യോഗയും ദൈവവും

ഹിന്ദുമതത്തിന്റെ പ്രചാരണ വാഹനമാണ് യോഗ എന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കുന്നതിനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ പോസ്റ്റ്. വായിക്കുക.

യോഗയെ സംബന്ധിച്ച ഏതൊരു വിശകലനവും സാംഖ്യ ഫിലോസഫിയിലാണ് തുടങ്ങേണ്ടത്. കാരണം ഈ രണ്ടു ഫിലോസഫികൾ തമ്മിൽ കാര്യമായ വേർതിരിവുകൾ ഇല്ല. സാംഖ്യ സിസ്റ്റം മോക്ഷത്തിലെത്തേണ്ടത് എങ്ങിനെയെന്നു സിദ്ധാന്തിക്കുന്നു. യോഗ സിസ്റ്റം ഈ സിദ്ധാന്തങ്ങളെ പ്രയോഗത്തിൽ വരുത്തി യോഗിയെ സമാധിയിൽ എത്തിക്കുന്നു. തന്നിലെ തന്നെ ദിവ്യത്വത്തെ/മോക്ഷാവസ്ഥയെ വിവേചിച്ച് അറിയുന്നതോടെ പുരുഷ/യോഗിക്കു പിന്നെ ഒന്നും കൂടുതലായി നേടാനില്ല.

ഭാരതീയ ദർശനങ്ങളിൽ തുടക്ക അറിവു ഉള്ളവർക്കു നിശ്ചയമുള്ള കാര്യമാണ് സാംഖ്യ ഫിലോസഫി ദൈവത്തെ അംഗീകരിക്കുന്നില്ല എന്നത്. പിന്നെ എന്തുകൊണ്ട് സാംഖ്യം ഹൈന്ദവ ദർശനങ്ങളിൽ പെടുന്നു? ഉത്തരം ലളിതം – സാംഖ്യം വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്നു. സാംഖ്യം അനുശാസിക്കുന്ന പ്രമാണങ്ങളിൽ പ്രത്യക്ഷത്തിനും അനുമാനത്തിനും ഒപ്പം ആപ്തവാക്യവും (വേദവാക്യങ്ങൾ) ഉണ്ട്. വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്നവയാണ് ആദ്യകാലത്തെ ഹൈന്ദവദർശനങ്ങളായി (ആസ്തിക ദർശനങ്ങളായി) അറിയപ്പെട്ടിരുന്നത്. ഈ ദർശനങ്ങൾ ദൈവത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും അവയുടെ ആസ്തിക/ഹൈന്ദവ പദവിക്കു ഒരു പ്രശ്നവും സംഭവിക്കില്ല. വേദപ്രാമാണ്യവും അതുവഴി കർമ്മ സിദ്ധാന്തവുമാണ് ആസ്തിക ദർശനങ്ങളുടെ നട്ടെല്ല്. സാംഖ്യവും യോഗയും വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്നു. അതുവഴി ആസ്തികവും  ഹൈന്ദവവുമാണ്. സാംഖ്യയിൽ നിന്നു വിരുദ്ധമായി യോഗയിൽ ദൈവം ഉണ്ട്. എന്നാൽ മറ്റു ചില ദർശനങ്ങളൂമായി തട്ടിച്ചു നോക്കുമ്പോൾ അത്ര പ്രാധാന്യമുള്ള റോൾ ദൈവത്തിനില്ലെന്നു മാത്രം.

(സംഖ്യ ഫിലോസഫിയുടെ വിശദാംശങ്ങളിലേക്കു ഞാൻ കടക്കുന്നില്ല. സാംഖ്യ – യോഗയിൽ അത്യാവശ്യം ജ്ഞാനമുള്ളവർക്കു കാര്യങ്ങൾ മനസ്സിലാകുമെന്നു പ്രത്യാശിക്കുന്നു)

സംഖ്യ സിസ്റ്റത്തിലെ രണ്ട് ‘ന്യൂനതകൾ’ യോഗ സിസ്റ്റം ദൈവത്തെ ഉപയോഗിച്ചു പരിഹരിക്കുന്നു. ഒന്ന് സംഖ്യയിൽ ലോകം എങ്ങിനെയുണ്ടായി എന്നു പറയുന്നില്ല. ആദ്യ-കാരണത്തെ (First cause) കുറിച്ച് സംഖ്യ സിദ്ധാന്തിക്കുന്നില്ല. പ്രകൃതി, പുരുഷയുടേയും ആരംഭം തേടിപ്പോയാൽ തീർച്ചയായും ഒരു ആദ്യ-കാരണത്തെ (ദൈവത്തെ) സങ്കൽപ്പിക്കേണ്ടതായി വരും. സംഖ്യ സിസ്റ്റം ദൈവത്തെ അംഗീകരിക്കാത്തതിനാൽ അതിനു തുനിയുന്നില്ല. എന്നാൽ സംഖ്യയുടെ പ്രകൃതി – പുരുഷ എന്നിവയോടൊപ്പം യോഗ മൂനാമത്തെ യാഥാർത്ഥ്യമായി (റിയാലിറ്റി) ദൈവത്തെ കരുതുന്നു. ലോകത്തിന്റെ ഉൽഭവത്തിന്റെ efficient cause ദൈവമാണ്. Material cause പ്രകൃതിയും.

സംഖ്യ സിസ്റ്റത്തിലെ മറ്റൊരു ന്യൂനത ‘പുരുഷ’ എങ്ങിനെയാണ് ‘പ്രകൃതിയെ ‘പരിണാമപ്രക്രിയയിലേക്കു നയിക്കുന്നത്’ എന്നതിനെപ്പറ്റിയാണ്. പുരുഷ സചേതനവും, പ്രകൃതി അചേതനവുമായ ജഢവസ്തുവാണ്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഇവ തമ്മിൽ ആശയവിനിമയവും ഇടപഴകലും (കമ്മ്യൂണിക്കേഷൻ & ഇന്ററാക്ഷൻ) അസാധ്യമാണ്. ഇതിനു സംഖ്യ പറയുന്ന ന്യായം, കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിയാണ്. ഇരുമ്പിന്റെ സാമീപ്യത്താൽ മാത്രം കാന്തം പ്രതിപ്രവർത്തിച്ചു തുടങ്ങുന്നത് സംഖ്യ ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ പുരുഷ പ്രകൃതിയുമായി സംവദിക്കേണ്ടതില്ല, മറിച്ച് പുരുഷയുടെ സാമീപ്യം കൊണ്ടുമാത്രം പ്രകൃതി പരിണാമ പ്രക്രിയ ആരംഭിക്കുമെന്നു സാംഖ്യ പറയുന്നു. സാംഖ്യ ദർശനത്തിലെ ദുർബല കണ്ണിയാണ് ഇത്. ഇരുമ്പും കാന്തവും അചേതനവും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നതിൽ പ്രസിദ്ധവുമാണ്. എന്നാൽ സചേതമായ, വിവേചനശേഷിയുള്ള പുരുഷയുടേയും, അചേതനവും ജഢപ്രകൃതിയുമായ പ്രകൃതിയുടേയും കാര്യം വ്യത്യസ്തമാണ്. കാന്തം – ഇരുമ്പ് താരതമ്യം ഈ സന്ദർഭത്തിൽ ഉപയോഗിക്കാനാവില്ലെന്നു സാംഖ്യ-വിമർശകർ  ചൂണ്ടിക്കാട്ടുന്നു.

പുരുഷ എങ്ങിനെ ജഢപ്രകൃതിയായ പ്രകൃതിയെ പരിണാമ പ്രക്രിയയിലേക്കു നയിക്കുന്നു എന്ന കുഴപ്പം പിടിച്ച ചോദ്യത്തെ, സംഖ്യയുടെ സഹോദര സിസ്റ്റമായ, യോഗ ഫിലോസഫി മറികടക്കുന്നത് ദൈവത്തെ ഉപയോഗിച്ചാണ്. ഇതുപ്രകാരം പ്രകൃതിയുടെ പരിണാമപ്രക്രിയ തുടങ്ങാൻ കാരണം ദൈവമാണ്. പുരുഷയുടെ താല്പര്യാർത്ഥം ദൈവം പ്രകൃതിയിലെ (സത്വ, രജസ്, തമസ് എന്നിവക്കിടയിലുള്ള) സന്തുലിതാവസ്ഥ തെറ്റിക്കുന്നു. തന്മൂലം മറ്റൊരു സന്തുലിതാവസ്ഥ എത്തുന്നതു വരെ പ്രകൃതി പരിണമിച്ചുകൊണ്ടിരിക്കും. ഈ കാലയളവിൽ ജ്ഞാനം നേടി പുരുഷയ്ക്കു, പ്രകൃതിയിൽ നിന്നു വേറിട്ടുള്ള തന്റെ സ്വാഭാവിക മോക്ഷനിലയെ വിവേചിച്ചു മനസ്സിലാക്കാം. തന്നിലെ തന്നെ ദിവ്യത്വത്തെ പുരുഷ അപ്രകാരം സാക്ഷാത്കരിക്കുന്നു. അതു തന്നെയാണ് മോക്ഷം.

യോഗ സിസ്റ്റത്തിൽ ദൈവത്തിനു കാര്യമായ പങ്കൊന്നും ഇല്ല. Efficient cause ദൈവമാണ്. പിന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതും ദൈവമാണ്. ഇതുകൂടാതെ മറ്റു സുപ്രധാന ധർമ്മങ്ങളൊന്നും ദൈവത്തിനില്ല. ദൈവം പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയിൽ ഇടപെടുന്നേയില്ല. പ്രകൃതി – പുരുഷ എന്നിവയെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും ദൈവമല്ല. ലോകത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ ദൈവത്തിന്റെ പരിധിയിൽ വരുന്നതല്ല. അതായത് ദൈവത്തോടു പ്രാർത്ഥിച്ചതുകൊണ്ട് മാത്രം ഭക്തനു മോക്ഷം ലഭിക്കില്ല. ഭക്തൻ തന്നെ തന്നിലെ ദിവ്യത്വത്തെ അറിയാനുള്ള പ്രക്രിയയ്ക്കു തുടക്കമിടണം. (ദൈവം പുരുഷയെ തടസങ്ങൾ മാറ്റി പ്രകൃതിയോടു അടുപ്പിക്കാൻ സഹായിക്കുന്നുണ്ട്). ഭക്തിപ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന ദൈവവുമായി താരതമ്യം ചെയ്യുമ്പോൾ യോഗയിൽ ദൈവസ്വാധീനം തുലോം തുശ്ചമാണെന്നു തന്നെ പറയണം. എന്നാൽ വേദസാഹിത്യത്തിനു യോഗ പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ തന്നെ യോഗ സിസ്റ്റം കർക്കശമായി ഹൈന്ദവമാണ്.

ഇതിൽനിന്നെല്ലാം ദൈവ വിശ്വാസത്തെ മുൻനിർത്തി യോഗ സിസ്റ്റം ഹിന്ദുമതത്തിന്റെ പ്രചാരത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നു കാണാം. എന്നാൽ യോഗയിൽ നിശ്ചയമായും ഭാരതീയ സംസ്കാരത്തിന്റെ കയ്യൊപ്പുണ്ട്. മറ്റു രാജ്യങ്ങളുടെ സംസ്കാരത്തിലേക്കു ഹൈന്ദവമായ ഒരു സംസ്കാരത്തെ തുളച്ചുകയറ്റാൻ മാത്രം ശക്തിയൊന്നും യോഗക്കു ഇല്ലേയില്ല. മറിച്ചു ഭാരതീയ സംസ്കാരത്തെ കുറിച്ചു മറ്റുരാജ്യങ്ങളിൽ മതിപ്പുണ്ടാക്കുവാൻ യോഗ തീർച്ചയായും ഉപകരിക്കും. അതു തന്നെയാണ് യോഗയുടെ സാംസ്കാരികമായ പ്രാധാന്യം.

Featured Image:- Indiafacts.orgCategories: ഇന്ത്യൻ ഫിലോസഫി, ഉപനിഷത്ത്, ലേഖനം

Tags:

1 reply

  1. എഴുതിയവയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഭാരതീയ ദർശനത്തിൽ ഞാൻ ഒരു വിദ്യാർത്ഥി മാത്രമാണ്.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: