സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമകാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും. സിനിമ കാണാതിരിക്കുമോ? അതോ മറ്റുവഴികൾ തേടുമോ. കക്കാടിൽ എന്തായാലും അത്തരക്കാർക്കു മറ്റുവഴികൾ ഉണ്ട്. അതാണ് ‘കൈപ്പുഴ ടാക്കീസ്’. ടാക്കീസ് എന്നു പറയുമെങ്കിലും സത്യത്തിൽ സംഗതിയൊരു വീടാണ്. കൈപ്പുഴവീട്ടിൽ നാരായണന്റെ മകൻ ചന്ദ്രന്റെ ഭവനം. ഇതിനെ ടാക്കീസ് എന്നു വിളിക്കുന്നത് നിർമിതിയുടെ ആകാരം നോക്കിയല്ല, മറിച്ചു നിറവേറ്റുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്. അഞ്ചുസെന്റ് ഭൂമിയിൽ പണിതതാണെങ്കിലും കക്കാടിൽ അന്നുവരെയുള്ള വീടുകളിൽ ഉള്ളതിനേക്കാൾ വലിയ ഹാൾ ചന്ദ്രേട്ടന്റെ വീടിന്റെ പ്രത്യേകതയാണ്. മുപ്പതു പേർക്കു സുഖമായി ചമ്രം പടിഞ്ഞിരുന്നു, വിസിആറിൽ സിനിമ കാണാം. അല്പം ഞെരുങ്ങിയിരിക്കാൻ തയ്യാറാണോ? എങ്കിൽ അമ്പതു പേർക്ക് ഇരിക്കാം. ഒറ്റച്ചന്തിയിൽ ഉപവിഷ്ടനാകാമെങ്കിൽ കപ്പാസിറ്റി അറുപത്തഞ്ചായി കൂടും. പത്തുവയസ്സിൽ താഴെയുള്ള കുഞ്ഞുകുട്ടി പരാധീനതകളെ കഴുത്തിലിരുത്തിയാൽ എൺപത് കൂട്ടാം. കൂടാതെ ജനാല-വാതിൽപ്പടിയിൽ നിൽക്കുന്നവരേയും, മതിലിൽ ബൈനോക്കുലറുമായി ഇരിക്കുന്നവരേയും കണക്കിലെടുത്താൻ കാണികളുടെ എണ്ണം നൂറ് കവിയും. ഇതാണ് ‘കൈപ്പുഴ ടാക്കീസ്’. ഓണർ: കൈപ്പുഴ ചന്ദ്രൻ. ഓപ്പറേറ്റർ: കണ്ടരുമഠത്തിൽ/കല്ലുമട സുധീഷ്.
സിനിമാജ്വരം കത്തി നില്ക്കുന്ന കാലം. കൊരട്ടിയിൽ ബിന്ദു, മാത. അന്നമനടയിൽ സിന്ധു, വിഎംടി എന്നിവയാണ് അടുത്തുള്ള തീയറ്ററുകൾ. വലിയപറമ്പ് ശ്രീകൃഷ്ണ കുറച്ചകലെയാണെങ്കിലും തൃശൂർ ഗിരിജയേക്കാളും ദൂരം കുറവായതിനാൽ അതും കൂട്ടാം. തീയേറ്ററുകൾ ഇത്ര സമൃദ്ധമായിട്ടും കക്കാടുകാർ പൊതുവെ സിനിമ കാണാറില്ലെന്നു പറഞ്ഞാൽ അതാണ് സത്യം. പ്രശ്നം കാശിന്റെ അല്ല. കക്കാടുകാർ പണ്ടേ കാശുകാരാകുന്നു. ഒപ്പം അത്യാവശ്യം പിശുക്കും. പരമുമാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘കാശ് ശ്രദ്ധിച്ചു ചെലവഴിക്കുന്നവർ’. അത്തരക്കാർ 10-15 രൂപ കൊടുത്തു സിനിമ കാണുമെന്നു പ്രതീക്ഷിക്കുന്നത് അന്യായം മാത്രമല്ല, അതിമോഹവും കൂടിയാണ്. ഒരു സിനിമയ്ക്കു കൂടിവന്നാൽ അമ്പതുപൈസ ചെലവാക്കാനേ നാട്ടുകാർ തയ്യാറുള്ളൂ. ആ ബഡ്ജറ്റിനുള്ളിൽ, അതായത് വെറും നൂറ്റി അമ്പതുരൂപയ്ക്കു, അവർ കണ്ടുതീർത്ത സിനിമകൾ മുന്നൂറിനടുത്തു വരുമെന്നു കേട്ടാൽ കണ്ണുതള്ളരുത്. എല്ലാത്തിനും കാരണക്കാരൻ ചന്ദ്രേട്ടൻ എന്ന മഹാമനസ്കനാകുന്നു. ഒപ്പം സുധീഷ് എന്ന സിനിമാപ്രേമിയും.
അക്കാലത്തു സിഡിയും സിഡി പ്ലെയറുകളും ഇറങ്ങിയിട്ടില്ല. ഇറങ്ങുമെന്ന പ്രതീക്ഷയും ഇല്ല. തീയറ്ററിൽ അല്ലാതെ സിനിമ കാണാൻ ഏക ആശ്രയം വിസിആറുകളാണ്. അവ തന്നെ അപൂർവ്വം വീടുകളിലേയുള്ളൂ. ഉള്ളവരാണെങ്കിൽ സിനിമ സ്വന്തം വീട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിക്കാനേ തയ്യാറുള്ളൂ. അത്തരക്കാരിൽനിന്നു തികച്ചും വ്യത്യസ്തനാണ് കൈപ്പുഴ ചന്ദ്രൻ. വിശാലമനസ്കനെന്നു പറഞ്ഞാൽ പോലും കുറഞ്ഞുപോകും. സിനിമ കാണിക്കാമോ എന്നു ഇങ്ങോട്ടു ചോദിക്കാൻ നാട്ടുകാർക്കു മടിയുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം വീഡിയോ കാസറ്റ് വീട്ടിലെത്തിച്ചാൽ വിസിആറിലിട്ടു സിനിമ കാണിക്കാൻ തയ്യാറാണെന്നു, സ്വമേധയാ ഗേറ്റിനരുകിൽ ബോർഡ് വച്ചു. അടിക്കുറിപ്പായി വലിയ അക്ഷരത്തിൽ ‘കറന്റുകാശ് ഞാൻ അടക്കുന്നതാണ്’ എന്നു കൂട്ടിച്ചേർത്തു. അതിൽനിന്നു ‘അടയ്ക്കാൻ തയ്യാറല്ലാത്ത കാശ്’ ഏതാണെന്നു നാട്ടുകാർ ഊഹിച്ചു. പലരും കൂട്ടിക്കിഴിച്ചു നോക്കി. അമ്പതുപൈസ വീതം കിട്ടിയാലും സംഗതി ലാഭം തന്നെയാണെന്നു കണ്ടു. ലാഭമുള്ളതിൽ കൈവയ്ക്കാൻ കക്കാടുകാർ മടിയ്ക്കാറില്ല.
ചന്ദ്രേട്ടൻ ബോർഡ് വച്ച കാലത്താണ് കൈപ്പുഴ ടാക്കീസിനു താങ്ങാകുമെന്നു കരുതിയ പൊന്നാങ്കിളി മകൻ അശോകൻ, നാട്ടുകാരെ അസ്ത്രപ്രജ്ഞരാക്കി, മദ്രാസിലേക്കു സിനിമ പ്രോഡക്ഷൻ യൂണിറ്റിൽ അംഗമായി പുറപ്പെടുന്നത്. കുറച്ചുനാളിനുള്ളിൽ പ്രമുഖ നടീനടന്മാർക്കൊപ്പം പോസുചെയ്ത അശോകന്റെ ഫോട്ടോകളുടെ പ്രവാഹം തന്നെയുണ്ടായി. നാട്ടിൽ അശോകനു സമശീർഷരായ യുവാക്കൾക്കു ഇതു ക്ഷീണമായി എന്നു പറയേണ്ടതില്ലല്ലോ? അത്തരത്തിൽ ക്ഷീണിച്ചു പരവശരായവരിൽ പ്രധാനിയാണ് കല്ലുമടയിലെ സുബ്രണ്ണന്റെ മകൻ സുധീഷ്. ചെറുവാളൂർ ഹൈസ്കൂളിലെ ഏറ്റവും മുതിർന്ന വിദ്യാർത്ഥി. സംസ്കൃതത്തിൽ പണ്ഢിതനാണ്. ഏകം തൊട്ട് ഏകോന്നവിംശതി വരെ കണ്ണടച്ചു എണ്ണും. പത്തൊൻപത് പേരേ സംസ്കൃതം ക്ലാസിലുള്ളൂ.
നിലവിലെ കാര്യങ്ങളിൽ സുധീഷ് തൃപ്തനായിരുന്നെങ്കിലും മകന്റെ പാണ്ഢിത്യം സുബ്രണ്ണനു രസിച്ചില്ല. ഒരുദിവസം സ്കൂളിൽ പോകാനിറങ്ങുന്ന മകനോടു പറഞ്ഞു.
“ഡാ, ഞാൻ നിനക്കൊരു കല്യാണം ആലോചിക്കാൻ പോവാ. ഇനീം വൈകിപ്പിയ്ക്കണ്ട”
സുധീഷ് ഞെട്ടി. “അച്ഛാ… ഞാൻ പഠിക്കല്ലേ. ഒരു ക്ലാസ്സ് കൂടി കഴിഞ്ഞട്ട് മതി….”
“ഒരു ക്ലാസ്സെന്ന് പറേമ്പോ, സ്കൂളീ മൂന്നാല് കൊല്ലം വരില്ലേടാ”
“ഇല്യ. ഇപ്പോ പത്തിലല്ലേ. ഇതീത്തോറ്റാ പഠിത്തം കഴിഞ്ഞു”
“ആണോ! എന്നാ ഞാൻ പാർവതി ടീച്ചറോടു പറഞ്ഞ്, നിന്നെ പിന്നേം ഒന്നാംക്ലാസ്സീ ചേർക്കാം. നീ വെർതെ ഇരിക്കണ്ടാ. ഇനീം പഠിച്ചോ”
“വേണ്ടച്ഛാ എനിക്ക് മടുത്തു” സുധീഷ് നിരുൽസാഹപ്പെടുത്തി.
