അദ്ധ്യായം 11 — സൗഹൃദങ്ങൾ

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



പത്താമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോൺക്രീറ്റ് ചെയ്ത ഫെറി പ്ലാറ്റ്ഫോമിൽ ഞങ്ങൾ ഇരുന്നു. കാലുകൾ പുഴയിലേക്കു നീട്ടി ഇറക്കി വച്ചു. പുഴവെള്ളം കാൽപാദത്തെ സ്‌പർശിച്ചു. കുഞ്ഞോളങ്ങൾ ആടിയും ഉലഞ്ഞും കാലുകളെ തഴുകി. തണുപ്പ്. കുളിർമ്മ. നിർവൃതി.

എന്റെയൊരു അടുത്ത സുഹൃത്തിന്റെ ഓൺലൈൻ സ്റ്റാറ്റസ് മെസേജ് വളരെ ആകർഷകമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലിലൂടെ കടന്നു പോകുമ്പോഴൊക്കെ ഞാൻ മെസേജ് വായിക്കും. പല തവണ വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും വായിക്കും.

എന്നിലെ നല്ല ഗുണങ്ങൾ എല്ലാം എനിക്കു ലഭിച്ചത് സുഹൃത്തുക്കളിൽ നിന്നാണ്. എന്നിൽ ചീത്ത സ്വഭാവം നിങ്ങൾ കാണുന്നുവെങ്കിൽ അതെല്ലാം എന്റേതു മാത്രമാണ്.

നല്ല സൗഹൃദങ്ങളുടെ മൂല്യത്തെ പറ്റി ഓർമ്മപ്പെടുത്തുന്ന വരികൾ.

തകർച്ചക്കിടയിലും പിടിച്ചു നിൽക്കാൻ സഹായിച്ച ഏതാനും കൂട്ടുകെട്ടുകൾ എനിക്കുമുണ്ട്. അവയിൽ തന്നെ ചിലതിനു മൂല്യമേറും. നാവ് ബന്ധനസ്ഥനായിരുന്ന നാളുകളിൽ അനുഭവിച്ച കടുത്ത മാനസിക സംഘർഷത്തെ കുറച്ചെങ്കിലും ലഘൂകരിക്കാനായത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൗഹൃദത്തിന്റെ പിൻബലത്തിലാണ്‌. രാത്രി, സ്കൂൾ ഗ്രൗണ്ടിൽ കപ്പലണ്ടി കൊറിച്ചിരുന്ന്, അവൻ ഞാൻ പറയുന്ന വിശേഷങ്ങൾ കേട്ടു. പാലം വന്നപ്പോൾ ആളൊഴിഞ്ഞ പുളിക്കകടവ് ഫെറി പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തുള്ള സകലതിനെ പറ്റിയും ഞങ്ങൾ സംസാരിച്ചു. നഗരത്തിലെ കോൺക്രീറ്റ് സൗധങ്ങൾ നൽകാത്ത തണൽ അവൻ എനിക്കു നൽകി.

പുഴയിൽ കാലിട്ടിളക്കി, മണൽ‌വഞ്ചികളെ നോക്കിക്കിടക്കുന്ന സുഹൃത്തിനോടു ഞാൻ കൃതാർത്ഥതയോടെ ചോദിച്ചു.

എന്തു വേണമെന്നു പറയൂ സുഹൃത്തേ. ഞാനതു നിറവേറ്റി തരാം.

സുഹൃത്ത് ആവശ്യപ്പെട്ടു. അംഗരാജാവായി അഭിഷേകം ചെയ്തു തന്റെ മാനം കാത്ത ദുര്യോധനനു കർണൻ നൽകിയ അതേ വാഗ്ദാനം. ഒടുങ്ങാത്ത സൗഹൃദം!”

അവൻ എഴുന്നേറ്റ്, പതിവുപോലെ, ഒരു പരന്ന കരിങ്കൽ‌ചീൾ എടുത്ത്, വെള്ളത്തിനു മുകളിലൂടെ തെന്നിപ്പോകത്തക്ക വിധം എറിഞ്ഞു. അവസാനം, കല്ല് പുഴയുടെ ആഴത്തിലേക്കു പ്രയാണം ആരംഭിച്ചു.

അവൻ പറഞ്ഞു. അതു മുങ്ങി.

ഞാൻ പ്രതിവചിച്ചു. അതെപക്ഷേ ഒരിക്കൽ പുഴ വറ്റു മ്പോൾ തിരിച്ചു കിട്ടും. അതുവരെ അതവിടെ നിർ‌വൃതി കൊള്ളട്ടെ.

സുഹൃത്ത് അമ്പരന്നു. പുഴ വറ്റുമോ?!”

ഞാൻ പറഞ്ഞു. എല്ലാ പുഴയും വറ്റാനുള്ളതാണ്. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ട്.

***************

വീടു കണ്ടെത്താൻ നാലുപേരോടു തിരക്കേണ്ടി വന്നു. അറിയാവുന്ന ദേശത്ത് ആദ്യമായാണ് വഴി അന്വേഷിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിനടുത്തുള്ള പഴയ വീട്ടിൽ ചെന്നപ്പോൾ അയൽവീട്ടുകാർ, വാടകവീട് മാറിയെന്നു അറിയിച്ചു. ഇത്തവണ അന്നമനട മഹാദേവ ക്ഷേത്രത്തിനു അടുത്തേക്ക്. വിഘ്നേശ്വര ജ്യോതിഷാലയത്തിനു അടുത്തുള്ള പഴമയുള്ള ചെറിയ വീട് എന്നെ ഹഠാദാകർഷിച്ചു. പലകകൾ കൊണ്ടുള്ള തട്ടുമ്പുറം. കത്തിക്കാളുന്ന വെയിലത്തും കുളിർമ്മ മുറ്റി നിൽക്കുന്ന മുറികൾ. മുറ്റത്തു തന്നെ നാരകവും കൂവളവും. പിന്നെ എണ്ണം പറഞ്ഞ നാല് സർപ്പക്കാവുകൾ. ആകെക്കൂടി പ്രാചീനത തോന്നിക്കുന്ന വീട്.

സന്ധ്യയ്ക്കു ശിവക്ഷേത്രത്തിനു മുന്നിലെ മണപ്പുറത്ത് ഞങ്ങൾ ഇരുന്നു. പുഴയിൽ രണ്ടു പേർ പശുക്കളെ കുളിപ്പിക്കുന്നുണ്ട്. മൗനം മുറ്റിയ ഏതാനും മിനിറ്റുകൾ. ഒടുവിൽ അവൻ അന്വേഷിച്ചു.

“നീയെന്താ മിണ്ടാതിരിക്കുന്നത്?”

Read More ->  അദ്ധ്യായം 7 -- ആരാണ് ഒരു സുഹൃത്ത്?

ഞാൻ മറുപടി പറഞ്ഞില്ല. പുഴയുടെ ഒഴുക്കിൽ കണ്ണു നട്ടിരുന്നു.

ഒരു മിനിറ്റിനു ശേഷവും അവൻ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നി. എന്താണ് പറയേണ്ടത്? ഉത്തരം പ്രതീക്ഷിച്ചായിരിക്കില്ല ചോദ്യമെറിഞ്ഞത്. ഒന്നും പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ ചോദ്യങ്ങളെല്ലാം മറുപടി പറയാനുള്ളതാണല്ലോ!

“ഞാൻ എന്നെപ്പറ്റി ആലോചിക്കുകയായിരുന്നു. ഭൂതം, വർത്തമാനം, ഭാവി അങ്ങിനെ ശ്രേണീബന്ധമായി” ഒന്നു നിർത്തിയിട്ടു ഞാൻ തുടർന്നു. “ജീവിതത്തിൽ വിധിച്ചതേ കിട്ടൂ… അല്ലേ?”

അവൻ ചിരിച്ചു. “ഞാനൊരു ഫാറ്റലിസ്റ്റ് അല്ല.”

“ഉം. പക്ഷേ ജീവിതം പലപ്പോഴും മുൻനിശ്ചയിച്ച പോലെയാണ് മുന്നേറുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പൂർണമായ അർത്ഥത്തിൽ ഫാറ്റലിസം എന്നു പറഞ്ഞു കൂടാ. ഭാഗികമായി.”

“എങ്ങിനെ?”

“ജീവിതത്തിൽ നാം നടത്തുന്ന ശ്രമങ്ങൾ എല്ലാം വിജയകരമാണോ, നമ്മുടെ ശ്രമങ്ങൾക്കു ആനുപാതികമായി പ്രതിഫലം ലഭിക്കുന്നുണ്ടോ., എന്നീ ചോദ്യങ്ങൾക്കു ലഭിക്കുന്ന മറുപടിയാണ് കാരണം.”

“ശ്രമങ്ങൾ ശരിയായ പാതയിലാണെങ്കിൽ ലഭിക്കുക തന്നെ ചെയ്യും.”

“അവിടെയാണ് പ്രശ്നം. നമുക്കു മനസ്സിലാക്കാവുന്നിടത്തോളം നാം ശരിയായ പാതയിൽ തന്നെയാണ്. സോ വി ആർ ജസ്റ്റിഫൈഡ്. എന്നിട്ടും ലക്ഷ്യത്തിൽ എത്താതിരുന്നാലോ.”

അവൻ ആലോചിച്ചു പറഞ്ഞു. “എന്നാൽ നമ്മുടെ മനസ്സിലാക്കലിനു പരിമിതിയുണ്ടെന്നു വരുന്നു. നാം വേറെ പാത കണ്ടെത്തേണ്ടിയിരിക്കുന്നു.”

“വേറെ പാതയെപ്പറ്റിയും പൂർണമായി മനസ്സിലാക്കാൻ പറ്റില്ല. അതു തന്നെയാണ് കാര്യം. വേറെ പാത കണ്ടെത്തേണ്ടി വരുന്നു എന്നു പറയുമ്പോൾ അത്ര നാളത്തെ ശ്രമങ്ങൾ നമ്മെ ലക്ഷ്യത്തിൽ എത്തിച്ചില്ല എന്നു തുറന്നു സമ്മതിക്കുകയാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ വിധി സ്വയം നിർണയിക്കാൻ നാം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു എന്ന്.”

“ഇതിനെ വേറൊരു രീതിയിലും നോക്കിക്കാണാമല്ലോ. നമ്മൾ ശ്രമങ്ങൾ തുടങ്ങുന്നതിനു മുമ്പ്, നമ്മളിൽ ശ്രമം വിജയിക്കുന്നതിനു വേണ്ട, ശരിയായ അറിവിന്റെ അഭാവമുണ്ടെങ്കിലോ? ശരിയായ തയ്യാറെടുപ്പില്ലാതെയാണ് നാം ശ്രമങ്ങൾ ആരംഭിച്ചതെങ്കിലോ? എന്റെ അഭിപ്രായത്തിൽ ശരിയായ അറിവോടെയും തയ്യാറെടുപ്പോടെയും നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും പരാജയമാകില്ല[1]

ഞാൻ സംസാരം മതിയാക്കി. അനസ്യൂതം തർക്കിയ്‌ക്കാൻ താല്പര്യമില്ല.

അവൻ പറഞ്ഞു. “വിധിയുടെ തടവുകാരനാകുന്നതിലും ഭേദം അല്ലേ ശ്രമങ്ങൾ തുടരുന്നത്.”

“വിധിയനുസരിച്ചു ജീവിക്കണമെന്നു ഉദ്ദേശിച്ചിട്ടില്ലല്ലോ. എല്ലാം നമ്മുടെ ഇശ്ചക്കനുസരിച്ചു നീങ്ങാത്തതു കാണുമ്പോൾ, എന്റെ മനസ്സിൽ വരുന്ന ചില സന്ദേഹങ്ങൾ മാത്രമാണിവ.”

“നിന്റെ കാര്യം രസകരമാണ്. ജീവിതം കടുപ്പമാകുമ്പോൾ എല്ലാവരും ഫേറ്റ്, ഗോഡ് എന്നീ ആശയങ്ങളിൽ നിന്നു അകലുകയാണ് പതിവ്. നീ പക്ഷേ അടുക്കുന്നു.”

ഞാൻ നിഷേധിച്ചു. “അടുക്കുകയോ അകലുകയോ അല്ല സുഹൃത്തേ. ഇതു വെറും ഡയലക്ടിക് ഇന്ററസ്റ്റ് മാത്രമാണ്.”

സന്ധ്യ കനക്കുകയാണ്. പടിഞ്ഞാറ് ചക്രവാളത്തിലെ ചുവപ്പു രാശി മങ്ങിത്തുടങ്ങി. പുഴയുടെ ഓരം‌ ചേർന്നു ഒരു ‌വഞ്ചി തെക്കോട്ടുപോയി. റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ അതിലിരുന്ന രണ്ടുപേർ കൈ വീശുന്നത് കണ്ടു. പരിചയമുള്ളവരാണ്. കുറച്ചു ദൂരം താണ്ടി ആഴംകുറഞ്ഞ ഭാഗത്തു അവർ ഊന്നുകോൽ ഉറപ്പിച്ചു.

“ഇവിടെ മണൽ‌ വാരാറുണ്ടോ?”

“ഇല്ല. അവർ കക്ക വാരാൻ മുങ്ങുന്നതാണ്.”

സുഹൃത്ത് അറിയിച്ചു. “വെള്ളം കയറിയിരുന്നു കുറച്ചു ദിവസം.”

ഞാൻ ഒന്നുമൂളി ചുറ്റുപാടും കണ്ണെറിഞ്ഞു. പുഴക്കരയിൽ സ്കെയിൽ കൊണ്ടു കൃത്യമായി വരച്ച പോലെ, പ്രത്യേക നിരപ്പിനു താഴെ നിറവ്യത്യാസം. പാഴ്‌ചെടികളിലും മരങ്ങളിലും ചേറ് ഉണങ്ങിപ്പിടിച്ച ചാരനിറം. ഒരാഴ്ച വെള്ളം പൊങ്ങി നിന്നെന്നാണ് അമ്മ അറിയിച്ചത്. സ്പാനുകളെ മൊത്തം‌ മുക്കി, പാലത്തിനെ മുട്ടുന്നതു‌വരെ വെള്ളം പൊങ്ങിയത്രെ. പണ്ടു ഫെറി ഉണ്ടായിരുന്നപ്പോൾ ടിക്കറ്റ് കൗണ്ടറായി പ്രവർത്തിച്ച ഓലഷെഡ് മലവെള്ളത്തിൽ ഒലിച്ചു പോയി. ഷെഡിനെ താങ്ങി നിർത്തിയ കവുങ്ങിൻ കാലുകൾ മാത്രം ഇപ്പോഴുമുണ്ട്.

അവൻ ചേറിൽ ഉറച്ച ഒരു കരിങ്കൽ ചീൾ വലിച്ചെടുത്ത്, വെള്ളത്തിനു മീതെ തെന്നിപ്പോകത്തക്ക വിധം എറിഞ്ഞു. കല്ല് സൃഷ്ടിച്ച ഓളങ്ങളിലൂടെ എന്റെ കണ്ണുകൾ ചലിച്ചു.

ഞാൻ മനസ്സിലാക്കി. ജീവിതത്തിൽ ചിലരെ കണ്ടുമുട്ടുന്നത് ഒരു ഭാഗ്യമാണ്‌. പരലോകത്തിലോ പുനർജന്മത്തിലോ വിശ്വസിക്കുന്നില്ലെങ്കിൽ തന്നെയും, ചിലരെ സുഹൃത്തുക്കളായി ലഭിക്കുമ്പോൾ നമുക്കു പൂർവ്വജന്മങ്ങൾ ഉണ്ടായിരുന്നെന്നും, ആ ജന്മത്തിൽ കുറേ പുണ്യങ്ങൾ ചെയ്തിരുന്നെന്നും നാം വിശ്വസിച്ചു പോകും. മറ്റുള്ളവരുടെ നന്മ നമ്മെ പുനർജന്മ വിശ്വാസങ്ങളിലേക്കു നയിക്കാൻ പര്യാപ്തമാണെന്നു ചുരുക്കം. ഞാൻ അത്തരം വിശ്വാസങ്ങളിലേക്കു നയിക്കപ്പെട്ടത് ചില സൗഹൃദങ്ങൾ ലഭിച്ചതിനാലാണ്. കാരണം ഇല്ലെങ്കിൽ ഫലം/കാര്യം ഇല്ല എന്നല്ലേ[2]. ഇത്രയും നല്ല സൗഹൃദം ലഭിക്കാൻ, ഈ ജന്മത്തിൽ പുണ്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു എനിക്കു തീർച്ചയാണ്. അപ്പോൾ അനുമാനം പ്രകാരം പൂർവ്വ ജന്മങ്ങളിൽ വിശ്വസിച്ചേ പറ്റൂ.

Read More ->  അദ്ധ്യായം 15 -- ഫൈനൽ ലാപ്പ്

പുഴയേയും ഓളങ്ങളേയും സ്വകാര്യത ആസ്വദിക്കാൻ വിട്ടു ഞങ്ങൾ എഴുന്നേറ്റു. ഫെറി പ്ലാറ്റ്ഫോമിനു കുറച്ചകലെ പാർക്കു ചെയ്തിരുന്ന ബൈക്കിനു നേരെ ഞങ്ങൾ നടന്നു. കക്ക വാരുന്നവർ പുഴയിൽ മുങ്ങിപ്പൊങ്ങുന്നത് തുടർന്നു.

***************

നമുക്കെല്ലാവർക്കും ജീവിതത്തിൽ സൗഹൃദങ്ങൾ ലഭിക്കുന്നത് രണ്ടു രീതിയിലാണ്. ഒന്നാമത്തെ പ്രക്രിയയിൽ, മറ്റുള്ളവർ നമ്മുടെ അടുത്തെത്തി സംസാരിച്ചു പരിചയം സ്ഥാപിക്കും. ഇത് ഒരു മനപ്പൂർവ്വമായ പ്രവൃത്തിയായിരിക്കേണ്ടതുണ്ട്. എങ്കിലേ സൗഹൃദത്തിന്റെ കള്ളിയിൽ പെടുത്താൻ പറ്റൂ. രണ്ടാമത്തെ പ്രക്രിയയിൽ, മറ്റുള്ളവരുമായി പരിചയവും സൗഹൃദവും സ്ഥാപിക്കാൻ മുൻകൈ എടുക്കുന്നത് നാം തന്നെയായിരിക്കും. ഇവയാണ് സൗഹൃദ സ്ഥാപനത്തിനുള്ള രണ്ടു വഴികൾ.

