ഒരു ഭക്തൻ – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Part Here…

ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്ത കേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനിയാകെ അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു.

“തമ്പ്യേയ്… എന്തൂട്ടാ ഇതിന് പിന്നിലെ കളി?”

തമ്പി പതിവ് ഡയലോഗ് അടിച്ചു. “നമക്കൊന്ന് പൂശ്യാലോ”

“ആരെ?”

“ജനൻ ചേട്ടനെ വിശ്വാസിയാക്ക്യ ആളെ”

“അത് വേണ്ടത് തന്നെ. പക്ഷേ ആളെ അറിയില്ലല്ലോ”

കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു. വാസുട്ടൻ മതിൽ മഞ്ചത്തിൽ ചാഞ്ഞു കിടന്നു. തല ഇടതുകയ്യാൽ താങ്ങി.

“ജനൻ ചേട്ടന് തന്നെത്താൻ ഇങ്ങനെ തോന്നാൻ ന്യായല്ല്യ”

“അതേന്ന്…” തമ്പി ശരിവച്ചു.  “ദെവസം മുഴ്വോൻ പറമ്പ് കെളച്ചും വൈന്നേരം ഇത്തിരി മോന്തീം സുഖായി ജീവിച്ച് പോണ ആളാ. തന്ന്യൊന്നും തോന്നില്ല.”

വാസുട്ടൻ സംശയം നിരത്തി. “ഇനീപ്പോ നമ്മടെ മണികണ്ഠൻ വാരര് എങ്ങാനും കളിച്ചതാണോ?”

തമ്പി വാസുട്ടന്റെ അരികിലേക്കു നീങ്ങിയിരുന്നു. പ്രതിയെ പിടികിട്ടി. ഇനി പൂശാൻ വൈകിക്കണ്ട എന്ന മാനസിക നിലയിലാണ് അദ്ദേഹം.

“ആഹാ, അവൻ തന്ന്യായിരിക്കൊള്ളൂ ഇതിനു പിന്നീ”

ഒന്നു നിർത്തിയിട്ടു തമ്പി തുടർന്നു. “ആ വാരര് അല്ലേലും ഒരു ജഗജില്ല്യാ. പുള്ളി വന്നശേഷം ചെല പെണ്ണങ്ങൾടെ ഭക്തി കൂടീണ്ടോന്ന് എനിക്കൊരു ഡവുട്ട്ണ്ട്.”

വാസുട്ടൻ പറഞ്ഞു. “മണികണ്ഠൻ ആളോളെ ഭക്തിമാർഗത്തിൽക്ക് നയിക്കണ്ണ്ടെങ്കീ നമക്കത് തടയണം”

തമ്പി ഊന്നിപ്പറഞ്ഞു. “അതുപിന്നെ പറയാന്‌ണ്ടാ. പൂശന്നെ വഴി”

വാസുട്ടൻ ചിന്തയിലാണ്ടു. യുക്തിവാദ ധാരയിൽ മാർഗദർശിയായി നിലകൊണ്ട വ്യക്തി ഈ ചതി ചെയ്യുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കൗമാരത്തിലും യൗവനത്തിലും അദ്ദേഹം ആദർശത്തിൽ നിന്നു അണുവിട വ്യതിചലിച്ചിട്ടില്ല. പിന്നെ ഈ മദ്ധ്യവയസ്സിൽ കാൽമാറ്റി ചവിട്ടുമെന്നു ആരറിഞ്ഞു.

വാസുട്ടൻ പറഞ്ഞു. “തമ്പ്യേയ്…. നമക്ക് ജനൻ ചേട്ടനോടും മണികണ്ഠനോടും ഒന്നു സംസാരിക്കാം. എന്നട്ട് മതി ആക്ഷൻ”

തമ്പി സമ്മതിച്ചു.

പിറ്റേന്നു രാവിലെ അമ്പലത്തിലേക്കു വേണ്ട പൂക്കളും തുളസിയിലയും പറിക്കാനിറങ്ങിയ മണികണ്ഠനൊപ്പം തമ്പിയും കൂടി. ലോഹ്യഭാവത്തിൽ സംസാരം തുടങ്ങി.

“നീ ഇത്തവണ മലയ്‌ക്കു പോണില്ലേ മണികണ്ഠാ?”

മണികണ്ഠൻ ഇല്ലെന്നു ചുമലനക്കി. “ഞാൻ ഇന്നേ വരെ ശബരിമലയ്ക്കു പോയിട്ടില്ല തമ്പീ”

ശബരിമലയിൽ പോയിട്ടില്ലാത്ത വാരരോ! തമ്പിക്കു അൽഭുതവും ആവേശവുമായി. ഒന്നു ആഞ്ഞു പിടിച്ചാൽ മണികണ്ഠനേയും നിരീശ്വരവാദത്തിലേക്കു ആകർഷിക്കാൻ പറ്റില്ലേ? ഉവ്വെന്നു തോന്നി. വാസുട്ടനോടു ആലോചിച്ചു വേണ്ടതു ചെയ്യണമെന്ന് മനസ്സിൽ കുറിച്ചിട്ടു.

തമ്പി വന്ന കാര്യം അവതരിപ്പിച്ചു. “നമ്മടെ ജനൻ ചേട്ടൻ മലക്ക് പോണ്ണ്ടെന്ന് കേട്ടു”

“ആങ്, ശര്യാ. ആൾക്കു ഈയിടെ നല്ല ഈശ്വരബോധാ”

തമ്പി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ അൽഭുതം ഭാവിച്ചു. “എന്തുപറ്റി ആവോ, അങ്ങിനെ വരാൻ?”

“പുള്ളീനെ കൊറച്ച് നാള് മുമ്പ് ഒരാൾ തല്ലി. ആൾടെ പൊറത്ത് ഇപ്പഴും അതിന്റെ പാട്‌ണ്ടെന്നാ നാട്ടാര് പറേണെ”

തമ്പി സ്തംഭിച്ചു പോയി. കായികമായി മർദ്ദിച്ചു ഒതുക്കലാണോ നടന്നത്! അതും താനിവിടെ ജീവനോടെ ഇരിക്കുമ്പോൾ!

“അതോണ്ടാണോ ജനൻ ചേട്ടൻ വിശ്വാസി ആയെ?”

“അതെ. ആ അടീലാ ആള് വീണെ. വേറാരും ഇതീ കുത്തിത്തിരുപ്പ് നടത്തീട്ടില്ല്യ”

തമ്പിയുടെ നിയന്ത്രണം പോയി. മണികണ്ഠനോടു രോഷത്തോടെ അന്വേഷിച്ചു.

“പറടാ… ആരാ ഞങ്ങടെ ജനൻ ചേട്ടനെ തല്ല്യേ? അവന്റെ കൊടല് ഞാനൂരും. വേഗം പറ. ആരാ ആള്?”

മണികണ്ഠൻ പുശ്ചിച്ചു ചിരിച്ചു. “ഇതീ നിനക്കൊന്നും ചെയ്യാനില്ല തമ്പീ. നീ വിചാരിച്ചാ ഒന്നും നടക്കാനും പോണില്ല. ജനൻ ചേട്ടൻ ഇനി സ്വാമീനെ വിട്ടു പോവില്ലാന്ന് നൂറു ശതമാനം ഒറപ്പാ”

“ശതമാനക്കണക്കൊന്നും നീ തീരുമാനിക്കണ്ടാ. തമ്പീനെ വെല കൊറച്ച് കണ്ടോരൊക്കെ എന്നും പശ്ചാത്തപിച്ചിട്ടേയുള്ളൂ. നിന്റെ ഗതീം അതന്നെ”

മണികണ്ഠൻ ഭയന്നില്ല, അയഞ്ഞുമില്ല. പകരം കടുത്ത സ്വരത്തിൽ പറഞ്ഞു.

“തമ്പീ… ജനൻ ചേട്ടനെ തല്ലീത് ഭഗവത്യാ. അതില് നീയെന്ത് ചെയ്യാനാ?”

ഭഗവതി! തമ്പി അമ്പരന്നു. വിശ്വാസം വരാതെ ചോദിച്ചു.

“ഭഗവതി തല്ലീന്നോ?”

തമ്പിയുടെ അമ്പരന്ന ഭാവം കണ്ടു മണികണ്ഠൻ പൊട്ടിച്ചിരിച്ചു. “അതേന്ന്. ഒറ്റ അടി. അതീ ജനൻ ചേട്ടൻ കമഴ്ന്നടിച്ചു വീണു. പിന്നെ എണീറ്റത് പരമ ഭക്തനായിട്ടാ”

തമ്പി മണികണ്ഠനെ സൂക്ഷിച്ചു നോക്കി. ആൾ പിച്ചും പേയും പറയുകയാണോ? തമ്പിയുടെ കൂർപ്പിച്ച നോട്ടം കണ്ട് മണികണ്ഠൻ നിർത്താതെ ചിരി തുടർന്നു. തമ്പി ഉടൻ യാത്രപോലും പറയാതെ സ്ഥലം വിട്ടു.

വൈകുന്നേരം തമ്പിയും വാസുട്ടനും ജനാർദ്ദനനെ കാണാൻ തേമാലിപ്പറമ്പിനു അടുത്തുള്ള വീട്ടിലേക്കു ചെന്നു. തല്ലിയതാരാന്ന് അറിയണം. കനത്ത തിരിച്ചടി നൽകണം. ജനാർദ്ദനനെ വീണ്ടും നിരീശ്വര പാതയിലേക്കു തിരിച്ചു കൊണ്ടുവരണം. ഇതൊക്കെയായിരുന്നു ലക്ഷ്യം.

ഇരുവരും എത്തുമ്പോൾ ജനാർദ്ദനൻ കുളിച്ചുവന്ന വേഷത്തിൽ സ്വാമി ഫോട്ടോയ്ക്കു മുന്നിൽനിന്നു ശരണം വിളിക്കുകയാണ്. അതേറെ നേരം നീണ്ടു. ഇത്രയും ശരണങ്ങൾ ജനാർദ്ദനൻ എങ്ങിനെ പഠിച്ചെന്നു തമ്പി അൽഭുതപപ്പെട്ടു. ദൈവങ്ങളെ പറ്റി കമാന്ന് ഒരക്ഷരം ഉരിയാടാത്ത വ്യക്തിയാണ് ഇക്കണ്ട ശരണമൊക്കെ വിളിക്കുന്നത്!

കുറച്ചു സമയത്തിനു ശേഷം ജനാർദ്ദനൻ എത്തി. കറുപ്പാണ് ഉടുത്തിരിക്കുന്നത്. നെറ്റിയിൽ ഭസ്മക്കുറി. കഴുത്തിൽ മൂന്ന് രുദ്രാക്ഷമാലകൾ. ജനാർദ്ദനൻ ശാന്തനും, അസ്വസ്ഥതകൾ ഒഴിഞ്ഞ മനസ്സുള്ളവനായും കാണപ്പെട്ടു.

വാസുട്ടൻ മറയൊന്നും കൂടാതെ പരുക്കൻ സ്വരത്തിൽ ചോദിച്ചു. “ഇതെന്താ ജനഞ്ചേട്ടാ ഞങ്ങ ഈ കാണണെ. ഇങ്ങനൊന്നും അല്ലായിര്ന്നല്ലോ കാര്യങ്ങൾ….”

തർക്കിയ്ക്കാൻ നിൽക്കാതെ ജനാർദ്ദനൻ പറഞ്ഞു. “സ്വാമി ശരണം. എല്ലാം ഈശ്വരനിശ്ചയം”

വാസുട്ടൻ അസഹ്യത ഭാവിച്ചു. തമ്പി ചോദിച്ചു. “അല്ലാ… ജനൻ ചേട്ടനെ ആരോ തല്ലീന്നും അതിനു ശേഷാ ദൈവവിശ്വാസം തൊടങ്ങ്യേന്നും കേട്ടു. സത്യാണോ?”

“അതെ”

“ആരാ തല്ല്യേ?”

ജനാർദ്ദനൻ മുകളിലേക്കു നോക്കി കൈകൂപ്പി. “അത് ഭഗവത്യായിരുന്നു”

Read More ->  കക്കാട് ജ്വല്ലറി വർൿസ് - 1

ഭഗവതിയോ! മണികണ്ഠൻ വാരർക്കു ശേഷം ഇപ്പോഴിതാ ജനാർദ്ദനനും പറയുന്നു, തല്ലിയത് ഭഗവതിയാണെന്ന്. തമ്പിയും വാസുട്ടനും ഉമ്മറത്തിണ്ണയിൽ കയറിരുന്നു.

“അതെങ്ങന്യാ ജനൻ ചേട്ടാ ഭഗവതി വന്ന് തല്ലാ?”

ജനാർദ്ദനനും തിണ്ണയിൽ ഇരുന്നു. “നിങ്ങൾക്കു അതറിയണോ?”

ഇരുവരും ഒരുമിച്ചു പറഞ്ഞു. “വേണം”

“എന്നാൽ കേട്ടോ”

ജനാർദ്ദനൻ സംഭവം വിവരിക്കാൻ തുടങ്ങി. അയ്യങ്കോവ് അമ്പലക്കുളത്തിൽ വച്ചു ഭഗവതി താഢിച്ച കഥ.

നിരീശ്വരവാദിയാണ്. അതു എല്ലാവർക്കും അറിയാം. ജനങ്ങൾക്കിടയിൽ അത്യാവശ്യം പ്രവർത്തനങ്ങളും ഉണ്ട്. എന്നിട്ടും എന്തോ പോരായ്മ തന്നിൽ നിഴലിക്കുന്നുണ്ട് എന്ന ചിന്ത ജനാർദ്ദനനെ പിടികൂടിയിരുന്നു. ജനങ്ങൾക്കിടയിലെ പ്രവർത്തനം ഉദ്ദേശിച്ച ഫലം തരുന്നേയില്ല. എല്ലാവരും തന്റെ വാദഗതികൾ കേട്ടു തല കുലുക്കുമെങ്കിലും അവരെല്ലാം മുടങ്ങാതെ അമ്പലത്തിലും പോയി തല കുമ്പിടാറുണ്ട്. എന്താണ് ഇതിനു കാരണം? തന്റെ പരാജയമാണോ? അതോ അവരുടെ പരാജയമോ? കുറേ നാൾ എയ്, എന്റെ നിലപാടുകൾ എല്ലാം ശരിയാണ്. പരാജയം മറ്റുള്ളവർ ആശയങ്ങളെ മനസ്സിലാക്കുന്നതിലാണ് എന്നു ജനാർദ്ദനൻ ചിന്തിച്ചു. പക്ഷേ സ്വയം വിലയിരുത്തലുകൾ പലപ്പോഴും അബദ്ധ ധാരണകളിലേക്കു നയിക്കാറുണ്ടെന്നു തോന്നിയതിനാൽ അദ്ദേഹം പിന്നീടു നിലപാടുകളിൽ അയവു വരുത്തി. അപ്പോൾ ഏതാനും പോരായ്മകൾ തലപൊക്കി.

ദൈവവിശ്വാസത്തിനു എതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ജനങ്ങൾക്കിടയിൽ മാത്രമാണ്. ജനങ്ങളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കത്തക്ക വിധത്തിൽ ദൈവവുമായി നേരിട്ടു ഒരു ഏറ്റുമുട്ടൽ ഇന്നുവരെ നടത്തിയിട്ടില്ല!

ദൈവവുമായി നേരിട്ടു ഏറ്റുമുട്ടാത്തിടത്തോളം കാലം ജനങ്ങൾക്കു തന്നെ അവിശ്വസിക്കാവുന്ന ഒരിടം വരുന്നുണ്ട്. അതിൽ തെറ്റു പറയാനും പറ്റില്ല. നാവിട്ട് അലയ്ക്കലല്ല പ്രധാനം. മറിച്ചു ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുകയാണ്. അതിനാൽ ദൈവത്തെ നിരാകരിക്കുന്ന എന്തെങ്കിലും പ്രത്യക്ഷ നടപടി ചെയ്യണം. അതു നാട്ടുകാർ പരക്കെ അറിയണം. എങ്കിലേ ഒരു വില കിട്ടൂ. അമ്പലത്തിലെ ഉൽസവം കലക്കിയാലോ എന്നു ആലോചിച്ചെങ്കിലും തടി കേടാവുമെന്നതിനാൽ ഒഴിവാക്കി. കുറച്ചുകൂടി ലളിതമായ, എന്നാൽ ജനശ്രദ്ധ ആകർഷിക്കാവുന്ന പദ്ധതി അന്വേഷിച്ചു.

സൂര്യൻ ഉച്ചിയിൽ നിൽക്കുന്ന നട്ടുച്ച നേരത്ത്, നാലാളുകൾ അറിയെ, അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കാൻ ജനാർദ്ദനൻ തീരുമാനമെടുക്കുന്നത് അങ്ങിനെയാണ്!

കുളിയെപ്പറ്റി വീട്ടിൽ ആരോടും പറഞ്ഞില്ല. അവർ കടുത്ത ഭക്തരാണ്. പറഞ്ഞാൽ പുറത്തു പോകാൻ സമ്മതിക്കാതെ മുറിയിലിട്ടു പൂട്ടും. സമയം പന്ത്രണ്ടര ആയപ്പോൾ അരയിൽ തോർത്തുമുണ്ട് കെട്ടി അതിനു മീതെ ഷർട്ട് ധരിച്ചു ജനാർദ്ദനൻ കുളിക്കാനിറങ്ങി. വീട്ടിൽ നിന്നു നോക്കിയാൽ കാണാത്ത ദൂരമെത്തിയപ്പോൾ തോർത്തുമുണ്ട് അഴിച്ച്, വഴിയിലുള്ള സകലരും കാണും വിധം, തലേക്കെട്ട് കെട്ടി. അതുകൊണ്ടും ജനങ്ങൾക്കു തന്റെ ഉദ്ദേശം പിടികിട്ടിയില്ലെങ്കിലോ എന്നു ശങ്കിച്ച് സോപ്പുപെട്ടി കൈകളിൽ അമ്മാനമാടി. വഴിയിൽ കണ്ടവരോടെല്ലാം ‘ഇന്നു കുളിച്ചോടാ’ എന്നു അന്വേഷിച്ചു. എന്നിട്ടും ആരും തിരിച്ചു ജനൻ എങ്ങടാ പോണെ എന്നു ചോദിച്ചില്ല. ഒടുക്കം ഒരാളോടു അങ്ങോട്ടു കയറി പറഞ്ഞു.

“ഞാൻ അമ്പലക്കൊളത്തീ ഒന്ന് കുളിക്കാൻ പോവാ”

കേട്ടവൻ അമ്പരന്നു. “അയ്യോ, ഈ നട്ടുച്ചയ്ക്കോ! ഭഗവതി നീരാട്ടിനെറങ്ങണ സമയല്ലേ. ഇപ്പോ അങ്ങട് പോണ്ടാ”

കാര്യങ്ങൾ ശരിയായ ദിശയിലേക്കു നീങ്ങിയതിനാൽ ജനാർദ്ദനൻ പൊട്ടിച്ചിരിച്ചു.

“ഹഹഹഹ. നാട്ടിൽ അങ്ങനൊരു അന്ധവിശ്വാസം വ്യാപകാണ്. നട്ടുച്ചയ്ക്ക് അമ്പലക്കൊളത്തീ കുളിക്കാനെറങ്ങര്ത്, എറങ്ങ്യാ ദേഹം സ്തംഭിക്കൂന്ന്. ഇന്ന് ഞാനത് പൊളിക്കും”

അപരൻ വിലക്കി. “വേണ്ട ജനാ. അതിനൊന്നും പോണ്ട. നമ്മടെ വേലായ്‌ധൻ ഒന്ന് രണ്ട് കൊല്ലം കെടപ്പിലായത് അമ്പലക്കൊളത്തീ നട്ടുച്ചയ്ക്കു കുളിച്ചട്ടാ. രണ്ടുകൊല്ലോം കെടന്ന കെടപ്പീത്തന്നെ എല്ലാം ചെയ്യേണ്ടി വന്നു. പിന്നെ പെമ്പറന്നോർത്തി ചോറ്റാനിക്കരേ പോയി മുട്ടിപ്പായി പ്രാർത്ഥിച്ചട്ടാ എണീറ്റ് നടന്നേ”

രണ്ടുകൊല്ലം കിടന്ന കിടപ്പിൽ എല്ലാം ചെയ്തുവെന്നു അറിഞ്ഞപ്പോൾ ജനാർദ്ദനൻ ഒന്നു പതറാതിരുന്നില്ല. എങ്കിലും ധൈര്യം നടിച്ചു മറുപടി കൊടുത്തു.

“ആൾക്ക് പക്ഷാഘാതം വന്നത് അമ്പലക്കൊളത്തീ വച്ചായതാ കാര്യം. അല്ലാണ്ട്…. ഞാൻ പോണ്”

അപരൻ പറഞ്ഞു. “ജനാ. ഞാൻ എന്തായാലും വീട്ടിലൊന്ന് പറയാം, നീ അമ്പലക്കൊളത്തീ കുളിക്കാൻ പോയീണ്ട്ന്ന്”

ജനാർദ്ദനൻ അടിക്കാൻ കയ്യോങ്ങി.

“മിണ്ടാണ്ട് പോയ്ക്കോട്ടാ. ആവശ്യല്ലാത്ത തൊല്ലയ്ക്കൊന്നും പോണ്ട. എന്റെ കൈ വൃത്തികേടാവും. നീയെങ്ങാനും വീട്ടീപ്പറഞ്ഞാ രജനീം പിള്ളേരും നെഞ്ചത്തടീച്ചൂണ്ട് ഓടി വരും. അങ്…. അതൊന്നും വേണ്ടാ, ഞാൻ ദേ പുഷ്പം പോലെ പത്തു മിനിറ്റിനുള്ളിൽ കുളിച്ചുവരും”

അപരൻ തിരിഞ്ഞു നടക്കെ ജനാർദ്ദനൻ ഓർമിപ്പിച്ചു. “വീട്ടിൽ പറയണ്ടാന്നേ ഞാൻ പറഞ്ഞൊള്ളൂ. നീയാ എസ്എൻഡിപി പടിയ്ക്കൽ പോയി എല്ലാരോടും പറഞ്ഞോ. എന്നാ നന്നാവും. നിനക്ക് നാളെ ഒരു പാക്കറ്റ് ബീഡീം ഞാൻ വാങ്ങിത്തരാം”

അപരൻ തലകുലുക്കി. ജനാർദ്ദനൻ ഉൽസാഹത്തോടെ അമ്പലത്തിലേക്കു ആഞ്ഞു നടന്നു.

നട്ടുച്ചയാണ്. കൊല്ലുന്ന ചൂട്. അമ്പലത്തിന്റെ ഗേറ്റ് പൂട്ടിക്കിടക്കുകയാണ്. ജനാർദ്ദനൻ ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പുവരുത്തി, ഗേറ്റ് ചാടി ഉള്ളിൽ പ്രവേശിച്ചു. അമ്പലപ്പറമ്പിലും ആരേയും കണ്ടില്ല. ഉച്ചയുടെ കനത്ത നിശബ്ദത മാത്രമുണ്ട്. സാഹചര്യങ്ങൾ ഭയപ്പെടുത്തിയെങ്കിലും, ജനാർദ്ദനൻ മനസ്സ് ഏകാഗ്രമാക്കി. പ്രദക്ഷിണ വഴിയിൽ നിന്നു കുറച്ചു അകലം പാലിച്ചു, അമ്പലക്കുളം ലക്ഷ്യമാക്കി നടന്നു.

അയ്യങ്കോവ് അമ്പലക്കുളം വേനലിലും വറ്റാറില്ല. സമീപം കൃഷിയുള്ള പരീക്കപ്പാടമാണ്. തെളിനീർ പോലെയല്ലെങ്കിലും കുളിക്കാൻ തെറ്റില്ലാത്ത വെള്ളം വേനൽക്കാലത്തും ഉണ്ടാകും. അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിൽ നോക്കി ജനാർദ്ദനൻ കുറച്ചുനേരം നിന്നു. വെള്ളത്തിൽ നിന്നു കണ്ണെടുക്കാതെ തന്നെ, യാന്ത്രികമായി ഷർട്ടഴിച്ചു, കുളത്തിന്റെ മതിൽക്കെട്ടിൽ ചുരുട്ടി വച്ചു. കുളക്കരയിൽ നിന്നുകൊണ്ട് അമ്പലത്തിനു നേരെ നോക്കി. ഒരിക്കൽ പോലും ശ്രീകോവിലിനു നേർക്കുനേർ നിന്നിട്ടില്ല. ഉൽസവത്തിനു ആനയെക്കാണാനും മേളം കേൾക്കാനും മാത്രമാണ് ക്ഷേത്ര മതിൽക്കെട്ടിനു അകത്തു പ്രവേശിക്കുക. ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിനടുത്തു ഇന്നുവരെ നിന്നിട്ടില്ല. ജനാർദ്ദനൻ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു. വലിച്ചു തുറക്കാൻ വാതിലിൽ ഘടിപ്പിച്ചിട്ടുള്ള ഓട്ടുവളയങ്ങൾ സാവധാനം ചലിക്കുന്നുണ്ടായിരുന്നു. അതു കണ്ടെങ്കിലും, യുക്തിവാദിയുടെ മനസ്സ് ചഞ്ചലപ്പെടുത്താൻ ആ ചലനം പോരായിരുന്നു. ഇളംകാറ്റ് തൊട്ട്, പ്രപഞ്ചത്തിൽ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഭൗതിക പ്രതിഭാസങ്ങൾ വരെ പ്രതിരോധത്തിനു ഉപയോഗിക്കാവുന്നതേയുള്ളൂ.

അയ്യങ്കോവ് അമ്പലക്കുളത്തിനു രണ്ടുസെറ്റ് പടികൾ ഉണ്ട്. ഒന്നാമത്തെ സെറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കുളത്തിലേക്കു ഇറങ്ങാനുള്ള രണ്ടാമത്തെ സെറ്റ് പടികളുടെ തുടക്കത്തിൽ എത്തും. ആ പടികൾ കുളത്തിന്റെ അടിത്തട്ടുവരെ ഇറങ്ങിപ്പോകുന്നുണ്ട്. കുളത്തിനു രണ്ട് കടവുകൾ ഉണ്ട്; സ്ത്രീകൾക്കും, പുരുഷന്മാർക്കും. രണ്ടു കടവിനേയും സാമാന്യം പൊക്കമുള്ള കരിങ്കൽഭിത്തി വേർതിരിക്കുന്നു. അപ്പുറത്തു നിൽക്കുന്നവരെ ഇപ്പുറത്തുള്ളവർക്കു കാണണമെങ്കിൽ വെള്ളത്തിൽ ഇറങ്ങണം. പുരുഷന്മാർക്കുള്ള കടവിന്റെ പടികൾ കുറച്ചധികം ഇടിഞ്ഞതാണ്. അവിടെ കരിങ്കല്ലുകൾ കൂർത്തു നിൽക്കുന്നുണ്ട്. ജലനിരപ്പിനു മുകളിലും താഴെയുമുള്ള പടികൾ അങ്ങിനെ തന്നെ. സൂക്ഷിച്ചില്ലെങ്കിൽ കാലിനു പരുക്ക് പറ്റും. ഇക്കാരണങ്ങളാൽ ജനാർദ്ദനൻ സ്ത്രീകളുടെ കടവിൽ കുളിക്കാൻ തീരുമാനിച്ചു.

Read More ->  കക്കാട് ബ്രദേഴ്സ് - 1

ഷർട്ടും മുണ്ടും അഴിച്ചുമാറ്റി, തോർത്തുമുണ്ട് ഉടുത്തു ജനാർദ്ദനൻ ആദ്യത്തെ സെറ്റ് പടികൾ ഇറങ്ങാൻ തുടങ്ങി. അപ്പോൾ അത്രനേരം കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യപ്രകാശം പൊടുന്നനെ മങ്ങി. ഒരു നിഴൽ അമ്പലക്കുളത്തിലേക്കു ഇറങ്ങിപ്പോയതായും ജനാർദ്ദനനു തോന്നി. നിശ്ചലമായിരുന്ന ജലനിരപ്പിൽ ചെറിയ ഓളങ്ങളുയർന്നു. ജനാർദ്ദനൻ പടികൾ ഇറങ്ങുന്നത് നിർത്തി. കുളത്തിൽ ആൾ ഇറങ്ങിയതാണോ അതോ മാക്രി ചാടിയതോ? ഇറങ്ങിയ പടികൾ ഒക്കെയും അദ്ദേഹം തിരിച്ചു കയറി. ഒരു മിനിറ്റ് ചുറ്റിലും നോക്കി, എല്ലായിടവും നിരീക്ഷിച്ചു. ഒറ്റക്കുഞ്ഞ് പോലുമില്ല എങ്ങും. ഈ സമയത്തു അമ്പലപ്പറമ്പിൽ പുല്ല് തിന്നാൽ കെട്ടാറുള്ള പശുക്കൾ പോലും ഇപ്പോഴില്ല. ഉച്ചവെയിലിന്റെ നിശബ്ദത മാത്രം കൂട്ടിനുണ്ട്. ക്ഷേത്ര മതിൽക്കെട്ടിനു അകത്തു ആരുമില്ലാത്തത് ജനാർദ്ദനനെ ഭയപ്പെടുത്തി. തിരിച്ചു പോയി വീട്ടിൽ കുളിച്ചാലോ എന്നുപോലും ഒരു ഘട്ടത്തിൽ ആലോചിച്ചു.   

ജനാർദ്ദനൻ സൂഷ്മതയോടെ വീണ്ടും പടികൾ ഇറങ്ങാൻ തുടങ്ങി. ഇത്തവണ നിഴലുകൾ അനങ്ങിയില്ല. പക്ഷേ വീശിക്കടന്നു പോയ കാറ്റ് ‘ജനാർദ്ദനാജനാർദ്ദനാ…. ജനാർദ്ദനാ.’ എന്നു വിലാപസ്വരത്തിൽ തന്നെ വിളിച്ചില്ലേയെന്നു അദ്ദേഹം സംശയിച്ചു. ഇറങ്ങിയ പടികൾ ഒക്കെയും വീണ്ടും തിരിച്ചു കയറി. എല്ലായിടത്തും നോക്കി. അമ്പലപ്പറമ്പിന്റെ ഒരു കോണിൽ ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്ന ചെറിയ കോവിലിന്റെ വാതിൽ തുറന്നു കിടക്കുകയാണെന്ന് കണ്ടു. പൂജ കഴിഞ്ഞ് പോകുമ്പോൾ ശാന്തിക്കാരൻ അത് അടച്ചിട്ടേ പോകാറുള്ളൂ. പക്ഷേ ഇപ്പോഴതാ തുറന്ന് കിടക്കുന്നു! ജനാർദ്ദനന്റെ നെഞ്ചിൽ കനം വീണു. ശരീരത്തിൽ വിയർപ്പ് പൊടിഞ്ഞു. വഴിയിൽ കണ്ട സുഹൃത്ത് പറഞ്ഞത് ഓർത്തു. ‘നട്ടുച്ച നേരത്ത് അമ്പലക്കുളത്തിൽ ഭഗവതി നീരാട്ടിനിറങ്ങും. ആരും അപ്പോൾ കുളത്തിന്റെ പരിസരത്തു പോകരുത്. ശരീരസ്തംഭനം നിശ്ചയം’.

ജനാർദ്ദനനിലെ യുക്തിവാദി ആ അവസരത്തിൽ സട കുടഞ്ഞു എഴുന്നേറ്റു. വെള്ളത്തിൽ കുളിച്ചാൽ ശരീരം സ്തംഭിക്കുന്നത് എങ്ങിനെയാണ്? ആരെങ്കിലും കായികമായി ആക്രമിച്ചാലോ അല്ലെങ്കിൽ തലച്ചോർ പ്രവർത്തിക്കാതിരുന്നാലോ അല്ലേ സ്തംഭനം വരൂ? ഭദ്രകാളി കോവിലിന്റെ വാതിൽ തുറന്നു കിടക്കുന്നുവെങ്കിൽ അതിനു കുളിയുമായി എന്തു ബന്ധം? ശ്രീധരസ്വാമി രാവിലെ പൂജ കഴിഞ്ഞു പോയപ്പോൾ അടയ്ക്കാൻ മറന്നതാകാനാണ് എല്ലാ സാധ്യതയും. ഈവിധ യുക്തിചിന്തകൾ ജനാർദ്ദനനെ ധൈര്യവാനാക്കി. കൂടാതെ, പടികൾ സാവധാനം ഇറങ്ങുമ്പോഴാണ് ഭയം വരുന്നത്. അത് ഇല്ലാതാക്കാൻ വേഗത്തിൽ ഓടിയിറങ്ങി വെള്ളത്തിൽ ചാടുന്നതാണ് ബുദ്ധി. സോപ്പു തേച്ചു വീണ്ടും മുങ്ങാനൊന്നും നിൽക്കണ്ട. ഒറ്റ മുങ്ങലിനു ശേഷം തിരിച്ചു കയറി തോർത്താമെന്നു ജനാർദ്ദനൻ തീരുമാനിച്ചു. ആരെങ്കിലും ചോദിച്ചാൽ വിസ്തരിച്ചു സോപ്പുതേച്ചു കുളിച്ചു, ചെരുപ്പ് മുതൽ അണ്ടർവെയർ വരെ അലക്കി എന്നു തട്ടി വിടാം. നുണയാണെന്നു ആരോപിക്കാൻ ആരുമിപ്പോൾ സമീപത്തില്ലല്ലോ? ജനാർദ്ദനൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു.

ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ച്, വൺ… ടു…. ത്രീ… എന്നു മനസ്സിലെണ്ണി ജനാർദ്ദനൻ വേഗത്തിൽ പടികൾ ഓടിയിറങ്ങി. പതിവില്ലാത്ത ഓട്ടമായതിനാൽ കണങ്കാൽ ഉളുക്കിയെങ്കിലും കാര്യമാക്കിയില്ല. ജലനിരപ്പിനു അഞ്ചുപടി മുകളിൽ എത്തിയപ്പോൾ, വെള്ളത്തിലേക്കു ഡൈവ് ചെയ്യാൻ അദ്ദേഹം ഒന്നു ആഞ്ഞു. പക്ഷേ അതു പൂർത്തികരിച്ചില്ല. അമ്പലക്കുളത്തിന്റെ മധ്യത്തിൽ അപൂർവ്വവും വിചിത്രവുമായ ഒരു ദൃശ്യം കണ്ട് ജനാർദ്ദനൻ ഓട്ടത്തിനും ഡൈവിങ്ങിനും സഡൻ ബ്രേക്കിട്ടു. ജലനിരപ്പിനു തൊട്ടുമുകളിലെ പടിയിൽ വച്ചു മാത്രമാണ് അദ്ദേഹത്തിനു മുന്നോട്ടുള്ള കുതിപ്പ് പൂർണമായും നിർത്താനായത്. എന്നിട്ടും കൈകൾ രണ്ടും വിരിച്ച് വെള്ളത്തിൽ വീഴാതെ ശരീരം ബാലൻസ് ചെയ്യേണ്ടി വന്നു. നിശ്ചലനായി നിന്ന ശേഷം ജനാർദ്ദനൻ അമ്പലക്കുളത്തിലേക്കു ഉദ്വഗഭരിതനായി നോക്കി.

കുളത്തിന്റെ മധ്യത്തിൽ ആരോ മുങ്ങിക്കിടക്കുന്നു! ചുവപ്പും മഞ്ഞയും കലർന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. രണ്ടുവശത്തേക്കും നീട്ടിപ്പിടിച്ച കൈകൾ നീന്തുന്നപോലെ സാവധാനം തുഴയുന്നുണ്ട്. മുങ്ങിക്കിടക്കുന്ന വ്യക്തിയുടെ മുഖം കാണാനാകാത്ത വിധം നിബിഢമായ തലമുടി മഞ്ഞൾപ്പൊടി കലർന്ന വെള്ളപ്പരപ്പിൽ പരന്നു കിടക്കുന്നു.

കുളത്തിൽ മുങ്ങിക്കിടക്കുന്നത് ഒരു സ്ത്രീയാണെന്നു മനസ്സിലാക്കിയ ഉടൻ ‘അയ്യോ’ എന്ന നിലവിളി ജനാർദ്ദനന്റെ തോണ്ട വരെ എത്തിനിന്നു. നിലവിളി പുറത്തു ചാടിയത് ജലോപരിതലത്തിൽ ചിതറിക്കിടക്കുന്ന മുടിയിഴകളിലൂടെ ഒരു ജോടി വാലിട്ടെഴുതിയ കണ്ണുകൾ പുറത്തേക്കു തല നീട്ടിയപ്പോൾ മാത്രം. സമയം പാഴാക്കാതെ അലറിക്കരഞ്ഞ് ജനാർദ്ദനൻ പിന്തിരിഞ്ഞ് ഓടി. ജീവൻ കയ്യിൽപ്പിടിച്ചുള്ള ഓട്ടം. പക്ഷേ നാലഞ്ച് പടികൾ കയറിയപ്പോഴേക്കും അദ്ദേഹത്തിന്റെ പുറത്ത് അദൃശ്യമായ ഒരു കൈത്തലം മാരകമായി പ്രഹരിച്ചു. അതിൽ ജനാർദ്ദനൻ ബോധം കെട്ടു കമഴ്ന്നടിച്ചു വീണു. 

എല്ലാം പറഞ്ഞു തീർത്ത് ജനാർദ്ദനൻ തേമാലിപ്പറമ്പിൽ കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. കേട്ടതൊന്നും വാസുട്ടൻ വിശ്വസിച്ചില്ല. പക്ഷേ എല്ലാം അപ്പടി വിശ്വസിച്ച തമ്പി, വാസുട്ടൻ ചൂടായാലോ എന്നു പേടിച്ച്, വിശ്വാസമായില്ലെന്നു നടിച്ചു.

“അതു വല്ലോരും വന്നു പൊറത്തടിച്ചതാവാനും മതീല്ലേ?” തമ്പി സംശയം ഉന്നയിച്ചു.

“അങ്ങനെ ചോദിക്കെടാ തമ്പീ” വാസുട്ടൻ തമ്പിയെ പിന്താങ്ങി. പിന്നെ രോഷം നിയന്ത്രിക്കാനാകാതെ ജനാർദ്ദനനെ കുറ്റപ്പെടുത്തി. “ആരാണ്ടും തല്ല്യേന് ഭഗവതി തല്ല്ലീന്നും പറഞ്ഞ് കരയണ്”

തമ്പി കൂടുതൽ ആവേശത്തിലായി. “അടി കൊണ്ടപാടെ ജനഞ്ചേട്ടൻ കമഴ്ന്നടിച്ച് വീണൂന്നല്ലേ പറഞ്ഞെ. കമഴ്ന്നടിച്ച് വീണാപ്പിന്നെ പിന്നീ നടക്കണ കാര്യൊന്നും അറിയാൻ പറ്റില്ല. അപ്പോ ആ സമയത്തിനെടയ്ക്ക് അടിച്ച ആൾക്കു ഈസ്യായിട്ട് കടവിനിടയ്ക്കൊള്ള മതിലിനു പിന്നീ ഒളിക്കാവുന്നതൊള്ളൂ.…”

തമ്പിയുടെ ലോജിക് വാസുട്ടൻ ശരിവച്ചു. ഞങ്ങൾ പറയുന്നതാണ് ശരിയെന്നു ജനാർദ്ദനന്റെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ വാസുട്ടൻ അദ്ദേഹത്തിന്റെ കഷണ്ടിത്തലയിൽ ചുബിച്ചു. ഈ ലോജിക് ജനാർദ്ദനനു സ്വീകാര്യമാകാതിരിക്കാൻ ഇരുവരും കാരണങ്ങൾ കണ്ടില്ല. അതുവഴി അദ്ദേഹത്തിലെ യുക്തിവാദി പുനരുജ്ജീവിക്കുമെന്നും അവർ കരുതി. പക്ഷേ എല്ലാം നിഷ്ഫലമായിരുന്നു.

ജനാർദ്ദനൻ പറഞ്ഞു. “അതൊരു മനുഷ്യൻ അടിച്ച അടിയല്ലായിരുന്നു തമ്പീ. ദേഹമാകെ അടിയുടെ ആഘാതം എത്തി. അതുപോലെ അടിക്കാൻ മനുഷ്യവർഗ്ഗത്തിൽ പെട്ട ഒരാൾക്കും സാധിക്കില്ല. പോരാതെ കുളത്തിൽ മുങ്ങിക്കിടന്ന പെണ്ണ്……”

ആകാശത്തേക്കു നോക്കി കൈകൂപ്പി തൊഴുതു, ജനാർദ്ദനൻ എഴുന്നേറ്റു. “അമ്മേ മഹാമായേ….”

ഇരുവരോടും യാത്ര പറഞ്ഞു ജനാർദ്ദനൻ വീട്ടിനുള്ളിലേക്കു പോയി.


5 Replies to “ഒരു ഭക്തൻ – 2”

  1. ഇക്കാലത്തു ദീപാരാധന തുടങ്ങുന്നതിനു മുമ്പ് ശ്രീധരസ്വാമി വിളിച്ചു ചോദിക്കും. “മണികണ്ഠാ ജനൻ വന്നാ?”

    വന്നുവെന്നു മറുപടി കിട്ടിയാൽ സ്വാമി ദീപാരധനക്കായി ശ്രീകോവിലിലേക്കു കയറും.
    🙂

    സസ്നേഹം
    സുനിൽ ഉപാസന

അഭിപ്രായം എഴുതുക