“ടീച്ചർമാർക്കോ?”
“അവർക്കു പണ്ടേ മടുത്തു”
സുബ്രണ്ണൻ ചോദിച്ചു. “എനിക്കോ?”
“എന്നെപ്പഠിപ്പിക്കാൻ അച്ഛനു ഇപ്പഴും ആവേശാന്ന് എനിക്കറിഞ്ഞൂടേ”
സുബ്രണ്ണന്റെ കൺട്രോൾ പോയി. അദ്ദേഹം വരാന്തയിൽനിന്നു മുറ്റത്തിറങ്ങി ഒച്ചവച്ചു. “എടാ… എടാ നീയാ അശോകനെ നോക്ക്. നിന്നേക്കാളും പണ്ഢിതനായി നടന്നവൻ. എന്നട്ട് അവനിപ്പോ എവട്യാ?….. മദ്രാസീപ്പോയി കാശ്ണ്ടാക്കണ്”
സുബ്രണ്ണൻ കയ്യിൽ എരിയുന്ന ബീഡി ചുണ്ടത്തുവച്ച് നോട്ടുകൾ എണ്ണുന്നതായി നടിച്ചു. വീണ്ടും ഫയറിങ്ങ് തുടർന്നു. “നീയോ… ഈ കല്യാണം കഴിക്കണ്ട പ്രായത്തിലും ഉസ്കൂളീപ്പോയീ തറപറ എഴ്‌തണ്”
ബീഡി കയ്യിലെടുത്തു സുബ്രണ്ണൻ മുറ്റത്തു വിരൽകൊണ്ട് തറപറ എഴുതി.
അച്ഛൻ പറഞ്ഞത് സുധീഷ് നിഷേധിച്ചില്ല. കൈകെട്ടി കൂസലില്ലാതെ നിന്നു. വലതുകൈത്തലം കൊണ്ടു ഇടതുകയ്യിലെ മസിലിൽ അടിച്ചു. പിന്നെ കുറച്ചുനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന പ്ലാൻ വെളിപ്പെടുത്തി.
“അച്ഛാ. ഞാൻ ചന്ദ്രേട്ടന്റെ ഓഫറിന് അനുകൂലായി പ്രതികരിക്കാൻ തീരുമാനിച്ചേക്കാണ്”
“എന്ന്വച്ചാ?”
സുധീഷ് വിശദീകരിച്ചു. “ആഴ്ചേല് ഒന്നോരണ്ടോ കാസറ്റ് ചുളുവിലക്കെടുത്തു, നാട്ടാരീന്ന് അമ്പതുപൈസ പിരിച്ച്, ഞാനവരെ ചന്ദ്രേട്ടന്റെ വീട്ടീ സിനിമ കാണിക്കും. നൂറു പേർക്കെങ്കിലും കാണാൻ പറ്റും. അപ്പോ ഒരു ഷോയ്ക്ക് അമ്പതുരൂപ ഒറപ്പാ. കാസറ്റിനോ പത്തുരൂപേം. അങ്ങനെ ചെറിയ വരുമാനം. ചെലപ്പോ സ്കൂൾ പഠിത്തം കഴിയുമ്പോഴക്കും ഞാനൊരു ടാക്കീസ് തന്നെ തുടങ്ങീന്നു വരും”
സുബ്രണ്ണൻ മിഴിച്ചുപോയി. ഒരു വശത്തു ഇതെല്ലാം നടക്കുമോയെന്ന ശങ്ക. മറുവശത്തു വേണമെന്നുവച്ചാൽ ഇതെല്ലാം ക്ലിക്ക് ആകാവുന്ന കാര്യങ്ങളാണല്ലോ എന്നതും. ഒടുക്കം എല്ലാം വരുന്നിടത്തുവച്ചു കാണാമെന്നു അദ്ദേഹം ഉറപ്പിച്ചു. ബീഡി പുകച്ച് ആലോചനയോടെ നടന്നു നീങ്ങി.
—————————————
ചെറുവാളൂർ പോസ്റ്റോഫീസ് ജംങ്ഷനിലെ ‘ഗോൾഡൻ’ കാസറ്റുകടയുടെ ഉടമസ്ഥൻ ചെറാലക്കുന്നിലെ സുനി ആണ്. ഗോൾഡൻ സുനി എന്നു പറഞ്ഞാലേ ആളുകൾ അറിയൂ. ‘95 ശതമാനം പിക്ച്ചർ ക്വാളിറ്റിയുള്ള കാസറ്റുകൾ മാത്രം ലഭിക്കുന്ന കേരളത്തിലെ ഏക കാസറ്റുകട: ഗോൾഡൻ, ചെറുവാളൂർ’ എന്നതാണ് സ്ഥാപനത്തിന്റെ പരസ്യവാചകം. ‘മികച്ച കാസറ്റുകൾ, മികവുറ്റ സേവനം’ എന്നത് മോട്ടോയും. രണ്ടും കിറുകൃത്യമാണ്. അതുകൊണ്ടു സ്ഥാപനം വളരെ പ്രശസ്തമാണ്. സ്ഥാപകനും അങ്ങിനെ തന്നെ. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ന്യൂസ്‌പേപ്പർ ബോയ് തൊട്ടുള്ള സകല സിനിമകളും ഗോൾഡനിൽ ഉണ്ട്. അപാരക്വാളിറ്റി നിമിത്തം ചില കാസറ്റുകൾ സുനിയ്ക്കു പോലും കാണാൻ കിട്ടാറില്ല. അത്തരം കാസറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും. അത്രയ്ക്കു തിരക്ക്. സുനിക്കു ഏറെ ഇഷ്ടമുള്ള കാരംസ് കളി തൊട്ടപ്പുറത്തെ കടത്തിണ്ണയിൽ അരങ്ങു തകർക്കുമ്പോഴും, കളിക്കാൻ മനം തുടിക്കുമ്പോഴും, ഒരു കളിപോലും കളിക്കാൻ കഴിയാറില്ല. അത്തരം കൊച്ചുദുഃഖങ്ങൾ ഗോൾഡന്റെ ഉന്നതിയിൽ മറന്നുകളയുകയാണ് സുനിയുടെ പതിവ്.
കൈപ്പുഴ ടാക്കീസിൽ പ്രദർശിപ്പിക്കാനുള്ള കാസറ്റുകൾ എവിടെനിന്നു വാങ്ങണമെന്ന കാര്യത്തിൽ സുധീഷ് അധികമൊന്നും ആലോചിച്ചില്ല. കാസറ്റ് എന്നാൽ ഗോൾഡൻ തന്നെ. ആവശ്യമുള്ള കാസറ്റുകൾ യഥാസമയം ലഭ്യമാക്കണം എന്ന ആവശ്യത്തോടു സുനിയും അനുകൂലമായി പ്രതികരിച്ചു.
“തരാലോ. എനിക്ക് സന്തോഷൊള്ളൂ. മികച്ച കാസറ്റുകൾ, മികവുറ്റ സേവനം എന്നല്ലേ സുധീ ഗോൾഡന്റെ മോട്ടോ. നീയത് മറന്നാ…. എന്നാലും നീ വിസിആർ വാങ്ങ്യ കാര്യം എനിക്കറീല്ലായിരുന്നു”
“ഞാൻ വാങ്ങീട്ടില്ല. ഇത് ചന്ദ്രേട്ടന്റെ വീട്ടിൽക്കാ. അവടെ ചെറിയ ടാക്കീസ് പോലെ തുടങ്ങാൻ പോവാ. ഒന്നരാടം ദിവങ്ങളീ ഫസ്റ്റ്ഷോ കളിക്കാനാ പ്ലാൻ”
നൂറോളം വരുന്ന ജനത്തിനാണ് ഒറ്റ കാസറ്റ് എന്നറിഞ്ഞിട്ടും ഗോൾഡൻ സുനി എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നും പറ്റാവുന്നിടത്തോളം നല്ല കാസറ്റ് തന്നെ നൽകി. പക്ഷേ അഞ്ചുകാസറ്റ് കൊണ്ടുപോയാൽ അതിൽ ഒരെണ്ണമെങ്കിലും വർക്ക് ചെയ്തില്ലെന്നു പറഞ്ഞു സുധീഷ് നമ്പറിടും. പ്രകാശന്റെ ഓട്ടോയിൽ അഞ്ചുപത്തു പേരോടൊപ്പം വന്നാണ് ഇത്തരം വാദങ്ങൾ. സുനിയാണെങ്കിൽ പത്തുപേരെ ഒരുമിച്ചുകണ്ടാൽ ഞെട്ടുന്ന ആളും. ഏതെങ്കിലും പൂർവ്വപ്രശ്നങ്ങൾ പരിഹരിക്കാതെ കിടപ്പുണ്ടോ എന്നു അദ്ദേഹം ഓർമയിൽ പരതും. ഒന്നുമില്ലെന്നു ഉറപ്പാക്കിയിട്ടേ ആഗതർക്കു മുഖം കാണിക്കൂ. ഓട്ടോയിൽ വന്നിറങ്ങുന്ന സുധീഷ് ആൻഡ് കമ്പനിയെ കാശുവാങ്ങാതെ സമാധാനിപ്പിച്ചു മടക്കി അയക്കും.
————————————-
കൈപ്പുഴ വീട്ടിൽ ചന്ദ്രേട്ടനു പ്രായം നാല്പത്തഞ്ചാണ്. അദ്ദേഹം ഓസീൻ കമ്പനിയിൽ ജോലി ചെയ്യുന്നു. രാവിലെ എട്ടരയ്ക്കു ജോലിക്കിറങ്ങും. ഉച്ചയ്ക്കു വീട്ടിൽ വന്നു ഉണ്ണും. വൈകീട്ട് നാലരയ്ക്കു കമ്പനിയിൽനിന്നു തിരിച്ചിറങ്ങും. മറ്റു ചില ജോലിക്കാരെപ്പോലെ നാലേമുക്കാലിന്റെ സിമൽ ബസിൽ കൊരട്ടിയ്ക്കു പോയി മധുരബാറിൽനിന്നു വീശാറില്ല. ഇദ്ദേഹം മദ്യവിരോധിയാണ്. മദ്യം വിഷമാണെന്നു മാത്രമല്ല, കിട്ടാൻ വിഷമവുമാണ് എന്ന തിയറി. കമ്പനിയിൽനിന്നു വീട്ടിലെത്തിയാൽ ആദ്യം ഒരുകപ്പ് ചായയും മുറുക്ക് പോലുള്ള എന്തെങ്കിലും വറവുസാധനങ്ങളും അകത്താക്കും. പിന്നെ കുളി. ജപം. രണ്ടാം ഘട്ടം പത്രംവായന. ഇങ്ങിനെ രണ്ടുമണിക്കൂർ കഴിയും. ആറരയോടു അടുത്തു ഇരുട്ടു വീണു തുടങ്ങുമ്പോൾ സൈക്കിളിൽ സുധീഷ് എത്തുകയായി. ടാക്കീസുകളിൽ അടിക്കുന്ന പോലെ നീട്ടി ബെല്ല്ലടിക്കും. ചന്ദ്രേട്ടനോടു അന്നത്തെ സിനിമയെപ്പറ്റി ലഘുവായി വിവരിക്കും. ചന്ദ്രേട്ടൻ ചാരുകസേരയിൽ ചാഞ്ഞു ഗൗരവത്തോടെ മൂളിക്കേൾക്കും. പിന്നെ കക്ഷം ചൊറിഞ്ഞ് അത്ര തൃപ്തിയില്ല എന്ന ധ്വനിയിൽ സമ്മതം മൂളും. തൃപ്തിയില്ലെന്നു നടിക്കുമെങ്കിലും ഒരിക്കലും ഏതെങ്കിലും കാസറ്റ്/സിനിമ വേണ്ടെന്നു അദ്ദേഹം പറയാറില്ല.
ചന്ദ്രേട്ടന്റെ ഫോർമൽ അനുമതി കിട്ടിയാൽ പിന്നെ വാർത്ത അനൗൺസിങ്ങാണ്. കുറച്ചുസമയത്തിനകം ഹാൾ ഹൗസ്ഫുൾ ആകുമെന്നു ഉറപ്പ്. ഹാളിന്റെ ഏറ്റവും പിന്നിൽ, ഒരു മൂലയിൽ ചന്ദ്രേട്ടൻ ചാരുകസേരയിൽ മലർന്നു കിടന്നു, കൈകൾ കസേരയുടെ മുകളിൽ പൊക്കിവയ്ക്കും. കാലുപൊക്കി വയ്ക്കാൻ മുന്നിൽ ഒരു സ്റ്റൂൾ. ചന്ദ്രേട്ടനു അരികിൽ ടാക്കീസ് ഓപ്പറേറ്റർ സുധീഷ്. ചില ദിവസങ്ങളിൽ സുധീഷിന്റെ സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. അദ്ദേഹത്തിനാണ് വിസിആറിന്റെ നിയന്ത്രണം. കാസറ്റ് ഇടുക, റീവൈൻഡ് ചെയ്യുക, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ശബ്ദക്രമീകരണം നടത്തുക ഇത്യാദി ചുമതലകൾ. പക്ഷേ, സത്യത്തിൽ സുധീഷിന്റെ പരമപ്രധാന ചുമതല മറ്റൊന്നാണ്. സിനിമയിൽ നായികയുടെ പാവാട മുട്ടിനു മുകളിൽ പൊന്തിയാലോ, നായകൻ മുഖം ചുംബിക്കാനെന്നപോലെ നായികയുടെ മുഖത്തോടു അടുപ്പിച്ചാലോ, അതു പോലുള്ള ‘അസാന്മാർഗിക സീനുകൾ’ സ്ക്രീനിൽ എത്തിയാൽ ചന്ദ്രേട്ടൻ സാവധാനം ഈണത്തിൽ വിളിക്കും.
“സുധീഷേ….”
ഒപ്പം അടുത്ത മുറിയിലിരിക്കുന്ന ഭാര്യയോടു നിർദ്ദേശിക്കും. ‘രാധേ, കണ്ണു പൊത്തിക്കോ”
പക്ഷേ സുധീഷിനെ വിളിക്കുമ്പോഴും, ഭാര്യയോടു കണ്ണുപൊത്താൻ നിർദ്ദേശിക്കുമ്പോഴും ചന്ദ്രേട്ടന്റെ മിഴികൾ സ്ക്രീനിൽ തന്നെയായിരിക്കും. സുധീഷാണെങ്കിൽ ചന്ദ്രേട്ടൻ വിളിക്കുന്നത് പൊതുവേ കേൾക്കാറില്ല. സ്ക്രീനിൽ ചുംബിക്കാൻ പോകുന്ന സീനാണെങ്കിൽ അദ്ദേഹത്തിന്റെ ചുണ്ടുകൾ അറിയാതെ കൂർത്ത്, മുഖം മുന്നോട്ടു ആയും. പാവാട സീനാണെങ്കിൽ നെഞ്ച് പടപടാന്നു മിടിച്ചു, രോമങ്ങൾ എഴുന്നു നിൽക്കും. ഇങ്ങിനെയുള്ള സുധീഷ് താക്കീത് ടോണിലുള്ള വിളി എങ്ങിനെ കേൾക്കാൻ?
ചന്ദ്രേട്ടൻ വിളിക്കുന്നതു കേട്ട ആരെങ്കിലും സുധീഷിനെ തട്ടിവിളിക്കും. അതുകൊണ്ടു ഫലമില്ലെന്നു മനസ്സിലാക്കി, അടയ്ക്കാമരം കുലുക്കുന്ന പോലെ, അടിമുടി കുലുക്കും.
“ഡാ ചന്ദ്രേട്ടൻ വിളിക്കണ്”
ഓർമപ്പെടുത്തലിനു അനുബന്ധമായി ചന്ദ്രേട്ടൻ ഒന്നുകൂടി വിളിക്കും. “സുധീഷേയ്…”
ആദ്യവിളിയെ അപേക്ഷിച്ച് രണ്ടാമത്തെ വിളി വളരെ വളരെ ദുർബലമായിരിക്കും. നീ റിമോട്ടിൽ ഞെക്കിയാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എന്ന ലൈൻ. സ്ക്രീനിൽ നിന്നാണെങ്കിൽ കണ്ണെടുക്കുകയുമില്ല. ആരെങ്കിലും തന്നെ നോക്കുന്നതു കണ്ടാൽ ഒരുനിമിഷത്തേക്കു ചന്ദ്രേട്ടൻ അലസത ഭാവിച്ചു, കക്ഷം ചൊറിയും. പിന്നെ വീണ്ടും സ്ക്രീനിലേക്കു അമ്പെയ്യും. ഒടുക്കം സുധീഷിനു പരിസരബോധം വീഴും.
“എന്താ ചന്ദ്രേട്ടാ…” പെട്ടെന്നു കാര്യം മനസ്സിലാക്കി ചിരിക്കും. “ഓഹ്… ആഹഹഹഹ. അതാ… ദേ ഇപ്പോ മാറ്റാം”
ടിവിയിൽനിന്നു കണ്ണെടുക്കാതെ സുധീഷ് റിമോട്ട് തപ്പും. അന്ധരെപ്പോലെയാണ് തപ്പൽ. കണ്ണ് സ്ക്രീനിലും കൈ റിമോർട്ടിലേക്കും. റിമോട്ട് കയ്യിൽ തടഞ്ഞാൽ പിന്നെ ഒളിച്ചുകളിയാണ്. പ്രവർത്തിക്കാത്ത ഒരു ബട്ടണിൽ സുധീഷ് അഞ്ചാറുതവണ ഞെക്കും. വർക്ക് ചെയ്യുന്നില്ലല്ലോ എന്ന വേദനയോടെ റിമോട്ടിനെ തുറിച്ചുനോക്കും. മറ്റുള്ളവർ ചന്ദ്രേട്ടനേയും. എന്തിനധികം പറയേണ്ടൂ, ഒരു മാതിരി കാണാനുള്ളതൊക്കെ കണ്ടുകഴിഞ്ഞേ റിമോർട്ട് പ്രവർത്തിക്കുകയുള്ളൂ. അതോടെ ഹാളിലുള്ള എല്ലാവരും, ഒപ്പം ചന്ദ്രേട്ടനും, കബളിക്കപ്പെട്ടവരെപ്പോലെ ദയനീയമായി സുധീഷിനെ നോക്കും. ‘നീ ഈ ചീത്ത സീൻ ഞങ്ങളെ കാണിച്ചല്ലോ സുധീ…. ചന്ദ്രേട്ടൻ പറഞ്ഞപ്പോത്തന്നെ നിനക്ക് ഫോർവേഡ് ചെയ്തുകൂടായിരുന്നോ സുധീ’ എന്നമട്ടിൽ അവർ സുധീഷിനെ ശപിക്കും. മോഹൻലാൽ നായകനായ ‘ബട്ടർഫ്ലൈസ്’ സിനിമയിലെ സ്വിമ്മിങ്ങ്‌പൂൾ സീനും നിൻമിഷരായി വീക്ഷിച്ചശേഷം എല്ലാവരും പതിവുപോലെ സുധീഷിനു നേരെ തിരിഞ്ഞു. ഒരു യുവതിയുടെ തുട മുഴുവനാണ് കണ്ടത്! സംഗതി എരമ്പിയെങ്കിലും, കണ്ടത് മഹാമോശമായില്ലേ? സാഹചര്യം സീരിയസാണെന്നു കണ്ടു സുധി പോംവഴി കണ്ടെത്തി. ആരേയും ശ്രദ്ധിക്കാതെ റിമോർട്ട് കൺട്രോൾ നാലഞ്ചു തവണ ഇടത്തേ ഉള്ളംകയ്യിൽ ആഞ്ഞടിച്ചു. പിന്നെ ചന്ദ്രേട്ടനെ വ്യാജമായി ചീത്തപറഞ്ഞു.
“എത്ര നാളായി ഞാൻ പറേണ്, ഇതിലെ ബാറ്ററി ഒന്നു മാറ്റിയിടാൻ”
ചന്ദ്രേട്ടൻ ഉൾപ്പെടെ എല്ലാവരും അത് ഉടൻ അംഗീകരിച്ചു. ബാറ്ററിയെ മുഴുത്ത പ്രാക്ക് പ്രാകി.
കുറേ മാസങ്ങൾ കടന്നുപോയി. കൈപ്പുഴ ടാക്കീസും ഓപ്പറേറ്റർ സുധീഷും പേരെടുത്തു. പത്താം ക്ലാസ് കഴിഞ്ഞിട്ടു എന്തുചെയ്യാനാണ് പ്ലാനെന്നു ചോദിച്ചവരോടു ടാക്കീസ് തുടങ്ങിക്കഴിഞ്ഞെന്നു സുധീഷ് അറിയിച്ചു. ആദ്യകാലങ്ങളിൽ ഒരുമാസം 10-15 സിനിമകൾ കളിക്കുമായിരുന്നു. കൂടുതലും മലയാളം പടങ്ങൾ. രണ്ടുവർഷത്തിനു ശേഷം ഒരുമാതിയുള്ള മലയാളപടങ്ങൾ എല്ലാം കണ്ടുകഴിഞ്ഞപ്പോൾ തമിഴ് അരങ്ങേറി. മകന്റെ ടാക്കീസ് നടത്തിപ്പിനോടു മമത ഇല്ലാതിരുന്ന സുബ്രണ്ണനും പിന്നീടു വഴങ്ങി. സിനിമ കാണാൻ മറ്റുള്ളവർക്കൊപ്പം ചന്ദ്രേട്ടന്റെ മതിലിൽ തിക്കിത്തിരക്കി കയറി. ചെന്നൈയിൽ സിനിമാ പ്രൊഡക്ഷൻ യൂണിറ്റിനൊപ്പം പോയ അശോകൻ ഇതിനിടയിൽ നാട്ടിലെത്തി, തിരിച്ചുപോകാതെ സുധീഷിനൊപ്പം ടാക്കീസ് ഓപ്പറേഷനിൽ പങ്കാളിയായി. അതിനുശേഷം മുട്ടിനുമേലെ തുണി പൊന്തുമ്പോൾ ചന്ദ്രേട്ടൻ പേരുമാറ്റി വിളിച്ചു.
“അശോകാാ”
ശീതരക്ത ജീവികളെപ്പോലെയായിരുന്നു അശോകൻ. സ്ലോമോഷനിൽ മാത്രം ചലിച്ചു. പിന്നെ പിന്നെ ഇത്തരം സീനുകളിൽ കമ്പം നഷ്ടപ്പെട്ടു വൈരാഗിയായ ചന്ദ്രേട്ടൻ റിമോട്ട് സ്വന്തം കയ്യിൽ സൂക്ഷിച്ചു. ആക്ഷൻ കുത്തിനിറച്ച ഇംഗ്ലീഷ് പടങ്ങളും, കോമഡിയിൽ പൊതിഞ്ഞ ജാക്കിചാൻ സിനിമകളും കൈപ്പുഴ ടാക്കീസിൽ തിങ്ങിനിറഞ്ഞ സദസ്സിൽ അരങ്ങേറി. മലയാള സിനിമയിൽനിന്നു കക്കാടുകാരുടെ ലോകം പുറത്തേക്കു വികസിച്ചതായിരുന്നു ഫലം.
—–———————————-
പ്രതീക്ഷിച്ചപോലെ നാട്ടിൽ ആദ്യമായി സിഡി പ്ലെയർ വാങ്ങിയത് കൈപ്പുഴവീട്ടിൽ ചന്ദ്രൻ തന്നെയാണ്. അദ്ദേഹം വലിയ സിനിമാപ്രേമിയായി അതിനകം മാറിയിരുന്നു. പതിയെപ്പതിയെ എല്ലാ ഭവനങ്ങളിലും സിഡി പ്ലെയർ എത്തി. കാസറ്റ് കട മതിയാക്കി സുനി സിഡികളിലേക്കു തിരിഞ്ഞു. 95% ക്വാളിറ്റിയെന്നത് 99% ശതമാനമായി ഉയർത്തി. മോട്ടോ “മികച്ച സിഡികൾ, മികവുറ്റ സേവനം’ എന്നാക്കി. കടയിൽ കമ്പ്യൂട്ടർ വാങ്ങി ഡിമാന്റുള്ള സിനിമകളുടെ കോപ്പികൾ എടുത്തുവച്ചു. പക്ഷേ ഇന്റർനെറ്റിന്റേയും ടൊറന്റ് ഡൗൺലോഡിന്റേയും വരവോടെ ആവശ്യക്കാർ കുറഞ്ഞു. ഗോൾഡൻ കാസറ്റ് സെന്റർ പതിയെ ചരമമടഞ്ഞു. ഗോൾഡൻ സുനി പ്രവർത്തനം മറ്റു മേഖലകളിലേക്കു തിരിച്ചുവിട്ടു.
നാലു ബി ക്ലാസ് തീയറ്ററുകളിൽ മൂന്നും അതിനകം പൂട്ടിയിരുന്നു. ആദ്യഊഴം കൊരട്ടിയിലെ ബിന്ദു ടാക്കീസിനായിരുന്നു. സുഹൃത്ത് ഡോർകീപ്പറായിരുന്ന കാലത്തു അനവധി സിനിമകൾ കണ്ടിട്ടുള്ള ടാക്കീസ്. കറുത്ത പെയിന്റടിച്ച പനമ്പുകൊണ്ടു മറച്ച, മരക്കസേരയുള്ള ഏതൊരു ബി ക്ലാസിനേയും പോലെ ഒന്ന്. നല്ല വെയിലുള്ള ഉച്ചകളിൽ തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ആവേശത്തോടെയും ആകാംക്ഷയോടെയും ക്യൂ നിൽക്കുമ്പോൾ തോന്നിയിട്ടുള്ള മാനസികനില പിന്നീടൊരിക്കലും തിരിച്ചുകിട്ടിയിട്ടില്ല. അന്നമനട അമ്പലത്തിലെ ഉൽസവത്തിനു പോകുമ്പോൾ കുഞ്ഞുമനസ്സുകളിൽ ഏറെ പതിയുന്നത് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കടകളിൽതൂങ്ങുന്ന കളിപ്പാട്ടങ്ങളും മാത്രമല്ല, ‘അന്നമനട സിന്ധു’ എന്ന പേരുള്ള കറുപ്പും ഇളംപച്ചയും പെയിന്റടിച്ച കെട്ടിടം കൂടിയാണ്. ഒപ്പം കെട്ടിടത്തിന്റെ മതിലുകളിൽ നിരനിരെ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററുകളും. സിന്ധു ടാക്കീസ് ‘ഇന്ദ്രപ്രസ്ഥം’ ഷാപ്പായി രൂപം മാറ്റി. കൊരട്ടിമാത ടാക്കീസ് ഇന്നു കാടുപിടിച്ചു കിടക്കുന്ന ഒരിടം മാത്രം. പ്രായത്തിന്റെ അവശത പേറി തന്റെ കാലം കത്തിതീരുന്നതും കാത്ത് അന്നമനടയിലെ വിഎം ടാക്കീസ് ഇന്നുമുണ്ട്. ബി ക്ലാസ് തീയറ്ററുകളെ നിലനിർത്തുന്നതിനു നമുക്ക് അന്യസംസ്ഥാന തൊഴിലാളികളോടു നന്ദി പറയാം.
കക്കാടിലെ തൊണ്ണൂറ്റഞ്ച് ശതമാനം വീടുകളിലും ഇന്നു ടിവിയും സിഡി പ്ലെയറും നൂറോളം ചാനലുകൾ കിട്ടുന്ന കേബിൾ ടിവിയും ഉണ്ട്. ഡിഷ് ടിവികൾ കൂടുതലായി പ്രചരിച്ചുവരുന്നു. സ്വീകരണമുറിയിൽ ഒറ്റയ്ക്കോ, കുടുംബാംഗങ്ങൾക്കിടയിലോ ഇരുന്നു സിനിമ കാണുമ്പോൾ പതിഞ്ചുവർഷം മുമ്പ് കൈപ്പുഴ ടാക്കീസിൽ ഇരുന്നു കണ്ടതിന്റെ സുഖമില്ലെന്നു നാട്ടുകാരിൽ ചിലർക്കു തോന്നിയാൽ അതിൽ അതിന്റേതായ ശരിയുണ്ട്.
Featured Image Credit – http://www.snehasallapam.com/malayalam-movie-discussions/480-cinema-theatres-studios-multiplex-418.html
പൊളിഞ്ഞു പോയ ഒരുപാട് തിയേറ്റരുകളുടെ കഥ കേട്ടിട്ടുണ്ട്.. പക്ഷെ ആദ്യമായാ ഇങ്ങനെ ഒരു തിയ്യേറ്റർ ന്റെ കഥ.. “ഈ തിയേറ്റർ ഒന്ന് നിറഞ്ഞു കണ്ടിട്ട് വേണം കണ്ണടക്കാൻ” എന്ന് ചന്ദ്രേട്ടന പറയോ ?
ഒരുപാട് തിയേറ്റര്‍ ഓര്‍മ്മകള്‍ വായിച്ചിട്ടുണ്ട്.. കേട്ടിരുന്നിട്ടുണ്ട്.. ഇതു പോലെ ഒരെണ്ണം ആദ്യം..
ഭംഗിയായി എഴുതി.. അഭിനന്ദനങ്ങള്‍
Nice
Best wishes
നന്നായി എഴുത്ത്. ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു നാരായണാ തിയേറ്റർ ആയിരുന്നു. ഓലമേഞ്ഞത്. പിന്നീട് കോൺ ക്രീറ്റ് കെട്ടിടമായി മാറിയെങ്കിലും അധികനാൾ ഓടിയില്ല. അവസാനം ആ വഴി പോയപ്പോൾ കാടും പടലവും പിടിച്ച് ഡ്രാക്കുളക്കോട്ട പോലെയുണ്ടായിരുന്നു. (ടിക്കറ്റ് കൊടുക്കാറാകുന്നതിന് മുമ്പ് എം എസ് തൃപ്പൂണിത്തുറയെ തോൽപ്പിക്കുന്ന ശബ്ദത്തിൽ യേശുദാസിന്റെ പാട്ട് വിക്ഷേപിക്കുന്ന ഒരു കോളാമ്പിയും ഉണ്ടായിരുന്നു)
i saw 2 theatres closed down near my amma's house. In one theatre, in their glory days, it used to show Mohan lal movies. But after some time, it used to show A films. Later,that also didnt succeed. Finally it closed down.
നന്നായി. 🙂
Vaakkukalude vasantham…!
Manoharam, Ashamsakal…!!!
പിള്ളേ നീ അമ്മവീട്ടിൽനിന്നു ബാംഗ്ലൂർക്കു വന്നില്ലേ. അതോണ്ടായിരിക്കും അത് സക്‌സീഡ് ആകാതിരുന്നത് 🙂