കക്കാട് ജ്വല്ലറി വർൿസ് – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Part Here…

ഉച്ചയൂണിനു ശേഷം പൂമുഖത്തു ഉലാത്തുകയായിരുന്ന തട്ടാൻ തമ്പി വരുന്നതു കണ്ടപ്പോൾ വല്ലാതായി. തമ്പിയെ നമ്പിയാൽ പാമ്പു കടിച്ചതു തന്നെയെന്നു അദ്ദേഹത്തിനു ഉറപ്പായിരുന്നു. ഉള്ളിലെ ആധി പുറത്തു കാട്ടാതെ തട്ടാൻ ലോഹ്യം കാണിച്ചു.

“എവിടാ തമ്പീ… കാണാറില്ലല്ലാ ഇപ്പ”

തമ്പി പൂമുഖത്തു കയറി ടൈൽ‌സ് വിരിച്ച മിനുസമുള്ള തറയിലിരുന്നു. രാജൻ തട്ടാൻ വീണ്ടും അന്വേഷിച്ചു. “നീയെവിട്യാണ്ട് പെണ്ണു കാണാൻ പോയെന്നു കേട്ടല്ലോ”

തമ്പി അലസമായി മറുപടി പറഞ്ഞു. “ആ പോയി”

“എന്നട്ട്”

“എന്നട്ടൊന്നൂല്ല്യാ” ഹതാശനായി തലമുടി പിടിച്ചു വലിച്ചു കൂട്ടിച്ചേർത്തു.“അതൊന്നും ശരിയാവണില്ല രാജഞ്ചേട്ടാ. ജാതകത്തിൽ അപ്പടി പ്രശ്നാ”

“ആരാ പറഞ്ഞെ പ്രശ്നാന്ന്?”

“കൈമള്”

“അപ്പൊ സംശയിക്കണ്ട. കൈമൾ പറഞ്ഞാ അത് അച്ചട്ടാ!” തട്ടാൻ ചാരുകസേരയിൽ ചാരി. “വല്ല ചൊവ്വാദോഷം എങ്ങാനാണോടാ”

“ഏയ് ഇതതല്ല.  മുജ്ജന്മപാപാന്നാ പറഞ്ഞത്. എന്ന്വച്ച എന്റെ പൂർവ്വജന്മത്തിലെ ദുർന്നടപ്പ്”

തട്ടാനു ആകാംക്ഷയായി. “തെളിച്ചുപറടാ”

“രാജഞ്ചേട്ടാ കഴിഞ്ഞ ജന്മത്തീ ഞാൻ ഒരുപാട് റേപ്പുകൾ ചെയ്തണ്ടത്രെ. അതിന്റെ പാപം എന്നെ വിടാതെ പിടികൂടീരിക്കാന്ന്”

തട്ടാൻ ആലോചിച്ചു. സംഗതി ശരിയാകാനേ തരമുള്ളൂ. ഈ ജന്മം തന്നെ ശരിയല്ല. പിന്നല്ലേ കഴിഞ്ഞു പോയത്. ഉള്ളിലെ വിചാരമൊന്നും അദ്ദേഹം പുറത്തു കാണിച്ചില്ല. ആരെങ്കിലും ഏതെങ്കിലും ആപത്തിൽ പെട്ടിരിക്കുമ്പോൾ സഹതപിക്കണമല്ലോ.

“അപ്പോ ഇതിനു പരിഹാരോന്നൂല്ല്യെ. ഇണ്ടാവാണ്ടിരിക്കാൻ വഴീല്ലല്ലോ”

“പരിഹാരം‌ണ്ട്. പക്ഷേ അത് നടക്കില്ല”

“ഹ എന്താന്നു വച്ചാ ചെയ്യടാ. കാശൊന്ന്വല്ലല്ലോ ഇക്കാര്യത്തീ മുഖ്യം. ”

“കാശിന്റ്യല്ല രാജഞ്ചേട്ടാ. പരിഹാരായിട്ട് കൈമള്‍ പറഞ്ഞതേ ഞാൻ ഈ ജന്മത്തീ ബ്രഹ്മചാരി ആയിരിക്കണം ന്ന്”

നടന്നതു തന്നെ. രാജൻ‌തട്ടാൻ ചാരുകസേരയിൽ ചാരി. “ആട്ടെ നീയിപ്പോ എന്താ വന്നേ. എന്തെങ്കിലും പ്രത്യേകിച്ച്?”

തമ്പിക്കു സ്വർണാഭരണങ്ങളേക്കാൾ പ്രിയം വെള്ളിയോടാണെന്നു രാജൻ ‌തട്ടാനു അറിയാവുന്നതാണ്. ചെറുവാളൂർ പോസ്റ്റോഫീസ് ജംങ്‌ഷനടുത്തു, വെള്ളിയുടെ ജോലികൾ ചെയ്യുന്ന കടയിലെ സ്ഥിരം സന്ദർശകനാണ് തമ്പി. പണ്ടെന്നോ ഒരു രുദ്രാക്ഷ മാല വെള്ളി കെട്ടിച്ചതാണ്. അതിന്റെ അറ്റകുറ്റപ്പണികൾക്കു ആഴ്ചയിൽ രണ്ടു തവണയെങ്കിലും സന്ദർശിക്കും. മാലക്കു ഇനി പ്രശ്നമൊന്നുമില്ലെങ്കിൽ തന്നെയും കാരക്കായ കൊണ്ട് കഴുകി വെളുപ്പിക്കാൻ ചെല്ലും. ഇമ്മാതിരി പണികൾക്കു കാശൊട്ടു കൊടുക്കുകയുമില്ല. ലൈഫ്‌ടൈം ഫ്രീ സർവ്വീസ് എന്നു ഒഴിവു കഴിവ് പറയും.

വിഷയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി തമ്പി ചില കാര്യങ്ങൾ ആരാഞ്ഞു. സ്വന്തം ശരീരത്തിലേക്കു നോക്കി പറഞ്ഞു. “രാജഞ്ചേട്ടാ. ദേ എനിക്കു കൊറച്ചൂടെ ഗ്ലാമറ് തോന്നിക്കണോങ്കി എന്ത് ചെയ്യണം?”

തട്ടാൻ തമ്പിയെ ചുഴിഞ്ഞു നോക്കി. അപാര സ്റ്റാമിനയുള്ളതാണ് തമ്പിയുടെ ബോഡി. കൊരട്ടി ബിജുവിന്റെ ജിമ്മിലെ ഒന്നാന്തരം കട്ടകളിൽ മുമ്പൻ. ഇഷ്ടിക പോയിട്ട് ചെങ്കല്ല് വരെ ഒറ്റക്കൈ കൊണ്ട് ഇടിച്ചു പൊടിക്കും. ഇതെല്ലാം ഓർത്തു തട്ടാൻ തമ്പിയെ പൊക്കി.

“നീയിപ്പൊത്തന്നെ ഒരു മല്ലനല്ലേടാ. ഇന്യെന്തൂട്ടിനാ ഗ്ലാമർ”

“അത് ശര്യാ. ബോഡീഡെ കാര്യത്തീ പ്രശ്നല്യാ. ഞാൻ ചോദിച്ചത് മൊഖത്തിന്റെ കാര്യാ”

നേര്യാവില്ല തമ്പീ നേര്യാവില്ല‘ എന്നാണ് നാവിൽ വന്നതെങ്കിലും തട്ടാൻ അതു പറഞ്ഞില്ല. “നീയിന്നലെ ടീവീ കണ്ടില്ലേ ഫെയർ ലൌലീടെ പുതിയ പ്രോഡക്ട്. അതൊന്നു വാങ്ങി മോത്ത് തേച്ച് നോക്ക്. ചെലപ്പോ, ഭാഗ്യംണ്ടെങ്കി കലക്കും”

“രാജഞ്ചേട്ടാ അതൊന്നുമല്ല കാര്യം. എന്തെങ്കിലും സ്പെഷ്യൽ ഫിറ്റിങ്ങോണ്ടു ഗ്ലാമർ കൂട്ടാനാ ഞാൻ നോക്കണേ”

തട്ടാനു അക്ഷമനായി. “നീ തെളിച്ച് പറ. എന്തൂട്ട് ഫിറ്റിങ്ങാ ഉദ്ദേശിക്കണേ?”

ഗേറ്റിനരുകിലുള്ള ബോർഡു ചൂണ്ടി തമ്പി കാര്യം പറഞ്ഞു. “രാജഞ്ചേട്ടൻ വേദനില്ലാണ്ട് കാതു കുത്തില്ലേ”

“ഉവ്വ്”

“ആ… അപ്പൊ, എനിക്കും വേദന ഒട്ടൂല്ല്യാണ്ട് കാതു കുത്തണം. എടത്തേ കാതു മാത്രം മതി. എന്നട്ട് അതുമ്മെ ഒരു കുരിശ് തൂക്കണം”

ആശയം ബോധിച്ചെങ്കിലും തട്ടാൻ പരുങ്ങി. “തമ്പി അത്… കൊറച്ചൊക്കെ വേദന എടുക്കും. എറച്ചീമെ സൂചി കേറ്റണ കാര്യല്ലെ”

“അപ്പോ ബോർഡീ എഴ്‌തി വച്ചേക്കണതോ”

“അത് കൊച്ചുപിള്ളാർക്കാ. അല്ലാണ്ട്…”

“അതു ശരി അപ്പോ പിള്ളാർക്ക് വേദനില്ലാണ്ട് കുത്താം. എന്നെ കുത്താന്‍ പറ്റില്ലാന്ന്”

“അല്ല തമ്പി അവർക്കും വേദനൊക്കെ എടുക്കും. പക്ഷേ ഇന്നേവരെ ആരും പരാതി പറഞ്ഞട്ടില്ല”

രാജൻ തട്ടാന്റെ ലോജിക്കിൽ തമ്പി അമ്പരന്നു. കൂടുതൽ തർക്കിക്കാൻ പോകാതെ സ്വന്തം തീരുമാനം അറിയിച്ചു. “രാജഞ്ചേട്ടൻ ഒഴിഞ്ഞ് മാറര്ത്. എന്റെ ചെവി തൊളക്കാൻ ഞാൻ തീരുമാനിച്ച് കഴിഞ്ഞു. വേദനൊന്നും എട്ക്കര്‌തെന്ന് ഇപ്പഴേ പറഞ്ഞേക്കാം”

Read More ->  കക്കാടിന്റെ പുരാവൃത്തം: ഖാലി - 1

പെട്ടുപോയെന്നു തട്ടാൻ ഉറപ്പിച്ചു. പറ്റില്ല വേറെ ആളെ നോക്കൂ എന്നൊന്നും തമ്പിയോടു പറയാൻ പാടില്ല. ഇന്നുവരെ ആരും പറഞ്ഞിട്ടുമില്ല. അതുകൊണ്ടു തട്ടാൻ വഴങ്ങി.

“തമ്പീ എന്നാ ശരി. ഞാൻ ചെയ്യാം. പിന്നൊരു കാര്യം. അടുത്താഴ്ച നമ്മടെ വിനയന്റെ കൊച്ചിന്റെ കാതുകുത്തല്ണ്ട്. നീയും എന്റൂടെ വന്നോ. കാര്യങ്ങളെങ്ങനാന്ന് ഒരുമാതിരി പിടികിട്ടും”

തമ്പി ആലോചിച്ചു. അതു നല്ലതാണ്. എടുപിടീന്നനെ മുന്നോട്ടു പോകണ്ട. എല്ലാം കണ്ടു മനസ്സിലാക്കി സാവകാശം ചെയ്താൽ മതി.

പിറ്റേന്നു മുതൽ തമ്പി ഇടത്തേ ചെവിക്കാതിൽ വെളിച്ചെണ്ണയിട്ടു തടവാൻ തുടങ്ങി. പലരോടും ഇറച്ചി മൃദുവാക്കാനുള്ള ഉപായം ചോദിച്ചു മനസ്സിലാക്കി അതെല്ലാം പ്രയോഗത്തിൽ വരുത്തി. പൊടിയും മറ്റും പറ്റിപ്പിടിക്കാതിരിക്കാൻ എപ്പോഴും തലേക്കെട്ട് ശീലമാക്കി. ദൂരെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ചെവിമൂടുന്ന തൊപ്പി ധരിക്കും. എല്ലാ രാത്രികളിലും ഭക്ഷണം കഴിച്ചു വരാന്തയിൽ ചന്ദ്രനെ നോക്കി ചെവി തടവി, മനോരാജ്യങ്ങൾ കണ്ടു മണിക്കൂറുകൾ കഴിച്ചു കൂട്ടി. ചാലക്കുടി ടൌണിലൂടെ ഇടതു കാതിൽ കുരിശു തൂക്കി നടന്നു പോകുന്ന തന്നെ കണ്ടു കലാഭവൻ മണി സിനിമയിൽ വില്ലനായി അഭിനയിക്കാൻ വിളിക്കുന്ന ഘട്ടം വരെ മനോരാജ്യങ്ങൾ സഞ്ചരിച്ചു. കാതിൽ കുരിശു തൂക്കുക എന്ന ആശയം പറഞ്ഞുതന്ന ആശാൻ‌കുട്ടിയെ അപ്പപ്പോൾ വിളിച്ച് കാര്യങ്ങളുടെ പുരോഗതി അറിയിച്ചു കൊണ്ടിരുന്നു.

മുന്നൊരുക്കങ്ങൾ ധാരാളം എടുത്ത്, തട്ടാന്റെ മുന്നിൽ അപാര ധൈര്യം പ്രകടിപ്പിച്ചെങ്കിലും തമ്പി അസ്വസ്ഥനായിരുന്നു എന്നതാണു ശരി. കാരണം കാതുകുത്ത് തന്നെ. തമ്പിയുടെ എക്കാലത്തേയും വലിയ ഭയം ഇടഞ്ഞ ആനയും, മുനയുള്ള ഉപകരണങ്ങളായ സിറിഞ്ച്, സൂചി തുടങ്ങിയവയുമാണ്. ആദ്യത്തേതു കാണാൻ ഭയത്തോടൊപ്പം തന്നെ ആകാംക്ഷയും ഉണ്ടെങ്കിലും രണ്ടാമത്തേതു കാണുന്നത് പോലും ചതുർത്ഥിയാണ്. കുട്ടിക്കാലത്തു ഏതോ കുത്തിവപ്പിനു ഉപയോഗിച്ച സൂചിമുന ഒടിഞ്ഞു ചന്തിയിൽ രണ്ടാഴ്‌ചയോളം ഇരുന്നതിന്റെ പരിണത ഫലം. എല്ലാവരോടും ചട്ടമ്പിത്തരം കാണിക്കുമെങ്കിലും, ആരേയും വകവക്കാതിരിക്കുമെങ്കിലും മനസ്സിൽ മുനയുള്ള വസ്തുക്കളോടുള്ള ഭയം തമ്പി എന്നും സൂക്ഷിച്ചിരുന്നു. കൊരട്ടി വിത്സന്റെ ആശുപത്രിയിൽ വച്ചു നടന്ന സംഭവം അതിനാണ് അടിവരയിട്ടിരുന്നത്.

കൊരട്ടിയിൽ പണ്ടുമുതലേ ഉള്ള ഒരു ആതുരാലയമാണ് വിത്സൻ ഡോക്ടർ സ്ഥാപിച്ച, സെന്റ്‌ മേരീസ് ആശുപത്രി. ആശുപത്രിയുടെ മുന്നിൽ ഒരു ഡെന്റൽ ക്ലിനിക്കും പണ്ടുതൊട്ടേയുണ്ട്. തമ്പി എത്തിയപ്പോൾ ഡോൿടർ സ്ഥലത്തില്ല. നേരെ നഴ്‌സിങ് റൂമിൽ ചെന്നു. അവിടെ കണ്ട നഴ്‌സിനോടു അസുഖ വിവരം പറഞ്ഞു. ഒപ്പം അൻവേഷിച്ചു.

“എനിക്കെന്തെങ്കിലും പറ്റ്വോ സിസ്റ്ററേ?”

സുന്ദരിയായ നഴ്‌സ് മുഖത്തു ഗൌരവം അണിഞ്ഞു. അവർ കർട്ടൻ‌മറക്കു പിന്നിലേക്കു പോയി സിറിഞ്ചിൽ മരുന്നുമായി വന്നു. തമ്പിയുടെ ഉള്ളം കിടുങ്ങി. സംഗതി കുത്തിവപ്പാണ്. ഇതറിഞ്ഞെങ്കിൽ വരില്ലായിരുന്നു.

നഴ്‌സ് പറഞ്ഞു. “ഇയാള് ലുങ്കി കൊറച്ച് പൊക്ക്യേ. ഒരു ഇഞ്ചക്ഷനെടുക്കണം, ചന്തീമെ!”

തമ്പി സമ്മതിച്ചില്ല. തൃശൂരിനും അപ്പുറത്തേക്കു യാത്ര ചെയ്യേണ്ടതുണ്ടെങ്കിലേ അണ്ടർ‌വെയർ ധരിക്കാറുള്ളൂ. ആ കാര്യം നഴ്‌സിനു അറിയില്ലല്ലോ. എന്തു ചെയ്യണമെന്നറിയാതെ തമ്പി ഇടതു കൈവെള്ളയിൽ വലതു കൈത്തലം നാലഞ്ചു തവണ ചുരുട്ടിയിടിച്ച്, ആലോചനയിൽ അമർന്നു.

സിസ്റ്റർ ഗൂഢമായി ചിരിച്ചു. “നാണിക്കൊന്നും വേണ്ട. കുറച്ചു പൊക്ക്യാ മതി”

തമ്പി പറഞ്ഞു. “ഇഞ്ചക്ഷൻ വേണ്ട സിസ്റ്ററേ. വല്ല ഗുളികയെങ്ങാനും തന്നാതി”

“ഈ അസുഖത്തിനു ഇഞ്ചക്ഷൻ കൂടിയേ തീരൂ”

സിസ്റ്റർ ഏതോ ഞെരമ്പിനെ ലാക്കാക്കി സിറിഞ്ച് വച്ചതേയുള്ളൂ. അതിനകം തമ്പി കുഴഞ്ഞു വീണു. ഇങ്ങനുള്ള തമ്പിയാണ് തട്ടാന്റെ അടുത്തു കാതുകുത്താൻ വരുന്നത്.

ഒടുക്കം വാരാന്ത്യമായി. ചാത്തൻ‌മാഷുടെ മകൻ വിനയന്റെ കല്യാണം കഴിഞ്ഞിട്ടു കഷ്ടിച്ച് ഒരു വർഷം ആയതേയുള്ളൂ. അതിനകം കുട്ടിയായി. ഒരുമാസം പ്രായമുള്ള മകൾ നന്ദലക്ഷ്മി. അവളായിരുന്നു രാജൻ തട്ടാന്റെ ഇര. തമ്പിയെ കണ്ടപ്പോൾ ചടങ്ങിനെത്തിയവർ അമ്പരന്നു.

രാജൻ തട്ടാൻ പറഞ്ഞു. “തമ്പിക്ക് കാതുകുത്തി ഒരു കുരിശ് തൂക്കണന്ന് ആഗ്രഹം. അപ്പോ കാതുകുത്ത് നേരീക്കാണണന്ന് തോന്നി. ഞാൻ കൂടെക്കൂട്ടി”

കേട്ടു നിന്നവരിലൊരാൾ ഉടനടി അതു ശരിവച്ചു. “അതു നേരാ. അങ്ങനെ ചെയ്താ നല്ല ഗ്ലാമറായിരിക്കും”

തമ്പി രണ്ടടി പൊങ്ങി നടന്നു നീങ്ങി. അപ്പോൾ ഗ്ലാമറുണ്ടാകുമെന്നു പറഞ്ഞ ആൾ അഭിപ്രായം മാറ്റിപ്പറഞ്ഞു. “ഇവന്റെ തലക്ക് സുഖമില്ലേ”

ഹാളിന്റെ ഒത്ത നടുക്ക്, ടീപ്പോയിന്മേൽ കായ വറുത്തത് ഉൾപ്പെടെയുള്ള പലഹാര സാമഗ്രികൾ ഉണ്ടായിരുന്നു. തമ്പി അവയ്ക്കു മുന്നിൽ ഇരുന്നു. കായ ഉപ്പേരിയോടു ഭയങ്കര താൽ‌പര്യമാണ്. അതറിയാമായിരുന്ന രാജൻ തട്ടാൻ തമ്പിയെ വെറുതെ വിട്ടു. കുട്ടിയെ കാണാൻ, സ്ത്രീജനങ്ങൾ തിങ്ങി നിറഞ്ഞ മുറിയിലേക്ക് ‘ശ്ശൊ എന്നെ തൊടരുത്’ എന്നൊക്കെ നമ്പറിട്ട് തിക്കിക്കയറി. എല്ലാവരും കവിളിൽ പിടിച്ചാണു സ്നേഹപ്രകടനം നടത്തുകയെങ്കിൽ, രാജൻ തട്ടാൻ കാതിലാണ് പിടുത്തമിടുക. തട്ടാനെ കണ്ടപ്പോൾ തന്നെ അത്രയും നേരം മോണകാട്ടി ചിരിച്ചു കൊണ്ടിരുന്ന കുട്ടി ദയനീയമായി കരയാൻ തുടങ്ങി. ദീർഘജ്ഞാനി.

തട്ടാൻ കുട്ടിയുടെ അച്ഛൻ വിനയനെ അടുത്തേക്കു വിളിച്ചു. “വിനയാ. രണ്ടു ചെവീമ്മേം ഓരോന്ന് പോരേ. ചെവിക്കാതിൽ”

Read More ->  മലബാര്‍ ഉസ്‌താദ് - 2

“അമ്മക്കു ഒരു ചെവിയിൽ രണ്ടെണ്ണം കുത്തണം എന്നുണ്ട്. കാതിലും പിന്നൊന്നു അസ്ഥീമേം”

തട്ടാൻ ദുഃഖിതനായി. “ഭയങ്കര വേദന്യായിരിക്കും. അസ്ഥീമെ കുത്താൻ ഇപ്പോ ഒരു മെഷീനാ ഉപയോഗിക്കണേ. കരച്ചില് സഹിക്കാൻ പറ്റില്ല”

വിനയൻ പറഞ്ഞു. “അറിയാം. ഞാൻ നീങ്ങിനിക്കും”

രാജൻ തട്ടാൻ ഹാളിലെത്തി. അവിടെ എല്ലാം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. നിലവിളക്കിൽ തിരിയിട്ടു കത്തിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നു. ഗണപതിക്ക് അവിലും മലരും പഴവും ഒരു നാക്കിലയിൽ. രാജൻ തട്ടാൻ ഷർട്ടഴിച്ചു ജനാലയുടെ തുറന്ന പാളിയിൽ തൂക്കി. നിലവിളക്കിനു മുന്നിൽ ഇരുന്നു. ‘സ്വാമി ശരണം’ എന്നെഴുതിയ മഞ്ഞനിറമുള്ള തോർത്തു കൊണ്ടു ശരീരം പുതച്ചു.

ചുറ്റിലും നിൽക്കുന്ന എല്ലാവരേയും നോക്കി അദ്ദേഹം കണ്ണട ധരിച്ചു. കൂടെ കൊണ്ടുവന്ന അധികം വലുപ്പമില്ലാത്ത ഒരു പെട്ടി തുറന്നു അതിനകത്തുണ്ടായിരുന്ന സാമഗ്രികൾ പുറത്തെടുത്തു. സ്വർണപണിക്കു ഉപയോഗിക്കുന്ന ഉപകരണങ്ങളായിരുന്നു അവയിൽ ചിലത്. മറ്റുള്ളവർ ആദ്യമായാണ് അത്തരം ഉപകരണങ്ങൾ കാണുന്നത്. പെട്ടിയിൽ‌നിന്നു പുറത്തെടുത്തവയിൽ ഒരു നീളൻ സൂചി ഉണ്ടായിരുന്നു. സ്വർണം കൊണ്ടുള്ള അതിനു കാഴ്‌ചയിൽതന്നെ നല്ല മൂർച്ച തോന്നിക്കുമായിരുന്നു. തട്ടാൻ ചാണക്കല്ലിൽ ഉരച്ച് സൂചിക്കു മൂർച്ച കൂട്ടി. പിന്നെ തീയിൽ കാണിച്ചു ടെമ്പറിങ്ങ് ചെയ്തു. അടുത്തതായി വളരെ നൈസായ സാൻഡ്പേപ്പറിൽ സ്വർണസൂചി ഉരച്ചു വീണ്ടും മൂർച്ച കൂട്ടി. വീണ്ടും തീയിൽ കാണിച്ചു ടെമ്പറിങ്ങ്. ശേഷം നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കി ബഫർ മെഷീൻ‌ കൊണ്ടു ഒരു പോളീഷിങ്ങ്. അതോടെ തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായി. കാതുകുത്തിനുള്ള സമയമായി വരുന്നു.

തട്ടാൻ അന്വേഷിച്ചു. “തമ്പി എവിടെ?”

ഒരുപിടി കായ ഉപ്പേരി വാരി പോക്കറ്റിലിട്ടു തമ്പിയെത്തി. കയ്യിലെ എണ്ണമയം തലമുടിയിൽ തേച്ചു.

തട്ടാൻ ആവശ്യപ്പെട്ടു. “നീ പോയി രണ്ടു ചെറിയ മച്ചിങ്ങ കൊണ്ടുവാ”

തമ്പി അൽഭുതപ്പെട്ടു. “എന്തിനാ രാജഞ്ചേട്ടാ പമ്പരം ഇണ്ടക്കാനാ. കൊച്ച് കരയാണ്ടിരിക്കാൻ”

തട്ടാൻ ഒന്നും പറഞ്ഞില്ല. തമ്പി മറുപടിക്കു കാക്കാതെ പുറത്തുനിന്നു മച്ചിങ്ങ എത്തിച്ചു. “രാജഞ്ചേട്ടാ തൊടങ്ങാറായാ?”

അദ്ദേഹം തലയാട്ടി. ചെറിയൊരു കത്തിയെടുത്തു രാജൻ‌തട്ടാൻ രണ്ടു മച്ചിങ്ങയുടേയും കണ്ണും മൂടും ചെത്തി. ചൂണ്ടുവിരലിന്റെ കനത്തിൽ മച്ചിങ്ങയുടെ നടുഭാഗം ബാക്കിയായി. അപ്പോൾ മാത്രമാണ് മുന്നിൽ നിരന്നിരിക്കുന്ന ഉപകരണങ്ങളിൽ തമ്പിയുടെ ശ്രദ്ധ പതിഞ്ഞത്. ചാണക്കല്ല്, സാൻഡ് പേപ്പർ, ബഫർ മെഷീൻ, ആസിഡ്… കൂടാതെ അപാര മൂർച്ചയുള്ള സ്വർണത്തിന്റെ സൂചിയും. തമ്പിയുടെ കാലിലൂടെ ഒരു വിറയൽ കടന്നുപോയി. അവിശ്വസനീയതയാൽ മുഖം വിവർണമായി.

“ഇതെന്തിനാ രാജഞ്ചേട്ടാ ഈ സൂചി?”

തട്ടാൻ നിസാരമായി പറഞ്ഞു. “കാതുകുത്താൻ”

കരച്ചിൽ ശബ്ദത്തിൽ തമ്പി അന്വേഷിച്ചു. “യ്യോ ഇതോണ്ടാ!“

“അതേടാ. ഒരൊറ്റ കുത്തിനു ഇത് എറച്ചീക്കോടെ പൂളി അപ്പറം കടക്കും“

ഒറ്റക്കാലിൽ കുന്തിച്ചിരിക്കുകയായിരുന്ന തമ്പി നിലത്തേക്കിരുന്നു. “ഇതോണ്ടാണോ എന്നേം കുത്താൻ പോണെ?”

തട്ടാൻ എരിവു ചേർത്തു. “നിനക്ക് ഇതിനേക്കാളും കൂർത്തതാ ഉപയോഗിക്കാ”

തമ്പി സൂചിയുടെ മുനയിലേക്കു തുറിച്ചു നോക്കി എഴുന്നേറ്റു. കുട്ടിയുടെ അമ്മ കുട്ടിയുമായി തട്ടാനു അരികിൽ ഇരുന്നു. രാജൻ തട്ടാൻ ചെത്തിമിനുക്കിയ മച്ചിങ്ങ കഷണം കുട്ടിയുടെ കാതിനു താഴെ ചേർത്തു പിടിച്ചു. പിന്നെ ചെവിക്കാതിന്റെ മധ്യഭാഗം ലക്ഷ്യമാക്കി സ്വർണസൂചി ചലി‌പ്പിച്ചു. മച്ചിങ്ങയിൽ ഒരിറ്റു ചോര പുരണ്ടു. കുഞ്ഞിന്റെ നെഞ്ചു പിളർക്കുന കരച്ചിൽ ഉയർന്നു. അഞ്ചു നിമിഷത്തിനു ശേഷം ഒരു യുവാവിന്റെ ദീനരോദനവും.

“എന്നെ പിടിച്ചോടാ…”

തട്ടാൻ രാജനു മുന്നിൽ തമ്പി ശവാസനത്തിൽ കിടന്നു. ചിലർ പരിഭ്രമിച്ചു വെള്ളം കൊണ്ടുവരാൻ ഓടി. തട്ടാൻ രാജൻ മാത്രം മനസ്സിൽ ഊറിയൂറി ചിരിച്ചു. തമ്പിയുടെ ദൌർബല്യത്തെപ്പറ്റി തലേന്നു രാത്രി മര്യാദാമുക്കിൽ ഇരിക്കുമ്പോൾ സൂചന തന്ന ആശാൻ‌കുട്ടിക്കു അദ്ദേഹം സ്തുതി പറഞ്ഞു.

രണ്ടാഴ്‌ചക്കു ശേഷം പൂമുഖത്തെ ചാരുകസേരയിൽ കിടക്കുകയായിരുന്ന തട്ടാൻ ഗേറ്റ് കടന്നു വരുന്ന തമ്പിയെ കണ്ടു ചിരിച്ചു. ലോഹ്യം കാണിച്ചു. “എവിടാ തമ്പി കാണാറില്ലല്ലാ?”

തമ്പി മുണ്ടിന്റെ മടിക്കുത്തിൽ തിരുകി വച്ചിരുന്ന വിവാഹ ക്ഷണപത്രം തട്ടാനു നേരെ നീട്ടി.

“രാജഞ്ചേട്ടാ അങ്ങനെ എനിക്കും പെണ്ണുകിട്ടി”

“ആർക്കാടാ അബന്ധം പറ്റ്യേ?”

തമ്പി അലസോരം ഭാവിച്ചു. “ഹ. ഒന്നു നേര്യാവാനും സമ്മതിക്കില്ലാന്ന് വച്ചാ”

തട്ടാൻ ക്ഷണക്കത്ത് ഓടിച്ചു നോക്കി സ്റ്റൂളിൽ വച്ചു. “അപ്പോ പത്തുമാസം കഴീമ്പോ നിന്റെ കൊച്ചിന്റെ കാതുകുത്ത്. അത് ഞാൻ തന്നെ ചെയ്യാം. പറ്റൂങ്കി നിന്റേം നമക്ക് കുത്താം. എന്താ? കാതുകുത്തി അതുമ്മെ ഒരു കുരിശ് തൂക്ക്യാപ്പിന്നെ നിന്നെ കാണാൻ അപാര ഗ്ലാമറായിരിക്കും. ശര്യല്ലേ?”

മറുപടി പറയാതെ തമ്പി വേഗം ഇറങ്ങി നടന്നു. ഗേറ്റു കടന്നപ്പോൾ കൈത്തലം കൊണ്ടു ഇടതു ചെവിക്കാത് അറിയാതെ തടവുകയും ചെയ്‌തു.


17 Replies to “കക്കാട് ജ്വല്ലറി വർൿസ് – 2”

  1. ഒറ്റക്കാലിൽ കുന്തിച്ചിരിക്കുകയായിരുന്ന തമ്പി നിലത്തേക്കിരുന്നു. “ഇതോണ്ടാണോ എന്നേം കുത്താൻ പോണേ?”

    തട്ടാൻ കുറച്ചു എരിവു ചേർത്തു. “നിനക്ക് ഇതിനേക്കാളും വലിയ ഒരെണ്ണാ ഉപയോഗിക്കാ”

    തമ്പി സൂചിയുടെ മുനയിലേക്കു തുറിച്ചുനോക്കി എഴുന്നേറ്റു. കുട്ടിയുടെ അമ്മ കുട്ടിയുമായി തട്ടാനു അരികിൽ ഇരുന്നു. രാജൻ തട്ടാൻ ചെത്തിമിനുക്കിയ

    മച്ചിങ്ങ കഷണം കുട്ടിയുടെ കാതിനുതാഴെ ചേർത്തുപിടിച്ചു. പിന്നെ ചെവിക്കാതിന്റെ മധ്യഭാഗം ലക്ഷ്യമാക്കി സ്വർണസൂചി ചലി‌പ്പിച്ചു. മച്ചിങ്ങയിൽ

    ഒരിറ്റു ചോര പുരണ്ടു. കുഞ്ഞിന്റെ നെഞ്ചുപിളർക്കുന കരച്ചിൽ ഉയർന്നു. അഞ്ചു നിമിഷത്തിനുശേഷം ഒരു യുവാവിന്റെ ദീനരോദനവും.

    “എന്നെ പിടിച്ചോടാ…”

    ഏതു വമ്പനും ഒരു വീക്ൿനെസ്സ് ഉണ്ടായിരിക്കും. തമ്പിക്കും ഉണ്ട് അത്തരത്തിലൊന്ന്.
    തട്ടാൻ രാജൻ എന്ന കഥാപാത്രത്തെ ഇനിയും ചെറിയ കഥാപാത്രമായി പുരാവൃത്തങ്ങളിൽ കാണാം. എല്ലാ സുഹൃത്തുക്കളും വായിക്കുക,

    അഭിപ്രായമമറിയിക്കുക.

    എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
    🙂
    എന്നും സ്നേഹത്തോടെ
    സുനിൽ || ഉപാസന

    ഓഫ് ടോപിക് : പണ്ട് പബ്ലിഷ് ചെയ്‌ത പോസ്റ്റിലെ ഭാഗങ്ങൾ, വ്യത്യസ്തമായ രീതിയിൽ ഈ പോസ്റ്റിലുണ്ട്. കാരണം പഴയപോസ്റ്റ് റീവൈസ്

    ചെയ്‌തപ്പോൾ അവ നീക്കം ചെയ്‌തിരുന്നു. അനുയോജ്യമായ രീതിയിലുള്ള പുനഃക്രമീകരണം ഇനിയും പ്രതീക്ഷിക്കാം.

  2. ഫന്‍ (FANTASTIC ) ആണല്ലോ ? ,കൊരട്ടി മുത്തിടെ പള്ളി പെരുനാളിന്റെ കഥകള്‍ ഒന്നും ഇല്ലേ ?
    ആശംസകള്‍ .

  3. @ ലൂസിഫർ

    തീർച്ചയായും. അനുയോജ്യമായ ഒരു ത്രെഡ് കിട്ടുമ്പോൾ ഞാൻ പള്ളിപ്പെരുന്നാൾ കേന്ദ്രമാക്കിയും എഴുതും. ബിജു ആശാനെയും (കൊരട്ടി ജിം) എന്റെ നാട്ടിലെ ബിജു ആന്റണിയേയും കൂട്ടിയിണക്കി ഒരു പോസ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്. പോസ്റ്റിന്റെ മുഴുവൻ രൂപം ഇതുവരെ മനസ്സിൽ രൂപപ്പെടുത്തിയിട്ടില്ലാത്തതിനാൽ, മുത്തിയുടെ പെരുന്നാളുമായി ബന്ധമുണ്ടാകുമോ എന്നു പറയാറായിട്ടില്ല. ആവതും ശ്രമിക്കാം.

    എന്റെ പല പോസ്റ്റുകളിൽ ഇതിനകം കൊരട്ടിപ്പള്ളിയെ പറ്റി ചെറിയ പരാമർശങ്ങൾ വന്നുകഴിഞ്ഞിട്ടുണ്ട്. വിശദമായ എഴുത്തിനു തടസ്സം എനിക്കു അവിടവുമായി വലിയ ടച്ച് ഇല്ലെന്നതാണ്.

    താങ്കൾക്കു നന്ദി
    🙂
    ഉപാസന

  4. ഗംഭീരം. രണ്ടാം ഭാഗം ആദ്യത്തേതിലും നന്നായി. ചെറിയ അംശങ്ങള്‍ പോലും വിശദീകരിച്ചു.
    അല്ല എന്നിട്ട് തമ്പിയുടെ കല്യാണം കഴിഞ്ഞോ??

    ആശംസകള്‍!!!

  5. കുറച്ചു കാലം തിരക്കായത് കൊണ്ട് വായിക്കാന്‍ താമസിച്ചു..തമ്പി ചിരിപ്പിച്ചു..ഏതു ധീരനും ഒരു ഭയമുണ്ടാകുമെന്നു പറയുന്നത് സത്യം..

  6. ഉഗ്രനായിട്ട്ണ്ട് ട്ടാ..
    🙂
    “അതുശരി അപ്പോ പിള്ളാര്‍ക്കു വേദന ഇല്ലാണ്ട് കുത്താം. എന്നെ കുത്താന്‍ പറ്റില്ലാന്ന്”

    “അല്ല തമ്പി അവര്‍ക്കും വേദനയൊക്കെ എടുക്കും. പക്ഷേ ആരും ഇന്നുവരെ കം‌മ്പ്ലൈന്റ് പറഞ്ഞിട്ടില്ല”
    ഇഷ്ടപ്പെട്ട വിവരണങ്ങൾ ഇനീം ണ്ട്…. അല്ലെങ്കി ഈ പോസ്റ്റ് മുഴുവനും ഇവ്ടെ കോപ്പി പെയ്സ്റ്റ് ചെയ്തെന്ന് കരുതിക്കോളൂ
    😀

  7. അതു നിനക്കു സഹജമായ കാര്യമല്ലേ പിള്ളേ.
    നീ എന്നെങ്കിലും, ഏതെങ്കിലും കാര്യങ്ങളില്‍ ധീരത പ്രകടിപ്പിച്ചിട്ടുണ്ടോ ?

    കോഴിമുട്ടയെ വരെ നിനക്കു പേടിയാണെന്നു നിന്റെയൊരു ഫ്രന്റ് എന്നോട് പറഞ്ഞിട്ടുണ്ട്…
    ;-)))

  8. ഒരുപാടു ചിരിക്കാന്‍ ഉണ്ട് …..നന്നായിട്ടുണ്ട് …ഹോസ്പ്പിറ്റല്‍ രംഗങ്ങള്‍ ..പന്നെ വിനയന്ചെട്ടന്റെ വീടും

  9. ഒരുപാടു ചിരിക്കാന്‍ ഉണ്ട് …..നന്നായിട്ടുണ്ട് …ഹോസ്പ്പിറ്റല്‍ രംഗങ്ങള്‍ ..പന്നെ വിനയന്ചെട്ടന്റെ വീടും

അഭിപ്രായം എഴുതുക