പ്രൈഡ് ഓഫ് കാതിക്കുടം – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Chapter Here…

പിറ്റേന്നു ഇരുവരും ചെറുവാളൂരിൽ പോയി ഗോൾഡ് ജയേഷിനെ കണ്ടു. പേര് സൂചിപ്പിക്കുന്ന പോലെ അദ്ദേഹത്തിനു സ്വർണ്ണത്തിന്റെ ബിസിനസ് ആണ്. റേസിങ്ങിനു ഉപയോഗിക്കാവുന്ന തരം യമഹ YBX ബൈക്ക് ജയേഷിനു ഉണ്ട്. മുടിഞ്ഞ പിക്കപ്പ്. ഏതാനും സെക്കന്റുകൾക്കുള്ളിൽ അറുപത് കിലോമീറ്റർ വേഗതയെടുക്കും.

രണ്ടുപേരും എത്തുമ്പോൾ ജയേഷ് ബൈക്ക് കഴുകുകയായിരുന്നു. അരികിൽ സർഫ് കലക്കിയ വെള്ളം. കയ്യിൽ തുണിക്കഷണം. ആഗതരെ കണ്ട് ജയേഷ് കുശലം ചോദിച്ചു.

“എങ്ങനേണ്ടായിരുന്നു ആശാനേ ന്യൂയർ?”

ആശാൻകുട്ടി ഒന്നും ഓർമയില്ലെന്നു പറഞ്ഞു. പിന്നെ ബൈക്കിനെ തലോടിയിട്ട് ചോദിച്ചു.

“വണ്ട്യെങ്ങനെ ജയേഷേ. കൊഴപ്പൊന്നൂല്ല്യല്ലോ?”

“എന്തൂട്ട് കൊഴപ്പം. ഇവൻ കൊമ്പനല്ലേ”

സജീവൻ പറഞ്ഞു. “അപ്പോ ഇതുമതി. ഞാനൊറപ്പിച്ചു”

ജയേഷ് അമ്പരന്നു. “എന്തൂട്ടാ ആശാനേ അവനൊറപ്പിച്ചേ?”

“സ്കൂൾ ഗ്രൗണ്ടിൽ റേസിങ്ങ് നടത്താൻ പോണ കാര്യം നീയറിഞ്ഞില്ലേ”

“ഉവ്വ്. അവൻമാർക്കു വേറെ പണീല്യ. കൊറച്ചുനാള് മുമ്പാണെങ്കീ ഞാനൊര് കൈ നോക്കായിരുന്ന്. ഇപ്പ എന്റെ കല്യാണം ഒറപ്പിച്ച സമയാ. അതോണ്ട് ഞാനില്ല”

ആശാൻകുട്ടി നമ്പറിട്ടു. “എന്നാലും…”

“വേണ്ട ആശാനേ. എനിക്ക് ഇന്ററസ്റ്റില്ല. അതിപ്പോ നീ നിർബന്ധിച്ചാലും കാര്യല്ല്യ”

“അങ്ങനാണെങ്കി നമക്ക് വേറാരേങ്കിലും എറക്കണം”

“എന്താ സംശയം. എറക്കണം”

“സജീവൻ എറങ്ങാൻ തയ്യാറാ. അതാ ഞാനവനേം കൂട്ടി ഇങ്ങട് വന്നേ”

ജയേഷ് അമ്പരന്നു. “അതിനെന്തിനാ ഇങ്ങട് വന്നേ? ഗ്രൗണ്ട് ബോയ്സാ പരിപാടി നടത്തണെ. ഞാനല്ല”

“അതറിയാം. പക്ഷെ റേസിങ്ങിനു നിന്റെ വണ്ട്യാണ് സജീവൻ ഓടിക്കണെ”

ജയേഷ് ഉഗ്രമായി ഞെട്ടി. “അതാരു പറഞ്ഞു?”

ജയേഷിന്റെ അടുത്തു ചെന്നു ആശാൻ സ്നേഹം ഭാവിച്ചു കൈത്തലം കയ്യിലെടുത്തു.

“ഇതൊക്കെ ആരെങ്കിലും പറയണോ ജയേഷേ. നിന്റെ ബൈക്ക്, എന്റെ ബൈക്ക്. എന്റെ ബൈക്ക്, സജീവന്റെ ബൈക്ക്. സജീവന്റെ ബൈക്കോ നിന്റെ ബൈക്ക്! അങ്ങനല്ലേ?”

“അങ്ങനല്ല” ജയേഷ് ഇടഞ്ഞു. “എന്റെ ബൈക്ക്, എന്റെ ബൈക്ക്. നിന്റെ ബൈക്കും എന്റെ ബൈക്ക്. സജീവന്റെ ബൈക്കും എന്റെ ബൈക്കന്നെ”

കയ്യിലെടുത്തു പിടിച്ചിരുന്ന ജയേഷിന്റെ കൈത്തലം ആശാൻകുട്ടി വിട്ടു. “ഉണ്ട. നീയിമ്മാതിരി സ്വാർത്ഥനാവരുത്”

ജയേഷ് സ്വരം മയപ്പെടുത്തി. “ആശാനേ ഞാൻ വാക്ക് മാറ്റാന്ന് നീ കര്തരുത്. എന്താന്ന്വച്ചാ ബൈക്ക് ഓക്ക്യാന്ന് പറഞ്ഞെങ്കിലും സത്യത്തിൽ വണ്ടി കമ്പ്ലൈന്റാ. ഞാൻ എട്‌ത്തട്ടിപ്പോ ഒര് മാസായിണ്ടാവും”

“എന്നട്ട് ഇന്നലെ നിന്റെ അനിയനെ അന്നമനടേല് ഈ കമ്പ്ലൈന്റ് വണ്ടീമെ കണ്ടതോ?”

“അതാ… അത്” ജയേഷ് വിക്കി. “കമ്പ്ലൈന്റ് കാര്യം അവനറിയില്ലാര്ന്ന്”

“എന്നാ കമ്പ്ലൈന്റിന്റെ കാര്യം എനിക്കും അറീല്ലാന്ന് കരുതിയാ മതി” സജീവൻ കയറിപ്പറഞ്ഞു.

ഒടുക്കം രക്ഷയില്ലെന്നു കണ്ട് ജയേഷ് കീഴടങ്ങി. റേസിങ്ങ് മൽസരത്തിനു ബൈക്ക് കൊടുക്കാമെന്നു സമ്മതിച്ചു.

സജീവൻ റേസിങ്ങിൽ കാതിക്കുടത്തെ പ്രതിനിധീകരിക്കുന്ന വാർത്ത എല്ലാ സ്ഥലത്തും കാട്ടുതീ പോലെ പടർന്നു. സജീവന്റെ പടമുള്ള ഫ്ലക്‌സ് ബോർഡുകൾ കാതിക്കുടം ജംങ്ഷനിലും, കട്ടപ്പുറം ബൈപ്പാസിലും, അന്നമനട പാലത്തിനു കുറുകെയും ദീപാലങ്കാരം സഹിതം വലിച്ചുകെട്ടി. ഫ്ലക്‌സ് ബോർഡിൽ പ്രൈഡ് ഓഫ് കാതിക്കുടത്തിനു അഭിവാദ്യം അർപ്പിക്കുന്നവരുടെ പേരുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ട്. കൂടാതെ ട്രാക്ക്സ്യൂട്ട് ധരിച്ചു കയ്യിൽ ഹെൽമറ്റുമായി നിൽക്കുന്ന സജീവന്റെ ഫുൾ സൈസ് പടം. കണ്ണുകെട്ടിയും, സീറ്റിൽ ചമ്രം പടിഞ്ഞിരുന്നും, ചക്രം നിലം തൊടാതെയും, തറയോടു കിടത്തിയും ബൈക്കോടിക്കുന്ന സജീവന്റെ വിവിധ പോസുകളും ഉണ്ട്. ഈ പടങ്ങൾ കണ്ടു മൽസരത്തിനു പേരു കൊടുത്തിരുന്ന മൂന്നുപേർ ഭയന്നു പിൻമാറി. സജീവനു വേണ്ടി ഉയർത്തിയ ഫ്ലക്സ് ബോർഡുകളിൽ ‘കറുത്ത കുതിര’ എന്ന അടിക്കുറിപ്പോടെ പ്രഭാകരനും ഇടം പിടിച്ചു. ലൂണ കിക്ക് ചെയ്യുന്ന പോസിൽ നാലഞ്ചു പടങ്ങളും ഉണ്ടായിരുന്നു.

റേസിങ്ങ് മൽസരത്തിനു മുന്നോടിയായി വാളൂർ, പുളിക്കകടവ്, കാതിക്കുടം, അന്നനാട്, കട്ടപ്പുറം, കുലയിടം എന്നീ സ്ഥലങ്ങളിലെ റോഡ് ടാർ ചെയ്യാൻ, കാടുകുറ്റി പഞ്ചായത്ത് അടിയന്തിരമായി യോഗം ചേർന്നു ഫണ്ട് അനുവദിച്ചു. റോഡിനു വീതി കൂട്ടി ഡിവൈഡറുകൾ എടുത്തു മാറ്റി. വളവുകളും ജംങ്ഷനുകളും സൂചിപ്പിക്കാൻ സിഗ്നൽ ബോർഡ് വച്ചു. ഹമ്പുകളിൽ പെയിന്റ് അടിച്ചു. അങ്ങിനെ റേസിങ്ങ് മൽസരം മൂലം നാട്ടുകാർക്കും ഗുണങ്ങളുണ്ടായി.

അങ്ങിനെ കാത്തിരുന്ന ബൈക്ക് റേസിങ്ങ് ദിനം എത്തി. സജീവൻ രാവിലെ അമ്പലക്കുളത്തിൽ കുളിച്ച് അയ്യങ്കോവ് ശാസ്താവിനെ സാഷ്ടാംഗം പ്രണമിച്ചു. റേസിങ്ങിൽ ജയിച്ചാൽ കൂട്ടുപായസം, നിറമാല, കർപ്പൂരം കൊണ്ടു തുലാഭാരം, ഭദ്രകാളിക്കു പട്ടും താലിയും, ഉത്രം വിളക്ക് ഉൽസവത്തിനു മേജർ സെറ്റ് പഞ്ചവാദ്യം, അയ്യപ്പൻ വിളക്കിനു അഞ്ചുപാട്ട വെളിച്ചെണ്ണ തുടങ്ങി അനേകം വാഗ്ദാനങ്ങൾ നേർന്നു. ശ്രീനിവാസ സ്വാമി മന്ത്രിച്ചൂതിയ ഒരു രക്ഷ സജീവന്റെ കൈത്തണ്ടയിൽ കെട്ടിക്കൊടുത്തു.

ഉച്ചക്കു മൂന്നു മണിക്കു ബൈക്ക് റേസിങ്ങ് ആരംഭിച്ചു. പത്തു പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ചെറുവാളൂർ ഗ്രൌണ്ടിൽ, സ്‌കൂളിന്റെ സ്റ്റേജ് തൊട്ടു പിഷാരത്ത് അമ്പലത്തിലെ ആൽ‌മരം വരെ ദീർഘവൃത്താകൃതിയിൽ ട്രാക്ക് വരച്ചിട്ടുണ്ട്. എല്ലാ ബൈക്കും രണ്ട് ലാപ് ഗ്രൌണ്ടിൽ ഓടിയിട്ടാണ് പുളിമരത്തിനടുത്തുള്ള എക്‌സിറ്റ് പോയിന്റിലൂടെ റോഡിലേക്കു ഇറങ്ങുന്നത്.

ആദ്യത്തെ ലാപ്പ് പിന്നിട്ടപ്പോൾ തന്നെ സജീവൻ ലീഡ് എടുത്തിരുന്നു. പക്ഷേ രണ്ടാമത്തെ ലാപ്പിന്റെ പകുതിയായപ്പോൾ ബൈക്ക് പതുക്കെ ‘വലിയു’ന്നില്ലേയെന്നു സജീവനു സംശയം തോന്നി. എന്താണ് കാരണമെന്നു ആലോചിക്കേ YBX ഓട്ടം മതിയാക്കി നിന്നു. സജീവനെ കടന്നു മൂന്നു പേർ കുതിച്ചു. സമയം പാഴാക്കാതെ സജീവൻ ബൈക്ക് കിക്ക് ചെയ്യാൻ തുടങ്ങി. പക്ഷേ ബൈക്ക് സ്റ്റാർട്ട് ആയതേയില്ല. സജീവൻ വണ്ടി കുലുക്കി നോക്കി. പെട്രോൾ ആവശ്യത്തിനുണ്ട്. പിന്നെന്താണ് കാരണം? മൽസരത്തിനു ഉണ്ടായിരുന്ന അഞ്ചുപേർ കൂടി സജീവനെ കടന്നു പോയി. റേസിങ്ങ് മൽസരത്തിൽ ആകെ പത്തുപേരാണ് ഉള്ളത്. അവരിൽ എട്ടു പേരും പോയിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ പ്രഭാകരനും എത്തി. അദ്ദേഹം ലൂണ നിർത്തി ചോദിച്ചു.

“എന്തൂട്ടാ സജീവാ പറ്റ്യേ?”

സജീവൻ മിണ്ടിയില്ല. പ്രഭാകരൻ സഹായം വാഗ്ദാനം ചെയ്‌തു. “ലൂണ വേണോ?”

Read More ->  ഹിസ് എക്‌സലൻസി രാമേട്ടൻ - 1

സജീവൻ ചൂടായി. “എന്തൂട്ടിനാ?”

“വേണന്ന് വച്ചാ അവന്മാരെ ഒന്ന് പിടിക്കാം”

“എനിക്ക് പിടിക്കണ്ട. പ്രഭാകരേട്ടൻ പോയി പിടി”

സജീവന്റെ നീരസം മനസ്സിലാക്കി പ്രഭാകരൻ പിരിഞ്ഞു. “എന്നാ ശരി. ഞാനൊരു കൈ നോക്കട്ടെ”

പ്രഭാകരൻ മന്ദം മന്ദം, മറ്റു മൽസരാർത്ഥികളെ ‘പിടിക്കാൻ’ പോയി. സജീവനു മരിച്ചാൽ മതിയെന്നായി. മൽസരത്തിനു മുന്നോടിയായി എന്തൊക്കെയാണു കാണിച്ചു കൂട്ടിയത്. ഫ്ലക്സ് ബോർഡ് വയ്ക്കൽ, മൈക്കിൽ നാടുനീളെ വിളിച്ചുപറയൽ, ആരതി ഉഴിയൽ തുടങ്ങി ജയിച്ചാൽ നടത്തേണ്ട സ്വീകരണത്തിനു വരെ ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. ഇപ്പോൾ അതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എല്ലാ പ്രതീക്ഷകളും ചാരമായിരിക്കുന്നു. ഇനിയെങ്ങിനെ നാട്ടുകാരുടെ മുഖത്തു നോക്കും. മാനം പോയതോർത്തു ‘പ്രൈഡ് ഓഫ് കാതിക്കുടം’ തരിച്ചുനിന്നു.

അന്നേരം YBX ബൈക്കിന്റെ ഉടമസ്ഥൻ ജയേഷ് കാണികൾക്കിടയിൽ നിന്നു എഴുന്നേറ്റു. അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

“സജീവാ… പെട്രോൾ ടാങ്ക് തൊറന്ന് അഞ്ചാറു പ്രാവശ്യം ഊത്യാ മതീടാ. ഒക്കെ ശര്യാവും”

സജീവൻ പല്ലു ഞെരിച്ചു തിരിച്ചു ചോദിച്ചു.

“അഞ്ച് പ്രാവശ്യം മത്യാ?”

ജയേഷ് മിണ്ടിയില്ല. സജീവൻ ഊതാൻ തയ്യാറെടുത്തു. കുനിഞ്ഞു നടക്കുന്ന ശീലമുള്ള സജീവൻ, തലപ്പൊക്കം നോക്കാൻ ആനകൾ നിൽക്കുന്ന പോലെ നീണ്ടുനിവർന്നു ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ചു. വയർ വീർത്തു. കവിൾ വീർത്തു. രോമങ്ങൾ എഴുന്നു. രണ്ടുതുള്ളി മൂത്രം ലിംഗാഗ്രത്തിലും വന്നുനിന്നു. ഒടുക്കം ഉള്ളിലേക്കു വലിച്ച വായു മുഴുവൻ സജീവൻ ടാങ്കിലേക്കു ചെലുത്തി. വീണ്ടും ശ്വാസം വലിക്കൽ. ഊതൽ. അങ്ങിനെ അഞ്ചുപ്രാവശ്യം. അതെങ്ങാനും മതിയായില്ലെങ്കിലോ എന്നോർത്തു മൂന്നു പ്രാവശ്യം പിന്നേയും ഊതി. ആദ്യത്തെ കിക്കിൽ തന്നെ വണ്ടി സ്റ്റാർട്ടായി. പിന്നെയാരും സജീവനെ കണ്ടില്ല. അതാണ് ‘പ്രൈഡ് ഓഫ് കാതിക്കുടം’. കാണികൾക്കിടയിൽ നിന്നു കയ്യടിയും വിസിലടിയും ഉയർന്നു.

ഇയ്യാത്തുംകടവ്, പുളിയ്‌ക്കകടവ്, അന്നമനട റോഡുകളിലൂടെ ബൈക്കുകൾ പാഞ്ഞു. ജനങ്ങൾ ചീറിപ്പാഞ്ഞു. റേസിങ്ങ് അന്നമനട കടന്നു. വൈന്തല കടന്നു. കടന്ന പ്രദേശങ്ങൾ നിലംപരിശായി. ഞളർക്കടവ് പാലത്തിലേക്കു ബൈക്കുകൾ കയറുമ്പോൾ സജീവൻ ഏഴാമനായി തോൽവിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്നേരം കക്കാടിൽ നിന്നു കൊരട്ടി പോലീസ്‌ സ്റ്റേഷനിലേക്ക് ഒരു വിളി പോയി.

ടിർണീം ടിർണീം!!

എസ് ഐ വേണുഗോപാൽ ഉറക്കച്ചടവോടെ റിസീവർ കയ്യിലെടുത്തു. ഒരു കൂർക്കം വലിയുടെ ടോണിൽ പറഞ്ഞു.

“എസ് ഐ വേണു ഹിയർ”

അപ്പുറത്തുനിന്നു കൂസലില്ലാത്ത ചോദ്യം. “സാറിന്റെ ഒറക്കം കഴിഞ്ഞാ?”

എസ് ഐ കോപാകുലനായി. “ഛീ റാസ്‌കൽ….”

“നാലഞ്ച് പിള്ളേര് വെള്ളമടിച്ചു ബൈക്കീക്കേറി നാടു കൊളമാക്കാണ്. മൊത്തം ആക്സിഡന്റ്. സാറപ്പോ ഉച്ചയൊറക്കത്തിലും. സാറെവടത്തെ പോലീസാ”

ഫോണിലൂടെ വന്നത് പരിചിത ശബ്ദമല്ലേ എന്നു എസ് ഐക്ക് സംശയം. “നിന്റെ സൗണ്ട് എവട്യാണ്ട് കേട്ടണ്ടല്ലാ”

“ഇല്യ സാറേ. ഞാനാദ്യായിട്ടാ ഒരാളെ ഫോണിൽ വിളിക്കണത് തന്നെ”

“ഛീ… സത്യം പറടാ. ആരാ നീ?”

അപ്പുറത്തു നിന്നു മറുപടി കിട്ടിയില്ല. പകരം കൂട്ടക്കരച്ചിൽ ഉയർന്നു. തികച്ചും ദാരുണ വിലാപം. എസ് ഐ ഞെട്ടി. കാര്യം ഗൗരവതരമാണ്. മരണമോ മറ്റോ സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു. കൊരട്ടി സ്റ്റേഷൻ പരിധിയിൽ ആരു കരഞ്ഞാലും പാഞ്ഞെത്തുന്ന എസ് ഐ സംശയങ്ങൾ മാറ്റിവച്ചു ചോദിച്ചു.

“ടെൽ മി. അവരിപ്പോൾ എവടെ?”

“കട്ടപ്പൊറത്ത് എത്താറായിണ്ട് സാറേ”

എസ് ഐ ആക്രോശിച്ചു. “എന്നാ കട്ടപ്പൊറത്ത് അവര്ടെ ചിത കൂട്ടിക്കോ. ഞാൻ വരുന്നു”

തന്റെ അധികാരപരിധിയിൽ ഒരുകൂട്ടം യുവാക്കൾ മദ്യപിച്ച്, ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടു അഴിഞ്ഞാടുന്നു! അനുവദിക്കാനാകില്ല ഇത്. തെറ്റുകാരാണെങ്കിൽ അവരുടെ കാശുകുടുക്കയിൽ മുളകരച്ചു തേക്കണം. എസ് ഐ ഉറപ്പിച്ചു. സഹപ്രവർത്തകരെയും കൂട്ടി രണ്ടു ജീപ്പുകളിലായി വേട്ടക്കിറങ്ങി. കൊരട്ടി ജംങ്ഷനിൽ ജീപ്പ് നിർത്തി രണ്ടു പായ്ക്കറ്റ് മുളകുപൊടിയും നൂറ് ഗ്രാം പച്ചമുളകും വാങ്ങി.

കട്ടപ്പുറത്തു നിന്നു കുലയിടത്തേക്കു തിരിയുന്ന, മൂന്നുവഴികൾ കൂടിയ ജംങ്ഷനിൽ എസ് ഐ പോലീസ് ജീപ്പ് വിലങ്ങനെ നിർത്തിയിട്ടു. ഇതല്ലാതെ പിള്ളേർക്കു ഒളിച്ചു കടക്കാൻ വേറെ മാർഗമില്ല. റോഡിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ നീക്കം ചെയ്യാനും, ജനങ്ങളെ ഒഴിപ്പിക്കാനും എസ് ഐ ഒരു പോലീസുകാരനെ പട്രോളിംങ് ബൈക്കിൽ കാതിക്കുടത്തേക്കു അയച്ചു. ശേഷം ജീപ്പിൽ നിന്നിറങ്ങി പരിസര വീക്ഷണം നടത്തി. എസ് ഐ മ്ലാനവദനായി. ചുറ്റുമുള്ള എല്ലാ വീടുകളും അടഞ്ഞു കിടക്കുന്നു. എല്ലാവരും ഉച്ചമയക്കത്തിൽ. പ്രമാദമായേക്കാവുന്ന തന്റെ ഈ ഓപ്പറേഷൻ കാണാൻ ഒറ്റ മനുഷ്യക്കുഞ്ഞുമില്ലെന്നോ? എസ് ഐക്ക് സഹിച്ചില്ല. അദ്ദേഹം ലൗഡ് സ്പീക്കറും മെഗാഫോണും എടുത്തു അനൗൺസ് ചെയ്തു.

തെമ്മാടികളായ ഒരുപറ്റം യുവാക്കൾ മദ്യപിച്ച് ലക്കുകെട്ട് ബൈക്കിലൂടെ സഞ്ചരിച്ച് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നുണ്ടെന്നും, ഇവരെയെല്ലാം കൊരട്ടി സ്റ്റേഷനിലെ ലോക്കപ്പിലിട്ട് ചതയ്ക്കാതെ പച്ചവെള്ളം തൊടില്ലെന്നും, ജനങ്ങൾ ഒരു കാരണവശാലും ഭയക്കേണ്ടതില്ലെന്നും എസ് ഐ അത്യുച്ചത്തിൽ മെഗാഫോണിലൂടെ നാലഞ്ച് തവണ ചീറി.

ഉച്ചമയക്കത്തിലായിരുന്ന ജനങ്ങൾ ഞെട്ടിയെഴുന്നേറ്റു. അവർ ടെറസിലും പൂമുഖത്തും കുഞ്ഞുകുട്ടി പരാധീനങ്ങൾ സഹിതം ഹാജരായി, അരങ്ങേറാൻ പോകുന്ന സംഭവങ്ങൾക്കു സാക്ഷികളാകാൻ കാത്തുനിന്നു. ചുരുക്കിപ്പറഞ്ഞാൽ എസ് ഐയുടെ ബുദ്ധി ഏറ്റു. ചുറ്റുമുള്ള വീടുകളിലേക്കു പാളി നോക്കി, എന്നാൽ നോക്കുന്നേയില്ല എന്ന ഭാവത്തിൽ, എസ് ഐ കൊമ്പൻമീശ പിരിച്ചു. ലാത്തി കൈവെള്ളയിൽ അടിച്ച് അക്ഷമ പ്രകടിപ്പിച്ചു. ഒരു പോലീസുകാരനെ വിളിച്ച് പച്ചമുളക് നീളത്തിൽ കീറാൻ പറഞ്ഞു.

ബോണറ്റിൽ കൈചാരി ‘തെമ്മാടികളെ’ കാത്തുനിന്ന എസ് ഐ ഒരു ബൈക്കിന്റെ ഇരമ്പൽ കേട്ടു. സംഘാംഗങ്ങൾക്കു എസ് ഐ ഉടൻ അലർട്ട് കൊടുത്തു. എല്ലാവരും ജാഗരൂകനായി. പക്ഷേ ഓവർസ്പീഡിൽ വന്നത് പട്രോളിങ്ങിനു അയച്ച പോലീസുകാരനായിരുന്നു. എസ് ഐക്ക് അടുത്തെത്തിയ കോൺസ്റ്റബിൾ ബൈക്കിൽ നിന്നിറങ്ങി ഓടിപ്പോയി. ജനങ്ങൾക്കു മുന്നിൽ എസ് ഐ ഇളിഭ്യനായി. കോൺസ്റ്റബിളിനു എന്തു ശിക്ഷ കൊടുക്കണമെന്നു ചിന്തിച്ചു നിന്ന എസ് ഐക്ക് നേരെ, കവലക്കു മുന്നിലെ ഇറക്കമിറങ്ങി, അപ്പോൾ ഏതാനും ബൈക്കുകൾ മിസൈൽ കണക്കെ പാഞ്ഞുവന്നു. കോൺസ്റ്റബിൾ നിർത്താതെ പോയതിന്റെ കാരണം അങ്ങിനെ വ്യക്തമായി. ഒരു നിലവിളിയോടെ എസ് ഐ ജീപ്പിന്റെ ബോണറ്റിൽ ചാടിക്കയറി. ബാക്കിയുള്ള പോലീസുകാർ ജീപ്പിനു പിന്നിൽ ഒളിച്ചു. പിന്നേയും ‘മിസൈലുകൾ’ പാഞ്ഞു വന്നു. പോകാൻ ഇടമില്ലാത്തതിനാൽ അവ കവലയിൽ നിർത്തി. എസ് ഐ അതിനകം ആദ്യത്തെ ഞെട്ടലിൽനിന്നു മുക്തനായിരുന്നു. എല്ലാ റേസിങ് മൽസരാർത്ഥികളേയും പോലീസുകാർ വളഞ്ഞു.

ജീപ്പിന്റെ ബോണറ്റിൽ നീളത്തിൽ കീറിയ പച്ചമുളക് കണ്ടതോടെ എസ് ഐ വേണുവിനെ അറിയാവുന്ന മൽസരാർത്ഥികൾ മൽസരം മതിയാക്കി കണ്ടവഴിയിലൂടെ പാഞ്ഞു. എന്നിട്ടും മൂന്നുപേർ പിടിയിലായി. മൂന്നുപേരുടേയും പാന്റ്സിനകം നീറിപ്പുകഞ്ഞു. അവർ വെള്ളം തേടിയോടി. തിരക്കെല്ലാം ഒതുങ്ങിയ നേരത്ത് അതാ വരുന്നു വേറെ രണ്ടുപേർ. എസ് ഐ ഇരുവരേയും തടഞ്ഞു. പച്ചമുളക് തീർന്നതിനാൽ മുളകുപൊടി പായ്ക്കറ്റ് പൊട്ടിച്ചു. രണ്ടുപേരുടേയും ഉള്ളം കിടുങ്ങി.

Read More ->  അഡ്വക്കേറ്റിന്റെ നമ്പറുകൾ - 1

ഹെൽമറ്റ് വച്ച ഒരാൾ ഉടൻ പറഞ്ഞു. “വേണു സാറേ. ഇത് ഞാനാ സജീവൻ”

“ഏത് സജീവൻ?”

“പ്രൈഡ് ഓഫ് കാതിക്കുടം”

കാതിക്കുടത്തിന്റെ പ്രൈഡ്. ആൾ കുഴപ്പക്കാരനല്ല. പരോപകാരിയുമാണെന്നും കേട്ടിട്ടുണ്ട്. എസ് ഐ ചോദിച്ചു.

“എവടക്കാടാ ഈ പാച്ചിൽ?”

സജീവൻ ആലോചിച്ചു. പരിചയമുണ്ടെങ്കിലും ചില്ലറ കാര്യം പറഞ്ഞാലൊന്നും എസ് ഐ വിടില്ല. കൃത്യനിർവഹണത്തിൽ അത്രക്കു കാർക്കശ്യമാണ്. ഒരു മെഡിക്കൽ കാരണം തന്നെ പറഞ്ഞേക്കാം.

“ഞാൻ അർജന്റായിട്ട് ഒരു ഗുളിക വാങ്ങാൻ പോണതാ വേണു സാർ”

എസ് ഐ തിരക്കി. “ആർക്കാടാ ഗുളിക?”

യാതൊരു സംശയത്തിനും ഇട നൽകാത്ത പേരു വേണമെന്നതിനാൽ സജീവൻ കാച്ചി.

“നമ്മടെ ഫൽഗൂന്”

ഫൽഗുണനെ എസ് ഐക്ക് പണ്ടുമുതലേ അറിയാം. അതിനാൽ തടസം പറഞ്ഞില്ല. “എന്നാപ്പിന്നെ സമയം കളയണ്ട. വേഗം വിട്ടോ”

അങ്ങിനെ സജീവൻ രക്ഷപ്പെട്ടു. ഏഴാമതായിരുന്നവൻ ഇപ്പോൾ ഒന്നാമത്. എല്ലാം വേണു കടാക്ഷം. സജീവൻ ഊരിപ്പോയതു കണ്ട് മറ്റവനും വേലയിറക്കി.

“ഞാനും ഗുളിക വാങ്ങാൻ പോണതാ സാറേ?”

എസ് ഐ ഞെട്ടി. തന്നെ ഇത്രമാത്രം നിസാരനായി പരിഗണിക്കുന്നോ?

“നിന്റെ പേരെന്താടാ?”

“ബെന്നി. കൂട്ടാര് ‘പരുന്ത്’ എന്നു വിളിക്കും”

“പരുന്തോ!”

“ഞാൻ വണ്ടിയോടിക്കണത് പരുന്ത് പറക്കണ പോല്യാന്നാണ് എല്ലാരും പറയാറ്”

“ഹഹഹഹ കൊള്ളാം. കൊള്ളാം” എസ് ഐ ചിരിച്ചു. യുവാവ് വീണ്ടും ഉണർത്തിച്ചു. “സാറേ ഗുളിക വേഗം വാങ്ങണം”

“ആർക്കാടാ നീ ഗുളിക വാങ്ങാൻ പോണെ?”

സജീവൻ പറഞ്ഞ പേരു ആരുടേതാണെന്നു ബെന്നി കേട്ടില്ലായിരുന്നു. എങ്കിലും നാട്ടിലെ കീഴ്വഴക്കമനുസരിച്ചു അദ്ദേഹവും കാച്ചി.

“നമ്മടെ ഫൽഗൂന്”

“നിനക്കൊള്ള ഗുളിക ഞാൻ തരാം” പയ്യൻ കളിപ്പിക്കുകയാണ്. തികഞ്ഞ അവഹേളനം.

എസ് ഐ കോൺസ്റ്റബിളിനെ വിളിച്ചു. “മോഹനാ നാല് ഗുളികയെട്‌ക്ക്”

ഒരു കോൺസ്റ്റബിൾ മുളകുപൊടി പാക്കറ്റുമായെത്തി. മൂന്നു പോലീസുകാർ ‘പരുന്തി’ന്റെ കാലും ചിറകും കൂട്ടിപ്പിടിച്ചു. എസ് ഐ പൊക്കിളിനും പാന്റിനുമിടയിൽ ലാത്തി കുത്തിത്തിരുകി ഇടമുണ്ടാക്കി മുളകുപൊടി മിതമായ തോതിൽ തൂകി. പത്തുപ്രാവശ്യം സിറ്റപ്പ് എടുപ്പിച്ചു. പരുന്ത് അവശനായപ്പോൾ എസ് ഐ വെറുതെ വിട്ടു.

“അവനെ വിട്ടേക്ക് മോഹനാ. ഇപ്പോ പോയാ ഒന്ന് മയങ്ങാൻ സമയണ്ട്”

എസ് ഐയും സംഘവും സ്റ്റേഷനിലേക്കു യാത്രയായി. പക്ഷേ പരുന്തിന്റെ അവശത അഭിനയമായിരുന്നെന്നും അദ്ദേഹത്തിനു മുളകുപൊടി ഏശിയില്ലെന്നും എസ്ഐക്ക് മനസ്സിലാക്കാനായില്ല.

സജീവൻ കുതിപ്പ് തുടരുകയായിരുന്നു. തോറ്റെന്നു കരുതിയ മൽസരം തിരിച്ചുപിടിച്ച ആവേശം. എസ് ഐ-‌യെ വിളിച്ചു പറഞ്ഞത് ആരാണെന്നു ഊഹിക്കാവുന്നതേയുള്ളൂ. അവരെ മനസ്സാൽ നമിച്ചു. ഇനി ഒരുത്തനും എസ്ഐ-യെ കടന്നു പോരില്ല. അതു നിശ്ചയമാണെങ്കിലും സജീവൻ കുതിപ്പിൽ അയവ് വരുത്തിയില്ല. കുലയിടവും പാറയവും ആദ്യത്തെ പത്തു സെക്കന്റിലും, ചെറുവാളൂർ പോസ്റ്റോഫീസ് പടി പതിനെട്ടാം സെക്കന്റിലും, മൽസരം നടക്കുന്ന സ്കൂൾഗ്രൗണ്ട് ഇരുപത്താറാം സെക്കന്റിലും ‘പ്രൈഡ് ഓഫ് കാതിക്കുടം’ കവർ ചെയ്തു. ഗ്രൗണ്ടിൽ കാതടിപ്പിക്കുന്ന കരഘോഷം മുഴങ്ങി. സജീവൻ ഫാൻസ് ടാർറോഡിൽ നാലടി നീളമുള്ള മാലപ്പടക്കത്തിനു തിരി കൊളുത്തി.

അവസാന ലാപ്പിലേക്കു കയറിയതോടെ സജീവൻ ബൈക്കിൽ എഴുന്നേറ്റു നിന്നു. വിജയിയാകാൻ പോകുകയല്ലേ? ആഹ്ലാദത്തിന്റെ പരകോടിയിൽ അദ്ദേഹം കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. ഗ്രൗണ്ടിനു സമീപമുള്ള പറമ്പുകളിൽ തടിച്ചു കൂടിയിരുന്നവർക്ക് ‘പറക്കുന്ന ഉമ്മകൾ’ തുരുതുരാ എറിഞ്ഞു കൊടുത്തു. സീറ്റിലിരുന്ന് ചില അഭ്യാസങ്ങൾ കാണിച്ചു. അങ്ങിനെ ഫിനിഷിങ്ങ് ലൈനിലേക്കു അടുത്തു. വിജയിയാകാൻ ഏതാനും വാരകൾ മാത്രം ബാക്കി. അപ്പോൾ YBX വീണ്ടും പിന്നിലേക്കു വലിയാൻ തുടങ്ങി. ആക്സിലേറ്റർ കൂട്ടിയിട്ടും വണ്ടി വേഗതയെടുത്തില്ല. റേസിങ്ങ് മൽസരം ആരംഭിച്ച സമയത്തു സംഭവിച്ചപോലെ എൻജിൻ ഓഫായി.

ബൈക്ക് നിന്നതിന്റെ കാരണം സജീവൻ മറന്നു പോയിരിക്കുമോ എന്ന സന്ദേഹത്തിൽ ജയേഷ് കാണികൾക്കിടയിൽ എഴുന്നേറ്റു നിന്നു പറഞ്ഞു.

“സജീവാ… പെട്രോൾ ടാങ്ക് തൊറന്ന് അഞ്ചാറ് പ്രാവശ്യം ഊത്യാ മതീടാ. ഒക്കെ നേര്യാവും!”

സജീവൻ വണ്ടിയിൽ നിന്നിറങ്ങി. ഏതാനും തവണ കിക്ക് ചെയ്തിട്ടും ശരിയാകാത്തതിനാൽ ഊതാൻ തയ്യാറെടുത്തു. പക്ഷേ ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിക്കുമ്പോൾ ഒരു ബൈക്കിന്റെ ശബ്ദം അടുത്തു വരുന്നതായി തോന്നി. നിമിഷങ്ങൾക്കുള്ളിൽ എസ് ഐ വേണു വെറുതെവിട്ട ‘പരുന്ത്’ രംഗപ്രവേശനം ചെയ്തു. കാണികൾ ഞെട്ടി. സജീവൻ അതിലേറെ ഞെട്ടി. എസ് ഐ ചതിച്ചു. അതോ ഇവൻ വിദഗ്ദമായി ചാടിപ്പോന്നതോ? എന്തു തന്നെയായാലും ആലോചിക്കാൻ സമയമില്ല. ബെന്നി അവസാന ലാപ്പിലേക്കു പ്രവേശിക്കുകയാണ്. സജീവൻ പെട്രോൾടാങ്ക് തുറന്നു ഊതിയില്ല. പകരം ബൈക്കിൽ കയറിയിരുന്ന് ഫിനിഷിങ്ങ് ലൈനിലേക്കു ഉന്തി. അക്രമ‌ ഉന്ത്. ഉന്തുന്നതിനിടയിൽ ബൈക്ക് സ്റ്റാർട്ടാണെന്നു കാണികളെയും വിധികർത്താക്കളേയും തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം നിരന്തരം ‘ഡൂ‌ർ‌ർർ…. ഡുർർർ…” ശബ്ദം മിമിക്രിക്കാരെ വെല്ലുന്ന ഒറിജിനാലിറ്റിയിൽ പുറപ്പെടുവിച്ചു. അങ്ങിനെ വിചാരിച്ചിരുന്നതിലും കുറച്ചു വൈകി റേസിങ്ങിൽ വിജയിയായി. എന്നിട്ടുപോലും അതൊരു റെക്കോർഡായി എന്നത് പ്രൈഡ് ഓഫ് കാതിക്കുടത്തിന്റെ പ്രാഗൽഭ്യത്തിനു അടിവരയിട്ടു.

റേസിങ്ങിന്റെ പിറ്റേന്നു ജയേഷിനെ അന്വേഷിച്ചു ആശാൻകുട്ടി വീട്ടിലെത്തി. വീട്ടുപടിക്കൽ നിർത്തിയ ഓട്ടോറിക്ഷയിൽ സജീവൻ ഉൾപ്പെടെ നാലുപേർ വേറെയുമുണ്ടായിരുന്നു. പക്ഷേ സംഘത്തിനു ജയേഷിനെ കണ്ടെത്താനായില്ല. പിറ്റേന്നും അതിന്റെ പിറ്റേന്നും പറ്റിയില്ല. ജയേഷ് വന്നത് ഒരുമാസം കഴിഞ്ഞാണ്.

കക്കാട് തേമാലിപ്പറമ്പിനു അടുത്തുള്ള വീട്ടിൽ ഉമ്മറത്ത്, നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു വിശ്രമിക്കുന്ന ആശാനു മുന്നിൽ ജയേഷ് ഹാജരായി. അപ്രതീക്ഷിതമായ ആഗമനത്തിൽ ആശാൻകുട്ടി ചൂടായി.

“നിന്റെയൊക്കെ കിണ്ടിക്ക് പ്രശ്‌നം വന്നാലേ നീ അനങ്ങൊള്ളൂ, അല്ലേ?”

“വണ്ടി കമ്പ്ലൈന്റാന്ന് ഞാൻ മുന്നേ പറഞ്ഞതല്ലേ” ജയേഷ് പതം പറഞ്ഞു. ഒപ്പം അരയിൽ നിന്ന് സിലിണ്ടർ രൂപത്തിലുള്ള ഒരു വസ്തു എടുത്ത്, ആശാന്റെ മുന്നിൽ അധികം ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ച് വച്ചു. ആശാന്റെ മുഖം പെട്ടെന്ന് പ്രസാദാത്മകമായി.

“ജയേഷെ, ഞാനൊന്നും പറഞ്ഞൂല്ല, നീയൊന്നും കേട്ടുമില്ല. പോരേ… സജീവനും കൂടി ഒന്ന് എത്തിച്ചേക്ക്. അപ്പോ എല്ലാം ശുഭം”

സജീവൻ ഇന്നും കാതിക്കുടത്തിന്റെ പ്രൈഡ് മെക്കാനിക് ആണ്. ചാലക്കുടിയിൽ സ്വന്തമായി ബൈക്ക് സർവ്വീസ് സ്ഥാപനം നടത്തിയും, സൈഡ് വർക്കായി ഇരുചക്രവാഹന വിപണിയിലെ ഇടനിലക്കാരനായും അദ്ദേഹം ശാന്തമായി ജീവിച്ച് പോകുന്നു.


16 Replies to “പ്രൈഡ് ഓഫ് കാതിക്കുടം – 2”

  1. വിഷുവിനു കാലത്തു അമ്പലക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോൾ സജീവൻ അതാ ഒരു സഞ്ചിനിറയെ പടക്കവുമായി വരുന്നു.

    എവിടന്നുകിട്ടി?

    “മാധവൻ സുനീടെ വീട്ടീന്ന് ഇന്നലെ രാത്രി പൊക്ക്യതാ”

    “ആളറിഞ്ഞോ?”

    “ഏയ്. ഇപ്പോ പൊട്ടിക്കുമ്പോ അറിയാം”

    “അത് പ്രശ്നാവില്ലേ?”

    “എവടന്ന്. രണ്ട് പേർ പിടിച്ചാലാ എണിക്കാൻ പറ്റൂ”

    “അപ്പോ സജീവൻ എഴുന്നേറ്റതോ?”

    “എന്നെ ഭാര്യേം കൊച്ചുങ്ങളും താങ്ങി!!”

    🙂
    ……

    എല്ലാ സുഹൃത്തുക്കളും വായിക്കുക.
    🙂

    എന്നും സ്നേഹത്തോടെ
    സുനിൽ ഉപാസന

  2. എല്ലായ്പോഴും,
    ഇഷ്ടപ്പെടാറുള്ള വായനകളാണ് കക്കാടിന്റെ പുരാവൃത്തങ്ങൾ നൽകിവന്നത്.
    ഇത്തവണയും. :))

  3. ഇതിരല്പ്പം വൈകി…..

    നിനക്കൊള്ള ഗുളിക ഞാൻ തരാം” പയ്യൻ കളിപ്പിക്കുകയാണ്. തികഞ്ഞ അവഹേളനം.
    സർക്കിൾ കോൺസ്റ്റബിളിനെ വിളിച്ചു. “മോഹനാ നാല് ഗുളികയെട്‌ക്ക്”

    ഹ ഹ … ചിരിച്ച് മരിച്ച്…..
    നല്ല ശൈലി

  4. രണ്ടാം ഭാഗം നന്നായിട്ടുണ്ട് ……മാധവന്‍ സുനിയേ നേരിട്ട് കണ്ടാല്‍ ഒരു കഥയ്ക്കുള്ള തുമ്പ്
    കിട്ടും ..ഉറപ്പ്‌…

  5. രണ്ടാം ഭാഗം നന്നായിട്ടുണ്ട് ……മാധവന്‍ സുനിയേ നേരിട്ട് കണ്ടാല്‍ ഒരു കഥയ്ക്കുള്ള തുമ്പ്
    കിട്ടും ..ഉറപ്പ്‌…

  6. ബിനേഷ് ഭായ് (അനോണി):

    മാധവൻ സുനി ഒരു കഥയുടെ തുമ്പല്ല ഭായ്. ഒരുപാടുണ്ട് പുള്ളിയെപ്പറ്റി എഴുതാൻ. ആശാൻകുട്ടിയും തമ്പിയും കഴിഞ്ഞാൽ കൂടുതൽ ടെറീഫിക് പേഴ്സണാലിറ്റി അദ്ദേഹത്തിന്റേതാണ്. വരും കഥകൾ മാധവൻ സുനി ഉണ്ടാകും.
    🙂

    സുനിൽ ഉപാസന

  7. …കൊള്ളാം, വിവരണം നീണ്ടുപോയെങ്കിലും അനുഭവം നന്നായിരിക്കുന്നു. ഇതിനുമുമ്പുള്ള പല പോസ്റ്റിന്റേയും തുടർച്ചയായിക്കാണേണ്ടിവരുന്നു. നല്ല ശൈലിയിൽ എഴുതിയതിന് ഭാവുകങ്ങൾ….

  8. നന്നായിട്ടുണ്ട്,
    വരുന്ന ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
    ഫോണ്ട് വലിപ്പം അല്പം കൂട്ടിയാല്‍ നന്നായിരുന്നു.

  9. Aroopan:

    There is a technique to enlarge letters. Ie, Press down “Crtl” key and (without releasing 'Ctrl' key) press “+” key, once or twice or thrice depending on your comfortability.

    Thanks.

  10. ആശംസകള്‍
    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

അഭിപ്രായം എഴുതുക