ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



കെ.ആർ പുരം ടിൻഫാക്‌ടറി ജംങ്‌ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ചു, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപ ഭിക്ഷ നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ചു അക്കാലത്തു എന്നെ കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെ സംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു.

  1. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ടു രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ.
  2. എനിക്കു ജോലിയില്ല.
  3. എന്റെ പക്കൽ ചുരുങ്ങിയ തുകയേയുള്ളൂ.

കാരണങ്ങൾ ഇനിയുമുണ്ടെങ്കിലും മേൽപറഞ്ഞ മൂന്നെണ്ണമാണ് മുഖ്യം. ഇപ്പോൾ വേറെയൊന്നു കൂടി സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ എന്റെ ഉദാരമനോഭാവത്തിന്റെ വൈവിധ്യവും, വിചിത്രതയും പിടികിട്ടുകയുള്ളൂ. കാര്യമിതാണ്. ഞാൻ അമ്പതുരൂപ ഭിക്ഷ കൊടുത്ത യാചകനു പ്രത്യക്ഷത്തിൽ യാതൊരു അവശതയും ഉണ്ടായിരുന്നില്ല. അധികം പൊക്കമില്ലാത്ത ഇരുനിറക്കാരനാണ് കഥാപാത്രം. അത്യാവശ്യം തടിയുണ്ട്. നല്ല ആരോഗ്യം ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന അദ്ദേഹത്തിനു ശാരീരിക അവശതകളുണ്ടെന്നു കരുതാൻ തീർത്തും പ്രയാസമാണ്. ബുദ്ധിജീവികൾക്കു ഇണങ്ങുന്ന ഊശാൻതാടിയാണ് മറ്റു യാചകരിൽനിന്നു ഇദ്ദേഹത്തെ വേർതിരിക്കുന്ന മറ്റൊരു ഘടകം.

ഇനി ടിൻഫാക്ടറി ജം‌ങ്ഷനെ പറ്റി കുറച്ചു കാര്യങ്ങൾ. ബാംഗ്ലൂരിലെ പേരും പെരുമയുമുള്ള ജംങ്ഷനുകളിൽ ടിൻഫാക്‌ടറി ജംങ്ഷൻ പെടുന്നില്ല. പക്ഷേ യാത്രക്കാരുടേയും വാഹനങ്ങളുടേയും തിരക്ക് പരിഗണിച്ചാൽ നഗരത്തിലെ പ്രധാനപ്പെട്ട ജം­ങ്ഷനുകളിൽ ഒന്നായിത്തന്നെ ഇതുണ്ടാകും. ഹെബ്ബാൽ, സിൽക്ക് ബോർഡ്, ഇന്ദിരനഗർ, കെ.ആർ പുരം, വൈറ്റ്‌ഫീൽഡ് എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹബ്ബാണ് ഈ ജംങ്ഷൻ. കൂടാതെ കോലാർ ജില്ലയിലേക്കും അന്ധ്രയിലെ കഡപ്പയിലേക്കുമുള്ള പ്രധാനപാത ഈ ജംങ്‌ഷനിലൂടെ കടന്നുപോകുന്നു. ദിവസവും പതിനായിരക്കണക്കിനു ആളുകൾ വന്നുപോകുന്ന സ്ഥലം. ഇവിടെ പ്രത്യേകമായി രൂപകല്പന ചെയ്ത ഇരുമ്പുസ്പാനുകൾ കൂട്ടിയോജിപ്പിച്ച്, മേൽപ്പാലം സ്ഥാപിച്ചത് അടുത്ത കാലത്താണ്. ഉൽഘാടനം സ്ഥലം എംഎൽഎ നിർവഹിച്ചു. ഈ ഉൽഘാടനമാണ് നമ്മുടെ കഥാപാത്രമായ യാചകനെ പ്രശസ്തിയിലെത്തിച്ചത്. സംഭവം ഇനി പറയുന്നവിധം നടന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ഉൽഘാടനദിവസം രാവിലെ തന്നെ മേൽപ്പാലവും പരിസരവും കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ടു. എങ്ങും ജനസാഗരം. മേൽപ്പാലം ടിൻഫാക്ടറി ജംങ്ഷനടുത്തുള്ള സമീപവാസികളുടേയും, യാത്രക്കാരുടേയും മാത്രം സ്വപ്നമല്ലായിരുന്നു. യാചകരുടേയും കൂടി ചിരകാലാഭിലാഷമായിരുന്നു. എം.എൽ.എ നാടമുറിച്ചു ഉൽഘാടനം ചെയ്തശേഷം മേൽപ്പാലത്തിലൂടെ നടക്കാൻ ആരംഭിച്ചു. നാലഞ്ച് ചുവടുകൾ മുന്നോട്ടുവച്ചതേയുള്ളൂ. ഉടനെ നമ്മുടെ കഥാപാത്രം എം.എൽ.എയേയും സംഘത്തേയും വെട്ടിച്ചു മുന്നോട്ടുകുതിച്ചു. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്തു എത്തിയപ്പോൾ നിന്നു. അവിടെ വെയിലെത്താത്ത, സൗകര്യപ്രദമായ ഒരിടത്തു തോർത്തുമുണ്ട് വിരിച്ചു ഭിക്ഷ ചോദിക്കാനിരുന്നത്രെ. മുൻകൂട്ടിയുള്ള സീറ്റുപിടുത്തം. എം.എൽ.എ കടന്നുപോയപ്പോൾ യാചകൻ ‘സാറേ വല്ലതും തരണേ’ എന്നു ആവശ്യപ്പെടുകയും, ദയവാനായ ജനപ്രതിനിധി പത്തുരൂപ കൊടുത്തെന്നുമാണ് ഐതിഹ്യം. ഇത്രയുമാണ് ടിൻഫാക്‌ടറി ജംങ്ഷനും, മേൽപ്പാലവും, യാചകനും തമ്മിലുള്ള പരസ്പരബന്ധം. ഇവർക്കിടയിലേക്കാണ് തൊഴിലന്വേഷകനായി ഞാനെത്തുന്നത്.

മേൽപ്പാലത്തിൽ മൂന്നുദിവസം തുടർച്ചയായി ആരോഗ്യദൃഢഗാത്രനായ യാചകനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ശാരീരികന്യൂനത എന്താണെന്നറിയാൻ എനിക്കു ആകാംക്ഷയായി. ഷർട്ടിലോ ശരീരത്തിലോ അധികം അഴുക്കുകൾ കാണാറില്ല. തലമുടി ജട പിടിച്ചിട്ടില്ല. ചില്ലറയിടാൻ വിരിച്ച തുണിയിലല്ലാതെ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ഒരു കീറൽ പോലുമില്ല. മറ്റു യാചകരെല്ലാം മദ്ധ്യവയസ്കനേക്കാളും പ്രായമുള്ളവരാണ്. ദയനീയത എല്ലാവരിലും ദൃശ്യവുമാണ്. അവർ വഴിയാത്രക്കാരോടു മര്യാദയോടെ കൈത്തലം നീട്ടി ഭിക്ഷചോദിക്കുമ്പോൾ, നമ്മുടെ കഥാപാത്രം അനുവർത്തിക്കുന്നത് വന്യമായ രീതിയാണ്. എല്ലാ കാൽനടയാത്രക്കാർക്കു നേരെയും മൂന്നുതവണയെങ്കിലും കൈകൾ വികലമായി ചലിപ്പിച്ചു ഇരക്കും. പ്രായം കുറഞ്ഞവരുടെ കാലുപിടിക്കാൻ ആയുന്നതു സ്ഥിരം അടവാണ്. മൂന്നുദിവസം ഞാൻ ഇദ്ദേഹത്തിന്റെ ‘പ്രകടനങ്ങൾ’ കണ്ടു. നാലാമത്തെ ദിവസം നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചു. ആരോഗ്യദൃഢഗാത്രനും പ്രായക്കുറവുമുള്ള താങ്കൾ എന്തിനാണു പണിയെടുക്കാതെ ഭിക്ഷയിരന്നു ജീവിക്കുന്നത്? ഇതാണ് ഞാൻ ചോദിക്കാൻ കരുതിവച്ച ചോദ്യം.

നാലാമത്തെ ദിവസം ശനിയാഴ്ചയായിരുന്നു. മൂന്നുമണി കഴിഞ്ഞ സമയം. ഞാൻ മഡിവാളയിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ പോവുകയായിരുന്നു. റോഡിലും മേൽപ്പാലത്തിലും തിരക്കില്ലായിരുന്നു. യാചകനെ കടന്നുപോയപ്പോൾ അദ്ദേഹം എന്റെ കാലുപിടിച്ചു. അതു പ്രതീക്ഷിച്ചിരുന്നതിനാൽ ഞാൻ കാൽ പിൻവലിച്ചില്ല. യാചകനു മുന്നിൽ ഒരുകാൽ മടക്കി കുന്തിച്ചിരുന്നു. ബാംഗ്ലൂരിൽ പുതുമുഖമായതിനാൽ കന്നഡ എനിക്കറിയില്ല. ഇദ്ദേഹമാണെങ്കിൽ തമിഴനാണെന്നു തോന്നുന്നില്ല. ഹിന്ദിയും വശമുണ്ടാകാൻ സാധ്യതയില്ല. എന്നാൽപിന്നെ ഇംഗ്ലീഷിൽ തന്നെ സംസാരിക്കാമെന്നു തീരുമാനിച്ചു. ഒരുപക്ഷേ യാചകനും ഇംഗ്ലീഷ് അറിയുമായിരിക്കും. ബാംഗ്ലൂർ അല്ലേ ദേശം.

ഞാൻ ചോദിച്ചു. “വാട്ടീസ് പ്രോബ്ലം?”

എന്റെ ഊഹം ശരിയായിരുന്നു. യാചകനു ചോദ്യം മനസ്സിലായി. അദ്ദേഹം കരയാൻ തുടങ്ങി. ബുദ്ധിജീവി താടിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

“പ്രോബ്ലം…” കുറച്ചുനേരം ആലോചിച്ചശേഷം, അദ്ദേഹം ഇടതുമാറിടത്തിൽ വിരലുകൾ അമർത്തിപ്പിടിച്ചു. “….. ഹാർട്ട്. ഹാർട്ട് പ്രോബ്ലം സാർ!”

പറഞ്ഞുകഴിഞ്ഞതും ചുമച്ചു. നിലക്കാത്ത ചുമ. എന്റെ ഹൃദയം അലിഞ്ഞു. ജീവിതമെന്നത് എന്തു കോമാളിത്തരമാണ്. തികച്ചും ആരോഗ്യവാനെന്നു കരുതിയ ഒരുവനു വളരെ അപകടസാധ്യതയുള്ള ഹൃദ്രോഗം!

ചുമക്കുന്നതിനിടയിൽ യാചകൻ പുലമ്പി. “ഓപ്പറേഷൻ… ബേകു”

ഓപ്പറേഷൻ ചെയ്താൽ ശരിയാകുമെന്ന്. പ്രതീക്ഷയുടെ നാളം അണഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. യാചകനെ കാര്യമായി സഹായിക്കാൻ ഉറപ്പിച്ചു. പഴ്സ് തുറന്നു അമ്പതുരൂപ കൊടുത്തു. എല്ലാവരും ഇങ്ങിനെ സഹായിച്ചാൽ ഓപ്പറേഷനുള്ള തുക സ്വരൂപിക്കാൻ ബുദ്ധിമുട്ടില്ല. ഞാൻ കൊടുത്ത അമ്പതുരൂപ നോട്ട് യാചകൻ തിടുക്കത്തിൽ തട്ടിപ്പറിച്ചു വാങ്ങി. ഞാൻ അമ്പതുരൂപ ഭിക്ഷ നൽകുന്നതു മറ്റു യാചകർ കണ്ടിരുന്നു. അവരിൽ കൈകാലുകൾ ഇല്ലാത്തവരും, വളരെ പ്രായമായവരും ഉണ്ട്. ഞാൻ കടന്നുപോയപ്പോൾ, അവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കി. പക്ഷേ ഞാൻ ഗൗനിച്ചില്ല. ഇവിടെ ഒരുവന്റെ ഹൃദയത്തിനു, തദ്വാരാ ജീവനും, പ്രശ്നമായിരിക്കുമ്പോഴാണ് മറ്റുചിലർ കൈകാലുകൾ കാട്ടി കാശുവാങ്ങുന്നത്. സത്യത്തിൽ ഇവരെല്ലാം മദ്ധ്യവയസ്കനായ യാചകനുവേണ്ടി ഭിക്ഷ ചോദിക്കേണ്ടവരാണെന്നു എനിക്കു തോന്നി.

ഞാൻ മാരിയമ്മൻ കോവിൽ ബസ്‌സ്റ്റോപ്പിൽ എത്തി. മഡിവാളയിലേക്കുള്ള ബസ് കാത്തുനിന്നു. അപ്പോൾ യാചകൻ മേൽപ്പാലത്തിൽ നിന്നിറങ്ങി ഇന്ത്യൻഓയിലിന്റെ പെട്രോൾപമ്പ് കടന്നു, തിരക്കിട്ടു നടന്നുപോകുന്നതു കണ്ടു. പാവത്തിനു വിശക്കുന്നുണ്ടാകണം. ഭക്ഷണം വാങ്ങിക്കഴിക്കാൻ പോകുന്നതാണ്. പറ്റിയാൽ ഇനിയുള്ള ദിവസങ്ങളിലും യാചകനെ സഹായിക്കണമെന്നു ഞാൻ ഉറപ്പിച്ചു. ആ ഉദാരതയിൽ അതിരറ്റു സന്തോഷിച്ചു. പാവങ്ങളെ സഹായിക്കണം. അല്ലാതെയുള്ള ജീവിതംകൊണ്ടു, എത്ര ധനം നേടിയാലും, എന്തു ഫലം. എന്തു സംതൃപ്തി.

ഞാൻ മഡിവാളയിലെത്തി. എല്ലാ സുഹൃത്തുക്കളേയും കണ്ടു. സൊറ പറയുന്നതിനിടയിൽ മദ്ധ്യവയസ്കനെപ്പറ്റി ഞാൻ പരാമർശിച്ചു. അമ്പതുരൂപ നൽകിയ കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷമായി. അവർ എന്നെ അഭിനന്ദിച്ചു. പുകഴ്ത്തി. ഞാൻ എല്ലാം സസന്തോഷം ഏറ്റുവാങ്ങി. അന്നുരാത്രി റൂമിൽ തങ്ങാമെന്നു ഒരു സുഹൃത്ത് സൂചിപ്പിച്ചെങ്കിലും വഴങ്ങിയില്ല. എട്ടരയോടെ കെ.ആർ പുരത്തേക്കു തിരിച്ചു. തിരക്കൊഴിഞ്ഞ ഔട്ടർ‌റിങ്ങ് റോഡിലൂടെയുള്ള യാത്ര എന്നത്തേയും പോലെ ആസ്വദിച്ചു. ഒമ്പതുമണിക്കു ടിൻഫാക്‌ടറി ജംങ്ഷനിൽ എത്തി. മേൽപ്പാലത്തിൽ യാചകനെ കണ്ടില്ല. ആരുമില്ലാത്തതിനാൽ എഴുന്നേറ്റു പോയിരിക്കും. റോഡിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നു.

ഇന്ത്യൻ ഓയിലിന്റെ പെട്രോൾപമ്പും ടിൻഫാക്‌ടറിയുടെ ഗേറ്റും കടന്നു ഞാൻ നടന്നു. ഉദയനഗറിലേക്കുള്ള വഴിയിൽ പ്രവേശിച്ചു. ഇടതുവശത്തുള്ള വെങ്കടേശ്വര ബാറിനു മുന്നിൽ നല്ല തിരക്ക്. വാരാന്ത്യം ഗംഭീരമാക്കാൻ എല്ലാവരും അക്ഷമരായി ക്യൂ നിൽക്കുന്നു. അവരോടു വെറുപ്പ് തോന്നി. മദ്യപാനം എനിക്കു ഇഷ്ടമുള്ള സംഗതിയേയല്ല. ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ല. മദ്യപിക്കില്ലെന്നാണ് തീരുമാനവുമെടുത്തിരിക്കുന്നത്. ഞാൻ ക്യൂവിൽനിന്നു നോട്ടം മാറ്റി. അപ്പോഴാണ് ഉദയനഗർ പ്രവേശനകവാടത്തിന്റെ വലതുവശത്തു, ഹനുമാൻ മണ്ഢപത്തിന്റെ അരുകിൽ ഒരാൾ കുടിച്ചു പൂസായി കിടക്കുന്നതു കണ്ടത്. അരയിൽ തുണിയില്ല. വായിൽനിന്നു തുപ്പൽ ഒലിച്ചിറങ്ങുന്നു. ഞാൻ അയാളുടെ മുഖത്തു നോക്കി. ഹൃദ്രോഗിയായ യാചകൻ! അദ്ദേഹവും വാരാന്ത്യം ഗംഭീര്യമാക്കിയിരിക്കുന്നു.

ഇത്തരമൊരു നിലയിൽ യാചകനെ കാണേണ്ടിവന്നതിൽ ഞാൻ നിരാശനായി. അടുത്തുചെന്നു യാചകന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. ഉറങ്ങുകയല്ല, ലഹരിയുടെ മയക്കമാണ്. ഞാൻ തോളിൽ തട്ടിവിളിച്ചു. അഞ്ചാറു തവണ ശരീരം ഉലച്ചപ്പോൾ യാചകൻ പ്രയാസപ്പെട്ടു കണ്ണുകൾ പാതിതുറന്നു. അതും മൂന്നു സെക്കന്റ് മാത്രം. മുന്നിൽ നിൽക്കുന്ന ആളെ മനസ്സിലായപ്പോൾ യാചകൻ പെട്ടെന്നു കണ്ണടച്ചു ‘ഗാഢനിദ്ര’യിലാണ്ടു. ഞാൻ ഇശ്ചാഭംഗത്തോടെ തിരിച്ചു നടന്നു.

Read More ->  ദിമാവ്‌പൂരിലെ സർപഞ്ച്

പിറ്റേന്നു ഉച്ചയ്ക്കു ടിൻഫാക്‌ടറി ജം‌ങ്ഷനിലേക്കു പോകുമ്പോൾ ഇന്നലെ നടന്ന സംഭവത്തെപ്പറ്റി യാചകനോടു ചോദിക്കണോ എന്ന കാര്യത്തിൽ ഞാൻ തീരുമാനമെടുത്തിരുന്നില്ല. ആദ്യത്തെ ചിന്തയിൽ ഇനി യാചകനുമായി ബന്ധം വേണ്ടെന്നു തോന്നിയെങ്കിലും, ഒരു പരീക്ഷണം കൂടിയാകാം എന്ന അഭിപ്രായവും മനസ്സിലുണ്ടായി. ഒരുപക്ഷേ മദ്യപാനം ഹൃദ്രോഗികൾക്കു എത്രമാത്രം അപകടകരമാണെന്നു അദ്ദേഹത്തിനു അറിയില്ലെങ്കിലോ. എന്നാൽ സംസാരിക്കുക തന്നെ.

ഞാൻ മേൽപ്പാലത്തിൽ പ്രവേശിക്കുമ്പോൾ യാചകൻ ഇന്നലെയിരുന്ന അതേ സ്ഥാനത്തുതന്നെയുണ്ട്. ഞാൻ ശ്രദ്ധിക്കാത്ത മട്ടിൽ നടന്നു. എന്നെ അകലെവച്ചു കണ്ടതോടെ യാചകൻ ചുമക്കാൻ തുടങ്ങി. ഭയങ്കര ചുമ. വലതുകൈ കൊണ്ടു നെഞ്ച് ആസകലം ഉഴിയുകയും ചെയ്തു. ഞാൻ അടുത്തു ചെന്നു. ‘ഇന്നലെ വെള്ളമടിച്ചില്ലേ’ എന്നു ആംഗ്യത്തിൽ ചോദിച്ചു. യാചകന്റെ മുഖം വല്ലാതായി. കവിളുകൾ വിറച്ചു. ചുണ്ടുകൾ വിതുമ്പി. കണ്ണുനീർ ധാരയായി ഒഴുകി. പണ്ടുമുതലേ ആരെങ്കിലും കരയുന്നതു കാണാൻ എനിക്കു ഒട്ടും ഇഷ്ടമില്ല. ഞാൻ മൂലം ആരും കരയാൻ ഇടവരരുതേ എന്നതു പ്രാർത്ഥനയിലെ മുഖ്യഇനവുമാണ്. അതിനാൽ യാചകന്റെ ഭാവമാറ്റത്തിൽ ഞാൻ സ്തംബ്ധനായി. കരയുമെന്നു കരുതിയില്ല. വെള്ളമടിക്കാൻ എന്തെങ്കിലും കാര്യമായ കാരണം കാണും. അതൊന്നുമറിയാതെ വെറുതെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു.

ഞാൻ ഇന്നലെ ചോദിച്ച ചോദ്യം ആവർത്തിച്ചു. “വാട്ടീസ് പ്രോബ്ലം?”

യാചകൻ കരച്ചിൽ തുടർന്നു. ചുമക്കുന്നതിനും കുറവ് വരുത്തിയില്ല.

“സാർ…” യാചകൻ വിമ്മിഷ്‌ടത്തോടെ പറഞ്ഞു. “ടെൻഷൻ… ടെൻഷൻ”

ഞാൻ ആലോചിച്ചു. കാര്യം ശരിയല്ലേ. യാചകരുടെ അവസ്ഥ വളരെ മോശമല്ലേ. കിടക്കാൻ ഇടമില്ല. നേരത്തിനു കഴിക്കാൻ ഭക്ഷണമില്ല. രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ പണമില്ല. ബന്ധുക്കളില്ല. സ്വപ്നങ്ങളില്ല. ആകെക്കൂടി ഉള്ളത് ദുഃഖങ്ങൾ മാത്രം. ഒരിക്കലും ഒടുങ്ങാത്ത ദുഃഖങ്ങൾ മാത്രം. ഇതൊന്നും എന്തേ എന്റെ മനസ്സിൽ വന്നില്ല. എനിക്കു കഠിനമായ പശ്ചാത്താപം തോന്നി. യാചകനെ ആശ്വസിപ്പിക്കാൻ തോളിൽ നാലഞ്ചു തവണ തട്ടി. ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി ഹൃദ്രോഗികൾക്കു മദ്യം അതീവ അപകടകരമാണെന്നു ഞാൻ സൂചിപ്പിച്ചു. എന്റെ അറിയിപ്പിൽ യാചകൻ ഞെട്ടിയെന്നു തോന്നി. മദ്യപാനം മൂലമുള്ള മറ്റു ദോഷങ്ങളും ഞാൻ വിവരിച്ചു. യാചകൻ എല്ലാം സശ്രദ്ധം കേട്ടു അപ്പപ്പോൾ തലയാട്ടിക്കൊണ്ടിരുന്നു. എല്ലാം പറഞ്ഞു പൂർത്തിയാക്കി ഞാൻ വീണ്ടും അമ്പതുരൂപ കൊടുത്തു. കയ്യിൽ ചിലവിനുള്ള പണം കുറവായിരുന്നിട്ടും ഉദാരത എന്നെ കീഴടക്കി. യാചകൻ ആ നോട്ടും തട്ടിപ്പറിച്ചു വാങ്ങി. അഞ്ചാറു തവണ ഭയങ്കരമായി ചുമച്ച്, എനിക്കുനേരെ കൈകൂപ്പി. ഞാനതു വിലക്കി. ഇതൊക്കെ ഒരു ധർമ്മമാണ്. എല്ലാവരും അനുവർത്തിക്കേണ്ട ധർമ്മം.

വൈകുന്നേരം മാർത്തഹള്ളിയിൽനിന്നു തിരിച്ചുവരുമ്പോൾ വെങ്കടേശ്വര ബാറിനു സമീപം ഞാൻ കണ്ണോടിച്ചു. രണ്ടുപേർ കുടിച്ചു പൂസായി കിടക്കുന്നുണ്ടെങ്കിലും അതിൽ യാചകനില്ല. ഹനുമാൻ കോവിലിനു സമീപവും ചെന്നുനോക്കി. അവിടേയുമില്ല. വളരെ നന്ന്. എന്റെ ഉപദേശം ഫലിച്ചെന്നു വ്യക്തം. ഇങ്ങിനെ വേണം ആരോടും പെരുമാറാൻ. ഒരുതവണ പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുക. ദേഷ്യപ്പെടുന്നതിനു പകരം നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ്ക്കുക. ഇനിമുതൽ ഇതൊരു സമീപനരീതിയായി മാറ്റിയെടുക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വളരെ ഉപകാരപ്പെടും. ഉറപ്പ്. രാത്രിയിൽ റൂംമേറ്റായ ബ്രിജിനോടു സംസാരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടന്നകാര്യങ്ങൾ അറിഞ്ഞപ്പോൾ അവൻ എന്നെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്തില്ല. മറിച്ച്, പ്രതീക്ഷിച്ച പോലെ, നൂറുരൂപ കളഞ്ഞതിനു കുറ്റപ്പെടുത്തി. ഞാൻ അതു പൊറുത്തു. അവൻ അല്ലെങ്കിലും അങ്ങിനെയാണ്. ജീവിതത്തിലെ സമസ്യകളെപ്പറ്റി ബോധവാനല്ല.

പിറ്റേന്നു ഡയറി സർക്കിളിനടുത്തു ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉള്ളതിനാൽ ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. യോഗ്യതയുള്ള ആർക്കും പങ്കെടുക്കാമെന്നതിനാൽ ഇന്റർവ്യൂവിനു നല്ല തിരക്കുണ്ടാകും. നേരത്തെ പോയി പേരു രജിസ്റ്റർ ചെയ്താൽ ഉച്ചക്കെങ്കിലും തിരിച്ചുവരാൻ പറ്റിയേക്കും. ഇന്റർവ്യുവിനു ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഏതൊക്കെയാണെന്നു ആലോചിച്ചു ഞാൻ ഉറക്കത്തിലേക്കു വഴുതി. അൽഭുതമെന്നേ പറയേണ്ടൂ. പതിവുകൾക്കു വിപരീതമായി വെളുപ്പാൻ കാലത്തോടടുത്തു ഞാനൊരു സ്വപ്‌നം കണ്ടു. എന്നെ സംബന്ധിച്ചു വെളുപ്പിനു സ്വപ്‌നം കാണുന്നതു അത്യപൂർവ്വമാണ്. വെളുപ്പാൻ കാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ, അല്ലെങ്കിൽ വിശ്വാസം. എന്റെ കാര്യത്തിൽ ഇന്നുവരെ ആ വിശ്വാസം അക്ഷരംപ്രതി ശരിയാണ്. ഇതും അങ്ങിനെയൊന്നാകണേ എന്നു ഞാൻ ആശിച്ചു. സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരനായിരുന്നു കഥാപാത്രം. അദ്ദേഹം ടിൻഫാക്‌ടറി മേൽപ്പാലത്തിലൂടെ നടന്നുപോവുകയാണ്. എക്‌സിക്യുട്ടീവിനു യോജിക്കുന്ന ചുവടുവയ്‌പ്പുകൾ. ചെറുപ്പക്കാരൻ മേൽപ്പാലത്തിന്റെ പകുതിവരെ എത്തി. അപ്പോൾ എതിരെ വന്ന മദ്ധ്യവയസ്കൻ കൈകൂപ്പി അഭിവാദ്യം ചെയ്‌തു. തുടർന്നു അവർ തമ്മിൽ സംഭാഷണം.

ചെറുപ്പക്കാരൻ: ഹൗ ആർ യു നൗ?

മദ്ധ്യവയസ്കൻ: ഒകെ സർ.

ചെറുപ്പക്കാരൻ: ഹാർട്ട് ഹെഗെ?

മദ്ധ്യവയസ്കൻ: ആപ്പറേഷൻ ഒകെ. യെല്ലാ ഒകെ.

ചെറുപ്പക്കാരൻ ചിരിച്ചു. മദ്ധ്യവയസ്കൻ ബഹുമാനപൂർവ്വം ചെറുപ്പക്കാരന്റെ വലതുകൈത്തലം കയ്യിലെടുത്തു നെറ്റിയിൽ ചേർത്തു. ശേഷം രണ്ടുപേരും സ്വപ്നം കാണുന്ന വ്യക്തിയെ, അതായതു എന്നെ, നോക്കി ചിരിച്ചു. ചെറുപ്പക്കാരനു എന്റെ മുഖവും മദ്ധ്യവയസ്കനു ടിൻഫാക്‌ടറി ജംങ്‌ഷനിലെ യാചകന്റെ മുഖവുമായിരുന്നു!

ഞാൻ ഞെട്ടിയെഴുന്നേറ്റു. പുറത്തു വെളിച്ചം പരന്നു തുടങ്ങിയിരുന്നു. എന്റെ മുഖത്തും സന്തോഷത്തിന്റെ വെളിച്ചം പരന്നു. സ്വപ്‌നം സൂചിപ്പിക്കുന്നത് എന്താണെന്നു വ്യക്തമാണ്. ഒക്കെ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. ഞാൻ എഴുന്നേറ്റു പല്ലുതേച്ചു, കുളിച്ച് തയ്യാറായി. ഷൂലേസ് കെട്ടുമ്പോൾ ബ്രിജ് എഴുന്നേറ്റു വന്നു.

“നീയെന്താ നേരത്തെ?”

“ഇന്റർവ്യൂ ഉണ്ട്”

“ഉം. ആൾ ദ ബെസ്റ്റ്”

ഞാൻ താല്പര്യപൂർവ്വം അറിയിച്ചു. “ബ്രിജ് കുറച്ചുമുമ്പു ഞാനൊരു സ്വപ്നം കണ്ടു. ഇന്നലെ ഞാൻ കാശുകൊടുത്ത യാചകനില്ലേ. അദ്ദേഹത്തിന്റെ ഹാർട്ട് പ്രോബ്ലം മാറിയശേഷം ഞങ്ങൾ തമ്മിൽ കാണുന്നതായിരുന്നു വിഷയം”

ബ്രിജ് പൊട്ടിച്ചിരിച്ചു. കന്നഡിഗർ, തമിഴർ, തെലുങ്കർ എന്നിവർക്കു പൊതുവായ ‘ഇവനെവിടുന്നു വരുന്നെടാ’ എന്നു മലയാളീകരിക്കാവുന്ന ഒരു ‘കൈ ആഗ്യം’ ഉണ്ട്. ബ്രിജ് അതെനിക്കുനേരെ പ്രയോഗിച്ചു.

ഞാൻ റൂമിൽ നിന്നിറങ്ങി. സമയം ഏഴു കഴിഞ്ഞതേയുള്ളൂ. ഡിസംബറിലെ തണുപ്പ് ചുറ്റിലും വെളുത്തു പരന്നുകിടന്നു.. റോഡ് ഏതാണ്ടു വിജനമാണ്. ഇത്രനാൾ ദിവസേന കാലത്തും വൈകിട്ടും നടന്നുപോയ തിരക്കേറിയ റോഡാണോ ഇത്? ഞാൻ അതിശയിച്ചു. കല്യാണി ന്യൂസ്ഏജൻസിക്കു സമീപം പത്രവിതരണം ചെയ്യുന്ന പയ്യൻമാർ നിൽക്കുന്നുണ്ട്. ഉദയനഗറിൽനിന്നു മെയിൻറോഡിലേക്കു കയറുമ്പോൾ ഒരുവശത്തു ചെറിയ ആൾക്കൂട്ടം കണ്ടു. അവിടെ എത്തിച്ചുനോക്കി. പാൽവിതരണമാണ്. ഒരുവൻ കുന്തിച്ചിരുന്നു നന്ദിനിയുടെ പാക്കറ്റ്പാൽ ആവശ്യക്കാർക്കു എടുത്തു കൊടുക്കുന്നു. ചുണ്ടിലൊരു ചിരി വിരിഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് ഒരു ദുരന്തവാർത്തയാണ്. അതു അപ്പാടെ തെറ്റി. എന്തുകൊണ്ടാണ് നാലാൾ കൂടുന്നതു കാണുമ്പോൾ ആവേശം തോന്നുന്നത്? ദുരന്തമായാലും അല്ലെങ്കിലും, തനിക്കു ചെയ്യാൻ റോളുകൾ ഒന്നുമില്ല എന്നറിഞ്ഞിട്ടുതന്നെ എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ എത്തിനോക്കാൻ പോകുന്നത്? മനസ്സിലെ ആകാംക്ഷ മാത്രമാണോ കാരണം. അതോ മനോഗതി കൂടി ദുരന്തങ്ങളെ ആഘോഷിക്കുന്നതിലേക്കു വഴുതിയോ? ഞാൻ തിരിച്ചു നടന്നു. ഹനുമാൻ കോവിൽ തുറന്നിരുന്നില്ല. പൂജാരി വരുമ്പോൾ ഏഴര കഴിയും. ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. ‘ഹേ ആജ്ഞനേയ, എന്റെ ജോലിക്കാര്യം മറക്കരുതേ’. പ്രാർത്ഥന കഴിഞ്ഞു ഞാൻ കണ്ണുതുറന്നു. കോവിലിനു പിന്നിൽ മലർന്നടിച്ചു കിടക്കുന്ന ഒരാളെ അപ്പോൾ കണ്ടു. യാചകൻ!. പൂട്ടിയ ചുണ്ടുകൾ ശ്വാസോശ്ചാസത്തിനു അനുസരിച്ച് തുറക്കുകയും അടയുകയും ചെയ്യുന്നു. അരികിൽ റുമാനോവ് വോഡ്‌കയുടെ കുപ്പിയും, ഏതാനും നാരങ്ങയും ഉണ്ട്. അങ്ങിനെ വെളുപ്പിനു കാണുന്ന സ്വപ്‌നങ്ങൾ യഥാർത്ഥ്യമായി ഭവിക്കുമെന്ന എന്റെ വിശ്വാസം തിരുത്തപ്പെട്ടു. വിശ്വാസം എന്നത് വെറും വിശ്വാസം മാത്രമാണ്.

ദിവസങ്ങൾ പിന്നേയും കടന്നുപോയി. മേൽപ്പാലത്തിലൂടെ നടന്നുപോകുമ്പോഴെല്ലാം യാചകൻ നെഞ്ചുതടവി ഭയങ്കരമായി ചുമച്ചു. ഞാൻ ഗൗനിച്ചില്ല. ആരും ഗൗനിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ യാചകൻ പുതിയ വിദ്യകൾ ഇറക്കിത്തുടങ്ങി. മേൽപ്പാലത്തിൽ അവശനായപോലെ കിടന്നു. തല മുണ്ടുകൊണ്ട് മൂടി. മുഖം കണ്ടാൽ ആരും പൈസ തരില്ലെന്നു അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു. പക്ഷേ ശരീരം ആളെ തിരിച്ചറിയാൻ പര്യാപ്തമായിരുന്നു. തൻമൂലം ആരും ‘ഹൃദയശസ്‌ത്രക്രിയ ഫണ്ടി’ലേക്കു സംഭാവന കൊടുത്തില്ല. ഉദയനഗറിൽ താമസിക്കാനെത്തുന്ന പുതുമുഖക്കാരിൽ ചിലർ മാത്രം പൈസയിട്ടു. അതു ‘ടെൻഷൻ’ മാറ്റാൻ തികയാത്തതിനാൽ യാചകൻ പ്രവൃത്തിമേഖല സമ്പന്നർ താമസിക്കുന്ന പൈ ലേഔട്ടിലേക്കു മാറ്റി. കോർപ്പറേഷൻ ബാങ്ക് എ‌ടിഎമ്മിൽ നിന്നു പൈസയെടുക്കാൻ പോകുന്നവഴി പലതവണ യാചകനുമായി സന്ധിച്ചു. അപ്പോഴൊന്നും അദ്ദേഹം ചുമച്ചില്ല. ഭിക്ഷ ചോദിച്ചില്ല. പകരം കരിങ്കൽ ചുമരിനോടു മുഖംചേർത്തു ഉറങ്ങുന്ന ഭാവം നടിച്ചു. കീറിയ തുണിയിൽ കിടക്കുന്ന ഏതാനും നാണയത്തുട്ടുകൾ സ്ഥിതി മെച്ചമല്ലെന്നു സൂചിപ്പിച്ചു. മനസ്സിൽ ദയ തോന്നിയെങ്കിലും മദ്യപിക്കാൻ പൈസ കൊടുക്കില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തു. ആയിടെ ടിൻഫാക്‌ടറി ജംങ്ഷനിൽ കനറബാങ്ക് എടിഎം തുറന്നു. പിന്നാലെ ആക്‌സിസ് ബാങ്കും, ഡിസിബിയും. പൈ ലേഔട്ട് സന്ദർശനം അങ്ങിനെ നിലച്ചു. യാചകരെ ഓടിക്കാൻ മേൽപ്പാലത്തിൽ സ്ഥിരംവാച്ചറെ അധികാരികൾ നിയമിച്ചു. അതോടെ യാചകനെ പിന്നീട് കണ്ടതേയില്ല. സ്ഥലം മാറിയിരിക്കും. അല്ലെങ്കിൽ ജോലിചെയ്തു ജീവിക്കാമെന്നു തീരുമാനിച്ചിരിക്കും. അങ്ങിനെ കുറച്ചു ഊഹങ്ങൾ. എന്തായാലും നന്ന്. കാരണം അവഗണിക്കാൻ ആകുന്നത്ര ശ്രമിച്ചിട്ടും യാചകന്റെ രൂപവും മേൽപ്പാലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും എന്നെ അസ്വസ്ഥനാക്കുമായിരുന്നു. അതിനു വിരാമമായി.

Read More ->  'ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ' - സുനിൽ ഉപാസനയുടെ കഥാസമാഹാരം

അഞ്ചു മാസങ്ങൾ അതിവേഗം കടന്നുപോയി. തണുപ്പ് മാറി ചൂടുകാലമായി. മേൽപ്പാലത്തിൽ വലിച്ചുകെട്ടിയ വിവിധ പാർട്ടി നേതാക്കളുടെ ഫ്ലക്‌സ് പോസ്റ്ററുകൾ പലതവണ അഴിച്ചുകെട്ടി. എനിക്കു ജോലിയുമായി. ബാംഗ്ലൂരിൽ ചുറ്റിയടിച്ചു കമ്പ്യൂട്ടർ നന്നാക്കുന്ന പണി. അതിനിടയിൽ, വിരസത ഒഴിവാക്കാനെടുത്ത അവധിയിൽ, കുറേക്കാലമായി ആഗ്രഹിച്ചിരുന്ന തീർത്ഥയാത്രക്കു പോയി. ചരിത്രവും പൗരാണികതയും പാരമ്പര്യവും ചെലുത്തുന്ന സ്വാധീനം. അങ്ങിനെ പുറപ്പെട്ടു. ചെന്നെത്തിയതു ഹരിദ്വാർ, ഋഷികേശ്, ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം എന്നിവിടങ്ങളിൽ. പൂർവ്വസൂരികളുടെ കാൽപ്പാടുകൾ പിന്തുടർന്നു നടന്ന ഒരാഴ്ച. എല്ലാം ധന്യം. മംഗളകരം.

തിരിച്ചു ബാംഗ്ലൂരിൽ എത്തിയതു പുതിയ ആളായാണ്. ഓഫീസിൽ ചുറ്റും കൂടിയവരോടു തീർത്ഥാടനവിശേഷങ്ങൾ പറഞ്ഞു. അദ്ധ്യാത്മികതയിൽ മുങ്ങിയ ഭാവം നടിച്ചു. തീർത്ഥാടനത്തിനിടയിൽ പഠിച്ച ഏതാനും ഉപനിഷദ്‌വാക്യങ്ങൾ ഉരുവിട്ടു. അവയുടെ അർത്ഥം വിശദീകരിച്ചു. ഇതെല്ലാം കണ്ടു, പൊതുവെ ഗൗരവക്കാരനായ മാനേജറും കാബിനിലേക്കു വിളിപ്പിച്ച് സംസാരിച്ചു. പെട്ടെന്നു കൈവന്ന താരപരിവേഷം. അതാവോളം ആസ്വദിച്ചു. അങ്ങിനെ എല്ലാം കൊണ്ടും സന്തോഷകരമായ ദിവസം.

അൽഭുതങ്ങൾ അവസാനിച്ചിരുന്നില്ല. വൈകുന്നേരം ഓഫീസിൽനിന്നു മടങ്ങി വരുമ്പോൾ മേൽപ്പാലത്തിൽ മദ്ധ്യവയസ്കൻ യാചകൻ ഇരിക്കാറുള്ള പഴയസ്ഥലത്തു ചെറുതല്ലാത്ത ആൾക്കൂട്ടം. രാവിലെ ഇതുവഴി പോയപ്പോൾ അവിടെ ആരുമില്ലായിരുന്നു. പ്രത്യേകം ശ്രദ്ധിച്ചതാണത്. യാചകനെ വീണ്ടും കണ്ടുമുട്ടാൻ തീരെ താൽപര്യമില്ലാതിരുന്നതിനാൽ ഒഴിഞ്ഞ ഇടം ആശ്വാസം തന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും തിരിച്ചുവന്നോ? അല്ലെങ്കിൽ ആരെങ്കിലും മരിച്ചു കിടക്കുന്നതോ? രണ്ടാമത്തെ ചിന്ത മനസ്സിൽനിന്നു പെട്ടെന്നു പോയി. കാരണം ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. എല്ലാവരുടേയും മുഖത്തു പ്രതിഫലിക്കുന്നത് അൽഭുതഭാവമാണ്. എന്നിലും ആകാംക്ഷ മുളച്ചു. അനുനിമിഷം ഇരട്ടിച്ചു. അതാണ് ആൾക്കൂട്ടത്തിന്റെ രസതന്ത്രം. ഞാൻ അവിടേക്കു ചെന്നു. ആൾക്കൂട്ടത്തിനു നടുവിൽ ഒരു സന്യാസി ഇരിക്കുന്നു. മുഴുവൻ നരച്ച താടിയും മുടിയും. കഴുത്തു മറയ്ക്കുന്ന അനേകം രുദ്രാക്ഷമാലകൾ. നെറ്റിയിലും കൈത്തണ്ടയിലും നെഞ്ചിലും ഭസ്മം പൂശിയിരിക്കുന്നു. അരുകിൽ മുഷിഞ്ഞ ഭാണ്ഢം. കമണ്ഢലു. ഇത്രയൊക്കെ വേഷഭൂഷാദികൾ അണിഞ്ഞിട്ടും, എന്റെ മുന്നിലിരുന്നു അറിയാത്ത ഭാഷയിൽ ജപിക്കുന്ന സന്യാസി, ഞാൻ ഒരുകൊല്ലം മുമ്പു രണ്ടുതവണകളിലായി നൂറു രൂപ കൊടുത്ത, ആ കാശുകൊണ്ടു വോഡ്ക സേവിച്ച യാചകനാണെന്നു മനസ്സിലാക്കാൻ എനിക്കു ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല!

ഞാൻ ആശയക്കുഴപ്പത്തിലായി. ഇദ്ദേഹം സന്യാസം സ്വീകരിച്ചോ? സ്വീകരിച്ചെങ്കിൽ അതിനു കാരണമെന്ത്? ശരിക്കും മാനസാന്തരം വന്നതോ അതോ പഴയ ഉപായങ്ങളിൽ കൂട്ടിച്ചേർത്ത പുതിയതോ ഇത്? ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ആൾക്കൂട്ടത്തിലെ ഒരുവനോടു എന്താണ് സംഭവമെന്നു അന്വേഷിച്ചു. അയാൾ കൃത്യമായി മറുപടിതരാതെ സന്യാസിയെ രണ്ടുകയ്യും പൊക്കി തൊഴുകയാണ് ചെയ്തത്. കൂടാതെ എന്നോടും അങ്ങിനെ ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെ കൈകളും ഉയർന്നു. അഞ്ചുമിനിറ്റോളം അവിടെ ചുറ്റിപ്പറ്റി നിന്നെങ്കിലും യാചകൻ കണ്ണുതുറക്കുകയോ ചുറ്റും കൂടിയവരോടു എന്തെങ്കിലും പറയുകയോ ചെയ്തില്ല. അജ്ഞാതമായ ഭാഷയിൽ മന്ത്രങ്ങൾ ജപിക്കുന്നതു മാത്രം തുടർന്നു. സത്യാവസ്ഥ പിന്നീട് അന്വേഷിക്കാമെന്നു കരുതി ഞാൻ തിരിച്ചുപോന്നു.

പിന്നീടുള്ള ദിവസങ്ങളിലും യാചകനെ മേൽപ്പാലത്തിൽ കണ്ടു. ചിലപ്പോൾ കടുത്ത ധ്യാനത്തിൽ. അല്ലെങ്കിൽ മേൽപ്പാലത്തിന്റെ ഗ്രില്ലിൽ ചാരിയിരിക്കുന്ന പോസിലോ, കാവിമുണ്ടു നിലത്തുവിരിച്ചു അതിൽ കിടന്നുറങ്ങുന്ന നിലയിലോ. പണ്ടു കാശിനായി കാലുപിടിച്ച വ്യക്തി ഇപ്പോൾ എന്നെ കണ്ടിട്ടും, ആരാണെന്നു മനസ്സിലാക്കിയിട്ടും മിണ്ടുകയോ ശ്രദ്ധിക്കുകയോ ചെയ്‌തില്ല. കാര്യങ്ങൾ ആകെ വിചിത്രമായിരിക്കുന്നു. ഒന്നുരണ്ടു ദിവസം ഞാൻ യാചകനെ നോക്കി ചുമക്കുക വരെ ചെയ്തു. പഴയ കാര്യങ്ങൾ അദ്ദേഹം ഓർക്കുന്നുണ്ടോ എന്നു പരീക്ഷിക്കാനുള്ള പൊടിക്കൈ പ്രയോഗം. യാചകനിൽ ഭാവമാറ്റം ഉണ്ടായില്ല. കുറച്ചുനാളത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം യാചകനു മാനസാന്തരം വന്നിരിക്കുന്നെന്ന് ഞാൻ ഉറപ്പിച്ചു. അദ്ദേഹം ഇപ്പോൾ പഴയ ഭിക്ഷക്കാരനല്ല. മറിച്ച് ചൈതന്യം പ്രസരിപ്പിക്കുന്ന ഒരു സന്യാസിയാണ്. ഇനി അദ്ദേഹവുമായി സംസാരിക്കുകയാണു വേണ്ടത്. പൂർവാശ്രമത്തെപ്പറ്റിയും മാനസാന്തരം വന്നതിനെപ്പറ്റിയും എന്തെങ്കിലും പറയാതിരിക്കില്ല. ഇത്രനാൾ തെറ്റിദ്ധരിച്ചതിനു ക്ഷമ ചോദിക്കുകയും വേണം.

ഞാൻ അനുയോജ്യമായ അവസരം കാത്തിരുന്നു. രാവിലേയും വൈകീട്ടും സന്യാസിക്കു ചുറ്റും ധാരാളം ആളുകൾ ഉണ്ടാകും. എനിക്കു അദ്ദേഹത്തെ ഒറ്റയ്ക്കാണ് കാണേണ്ടത്. അതിനാൽ ഒരുദിവസം ഉച്ചക്കു, സുഖമില്ലെന്നു പറഞ്ഞ് ഞാൻ ഓഫീസിൽനിന്നു നേരത്തെ ഇറങ്ങി. മേൽപ്പാലത്തിൽ സന്യാസി ഉണ്ടായിരുന്നു. കൂടെ ആരുമില്ല.

സന്യാസി ഏകാഗ്രധ്യാനത്തിലാണ്. ഞാൻ അടുത്തുചെന്നു നിലത്തിരുന്നു. കൈകൾ ഭാഗികമായി കൂപ്പിയ നിലയിൽ പിടിച്ചു. ‘സ്വാമി’ എന്നു അഭിസംബോധന ചെയ്യാൻ തീരുമാനിച്ചു.

“സ്വാമി. ഹാർട്ട് പ്രോബ്ലം ഒകെ ആയാച്ചാ?”

സന്യാസി കണ്ണു തുറന്നില്ല. പക്ഷേ ജപം ഒന്നു പിഴച്ചെന്നു തോന്നി. ഞാൻ ചോദ്യം ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.

“സ്വാമി ഹാർട്ട് പ്രോബ്ലം…”

പകുതിയേ പൂർത്തിയാക്കിയുള്ളൂ. അതിനുള്ളിൽ സന്യാസി കണ്ണുതുറന്നു. എന്നെ രൂക്ഷമായി നോക്കി, കൈപൊക്കി കോപാകുലനായി എന്തൊക്കെയോ വാക്കുകൾ ഉച്ചരിച്ചു. വീണ്ടും കണ്ണുകളടച്ചു ധ്യാനത്തിൽ അമർന്നു. എല്ലാം അഞ്ചു സെക്കന്റിനുള്ളിൽ കഴിഞ്ഞു. ശാന്തത സാവധാനം ചുറ്റും വ്യാപിച്ചു. ഞാൻ വല്ലാതായി. എന്താണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്? സന്യാസിമാരോടു പൂർവ്വാശ്രമത്തെ പറ്റി ചോദിക്കുന്നതു ശരിയല്ലെന്നു എവിടെയോ വായിച്ചിട്ടില്ലേ. ചോദിച്ചാൽ ശാപം വരെ ലഭിച്ചേക്കാമത്രെ. ഞാൻ സന്യാസിയുടെ മുഖത്തു നോക്കി. അദ്ദേഹത്തിന്റെ കവിളുകൾ വിറക്കുന്നു. കോപത്താലാകണം. സത്യത്തിൽ സന്യാസി എന്റെ മുഖത്തുനോക്കി പറഞ്ഞതു ശാപവചനങ്ങളല്ലേ? അതെന്റെ ഭാവിയെ ബാധിക്കില്ലേ? ഓർത്തപ്പോൾ ഭയമായി. പ്രായശ്ചിത്തം ചെയ്യണം. അല്ലെങ്കിൽ ജീവിതം നശിച്ചതു തന്നെ. ഞാൻ പോക്കറ്റിൽനിന്നു അമ്പതുരൂപ എടുത്തു സന്യാസിയുടെ കാൽക്കൽ വച്ചു. കണ്ണടച്ച് ധ്യാനത്തിലിരുന്ന സന്യാസി കാശുവയ്ക്കുന്നതു കണ്ടെന്നു തോന്നി. ധ്യാനം മുറിക്കാതെ, നോട്ട് കാറ്റിൽ പറന്നുപോകാതിരിക്കാൻ സന്യാസി നോട്ടിനു മുകളിൽ കമണ്ഢലു ഭാരമായി വച്ചു. ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോൾ സന്യാസി കണ്ണുതുറന്നു വലതുകയ്യിലെ അഞ്ചുവിരലുകൾ അടക്കുകയും തുറക്കുകയും ചെയ്തു. എന്നുവച്ചാൽ അമ്പതുരൂപ കൂടി വേണമെന്ന്. ശാപമൊന്നും ഏൽക്കില്ലല്ലോ എന്ന സമാധാനത്തിൽ ഞാൻ കൊടുത്തു. താണു തൊഴുതു. തിരിച്ചു പോന്നു.

രാത്രി. ബ്രിജ് മുറിയിൽ എത്തിയപ്പോൾ ഉച്ചക്കു നടന്ന കാര്യങ്ങളെപ്പറ്റി ഞാൻ മിണ്ടിയില്ല. അവനെ ആരും ഇന്നുവരെ ശപിച്ചിട്ടില്ല. അതുകൊണ്ട് ഇതൊന്നും ഗൗരവത്തിൽ എടുക്കില്ല. ബ്രിജിനു മുഖം കൊടുക്കാതെ ഞാൻ ഉറങ്ങാൻ കിടന്നു. പിറ്റേന്നു വെളുപ്പാൻകാലത്തു വീണ്ടും, അപ്രതീക്ഷിതമായി സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരൻ ടിൻഫാക്‌ടറി ജംങ്ഷനിലെ മേൽപ്പാലത്തിലിരുന്നു ഭിക്ഷ യാചിക്കുന്നു. അപ്പോൾ ഒരു സന്യാസി നടന്നുവന്നു. ചെറുപ്പക്കാരൻ പ്രത്യാശാപൂർവ്വം കൈനീട്ടി ഭിക്ഷ ചോദിച്ചു. ഫലിച്ചില്ല. സന്യാസി കടന്നുപോകുമ്പോൾ ചെറുപ്പക്കാരൻ കൈനീട്ടി അദ്ദേഹത്തിന്റെ കാൽപിടിക്കാൻ ആഞ്ഞു. സന്യാസി ഒഴിഞ്ഞുമാറി കാൽകൊണ്ടു തൊഴിച്ചു. ചെറുപ്പക്കാരൻ മേൽപ്പാലത്തിനു താഴെ നിലംപതിച്ചു. അങ്ങിനെ ദാരുണമായി മരണമടഞ്ഞു. റോഡിൽ ചോരയൊലിപ്പിച്ചു മരിച്ചുകിടക്കുന്ന ചെറുപ്പക്കാരനു എന്റെ മുഖഛായയും സന്യാസിക്കു ടിൻഫാക്ടറി ജംങ്‌ഷനിലെ യാചകസന്യാസിയുടെയും മുഖഛായയുമായിരുന്നു. ഒരു അലർച്ചയോടെ ഞാൻ ഞെട്ടിയെഴുന്നേറ്റു. പിന്നെ ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. ഓഫീസിൽ പോകാതെ എച്ച്ആറിലെ രമേഷിനെ വിളിച്ചു പറഞ്ഞു.

“ഹലോ രമേഷ്”

“എന്ന തമ്പി”

“കൊഞ്ചം ടെമ്പറേച്ചർ ഇറുക്ക്. നാൻ ഇന്നു വരാമാട്ടേൻ. ലീവ് ആപ്ലിക്കേഷൻ കൊടുങ്കോ”

“ഒകെ സാർ”

പകൽ മുഴുവൻ പുസ്തകം വായിച്ചു. വൈകീട്ടു ഫ്രന്റ്‌സ് ഹോട്ടലിൽനിന്നു ചായയും പഴംപൊരിയും കഴിച്ചു. രാത്രിയിൽ ബ്രിജ് റൂമിലെത്തിയപ്പോൾ പറഞ്ഞു, കാലത്തു വെങ്കടേശ്വര ബാറിനടുത്തു സന്യാസിയും സഹായിയും കുടിച്ചു പൂസായി കിടന്നിരുന്നു എന്ന്.

“നീയിന്നലെ അങ്ങേർക്ക് കാശു കൊടുത്തോ?” എന്റെ മുഖത്തെ പരുങ്ങൽ കണ്ടു ബ്രിജ് ചോദിച്ചു.

ഞാൻ ചുമലുകൾ നിഷേധാർത്ഥത്തിൽ വെട്ടിച്ചു. “ഞാനാ, കാശാ!…. ഹേയ്”‌

Featured Image Credit: – http://www.wisdompills.com/2015/11/25/the-emperor-and-the-beggar/


20 Replies to “ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ”

  1. പുനർജനിച്ചവൻ :

    സന്യാസത്തിലേക്കുള്ള വഴി ഇങ്ങിനെ അല്ലേയല്ല. ഇത് 'കഥ' മാത്രമാണ്. കഥ എഴുതുമ്പോൾ ഞാൻ പലപ്പോഴും എന്റെ വ്യക്തിത്വവും ആദർശങ്ങളും വിശ്വാസങ്ങളും ഒക്കെ മാറ്റിവക്കാറുണ്ട്. എങ്കിലേ എഴുത്തിനു ഫ്ലക്സിബിളിറ്റി കിട്ടുകയുള്ളൂ. ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് എഴുതാനാവില്ല. അത് എഴുത്ത് തന്നെ ആകണമെന്നില്ല.

    ചുരുക്കത്തിൽ, എന്റെ കഥകളുടെ രാഷ്ട്രീയത്തിനും, (അവ കഥകളിൽ വരുമ്പോൾ) അത് പ്രകടിപ്പിക്കുന്ന രീതിക്കും എന്റെ ജീവിതത്തിലെ യഥാർത്ഥ വീക്ഷണങ്ങളൂമായി പലപ്പോഴും ബന്ധമൊന്നുമുണ്ടാകില്ല. കഥയെഴുത്തിൽ എനിക്ക് എല്ലാം ഒരു ഉപകരണം മാത്രമാണ്.

    താങ്കളുടെ ബ്ലോഗ്ഗ് കണ്ടു. ധീരം.
    🙂
    സസ്‌നേഹം
    സുനിൽ ഉപാസന

  2. ഇത്തരം കള്ള യാചകന്മാര്‍ ഒട്ടേറെയുണ്ട്. മുന്‍പ് പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അയാളെ കണ്ടാല്‍ നമുക്ക് പാവം തോന്നും. പക്ഷെ യാചകന്റെ സ്വത്ത് വിവരം കേട്ടാല്‍ ഞെട്ടും. നാല് ഓട്ടോറിക്ഷകള്‍ സ്വന്തമായുണ്ട്. അവ വാടകക്ക് ഓടിക്കുവാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. വീട്ടില്‍ മൂന്നോ നാലോ കൃത്യമായറിയില്ല, പശുക്കള്‍. രാവിലെ ഇവയെ കറന്ന് പാലുകൊടുത്തിട്ടാണ് ഇയാള്‍ സ്റ്റാന്‍ഡില്‍ വരുന്നത്. ആദ്യമൊക്കെ പലരും ഇയാള്‍ക്ക് പൈസ കൊടുക്കുമായിരുന്നു. പിന്നെ പിന്നെ ബസ്സ് ജീവനക്കാര്‍ ആളുകളോട് വിവരങ്ങള്‍ പറയാനും ഇയാളെ കളിയാക്കാനും തുടങ്ങി. ഇപ്പോള്‍ ആളെ കാണാറില്ല..

    കഥ വളരെ നന്നായി. സിമ്പിളായി പറഞ്ഞിട്ടുണ്ട്.

  3. കുറെ നീണ്ടു പോയെങ്കിലും ഈ ഉപാസനാ രീതി നന്നായി ഇഷ്ടപ്പെട്ടു. ആത്മീയത തട്ടിപ്പിനുള്ള നല്ല മാര്‍ഗമായി നമ്മുടെ നാട്ടുകാര്‍ കണ്ടിരിക്കുന്നു.ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊടുന്നനെ ആത്മനെ കണ്ടെത്താനാകും. കുളിക്കാതെ പല്ലു തേക്കാതെ നടക്കുന്ന ഭ്രാന്തന്മാരെ വരെ ദല്ലാള്‍മാര്‍ വന്ന് സന്യാസി വര്യന്മാരും ഔലിയാക്കളുമോക്കെയാക്കി മാറ്റിയെടുക്കുന്നു.
    ഇരുത്തം വന്ന കഥാകഥന രീതി അതിലേറെ ഇഷ്ടപ്പെട്ടു.

  4. വളരെ നന്നായി പറഞ്ഞ സമകാലിക യാഥാര്‍ത്ഥ്യം തന്നെ…മണ്ടന്മാര്‍ ആകുവാന്‍ കുറെ ജനങ്ങളും …മണ്ടന്മാര്‍ ആക്കുവാന്‍ കുറെ വര്‍ഗങ്ങളും ഉള്ള കാലത്തോളം ഈ പരിപാടി തുടരുകയും ചെയ്യും …ചിലരുടെ വിശ്വാസങ്ങള്‍ ചിലരുടെ ആശ്വാസങ്ങളും ….

  5. അപ്പോൾ കഥയാനല്ലേ, യഥാർത്ഥ സംഭവം എന്നു തോന്നും വിധം നല്ല തന്മയത്വത്തോടെ എഴുതിയിരിക്കുന്നു. വെള്ളം കുടി നടന്നു പോകണ്ടെ? യാചകനെ സന്യാസിയാക്കും അത്! കാശു കൊടുക്കാൻ കഥാനായകനെപ്പോലുള്ളവരും ..ഇഷ്ടമായി കഥ.

  6. ഈ കഥയെഴുത്ത്‌ എനിക്ക് ഇഷ്ട്ടപ്പെട്ടു, മറ്റൊരാളോട് കാര്യങ്ങള്‍ പറയുന്നതുപോലെ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു…

  7. Kollaam story..Ithu mikka alkkarkkum pattiyundakum..Pandokke wednesday yachakanmarude marchaanu veettilekk karanam annu mikkavarum bhiksha kodukkum ennariyamalo.Athu polulla aadhunika maargamanu kapada sanyasam

  8. കഥ കുറച്ചു നീളമുള്ളതെങ്കിലും രസച്ചരട് എവിടെയും പൊട്ടിയില്ല.
    ഇത്തരം യാചകരെ നില നിര്‍ത്തുന്നത്‌ ആരെന്നു പിടികിട്ടി.അങ്ങേരു സന്യാസിയായതിലും എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല കാരണം മണ്ടന്മാര്‍ ധാരാളം ഉള്ള സ്ഥലമല്ലേ.

  9. ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെ ….
    ആള്‍ദൈവങ്ങള്‍ക്ക് കീഴടങ്ങുന്നതും…..

    ഓരോ തവണയും സാധാരണ ഗതിയില്‍ ഒഴിഞ്ഞു മാറാവുന്ന ഒരു സാഹചര്യം ഒഴിവാക്കാനാവാതെ ആ കഥാപാത്രം കുരുങ്ങിപ്പോകുന്നത് നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  10. വായിച്ചു പോവുന്നതിനിടയില്‍ നായകനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ച് പരിപ്പെടുക്കണം എന്ന് വരെ ചിന്തിച്ചു…. ഇങ്ങനേം ഒണ്ടോ മണ്ടന്മാര്!!! :)))

  11. ആദ്യം ഓടിച്ചു നോക്കിയപ്പോൾ വലിയ കഥയായി തോന്നി. എന്നാൽ ഒട്ടും മുഷിയാതെ ആകാംഷയോടെ വായിച്ചു.

    നന്നായിരിക്കുന്നു.

  12. ഇങ്ങനെ കഥ കേള്‍ക്കാന്‍ നിന്നിട്ട് എന്റെ പൈസയും പോവാറുണ്ട്… 🙁

  13. ഇവിടെ ബാംഗ്ലൂര്‍ വന്ന ശേഷം മിനിമം 5 തവണ എങ്കിലും ഞാന്‍ പലര്‍ക്കായി ഇതു പോലെ പൈസ കൊടുത്ത് സഹായിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് നൂറും അമ്പതുമൊക്കെ ആയിരുന്നെങ്കില്‍ ഇപ്പോ മാക്സിമം പത്തോ ഇരുപതോ ആക്കി ചുരുക്കി, അതും രണ്ടു വട്ടം ആലോചിച്ച ശേഷം മാത്രം. കളിപ്പിയ്ക്കുന്നവരാണ് അധികവും എന്ന അനുഭവം കൊണ്ടു തന്നെ.

    എന്നാലും ഇനി അബദ്ധത്തില്‍ പാവങ്ങളാണെങ്കില്‍ ഒരു മനസാക്ഷിക്കുത്ത് തോന്നേണ്ടല്ലോ എന്ന് കരുതി എന്തെങ്കിലും വിധത്തില്‍ സഹായിയ്ക്കുന്നു എന്ന് മാത്രം.


    വിശക്കുന്നു എന്ന് പറഞ്ഞു കൈനീട്ടുന്ന ഭിക്ഷക്കാരന്‍ പയ്യനും ഫുഡ് വാങ്ങി തരാമെന്നു പറഞ്ഞാല്‍ വേണ്ട, കാശ് മതി.

    മഡിവാളയില്‍ നിന്ന് സുഹൃ്ത്ത് ഉള്ള K R പുരം റെയില്‍വേ സ്റ്റേഷനില്‍ പോകണം, കാശ് പോക്കറ്റടിച്ചു പോയി എന്ന് പറയുന്നയാള്‍ക്ക് ബസ് പാസ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട, അവിടെയും കാശു മതി

അഭിപ്രായം എഴുതുക