മുറിച്ചുണ്ടുള്ള പെൺകുട്ടി

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത് മുറിച്ചുണ്ടുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടി ശസ്ത്രക്രിയ നടത്തിയില്ലെന്നു വേണം കരുതാൻ. ആരും ചുംബിക്കാൻ മടിക്കുംവിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ചു തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ ഇരുഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ വലിഞ്ഞുനിന്നു. കാണുന്നവർക്കു തൊലി ഇപ്പോൾ പൊട്ടുമെന്നു തോന്നും. അതായിരുന്നു മേൽ‌ച്ചുണ്ടിന്റെ അവസ്ഥ. പക്ഷേ മറ്റൊരു കാര്യം പറയാതെ വയ്യ. മേൽച്ചുണ്ടിന്റെ വൈരൂപ്യത്തെ അപ്രസക്തമാക്കും വിധം ഭംഗിയുള്ളതായിരുന്നു കീഴ്ച്ചുണ്ട്. ആദ്യം ആ പെൺകുട്ടിയെ നോക്കിയപ്പോൾ കീഴ്ച്ചുണ്ട് ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ്, ഞാൻ നോക്കുമ്പോൾ തന്നെ, പെൺകുട്ടി നാവ് പുറത്തുനീട്ടി ചുണ്ടു നനച്ചു. പല്ലുകൊണ്ടു കീഴ്ച്ചുണ്ട് അഞ്ചാറുവട്ടം അമർത്തി കടിച്ചു. നടുഭാഗം കുറച്ചു കുഴിഞ്ഞ ഈ സുന്ദരമായ കീഴ്ച്ചുണ്ടിലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത്.

ചുംബിക്കാനായുമ്പോൾ വൈരൂപ്യമുള്ള മേൽച്ചുണ്ടിനെ ഞാൻ അവഗണിച്ചതല്ല. പെൺകുട്ടിയുടെ മുടിയിഴകളെ മാടിയൊതുക്കി ചുംബിക്കാൻ ആയുമ്പോൾ ഉന്നംവച്ചത് മേൽച്ചുണ്ടിനെ തന്നെയാണ്. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? ഞാൻ പറയുന്നു അവിശ്വസിക്കരുതെന്ന്. കാരണം വികലമായവയോടും വ്യത്യസ്തമായ രീതികളോടും എനിക്കെന്നും പ്രത്യേക കമ്പമുണ്ട്. സാമ്പ്രദായികരീതിയിലൂടെ എന്തിനെയെങ്കിലും, അതിപ്പോൾ ചുംബനമായാലും, സമീപിക്കുന്നതു എന്നെ സംബന്ധിച്ചിടത്തോളം വിരസമാണ്. എന്നിട്ടും അതേ വിരസതയോടെയാണ് ഇന്നുവരെ പല കാര്യങ്ങളും ചെയ്തു പോന്നിട്ടുള്ളത്. മറ്റുവഴികൾ ഇല്ലാത്തതിനാൽ ചെയ്യാൻ നിർബന്ധിതനായെന്നു പറയുന്നതാണ് കൂടുതൽ ഉചിതം.

എല്ലാവരോടും തുറന്നു പറയാൻ എനിക്കു മടിയില്ല. എന്തെന്നാൽ കാല്പനികമായ ചുംബനരീതികളെ തകർത്തുകളയാമെന്ന പ്രലോഭനം മൂലമാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രലോഭനത്തോടൊപ്പം പ്രതികൂല സാഹചര്യങ്ങളും എന്നെ ഉത്തേജിപ്പിച്ചിരിക്കണം. ഞായറാഴ്‌ച ദിവസം. കന്യാകുമാരി – ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സിലെ തിരക്കുള്ള ജനറൽ കമ്പാർട്ട്മെന്റ്. നാലുപേർക്കു ഇരിക്കാനുള്ള നീളൻസീറ്റിൽ ആറുപേരുണ്ട്. താഴെ, നിലത്തു മൂന്നുപേർ സംസാരിച്ചിരിക്കുന്നു. ലാഗേജ് വയ്ക്കാനുള്ള സ്ഥലത്തിരിക്കുന്ന ഏതാനും പേർ അർദ്ധമയക്കത്തിലും മറ്റുചിലർ ചീട്ടുകളിയിലും വ്യാപൃതർ. ഇത്രയും എനിക്കു പ്രതികൂലമായ കാര്യങ്ങൾ. നീളൻസീറ്റിന്റെ ജനലരുകിലുള്ള ഇരിപ്പിടത്തിലിരിക്കുന്ന എനിക്കു, തൊട്ടു മുകളിലെ ട്യൂബ്‌ലൈറ്റ് കത്തുന്നില്ല എന്നതു മാത്രമാണ് അനുകൂല ഘടകം. അനുകൂലവും പ്രതികൂലവുമല്ലാത്തൊരു ഘടകം കൂടിയുണ്ട്. അത് പെൺകുട്ടിയാണ്. സ്ത്രീകളുമായി അടുത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത എനിക്കു പെൺ‌കുട്ടിയുടെ മനസ്സിലിരിപ്പിനെപ്പറ്റി തികഞ്ഞ അജ്ഞതയായിരുന്നു. അതാണ് പച്ച പരമാർത്ഥം. എന്നിട്ടും ഇരുപതുവയസ്സു തോന്നിക്കുന്ന പെൺ‌കുട്ടിയെ ചുംബിക്കാൻ ഇരുപത്തഞ്ചുകാരനായ എനിക്കുള്ള പ്രലോഭനം എന്തായിരുന്നു? ആണയിട്ടു പറയട്ടെ, ലൈംഗികമായ താല്പര്യമോ ആവേശമോ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടില്ല. മറിച്ച്, വിരോധാഭാസമായി തോന്നാമെങ്കിലും, ചിലരോടു സമൂഹത്തിലെ പലരും പുലർത്തുന്ന സമീപനം, അതിനോടു പൊരുത്തപ്പെട്ടു പോകാനുള്ള വിമുഖത എന്നിങ്ങനെയുള്ള നെഗറ്റീവ് അംശങ്ങളുടെ മൂർദ്ധന്യതയിലാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രസ്തുത പെൺ‌കുട്ടിക്കു സാധാരണ ചുണ്ടായിരുന്നെങ്കിൽ ചുംബിക്കില്ലായിരുന്നു എന്നത്, മേൽ‌പ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, നിസ്സംശയമാണ്.

ഇവിടെ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയും ഞാനും മാത്രമേ കഥാപാത്രങ്ങളായുള്ളൂ എന്നു കരുതരുത്. അതു ശരിയല്ല. മറ്റൊരു വ്യക്തി അണിയറയിലും ഇടക്കു അരങ്ങത്തും സജീവമായി ഉണ്ട്. ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമായ അദ്ദേഹത്തെയും ഈ കഥയിൽ പരാമർശിക്കാതെ തരമില്ല. ടിയാൻ ഒരു ചെറുപ്പക്കാരനാണ്. വയസ്സ് ഏകദേശം മുപ്പത് തോന്നിക്കും. മീശയില്ല. കാണാൻ സുന്ദരൻ. സുമുഖൻ. യോഗ്യൻ. ‘ഒറാക്കിൾ’ കമ്പനിയിലാണ് ജോലിയെന്നു ഓവർകോട്ടിലെ ലോഗോയിൽനിന്നു ഊഹിക്കാം. ഈ ചെറുപ്പക്കാരനില്ലാതെ ഐലാൻഡ് എൿസ്‌പ്രസ്സ് തൃശൂരിൽനിന്നു യാത്രയാരംഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഐലന്റ് എക്‌സ്‌പ്രസ്സിലെ ആർഎംഎസ് കമ്പാർട്ട്‌മെന്റിന്റെ പകുതി ജനറലാണ്. ഈ കമ്പാർട്ട്മെന്റിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാ ഞായറാഴ്ചയും സുനിശ്ചിതമാണ്.

ട്രെയിനിൽ കയറിയാൽ അദ്ദേഹത്തിന്റെ അടുത്ത പരിപാടികൾ എന്തൊക്കെയാണെന്നു എനിക്കറിയാം. ആദ്യം, ടോയ്ലറ്റിൽ കയറി മൂത്രശങ്ക തീർക്കും. പിന്നെ കിടക്കാനുള്ള ചിട്ടവട്ടങ്ങളിലേക്കു കടക്കും. കമ്പാർട്ട്മെന്റിലെ ലാഗേജ് സീറ്റുകളിൽ അദ്ദേഹത്തിന്റെ മിഴികൾ ഓട്ടപ്രദക്ഷിണം നടത്തും. സീറ്റിൽ ഇരിക്കുന്നവർക്കു മുകളിലോ, വശങ്ങളിലെ വീതി കുറഞ്ഞ തട്ടിലോ എവിടെയെങ്കിലും കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം കണ്ടാൽ ഉടൻ അവിടെ തപ്പിപ്പിടിച്ചു കയറി കിടക്കും. ലാഗേജ് വയ്‌ക്കാനുള്ള സ്ഥലങ്ങളിൽ ഒഴിവില്ലെങ്കിൽ അദ്ദേഹം വെറും നിലത്തു കിടക്കും.ഇത് നൂറുശതമാനം ഉറപ്പാണ്. ചെറുപ്പക്കാരനെ പറ്റി ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു വസ്തുത സ്ത്രീകളോടു അദ്ദേഹം പുലർത്തുന്ന അകൽച്ചയാണ്. ചെറുപ്പക്കാരനു സമീപം ഒരിക്കലും ഒരു സ്ത്രീ യാത്രികയെ കണ്ടിട്ടില്ല. കിടക്കുന്നതിനു മുമ്പും പിമ്പും സ്ത്രീകളോ പെൺ‌കുട്ടികളോ ഇല്ലാത്ത ഒരിടത്തേ അദ്ദേഹം നിൽക്കൂ. സ്വവർഗപ്രേമി അല്ലെന്നും നിശ്ചയമാണ്. ചുരുക്കത്തിൽ രണ്ടു കാര്യങ്ങളിൽ ഞാൻ ഉറപ്പു പറയുന്നു. ഒന്ന്, ചെറുപ്പക്കാരൻ സീറ്റിലിരുന്നു യാത്ര ചെയ്യാറില്ല. രണ്ട്, സ്ത്രീകളോടു മമത കാണിക്കാറില്ല.

മേൽ‌പ്പറഞ്ഞ കണക്കുകൂട്ടലുകൾ സുദൃഢമാണ്. ദീർഘനാൾ നിരീക്ഷിച്ചതിൽ നിന്നു കിട്ടിയ തെളിവുകളിന്മേൽ പടുത്തുയർത്തിയവ. അവ പിഴക്കില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷേ അത്തരം ധാരണയെല്ലാം തെറ്റിച്ച്, ഒരുദിവസം ചെറുപ്പക്കാരൻ സീറ്റിലിരിക്കാൻ ശ്രമിച്ചതും ഒരു പെൺകുട്ടിയെ സംശയകരമായ രീതിയിൽ ഒളികണ്ണിട്ടു നോക്കിയതുമാണ് മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ ശ്രദ്ധിക്കാനും, പിന്നീട് വ്യത്യസ്തതക്കുവേണ്ടി ചുംബിക്കാനും ഇടയാക്കിയ സംഭവങ്ങൾക്കു നാന്ദി കുറിച്ചത്. അങ്ങിനെ എനിക്കും പെൺകുട്ടിക്കുമിടയിൽ ഇദ്ദേഹം പ്രധാന കഥാപാത്രമായി മാറുന്നു.

പതിവുപോലെ അന്നു ഞായറാഴ്ചയും തൃശൂർ റയിൽ‌വേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഐലൻഡ് എക്സ്പ്രസ്സ് എത്തിയപ്പോൾ ഞാൻ ജനലിലൂടെ പുറത്തുനോക്കി. നമ്മുടെ കഥാപാത്രം ജനലുകളിലൂടെ നോട്ടമയച്ചു കമ്പാർട്ട്മെന്റിലെ തിരക്കുനോക്കി അകത്തുകയറുന്നതു കണ്ടു. പിന്നത്തെ പോക്ക് ടോയ്ലറ്റിലേക്കാണെന്നു അറിയാവുന്നതിനാൽ ഞാൻ നോട്ടം പിൻവലിച്ചു. രണ്ടുമിനിറ്റിനു ശേഷം അദ്ദേഹം പുറത്തുവന്നു. ഞാൻ നിന്നിരുന്ന ഭാഗത്തെ ലാഗേജ് സ്ഥലം ഏതാണ്ടു കാലിയായിരുന്നു. അവിടെ ഒരാൾക്കു കിടക്കാവുന്ന സ്ഥലമുണ്ട്. അത്ര നാളത്തെ പരിചയംവച്ചു നോക്കിയാൽ അദ്ദേഹം അവിടെ കയറി തലചായ്‌ക്കുമെന്നു നിശ്ചയം. അതിനു സൗകര്യമൊരുക്കി ഞാൻ എതിർവശത്തേക്കു നീങ്ങിനിന്നു. എന്നാൽ ഞാൻ നിൽക്കുന്നിടത്തേക്കു തിടുക്കത്തിൽ വരികയായിരുന്ന അദ്ദേഹം എന്റെ സ്ഥാനമാറ്റത്തിൽ വിഷണ്ണനായി. ആ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. എനിക്കരികിലെത്തിയ ചെറുപ്പക്കാരൻ വൈമനസ്യത്തോടെ എന്റെ എതിർ‌വശത്തു നിന്നു. അതായത് അദ്ദേഹം കിടക്കുന്നില്ല എന്ന്. എന്തൊരു അൽഭുതം. നിന്നുകൊണ്ടു യാത്ര ചെയ്യാനാണോ തീരുമാനിച്ചിരിക്കുന്നത്. അതോ കുറച്ചുനേരം നിന്നിട്ടു കിടക്കാമെന്നോ. എന്റെ ആശ്ചര്യത്തിനു ആക്കം കൂട്ടി ചെറുപ്പക്കാരൻ എനിക്കു പിന്നിലെ സീറ്റിലിരിക്കുന്ന ആരേയോ ഇമവെട്ടാതെ നോക്കാൻ തുടങ്ങി. ഞാൻ ആശയക്കുഴപ്പത്തിലായി. ഇങ്ങിനെയൊരു പ്രതികരണം ആദ്യമാണല്ലോ. പിന്നിൽ എന്താണിത്ര നോക്കാനുള്ളത്. ഞാനും തലതിരിച്ചു നോക്കി. മുറിച്ചുണ്ടുള്ള പെൺകുട്ടിയെ അപ്പോഴാണ് കാണുന്നത്.

Read More ->  പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

ഇനി പെൺ‌കുട്ടിയെപ്പറ്റി കുറച്ചു കാര്യങ്ങൾ. അവയ്‌ക്കു ഈ കഥയിൽ പ്രത്യേക പ്രാധാന്യം ഇല്ലെങ്കിലും അവഗണന അർഹിക്കുന്നില്ല. കഥയിലെ നായികയായ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ ആദ്യമായല്ല കാണുന്നത്. നിങ്ങൾ അൽഭുതപ്പെട്ടെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയട്ടെ. ഐലൻഡ് എക്സ്‌പ്രസ്സിൽ രണ്ടു കൊല്ലത്തോളമായി ഒന്നിടവിട്ടുള്ള ആഴ്ചകളിൽ സ്ഥിരയാത്രക്കാരനായതിനാൽ എല്ലാ യാത്രയിലും പരിചയമുള്ള മൂന്നുപേരെയെങ്കിലും ഞാൻ കണ്ടുമുട്ടാറുണ്ട്. എനിക്കു മാത്രമല്ല സ്ഥിരയാത്രക്കാരായ പലർക്കും, ചെറുപ്പക്കാരൻ ഉൾപ്പെടെ, കമ്പാർട്ട്മെന്റിലെ പലരേയും പരിചയമുണ്ടാകും. ഈ പെൺകുട്ടിയെ സംബന്ധിച്ചാണെങ്കിൽ അവർ സ്ഥിരം യാത്ര ചെയ്യാറില്ലെന്നത് ശരിയാണ്. എങ്കിലും ഈ കുട്ടിയെ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ എന്നെയെത്തിച്ചത് അവരുടെ മുറിച്ചുണ്ടാണ്. ആൾക്കൂട്ടത്തിനിടയിൽ ചുണ്ട് അവരെ വളരെ വ്യക്തമായി വേർതിരിച്ചു നിർവചിക്കുന്നുണ്ടായിരുന്നു. തിരിച്ചറിയാൻ വളരെ എളുപ്പം. അല്ലെങ്കിൽ അധികം ഓർമ്മശക്തിയില്ലാത്ത എനിക്കു പെൺകുട്ടിയെ ഓർമ്മ വരില്ലായിരുന്നു.

മുറിച്ചുണ്ടുള്ള പെൺ‌കുട്ടി കാണാൻ സുന്ദരിയാണ്. അധികം വണ്ണമില്ലാത്ത വയർ. അരക്കെട്ടിനു ആർട്ടിസ്റ്റ് നമ്പൂതിരി വരക്കുന്ന സ്ത്രീചിത്രങ്ങളുടെ ആകൃതി. ഇറുകിയ ചുരിദാറിൽ അതേറെ വ്യക്തം. കണ്ടാൽ കൈ വയ്‌ക്കാൻ തോന്നും. പക്ഷേ അരക്കെട്ടിന്റെ ആകൃതി മൊത്തം കളഞ്ഞുകുളിക്കുന്ന ശുഷ്കമായ മാറിടമാണു പെൺ‌കുട്ടിക്ക്. എനിക്കു ലൈംഗികമോഹം ഇല്ലാത്തതിനാൽ അതു വലിയ അഭംഗിയായി തോന്നിയില്ല. പെൺ‌കുട്ടിയുടെ അരികിൽ വലിയൊരു ബാഗുണ്ട്. നഴ്സിങ്ങ് വിദ്യാർത്ഥിയായിരിക്കാൻ സാധ്യതയേറെയാണ്. വീട്ടിൽ‌നിന്നു മാങ്ങ, തേങ്ങ, പപ്പായ മുതലായവ ബാംഗ്ലൂരിലേക്കു കൊണ്ടുവരുന്നതു അവരുടെ പതിവാണ്. എനിക്കിതു മനസ്സിലായത് ഒരിക്കൽ ഓണത്തിന്റെ പിറ്റേന്നുള്ള യാത്രയിലാണ്. ചാലക്കുടിയിൽനിന്നു കയറാൻ ഏറെ ബുദ്ധിമുട്ടി. കാലുകുത്താൻ കൂടി സ്ഥലമില്ല. ഒരു പെൺകുട്ടി നിലത്തുവച്ചിരിക്കുന്ന അവരുടെ വലിയ ബാഗിനു മുകളിൽ ഇരിക്കാൻ ചോദിക്കാതെതന്നെ എനിക്കു അനുവാദം തന്നു. ആദ്യം മടിച്ചെങ്കിലും അവരുടെ കൂസലില്ലായ്മകണ്ടു ഞാൻ ഇരുന്നു. കുറച്ചുനേരം സുഖമായിരുന്നു. പിന്നീട് ചന്തിയിൽ കൊച്ചുമുള്ളുകൾ കുത്തിക്കയറുന്ന പോലെ തോന്നി. കയ്യിലുണ്ടായിരുന്ന മാസിക ബാഗിൽവച്ച് അതിനു മുകളിലിരുന്നു. അങ്ങിനെ പ്രശ്നം പരിഹരിച്ചു. കെ‌ആർ പുരത്തു ട്രെയിനിറങ്ങാൻ നേരമാണ് ഒരു വലിയ ചക്കമുറിയുടെ മുകളിലാണ് ഞാനിരുന്നതെന്നു പെൺ‌കുട്ടി പറഞ്ഞത്. നാട്ടിൽനിന്നു സാധനങ്ങൾ കടത്തുന്നതിൽ ആൺ‌കുട്ടികളും പുറകിലല്ല.

ചെറുപ്പക്കാരൻ തുറിച്ചുനോക്കിയ പെൺ‌കുട്ടിയെ ആദ്യകാഴ്ചയിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു. അവരുടെ ചുണ്ടിന്റെ വ്യത്യസ്തത മനസ്സിൽ അത്രക്കു ആഴത്തിൽ പതിഞ്ഞിരുന്നു. പെൺ‌കുട്ടിയുടെ അടുത്തിരിക്കാൻ, കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ അവരുടെ മുറിച്ചുണ്ട് എപ്പോഴും കാണാനായി അടുത്തിരിക്കാൻ, എനിക്കു ആഗ്രഹം തോന്നി. ആദ്യം കണ്ട അവസരത്തിലും ഇതേ ആഗ്രഹം തോന്നിയിരുന്നു. അന്നുപക്ഷേ ഞാൻ നിന്നിടത്തുനിന്നു കുറച്ചധികം ദൂരെയാണ് പെൺകുട്ടി ഇരുന്നത്. കൂടെ ഒരുപാട് കൂട്ടുകാരികളും. ആ അവസരം അങ്ങിനെ പാഴായി. ഇപ്പോൾ പഴയ മോഹത്തിനു വീണ്ടും ചിറകുവച്ചിരിക്കുന്നു. ഭാഗ്യമെന്നേ പറയേണ്ടൂ, ട്രെയിൻ പാലക്കാടിൽ എത്തിയപ്പോൾ ഒരാൾ എഴുന്നേറ്റു പോയി. ഞാൻ പെൺകുട്ടിയുടെ അരുകിൽ ഇരുന്നു. ഇരുന്ന ഉടനെ ചുംബിക്കാൻ ആഗ്രഹമുണ്ടായി എന്നൊന്നും കരുതരുത്. സത്യത്തിൽ ചുംബിക്കണമെന്ന ചിന്തപോലും എന്നിൽ ഇല്ലായിരുന്നു. സേലം വരെ ഞാൻ പെൺകുട്ടിയെ കാര്യമായി ശ്രദ്ധിച്ചില്ല. ഇടക്കിടെ അവരുടെ മാംസളമായ അരക്കെട്ടിന്റെ ചൂട് എന്നിലേക്കു പടരുമ്പോൾ മുറിച്ചുണ്ടിൽ നോക്കുക മാത്രം ചെയ്തു. എങ്കിൽപ്പിന്നെ ചുംബിക്കണമെന്ന ആഗ്രഹം എപ്പോഴാണു എന്നിൽ തലനീട്ടിയത്? അതിനു കാരണക്കാരൻ മുമ്പ് സൂചിപ്പിച്ച ചെറുപ്പക്കാരനാണ്.

പതിവിനു വിരുദ്ധമായി സീറ്റിലിരിക്കാൻ ഒരിടം തേടിയ അദ്ദേഹത്തിനും സീറ്റു കിട്ടി. കുറച്ചു സമയം കാക്കേണ്ടിവന്നെന്നു മാത്രം. എന്റെ ഇരിപ്പിടത്തിന്റെ എതിർസീറ്റിലാണ് അദ്ദേഹം ഇരുന്നത്. അവിടെ ഒരു സ്ത്രീയും ഇല്ലായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അവിടെ ഇരിക്കില്ലെന്നു തീർച്ച. ഇരുന്നു അഞ്ചുമിനിറ്റിനുള്ളിൽ ചെറുപ്പക്കാരൻ ഉറക്കമായി. അതു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ട്രെയിനിന്റെ ഉലച്ചിലിനേയും ട്യൂബുലൈറ്റുകളുടെ വെളിച്ചത്തേയും ഗൌനിക്കാതെ ഗാഢനിദ്രയിൽ അമരാൻ അസാമാന്യ കഴിവാണ്. എനിക്കു അക്കാര്യത്തിൽ അദ്ദേഹത്തോടു അസൂയയും ഈർഷ്യയും ഉണ്ട്. ഞാൻ ട്രെയിനിലിരുന്നു ഉറങ്ങിയിട്ടുള്ള സന്ദർഭങ്ങൾ വളരെ അപൂർവ്വമാണ്. വെളിച്ചത്തിന്റെ ചെറിയ കീറ് കണ്ടാൽ മതി. പിന്നെ രക്ഷയില്ല.

പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ നോക്കിയും, ഇടക്കു ചെറുപ്പക്കാരനെ നോക്കിയും ഞാൻ സമയം തള്ളിനീക്കി. ട്രെയിൻ ഈറോഡിലെത്തി. അവിടെവച്ചു ചില നാടകീയ സംഭവങ്ങൾ അരങ്ങേറി. ചെറുപ്പക്കാരൻ ഇരുന്ന സീറ്റിൽനിന്നു രണ്ടുപേർ എഴുന്നേറ്റു പോയി. പകരം രണ്ടു തമിഴ് യുവതികൾ വന്നിരുന്നു. അവരിൽ ഒരാൾ വിവാഹിതയും മറ്റേയാൾ അവിവാഹിതയുമാണെന്നു ഊഹിച്ചു. വിവാഹിതയായ യുവതി സിന്ദൂരം തൊട്ടിരുന്നു. ഇപ്പോൾ ചെറുപ്പക്കാരന്റെ അരികിലിരിക്കുന്നത് കറുപ്പിന്റെയും അഴകിന്റെയും പര്യായമായ അവിവാഹിതയുവതിയാണ്. നമ്മുടെ കഥാപാത്രം ഇതൊന്നും അറിയാതെ കാലുകൾ എതിർസീറ്റിന്റെ അടിയിലേക്കു നീട്ടിവച്ച് അഭാസകരമായ, കാണൂന്നവർക്കു ലൈംഗിക ഉത്തേജനം ലഭിക്കുന്ന, പോസിൽ കിടന്നു. യുവതി അടുത്തു വന്നിരുന്ന കാര്യം അറിയിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാലിൽ പതുക്കെ ചവിട്ടി. അതുകൊണ്ടുണ്ടായ ഫലം, കാൽ പിൻ‌വലിച്ചു അദ്ദേഹം യുവതിയുടെ ശരീരത്തിലേക്കു ചാഞ്ഞു. ഉണരുമ്പോൾ യുവതി അടുത്തിരുന്ന കാര്യം അറിയും. അപ്പോൾ എങ്ങിനെയായിരിക്കും ചെറുപ്പക്കാരൻ പെരുമാറുക.  അതോർത്തു എനിക്കു രസം കയറി. ഞാൻ പിന്നെ ഉണർത്താൻ പോയില്ല.

ഈറോഡിൽനിന്നു വണ്ടി ഇളകി. തണുത്തകാറ്റ് അകത്തേക്കു അടിച്ചുകയറി. കുറച്ചുസമയം ഞാൻ പുറത്തു നോക്കിയിരുന്നു. മടുത്തപ്പോൾ മുന്നോട്ടു കുനിഞ്ഞു തല കൈകൾക്കുള്ളിലാക്കി കിടന്നു. ഏകദേശം അരമണിക്കൂർ അങ്ങിനെ അർദ്ധമയക്കത്തിൽ കടന്നു പോയിരിക്കണം. ഇടക്കൊരു കുലുക്കത്തിൽപ്പെട്ടു തല ഉയർത്തിയപ്പോൾ ഞാൻ കണ്ടതു വിശ്വസിക്കാനാകാത്ത കാഴ്ച്ചയാണ്. ചെറുപ്പകാരനു അരികിലിരുന്ന തമിഴ് യുവതി അദ്ദേഹത്തെ ചുംബിക്കുന്നു! ചെറുപ്പക്കാരൻ ഇരിക്കുന്ന പോസിനു ചെറിയ മാറ്റങ്ങളുണ്ട്. ആരുടേയോ ബാഗിനു മുകളിൽ തല യുവതിക്കു അഭിമുഖമായി ചാരിവച്ചാണു അദ്ദേഹം ‘ഉറങ്ങുന്നത്’. ‘ഹോളി സ്മോക്ക്‘ സിനിമയിൽ വിവസ്ത്രയായ കേറ്റ് വിൻ‌സ്ലറ്റ് നായകനെ ചും‌ബിക്കുന്ന പോലെ നിരന്തരം, വേഗത്തിൽ, നാക്കുനീട്ടി യുവതി ചെറുപ്പക്കാരനെ ചും‌ബിക്കുകയാണ്. എനിക്കു ആകാംക്ഷയായി. അദ്ദേഹത്തിന്റെ സ്ത്രീവിരോധം മുൻ‌നിർത്തി ചിന്തിച്ചാൽ ഇങ്ങിനെ വരാൻ ന്യായമില്ലല്ലോ. ഇനി യുവതി ചുംബിക്കുന്നത് ചെറുപ്പക്കാരൻ അറിയുന്നില്ലായിരിക്കുമോ. ഉടൻ തന്നെ ഞാൻ സംശയം തിരുത്തി. വളരെക്കാലത്തിനു ശേഷം സ്വയമൊരു തെറി വിളിക്കുകയും ചെയ്തു.

Read More ->  ഇരട്ട ചെമ്പരത്തി

ഇത്തരം സന്ദർഭങ്ങളിൽ പെരുമാറുന്നതു പോലെ ഞാൻ മുഖം തിരിച്ചു. ഒരിക്കൽ ലാൽ‌ബാഗിൽ ഏതോ കമിതാക്കൾ പരസ്പരം ചുംബിക്കുന്നതു കണ്ടപ്പോഴും, എം.ജി റോഡിലെ ഗരുഡ മാളിൽ ഷോപ്പുകൾ അധികമില്ലാത്ത അഞ്ചാം നിലയിൽ രണ്ടു ആണുങ്ങൾ ചുംബിക്കുന്നതു കണ്ടപ്പോഴും ഒഴിഞ്ഞുപോവുകയാണ് ചെയ്തത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പാകേണ്ട കാര്യമില്ല. അത് ഒരു ഉദാത്തസമീപനമാകുന്നു. എന്റെ കയ്യിൽ ക്യാമറയുള്ള മൊബൈൽഫോൺ എപ്പോഴുമുണ്ട്. അതുപയോഗിച്ചു ചെറുപ്പക്കാരന്റേയും യുവതിയുടേയും ചുംബനസീൻ അവരറിയാതെ നിഷ്‌പ്രയാസം ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ. ചുംബനത്തിൽ അത്യധികം മുഴുകിയിരിക്കുന്ന, കുറച്ചുനേരമായിക്കാണും ആരംഭിച്ചിട്ട്, അവർ എന്റെ പ്രവൃത്തി അറിയാനേ പോകുന്നില്ല. ഒരുപക്ഷേ ഇത്തരം അനുകൂല സഹചര്യങ്ങൾ തന്നെയായിരിക്കും എന്നെ പ്രസ്തുത ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചത്. വെല്ലുവിളിയുടെ അഭാവത്തിൽ എന്നിൽ ഉൽസാഹം കെട്ടുപോകുന്നു. പ്രതികൂല സാഹചര്യങ്ങൾ ഉത്സാഹത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ഞാൻ ചുംബിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടു. മുറിച്ചുണ്ടുള്ള പെൺ‌കുട്ടി എന്റെ തോളിൽ തലചാരി ഉറങ്ങുകയാണ്. അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായിരുന്നു. എനിക്കു പുറം വേദനിക്കുന്നുണ്ടായിരുന്നു. ഒന്നു അനങ്ങിയിരിക്കാമെന്നു കരുതിയാൽ അതു പെൺ‌കുട്ടിയെ ഉണർത്തിയേക്കാം. അതിനു വിമുഖത തോന്നി. ഞാൻ പുറത്തേക്കു നോക്കി. ജനലിലൂടെ അടിച്ചുകയറി വരുന്ന കാറ്റിനു തണുപ്പ് കൂടുതലാണ്. ഞാൻ കോട്ടിന്റെ സിബ്ബ് കഴുത്തുവരെ വലിച്ചിട്ടു. തണുപ്പിന്റെ കാര്യമോർത്തു പെൺകുട്ടിക്കു നേരെ തിരിഞ്ഞു. അവർക്കു കോട്ട് ഇല്ല. നേർത്ത ഷാൾ മാത്രം. അതുതന്നെ ശുഷ്കമായ മാറിടം വെളിപ്പെടുത്തി സ്ഥാനംതെറ്റി കിടക്കുന്നു. പെൺ‌കുട്ടിയെ കാറ്റിൽ‌നിന്നു രക്ഷപ്പെടുത്താൻ ഞാൻ കുറച്ചു മുന്നോട്ടു ആഞ്ഞിരുന്നു. അതോടെ പെൺ‌കുട്ടി എന്റെ തോളിലേക്കു കൂടുതൽ പറ്റിച്ചേർന്നു. മുഖം കഴുത്തിൽ മുട്ടി. അന്തം‌വിട്ടു ഉറങ്ങുന്ന പെൺ‌കുട്ടിയുടെ വായ ലേശം തുറന്നിരുന്നു. മേൽച്ചുണ്ടിന്റെ അഭാവം നിമിത്തം പതിവിലും കൂടുതൽ ഉച്‌ഛ്വാസവായു പുറത്തുവന്നു. അതിന്റെ ചൂടിൽ എന്റെ രോമകൂപങ്ങൾ ഉണർന്നു. പെൺ‌കുട്ടിയുടെ അരക്കെട്ടിന്റെ മാർദ്ദവം മനസ്സ് അയവിറക്കാൻ തുടങ്ങി. അങ്ങിനെ കുറച്ചുസമയം കഴിഞ്ഞു. അപ്പോഴാണ് എന്റെ ചിന്തയിലേക്കു ഭ്രാന്തമായ ആ ആശയം കടന്നുവന്നത്. പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ ചുംബിക്കുക. എല്ലാവരും ചുംബിക്കാൻ മടിക്കുന്ന മുറിച്ചുണ്ടിൽ തന്നെ ചുംബിച്ച് പെൺ‌കുട്ടിയെ വിശുദ്ധയാക്കുക! ഞാൻ കാഴ്ചയിൽ സുന്ദരനാണ്. അതുകൊണ്ട് എന്റെ ചുംബനത്തിലൂടെ മുറിച്ചുണ്ടിനെ പറ്റിയുള്ള അപകർഷതാബോധം പെൺ‌കുട്ടിയിൽ‌നിന്നു ഒഴിവായേക്കാമെന്ന ചിന്ത മനസ്സിൽ രൂഢമൂലമായി.

ഞാൻ ചുറ്റും നോക്കി. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ചെറുപ്പക്കാനും യുവതിയും ചുംബിക്കൽ നിർത്തി ഉറങ്ങുന്നു. മുകളിൽ ലാഗേജ് സീറ്റിന്റെ ഇടതുവശത്തു മൂന്നുപേർ ചീട്ടുകളിക്കുന്നുണ്ട്. പക്ഷേ അവർക്കു എന്നെയോ പെൺകുട്ടിയേയോ കാണാനാകില്ല. ഞാൻ മനസ്സിനെ സ്വസ്ഥമാക്കി പത്തുവരെ എണ്ണി. തോളിൽ വിശ്രമിക്കുന്ന പെൺ‌കുട്ടിയുടെ മുഖത്തിനുനേരെ മുഖം തിരിച്ചു. അവരുടെ മേൽച്ചുണ്ടിനെ ലക്ഷ്യമാക്കി സാവധാനം മുഖം അമർത്തി. പക്ഷേ യാദൃശ്ചികമെന്നേ പറയേണ്ടൂ, ട്രെയിൻ അപ്പോൾ ഒന്നുലഞ്ഞു. ചുംബനമേറ്റത് തുടുത്തുമലർന്ന കീഴ്ച്ചുണ്ടിലാണ്. ആദ്യത്തെ ഉലച്ചിലിന്റെ പ്രതിപ്രവർത്തനമായി ട്രെയിൻ വീണ്ടും ഉലഞ്ഞു. അപ്പോൾ എന്റെ ചുണ്ടുകൾ മേൽച്ചുണ്ടിലും എത്തി. ഏതാനും നിമിഷങ്ങൾ അവിടെ വിശ്രമിച്ചു. പെൺ‌കുട്ടി ആലസ്യത്തോടെ തല എന്റെ തോളിൽനിന്നു മാറ്റി, മടിയിൽ വച്ചിരുന്ന ബാഗിൽ ചായ്ച്ചു. ഒപ്പം അരക്കെട്ട് അനക്കി എന്റെ ശരീരത്തോടു ചേർത്തുവച്ചു. ഞാൻ പരിഭ്രമിച്ചു. ചുംബിച്ചത് പെൺകുട്ടി അറിഞ്ഞോ? അവരുടെ മനസ്സ് വേദനിച്ചിരിക്കുമോ? അടങ്ങാത്ത ദേഷ്യം എന്നോടുണ്ടോ? എന്നിങ്ങനെ ഒരുപാട് ചിന്തകൾ എന്നെ അസ്വസ്ഥനാക്കി.

ഏതാനും മിനിറ്റുകൾ കഴിഞ്ഞു. പെൺ‌കുട്ടിയിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഞാൻ ആശ്വസിച്ചു. ചുണ്ടിൽ എന്തോ സ്പർശിച്ചെന്നല്ലാതെ ചുംബിച്ചുവെന്നു പെൺ‌കുട്ടി അറിഞ്ഞിരിക്കയില്ല. അതായിരുന്നു എന്റെ ധാരണ. അതു തെറ്റാണെന്നു പിന്നീടുള്ള അവരുടെ പെരുമാറ്റം വെളിപ്പെടുത്തി. ബാഗിൽ തലചായ്ച്ച് പെൺകുട്ടി കരയുകയായിരുന്നു. തല ഉയർത്തിയതു കരഞ്ഞു കലങ്ങിയ മുഖത്തോടെയാണ്. ഞാൻ വിളറി വെളുത്തു. ഇതാ ഒരുതെറ്റും ചെയ്യാത്ത നിഷ്കളങ്കയായ പെൺ‌കുട്ടിയെ ഞാൻ ദ്രോഹിച്ചിരികുന്നു. അവളെ കളങ്കപ്പെടുത്തിയിരിക്കുന്നു. ഇന്നുവരെ സ്വയം ചില നിസാരപാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിയും ആരേയും ദ്രോഹിച്ചിട്ടില്ലെന്നാണ് സ്വകാര്യമായി അഹങ്കരിച്ചിരുന്നത്. അതിനിപ്പോൾ അവസാനമായി. എനിക്കു കടുത്ത വിഷമമായി. പെൺ‌കുട്ടിയോടു ക്ഷമ ചോദിക്കണം. മാപ്പിരക്കണം. അവർ ഇരിക്കുന്നതു അരികിലായതിനാൽ ആരെങ്കിലും അറിയുമെന്ന ഭയം വേണ്ട. ഞാൻ പറയേണ്ട വാക്കുകൾ മനസ്സിൽ തിട്ടപ്പെടുത്തി. പറയുന്നതിനു മുന്നോടിയായി പത്തുവരെ എണ്ണാൻ തുടങ്ങി. എണ്ണം ഏഴിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞു കലങ്ങിയ മുഖം വീണ്ടും എന്റെതോളിൽ ചായ്ച്ചു. ചൂടുകിട്ടാനെന്ന പോലെ പെൺകുട്ടി കൂടുതൽ കൂടുതൽ എന്റെ ശരീരത്തിലേക്കു പറ്റിച്ചേർന്നിരുന്നു. ഞങ്ങൾ തമ്മിലുള്ള വിടവ് പൂർണമായും ഇല്ലാതായി. എണ്ണൽ പത്തുകഴിഞ്ഞു ഇരുപത് വരെയെത്തി. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ. കാര്യങ്ങൾ റിവേഴ്‌സെടുത്തു വരികയല്ലേ.

പെൺ‌കുട്ടിയുടെ മുഖത്തു നോക്കാൻ എനിക്കു ധൈര്യം വന്നില്ല. എങ്കിലും ശബ്ദമില്ലാത്ത ഏങ്ങലുകൾ അറിഞ്ഞു അറിയാതെ നോക്കിപ്പോയി. കണ്ണീർ ഒലിക്കുന്ന മുഖം. മുറിച്ചുണ്ടിനു മീതെയെത്തുന്ന കണ്ണുനീർത്തുള്ളികൾ ഒരുനിമിഷം അവിടെ തങ്ങിനിന്ന ശേഷം തടസമില്ലാതെ വായിലേക്കു ഒഴുകുന്നു. സങ്കടം മൂലമല്ല പെൺ‌കുട്ടി കരയുന്നതെന്നു അതിനകം ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ കഴുത്തിൽ ചേർത്തുവച്ചിരുന്ന മുഖം ഉയർത്തി പെൺ‌കുട്ടി മൃദുസ്വരത്തിൽ പറഞ്ഞു.

“താങ്ക്സ്…”

തണുപ്പിന്റെ വെളുത്തപാളികളെ തുളച്ചുകൊണ്ടു ഐലൻഡ് എക്സ്പ്രസ്സ് ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പാച്ചിൽ തുടർന്നു.

Featured Image Credit: – https://24coaches.com/island-express/


76 Replies to “മുറിച്ചുണ്ടുള്ള പെൺകുട്ടി”

  1. റിപ്പോർട്ടഡ് സ്പീച്ച് ഒരു ‘താങ്ൿസി’ൽ ഒതുക്കി എഴുതിയ കഥ. പരീക്ഷണങ്ങൾ നിലക്കുന്നില്ല. വായനക്കാർക്കു മുഷിയില്ലെന്നു കരുതുന്നു. അതൊരു ശുഭാപ്തിവിശ്വാസം മാത്രമാണ്.

    എല്ലാവരും വായിക്കുക, അഭിപ്രായമറിയിക്കുക.
    🙂

    എന്നും സ്നേഹത്തോടെ
    സുനിൽ || ഉപാസന

  2. എന്റെ ബ്ലോഗ്ഗിൽ ഒരു നാരി തേങ്ങയടിക്കുന്നത് ആദ്യമായാണ്. കാത്തോളണേ പിതൃക്കളേ…

    ശാലിനിക്കു നന്ദി
    🙂

    ഉപാസന

  3. തീവണ്ടിയുടെ ഉലച്ചില്‍ …

    നല്ല അവതരണം. ആശംസകള്‍ !..

  4. തണുപ്പിന്റെ വെളുത്ത പാളികളെ തുളച്ചുകൊണ്ട് ഐലൻഡ് എക്സ്പ്രസ്സ് ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പാച്ചിൽ തുടർന്നു……

    ഐലൻഡ് എക്സ്പ്രസ്സ്‌ പോലെ കുറച്ചു നീളം കൂടുതല്‍ അനിലും ഒരു ഒഴുകോടെ വായിച്ചു സുനില്‍
    ആശംസകള്‍

  5. എന്താപ്പോ പറയാ.. ഒട്ടും മുഷിഞ്ഞില്ല..കഥ ഇഷ്ടമായി.. ഈ രീതിയിലുള്ള കഥ പറച്ചില്‍ മലയാറ്റൂരിന്റെ ചില കഥകളില്‍ കണ്ടിട്ടുണ്ട്… 🙂 ഇനിയും ഒരുപാട് പരീക്ഷണങ്ങള്‍ നടത്തൂ..

    ഒരു നാരിയല്ലേ തേങ്ങ അടിച്ചത് എന്നോര്‍ത്ത് സമാധാനിക്കൂ ഭായ്.. ഒരു നരിയോ,നാറിയോ അല്ലല്ലോ..വെച്ചടി വെച്ചടി കേറ്റം ആയിരിക്കും ഇനി.. ആയില്യം ആണേ നമ്മുടെ നാള്‍.. 😀 ഹി ഹി ചുമ്മാ 🙂

  6. ഇത് വായിച്ച് മുറിച്ചുണ്ടില്ലാത്ത പെൺകുട്ടികൾ ചുംബിക്കാൻ വന്നാൽ എന്തു ചെയ്യും സുനിലെ.. താങ്ക്സ് പറഞ്ഞേക്ക്..

    കൊള്ളാം ട്ടൊ..

  7. @ ഇട്ടിമാളു

    സർപ്രൈസ് വിസിറ്റ് 🙂

    മുറിച്ചുണ്ടില്ലാത്ത പെൺ‌കുട്ടികൾ വന്നാൽ ‘എനിക്ക് താൽ‌പര്യല്ലാ’ എന്നങ്ങട് പറേം. എന്നെ വിശ്വസിക്കൂ
    🙂

    ഉപാസന

  8. റിപ്പോര്‍ട്ടഡ് സ്പീച്ചോ അങ്ങനെയെന്ത് സ്പീച്ചെന്നൊക്കെ നോക്കാനൊന്നും ശ്രദ്ധ പോയില്ലെന്നതാണ് സത്യം.:)
    മുഷിഞ്ഞില്ലെന്ന് മാത്രമല്ല ഒറ്റയിരുപ്പില്‍ വായിക്കുകയും ചെയ്തു..സുന്ദരം..ടച്ചിങ്ങ്..!

  9. കഥ ഇഷ്ടമായി.
    നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.അഭിനന്ദനങ്ങൾ.

  10. സുനില്‍, കഥ ഇന്നാണ് വായിക്കുന്നത് .. ബാക്കി കഥകളും വായിക്കണം ))

  11. “ചിലപ്പോഴൊക്കെ വെല്ലുവിളിയുടെ അഭാവത്തിൽ ഉത്സാഹം കെട്ടുപോകുന്നു, പ്രതികൂല സാഹചര്യങ്ങൾ ഉത്സാഹത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു…”

    തീരെ മുഷിച്ചിലുണ്ടാക്കാതെ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകൾ…

  12. സുനിലേ.. വളരെ മനോഹരമായ ഒരു കഥ. തീരെ മുഷിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അത് നുണയാവും. എന്റെ വായനയില്‍ എനിക്ക് മുഷിവ് തോന്നിയത് ചില സ്ഥലങ്ങളിലെ വല്ലാത്ത വിശദീകരണങ്ങള്‍ മാത്രം. ലാല്‍ബാഗ് , ഗരുഡന്‍ മാള്‍ എപ്പിസോഡുകള്‍ വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. എന്ന് വെച്ച് അതുണ്ടെങ്കില്‍ കുഴപ്പവുമില്ല. പക്ഷെ ആ ചുംബനത്തില്‍ അവള്‍ കരഞ്ഞത് സന്തോഷം കൊണ്ടാണെന്നത് ഉറപ്പായിരുന്നു. അത് കൂടുതല്‍ വാക്കുകളില്‍ പറയാതെ ഒരൊറ്റ താങ്ക്സില്‍ പറഞ്ഞപ്പോള്‍ ഒരു മനോഹരമായ കഥ അവിടെ ജനിച്ചു. ആ ഒരു താങ്ക്സിനും ഈ ഒരു കഥക്കും താങ്ക്സ്..

  13. @ മനോരാജ്

    ചെറിയ ചെറിയ അപ്രസക്തമെന്നു തോന്നിയേക്കാവുന്ന വരികൾക്കു അവയുടേതായ പ്രാധാന്യമുണ്ട്. അവ ഒഴിവാക്കിയാൽ ടോട്ടൽ വ്യൂ വികലമാകുമെന്നു പക്ഷക്കാരനാണു ഞാൻ.

    വായനക്കും അഭിപ്രായത്തിനു നന്ദി
    🙂
    ഉപാസന

  14. നല്ല വായനാനുഭവം, ആ കമ്പാര്‍ട്ടുമെന്‍റില്‍ യാത്രചെയ്തതുപോലെ ഒരു ഫീല്‍. “വയറിനു ഒരു താറാവിന്റെ കഴുത്തിന്റെ വ്യാസമേ ഉള്ളൂ” എന്ന ഭാവനയോട് ഒരു യോജിപ്പുമില്ല അത് എനിക്ക് ആസ്വദിക്കാനും പറ്റിയില്ല താറാവിന്‍റെ കഴുത്ത് ഒരു കൈപ്പിടിയില്‍ഒതുങ്ങാവുന്നതല്ലേയുള്ളൂഎന്ന് ഒരു നര്‍മ്മ ബോധം എന്നെ അലോസരപ്പെടുത്തുന്നു,കാര്യമാക്കണ്ട;).

    പിന്നെ ഏതോ 'നാറി തേങ്ങക്കിടിച്ചു' എന്ന് കമന്‍റു വായിച്ചാണ് കയറിയത്, നാരി തേങ്ങയുടച്ചതാണെന്ന് പിന്നെയാണ് മനസിലായത് 🙂

  15. ഒഴുക്കെന്നല്ല അവസാനം വരെ തീവണ്ടിപോലെ യാത്ര തന്നായിരുന്നു.
    മുഷിയുന്നില്ലെന്ന് പറ്റുന്നവിധം ഉറക്കേപ്പറയുന്നു.

  16. ശെന്റെ പൊന്നോ..പൊളിച്ചിട്ടുണ്ട് ട്ടാ..നമ്മടെ പഴേ ദീനാമ്മ ഓര്‍മ വന്നു…

  17. Eda suni, enikke vallathe eshtapettu ee kadha..”Apoorna pranaym” ennoru ninte kadha kazhingal ethane enikishtapettathe..entho pranayamo athinte swabhavamullathumaaya ella kadhakalodum enikkentho vallatha akarshanamaane ennum..ee murichundulla penkutti avalude manassile apakarshathabhotham oru sundharante chumbanathiloode maariyahtil santhosham konde karangathayirikane vashamullu…aa penkuttiye onne chumbikkan enikumoru mohamunde..lainkika uthejanodheshahtodeyallatha snehamayiyaayoru chumbanam…really a nice story da…oro thavanayum kadhakal varumbol ninte grading in writing uyarnnu varununde..nalla kaaryam..happy aayi..eni really enganoruthiye nee chumbichitundonne nee maryadhamukkil vannite chothikanunde…:-) hai kalle kudiche palla nirange negliche pallilichirikumbol choodarathe aa kadha onnude kelkalo, pathiramazhayathirunne….

  18. വായിച്ചു കഴിഞ്ഞപ്പോ ചൂളമടിക്കാന്‍ തോന്നീന്നു പറഞ്ഞാല്‍ നെഗറ്റീവാവൂലല്ലോ അല്ലേ 🙂
    കലക്കി.

  19. നല്ല വായനാസുഖം, ഒരു യാത്രയിലൂടേ വായനക്കാരൻ ഒഴുകിപ്പോകും, കിടിലൻ അവസാനം. ഇഷ്ടമായി സുനിൽ.

  20. കഥ ഇഷ്ടപ്പെട്ടു ഒറ്റയിരുപ്പില്‍ വായിച്ച്‌ തീര്‍ത്തു.
    വെറുതെ അല്ല എപ്പോഴും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര കൊച്ചു കള്ളന്‍ 🙂

    യാത്രതുടങ്ങിയാല്‍ ഒടുക്കം വരെ ഉറങ്ങുന്ന ഒരുവന്‍
    ഇനി ഉറങ്ങാതിരിക്കാന്‍ നോക്കും

  21. @ ഇന്ത്യാഹെറിറ്റേജ്

    പണിക്കർ സാർ. കഥ എന്നത് ‘കഥ’ മാത്രമാണ്. എന്റെ ബ്ലോഗ്ഗിൽ കഥ അപൂർവ്വമായി മാത്രമേ യാഥാർത്ഥ്യത്തിന്റെ മേലങ്കി അണിയാറുള്ളൂ. ഇവിടേയും അങ്ങിനെ തന്നെ. വായനക്കാർ ഇങ്ങിനെ തെറ്റിദ്ധാരണകൾ പേറുമെങ്കിൽ അതു എനിക്കു കൂച്ചുവിലങ്ങ് ഇടുന്നതിനു സമാനമാണ്. ഇനി ഇത്തരം വിഷയങ്ങൾ എഴുതുമ്പോൾ ‘നോൺ വെജ്’ ഒഴിവാക്കണോ എന്ന ശങ്കയൊക്കെ മനസ്സിൽ ഉയരും.

    കഥയിലൂടെ എന്റെ വ്യക്തിത്വത്തെ അറ്റയാളപ്പെടുത്തരുതെന്നു അഭ്യർത്ഥന. കാരണം അങ്ങിനെ ലഭിക്കുന്ന വ്യക്തിത്വം എന്റെയായിരിക്കില്ല. 🙂

    പണിക്കർ സാറിനു പ്രണാമം
    🙂

    ഉപാസന

  22. ഗംഭീരം.. അത്യുഗ്രന്‍… അത്യുദാത്തം…
    അങ്ങനെയല്ലാതെ ഈ കഥയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. ഇത്രയും മനോഹരമായ ഒരു ബ്ലോഗ്‌ കഥ ഞാന്‍ വായിച്ചിട്ടേയില്ല… തുടരുക ചേട്ടാ…
    ഒരായിരം ആശംസകള്‍…………………

  23. ആ ഒരൊറ്റ താങ്ക്‌സിലാണ് കഥ അതിന്റെ നിര്‍വൃതി പ്രാപിക്കുന്നത്. നല്ല എഴുത്ത്. പരീക്ഷണത്തിന്റെ സ്വയംപ്രഖ്യാപിത പരിമിതികള്‍ ലംഘിക്കുന്ന എഴുത്ത്. നന്ദി, നല്ലൊരു വായനാനുഭവത്തിന്…

  24. കൊള്ളാം സുനീ…
    നന്നായിട്ടുണ്ട് ..
    കുറെ നാളുകള്‍ക്കു ശേഷം ബ്ലോഗു ലോകത്തില്‍ കയറിയതാണ്…
    ആദ്യത്തെ വായന തന്നെ കിടിലന്‍ …

  25. സുഹ്രുത്തെ ഞാന്‍ ആദ്യമായാണ് തങ്കളുടെ ബ്ലോഗില്‍ വരുന്നതു,,,, വളരെ നന്നായിട്ടുണ്ട്,,,,ഒരുപാടിഷ്ടമായി,,,, ഒറ്റയിരിപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു,,,, ഇനിയും പ്രതീക്ഷിക്കുന്നു,,,,

  26. തീവണ്ടി നിര്‍ത്താതെ തന്നെ കൊണ്ടുപോയി.

    വായനയുടെ സുഖം അനുഭവിച്ചറിയുന്നു.

    അഭിനന്ദനങ്ങള്‍

  27. ഒരു ചുംബനത്തിനെ ഇത്രയും ഉദ്യോഗജനകമായി ഐലന്‍ഡ് എക്സ്‌പ്രസ് പോലെ നീട്ടി അവസാനം താങ്ക്സില്‍ എത്തിച്ചു.
    വായന രസകരമായി…
    എന്തിനാ അധികം പറയുന്നത്
    “താങ്ക്സ്”അതിലെല്ലാമായി …
    എന്നാലും സുനിലേ…..

  28. യെസ്..ആദ്യമായാണ് ഈ ബ്ലോഗിൽ..! കഥ വായിച്ച ഒരു സുഹൃത്തിന്റെ ശുപാ‍ർശ.. വായന നഷ്ടമായില്ല.. പുതുമയുള്ള ലളിതഭാഷ..മികച്ച ക്രാഫ്റ്റ്…മുടിഞ്ഞ സസ്പെൻസ്..തികച്ചും സമകാലികമായ യുവമനസ്സ്…! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം..?

    ഒഴിവാക്കാമായിരുന്നു എന്നു മനു പറഞ്ഞ ഡീറ്റെയിത്സ് കഥയിൽ അനിവാര്യമാണ്.. ഒറ്റനോട്ടത്തിൽ അപ്രസക്തമെന്നു തോന്നുന്ന വിശദാംശങ്ങളാണ് സമഗ്രജീവിതത്തെ പ്രതിഫലിപ്പിക്കുന്നത്..! സന്തോഷം..നന്ദി..!

  29. പെണ്‍കുട്ടിയുടെ മറുപടിയിലാണ് ഈ കഥ വ്യത്യസ്തമായ ഒരനുഭവമാകുന്നത്. അതേറെ ആലോചനക്ക് ഇന്ധനമാകുന്നു.
    പിന്നെ, കഥ പറഞ്ഞ രീതി അസ്സലായിട്ടുണ്ട്. വായിച്ചു തീരുവോളം ആകാംക്ഷ നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.

    {ഈ വഴിയൊക്കെ വീണ്ടും വരാന്‍ ശ്രമിക്കാം}

  30. ആദ്യമായിട്ടാണ് ഇവിടെ,ടൈറ്റില്‍ വായിച്ച് എത്തിപ്പെട്ടതാണ്.. വ്യത്യസ്തമായ കഥ നല്ല ഒഴുക്കോടെ കയ്യടക്കത്തോടെ പറഞ്ഞിരിക്കുന്നു…
    അഭിനന്ദനങ്ങള്‍ 🙂

  31. നന്നായി സുനില്‍. Details ഒക്കെ നന്നായിട്ടുണ്ട്. കുറെ ബാങ്ങളൂര്‍ ലോക്കല്‍ ട്രെയിന്‍ യാത്രകള്‍ ഓര്‍മകളില്‍ ഉള്ളത് കൊണ്ട് ശരിക്കും ആസ്വദിച്ചു വായിച്ചു. അഭിനന്ദനങ്ങള്‍.

  32. വളരെ മികച്ച ഒരു സൃഷ്ട്ടി. ഒട്ടും മടുപ്പിക്കാത്ത അവതരണം.

  33. പ്രിയപ്പെട്ട സുനില്‍ ,
    ഓര്‍ക്കുന്നത് രണ്ടു വരികളാണ് ….
    ” യാത്രകളില്‍ എഴുത്തുകാരന്റെ മനസ്സുണ്ടായിരിക്കുക
    കണ്ണുകള്‍ക്ക്‌ പേനയുടെ വാചാലതയുണ്ടാവുക “
    ഇതാരാണ് എന്നോട് പറഞ്ഞത് എന്ന് എനിക്കോര്‍മയില്ല …. അതിരിക്കട്ടെ
    നന്നായിരുന്നു ….. എന്ന ഒറ്റ വക്കില്‍ പറയുമ്പോള്‍ ഒട്ടും കുറവായി പോയി എന്ന് കരുതരുത്
    ചക്ക മുള്ള് തന്ന വേദനയും Frenchie യുടെ എത്തി നോട്ടവും എന്നില്‍ മാത്രമല്ല Office ല്‍ ഉള്ള
    മറ്റുള്ളവരിലേക്കും ചിരി പടര്‍ത്തി …
    ” ഒരു ചുംബനത്തെ മഹത്വ വല്ക്കരിക്കുകയും മറ്റൊന്നിനെ തെറി പറഞ്ഞ് അപലപിക്കുകയും” ചെയ്യുമ്പോള്‍,
    ഈ യാത്രയെക്കുറിച്ച് ORACLE കാരന്‍ ഒരു ബ്ലോഗ്‌ എഴുതിയെങ്കില്‍, അതു വായിക്കാനിടയായെങ്കില്‍ എന്ന്, Interpretations വായനയെ ഇഷ്ടപ്പെടുന്ന ഒരാളുടെ കൌതകം നിറഞ്ഞ ഒരാഗ്രഹം കൂടി പ്രകടിപ്പിച്ചു കൊള്ളട്ടെ ….
    വിമര്‍ശനാത്മകായി സമീപിച്ചാല്‍ ” ബാലുവേട്ടന്റെ ” ചിദംബര സ്മരണ ” യിലെ ഒരു വിമാന യാത്രയുടെ കഥയക്ക് കൃഷ്ണന്‍ നായര്‍ സര്‍ എഴുതിയ നിരൂപണം “താങ്ക്സ്” എന്ന വാക്കിനു ചേരും എന്ന് തോന്നുന്നു ….
    എന്ത് തന്നെ ആയാലും ആദ്യം മുതല്‍ അവസാനം വരെ ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞതിന്റെ ഒരു സംതൃപ്തി അറിയിക്കാതിരിക്കാന്‍ തരമില്ല ….
    ” സുനിലിന്റെ യാത്രാനുഭവങ്ങള്‍ ” എന്ന ഒരു പുസ്തകം ഭാവിയില്‍ വായിക്കനിടയാകുമ്പോള്‍ …ഈ Island Express ഇനിയും നല്ല നല്ല കഥകള്‍ മലയാളിയ്ക്ക് സമ്മാനിച്ച്‌ കഴിഞ്ഞിരിക്കും എന്ന ശുഭ പ്രതീക്ഷയോടെ …. യുവ എഴുത്തുകാര്‍ ലൈംഗികതയെ ധീരമായി സമീപിക്കുന്നത് കാണുന്ന ആകാംഷയോടെ ….

    സ്നേഹത്തോടെ …. അരുണ്‍

  34. പ്രിയപ്പെട്ട അരുൺ ഭായ്,

    ചുള്ളിക്കാടിന്റെ ചിദംബരസ്മരണകൾ ഞാൻ വായിക്കാത്തതല്ല. വായിച്ചത് വളരെ പണ്ടാണ്. ഏതാണ്ട് പത്തുകൊല്ലങ്ങൾക്കു മുമ്പ്. അതു എന്നിൽ ഒരു നല്ല ഫീലിങ്ങ് ഉളവാക്കി, ചില അനുഭവങ്ങൾക്കു കൃത്രിമത്വം തോന്നിപ്പിച്ചെങ്കിലും.

    എനിക്കിപ്പോൾ ചിദംബരസ്മരണയിൽ പരാമർശിച്ച പല സംഭവങ്ങളും ഒട്ടും ഓർമയില്ലെന്നതാണ് സത്യം. എന്നെനും ഓർമിപ്പിച്ചിരിക്കേണ്ട എന്തെങ്കിലും അതിലില്ല എന്നു കരുതുന്ന ആൾ. ഈ കഥക്ക് ആസ്പദം ആ മുറിച്ചുണ്ടുള്ള കുട്ടിയും ചെറുപ്പക്കാരനും മാത്രമാണ്. ചെറുപ്പക്കാരനെ കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നു കൂട്ടിച്ചേർക്കുന്നു (അദ്ദേഹത്തിനുണ്ടെന്നു കഥയിൽ പടഞ്ഞ സ്വഭാവങ്ങൾ 'കഥ' മാത്രമായിരിക്കട്ടെ).

    പറഞ്ഞുവരുന്നത് ഇതാണ്. ചിദംബരസ്മരണകളോ മറ്റെന്തെങ്കിലുമോ എന്നെ സ്വാധീനിച്ചിട്ടില്ല, ഈ കഥ എഴുതാൻ.

    കൃഷ്ണൻ നായർ സാർ പറഞ്ഞതെന്താണ് ഭായ്. സസ്പെൻസ് ഇട്ടു നിർത്തിയല്ലോ ? എനിക്കു സാഹിത്യവാരഫലം ഇഷ്ടമുള്ള ഒരു പംക്തിയായിരുന്നു.
    🙂

    ഭായിക്കു പ്രണാമം
    🙂
    ഉപാസന

  35. കൊള്ളാം വളരെ നന്നായിരിക്കുന്നു സുനിലേട്ടാ…. പഴയ ബാംഗ്ലൂര്‍ – എറണകുളം ട്രെയിന്‍ യാത്രകള്‍ ഓര്‍ത്ത്‌ പോയി 🙂

  36. പ്രിയ സുനില്‍
    സസ്പെന്‍സ് ഒന്നുമില്ല 😉 …. ആ “Thanks” നേക്കാള്‍ വല്യ ഒരു സസ്പെന്‍സ് ആര്‍ക്കെങ്കിലും തരാനാകുമോ ???
    അടുത്ത തീപിടിയ്ക്കുന്ന രചനയ്ക്കായി എല്ലാ ഭാവുകങ്ങളും …..

  37. ശക്തമായ ഭാഷ പുതുമയുള്ള അവതരണം…നിസ്സഹായ ആയ ഒരു വിരൂപയുടെ അവസ്ഥ..എല്ലാം എല്ലാം വളരെ നന്നായി അവതരിപിച്ചു…ഭാവുകങ്ങള്‍

  38. വളരെ മനോഹരമായി എഴുതി. നല്ല കഥ. പെണ്‍കുട്ടി “താങ്ക്സ്” പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു..അതുവരെ ഞാന്‍ ഏതോ ലോകത്തായിരുന്നു. കഥയായിരുന്നുവെന്ന് അപ്പോഴാണ്‌ എനിക്കോര്‍മ്മ വന്നത്. ഞാനും നിങ്ങളോടൊപ്പം ആ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന തോന്നലായിരുന്നു. ആശംസകള്‍ സുനില്‍.

  39. വളരെ മനോഹരമായി പറഞ്ഞു കഥ…ഇവിടെ ആദ്യമായിട്ടാണ്..വന്നത് പക്ഷേ നഷ്ടമായില്ലാ…ആശംസകൾ

  40. ശാലിനി : താങ്കള്‍ തേണ്ടയുടച്ചതുകൊണ്ടായിരിക്കാം പോസ്റ്റ് ഗംഭീര ഹിറ്റ് ആയി. ഗൂഗിള്‍ ബസില്‍ ഒരുപാട് റീഷെയര്‍ കിട്ടി സന്തോഷവാനായി. ഇനിയും തേങ്ങയടിക്കുക 🙂

    അരുണ്‍ & പ്രതി : ആദ്യസന്ദര്‍ശനത്തിനു നന്ദി :‌)

    അഭി : എഴുത്തിന്റെ നീളത്തെപ്പറ്റി ഞാന്‍ ഒട്ടും ചിന്തിക്കാറേയില്ല

    ഇട്ടിമാളു : പ്രതീക്ഷിക്കാത്ത വരവ്. സന്തോഷം 😉

    റോസ് : എഴുതി കഴിഞ്ഞപ്പോഴാ ഓര്‍ത്തത് വര്‍ത്തമാനം ഒന്നും എഴുതിയില്ലല്ലോ എന്ന്. എന്നിട്ടും നന്നായി.

    എച്ച്മു & രാജ് : നന്ദി 🙂

    ഉപാസന || സുപാസന

  41. സന്തോഷമായി ഉപാസനേ സന്തോഷമായി.. 🙂
    ഞാനും ഇടയ്ക്ക് വന്നു നോക്കാറുണ്ടായിരുന്നു.. പോസ്റ്റ്‌ ഹിറ്റാകുന്നുണ്ടോന്നു 🙂
    അഭിനന്ദനങ്ങള്‍..

  42. കഥയുടെ നീളം കണ്ടപ്പോള്‍ വായിക്കാതെ പോകാന്‍ തോന്നിയതാ. പക്ഷെ തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. നല്ല ഒഴുക്കോടെ പറഞ്ഞു. വ്യത്യസ്തമായ ആശയവും, ശൈലിയും. പിന്നെ, സ്വയം പുകഴത്തല്‍ (നല്ലവനാണ് എന്നേ) അല്പം കൂടിപ്പോയില്ലേ എന്ന് സംശയം. പഴയ കൃതികള്‍ വായിക്കാന്‍ വരുന്നുണ്ട്, പിന്നീട്.

  43. നല്ല ബ്ലോഗ്‌ പോസ്റ്റുകള്‍ കിട്ടുന്നത് അപൂര്‍വ്വമാണ് .ഇത് അതില്‍ ഒന്ന്. ഒരു ട്രെയിന്‍ യാത്രയില്‍ നല്ല തിരക്കില്‍ എന്നോട് ചേര്‍ന്ന് നിന്ന പെണ്‍കുട്ടി ഞാന്‍ ഇറങ്ങിയപ്പോള്‍ എന്നെ നോക്കി ചിരിച്ചത് ചാന്‍സ്‌ ഉണ്ടായിട്ടും ഉപദ്രവിക്കാതിരുന്നതിനാണോ? ഉപദ്രവിക്കാനുള്ള അവസരം കൊണ്ട് കളഞ്ഞതിനുള്ള പരിഹാസമാണോ എന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
    വ്യത്യസ്തമായ എഴുത്ത്. ആശംസകള്‍

  44. നല്ല അവതരണം. വയനാകാരനെ ശാന്തമായോടുന്ന ഒരു ട്രെയിനിലെത്തിച്ചു കാര്യങ്ങള്‍ ഡേമൊണ്‍സ്റ്റ്റേറ്റ് ചെയ്യുന്ന ഈ രീതിയെ മലയാറ്റൂരിനോടുപമിച്ചൊട്ടെ? പലരും ചെയ്തതും ചെയ്യാനാഗ്രഹിക്കുന്നതും ആര്‍ജ്ജവത്തോടെ തുറന്നെഴുതിയതിനൊരു മലര്‍‌ചെണ്ട്. സദാചാരപ്പോലീസുകാര്‍ കാണാതെ തടി രക്ഷപ്പെടുത്തിയത് നന്നായി.

  45. സുന്ദരം.
    നാല് ദിവസം മുമ്പ് എന്‍‌റെ ലോകം അയച്ച് തന്ന ലിങ്കിലൂടെയാണ് ഇവ്ടെ എത്തിയത്. പലരും പറഞ്ഞപോലെ ബ്ലോഗിന്‍‌റെ നീളം കണ്ടപ്പൊ പിന്നെ പിന്നെ എന്നും കരുതി മാറ്റി വച്ചു. പക്ഷേ ഇന്ന് വായിച്ച് തുടങ്ങിയപ്പൊ ആദ്യ പാരഗ്രാഫില്‍ തന്നെ വായനക്കുള്ള ഉത്സാഹം കൂടി. എല്ലാംകൊണ്ടും നന്നായി. കഥ എന്ന നിലക്ക് നല്ല അവതരണവും. പക്ഷേ ഉദാത്തസമീപനം ഇഷ്ടമില്ലാത്ത വല്ലവരുടേം കണ്ണില്‍ പെട്ടിരുന്നെങ്കില്‍ കഥയുടെ ക്ലൈമാക്സ് മാറിയേനെ. ഹ്ഹ്ഹ്ഹ്ഹ്

    അപ്പൊ ഇനി ഇടക്കിടെ കാണാം.
    ആശംസകള്‍ 🙂

  46. @ ചെറുത്

    എന്റെ എഴുത്ത് എന്റെ മാത്രം നിയന്ത്രണത്തിലാണ്‌. മറ്റുള്ളവരുടെ അഭിരുചികളെ, അവര്‍ ഉദാത്തമോ അല്ലാത്തതതോ ആയ സമീപനം ഉള്ളവരായാലും, ഞാന്‍ ഭയക്കുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല.

    ചെറുതിനും വഴികാട്ടിയ എന്റെ ലോകത്തിനും നന്ദി
    🙂

    ഉപാസന

  47. ഹമ്പടാ. ഉപാസനമാഷ് തെറ്റിദ്ധരിച്ചു.
    പോസ്റ്റ് കണ്ടാലത്തെ കാര്യല്ല. അന്നത്തെ പരാക്രമത്തിന്‍‌റെ കാര്യമാ പറഞ്ഞത്. ചെറുതിന്‍‌റെ കമന്‍‌റ് താഴെയുള്ള താങ്കളുടെ വരികളോട് ചേര്‍ത്ത് വായിക്കാ‍ന്‍ അപേക്ഷ 😉

    “മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പ് ആകേണ്ട കാര്യമില്ല. അത് ഒരു ഉദാത്തസമീപനമാകുന്നു“

  48. ആ തീവണ്ടിയില്‍ മേലാ കേറുകയില്ല. ഹ ഹ . അവസാനം ആ പെണ്‍കുട്ടി അങ്ങനെ പറഞ്ഞില്ല എന്നാണല്ലോ അറിവ് . ചുമ്മാ പറഞ്ഞതാ കേട്ടോ. കഥ ഒറ്റ ഇരുപ്പില്‍ വായിച്ചു.

  49. നല്ല കഥ അവതരണം, ഒഴുക്ക്. ബ്ലോഗില്‍ ഇത്തരം രചനകള്‍ അപൂര്‍വ്വം . എന്തെങ്കിലും എഴുതി വിടും. ഇതുപോലെ ചിട്ടയില്‍ എഴുതുവാന്‍ ഈ മാധ്യമം ഉപയോഗിക്കാന്‍ കഴിയും എന്ന് താങ്കളുടെ ഈ രചന കാട്ടിത്തരുന്നു.

  50. മുരളിയുടെ ബസ്സില്‍ തൂങ്ങിയാണ് ഇവിടെയെത്തിയത്. ഒറ്റയിരുപ്പില്‍ തന്നെ രണ്ടു കഥകള്‍ വായിച്ചു. കാണാന്‍ വൈകിയതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു. വരുംദിവസങ്ങളില്‍ ബാക്കി കഥകളിലേക്കു കൂടി വരണം, വരും.

  51. ഓരോ തീവണ്ടിയാത്രകളും ഓരോ ജീവിതമാണെന്നെനിക്ക്‌ തോന്നുന്നു. വളരെ നല്ല അവതരണം സുനില്‍. പണ്ട് ഞാന്‍ അവതരണത്തിന്റെ കാര്യത്തില്‍ സുനിലിനെ വഴക്ക് പറഞ്ഞിരുന്നു. ആ വഴക്ക് പിന്‍ വലിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആശംസകള്‍.

  52. രണ്ട് കഥകളെ വായിച്ചുള്ളൂ ഈ ഉപാസനയില്‍ നിന്ന്. ഓരോ കഥയും വ്യത്യസ്ഥതയുള്ളതും പുതുമയുള്ളതും ആണ്‌ എന്നത് തന്നെ ഒരു പ്രത്യേകത. നല്ല ശൈലി. ഇനിയും വരാം…

  53. ഒന്നുമില്ല പറയുവാൻ, നാലഞ്ച് മാസത്തെ ഇടവേളക്കു ശേഷമാണ് ബൂലോകത്തേക്ക്. ആദ്യം എത്തിയതും ഇവിടേക്കു തന്നെ.

    എന്താ പറയുക, ഒരു അഭിപ്രായവുമില്ല. പഴയതുപോലെ തന്നെ. ഉപാസന ഒരിക്കിപോലും മനസ്സു മടിപ്പിച്ചിട്ടില്ല.

    താങ്ക്സ്!!

    സ്നേഹപൂർവ്വം…

  54. മനസ്സ് നിറയുന്ന വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് മാഷെ നിങ്ങളുടെ തൂലിക,,,നിര്‍ത്താതെ തുടരുക യാത്രകള്‍,,,,,

  55. Like 'vayadi' mentioned, till that 'thanks' I was also getting a feeling that I am also travelling in that train !! beautiful narration style…!!!

  56. ഈ കഥ എങ്ങനെ മിസ്സ് ആയെന്നു ഒരു ധാരണയുമില്ല. അതി മനോഹരം. ഈ ലോകം സുന്ദരന്മാരുടെയും സുന്ദരികളുടെയും മാത്രമല്ല

  57. ബാലൻസ്ഡ് ആയ കഥ,, നന്നായിട്ടുണ്ട് സുനിലേ..

അഭിപ്രായം എഴുതുക