ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് മാമ്പ്രക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽ‌പാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന് മുന്നിലൂടെയാണ് പോകുന്നത്. വാഹനഗതാഗതം പൊതുവെ കുറവായതിനാൽ ഈ റോഡിൽ കുണ്ടുംകുഴിയും ഇല്ലെന്നു തന്നെ പറയാം. ഷാപ്പിനു സമീപം ജനവാസമില്ല. പകൽ മുഴുവൻ അധ്വാനിച്ച് സന്ധ്യക്ക് ഒരു കുപ്പി മോന്തണമെന്നു തോന്നുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം.

ഒരു വൈകുന്നേരം ആന്റണിയുടെ ‘തീരദേശ‘ത്തിരുന്ന് മിനുങ്ങുമ്പോഴാണ് ചെറാലക്കുന്ന് പ്രദേശത്ത് എന്തിനും പോന്നവനെന്ന പെരുമയുള്ള തമ്പി ഒരു ഇരുചക്ര വാഹനം വാങ്ങണമെന്നു തീരുമാനിച്ചത്. ഇരുപത്താറ് വയസ്സും ആറടിയിൽ താഴെ പൊക്കവും. ഉറച്ച ശരീരഘടന. ‘നേരെ വാ, നേരെ പോ’ മട്ട് പ്രകൃതം. അപാരമായ ചങ്കൂറ്റം. ശത്രുക്കൾക്ക് തികഞ്ഞ അപകടകാരി, മിത്രങ്ങൾക്ക് ആപൽബാന്ധവൻ. ഇതെല്ലാം ചേർന്നാൽ ചെറാലക്കുന്ന് തമ്പി ആയി.

ഒരു മാസം മുമ്പ് അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രംവിളക്ക് ഉത്സവം കണ്ടു അർദ്ധരാത്രിയിൽ മടങ്ങി വരികയായിരുന്നു തമ്പി. അന്നനാട് മുതൽ ചെറാലക്കുന്ന് വരെ ഏഴ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. നടന്നെത്താൻ ബുദ്ധിമുട്ട്. മിനുങ്ങിയാലത്തെ കഥ വേറെ. തമ്പി ഒരു ഓട്ടോ വിളിച്ചു. പരിചയമില്ലാത്ത പയ്യനായിരുന്നു ഡ്രൈവർ. ചെറാലക്കുന്നിലേക്ക് വണ്ടി വിടാൻ പറഞ്ഞപ്പോൾ പയ്യനു സംശയം.

“കക്കാട് വഴിയല്ലേ അവടയ്‌ക്ക് പൂവാ?”

തമ്പി അതെയെന്നു തലയാട്ടി. പയ്യനു വഴിയറിയില്ല എന്നു കരുതി തമ്പി ഓരോ വളവിലും എങ്ങോട്ടു തിരിയണമെന്നു പറഞ്ഞു കൊടുത്തു. മൂന്നുനാലു തവണ ഇതാവർത്തിച്ചപ്പോൾ പയ്യൻ വിലക്കി.

“വഴി എനിക്കറിയാം. പറഞ്ഞ് തരണ്ട”

തമ്പി സമ്മതിച്ചു. പക്ഷേ അടുത്ത വളവ് എത്തിയപ്പോഴും ഏങ്ങോട്ടു തിരിയണമെന്നു അറിയാതെ പറഞ്ഞു പോയി. പയ്യൻ ദേഷ്യപ്പെട്ടു.

“ഹ ഇയാളൊന്ന് മിണ്ടാണ്ടിര്ന്നേ“

അങ്ങിനെയെങ്കിൽ അങ്ങിനെ. തനിക്ക് വീട്ടിലെത്തിയാൽ മതിയല്ലോ. തമ്പി ആശ്വസിച്ചു. പക്ഷേ മിനുങ്ങലിന്റെ ഹാങ്ങോവറിൽ അടുത്ത വളവെത്തിയപ്പോഴും തമ്പി ഡ്രൈവറുടെ തോളിൽ തട്ടി പറഞ്ഞു.

“എടത്തോട്ട് എടത്തോട്ട്…”

ഓട്ടോ പെട്ടെന്ന് നിന്നു. ഉള്ളിലെ ചെറിയ ലൈറ്റ് തെളിയിച്ച് ഡ്രൈവർ പയ്യൻ പുറത്തിറങ്ങി. തമ്പിയെ ചീത്ത വിളിച്ച് താക്കീത് ചെയ്തു. “മിണ്ടാണ്ടിരുന്നോ. മര്യാദക്കാണെങ്കീ ഞാനങ്ങട് എത്തിക്കാം. അല്ലെങ്കി ഇപ്പോ എറങ്ങണം”

വണ്ടി തൈക്കൂട്ടം ജംങ്‌ഷനു അടുത്തെത്തിയിരുന്നു. ചെറാലക്കുന്നിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ട്. തമ്പി വായപൊത്തി മിണ്ടാതിരുന്നു. മനസ്സിൽ ചിന്തിച്ചു. പയ്യൻ പറഞ്ഞത് കാര്യമല്ലേ. അവനു വഴി അറിയാമെങ്കിൽ പിന്നെ എന്തിനു പറഞ്ഞു കൊടുക്കണം. ആർക്കാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ ദേഷ്യം വരും. പിന്നീടുള്ള മൂന്നു വളവുകളിൽ തമ്പി മിണ്ടിയില്ല. മൂളിപ്പാട്ടു പാടി ആസ്വദിച്ചു. പക്ഷേ തൈക്കൂട്ടം പിന്നിട്ട് ഓട്ടോ തീരദേശംപാടം ഭാഗത്ത് എത്തിയപ്പോൾ, അവിടെ മൂന്നും കൂടിയ ഒരു കവല കണ്ടപ്പോൾ തമ്പിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ തോളിൽ ആഞ്ഞടിച്ച് പറഞ്ഞു.

“നീയിങ്ങട് തിരിക്കടാ ഇടത്തോട്ട്!”

കഴിഞ്ഞു. എല്ലാം ശുഭം.

പയ്യനാണെങ്കിലും അവനു നല്ല ആരോഗ്യമാണെന്നു ഓസീൻ കമ്പനിയുടെ അരികിലെ ടാർ റോഡിലൂടെ അവശനായി നടക്കുമ്പോൾ തമ്പി ഓർത്തു. അതു കൂടാതെ ഓർമയിലുണ്ടായിരുന്ന രണ്ടാമത്തെ കാര്യം സ്വന്തമായി ഇരുചക്ര വാഹനം വാങ്ങുന്നതായിരുന്നു. അതിനാണ് ഇപ്പോൾ അന്തിമമായി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

തമ്പി തീരുമാനം ഷാപ്പിലുണ്ടായിരുന്ന സഹകുടിയന്മാരോട് പറഞ്ഞു.

“ഞാനൊരു വണ്ടി വാങ്ങാൻ പോവാണ്”

അടുത്തിരുന്ന രണ്ടുപേർ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. ഫൽഗുണൻ എന്ന സുഹൃത്ത് അന്വേഷിച്ചു.

“നിനക്കതിനു വണ്ടി ഓടിക്കാൻ അറിയോ?”

“ഹഹഹ. അതൊക്കെ പഠിക്കാൻ അത്ര നേരം വേണോ”

തമ്പിയിൽ ആശയക്കുഴപ്പം ഇല്ലായിരുന്നു. വണ്ടി വാങ്ങുക തന്നെ. കാശിന്റെ കാര്യത്തിലേ അനിശ്ചിതത്വമുള്ളൂ. അത് ഇടത്തരം കല്യാണ ബ്രോക്കറായ അച്ഛനോട് കൂടിയാലോചിക്കാൻ തീരുമാനിച്ചു. പിറ്റേന്നു രാവിലെ വീട്ടുമുറ്റത്തിരുന്ന് മാവില കൊണ്ട് പല്ലു തേക്കുന്ന അച്ഛനോട് പരമാവധി എളിമയോടെ കാര്യം ഉണര്‍ത്തിച്ചു. അന്നനാട് അമ്പലം, പാതിരാത്രിയിൽ തിരിച്ചുവരൽ, ഓട്ടോ കേസ്, ബൈക്കു വാങ്ങൽ. കാശ്…

അവസാനത്തെ വാചകം കേട്ടപ്പോൾ മാത്രം അത്രനേരം യാതൊരു കുലുക്കവുമില്ലാതെ ഇരുന്ന അച്ഛൻ ഞെട്ടി.

“കാശോ!“ വായിലെ മാവിലത്തണ്ട് തുപ്പിക്കളഞ്ഞ് അദ്ദേഹം ചോദ്യഭാവത്തിൽ തമ്പിയെ നോക്കി.

“നീയൊരു പെണ്ണുകെട്ടാണ്ട് ഇത് നടക്കില്ല മോനേ. നാലു ലക്ഷം വാങ്ങാവുന്ന ആലോചന അച്ഛന്‍ കൊണ്ടരാം. കെട്ടാൻ നീ തയ്യാറാണോ?”

തമ്പി സമ്മതിച്ചില്ല. പെണ്ണുകെട്ടാനുള്ള പക്വത ആയിട്ടില്ല.

കാശിന്റെ കാര്യത്തിൽ അച്ഛൻ കയ്യൊഴിഞ്ഞതിൽ നിരാശനാകാതെ തമ്പി അടുത്ത വഴി തേടി. ചാലക്കുടി ബജാജ് സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക്കും നാട്ടുകാരനുമായ സജീവനെ പോയി കണ്ടു. അദ്ദേഹം വിചാരിച്ചാൽ ഒരു ബജാജ് 4S എങ്കിലും വാങ്ങാൻ സാധിക്കും.

കാര്യമറിഞ്ഞപ്പോൾ സജീവൻ ചോദിച്ചു. “ഏത് വണ്ട്യാ തമ്പീ നിന്റെ മനസ്സില്?”

“എൻഫീൽഡ്”

“ഉഗ്രൻ” സജീവൻ അഭിനന്ദിച്ചു. “എത്ര്യാ നിന്റെ ബഡ്ജറ്റ്?”

“ഒരയ്യായിരം രൂപ!”

സജീവന്റെ മുഖത്തെ പ്രസന്നഭാവം മറഞ്ഞു. “അതേലെ”

കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു. “എൻഫീൽഡ് മത്യാ?”

സജീവൻ വയലന്റാകുന്നതു കണ്ട് തമ്പി ആവശ്യത്തിൽ നിന്നു പിന്നോക്കം പോയി. “നിന്റെ മനസ്സിലെന്തൂട്ടാന്ന് വച്ച പറ സജീവാ. എന്റേൽ ആകെ അഞ്ചേ ഒള്ളൂ. അതോണ്ട് എന്തു കിട്ട്യാലും വാങ്ങാം”

സജീവനു ശ്വാസം നേരെ വീണു. “ഏറ്റോ ?”

“ഏറ്റു”

“എന്നാൽ നാളെ വണ്ടി എത്തും”

“ഏതു വണ്ടി. എൻഫീൽഡാ അതോ ബൈക്കോ?”

“രണ്ടുമല്ല”

തമ്പി അമ്പരന്നു. “പിന്നെ?”

സജീവൻ രഹസ്യം പൊട്ടിച്ചു. “യെസ്‌ഡി!!”

“എന്നുവെച്ചാ?”

“യെസ്‌ഡി എഴുപതുകളിലെ രോമാഞ്ചല്ലേ തമ്പീ. രാജാധി രാജൻ. വില്ലാളി വീരൻ. ഒരെണ്ണം എന്റെ കസ്റ്റഡീലിണ്ട്. നാളെ എത്തും”

“ആ വണ്ടി കൊള്ളാമോ സജീവാ?

“കൊള്ളാമോന്നാ. തീ വെലക്ക് വിറ്റു പോവും. ഒരെടത്തും ഇപ്പോ കിട്ടാല്യ”

പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ ‌നിന്നു തമ്പി യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു. പാട്ട പെറുക്കുന്നവർ പോലും തിരിഞ്ഞു നോക്കാത്ത ഭംഗിയാണ് വണ്ടിക്കെങ്കിലും കണ്ണു പറ്റാതിരിക്കാൻ വണ്ടിയുടെ മുന്നിൽ നാരങ്ങയും പച്ചമുളകും തൂക്കിയിട്ടു. അങ്ങിനെ ചെറാലക്കുന്നിൽ തമ്പിയുടേയും യെസ്‌ഡിയുടേയും തേർവാഴ്ച തുടങ്ങി. വെറും മൂന്നു ദിവസത്തിനുള്ളിൽ തെലുങ്കത്തി കൺ‌മണിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി നാട്ടുകാരുടെ ഒന്നാംനമ്പർ നോട്ടപ്പുള്ളിയായി യെസ്‌ഡി മാറി. മൂന്നു ദിവസവും നാട്ടുകാർ രാത്രിയിൽ ഉറങ്ങാതെ തമ്പി വീട്ടിലെത്തുന്നതും കാത്തിരുന്നു. അതായിരുന്നു തമ്പിയുടെ യെസ്ഡി, ചെറാലക്കുന്ന് എക്സ്പ്രസ്സ്!

Read More ->  കക്കാട് ജ്വല്ലറി വർൿസ് - 2

എറണാകുളം പുഷ് – പുള്ളിന്റെ പോലെ മുടിഞ്ഞ പിക്കപ്പ്. വണ്ടി ഓടുമ്പോൾ ഒരു ചെറിയ വെടിക്കെട്ടിന്റെ പ്രതീതി. ചെറാലക്കുന്നിന്റെ ചെങ്കുത്തായ ഇറക്കം പോലുള്ള പിന്‍‌ഭാഗം. പിടിച്ചിരിക്കാന്‍ ഒരു കമ്പി പോലുമില്ലാത്ത സീറ്റ്. എല്ലാത്തിനും ഉപരി അഞ്ചുപേർ കയറിയാലും പുല്ല് പോലെ വലിക്കുന്ന സ്റ്റാമിന!

ഈവ്വിധ ഗ്ലാമറുകളാൽ യെസ്‌ഡി തമ്പിയുടെ കണ്ണിലെ ഉണ്ണിയായി. നാട്ടുകാരുടെ കണ്ണിലെ കരടുമായി. ചുരുങ്ങിയത് മൂന്നുപേർ ഇല്ലാതെ തമ്പി വണ്ടി എടുക്കില്ല. വഴിയിലൂടെ നടന്നു പോകുന്ന എല്ലാവരേയും യാത്രക്ക് ക്ഷണിക്കും. ചെറാലക്കുന്നിലെ പലരും അങ്ങിനെ വണ്ടിയിൽ കയറി. യെസ്‌ഡിയുടെ കരുത്തും സ്റ്റാമിനയും അറിഞ്ഞ അവർ പിന്നീടുള്ള ദിവസങ്ങളിൽ തമ്പിയെ വഴിയിൽ കാത്തുനിന്നു. ഉത്സവപ്പറമ്പുകളിൽ എൻഫീൽഡുകളേക്കാളും ശ്രദ്ധ യെസ്‌ഡിക്കു ലഭിച്ചു. അങ്ങിനെ ചെറാലക്കുന്ന് എൿസ്‌പ്രസ്സുമായി തമ്പി വിരാജിക്കുന്ന കാലം.

അന്നൊരു ശനിയാഴ്ച രാത്രിയായിരുന്നു. ചെറാലക്കുന്നാകെ നിദ്രയിൽ ലയിച്ചിരിക്കുന്ന സമയം. കാരണം തമ്പി വീട്ടിൽ എത്തിയിരുന്നു. ആ അസമയത്ത് തമ്പിയുടെ വീട്ടിലേക്കു ഓലച്ചൂട്ട് കത്തിച്ച് ഒരാൾ എത്തി. കാതിക്കുടം ടൈലറിക്കടുത്ത് താമസിക്കുന്ന കുഞ്ഞുട്ടൻ. തമ്പിയുടെ ആത്മസ്നേഹിതൻ. കാതിക്കുടം ഓസീൻ ‌കമ്പനിയിലെ തൊഴിലാളികളുടെ ആരോഗ്യത്തിന്റെ കാവലാൾ. തൊഴിലാളികളുടെ അന്നദാന പ്രഭു. ചുരുക്കിപ്പറഞ്ഞാൽ കാന്റീനിലെ കുക്ക്.

ഉമ്മറക്കോലായിലിരുന്ന് ചൂട്ട് തല്ലിക്കെടുത്തി കുഞ്ഞുട്ടൻ ഒരു ബീഡിക്ക് തീ കൊളുത്തി.

“തമ്പ്യേയ്‌… പൂയ്”

അകത്തു നിന്നു മറുപടിയുണ്ടായില്ല. കുഞ്ഞുട്ടൻ വീണ്ടും വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ലുങ്കി നെഞ്ചുയരത്തിൽ പൊക്കിയുടുത്ത് തല അമര്‍ത്തി തടവി തമ്പിയെത്തി.

കുഞ്ഞുട്ടൻ ചോദിച്ചു. “തലക്കെന്തൂട്ടാ പറ്റ്യേ?”

തമ്പി കോട്ടുവായിട്ടു. പുറം ചൊറിഞ്ഞ് തിണ്ണയിലിരുന്നു. “ഞാനൊരു സ്വപ്നം കണ്ടതാടാ”

കുഞ്ഞുട്ടൻ തമ്പിയെ സൂക്ഷിച്ചു നോക്കി. ഇവനെന്താ പറ്റാണോ. സ്വപ്നം കണ്ടാൽ തല തിരുമ്മണമെന്ന്. കുഞ്ഞുട്ടൻ ഗുണദോഷിച്ചു.

“ഞാന്‍ നിന്നോട് പലതവണ പറഞ്ഞണ്ട് സ്ട്രോങ്ങ് മുറുക്കാനടിച്ച് കെടന്നൊറങ്ങര്തെന്ന്. കാര്യം തല കറങ്ങി കെടക്കാനൊരു പ്രത്യേക സുഖാ. എന്നാ പിച്ചുംപേയും പറഞ്ഞാലോ“

“സത്യമാടാ ഞാൻ പറഞ്ഞെ…” തമ്പി തുടർന്നു. “….. ഞാന്‍ സ്വപ്നത്തിൽ പരീക്കപാടത്ത് ഫുട്ബാൾ കളിക്കായിരുന്നു“

കുഞ്ഞുട്ടൻ മൂളി.

“നമ്മടെ ഷൈജു കോർണർ എടുക്കാണ്. അവനെന്റെ ടീമാ. ഞാൻ ആരും കാണാണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിനിന്നു. ഹെഡ് ചെയ്യാന്‍. എന്നാലോ ഷൈജു ലാലൂനെ നോക്കി കണ്ണു കാണിക്കണത് ഞാൻ കണ്ടു. അപ്പ കരുതി എനിക്കായിര്ക്കില്ല പാസെന്ന്. പക്ഷെ അവന്‍ ഉദ്ദേശിച്ചത് എന്നെത്തന്ന്യാ. ബോൾ എന്റെ തലക്ക് നേരെ, ഹെഡ് ചെയ്യാന്‍ നല്ല പാകത്തിനാ വന്നെ. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. തല പിന്നിലേയ്ക്കാക്കി ആഞ്ഞൊരു ഹെഡ്“

“ന്നട്ട് ഗോളായോ?”

സ്വപ്നമാണെങ്കിലും കുഞ്ഞുട്ടനു ആകാംക്ഷയായി.

തമ്പി തല തടവി.

”ഗോളോ! ഞാൻ കെടന്നിരുന്ന സൈഡിലെ ചുമരിന്റെ ഒരുഭാഗം തെറിച്ച് പോയി. അത്രന്നെ. എന്തൊരു സൌണ്ടായിരുന്നു തലേല്. കൊറേ നേരത്തേക്ക് ഒന്നും ഓര്‍മേണ്ടായില്ല. ഹൌ…“

തമ്പി ഒന്നുകൂടി തല തിരുമ്മി കാര്യത്തിലേക്ക് കടന്നു. “നീയെന്താ ഈ നേരത്ത് “

”ഇന്നല്ലേ കരിമ്പനക്കാവ് അമ്പലത്തിലെ വെടിക്കെട്ട്. നീ വരണില്ലേ?”

വെടിക്കെട്ട് എന്നു കേള്‍ക്കേണ്ട താമസം തമ്പി റെഡിയായി. തമ്പിക്കു രണ്ടു കാര്യങ്ങൾ ഭയങ്കര ലഹരിയാണ്. ഒന്ന്, വെടിക്കെട്ട്. രണ്ട്, ആന. ഇവ കാണാന്‍ എന്തു സാഹസവും ചെയ്യും. ഗുരുവായൂരിലെ ആനയൂട്ടിനു ചെറാലക്കുന്നിലെ കലുങ്കിലിരുന്നു വെടി പറയുകയായിരുന്ന തമ്പി ഒരു നിമിഷം പോലും പാഴാക്കാതെ പെട്ടെന്ന് പുറപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിലെത്തി ആനയെ നിരീക്ഷിക്കാൻ കുന്തിച്ചിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി നടുങ്ങിയത്. പോരുന്ന തിരക്കിൽ എന്തോ ഇടാൻ മറന്നു. വെടിക്കെട്ടിന്റെ കാര്യവും തഥൈവ. ഇക്കാരണങ്ങളാൽ ഉറക്കം വരുന്നുണ്ടെങ്കിലും വെടിക്കെട്ട് കാണണമെന്ന തീരുമാനത്തിലെത്താൻ തമ്പി രണ്ടാമതൊന്ന് ആലോചിച്ചില്ല. ഉറങ്ങാനാണെങ്കിൽ അമ്പലപ്പറമ്പല്ലേ വിശാലമായി പരന്നു കിടക്കുന്നത്!

തമ്പി താക്കോലുമായെത്തി ചെറാലക്കുന്ന് എക്സ്പ്രസ്സ് പുറത്തിറക്കി. ശാസ്താവിനെ ധ്യാനിച്ച് ഗിയർ കും കിക്കറിൽ കാൽ ‌വച്ചെങ്കിലും പെട്ടെന്നു പിന്‍‌വലിച്ചു. സമയം രാത്രി പത്തര. ഇപ്പോൾ വണ്ടി സ്റ്റാര്‍ട്ടാക്കിയാൽ നാട്ടുകാർ തല്ലിക്കൊല്ലും. അത്ര നിശബ്ദമായാണ് വണ്ടിയുടെ മൊത്തം ഓപ്പറേഷൻ. കുന്നിന്റെ ഇറക്കമായതിനാൽ തമ്പിയും കുഞ്ഞുട്ടനും വണ്ടിയിൽ കയറി അനായാസം ഉന്തി. കുന്നിന്റെ അടിഭാഗത്ത് വണ്ടി നിന്നത് അപ്പച്ചന്റെ വീടിനു മുന്നിൽ. അവിടെനിന്നു സ്റ്റാര്‍ട്ടാക്കി പുറപ്പെട്ടപ്പോൾ, ഉറക്കം നഷ്ടപ്പെട്ട അപ്പച്ചൻ പറഞ്ഞ ചീത്ത തമ്പി കേട്ടില്ലെന്ന് നടിച്ചു.

“അവന്റൊരു മറ്റോടത്തെ വണ്ടി”

അഞ്ചു മിനിറ്റിനുള്ളിൽ കരിമ്പനക്കാവ് അമ്പലത്തിലെത്തി. പണ്ടു കാലത്തു കരിമ്പനകളുടെ കേന്ദ്രമായിരുന്ന സ്ഥലം. ഇപ്പോഴും അമ്പലത്തിനു ചുറ്റും നിരവധി കരിമ്പനകളുണ്ട്. രാത്രിയിൽ ആകെക്കൂടി ഒരു ഭീകരാന്തരീക്ഷം ആയിരിക്കും. നനദുർഗയാണ് പ്രതിഷ്ഠ. ശ്രീകോവിലിൽ വിഗ്രഹത്തിനു നേർ‌ മുകൾഭാഗത്ത് മേൽക്കൂര ഇല്ല. മഴ പെയ്താൽ മഴവെള്ളം നേരെ വിഗ്രഹത്തിൽ പതിക്കും. അതു ദേവിക്കു വളരെ പ്രിയമാണ്.

തമ്പിയും കുഞ്ഞുട്ടനും അമ്പലത്തിന്റെ പ്രദക്ഷിണവഴി ഒഴിവാക്കി, മതിൽക്കെട്ടിനു പുറത്തുകൂടി നടന്ന്, വെടിക്കെട്ട് നടക്കുന്ന അമ്പലപ്പറമ്പിലെത്തി. അവിടെ കണ്ട കാഴ്ച രണ്ടുപേരേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മാരക്കാന സ്റ്റേഡിയം പോലെ അമ്പലപ്പറമ്പ്. പൂഴി വീഴാന്‍ ഇടമില്ലാത്ത അത്ര തിരക്ക്. കാതിക്കുടത്തെ പുരുഷാരം മുഴുവന്‍ സ്റ്റേജിനു മുന്നിൽ അക്ഷമരായി ഇരിപ്പാണ്. സ്റ്റേജിനു മുന്നിൽ സ്ഥലം കിട്ടാത്തവർ സാധ്യമായ എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുന്നു. മതിലിൽ നിറയെ ആളുകൾ. പറമ്പിന്റെ അതിരിലെ ചെത്തുതെങ്ങിന്റെ കയർ കെട്ടിയുറപ്പിച്ച തേങ്ങാമടലിൽ വരെ കാണികളുണ്ട്.

തമ്പി ആശ്ചര്യചകിതനായി. “എന്റെ ദേവ്യെ… എന്തൂട്ട് മല മറിക്കണ പരിപാട്യാ ഇപ്പോ”

“ബോസേ എന്തൂട്ടാടാ പരിപാടി?” തമ്പി അന്വേഷിച്ചു. കാതിക്കുടത്തെ പെങ്ങളുമാരുടെ കണക്കെടുത്തു നിന്നിരുന്ന ചന്ദ്രബോസ് കണ്ണിറുക്കി ചിരിച്ചു.

“ചാലക്കുടി എൻഎസ്എസ് കരയോഗത്തിന്റെ തിരുവാതിരക്കളിയാ” ബോസ് കൈത്തലം വിറപ്പിച്ച് പറഞ്ഞു. “പെടയ്ക്കും ആശാനേ”

തമ്പി അറിയാതെ നിലവിളിച്ചു. “യ്യോ… എന്നട്ടണ് ഞാൻ വീട്ടീ മൂടിപൊതച്ച് കെടന്നൊറങ്ങണെ“

തമ്പി കയ്യിൽ കരുതിയിരുന്ന തോര്‍ത്തു കൊണ്ടു തല മൂടി. ആളുകളെ ചീത്ത പറഞ്ഞ് വകഞ്ഞു മാറ്റി സ്റ്റേജിന്റെ മുന്‍ഭാഗത്തേക്ക് തിക്കിക്കയറി. നിലത്തിരുന്നു രണ്ട് വിസിലടിച്ചപ്പോഴേക്കും അനൌണ്‍സ്മെന്റ് മുഴങ്ങി.

“മാന്യമഹാജനങ്ങളെ, തിരുവാതിരക്കളിയുടെ പള്‍സ് അറിഞ്ഞ നടനക്കാരിയായ ചാലക്കുടി സുലോചന നയിക്കുന്ന ഈ ഗംഭീര തിരുവാതിരക്കളി നിങ്ങള്‍ക്ക് ഒരു നവ്യാനുഭവം ആയിരിക്കുമെന്നാണ് ഉത്സവക്കമ്മറ്റിയുടെ പ്രത്യാശ. കേരളത്തിന്റെ തനതായ ആ കലാരൂപം അല്പസമയത്തിനകം ആരംഭിക്കുന്നതായിരിക്കും”

Read More ->  ഒരു ഭക്തൻ - 2

മൈക്കിലൂടെ അനൌൺസ് ചെയ്തത് ആരാണെന്നു തമ്പിക്കു മനസ്സിലായി. നമ്മടെ സ്വന്തം ആൾ. പിന്നെയൊട്ടും അമാന്തിക്കാതെ വിളിച്ചു പറഞ്ഞു.

“മാധവാ, അവരോട് വേഗം തൊടങ്ങാൻ പറ. നാട്ടാര് വെയിറ്റ് ചെയ്യണ കണ്ടില്ലേ നീ”

സുലോചന. നല്ല പേര്. തമ്പിക്ക് രസം കയറി. ഒരു വടക്കന്‍ വീരഗാഥ സിനിമയിലെ ‘ഉണ്ണീ ഗണപതി തമ്പുരാനേ‘ പാട്ടും, അതിലെ തിരുവാതിര കളിയും, കളിച്ചവരുടെ ഇടങ്ങഴി വയറും കണ്ട അന്നു മുതൽ തമ്പി തിരുവാതിരക്കളിയുടെ ആരാധകനാണ്.

അമ്പലപ്പറമ്പിൽ ഒരുപാട്ട് സാവധാനം ഒഴുകിപ്പരന്നു.

“വീര വിരാടകുമാര വിഭോ…
ചാരുത രാഗുണ കാരണഭോ…”

സ്റ്റേജിന്റെ കര്‍ട്ടൻ പതുക്കെ മുകളിലേക്കു പൊങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തെല്ലിടനേരം നിശ്ചലമായി. മുന്‍ഭാഗത്തിരുന്ന പലരും തലകുനിച്ച് സാധ്യമായ എല്ലാ ആംഗിളിൽനിന്നും സ്റ്റേജിലേക്കു നോട്ടമയച്ചു. തമ്പിയും കുനിഞ്ഞു നോക്കി. പക്ഷേ ആരുടേയും തല കാണാന്‍ പറ്റിയില്ല. കളിപ്പീര് പണിയെന്നു പരിഭവിച്ച തമ്പിക്കും കൂട്ടർക്കും ആശ്വാസമേകി കര്‍ട്ടൻ സാവധാനം മുഴുവനായും പൊങ്ങി.

സ്റ്റേജിൽ കണ്ട കാഴ്ചയിൽ അമ്പലപ്പറമ്പാകെ തരിച്ചിരുന്നു. ഒരില വീണാൽ കേള്‍ക്കാവുന്നത്ര കനത്ത നിശബ്ദത. അതിനൊടുവിൽ തീരെ പ്രതീക്ഷിക്കാത്തത് കണ്ടു ഞെട്ടിയ തമ്പിയും കുഞ്ഞുട്ടനും പിന്നോട്ടു മലച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അയ്യോ… അമ്മൂമമാര്!”

അമ്പലപ്പറമ്പിലെ പുരുഷാരം മുഴുവന്‍ കമ്മറ്റിക്കാരുടെ കൊലച്ചതിയിൽ തരിച്ചിരുന്നു. മൈതാനത്തിന്റെ ഒരു ഭാ‍ഗത്തിരുന്ന മഹിളാരത്നങ്ങളും, പ്രായം ചെന്ന വല്ല്യപ്പന്മാരും ആവേശത്തോടെ കയ്യടിച്ചു.

തോർത്തു കൊണ്ട് തലമൂടി അപ്പോള്‍ത്തന്നെ എഴുന്നേറ്റ തമ്പിയെ കുഞ്ഞുട്ടൻ പിടിച്ചു നിലത്തിരുത്തി.

“ഹ ഒറ്റക്ക് പോവല്ലേടാ. ഞാനുംണ്ട്”

തല ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെപ്പോലെ തമ്പിയും കുഞ്ഞുട്ടനും ആടിയാടി സ്റ്റേജിന്റെ സൈഡിലുള്ള തെങ്ങിൻ‌തോപ്പിലേക്കു നടന്നു. പക്ഷേ തമ്പിയുടെ കയ്യിലെ തോർത്തുമുണ്ട്, അമ്പലപ്പറമ്പില്‍നിന്നു എഴുന്നേറ്റു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നവരും എന്നാൽ തോർത്തു കൈവശം ഇല്ലാത്തവരുമായ, ചിലർ കണ്ടതോടെ ആകെ പ്രശ്നമായി. ക്ഷണനേരത്തിനുള്ളിൽ തമ്പിയുടെ തോർത്തുമുണ്ടിനു കീഴിൽ തല ഒളിപ്പിക്കാൻ മൈതാനത്തിന്റെ അവിടവിടങ്ങളിൽ നിന്നു പത്തുപതിനഞ്ചു പേർ ഷര്‍ട്ടിന്റെ കോളർ വലിച്ച് തലയിലൂടെയിട്ടു ഓടി വന്നു!

തിരക്ക് നിയന്ത്രണാധീതമാകുന്നതു കണ്ട് അപകടം മണത്ത തമ്പിയും കുഞ്ഞുട്ടനും പിന്നെയൊന്നും ആലോചിച്ചിക്കാതെ തോർത്തും കൊണ്ട് ഓടി. പക്ഷേ സമയം വൈകിയിരുന്നു. ഓടി വന്നവരിൽ ഒരാൾ തമ്പിയുടെ കയ്യില്‍നിന്നു തോർത്ത് ബലമായി പിടിച്ചു വാങ്ങി. അവന്റെ കയ്യിൽ‌നിന്നു മറ്റൊരാൾ പിടിച്ചു വാങ്ങി. അങ്ങിനെ ഒരു കൂട്ടപ്പൊരിച്ചിൽ. ഫലം, പിരാനാ മത്സ്യങ്ങള്‍ക്കു കിട്ടിയ ഇറച്ചിത്തുണ്ടു പോലെ തമ്പിയുടെ തോർത്തുമുണ്ട് നിമിഷങ്ങള്‍ക്കകം പീസ് പീസായി. തമ്പി അതുകണ്ട് സ്തംഭിച്ചു നിന്നു. പിന്നെ മഴ നനഞ്ഞ കോഴിയേപ്പോലെ തെങ്ങിൻ‌തോപ്പിലേക്ക് മണ്ടി. തുടർന്നു യെസ്‌ഡി വച്ചിരിക്കുന്നിടത്തേക്കും.

വെടിക്കെട്ട് മിസ്സാക്കി തിരിച്ചു വരികയായിരുന്ന തമ്പി ഓസീൻ കമ്പനിക്കടുത്തുള്ള തെങ്ങിൻ‌തോപ്പിനു അടുത്തെത്തി. അപ്പോൾ റോഡിലൂടെ ഒരാൾ അവശനായി ഒറ്റയ്ക്കു നടന്നു പോകുന്നത് കണ്ടു.

തമ്പി മനസ്സിൽ പറഞ്ഞു. ”പാമ്പാന്നാ തോന്നണെ. വിട്ട് കളയാം”

പക്ഷെ യെസ്‌ഡി ആ കാല്‍നടക്കാരനെ കടന്നു പോയപ്പോൾ കുഞ്ഞുട്ടൻ അലറി.

”തമ്പ്യേ നമ്മടെ വിജയൻ ‌ചേട്ടൻ. വണ്ടി ചവിട്ട്രാ”

ചെറിയ നിലവിളിയോടെ തമ്പി ബ്രേക്ക് ചവിട്ടി. വിജയന്‍ ഓസീൻ കമ്പനിയിലെ സ്റ്റാഫാണ്. തമ്പിയൊക്കെ സാർ എന്നു വിളിക്കുന്ന വ്യക്തി. അപ്പോള്‍ വണ്ടി നിര്‍ത്താതെ പറ്റുമോ? ഇത്രയും ദൂരം നടക്കാതെ ഒരു ലിഫ്‌റ്റ് കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷത്തോടെ ഓടിയണച്ചു വന്ന വിജയന്‍, നിര്‍ത്തിയ വണ്ടി യെസ്‌ഡിയാണെന്നും അതിൽ ഇരിക്കുന്നത് ചെറാലക്കുന്ന് തമ്പിയാണെന്നും കണ്ടപ്പോൾ തന്റെ ഇടതു കൈമുട്ട് മടക്കി അതിന്റെ പുറംഭാഗം വലതുകൈ കൊണ്ടു ചൊറിഞ്ഞു.

“ഞാല്യ. നിങ്ങ പൊക്കോ”

തമ്പി വിട്ടില്ല. തനിക്ക് മാത്രമല്ല ചെറാലക്കുന്നിലെ സകല ജനങ്ങള്‍ക്കുമുള്ളതാണ് യെസ്ഡിയെന്നും, വിജയനെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഇറക്കിയിട്ടേ ഇനി വിശ്രമമുള്ളൂ എന്നും പ്രഖ്യാപിച്ചു. വളരെ കർക്കശമായ നിലപാട്. അതിലും വഴങ്ങാതെ നടന്നു പോകാൻ തുനിഞ്ഞ വിജയനെ തമ്പിയും കുഞ്ഞുട്ടനും ബലമായി പിടിച്ചു വലിച്ച് യെസ്ഡിയുടെ പിടികളൊന്നുമില്ലാത്ത പിന്‍സീറ്റിലിരുത്തി.

കുഞ്ഞുട്ടൻ താക്കീത് ചെയ്തു.

“കമ്പിയൊന്നൂല്യ പിടിക്കാൻ. എന്റെ തോളത്ത് പിടിച്ചോ. ഇല്ലെങ്കീ ചെലപ്പോ വീഴും”

താക്കീതിൽ നടുങ്ങി വിജയന്‍‌ പറഞ്ഞു. ”നിന്റേല് മൊബൈലിണ്ടെങ്കി ഒന്ന് തന്നേ”

തമ്പിയുടെ മുഖത്ത് എന്തിനാണെന്ന ഭാവം.

“ഇതുമ്മെ കേറീട്ട്‌ണ്ട്‌ന്ന് വീട്ടീ പറയാന്ന് വെച്ചാ”

“നമ്മളങ്ങ്ടല്ലേ പോണെ. പിന്നെന്തൂട്ടാ ത്ര പറയാന്‍”

വിജയൻ‌ ചോദിച്ചു. “നീ വണ്ടി നന്നായി ഓടിക്ക്വോ?”

തമ്പിയൊരു കൊലച്ചിരി പാസാക്കി. വണ്ടി സാവധാനം എടുത്തു. കഷ്ടകാലത്തിനു എൻ‌ജിൻ ഓഫായി. വിജയൻ‌ വണ്ടിയിൽ നിന്നിറങ്ങി. നടന്നു പോയ്‌ക്കോളാമെന്നു പറഞ്ഞു. കുഞ്ഞുട്ടൻ സമ്മതിച്ചില്ല. ഷര്‍ട്ടിൽ പിടിച്ചു വലിച്ച് വീണ്ടും വണ്ടിയിൽ കയറ്റി. പിന്നെ അക്ഷമനായി തമ്പിയോട് ചോദിച്ചു.

“തമ്പീ ഞാൻ വണ്ടിയെടുക്കണോ?”

ഇതിലും വലിയ നാണക്കേടുണ്ടോ? അപമാനിതനായ തമ്പി ഒറ്റച്ചവിട്ടിന് യെസ്‌ഡി സ്റ്റാര്‍ട്ടാക്കി. അടുത്ത ചവിട്ടിനു ഗിയർ മാറി. പിന്നെ ക്ലച്ച് വിട്ടു ആക്സിലേറ്റർ മുഴുവൻ കൊടുത്തു. ഫലം, യെസ്‌ഡി കൂറ്റനാടിനെപ്പോലെ പിൻ‌ചക്രത്തിൽ പൊങ്ങി.

സീറ്റിൽ ഏറ്റവും പിന്നിലിരുന്ന വിജയന്‍‌ ഏറ്റവും അടിയിൽ. അദ്ദേഹത്തിനു മുകളിൽ എൺ‌പതുകിലോ ഭാരമുള്ള കുഞ്ഞുട്ടൻ. യെസ്ഡിയുടെ ഹാന്‍ഡിലിലെ പിടിവിടാൻ കുറച്ചു സമയം എടുത്തതിനാൽ തമ്പി രണ്ടുപേർക്കും മുകളിലെത്താൻ രണ്ടുനിമിഷം വൈകി. എത്തിയതാകട്ടെ പണിക്കനാശാരി കൊട്ടുവടികൊണ്ട് അടിക്കുന്ന പോലെ മുടിഞ്ഞ ഊക്കിലും. അതിവേഗം തപ്പിപ്പിടിച്ച് എഴുന്നേറ്റ കുഞ്ഞുട്ടൻ കണ്ടത് തെങ്ങിൻതൊപ്പിലൂടെ പിടിപ്പിക്കുന്ന തമ്പിയെയാണ്. അപ്പോൾതന്നെ കുഞ്ഞുട്ടനും തമ്പിയെ അനുഗമിച്ചു. താമസിയാതെ ലീഡെടുക്കുകയും ചെയ്തു.

പിറ്റേദിവസം എട്ടരയോടടുത്ത് ഓസീൻ കമ്പനിയിൽ പണിക്കു കയറുന്നതിനു മുമ്പ് കമ്പനിപ്പടിക്കൽ സുഹൃത്തുക്കളുമായി തമാശ പറഞ്ഞുനിന്ന തമ്പിയുടെ തോളിൽ ആരോ അലസമായി തോണ്ടി. ഓടാന്‍ പറ്റുന്നതിനു മുമ്പുതന്നെ ആ വ്യക്തി കഴുത്തിൽ പിടുത്തമിട്ടു. തമ്പി തിരിഞ്ഞു നോക്കി. കഴുത്തിൽ തലയനക്കാതിരിക്കാനുള്ള പാഡ് ധരിച്ച് വിജയന്‍. സംഗതികളുടെ നിജസ്ഥിതി മനസ്സിലായിട്ടും തമ്പിയുടെ നാവിൽ വിളഞ്ഞത് ഗുളികന്‍ പിടിച്ച ചോദ്യമാണ്.

“വിജയൻ ചേട്ടാ കഴുത്തിനെന്താ പറ്റ്യേ?“

“ഠപ്പ്”

ഒരു തവണ കറങ്ങിത്തിരിഞ്ഞ്, കവിൾ തടവി തമ്പി സി‌ഐ‌ടിയുവിന്റെ കൊടിമരത്തിൽ തൂങ്ങി നിലത്തിരിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുട്ടൻ കമ്പനിപ്പടിക്കടുത്തു മൂന്നു കൈവഴികളുള്ള കവലയിലിട്ട് യെസ്‌ഡി തിരിച്ചു ചെറാലക്കുന്നിലേക്ക് കത്തിക്കുകയായിരുന്നു.

Featured Image: Wikipedia.org


14 Replies to “ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്”

  1. ഹ്ഹ്ഹ്!!

    വായിച്ച് രസിച്ച്, രസിപ്പിക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ 😉

    എഴുത്തും നന്നായീ, തുടക്കത്തിലെ പലയിടത്തും കാണാറുള്ള ടിപ്പിക്കല്‍ കഥയെഴുത്ത് ഇഷ്ടമായില്ല, അതിഷ്ടമാവാറില്ല എവിടെയും, രീതികള്‍ പലതും പരീക്ഷിക്കാന്‍ (വിജയകരമായിത്തന്നെ) ഇവിടെ ഒരുപാട് സ്കോപ്പുള്ളതിനാല്‍ത്തന്നെ!

  2. @ നിശാസുരഭി

    രസിപ്പിക്കാനായിരുന്നോ ഉദ്ദേശമെന്നു ചോദിച്ചാൽ കുഴഞ്ഞുപോകും. ഇങ്ങിനേയും എഴുതാം എന്നതായിരുന്നു പ്രധാന ഉദ്ദേശം. വേറേയും ഉദ്ദേശങ്ങളുണ്ട്. അതുവഴിയെ അറിയാം.

    എഴുത്ത് എന്നാൽ ഒരു മിശ്രിതമാണ്. ചിലവ രസിപ്പിക്കും, ചിലത് ബോറടിപ്പിക്കും.. അങ്ങിനെയങ്ങിനെ.
    🙂
    ഉപാസന

  3. പകുതി വരെ വായിച്ചു.. ഹ ഹ എസ്ടി കൊള്ളാം .. പിന്നെ ഒരു സംശയം ഉണ്ട് ” റോബര്‍ട്ടോ കാര്‍ലോസിനേയും തമിഴ് നടി രംഭയേയും വെല്ലുന്ന തുട” അത് എത്ര ആലോചിച്ചിട്ടും അങ്ങട് മനസിലായില്ല 😉 പിന്നെ എന്താ പകുതി ആക്കി പോണേ എന്ന് വിചാരികേണ്ട. ബാകി പുറകെ വായിച്ചു കമെന്ടാം.. 🙂

  4. ” വെറും മൂന്നുദിവസത്തിനുള്ളിൽ തെലുങ്കത്തി കൺ‌മണിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി നാട്ടുകാരുടെ ഒന്നാംനമ്പർ നോട്ടപ്പുള്ളിയായി യെസ്ഡി മാറി

    രസമായി വായിച്ചു. ആ കമ്പനിയില്‍ അല്ലെ ഭയങ്കര നാറ്റം?

    ഒരിക്കല്‍ മെഡിക്കല്‍ ചെക്‌ അപ്പിനു പോയിട്ടുണ്ട്‌ . അവിടത്തെ സബ്സിഡൈസ്ഡ്‌ ശാപ്പാഡ്‌ ഗംഭീരം

  5. @ ഇന്ത്യാഹെറിറ്റേജ്

    പറഞ്ഞതു സത്യമാണ്. കമ്പനി പരിസരമലിനീകരണം ഉണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് സ്മെൽ കൂടുതലായിരിക്കും.

    നാട്ടുകാർ കമ്പനിക്കെതിരെ സമരത്തിലാണ്. 'കാതിക്കുടം സമരം' മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞ ഒന്നാണ്. അവർക്ക് എന്റെ ധാർമ്മിക പിന്തുണയും കൊടുക്കുന്നുണ്ട്.
    🙂

    @ പിള്ള

    മേലപ്പില്ലി ജ്വല്ലറി വർക്ക്, ഡിക്‌ടറ്റീവ് വിൽസൻ കണ്ണമ്പിള്ളീ, മലബാർ ഉസ്താദ്, ശിക്കാരി തുടങ്ങിയ പല കഥകളിലും നീ പറഞ്ഞതില്ല പിള്ളേ. മറ്റുള്ളവയിൽ പരമർശങ്ങൾ ഉണ്ടായിരിക്കാം. ഒരു ഗ്രാമത്തെ പറ്റിയാകുമ്പോൾ ചില ബിംബങ്ങൾ ആവർത്തിച്ചു വരുന്നത് സ്വാഭാവികമാണ്.

    രണ്ടുപേർക്കന്മ് നന്ദി
    🙂
    സുനിൽ ഉപാസന

  6. @ കുഞ്ഞിക്കുട്ടൻ

    എന്റെ വീട് കൊരട്ടിക്ക് അടുത്താണെങ്കിലും കൊരട്ടിപ്പള്ളിയുമായോ പള്ളിക്കു അടുത്തു താമസിക്കുന്നവരുമായോ ബന്ധങ്ങളില്ല. എഴുതുമ്പോൾ അതൊരു പോരായ്മയായി നിഴലിച്ചേക്കാം. എങ്കിലും ഒരിക്കൽ ഞാൻ മുത്തിയെപ്പറ്റി എഴുതും.
    🙂
    ഉപാസന

  7. പാവം തമ്പി. ഒരുപകാരം ചെയ്യാൻ തുനിഞ്ഞതല്ലേ.

അഭിപ്രായം എഴുതുക