മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 1

കക്കാടിന്റെ പുരാവൃത്തം

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


രണ്ടായിരാമാണ്ടിൽ കക്കാട് അയ്യൻ‌കോവ് ക്ഷേത്രത്തിലെ പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിന്റെ പിറ്റേന്നാണ് കണ്ണാ‍മ്പലത്തുവീട്ടിൽ ശ്രീക്കുട്ടന് തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ പഞ്ചാരമണലിൽ കിടന്നിരുന്ന പച്ചനിറമുള്ള ഒരു കല്ല് കിട്ടുന്നത്. എട്ടുവശമുള്ള പച്ചക്കല്ലിന്റെ നാലുവശങ്ങൾ നന്നായി മിനുസപ്പെടുത്തിയതും ബാക്കിയുള്ളവ പരുക്കനുമായിരുന്നു. എന്തോ പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതാണെന്നു കരുതി ഉപേക്ഷിക്കാൻ തുനിഞ്ഞ പ്രസ്തുതകല്ല് ശ്രീക്കുട്ടന്റെ കൂടെ കുളിക്കാനെത്തിയ കല്യാണി വേണു മരതകമാണൊ എന്നു സംശയം പ്രകടിപ്പിച്ചതോടെ കളി കാര്യമായി. പെട്ടെന്നു തോർത്തിക്കേറി ശ്രീക്കുട്ടൻ കല്ലുമായി കണിയാൻ ബാലകൃഷ്‌ണകൈമളുടെ അരികിലെത്തി.

ജനിച്ചതിൽ‌പിന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം സ്വഭവനത്തിൽ കുളിച്ചിട്ടുള്ള, പനമ്പിള്ളിക്കടവിലെ മണൽ‌ത്തരികൾക്കു സുപരിചിതനായ ശ്രീക്കുട്ടനു പുഴദൈവം മനസ്സറിഞ്ഞു കൊടുത്തതാണ് മരതകമെന്നു കണിയാൻ കൈമൾ തീർപ്പുകൽ‌പിച്ചു. ഈ വാർത്ത ചോർന്നതോടെ ചിലർ പനമ്പിള്ളിക്കടവിൽ തമ്പടിച്ച് കുഴിമാന്തി കൂടുതൽ മരതകം തിരഞ്ഞുതുടങ്ങി. അവർക്കിടയിൽ ചില്ലറ അസ്വാരസ്യങ്ങളും ഉയർന്നു. വിശ്രമമില്ലാതെ മണിക്കൂറുകളോളം കുഴിക്കുകയയിരുന്ന അനിയൻ‌കുഞ്ഞ് പുതിയ ഏരിയയിൽ കുഴിക്കാൻ തുടങ്ങിയപ്പോൾ തൈക്കൂട്ടത്തുകാരൻ സദാനന്ദൻ ചൂടായി.

“അവടെ നീ കുഴിക്കരുത്. അത് ഞാൻ ബുക്ക് ചെയ്തേക്കണ സ്ഥലാ”

അനിയനും ദേഷ്യപ്പെട്ടു. “എവട്രാ നീ ബുക്ക് ചെയ്‌തേ. പഞ്ചായത്തിന്റെ സ്ഥലം ബുക്ക് ചെയ്യാൻ ആരാ പറഞ്ഞെ?”

എല്ലാവരേക്കൊണ്ടും പൊറുതിമുട്ടിയപ്പോൾ കാടുകുറ്റി പഞ്ചായത്ത് പനമ്പിള്ളിക്കടവിനു പോലീസ് കാവൽ ഏർപ്പെടുത്തി. അടികലശങ്ങൾ കുറച്ചൊക്കെ ഒതുങ്ങി. വിവാദങ്ങൾ ഒഴിഞ്ഞ തക്കത്തിനു ശ്രീക്കുട്ടൻ തനിക്കു കിട്ടിയ മരതകത്തിന്റെ മൂല്യം കണക്കാക്കാൻ തീരുമാനിച്ചു. കക്കാടിന്റെ സ്വന്തം തട്ടാനായ മേലാപ്പിള്ളി രാജനെ പോയികണ്ടു.

എല്ലാ സ്വർണപ്പണിക്കാരേയും പോലെ കാഴ്ചക്കു പ്രശ്നമില്ലെങ്കിലും രാജൻ‌തട്ടാനും കണ്ണടധാരിയാണ്. സ്വർണ്ണപ്പണി സൂക്ഷ്മതയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കു തയാറാകാത്തതുകൊണ്ടാണ് കണ്ണട ധരിക്കുന്നതെന്നും, ആ കണ്ണടയിൽ‌ക്കൂടി നോക്കിയാൽ സ്വർണ്ണത്തിൽ മായമുണ്ടോ എന്നറിയാം എന്ന തരത്തിലും നാട്ടിൽ പറച്ചിലുകൾ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഇന്നേവരെ അദ്ദേഹത്തിനു മുന്നിൽ മുക്കുപണ്ടവുമായി ആരും എത്തിയിട്ടില്ല. ശ്രീക്കുട്ടൻ മടിക്കുത്തിൽ‌നിന്നു പച്ചക്കല്ലു എടുക്കുമ്പോൾ തട്ടാൻ കുശലം ചോദിച്ചു.

“അപ്പോ കുട്ടന്റെ ജീവിതം ഒരു കരക്കായല്ലോ അല്ലേ?“

ശ്രീക്കുട്ടൻ വെളുക്കെ ചിരിച്ചു. “കമ്പനീലെ ജോലി ഞാൻ രാജിവച്ചു”

തട്ടാൻ ആ തീരുമാനം ശരിവച്ചു. “അത് നന്നായി. ഇനീപ്പോ എന്തിനാ ജോലി. വെറ്‌തെ ഇരുന്നാപ്പോരേ!”

പക്ഷേ ശ്രീക്കുട്ടൻ കൊടുത്ത പച്ചക്കല്ല് കയ്യിലെടുത്തു അഞ്ചാറുവട്ടം അമ്മാനമാടി, തട്ടാൻ മുമ്പുപറഞ്ഞത് മാറ്റിപ്പറഞ്ഞു. “കമ്പനീലെ ജോലി കളയണ്ടായിരുന്നു കുട്ടാ”

ശ്രീക്കുട്ടൻ മോഹാലസ്യത്തിന്റെ ആദ്യപടിയിൽ നിൽക്കെ തട്ടാൻ കൂട്ടിച്ചേർത്തു. “ഇതാരോ ചെത്തിമിനുക്കിയ വെള്ളാരങ്കല്ലാ. പച്ചനെറത്തിന് കാരണം എന്തോ അപദ്രവ്യവ്യം കലർന്നതും. ഇത് ആശാരിമാര് ഉളിക്ക് മൂർച്ച വപ്പിക്കാൻ ഉപയോഗിക്കാറ്‌ണ്ട്”

ഇത്രയും പറഞ്ഞു രാജൻ തട്ടാൻ വീടിനുള്ളിൽ കയറി. ശ്രീക്കുട്ടനെ കൂടെവന്നവർ താങ്ങി പുറത്തേക്കു കൊണ്ടുപോയി.

Read More ->  ശിക്കാരി - 2

കക്കാട് ഗ്രാമത്തിൽ സ്വർണ്ണത്തിന്റെ ഉപയോഗത്തിൽ ഒരു കുതിച്ചുകയറ്റം ഉണ്ടായത് മേലാപ്പിള്ളി രാജൻ എന്ന രാജൻതട്ടാൻ അവിടെ താമസമാക്കിയതിൽ പിന്നെയാണ്. പിറവി, ശൈശവം, കൌമാരം, യൌവനം എന്നീ കാലങ്ങൾ ചെറുവാളൂരിൽ ചെലവഴിച്ച അദ്ദേഹം വേളിക്കുശേഷമാണ് കക്കാടിൽ താമസമാരംഭിച്ചത്. ചെറുവാളൂരിൽ ശിഷ്യന്മാരും ബന്ധുക്കളുമായ സത്യപാലൻ – ധനപാലൻ ദ്വയം ഭാവിയിൽ വിലങ്ങുതടിയായേക്കുമെന്ന ശങ്കയാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നു ചിലരൊക്കെ അടക്കം പറഞ്ഞു. പക്ഷേ പലചരക്കുകടക്കാരൻ പരമുമാഷ്, ഉച്ചിയിലെ കഷണ്ടി തലയുടെ വശങ്ങളിലുള്ള നീളൻ‌തലമുടികൊണ്ട് പരത്തി മറയ്‌ക്കാൻ ശ്രമിച്ചുകൊണ്ട്, അഭിപ്രായപ്പെട്ടത് അയ്യങ്കോവ് അമ്പലത്തിന്റെ സാമീപ്യത്തോട് തട്ടാനു വല്ലാത്ത പ്രതിപത്തി തോന്നിയതിനാലാണ് എന്നാണ്. എന്തൊക്കെയായാലും താമസമാക്കി ചുരുങ്ങിയ കാലത്തിനുള്ളിൽ രാജൽ തട്ടാൻ പൊതുസമ്മതനായി മാറി, കക്കാടിലെ യുവജനങ്ങളുടെ മനസ്സിലൊഴികെ.

കക്കാടിൽ പാർക്കുന്നതിനു തട്ടാൻ തിരഞ്ഞെടുത്തത് തേമാലിപ്പറമ്പിനോടു ചേർന്ന പത്തുസെന്റ് സ്ഥലമാണ്. അവിടെ സുന്ദരമായ ഒരുനിലകെട്ടിടവും പണികഴിപ്പിച്ചു. സിമന്റ് തേച്ചു. വൈദ്യുതി എടുത്തു. പെയിന്റടിച്ചു. കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ തേമാലിപ്പറമ്പിനോട് അഭിമുഖമായ വീട്ടുഭാഗത്തെ ജനാലച്ചില്ലുകളും ബൾബുകളും അധികകാലം നിലനിന്നില്ല. വൈകുന്നേരങ്ങളിൽ തേമാലിപ്പറമ്പിലെ ആവേശകരമായ ക്രിക്കറ്റുകളി തട്ടാന്റെ വീട്ടിലെ വസ്തുവകകളുടെ അന്തകനായി. അതോടെ പിള്ളേരുടെ കളി അവസാ‍നിപ്പിക്കാൻ അദ്ദേഹം കരുക്കൾനീക്കി. തേമാലിപ്പറമ്പിന്റെ ഉടമസ്ഥനായ വേണുജിയെ പോയികണ്ടു. പക്ഷേ തട്ടാന്റെ ആവശ്യം കേട്ട് അദ്ദേഹവും കൈമലർത്തുകയാണുണ്ടായത്.

“രാജാ അവന്മാരെ പേടിച്ചാ ഞാനാ പറമ്പ് വിക്കാണ്ട് വെച്ചിരിക്കണെ. അല്ലെങ്കി അഞ്ച് ലക്ഷത്തിന് അനിൽ‌പിള്ള ചോദിച്ചപ്പോ കൊടുക്കണ്ടതായിരുന്നു”

കൊമ്പൻ‌മീശ തടവി കോളാമ്പിയിലേക്കു മുറുക്കാൻതുപ്പി വേണുജി കൂട്ടിച്ചേർത്തു. “മിണ്ടാണ്ടിരുന്നോളാൻ പറഞ്ഞ് ഇന്നലേം കൂടെ എനിയ്ക്കൊരു ഊമക്കത്ത് വന്നു. അതോണ്ട് നന്മക്ക് വേണ്ടി പറയാ. രാജനിതീ എടപെടാണ്ടിരിക്കണതാ ബുദ്ധി”