എന്റെ ജീവിതത്തെ സംബന്ധിച്ചാണെങ്കിൽ, ഞാൻ മറ്റുള്ളവരെ അങ്ങോട്ടു പോയി കണ്ട് സൗഹൃദം സ്ഥാപിക്കുന്ന, രണ്ടാമത്തെ, പ്രക്രിയ നിരവധി തവണ അരങ്ങേറിയിട്ടുണ്ട്. പക്ഷേ ആദ്യത്തേത് ഒരിക്കൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ! ശ്രവണന്യൂനത പിടികൂടിയ ശേഷം ഒരേയൊരു വ്യക്തി മാത്രമേ, സ്വമനസ്സാലെ, സുഹൃത്തുക്കളാകണം എന്ന വ്യക്തമായ ഉദ്ദേശത്തോടെ എനിക്കു അരികിലെത്തി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചുള്ളൂ. മറ്റുള്ളവരെല്ലാം ഔപചാരിക സംഭാഷണങ്ങൾക്കു ശേഷം കൈ കൊടുത്തു പിരിഞ്ഞു. സുഹൃത്ത് അത്തരക്കാർക്കിടയിൽ ഒരു അപവാദം ആയി. ആദ്യത്തേതും അവസാനത്തേതുമായ അപവാദം.

ഞാൻ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ കോളേജ് പഠനക്കാലം. കൂട്ടുകാരില്ല, ലക്ചറുകൾ മനസ്സിലാകുന്നില്ല, എന്നോടു സംസാരിക്കാൻ കൂടി ആരും തയ്യാറാകാഞ്ഞ കാലഘട്ടം! അങ്ങോട്ടുള്ള എന്റെ അന്വേഷണങ്ങൾക്കെല്ലാം സഹപാഠികളിൽ നിന്നു ഒറ്റവാക്കിൽ മറുപടി ലഭിച്ചു. മാനസികാരോഗ്യം നിലനിർത്താൻ ആരെങ്കിലുമായും സംസാരത്തിൽ ഏർപ്പെടേണ്ടത് എത്രത്തോളം അവശ്യമാണെന്നു അന്നാണ് ഞാനറിഞ്ഞത്. ക്ലാസ്മുറി എനിക്കു ജയിൽസെല്ലും, പുറലോകം സ്വാതന്ത്ര്യവുമായിരുന്നു. എല്ലാ ദിവസവും ഉച്ചക്കു കോളേജ് ഗേറ്റിനരുകിൽ, അർദ്ധ വൃത്താകൃതിയിലുള്ള ബസ് വെയിറ്റിങ്ങ് ഷെഡിൽ ഞാൻ സമയം ചിലവഴിക്കുമായിരുന്നു. ആളും ആരവവുമില്ലാതെ, നിശബ്ദത തളംകെട്ടിയ അവിടെ രണ്ടുകൊല്ലം ഞാൻ വ്യസനപ്പെട്ടു ഇരുന്നു. പ്രൈവറ്റ് ബസുകൾ മാത്രം എന്നെ സന്ദർശിച്ചു. ചില ദുർബല നിമിഷങ്ങളിൽ ബസ് കയറി, അപ്പോൾ തന്നെ, കോളേജിൽ നിന്നു വീട്ടിലേക്കു പോകാൻ എന്റെ മനസ്സ് വെമ്പുമായിരുന്നു. കോളേജിലെ ഓരോ ദിവസവും എനിക്ക് ട്രാജഡിയായിരുന്നു.

അങ്ങിനെയുള്ള നിരാശാഭരിതമായ കാലത്താണ്, ഒരു വ്യക്തി എന്റെ അരികിൽവന്നു കുശലം ചോദിച്ച്, കൈപിടിച്ചു കുലുക്കി സൗഹൃദം സ്ഥാപിച്ചത്. നിങ്ങൾക്കറിയുമോ, ഞങ്ങൾ ഇന്നും ഹാൻഡ്‌ ഷേക്ക് വിടുവിച്ചിട്ടില്ല.

അതിനാൽ എനിക്കൊരു പൂർവ്വജന്മം ഉണ്ടായിരുന്നേ മതിയാകൂ.

പന്ത്രണ്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


[1] “All successful human action is preceded by right knowledge” – ‘Nyaya-Bindu’, by Dharmakirti.

[2] Pratitya-Samutpada: Dependent Origination is the central doctrine of Buddhist Philosophy. It says, ‘”if this exists, that exists; if this ceases to exist, that also ceases to exist”’. Upanishads also mention this.

അഭിപ്രായം എഴുതുക