സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങൊവർ വിട്ടുപോകാതെ, കൃസ്‌മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി ശിവപ്രസാദ് കൈകൊട്ടി വിളിച്ചു.
“ഇവടെ വാടാ അഖീ”
കോനുപറമ്പൻ പോളിയുടെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്കു പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരിപിള്ളേരെ ഒന്നിച്ചുകൂട്ടി, അവരിൽ ഒത്തൊരുമ ബോധം കുത്തിവച്ച്, ന്യൂഇയർ സംഘമായി പോകാറുള്ളവൻ. എല്ലാവീട്ടിലും കയറി ഡാൻസു കളിച്ച് കാശുവാങ്ങും. ഇന്നലേയും ന്യൂഇയറിനു പോയത് ആശാൻകുട്ടി കണ്ടിരുന്നു.
അഖിൽ മതിലിനു അരികിലെത്തി. ആശാൻ ചോദിച്ചു.
“ന്യൂഇയറിനു പോയിട്ടു എത്ര കാശുകിട്ടീടാ?”
“നൂറു രൂപ”
ആശാൻ കാർക്കിച്ചുതുപ്പി. “ഛായ്, ആർക്കുവേണടാ ഈ നക്കാപ്പിച്ച. ഒരുരാത്രി മുഴ്വോൻ നെരങ്ങീട്ട് നൂറ് രൂപ്യേ”
“ആട്ടെ നിനക്കെത്ര കിട്ടി?”
അഖിൽ അസ്വസ്ഥത ഭാവിച്ചു. “അതല്ലേ പറഞ്ഞേ. നൂറു രൂപാന്ന്”
“നിനക്കൊറ്റക്കു നൂറോ!. അപ്പോ എത്രാള്ണ്ടായിരുന്നു ഗ്യാങ്ങില്”
“എട്ട്”
ആശാന്റെ കണ്ണുതള്ളി. “അയ്യോ, എണ്ണൂറ്!”
“ആ ഏതാണ്ട് അത്രേം”
ആശാൻ പരിതപിച്ചു. “എന്നേങ്കൂടി വിളിക്കാര്ന്നില്ലേടാ അഖീ”
“വിളിക്കാന്ന് വിചാരിച്ചതാ. പക്ഷേ സാഗറു പറഞ്ഞു വേണ്ടാന്ന്”
‘അതെന്തേ?”
“പ്രസാദേട്ടൻ കാശുമക്കി ബിയറു കുടിക്കൂന്ന് അവൻ പറഞ്ഞു”
ആശാനു ദേഷ്യം വന്നെങ്കിലും മനസ്സിൽ പറഞ്ഞു. ദീർഘജ്ഞാനിയാണ്. നല്ലതു വരട്ടെ.
അഖിൽ അറിയിച്ചു. “വാളൂർ സ്കൂൾഗ്രൌണ്ടീ ബൈക്ക് റേസിങ്ങ് നടത്താൻ പോണ കാര്യം പ്രസാദേട്ടൻ അറിഞ്ഞാ”
മര്യാദാമുക്കിൽ അപ്പോൾ കൂടിയിരുന്ന എല്ലാവർക്കും അതു പുതിയ അറിവായിരുന്നു. ആശാൻ മുന്നോട്ടാഞ്ഞു. “റേസിങ്ങോ!”
“അതേന്ന്. ഗ്രൌണ്ട് ബോയ്‌സാ നടത്തണെ”
വാളൂർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്‌ബാളും ക്രിക്കറ്റും കളിക്കുന്നവരാണ് ‘ഗ്രൗണ്ട് ബോയ്സ്’ എന്നും, ചിലപ്പോൾ ‘ഗ്രൗണ്ട് ബ്രദേഴ്‌സ്’ എന്നും അറിയപ്പെടുന്നത്. എല്ലാവരും വാളൂരിലും സമീപപ്രദേശങ്ങളിലും ഉള്ളവരാണ്. ക്രീഢാവിനോദങ്ങൾക്കു പുറമെ ഗ്രൗണ്ടിലെ മോറൽ പോലീസിങ്ങും ഇവരുടെ ചുമതലയാണ്. രാത്രിയിൽ ഗ്രൗണ്ടിലിരുന്നു ‘മിനുങ്ങാൻ’ വരുന്നവരെ അടിച്ചോടിക്കുക, വിശാലമായ മൈതാനത്തു ടുവീലർ ഓടിക്കുന്നതു പഠിക്കാൻ വരുന്നവരെ നിരുൽസാഹപ്പെടുത്തി തിരിച്ചയക്കുക… എന്നിവയൊക്കെ ഇവരുടെ പരിധിയിൽ കാര്യങ്ങളാണ്. മൈതാനത്തിന്റെ ഉടമസ്ഥനായ ചങ്ക്രമത്ത് ശശിയുടെ എല്ലാ ആശീവാദവും ഗ്രൗണ്ട് ബോയ്‌സിനുണ്ട്.
ആശാൻ ചോദിച്ചു. “റേസിങ്ങ് നടത്താൻ മാത്രൊള്ള സൌകര്യൊന്നും ഗ്രൗണ്ടിലില്ലല്ലാ”
“ഗ്രൌണ്ട് മാത്രല്ലാ, അന്നമനട കാടുകുറ്റി വൈന്തല ഒക്കെ കവർ ചെയ്യും”
സംഭാഷണം ഇത്രയുമെത്തിയപ്പോൾ കക്കാടിലെ റാഷ് ഡ്രൈവർ പ്രഭാകരേട്ടൻ ലൂണയിൽ മന്ദം മന്ദം വന്നു. ലൂണ എവിടെ പോകുന്നോ അവിടെയൊക്കെ ഹിറ്റാണ്.
ആശാൻ വിളിച്ചു പറഞ്ഞു. “പ്രഭാകരേട്ടാ. വാളൂർ സ്കൂൾഗ്രൌണ്ടീ ബൈക്ക് റേസിങ്ങ് നടത്താൻ പോണൂന്ന്”
ആഗതൻ ചിന്തയിലാണ്ടു. “ലൂണക്കും പങ്കെടുക്കാമ്പറ്റോ പ്രസാദേ?”
“പിന്നല്ലാണ്ട്. പ്രഭാകരേട്ടൻ ഈ ചാൻസ് വിട്ട് കളയര്ത്. നമക്ക് കലക്കണം”
“നീയൊക്കെ കൂടെനിന്നാ….. ഞാനും എറങ്ങാം”
“എന്നാ പ്രഭാകരേട്ടൻ വിട്ടോ. ഞങ്ങ അറിയിക്കാം”
ആശാൻ മര്യാദാമുക്കിലുള്ള എല്ലാവരോടുമായി പറഞ്ഞു. “ഞാൻ പങ്കെടുത്താലോന്ന് ആലോചിക്കാണ്”
നവിച്ചൻ ചോദിച്ചു. “അതെങ്ങനാ ആശാനേ. വണ്ടി ഓടിക്കണങ്കീ നിനക്ക് രണ്ടെണ്ണം അടിക്കണ്ടേ?”
ആശാൻ നയം വ്യക്തമാക്കി. ”രണ്ടെണ്ണം അടിച്ചിട്ടേ ഞാനെന്തും ചെയ്യൂ”
“മൽസരക്കമ്മറ്റി സമ്മതിക്കില്ല”
ആശാൻകുട്ടി ചൊടിച്ചു. “എന്തൂട്ടിന്. അടിക്കാനാ?”
“അല്ല. അടിച്ചട്ട് വണ്ട്യോടിക്കാൻ”
“എന്നാപ്പിന്നെ വേറാരേങ്കിലും എറക്കാം”
“മതി”
വിഷയം ലാഘവത്വത്തോടെയാണ് പുരോഗമിച്ചതെങ്കിലും ക്രമേണ ആരെയെങ്കിലും കളത്തിലിറക്കണമെന്ന അഭിപ്രായം പ്രബലമായി.
ബൈക്ക് റേസിങ്ങിനു പറ്റിയ ഒരുപാടു പിള്ളേരുള്ള സ്ഥലമാണ് ചെറുവാളൂരും വാളൂരും. അന്നമനടയിൽനിന്നു കൊരട്ടിയിലെത്താൻ ഇവന്മാർ രണ്ടുമിനിറ്റേ എടുക്കുള്ളൂ. ചിലർ ഇടത്തരം റേസിങ്ങ് ടൂർണമെന്റുകളിൽ പങ്കെടുത്തു പരിചയമുള്ളവരാണ്. വിജയിക്കലും അപൂർവ്വമല്ല. ഈ വിധ കാണങ്ങളാലാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഡ്രൈവിങ്ങ് രംഗത്തു ചെറുവാളൂരിനെ അപേക്ഷിച്ച് കക്കാടിൽ എടുത്തുപറയാൻ മാത്രം ആരുമില്ല. കൂടിവന്നാൽ ഒരു നവീൻ. ആക്സിഡന്റുകൾ തുടർക്കഥയായതോടെ അദ്ദേഹം ബൈക്ക് വിറ്റു. ‘നടരാജ’യിലായി പിന്നീടുള്ള യാത്രകൾ. റേസിങ് ടൂർണമെന്റിൽ ആരെയിറക്കണം എന്ന കാര്യത്തിൽ മര്യദാമുക്കിലെ കൂടിയാലോചന പിന്നേയും നീണ്ടു. ഒടുക്കം ‘പ്രൈഡ് ഓഫ് മഡോണ’, ‘പ്രൈഡ് ഓഫ് ബജാജ്’ എന്നീ ഇരട്ടഖ്യാതികളുള്ള കാതിക്കുടത്തെ സജീവന്റെ പേരിൽ എല്ലാവരും ധാരണയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട വിവരം അദ്ദേഹത്തെ അറിയിക്കാൻ ആശാൻകുട്ടിയെ ചുമതലപ്പെടുത്തി.
കാതിക്കുടം ഓസീൻ കമ്പനിക്കടുത്തു, ശങ്കരേട്ടന്റെ റേഷൻകടക്കു സമീപം താമസിക്കുന്ന മൊതയിൽവീട്ടിൽ സജീവൻ എന്ന ‘ബജാജ് സജീവൻ’ ചാലക്കുടിയിലെ പ്രശസ്തമായ ബജാജ് ഓട്ടോസർവീസ് സെന്ററിലെ ചീഫ് മെക്കാനിക്കാനിക്കാണ്. നാട്ടിലും പുറത്തും ഇദ്ദേഹം അറിയപ്പെടുന്നത് ‘പ്രൈഡ് ഓഫ് മഡോണ’ എന്ന പേരിലാണ്. പ്രസ്തുതനാമം ഒരു പുരസ്കാരമാകുന്നു. സമ്മാനിച്ചത് മറ്റാരുമല്ല, ബജാജ് മോട്ടോർസിന്റെ ഉടമ സാക്ഷാൽ രാഹുൽ ബജാജ് തന്നെ. രണ്ടുപേരും തമ്മിൽ അടിമ – ഉടമ ബന്ധമേയുള്ളൂ എന്ന തെറ്റിദ്ധാരണയൊക്കെ തകർത്താണ് ഒരുദിവസം മഡോണ ഓഫീസിലേക്കു രാഹുൽജിയുടെ വിളി വരുന്നത്. തത്സമയം സജീവൻ ജാക്കിയിലുയർത്തിയ ജീപ്പിനടിയിൽ തലതിരുകി ഉറങ്ങുകയായിരുന്നു. പ്രത്യക്ഷത്തിൽ ജോലിയിലും സത്യത്തിൽ ഉറക്കത്തിലും വ്യാപൃതൻ.
ടെലഫോണിലൂടെ പ്രവഹിച്ച അനർഗളമായ ഹിന്ദിയിൽ സജീവൻ പതറിയില്ല. നേരിട്ട എല്ലാ ചോദ്യങ്ങൾക്കും ‘അച്ചാ ഹൈ’ എന്നും ‘അച്ചാ നഹി ഹൈ’ എന്നുമുള്ള രണ്ടേരണ്ടു ഉത്തരങ്ങളാൽ മറുപടി പറഞ്ഞു. ചില കാര്യങ്ങൾ ഹിന്ദിയിൽ അങ്ങോട്ടും ചോദിച്ചു. അതോടെ രാഹുൽജി പത്തിമടക്കി. സംഭാഷണം നിർത്തി. ആകാംക്ഷഭരിതരായി ചുറ്റും കൂടിയവരെ സജീവൻ കാര്യമറിയിച്ചു. മഡോണ സർവ്വീസ് സെന്ററിൽ മെക്കാനിക്കായി സേവനം തുടങ്ങിയിട്ടു ഇന്നേക്കു പത്തുവർഷം തികയുകയാണെന്നും, ഈ അവസരത്തിൽ രാഹുൽജി ‘പ്രൈഡ് ഓഫ് മഡോണ’ പുരസ്കാരവും, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത പുതിയമോഡൽ ബൈക്കും സമ്മാനിക്കാൻ തീരുമാനമെടുത്തതായും സജീവൻ പറഞ്ഞു. പുതിയമോഡൽ ബൈക്കിനു തന്റെ ബഹുമാനാർത്ഥം ‘ബജാജ് സജീവ്’ എന്നു നാമകരണം ചെയ്യണമെന്ന അഭ്യർത്ഥന രാഹുൽജി അംഗീകരിക്കാൻ ഇടയുണ്ടെന്നും സജീവൻ കൂട്ടിച്ചേർത്തു.
മഡോണ ഗാരേജിന്റെ മുതലാളി പറഞ്ഞു. “നിനക്കിപ്പോ എന്തിനാ സജീവാ ബൈക്ക്? എല്ലാ ദെവസോം ഇവടന്ന് ഏതെങ്കിലും വണ്ടീം കൊണ്ടല്ലേ രാത്രി വീട്ടീപ്പോണെ”
സജീവൻ നെറ്റിചുളിച്ചു. “അതോണ്ട് ?”
“അതോണ്ട് രാഹുൽജി തരണ പുതിയ ബൈക്ക് മഡോണക്ക്. നിനക്ക് ഇവടത്തെ ബൈക്ക്”
സജീവൻ ഉടൻ രാജിയെഴുതി ഒപ്പിട്ടു കൊടുത്തു. ‘പ്രൈഡ് ഓഫ് മഡോണ’ രാജി വക്കുകയോ!. അസാധ്യം. മുതലാളി അയഞ്ഞു. ഒരാഴ്ചക്കുള്ളിൽ പുതിയമോഡൽ ബൈക്ക് സജീവന്റെ വീട്ടിലെത്തി.
മൊതയിൽവീട്ടിൽ ഭാസ്കരന്റെ രണ്ടു ആണ്മക്കളിൽ രണ്ടാമനാണ് സജീവൻ. പത്തെണ്ണമായാലും പോറ്റാൻ ത്രാണിയുണ്ടായിരുന്ന ഭാസ്കരേട്ടൻ മക്കൾ രണ്ടുമതിയെന്നു തീരുമാനിച്ചു. ആദ്ദേഹത്തിന്റെ ഈ തീരുമാനം പിന്നീട് ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുക്കുന്നതാണ് കാതിക്കുടം ദേശക്കാർ കണ്ടത്. ഒന്നുതൊട്ടു ഏഴുവരെ കാതിക്കുടം യുപി സ്കൂളിലും അതിനുശേഷം വാളൂർ ഹൈസ്കൂളിലും പഠിച്ച സജീവനു എസ്എസ്എൽസിക്കു കിട്ടിയ മാർക്ക് കൃത്യം ഇരുന്നൂറ്റിപ്പത്തായിരുന്നു. എന്നിട്ടും ചാലക്കുടി ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ പ്രവേശനം ലഭിച്ചത് ഐടിഐയുടേയും കാതിക്കുടത്തിന്റേയും ചരിത്രത്തിലെ ഒന്നാമത്തെ വിസ്മയമാണ്. മെഷിനിസ്റ്റ് ട്രേഡിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സജീവനെ കാമ്പസ്ഇന്റർവ്യൂവിൽ ചാലക്കുടിയിലെ മഡോണ ഗാരേജുകാർ കൊത്തിക്കൊണ്ട് പോയത് രണ്ടാമത്തെ വിസ്മയവും ആകുന്നു. മഡോണ ഗാരേജിൽ വണ്ടികഴുകിയും പെയിന്റടിച്ചും സേവനം ആരംഭിച്ച സജീവന്റെ രാശി തെളിയുന്നത് ഇരുചക്രവാഹനങ്ങളുടെ വില്പനയിൽ ഇടനിലക്കാരനായി പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ്. ഒരു കൊല്ലത്തിനുള്ളിൽ ചാലക്കുടിക്കു ചുറ്റും പത്തുകിലോമീറ്റർ വ്യാസത്തിലൊരു വൃത്തം വരച്ചാൽ ആ വൃത്തത്തിലുള്ളവർക്കെല്ലാം ഇരുചക്രവാഹങ്ങളുടെ ക്രയവിക്രയങ്ങൾക്കു സജീവൻ മതിയെന്ന നിലയായി. ചുരുക്കിപ്പറഞ്ഞാൽ സെക്കന്റ്ഹാൻഡ് വാഹനവിൽപനയുടെ കുത്തക സജീവൻ & പാർട്ടിയുടെ കയ്യിൽ. സജീവനുവേണ്ടി എല്ലായിടത്തും ഏജന്റുമാർ പ്രവർത്തനം തുടങ്ങി. അവർക്കു നല്ല കമ്മീഷനും ലഭിച്ചു. കസ്റ്റമേഴ്സിന്റെ ഒഴുക്ക് കൂടിയപ്പോൾ സജീവൻ വീട്ടിൽ ഓഫീസ് തുടങ്ങി. പ്രത്യേക ലെറ്റർപാഡ് തയ്യാറാക്കി അതു രജിസ്റ്റർ ചെയ്തു. അങ്ങിനെ സജീവൻ കാശുകാരനായി. ‘ബൈക്ക് വേണം സജീവാ’ എന്നുപറഞ്ഞു മിനിമം നാലു കേസെങ്കിലും ഒരാഴ്ചയിൽ അദ്ദേഹത്തെ തേടിയെത്തും. ഒരു കേസിനു കമ്മീഷൻ അഞ്ചെങ്കിലും കിട്ടും. അങ്ങിനെ നാലും അഞ്ചും ഇരുപതിനായിരം പോക്കറ്റിൽ! ഇത്തിരി കുറഞ്ഞാലും പതിനഞ്ചു നിശ്ചയമാണ്. ഇങ്ങിനെ വണ്ടിവിറ്റു കിട്ടിയ കാശുകൊണ്ടാണ് അദ്ദേഹം ഇരുനിലവീട് വക്കാൻ പ്ലാനിട്ടതും ഭാര്യാസഹോദരിയെ കനത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ചതും, കരിമ്പനക്കാവ് അമ്പലത്തിലെ ഉൽസവത്തിനു അമ്പതു രൂപ സംഭാവന ചോദിച്ചപ്പോൾ ‘ഇന്നാ മേന്‌നെ ഒരു അയ്യായിരം’ എന്നു പറഞ്ഞ് ആയിരത്തിന്റെ അഞ്ചുനോട്ടുകൾ കീറിക്കൊടുത്ത് സജീവൻ മുതലാളി എന്ന് പലരെക്കൊണ്ടും വിളിപ്പിച്ചതും!.
ആശാൻകുട്ടി ബൈക്ക്റേസിങ്ങ് കാര്യം പറയാൻ ചെല്ലുമ്പോൾ സജീവൻ അയൽവാസിയായ മാധവൻ സുനിയുടെ ഹോട്ടലിൽ ചോറുവച്ച ചെമ്പുകഴുകുകയായിരുന്നു. കഷ്‌ടി അഞ്ചടിപൊക്കമുള്ള സജീവൻ തന്റെയത്രയും വലിപ്പമുള്ള ചെമ്പ് കഴുകുന്നത് കാണേണ്ട കാഴ്ചയാണ്. ചെമ്പിന്റെ ഒരറ്റത്തു രണ്ടുകാലും ആവുന്നത്ര അകത്തിവക്കും. കൈകൾ ചെമ്പിന്റെ എതിർഭാഗത്തു പിടിക്കും. കൈകളുടേയും കാലുകളുടേയും സ്ഥാനം ഏകദേശം ഗുണനചിഹ്നം പോലെയായിയിരിക്കും. ഈവിധം കമിഴ്ന്നു കിടന്നു, ഒരു കൈ ആവശ്യാനുസാരം ഉപയോഗിച്ചാണ് ചെമ്പു കഴുകുക. അതീവശ്രമകരമായ ഈ ജോലിചെയ്യാൻ അദ്ദേഹത്തിനു സന്തോഷമേയുള്ളൂ.
ആശാൻകുട്ടി ചെമ്പിന്റെ അടുത്തുചെന്നു. “സജീവാ നീയിങ്ങട് വന്നേ. ഒരു കാര്യം പറയാന്ണ്ട്”
സജീവൻ എഴുന്നേറ്റു. കൈലിയിൽ കൈതുടച്ചു. ആശാൻകുട്ടിയുടെ അടുത്തെത്തി. എന്തോ പന്തികേട് പോലെ. ആശാനെ ആകെ ഉഴിഞ്ഞുനോക്കി ചോദിച്ചു.
“നീ വീശീണ്ടല്ലേ?”
“പുതുവർഷല്ലേ സജീവാ. അപ്പോ ഒന്ന് മിനുങ്ങി”
“ശവീ. എന്നട്ട് ഒരു തുള്ളി എനിക്ക് കൊണ്ടന്നാ. അതില്ല” സജീവൻ വികാരത്തിനു അടിമപ്പെട്ടു. “നിനക്കൊക്കെ എന്നോട് വല്ല സ്നേഹണ്ടാ. അല്ല നീ പറ….. സ്നേഹണ്ടാ?”
കൈപ്പടം പരത്തി നെറ്റിയിൽവച്ച്, സമീപമുള്ള മരത്തിൽചാരി, ആശാൻകുട്ടി ദുഃഖിതനായി.
സജീവൻ തുടർന്നു. “ഇവടൊരുത്തൻ കാലത്തുമൊതൽ ചെമ്പും പാത്രോം കഴുകി വയ്യാണ്ടിരിക്കണ്”
അശാൻകുട്ടി സജീവന്റെ കൈത്തലം ഗ്രഹിച്ചു. “പറ്റിപ്പോയി സജീവാ. ഒക്കെ പറ്റിപ്പോയി. ഇന്ന് വൈന്നേരം മുഴ്വോൻ നമ്മള് മധുരേലാണ്”
സജീവന്റെ മുഖം തെളിഞ്ഞു. “ഏറ്റോ?”
“അമ്മയാണെ, അച്ചനാണേ, അയ്യങ്കോവ് ശാസ്താവാണെ സത്യം. ഞാനേറ്റു സജീവാ. നീ വാ പറയട്ടെ”
ആശാൻകുട്ടി ചുരുങ്ങിയ വാക്കുകളിൽ കാര്യം ധരിപ്പിച്ചു. റേസിങ്, ‘മര്യാദക്കാരുടെ’ തീരുമാനം, അങ്ങിനെയങ്ങിനെ. എല്ലാം കേട്ടുകഴിഞ്ഞു സജീവൻ ചോദിച്ചു.
“അപ്പോ എനിക്കെന്ത് കിട്ടും?”
“ഒരു ഫുള്ള്”
“എപ്പോ?”
“ഇന്ന് വൈന്നേരം”
“അതല്ല ഞാഞ്ചോദിച്ചേ. റേസിങ്ങീ പങ്കെടുത്താ എനിക്കെന്ത് കിട്ടൂന്ന്?”
ആശാൻകുട്ടി ചൂടായി. “ഉണ്ട”
“അങ്ങനെ പറഞ്ഞാ പറ്റ്വോ ആശാനേ. എന്തേലും തടയാണ്ട് എന്തോന്ന് മൽസരം”
“മൽസരത്തീ ജയിച്ചാ മൂവായിരം രൂപേം രണ്ട് താറാവിനേം ഒരുകുപ്പി കള്ളും കിട്ടും. അതുപോരേ?”
“പോരാ”
“എന്നപ്പിന്നെ നമക്ക് കാണാം. കക്കാടീന്ന് ഒരു വണ്ടിക്കേസും നിനക്കിനി കിട്ടൂന്ന് കര്തണ്ട. വാളൂരിലേം ഞാൻ മൊടക്കും. ഫലം നീ തെണ്ടും”
ആശാൻകുട്ടി ഭിക്ഷക്കാരെപോലെ കൈനീട്ടി രംഗം ആവിഷ്കരിച്ചു. അതുകണ്ടു സജീവൻ പതറി. സ്വയം തെണ്ടുന്നത് ഭാവനയിൽ സങ്കൽപിച്ചു നോക്കി. ഹോ ഭയങ്കരം. ആശാൻകുട്ടിക്കു നാട്ടിലും പുറത്തും അപാരപിടിയാണ്. പിണക്കിവിട്ടാൽ സെക്കന്റ്ഹാൻഡ് വണ്ടിക്കച്ചവടം എപ്പോൾ പൊട്ടിയെന്നു ചോദിച്ചാൽ മതി. ഒരുപാട് കാശുപോകുന്ന കാര്യം ഓർത്തപ്പോൾ സജീവൻ തോൽവി സമ്മതിച്ചു.
“ഞാനൊരു നമ്പറിട്ടതല്ലേ ആശാനേ. നീയത് കാര്യാക്ക്യാലോ?”
”നിന്റെ നമ്പറോള് എനിക്കറീല്ലേടാ”
സജീവൻ ഒന്നാലോചിച്ചു. “ഞാനെറങ്ങാം ആശാനേ. ഏറ്റു. പക്ഷേ എന്റെ വണ്ടിയത്ര പോര. റേസിങ്ങീ അതുംകൊണ്ട് പങ്കെടുക്കാൻ പറ്റില്ല”
“വണ്ടി നമക്ക് ജയേഷിനോട് ചോദിക്കാം”
പിറ്റേന്ന് രണ്ടുപേരും മേലാപ്പിള്ളി ജ്വല്ലറിവർക്ക്‌സിലെ ജയേഷിനെ പോയികണ്ടു
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അയ്യങ്കോവ് ശാസ്താവിന്റെ ഉൽസവം ഏപ്രിൽ 4, 5 തീയതികളിൽ.
🙂
എന്നും സ്നേഹത്തോടെ
സുനിൽ ഉപാസന
ആദ്യഭാഗം പതിവു പോലെ മനോഹരം. ബാക്കി കൂടി പെട്ടെന്നു പോരട്ടെ.
ആശംസകള്!!!
🙂
good one..
ബാക്കീം പോരട്ടെ, ബാക്കിക്ക് ഒരു മെയിലിട്ടാല് സൌകര്യമായിരിക്കും
സൂപ്പര്.. ബാക്കി വരട്ടെ മച്ചൂ…
ആദ്യഭാഗം നന്നായിരിക്കുന്നു. ബാക്കി ഭാഗം വരട്ടെ.
🙂
വിഷു ആശംസകള്
വായിച്ചു വന്നപ്പോ തീർന്നു പോയി…..അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിയ്ക്കു.