എല്ലാം സമ്മതിച്ചു തട്ടാൻ സ്ഥലംവിട്ടു. എങ്കിലും വേണുജി വെറുതെ ഇരുന്നില്ല. തന്റെ തരിശുഭൂമി വാങ്ങി വീടുവച്ചവനല്ലേ. എങ്ങിനെയെങ്കിലും സഹായിക്കാതെ പറ്റുമോ. ഒരാഴ്ച കഴിഞ്ഞു വേണുജി തേമാലിപ്പറമ്പ് ആസ്ഥാനമായ കക്കാടിലെ ഏകക്ലബ്ബ് ‘സൌഭാഗ്യ‘യുടെ സെക്രട്ടറി വിത്സൻ കണ്ണമ്പിള്ളിയെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു.

കക്കാടിൽ സൌഭാഗ്യ ആർട്‌സ് ആന്റ് സ്പോർ‌ട്‌സ് ക്ലബ്ബ് ഉദയം ചെയ്‌തത് എൺ‌പതുകളിലെ ഒരു തിരുവോണദിവസത്തിലാണ്. അത്യാവശ്യം മിനുങ്ങിയ കക്കാടിലെ ഇളംതരികളുടെ പ്രജ്ഞയിൽ ഉദിച്ച ആശയം. അതിനു വേരുമുളപ്പിച്ചു വെള്ളമൊഴിച്ചു വലുതാക്കിയത് കണ്ണമ്പിള്ളി ഔസേപ്പിന്റെ കന്നിസന്താനം വിൽ‌സനാണ്. ലസിത് മലിംഗയുടെ അതേ ബൌളിങ്ങ് ആക്ഷനുടമ. പക്ഷേ ഇദ്ദേഹം വൈഡ് മാത്രമേ എറിയാറുള്ളൂ. വിൽ‌സൻ മുന്നോട്ടുവച്ച ക്ലബ്ബ് എന്ന ആശയം എല്ലാവർക്കും ബോധിച്ചെങ്കിലും പലരിലും സംശയമുണർന്നു.

“ടീമുണ്ടാക്കിയാലും കളിക്കാൻ സ്ഥലം വേണ്ടെ?”

വിത്സൻ അതിനും വഴികണ്ടു. പിറ്റേദിവസം ഒരുകെട്ടു തളിർവെറ്റില, മൈസൂർപാക്ക് അടക്കം ഒന്നാന്തരം മുറുക്കാൻ സാമഗ്രികൾ തേമാലിപ്പറമ്പിന്റെ ഉടമസ്ഥനായ വേണുജിക്കു മുന്നിൽ നിരന്നു. അധികം താമസിയാതെ അദ്ദേഹം രുചിനോക്കാൻ ആരംഭിച്ചു. മൈസൂർ പാക്കിന്റെ ലഹരിയിൽ ഇമകൾ തളർന്നു തുടങ്ങിയപ്പോൾ വിത്സൻ ഈണത്തിൽ ആവശ്യം അറിയിച്ചു.

“വേണുച്ചേട്ടാ… തേമാലിപ്പറമ്പ്…”

അത്രയേ പറയാൻ സാധിച്ചുള്ളൂ. അതിനുള്ളിൽ അപ്പുറത്തുനിന്നു മറുപടിയെത്തി.

“എടുത്തോ…”

ഏതുതരം എടുക്കൽ ആണെന്നു ആർക്കും മനസ്സിലായില്ലെങ്കിലും ആധാരം എഴുതിത്തരാൻ പോലും അപ്പോഴത്തെ നിലയിൽ അദ്ദേഹം തുനിയുമായിരുന്നു. അത്രക്കുണ്ട് അദ്ദേഹത്തിന്റെ മുറുക്കാൻ പ്രേമം. അങ്ങിനെ വേണുജിയെ പാട്ടിലാക്കാൻ സൌഭാഗ്യക്കാർക്കു എളുപ്പം സാധിച്ചു. തേമാലിപ്പറമ്പ് അവർ കുത്തകയാക്കി ക്രിക്കറ്റും ഫുട്ബാളും യഥേഷ്ടം കളിച്ചു. അതിനിടയിലാണ് മേലാപ്പിള്ളി രാജൻ എന്ന സ്വർണ്ണപ്പണിക്കാരൻ കക്കാട്ദേശം താമസത്തിനായി തിരഞ്ഞെടുക്കുന്നതും പണിപൂർത്തിയായ കെട്ടിടത്തിനു നാശനഷ്ടങ്ങൾ സംഭവിക്കുന്നതും.

Read More ->  കെ‌ബി‌ആർ കാതിക്കുടം - 1

സ്വതവേ ശാന്തസ്വഭാവക്കാരനായ വിത്സനെ ശക്തമായി സ്വാധീനിച്ചു ഉപാധികളോടെ ഒത്തുതീര്‍പ്പിലെത്തിക്കാൻ വേണുജിക്കു കഴിഞ്ഞു. തേമാലിപ്പറമ്പിലെ പിള്ളേർ ക്രിക്കറ്റിൽനിന്നു വോളിബോളിലേക്കു തിരിയാമെന്നു സമ്മതിച്ചു. ആയതിലേക്കു വേണ്ട സാമഗ്രികൾ എല്ലാം സൌജന്യമായി വാങ്ങിക്കൊടുക്കാമെന്നു തട്ടാനും സമ്മതിക്കേണ്ടി വന്നു. രണ്ട് നെറ്റ്, നിവിയയുടെ നാല് വോളീബോളുകൾ, കപ്പിയുള്ള രണ്ട് കോൺ‌ക്രീറ്റ് പോസ്റ്റുകൾ എന്നിവ ലഭിച്ചതോടെ ക്രിക്കറ്റുകളിയിൽ‌നിന്നു കക്കാടിലെ പിള്ളേർ പൂർണമായി പിൻ‌വാങ്ങി. തെക്കൂട്ട് ബേബിയുടെ ശിഷ്യത്തം സ്വീകരിച്ച് എല്ലാവരും വോളീബോളിൽ ഹരിശ്രീ കുറിക്കുകയും ക്രമേണ ആ കളിയിൽ നിപുണരാവുകയും ചെയ്തു.

കക്കാടിൽ താമസമാക്കി സ്വർണപ്പണി തുടങ്ങി കൊല്ലം രണ്ടുകഴിഞ്ഞതോടെ രാജൻ‌തട്ടാനു വെച്ചടി വെച്ചടി കയറ്റമായി. നാട്ടുകാർക്കെല്ലാം തട്ടാനായി അദ്ദേഹം മതിയെന്ന സ്ഥിതി. ഇത്തരം അഭിവൃദ്ധിക്കു മകുടം ചാർത്തി ‌തട്ടാന്റെ അനിയൻ അന്നമനടയിൽ ‘പേർഷ്യൻ ഗോൾഡ് ജ്വല്ലറി‘ എന്ന സ്ഥാപനവും തൂടങ്ങി. തന്റെ സർവ്വഐശ്വര്യങ്ങൾക്കും കാരണം അയ്യൻ‌കോവ് ശാസ്താവാണെന്ന് വിശ്വസിച്ചിരുന്ന തട്ടാൻ വീടിന്റെ പൂമുഖത്ത് ‘അയ്യങ്കോവ് ശ്രീധർമ്മശാസ്താവ് ഈ വീടിന്റെ ഐശ്വര്യം‘ എന്ന വിളംബരം ഒട്ടിച്ചു. ഇങ്ങിനെ കക്കാടിലെ ഏകതട്ടാനായി മേലാപ്പിള്ളി രാജൻ വിലസുന്ന കാലത്താണ് അദ്ദേഹത്തിന്റെ അടുത്തു ചെറാലക്കുന്നിലെ ഇടത്തരം തരികിടയായ തമ്പി ഇരുപത്തഞ്ചാം വയസ്സിൽ കാതുകുത്താൻ വരുന്നത്. ചില്ലറ അടികേസുകളുടെയൊക്കെ ഉസ്താദായ തമ്പി ഇടക്കു സൌന്ദര്യ സംരക്ഷണത്തെ പറ്റി ബോധാവാനാകുന്ന തരക്കാരനാണ്. അങ്ങിനെയൊരു ദിവസം അദ്ദേഹം മര്യാദാമുക്കിൽ‌വച്ചു ആശാൻ‌കുട്ടി ശിവപ്രസാദുമായി സംസാരിക്കാൻ ഇടയായി.

“ഞാനിന്നലെ കാംബ്ലീടെ കളികണ്ടു ആശാനേ. കറുപ്പനാണെങ്കിലും എന്തൂട്ടാ അവന്റെയൊരു ഗ്ലാമർ“

ആശാൻ ചോദിച്ചു. “തമ്പി കാംബ്ലീടെ ഗ്ലാമറിനുപിന്നിലെ ശരിക്കൊള്ള കാരണം നിനക്കറിയോ?”

“കിണ്ണൻ കളിതന്നെ. സംശയംണ്ടാ”

ആശാൻ അല്ലെന്നു തലയാട്ടി. “കാംബ്ലീടെ കാതീക്കെടക്കണ കുരിശ് കാരണാടാ അവന് ഗ്ലാമർ തോന്നിക്കണെ. ഒരു കുരിശ് നീയും തൂക്ക്യാ നിന്നെക്കാണാനും മാരണഗ്ലാമറായിരിക്കും“

ആ മുടിഞ്ഞ ഐഡിയ കേള്‍ക്കേണ്ട താമസം തമ്പി മതിലിൽ‌നിന്നു ഉരുണ്ടുപിരണ്ട് താഴെവീഴാൻ പോയി. “ആശാനേ സത്യാ!! എന്റെ ഗ്ലാമറ് കൂട്വോ?”

“എന്റെ തമ്പീ കുരിശു തൂക്ക്യാ പിന്നെ നീയാരാടാ. നിനക്ക് വേണോങ്കി സിനിമേല് വരെ അഭിനയിക്കാം” ആശാൻ കുറേ കടത്തിപ്പറഞ്ഞു.

തമ്പി അപ്പോൾ‌തന്നെ മര്യാദാമുക്കിനു അടുത്തുള്ള രാജൻ‌തട്ടാന്റെ വീട്ടിലേക്കു നടന്നു.

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

13 thoughts on “മേലാപ്പിള്ളി ജ്വല്ലറി വർൿസ് – 1

 1. കക്കാട് തേമാലിപ്പറമ്പിന്റെ അതിരിൽ രണ്ടു കൂറ്റൻ വട്ടമാവും ഒരു മൂവാണ്ടൻ മാവും ഉണ്ടായിരുന്നു. അതിനപ്പുറത്തുള്ള പറമ്പിന്റെ അതിരായിരുന്നു ക്രിക്കറ്റ് ഗ്രൌണ്ടിന്റെ ബൌണ്ടറി ലൈൻ. തട്ടാൻ രാജൻ വന്നു താമസമാരംഭിച്ചതോടെ ബൌണ്ടറി ലൈൻ വട്ടമാവിന്റെ അതിരിനോട് ചേർന്നു നിർണയിക്കാൻ കുട്ടികൾ നിർബന്ധിതരായി. കുറച്ചുനാളിനു ശേഷം കെട്ടിടം പണിക്കാരൻ രാമകൃഷ്ണൻ ചേട്ടൻ ബാക്കിയുള്ള ഗ്രൌണ്ടിന്റെ പകുതിയും വാങ്ങി വേലികെട്ടി തിരിച്ചു. അതോടെ ക്രിക്കറ്റുകളി നിന്നു. വോളീബോൾ കളി ആരംഭിച്ചു. കാലക്രമത്തിൽ ആ ഗെയിമിൽ നിപുണരുമായി. അതിനുശേഷം വട്ടപ്പറമ്പൻ ബ്രദേഴ്സിലെ ‘വട്ടൻ സദൻ’ വോളീബോൾ കോർട്ട് മഠത്തിൽ വേണുച്ചേട്ടനു കാശുകൊടുത്ത് ‘കയ്യേറി’. അവിടെ വീടുവച്ചു.

