അരോമ ബേക്കേഴ്‌സ് – 1

“…… അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല. ചെറാലക്കുന്നിനെ മുക്കാൻ ആ പ്രളയത്തിനും സാധിച്ചില്ല. അങ്ങിനെ വെള്ളം കേറാത്ത ചെറാലക്കുന്നിൽ കുറച്ചുപേർ മുങ്ങിച്ചാകാതെ അഭയം കണ്ടെത്തി. അതിൽ ഒരാൾ ഞാൻ തന്നെയായിരുന്നു. എന്റെ കൂടെയുള്ളതോ…. കുറേ സുന്ദരികളായ യുവതികളും!”

ലേഗു പൗലോസിന്റെ വട്ടക്കുളത്തിൽ മുങ്ങിപ്പൊങ്ങി, കുളത്തിന്റെ ചുറ്റുകെട്ടിലിരുന്നു കല്യാണി വേണു അന്നു വെളുപ്പിനു കണ്ട സ്വപ്നത്തെപ്പറ്റി പറയാൻ തുടങ്ങി. ശൃംഗാര രസം മൂലമോ, ലജ്ജ മൂലമോ എന്നറിയില്ല ‘സുന്ദരികളായ യുവതികൾ’ എന്നു പറഞ്ഞപ്പോൾ വേണുവിന്റെ ചുണ്ട് ഒരു വശത്തേക്കു കോടിപ്പോയി. ശരീരത്തിലെ രോമങ്ങളാകെ എഴുന്നുനിന്നത് വെള്ളത്തിന്റെ തണുപ്പുമൂലമാണോ അതോ സ്വപ്നത്തിന്റെ സ്വാധീനം മൂലമാണോയെന്നു സഹകുളിയനായ സനിയ്ക്കു മനസ്സിലായില്ല. ഒരു കവിൾ വെള്ളം വായിലെടുത്തി നീട്ടിത്തുപ്പി വേണു ഏതോ നിർവൃതിയിൽ കണ്ണടച്ചു.

കുളത്തിന്റെ മതിൽക്കെട്ടിൽ പിടിച്ചു വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന സനി വേണുവിന്റെ വിവരണം ആസ്വദിച്ചു. പക്ഷേ അപ്പോൾ സനിയുടെ മനസ്സിൽ കാതലായ ഒരു സംശയം ഉയർന്നു വന്നു.

“വേണ്വോ, പ്രളയം വന്നപ്പോ ഞാനോ?”

ആത്മസുഹൃത്താണ്. ക്ലാസ് മേറ്റാണ്. ഇരു മെയ്യും ഒരു മനസ്സുമാണ്. എന്നിട്ടും വേണുവിന്റെ മറുപടിയിൽ ദാക്ഷിണ്യമില്ലായിരുന്നു. മറ്റൊരാളുടെ സാന്നിധ്യം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഓർത്തു വേണു നടുങ്ങി.

“നീയാ… നീ” പല്ലുഞെരിച്ചു കടുത്ത വൈര്യാഗ്യത്തോടെ വേണു നിസാരമായി പെട്ടെന്നു പറഞ്ഞു. ”നീയൊക്കെ ചത്തു.”

സനി മിഴിച്ചു പോയി. വേണു കാര്യങ്ങൾ കൂടുതൽ വ്യക്തമായി അവതരിപ്പിച്ചു. “എടാ പ്രളയശേഷം ഈ ലോകത്തീ ആണായിട്ട് ഞാൻ മാത്രാ ഒണ്ടായിരുന്നൊള്ളൂന്ന്.”

വേണു കുളത്തിൽ ഒന്നുകൂടി മുങ്ങിപ്പൊങ്ങി.

“ഒകെ. ശരി പിന്നെന്ത്ണ്ടായി?” സനി സ്വപ്നം തുടരാൻ പ്രേരിപ്പിച്ചു.

“ഹഹഹഹ….” വേണു ലജ്ജിച്ചു. “നീ പറ… പിന്നെന്ത്ണ്ടാവും”

സംസാരം ഇത്രയുമെത്തിയപ്പോൾ പരീക്കപ്പാടത്തു ഫുട്‌ബാൾ കളിക്കുന്ന പയ്യന്മാരിലൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

“വേണുച്ചേട്ടാ, ഓടിക്കോ. ലേഗു പൗലോസ് വരണ്ണ്ണ്ട്”

കുളം പൊടുന്നനെ ശൂന്യമായി. പാടത്തു ഫുട്ബാൾ കളിക്കുന്ന രണ്ടു ടീമിനും പുതിയ ഗോളികൾ ആയി.

കൊടുങ്കാറ്റു പോലെ പാഞ്ഞടുത്ത അതികായനായ ലേഗു പൗലോസ്, കുളത്തിലെ വെള്ളം അനങ്ങുന്നതു കണ്ട് അലറി.

“ആരടാ എന്റെ കൊളത്തിലെറങ്ങീത്. വെള്ളം അനങ്ങണ്‌ണ്ടല്ലാ”

വേണുവിന്റെ ഉള്ളിൽ ആന്തലുണ്ടായി. അദ്ദേഹം വിളിച്ചു പറഞ്ഞു.

“അത് വല്ല മാക്കാൻ ചാടിയതെങ്ങാനും ആയിരിക്കൊള്ളൂ പൗലോസേട്ടാ. മഴേല്ലെ?”

വേണുവിന്റെ അണ്ടർവെയർ കുളക്കരയിൽ കിടക്കുന്നത് പൗലോസ് കണ്ടു. അദ്ദേഹം ദേഷ്യത്താൽ അലറി.

“ആരടെ അരിപ്പയാടാ ഇത്? ഞാനറിയാണ്ട് ആരാ ഇവടെ ചായക്കട തൊടങ്ങ്യേ?”

വേണു ഞെട്ടി. എങ്കിലും അജ്ഞത നടിച്ചു. മറ്റുള്ളവരും ആത്മാർത്ഥമായി അറിയില്ലെന്നു പറഞ്ഞു.

പൗലോസ് പറഞ്ഞു. “മാക്കാൻ തവളകൾ ഷണ്ഢി ഇടറിലല്ലോ.”

വേണു കൈ മലർത്തി. “പറയാൻ പറ്റില്ല പൗലോസേട്ടാ.”

“അപ്പോ ഇതാര്ട്യാന്ന് നിനക്കറീല്ലാ?”

നാട്ടിലെ പൊതുവായ രീതിവച്ച് വേണൂ കാച്ചി. “അത് തമ്പീട്യാന്ന് തോന്നണ്ണ്ണ്ട്.”

പൗലോസ് ഇരുത്തി മൂളി. ദേഷ്യത്താൽ കൈകൾ കൂട്ടിത്തിരുമ്മി.

“ഉം. അവന്റെ തന്നെ ആയിരിക്കൊള്ളൂ. അവന് ഈ കൊളത്തീ കുളിച്ചില്ലെങ്കീ മേത്തെ ചെളി പോവില്ലാന്ന മട്ടായിട്ട്‌ണ്ട്. അവനെ അല്ലെങ്കിലും ഞാൻ നോക്കി നടക്കാണ്.” അഞ്ചുനിമിഷം നിർത്തിയ ശേഷം പൗലോസ് കൂട്ടിച്ചേർത്തു.

“ആരെങ്കിലും കൊളത്തിലെറങ്ങ്യാ നീയൊന്ന് കൂവ്യേക്ക്. ഞാൻ അവന്റെ കാല് തല്ലിയൊടിക്കും.”

വേണു സമ്മതിച്ചു. “ആങ് ആങ് കൂവാം…. കൂവാം”

ലേഗു പൗലോസ് തിരിച്ചുപോയി. ഫുട്‌ബോൾ ടീമുകളുടെ രണ്ട് താൽക്കാലിക ഗോളികൾ വീണ്ടും വട്ടക്കുളത്തിലേക്ക് ചാടി. വേണു ‘പിന്നെ എന്തുണ്ടായി’ എന്നു സനിയോടു പറയാൻ തുടങ്ങി. വട്ടക്കുളത്തിലെ മാക്രികളും മീനുകളും ചെവി പൊത്തി വിവിധ തോടുകളിലൂടെ പരക്കം പാഞ്ഞു. കുളക്കരയിലെ ചെന്തെങ്ങിൽ ഇരിക്കുകയായിരുന്ന കാക്കകൾ ഒന്നൊഴിയാതെ പറന്നു പോയി. സനി മാത്രം വായ തുറന്ന്, നാക്കു നീട്ടി എല്ലാം ആവേശഭരിതനായി കേട്ടിരുന്നു.

1990 കളാണ്. വേണുവിനു ചെറുപ്പം. എന്നും സ്വപ്നം കാണും. പ്രളയം, കാട്ടുതീ, ആളൊഴിഞ്ഞ ദ്വീപ് എന്നിവ ഒഴിഞ്ഞ നേരമില്ല. എന്നും വട്ടക്കുളത്തിലെ മാക്രികളും മീനുകളും ചെവിപൊത്തി ഓടും.

കാര്യങ്ങൾ ഇങ്ങിനെ പോയാൽ മതിയെന്നു വേണുവിനു തോന്നിയെങ്കിലും, വേണുവിന്റെ അച്ഛൻ കർത്താറവീട്ടിൽ ശിവരാമനു തോന്നിയില്ല. ഒരു ദിവസം മകനെ വിളിച്ചു.

“ഡാ വേണ്വോവ്….”

മകനെത്തി കൈകെട്ടി നിന്നു. അച്ഛൻ സ്വയം പര്യാപ്തനാണ്. അത്യാവശ്യം കാശുകാരനാണ്. സേലത്തു മൂന്നു ബേക്കറിയുണ്ട്.

ശിവരാമേട്ടൻ ചോദിച്ചു. “എന്തൂട്ടാ നിന്റെ പ്ലാൻ?”

വേണു വെളുക്കെ ചിരിച്ചു. പണ്ട് ചെറുപ്പകാലത്തു താൻ ചിരിച്ച അതേ ചിരിയെന്നു ശിവരാമേട്ടനു മനസ്സിലായി. വേണുവിന്റെ മനസ്സിലിരിപ്പും മനസ്സിലായി. അതായത് ‘ജീവിതം ആസ്വദിക്കുകയാണ് പ്രധാനം. പണി അല്ല’.

ആഗ്രഹങ്ങൾ മുളയിലേ നുള്ളി ശിവരാമേട്ടൻ ആജ്ഞാപിച്ചു.

“നാളെ ചാലക്കുടിച്ചന്തേ പോയി ഒരു ചാക്ക് ഗോതമ്പും, അരച്ചാക്ക് മൈദപ്പൊടീം പ്രകാശന്റെ ഓട്ടോറിക്ഷേല് കൊണ്ടന്നോ.”

കാര്യം മനസ്സിലായെങ്കിലും അവസാന പ്രതീക്ഷയിൽ വേണു ചോദിച്ചു. “എന്നാ ഇനിമുതൽ കാലത്ത് ഗോതമ്പുദോശ മതി. എനിക്കു വിരോധല്യ…”

ശിവരാമേട്ടൻ വേണുവിന്റെ ചെവിക്കു പിടിച്ചു തിരുമ്മി. “നീയും ബൈജൂം കൂടി നാളെ മൊതൽ പടിഞ്ഞാറ്റ ചായ്ച്ചുകെട്ടി അവടെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കാൻ പോവാണ്. അവന്റെ ഒരു കോതമ്പുദോശ…പോടാ അവടന്ന്…”

തൊണ്ണൂറുകളിൽ കക്കാടിൽ ആരംഭിച്ച് തൃശ്ശൂർ ജില്ലയിൽ വേരോടി, പലഹാരപ്രിയരുടെ കണ്ണിലുണ്ണിയായ ‘അരോമ ബേക്കേഴ്‌സിന്റെ’ കഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

കർത്താറ വീട്ടിൽ ശിവരാമൻ – കല്യാണി ദമ്പതികളുടെ മൂന്നാമത്തെ മകൻ നാട്ടുകാർക്കു വെറും വേണുവല്ല. മറിച്ച് ‘കല്യാണി വേണു’ ആണ്. നാട്ടിലുള്ള അസംഖ്യം വേണുമാരിൽ ഏറ്റവും തിളക്കമുള്ള ഇരട്ടപ്പേരിനു അങ്ങിനെ കല്യാണി വേണു അർഹനായി. ഇന്ത്യാ ചരിത്രത്തിൽ തന്നെ ഗൗതമീപുത്ര ശതകർണി, വസിഷ്ഠിപുത്ര ശതകർണി എന്നീ ശതവാഹന രാജാക്കന്മാർക്കു ശേഷം മാതാവിന്റെ നാമത്തിൽ അറിയപ്പെട്ടത് ഞങ്ങടെ കല്യാണി വേണു ആണെന്നു കക്കാടുകാർ ഊറ്റം കൊണ്ടു. പേരിലെ ചരിത്രപശ്ചാത്തലത്തെ ശരിവച്ച് കല്യാണി വീര്യവാനായി വളർന്നു. പരീക്കപ്പാടത്തും തേമാലിപ്പറമ്പിലും സുഹൃത്‌സമേതനായി ഇരിക്കുമ്പോൾ പ്രളയം, കാട്ടുതീ, ആളൊഴിഞ്ഞ ദ്വീപ് എന്നിവയുള്ള സ്വപ്നങ്ങൾ അദ്ദേഹം സഹസ്വപ്നക്കാർക്കു മുന്നിൽ വിവരിക്കുക പതിവായിരുന്നു. അക്കാലത്താണ് അവക്കെല്ലാം വിരാമമിട്ടു കൊണ്ട് കക്കാടിൽ അരോമ ബേക്കേഴ്സിന്റെ ബീജാവാപം നടന്നത്.

അരോമ പ്രവർത്തനം ആരംഭിച്ച കാലത്ത് പ്രമുഖ ബേക്കറി ബ്രാൻഡുകൾ ഒന്നും തന്നെയില്ല. ബ്രഡ്, ബൺ എന്നിവയെല്ലാം ഭൂരിഭാഗം ജനങ്ങൾക്കും ആർഭാടമാണ്. അതിനാൽ പലഹാര വില്പന തുടക്കത്തിൽ ഇഴഞ്ഞു നീങ്ങി. കുറുക്കുവഴികൾ ഉപയോഗിച്ച് ബേക്കറി ഉൽപ്പന്നങ്ങൾക്കു പ്രചാരം നൽകാൻ കല്യാണി ദ്വയങ്ങൾ തയ്യാറായില്ല. ആ ചുമതല കക്കാടിലെ ജനങ്ങൾ തന്നെ ഏറ്റെടുത്തു. ‘അരോമ’ എന്ന നാമം ജനങ്ങൾക്കിടയിൽ സുപരിചിതമാക്കാൻ അവർ വ്യാപകമായി നെഗറ്റീവ് പബ്ലിസിറ്റി പടച്ചുവിട്ടു. പോസിറ്റീവ് പബ്ലിസിറ്റിയേക്കാൾ പ്രചരിക്കുന്നതിൽ ഏറെ മുൻപന്തിയിൽ നെഗറ്റീവ് ഘടകങ്ങളാണെന്നു മനസ്സിലാക്കിയവരുടെ ശ്രദ്ധേയമായ ചുവടുവയ്പ്പ്. അങ്ങിനെ അരോമ ബിറ്റുകൾ നാട്ടിലും സമീപദേശങ്ങളിലും വ്യാപകമായി.

അന്നമനട സിന്ധു തീയറ്ററിൽ, പുകമഞ്ഞിനു സമാനമായ സഹചര്യത്തിൽ എഴുതി കാണിക്കാറുള്ള ഹാളിൽ പുകവലി പാടില്ല എന്ന പരസ്യത്തിനു ശേഷം, ഒരു മിനിറ്റ് ദൈർഘ്യമുള്ള അരോമ: കക്കാടിന്റെ പലഹാര പാരമ്പര്യം എന്ന പരസ്യത്തിലായിരുന്നു കക്കാടുകാർ ആദ്യം കൈവച്ചത്.

പരസ്യം:

കൊരട്ടി നാഷണൽ ഹൈവേക്ക് അരികിലുള്ള ബേക്കറിയിൽ കയറിയ ഒരു ഉപഭോക്താവ് ഉച്ചത്തിൽ ചോദിക്കുന്നു. “സാറേ അരോമ ബേക്കേഴ്സിന്റെ റൊട്ടി ഉണ്ടോ?”

ബേക്കറിയിൽ വന്നിരിക്കുന്ന എല്ലാവരുടേയും ശ്രദ്ധ പൊടുന്നനെ ചോദ്യകർത്താവിൽ പതിയുന്നു. എല്ലാവരുടേയും ചുണ്ടിൽ മർമ്മരം. “അരോമ അരോമ!”

തലയിൽ കൈവച്ച് പരിതപിച്ച് കടക്കാരൻ മറുപടി പറഞ്ഞു: “അയ്യോ! റൊട്ടി ഇല്ലല്ലോ. ഇപ്പോ തീർന്നേയുള്ളൂ. പത്ത് പാക്കറ്റ് പല്ലാശുപത്രിയിലേക്കു പോയിട്ടുണ്ട്.”

ബേക്കറിയിലുള്ളവർ ഉടൻ ആശുപത്രിയിലേക്കു പായുന്നു.

പരസ്യം എല്ലായിടത്തും ഹിറ്റായി. നെഗറ്റീവ് അഭിപ്രായമായിരുന്നിട്ടും അവ പലഹാര വില്പനയെ തരിമ്പും പ്രതികൂലമായി ബാധിച്ചില്ല. നർമ്മത്തിലൂന്നിയ നെഗറ്റീവ് പബ്ലിസിറ്റി അരോമക്കു ഗുണകരമാവുകയാണ് ചെയ്തത്. സമീപത്തെ മറ്റു തീയറ്ററുകളിലും ഇത്തരം പരസ്യങ്ങൾ ആവർത്തിച്ചതോടെ അരോമ എന്ന നാമം ഏവർക്കും സുപരിചിതമായി. അരോമ ബേക്കേഴ്‌സ് എന്നു ആലേഖനം ചെയ്ത വാൻ കറുകുറ്റി മുതൽ കൊടകര വരെയും, കോനൂർ തൊട്ടു മാള വരെയും വ്യാപാര ആവശ്യാർത്ഥം ഓടി. കിലോക്കണക്കിനു ബെന്നും റസ്കും റൊട്ടിയും തിന്ന് പലഹാരപ്രിയർ ഇളകി മറിഞ്ഞു. ജനം ഹാപ്പി. കല്യാണി അതിലേറെ ഹാപ്പി.

ബിസിനസ് വച്ചടിച്ച് കയറിയതോടെ, അൽഭുതമെന്നു പറയാവും വിധം, കല്യാണി സ്വപ്നം കാണുന്നത് നിർത്തി. അതിൽ പരാതിപ്പെട്ട സനിയോടു അന്തഃരംഗത്തിൽ സ്വപ്നമുകുളങ്ങൾ പുഷ്പിക്കുന്നില്ലെന്നു പറഞ്ഞ് പരിതപിച്ചു. അതോടെ വട്ടക്കുളത്തിലെ സാഹായ്നക്കുളി സനിക്കു അസഹ്യമായി. ബോറടി സഹിക്കാനാകാതെ അദ്ദേഹം താമസിയാതെ കുളം ഒഴിഞ്ഞു. കുളിയും നിർത്തി. വേണു ബിസിനസിൽ മാത്രം ശ്രദ്ധയൂന്നി.

പലഹാരം എന്നതിന്റെ പര്യായമായി അരോമ വിലസുന്ന ഇക്കാലത്താണ് കർത്താറ ശിവരാമേട്ടന്റെ മൂത്ത മകൻ മഹേന്ദ്രൻ എന്ന മഹിക്ക്, മലേഷ്യക്കാരൻ സുഹൃത്ത് ഏതാനും അപൂർവ്വയിനം മാവിൻതൈകൾ കൊടുത്തയക്കുന്നത്. ഒരു സീസണിൽ ഒരു ലോറിയിൽ കൊള്ളിക്കാവുന്നത്ര മാങ്ങ കിട്ടുമെന്നു കേട്ടപ്പോൾ മുൻപിമ്പ് നോക്കാതെ മഹി ഓർഡർ കൊടുത്തു.

‘ഒര് മൂന്ന് തൈ ഇങ്ങട് അയച്ചോ’.

മാവിൻതൈ എത്തിയപാടെ മഹി തോർത്തുമുണ്ട് തലയിൽ കെട്ടി, തൂമ്പയെടുത്തു മാവിൻതൈക്കു തടമെടുത്തു. പറമ്പിന്റെ മൂലയിൽ പടർന്നു പന്തലിച്ച നിന്നിരുന്ന, കായ്‌ഫലമുള്ള മൂന്ന് ജാതികൾ വെട്ടിക്കളഞ്ഞ്, അദ്ദേഹം അവിടെ മാവിൻതൈകൾ നട്ടു. ശേഷം മലേഷ്യൻ സുഹൃത്തിനെ വിളിച്ചു നന്ദി പറഞ്ഞു. മാവ് പൂക്കുമ്പോൾ അറിയിക്കാമെന്നും, മാങ്ങയുണ്ടാകുമ്പോൾ കുറച്ചെണ്ണം പാഴ്‌സലായി അയയ്‌ക്കാമെന്നും വാഗ്ദാനം ചെയ്തു. എന്തുകൊണ്ടോ മാങ്ങ – പാഴ്‌സൽ എന്നു കേട്ടപ്പോൾ സുഹൃത്ത് ഉടൻ ഫോൺ വച്ചു.

മര്യാദാമുക്കിനു തൊട്ടു മുന്നിലാണ് മഹിയുടെ ഭവനം. മര്യാദക്കാരുടെ മര്യാദ അദ്ദേഹത്തിനു നന്നായി അറിയാം. അതിനാൽ മഹി മാവിൻതൈകൾക്കു ചുറ്റും ഷീറ്റ് വച്ചുകെട്ടി മറവുണ്ടാക്കി. എന്നിട്ടും ഒരു മാവിൻതൈ എങ്ങിനെയോ അപ്രത്യക്ഷമായി. മറ്റൊന്നിനെ സാക്ഷാൽ കല്യാണിയമ്മയുടെ അരുമയായ ആട് കപ്പലണ്ടി രൂപത്തിലാക്കി. അന്ന് മാതൃ – പുത്ര ബന്ധം ഉലയുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തി. എങ്കിലും ശേഷിക്കുന്ന മാവിൻതൈയിനെ കരുതി ശാന്തശീലനായ മഹി അമ്മയോടു പൊറുത്തു. അദ്ദേഹം ചാണകം, എല്ലുപൊടി അടക്കമുള്ള വളങ്ങൾ മാവിൻതൈക്ക് ഇട്ടു ശ്രദ്ധയോടെ പരിപാലിച്ചു. മൂന്ന് കൊല്ലത്തിനുള്ളിൽ മാവ് പടർന്നു പന്തലിച്ചു. സുഹൃത്തിന്റെ പ്രവചനം ശരിവച്ച് രണ്ടാമത്തെ പൂക്കലിൽ തന്നെ അനേകം കണ്ണിമാങ്ങകൾ ഞവണിക്ക തോൽക്കുന്ന വിധം കുരുത്തു. ഒരൊറ്റ കണ്ണിമാങ്ങ പോലും കൊഴിഞ്ഞില്ല. കല്ലേറ് കൊണ്ടാലും ഞെട്ടറ്റ് വീഴുക അപൂർവ്വമാണ്.

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച് മാങ്ങ എറിയാറുള്ള സനു ആ ഗൃഹാതുരത്വം അയവിറക്കി മലേഷ്യൻ മാങ്ങ എറിഞ്ഞു വീഴ്ത്തിയത്രെ. മര്യാദാമുക്കിൽ വച്ച് സനു സംഭവം വിവരിച്ചു.

“സത്യം പറയാലാ ആശാനേ… ആ മാവുമ്മെ വീക്കാൻ എനിക്ക് പ്ലാനില്ലായിരുന്നു.”

(തുടരും…)Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

5 replies

 1. “…… അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ… പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല. ചെറാലക്കുന്നിനെ മുക്കാൻ ആ പ്രളയത്തിനും സാധിച്ചില്ല. അങ്ങിനെ വെള്ളം കേറാത്ത ചെറാലക്കുന്നിൽ കുറച്ചുപേർ മുങ്ങിച്ചാകാതെ അഭയം കണ്ടെത്തി. അതിൽ ഒരാൾ ഞാൻ തന്നെയായിരുന്നു. എന്റെ കൂടെയുള്ളതോ…. കുറേ സുന്ദരികളായ യുവതികളും!”

  കക്കാടിന്റെ പുരാവൃത്തത്തിൽ കല്യാണി വേണു അരങ്ങേറുന്നു.

  സസ്നേഹം
  സുനിൽ ഉപാസന

  Like

 2. കക്കാടിന്റെ കഥ ജോറായിട്ടുണ്ട്

  Like

 3. മൈനാഗൻ.

  നന്ദി വായനക്കും ആദ്യകമന്റിനും
  🙂
  സസ്നേഹം
  സുനിൽ ഉപാസന

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: