അടയ്ക്ക ബിസിനസ് – 1

ഒന്നാം ഭാഗം
ഉച്ചയോടു അടുത്ത സമയം. മര്യാദാമുക്കിൽ ഏതാനും പേർ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അപ്പോൾ പുത്തൻ പാഷൻബൈക്കിൽ തമ്പി എത്തി. പതിവുമുഖങ്ങളെ കണ്ടു വണ്ടി നിർത്തി.

“പുതിയ വണ്ടി വാങ്ങീട്ട് ചെലവൊന്നൂല്ലേ തമ്പീ” ആശാൻകുട്ടി കൈകൾ കൂട്ടിത്തിരുമ്മി. കഴുത്തിനു താഴെയുള്ള നെഞ്ച്‌ഭാഗം തടവി. ഷർട്ടിന്റെ കോളറുകളുടെ അറ്റം ഒരുതവണ അടുപ്പിച്ചു പിടിച്ചു.

തമ്പി അറിയിച്ചു. “ഇതെന്റെ അല്ല ആശാനേ. ഞാൻ വർക്ക് ചെയ്യണ സ്ഥലത്തെയാ”

തമ്പിക്കു ആകെക്കൂടി ഒരു ഉണർവ്വുണ്ടെന്നു തോന്നി, ആശാൻ ചോദിച്ചു. “നിന്റെ ബോഡ്യൊന്ന് മിനിങ്ങീണ്ടല്ലാ. എങ്ങനെ ഒപ്പിച്ചു?”

അറിയിക്കാൻ മറന്നുപോയ ഒന്ന് ഓർത്ത ഉൽസാഹത്തിൽ തമ്പി പറഞ്ഞു. “ആശാനേ, ഞാൻ യോഗ പഠിക്കണ്ണ്ട്”

ആശാൻകുട്ടിയുടെ മുഖം തെളിഞ്ഞു. “അത് നന്നായി. എവിട്യാ?”

തമ്പി കൂസലില്ലാതെ പറഞ്ഞു. “വീട്ടീ തന്ന്യാ”

ആശാന്റെ മുഖം ഇരുണ്ടു. “വീട്ടിലാ!! പായേക്കെടന്നൊള്ള യോഗ്യാണോ നീ ഉദ്ദേശിച്ചെ? അതാണെങ്കീ ഞാനും ഡെയ്ലി യോഗ്യാ”

തമ്പി സീരിയസായി. “ആശാനേ ഞാമ്പറഞ്ഞത് കാര്യായിട്ടാ. വീട്ടില് യോഗ ചെയ്യണ്ണ്ട്”

“ഉം. നീ തന്ന്യാണോ?”

“ഏയ്, ഞാൻ തന്നെ എങ്ങനെ ചെയ്യാൻ. പഠിപ്പിക്കാൻ ആള്ണ്ട്”

ആശാന്റെ മുഖം വീണ്ടും തെളിഞ്ഞു. “അതു കൊള്ളാം. ആരാ പുള്ളി?”

“നമ്മടെ പീതാംബരൻ ചേട്ടന്റെ മോൻ. നാലാം ക്ലാസീ പഠിക്കണ ബിജുമോൻ”

ആശാന്റെ മുഖം വീണ്ടും മങ്ങി.“@#$%. അവനെന്തൂട്ട് കോപ്പാടാ അറിയാ”

“ആശാനേ അവൻ ടോപ്പല്ലേ“

“ആണോ?” ആശാൻകുട്ടിക്കും സംശയമായി. ഇനിയെങ്ങാൻ ആ പീക്കിരിച്ചെക്കൻ യോഗ പഠിച്ചെടുത്തോ.

“ആന്ന്. അവനിപ്പോ ഊണു കഴിക്കണതുവരെ പലപല ആസനങ്ങളിലിരുന്നോണ്ടാ”

അവനെവടന്നാ പഠിച്ചെ?”

“വാളൂർ സ്കൂളീന്ന്”

“അവടെ പഠിപ്പിക്കണ്ണ്ടാ?”

“പിന്നല്ലാണ്ട്. കിണ്ണനാ“

“അവൻ നിന്റെ വീട്ടീ എത്രാൾക്ക് ക്ലാസെടുക്കണ്ണ്ട്”

“എനിക്ക് മാത്രം”

“അവൻ എന്നും വരോ?”

“ഏയ്. ഞാൻ പോയി പിടിച്ചുവലിച്ച് കൊണ്ടരണം. ഇത്തിര്യൊള്ള ആ ചെക്കന്റെ കാലുവരെ പിടിച്ചണ്ട്”

“പഠിപ്പിക്കണേന് നീയവനു വല്ലോം കൊടുക്കോ”

തമ്പി ചിരിച്ചു. “കാശ് ചോദിച്ചാ അട്യാ“

“അത് കഷ്ടല്ലേടാ? എന്നും വന്നു പഠിപ്പിച്ചട്ട്. അതും നിന്നെ”

“എന്തൂട്ട് കഷ്ടം. അവൻ കൊച്ചായിരുന്നപ്പോ ഞാൻ കൊറേ എടുത്തോണ്ട് നടന്നട്ടൊള്ളതാ”

“എന്നാ നാളെമുതൽ ഞാനും വരാം”

തമ്പി ചോദിച്ചു. “ആശാനും അവനെ എട്ത്തോണ്ട് നടന്നണ്ടാ?”

“ഇണ്ട്‌ന്നു നമക്ക് പറയാം”

സംസാരം മതിയാക്കി തമ്പി പോകാനൊരുങ്ങി. കാൽ കിക്കറിലേക്കു നീളുമ്പോൾ ആശാൻകുട്ടി അറിയിച്ചു. “തമ്പ്യേയ് പറയാൻ വിട്ടു. നിന്നെ അന്വേഷിച്ച് ഉമ്മർക്ക വീട്ടീ പോയീണ്ട്”

വൈകീട്ട് കൊരട്ടിവരെ പോകാനുണ്ടല്ലോ, അതിനു വണ്ടി കടം വാങ്ങാംഎന്നോർത്തു തമ്പി അന്വേഷിച്ചു. “ഇക്ക ബൈക്കിലാണോ?”

ആശാൻകുട്ടി അതെയെന്നു തലയാട്ടി. തമ്പി ഉൽസാഹത്തോടെ ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേക്കു കുതിച്ചു. അപ്പോൾ ആശാൻ ഉറക്കെ വിളിച്ചുപറഞ്ഞു.

“എടാ…. ഇക്കേടെ കയ്യീ ഒരു തോക്കൂണ്ട്”

തമ്പിയുടെ അടിവയറ്റിൽനിന്നു ഒരാന്തൽ പൊങ്ങി. ബൈക്ക് ഓടിച്ചുപോയ ദൂരം മുഴുവൻ തിരിച്ചുവന്നു. അങ്കലാപ്പോടെ ചോദിച്ചു. “ആശാനേ സത്യാ….. തോക്കോ!“

“അതേടാ തോക്കന്നെ” ആശാൻകുട്ടി ഇത്തിരി മുളക് ചേർത്തു. “ഇക്ക കൊറച്ച് കലിപ്പിലാന്നാ എനിക്ക് തോന്ന്യേ”

തമ്പി നെഞ്ചിൽ കൈവച്ചു. “എന്റെ ശാസ്താവേ…. കൊളായാ”

“എന്താടാ. നീയെന്തെങ്കിലും പുതിയ ഗുലുമാല് ഒപ്പിച്ചാ”

“ഇല്ല്യാന്ന്”

“പിന്നെന്തിനാ പേടിക്കണേ”

“വേറാരെങ്കിലും എന്റെ പേരീ ഗുലുമാൽ ചെയ്‌തണ്ടെങ്കിലോ”

“അങ്ങനെ പതിവ്ണ്ടാ?”