  തേമാലിപ്പറമ്പിന്റെ ചരമം അവിടെ പൂർത്തിയായി. ഇന്നു കക്കാടിലെ പിള്ളേർക്കു കളിക്കാൻ മൈതാനം ഇല്ല. അപ്പോൾ പറഞ്ഞുവരുന്നത്, കക്കാടിന്റെ പുരാവൃത്തങ്ങളിൽ രാജൻ തട്ടാന്റെ വരവിനെപ്പറ്റിയാണ്. മേലാപ്പിള്ളി ജ്വല്ലറിവർക്ക്സിന്റെ ഉടമ, അയ്യങ്കോവ് ശാസ്താവിന്റെ വിനീതവിധേയൻ രാജൻ ചേട്ടൻ പുരാവൃത്തങ്ങളിൽ.

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനിൽ || ഉപാസന

 2. നല്ല എഴുത്ത്.
  എന്നാലും സാക്ഷാല്‍ മരതകമല്ല,ആരോ ചെത്തിമിനുക്കിയ വെള്ളാരങ്കല്ലാണെന്ന് വിശ്വസിക്കാന്‍ വയ്യ!
  അതില്‍ പ്രതിഷേധിക്കുന്നു 🙂

 3. സുനിൽഭായ്,

  ആദ്യഭാഗം തകർത്തു.. എഴുത്തുകാരന്റെ കയ്യൊപ്പ് പതിഞ്ഞ അവതരണം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരുന്നു.. എല്ലാവിധ ആശംസകളും..

 4. തുടരന്‍ വായിയ്ക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടു തന്നെ… ഇനി എപ്പഴാ അടുത്ത ഭാഗം ?

 5. ശോഭീ

  നീ മോളിൽ നോക്ക്. 9 കമന്റ്.

  ബ്ലോഗ്ഗർ സ്റ്റാറ്റ് ഹിറ്റ്‌സ് ഒരു ആവരേജ് ഞാൻ പാലിക്കുന്നത് പോസ്റ്റ് മുറിച്ചു പബ്ലിഷ് ചെയ്യുന്നതുകൊണ്ടാണ്. മുഴുവൻ ഇറക്കിയാൽ അതു കുത്തനെ ഇടിയും.

  എന്തായാ‍ലും ഞാൻ ബ്രോഡ്‌ബാൻഡ് കണക്ഷനു അപേക്ഷിച്ചിട്ടുണ്ട്. ഉടൻ കിട്ടുമെന്നു കരുതാം. എന്നിട്ടു പഴയ പോലെ ബ്ലോഗ്‌സ്‌ഫിയറിൽ ഒന്നു ആക്ടീവ് ആകണം 🙂

 6. സകല സ്വര്‍ണ്ണപ്പണിക്കാരേയും പോലെ കാഴ്ചക്കു പ്രശ്നമില്ലെങ്കിലും രാജന്‍‌തട്ടാനും കണ്ണടധാരിയാണ്…. good observations as usual. waiting for next part.

അഭിപ്രായം എഴുതുക