ഹിസ് എക്‌സലൻസി രാമേട്ടൻ – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


രാമേട്ടനു കമ്പി!

പതിവുപോലെ വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും, മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമല്ല.. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട  വസ്തുത, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ നൊടിയിടയിൽ വാർത്തയാകും എന്നതാണ്. അത്രയ്ക്കുണ്ട് അന്നമനടയിൽ രാമേട്ടന്റെ സ്വാധീനവും പ്രശസ്തിയും. അദ്ദേഹം നാടറിയുന്ന ശാസ്ത്രീയ സംഗീതജ്ഞനാണ്. അടിസ്ഥാന മികവ് ക്ലാസിക്കൽ സംഗീതത്തിലാണെങ്കിലും വയലിൻ, വീണ, തബല, മൃദംഗം, ഘടം., എന്നിങ്ങനെ ഒരുമാതിരി എല്ലാ സംഗീതോപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യും. എല്ലാത്തിലും ഏറ്റക്കുറച്ചിൽ ഇല്ലാതെ പരിണത പ്രജ്ഞനുമാണ്. രാമേട്ടന്റെ സംഗീത പരിപാടികൾ ടെലിവിഷൻ, റേഡിയോ, ചെമ്പൈ സംഗീതോൽസവം, ക്ഷേത്രോൽസവങ്ങൾ എന്നിവയിൽ പലതവണ വന്നിട്ടുണ്ട്. സംഗീതരംഗത്തെ പ്രശസ്തരായ പലരും അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളാണ്. ഇത്തരത്തിൽ കേരളത്തിലെ സംഗീതകലാ രംഗത്തു രാമേട്ടൻ സുപരിചിതനാണെന്നു പറഞ്ഞാൽ അതിൽ ഒട്ടും തെറ്റില്ല.

അന്നമനട ദേശം മുഴുവൻ രാമേട്ടന്റെ ആരാധകരാണ്. രാമേട്ടന്റെ സംഗീതക്കച്ചേരി എവിടെ നടന്നാലും അവിടേക്കു അന്നമനടയിൽ നിന്നു നാലുബസ് നിറയെ ആളുകൾ പോകും. വാളൂരിലെ ‘പൊന്നു’ ട്രാവൽസിലെ ബസുകളാണ് എല്ലായ്‌പ്പോഴും ഏർപ്പാടാക്കുക. ആരാധകർ കൂടുതലുണ്ടെങ്കിൽ ബസുകളുടെ എണ്ണം കൂടും. കൂടാതെ ടെമ്പോ, ജീപ്പ് എന്നിങ്ങനെയുള്ള മറ്റു മാർഗങ്ങളും നാട്ടുകാർ തേടും. ചുരുക്കിപ്പറഞ്ഞാൽ, രാമേട്ടന്റെ സംഗീത പരിപാടികൾക്കു അന്നമനടയുടെ ഒരു പരിച്ഛേദം സദസ്സിലുണ്ടാകും. കച്ചേരിയ്ക്കിടയിൽ ആരെങ്കിലും കൂവിയാലോ ഒച്ച വച്ചാലോ പിന്നെ ഒന്നും പറയാനില്ല. പൂര അടി നടക്കും. ഇത്തരം അടികൾക്കു നേതൃത്വം കൊടുക്കുന്നത് അന്നമനടയിൽ രാമേട്ടന്റെ കറകളഞ്ഞ ആരാധകനായ ‘തിരുമേനി’യാണ്. രാമേട്ടനെതിരെ ആരെങ്കിലും സംസാരിച്ചു എന്നുകേട്ടാൽ സംസാരിച്ചവന്റെ വീട്ടിലേക്കു, തിരുമേനിയുടെ നേതൃത്വത്തിൽ, രണ്ടു വണ്ടി നിറയെ ആളു പോകും. ‘തിരുമേനി കസ്റ്റഡിയിൽ’ എന്ന മട്ടിലുള്ള വാർത്തകളും താമസിയാതെ കേൾക്കാം. കായബലത്തിന്റെയും കുടവയറിന്റേയും പര്യായമായ തിരുമേനി രാമേട്ടന്റെ വലംകൈയാണ്.

ഇത്തരത്തിൽ മികച്ച ഗായകനും കലാകാരനും അതിലുപരി മനുഷ്യസ്നേഹിയുമായ രാമേട്ടനു കമ്പി വന്നാൽ, അതും ഗൗരവമായ വാർത്തയാണെങ്കിൽ, അന്നമനടയിൽ നൊടിയിടയിൽ പരക്കാതിരിക്കുന്നതെങ്ങിനെ? പതിവു പോലെ മിനിറ്റുകൾക്കകം അന്നമനട ക്ഷേത്രത്തിനു അടുത്തുള്ള രാമേട്ടന്റെ വീടിനു മുന്നിൽ പുരുഷാരം രൂപംകൊണ്ടു. വന്നവരിലെല്ലാം ആകാംക്ഷയും പരിഭ്രാന്തിയും മുറ്റിനിന്നു. എന്തെങ്കിലും അത്യാഹിതം? അല്ലെങ്കിൽ എന്തെങ്കിലും നല്ല വാർത്ത?

പൂമുഖത്തെ ചൂരൽക്കസേരയിലിരുന്നു രാമേട്ടൻ കമ്പി വായിച്ചു. നാട്ടുകാർ അദ്ദേഹത്തിന്റെ മുഖത്തു ഉറ്റുനോക്കി. രാമേട്ടൻ സങ്കടപ്പെടുന്നുണ്ടോ? അതോ സന്തോഷിക്കുന്നുവോ? പക്ഷേ രാമേട്ടന്റെ മുഖത്തു ഒരു വികാരവും ഉണ്ടായില്ല. അദ്ദേഹം വികാരങ്ങൾ ഒളിപ്പിക്കുന്നതിൽ അതിസമർത്ഥനാകുന്നു.

കമ്പി വായിച്ചു കഴിഞ്ഞു രാമേട്ടൻ ചുറ്റും കൂടിയവരെ വാർത്ത അറിയിച്ചു.

Read More ->  കക്കാടിന്റെ പുരാവൃത്തം: ഖാലി - 1

“സന്തോഷ വാർത്തയാണ്. അന്നമനടയുടെ സംഗീത പാരമ്പര്യത്തിനു ലഭിച്ച അംഗീകാരമാണ്. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലായ ‘വിഷൻനെറ്റ്’ പാട്ടുകാർക്കായി നടത്തുന്ന റിയാലിറ്റി ഷോ ‘ഗാനരാജ’യുടെ ഫൈനൽ മൽസരത്തിനു പ്രത്യേക അതിഥിയും പ്രധാന വിധികർത്താവുമായി എന്നെ ക്ഷണിച്ചിരിക്കുന്ന വിവരമാണ് കമ്പിയിൽ ഉള്ളത്. ഇതു അന്നമനടക്ക് ഒരു അംഗീകാരമാണ്”

റിയാലിറ്റി ഷോകൾ തരിമ്പും ഇഷ്ടമല്ലാത്ത തിരുമേനി അന്വേഷിച്ചു. “രാമേട്ടൻ ഈ പരിപാടിക്ക് അപ്ലൈ ചെയ്തണ്ടാർന്നാ?”

“ആര് ഞാനാ, ഇതിനാ! ഹഹഹ“ രാമേട്ടൻ പൊട്ടിച്ചിരിച്ചു. “ഇമ്മാതിരി പരിപാടിക്ക് അപ്ലൈ ചെയ്യാൻ എനിക്ക് പ്രാന്ത്ണ്ടടാ തിരുമേന്യേ? ഇതെന്നെ ആരാണ്ട് റെക്കമന്റ് ചെയ്തതാന്നാ തോന്നണെ”

തിരുമേനി ചോദിച്ചു. “അപ്പോ രാമേട്ടൻ ഇതിന് പോണ്ണ്ടാ?”

“പിന്നെ പോവണ്ടേ? ഒര് ദെവസല്ലേടാ ഒള്ളൂ. അതും മാളോര് കാണേ. കാശും ഇമ്മിണി കിട്ടൂന്ന് തോന്നണ്”

തിരുമേനി ആവേശത്തിലായി. “പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ“

“നാലു പോരടാ. ഒര് ആറായിക്കോട്ടെ. അവടെ ചെലപ്പോ എന്തേലും പ്രശ്നണ്ടായലോ”

“എന്തൂട്ട് പ്രശ്നം?”

“ആരെങ്കിലും എന്നെ പള്ള് വിളിച്ചാലോടാ തിരുമേന്യേ”

“പള്ളാ! രാമേട്ടന്യാ? എന്നാപ്പിന്നെ അവടെ ശവം വീഴും. നമക്ക് നാലഞ്ച് വാളും കൊണ്ടോവാ”

“ആയ്ക്കോട്ടേ. അപ്പോ പൊന്നൂല് ഇപ്പത്തന്നെ വിളിച്ച് പറഞ്ഞോ. വൈകിക്കണ്ട. അവമ്മാർക്കിപ്പോ ഓട്ടം ജാസ്ത്യാ. ഇപ്പ പറഞ്ഞില്ലെങ്കീ ട്രിപ്പ് കിട്ടില്ല”

തിരുമേനി പതിവ് ഡയലോഗ് അടിച്ചു. “എന്തൂട്ട് ജാസ്ത്യായാലും രാമേട്ടന്റെ പരിപാടിക്ക് ആളെ കൊണ്ടോയില്ലെങ്കി ഇവടെ ശവം വീഴും”

തിരുമേനി തുടർന്നു. “രാമേട്ടാ. ഞാനൊരു കാര്യം പറയാൻ പൂവാ. രാമേട്ടൻ എതിര് പറേര്ത്”

“എന്താടാ?”

“രാമേട്ടനു ഒര് സ്വീകരണം ഞങ്ങ ഏർപ്പാട് ചെയ്യണ്ണ്ട്. രാമേട്ടൻ സമ്മതിക്കണം”

ലാളിത്യമാർന്ന ജീവിതശൈലിയാണെങ്കിലും തിരുമേനിയുടെ ആവശ്യമായതിനാൽ രാമേട്ടൻ സമ്മതിച്ചു.

“ഇനീപ്പോ ഞാനായിട്ട് അത് മുടക്കീന്ന് വരര്തല്ലോ. അതോണ്ട് ആയിക്കോട്ടേ“

“എവട്യാ രാമേട്ടാ സ്റ്റേജ് വേണ്ടെ?”

“മണപ്പൊറത്ത് മതി”

“ശരി. പിന്നെ നോട്ടുമാല വേണോ?”

രാമേട്ടൻ ചൂടായി. “അതില്ലാണ്ട് എന്തൂട്ട് സ്വീകരണാടാ“

തിരുമേനി സമ്മതിച്ചു. “ശര്യാ. പിന്നെ ആന…”

“ഏതാ?”

“നമ്മടെ ഉമാ മഹേശ്വരൻ”

“ഭേഷ്”

“ഉൽ‌ഘാടകൻ ആരാ വേണ്ടെ രാമേട്ടാ?”

“ഞാൻ തന്നെ പോരേ”

“മതീന്ന്. അധ്യക്ഷനോ?”

“തോമാസില്ലേ”

“ആരാ രാമേട്ടാ. മെമ്പറാ!”

“അവന്തന്നെ”

തിരുമേനി സംശയിച്ചു. “അതു വേണോ രാമേട്ടാ”

“എന്താ സംശയം”

“എന്നാപ്പിന്നെ നമക്ക് സ്റ്റേജ് മണപ്പൊറ്‌ത്ത്‌ന്ന് വേറെ വല്ലോട്‌ത്തേക്കും മാറ്റാം”

“അതെന്താടാ?”

“അല്ലെങ്കീ പൊഴേല് ശവം പൊങ്ങും”

“ആരടെ?”

“ഒന്നുങ്കീ തോമാസിന്റെ. അല്ലെങ്കീ നാട്ടാര്ടെ”

“അത്രക്ക് കേമാണോ അവന്റെ പ്രസംഗം”

“ആണോന്നാ! അത് കേട്ടാപ്പിന്നെ മുടി നരക്കില്ല”

“അതെന്താ, ഔഷധ ഗുണാണോ?”

“അല്ല. മുടി നരക്കണേനു മുമ്പ് വട്യാവും”

“അങ്ങനെ ആരേങ്കിലും നീയറിയോ”

“നാടു മുഴ്വോൻ അറീം”

രാമേട്ടൻ സംഭാഷണം നിർത്തി. ശനിയാഴ്ച സന്ധ്യയ്ക്കു അന്നമനട ശിവക്ഷേത്രത്തിനു മുന്നിലെ മണപ്പുറത്തു സ്വീകരണം എന്നു തീരുമാനിക്കപ്പെട്ടു. സ്വീകരണ കമ്മറ്റി നൊടിയിടയിൽ രൂപീകരിച്ചു. അതിനെല്ലാം സ്ഥിരം ആളുകളുണ്ട്. അല്ലെങ്കിലും രാമേട്ടന്റെ പരിപാടി നടത്താനാണോ ആളില്ലാത്തത്! മണപ്പുറത്തു കവുങ്ങിൻകുറ്റികൾ കുത്തിനിർത്തി, അതിന്മേൽ പലകയടിച്ചു സ്റ്റേജ് കെട്ടി. പലകയിൽ കാർപ്പെറ്റും, അതിനു മുകളിൽ ചുവന്ന പരവതാനിയും വിരിച്ചു. രാമേട്ടനു ഇരിക്കാൻ സിംഹാസനം പോലുള്ള ഇരിപ്പിടം. മറ്റുള്ളവർക്കു സാദാ പ്ലാസ്റ്റിക് കസേര. വൈകുന്നേരം ഏഴുമണിയോടെ മണപ്പുറത്തു അന്നമനട ദേശമെത്തി.

അധ്യക്ഷൻ അയൽനാട്ടുകാരനും, തീപ്പൊരി പ്രാസംഗികനുമായ മെമ്പർ തോമാസ്. മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ക്രമീകരിച്ചു അദ്ദേഹം മൈക്കിൽ രണ്ടുതവണ കൊട്ടി. പിന്നെ നടുലേശം പിന്നോട്ടു വളച്ചു പ്രസംഗം ആരംഭിച്ചു. തുടക്കം മുതൽ ഗുളികൻ നാവിൽ വിളഞ്ഞു.

Read More ->  ഓണം @ മര്യാദാമുക്ക്

“പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ എല്ലാമെല്ലാമായ കമ്പി വന്നിരിക്കുന്നു എന്നു കേട്ടപ്പോൾ, ഞാൻ ആദ്യമായി ഓർമിച്ചത് കഴിഞ്ഞ മാസം കക്കാടിൽ വന്ന മൂന്നു കമ്പിയില്ലാ കമ്പിയെപ്പറ്റിയും കുലയിടത്തു വന്ന നാല് കമ്പിയുള്ള കമ്പിയെപ്പറ്റിയും, പിന്നെ എന്റെ വീട്ടിൽ കമ്പിയുമായി വന്ന ലോറിയെപ്പറ്റിയുമാണ്…..”

യാതൊരു തട്ടും തടവുമില്ലാതെ തോമാസ് പിന്നേയും പതിനഞ്ചു മിനിറ്റ് സംസാരിച്ചു. രാമേട്ടൻ തരിച്ചിരുന്നു. ജനങ്ങൾ അതിലേറെ തരിച്ചിരുന്നു.

അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം രാമേട്ടൻ നിലവിളക്ക് കത്തിച്ചു ചടങ്ങ് ഉൽഘാടനം ചെയ്‌തു. പതിനൊന്നു പേർ പൊന്നാട അണിയിച്ചു. പിന്നേയും പൊന്നാടയുമായി ഒരുപാടു ആളുകളുടെ നീണ്ട നിര. അവരോടു തുണി പിറ്റേന്നു വീട്ടിൽ കൊടുത്താൽ മതിയെന്നു പറഞ്ഞു സമാധാനിപ്പിച്ചു തിരിച്ചയച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റിന്റെ ഊഴമായിരുന്നു പിന്നീട്. അദ്ദേഹം കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിച്ചു. രാമേട്ടന്റെ വെങ്കലപ്രതിമ അന്നമനട ജംങ്ഷനിൽ, കാക്ക തൂറാത്ത വിധം, ചില്ലുപേടകത്തിൽ പ്രതിഷ്‌ഠിക്കുമെന്നു അദ്ദേഹം ശപഥം ചെയ്തു. സദസ്സ് അത് കയ്യടികളോടെ സ്വീകരിച്ചു. അതോടെ പരിപാടികൾ സമാപിച്ചു.

പിറ്റേന്നു ഉച്ചക്കു, രാഹുകാലം കഴിഞ്ഞു, രാമേട്ടൻ ടാറ്റ സഫാരിയിൽ കൊച്ചിയിലെ വിഷൻ‌നെറ്റ് സ്റ്റുഡിയോവിലേക്കു പുറപ്പെട്ടു. പിന്നാലെ പൊന്നു ട്രാവൽസിന്റെ ആറു ബസുകളിൽ നാട്ടുകാരും. വൈകുന്നേരമായിരുന്നു ഫൈനൽ മൽസരങ്ങൾ തീരുമാനിച്ചിരുന്നത്. പരിപാടി ലൈവാണെന്നാണ് വിവക്ഷയെങ്കിലും സംഗതി പതിവുപോലെ റെക്കോർഡഡ് ആയിരുന്നു.

കേരളവും കേരളീയരും ആകാംക്ഷഭരിതരായി തുടങ്ങി. ആരാണ് വിജയിയാവുക. വിഷൻനെറ്റ് ‘ഗാനരാജ’ എന്ന റിയാലിറ്റി ഷോ തുടങ്ങിയത് കൃത്യം ഒരു വർഷം മുമ്പായിരുന്നു. ഏതോ വിദേശ ചാനലിൽ കണ്ട പരിപാടിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി രൂപം കൊടുത്തതാണ് ‘ഗാനരാജ’. സന്ധ്യ മയങ്ങിയാൽ ടെലിവിഷനു മുന്നിൽ കുത്തിയിരുന്നു കരയുന്ന വീട്ടമ്മമാരുടെ മനസ്സ് സന്തോഷഭരിതമാക്കാനാണ് പുതിയ പരിപാടിയിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വിഷൻനെറ്റ് പരസ്യമിറക്കി. ജനം അതും വിശ്വസിച്ചു. ഒരു വർഷം നീണ്ട മൽസരങ്ങൾക്കൊടുവിൽ കുറച്ചുപേർ റൗണ്ടുകളിൽ നിന്നു റൗണ്ടുകളിലേക്കു കയറി. അതിലേറെ പേർ ഇറങ്ങി. അവസാനം വിജയിപ്പട്ടത്തിനു അവകാശികൾ മൂന്നുപേരായി ചുരുങ്ങി. ഇന്നു അവരും വിധികർത്താക്കളും തമ്മിലാണ് കബഡി.

സമയം ഏഴുമണിയോടു അടുത്തപ്പോൾ, അന്നേരം വളരെ തിരക്കുണ്ടാകുമായിരുന്ന, അന്നമനട ജംങ്‌ഷൻ വിജനമായി. ഗ്രഹണത്തിന്റെ പ്രതീതി. രാഷ്ട്രീയപാർട്ടികളുടെ ബന്ദിനു വരെ അടക്കാത്ത മെഡിക്കൽ ഷോപ്പുകളും പൂട്ടി. നാട്ടുകാരെല്ലാം ടെലിവിഷനു മുന്നിൽ. അന്നമനട പാലത്തിനു സമീപം കെ‌എസ്‌ഇ‌ബിയുടെ ട്രാൻസ്‌ഫോർമർ ലോഡ് താങ്ങാനാകാതെ ഉച്ചത്തിൽ മൂളി. ട്രാൻസ്‌ഫോർമറിൽ നാലഞ്ച് സ്ഫുലിംഗങ്ങളും ഉണ്ടായി. റിയാലിറ്റിഷോ നടക്കുന്ന സ്റ്റുഡിയോക്കു പുറത്തു പൊന്നു ട്രാവൽസിന്റെ ആറു ബസുകൾ നിരനിരയായി കിടന്നു. അതിലിരുന്നു രാമേട്ടന്റെ പിള്ളേർ എന്തു സാഹചര്യവും നേരിടാൻ തയ്യാറെടുത്തു. തിരുമേനി ഉൾപ്പെടെ ഏതാനും പേർ പരിപാടി കാണാൻ സ്റ്റുഡിയോയിൽ കയറി.

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image : – http://www.keralaculture.org/malayalam/shudda-maddalam/133


14 Replies to “ഹിസ് എക്‌സലൻസി രാമേട്ടൻ – 1”

  1. കക്കാടിന്റെ പുരാവൃത്തങ്ങൾ 'അന്നമനട' അരങ്ങേറുന്നു.

    ഇന്നു ‘ഉപാസന’ക്ക് ബൂലോകത്തു അഞ്ചുവയസ്സ് തികഞ്ഞതായും അറിയിക്കട്ടെ.
    🙂
    എന്നും സ്നേഹത്തോടെ
    സുനിൽ || ഉപാസന

  2. ശ്രീക്കുട്ടൻ, ഷാജു, വെമ്പള്ളിനിവാസി. ശ്രീജിത്ത്, ശ്രീനന്ദ, ഇഞ്ചൂരാൻ, ദിനേശേട്ടൻ…

    നിങ്ങളെന്റെ മാനം കാത്തു 😉

    ദിനേശേട്ടൻ : ഞാൻ മെയിൽ അയക്കാം 🙂

    എന്നു, സ്നേഹത്തോടെ
    സുനിൽ ഉപാസന

  3. ഉപാസനയ്ക്ക് ആശംസകള്‍..
    അഭിനന്ദനങ്ങള്‍..
    പതിവ് പോലെ രസകരമായ എഴുത്ത്.
    നല്ല നര്‍മ്മം!!
    ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കുന്നു….

അഭിപ്രായം എഴുതുക