നീശന്‍

അന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ കുട്ടന്‍പൂശാരി ഞെട്ടിയുണര്‍ന്നു. പരീക്കപ്പാടത്തിന്റെ നാലതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏങ്ങലടികള്‍ കീറപ്പായയിലെത്തി പൂശാരിയെ കുലുക്കിയുണര്‍ത്തി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഇരുള്‍മൂടിയ മുറ്റവും തെക്കുഭാഗത്തെ സര്‍പ്പക്കാവും മങ്ങിതെളിഞ്ഞു. പരദൈവങ്ങള്‍ പോലും സുഖസുഷുപ്തിയിലാണ്. എന്നിട്ടും രാവുകള്‍ തോറും താന്‍ മാത്രം എന്തിനു വിളിച്ചുണര്‍ത്തപ്പെടുന്നു. ഉത്തരമറിയാതെ പൂശാരി ഉഴറി.

കാവിമുണ്ടിന്റെ കോന്തലയില്‍ വിയര്‍പ്പുപൊടിഞ്ഞ മുഖം പൂശാരി അമര്‍ത്തിത്തുടച്ചു. മെടഞ്ഞ തെങ്ങോല കനത്തില്‍ അടുക്കിക്കെട്ടിയ ചുമരില്‍ചാരി വിശാലമായി പരന്നുകിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു നോട്ടമയച്ചു. പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍‌കുളത്തിന്റെ കരയില്‍ കനത്ത ഇരുട്ട്. അവിടെനിന്നു കാതുതുളച്ചുവരുന്ന പേടിപ്പെടുത്തുന്ന വിലാപങ്ങള്‍. ഇന്ദ്രിയങ്ങള്‍ പണ്ടത്തേക്കാളും ഊര്‍ജ്വസ്വലമായതുപോലെ. ഒരുകാലത്തു കേള്‍ക്കാതിരുന്ന പലതും ഇപ്പോള്‍ കേള്‍ക്കുന്നു.

ജീവിതസായാഹ്നത്തില്‍ അച്ഛനും ഇങ്ങിനെയായിരുന്നു. രാത്രിയില്‍ പതിയന്‍‌കുളത്തിന്‍‌നിന്നു ഏങ്ങലടികള്‍ കേള്‍ക്കുന്നെന്നു പലരോടും പറഞ്ഞു. കേട്ടവരെല്ലാം ഉടന്‍ തീര്‍പ്പും കല്പിച്ചു.

“ചാത്തന്‍ പൂശാരിക് പ്രാന്താ. മുട്ടന്‍ പ്രാന്ത്. പതിയങ്കൊളത്തീന്ന് രാത്തിരി ആരാണ്ട്ടെ കരച്ചില് കേക്കണൂന്ന്. ഹഹഹഹ…”

ഭ്രാന്താണെന്നു സംശയിച്ചവരുടെ മുന്‍‌പന്തിയില്‍ താനുമുണ്ടായിരുന്നിലേ?. ഒരേ പായയില്‍ കിടക്കുമ്പോള്‍ അരോ കരയുന്നെന്നു പറഞ്ഞ് അകലേക്കു നിന്‍‌മിഷേനനായി നോക്കിനില്‍ക്കുന്ന അച്ഛനെ ഭയമായിരുന്നു. തിണ്ണയിലെ കിടപ്പ് അകത്തേക്കു മാറ്റുകയാണെന്നു അറിയിച്ചപ്പോള്‍ ആ മുഖത്തു ചിരിവിരിഞ്ഞു. അച്ഛൻ അടുത്തു നിര്‍ത്തി ഒന്നും മിണ്ടാതെ തലമുടിയില്‍ തഴുകി. അച്ഛന്‍ എല്ലാം മനസ്സിലാക്കിയിരുന്നു. പക്ഷേ തിരിച്ചങ്ങോട്ട് മനസ്സിലാക്കാന്‍ വൈകി.

പാടത്തുനിന്നു വീശിവരുന്ന കാറ്റിനൊപ്പം എത്തിയ ഏങ്ങലടികള്‍ കുട്ടന്‍പൂശാരിയെ തെല്ലും ഭയപ്പെടുത്തിയില്ല. ചാണകം മെഴുകിയ തറയില്‍ കണ്ണുകള്‍ അരിച്ചരിച്ചു നടന്നു. മൂലയില്‍ കറുത്ത തുണികൊണ്ടു പാതിമൂടിയ ഉരുട്ടുചെണ്ടയില്‍ നോട്ടമുറച്ചു. ചെണ്ടപ്പുറങ്ങളെ അന്യോന്യം വലിച്ചുമുറുക്കിയിരുന്ന പ്ലാസ്റ്റിക് കയര്‍ പലയിടത്തും ഉരഞ്ഞു ഇഴപിന്നിയിരുന്നു. അതിനിടയില്‍ തിരുകിയ ചെണ്ടക്കോലുകളിലൊന്ന് പൂശാരി വലിച്ചെടുത്തു. മനസ്സില്‍ കയ്പേറിയ ഓര്‍മകളുടെ ഘോഷയാത്ര. അതിലെ അപരിചിതമുഖങ്ങള്‍ ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞു.

“പൂശാരിയായാല്‍ കുലചിഹ്നങ്ങളെ മായ്‌ക്കാന്‍ കഴിയുമെന്നു നീ കരുതിയോ കുട്ടാ?”

മുഖമില്ലാത്ത ചോദ്യകര്‍ത്താവിന്റെ പരിഹാസത്തിനുമുന്നില്‍ തലകുനിച്ചു. ഇല്ല, സാധിക്കില്ല. ഇപ്പോള്‍ അതു മനസ്സിലാക്കുന്നു. അന്നതിനു കഴിഞ്ഞില്ല. കാരണം എല്ലാത്തിനും മുന്‍‌പന്തിയില്‍ നിന്നത് അനിയന്‍‌കുട്ടിയായിരുന്നു.

മൂന്നാഴ്ചമുമ്പ് പണിക്കരുടെ കാവില്‍ ഗുരുതി കഴിച്ചുവന്നു വിയപ്പാറ്റുമ്പോഴാണ് പൂശാരിയെ കാണാന്‍ അനിയന്‍‌കുട്ടി എത്തിയത്. മൂത്താരുടെ വകയിലൊരു ബന്ധു. അതൊരു വിശേഷണം മാത്രം. സ്വഭാവം നേരെ വിപരീതമാണ്. കുടിലിനുചുറ്റും പേങ്ങന്‍ പത്തലുപയോഗിച്ചു വേലി കെട്ടുന്നുണ്ടായിരുന്നു. അതിനടുത്തെ ചെറിയ അടയ്‌ക്കമരം ചൂണ്ടി അനിയന്‍‌കുട്ടി പറഞ്ഞു.

“വേലിക്ക് നല്ലത് ഇല്ലി തന്നേണ്. കൊന്ന വെട്ടീല്ലെങ്കി ഇത് മൊരടിക്കും.”

പൂശാരി തലയാട്ടി സമ്മതിച്ചു. നോക്കെത്താദൂരം പരന്നുകിടക്കുന്ന മൂത്താരുടെ പറമ്പും പാടവും നോക്കിനടത്തുന്നത് ആളാണ് പറയുന്നത്. ആ കുടുംബത്തില്‍ ആരിലും ദര്‍ശിക്കാനാകാത്ത മണ്ണിന്റെ മണം അദ്ദേഹത്തില്‍ തികച്ചുമുണ്ട്. പറയുന്നത് പാഴ്‌വാക്കാവില്ല. കാല്‍‌ കവച്ചു കൊട്ടോമ്പടി കടന്നു അനിയന്‍‌കുട്ടി സര്‍പ്പക്കാവിനു നേരെനിന്നു തൊഴുതു. അതുകണ്ട് പൂശാരി സന്തോഷിച്ചു, പലകാരണങ്ങളാലും.

ചെളിയടര്‍ന്നു പോയി ചെങ്കല്ലുകള്‍ പുറത്തുകാണാവുന്ന തിണ്ണയില്‍ അനിയന്‍‌കുട്ടി ഇരുന്നു. വന്നകാര്യം ചുരുങ്ങിയവാക്കുകളില്‍ അവതരിപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞിട്ടും കുട്ടന്‍പൂശാരി മൌനം തുടര്‍ന്നു. കൊഴിഞ്ഞുവീഴാറായ പല്ലുകള്‍ക്കിടയില്‍ മുറുക്കാനുണ്ടെന്നു വിളിച്ചറിയിച്ച് താടിയെല്ല് മാത്രം മന്ദം ചലിച്ചു.

“ഇന്നത്തെക്കാലത്ത് ആരും നീശന് പൂജ ചെയ്യാറില്യ”

ആരോടെന്നില്ലാതെ ഒരു അറിയിപ്പുമാത്രമായിരുന്നു അത്. വിമുഖതയും മുറ്റിനില്‍ക്കുന്നുണ്ടായിരുന്നു. ‘ഇംഗിതം മനസ്സിലായില്ലേ. ഇനിയും കാക്കണോ’ എന്നൊരു ചോദ്യം ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കി അനിയന്‍‌കുട്ടി കൂടുതല്‍ വിശദീകരിച്ചു.

“മൂത്താര്ക്ക് എന്തോ നിര്‍ബന്ധം… പേടി തട്ടീണ്ട്ന്നാ എനിക്ക് തോന്നണെ”

“എന്തിന്?”

“പാടം ഉഴാന്‍ കൊണ്ടന്ന കാളേടെ കൊമ്പീന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചാന്നാ പണിക്കാര് പറഞ്ഞെ. നേരിട്ട് ഞാഞ്ചോതിച്ചട്ടില്ല്യാ. വേലുക്കുട്ടിക്ക്‍ണ്ടായ അനുഭവം ഓര്‍മേള്ളതോണ്ട് മൂത്താര് മിനിഞ്ഞാന്ന് കൈമള്‍ടെ അട്ത്ത് പോയിര്ന്നു. പൂജ മൊടങ്ങിക്കെടക്കണേല് ‘നീശന്‘ അനിഷം‌ണ്ട്ന്നാണ് പ്രശ്നത്തീക്കണ്ടെ”

ആരോ പറഞ്ഞകാര്യം പൂശാരി ഓര്‍ത്തു. “അനിയന്‍ പോറ്റിയോട് ചോദിച്ചൂലേ”

അനിയന്‍‌കുട്ടി സ്വരം താഴ്ത്തി. “കാര്യറിയാണ്ട് പറ്റീതാണ്. കിട്ട്യ മറുപടി മോശാ.”

കൊല്ലങ്ങളായി പൂജചെയ്യാതെ പ്ലാവിനു കീഴില്‍ കുടിയിരുത്തിയിരിക്കുന്ന നീശന് പൂജകഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ശാന്തിക്കാരന്‍ പോറ്റിയുടെ മുഖത്തു പുശ്ചം.

“ഞാന്‍ തന്നെ പൂജ ചെയ്യണംന്ന് അനിയനു നിര്‍ബന്ധാ!”

ഒന്നും മനസ്സിലായില്ല. വാരര് അടുത്തേക്കുവിളിച്ച് പറഞ്ഞു. നാല്‍കാലികളെ കാക്കുന്ന ‘നീശന്‍‘ അധമദൈവമാണ് പോലും. നമ്പൂതിരിമാര്‍ പൂജ ചെയ്യില്ലത്രെ.

വാഴയിലക്കീറില്‍ പ്രസാദംവാങ്ങുമ്പോള്‍ വാരര് കൂട്ടിച്ചേര്‍ത്തു. “അനിയന്‍ കുട്ടനോടൊന്ന് ചോയ്ച്ച് നോക്ക്. ചെലപ്പോ വരും“

ഭഗവതിക്ക് തുള്ളുന്ന കുട്ടന്‍പൂശാരിക്ക് ഇങ്ങിനേയും ചില വേഷപ്പകര്‍ച്ചകളുണ്ടെന്ന് അറിയില്ലായിരുന്നു. പൂശാരി എന്നു ചിലര്‍ വിളിക്കുന്നതിലെ യുക്തി പിടികിട്ടിയതും അപ്പോള്‍തന്നെ.

ഏറെസമയം കഴിഞ്ഞും പൂശാരിയുടെ മൌനം മുറിയുന്നില്ലെന്നുകണ്ടു അനിയന്‍‌കുട്ടി എഴുന്നേറ്റു. മല്‍‌മല്‍‌മുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന ചാണകപ്പൊട്ടുകള്‍ തട്ടിക്കുടഞ്ഞു.

“അപ്പോ ഞാനെറങ്ങാണ്. പൂശാരി എന്താന്ന് വെച്ചാ ആലോചിച്ച് പറയാ. മേടംവരെ നമക്ക് സമയണ്ട്” കൊട്ടോമ്പടി കടന്നു തിരിഞ്ഞുനിന്നു. “പൂജ കഴിച്ചില്ലെങ്കി തൊഴുത്ത് പൊളിക്കൂന്നാ തോന്നണെ”

വഴുക്കുന്ന പാടവരമ്പത്തുകൂടി അനിയന്‍‌കുട്ടി ധൃതിയില്‍ നടന്നു മറഞ്ഞു. ആ പോക്കുനോക്കി പൂശാരി ഉരുട്ടുചെണ്ടയില്‍ കൈമുട്ടൂന്നി തലതാങ്ങി. ചേണ്ടപ്പുറത്തു മടക്കിവച്ചിരുന്ന ചെമ്പട്ട് പൂശാരിയുടെ മനസ്സിനെ ഉഴുതുമറിച്ചു.

ബഹിഷ്കൃതനാണ് താന്‍, എന്നും എല്ലായിടത്തും. കല്പിച്ചിരിക്കുന്ന സ്ഥാനം പുറമ്പോക്കിലും. പക്ഷേ ചുവന്നതറ്റുടുത്ത് വാളും ചിലമ്പുമായി ഉറഞ്ഞുതുള്ളുമ്പോള്‍ കുട്ടന്‍ രൂപപരിണാമം വന്നു കുട്ടന്‍ പൂശാരിയാവുകയായി. അകറ്റിനിര്‍ത്തുന്നവര്‍ ആ സമയത്ത് ഭക്തിപാരവശ്യത്താല്‍ കൈകള്‍ കൂപ്പും. അപ്പോള്‍ ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന അമര്‍ഷത്തിനു തീജ്വാലകളുടെ ചൂടാണ്. വലംകയ്യിലിരുന്ന് വിറക്കുന്ന പള്ളിവാള്‍ ആഞ്ഞുവീശി കുമ്പിടുന്ന തലകള്‍ കൊയ്യാന്‍ മനമായും. പക്ഷേ കഴിഞ്ഞിട്ടില്ല. വെളിച്ചപ്പാടിന് വാള്‍ അലങ്കാരമാണ്. ആയുധമല്ല. പരിഹാരം ഓതുകയാണ് ധര്‍മ്മം. ശിക്ഷ നടത്തുകയല്ല. ശിക്ഷ നടത്തുന്നുവെങ്കില്‍ അത് സ്വന്തം മേനിയില്‍ മാത്രം. ആയുധമാകുന്നത് സ്വമേനിയില്‍ മാത്രം. അതാണ് ശാസ്ത്രം. നൂറ്റാണ്ടുകളായി കുലം പേറുന്ന വേദനക്കുമുന്നില്‍ ഉച്ചിയില്‍ ആഞ്ഞുവെട്ടുമ്പോള്‍ തോന്നുന്ന ശാരീരികവേദന എത്ര നിസാരം.

ഏറെസമയം കഴിഞ്ഞിട്ടും പൂശാരിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

പക്ഷേ അന്നുരാത്രി സന്ദേഹിയുടെ മനസ്സോടെ കിടന്ന പൂശാരിയെത്തേടി ഭഗവതിയുടെ കല്പനയെത്തി. ചെമ്പട്ട് പുതച്ച കാളിരൂപം ദര്‍ശിച്ച് ഉറക്കത്തില്‍‌നിന്നു ഞെട്ടിയുണര്‍ന്നു. സര്‍പ്പക്കാവില്‍ സന്ധ്യയ്ക്കണച്ച നിലവിളക്കില്‍ ആളിക്കത്തുന്ന ഏഴുതിരികള്‍. പൂശാരി പിന്നെ അമാന്തിച്ചില്ല. പിറ്റേന്ന് അനിയന്‍‌കുട്ടിയോട് സമ്മതം മൂളി. മൂത്താരുടെ വീട്ടിൽ പോയി നീശനെ കുടിയിരുത്തിയിരിക്കുന്ന കാവ് വെട്ടിത്തെളിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തി. ചെമ്പട്ടുടുത്ത് ഇരുപത്തൊന്നു ദിവസം വ്രതമെടുത്തു. കള്ളും വറുത്തഅരിയും നേദിച്ച് നീശനെ തൃപ്തനാക്കി. പ്ലാവിലയില്‍ ചുവന്ന ഗുരുതിപ്രസാദം ഇറ്റിച്ചു നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മൂത്താരും ബഹുമാനത്താല്‍ തലകുനിച്ചു. പൂശാരി ആരും കാണാതെ മന്ദഹസിച്ചു.

കൊട്ടും പാട്ടും പൂര്‍ത്തിയാക്കി എട്ടിടങ്ങഴി അരിക്കായി കാക്കുമ്പോള്‍ അനിയന്‍‌കുട്ടി കോലായിലേക്ക് ക്ഷണിച്ചു.

“പൂശാരി ഇങ്ങട് കേറിയിരുന്നോളൂ”

ചെണ്ട താഴെവച്ചു. തോര്‍ത്തുകൊണ്ടു വിയര്‍പ്പുപൊടിഞ്ഞ മുഖം തുടച്ചു.

“കാവില്‍ ഒരു ശിവപ്രതിഷ്ഠകൂടെ വച്ചാലെന്താ?”

“അങ്ങനെ ചെയ്യാന്‍ തീരുമാനല്യ. ദേവി മതി ഞങ്ങക്ക്…”

അനിയന്‍‌കുട്ടി പുഞ്ചിരിച്ചു. “ന്നാലും…”

കളിപറയുകയാണെന്നു മനസ്സിലാക്കി രണ്ടുപേരും ചിരിച്ചു. അകത്തുനിന്നു മൂത്താരുടെ ശബ്ദമുയര്‍ന്നു.

“അനിയാ ഒന്നിവിടെ വരാ”

ചാരുകസേരപ്പടിയില്‍ കിടന്നിരുന്ന തോര്‍ത്തുമുണ്ട് കുടഞ്ഞു തോളത്തിട്ടു അനിയന്‍‌കുട്ടി അകത്തേക്കു ചെന്നു. എട്ടിടങ്ങി അരിക്കായി കാത്തുനിന്ന പൂശാരിയുടെ കാതില്‍ വാക്കുകള്‍ ഉരുകി വീണു. അതിന്റെ വേദനയില്‍ പുളഞ്ഞ മനസ്സ് ഓര്‍മപ്പെടുത്തി. കാലം മാറിയിട്ടില്ല.

“പൂശാരീന്നതൊക്കെ ശര്യന്നെ. ന്നാലും കോലായില്‍…”

അരിക്കു കാത്തുനില്‍ക്കാതെ പടിപ്പുര കടക്കുന്ന പൂശാരിയെ അനിയന്‍‌കുട്ടി തിരിച്ചുവിളിച്ചില്ല. തെറ്റ് പറ്റിയതു തനിക്കുതന്നെയാണ്. പാതിമനസ്സോടെ നിന്ന പൂശാരിയെ നിര്‍ബന്ധിച്ചു പൂജക്കു കൊണ്ടുവന്ന തെറ്റ്.

അന്നുരാത്രി പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍‌കുളത്തിലെ ഏങ്ങലടികള്‍ കുട്ടന്‍‌പൂശാരി ആദ്യമായി കേട്ടു. പിന്നീടവ പതിവായി ക്ഷണിക്കാതെവന്നു ഉറക്കംകെടുത്തി. ഒരിക്കല്‍ അച്ഛനെ നിത്യേന വിളിച്ചുണര്‍ത്തിയിരുന്ന അതേ ശബ്ദങ്ങള്‍. ആരോടും ഒന്നും സൂചിപ്പിച്ചില്ല. ഭ്രാന്തനെന്നു മുദ്ര കുത്താന്‍ കാത്തിരിക്കുന്നവര്‍ ഒന്നും രണ്ടുമായിരിക്കില്ല.

മണ്ണെണ്ണവിളക്കിന്റെ വെളിച്ചക്കീറുകള്‍ക്ക് അപ്പുറം കട്ടപിടിച്ച ഇരുട്ട്. അകലെ പതിയന്‍‌കുളത്തിന്റെ കരയില്‍ നിലാവിന്റെ നേര്‍ത്തപാട പരന്നിരുന്നു. എന്തിനോ നാന്ദി കുറിക്കാന്‍ ആരൊക്കെയോ ഒരുങ്ങുകയാണ്. അരുകിലുള്ള ഉരുട്ടുചെണ്ടയെ ആദ്യമായി കാണുന്നപോലെ കുട്ടന്‍പൂശാരി നോക്കി. തലമുറകള്‍ കൈമാറിവന്ന വാദ്യം. പണ്ട് രാവിന്റെ നിശബ്ദതയെ ഭേദിച്ച് ചെണ്ടകൊട്ടാറുള്ള അച്ഛനെനോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്. തിരുവാതിര ഞാറ്റുവേലപോലെ നിര്‍ബാധം വീഴുന്ന ചെണ്ടക്കോലുകള്‍ നിശ്ചലമാകുമ്പോള്‍ പതിവുസംശയം ആരായും.

“എന്തിനാ അച്ഛാ രാത്രീല് ചെണ്ടകൊട്ടണെ?”

എല്ലാതവണയും കുടിലിനുമുന്നില്‍ തരിശായി പരന്നുകിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു അച്ഛന്‍ വിരല്‍‌ചൂണ്ടും. ജീവിതംമടുത്തു ആത്മാഹുതി ചെയ്തവരുടെ ചോരയും നീരും കലര്‍ന്നു വെള്ളംകറുത്ത, പായല്‍ മൂടിയ പതിയന്‍‌കുളത്തിലേക്കു വിരല്‍‌ചൂണ്ടും.

“കുട്ടാ ആത്മാക്കള്… അവര് കേഴാണ് കുട്ടാ. ഗതി കിട്ടാതെ… അവര്ടെ വിടുതിക്കാണ് ഞാന്‍ ചെണ്ടക്കോലെടുക്കണെ“

രാവിന്റെ നിശബ്ദതയില്‍ കുളത്തില്‍ മുങ്ങിമരിച്ചവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ ദീനമായി വിലപിക്കുമെന്ന്. അതാണത്രെ അച്ഛനെ നിത്യവും വിളിച്ചുണര്‍ത്തുന്നത്. പറയുന്നത് സത്യമാണെന്നു തോന്നി. അച്ഛനെ ഭ്രാന്തനെന്നു വിളിച്ച് ആക്ഷേപിക്കുന്ന ആർക്കുമറിയാത്ത സത്യം. അച്ചനെ ആരാധനയോടെ നോക്കി.

“പക്ഷേ എനിക്ക് കഴിയൂന്ന് തോന്നണില്ല“

“ങ്ഹേ?”

“അതിന്… അതിന് വിളിച്ചാ വിളിപ്പൊറത്തു ഭഗവത്യെ വരത്തണ പൂശാരി വേണം. ഭാവീല് അങ്ങനൊരാള്‍ വരും. വരാണ്ടിരിക്കില്ല”

എണ്‍പതാം വയസ്സില്‍ കാവും നാഗത്തറയും പള്ളിവാളും മകനെ ഏല്‍പ്പിച്ച് അച്ഛനും പോയി. ഒഴുക്കില്ലാത്ത കറുത്തവെള്ളമുള്ള പതിയാന്‍‌കുളത്തിന്റെ ആഴങ്ങളിലേക്ക്. ആത്മാക്കള്‍ക്ക് വിടുതിനല്‍കാനാവാത്തതില്‍ മനം‌നൊന്ത ആ മനസ്സ് അവരിലൊരാളായി കുളത്തിന്റെ ആഴങ്ങളില്‍ സമാധിയായി. അതിനുശേഷം ഉറക്കം വരാത്ത രാവുകളില്‍ പരീക്കപ്പാടത്തില്‍ നാലതിരുകളില്‍ തട്ടി മാറ്റൊലി കൊള്ളുന്ന അലര്‍ച്ചകളില്‍ അച്ഛന്റെ സാന്നിധ്യവും മകന്‍ അറിയുന്നുണ്ട്.

കുട്ടന്‍‌പൂശാരിയുടെ മനസ്സ് മന്തിച്ചു.
ഇനി തന്റെ ഊഴമാണ്.
പൂര്‍വ്വികര്‍ ബാക്കിവച്ചതെല്ലാം പൂര്‍ത്തീകരിക്കേണ്ടത് തന്റെ കടമയാണ്.

പൂശാരി കിണറ്റിന്‍‌കരയിലേക്കു നടന്നു. കമുകിന്‍പാളകൊണ്ടു ഏഴുതവണ വെള്ളംകോരി തലയിലൊഴിച്ചു. പഞ്ചേന്ദ്രിയങ്ങളെ ഉന്മേഷഭരിതമാക്കി പാതിനഗ്നമായ മേനിയിലൂടെ ജലമൊഴുകി. നീണ്ട മുടിയിഴകളിലൂടെ, താടിയിലൂടെ, പ്രജ്ഞയിലൂടെ തണുത്ത ജലം ഒഴുകിയിറങ്ങി. നനഞ്ഞൊട്ടിയ ചുവന്നതറ്റ് പിഴിഞ്ഞ് വീണ്ടുമുടുത്തു. കോലായുടെ മേല്‍ക്കൂരയില്‍ തൂങ്ങുന്ന ചെറിയ മണ്‍‌കുടത്തിലെ ഭസ്മം നെറ്റിയിലും കൈത്തണ്ടയിലും പൂശി. ഒരുനുള്ള് വാരി വായിലിട്ടു രുചിച്ചു.

സര്‍പ്പക്കാവിലെ നിലവിളക്കില്‍ ഏഴുതിരിയിട്ടു എണ്ണയൊഴിച്ച് കത്തിച്ചു. കാവും കാരണവന്മാരെ കുടിയിരുത്തിയ തറയും ദീപപ്രഭയില്‍ ഭീകരഭാവം പൂണ്ടു. ചെണ്ടക്കോല്‍ കയ്യിലേന്തി രണ്ടുകൈമുട്ടും ചേര്‍ത്തുവച്ചു പൂശാരി കൈകൂപ്പി പ്രാര്‍ത്ഥിച്ചു, പരദൈവങ്ങളോട്. പിന്നെ സര്‍വ്വവും കാക്കുന്ന പരം‌പൊരുളിനോട്. ഏകാഗ്രമായ നീണ്ട ധ്യാനം. അതിനൊടുവില്‍ നാടും ദിക്കുകളുമുണര്‍ത്തി അസുരവാദ്യത്തിന്റെ അലകളുയര്‍ന്നു. പിതൃക്കളെ ഉള്ളില്‍ സ്മരിച്ചു കുട്ടന്‍പൂശാരി മനം‌നൊന്തു പാടി.

“നീശന്‍ പെരുമാള്‍‌ടെ പൂജക്ക് ഏനൊരു
പുത്തന്‍ തറ്റൊന്നു വാങ്ങിവച്ചു.
ഗുരുതിനെറമൊള്ള പുത്തന്‍ തറ്റൊന്നു വാങ്ങിവച്ചു…”

ചെണ്ടവാദനത്തിന്റെ അലകള്‍ സര്‍പ്പക്കാവിനെ വലം‌വച്ച് പുറത്തേക്കൊഴുകി. നിശബ്ദമായി ഉറങ്ങുന്ന പരീക്കപ്പാടത്തിന്റെ മുക്കിലും മൂലയിലും അവ തിങ്ങിനിറഞ്ഞു. നോവുന്ന മനസ്സിന്റെ ഗാനം അതിനു അകമ്പടിയായി.

“കാലേവെളുപ്പിന് കുളിച്ചൊരുക്കി
കുങ്കുമം ചാലിച്ച് കുറിവരച്ചു.
പെരുമാള്‍ക്ക് കുങ്കുമം ചാലിച്ചു കുറിവരച്ചു…”

പൂശാരി പാടി. പിതൃപരമ്പരകള്‍ ഏറ്റുപാടി. ആ രോഷാഗ്നിയില്‍ സര്‍പ്പക്കാവും പരദൈവങ്ങളും വിറങ്ങലിച്ചു. പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍‌കുളത്തിലെ പായല്‍ മൂടിയ കറുത്തവെള്ളം സാവധാനം ഇളകി. നെടുകെയും കുറുകെയുമുള്ള ഇളക്കത്തില്‍ കുളത്തിന്റെ അഗാധതയില്‍ സമാധിയായിരുന്ന ആത്മാക്കള്‍ ഞെട്ടിയുണര്‍ന്നു. ഓളങ്ങള്‍ക്കൊപ്പം ഒഴുകിവന്ന വരികള്‍ക്കൊപ്പം അവരുടെ ചുണ്ടുകളും മന്ദംചലിച്ചു.

ചെണ്ടപ്പുറത്ത് കോലുകള്‍ പെരുമഴയായി ഇടമുറിയാതെ പെയ്തു. ഒപ്പം വാദ്യകാരന്റെ കണ്ണും മനസ്സും. കാലങ്ങളായി തങ്ങളെ ഉപാസിക്കുന്ന പൂശാരിയില്‍ ഭഗവതിയും പരദൈവങ്ങളും പ്രസാദിച്ചു. അവരുടെ അനുഗ്രഹത്തില്‍ പതിയന്‍‌കുളത്തില്‍ മുങ്ങിമരിച്ചവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ സര്‍വ്വബന്ധനങ്ങളേയും അതിജീവിച്ചു വിടുതിനേടി. നിലാവുപടര്‍ന്ന കുളക്കരയില്‍ ആഴികൂട്ടി അവര്‍ അസുരവാദ്യത്തിനനുസരിച്ച് ചടുലമായി നൃത്തം ചെയ്തു.

“നീശന്‍ പെരുമാള്‍ടെ പൂജക്ക് ഏനൊരു
പുത്തന്‍ തറ്റൊന്ന് വാങ്ങിവച്ചു
ഗുരുതിനെറമുള്ള തറ്റൊന്നു വാങ്ങിവച്ചു…”

പൂര്‍വ്വികര്‍ ബാക്കിവച്ചതെല്ലാം കുട്ടന്‍പൂശാരി നിറവേറ്റി. ആ പൂര്‍ത്തീകരണം അദ്ദേഹത്തില്‍ ആഘാതമായി. ഉരുട്ടുചെണ്ടയുടെ വാദനം മന്ദഗതിയിലായി ക്രമേണ നിലച്ചു. പതിയന്‍‌കുളത്തിനു മുകളില്‍ പരന്നിരുന്ന നേര്‍ത്ത നിലാവ് ഇരുട്ടിനു വഴിമാറി. ചെണ്ടയില്‍ തലചാരി പൂശാരി വെറും നിലത്തിരുന്നു. മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍മിച്ച മായയില്‍ അദ്ദേഹത്തിന്റെ കണ്ണിമകള്‍ സാവധാനം അടഞ്ഞു.

സര്‍പ്പക്കാവിനു ചുറ്റും പഴമയുടെ അഴുകിയ ഗന്ധം പരക്കാന്‍ തുടങ്ങി. തിരുമുറ്റത്ത് അദൃശ്യമായ കാല്പാദങ്ങളുടെ പതിഞ്ഞ നിശ്വാസങ്ങള്‍. വിടുതിനേടിയ ആത്മാക്കള്‍ ഒന്നൊന്നായി കാവിലെത്തി. പുനര്‍ജന്മത്തിനു പ്രാപ്തനാക്കിയ കുട്ടന്‍പൂശാരിയെ അവര്‍ വണങ്ങി. കയ്യും മെയ്യും ഒതുക്കി സാഷ്ടാംഗം നമസ്കരിച്ച്, ആത്മാക്കള്‍ ശൂന്യതയില്‍ ലയിച്ചു.

വിലാപങ്ങള്‍ ഒഴിഞ്ഞ പരീക്കപ്പാടം അപ്പോള്‍ നിശബ്ദമായിരുന്നു. ഇനിയൊരു ആത്മാവിന്റെ രോദനങ്ങള്‍ക്കായി കാതോര്‍ത്തുകൊണ്ടു എന്നെന്നേക്കുമായി നിശബ്ദമായിരുന്നു.

Featured Image Credit: – http://poorakazichakal.blogspot.in

62 Replies to “നീശന്‍”

 1. ഞാന്‍ ഉപാസന. എന്റെ കഥ ആരംഭിക്കുന്നത് വളരെ പണ്ടാണ്. കാപട്യങ്ങള്‍ അറിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം. അന്നെന്നോ കാടുപിടിച്ചു കിടന്ന ഒരു കാവിലെ ജീര്‍ണിച്ച കരിങ്കല്‍ വിഗ്രഹത്തിന് നേരെ ഞാന്‍ എന്തുകൊണ്ടോ കല്ലെറിഞ്ഞു! അപ്പോള്‍ വീശിയടിച്ച കാറ്റില്‍, കരിയിലകള്‍ക്കിടയില്‍ അവര്‍ ആവിര്‍ഭവിച്ചു. ഭഗവാന്റെ ഭൂതഗണങ്ങള്‍! എട്ടും പൊട്ടും തിരിയാത്ത ഒരു ബാലന്റെ ചാപല്യമെന്ന് കരുതി ആശ്വസിക്കാതെ അവരെന്നോട് ഭീഷണമായി പരിഹാരമാവശ്യപ്പെട്ടു. “എത്രയെത്ര ക്ഷമാപണങ്ങള്‍ പറയേണ്ടൂ?“ എന്ന സന്ദേഹത്തില്‍ നിന്ന എന്റെ മൌനത്തെ അവര്‍ ധിക്കാരമായി തെറ്റിദ്ധരിച്ചു! അവസാനം… അവസാനം എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ വിറക്കുന്ന കൈകളോടെ ഞാനെന്റെ വിരല്‍ ചൂണ്ടി, എന്റെ കാതിനു നേരെ! എല്ലാം നിശബ്ദം. ശാന്തം. അതിനു ശേഷം വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ ഞാന്‍ നടുക്കത്തോടെ മനസ്സിലാക്കുകയായിരുന്നു. എന്റെ കേള്‍വിശക്തിയുടെ പാതി അവരെടുത്തത്, ക്രൂരമായി. ഇപ്പോഴും അത് തുടരുന്നോ എന്ന ഭീതി വിട്ടൊഴിയാതെ രാജാവ് ഇന്നും ജീവിക്കുന്നു, അതിജീവനത്തിന്റെ പൊരുളുകള്‍ തേടിക്കൊണ്ട്. ഇതാണ് എന്റെ കഥ. ഉപാസനയുടെ കഥ
  അരേ..വ്വ…
  എന്താ ഞാന്‍ പറയാ….സൂപ്പര്‍…

 2. നല്ല ഭാഷ .ഗ്രാമീണതയുടെ ഇത്തരം പുരാവൃത്തങ്ങളൊക്കെ മണ്മറഞ്ഞുതുടങ്ങിയില്ലേ ,സുനിൽ…

 3. വളരെ നാളുകൾക്ക് ശേഷം ഇവിടെത്തിയപ്പൊ ഇത്രയും കരുതിയില്ല.വിമർശനാത്മകമായി ഈ കഥയെ കാണാൻ ഞാനാളല്ല പക്ഷെ വായിച്ചു തുടങ്ങിയതും ഞനിതിനുള്ളിലേക്കു കയറി പോയി എന്നു പറയാം.വാക്കുകൾക്കൊണ്ട് വല്ലാത്തൊരു ലോകം തന്നെ സ്രുഷ്ട്ടിച്ചു വെച്ചിരിക്കുന്നു . ഒരു മിസ്റ്റിക് ചുറ്റുപാടുകളിലുള്ള കഥകൾ വായിക്കാൻ ഒത്തിരി ഇഷ്ട്ടമുള്ളതു കൊണ്ടാവും ഈ കഥയെനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു തീർച്ചയായും ഈ കഥ കുറച്ചു കൂടി കൂടുതൽ വായനക്കാരെ ആവശ്യപ്പെടുന്നു

 4. സുരേഷ് പറഞ്ഞ പോലെ, ആശയത്തിലും, ഭാഷയിലും, വാചകങ്ങളിലും, വാക്കുകളിലും, പേരുകളിലും ഒരു ഓ. വി. വിജയന്‍ ശൈലി. ആ ശൈലി ഇഷ്ടമായത് കൊണ്ടായിരിക്കും, ഇതും എനിക്കിഷ്ടപ്പെട്ടു. എത്ര വിജയന്മാര്‍ വരുന്നു എന്നത് വായനക്കാരെ ബാധിക്കുന്നില്ല, അവര്‍ക്ക് വായിക്കാന്‍ നല്ലത് കിട്ടുന്നിടത്തോളം.

  മിത്തുകള്‍ വളക്കൂറുള്ള മണ്ണാണ്. പഴമയുടെ ജൈവ വളങ്ങള്‍ അടിഞ്ഞു ചേര്‍ന്നത്. അവിടെ വിത്തെറിഞ്ഞോളൂ, പക്ഷെ നല്ല വിത്തുകള്‍ മാത്രമാകാന്‍ ശ്രദ്ധിക്കണം.

  നന്നായിരിക്കുന്നു… ആശംസകള്‍….

 5. സിദ്ധിക് ഭായ്: എന്താ ങ്ങള് ബാധ കേറ്യ മാരി ഓരോന്ന് പറേണെ.

  ‘ശരീരത്തിലപ്പിടി പൂതമാക്കം’. ഒരു പൂശ ചെയ്താളായ. എന്ത് പറയണു 🙂

  നനവ്: അത്രയൊന്നും മണ്‍‌മറഞ്ഞുപോയിട്ടില്ലെന്നാണ് എന്റെ അനുഭവം. നാട്ടിലെ കാരണവന്മാരോട് സംസാരിക്കുമ്പോള്‍ എല്ലാം മനസ്സില്‍ കത്തിപ്പിടിക്കും. ഇനി അഥവാ മണ്മറഞ്ഞെങ്കില്‍ എന്നാലാവുന്ന വിധം ഞാന്‍ അവയൊക്കെ കുഴിതോണ്ടി എടുക്കും.

  വീനസ് : പഴമയുടെ ഭാരം പേറുന്ന മിത്തുകള്‍ എന്നുമൊരു ത്രില്ലാണ്. നാട്ടിലാണെങ്കില്‍ അവക്കു യാതൊരു പഞ്ഞവുമില്ല. പിന്നെ കൂടുതല്‍ വായനക്കാരെ കിട്ടാന്‍ താങ്കള്‍ ആവുന്നപോലെ ശ്രമിക്കൂ. ഞാന്‍ ശ്രമിക്കുന്നുണ്ട്.

  വാസുദേവന്‍ : എപ്പോഴും നല്ല വിത്തുകള്‍ മാത്രമെറിയാന്‍ ഞാന്‍ അമാനുഷികനല്ലല്ലോ സഖേ. ക്ഷമിക്കൂ 🙂

  എല്ലാവര്‍ക്കും നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 6. പ്രിയ സുനിൽ,
  ഇപ്പോഴേ വായിക്കാൻ പറ്റിയുള്ളൂ..ഇഷ്ടപ്പെട്ടു.. പ്രത്യേകിച്ചും ഇത്

  “വലംകയ്യിലിരുന്ന് വിറക്കുന്ന പള്ളിവാള്‍ ആഞ്ഞുവീശി കുമ്പിടുന്ന തലകള്‍ കൊയ്യാന്‍ മനമായും. പക്ഷേ കഴിഞ്ഞിട്ടില്ല. വെളിച്ചപ്പാടിന് വാള്‍ അലങ്കാരമാണ്. ആയുധമല്ല. പരിഹാരം ഓതുകയാണ് ധര്‍മ്മം. ശിക്ഷ നടത്തുകയല്ല. ശിക്ഷ നടത്തുന്നുവെങ്കില്‍ അത് സ്വന്തം മേനിയില്‍ മാത്രം. ആയുധമാകുന്നത് സ്വമേനിയില്‍ മാത്രം. അതാണ് ശാസ്ത്രം. എന്നോ ആരോ നിര്‍മിച്ച അബദ്ധങ്ങള്‍. നൂറ്റാണ്ടുകളായി കുലം പേറുന്ന വേദനക്കുമുന്നില്‍ ഉച്ചിയില്‍ ആഞ്ഞുവെട്ടുമ്പോള്‍ തോന്നുന്ന ശാരീരികവേദന എത്ര നിസാരം.”

  സുചാന്ദ്

 7. ..
  കുറച്ച് നാള്‍ മുന്നെ വന്നു നോക്കീതാ, നീളമുള്ള പോസ്റ്റായതിനാല്‍ വായിച്ചില്ല, സമയക്കുറവായിരുന്നു കാരണം, ഒന്നോടിച്ച് നോക്കി പോയി. അപ്പൊ അഭിപ്രായ്ം പറഞ്ഞാലെങ്ങനെ??

  ഇപ്പൊ പറയാം, കഥാകാരന്‍ നല്ല നിരീക്ഷകനും കൂടിയാണ്. പഴമയുടെ ഒരു സുഗന്ധം കാണാം വരികളില്‍. കഥയിലുടനീളം പറഞ്ഞത് ഇന്നുണ്ടോ എന്നെനിക്ക് സംശയമില്ലാതില്ല. പിന്നെ ജീവിതഗന്ധിയുമാണ്.

  ഇത്തിരി സമയം എടുത്തു കേട്ടോ വായിക്കാന്‍. സമയം പോലെ മറ്റുള്ളവയും വായിക്കാം 😉

  ആശംസകളോടെ..
  ..

 8. ആദ്യമായിട്ടാണ്‌ ഈ വഴി. ഒരു നല്ല കഥ വായിച്ച സുഖം. മനസ്സു നിറഞ്ഞു. ഇനി ഇടയ്ക്കിടെ വരാം. ആശംസകള്‍.

 9. സത്യം പറഞ്ഞാല്‍ ,എന്താ എഴുതേണ്ടതെന്ന് അറിയില്ല്യ .ഓരൊഴുക്കന്‍ മട്ടില്‍ നന്നായിയെന്നു പറഞ്ഞു പോകാന്‍ തോന്നുന്നുമില്ല.ഒന്ന് ചോദിച്ചോട്ടെ ,എന്താ നീശന്‍ എന്ന് പറഞ്ഞാല്‍?പൂശാരി എന്ന് തന്ന്യോ അര്ഥം ?പിന്നെ ഇപ്പഴും ഉണ്ടോ ഇങ്ങനെയുള്ള വിശ്വാsaങ്ങള്‍?രാത്രിയിലാണു വായിച്ചത്‌.പേടിയെന്നു പറയാന്‍ പറ്റില്ല,പക്ഷെ ഉള്ളം കിടുത്തുവെന്നത് നേര്.

Leave a Reply

%d bloggers like this: