ഹിസ് എക്‌സലൻസി രാമേട്ടൻ – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Part Here…

മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്.

അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റു ചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നതു വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി വന്നിരിക്കുന്നവരെ കാണുമ്പോഴോ, എന്റെ സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു”

അവതാരക തുടർന്നു. “സത്യത്തിൽ രാമേട്ടൻ, രാമേട്ടൻ എന്നപേര് എത്രയോ തവണ, എത്രയോ ഇടങ്ങളിൽവച്ചു, എത്രയോ ആളുകൾ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. എനിക്കു തന്നെ നിശ്ചയമില്ല. ഓരോ തവണ കേൾക്കുമ്പോഴും അദ്ദേഹത്തെ കാണാനും, ഒന്നു നമസ്കരിക്കാനും എന്നു സാധിക്കുമെന്നു ഓർത്തു ഞാൻ വ്ഷമിച്ചിട്ടുണ്ട്. ഇപ്പോൾ മാത്രമാണ് എനിക്കതിനു ഭാഗ്യമുണ്ടായത്”

രാമേട്ടൻ ഡബിൾമുണ്ട് കണങ്കാൽ വരെ പൊക്കിപ്പിടിച്ചു. അവതാരക രാമേട്ടനെ കാൽക്കൽവീണു നമസ്കരിച്ചു. പ്രസംഗം തുടർന്നു.

“അദ്ദേഹത്തെ ഈ പരിപാടിക്കു പ്രധാന വിധികർത്താവായി ക്ഷണിക്കുമ്പോൾ, ക്ഷണം സ്വീകരിക്കുമോ എന്ന ആശങ്ക വിഷൻനെറ്റ് ടീമിനു ഉണ്ടായിരുന്നു. എന്തുമാത്രം തിരക്കുകൾ ഉള്ള മനുഷ്യനാണ്! പക്ഷേ ടീമിനെയാകെ അൽഭുതപ്പെടുത്തി പ്രതിഫലം പോലും വാങ്ങാതെ സൗജന്യമായി പങ്കെടുക്കാമെന്നു അദ്ദേഹം സമ്മതിക്കുകയാണുണ്ടായത്”

ഹാളിൽ നിലക്കാത്ത കയ്യടി ഉയർന്നു. മറ്റു വിധികർത്താക്കളും കയ്യടി മോശമാക്കിയില്ല. രാമേട്ടൻ മാത്രം ഞെട്ടി. സൗജന്യമോ! മാധവനാശാരിക്കു കൊടുക്കാനുള്ള രണ്ടായിരം രൂപ, പഞ്ചായത്തിൽ അടക്കാനുള്ള വീട്ടുകരം, വെള്ളക്കരം, മൂന്നുമാസത്തെ കറന്റ് ബില്ല്… ഇങ്ങിനെ പോകുന്നു നിലവിലെ ബാധ്യതകൾ. അതെല്ലാം പോയ്‌പ്പോയോ അന്നമനട തേവരേ.

രാമേട്ടനു സ്വാഗതം പറഞ്ഞശേഷം അവതാരക മറ്റു വിധികർത്താക്കളേയും മൽസരാർത്ഥികളേയും പരിചയപ്പെടുത്തി. സദസ്സ് അതു കാര്യമായെടുത്തില്ല. ആർക്കും കയ്യടിച്ചുമില്ല. രാമേട്ടൻ ഇരിക്കുന്നിടത്തു മറ്റു സംഗീതജ്ഞരുടെ പേരു കേൾക്കുന്നതു പോലും സദസ്സിനു അരോചകമായിരുന്നു. ഏക താരം രാമേട്ടനല്ലാതെ മറ്റാര്!

മൽസരം ആരംഭിച്ചു. ആദ്യത്തെ മൽസരാർത്ഥി അരങ്ങത്തു വന്നു. രാമേട്ടൻ മൽസരാർത്ഥിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവ്. പൈജാമയും ജീന്‍സും വേഷം. അടിമുടി ഗംഭീരഭാവം.

“താങ്കളുടെ പേരെന്താ?” അവതാരക പേരു പറഞ്ഞിരുന്നെങ്കിലും രാമേട്ടൻ ഒരു സ്റ്റൈലിനു വേണ്ടി ചോദിച്ചു.

മൽസരാർത്ഥി പറഞ്ഞു. “എന്റെ പേര് മിസ്റ്റർ കതിർ”

രാമേട്ടൻ വിസ്മയിച്ചു. മലയാളികൾക്കു ഇങ്ങിനേയും പേരുകളോ.

“രസകരമായിരിക്കുന്നല്ലോ കതിർ താങ്കളുടെ….”

രാമേട്ടന്റെ സംസാരം കതിർ തടസ്സപ്പെടുത്തി. “ക്ഷമിക്കണം. വെറും കതിർ അല്ല. മിസ്റ്റർ കതിർ… അങ്ങിനെയേ എന്നെ വിളിക്കാവൂ. എനിക്കത് നിർബന്ധമാണ്.”

അമ്പരന്നെങ്കിലും രാമേട്ടൻ ആവശ്യം അംഗീകരിച്ചു.

“ഓകെ മിസ്റ്റർ കതിർ. മലയാളിയായ താങ്കൾക്ക് ഈ വിചിത്രമായ പേര് എങ്ങിനെ ലഭിച്ചു?”

“എനിക്കറിയില്ല സാർ. വീട്ടിൽ ചോദിച്ചിട്ടു പിന്നെ അറിയിക്കാം”

എന്തെങ്കിലും സരസമായ മറുപടി പ്രതീക്ഷിച്ച രാമേട്ടനു, കതിറിന്റെ മറുപടി ക്ഷീണമായി. മറുപടിയിൽ അത്ര കാർക്കശ്യം പ്രതീക്ഷിച്ചിരുന്നില്ല. രാമേട്ടൻ വിഷയം മാറ്റി.

“കതിരിന്റെ പ്രൊഫഷൻ എന്താണ്?”

കതിർ രാമേട്ടനെ തിരുത്തി. “വെറും കതിർ അല്ല. മിസ്റ്റർ കതിർ…”

രാമേട്ടനു വീണ്ടും ക്ഷീണമായി. “ഓകെ ഓകെ മിസ്റ്റർ കതിർ. താങ്കളുടെ ജോലിയെന്താണ്?”

“ഞാൻ ഒരു കമ്പനി മുതലാളിയാണ്”

“കമ്പനി മുതലാളിയായ താങ്കൾ ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ടോ?”

കതിർ താടിചൊറിഞ്ഞു അലസമട്ടിൽ പറഞ്ഞു. “ഉണ്ടെന്നും ഇല്ലെന്നും പറയാം”

“കൂടുതൽ വിശദീകരിക്കൂ”

“എന്റെ ചെറുപ്പകാലം ചെന്നൈയിൽ ആയിരുന്നു. അവിടെ ഒരു ഭാഗവതരുടെ വീടിനടുത്തായിരുന്നു താമസം. അദ്ദേഹമാണ് ആദ്യഗുരു”

ചോദ്യോത്തരങ്ങൾ കഴിഞ്ഞു. അടുത്തതായി രാമേട്ടൻ കതിറിന്റെ സംഗീതപാടവം പരിശോധിക്കാൻ അരംഭിച്ചു.

“കതിർ, ഞാൻ ഒരു പാട്ടിന്റെ…..”

കതിർ തിരുത്തി. “മിസ്റ്റർ കതിർ…”

“ഓകെ ഓകെ മിസ്റ്റർ കതിർ, ഞാൻ ഒരുപാട്ടിന്റെ ആദ്യവരി പാടാൻ പോകുന്നു. അത് ഏതു രാഗത്തിലാണ് പാടിയതെന്നു താങ്കൾ പറയണം”

Read More ->  കക്കാട് ബേക്കേഴ്‌സ് - 2

യഥാർത്ഥ പരീക്ഷണങ്ങൾ ഇതാ തുടങ്ങാൻ പോകുന്നു. സദസ്സ് ഉഷാറായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരും ഉഷാറായി. തിരുമേനിയും കൂട്ടരും സദസ്സിന്റെ പിന്നിൽ നിന്നു മുൻനിരയിലേക്കു തിക്കിത്തിരക്കിയെത്തി ഇരിപ്പുറപ്പിച്ചു.

രാമേട്ടൻ പാടാൻ തുടങ്ങി. “രം…..പൂൂ….ന്തനാാാവ്…രുതീീ”

ഒരു വരിയേ പാടിയുള്ളൂവെങ്കിലും, ആ ഒറ്റവരിയാൽ തന്നെ രാമേട്ടൻ മൽസരാർത്ഥികളേയും വിധികർത്താക്കളേയും കാണികളേയും ഉള്ളംകയ്യിൽ എടുത്തു അമ്മാനമാടിയെന്നു പറഞ്ഞാൽ അതാണ് സത്യം. വിധികർത്താക്കൾ രാമേട്ടന്റെ പ്രാഗൽഭ്യത്തെപ്പറ്റി ചെവിയിൽ പരസ്‌പരം അടക്കം പറഞ്ഞു. കാണികൾക്കിടയിൽ ’അമ്പട വീരാ’ എന്നമട്ടിൽ മർമരം ഉയർന്നു. തിരുമേനിയും കൂട്ടരും സന്തോഷത്താൽ ചൂളമടിച്ചു. കതിർ മാത്രം വിയർപ്പിൽ കുളിച്ചു.

ഏതാനും നിമിഷങ്ങൾ കടന്നുപോയി. സദസ്സും വിധികർത്താക്കളും കാതുകൂർപ്പിച്ചിരിക്കുകയാണ്. പക്ഷേ കതിർ മറുപടി പറഞ്ഞില്ല.

രാമേട്ടനു ആവേശമായി. “അറിയില്ലെങ്കിൽ ഞാൻ തന്നെ പറയാം. എന്താ”

കതിർ ഉടൻ ചാടിപ്പറഞ്ഞു. “വേണ്ട വേണ്ട. ഞാൻ തന്നെ പറഞ്ഞോളാം”

“എങ്കിൽ പറയൂ കതിർ. വേഗമാ….”

“വെറും കതിർ അല്ല. മിസ്റ്റർ കതിർ!”

“ഓകെ ഓകെ മിസ്റ്റർ കതിർ. വേഗം ഉത്തരം പറയൂ”

കതിർ താടിയുഴിഞ്ഞു പിന്നേയും ആലോചിച്ചു. രാമേട്ടൻ പറഞ്ഞു. “ഉത്തരം പിടി കിട്ടിയില്ല അല്ലേ? എന്നാൽ ഞാൻ…”

“വേണ്ട സാറേ, എനിക്ക് മനസ്സിലായി…. എനിക്കെല്ലാം മനസ്സിലായീന്ന്”

“എങ്കിൽ പറയൂ മിസ്റ്റർ കതിർ”

രാമേട്ടനൊഴികെയുള്ള വിധികർത്താക്കൾ കസേരയിൽ മുന്നോട്ടാഞ്ഞു. കാണികളിൽ ആകാംക്ഷ വാനോളമായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർക്കു മാത്രം ഇതെല്ലാം രാമേട്ടന്റെ ഓരോരോ ‘നമ്പറുകളാണെന്നു’ മനസ്സിലായി.

കതിർ ഉത്തരം പറഞ്ഞു. “സാറേ, സാറ് പാടീത് നീചരാഗത്തിലാണ്”

രാമേട്ടൻ ഞെട്ടി. “നീചരാഗമോ!”

“അതെ സാർ. സാർ പാടിയ വരിയിലെ ആദ്യാക്ഷരങ്ങൾ ‘രംപു” എന്നാണ്. അതായത് മലയാളത്തിലെ നീചപദങ്ങളായ ‘മ’കാരത്തോടു കൂടിയ ‘ര’, ‘ഉ’കാരത്തോടു കൂടിയ ‘പ’. ശരിയല്ലേ? ഇവ രണ്ടും ഒരു വരിയിൽ അടുപ്പിച്ചുവന്നാൽ അത് നീചരാഗമായി”

സദസ്സ് ഇളകി മറിഞ്ഞു. വിധികർത്താക്കൾ കയ്യടിച്ചു. അവരിലൊരു വനിത ഇരിപ്പിടത്തിൽനിന്നു തട്ടിപ്പിടഞ്ഞു എഴുന്നേറ്റ്, അരങ്ങിലേക്കു ഓടിവന്നു. കതിറിന്റെ കവിളിൽ തുരുതുരെ ഉമ്മ വച്ചു. കതിരിന്റെ ‘അരുത് അരുത്’ എന്ന പ്രതിഷേധ വാക്കുകൾ വനിത കണക്കിലെടുത്തില്ല. മുത്തുന്നതിനു ഇടയിൽ കിട്ടിയ അല്പസമയത്തിൽ അവർ പറഞ്ഞു.

“സോ സ്വീറ്റ് കതിർ. സോ സ്വീ…”

ഉമ്മ സ്വീകരിക്കുകയാണെങ്കിലും അഭിസംബോധനയിൽ വിട്ടുവീഴ്ചക്കു കതിർ തയ്യാറായില്ല. അദ്ദേഹം ഉടൻ തിരുത്തി. “മിസ്റ്റർ കതിർ!”

വനിത നടുങ്ങി. അവർ ഇരിപ്പിടത്തിലേക്കു മടങ്ങി. കതിർ തൂവാലകൊണ്ടു കവിൾ തുടച്ചു. മൽസര സ്റ്റുഡിയോയിലുള്ള സകലരും രാമേട്ടനെ സഹതാപത്തോടെ നോക്കി. കതിർ അദ്ദേഹത്തെ പൂർണമായും കവച്ചു വച്ചതായി എല്ലാവരും ഉറപ്പിച്ചു, പൊന്നൂ ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരൊഴികെ.

രാമേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “ഉത്തരം ശരിയല്ല”

കതിരിന്റെ താരപരിവേഷത്തിനു മേൽ കരിനിഴൽ വീണു. വിധികർത്താക്കൾ രാമേട്ടനെ ഉറ്റുനോക്കി. എന്താണ് ശരിയായ ഉത്തരം? ഇത്രയും സങ്കീർണ്ണമായ ചോദ്യം ഇന്നുവരെ കേട്ടിട്ടില്ല. ഒടുക്കം രാമേട്ടൻ തന്റെ ചോദ്യം ഒരു ‘നമ്പർ’ ആയിരുന്നെന്നു തുറന്നു പറഞ്ഞു.

“മിസ്റ്റർ കതിർ, ഞാൻ ‘തിരുവനന്തപുരം’ ചുമ്മാ തിരിച്ചിട്ട് പാടിയതാണ്. കാര്യായെടുക്കണ്ട”

അമ്പമ്പോ! സദസ്സിലുള്ളവരും വിധികർത്താക്കളും ഞെട്ടി. എങ്ങും കനത്ത കയ്യടി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർ ഇളകിമറിഞ്ഞു. രാമേട്ടൻ അറിവിന്റേയും നമ്പറുകളുടേയും ഭണ്ഢാരമാണെന്ന് തെളിഞ്ഞില്ലേ. കതിരിന്റെ തല കുനിഞ്ഞു. കവിളിൽ മുത്തിയ വിധികർത്താവ് മൂത്രമൊഴിക്കാനാണെന്നു പറഞ്ഞു ടോയ്‌ലറ്റിലേക്കു പാഞ്ഞു. അവർ പിന്നെ സ്റ്റുഡിയോയിലേക്കു തിരിച്ചു വന്നില്ല.

രാമേട്ടൻ വിഷയം മാറ്റി. “അതുവിട് കതിർ…”

പരിതാപകരമായ അവസ്ഥയിലാണ്. നാണക്കേടിനാൽ തല ഉയർത്താൻ വയ്യ. എന്നിട്ടും കതിർ വിട്ടുവീഴ്ചക്കു തയ്യാറായില്ല. തിരുത്തൽ ഉടനെയെത്തി.

“മിസ്റ്റർ കതിർ….”

രാമേട്ടൻ അസ്വസ്ഥനായി. എങ്കിലും അതു പുറത്തു കാണിച്ചില്ല.

“ഓകെ ഓകെ മിസ്റ്റർ കതിർ. താങ്കൾ ഏതുപാട്ടാണ് ഇവിടെ പാടാൻ പോകുന്നത്?”

കതിർ പറഞ്ഞു. “സർഗം എന്ന മ്യൂസിക്കൽ ഹിറ്റ് സിനിമയിലെ ‘പ്രവാഹമേ’ എന്ന പാട്ടാണ് ഞാൻ മധുരതരമായി ആലപിക്കാൻ പോകുന്നത്”

രാമേട്ടൻ അനുഗ്രഹിച്ചു. “ശരി. നന്നായി തന്നെ പാടൂ”

കതിർ ആദ്യം കണ്ഠശുദ്ധി വരുത്തി. പിന്നെ മൈക്ക് കയ്യിലെടുത്ത്, പി.മാധുരിയെപ്പോലെ ഇടതു ചെവി പൊത്തിപ്പിടിച്ചു പാടാൻ തുടങ്ങി.

“പ്രവാഹമേ… ഗംഗാപ്രവാഹമേ”

തുടർന്നു നാലുവരി പാടി. പിന്നെ എല്ലാവരേയും അൽഭുതപ്പെടുത്തി നെടുമുടി വേണുവിന്റെ ഡയലോഗ് അനുകരിച്ചു.

“അറിഞ്ഞില്ല ഇതു ഞാനറിഞ്ഞില്ല. ദേവീകടാക്ഷം നിന്നോടൊപ്പമുണ്ട്. അച്ഛനിതറിഞ്ഞില്ല”

ഒറിജിനാലിറ്റിയുടെ മകുടോദാഹരണമായി രാമേട്ടനൊഴിച്ചുള്ള വിധികർത്താകൾ ആ പ്രവൃത്തിയെ വിലയിരുത്തി. രാമേട്ടനു മാത്രമേ ശ്രദ്ധ ആകർഷിക്കാനുള്ള അടവാണതെന്നു മനസ്സിലായുള്ളൂ. കതിർ ബാക്കിയുള്ള എട്ടുവരികളും മനോഹരമായി പാടി. പാട്ട് അവസാനിച്ചപ്പോൾ തിരുമേനിയൊഴികെ സദസ്സിലുള്ളവരെല്ലാം കയ്യടിച്ചു അഭിനന്ദിച്ചു. തിരുമേനി അതിനകം മയക്കത്തിലാണ്ടിരുന്നു.

Read More ->  ഒരു ഭക്തൻ - 2

രാമേട്ടൻ ചിന്താമഗ്നനായി. പയ്യൻ നന്നായി പാടി. എന്നാലും പാട്ടിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറയണ്ടേ. അല്ലെങ്കിൽ ആരും തനിക്കു വില കൽപ്പിച്ചില്ലെങ്കിലോ.

“താങ്കൾ ആദ്യത്തെ നാലുവരി ഒന്നുകൂടി പാടൂ” രാമേട്ടൻ ആവശ്യപ്പെട്ടു.

കണ്ഠശുദ്ധി വരുത്തി കതിർ വീണ്ടും പാടാൻ ആരംഭിച്ചു. “പ്രവാഹമേ, ഗംഗാപ്രവാഹമേ”

ആദ്യവരി പാടിക്കഴിഞ്ഞപ്പോൾ തന്നെ രാമേട്ടൻ തടസ്സപ്പെടുത്തി.

“നിര്‍ത്ത്… നിര്‍ത്ത്. കണ്ടില്ലേ, ‘പ്രവാഹമേ‘ എന്ന വാക്കിനുശേഷം ‘ഗ’ എന്ന അക്ഷരം രണ്ടുപ്രാവശ്യം നേരല്ലാത്ത വിധം തുടര്‍ച്ചയായി ഉച്ചരിച്ചിരിക്കുന്നു. മിസ്റ്റർ കതിർ… അവട്യാണ് പ്രോബ്ലം“

കണിശതയാര്‍ന്ന വിലയിരുത്തൽ. ഹാൾ കയ്യടികളാൽ മുഖരിതമായി. പൊന്നു ട്രാവൽസിൽ വന്ന രാമേട്ടന്റെ പിള്ളേർ ബസിലെ ടിവിയിൽ പരിപാടി കണ്ടു ആർപ്പ് വിളിച്ചു.

കതിർ വിട്ടില്ല. “എന്താണ് സാർ അവിടെ പ്രോബ്ലം?”

രാമേട്ടൻ വിക്കി. “അവടെ…. അവടെ പ്രോബ്ലംണ്ട്”

നിഷേധാർത്ഥത്തിൽ തലയനക്കി കതിർ സൂചിപ്പിച്ചു.

“ഞാനിത് മുമ്പേ പറയണമെന്നു കരുതിയതാണ്. എന്നിട്ടും ഇത്രനേരം പിടിച്ചു നിന്നു. ഇനി പറയാതെ വയ്യ”

സദസ്സ് ജാഗരൂകമായി. രാമേട്ടൻ പ്രോൽസാഹിപ്പിച്ചു. “പറയൂ പറയൂ”

“കാര്യമെന്താണെന്നു വച്ചാൽ എനിക്ക് സാറിന്റെ സംഗീതത്തിലുള്ള അവഗാഹത്തെപ്പറ്റി സംശയമുണ്ട്”

സദസ്സ് ഞെട്ടി. വിധികർത്താക്കൾ ഞെട്ടി. സർവ്വോപരി സ്റ്റുഡിയോവിനു പുറത്തു പൊന്നു ട്രാവൽസിന്റെ ആറു ബസിൽ വന്ന രാമേട്ടന്റെ പിള്ളേർ ഞെട്ടി. രാമേട്ടനെ വിമർശിക്കുന്നോ! പരിപാടി ശ്രദ്ധിക്കാതെ മയങ്ങുകയായിരുന്ന തിരുമേനി, പക്ഷേ രാമേട്ടനെ ഇകഴ്ത്തിയ വർത്തമാനം മയക്കത്തിലും കേട്ടു. അദ്ദേഹം അലറി ചാടി എഴുന്നേറ്റു.

“ഏതവനാടാ രാമേട്ടനെ വിമർശിക്കണേ. ഇവട്യെന്ന് ശവം വീഴും”

നാലുപേർ തിരുമേനിയെ വട്ടംപിടിച്ചു. അതു മതിയാകാതെ വന്നപ്പോൾ വേറേയും നാലുപേർ പിടിച്ചു. എന്നിട്ടും, രാമേട്ടൻ ഇരിക്കാൻ കണ്ണുകാണിച്ചപ്പോൾ മാത്രമേ തിരുമേനി വഴങ്ങിയുള്ളൂ.

ശബ്ദകോലാഹലങ്ങൾ ഒട്ടൊന്നു ഒതുങ്ങിയപ്പോൾ രാമേട്ടൻ ശാന്തനായി പറഞ്ഞു.

“നോക്കൂ, എന്റെ അറിവിൽ സംശയിച്ചിട്ടു കാര്യമില്ല. സത്യത്തിൽ താങ്കൾ ഇനിയും നന്നായി സംഗീതം പരിശീലിക്കേണ്ടിയിരിക്കുന്നു. ഒരു നഗരത്തിന്റെ പേരു തിരിച്ചിട്ടു പാടിയപ്പോൾ പോലും താങ്കൾക്കു അതു മനസ്സിലാക്കാനായില്ല…..”

രാമേട്ടന്റെ നിയന്ത്രണം പോയി. നാടൻഭാഷ നാവിൽ വിളയാടി.

“…… പിന്നെ താങ്കൾ ഏത് കോപ്പിലെ പാട്ടുകാരനാണ്. താങ്കളെ മൽസരത്തിൽ വിജയിയാക്കാൻ എനിക്ക് നിർവാഹമില്ല. അപ്പോൾ കതിർ താങ്കൾക്ക്…”

അവസാനഘട്ടത്തിലും കതിർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. “വെറും കതിർ അല്ല, മിസ്റ്റർ കതിർ….”

“ഓകെ ഓകെ മിസ്റ്റർ കതിർ” എന്ന ക്ഷമാപണം ശ്രവിക്കാൻ കാത്തവർ കേട്ടത് വേറൊന്നാണ്.

രാമേട്ടൻ ഗർജ്ജിച്ചു. “ഒന്നു പോയേരാ അവടന്ന്…”

റിയാലിറ്റി ഷോയാണെങ്കിലും, സംഗതി റെക്കോർഡിങ്ങാണെങ്കിലും അപമാനിച്ചാൽ ആർക്കെങ്കിലും അടങ്ങിയിരിക്കാനാകുമോ. കതിർ ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി, അക്രമാസക്തനായി രണ്ടുചുവട് മുന്നോട്ടുവച്ചു. അന്നമനടയുടെ എല്ലാമായ രാമേട്ടനെ തല്ലുകയോ! അസാധ്യം. പൊന്നു ട്രാവൽസിന്റെ ആറുബസുകൾ വന്ന രാമേട്ടന്റെ പിള്ളേർ ഉച്ചത്തിൽ വിളിച്ചു

“തിരുമേന്യേയ്…”

തിരുമേനി സദസ്സിൽ നിന്നു വേദിയിലേക്കു ചാടി. രാമേട്ടനു മുന്നിൽ കോട്ട തീർത്തു. കൈചുരുട്ടി വന്ന കതിർ പകച്ചു. അതാ ഒരു കുടവയറൻ. തിരുമേനിയുടെ വിസ്തൃതമായ വയറിൽ തട്ടി കതിരിനു മുന്നോട്ടു പോകാനായില്ല. അദ്ദേഹം പിൻവാങ്ങി, ‘ഗാനരാജ’ പ്രോഗ്രാം ബഹിഷ്കരിച്ചു. മറ്റുള്ള മൽസരാർത്ഥികളെ വച്ചു ചാനലുകാർ മൽസരം പൂർത്തിയാക്കി. വിജയിയെ തിരഞ്ഞെടുത്തു. പരിപാടി റെക്കോർഡഡ് ആയതിനാൽ അത്യാവശ്യം എഡിറ്റിങ്ങോടെ പ്രേക്ഷകരിലേക്കു എത്തി. ‘ഗാനരാജ’ വൻവിജയമായെന്നു ചാനലുകാർ പ്രചരിപ്പിച്ചു. ജനം അതും വിശ്വസിച്ചു.

വിഷൻ‌നെറ്റിന്റെ ഫൈനൽ പരിപാടിക്കുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ, അതാ രാമേട്ടനു വീണ്ടും കമ്പി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന സമ്മാനദാന ചടങ്ങിൽ സംബന്ധിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കമ്പിയിൽ. വിവരം പതിവുപോലെ നാടുമുഴുവൻ അഞ്ചു മിനിറ്റിനുള്ളിൽ അറിഞ്ഞു. തിരുമേനി ആവേശഭരിതനായി. അന്നമനട കടവിൽ ഇഞ്ചതേച്ചു വിസ്‌തരിച്ചു കുളിക്കുകയായിരുന്ന രാമേട്ടനോടു, ഓടിയണച്ചു വന്നു, തിരുമേനി ചോദിച്ചു.

“പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ?”

രാമേട്ടൻ പറഞ്ഞു. “നാല് പോരടാ. ഒരാറായിക്കോട്ടെ… ആറ്”


8 Replies to “ഹിസ് എക്‌സലൻസി രാമേട്ടൻ – 2”

  1. വായിച്ചു. നന്നായിരുന്നു സുനില്‍.

    എന്താന്നറിയില്ല രാമേട്ടന്‍ന്നു വായിക്കുമ്പോ വെര്‍തെ യേശുദാസിന്റെ മുഖം മനസ്സില്‍ വരണേ 🙂

  2. രാമേട്ടന്‍ പെട്ടിയില്‍ ഇപ്പോഴും ഇരിക്കുന്ന ഒരു പടത്തിന്റെ സംഗീത സംവിധായകന്‍ ആണല്ലേ ?ശുദ്ധ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്നു സുനില്‍

  3. @ സിയാഫ്

    ആരടാ രാമേട്ടനെ ഇകഴ്ത്തീ പറയണേ ? പെട്ടിയിൽ ഇരിക്കുന്ന പടത്തിന്റ്റ്റെ സംഗീതസംവിധായകനോ !!! അസംഭാവ്യം !!
    സിയാഫിന്റെ വീട്ടിലേക്ക് തിരുമേനിയുടെ നേതൃത്വത്തിൽ പൊന്നു ട്രാവൽസിന്റെ രണ്ടുവണ്ടി നിറയെ ആളുവരും. ജാഗ്രതയോടെ ഇരിക്കൂൂ
    :-))

    @ റേ

    രാമേട്ടൻ യേശ്ദാസിനേക്കാളും കെമനാണെന്നാണ് അന്നമനടയിലെ പറച്ചിൽ.
    🙂

    സുനിൽ ഉപാസന

  4. ജഡ്ജും കണ്ടസ്റ്റന്റും ജോറായിട്ടുണ്ട്. തമാശ നന്നേ രസിച്ചു സുനിലേ.

  5. വളരെ നന്നായി അവതരിപ്പിച്ചു
    ചിരിക്കാനും ചിന്തിക്കാനും വക 🙂
    “രം…..പൂൂൂ….ന്തനാാാവ്…രുതീീീ”
    രാമേട്ടന്‍ പുലിയാണ് കേട്ടോ…

അഭിപ്രായം എഴുതുക