“ഇണ്ടോന്നാ. എന്റെ ആശാനേ ഇപ്പ അങ്ങനല്ലേ പതിവ്. കണ്ണീക്കണ്ട പോങ്ങന്മാരൊക്കെ കച്ചറ പരിപാടി ചെയ്തട്ട് തമ്പി പറഞ്ഞട്ടാന്നാ പറയാറ്. ബംഗാളീന്ന് വന്ന പിള്ളേരും കൂടി ഇപ്പോ എന്റെ മേത്താ കേറണെ”

തമ്പി തുടർന്നു. “കുറച്ചുനാള് മുമ്പ് കുഞ്ഞിസനു എന്നെത്തല്ലാൻ വന്നു. അമ്പലക്കൊളത്തില് മീനിനെ കൊണ്ടിട്ടത് ഞാനാന്നും പറഞ്ഞൂണ്ട്”

ആശാനു അതിൽ പന്തികേടൊന്നും തോന്നിയില്ല. “മീന്ണ്ടെങ്കി ഇപ്പോ എന്താ കൊഴപ്പം? ഒരു കുളമായാൽ മീൻ വേണം. കൊറ്റി വേണം. പൊൻമാൻ വേണം. താമര വേണം. അല്ലേ തമ്പീ”

“അതേന്ന്. സംഗതി ശരിതന്നെ. പക്ഷേ ഈ മീനിത്തിരി പെശകാ”

“എന്ന്വച്ചാ?”

തമ്പി ഒരു കൈ മുഴുവൻ നിവർത്തി വലുപ്പം കാണിച്ചു. “ഇത്രേം വലുപ്പോള്ള രണ്ട് മുശിയാണ് കൊളത്തിലൊള്ളത്. അത് ആണും പെണ്ണുമാണെങ്കിലത്തെ കാര്യം ഇനി പറയാനൂല്ല്യ”

“എനിക്ക് ക്ലിയറായില്ല”

“എന്റാശാനേ. കുളിക്കാനെറങ്ങണോര്ടെ കാലിനെടക്ക് ചാമ്പണത് ഈ മുശിക്ക് ഭയങ്കര ക്രേസാണ്. മിനിഞ്ഞാന്ന് സനൂന്റെ ഊഴമായിരുന്നു. പതിവിനു വിരുദ്ധമായി അണ്ടർവെയർ ഇട്ടതോണ്ടു രക്ഷപ്പെട്ടൂന്ന് പറഞ്ഞാ അതാ സത്യം. മുശി ഒറ്റ വെട്ടാ വെട്ട്യെ. അണ്ടർവെയർ കത്രികകൊണ്ട് മുറിച്ചപോല്യായി. ആരാ മുശീനെ കൊണ്ടിട്ടേന്ന് ചോദിച്ചപ്പോ മാധവൻ സുനി പറഞ്ഞുകൊടുത്തു ഞാനാന്ന്”

“ഇനി നീയെങ്ങാനാണോ?”

“ആശാനെങ്കിലും എന്നെ സംശയിക്കര്ത്. എല്ലാക്കാര്യത്തിലേം പോലെ ഇതിലും ഞാൻ നിരപരാധ്യാ”

മീൻ വിഷയം വിട്ട് തമ്പി ആകാംക്ഷയോടെ അന്വേഷിച്ചു. “ഉമ്മ്ർക്കേടെ കയ്യീ ചെറിയ തോക്കാണോ വല്യ തോക്കാണോ?”

“വല്യതാ. നല്ല നീളംണ്ട്. എരട്ടക്കൊഴൽ പോലത്തെ സാധനം”

“അത്യാ. ഹഹഹഹഹഹ” തമ്പി ആശ്വസിച്ചു. “എന്നാപ്പിന്നെ വെടി വയ്ക്കാൻ കൂട്ടിനു വിളിക്കാനായിരിക്കും”

“വെട്യ്യോ!!” ആശാൻ ഞെട്ടിപ്പോയി. ‘അമ്പട വീരാ’ എന്നമട്ടിൽ ശൃംഗാര രസത്തോടെ ചോദിച്ചു. “നീയപ്പോ വെടിവയ്ക്കാൻ പോവാറ്ണ്ടല്ലേ?”

അബദ്ധം പിണഞ്ഞതു മനസ്സിലാക്കി തമ്പി തിരുത്തി. “ആ വെട്യല്ല ആശാനേ ഈ വെടി. ഇത് കൊക്കിനെ വെടിവയ്ക്കണ കാര്യാ”

“അതു ശരി” ആശാൻകുട്ടി ആശ്വസിച്ചു. “നീയതില് എക്‌സ്പെർട്ടാണോ? പണ്ട് പാടത്തു കൊളുത്തുവച്ച് കൊക്കിനെ പിടിക്കാറില്ലേ”

“അതു പണ്ട്. ഇപ്പോ പാടം ടില്ലറടിക്കണ സീസണല്ലേ. കൊക്കുകള് രാത്രി ഇരിക്കണ മരങ്ങള് മുമ്പേ കണ്ടുവയ്ക്കും. തീരദേശം പാടത്തിനടുത്ത് അങ്ങനത്തെ കൊറേ മരങ്ങള്ണ്ട്. രാത്രി അവടെ പോയി വെടിവച്ചിടാം. കൊക്കെറച്ചിക്ക് ഭയങ്കര ടേയ്സ്റ്റാ”

“എന്ന ഒരൂസം നമക്കും പോവാം”

“ആവാലോ. പക്ഷേ എന്റേല് തോക്കില്ല. ഉമ്മർക്കക്ക് മാത്രാ ഈ ഏര്യേല് തോക്കൊള്ളൂ”

രണ്ടാം ഭാഗം: ജയൻ

“മാഷ്ഷേയ്‌യ്‌…. മാഷ്‌ഷേ”

നീട്ടിയ വിളികേട്ടു പരമുമാഷ് പലചരക്കുകടയ്ക്കു പുറത്തു വന്നു.

ജയൻ ചോദിച്ചു. “മാഷ്‌ഷേ, അടയ്ക്കക്ക് എന്താ വെല?”

“അടയ്ക്കക്കോ!” ജയന്റെ വീട്ടിൽ അടയ്ക്കാമരം ഇല്ലെന്നു അറിയാവുന്ന മാഷും, തന്റെ വീട്ടിൽ അടയ്ക്കാമരം ഉണ്ടെന്നു അറിയാവുന്ന, തിണ്ണയിൽ പത്രം വായിച്ചുകൊണ്ടിരിക്കുന്ന, കല്യാണി വേണുവും ഉഗ്രമായി ഞെട്ടി.

മാഷ് ചോദിച്ചു. “നിന്റെ വീട്ടിലതിനു അടയ്ക്കാമരം ഇല്ലല്ലോ. പിന്നെന്തിനാ പ്രൈസ് അറിയണേ”

സംഗതി ശരിയാണ്. ഇങ്ങിനെയൊരു തിരിച്ചടി പ്രതീക്ഷിച്ചതുമല്ല. എങ്കിലും ജയൻ ചിരിച്ചു. “ആഹഹഹഹഹഹ. ഈ മാഷ്‌ടെ ഒരു തമാശ”

കല്യാണി വേണുവിനു പക്ഷേ തമാശയായിട്ടു തോന്നിയില്ല. അദ്ദേഹം കാര്യം പറഞ്ഞു. “അവന്റെ വീട്ടിലില്ലെങ്കിലും അയൽവക്കത്ത്ണ്ടല്ലാ”

ജയൻ പരമുമാഷിനോടു പരാതി പറഞ്ഞു. “മാഷേ ഈ കല്യാണീനെ കടേല് ഇരിക്കാൻ സമ്മതിക്കരുത്. കസ്റ്റമേഴ്സിനെ അവഹേളിക്കും”

കല്യാണി വേണു പൊട്ടിച്ചിരിച്ചു. “ഹഹഹഹഹ”

പരമു മാഷ് ചോദിച്ചു. “നിനക്കിപ്പോ എന്താ വേണ്ടേ ജയാ?”

“പഴുത്ത അടയ്ക്ക തൊലികളഞ്ഞ്, ഉണക്കിയതിനു എത്ര്യാ വെല?”

“കിലോയ്ക്ക് ഒരു നൂറ്റിപ്പത്ത് ഷുവറാ”

ജയന്റെ മുഖം തെളിഞ്ഞു. നല്ല വിലയുണ്ട്. പരമു മാഷ് അന്വേഷിച്ചു. “നിന്റെ വീട്ടില് ഒരു അടയ്ക്കാമരം പോലും ഇല്ലല്ലോടാ ജയാ. വേണു പറഞ്ഞത് കറക്ടല്ലേ”

കല്യാണി വേണു പിന്താങ്ങി. “അങ്ങനെ ചോദിക്ക് മാഷേ”

ജയൻ സീരിയസായി. “മാഷേ, ഞാനൊരു കാര്യം പറയാൻ പോണ്. കാര്യായിട്ടാ. എന്താന്ന് വച്ചാ നാട്ടാർക്ക് എന്നെ ഒരു വെലേല്ല്യാ. എനിക്കത് ഈയിട്യാ മനസ്സിലായത്”

“അതോണ്ട്?”

“അതോണ്ട്, ഞാനെന്തെങ്കിലും തൊഴിൽ ചെയ്യാൻ തീരുമാനിച്ചു”

മാഷ് സഹതപിച്ചു. “അതു ബുദ്ധിമുട്ടാവില്ലേ ജയാ. ഈ ഇരുപത്താറാം വയസ്സില് വർക്ക് ചെയ്യാന്നൊക്കെ പറഞ്ഞാ”

കല്യാണി ചിരിച്ചു. ജയൻ പ്രകോപിതനായില്ല.

“മാഷ്‌ഷേ, മാഷെങ്കിലും എന്നെ മനസ്സിലാക്കണം. ഞാൻ അലമ്പൊക്കെ നിർത്തി. ഇനി അടയ്ക്കാ കച്ചോടം ചെയ്യാനാ പ്ലാൻ”

“അടയ്ക്കോ!” മാഷും വേണുവും അൽഭുതപ്പെട്ടു.

ജയൻ ആഞ്ഞു തലകുലുക്കി. പരമു മാഷ് ചോദിച്ചു. “അതു മത്യോടാ ജയാ. അടയ്ക്ക മാർക്കറ്റ് എപ്പഴാ വീക്കാവാന്ന് പറയാൻ പറ്റില്ല”

“അങ്ങനല്ല മാഷേ. ഇന്യൊള്ള കാലം ജാതി, റബ്ബർ ഇവയ്ക്കല്ല ഡിമാന്റ് വരാമ്പോണേ. മറിച്ച് അടയ്ക്കക്കാണ്. ഇതെന്റെ സുചിന്തിതമായ അഭിപ്രായാ”

“നീയിങ്ങനെ സുചിന്തിക്കാൻ എന്തൂട്ടാ കാരണം?”

“കാരണം കേരളത്തിലെ യുവജനങ്ങളിലുള്ള പ്രതീക്ഷയാണ് മാഷേ. പ്രതീക്ഷ. ഇനിയുള്ള കാലം വെള്ളമടി പുകവലി എല്ലാം കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ”

“എന്ന്വച്ചാ നാട് നന്നാവാൻ പോവാന്ന്. അല്ലേ?”

“അല്ല” ജയൻ നിഷേധിച്ചു. “മറിച്ച് ഇനിയും വെള്ളമടിച്ചാൽ തട്ടിപ്പോകും എന്ന നിലയിലേക്കു കേരളത്തിലെ നല്ലശതമാനം ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. പുകവലിയുടെ കാര്യവും തഥൈവ. അപ്പോൾ അതിനനുസരിച്ചുള്ള ഒരു നീക്കമാണ് എന്റേത്”

പരമുമാഷ് മനസ്സിൽ തോന്നിയ ഐഡിയ പറഞ്ഞു. “അങ്ങനാണെങ്കിൽ വിറക് കച്ചോടം അല്ലേ ജയാ നല്ലത്?”

“അതെ, അത് ശര്യാണ്. പക്ഷേ ആ നിലയിലേക്ക് എത്താൻ കുറച്ചുകൂടി കാക്കേണ്ടതുണ്ട്. ഈ വെയിറ്റിങ്ങ് ടൈം കുറയ്ക്കാനുള്ള ഒരു സഹായഹസ്തമാണ് ഞാൻ ഉദ്ദേശിക്കുന്നത്. വെള്ളമടി നിർത്താൻ നിർബന്ധിതരാകുന്നവർ എന്തായാലും പൂർണമായും വീശൽ നിർത്താൻ പോണില്ല. കുറച്ചു കുറച്ചേക്കാം എന്നുമാത്രം. മാത്രമല്ല ആ കുറവ് നികത്താൻവേണ്ടി മുറുക്കാൻ, പാൻപരാഗ്, ഹാൻസ് തുടങ്ങിയവയിലേക്കു അത്തരക്കാർ തിരിയുമെന്നു നിശ്ചയമാണ്. ഈ പറഞ്ഞ മുറുക്കൽ സാമഗ്രികളിലെല്ലാം ഉപയോഗിക്കുന്ന അടയ്ക്കക്കും അതോടെ ഡിമാന്റ് കൂടുമെന്നതു നിസ്തർക്കമല്ലേ മാഷേ?”

പരമുമാഷ് അഭിനന്ദിച്ചു. “നീയാരാ ജയാ മോൻ. നിന്നെ ഇത്രനാൾ ഞാൻ അണ്ടറെസ്റ്റിമേറ്റ് ചെയ്തിരിക്കായിരുന്നു. ഈ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കീ നിനക്ക് പത്താം ക്ലാസ് പാസായിക്കൂടായിരുന്നോ?”

ജയൻ കേണു. “മാഷേ. പത്‌ക്കെ പറ. ആരെങ്കിലും കേൾക്കും. ഞാൻ പത്താംക്ലാസ് പാസായീണ്ട്‌ന്ന് നാട്ടാർക്ക് ഒരു വിശ്വാസംണ്ട്. അത് കളയരുത്. അല്ലെങ്കിലും ഇന്നത്തെക്കാലത്ത് പത്താംക്ലാസ് പാസായിട്ടില്ലാന്ന് പറഞ്ഞാ കൊറച്ചിലല്ലേ”

മാഷ് സമ്മതിച്ചു. “അപ്പോ നീ അടയ്ക്ക ബിസിനസിലേക്കു കടക്കാൻ തീരുമാനിച്ചു”

“അതെ. അതിലേക്കുള്ള ആദ്യപട്യായി ഇന്നു അന്നമനടേലെ ഒരാൾടെ തോട്ടം നോക്കാൻ പോവാണ്. അപ്പോ വെല ഒന്ന് അറിഞ്ഞിരിക്കണ്ടേ”

പരമു മാഷ് ഇരുത്തിമൂളി. എല്ലാ കാര്യവും ക്ലിയർ ആയി.

ജയൻ പറഞ്ഞു. “മാഷ് അപ്പോ ഒരു ചുറ്റ് ചാക്കുചരട് ഇങ്ങട് എടുത്തേ”

“എന്തൂട്ടിനാ ജയാ. ഒരു ചുറ്റെന്നു പറഞ്ഞാ കൊറേണ്ടല്ലോ. അതു ഫുള്ള് വേണോ?”

“അട്യ്ക്കാമരത്തുമ്മെ മാർക്ക് ഇടാനാ മാഷേ. അന്നമനടേലെ തോപ്പിലാണെങ്കി കൊറേ അടയ്ക്കാമരം ഇണ്ട്”

പരമുമാഷ് ഒരു ചുറ്റ് ചാക്കുചരട് എടുത്തു കൊടുത്തു. ജയൻ യാത്ര പറഞ്ഞിറങ്ങി.

(തുടരും…)

Featured Image Credit: – Agrifarming.inCategories: കക്കാടിന്റെ പുരാവൃത്തം

Tags: ,

1 reply

 1. “ഉമ്മ്ർക്കേടെ കയ്യീ ചെറിയ തോക്കാണോ വല്യ തോക്കാണോ?”
  “വല്യതാ. നല്ല നീളംണ്ട്. എരട്ടക്കൊഴൽ പോലത്തെ സാധനം”
  “അത്യാ. ഹഹഹഹഹഹ” തമ്പി ആശ്വസിച്ചു. “എന്നാപ്പിന്നെ വെടി വയ്ക്കാൻ കൂട്ടിനു വിളിക്കാനായിരിക്കും”
  “വെട്യ്യോ!!” ആശാൻ ഞെട്ടിപ്പോയി. “നീയപ്പോ വെടിവയ്ക്കാൻ പോവാറ്ണ്ടല്ലേ?”
  “ആ വെട്യല്ല ആശാനേ ഈ വെടി. ഇത് കൊക്കിനെ വെടിവയ്ക്കണ കാര്യാ”

  പുരാവൃത്തങ്ങളുടെ പുരാവൃത്തം, കക്കാടിന്റെ പുരാവൃത്തം.
  🙂
  സുനിൽ ഉപാസന

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: