അദ്ധ്യായം 4 — ഹോളിസ്റ്റിക് ചികിൽസ

(മൂന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ഇന്നു ഇലൿട്രോണിൿസ് ലാബിൽ വച്ചു വിധുടീച്ചർ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തുള്ള ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സക്കു ചെല്ലണമെന്നു ടീച്ചർ ഉപദേശിച്ചു. ശ്രവണ ന്യൂനത ഭേദമാകുമത്രെ.

എന്റെ ശ്രവണ ന്യൂനതയെപ്പറ്റി ടീച്ചർ അറിയുന്നത് കുറച്ചുനാൾ മുമ്പാണ്. ക്ലാസിൽവച്ചു ടീച്ചർ കുറച്ചു നോട്ട്സ് പറഞ്ഞുതന്നു. ഞാൻ ശ്രീജിത്തിന്റെ ബുക്കിൽ നോക്കി പകർത്തി എഴുതുകയായിരുന്നു. ഇടയ്ക്കു ടീച്ചർ വേഗം കൂട്ടിയപ്പോൾ ശ്രീജിത്ത് പേജു മറിച്ചു. എന്റെ എഴുത്തിന്റെ ക്രമം തെറ്റി. ഞാൻ എഴുതുന്നതു നിർത്തി. ഇന്റർവെൽ സമയത്തു പകർത്തി എഴുതാം. നോട്ട്‌സ് എഴുതാതെ വെറുതെയിരിക്കുന്ന വിദ്യാർത്ഥിയെ കണ്ടപ്പോൾ ടീച്ചർ അടുത്തുവന്നു കാരണം അന്വേഷിച്ചു. എനിക്കൊന്നും പറയേണ്ടി വന്നില്ല. ഞാൻ വികാരഭരിതനുമായിരുന്നു. ശ്രീജിത്ത് കാര്യങ്ങൾ സൂചിപ്പിച്ചു. ടീച്ചർ തലയാട്ടി കടന്നുപോയി.

                                                                                                                          (19 ജൂൺ 2001)

***************

ഒന്നാം ഭാഗം

പ്ലാറ്റ്ഫോമിൽ തിരക്ക് ഇല്ലായിരുന്നു. മഴ നനഞ്ഞ സിമന്റ് ബെഞ്ചിൽ വിൽസൻ ഇരുന്നു. പോക്കറ്റിലുള്ള പ്ലാസ്റ്റിക് കവറിനെ പറ്റി അപ്പോൾ ഓർത്തു. ചാറ്റൽമഴ വന്നപ്പോൾ കിഴക്കേകോട്ടയിൽ നിന്നു വാങ്ങിയതാണ്. വിൽസൻ കവറെടുത്തു ബെഞ്ചിൽ വച്ച്, അതിലേക്കു മാറിയിരുന്നു.

ഇന്നലെ രാത്രി റൂമിൽ എത്തിയപ്പോൾ കുറച്ചധികം വൈകി. ഇലക്ട്രീഷ്യൻമാർക്കു പറഞ്ഞിട്ടുള്ള ഓവർടൈം ഡ്യൂട്ടി. റൂംമേറ്റ് ഒരു ഫോൺ വന്നിരുന്നതായി പറഞ്ഞു. തിരിച്ചു വിളിക്കാൻ പറഞ്ഞു നമ്പർ ഏല്പിച്ചിട്ടുണ്ടത്രെ. ഫോൺ നമ്പർ മനോജിന്റേതായിരുന്നു. അപ്പോൾതന്നെ വിളിച്ചു. മനോജ് അധികം സംസാരിച്ചില്ല. രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ച് സംഭാഷണം പെട്ടെന്നു അവസാനിപ്പിച്ചു.

പ്ലാറ്റ്‌ഫോമിൽ അറിയിപ്പ് മുഴങ്ങി. ചെന്നൈ തിരുവനന്തപുരം മെയിൽ അല്പസമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുന്നതാണ്.’

അല്പസമയത്തിനുള്ളിൽ ട്രെയിൻ എത്തി. മനോജിനെ കണ്ടുപിടിച്ചു, തിടുക്കത്തിൽ വന്നതിന്റെ കാരണം അന്വേഷിച്ചു.

“സുനിലിനെ കൊണ്ടുപോകണം. ഇന്നാണ് അവസാന ദിവസം.”

വിൽസൻ ഓർത്തു. ശരിയാണ്. ഇന്നാണ് ഡിസ്‌ചാർജ് ചെയ്യുന്നത്. ഓർത്തു വയ്ക്കാത്തതിൽ കുണ്ഠിത്തപ്പെട്ടു. റൂമിലേക്കു പോകാതെ നേരെ ആശുപത്രിയിലേക്കു തിരിച്ചു.

“അവനു എങ്ങനെയുണ്ട്. ചികിൽസ ഫലിക്കുമോ?”

പ്രതികൂല മറുപടിയായിയിരിക്കുമെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ് വിൽസൻ ചോദിച്ചത്. ആ ചോദ്യം വേറെ രീതിയിൽ ചോദിക്കാനാകില്ലായിരുന്നു. മനോജ് മറുപടി പറയാതെ നോട്ടം മാറ്റി. വിൽസൻ എല്ലാം ഊഹിച്ചു.

വിൽസൻ പറഞ്ഞു. “നീ സുനിലിനു മുന്നിൽ ടെൻഷൻ കാണിക്കരുത്. അവൻ ഇമോഷണൽ ആകും.”

അഞ്ച് മിനിറ്റിനുള്ളിൽ ഹോളിസ്റ്റിക് ക്ലിനിക്കിൽ എത്തി. മൂന്നു ഡോക്‌ടർമാർ മാത്രമുള്ളതാണ് ക്ലിനിക്. അവരാകട്ടെ മിക്കപ്പോഴും കാഷ്വൽ ഡ്രസ്സിലാണ്. പ്രിലിമിനറി ചെക്കപ്പിനായി രണ്ടുതവണ സന്ദർശിച്ചശേഷം ചികിൽസയെപ്പറ്റി നിരവധി സംശയങ്ങൾ വിൽസനിൽ ഉയർന്നിരുന്നു.

ആയുർവേദം, അലോപ്പതി എന്നിവയിൽ നിന്നുള്ള ചികിൽസാ രീതികൾ ഹോളിസ്റ്റിക് ചികിൽസയിൽ ഉപയോഗിക്കുമത്രെ. ആദ്യ സന്ദർശനത്തിൽ ഡോക്‌ടർ പറഞ്ഞതു വിൽസൺ ഓർക്കുന്നുണ്ട്. സുനിലിന്റെ ശ്രവണന്യൂനതയ്ക്കു കാരണം ചെവിയുടെ ഭാഗത്തുള്ള കോശങ്ങളുടെ ജഢാവസ്ഥ ആകാമെന്നു ഡോക്ടർ ഊന്നിയൂന്നി പറഞ്ഞു. അപ്പോൾ ചെയ്യേണ്ടത് കോശങ്ങളെ ഉത്തേജിപ്പിക്കലാണ്. അതിനു ഹോളിസ്റ്റിക് ചികിൽസ വളരെ ഫലപ്രദമാണത്രെ. ചെവിയിലും സമീപത്തും നിശ്ചിത തരംഗദൈർഘ്യമുള്ള ഇലക്ട്രിക് പൾസുകൾ, ചെറിയ സൂചികൾ വഴി, കടത്തിവിട്ടു കോശങ്ങളെ ഉത്തേജിപ്പിച്ചാൽ അതുവഴി കേൾവിശക്തി വർദ്ധിക്കുമെന്നാണ് ഡോക്‌ടർ സൂചിപ്പിച്ചത്. നല്ല ആശയമാണെന്നു അപ്പോൾ തോന്നി. പക്ഷേ ഡോക്ടർ പറഞ്ഞ രണ്ടാഴ്ചയും കഴിഞ്ഞ്, മൂന്നാഴ്ചയിൽ അധികം ചികിൽസിച്ചിട്ടും കേൾവിശക്തിയിൽ പുരോഗതി ഉണ്ടായില്ല. ഈ കാലയളവിൽ സുനിൽ മാനസികമായി തളർന്നതു മാത്രമാണ് ഫലം. രാത്രിയിൽ എംഎൽഎ ക്വാർട്ടേഴ്സിൽനിന്നു ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ സുനിലിന്റെ മുഖത്തു കാണാവുന്ന മൗനം അതിനു ഉത്തമ തെളിവാണ്. നാട്ടിൽ ഉൽസാഹിയായി നടന്ന പയ്യനാണ്. ഇപ്പോൾ മിണ്ടാട്ടമില്ല.

ഹോളിസ്റ്റിക് ക്ലിനിക്കിൽ എത്തിയപ്പോൾ ആദ്യം ഡോക്‌ടറെ കാണാതെ മനോജ് പേഷ്യന്റ് റൂമിലേക്കു ചെന്നു. വെള്ളത്തുണി വിരിച്ച കിടക്കയിൽ സുനിൽ കണ്ണടച്ചു കിടക്കുകയാണ്. ഉറങ്ങുകയല്ല. മറിച്ചു കണ്ണുകൾ അധിക നേരം തുറന്നു പിടിക്കാൻ കഴിയാത്തതു കൊണ്ടാണ് അങ്ങിനെ.

ഹോളിസ്റ്റിക് ചികിൽസക്കു വിധേയനായ ആദ്യദിവസങ്ങളിൽ സുനിൽ വളരെ ആഹ്ലാദവാനായിരുന്നു. എല്ലാം കലങ്ങിത്തെളിയാൻ പോവുകയല്ലേ. അതിന്റെ സന്തോഷം. ഒഴിവുസമയങ്ങളിൽ സുനിൽ നിർത്താതെ സംസാരിച്ചു. കർണ്ണപടത്തിലും ചെവിക്കു പിന്നിലും ചെറിയ സൂചികൾ കുത്തി നിർത്തുമ്പോൾ തോന്നുന്ന വേദന, ഇലക്ട്രിക് പൾസുകളുടെ ശക്തിയിൽ സൂചികൾ വിറക്കുമ്പോൾ വേദന കൂടുന്നത്, കൺപുരികത്തിനു മുകളിൽ ഓരോ സൂചിവീതം കുത്തി നിർത്തിയതിനാൽ കണ്ണിമകൾ തുറക്കാൻ കഴിയാത്തതിനെ പറ്റി., സുനിലിനു പറയാൻ ക്ലേശങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പറയുന്നത് വളരെ സന്തോഷത്തോടെയാണ്. ചെറുപ്രായം മുതൽ പിടികൂടിയ ഒരു ന്യൂനത ഇല്ലാതാകാൻ പോവുകയാണ്. എങ്ങിനെ സന്തോഷിക്കാതിരിക്കും?

മനോജ് ഏറെ നേരം അനുജന്റെ മുഖത്തു നോക്കിനിന്നു. സുനിലിന്റെ ചെവിയിലും സമീപത്തും സൂചികൾ കുത്തി നിർത്തിയിട്ടുണ്ട്. തലയുടെ ഇരുവശത്തും കാന്തങ്ങൾ വച്ചിരിക്കുന്നു. മുറിയിൽ ആരെങ്കിലും വന്നതായി സുനിൽ അറിഞ്ഞിട്ടില്ല. മനോജ് അനുജന്റെ കൈത്തലം കയ്യിലെടുത്തു. സ്പർശത്താൽ ആളെ മനസ്സിലാക്കി, കണ്ണു തുറക്കാതെ സുനിൽ പുഞ്ചിരിച്ചു.

മനോജ് പറഞ്ഞു. “നമുക്ക് ഇന്നു തിരിച്ചു പോകാം.”

മനോജിനേയും കൂട്ടി വിൽസൻ ഡോക്‌ടറുടെ റൂമിൽ ചെന്നു. ഡോക്ടർ കൈ പിടിച്ചു കുലുക്കി എതിരെയുള്ള കസേരയിലേക്കു കൈചൂണ്ടി.

“ഇരിക്കൂ. എപ്പോൾ എത്തി?”

മനോജ് പറഞ്ഞു. “കുറച്ചുമുമ്പ്. വരുന്ന വഴിയാണ്.”

ഡോക്‌ടർ കാരണമില്ലാതെ ചിരിച്ച്, മേശപ്പുറത്തു കിടന്നിരുന്ന കേസ്ഷീറ്റ് വായിക്കാൻ തുടങ്ങി. അതു സുനിലിന്റേതാകണം. ഡോക്ടർ കുറച്ചുനേരം നിശബ്ദനായി. പിന്നെ പറഞ്ഞു തുടങ്ങി.

“സുനിലിന്റെ കാര്യത്തിൽ പുരോഗതിയുണ്ടാക്കാൻ ഞങ്ങൾക്കു സാധിച്ചില്ല മനോജ്. അതു തുറന്നുപറയാൻ മടിയില്ല. എവിടെയാണ് പിഴച്ചതെന്നു അറിയില്ല. ഇത്തരം കേസുകൾ ഞങ്ങൾ കൈകാര്യം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. എങ്കിലും സുനിലിന്റെ കാര്യത്തിൽ സാധാരണ പിന്തുടരാറുള്ള ചികിൽസാ രീതികൾ ഫലം കണ്ടില്ല. വേറൊരു അർത്ഥത്തിൽ പറഞ്ഞാൽ ശ്രവണ വ്യൂഹത്തിനു പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഭേദമാകേണ്ടതായിരുന്നു. പ്രത്യേകിച്ചും, നാൽപത്തിയൊന്നു ശതമാനം ന്യൂനത എന്തു തന്നെയായാലും ചികിൽസിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. അതിനാൽ കേൾവിക്കു വേറെയെന്തെങ്കിലും തകരാർ സംശയിക്കാവുന്നതാണ്.”

വിൽസൻ മനോജിനെ നോക്കി. ഇത്തരം കേസുകൾ കൈകാര്യം ചെയ്തു ഭേദമാക്കിയിട്ടുണ്ടെന്ന അവകാശവാദം അംഗീകരിച്ചിട്ടില്ലെന്നു മനോജിന്റെ മുഖഭാവം വെളിപ്പെടുത്തി.

മനോജ് പറഞ്ഞു. “സുനിലിനെ ഇന്നു ഡിസ്‌ചാർജ് ചെയ്യണം. ഇനിയും പോളിടെക്നിക്കിലെ ക്ലാസ്സുകൾ മിസായാൽ പരീക്ഷ കടുപ്പമാകും.”

“ചെയ്യാം.” ഡോക്ടർ സമ്മതിച്ചു. “പിന്നെ ചികിൽസയുടെ ചെലവിൽ ഞങ്ങൾ കുറവ് വരുത്തിയിട്ടുണ്ട്. സുനിലിന്റെ ന്യൂനത ഭേദമായില്ലല്ലോ.”

ഡോക്ടറോടു നന്ദി പറഞ്ഞു കൊണ്ടു ആ വാഗ്ദാനം നിരസിച്ചു. മുഴുവൻ തുകയും കൈമാറി. അരമണിക്കൂറിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഹോളിസ്റ്റിക് ക്ലിനിക്കിനോടു വിടപറഞ്ഞു.

രണ്ടാം ഭാഗം

ഹോളിസ്റ്റിക് ക്ലിനിക്കിൽ നിന്നിറങ്ങി, ഗേറ്റു കടന്നു നടക്കുമ്പോൾ ഞാൻ പിന്തിരിഞ്ഞു നോക്കിയില്ല. പിന്തിരിഞ്ഞു നോക്കേണ്ടതു മമത വിട്ടുപോകാത്ത ഇടത്തിലേക്കാണ്. അത്തരമൊരു ഇടത്തിൽ നിന്നല്ല ഇറങ്ങിവന്നത്. അവിടെ കഴിഞ്ഞ സമയമത്രയും, മമത പുറംലോകത്തോടായിരുന്നു. സൂചികളും കാന്തങ്ങളുമില്ലാത്ത ലോകത്തോട്. ആ ലോകത്തിലേക്കു ഞാൻ ഉൽസാഹപൂർവ്വം ഇറങ്ങി നടന്നു.

വിൽസൻ ഗൗരവം നടിച്ച്, കളിയായി പറഞ്ഞു. “ഡോക്‌ടർ അടുത്ത വെക്കേഷനും വരാൻ പറഞ്ഞിട്ടുണ്ട്.”

ഞാൻ ചോദ്യഭാവത്തിൽ ജ്യേഷ്ഠനെ നോക്കി. അദ്ദേഹം ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചു നടക്കുകയാണ്.

ഞാൻ വിൽസനെ അറിയിച്ചു. “അവിടത്തെ ഒരു ഡോക്‌ടർക്കു പലതും അറിയില്ല. പുതിയ ആളാണെന്നു തോന്നുന്നു. ഇന്നു ചെവിയിൽ മൊട്ടുസൂചി കുത്താൻ വന്നപ്പോൾ ഏതു കാതിനാണ് പ്രശ്നമെന്നു ചോദിച്ചു. എന്റെ കേസ്ഷീറ്റ് പോലും അദ്ദേഹം വായിച്ചെന്നു തോന്നുന്നില്ല. സൂചി കുത്തിയപ്പോഴാണെങ്കിൽ നല്ല വേദനയും തോന്നി.”

വിൽസൻ ജ്യേഷ്ഠനോടു ചോദിച്ചു. “ഇവരിങ്ങനെ മൊട്ടുസൂചി കുത്തി ഷോക്കടിപ്പിച്ചാൽ കേൾവിക്കുറവ് ഭേദമാകുമെന്നു നിനക്കു തോന്നുന്നുണ്ടോ?”

ജ്യേഷ്ഠൻ പറഞ്ഞു. “ഇപ്പോൾ ഒരു മാസത്തെ ചികിൽസ കഴിഞ്ഞതു കാരണം, ഭേദമാകില്ലെന്നു മനസ്സിലായി. പക്ഷേ ചികിൽസക്കു വന്ന കാലത്തു ഭേദമാകുമെന്നാണ് കരുതിയത്. അതൊക്കെ തെറ്റി.”

പിന്നീടു ഇരുവരും ഒന്നും മിണ്ടിയില്ല. ലോഡ്ജിൽ എത്തി ഞാൻ മുറിയിൽ കയറി. മുറിയോടു അത്രനാൾ തോന്നിയ വെറുപ്പ് മാറിയിരുന്നു. ടേപ്പ്റെക്കോർഡർ ഓൺ ചെയ്തു ഞാൻ കട്ടിലിൽ മലർന്നു കിടന്നു.

വിൽസൻ ചോദിച്ചു. “നിനക്ക് വിഷമമുണ്ടോ?”

ഞാൻ നിഷേധിച്ചു. “ഇല്ല സന്തോഷമാണ്. ഇന്നു തിരിച്ചു പോകാമല്ലോ.”

ജ്യേഷ്ഠൻ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടു, എന്റെ തലയിൽ തലോടി. കുറച്ചു കഴിഞ്ഞു ഇരുവരും നഗരം കാണാനിറങ്ങി. മ്യൂസിയത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും പോകുമായിരിക്കും. ഞാൻ അത്രനേരം മുറിക്കുള്ളിൽ ഒതുങ്ങാൻ ഇഷ്ടപ്പെട്ടു. അത്രയും നാൾ ലഭിക്കാത്ത ആശ്വാസവും സുരക്ഷിതത്വവും മുറി എനിയ്ക്കു പ്രദാനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിതി ഇതല്ലായിരുന്നു. ചികിൽസയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ ചികിൽസ ഫലിക്കാൻ പോകുന്നില്ലെന്നു ഊഹം കിട്ടിയിരുന്നു. ആദ്യഘട്ടത്തിനു ശേഷം ഡോക്ടർ വിൽസനോടു തുറന്നു പറയുകയും ചെയ്തു.

“പ്രതീക്ഷിച്ച പുരോഗതി ഇതുവരെ ഇല്ല. നമുക്കു രണ്ടാഴ്ച കൂടി ശ്രമിക്കാം.”

അതോടെ മനസ്സ് തകർന്നു. ലോഡ്ജ് മുറി ശത്രുവായി മാറി. എല്ലാ ദിവസവും ഉച്ചയോടെ ഹോളിസ്റ്റിക് ചികിൽസ കഴിഞ്ഞ് എത്തുമ്പോൾ മുറിയിലേക്കു കടക്കാൻ കഴിഞ്ഞില്ല. നെഞ്ചിലും തൊണ്ടയിലും ആകെ തിക്കുമുട്ടൽ. പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമം. ഭൗതികമായ യാതൊരു തടസങ്ങളും മുറിയിൽ പ്രവേശിക്കുന്നതിൽ നിന്നു എന്നെ തടഞ്ഞില്ല. പക്ഷേ മനസ്സ് മുറിയോടു കടുത്ത വെറുപ്പ് പ്രകടിപ്പിച്ചു. എന്തു ചെയ്തിട്ടും മുറിയിൽ കയറാൻ സമ്മതിച്ചില്ല. ചികിൽസയുടെ തുടക്കത്തിൽ ഡോക്ടർ നൽകിയ ഉറച്ച വാഗ്ദാനങ്ങൾ അദ്ദേഹം തന്നെ വിഴുങ്ങിയതിന്റെ ഫലം, എന്നിൽ ഉളവാക്കിയ സ്വാധീനമാകണം മുറിയോടുള്ള വെറുപ്പ്. നെഞ്ചിൽ കനം വീഴുമ്പോഴെല്ലാം ഞാൻ ടേപ്പ്റെക്കോർഡർ ഓൺ ചെയ്തു പാട്ടു കേൾക്കും. സംഗീതം മുറിയെ എന്റെ പ്രജ്ഞയിൽ നിന്നു താൽക്കാലികമായി അകറ്റി നിർത്തി.

രാത്രി. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആളുകൾ കുറവായിരുന്നു. കണ്ണൂർ എക്സ്‌പ്രസ് കയറാൻ വന്നിരിക്കുന്നവർ മാത്രം അവിടവിടെ ചിതറിനിന്നു. അപ്പുറത്തെ പ്ലാറ്റ്ഫോമിൽ ഒരു ചായ വില്പനക്കാരൻ ഇരിക്കുന്നുണ്ട്. വലിയ ചായ പാത്രത്തിന്റെ മൂടിക്കിടയിലെ വിടവിലൂടെ ചൂടുചായയുടെ ആവി അല്പാല്പമായി പുറത്തേക്കു വന്നു.

വിൽസൻ ചോദിച്ചു. “ചായ വേണോ?”

ഞാൻ നിരസിച്ചു. വിൽസൻ വീണ്ടും ചോദിച്ചു. “പിന്നെന്താണ് നോക്കിയിരിക്കുന്നത്?”

“ഞാൻ കഴിഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. ലാബിൽവച്ചു വിധുടീച്ചർ ഹോളിസ്റ്റിക് ചികിൽസയെ പറ്റി പറഞ്ഞതും, തിരുവനന്തപുരത്തു പ്രിലിമിനറി ചെക്കപ്പിനു വന്നതും, പിന്നെ ഇന്നു നടന്നതുമൊക്കെ.”

വിൽസൻ നിരുൽസാഹപ്പെടുത്തി. “അതൊന്നും ആലോചിക്കരുത്. ഇനി മുന്നോട്ടു നോക്കിയാൽ മതി. പിന്നോട്ടു വേണ്ട.”

എതിർ പ്ലാറ്റ്ഫോമിൽ വേണാട് എക്സ്പ്രസ്സ് എത്തി. നിറഞ്ഞിരുന്ന കമ്പാർട്ട്മെന്റുകൾ സാവധാനം കാലിയാകാൻ തുടങ്ങി. ഞാൻ വാച്ചിൽ നോക്കി. ഞങ്ങളുടെ ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഞാൻ ബെഞ്ചിൽ നിന്നു എഴുന്നേറ്റു പാളത്തിനരുകിൽ ചെന്നു. മഴച്ചാറ്റലുണ്ട്. വളരെ ഘനം കുറഞ്ഞ മഴത്തുള്ളികൾ അപ്പൂപ്പൻതാടി പോലെ പാറിക്കളിച്ചു മുഖത്തു വീണു. വിൽസന്റെ താക്കീത് അവഗണിച്ച് ഓർമകൾ പിന്നോട്ടു ഓടി.

ഹോളിസ്റ്റിക് ചികിൽസയുടെ ആദ്യ ദിവസം ഇരുചെവിയിലും, ചെവിക്കുടയുടെ മൂലത്തിൽ മൊട്ടുസൂചി പോലുള്ള സൂചി കുത്തുമ്പോൾ ലേഡി ഡോക്ടർ ചോദിച്ചു. “വേദനിച്ചോ.”

എനിക്കു നന്നായി വേദനിച്ചിരുന്നു. പക്ഷെ സാരമില്ല, സഹിക്കാവുന്നതേ ഉള്ളൂവെന്നു പറഞ്ഞു. മൊട്ടുസൂചിയിലൂടെ ഇലക്ട്രിക് പൾസുകൾ ഒന്നിനു പിറകെ ഒന്നായി എത്തിയപ്പോൾ വേദന കൂടി. ക്രമേണ അവിടം മരവിച്ചു. അദ്യത്തെ ഒരാഴ്ചയിൽ എല്ലാ ദിവസവും ഒരേ സ്ഥലത്തു തന്നെയാണ് ആറ് മൊട്ടുസൂചിയും ഡോക്ടർ കുത്തി നിർത്തിയത്. തലേന്നു കുത്തിയതിന്റെ മുറിവിലോ, അതിനടുത്തോ വീണ്ടും മൊട്ടുസൂചി കുത്തി നിർത്തുമ്പോൾ ഞാൻ വേദനയാൽ പുളയും. കാൽപാദങ്ങൾ വിറപ്പിച്ചു സഹിച്ചു കിടക്കും. രണ്ടാഴ്ച കഴിഞ്ഞതോടെ മൊട്ടുസൂചികൾ മുഖത്തിന്റെ വിവിധ ഭാഗങ്ങളെ കുത്തി നോവിക്കാൻ തുടങ്ങി. കൺപുരികത്തിനു മുകൾഭാഗത്ത്, കണ്ണുകൾ വാലിട്ടെഴുതിയാൽ വാൽ എത്തുന്ന അഗ്രഭാഗത്ത്, മീശക്കു മുകളിൽ, കീഴ്ചുണ്ടിനു താഴെ താടിക്കുഴിക്കു അടുത്ത്., ഇത്തരം ഇടങ്ങളിലൂടെ വൈദ്യുതി പ്രവഹിച്ചു.

നഷ്ടങ്ങളിൽ ഉഴറുന്ന എന്റെ ചിന്തകളെ വിൽസൻ മനസ്സിലാക്കിയെന്നു തോന്നി. അടുത്തേക്കു വന്നു എന്നെ ബെഞ്ചിലേക്കു കൂട്ടിക്കൊണ്ടു പോയി. വിഷയം മാറ്റാൻ വിൽസൻ ചോദിച്ചു.

“നീ ഫൈനൽ ഇയർ അല്ലേ. ഇനിയും പഠിക്കണം. ലാറ്ററൽ എൻട്രി വഴി എൻജിനീയറിങ്ങിനു ചേരണം.”

“അതിനു സാധ്യതയില്ല. ഒന്നുകിൽ എവിടെയെങ്കിലും അപ്രന്റീസ്ഷിപ്പിനു ചേരും, അല്ലെങ്കിൽ സേൽസ് ആൻഡ് സർവ്വീസിങ് സെന്ററിൽ ചേർന്നു പണി പഠിക്കും.”

“നാട്ടിൽ കമ്പ്യൂട്ടർ സേൽസും സർവ്വീസും ക്ലച്ച് പിടിക്കുമോ എന്നു പറയാൻ പറ്റില്ല.”

“ഞാൻ നാട്ടിൽ നിൽക്കാൻ സാധ്യതയില്ല.”

“പിന്നെ എവിടെ പോകും?”

എന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു. സ്വപ്നനഗരം എന്നെ മാടി വിളിച്ചു. “ബാംഗ്ലൂർ!”

വിൽസൻ പ്രേരിപ്പിച്ചു. “അതൊക്കെ നല്ലതു തന്നെ. എന്നാലും ഇനിയുള്ള കാലം ഡിപ്ലോമ കൊണ്ടുമാത്രം രക്ഷപ്പെടാൻ പറ്റുമെന്നു പറയാനാകില്ല. പറ്റാവുന്നത്ര പഠിക്കുക. അതാണ് സേഫ്.”

“ഞാൻ ഇനിയും പഠിച്ചാൽ വേറെ ചിലർ സേഫ് ആകില്ല.”

വിൽസൻ തലയാട്ടി, തോളിൽ തട്ടി അഭിനന്ദിച്ചു. പ്ലാറ്റ്ഫോമിൽ അനൗൺസ്മെന്റ് മുഴങ്ങി. കണ്ണൂർ എക്സ്പ്രസ്സ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കു എത്തുന്നു. ഞാൻ ബെഞ്ചിൽ നിന്നു എഴുന്നേറ്റു. വിൽസനോടു യാത്ര പറഞ്ഞു കമ്പാർട്ടുമെന്റിൽ കയറി. തിരുവനന്തപുരം നഗരത്തോടും വിടപറഞ്ഞു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല. തിരിച്ചു വരാൻ ആഗ്രഹവുമില്ല.

പതിനഞ്ചു മിനിറ്റിനു ശേഷം കണ്ണൂർ എക്സ്പ്രസ്സ് യാത്ര ആരംഭിച്ചു.

മൂന്നാം ഭാഗം

പോളിടെക്‌നിക്കിൽ എല്ലാം പഴയതു പോലെ ആയിരുന്നു. ഒരു മാസത്തോളം നീണ്ട എന്റെ അസാന്നിധ്യം ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. ആരാലും ചർച്ച ചെയ്യപ്പെട്ടുമില്ല. ഞാൻ അവർക്കു ആരുമല്ലെന്നു ഒരിക്കൽ കൂടി എനിക്കു ബോധ്യമായി.

രവി മാത്രം അന്വേഷിച്ചു. “കുറച്ചു ദിവസം നീ ഉണ്ടായിരുന്നില്ലല്ലോ. എവിടെ പോയി?”

“സുഖമില്ലായിരുന്നു. വൈറൽ ഫീവർ.”

ഞാൻ ഒഴിഞ്ഞുമാറി. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. വിൽസൻ ഉപദേശിച്ചത് പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഭൂതകാലത്തെ കുഴിച്ചു മൂടുക. തിരുവനന്തപുരം സന്ദർശനത്തെ പറ്റി ഓർക്കരുത്. പാസ്റ്റ് ഈസ് പാസ്റ്റ്.

ഉച്ചയ്ക്കു വിധു ടീച്ചർ ആളയച്ചു ലാബിലേക്കു വിളിപ്പിച്ചു. “എന്തുണ്ടായി സുനിൽ. ആർ യു ഓക്കെ?”

ഞാൻ മറുപടി പറഞ്ഞില്ല. തലകുനിച്ചു നിന്നു. മറക്കാൻ ശ്രമിക്കുന്തോറും തിരുവനന്തപുരം കൂടുതൽ തെളിഞ്ഞു വരികയാണ്.

ക്ലാസ്മുറിയിൽ ടീച്ചേഴ്സിന്റെ ലക്ചറുകൾക്ക് ഞാൻ ശ്രവണസഹായി വീണ്ടും ധരിച്ചു. അവ പ്രവർത്തനക്ഷമമായിരുന്നെങ്കിലും അവയിലൂടെ കേൾക്കുന്ന ശബ്ദങ്ങൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശ്രവണസഹായിയും എന്റെ ശ്രവണവ്യൂഹവും തമ്മിൽ എവിടെയോ കലഹിച്ചു. അവ ഒരിക്കലും പൊരുത്തപ്പെട്ടില്ല. അതിനു മുമ്പുള്ള മാസങ്ങളും അങ്ങിനെ തന്നെയായിരുനു. ശ്രവണ സഹായി അതു കേൾക്കുന്ന ശബ്ദങ്ങൾ (ഈ ശബ്ദങ്ങൾ ശ്രവണ സഹായി ഇല്ലാതെ തന്നെ എനിക്ക് കേൾക്കാം) ചെവിയിലേക്കു കൂടുതൽ ഉച്ചത്തിൽ പ്രതിവചിച്ചു. തലച്ചോറിനു ഈ ശബ്ദങ്ങൾ വേർതിരിച്ചെടുക്കാനായില്ല. തലച്ചോർ ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. മൃദുവായി സംസാരിച്ച് ക്ലാസെടുക്കാറുള്ള ടീച്ചേഴ്സിന്റെ സംഭാഷണം ശ്രവണസഹായി പിടിച്ചെടുത്തില്ല. അതേ സമയം റോഡിലൂടെ അനസ്യൂതമായി പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾ ഉച്ചത്തിൽ എന്നിലേക്കു കടത്തി വിട്ടു. അങ്ങിനെ ശ്രവണസഹായിയും എന്നിൽ ചോദ്യചിഹ്നമായി. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെ ഇരുമ്പു പാളത്തിൽ, ആ ചോദ്യചിഹ്നം ഞാൻ ചെവിയിൽനിന്നു ഊരിവച്ചു. എനിക്കു പിന്നിൽ തീവണ്ടി കൂകിപ്പാഞ്ഞു. കൺകോണിൽ ഒരിറ്റു ജലം ഉരുണ്ടുകൂടി. ചോദ്യചിഹ്നത്തിൽനിന്നു ഞാൻ അങ്ങിനെ മോചനം നേടി. പക്ഷേ പലരുടേയും സ്നേഹപൂർണമായ നിർബന്ധങ്ങൾക്കു വഴങ്ങി പിന്നീടും, പലപ്പോഴായി ശ്രവണസഹായികൾ ധരിക്കേണ്ടി വന്നു. അപ്പോഴെല്ലാം ചോദ്യചിഹ്നങ്ങൾ എന്നിൽ പുനസ്ഥാപിക്കപ്പെട്ടു. മനസ്സ് മടുക്കുമ്പോൾ ഞാൻ റെയിൽപാളങ്ങൾ അന്വേഷിച്ചു. പശ്ചാത്തലമായി തീവണ്ടികൾ വീണ്ടും കൂകിപ്പാഞ്ഞു.

ടീച്ചർ ഇല്ലാത്ത ക്ലാസ്മുറികൾ എന്റെ മൗനത്തെ പുഷ്ടിപ്പെടുത്തി. വിദ്യാർത്ഥികൾ നിറഞ്ഞ വരാന്തയും ഏകാന്തത വളർത്തി. ടീച്ചേഴ്സും വിദ്യാർത്ഥികളും എത്തിയിട്ടില്ലാത്ത പ്രഭാതങ്ങളിൽ, പോർട്ടിക്കോവിലെ ചില്ലുവാതിലിനു താഴെയിരുന്ന് രവി മാത്രം എന്നോടു സംസാരിച്ചു.

“അർത്ഥശൂന്യമായ വാക്കുകളേക്കാൾ നല്ലത് സംസാരിക്കാതിരിക്കുന്നതാണ്.”

വാക്കുകളുടെ ധർമ്മം, വാക്കുകൾ കേൾക്കുന്ന വ്യക്തിയിൽ ഉളവാക്കേണ്ടത്, പരിമിതമാണെങ്കിൽ രവി പറഞ്ഞതു ശരിയാണ്‌. എങ്കിലും സത്യം അതല്ലല്ലോ. മറ്റുള്ളവരുമായുള്ള ഇടപഴകലും, സംസാരവുമാണ്‌ ഓരോ വ്യക്തിയുടെയും മാനസികനിലയെ നോർമലായി നിലനിർത്തുന്നത്. പ്രസക്തമായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്നത് മനസ്സിൽ സമ്മർദ്ദം കൂട്ടും. സംശയമില്ല. അവ നമ്മുടെ ‘അറിയുക’ എന്ന ചോദനയെ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും മനസ്സിനെ ലാഘവമാക്കുന്നതിൽ പരാജയമാണ്. പ്രസക്തമല്ലാത്ത കൊച്ചു വർത്തമാനങ്ങൾക്കും, കളിചിരി സംഭാഷണങ്ങൾക്കും നമ്മിലുള്ള സ്വാധീനത്തെ അവഗണിക്കുക വയ്യ. നമ്മൾ എകനല്ല, സുഹൃത്തുക്കൾക്കിടയിലാണ് എന്ന ബോധം ഉളവാക്കുന്നതു അത്തരം സംഭാഷണങ്ങളാണ്‌. കാര്യമാത്ര പ്രസക്തമായ ‘ഉച്ചാരണങ്ങൾ’, ഇത്തരത്തിൽ നോക്കിയാൽ, മനസ്സിനു ആഘാതമാണ്‌.

പോളിടെക്നിക്കിലെ അവസാന കാലം രസകരമായിരുന്നു. അന്നുവരെ അകന്നുനിന്ന സഹപാഠികളിൽ ചിലർ, തോളിൽ കയ്യിട്ടു നടക്കാൻ ഉൽസാഹം കാട്ടി. ഉച്ചസമയത്തു പോർട്ടിക്കോയിലിരുന്നു ഗോവിന്ദാഗോവിന്ദാ… പാടുന്ന സംഘത്തിൽ ഞാനും അംഗമായി. വോളിബോൾ കോർട്ടിൽ ലിഫ്റ്റ് പൊസിഷൻ എന്നും എനിക്കായി ഒഴിഞ്ഞു കിടന്നു., അങ്ങിനെ കുറച്ചധികം മാറ്റങ്ങൾ. എന്നെ സംബന്ധിച്ചു പോളിടെക്നിക് ജീവിതം ആരംഭിച്ച്, ആസ്വദിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മറ്റുള്ളവർക്കു അതു അവസാനിച്ചു കഴിഞ്ഞിരുന്നു. എനിക്കായി ആരും കാത്തു നിന്നില്ല. അതിനു വയ്യല്ലോ.

മൂന്നാം ടേമിലെ അവസാനത്തെ പരീക്ഷയെഴുതി ഓരോരുത്തരായി കലാലയത്തിന്റെ പടിയിറങ്ങി. അവസാനം പോർട്ടിക്കോയിലെ ചില്ലുവാതിലിനു താഴെനിന്നു ‘പ്രയാസപ്പെട്ടു’ എഴുന്നേറ്റ് രവിയും മുഖം തുടച്ചു. ഒരുമിച്ച് ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ രവി എന്നോടു ചോദിച്ചു.

“നീ സന്തോഷവാനാണോ?”

ആ ചോദ്യം അനാവശ്യമായിരുന്നു. മറുപടിയും. ഞാൻ ഒന്നും മിണ്ടിയില്ല.

***************

തിരുവനന്തപുരത്തു എനിക്കു രണ്ടു എപ്പിസഡുകൾ അവതരിപ്പിക്കാൻ ഉണ്ടായിരുന്നു. ഹോളിസ്റ്റിക് ചികിൽസ ഒന്നാം ഘട്ടത്തിൽ നിറഞ്ഞാടി. ഞാൻ അന്നു ഏകനായിരുന്നു. നഗരത്തിൽ അലയുമ്പോൾ ചുറ്റും കാണുന്നവയെ കുറിച്ച് പറഞ്ഞു രസിക്കാനും മാനസിക സംഘർഷങ്ങളെ കുറിച്ചു പറഞ്ഞു സങ്കടപ്പെടാനും ആരും കൂട്ടില്ലായിരുന്നു. അതിനാൽ തന്നെ രണ്ടാം എപ്പിസഡിൽ അഭിനയിക്കാൻ, വീണ്ടും ഒരിക്കൽ കൂടി തിരുവനന്തപുരത്തു എത്തേണ്ടി വരുമെന്നു മനസ്സിലായപ്പോൾ മനസ്സ് ചെറുത്തു നിന്നു. ഒരു വർഷം നീണ്ട കെൽട്രോണിലെ അപ്രന്റീസ്‌ഷിപ്പ് ട്രെയിനിങ്ങ്. ഈ രണ്ടാം ഘട്ടത്തെ അതിജീവിക്കാൻ എനിക്കു പക്ഷേ കൂട്ടുണ്ടായിരുന്നു. രാജു ആ റോൾ ഭംഗിയായി നിർവഹിച്ചു.

(അഞ്ചാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

Featured Image Drawing – Savin Vasudevan.Categories: ഒരു ബധിരന്റെ ആത്മകഥ കുറിപ്പുകൾ, Uncategorized

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: