സുശ്രുതപൈതൃകം – 1

പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴാണ് റേഞ്ചർ പിള്ളയെ കാണാൻ പേങ്ങൻ എത്തിയത്. വന്നപാടെ അദ്ദേഹം ഒന്നും പറയാതെ തിണ്ണയിൽ ഇരുന്നു കിതച്ചു. പേങ്ങന്റെ മനസ്സിൽ അന്തഃക്ഷോഭങ്ങളുടെ അലകടൽ ഉണ്ടെന്നു മനസ്സിലാക്കിയ പിള്ള, അതിന്റെ കാരണം അന്വേഷിക്കുന്നതിനു ആദ്യപടിയായി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി.

“ആക്രാഷ്… പ്ഫ്തൂം”

തോര്‍ത്തു കൊണ്ടു ചുണ്ടുതുടച്ച ശേഷം പിള്ള അന്വേഷിച്ചു. “എന്താ പേങ്ങ്യാ വല്ലാണ്ടിരിക്കണെ?”

പേങ്ങന്‍ ഗദ്ഗദനായി. “അവൻ…. അവൻ എന്റട്ത്ത്ന്ന് കാശ് ചോദിച്ചു”

“ആര്?”

“ഭാസ്കരേട്ടന്റെ മോൻ ദിനേശ്…”

“അതുപിന്നെ കാശുവാങ്ങ്യാ തിരിച്ച് കൊടുക്കണ്ടേ”

പിള്ളക്കു കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരുന്നില്ല. പേങ്ങൻ വിവരിച്ചു.

“ദിനേശ് എസ്എൻഡിപി സെന്ററീ ക്ലിനിക് തൊടങ്ങ്യ കാര്യം അറിയാലോ”

“ആങ് പ്രസന്നൻ പറഞ്ഞു. കാലുവേദനക്ക് മരുന്നു ചോദിച്ച് ചെന്നപ്പോ ദിനേശ് കാലുമുറിച്ചു കളയാൻ പറഞ്ഞൂന്ന്”

പിള്ളയുടെ നര്‍മ്മം പേങ്ങൻ ആസ്വദിച്ചില്ല.

“ഞാനിന്നലെ ഇവടെ കെളച്ചപ്പോ കാലുമുറിഞ്ഞത്, ഒന്നു വച്ചുകെട്ടാൻ ക്ലിനിക്കീ പോയി. ഒര് അഞ്ചുമിനിറ്റ് നേരത്തെ പണീണ്ടായിരുന്നു. മുളകുപൊടി പോലത്തെ എന്തോവച്ച് പൊതിഞ്ഞു കെട്ടി. എല്ലാം കഴിഞ്ഞ് ഞാൻ എറങ്ങിപ്പോരാന്‍ നേരം ദിനേശേ… ദിനേശ് കാശ് ചോദിക്കണ്”

“അതുപിന്നെ ചികിത്സിച്ചാ കാശ് കൊടുക്കണ്ടേ പേങ്ങാ”

“പിള്ളേച്ചൻ അങ്ങനെ പറേര്ത്“ പേങ്ങൻ ഒന്നുതേങ്ങി രണ്ടുകൈയും മുന്നോട്ടു നീട്ടി. “ദിനേശിനെ ഞാനെന്റെ ഈ കയ്യിലിട്ടാ വളർത്ത്യേ. എന്റെ സുരേന്ദ്രൻ വലിയ വായീ കരഞ്ഞാപോലും ഞാൻ ദിനേശന്യീ എടുക്കൊള്ളായിരുന്ന്. ആ അവന്‍ എന്നോട് കാശുചോദിച്ചു!”

വിഷമം നിയന്ത്രിക്കാനാകാതെ പേങ്ങൻ കരഞ്ഞു. പേങ്ങന്റെ ഭാവമാറ്റം പിള്ളയേയും വിഷമിപ്പിച്ചു. ആറേക്കർ തെങ്ങിൻ‌തോപ്പും കവുങ്ങുകളും നോക്കിനടത്തുന്ന ആളാണ്. ഒരു മച്ചിങ്ങ കൊഴിഞ്ഞാൽ പിള്ളയേക്കാളും അങ്കലാപ്പ് പേങ്ങനാണ്. ഇരുപത്തഞ്ച് കൊല്ലമായുള്ള അടുപ്പം. ഇങ്ങനെയുള്ള ആളെ അപമാനിക്കുകയോ?

പിള്ള കസേരയിൽനിന്നു എടുപിടീന്നനെ എഴുന്നേറ്റു. ഒറ്റക്കുതിപ്പിനു ചുമരിൽ തൂക്കിയിരുന്ന ഇരട്ടക്കുഴൽ തോക്കെടുത്തു. വീടിനുള്ളിൽ കയറി ഒരുപിടി വെടിയുണ്ടകൾ വാരി പോക്കറ്റിലിട്ടു. പൂമുഖത്തുവന്നു പിള്ള അലറി.

“വാ പേങ്ങാ. ദിനേശിനെ ഞാനിന്ന് കാച്ചും”

കാര്യങ്ങൾ അത്രയും പോകുമെന്നു പേങ്ങൻ കരുതിയിരുന്നില്ല. “അയ്യോ വേണ്ട. ദിനേശ് കൊച്ചല്ലേ”

“കൊച്ചോ? കൊച്ചന്മാര് ഇങ്ങന്യാ ചെയ്യാ. മുതിർന്നവരോടു യാതൊരു ബഹുമാനല്യാതെ”

മുറ്റത്തെ ഒട്ടുമാവ് വരെ കുതിച്ച പിള്ളയെ പേങ്ങൻ ഓര്‍മിപ്പിച്ചു. “പിള്ളേച്ചൻ പോവരുത്. ഭാസ്കരേട്ടന്റെ കയ്യീ മെഷീൻഗണ്ണ്‌ണ്ട്. ഒര് മിനിറ്റ്ല് പത്തമ്പത് തവണ വെടിവക്കാൻ പറ്റണ സാധനം. അതെങ്ങാനും പൊട്ടിച്ചാ മേല് അരിപ്പ മാതിര്യാവും”

മെഷീൻഗൺ എന്നു കേട്ടപാതി പിള്ളയുടെ അടിവയറ്റിൽ നിന്നു ഒരാന്തൽ പൊങ്ങി. അദ്ദേഹം മുന്നോട്ടു കുതിക്കുന്നത് നിര്‍ത്ത, വെട്ടിത്തിരിഞ്ഞു ചാരുകസേരയിൽ തന്നെ വന്നിരുന്നു. പിള്ളയുടെ ഭാവമാറ്റം പേങ്ങനെ അല്‍ഭുതപ്പെടുത്തി.

“എന്താ പിള്ളേച്ചൻ. പോണില്ലേ?”

തോര്‍ത്തുകൊണ്ടു മേലാകെ അഞ്ചാറുതവണ വീശി പിള്ള പറഞ്ഞു. “അവന്‍ കൊച്ചല്ലേ പേങ്ങാ”

പേങ്ങൻ നിർത്താതെ പൊട്ടിച്ചിരിച്ചു. പിള്ള കൂടെ ചിരിച്ചു. പേങ്ങനില്‍‌നിന്നു എന്തു മറച്ചു പിടിക്കാൻ.

കക്കാടും ഇന്ത്യൻ ആർമിയും തമ്മിലുള്ള ബന്ധം എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരമാണ് കൊടുമ്പിള്ളി ഭാസ്‌കരൻ. നാട്ടുകാർക്കു അദ്ദേഹം ഭാസ്കരേട്ടൻ ആണ്. ദേശത്തെ ആദ്യത്തെ മിലിട്ടറിക്കാരൻ. അദ്ദേഹം സർവ്വീസ് കാലത്തു വെറുതെ തോക്കും പിടിച്ചു നടക്കുകയായിരുന്നില്ല. പതിനഞ്ചു വർഷത്തെ സേവനത്തിനൊടുവിൽ, 1976-ൽ വിരമിക്കുമ്പോൾ ഇന്ത്യൻ ആർമിയുടെ പ്രധാനപ്പെട്ട രണ്ട് യുദ്ധങ്ങളിലും അദ്ദേഹം ഭാഗഭാക്കായിരുന്നു. അറുപത്തിയൊന്നിലെ ഇന്ത്യാ – ചീന യുദ്ധം. എഴുപത്തിയൊന്നിലെ ഇന്ത്യാ – പാക്ക് യുദ്ധം. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞു രണ്ടുവർഷത്തിനുശേഷം, ഇനി അടുത്ത കാലത്തൊന്നും യുദ്ധമുണ്ടാകില്ലെന്നു തോന്നിയതിനാൽ, അദ്ദേഹം പിരിഞ്ഞു പോന്നു. കക്കാടിൽ തിരിച്ചെത്തി.

ആർമിയിൽ സേവനമനുഷ്‌ഠിക്കുന്ന കാലം മുതലേ ഭാസ്കരേട്ടന്റെ മനസ്സിൽ രണ്ടു സ്വപ്‌നങ്ങളുണ്ടായിരുന്നു. ബംഗ്ലാദേശ് രൂപീകരണമായിരുന്നു ഒന്ന്. എഴുപത്തിയൊന്നിലെ യുദ്ധത്തിൽ സക്രിയമായി പങ്കെടുത്തു അതു സാധിച്ചെടുത്തു. ഒന്നാമത്തെ ആഗ്രഹം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഇളയമകൻ ദിനേശിനെ കിടയറ്റ ഒരു ഡോക്ടറാക്കുകയെന്ന രണ്ടാമത്തെ ആഗ്രഹം പിതൃധർമ്മത്തെ ആധാരമാക്കിയാണ്. ആ ലക്ഷ്യത്തിലേക്കു മകനെ നയിക്കാൻ ഭാസ്കരേട്ടൻ കാര്യങ്ങൾ വേണ്ടരീതിയിൽ നീക്കി. ആർമിക്കാരെ പോലെ, ഡോക്‍ടറുടേയും ജീവിതവിജയത്തിന്റെ അടിസ്ഥാനം അച്ചടക്കമാണെന്നു അദ്ദേഹം വിശ്വസിച്ചു. മകനു ആര്‍മി രീതിയിൽ കടുത്ത പരിശീലനം കൊടുത്തു വളർത്തി. ദിവസവും തീരദേശം റോഡിലൂടെ അഞ്ചു കിലോമീറ്റർ ഓട്ടം. പനമ്പിള്ളിക്കടവ് അങ്ങോട്ടുമിങ്ങോട്ടും കുറുകെ നീന്തൽ. കർക്കശമായ ഡയറ്റ്. അങ്ങിനെ ദിനേശ് വളർന്നു. വളർന്നു വലുതായി. അച്ഛന്റെ അഗ്രഹംപോലെ സ്തുതർഹ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽനിന്നു എം.ബി.ബി.എസ് എടുത്ത്, കക്കാടിലെ ആദ്യത്തെ സുശ്രുതൻ എന്ന ഖ്യാതി നേടി.

പഠനം പൂർത്തിയാക്കി കക്കാടിൽ തിരിച്ചെത്തിയ ഡോക്ടർ കുറച്ചുനാൾ വിശ്രമം എടുത്തു. അക്കാലയളവിൽ, മെഡിക്കൽ പഠനകാലം തന്നിൽ‌നിന്നു കവർന്നെടുത്ത നാട്ടുസ്വഭാവങ്ങൾ തിരിച്ചുപിടിക്കാൻ ഡോൿടർ ശ്രമിച്ചു. രാവിലെ ഇയ്യാത്തുംകടവിൽ ചൂണ്ടയിടൽ. പുഴമീൻ പാകം‌ ചെയ്തു വിഭവസ‌മൃദ്ധമായ ഉച്ചയൂണ്. വീടിനു പിറകിലെ കവുങ്ങിൻ‌തോപ്പിൽ കക്കാടിലെ പൊടിപിള്ളേരുടെ കൂടെ ക്രിക്കറ്റുകളി. വൈകുന്നേരം എസ്‌എന്‍‌ഡിപി സെന്ററിൽ സുബ്രണ്ണനും കുട്ടപ്പൻചേട്ടനും അടക്കമുള്ള, കക്കാടിലെ മുതിർന്നവരുമായി ചീട്ടുകളി. രാത്രിയിൽ സുഹൃത്ത് അപ്പുമാഷിന്റെ വീട്ടുമുറ്റത്തു ട്യൂബ്‌ലൈറ്റ് വെളിച്ചത്തിൽ പൊരിഞ്ഞ ഷട്ടിൽ ബാഡ്‌മിന്റൺ കളി. ഇവയൊക്കെയാണ് തിരിച്ചുപിടിച്ച ഇനങ്ങളിൽ പ്രധാനം. മൊത്തത്തിൽ ആർമാദ കാലം.

എസ്‌എൻ‌ഡിപി സെന്ററിൽ, പണ്ട് കൊരട്ടി ജെ‌ടി‌എസിൽ അധ്യാപകനായിരുന്ന വിജയൻമാസ്റ്ററുടെ കൊച്ചുപുര മിനുക്കിപ്പണിതു, ദിനേശിനു ക്ലിനിക് ഇട്ടുകൊടുക്കാൻ ഭാസ്‌കരേട്ടനോടു പറയുന്നതു മെമ്പർ മോഹനനാണ്. ചെറുവാളൂരിലെ നെല്ലിശ്ശേരിയുടെ ക്ലിനിക്കിനോടു കിടപിടിക്കാൻ കക്കാടിൽ ആരുമില്ലാത്തത് മെമ്പറുടെ സ്വകാര്യദുഃഖമായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമാണ് ഒരു ആതുരാലയം. ആദ്യം പ്രായോഗികമല്ലെന്നു ചിന്തിച്ചെങ്കിലും, പിന്നീടു ഭാസ്‌കരേട്ടൻ അയഞ്ഞു. ചിതൽ കയറിത്തുടങ്ങിയിരുന്ന ജനൽപലകയിൽ വാർണീഷ് അടിച്ചു മിനുക്കി. പുതിയ മേശയും കസേരയും വാങ്ങി. പുതിയ ഓടു വിരിച്ചു. കടയുടെ നെറുകയിൽ ബോര്‍ഡ് വച്ചു.‘സുശ്രുതപൈതൃകം മെഡിക്കൽ ക്ലിനിക്. ഡോക്ടർ: ദിനേശ്‌ എം.ബി.ബി.എസ് ’. കക്കാടിലെ ആദ്യത്തെ ആതുരാലയം അങ്ങിനെ സ്ഥാപിതമായി.

ക്ലിനിക് തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ ദിനേശ് ഡോൿടറുടെ ചികിൽസ ജനശ്രദ്ധ ആകർഷിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചു കക്കാട് തേമാലിപ്പറമ്പിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്കു ജനം ഒഴുകി. ചികിത്സയിൽ ഏവർക്കും തൃപ്തിയായിരുന്നു. മെഡിക്കൽ ക്യാമ്പിനുവന്ന അവിവാഹിതകളായ യുവതികൾ ‘ദിനേശേട്ടൻ ഒന്നു തൊട്ടപ്പോഴേക്കും അസുഖം മാറി‘ എന്നു സാക്ഷ്യവും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ ജനസമ്മതി പിടിച്ചാൽ കിട്ടാത്തത്ര ഉയർന്നു. അന്നൊരിക്കലാണ് മര്യാദാമുക്കിന്റെ കാവൽ‌ക്കാരനും, കടുത്ത ആയുർ‌വേദ ഫാനുമായ മച്ചിങ്ങൽ ഭാസ്കരൻനായർ തന്റെ ആരോഗ്യപ്രശ്നം ദിനേശ് ഡോക്ടർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

എഴുപതു വര്‍ഷത്തോളം നീണ്ട ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ഇംഗ്ലീഷ് ഡോൿടര്‍മാരുടെ ചികിത്സ സ്വീകരിച്ചിട്ടുള്ള ഭാസ്കരൻനായർ നാട്ടിലൊരു സംഭവമാണ്. കടുത്ത ആയുർവേദ ഫാൻ. കൊല്ലത്തിലൊരിക്കൽ ഉഴിച്ചിലും കിഴിയും. കർക്കടകത്തിൽ കർക്കടക കഞ്ഞി. തേച്ചു കുളിക്കാൻ കൊട്ടൻചുക്കാദി. രാത്രി ഉറക്കത്തിനുമുമ്പ് ഏതെങ്കിലും ലേഹ്യം. വിട്ടുവീഴ്ചയില്ലാത്ത സസ്യാഹാരി. ചായയും കാപ്പിയും കഴിക്കില്ല. ചുക്കുവെള്ളമേ കുടിക്കൂ. ലഹരിയായി വെറ്റില മുറുക്കുന്ന ശീലമുണ്ട്. അതു മാത്രം ഒഴിവാക്കാനാകില്ല. നിരന്തരമായ ആയുർവേദ സമ്പർക്കം നിമിത്തം ഇദ്ദേഹത്തിനു ആയുർവേദ ചികിൽസയും അല്പസ്വല്പം അറിയാം. നാട്ടുകാരിൽ ചിലർക്കു ചികിൽസ വിധിക്കാറുമുണ്ട്.

സമയം സന്ധ്യ. ഭാസ്കരൻനായർ വീട്ടുമുറ്റത്തു വളർന്നുനിൽക്കുന്ന പുൽനാമ്പുകൾ പറിച്ചു കളയുകയായിരുന്നു. കുന്തിച്ചിരുന്നു നടുവേദനിച്ചപ്പോൾ അദ്ദേഹം ഒന്നു നിവർന്നു നിന്നു. ഡോക്‌ടറെ കാണുന്നത് അപ്പോൾ തന്നെ. പട്ടാളച്ചിട്ടയിൽ അണുവിട തെറ്റാതെ ഒറ്റലൈനിലുള്ള നടത്തം. തന്നെ കുറച്ചു നാളുകളായി അലട്ടുന്ന കാലുവേദനയ്ക്കു പരിഹാരം ചോദിച്ചാലോ എന്ന ചിന്ത ഭാസ്കരൻനായരുടെ തലയിൽ മിന്നി. അലോപ്പതിയാണെങ്കിലും വെറുതെ കിട്ടുന്ന ചികിൽസ വിട്ടുകളയണ്ട.

അദ്ദേഹം വിളിച്ചു. “ദിനേശേ… ഒന്ന് നിന്നേ”

അല്പം കൂന് ഉള്ള ഭാസ്കരൻനായർ ഡോക്ടറുടെ അടുത്തേക്കു മുടന്തിമുടന്തി ഓടിയെത്തി. ഡോക്ടറുടെ തോളിൽതട്ടി ഉറച്ച ശരീരമല്ലേ എന്നു പരിശോധിച്ചു. പിന്നെ സാധിക്കാനുള്ള കാര്യമോർത്തു നമ്പറിട്ടു.

‘അച്ഛനെപ്പോലെ നല്ല തണ്ടും തടീമായല്ലോ”

ദിനേശ്‌ ഡോക്ടർ ഒന്നുകൂടി ഗംഭീരഭാവം കൊണ്ടു. ഭാസ്കരൻനായർ കാര്യം അവതരിപ്പിക്കാൻ തയ്യാറെടുത്തു.ഇപ്പോൾ കരയും എന്ന മട്ടിൽ മുഖത്തു ദയനീയഭാവം വരുത്തി.

“ദിനേശേ എന്റെ കാലിനൊരു പ്രോബ്ലം…”

പ്രശ്നങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു അറിയാവുന്നതിനാൽ ഡോക്ടർ തുടക്കത്തിലേ നിരുൽസാഹപ്പെടുത്തി. “അത് തെങ്ങിന്റെ ആര് എങ്ങാനും കേറ്യതാവൊള്ളൂ അങ്കിളേ”

വെറുതെ എന്തിനാ വയ്യാവേലി വലിച്ചു കഴുത്തിലിടുന്നതെന്നു ചിന്തിച്ചു, എന്തെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞു മുങ്ങാൻ ശ്രമിക്കവെയാണ്, സംഭവങ്ങൾ വീക്ഷിച്ചു തൊട്ടപ്പുറത്തെ വളപ്പിൽ രണ്ടു പെൺകുട്ടികൾ നില്‍ക്കുന്നത് യുവഡോക്ടർ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ചികിത്സിക്കാൻ തീരുമാനമെടുത്തു. ഞെരമ്പ് തടിച്ചുവീര്‍ത്ത കാലിൽ ഞെക്കി ഭാസ്കരൻനായർ സങ്കടം ഉണര്‍ത്തിച്ചു.

“എന്റെ രണ്ട് കാലിനും എടക്കെടക്ക് ഭയങ്കര വേദന. പോരാഞ്ഞ് ഈ ഞെരമ്പൊക്കെ വീര്‍ത്ത് വരേം ചെയ്യണ്”

ഡോക്ടർ ബാഗിൽനിന്നു സ്തെതസ്കോപ്പ് എടുത്ത്, ഭാസ്കരൻനായരുടെ കാലിൽവച്ചു പരിശോധിച്ചു. ഒപ്പം ഗോപ്യമായി പെൺകുട്ടികളെ ഒളികണ്ണിട്ടു നോക്കി. തന്റെ ചികിത്സ പെണ്‍‌കുട്ടികൾ സാകൂതം നോക്കുന്നുണ്ട്. അതോടെ ഡോക്ടറുടെ ആവേശം ഇരട്ടിച്ചു. കാലിലെ ഞെരമ്പിൽ ഞെക്കി ഭാസ്കരൻനായരോടു വേദനയുണ്ടോയെന്നു ചോദിച്ചു. വേദനയുണ്ടെന്നു മറുപടി കിട്ടി. അടുത്തതായി മുട്ടുചിരട്ടയിൽ തട്ടി വേദനയുണ്ടോന്നു ചോദിച്ചു. ഇല്ലെന്നു മറുപടി കിട്ടിയപ്പോൾ കുറച്ചുകൂടി ശക്തിയായി കിഴുക്കി. അപ്പോഴും വേദനയില്ലെന്നു കേട്ടപ്പോൾ ഡോൿടർ കൈമുഷ്‌ടി ചുരുട്ടി ആഞ്ഞിടിക്കാൻ തയ്യാറെടുത്തു. ഭാസ്‌കരൻനായർ ഉടൻ ഡോക്ടറുടെ രണ്ടു കൈത്തലവും കൂട്ടിപ്പിടിച്ചു വിലക്കി.

“അയ്യോ… വേദനേണ്ട് ദിനേശെ. ഭയങ്കര വേദനേണ്”

പരിശോധന കഴിഞ്ഞു. ഡോക്ടർ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗൗരവത്തിൽ തലയാട്ടി എഴുന്നേറ്റു.

“സ്തെതസ്കോപ്പ് വച്ചട്ട് സൌണ്ടൊന്നും കേട്ടില്ല അങ്കിളേ”

“ഓ. ആ കൊഴല് കേടായിരിക്കും ദിനേശെ”

“ഹേയ്. ഇന്ന് ഉച്ചക്കും കൂടി ഞാൻ പത്തുമുപ്പതാളെ ചികിത്സിച്ചതല്ലേ”

“അത്യാ. അപ്പോ എന്താ പ്രോബ്ലം”

ഭാസ്കരൻ‌നായർ സംശയിച്ചു നിൽക്കെ ഡോക്ടർ നമ്പറിട്ടു.

“എനിക്ക് തോന്നണത്… എനിക്ക് തോന്നണത് അങ്കിളിന്റെ ഹൃദയമിടിപ്പ് നിന്നൂന്നാണ്”

നിഷ്കളങ്കനായ ഭാസ്കരൻനായര്‍ക്കു അപായസൂചന തോന്നി. “അതോണ്ട് എന്തേലും കൊഴപ്പണ്ടാ ദിനേശേ”

ഡോക്ടർ കാര്യം തുറന്നു പറയാൻ മടിച്ചു. വേലിയിൽ പടര്‍ന്ന മുല്ലവള്ളിയിൽ പിടുത്തമിട്ടു പാളി നോക്കി. പെണ്‍കുട്ടികൾ അപ്പുറത്തില്ല. അവർ സ്ഥലം വിട്ടിരിക്കുന്നു. ചികിത്സയിലുള്ള താല്പര്യം പെട്ടെന്നു തീർന്നു. ഡോക്ടർ ഭാസ്കരൻനായരോടു തുറന്നടിച്ചു.

“എന്ന്വച്ചാ അങ്കിളിന്റെ ജീവൻ എപ്പ വേണങ്കിലും അപകടത്തിലാവാന്ന്. വേഗം ആശൂത്രീ പൊക്കോ“

ഭാസ്കരൻനായർ നെഞ്ചിൽ ഊക്കിലൊരു ഇടി പാസാക്കി. അനിയൻ മിന്നുനായരെ വിളിച്ചു. “മിന്ന്വോ പ്രകാശനെ വിളിച്ചേടാ. ആശൂത്രീ പോണം”

ദിനേശ്ഡോക്ടർ ഒന്നു സംഭവിക്കാത്ത മട്ടിൽ നടന്നുപോയി. അംബി വൈദ്യൻ സ്ഥലത്തുണ്ടാകില്ലെന്നു അറിയാവുന്നതിനാൽ ഭാസ്കരൻനായർ നെല്ലിശ്ശേരിയുടെ ക്ലിനിക്കിൽ എത്തി. നെല്ലിശ്ശേരി ഡോക്ടർ ഹൃദയമിടിപ്പിനു കുഴപ്പമില്ലെന്നും പ്രഷർ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഒന്നുരണ്ടു ഗുളികകളും കൊടുത്തു വിട്ടു.

(തുടരും…)Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

5 replies

 1. എന്റെ വിസ്മയം ഈ കഥാപാത്രങ്ങളൊക്കെ എവിടുന്നു വരുന്നു എന്നാണ്. ഇവരൊക്കെ അവിടുള്ളവരാണോ അതോ ഭാവനയോ?

  Like

 2. എല്ലാവരും നാട്ടുകാർ തന്നെ എതിരണ്ണാ….
  ചിലപ്പോൾ യഥാർത്ഥസംഭവങ്ങളിൽ ഊന്നിയും ചിലപ്പോൾ ഭാവനയെ കൂട്ടുപിടിച്ചും എഴുതും.
  🙂

  ഉപാസന

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: