സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച് മാങ്ങ എറിയാറുള്ള സനു ആ ഗൃഹാതുരത്വം അയവിറക്കി മലേഷ്യൻ മാങ്ങ എറിഞ്ഞു വീഴ്ത്തിയത്രെ. മര്യാദാമുക്കിൽ വച്ച് സനു സംഭവം വിവരിച്ചു.
“സത്യം പറയാലാ നവിച്ചാ… ആ മാവുമ്മെ വീക്കാൻ എനിക്ക് പ്ലാനില്ലായിരുന്നു.”
സനു മാവുമ്മെ വീക്കിയില്ലെന്നു പറഞ്ഞാൽ അതാരു വിശ്വസിക്കും!
ആശാൻകുട്ടി ഇടപെട്ടു. “കഴിഞ്ഞാഴ്ച ചന്ദ്രൻ യെൻസീടെ മാവുമ്മെ വീക്കീത് നീയല്ലേ?”
സനു വിക്കി. “ഞാൻ… ഞാൻ തന്ന്യാ. പക്ഷേ അന്നും എനിക്ക് മാവുമ്മെ വീക്കാൻ പ്ലാനില്ലായിരുന്നു.”
ആശാൻ വിട്ടില്ല. “അയ്യങ്കോവ് ഉൽസവത്തിന്റെ അന്ന് പടമാൻവീട്ടിലെ മാവുമ്മെ മൂന്നാല് മണിക്കൂർ നിന്ന് വീക്കീത് നീയല്ലേ?”
സനുവിന്റെ ചൂടായി. “ച്‌ഛീ നിർത്തടാ”
പിന്നെ സ്വയം നിയന്ത്രിക്കുന്ന ഭാവം നടിച്ച് നവിച്ചനോടു പറഞ്ഞു.
“നവിച്ചാ… ഈ ആശാന്ണ്ടല്ലാ. ഇവനൊരു പോങ്ങനാ. എന്നെ മോശക്കാരനാക്കണതാ ഇവന്റെ മെയിൻ പണി…”
സനു ആശാൻകുട്ടിക്കു നേരെ കൈചൂണ്ടി ശബ്ദം ഉയർത്തി. “മാവ് കണ്ടാ എറിയണ ടൈപ്പാണ് ഞാൻ ന്നാ ആശാനിപ്പോ ഇവടെ പറയാണ്ട് പറയണെ. അല്ലേ?… എന്നാ ഞാനങ്ങന്യാണാ… അല്ല. എനിക്ക് കയ്യ്‌ണ്ട്. നെലത്ത് കല്ലുംണ്ട്. അതോണ്ട് എറിയണതാ. ഒരു എക്സർസൈസിന്. മാങ്ങ വീഴ്ത്തണംന്നൊന്നും എനിക്ക് ഉന്നല്യാന്ന്.”
നവിച്ചൽ ആശാൻകുട്ടിയെ തല്ലാൻ പോകുന്ന പോലെ കയ്യോങ്ങി. പിന്നെ സനുവിനെ പ്രോൽസാഹിപ്പിച്ചു. “നീ ബാക്കി പറ സന്വോ… അവനെ മൈൻഡ് ചെയ്യണ്ട.”
ആശാനെ ഇരുത്തി നോക്കിയിട്ടു സനു തുടർന്നു.
“കുളിക്കാൻ വേണ്ടി മേത്തൊക്കെ എണ്ണതേച്ച് ലേഗു പൗലോസിന്റെ കൊളത്തിലേക്ക് പോവാമ്പൂവായിരുന്നു ഞാൻ. അപ്പഴാ ഓർത്തെ, തേയ്ക്കാൻ സോപ്പില്ലാന്ന്. അപ്പോ മാഷ്‌ടെ കടേന്ന് ഒരു അഞ്ഞൂറ്റൊന്ന് വാങ്ങി.”
നവിച്ചൽ പരിതപിച്ചു. “ഒരു സന്തൂറൊക്കെ വാങ്ങി കുളിക്കണ്ടടാ. അഞ്ഞൂറ്റൊന്നൊക്കെ അലക്കാനല്ലേ…”
“നവിച്ചാ ഞാൻ സന്തൂർ തന്ന്യാ വാങ്ങാൻ പോയെ. പിന്നെ പ്ലാൻ മാറ്റീതാ.”
“അതെന്തേ?”
സനു വിശദീകരിച്ചു.
“പരമു മാഷിന്റെ കടേന്ന് ഞാൻ സന്തൂർ വാങ്ങ്യപ്പ തന്നെ കടത്തിണ്ണേല് ഇരിക്ക്യായിരുന്ന അഞ്ചാറ് പേർക്ക് അന്ന് കുളിച്ചട്ടില്ലാന്ന് ഓർമ വന്നു. തോർത്തൊക്കെ പെട്ടെന്ന് എത്തി. ചെലർക്ക് തോർത്തൊന്നും വേണ്ടാത്രെ. മുണ്ട് ഊരിപ്പിഴിഞ്ഞ് തോർത്തിക്കോളാന്ന്. അഞ്ചുപത്ത് പേർ അപ്പത്തന്നെ കുളിക്കാൻ റെഡ്യായി. അവസാനം നമ്മടെ ഫൽഗൂം എത്തി…. ഫൽഗൂനെ അറിയാലാ. അവന്റെ കക്ഷത്തിലും കോത്തിലും ഇട്ട് തേച്ച സോപ്പ് പിന്നെ പശൂനെ കുളിപ്പിക്കാൻ കൂടി കൊള്ളില്ല. പശു എടയും… നവിച്ചനു സംശയംണ്ടാ.”
നവിച്ചൻ പിന്താങ്ങി. “നെവർ.”
സനു തുടർന്നു. “കാര്യങ്ങൾടെ പോക്ക് കണ്ടപ്പോ എനിക്ക് മനസ്സിലായി സന്തൂർ കൊണ്ട് നാട്ടാര് കുളിക്കും. ഞാൻ ഊമ്പുംന്ന്… അപ്പ സന്തൂർ വേണ്ടാന്ന് വച്ചു. ഒരു അഞ്ഞൂറ്റൊന്ന് വാങ്ങി. അപ്പോ ഒരുത്തനും കുളീം വേണ്ട ജപോം വേണ്ട.”
നവിച്ചനു അരികിൽ മതിലിൽ കിടന്നു മയങ്ങുകയായിരുന്ന മുരളി മയക്കത്തിനിടയിലും ‘സോപ്പ്’ എന്നു കേട്ടു. അദ്ദേഹം എഴുന്നേറ്റിരുന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു.
“സോപ്പാ… സോപ്പ്‌ണ്ട്‌ന്നാ? എന്നാ നമക്കൊന്ന് കുളിക്കാൻ പോവാം.”
സനു മുരളിയോടു പറഞ്ഞു. “സോപ്പ് ന്നൊന്നും ഇവടെ ആരും പറഞ്ഞില്ല മുരളീ. നീ ഒറങ്ങിക്കോ.”
മുരളി തർക്കിച്ചു. “നൊണ പറയണ്ട. ഞാൻ കേട്ടതല്ലേ.”
സനു അവസാന അടവെടുത്തു. “ആ അതാ… ഹഹഹഹ. അത് നമ്മടെ ഫൽഗു കുളിച്ച സോപ്പാ… മുരളി പോരണ്ണ്ടാ.”
‘അയ്യോ…’ എന്ന ഭാവത്തിൽ നെറ്റിയിൽ കൈവച്ച് മുരളി വീണ്ടും മയക്കത്തിലേക്കു വഴുതി. സനു തുടർന്നു.
“പരമുച്ചേട്ടന്റെ കടേന്ന് സോപ്പ് വാങ്ങി തിരിച്ച് വരുമ്പഴാ മാവ് കണ്ടെ.” സനു മൂർദ്ധാവിൽ കൈവച്ച്, കണ്ണടച്ച് ആശ്ചര്യപ്പെട്ടു.
“ഞവണിക്ക തോറ്റു പോം! അത്രേം മാങ്ങേണ് ഓരോ കൊലേലും…”
സനു നെഞ്ചത്ത് കൈവച്ച് ആണയിട്ടു. “നവിച്ചാ സത്യം പറഞ്ഞാ നിങ്ങ വിശ്വസിക്കില്യ. എന്നാ പറയാണ്ടിരിക്കാനും പറ്റണില്ല… എന്താന്ന് വച്ചാ, അപ്പഴും എനിക്ക് മാവുമ്മെ വീക്കാൻ പ്ലാനില്ലായിരുന്നു.”
ആശാൻകുട്ടി ദേഷ്യത്തോടെ എന്തോ പറയാൻ ആഞ്ഞു. നവിച്ചൽ സമ്മതിച്ചില്ല. അദ്ദേഹം ആശാന്റെ വായ പൊത്തിപ്പിടിച്ച് സനു പറഞ്ഞത് അംഗീകരിച്ചു.
“വീക്കണ്ടാന്ന് വച്ച് നടക്കുമ്പഴാ ഇത് മലേഷ്യൻ മാവല്ലേന്ന കാര്യം എനിക്ക് കത്തീത്. ഒരെണ്ണങ്കിലും തിന്നാഞ്ഞാ മോശല്ലേ. ഞാൻ പിന്നൊന്നും ആലോചിച്ചില്ല… വീക്കി. കൊലേമെ തന്നെ കൊണ്ടു. പക്ഷേ ഒരു കണ്ണിമാങ്ങ്യാ വീണൊള്ളൂ.”
“അത് ഭാഗ്യായി” സനു ആകാശത്തു നോക്കി കൈകൂപ്പി.
“ഞാൻ കൊളത്തിന്റെ കെട്ടിലിരുന്ന് മാങ്ങ തിന്നു. പിന്നെ മോട്ടോർ ഷെഡിന്റെ മോളീന്ന് ഡൈവ് ചെയ്തു.”
നവിച്ചൻ ആകാംക്ഷവാനായി. “എന്നട്ട്…?”
സനു പറഞ്ഞു. “പിന്ന്യൊന്നും ഓർമേല്യ. ബോധം വീഴുമ്പോ കൊളത്തിന്റെ കെട്ടില് കിടക്കായിരുന്നു. പന്ത് കളിക്കണ പിള്ളേര് വലിച്ച് കരേലിട്ടതാ. അല്ലെങ്കി ചെലപ്പോ തട്ടിപ്പോയേനെ… കൊളത്തിൽ കൊറച്ച് മീനോളൊക്കെ ചത്തു പൊങ്ങി. ആരാണ്ട് തോട്ട പൊട്ടിച്ചതാന്നാ നാട്ടാര് പറേണെ. പക്ഷെ എനിക്ക് സംശയം ആ മാങ്ങേന്യാ.”
സനു സംഭവം ആവുന്നത്ര ആളുകളിലേക്കു എത്തിച്ചു. പക്ഷേ ഫലമില്ലായിരുന്നു. എല്ലാവരും തോട്ട പൊട്ടിക്കൽ സിദ്ധാന്തത്തിൽ വിശ്വസിച്ചു.
ആഴ്ചകൾ കടന്നു പോയി. ചാക്യാർ പറയും പോലെ ഉണ്ണിമാങ്ങ കണ്ണിമാങ്ങയായി, കണ്ണിമാങ്ങ മൂത്ത മാങ്ങയായി, മൂത്തമാങ്ങ അണ്ടിയുറച്ച മാങ്ങയായി, അണ്ടിയുറച്ച മാങ്ങ പിന്നെ ചെനച്ചു… ചെനച്ചതോടെ മാവിനു കാവലായി രണ്ടു പേരെ മഹി ഏർപ്പാടാക്കി.
ആയിടക്കു ഒരു കൂട്ടർ മാങ്ങ മൊത്തവില്പനക്കു കൊടുക്കുന്നുണ്ടോയെന്ന് അറിയാൻ എത്തി. അപൂർവ്വമായി മാത്രം സംസാരിക്കാറുള്ള, കക്കാടിൽ പലരും ഇന്നുവരെ ശ്രവിച്ചിട്ടില്ലാത്ത മഹിയുടെ ശബ്ദം അന്നാദ്യമായി കക്കാടിൽ മുഴങ്ങി.
“കടക്കടാ പടിക്ക് പുറത്ത്.”
എല്ലാ കക്കാടുകാരുടേയും സ്വരം അനുകരിക്കുന്നതിൽ മിടുക്കനാണ് സഹൻ. എന്നാൽ അദ്ദേഹം എല്ലാ കൊല്ലവും എസ്എൻഡിപി സെന്ററിലെ ഓണാഘോഷത്തോടു അനുബന്ധിച്ചു നടത്താറുള്ള മിമിക്രിയിൽ മഹിയെ അവതരിപ്പിക്കുന്നത് മൂകനായാണ്. മഹി സ്വന്തം വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങി റോഡിലേക്കു നടന്ന്, മണിയമ്മയുടെ പറമ്പിലെ മുത്തശ്ശി വരിക്കപ്ലാവിന്റെ എതിരെയുള്ള ഇലക്ട്രിക് പോസ്റ്റിൽ, നാലഞ്ച് തെരുവു ട്യൂബ്‌ലൈറ്റുകൾ കത്തിക്കാനുള്ള സ്വിച്ച് ഓൺ ചെയ്യുന്നതും, അതിനുശേഷം മര്യാദാമുക്കിലെ ഇലക്ടിക് ട്യൂബ് കണ്ണുചിമ്മുന്നത് ഒരു നിമിഷം നോക്കിയ ശേഷം തിരിച്ചു സ്വഗൃഹത്തിലേക്കു കൈലി മാടിക്കുത്തി നടന്നു പോകുന്നതുമാണ് സഹൻ എല്ലാ തവണയും അനുകരിക്കുക. ഇതിനു കനത്ത കയ്യടി സദസ്യർ നൽകുകയും ചെയ്യും. കാരണം മഹിയെ പറ്റി കക്കാടുകാർക്കു അത്രയേ അറിയൂ. ഇലക്ട്രിക് സ്വിച്ച് ഓൺ ചെയ്യുന്ന കർമ്മം ഒഴിച്ചു നിർത്തിയാൽ വളരെ നിശബ്ദനായാണ് മഹി കക്കാടിൽ ജീവിക്കുന്നത്. ആ വ്യക്തിയാണ് മാങ്ങക്കച്ചവടക്കാരോടു പടിക്ക് പുറത്തു കടക്കാൻ ആക്രോശിച്ചത്. ഫലം, അതിനു ശേഷം ആരും മാങ്ങ ചോദിച്ച് അദ്ദേഹത്തെ സമീപിച്ചില്ല. വേണു ഒഴിച്ച്…
അരോമയുടെ അഞ്ചാം വാർഷികം ഏതുവിധം ആഘോഷിക്കണമെന്ന വേണുവിന്റെ ആലോചന അവസാനിച്ചത് മര്യാദാമുക്കിലിരിക്കുമ്പോൾ മലേഷ്യൻ മാവിനെ കണ്ടതോടെയാണ്. പിറ്റേ ദിവസം പെണ്ണിനു വയറ്റിൽ ഉണ്ടാക്കിയതിനു ഉപകാരസ്മരണയായി പെണ്ണിന്റെ വീട്ടുകാർ ചെക്കൻവീട്ടുകാർക്കു കൊണ്ടുകൊടുക്കാറുള്ള പലഹാരക്കൊട്ട പോലെ ഒരു വലിയ കൊട്ടയുമായി വേണു മഹിയുടെ വീട്ടിലെത്തി. വറുത്തതും വറുക്കാത്തതുമായ പലഹാരങ്ങൾ കണ്ട് മഹി ആശ്ചര്യപ്പെട്ടു. അബദ്ധത്തിൽ പോലും ഒരു പാക്കറ്റ് ബ്രെഡ് ഇന്നുവരെ എത്തിയിട്ടില്ല. എന്നിട്ടിപ്പോൾ… വേണുവിനു വീട് മാറിയോ എന്നു മഹി സംശയിച്ചു.
വേണു നയത്തിൽ തുടങ്ങി. “ചേട്ടന് കൊറച്ച് പലഹാരം കൊണ്ടരണന്ന് വിചാരിച്ചട്ട് ഇപ്പഴാ സമയം കിട്ട്യൊള്ളൂ.”
മഹി തിരിച്ചടിച്ചു. “അത് സാരല്യ. പലഹാരം കിട്ടാഞ്ഞട്ട് ഇവടെ ഇപ്പോ ആർക്കും പ്രശ്നൊന്നൂല്ല്യാ.”
വേണു മഹിയുടെ ഏകമകൻ കുഞ്ഞുമാണിയെ അടുത്തേക്കു വിളിച്ചു
“വാ മാണിക്കൊച്ചേ… നിനക്ക് കൊറേ പലഹാരം തരണന്ന് കൊറേ നാളായി വിചാരിക്കണ്…”
മണിയടി ശബ്ദം ഉണ്ടാക്കുന്ന ഒരുതരം കളിപ്പാട്ടം കയ്യിൽ പിടിച്ചുകൊണ്ടു നിന്ന മാണി അടുത്തില്ല. വേണു അത് കാര്യമാക്കിയില്ല. ഏട്ടത്തിയമ്മയെ വിളിച്ച് പലഹാരകൊട്ട അകത്തുവയ്ക്കാൻ അഭ്യർത്ഥിച്ചു.
“അപ്പോ നീയെന്താ പ്രത്യേകിച്ച് വന്നെ?” മഹി അന്വേഷിച്ചു.
പലഹാരകൊട്ട ഒരു മാർഗമാണെന്നും, വേണുവിന്റെ ലക്ഷ്യം വേറെയാണെന്നും മഹിക്കു മനസ്സിലായിരുന്നു. വേണു ആകട്ടെ വളച്ചുകെട്ടി പറയാനൊന്നും പോയില്ല.
“അരോമയുടെ അഞ്ചാം വാർഷികമാണ് വരുന്നത്. മലേഷ്യൻ മാങ്ങ കൊണ്ട് ചില സവിശേഷ പലഹാര ഐറ്റംസ് ഉണ്ടാക്കി വിൽക്കാൻ ചേട്ടൻ അനുവദിക്കണം.”
മഹിയുടെ മുഖം ഗൗരവപൂർണമായി. അദ്ദേഹം കൈകൾ പിന്നിൽ കെട്ടി പൂമുഖത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. മനസ്സിലെ സന്നിഗ്ദത മുഴുവൻ നടത്തത്തിൽ പ്രതിഫലിച്ചു. വേണു ഏട്ടത്തിയമ്മയോടു സഹായിക്കണം എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു. ഏട്ടത്തിയമ്മ കനിഞ്ഞു.
“അവൻ ആദ്യായിട്ടു ആവശ്യപ്പെടണതല്ലേ. കൊറച്ച് മാങ്ങ കൊടുത്തൂന്ന് വച്ച് ഒന്നും വരാനില്ല… അല്ലെങ്കിലും കുഞ്ഞിസനൂം കവലേലെ പിള്ളേരും ഉള്ളപ്പോ നേരേ ചൊവ്വേ പത്ത് മാങ്ങ നമക്ക് കിട്ട്വോ.”
സനുവിന്റെ പേരു കേട്ടപ്പോൾ മഹിയുടെ നെഞ്ച് വിലങ്ങി. കണ്ണിൽ നിന്ന് വെള്ളം വന്നു. ഒരു വീക്കിനു പത്ത് പതിനഞ്ച് മാങ്ങ വീഴ്ത്താൻ സനുവിനേ കഴിഞ്ഞേ ആരുമുള്ളൂ. അവൻ ചതിക്കോ!
ഒടുക്കം മനസ്സില്ലാമനസ്സോടെ മഹി ഒരു ലോഡ് മാങ്ങ കൊടുക്കാമെന്നു സമ്മതിച്ചു.
വേണു ഉടൻ പരസ്യം ഇറക്കി. അഞ്ചാം വാർഷികത്തോടു അനുബന്ധിച്ച് മലേഷ്യൻ മാംഗോ കേക്ക്, മലേഷ്യൻ മാംഗോ ജാം ഉൾപ്പെടെ നിരവധി മാംഗോ പലഹാരങ്ങൾ വിതരണം ചെയ്യുന്നുവെന്ന് നാടൊട്ടുക്കും അറിയിച്ചു. നോട്ടിസും അച്ചടിച്ച് ഇറക്കി. കുഴൂർ മുതൽ കോനൂർ വരെയും, കൊടകര മുതൽ കറുകുറ്റി വരെയുമുള്ള എല്ലാ ബേക്കറികളിലും നോട്ടീസ് എത്തിച്ചു. അരോമയുടെ നാമം സുപരിചിതമായിരുന്നതിനാൽ മാംഗോ സ്പെഷ്യലുകൾക്കു എല്ലാ ബേക്കറിയും ഓർഡർ കൊടുത്തു. ഉപഭോക്താക്കളിൽ നിന്നു ഓർഡറുകളും തകൃതിയായി എത്തി.
അഞ്ചാം വാർഷികത്തിന്റെ തലേന്ന് രാത്രി കക്കാട് ദേശം ഗാഢനിദ്രയിലാണ്ടിരിക്കെ കല്യാണി വേണു ബേക്കറി കിച്ചണിൽ അഹോരാത്രം പണിയെടുത്തു. മൈദ, മുട്ട, പഞ്ചസാര, എണ്ണ, എന്നിവ ആവശ്യാനുസാരം എടുത്ത്, ഇടിച്ച് മയത്തിലാക്കി കേക്ക് ഉണ്ടാക്കാൻ തുടങ്ങി. മലേഷ്യൻ മാങ്ങയുടെ സത്തും നിർലോഭം ചേർത്തു. പിറ്റേന്നു രാവിലെ ആറു മണിയോടെ എല്ലാം റെഡിയായി. അരോമ അഞ്ചാം വർഷത്തിലേക്ക് എന്ന ലേബലുള്ള സ്പെഷ്യൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മലേഷ്യൻ കേക്കുകൾ കർത്താറ വീട്ടുമുറ്റത്തു നിരന്നു. അധികം താമസിയാതെ പലഹാരങ്ങൾ വിതരണത്തിനായി യാത്ര തിരിച്ചു.
കറുകുറ്റി മുതൽ കൊടകര വരെയും, കോനൂർ മുതൽ കുഴൂർ വരെയും മലേഷ്യൻ കേക്ക് എത്തി. മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയി. അപ്രതീക്ഷിതമെന്നേ പറയേണ്ടൂ, ഉപഭോക്താക്കളിൽ മലേഷ്യൻ കേക്ക് മിനിറ്റുകൾക്കുള്ളിൽ ‘ചലനം’ ഉണ്ടാക്കി. കറുകുറ്റി മുതൽ കൊടകര വരെയും കോനൂർ മുതൽ കുഴൂർ വരെയും അവർ മറവുകൾ തേടി.
ചില അപശ്രുതികൾ കക്കാടിൽ തന്നെയും ഉയർന്നു. അത് യഥാസമയം വേണുവിന്റെ ചെവിയിലെത്തി. നിജസ്ഥിതി പരിശോധിക്കാൻ അദ്ദേഹം ഒരു ജാം പാക്കറ്റ് പൊട്ടിച്ചു വായിൽ കമഴ്ത്തി. പിന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല. വീണയിടത്തു നിന്ന് അണുവിട പോലും ജാം നാവിൽ പരക്കാതെ വേണൂ തല ബാലൻസ് ചെയ്തു. മോഹാലസ്യത്തിലേക്കു വീഴും മുമ്പ് പിന്നിൽ നിന്നിരുന്ന ആളോടു വേണു അവ്യക്തമായി പറഞ്ഞു.
“പ്രകാശൻ…”
ആളുകൾ കരുതി, ചന്തു ചതിച്ച പോലെ, പ്രകാശൻ ചതിച്ചുവെന്ന്! എന്നാൽ മുഖത്തു വെള്ളം വീണപ്പോൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ വേണു ആവശ്യപ്പെട്ടു.
“പ്രകാശനെ കാണണം.”
“എന്തിനാ?”
“ഓട്ടം പോവാൻ.”
“എവിടക്കാ?”
“ചാലക്കുടി റെയിൽവേ സ്റ്റേഷൻ.”
പ്രകാശൻ എത്തി. വേണു റെയിൽവേ സ്റ്റേഷനിലേക്കു യാത്രയായി. അതിനകം തന്നെ കൊടകര മുതൽ കറുകുറ്റി വരെയും, കോനൂർ മുതൽ കുഴൂർ വരെയുള്ള നിരവധി ഓട്ടോകൾ കക്കാടിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. അവരെയെല്ലാം കക്കാടുകാർ റെയിൽവേ സ്റ്റേഷനിലേക്കു പറഞ്ഞു വിട്ടു. സന്ദർഭത്തിന്റെ ഗൗരവം മൂലം പതുക്കെ പോവുകയായിരുന്ന കൽക്കരി നിറച്ച ഒരു ഗുഡ്സ് ട്രെയിനിൽ വേണു അള്ളിപ്പിടിച്ചു കയറി. ആളെ തിരിച്ചറിയാതിരിക്കാൻ മുഖത്തു കരികൊണ്ട് നാലഞ്ച് വരകളും വരച്ചത്രെ. എന്നിട്ടും അഞ്ചാറ് ‘മാംഗോ കസ്റ്റമേഴ്‌സ്’ പാലക്കാട് വരെ വേണുവിനെ പിന്തുടർന്നു എന്നാണ് നാട്ടിലെ പറച്ചിൽ.
മലേഷ്യൻ മാവ് കർത്താറ വീട്ടിൽ മഹേന്ദ്രന്റെ പറമ്പിൽ ഇന്നുമുണ്ട്. ഞവണിക്ക തോൽക്കും വിധം മാങ്ങയും ഉണ്ടാകാറുണ്ട്. മാങ്ങ ഒന്നിനും കൊള്ളില്ലെങ്കിലും മാവ് നൽകുന്ന തണൽ മര്യാദാമുക്കിനെ ഊഷ്മളമായ സ്ഥലമാക്കുന്നു.
കല്യാണി വേണൂ ഇക്കാലത്തു പ്രളയവും ആളൊഴിഞ്ഞ ദ്വീപും സ്വപ്നം കാണാറില്ല. എല്ലാ വൈകുന്നേരവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു നിശബ്ദനായി പടികൾ കയറി പോകാറുള്ള കല്യാണി വേണുവിനെ നോക്കി, ചിലർ കുളത്തിലെ ഇളം മാക്രികൾക്കു പറഞ്ഞു കൊടുക്കും.
“പണ്ട് പണ്ട് ലേഗു പൗലോസിന്റെ വട്ടക്കുളത്തിന്റെ കെട്ടിലിരുന്ന് കല്യാണി വേണു ദിവസവും തലേന്ന് കണ്ട സ്വപ്നത്തെ പറ്റി പറയുമായിരുന്നു……”
“പരമു മാഷിന്റെ കടേന്ന് ഞാൻ സന്തൂർ വാങ്ങ്യപ്പ തന്നെ കടത്തിണ്ണേല് ഇരിക്ക്യായിരുന്ന അഞ്ചാറ് പേർക്ക് അന്ന് കുളിച്ചട്ടില്ലാന്ന് ഓർമ വന്നു. തോർത്തൊക്കെ പെട്ടെന്ന് എത്തി. ചെലർക്ക് തോർത്തൊന്നും വേണ്ടാത്രെ. മുണ്ട് ഊരിപ്പിഴിഞ്ഞ് തോർത്തിക്കോളാന്ന്. അഞ്ചുപത്ത് പേർ അപ്പത്തന്നെ കുളിക്കാൻ റെഡ്യായി. അവസാനം നമ്മടെ ഫൽഗൂം എത്തി…. ഫൽഗൂനെ അറിയാലാ. അവന്റെ കക്ഷത്തിലും കോത്തിലും ഇട്ട് തേച്ച സോപ്പ് പിന്നെ പശൂനെ കുളിപ്പിക്കാൻ കൂടി കൊള്ളില്ല. പശു എടയും… നവിച്ചനു സംശയംണ്ടാ.”
സസ്നേഹം
സുനിൽ ഉപാസന
മലേഷ്യന് മാങ്ങയ്ക്ക് അത്ര പവറോ!!
അവസാനം അത് മാങ്ങയായിരുന്നില്ല എന്നൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചു 😀
അജിത്,
നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എന്റെ ഉദ്ദേശം നാടിനേയും നാട്ടുകാരിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ്. അരോമ ബേക്കറി ഇന്നില്ലെങ്കിലും ഒരിക്കൽ കക്കാടിലേയും സമീപ പ്രദേശങ്ങളിലേയും ഏക ബേക്കറി ആയിരുന്നു. അതിനു അതിന്റേതായ പ്രാധാന്യം ഉണ്ട്. കല്യാണി വേണുവിനും.
🙂
വായനക്കും കമന്റിനും നന്ദി.
സസ്നേഹം
സുനിൽ ഉപാസന
Kiths,
നോക്കൂ. ക്ലൈമാക്സ് ഒന്നും കാര്യമാക്കണ്ട. എന്റെ ഉദ്ദേശം നാടിനേയും നാട്ടുകാരിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും പരിചയപ്പെടുത്തുക എന്നതാണ്. അരോമ ബേക്കറി ഇന്നില്ലെങ്കിലും ഒരിക്കൽ കക്കാടിലേയും സമീപ പ്രദേശങ്ങളിലേയും ഏക ബേക്കറി ആയിരുന്നു. അതിനു അതിന്റേതായ പ്രാധാന്യം ഉണ്ട്. കല്യാണി വേണുവിനും.
🙂
വീണ്ടും എത്തിയതിനും വായനക്കും കമന്റിനും നന്ദി.
സസ്നേഹം
സുനിൽ ഉപാസന