ഇരട്ട ചെമ്പരത്തി

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



കണ്ണടച്ചു കിടക്കുന്ന സുമതിയുടെ വീർത്ത വയറിൽ മുഖം അമർത്തി ഭർത്താവ് ചോദിച്ചു.

“ആണോ പെണ്ണോ?”

സുമതി കണ്ണു തുറക്കാതെ തിരിച്ചു ചോദിച്ചു. “ഏതാണു വേണ്ടത്?”

ഭർത്താവ് പറഞ്ഞു. “ആണിനെ മതി”

“അതെന്താ അങ്ങിനെ?”

“അവനെ ഞാനൊരു പ്രശസ്ത ചിത്രകാരനാക്കും”

സുമതി ചിരിച്ചു. പിന്നെ കുറേ നേരം മിണ്ടാതിരുന്നു. ഭർത്താവ് അന്വേഷിച്ചു.

“എന്താ സംസാരം നിർത്തിക്കളഞ്ഞത്?”

സുമതി മിണ്ടിയില്ല. ഭർത്താവ് നിർബന്ധിച്ചപ്പോൾ പറഞ്ഞു. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു”

“അതിനെന്തിനാണ് മുഖം മ്ലാനമാകുന്നത്. സ്വപ്നം കാണുന്നത് നല്ല കാര്യമല്ലേ. ഞാൻ ഒരു സ്വപ്നം കണ്ടിട്ടു കുറേ നാളുകളായി. കാണാൻ ആഗ്രഹം ഉണ്ടെങ്കിലും, ആഗ്രഹിക്കുമ്പോഴെല്ലാം എത്തിപ്പിടിക്കാവുന്നതല്ലല്ലോ സ്വപ്നം”

ഭർത്താവ് തുടർന്നു. “പറയൂ. എന്തായിരുന്നു സ്വപ്നത്തിൽ കണ്ടത്?”

സുമതി പറഞ്ഞു. “ഒരു ചുവന്ന ഇരട്ട ചെമ്പരത്തിയായിരുന്നു സ്വപ്നത്തിൽ. ഒരു ഞെട്ടിൽനിന്നു തുടങ്ങി, ഇരു ശരീരമായി നിൽക്കുന്ന ചെമ്പരത്തിപ്പൂവ്. രണ്ടു പൂവണിയുണ്ട്”

“നല്ല സ്വപ്നമാണല്ലോ. ആദ്യമായാണ് സ്വപ്നത്തിൽ പൂക്കൾ കണ്ടതിനെപ്പറ്റി ആരെങ്കിലും എന്നോടു പറയുന്നത്”

സുമതി ആ പ്രശംസ ആസ്വദിച്ചില്ല. അവരുടെ മുഖം കൂടുതൽ മ്ലാനമായി. ഭർത്താവിനു സുമതിയുടെ ഉൽസാഹമില്ലായ്മയുടെ കാരണം മനസ്സിലായില്ല.

‘എന്താണ് സുഖമില്ലാത്ത പോലെ. നല്ല സ്വപ്നമല്ലേ കണ്ടത്?’

സുമതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു. “നമുക്കു പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് എനിക്കു തോന്നുന്നു. ഇരട്ട ചെമ്പരത്തിയും രണ്ടു പൂവണിയും സൂചിപ്പിക്കുന്നത് അതാണ്”

ഭർത്താവിന്റെ മുഖം നൊടിയിടയിൽ കറുത്തു. ഉൽസാഹം പൂർണമായും കെട്ടു. അദ്ദേഹം കിടക്കയിൽ സുമതിയിൽനിന്നു നീങ്ങി, മലർന്നു കിടന്നു.

ഒരു മിനിറ്റ് കഴിഞ്ഞു ഭർത്താവ് സ്വരം കടുപ്പിച്ചു പറഞ്ഞു. “നമുക്കു ഇരട്ടക്കുട്ടികൽ വേണ്ട”

സുമതി കരഞ്ഞു. പ്രതീക്ഷിച്ച മറുപടിയായിരുന്നിട്ടും ദുഃഖം താങ്ങാനായില്ല. അഭ്യർത്ഥനകൾ ഭർത്താവിൽ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നു അറിയാമെങ്കിലും സുമതി ദുർബലമായി കെഞ്ചി.

“അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ. എല്ലാം മറക്കാമല്ലോ?”

“നമ്മുടെ കുഞ്ഞുങ്ങളുടെ നന്മക്കാണ് ഞാനിത് പറയുന്നത്. അവർ എന്നെപ്പോലെയാകരുത്”

ഭർത്താവ് തീർത്തു പറഞ്ഞു. ഇളക്കാനാകാത്ത തീരുമാനമാണ്. സുമതി തേങ്ങിക്കൊണ്ടു തിരിഞ്ഞു കിടന്നു. പിന്നെയൊന്നും മിണ്ടിയില്ല.

ഇരട്ടക്കുട്ടികളോടു ഭർത്താവിനു വിരോധമുണ്ടെന്നു സുമതിക്കു കുറേ നാളുകളായി സംശയമുണ്ടായിരുന്നു. ഏതാനും ആഴ്ചകൾ മുമ്പാണ് അദ്ദേഹം അതു തുറന്നു സമ്മതിക്കുന്നത്.

ഞായറാഴ്ച ദിവസം. ഉച്ചക്കു ഊണ് കഴിഞ്ഞു പൂമുഖത്തിരുന്നു സല്ലപിക്കുകയായിരുന്നു ഇരുവരും. അപ്പോൾ ഒരു യുവാവ് ഗേറ്റ് കടന്നുവന്നു. കാണാൻ സുമുഖൻ. നല്ല ആകാരം. പക്ഷേ വസ്ത്രധാരണം ശ്രദ്ധയോടെയല്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണെന്നു തോന്നി. കാശിനു വന്നതാണോ? ആഗതനെ കണ്ടപ്പോൾ ഭർത്താവ് അസ്വസ്ഥനായത് സുമതി ശ്രദ്ധിച്ചു. സന്ദർഭം മുഷിഞ്ഞു.  ഭർത്താവിനു ആഗതനെ പരിചയമുണ്ടെന്നു തോന്നി.  എന്നിട്ടും അവർ തമ്മിൽ സംസാരിക്കാതിരുന്നപ്പോൾ സുമതി ഇടപെട്ടു.

“എന്തു വേണം? കാശിനാണെങ്കിൽ കാത്തുനിൽക്കണ്ട. പോയ്‌ക്കോളൂ”

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ഭർത്താവ് താക്കീത് ചെയ്തു. “സുമതീ…”

ഭർത്താവ് വളരെ അപൂർവ്വമായേ തന്റെ പേര് വിളിക്കാറുള്ളൂ എന്നു സുമതി ഓർത്തു. സുമതി നിശബ്ദയായി.

ഭർത്താവ് ഗൗരവത്തിൽ ആഗതനോടു ചോദിച്ചു. “ഊണ് കഴിച്ചോ?”

ആഗതന്റെ പേരുപോലും ചോദിക്കാതെയുള്ള സംസാരം. ദീർഘനാളായി പരിചയമുള്ളവരെ പോലെ ഇടപെടൽ.

ആഗതൻ കൂസലില്ലാതെ പറഞ്ഞു. “ഇല്ല. ചോറു വേണം”

ഭർത്താവ് സുമതിയോടു നിർദ്ദേശിച്ചു. “ചോറു വിളമ്പിക്കൊടുക്ക്. വേഗം”

സുമതി അമ്പരന്നു. എന്താണ് ഈ കേൾക്കുന്നത്? ഭർത്താവിന്റെ അത്ര പ്രായമുള്ള അപരിചിതനു അടുത്തുനിന്നു ഭക്ഷണം വിളിമ്പിക്കൊടുക്കാൻ! അയാൾ എന്തെങ്കിലും അവിവേകം കാണിച്ചാലോ. സുമതി സംശയിച്ചു നിന്നു. ഭർത്താവ് ശാസിച്ചു.

“പറഞ്ഞതു കേട്ടില്ലേ”

ആഗതൻ കൂസാതെ അകത്തേക്കു നടന്നു. കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. സുമതി പിന്നാലെയെത്തി എല്ലാം വിളമ്പിക്കൊടുത്തു. അപരിചിതന്റെ സാമീപ്യത്തിൽനിന്നു രക്ഷപ്പെടാൻ വീണ്ടും പൂമുഖത്തെത്തിയപ്പോൾ ഭർത്താവ് ഡൈനിങ്ങ് റൂമിലേക്കു തന്നെ പറഞ്ഞുവിട്ടു. സുമതിക്കു ആകെ ഒരു എത്തുംപിടിയും കിട്ടിയില്ല.

ഡൈനിങ്ങ് റൂമിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ പടം തൂങ്ങുന്നുണ്ടായിരുന്നു. ഇരുവരും മരിച്ചുപോയവരാണ്. ഫോട്ടോയിലെ അച്ഛന്റെ മുഖവുമായി ആഗതന്റെ മുഖത്തിനു സാമ്യമുണ്ടെന്നു സുമതിക്കു തോന്നി. അതു യാദൃശ്ചികമാണെന്നു കരുതി ആശ്വസിച്ചു. ആഗതൻ ചോറും കറിയും വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. എല്ലാം വലിച്ചുവാരി തിന്നു. അദ്ദേഹം ഭക്ഷണം കഴിച്ചിട്ടു കുറച്ചു നാളുകളായെന്നു സുമതിക്കു ബോധ്യമായി.

ഭക്ഷണം കഴിച്ചു കൈകഴുകി, ആഗതൻ പടിയിറങ്ങി പോയി. പൂമുഖത്തിരിക്കുന്ന ഭർത്താവിനോടു യാത്രപോയിട്ടു ഒരക്ഷരം പോലും മിണ്ടിയില്ല. അത്രയ്ക്കു ധിക്കാരം വേണ്ടിയിരുന്നില്ല.

സുമതി ഭർത്താവിനോടു കയർത്തു. “നിങ്ങൾ എന്തൊക്കെയാണ് ഈ കാണിച്ചു കൂട്ടുന്നത്. വീട്ടിൽ വരുന്നവർക്കു അന്നദാനം നടത്തുന്നോ. കണ്ണിൽ കണ്ടവർക്കു വിളമ്പിക്കൊടുക്കാനാണൊ ഞാനിവിടെയുള്ളത്”

ഭർത്താവ് പറഞ്ഞു. “കണ്ണിൽ കണ്ടവനൊന്നുമല്ല”

“പിന്നെ?”

“അതെന്റെ സഹോദരനാണ്”

ഭർത്താവിനു ഒരു സഹോദരൻ ഉള്ളതായി സുമതിക്കു അറിയില്ലായിരുന്നു. നുണ പറയുകയാണോ? അതോ വല്ല കുടുംബരഹസ്യമോ?

“എങ്ങിനെ സഹോദരൻ? വകയിലെ എങ്ങാനുമാണോ?” സുമതി ചോദിച്ചു.

“അല്ല. ഒരമ്മ പ്രസവിച്ചവർ തന്നെ”

“അമ്മയുടെ രണ്ടാം കെട്ടിലാണോ?”

ഭർത്താവിനു ദേഷ്യം വന്നു. “എന്റെ അമ്മ ഒരുതവണയേ കെട്ടിയിട്ടുള്ളൂ”

അതുശരി. അപ്പോൾ വെറുതെയല്ല അച്ഛന്റെ ഫോട്ടോയുമായി ആഗതനു സാമ്യം തോന്നിയത്.

“നിങ്ങളുടെ ചേട്ടനാണോ” സുമതി ചോദിച്ചു.

“അല്ല”

“ഉം. അനിയൻ”

“അല്ല. ഞങ്ങൾ സമജാത ഇരട്ടകൾ ആണ്”

സുമതി അൽഭുതപ്പെട്ടു. ഇരട്ടസഹോദരനോ സഹോദരിയോ ഉണ്ടാകുന്നത് എന്തു രസകരമായിരിക്കും. “എന്താ അനിയന്റെ പേര്?”

“ശബരി”

സുമതി ചോദിച്ചു. “ഇങ്ങിനെയൊരു ഇരട്ടസഹോദരൻ ഉള്ള കാര്യം എന്താണ് വിവാഹത്തിനു മുമ്പ് പറയാതിരുന്നത്?”

“ആവശ്യമില്ലെന്നു തോന്നി”

ഈ വിഷയം സംസാരിക്കാൻ ഭർത്താവിനു താല്പര്യക്കുറവുണ്ടെന്നു മനസ്സിലായിട്ടും സുമതി വിട്ടില്ല.

“വീട്ടുകാരുമായി ശബരി വഴക്കിലായിരുന്നോ?”

ചോദിച്ചു കഴിഞ്ഞാണ് സുമതി ഓർത്തത്. എത്ര ലാഘവത്വത്തോടെയാണ് താൻ ശബരി എന്നു വിളിച്ചത്. ഒരു മണിക്കൂർ മുമ്പ് മാത്രം കണ്ടുമുട്ടിയ വ്യക്തി. ഭർത്താവിന്റെ സഹോദരൻ ആണെങ്കിൽ കൂടിയും അത്ര അടുപ്പത്തോടെ വിളിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

Read More ->  'ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ' - സുനിൽ ഉപാസനയുടെ കഥാസമാഹാരം

ഭർത്താവ് സുമതിയെ കൂർപ്പിച്ചുനോക്കി പറഞ്ഞു. “വീട്ടുകാരുമായി വഴക്കൊന്നുമില്ല”

“പിന്നെ?”

ഭർത്താവ് സുമതിയെ ചോദ്യഭാവത്തിൽ നോക്കി. സുമതി പറഞ്ഞു. “പിന്നെന്താണ് വിവാഹത്തിനു മുമ്പോ പിമ്പോ സഹോദരനെപ്പറ്റി എന്നോടു പറയാതിരുന്നത്?”

“ഞങ്ങൾ തമ്മിൽ ഒട്ടും രസത്തിലല്ല. അതുതന്നെ കാരണം” ഭർത്താവ് തുടർന്നു. “പിറന്ന നിമിഷത്തിൽ ഒഴികെ ഒരുകാലത്തും ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ച ഉണ്ടായിരുന്നിട്ടില്ല”

“അതെന്താ അങ്ങിനെ? സ്വരച്ചേർച്ച ഇല്ലായ്മക്കു എന്താണ് കാരണം?”

ഭർത്താവ് അലസോരം ഭാവിച്ചു. “അതൊക്കെ നീയെന്തിനാ അറിയുന്നത്. ഒരു കാര്യവുമില്ല”

സുമതി ചീറി. “ഇല്ലേ, ഒരു കാര്യവുമില്ലേ. എങ്ങുനിന്നോ വന്ന ഒരുത്തനു ചോറ് വിളമ്പിക്കൊടുക്കാമെങ്കിൽ അയാളെപ്പറ്റിയുള്ള വിവരങ്ങളും എനിക്കു ചോദിക്കാം. പറ്റില്ലേ?”

ഭർത്താവ് തല തിരിച്ചു. സുമതി ചോദിച്ചു. “നിങ്ങൾ തമ്മിൽ തെറ്റിയതെങ്ങിനെയെന്നു പറ”

ഭർത്താവ് വഴങ്ങി.

“ഒരു കാരണമേയുള്ളൂ. ഞാൻ എന്താണോ, അതിനു നേരെ വിപരീതമാണ് ശബരി. ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടെ എല്ലാ കാര്യത്തിലും എതിര്”

സുമതി പറഞ്ഞു. “എന്നാ ശബരിയുടെ സ്വഭാവം നല്ലതാകാനേ വഴിയുള്ളൂ. നിങ്ങളുടെ സ്വഭാവം എനിക്ക് അറിയാവുന്നതല്ലേ”

“എന്നാ നീ അവന്റെ കൂടെ പോയ്ക്കോ” ഭർത്താവ് ചൊടിച്ചു.

“എന്തേ പോയാൽ. ഒരു കുഴപ്പവുമില്ല. എന്താ ആ മുഖത്തിന്റെ ഭംഗി. എന്താ എടുപ്പും ഗമയും. ഇത്ര സുന്ദരനായ ഒരാളെ കെട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ കിട്ടിയതോ മുഖമാകെ പൊള്ളി, കത്തിക്കുത്തിന്റെ പോലെ വരകളുള്ള ഒരാളെ”

ഭർത്താവ് മുഖം തടവി. മുഖത്തെ തടിപ്പുകളിൽ വിരലുകൾ ഓടിച്ചു. ഭാര്യയുടെ മറുപടിയോ, ശബരിയെ പുകഴ്ത്തിയതോ അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചില്ല. പകരം അപാരമായ ശാന്തത അദ്ദേഹം അനുഭവിച്ചു.

ഭർത്താവ് പറഞ്ഞു.

“ഞാനും പണ്ടു ശബരിയെപ്പോലെ സുന്ദരനായിരുന്നു സുമതി. പറഞ്ഞല്ലോ, ഞങ്ങൾ സമജാത ഇരട്ടകൾ ആണെന്ന്. ഞങ്ങളെ ഒരുമിച്ചു കണ്ടാൽ തിരിച്ചറിയുക പോലും സാധ്യമല്ലായിരുന്നു. അത്ര സാമ്യം. അന്നെന്റെ മുഖത്തു കത്തിവരയോ പൊള്ളൽപാടുകളോ ഒന്നും ഉണ്ടായിരുന്നില്ല”

ഭർത്താവിന്റെ ഭാവമാറ്റം മനസ്സിലാക്കി സുമതി അടുത്തുവന്നു. ചുമലിൽ ചുംബിച്ചിട്ടു ചോദിച്ചു.

“എന്നിട്ടു എന്താണ് പറ്റിയത്? ആരാ മുഖത്തു കത്തികൊണ്ടു വരഞ്ഞത്?”

ഭർത്താവ് പറഞ്ഞു. “മറ്റാരുമല്ല, ഞാൻ തന്നെയാണ് എന്റെ മുഖം വികൃതമാക്കിയത്”

സുമതി വിശ്വസിച്ചില്ല. “നുണ പറയുന്നോ?”

“നുണയല്ല സുമതി. സത്യമാണ്, സത്യം മാത്രം. ഞാനും ശബരിയും എന്നും, എന്തിനും ഏതിനും, എതിർപക്ഷത്തായിരുന്നു. ഓർമയിൽ ഒരിടത്തും ഞങ്ങൾ ഒരുമിച്ചു നിന്നതിന്റെ രേഖാചിത്രം ഇല്ല. യെസ്, നോ എന്നീ രണ്ടു ഓപ്ഷനുകളെപ്പോലെയായിരുന്നു ഞങ്ങളുടെ സ്വഭാവം. ഒരാൾ അനുകൂലിച്ചാൽ മറ്റേയാൾ എതിർക്കും. ഒരാൾ എതിർത്താൽ മറ്റേയാൾ അനുകൂലിക്കും. അങ്ങിനെ എന്നും വിരുദ്ധധ്രുവങ്ങളിൽ നിൽക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ഉടനീളം അതു പാലിക്കുകയും ചെയ്തു”

ഒന്നു നിർത്തിയിട്ടു ഭർത്താവ് തുടർന്നു.

“പക്ഷേ ഈ തികഞ്ഞ വൈരുദ്ധ്യങ്ങൾക്കിടയിലും ഒന്നു ഞങ്ങളെ ചേർത്തു നിർത്തുണ്ടായിരുന്നു, ഞങ്ങളുടെ മുഖസാമ്യം. അത് അപാരമായിരുന്നു. അച്ഛനും അമ്മയ്ക്കും ഒഴികെ ആർക്കും ഞങ്ങളെ വേർതിരിച്ചറിയാൻ പെട്ടെന്നു കഴിഞ്ഞിരുന്നില്ല. എല്ലാത്തിലും എതിരായി നിൽക്കുമ്പോഴും മുഖം മാത്രം അനുരൂപമായിരിക്കുന്നതിൽ ശബരിയേക്കാൾ എനിക്കായിരുന്നു കടുത്ത നിരാശ. അത്തരം നിരാശയുടെ ഉത്തുംഗശൃംഗത്തിലാണ്, ഒരിക്കൽ മയക്കുമരുന്നിന്റെ ലഹരിയിൽ ഞാൻ കത്തികൊണ്ടു മുഖം വരഞ്ഞ്, തീ കൊണ്ട് പൊള്ളിച്ചത്. അങ്ങിനെ മുഖസാമ്യത്തിൽ നിന്നു മോചനം നേടി. ആയിടക്കു തന്നെ ശബരി വീട്ടിൽനിന്നു ഇറങ്ങിപ്പോവുകയും ചെയ്തു. ഇതുപോലെ ഇടയ്ക്കു കയറി വരും. ഭക്ഷണം കഴിക്കും. അച്ഛനും അമ്മയും മരിച്ചതോടെ അതും നിലച്ചു. കുറേ നാളിനു ശേഷമാണ് ഇപ്പോൾ കാണുന്നത്”

എല്ലാം കേട്ടു സുമതി അമ്പരന്നിരുന്നു. ഈ സംഭവത്തോടെയാണ് ഭർത്താവിനു ഇരട്ടകളോടു അസാമാന്യ വിരോധമുണ്ടെന്നു സുമതി മനസ്സിലാക്കുന്നത്. അർദ്ധസഹോദരനോടു പുലർത്തുന്ന കടുത്ത എതിർപ്പ് മറ്റു ഇരട്ടകൾക്കു നേരെയും ഭർത്താവിനുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു.

അർദ്ധസഹോദരന്റെ സന്ദർശനത്തിനു ശേഷമുള്ള ദിവസങ്ങൾ സുമതിക്കു പഴയതു പോലെയായിരുന്നില്ല. വീട്ടിൽ പണിയൊഴിഞ്ഞു വെറുതെയിരിക്കുമ്പോൾ സുമതി മ്ലാനവതയായി. ഭർത്താവും സഹോദരനും തമ്മിലുള്ള വിചിത്രബന്ധം സുമതിയുടെ മനസ്സിനെ ആകെ ഉലച്ചു. എന്തുമാത്രം ഉപകാരപ്രദമാകാവുന്ന സഹോദരബന്ധമാണ് വഴിതെറ്റി കിടക്കുന്നതെന്നു പരിതപിച്ചു. ഭർത്താവിനോടു നാമമാത്രമായി മാത്രം സുമതി സംസാരിച്ചു. ഭർത്താവിന്റെ മറുപടിയാകട്ടെ മൂളലുകളിൽ ഒതുങ്ങി. ഗർഭിണിയാണെന്ന വാർത്ത അറിയിച്ചപ്പോൾ, പക്ഷേ അദ്ദേഹം ആഹ്ലാദവാനായി. പക്ഷേ ഇരട്ടകൾ ആണ് ഗർഭത്തിലെന്നു ഉറപ്പായാൽ വീണ്ടും പ്രശ്നം തലപൊക്കുമെന്നു സുമതിയ്ക്കു നിശ്ചയമായിരുന്നു. ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തു.

ആയിടെയാണ് ശബരി വീണ്ടും വീട്ടിലെത്തുന്നത്. ഞായറാഴ്ച ദിവസം തന്നെ. പക്ഷേ പൂമുഖത്തു സല്ലാപത്തിനു സുമതി ഇല്ലായിരുന്നു. സ്വീകരണമുറിയിൽ ഇരുന്നു വാരിക വായിക്കുകയായിരുന്ന സുമതി ഭർത്താവിന്റെ വിളികേട്ടു പൂമുഖത്തെത്തി. ശബരി ചെരുപ്പ് ഊരി വീട്ടിലേക്കു കയറാൻ തുടങ്ങുന്നു. ഭർത്താവിന്റെ മുഖം കാര്യം പറയാതെ പറഞ്ഞു. സുമതി അടുക്കളയിൽ പോയി ഭക്ഷണം വിളമ്പിവച്ചു.

ഭക്ഷണം വിളമ്പിയിട്ടു സുമതി തിരിച്ചു സ്വീകരണമുറിയിലേക്കു പോയില്ല. ഡൈനിങ്ങ് ടേബിളിലെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു. തന്റെ സാന്നിധ്യം ശബരിയെ അലസോരപ്പെടുത്തുന്നതായി തോന്നിയെങ്കിലും സുമതി പിൻമാറിയില്ല. ശബരിയോടു സംസാരിക്കാൻ തന്നെ തീരുമാനിച്ചു. ക്ഷമാപണത്തിൽ തുടങ്ങി.

“കഴിഞ്ഞ തവണ വന്നപ്പോൾ ആളെ മനസ്സിലായില്ല”

ശബരി തല ഉയർത്തി നോക്കിയില്ല. എന്തെങ്കിലും കേട്ടതായി പോലും ഭാവിച്ചില്ല. ഭക്ഷണം കഴിക്കുന്നത് തുടർന്നു. അത്തരം ഭാവപ്രകടനം ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതിനാൽ അമ്പരക്കാതെ സുമതി സംസാരം തുടർന്നു. ഇല്ലാത്ത അടുപ്പം സംഭാഷണത്തിൽ വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.

“ഞാൻ അൽഭുതപ്പെടുകയായിരുന്നു ശബരി, എങ്ങിനെയാണ് ഇരട്ട സഹോദരന്മാർക്കിടയിൽ ഇത്രത്തോളം വെറുപ്പ് ഉയർന്നതെന്ന്. അതും സമജാത ഇരട്ടകളിൽ. ഒരേ ഗർഭപാത്രത്തിൽ നിന്നു മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചവർ. അവർ എന്നും ഐക്യപ്പെടേണ്ടവർ അല്ലേ. അച്ഛനമ്മമാരുടെ ഒരേയൊരു സന്താനമായ എനിക്കു കുട്ടിക്കാലത്തും കൗമാരത്തിലും വലിയ കൊതിയായിരുന്നു, ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകാൻ. ഇരട്ടയാണെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ. ഒരേ തൊട്ടിലിൽ മുഖത്തോടു മുഖം നോക്കി, പരസ്പരം തൊട്ടുകിടന്നു വളരുക എന്തു രസമാണ്. അത്തരക്കാരിൽ എങ്ങിനെയാണ് വിദ്വേഷം വളരുകയെന്നു എനിക്കു മനസ്സിലാകുന്നില്ല”

സഹോദരൻ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി. സുമതി മനസ്സിലെ ആശയങ്ങൾ മുഴുവൻ വലിച്ചു പുറത്തിട്ടു.

“ചിലർ അങ്ങിനെയാണ്. യോജിപ്പുകൾക്കിടയിലും വിയോജിപ്പുകൾ തിരയും. അനേകം യോജിപ്പുകൾ തങ്ങളെ മറ്റുള്ളവരുമായി ഒന്നിപ്പിക്കുന്നുവെന്നു അംഗീകരിക്കാതെ, വിയോജിപ്പുകളിലൂടെ സ്വന്തം ആസ്തിത്വം സ്ഥാപിക്കാൻ ശ്രമിക്കും. അതും യോജിപ്പുകളുടെ വലിയ മേഖലകൾ തുറന്നു കിടക്കുമ്പോൾ. ശബരി പറയൂ, എന്തിനാണ്, വിയോജിപ്പുകളുടെ പേരിൽ തമ്മിൽ തല്ലുന്നത്. ആഴത്തിൽ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സത്യത്തിൽ യോജിപ്പും വിയോജിപ്പും എന്നു പറയുന്നത് വെറും വ്യാഖ്യാനപ്രശ്നം മാത്രമല്ലേ? അവ പരസ്പരപൂരകവും അല്ലേ? വിയോജിപ്പുകൾ മാത്രമായാൽ എങ്ങിനെ ‘വിയോജിപ്പുകൾ’ തിരിച്ചറിയാനാകും? യോജിപ്പുകൾ മാത്രമാണെങ്കിൽ എങ്ങിനെ ‘യോജിപ്പുകൾ’ തിരിച്ചറിയാനാകും? അതുകൊണ്ട് യോജിപ്പുകൾ ഉള്ളിടത്തേ വിയോജിപ്പുകളും ഉള്ളൂ. അവ പരസ്പരപൂരകങ്ങളാണ്. അല്ലാതെ ശത്രുതാപരമായി എതിർത്തു നിൽക്കേണ്ടവയല്ല. യോജിപ്പുകളാണ് വിയോജിപ്പുകൾക്കു അടിസ്ഥാനം. വിയോജിപ്പുകളാണ് യോജിപ്പുകളെ നിർവചിക്കുന്നത്. അത്യന്തികമായി നോക്കിയാൽ, വിയോജിപ്പ് – യോജിപ്പ് എന്നിവയുടെ ആധാരം ‘ഒന്ന്’ തന്നെയാണ്. നിങ്ങൾ രണ്ടുപേർക്കും പുറമേനിന്നു ലഭിക്കുന്നത് ഈ ‘ഒന്ന്’ ആണ്. വ്യക്തിയുടെ മനസ്സിലെ അജ്ഞതയാണ് ഈ ‘ഒന്നിൽ’ നിന്നു യോജിപ്പും വിയോജിപ്പും നിർമിക്കുന്നത്. അതാകട്ടെ വേണമെന്നു കരുതിയാൽ പരിഹരിക്കാവുന്ന ഒരു കാര്യമാണ്… വാസ്തവത്തിൽ നിങ്ങൾ തമ്മിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല”

Read More ->  മോക്ഷം നേടുന്ന ബലികാക്കകൾ

സുമതി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ശബരി ഞെട്ടി തലയുയർത്തി സുമതിയെ കൂർപ്പിച്ചു നോക്കി. പ്ലേറ്റിൽ അവശേഷിച്ച ചോറുവറ്റുകൾ വടിച്ചുനക്കി ശബരി എഴുന്നേറ്റു. കൈ കഴുകി. ടവ്വലുമായി സുമതി പിന്നാലെ ചെന്നെങ്കിലും അതു കൊടുക്കേണ്ടി വന്നില്ല. ശബരി പെട്ടെന്നു ഇറങ്ങിപ്പോയി. താൻ പറഞ്ഞതൊന്നും ഇഷ്ടമായിട്ടുണ്ടാകില്ലെന്നു സുമതി ഊഹിച്ചു.

സുമതി പൂമുഖത്തേക്കു ചെന്നു. ഭർത്താവ് കസേരയിൽ കിടന്നു മയങ്ങുകയാണ്. അർദ്ധ സഹോദരൻ പോയതൊന്നും അറിഞ്ഞിട്ടില്ല. സുമതി തട്ടി വിളിച്ചു.

“ശബരി പോയി”

ഭർത്താവ് പറഞ്ഞു. “ഞാൻ കണ്ടു”

“അപ്പോൾ മയങ്ങുകയല്ലായിരുന്നോ?”

“അല്ല. അവൻ വരുന്ന കാലടി ശബ്ദം കേട്ടു കണ്ണടച്ചതാണ്. നേരിൽ കാണണ്ടായെന്നു കരുതി”

സുമതിക്കു ദേഷ്യം വന്നു. ഭർത്താവ് തുടർന്നു.

“അവനെന്തു പറ്റിയെന്നു അറിയില്ല. ഇറങ്ങിപ്പോയപ്പോൾ ഞാൻ കണ്ണടച്ചു കിടക്കുന്നതു കണ്ടു അഞ്ചുനിമിഷം എന്റെ മുഖത്തു നോക്കിനിന്നു. എന്റെ സിഗററ്റ് കൂടിൽനിന്നു രണ്ടുമൂന്നു സിഗററ്റെടുത്തു പോക്കറ്റിൽ തിരുകുകയും ചെയ്തു. കണ്ണിമ ലേശം തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടതാണിത്. അവന്റെ പെരുമാറ്റം വ്യത്യാസപ്പെട്ടതായി എനിക്കു തോന്നി. സാധാരണ ഞങ്ങൾ മുഖത്തോടു മുഖം നോക്കാറില്ല. കൂടാതെ മറ്റേ ആളുടെ വസ്തുവകകളിൽ തൊടുക പോലും ചെയ്യില്ല”

സുമതി ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. ശബരി ദേഷ്യപ്പെട്ടല്ല ഇറങ്ങിപ്പോയത്. ഇനിയും വരുമായിരിക്കും.

ഭർത്താവിനോടു പറയണോ വേണ്ടയോ എന്നു സംശയിച്ചു സുമതി സൂചിപ്പിച്ചു.

“ഞാൻ ശബരിയോടു കുറച്ചു കാര്യങ്ങൾ സംസാരിച്ചു”

ഭർത്താവ് ഞെട്ടി. “ങ്ഹേ! അവൻ പെട്ടെന്നു ദേഷ്യപ്പെടുന്ന തരക്കാരനാണ്. നീ എന്താണ് പറഞ്ഞത്?”

“നിങ്ങൾ തമ്മിൽ സത്യത്തിൽ യാതൊരു വിയോജിപ്പും ഇല്ലെന്നാണ് ഞാൻ പറഞ്ഞത്”

ഭർത്താവ് പൊട്ടിച്ചിരിച്ചു.

“ഹഹഹ. ശബരിയുടെ കൂടെ പത്തിരുപത് കൊല്ലം ഒന്നിച്ചു താമസിച്ച എനിക്കാണോ, അതോ രണ്ടാമതു മാത്രം കാണുന്ന നിനക്കാണോ ഇക്കാര്യത്തിൽ നിശ്ചയം”

സുമതി പറഞ്ഞു. “എനിക്കു തന്നെയാണ് നിശ്ചയം. കാരണം യോജിപ്പ്, വിയോജിപ്പ് എന്നീ സംജ്ഞകൾ യഥാർത്ഥ്യത്തിൽ ഇല്ലാത്തതാണെന്നു നിങ്ങൾക്കറിയില്ല”

ഭർത്താവ് നെറ്റിചുളിച്ചു. “എന്നുവച്ചാൽ?”

“നിങ്ങളും സഹോദരനും എല്ലാ കാര്യങ്ങളിലും വിഭിന്ന ധ്രുവങ്ങളിലാണെന്ന് നിങ്ങൾ പറയുന്നു. എന്നുവച്ചാൽ എല്ലാത്തിലും യോജിപ്പ് ഇല്ലാതെ വിയോജിക്കുന്നവരാണ് എന്ന്”

“അതെ. അതാണ് ശരി”

“അല്ല, അതു ശരിയല്ല. ശരീര ബാഹ്യമായി ലഭിക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾ വിയോജിക്കുന്നത്. അവയാണ് നിങ്ങൾ രണ്ടുപേരിലും വിയോജിപ്പ് ഉണ്ടാക്കുന്നത്. ആ പൊതുവായ ഇൻപുട്ട് ഇല്ലാതെ ശരീരത്തിനു സ്വന്തമായി തീരുമാനങ്ങൾ എടുക്കാനാകില്ല. ചുരുക്കത്തിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന അഭിപ്രായവ്യത്യാസം ഉണ്ടാക്കുന്നത്, നിങ്ങളിൽ ഉണ്ടെന്നു കരുതുന്ന പരസ്പര വിയോജിപ്പിനേക്കാൾ ഉപരി, നിങ്ങളുടെ ശരീരത്തിനും ചിന്തക്കും പുറത്ത്, നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യവസ്തുക്കളാണ്. മനസ്സിലെ ചെറിയ അജ്ഞതയെ ഇല്ലാതാക്കിയാൽ, വിയോജിപ്പും യോജിപ്പും സ്വന്തമായ നിലനിൽപ്പുള്ള സംഗതിയല്ലെന്നു ബോധ്യമാകും”

ഇത്രനാൾ കണ്ടിട്ടില്ലാത്ത ഭാര്യയുടെ ഭാവം കണ്ടു ഭർത്താവ് മുന്നോട്ടാഞ്ഞു വിളിച്ചു. “സുമതീ….”

ഭർത്താവിന്റെ ഭാവമാറ്റം കാര്യമാക്കാതെ സുമതി തുടർന്നു. “നിങ്ങൾ രണ്ടുപേരിലും പരിഹരിക്കാനാകാത്ത വൈരാഗ്യവും വിയോജിപ്പും ഇല്ലേയില്ല. അതു മനസ്സിലാക്കാതെ പരസ്പരവിദ്വേഷം പുലർത്തുന്ന നിങ്ങൾ വിണ്ഢികളാണ്”

എല്ലാം പറഞ്ഞു തീർത്തു സുമതി അകത്തേക്കു പോയി. കിടക്കയിൽ വീണു തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ഭർത്താവ് എഴുന്നേറ്റു ചെന്നില്ല. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം കസേരയിൽ തന്നെ ഇരുന്ന് ചിന്തിച്ചു.

രാത്രി. പുറത്തു മഴ പെയ്യുന്നു. വീട്ടിൽ ശ്മശാന മൂകത. ഭക്ഷണം കഴിച്ചപ്പോഴും ടെലിവിഷൻ കാണ്ടപ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ല. ഉറങ്ങാൻ കഴിയാതെ ഇരുവരും കിടക്കയിൽ മേൽക്കൂര നോക്കിക്കിടന്നു. കുറേ സമയത്തിനുശേഷം സാവധാനം ഉറക്കത്തിലേക്കു വഴുതി. പാതിരയോടു അടുത്തു സുമതി വീണ്ടും സ്വപ്നം കണ്ടു. വിടർന്നു നിൽക്കുന്ന ഒരു ചുവന്ന ഇരട്ടച്ചെമ്പരത്തി. സ്വപ്നത്തിൽ ആരോ അതിനെ പൊട്ടിച്ചു ഞെരിച്ചു കളയുന്നു. ഒരു അലർച്ചയോടെ സുമതി ഞെട്ടിയുണർന്നു.

ഭർത്താവ് കൂജയിൽനിന്നു തണുത്ത വെള്ളമെടുത്തു കൊടുത്തു.

“എന്തു പറ്റി സുമതി. പറയൂ”

സുമതി അവശയായി കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വപ്നത്തിന്റെ പിടിയിൽനിന്നു മോചനം ലഭിച്ചപ്പോൾ മടിയോടെ കാര്യം പറഞ്ഞു.

“ഞാൻ ആ സ്വപ്നം കണ്ടു…. ഇരട്ട ചെമ്പരത്തിയെ വീണ്ടും സ്വപ്നത്തിൽ കണ്ടു. അതിനെ ആരോ ഞെരിച്ചു കളയുന്നു”

ഭർത്താവ് ചിന്താകുലനായി. അദ്ദേഹം ഒരു സിഗററ്റിനു തീ കൊളുത്തി ഏറെ നേരം കിടക്കയിൽ നെറ്റി തിരുമ്മി ആലോചിച്ചിരുന്നു. സുമതി ഒന്നും മിണ്ടാതെ ഭർത്താവിനെ ഉറ്റുനോക്കി. ഒടുക്കം കത്തി തീരാറായ സിഗററ്റ് ആഷ്ട്രേയിൽ കുത്തിക്കെടുത്തി ഭർത്താവ് ചോദിച്ചു.

“നിനക്കുറപ്പാണോ നമുക്കു പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികൾ ആണെന്ന്”

സുമതി അതെയെന്നു തലയനക്കി. ഭർത്താവിന്റെ മുഖത്തു ക്രൗര്യം വ്യാപിക്കുന്നുണ്ടോയെന്നു നോക്കി. സുമതിയെ അമ്പരപ്പിച്ചുകൊണ്ടു ഭർത്താവ് മന്ദഹസിക്കുകയാണ് ചെയ്തത്. അദ്ദേഹം സുമതിയുടെ തല മുഖത്തോടു അടുപ്പിച്ചു നെറ്റിയിൽ ചുംബിച്ചു.

“ഭയക്കേണ്ട. നമുക്കു ഇരട്ടച്ചെമ്പരത്തികൾ തന്നെ പിറക്കട്ടെ”

ആലിംഗനത്തിൽ അമർന്നു ഇരുവരും വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറക്കത്തിൽ സുമതി വീണ്ടും ഇരട്ടച്ചെമ്പരത്തിയെ സ്വപ്നം കണ്ടു. ആരും പറിച്ചുകളയാതെ പുഞ്ചിരിച്ചു നിൽക്കുന്ന ഇരട്ടച്ചെമ്പരത്തി. സുമതി ഉറക്കത്തിൽനിന്നു ഞെട്ടി എഴുന്നേറ്റില്ല. പകരം ചുണ്ടിൽ മൃദുമന്ദഹാസം വിരിഞ്ഞു. അതേറെ നേരം നീണ്ടുനിന്നു.

Featured Image credit: – commons.wikimedia.org


22 Replies to “ഇരട്ട ചെമ്പരത്തി”

  1. നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ കരുതുന്ന വിയോജിപ്പിന്റെ അടിസ്ഥാനം, നിങ്ങളോ നിങ്ങളുടെ ചിന്തകളോ അല്ല, മറിച്ച് ബാഹ്യവസ്തുക്കളാണ്. ശരീര ബാഹ്യമായി ലഭിക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾ വിയോജിക്കുന്നത്. അവയാണ് നിങ്ങൾ രണ്ടുപേരിലും വിയോജിപ്പ് ഉണ്ടാക്കുന്നത്. ശരീരത്തിനുള്ളിലുള്ളവക്കു സ്വന്തമായി തീരുമാനങ്ങൾ എടുക്കാനാകില്ല. കാരണം ഇൻപുട്ടിന്റെ അഭാവം തന്നെ. ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ പ്രകടിപ്പിക്കുന്ന അഭിപ്രായവ്യത്യാസം നിങ്ങളിൽ ഉണ്ടാക്കുന്നത്, നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ കരുതുന്ന പരസ്പപര വിയോജിപ്പോ വൈര്യമോ അല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിനും ചിന്തക്കും പുറത്തുള്ള, നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യവസ്തുക്കളാണ്. വിയോജിപ്പെന്നോ യോജിപ്പെന്നോ പറയപ്പെടുന്ന, സ്വന്തമായി നിലനിൽപ്പുള്ള ഒരു സംഗതിയേ ഇല്ല

    And then came another revealation to me, from far away, over the metal cables and I realised instantly that, here is a Woman Prophet!

  2. എനിക്ക് ഇഷ്ടാ ഇരട്ടകുട്ടികളെ.. വീട്ടിൽ അമ്മ ഇരട്ട പഴം തരിലലയിരുന്നു.. ഇരട്ടകുട്ടികൾ ഉണ്ടാവും ന്ന് പറഞ്ഞ് 🙁

    സുനിലിന്റെ കഥകളിൽ ഏറ്റവും ചെറുത് ഇതാവും ല്ലേ.. വന്നു കേറുന്ന പെണ്ണിനു പിരിക്കാൻ മാത്രമല്ല കൂട്ടാനും കഴിയും 🙂

  3. നല്ല കഥ
    നല്ല ഭാര്യ
    നല്ല തത്വം

    നല്ല ചിന്തകള്‍
    (തത്വങ്ങളെ സന്നിവേശിപ്പിച്ചപ്പോള്‍ കഥയുടെ ചാരുത അല്പം നഷ്ടപ്പെട്ടോ എന്നൊരു തോന്നല്‍)
    ഫേസ് ബുക്കിലെ ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കട്ടെ!
    സ്വാതന്ത്ര്യമെടുക്കുന്നു.

  4. സമജാത ഇരട്ടകൾ, വിയോജിപ്പും യോജിപ്പും വിശദീകരിച്ച് കൊണ്ടുള്ള സംഭാഷണം ഇവയൊക്കെ കുറച്ച് unreal ആയി എനിക്ക് തോന്നി. എന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ എനിക്കറിയില്ല.

    Great story despite that.

  5. മനശാസ്ത്ര പരമായി തന്നെ വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ഈ ആഖ്യായന രീതി വളരെ താല്പര്യ പൂര്‍വ്വം ആണ് വായിച്ചത് . ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ബാക്കി വയ്ക്കുന്ന ഒരു കലാകാരന്‍ . എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

  6. അജിത്തെട്ടന്‍ ഗ്രൂപ്പില്‍ കൊടുത്ത ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. വന്നപ്പോള്‍ വളരെ നല്ല ഒരു കഥ കേള്‍ക്കാന്‍ കഴിഞ്ഞു. നല്ല ആഖ്യാനം, നല്ല കഥാതന്തൂ. നന്നായി ഇഷ്ടപ്പെട്ടു.

  7. പുതുമയുള്ള വിഷയം, നല്ല ആഖ്യ്യാനരീതി, ആകർഷകമായ അവതരണം. അഭിനന്ദനങ്ങൾ.

  8. കഥ നന്നായി. സാധാരണ കഥകളില്‍ നിന്നും വ്യത്യസ്തയായ ഭാര്യ…

    🙂

  9. താല്പര്യ പൂർവ്വം വായിച്ചു – നല്ല തത്വം – കഥയില നിന്ന് ത്ത്വത്തിലേക്ക് മാറുന്ന ഒരു അനുഭവം ഇടക്കുണ്ട് . പറയട്ടെ , നിർവ്വാണ മുന്നിട്ടു നിൽക്കുന്നു. നന്ദി.

  10. കഥ മനോഹരമായിരിക്കുന്നു, പക്ഷെ ഇ പറയുന്നത് ഒഴിവാക്കാമായിരുന്നു..

    “ഭർത്താവ് ചിന്താകുലനായി. അദ്ദേഹം ഒരു സിഗററ്റിനു തീ കൊളുത്തി ഏറെ നേരം കിടക്കയിൽ നെറ്റി തിരുമ്മി ആലോചിച്ചിരുന്നു. സുമതി ഒന്നും മിണ്ടാതെ ഭർത്താവിനെ നോക്കി. ഒടുക്കം കത്തി തീരാറായ സിഗററ്റ് ആഷ്ട്രേയിൽ കുത്തിക്കെടുത്തി ഭർത്താവ് ചോദിച്ചു.”

    വീടിനുള്ളിൽ വെച്ച് അതും ഗർഭിണിയായ ഭാര്യയുടെ അരികത്തു ഇരുന്നു പുക വലിക്കെണ്ടായിരുന്നു…. അത് കുഞ്ഞിനല്ലേ സുനിലേ ദോഷം …… 🙂

  11. പുതുമയുള്ള കഥ.ഏറെ ഇഷ്ടമായി.എഴുത്തിന്റെ രീതി മാറി വരുന്നുണ്ടല്ലോ.പൊതുവെ ഏറെ descriptive ആണ് നിന്റെ കഥകൾ .ഇത് വ്യത്യസ്തം ആണ് ആ രീതിയിൽ.ഒരു വാക്ക് പോലും അധികമായി ഇല്ല.അത്ര നല്ല ഒതുക്കം ഉള്ള കഥ..

  12. കഥയിലെ spirituality വായനയുടെ ഇഫെക്റ്റ് ആണോ മാഷേ? വളരെ ഗ്രിപ്പിങ്ങ് ആണു ..Loved it ..സഹോദരനോടുള്ള ഉപദേശം ഇത്തിരി ബോറടിച്ചു..

അഭിപ്രായം എഴുതുക