ഖാലി – 2

കൊരട്ടിയിലെ സെന്റ്‌മേരീസ് (കൊരട്ടിമുത്തി) ദേവാലയം, റോമൻ കത്തോലിക്കരുടെ കേരളത്തിലെ തന്നെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. ‘കൊരട്ടിപ്പള്ളി’ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എല്ലാകൊല്ലവും ഒക്‌ടോബർ മാസത്തിലാണ് പള്ളിപ്പെരുന്നാൾ ആഘോഷിക്കുക. പതിനഞ്ചുദിവസം നീണ്ടുനിൽക്കും. വിശ്വാസികൾ പൂവൻകുല നേർച്ചയും, മുട്ടുകുത്തി ആൾത്താര വരെ ‘നീന്തലും’ നടത്തും. എട്ടാമിടം ദിവസം ഗംഭീര കരിമരുന്നുപ്രയോഗവും പള്ളിപ്രദക്ഷിണവും ഉണ്ടാകും. ഇതരമതവിശ്വാസികളുടെ ഗണ്യമായ പങ്കാളിത്തം കൊരട്ടിപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്.

പെരുന്നാൾ കൊടിയേറുന്നതോടെ കൊരട്ടിയിലേക്കു വിശ്വാസികൾക്കൊപ്പം, കച്ചവടക്കാരും ഒഴുകും. റെയിൽവേക്രോസ് മുതൽ ലിറ്റിൽഫ്ലവർ സ്കൂളിന്റെ പടിവരെ അവർ താവളമടിക്കും. പള്ളിക്കമ്മറ്റി ഓരോ കച്ചവടപ്പാർട്ടിക്കും സ്ഥലം അളന്നു കൊടുത്തിട്ടുണ്ടാകും. കരിമ്പ് മുതൽ വിമാനം വരെ കടകളിൽ കിട്ടും. കാഴ്‌ചബംഗ്ലാവ്, മരണക്കിണർ, യന്ത്രഊഞ്ഞാൽ, സർക്കസ് എന്നിങ്ങനെ ആകർഷകഇനങ്ങൾ വേറെയും. മാതാ തിയേറ്ററിൽ മാറ്റിനിക്കിടുന്ന നീലപ്പടമാണ് മറ്റൊരു സൂപ്പർഹിറ്റ്.

അന്തപ്പേട്ടന്‍ കടുത്ത വിശ്വാസിയാണ്. പള്ളിപ്പെരുന്നാൾ തുടങ്ങിയാൽ എല്ലാദിവസവും കുർബാന കൂടാൻപോകും. പതിനഞ്ചുദിവസവും മുട്ടുകുത്തി നീന്തും. പൂവൻകുല വഴിപാട് കഴിക്കും. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കും. സത്യത്തിൽ എട്ടാമിടം ദിവസം പള്ളിപ്രദക്ഷിണം നടക്കുമ്പോൾ മുത്തുക്കുട പിടിക്കാൻവരെ അദ്ദേഹം ഉണ്ടാകേണ്ടതാണ്. പക്ഷേ മൂന്നുവർഷം മുമ്പ് കുടപിടിക്കുമ്പോൾ അന്തപ്പേട്ടൻ ഒന്നു വീണു. കുടയുടെ ഭാരം കാരണമാണ് വീണതെന്നു അന്തപ്പേട്ടനും, അങ്ങിനല്ലാ അന്തപ്പേട്ടനു സന്ധ്യാസമയത്തു സ്വാഭാവികമായുള്ള ബാലൻസില്ലായ്മ മൂലമാണ് വീണതെന്നു കക്കാടുകാരും പറഞ്ഞു. കാരണമെന്തായാലും ശരി, അതിനുശേഷം മുത്തുക്കുട പിടിക്കുന്നത് പള്ളിയിലെ അമ്പ് പെരുന്നാളിലേക്കു അദ്ദേഹം മാറ്റി. അപ്പോൾ വീഴാതിരിക്കാൻ അന്തപ്പേട്ടൻ മുത്തുക്കുടയെ കെട്ടിപ്പിടിച്ചു.

അക്കൊല്ലവും എട്ടാമിടം ദിവസം ഉച്ചക്കു പോത്തെറച്ചിയും ബിരിയാണിയും കഴിച്ച്, ഒന്നു മയങ്ങി എഴുന്നേറ്റു, അന്തപ്പേട്ടൻ പള്ളിയിൽ പോകാനിറങ്ങി. അയല്‍‌വാസിയും ആത്മസ്നേഹിതനുമായ തെക്കൂട്ട്ആനന്ദനാണ് കൂട്ട്. ‘അനിയൻ ബാവ, ചേട്ടൻ ബാവ’രീതിയിൽ ഇവർ രണ്ടുപേരും ഒരുമിച്ചേ എവിടേയും പോകൂ. എവിടേയും എത്തൂ. കല്യാണം, നിശ്ചയം, വീടുതാമസം, മനസ്സമ്മതം തുടങ്ങിയ ആഘോഷങ്ങളുടെ തലേദിവസം രാത്രി പ്രത്യേകിച്ചും. സാവധാനം നടന്നുവന്ന് ആതിഥേയ ഭവനത്തിന്റെ പ്രവേശനകവാടത്തിൽ എത്തിയാൽ ഇരുവരും ഉടൻ സഡൻബ്രേക്കിടും. പിന്നെ ഒരടി മുന്നോട്ടു വയ്ക്കണമെങ്കിൽ, ആരെങ്കിലും കൈ പൊക്കിയോ കണ്ണുകാണിച്ചോ ‘ഡയറക്ഷന്‍’ പറഞ്ഞുകൊടുക്കണം. അതിനായി ചേട്ടൻബാവ ഇടതുവശത്തേക്കും അനിയൻബാവ വലതുവശത്തേക്കും തലവെട്ടിക്കും. സഹായി ബാവമാർ എവിടേയുമുള്ളതിനാൽ ശരിയായ നിർദ്ദേശം നൊടിയിടയിൽ ലഭിക്കും.

പുതുശ്ശേരി പ്രകാശന്റെ ഓട്ടോവിളിച്ചു രണ്ടുപേരും പുറപ്പെട്ടു. പോത്തെറച്ചിയുടെ വികൃതിയിൽ അന്തപ്പേട്ടൻ ഒരു എക്കിളിട്ടു.

“എങ്ങനീണ്ട് പ്രകാശാ ഓട്ടം. പെരുന്നാള് കാരണം ഇമ്മിണി കാശ് കിട്ടീണ്ടാവണല്ലാ”

പ്രകാശൻ കൈമലർത്തി. “എവടന്ന്. കേറണോരൊക്കെ ഇമ്മിണി ലോഡാ. മുഴുവൻ പൈസ കിട്ട്യാലായി. പരിചയക്കാരെങ്ങാൻ കേറ്യാ കരിമ്പ് വാങ്ങിത്തരാ പ്രകാശാ, ഈന്തപ്പഴം പോരേ പ്രകാശാ നിനക്ക്., ഇമ്മാതിരി അവിഞ്ഞ ഡയലോഗ്. വൈന്നേരം വീട്ടിലെത്തുമ്പോ ഓട്ടോ നെറയെ കരിമ്പും ഹൽവേമാണ്. അതൊക്കെ തിന്ന് വട്യാവാറായി”

ആനന്ദൻ പറഞ്ഞു. “അതു മുഴ്വോൻ തിന്ന് വയറ് കേടാക്കണ്ട. കൊറച്ച് വീട്ടിലേക്ക് കൊടുത്തുവിട്”

അന്തപ്പേട്ടനും അനുകൂലിച്ചു. ആളുകളെ കുത്തിനിറച്ച ഒരു ജീപ്പ് ഓട്ടോയെ കടന്നുപോയി. പ്രകാശൻ പിന്നിലേക്കുനോക്കി പറഞ്ഞു.

“പോണ പോക്ക് കണ്ടാ. നമ്മടെ മുരളി മാഷ്‌ടെ ജീപ്പാ. ഏതുനേരോം അങ്ങടും ഇങ്ങടും ഷട്ടിലടിക്കാണ്. ഈ ജീപ്പ് കാരണം ബസുകാർക്കു നഷ്ടാ. ഓട്ടോക്കാര്ടെ കാര്യം പറയാനൂല്യാ”

അഞ്ചുമിനിറ്റിനുള്ളിൽ പള്ളിയിലെത്തി. പുളിച്ചോട് സ്റ്റോപ്പിൽ രണ്ടാളേയും ഇറക്കി പ്രകാശൻ യാത്രപറഞ്ഞു. ഇരുവരും അരമണിക്കൂർ പള്ളിഅങ്കണത്തിലും റോസറി വില്ലേജിലും ചുറ്റിനടന്നു. കണ്ടു മടുത്തപ്പോൾ റോഡിലേക്കിറങ്ങി. ഇരുവശത്തുമുള്ള കടകളിൽ ഹൽവ, പൊരി, ഈന്തപ്പഴം, ചോളപ്പൊരി എന്നിവ നിരത്തി വച്ചിരിക്കുന്നു. പച്ച കുത്തുന്നയിടത്തു എത്തിയപ്പോൾ മുത്തിയുടെ പടം വലതുകൈത്തണ്ടയിൽ കുത്തണമെന്നു അന്തപ്പേട്ടൻ ആഗ്രഹിച്ചു. എന്നാൽ എയി‌ഡ്‌സ് വന്നേക്കാമെന്നു ആനന്ദൻ സൂചിപ്പിച്ചപ്പോൾ പിന്തിരിഞ്ഞു. ഇരുവരും വിനോദഇനങ്ങൾ നടക്കുന്ന ഇടത്തേക്കു ചെന്നു. മരണക്കിണർ, യന്ത്രഊഞ്ഞാൽ തുടങ്ങിയ പതിവ് ഇനങ്ങൾക്കൊപ്പം അക്കൊല്ലം ‘വഞ്ചി’ എന്ന പുതിയഇനവും ഉണ്ടായിരുന്നു. രണ്ട് ഉരുക്കുതൂണുകളിൽ നല്ലവീതിയും ആവശ്യത്തിനു നീളവുമുള്ള വഞ്ചി ഉറപ്പിച്ചിരിക്കുന്നു. അതിനുള്ളിൽ സീറ്റുകളും പിടിച്ചിരിക്കാൻ കമ്പിയുമുണ്ട്. കയറാൻ തറനിരപ്പിൽനിന്നു ചെറിയ കോണിയും. ആളുകൾ കയറിയാൽ ഊഞ്ഞാലുപോലെ വഞ്ചി മുന്നോട്ടും പിന്നോട്ടും വന്യമായി ആട്ടും. വളരെ ഉയരത്തിലാണ് ആട്ടമെന്നതിനാൽ അപാരധൈര്യശാലികൾക്കു മാത്രമേ കയറാൻ തോന്നൂ. വഞ്ചി മുകളിൽനിന്നു താഴോട്ടു വരുമ്പോൾ, വഞ്ചിയിലിരിക്കുന്നവരുടെ അടിവയറ്റിൽനിന്നു ഒരു ആന്തൽ ഉയരുക പതിവാണ്. ചിലർ നിലവിളിച്ചു പോകും.

വഞ്ചിയിൽ അടുത്ത ഷിഫ്റ്റിനു ഇരുന്നിരുന്ന ഒരാൾ കരച്ചിലിന്റെ ടോണിൽ പറഞ്ഞു.

“അന്തപ്പേട്ടാ… ഞാൻ ഇതുമ്മെ കേറീണ്ട്ന്ന് വീട്ടീപ്പറേണം”

അന്തപ്പേട്ടൻ നോക്കി. വഞ്ചിയിൽ കൊച്ചപ്പൻ ജൂനിയർ. പുള്ളി ഭയങ്കര ധൈര്യശാലിയാണ്. പേടി കാണിക്കുന്നതൊക്കെ നമ്പറാണ്.

കൊച്ചപ്പൻ ക്ഷണിച്ചു. “അന്തപ്പേട്ടാ, വാ കേറ്. പേടിക്കാനൊന്നൂല്യാന്ന്”

“പേട്യല്ലെടാ. വഞ്ച്യല്ലേ?”

“അതിന്”

“അത് മോളീന്ന് താഴേക്കുവരണത് കാണുമ്പോത്തന്നെ വയറ്റില് ഉരുണ്ടുകയറ്റം പതിവാ. അപ്പോപ്പിന്നെ കേറ്യാലത്തെ കാര്യോ!”

“ഉരുണ്ടുകേറണത് ഗ്യാസായിരിക്കൊള്ളൂ”

“ഗ്യാസോ” അന്തപ്പേട്ടൻ സംശയിച്ചു. “എന്നാലും…”

ബിനു ധൈര്യപ്പെടുത്തി. “ഒരു കമ്പനിക്ക് കേറ്യാ മതീന്ന്. ഞാല്യെ കൂടെ!”

അന്തപ്പേട്ടന്റെ മനമിളകി. “ആനന്ദാ ഒന്നു കേറ്യാലോ”

“എനിക്കു പറ്റില്ല. തല കറങ്ങും”

തലകറക്കമോ! ആന്തപ്പേട്ടനു പേടിച്ചു. “തലകറങ്ങോടാ. ആനന്ദൻ അങ്ങനെ പറേണ്”

“പുള്ളി വെടി പറേണതാ. ഇത് വെറും ഊഞ്ഞാലാടണ പോല്യാ. അന്തപ്പേട്ടൻ കേറ്”

പിന്നെ സംശയിച്ചില്ല. കയറി. വഞ്ചിയുടെ ഏറ്റവും അറ്റത്തിരുന്നു. പിന്നീടു വഞ്ചി ഓരോതവണ പിന്നോട്ടു, മുകളിലേക്കു പോയി താഴേക്കു കുതിക്കുമ്പോഴും വഞ്ചിയിൽനിന്നു ‘അയ്യോ. അയ്യോ.’ നിലവിളി മുഴങ്ങി. പരസ്പരം കെട്ടിപ്പിടിച്ചു നിന്ന കൊച്ചപ്പനാണൊ പറോക്കാരനാണോ കൂടുതൽ ഒച്ചയിട്ടതെന്ന കാര്യത്തിൽ കാണികൾക്കു തീർപ്പിലെത്താനായില്ല. മൂന്നുമിനിറ്റു നേരത്തെ നിലവിളിയ്ക്കൊടുവിൽ വഞ്ചി നിന്നു. ഗുഡ്‌സ് ട്രെയിനിൽനിന്നു എല്ലുപൊടി ചാക്ക് ഇറക്കുന്നപോലെ രണ്ടുപേരും വഞ്ചിയിൽനിന്നു ‘ഇറങ്ങി’.

ആനന്ദനൊപ്പം നടക്കുമ്പോൾ പറഞ്ഞു. “എന്തൂട്ടാ അവന്റൊരു തൊള്ള. വല്യ ധൈര്യം കാണിക്കൂന്നൊള്ളൂ. പേടിത്തൊണ്ടനാ”

അന്തപ്പേട്ടൻ നന്നായി വിയർത്തിരുന്നു.

“ആനന്ദാ നമക്ക് രണ്ട് ഐസ്ക്രീം കഴിക്കാം. മേലൊന്ന് തണുക്കട്ടെ”

“എന്തിനാ വെറുതെ കാശുകളയണേ”

“അതിനാര് കാശുകൊടുക്കുന്നു. അത് നമ്മടെ പിള്ളേര് നടത്തണതല്ലേ”

“ആര്?”

“സണ്ണിക്കുട്ടീടേം ജയിംസിന്റേം പിള്ളേര് സ്കൂൾഗേറ്റിനടുത്തു ഐസ്ക്രീംപാർലർ ഇട്ടിട്ടുണ്ട്. ഞാനിന്നലെ പോയിരുന്നു. അഞ്ചുപത്തു ഐസ്ക്രീമും കഴിച്ചുകാണും. പിള്ളേർക്കു സന്തോഷായി”

ഇരുവരും ഐസ്ക്രീംപാർലറിലേക്കു നടന്നു. ആ സമയം പാർലറിലേക്കു ഒരു ഫോൺകാൾ വന്നു.

“ജിനീഷേ ഓടിക്കോ. അന്തപ്പേട്ടൻ വരണ്‌ണ്ട്”

താമസിയാതെ പാർലറിൽനിന്നു രണ്ടുപേർ റയിൽവേസ്റ്റേഷൻ ഭാഗത്തേക്കു അതിവേഗത്തിൽ ഓടിപ്പോയി. പാർലറിലെത്തിയ അന്തപ്പേട്ടൻ പരിചിതമുഖങ്ങളെ കാണാതെ സംശയിച്ചു നിന്നു. ഒരുവനോടു ചോദിച്ചു.

“ജിനീഷ് എന്തേടാ?”

“അവനെ കാത്താണ് ഞങ്ങളും നിക്കണെ”

“എന്നാപ്പിന്നെ വേഗം വരാമ്പറ”

“ഫോൺ എടുക്കണില്ല. അങ്ങട് പോയി കാണേണ്ടി വരൂന്ന് തോന്നണ്”

ആന്തപ്പേട്ടൻ അനുകൂലിച്ചു. “എന്നാ നിങ്ങ പോയി വാ. കട ഞാൻ നോക്കിക്കോളാം”

പയ്യൻ അതു കേട്ടതായി ഭാവിക്കാതെ പരിവേദനം പറഞ്ഞു.

“അങ്കിളിനറിയോ ഇന്നലെ ഇവടന്ന് മുന്നൂറ് രൂപേടെ ഐസ്ക്രീം മിസായി. ഒന്നുകിൽ അതവൻ കഴിച്ചു. അല്ലെങ്കിൽ അതിന്റെ കാശുമുക്കി”

അന്തപ്പേട്ടൻ ഞെട്ടി. ഐസ്ക്രീം മിസായതു എങ്ങിനെയെന്നു മനസ്സിലായി. സംഭവം ലഘൂകരിക്കാൻ ശ്രമിച്ചു.

“അങ്ങനെ ഒറപ്പ് പറയാൻ പറ്റോ. ചെലപ്പോ അവന്റെ പരിചയക്കാര് ആരെങ്കിലും വന്നപ്പോ മൂന്നോ നാലോ ഐസ്ക്രീം കഴിച്ചുകാണും. അതിപ്പോ ഇത്ര വല്യ പ്രശ്നാക്കാന്‌ണ്ടാ?”

“ഇതേ ഞങ്ങടെ പള്ളീലെ പെരുന്നാളാ. ഈ റോട്ടീക്കോടെ പോണോരൊക്കെ ഞങ്ങടെ പരിചയക്കാരുമാണ്. എന്ന്വച്ച് ഇവർക്കൊക്കെ ഐസ്ക്രീം കൊടുക്കാൻ പറ്റ്വോ?”

“എന്താ പറ്റാണ്ട്. അതൊരു സേവനായിട്ട് കരുത്യാ പോരേ. നീ ചെല അമ്പലങ്ങളീ കണ്ടട്ടില്ലേ. ഉൽസവദിവസം സൗജന്യ ചുക്കുവെള്ളവിതരണം, അല്ലെങ്കീ സംഭാരവിതരണം എന്നൊക്കെ. അതുപോലെ നമ്മള് പള്ളിപ്പെരുന്നാളിനു സൗജന്യ ഐസ്ക്രീം വിതരണം നടത്തണൂന്ന് വിചാരിച്ചാ മതി”

“എന്നാൽ സൗജന്യ ഐസ്ക്രീം വിതരണഫണ്ടിലേക്കു അങ്കിൾ ഒരായിരം രൂപ സംഭാവന തരിക”

ആ ടേണിങ് പ്രതീക്ഷിച്ചതായിരുന്നില്ല. അന്തപ്പേട്ടൻ ഉരുണ്ടു. “എന്റെ എല്ലാവിധ ആശംസകളും നിങ്ങൾക്ക്ണ്ട്”

പയ്യൻ ചീറി. “ആശംസ ഫ്രിഡ്ജിൽ വച്ചാൽ ഐസ്ക്രീം ആവോ?”

അന്തപ്പേട്ടൻ ഉപദേശം നിർത്തി. പിള്ളർക്കു മുതിർന്നവരോടു ബഹുമാനമില്ല, ചീത്തയായിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിൽ പറഞ്ഞു, നടന്നു നീങ്ങി.

കവലയിലെത്തിയപ്പോൾ മാത തീയേറ്ററിൽ കളിക്കുന്ന കമ്പിപ്പടത്തിന്റെ പോസ്റ്റർ എവിടേയും നിറഞ്ഞു നിൽക്കുന്നു. ‘The Other Women’. ആ വഴി പോകുന്ന സ്ത്രീകൾ ‘ഓഹ് ജീസസ്’ എന്നു വിലപിച്ചു കണ്ണുപൊത്തി നടന്നുപോയി. പൊത്തിയില്ലെങ്കിൽ കുറച്ചിലല്ലേ എന്നുകരുതി, ഒരു വിടവ് ഇട്ടു അന്തപ്പേട്ടനും ‘കണ്ണുപൊത്തി’. ആനന്ദൻ അങ്ങോട്ടു നോക്കിയതേയില്ല. അദ്ദേഹം വൈരാഗിയാണ്. കൂടാതെ, തലേന്നു മാറ്റിനി കാണുകയും ചെയ്തിരുന്നു. കൈലിമുണ്ട് ക്രമാതീരം മടക്കിക്കുത്തി, ഈർക്കിളി പോലുള്ള കാലുകൾ പ്രദർശിപ്പിച്ചു, സിനിമക്കു പോകുന്ന ചെറുപയ്യനെ അദ്ദേഹം പ്രാകി.

“മൊട്ടേന്ന് വിരിയണേനു മുമ്പ് ഇതിനൊക്കെ എറങ്ങിയോടാ”

പയ്യൻ കേട്ടതു ഇഷ്ടമാകാതെ തിരിഞ്ഞുനിന്നു. അന്തപ്പേട്ടൻ തിരുത്തി. “ആനന്ദാ അത് നമ്മടെ തങ്കപ്പൻപിള്ളേടെ മോനാണ്. അങ്ങന്യൊന്നും പറഞ്ഞുകൂടാ. അവന്യൊക്കെ തൊഴണം”

പിള്ളേരോടു മുട്ടി തോൽക്കുന്നത് മോശമല്ലേ. അതും ഇമ്മാതിരി വിഷയങ്ങളിൽ, ഇത്രയും ആളുകൾ ചുറ്റിലുമുള്ളപ്പോൾ. ആനന്ദൻ പയ്യനോടു പറഞ്ഞു. “ഞാനൊന്നും പറഞ്ഞില്ല. നീ വേഗം വിട്ടോ. ഇല്ലെങ്കീ ഇപ്പോ ഹൗസ്‌ഫുള്ളാകും”

പയ്യൻ വാച്ചിൽ സമയംനോക്കി ഓടി. രണ്ടുപേരും നടന്നു കപ്പേളക്കു അടുത്തെത്തി. അവിടെ കുർബാനക്കുള്ളതിലും കൂടുതൽ ആളുകൾ സന്നിഹിതരായിരുന്നു. കൊരട്ടി ജിംനേഷ്യം എല്ലാകൊല്ലവും പള്ളിപ്പെരുന്നാളിനു അനുബന്ധിച്ചു നടത്താറുള്ള ശരീരസൗന്ദര്യ മൽസരത്തിന്റെ തിരക്ക്. ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന ഷാജുവിനു ആളെ മനസ്സിലായി.

“അന്തപ്പേട്ടാ കേറി വാ. നല്ല കിണ്ണൻ ബോഡിഷോ മൽസരല്ലേ?”

അന്തപ്പേട്ടൻ പട്ടാളക്കാരെപ്പോലെ പുശ്ചിച്ചു ചിരിച്ചു. “ഹഹഹ. എടാ നീ ഞങ്ങടെ വിജയനെ കണ്ടണ്ടാ?”

കുഴുപ്പിള്ളി രാഘവന്റെയും ഭവാനിയമ്മയുടേയും രണ്ടാമത്തെ മകനായ വിജയനാണ് കക്കാടിലെ ആദ്യത്തെ കട്ട. ഇദ്ദേഹം അർണോൾഡ് ഷ്വാർഗനൈസർ ജനുസ്സാണ്. പക്ഷേ ജിമ്മിലൊന്നും പോയിട്ടില്ല. പാടത്തും പറമ്പിലും പണിയെടുത്തു കാതൽവന്ന ബോഡി. ശരീരസൗന്ദര്യത്തിൽ ബിനുവൊക്കെ ബ്രോയിലർ കോഴിയാണെങ്കിൽ വിജയൻ നല്ല ഉശിരുള്ള നാടൻഇനമാണ്. മുട്ടി നിൽക്കാൻ പറ്റില്ല. ചോരക്കളി ഹരമാക്കിയ വർഗ്ഗം. ഷർട്ടൂരി, അരക്കെട്ട് കഷ്ടിച്ചു മറക്കുന്ന കീറത്തോർത്ത് മാത്രമുടുത്തു പാടം ഉഴുമ്പോൾ, മറ്റു കണ്ടങ്ങളിൽ ഞാറുനടുന്ന പണിക്കാരികൾ, ടില്ലറിന്റെ വിറയലിനൊപ്പം തുടിക്കുന്ന മസിലുകളിൽ നോക്കി, മിനിറ്റിൽ രണ്ടുതവണയെങ്കിലും വിജയനെ കടാക്ഷിക്കും. ടില്ലറിന്റെ നാവിൽ കുടുങ്ങിക്കിടക്കുന്ന ഉണങ്ങിയ ഞാറിൻകടകളും വള്ളികളും പറിച്ചുകളയാൻ അവർ തമ്മിൽ മൽസരമാണ്. ചിലർ താക്കീത് കൊടുക്കും. ‘വിജയാ വള്ളി കുടുങ്ങ്യാ പറേണട്ടാ’ എന്ന്.

ഷാജു ആളെ അറിയില്ലെന്നു തലയനക്കി. അന്തപ്പേട്ടൻ തുടർന്നു. “അപ്പോ അതിന്റെ കൊഴപ്പാ. നീ നാളെ കൊളത്തായിപ്പാടത്ത് വാ. അവടെ ടില്ലറടിക്കണ ഒരാളെ കാട്ടിത്തരാം. എന്നട്ട് പറ എന്തൂട്ടാ ബോഡീന്ന്”

ആനന്ദൻ പ്രേരിപ്പിച്ചു. “അന്തപ്പേട്ടാ നമക്കൊന്ന് കേറാം. വിജയനെ വെല്ലുന്നവരുണ്ടോന്ന് അറിയാലോ”

അന്തപ്പേട്ടൻ താല്പര്യം കാണിച്ചില്ല. അപ്പോൾ ഷാജു അപ്രതീക്ഷവാർത്ത അറിയിച്ചു. “മൽസരത്തിനു ബിനൂം ഉണ്ട്”

അന്തപ്പേട്ടൻ അൽഭുതപ്പെട്ടു. ഷാജുവിനെ തിരുത്തി. “ആര് എന്റെ കൊച്ചനോ! ഹഹഹഹ… എടാ എന്നോടു പറയാണ്ട് അവനൊന്നിനും എറങ്ങിപ്പൊറപ്പെടില്ലാ. അറിയോ…”

ഷാജു മനസ്സില്ലാമനസ്സോടെ പറഞ്ഞു. “ബിനു ആറേഴ് മാസായി ജിമ്മിൽ വരാറ്ണ്ട്. പേടിച്ചട്ട് പറയാത്തതായിരിക്കും”

അന്തപ്പേട്ടന്റെ മുഖം മങ്ങി. എവിടേയോ സ്പെല്ലിങ് മിസ്ടേക്ക് ചുവച്ചു. കുറച്ചെങ്കിലും സത്യമില്ലാതെ ആറുമാസത്തെ കാലയളവ് ആരും പറയില്ല. ബിനുവിന്റെ ശരീരത്തിനുള്ള ഉണർവ്വ് ജിമ്മിലെ സന്ദർശനം മൂലമാണോ, അതോ കവുങ്ങിൻതടിയിൽ തൂങ്ങിയതിന്റേയോ? കുറേനാൾ മുമ്പ് ജിമ്മിൽപോകാൻ അനുവാദം ചോദിച്ച കാര്യമോർത്തു. ബിനു തന്നോടു നുണ പറഞ്ഞോ? അന്തപ്പേട്ടൻ മ്ലാനവദനായി. ടിക്കറ്റ് വാങ്ങാൻ വന്നവർ തിരക്കുകൂട്ടിയപ്പോൾ കൗണ്ടറിനടുത്തുനിന്നു മാറിനിന്നു. തിരക്കൊഴിഞ്ഞപ്പോൾ ഷാജുവിനെ കണ്ടതുമില്ല. ഒടുക്കം മൽസരം കാണാൻ തീരുമാനിച്ചു. രണ്ടുപാക്കറ്റ് ചോളപ്പൊരി വാങ്ങിക്കൊറിച്ച് ഹാളിലെത്തി. മുൻവശത്തേക്കു ഉന്തിത്തള്ളി കയറി. ഇരിക്കാൻ സീറ്റില്ലാത്തതിനാൽ നിന്നു. സാധാരണ നർമ്മരസം വിളയാടാറുള്ള അന്തപ്പേട്ടന്റെ മുഖത്തു ഗൗരവം പരന്നിരുന്നു. ഹാളിൽ അറിയിപ്പ് മുഴങ്ങി.

“പ്രിയസുഹൃത്തുക്കളേ, കൊരട്ടി ജിംനേഷ്യം എല്ലാകൊല്ലവും പള്ളിപ്പെരുന്നാളിനോടു അനുബന്ധിച്ചു നടത്താറുള്ള ശരീരസൗന്ദര്യമൽസരം ഇക്കൊല്ലവും നടത്തുകയാണ്. കഴിഞ്ഞ എല്ലാകൊല്ലവും പ്രവേശനം സൗജന്യമായിരുന്നെങ്കിലും, അനിയന്ത്രിതമായ തിരക്കുമൂലം ഇക്കൊല്ലം ചെറിയതുക എൻട്രിഫീസായി ഈടക്കുന്നുണ്ട്. ആ തുക പള്ളിഫണ്ടിലേക്കു നൽകുന്നതാണ്. എല്ലാവരും സഹകരിക്കുക. ഇനി ഇക്കൊല്ലത്തെ മൽസരത്തിൽ മാറ്റുരക്കുന്നവരെ പരിചയപ്പെടുത്തട്ടെ….”

പേരുകൾ ഒന്നൊന്നായി ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. അവസാനത്തെ മല്‍സരാര്‍ത്ഥിയുടെ പേരും വെളിപ്പെട്ടു.

“ബിനു ആന്റണി പറോക്കാരൻ”

അന്തപ്പേട്ടൻ ചോളപ്പൊരി കൊറിക്കുന്നതു നിര്‍ത്തി. പേരു വിളിച്ചപ്പോൾ വായിലേക്കു എറിഞ്ഞ ചോളപ്പൊരി ചുണ്ടില്‍‌തട്ടി താഴെവീണു. അദ്ദേഹം ചോദിച്ചു.

“ആനന്ദാ. അവസാനം പറഞ്ഞത് കൊച്ചന്റെ പേരല്ലേ?”

“ഉം. ഞാനും അതാ കേട്ടത്. എന്നാലും ഒറപ്പല്ല”

ഇരുവരും സ്റ്റേജിൽ കണ്ണുനട്ടു. മല്‍സരത്തിലുള്ള ഏഴുപേരും രംഗത്തെത്തി മസിലുകൾ പ്രദര്‍ശിപ്പിച്ചു തുടങ്ങി. എണ്ണമിനുപ്പുള്ള ശരീരങ്ങൾ സ്റ്റേജിൽ ഒഴുകിനടന്നു. ബൈസപ്‌സ്, ട്രേസപ്‌സ്, റ്റൈസ്, സിക്സ് പാക്ക് എന്നിങ്ങനെ സ്വന്തം ശരീരത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത മസിലുകൾ പലരും മൽസരാർത്ഥികളിൽ കണ്ടു. മൽസരാർത്ഥികൾ കയ്യിൽ ബൈസപ്സ് മസിൽ പെരുപ്പിച്ച് കാണിക്കുമ്പോൾ കാണികളെല്ലാം സ്വന്തം കയ്യിലെ ബൈസപ്സ് മസിലിൽ തടവി. വയറിലെ സിക്‌സ് പാക്ക് കണ്ട് കുടവയറിൽ ഉഴിഞ്ഞു. മൽസരിക്കുന്നവർ എല്ലാം ഒന്നിനൊന്നു മികച്ച കട്ടകൾ. കാണികൾ ആവേശത്തിലായി. ഒന്നാമൻ ആരായിരിക്കുമെന്നതിനെ പറ്റി ഹാളിൽ വാതുവയ്പ് ആരംഭിച്ചു. ധനികരായ കാണികൾ ഇഷ്ടതാരത്തിന്റെ ഷണ്ഢിയിൽ നൂറിന്റെ നോട്ടുകൾ കുത്തി. അന്തപ്പേട്ടന്‍ ശ്രദ്ധാപൂർവം നോക്കിയിട്ടും മല്‍സരത്തിലുള്ള ഏഴുപേരിലും മകനോടു സാമ്യമുള്ളവനെ കണ്ടെത്തിയില്ല.

ആനന്ദൻ അടുത്തുനിന്ന ആളോടു ചോദിച്ചു. “ഇതിൽ പറോക്കാരൻ ബിനു….”

ചോദ്യം മുഴുമിപ്പിക്കുന്നതിനുമുമ്പ് മറുപടി കിട്ടി. “ഏറ്റവും ഇടതുവശത്ത്”

സൂക്ഷിച്ചുനോക്കിയപ്പോൾ സംഗതി ശരിയാണ്‌. മുഖത്തിനു മാത്രം സാമ്യമുണ്ട്. ബോഡിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല. ദിവസവും ഒരുമേശയ്ക്കു ചുറ്റുമിരുന്നു കഞ്ഞി കുടിക്കുന്നവനാണ്‌ സ്റ്റേജിലെന്നു അന്തപ്പേട്ടൻ വിശ്വസിച്ചില്ല.

“എനിക്കൊന്നും മനസ്സിലാവണില്ല ആനന്ദാ”

“മനസ്സിലാവാനൊന്നൂല്ല്യാ. മോന്‍ വല്യ ആളായീന്നു കരുത്യാ മതി. പ്രശ്നാക്കൊന്നും വേണ്ട”

ശരീരസൗന്ദര്യ മല്‍സരം പിന്നേയും നീണ്ടു. ആര്‍പ്പുവിളികള്‍ക്കിടയിൽ വിജയികളുടെ പേരുകൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.

“ഒന്നാം സമ്മാനം ………, രണ്ടാം സമ്മാനം ബിനു ആന്റണി‌…”

കാണികളുടെ കയ്യടിയിലും ആഹ്ലാദത്തിലും അന്തപ്പേട്ടന്റെ മനസ്സ് കുളിര്‍ത്തു. എങ്കിലും മനസ്സിൽ വല്ലായ്മ ഉണ്ടായി. ബിനു ഒന്നും അറിയിച്ചില്ലല്ലോ. ഇരുവരും ഹാളില്‍‌നിന്നു പുറത്തിറങ്ങി. മാത ജംങ്‌ഷൻ കടന്നുപോകുമ്പോൾ തീയേറ്ററിൽ കളിക്കുന്ന കമ്പിപ്പടത്തിന്റെ പോസ്റ്റർ കണ്ടിട്ടും കണ്ണുപൊത്തിയില്ല. നോക്കിയുമില്ല. തിങ്ങിനിറഞ്ഞ ഹാളില്‍നിന്നു പുറത്തിറങ്ങിയതേയുള്ളൂവെന്നതിനാൽ രണ്ടുപേരും വിയര്‍ത്തിരുന്നു. ഐസ്ക്രീംപാര്‍ലറിൽ ജിനീഷ് ഉണ്ടായിരുന്നു. പക്ഷേ അവിടെ കയറിയില്ല. കാര്യം ഒരുതവണ ഓടിമറഞ്ഞെങ്കിലും സന്ദര്‍ഭത്തിന്റെ ഗൗരവം അനുസരിച്ചു പ്രവര്‍ത്തിക്കാൻ ജിനീഷിനു അറിയാം. അടുത്തുവന്നു കൈപിടിച്ചു ക്ഷണിച്ചു.

“വാ അന്തപ്പേട്ടാ. രണ്ട് ഐസ്ക്രീം കഴിച്ചട്ട് പതുക്കെ അങ്ങട് പൂവാം”

അദ്ദേഹം നിരസിച്ചു. നടത്തം തുടര്‍ന്നു. തമാശ പറഞ്ഞു അന്തപ്പേട്ടനെ ഉഷാറാക്കാൻ ആനന്ദൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. എതിരെവന്ന നാട്ടുകാരായ സുഹൃത്തുക്കൾ ‘ഹായ്’ പറഞ്ഞു സംസാരിക്കാൻ തുനിഞ്ഞെങ്കിലും അദ്ദേഹം മൗനവ്രതം തുടർന്നു. ഇരുവരും വഞ്ചിയുടെ അടുത്തെത്താറായി. അപ്പോൾ അന്തരീക്ഷത്തിൽ നിലവിളിയുടെ അലയൊലികൾ കേട്ടു. മുന്നോട്ടു നടക്കുന്തോറും നിലവിളിശബ്ദം ശക്തമായി. ഉയര്‍ന്നുപൊങ്ങുന്ന വഞ്ചിയുടെ തുഞ്ചത്തിരുന്നു, ആരെയോ കെട്ടിപ്പിടിച്ചു, ജൂനിയർ കൊച്ചപ്പൻ അലറിക്കരയുകയാണ്‌.

“അയ്യോ…. അയ്യോ….”

“ങ്ഹേ ഇവനിത് നിർത്തീല്ലേ” അന്തപ്പേട്ടന്റെ മ്ലാനത ഓടിയൊളിച്ചു. ജൂനിയർ കൊച്ചപ്പൻ ക്ഷണിച്ചു. “അന്തപ്പേട്ടാ വാ കേറ്. ഒരു കമ്പനിക്ക് കേറ്യാതീന്ന്”

ഒരുമിനിറ്റ് കഴിഞ്ഞു. കൊച്ചപ്പനു കെട്ടിപ്പിടിക്കാൻ പുതിയ ആളെ കിട്ടി. വഞ്ചിയില്‍നിന്നു ഇരട്ടിശക്തിയിൽ കൂട്ടക്കരച്ചിൽ ഉയര്‍ന്നു. “അയ്യോ…. ദൈവേ…”Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

4 replies

 1. “വഞ്ചിയിൽ അടുത്ത ഷിഫ്റ്റിനു ഇരുന്നിരുന്ന ഒരാൾ കരച്ചിലിന്റെ ടോണിൽ പറഞ്ഞു.

  “അന്തപ്പേട്ടാ… ഞാൻ ഇതുമ്മെ കേറീണ്ട്ന്ന് വീട്ടീപ്പറേണം”

  അന്തപ്പേട്ടൻ നോക്കി. വഞ്ചിയിൽ കൊച്ചപ്പൻ ജൂനിയർ. പുള്ളി ഭയങ്കര ധൈര്യശാലിയാണ്. പേടി കാണിക്കുന്നതൊക്കെ നമ്പറാണ്.

  കൊച്ചപ്പൻ ക്ഷണിച്ചു. “അന്തപ്പേട്ടാ, വാ കേറ്. പേടിക്കാനൊന്നൂല്യാന്ന്”
  “പേട്യല്ലെടാ. വഞ്ച്യല്ലേ?”
  ബിനു ധൈര്യപ്പെടുത്തി. “ഒരു കമ്പനിക്ക് കേറ്യാ മതീന്ന്. ഞാല്യെ കൂടെ!”
  “തലകറങ്ങോടാ”
  “ഹേയ്. ഇത് വെറും ഊഞ്ഞാലാടണ പോല്യാ. അന്തപ്പേട്ടൻ കേറ്”

  പിന്നെ സംശയിച്ചില്ല. കയറി. വഞ്ചിയുടെ ഏറ്റവും അറ്റത്തിരുന്നു. പിന്നീടു വഞ്ചി ഓരോതവണ പിന്നോട്ടു, മുകളിലേക്കു പോയി താഴേക്കു കുതിക്കുമ്പോഴും വഞ്ചിയിൽനിന്നു ‘അയ്യോ…. അയ്യോ….’ നിലവിളി മുഴങ്ങി.

  Second and Final part.
  🙂

  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

  Like

 2. രണ്ടാം ഭാ‍ഗം പെട്ടെന്നു വന്നല്ലോ!
  നന്നായിരിയ്കുന്നു.
  ആശംസകൾ

  Like

 3. നാട്ടിലെ ആഘോഷത്തിനെ ലളിതമായി തന്നെ പകര്‍ത്തി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

  Like

 4. നല്ല നാടന്‍ ഹല്‍‌വ !!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: