സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
രാമേട്ടനു കമ്പി!
വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമായല്ല. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ വാർത്ത നൊടിയിടയിൽ പരക്കും എന്ന വസ്തുതക്കാണ്. അത്രക്കുണ്ട് അന്നമനടയിൽ രാമേട്ടന്റെ, ജാനകിരാമൻ എന്നു യഥാർത്ഥനാമം, സ്വാധീനം. അദ്ദേഹം നാടറിയുന്ന ഗായകനും കലാകാരനുമാണ്. അടിസ്ഥാനപരമായി മികവു തെളിയിച്ചിരിക്കുന്നത് ക്ലാസിക്കൽ സംഗീതത്തിലെങ്കിലും വയലിൻ, വീണ, തബല, മൃദംഗം, ഘടം എന്നിങ്ങനെ ഒരുമാതിരിയുള്ള എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യും. എല്ലാത്തിലും ഏറ്റക്കുറച്ചിലില്ലാതെ പരിണതപ്രജ്ഞനുമാണ്. രാമേട്ടന്റെ പരിപാടികൾ ടെലിവിഷൻ, റേഡിയോ, സ്റ്റേജ് ഷോകൾ, ഉൽസവപരിപാടികൾ എന്നിവയിൽ പലതവണ വന്നിട്ടുണ്ട്. സംഗീതരംഗത്തെ പ്രശസ്തരായ പലരും അദ്ദേഹത്തെ ആത്മസുഹൃത്തുക്കൾ. ഇത്തരത്തിൽ കേരളത്തിലെ സംഗീതകലാരംഗത്തു രാമേട്ടൻ സുപരിചിതനാണെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല.
അന്നമനട ദേശം മുഴുവൻ രാമേട്ടന്റെ ആരാധകരാണ്. രാമേട്ടന്റെ കച്ചേരി എവിടെ ഉണ്ടായാലും അവിടേക്കു അന്നമനടയിൽ നിന്നു നാലുബസ് നിറയെ ആളുകൾ പോകും. വാളൂരിലെ ‘പൊന്നു’ ട്രാവൽസിലെ ബസുകളാണ് എല്ലായ്‌പ്പോഴും ഏർപ്പാടാക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ ബസുകളുടെ എണ്ണവും കൂടും. കൂടാതെ ബൈക്ക്, ഓട്ടോറിക്ഷ, ടെമ്പോ, ജീപ്പ് എന്നിങ്ങനെ മറ്റുമാർഗങ്ങളും നാട്ടുകാർ തേടും. അങ്ങിനെ രാമേട്ടന്റെ സംഗീതപരിപാടികൾക്കു അന്നമനടയുടെ ഒരു പരിച്ഛേദം സദസ്സിലുണ്ടാകും. കച്ചേരിക്കിടയിൽ ആരെങ്കിലും കൂവിയാലോ ഒച്ചവച്ചാലോ പിന്നെ ഒന്നും പറയാനില്ല. പൂര അടിയായിരിക്കും. ഇത്തരം അടികൾക്കു നേതൃത്വം കൊടുക്കുന്നത് അന്നമനടയിൽ, രാമേട്ടന്റെ കറകളഞ്ഞ ആരാധകനായ ‘തിരുമേനി’യാണ്. രാമേട്ടനെതിരെ ആരെങ്കിലും സംസാരിച്ചു എന്നുകേട്ടാൽ സംസാരിച്ചവന്റെ വീട്ടിലേക്കു, തിരുമേനിയുടെ നേതൃത്വത്തിൽ, രണ്ടുവണ്ടി നിറയെ ആളുപോകും. ‘തിരുമേനി കസ്റ്റഡിയിൽ’ എന്നമട്ടിലുള്ള വാർത്തകളും താമസിയാതെ കേൾക്കാം. കായബലത്തിന്റെയും കുടവയറിന്റേയും പര്യായമായ തിരുമേനി രാമേട്ടന്റെ വലംകൈയാണ്.
ഇത്തരത്തിൽ മികച്ച ഗായകനും, ജനനായകനും, അതിലുപരി മനുഷ്യസ്നേഹിയുമായ രാമേട്ടനു കമ്പിവന്നാൽ, അതും ഗൗരവമായ വാർത്തയാണെങ്കിൽ, അന്നമനടയിൽ നൊടിയിടയിൽ പരക്കാതിരിക്കുന്നതെങ്ങിനെ? പതിവുപോലെ മിനിറ്റുകൾക്കകം അന്നമനട മഹാദേവക്ഷേത്രത്തിനു അടുത്തുള്ള രാമേട്ടന്റെ വീടിനുമുന്നിൽ പുരുഷാരം രൂപംകൊണ്ടു. വന്നവരിലെല്ലാം ആകാംക്ഷയും പരിഭ്രാന്തിയും. എന്തെങ്കിലും അത്യാഹിതം? അല്ലെങ്കിൽ എന്തെങ്കിലും നല്ല വാർത്ത? അതറിഞ്ഞിട്ടേ പിരിഞ്ഞുപോകൂ.
പോർട്ടിക്കോവിൽ തൂങ്ങിയാടുന്ന കസേരയിലിരുന്നു രാമേട്ടൻ കമ്പി വായിച്ചു. നാട്ടുകാർ അദ്ദേഹത്തിന്റെ മുഖത്തു ഉറ്റുനോക്കി. രാമേട്ടൻ സങ്കടപ്പെടുന്നുണ്ടോ? അതോ സന്തോഷിക്കുന്നുവോ? രാമേട്ടന്റെ മുഖത്തു ഒരു വികാരവും ഉണ്ടായില്ല. അദ്ദേഹം വികാരങ്ങൾ ഒളിപ്പിക്കുന്നതിൽ അതിസമർത്ഥനാകുന്നു. കമ്പി വായിച്ചുകഴിഞ്ഞു ചുറ്റും കൂടിയവരെ വാർത്ത അറിയിച്ചു.
“സന്തോഷവാർത്തയാണ്. അന്നമനടയുടെ സംഗീതപാരമ്പര്യത്തിനു ലഭിച്ച അംഗീകാരമാണ്….. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലായ ‘വിഷൻനെറ്റ്’ പാട്ടുകാർക്കായി നടത്തുന്ന റിയാലിറ്റിഷോ ‘ഗാനരാജ’യുടെ ഫൈനൽ മൽസരത്തിനു പ്രത്യേക അതിഥിയും പ്രധാന വിധികർത്താവുമായി എന്നെ ക്ഷണിച്ചിരിക്കുന്ന വിവരമാണ് കമ്പിയിൽ ഉള്ളത്. ഇതു അന്നമനടക്ക് ഒരു അംഗീകാരമാണ്”
റിയാലിറ്റി ഷോകൾ തരിമ്പും ഇഷ്ടമല്ലാത്ത തിരുമേനി അന്വേഷിച്ചു. “രാമേട്ടൻ ഈ പരിപാടിക്കു അപ്ലൈ ചെയ്തണ്ടാർന്നാ?”
“ആര് ഞാനാ, ഇതിനാ! ഹഹഹ“ രാമേട്ടൻ പൊട്ടിച്ചിരിച്ചു. “ഇമ്മാതിരി കളസം കീറണ പരിപാടിക്കു അപ്ലൈ ചെയ്യാൻ എനിക്കു പ്രാന്ത്ണ്ടടാ തിരുമേന്യേ? ഇതെന്നെ ആരാണ്ട് റെക്കമന്റ് ചെയ്തതാന്നാ തോന്നണെ”
തിരുമേനി ചോദിച്ചു. “അപ്പോ രാമേട്ടൻ ഇതിന് പോണ്ണ്ടാ?”
“പിന്നെ പോവണ്ടേ? ഒര് ദെവസല്ലേടാ ഉള്ളൂ. അതും മാളോര് കാണേ. കാശും ഇമ്മിണി കിട്ടൂന്ന് തോന്നണ്”
തിരുമേനി ആവേശത്തിലായി. “പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ“
“നാലു പോരടാ. ഒര് ആറായിക്കോട്ടെ. അവടെ ചെലപ്പോ എന്തെങ്കിലും പ്രശ്നണ്ടായലോ”
“എന്തൂട്ട് പ്രശ്നം?”
“ആരെങ്കിലും എന്നെ പള്ള് വിളിച്ചാലോടാ തിരുമേന്യേ”
“പള്ളാ! രാമേട്ടന്യാ? എന്നാപ്പിന്നെ അവടെ ശവം വീഴും. നമക്ക് നാലഞ്ച് വാളും കൊണ്ടോവാ”
“ആയ്ക്കോട്ടേ. അപ്പോ പൊന്നൂല് ഇപ്പത്തന്നെ വിളിച്ച് പറഞ്ഞോ. വൈകിക്കണ്ട. അവമ്മാർക്കിപ്പോ ഓട്ടം ജാസ്ത്യാ. ഇപ്പ പറഞ്ഞില്ലെങ്കീ ട്രിപ്പ് കിട്ടില്ല”
തിരുമേനി പതിവ് ഡയലോഗ് അടിച്ചു. “എന്തൂട്ട് ജാസ്ത്യായാലും രാമേട്ടന്റെ പരിപാടിക്ക് ആളെ കൊണ്ടോയില്ലെങ്കിപ്പിന്നെ ഇവടെ ശവം വീഴും”
തിരുമേനി തുടർന്നു. “രാമേട്ടാ. ഞാനൊരു കാര്യം പറയാൻ പോവാണ്. രാമേട്ടൻ എതിര് പറേര്ത്”
“എന്താടാ?”
“ഞങ്ങ രാമേട്ടനു ഒര് സ്വീകരണം ഏർപ്പാട് ചെയ്യാമ്പോവാ? രാമേട്ടൻ സമ്മതിക്കണം”
“ഇനീപ്പോ ഞാനായിട്ട് മുടക്കീന്ന് വരര്തല്ലോ. അതോണ്ട് ആയിക്കോട്ടേ“
“എവട്യാ രാമേട്ടാ സ്റ്റേജ് വേണ്ടെ?”
“മണപ്പൊറത്ത് മതി”
“ശരി. പിന്നെ നോട്ടുമാല വേണോ രാമേട്ടാ”
രാമേട്ടൻ ചൂടായി. “അതില്ലാണ്ട് എന്തൂട്ട് സ്വീകരണാടാ“
“അതും ശര്യാ. പിന്നെ ആന”
“ഏതാ?”
“നമ്മടെ ഉമാമഹേശ്വരൻ”
“ധാരാളം”
“ഉൽഘാടകൻ ആരാ വേണ്ടെ?”
“ഞാൻ തന്നെ പോരേ”
“മതീന്ന്. അധ്യക്ഷനോ?”
“നമ്മടെ തോമാസില്ലേ”
“ആരാ രാമേട്ടാ. മെമ്പറാ?”
“അവന്തന്നെ”
തിരുമേനി സംശയിച്ചു. “അതുവേണോ രാമേട്ടാ”
“എന്താ സംശയം”
“എന്നാപ്പിന്നെ സ്റ്റേജ് മണപ്പൊറ്‌ത്ത്‌ന്ന് വേറെ വല്ലോട്‌ത്തേക്കും മാറ്റാം”
“അതെന്താടാ?”
“അല്ലെങ്കീ പൊഴേല് ശവം പൊങ്ങും”
“ആരടെ?”
“ഒന്നുങ്കീ തോമാസിന്റെ. അല്ലെങ്കീ നാട്ടാര്ടെ”
“അത്രക്ക് കേമാണോ അവന്റെ പ്രസംഗം?”
“ആണോന്നാ. അത് കേട്ടാപ്പിന്നെ മുടി നരക്കില്ല”
“അതെന്തേ”
“അതിനു മുമ്പ് വട്യാവും”
“അങ്ങനെ ആരേങ്കിലും നീയറിയോ”
“ഞാൻ മാത്രല്ല നാടു മുഴ്വോൻ അറീം”
രാമേട്ടൻ സംഭാഷണം നിർത്തി. ശനിയാഴ്ച സന്ധ്യക്കു അന്നമനട ശിവക്ഷേത്രത്തിനു മുന്നിലെ മണപ്പുറത്തു സ്വീകരണം എന്നു തീരുമാനിച്ചു. സ്വീകരണക്കമ്മറ്റി നൊടിയിടയിൽ രൂപീകരിച്ചു. അതിനെല്ലാം സ്ഥിരം ആളുകളുണ്ട്. അല്ലെങ്കിലും രാമേട്ടന്റെ പരിപാടി നടത്താനാണോ ആളില്ലാത്തത്. മണപ്പുറത്തു കവുങ്ങിൻകുറ്റികൾ കുത്തിനിർത്തി, അതിന്മേൽ പലകയടിച്ചു സ്റ്റേജ് ഉറപ്പിച്ചു. പലകയിൽ കാർപ്പെറ്റും, അതിനുമുകളിൽ ചുവന്ന പരവതാനിയും വിരിച്ചു. രാമേട്ടനു ഇരിക്കാൻ സിംഹാസനം പോലുള്ള ഇരിപ്പിടം. മറ്റുള്ളവർക്കു സാദാ പ്ലാസ്റ്റിക് കസേരകൾ. വൈകുന്നേരം ഏഴുമണിയോടെ മണപ്പുറത്തു അന്നമനട ദേശമെത്തി.
അധ്യക്ഷൻ അയൽനാട്ടുകാരനും, തീപ്പൊരി പ്രാസംഗികനുമായ മെമ്പർ തോമാസ്. മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ക്രമീകരിച്ചു അദ്ദേഹം മൈക്കിൽ രണ്ടുതവണ കൊട്ടി. പിന്നെ നടുലേശം പിന്നോട്ടു വളച്ചു പ്രസംഗം ആരംഭിച്ചു. തുടക്കം മുതൽ ഗുളികൻ നാവിൽ വിളഞ്ഞു.
“പ്രിയപ്പെട്ട നാട്ടുകാരെ….. നമ്മുടെ എല്ലാമായ രാമേട്ടൻ കമ്പിയായി എന്നു കേട്ടപ്പോൾ…. അല്ല അങ്ങനല്ല, നമ്മടെ രാമേട്ടനു കമ്പി വന്നിരിക്കുന്നു എന്നു കേട്ടപ്പോൾ, ഞാൻ ആദ്യമായി ഓർമിച്ചത് കഴിഞ്ഞമാസം കക്കാടിൽ വന്ന മൂന്നു കമ്പിയില്ലാ കമ്പിയെപ്പറ്റിയും കുലയിടത്തു വന്ന നാല് കമ്പിയുള്ള കമ്പിയെപ്പറ്റിയും, പിന്നെ എന്റെവീട്ടിൽ കമ്പിയുമായി വന്ന ലോറിയെപ്പറ്റിയുമാണ്. ലോറി നമ്മുടെ ചോളാൻസ് പോലെ വലിയ ഒന്നല്ല. വേണുച്ചേട്ടന്റെ ഗ്യാസ് ഏജൻസീടെ വണ്ടിപോലത്തെ ഒരു മിനിലോറി. ആ അതന്നെ, പ്രിയപ്പെട്ടവരെ അതിന്റെ പേര് മിസ്തുബിഷി എന്നാണ്. സുഹൃത്തുക്കളേ മിസ്‌തുബിഷി ഒരു ജപ്പാൻ കമ്പനിയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ബോംബിട്ട സ്ഥലം. സഹൃദയരേ, എന്നിട്ടിപ്പോൾ ആ ജപ്പാന്റെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമോ അമേരിക്ക തന്നെ. എന്തൊരു വിരോധാഭാസം”
രാമേട്ടൻ തോമാസിനെ തോണ്ടി. “പ്രിയപ്പെട്ടവനേ തോമാസേ. നീ പോയിന്റിൽക്ക് വാ”
“രാമേട്ടാ ഇതന്ന്യല്ലേ പോയിന്റ്. പിന്നെന്തൂട്ടാത്ര പറയാൻ”
രാമേട്ടൻ പൂജിതനായി. യാതൊരു തട്ടും തടവുമില്ലാതെ തോമാസ് പിന്നേയും പതിനഞ്ചു മിനിറ്റ് സംസാരിച്ചു. രാമേട്ടൻ തരിച്ചിരുന്നു. ജനങ്ങൾ അതിലേറെ തരിച്ചിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം രാമേട്ടൻ നിലവിളക്ക് കത്തിച്ചു ഉൽഘാടനം ചെയ്‌തു. പതിനൊന്നു പേർ പൊന്നാട അണിയിച്ചു. അണിയിക്കാൻ പിന്നേയും ഒരുപാടു ആളുകൾ ബാക്കി. അവരോടു തുണി പിറ്റേന്നു വീട്ടിൽ കൊടുത്താൽ മതിയെന്നു പറഞ്ഞു സമാധാനിപ്പിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റിന്റെ ഊഴമായിരുന്നു പിന്നീട്. അദ്ദേഹം കാര്യമാത്രപ്രസക്തമായി സംസാരിച്ചു. രാമേട്ടന്റെ വെങ്കലപ്രതിമ അന്നമനട ജംങ്ഷനിൽ, കാക്ക തൂറാത്ത വിധം, ചില്ലുപേടകത്തിൽ പ്രതിഷ്‌ഠിക്കുമെന്നു അദ്ദേഹം പറഞ്ഞു. സദസ്സ് അത് കയ്യടികളോടെ സ്വീകരിച്ചു. അതോടെ പരിപാടികൾ സമാപിച്ചു.
പിറ്റേന്നു ഉച്ചക്ക്, രാഹുകാലം കഴിഞ്ഞു, രാമേട്ടൻ ടാറ്റ സഫാരിയിൽ കൊച്ചിയിലെ വിഷൻനെറ്റ് സ്റ്റുഡിയോവിലേക്ക് പുറപ്പെട്ടു. പിന്നാലെ പൊന്നു ട്രാവൽസിന്റെ ആറു മിനിബസുകളിൽ നാട്ടുകാരും. വൈകുന്നേരമായിരുന്നു ഫൈനൽ മൽസരങ്ങൾ തീരുമാനിച്ചിരുന്നത്. പരിപാടി ലൈവാണെന്നാണ് വിവക്ഷയെങ്കിലും സംഗതി പതിവുപോലെ റെക്കോർഡഡ് ആയിരുന്നു.
കേരളവും കേരളീയരും ആകാംക്ഷഭരിതരായി തുടങ്ങി. ആരാണ് വിജയികാവുക. വിഷൻനെറ്റ് ‘ഗാനരാജ’ എന്ന റിയാലിറ്റി ഷോ തുടങ്ങിയത് കൃത്യം ഒരു വർഷം മുമ്പായിരുന്നു. ചില വിദേശചാനലുകളിൽ കണ്ട പരിപാടിയിൽ ചെറിയമാറ്റങ്ങൾ വരുത്തി രൂപം കൊടുത്തതാണ് ‘ഗാനരാജ’. മലയാളത്തിൽ പറഞ്ഞാൽ അടിച്ചുമാറ്റിയ ആശയം. വൈകുന്നേരങ്ങളിൽ സീരിയലിനു മുന്നിൽ കുത്തിയിരുന്നു കരയുന്ന വീട്ടമ്മമാരുടെ മനസ്സ് സന്തോഷഭരിതമാക്കാനാണ് പുതിയ പരിപാടിയിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വിഷൻനെറ്റ് പരസ്യമിറക്കി. ജനം പതിവുപോലെ അതും വിശ്വസിച്ചു. ഒരുവർഷം നീണ്ട മൽസരങ്ങൾക്കൊടുവിൽ പലരും റൗണ്ടുകളിൽനിന്നു റൗണ്ടുകളിലേക്കു കയറി, അതിലേറെ പേർ ഇറങ്ങി. അവസാനം വിജയിപ്പട്ടത്തിനു അവകാശികൾ മൂന്നുപേരായി ചുരുങ്ങി. ഇന്നു അവരും വിധികർത്താക്കളും തമ്മിലാണ് കബഡി.
സമയം ഏഴുമണിയോടടുത്തപ്പോൾ, അന്നേരം വളരെ തിരക്കുണ്ടാകുമായിരുന്ന, അന്നമനട ജംങ്‌ഷൻ വിജനമായി. ഗ്രഹണത്തിന്റെ പ്രതീതി. കമ്മ്യൂണിസ്റ്റുകാരുടെ ബന്ദിനുവരെ അടക്കാത്ത മെഡിക്കൽ ഷോപ്പുകളും പൂട്ടി. നാട്ടുകാരെല്ലാം ടെലിവിഷനു മുന്നിൽ. അന്നമനട പാലത്തിനു സമീപം കെഎസ്‌ഇബിയുടെ ട്രാൻസ്‌ഫോർമർ ലോഡ് താങ്ങാനാകാതെ ഉച്ചത്തിൽ മൂളി. മൂളൽ അങ്ങുദൂരെ വാളൂർ വരെ കേട്ടു. ട്രാൻസ്‌ഫോർമറിൽ നാലഞ്ച് സ്ഫുലിംഗങ്ങളും ഉണ്ടായി. റിയാലിറ്റിഷോ നടക്കുന്ന സ്റ്റുഡിയോക്ക് പുറത്തു പൊന്നു ട്രാവൽസിന്റെ ആറു ബസുകൾ നിരനിരയായി കിടന്നു. അതിലിരുന്നു രാമേട്ടന്റെ പിള്ളേർ എന്തു സാഹചര്യവും നേരിടാൻ തയ്യാറെടുത്തു. തിരുമേനി ഉൾപ്പെടെ ഏതാനും പേർ പരിപാടി കാണാൻ സ്റ്റുഡിയോയിൽ കയറി.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Featured Image : – http://www.keralaculture.org/malayalam/shudda-maddalam/133
കക്കാടിന്റെ പുരാവൃത്തങ്ങൾ 'അന്നമനട' അരങ്ങേറുന്നു.
ഇന്നു ‘ഉപാസന’ക്ക് ബൂലോകത്തു അഞ്ചുവയസ്സ് തികഞ്ഞതായും അറിയിക്കട്ടെ.
🙂
എന്നും സ്നേഹത്തോടെ
സുനിൽ || ഉപാസന
ആശംസകള്‍ …
വായിച്ചു
നല്ല അവതരണം
സൂപ്പര്‍ ആയിരിക്കുന്നു …. കൊള്ളാം……
അടുത്തത് വേഗം പോരട്ടെ…ആശംസകള്‍..
അടുത്തഭാഗം വേഗം പോരട്ടെ
ആശംസകള്‍…………
This comment has been removed by the author.
Good one…
But who is the ramettan?
Dinesh
ശ്രീക്കുട്ടൻ, ഷാജു, വെമ്പള്ളിനിവാസി. ശ്രീജിത്ത്, ശ്രീനന്ദ, ഇഞ്ചൂരാൻ, ദിനേശേട്ടൻ…
നിങ്ങളെന്റെ മാനം കാത്തു 😉
ദിനേശേട്ടൻ : ഞാൻ മെയിൽ അയക്കാം 🙂
എന്നു, സ്നേഹത്തോടെ
സുനിൽ ഉപാസന
ഇത് തകർപ്പൻ നർമ്മം! ഇനിയും വരാം..
niyumorayiram varshangalkku sheshathekkum vendi…!!!
Ashamsakal, Prarthanakal…!!!
ഉപാസനയ്ക്ക് ആശംസകള്‍..
അഭിനന്ദനങ്ങള്‍..
പതിവ് പോലെ രസകരമായ എഴുത്ത്.
നല്ല നര്‍മ്മം!!
ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കുന്നു….
@ manikyam
Here is second part => http://moooppan.blogspot.com/2011/11/2.html
🙂
Sunil Upasana