുണങ്ങളായിരിക്കും. ഗുണങ്ങൾ ഇല്ലാതെയും അറിയാതെയും ആശയത്തിനു വസ്തുവിനെ പ്രതിനിധീകരിക്കാനാകില്ല. വസ്തുവിന്റെ ഗുണങ്ങൾക്കു അത്രയും പ്രധാന്യമുണ്ട്. ഗുണങ്ങളാണ് ഒരു വസ്തുവിനെ അനുഭവത്തിൽ അധിഷ്ഠിതമായ ലോകത്തു (experiemental world) നിർവചിക്കുന്നത്. വസ്തുക്കളും (ദ്രവ്യവും) അവയുടെ ഗുണങ്ങളും തമ്മിലുള്ള ഈ സവിശേഷ ബന്ധം, ദ്രവ്യത്തേയും ചിന്തയേയും വ്യത്യസ്ത തലത്തിൽ പ്രതിഷ്ഠിക്കുന്ന, ബന്ധിപ്പിക്കുന്ന വിവിധ ദർശന വീക്ഷണങ്ങൾക്കു നിദാനമായിട്ടുണ്ട്.

ഗുണങ്ങൾ മാത്രമാണ് യഥാർത്ഥം, ബാഹ്യലോകം മാനസിക സൃഷ്ടിയാണ്:-

വസ്തുക്കളെ (ദ്രവ്യം) കുറിച്ച് നമുക്കു അറിയാനാകുന്നത് അവയുടെ ഗുണങ്ങൾ വഴി മാത്രമായതിനാൽ, ഈ ദർശന വീക്ഷണപ്രകാരം, ഗുണങ്ങൾക്കു മാത്രമേ സ്വതന്ത്രമായ നിലനില്പുള്ളൂ. ബാഹ്യവസ്തുവിനെ കണ്ട ഉടൻ തന്നെ അതിന്റെ ഗുണഗണങ്ങൾ നമുക്കു പിടികിട്ടും; അതിനാൽ വസ്തുവും ഗുണങ്ങളും രണ്ടല്ല, ഒന്നാണ്; ഇങ്ങിനെയാണ് ഇവിടെ വാദം[9]. നാം ആദ്യം അറിയുന്നത് നമ്മിലുള്ള ‘ബാഹ്യവസ്തുവിന്റെ’ ഗുണങ്ങളെയാണ്. അവ പ്രാഥമികമായി നമുക്കു ലഭിക്കും. ശരീരാന്തരികമായ ഈ ഗുണങ്ങൾ ഇല്ലാതെ ബാഹ്യവസ്തു ഇല്ല. ഗുണങ്ങളുടെ ആധാരം ബാഹ്യവസ്തുവാണെന്നും പറയാനാകില്ല. നാം ആദ്യം അറിയുന്നത് ഗുണങ്ങളെയാണ്[10]. ഈ ഗുണങ്ങൾ ബാഹ്യവസ്തുവിന്റേതാണെന്നു നാം കരുതുകയാണ് ചെയ്യുന്നത്. ‘ഗുണങ്ങളാണ് ബാഹ്യവസ്തുവിനേക്കാൾ യാഥാർത്ഥ്യം’ എന്ന ചിന്താഗതിക്കാർ ഈവിധം വാദിക്കുന്നു.

ബാഹ്യലോകത്തെ വസ്തുവിലുള്ള ഗുണങ്ങളാണ് ചിന്തയിലുള്ള ഗുണങ്ങൾക്കു നിദാനം എന്ന മറുവാദം ഇവിടെ ഉയർന്നു വരുന്നുണ്ട്. ബാഹ്യവസ്തുവും അവയുടെ ഗുണഗണങ്ങളും, രണ്ടും യഥാർത്ഥ്യത്തിൽ ഉള്ളതാണെന്നു ഇക്കൂട്ടർ[11] തറപ്പിച്ചു പറയുന്നു. പക്ഷേ ഈ സിദ്ധാന്തത്തിനു ബലഹീനമായ ഒരു വശമുണ്ട്. എന്തെന്നാൽ നാം എപ്പോഴും ആദ്യം അറിയുന്നത് നമ്മുടെ ചിന്തയിലുള്ള ഗുണങ്ങളെയാണ്[12]. ഈ ഗുണങ്ങൾ ബാഹ്യവസ്തുവിനും ഉണ്ടെന്നു നാം കരുതുന്നു. ഇവിടെ ബാഹ്യവസ്തുവിനു ഗുണങ്ങൾ ഉണ്ടെന്നു നിർണയിക്കുന്നത് അനുമാനം വഴിയാണ്; നേരിട്ടുള്ള സംവദനം വഴിയല്ല. ഈ അനുമാനത്തിന്റെ ആധാരം ചിന്തയിലെ ഗുണങ്ങളാണ്. അതായത് ഗുണങ്ങളെപ്പറ്റിയുള്ള സംവദനം ആന്തരികമാണ്. നമ്മിൽ തന്നെയുള്ള ഒന്ന്‌-നോടു നടത്തുന്ന ആന്തരിക സംവദനം, ബാഹ്യവസ്തുവുമായി നടത്തുന്ന ശരീരബാഹ്യ സംവദനവുമായി വ്യത്യാസമുണ്ട്. ആന്തരികസംവദനം കൂടുതൽ സാധുതയുള്ളതായി കരുതപ്പെടുന്നു. കാരണം, തെറ്റായ വിവരങ്ങൾ ഗ്രഹിച്ചേക്കാവുന്ന, ഇന്ദ്രിയങ്ങളെ ഒഴിവാക്കികൊണ്ട് നേരിട്ടുള്ള ആത്മാവ് – ചിന്ത/മനസ്സ് ആശയവിനിമയമാണ് ആന്തരിക സംവദനത്തിൽ നടക്കുന്നത്. ബാഹ്യലോകത്തെ ഒഴിവാക്കി ഏകദിശയിലേക്കു ത്സടുതിയിലുള്ള ആശയവിനിമയം[13].

‘വസ്തു – വസ്തുവിന്റെ ഗുണം’ ബന്ധത്തെപ്പറ്റി മുകളിൽ വിവരിച്ച രണ്ടു വീക്ഷണങ്ങൾക്കും – ഒന്ന്, വസ്തു ഇല്ല (വസ്തുവിന്റെ) ഗുണങ്ങൾ മാത്രമാണ് യഥാർത്ഥം; രണ്ട്, വസ്തുവും (വസ്തുവിന്റെ) ഗുണങ്ങളും യഥാർത്ഥമാണ് – ഭാരതീയ ദർശനത്തിൽ കടുത്ത അനുഭാവികളുണ്ട്. മനുഷ്യനിൽ ആന്തരികമായുള്ള ഗുണങ്ങൾക്കു ബാഹ്യവസ്തുവിന്റെ ആധാരമില്ലെന്നു വാദിച്ചവർ വിജ്ഞാനവാദികൾ എന്നറിയപ്പെട്ടു. ബുദ്ധിസ്റ്റ് ‘യോഗാചാര’ വിഭാഗം ഇതിൽപെടുന്നു. യോഗാചാര ദർശന പ്രകാരം അനാദിയായ അവിദ്യ നിമിത്തം ആലയവിജ്ഞാനയിൽ ‘വാസനകൾ[14]’ നിരന്തരം ഉയർന്നു വരികയും, ‘ബാഹ്യവസ്തുവിനുള്ളത് പോലത്തെ’ ഗുണങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ആലയവിജ്ഞാനയിൽ അവിദ്യ ഉളവാക്കുന്ന ആഘാതമാണ്, ഗുണങ്ങളുടെ രൂപത്തിൽ, ബാഹ്യലോകമായി നാം കാണുന്നത്. ബാഹ്യലോകവുമായുള്ള ഇടപഴകൽ മനുഷ്യനെ നിർവാണം പ്രാപിക്കുന്നതിൽ നിന്നു തടഞ്ഞ്, ജനന-മരണ പരമ്പരയിൽ തളച്ചിടുന്നു. ഇതു ഒഴിവാക്കാനും ആലയവിജ്ഞാനയെ ശാന്തമാക്കി നിർവാണം പ്രാപിക്കാനും അവിദ്യയെ നിഷ്കാസനം ചെയ്യണം. അതിനായി ബുദ്ധമതം അഷ്ട-മാർഗങ്ങൾ (Noble Eightfold Path) കർശനമായി നിഷ്കർഷിക്കുന്നു. ഒപ്പം ജ്ഞാനം സമ്പാദിക്കുകയും ധ്യാനം പരിശീലിക്കുകയും വേണം.

വിജ്ഞാനവാദികൾ ബാഹ്യലോകം ഇല്ലെന്ന അഭിപ്രായക്കാരല്ല. മറിച്ച് ബാഹ്യലോകത്തിനു സ്വതന്ത്രമായ നിലനിൽപ്പില്ലെന്നും, മനുഷ്യചിന്തയിലാണ് (മനസ്സ്) അത് ആരൂഢം ഉറപ്പിച്ചിരിക്കുന്നത് എന്നുമാണ് അവരുടെ വാദം.

ഗുണങ്ങളും വസ്തുക്കളും, രണ്ടും യാഥാർത്ഥ്യമാണ്:-

ഗുണങ്ങളേയും വസ്തുക്കളേയും അപഗ്രഥിക്കുന്ന രണ്ടാമത്തെ ദർശന രീതിയിൽ ഇവ രണ്ടും യാഥാർത്ഥ്യമായി പരിഗണിക്കപ്പെടുന്നു. വസ്തുക്കളാണ് ഇതുപ്രകാരം ഗുണങ്ങളുടെ ആധാരം. വസ്തു ഇല്ലെങ്കിൽ ഗുണങ്ങളും ഇല്ല. മനുഷ്യചിന്തയ്ക്കു ഗുണങ്ങൾ ലഭിക്കുന്നത് വസ്തുവിൽ നിന്നാണ്. വസ്തുക്കളും അവയുടെ ഗുണങ്ങളും, രണ്ടും, യാഥാർത്ഥ്യമാണ്. ബാഹ്യലോകത്തിനു സ്വന്തവും സ്വതന്ത്രവുമായ നിലനിൽപ്പുണ്ട്; നിലനിൽപ്പിനായി മനുഷ്യചിന്തയെ ഉൾപ്പെടെ, ഒന്നിനേയും ബാഹ്യലോകത്തിനു ആശ്രയിക്കേണ്ടതില്ല. ചിന്ത/മനസ്സ് ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ബാഹ്യലോകത്തിനോ അതിന്റെ സ്വതന്ത്ര നിലനിൽപ്പിനോ ഒന്നും സംഭവിക്കില്ല. ഇങ്ങിനെ പോകുന്നു ഈ ദർശന വിഭാഗത്തിന്റെ വീക്ഷണങ്ങൾ. ഭാരതീയ ദർശനത്തിൽ ജൈന, ന്യായ, വൈശേഷിക, പൂർവ്വമീമാംസ തുടങ്ങിയ വിഭാഗങ്ങൾ വസ്തുക്കൾക്കും ഗുണങ്ങൾക്കും യാഥാർത്ഥ്യം കൽപ്പിക്കുന്നവരാണ്.

Read More ->  ലേഖനം 7 -- അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ - 1

ദ്രവ്യത്തിന്റേയും ചിന്തയുടേയും ആധാരം ഒന്ന് തന്നെ:-

ദ്രവ്യത്തേയും ചിന്തയേയും സംബന്ധിച്ച സിദ്ധാന്തങ്ങളിൽ ഏറെ ശ്രദ്ധേയമാണ് സാംഖ്യ ദർശനത്തിന്റേത്. സാംഖ്യ ദർശനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ദർശനമാണ്. സാംഖ്യം പ്രകാരം ദ്രവ്യവും ചിന്തയും ‘ഒന്ന്’-ന്റെ തന്നെ വിഭിന്ന ഭാവങ്ങളാണ്. ദ്വൈതവാദികളായ സാംഖ്യ ദർശനം പ്രകൃതി – പുരുഷ എന്നിങ്ങനെ രണ്ടു പരമമായ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നു. ഇതിൽ പ്രകൃതിയുടെ തന്നെ രണ്ട് വിഭിന്ന ഭാവങ്ങളാണ് ദ്രവ്യവും ചിന്തയും എന്നു സാംഖ്യം പറയുന്നു. ലോകത്തിലുള്ളതെല്ലാം സത്വ, രജസ്, തമസ് എന്നീ മൂന്ന് ഗുണങ്ങളാൽ നിർമിതമാണെന്നും തമസ്-ന്റെ ആധിക്യമുള്ളവ ദ്രവ്യവും, സത്വ-യുടെ ആധിക്യമുള്ളവ ചിന്ത/മനസ് ആകുമെന്ന് സാംഖ്യ ദർശനം സിദ്ധാന്തിക്കുന്നു.

ഇപ്രകാരം ദ്രവ്യവും ചിന്തയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി വിവിധ ദർശന ധാരകൾ പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്നു.

രണ്ടാമത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


[1] “Who verily knows and who can here declare it, whence it was born and whence comes this creation?; The Gods are later than this world’s production. Who knows then whence it first came into being?; He, the first origin of this creation, whether he formed it all or did not form it; whose eye controls this world in highest heaven, he verily knows it, or perhaps he knows not.”

Nasadiya Sukta: Rig-Veda – 10.129.6-7. ഭാരതീയ ചിന്തയുടെ ആവിർഭാവം ഇവിടം മുതലാണെന്ന് പറയാവുന്നതാണ്.

[2] ഈ പുസ്തകത്തിൽ ഇപ്രകാരം പല പേരുകളിൽ പരമാർശിച്ചിരിക്കുന്നതെല്ലാം ഒന്ന് തന്നെയാണ്.

[3] ഉദാഹരണമായി സ്വർണാഭരണങ്ങളെ എടുക്കുക. മാല, വള, നെക്ക്‌ലേസ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ആഭരണങ്ങളുടെ ആധാരം/സത്ത സത്യത്തിൽ ‘സ്വർണം’ ആണ്. മാല – വള ഇത്യാദികൾ സ്വർണത്തിന്റെ വെറും രൂപാന്തരം മാത്രമാണ്. സ്വർണം ഇല്ലാതെ അവയ്ക്കു സ്വതന്ത്രമായ നിലനിൽപ്പില്ല. സ്വർണത്തിനെ അറിഞ്ഞാൽ സ്വാഭാവികമായും സ്വർണത്തിന്റെ രൂപാന്തരമായ ആഭരണങ്ങളേയും അറിയാം. ഇവിടെ സ്വർണത്തിനു പരമമായ നിലനിൽപ്പും, ആഭരണങ്ങൾക്കു (സ്വർണത്തെ ആശ്രയിച്ചുള്ള) ആപേക്ഷിക നിലനിൽപ്പുമാണ് ഉള്ളത്.

[4] ‘എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്’ എന്നത് ഒരു ഉപനിഷത്ത് തത്വം ആണ്. ബുദ്ധിസത്തിൽ ഇത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. സാംഖ്യ ദർശനത്തിൽ (അസന്തുലിതാവസ്ഥയിൽ) പ്രകൃതി എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു.

[5] ചെറുത്, വലുതിനെ പരോക്ഷമായി സൂചിപ്പിക്കുന്ന പോലെ, ആപേക്ഷികം ആപേക്ഷികമല്ലാത്ത പരമമായ ഒന്ന്-നെ തീർച്ചയായും സൂചിപ്പിക്കുന്നുണ്ട്.

[6] ചിന്തയെ മനസ്സ്, ചിത്തം എന്നും ദ്രവ്യത്തെ പദാർത്ഥം, വസ്തു എന്നും വിളിക്കാവുന്നതാണ്. Matter and Mind (in English).

[7] ഉപനിഷത്തിൽ പ്രകൃതിയിലെ അഞ്ച് മൂലഘടകങ്ങളെ പറ്റി പറയുന്നുണ്ട്. ഭൂമി, ജലം, വായു, അഗ്നി, ആകാശ (Ether) എന്നിവയാണ് അവ. ഇവ കൂടിച്ചേർന്നു ദ്രവ്യം (Matter) ഉണ്ടാകുമെന്നു പറയുന്നു. അതേസമയം, ഉപനിഷത്തിൽ തന്നെ ബുദ്ധി/മനസ്സ്/അന്തഃകരണ എന്നിങ്ങനെ മനഃസംബന്ധിയായ (Mind) കാര്യങ്ങളേയും പരാമർശിക്കുന്നു. പ്രശ്നോപനിഷത്തിൽ നിന്നു ഒരു സൂക്തം എടുത്തെഴുതുന്നു.

“After that Kabandhi, descendant of Katya, having approached (him/Pippalda) asked, ‘Venerable sir, from what indeed are all there beings born… To him he/Pippalada said: as is well known, the Lord of all creatures, having become desirous of progeny, He deliberated on (past Vedic) knowledge. Having brooded on that knowledge, He created a couple – food and Prana – under the idea. These two will produce creatures for me in multifarious ways.”  ശങ്കരാചാര്യർ ‘Rayi’ എന്നതിനെ ‘Food’ എന്നു തർജ്ജമ ചെയ്തിരിക്കുന്നു. ‘Rayi’-യെ വസ്തു എന്നും വിളിക്കാവുന്നതാണ്. (മലയാളം – സംസ്കൃതം നിഘണ്ടു: ഇ പി നാരായണ ഭട്ടതിരി) ‘Prana’-യെ അവ്യക്തതലത്തിലുള്ള Spirit എന്നും തർജ്ജമ ചെയ്യുന്നത് സാധാരണമാണ്. സാംഖ്യ ദർശനത്തിലെ പ്രകൃതി – പുരുഷ തരംതിരിവ്, ദ്രവ്യം – ചിന്ത തരംതിരിവിന്റെ മറ്റൊരു കൃത്യ ഉദാഹരണമാണ്.

[8] ഉദാഹരണമായി നാം ഭൂമി പരന്നതായി കാണുന്നു. എന്നാൽ സത്യത്തിൽ ഭൂമിക്കു ഗോളാകൃതിയാണ്.

[9] സംവേദനം ഉണ്ടായാൽ ഉടൻ തന്നെ നമ്മിൽ ബാഹ്യവസ്തു പോലൊന്ന് പ്രത്യക്ഷപ്പെടും. ബാഹ്യവസ്തുവും, ആ വസ്തുവിനെ നമ്മിൽ കുറിക്കുന്ന സംവേദനവും ഒന്നാണെന്നു ഇതുപ്രകാരം തെളിയുന്നു. ബുദ്ധിസ്റ്റ് വിജ്ഞാനവാദ ദർശനത്തിന്റെ നട്ടെല്ലാണ് ഈ വാദം.

[10] ആദ്യം നമ്മിൽ തന്നെ ഗുണങ്ങളുടെ ഒരു ശേഖരം ഉണ്ടെന്നു കരുതുക. ഈ ഗുണങ്ങൾ നമ്മിലെ അവിദ്യ/അജ്ഞാനം മൂലം ചില പ്രത്യേക പ്രക്രിയകളാൽ ഉയർന്നു വന്ന് നമുക്ക് മുന്നിൽ ‘ബാഹ്യവസ്തുവിനെ (ബാഹ്യലോകത്തെ) സൃഷ്ടിക്കും’. അവിദ്യയെ പറ്റി അറിയാൻ അദ്ധ്യായം 9 വായിക്കുക.

[11] ന്യായ – വൈശേഷിക ദർശനം ഇതിനെ അനുകൂലിക്കുന്നു.

[12] ബാഹ്യവസ്തുവും, അവയുടെ ഗുണങ്ങളും യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ തന്നെയും നാം ആദ്യം അറിയുന്നത് നമ്മിലുള്ള ബാഹ്യവസ്തുവിന്റെ ഗുണങ്ങളെ ആയിരിക്കും.

[13] ആന്തരിക സംവദനത്തിനു വിരുദ്ധമായി ശരീരബാഹ്യ സംവദനം രണ്ട് ഘട്ടമായുള്ള പക്രിയയാണ്. ബാഹ്യവസ്തു – മനസ്സ്, പിന്നെ മനസ്സ് – ആത്മാവ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ.

[14] ഭൂതകാല അനുഭവങ്ങളുടെ പലതരത്തിലുള്ള ശേഷിപ്പുകൾ.

അഭിപ്രായം എഴുതുക