കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Chapter Here.

കാതിക്കുടം ദേശത്തെ ആദ്യത്തെ ലൈറ്റ് ആൻഡ് സൌണ്ട്സ് അങ്ങിനെ പിറന്നു. സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അക്കാലത്തു നാട്ടിലോ സമീപപ്രദേശങ്ങളിലോ വേറെ ലൈറ്റ് & സൌണ്ട്സ് ഇല്ല. കൊരട്ടിയിൽ വി‌ബ്‌ജിയോർ എന്ന കൂട്ടർ മാത്രമേയുള്ളൂ. അവരുടെ വാടക പലര്‍ക്കും താങ്ങാനാകില്ലായിരുന്നു. ഇക്കാരണങ്ങളാൽ തന്റെ സ്ഥാപനം പച്ച പിടിക്കുമെന്നു രവി ഉറപ്പിച്ചു. ഭാവനകൾ കാണാൻ തുടങ്ങി. രണ്ടുകൊല്ലത്തിനു ശേഷം അന്നമനടയിൽ സ്വന്തം ഓഫീസ് തുടങ്ങുന്ന ചിന്തയിലേക്കു വരെ കാര്യങ്ങളെത്തി. പക്ഷേ അതെല്ലാം ആസ്ഥാനത്താക്കി, ഇട്ടൂപ്പിന്റെ വീട്ടിലെ വയറിങ്ങ് എഫൿടിന്റെ വ്യാപനം നിമിത്തം, ഉത്സവങ്ങൾക്കും അയ്യപ്പൻ വിളക്കുകൾക്കും അദ്ദേഹത്തെ അധികമാരും വിളിച്ചില്ല. അപൂർവ്വമായി വന്നവരാകട്ടെ വി‌ബ്‌ജിയോർ തഴഞ്ഞതു കൊണ്ടു മാത്രം എത്തിയവരായിരുന്നു.

വർക്കുകളുടെ ദാരിദ്രത്തിൽ നിന്നു കര കയറാൻ രവി കണ്ട വഴി തന്റെ സര്‍വ്വീസ് സൌജന്യമായി കുറച്ചു നാളത്തേക്കു നല്‍കുകയാണ്. കൊച്ചുങ്ങളുടെ ചോറൂണും, മരണ അടിയന്തിരങ്ങൾ പോലുള്ള ലൈറ്റ്സ് ആവശ്യമില്ലാത്ത ചെറിയ ആഘോഷങ്ങൾക്കു വരെ അദ്ദേഹം ഉപകരണങ്ങൾ വിട്ടുകൊടുത്തു. അയ്യങ്കോവ് ശാസ്താവിന്റെ അമ്പലവിളക്കും ഉത്സവവും സൌജന്യമായി ചെയ്തു. ഇവയുടെയെല്ലാം വിജയം അദ്ദേഹത്തിന്റെ രാശി തെളിയിച്ചു. ആളുകൾ അങ്ങിങ്ങായി അടക്കം പറഞ്ഞു തുടങ്ങി. ‘രവി ആളു കൊള്ളാം ട്ടാ’. ഫലം ഒന്നര വര്‍ഷം ആയപ്പോഴേക്കും കരാറുകൾ തുടരെത്തുടരെ എത്തി. ഉത്സവപ്പറമ്പുകളിലും കല്യാണവീടുകളിലും ‘കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ്‘ എന്ന പേര് ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി. മൈക്ക്, കോളാമ്പി സ്‌പീക്കറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ നാടുനീളെ കൊണ്ടുനടക്കാൻ ഒരു ഓട്ടോ വാങ്ങി. അങ്ങിനെ ഭൂതകാലം മറന്നു രവി ടോപ്‌ഗിയറിലായി. ശേഷമുള്ള അഞ്ചെട്ടു കൊല്ലം കൊണ്ടു നാട്ടിലെ ചെറുതും വലുതുമായ ഏതാണ്ടെല്ലാ വര്‍ക്കുകളും ഒന്നുകിൽ സ്ഥിരമായി അല്ലെങ്കിൽ ഇടക്കിടെയായി രവി ചെയ്‌തു. ഒന്നൊഴിച്ച്. ചെറുവാളൂർ പിഷാരത്ത് ക്ഷേത്രത്തിലെ ഉത്സവം!

പിഷാരത്തു അമ്പലം നാട്ടിലെ ഏക ശ്രീകൃഷ്‌ണ ക്ഷേത്രമാണ്. മറ്റു ക്ഷേത്രങ്ങളിൽ‌നിന്നു പിഷാരത്ത് അമ്പലത്തിനു ഒരു പ്രധാന വ്യത്യാസമുണ്ട്. ശ്രികോവിൽ പടിഞ്ഞാറു ഭാഗത്തേക്കാണ് തുറക്കുന്നത്, കിഴക്കോട്ടല്ല. അമ്പലത്തിനു മുന്നിൽ വിശാലമായ സ്‌കൂൾ ഗ്രൌണ്ട്. അവിടെ ശ്രീകോവിലിനു നേർ‌രേഖയിൽ രണ്ടു കൂറ്റൻ അരയാലുകൾ. ഋതുഭേദമന്യെ ഒന്നരാടം ഇടവിട്ടു തളിർക്കുകയും കൊഴിയുകയും ചെയ്യുന്നവ. ഏറെ പ്രശസ്‌തമായ പിഷാരത്ത് അമ്പലത്തിലെ ഉത്സവം കൈകാര്യം ചെയ്യുകയെന്നത് ഏതൊരു ലൈറ്റ് & സൌണ്ട്സ് ഉടമയുടേയും അഭിമാന പ്രശ്‌നമാണ്. രവിയും അതിൽ നിന്നു വ്യത്യസ്തനല്ലായിരുന്നു

ആറാട്ട് ഉൾപ്പെടെ എട്ടു ദിവസം നീണ്ടുനിൽക്കുന്നതാണ് പിഷാരത്ത് ക്ഷേത്രോത്സവം. എല്ലാ ദിവസവും നല്ല പരിപാടികൾ ഉണ്ടാകും. കൃഷ്‌ണനാട്ടം, നൃത്തനൃത്യങ്ങൾ, ഗാനമേള, സംഗീതകച്ചേരി തുടങ്ങിയവ. വലിയവിളക്കു ദിവസം രാവിലെയും ഉച്ചക്കും കാഴ്‌ചശിവേലി. പാണ്ടിമേളത്തിനു പെരുവനവും രാത്രി എഴുന്നള്ളിപ്പ് സമയത്തുള്ള പഞ്ചവാദ്യത്തിനു അന്നമനട പരമേശ്വരമാരാരും ആയിരിക്കും മിക്കവാറും പ്രമാണം. ദീപരാധനക്കു ശേഷം ഇരട്ടത്തായമ്പകയോ മുത്തായമ്പകയോ സുനിശ്ചിതം. തായമ്പക ഒഴിച്ചുള്ള എല്ലാ പരിപാടികളും നടത്താറുള്ളത് അമ്പലത്തിനു മുന്നിലെ സ്കൂൾ ഗ്രൌണ്ടിലാണ്.

മൂന്ന് ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള സ്കൂൾ ഗ്രൌണ്ടിൽ, ഉത്സവത്തിനു വലിയ മൈക്ക്സെറ്റുകളും ട്യൂബ്‌ലൈറ്റുകളും സജ്ജീകരിക്കണം. അതു ചില്ലറ കാര്യമല്ല. മൈതാനത്തിന്റെ മുക്കിലും മൂലയിലും നൂറോളം മുളങ്കോലുകൾ നാട്ടി, ട്യൂബു വച്ചു കെട്ടണം. ട്യൂബുകളിൽ ഒന്നും ഇടക്കു പോലും കണ്ണു ചിമ്മരുതെന്നു കമ്മറ്റിക്കാർക്കു നിർബന്ധമാണ്. കൂടാതെ ശരിയായ രീതിയിൽ ശബ്‌ദക്രമീകരണം നടത്താൻ കാതിക്കുടം ലൈറ്റ് ആൻഡ് സൌണ്ട്‌സിൽ നിലവിലുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും സെറ്റുകൾ വേണം. ഇത്യാദി കാരണങ്ങളാൽ ഉത്സവത്തിന്റെ കരാർ കൊരട്ടിയിലെ വി‌ബ്‌ജിയോർ ലൈറ്റ് & സൌണ്ട്സിനാണു സ്ഥിരമായി ലഭിക്കുക. അവർ ആ റോൾ ഭംഗിയാക്കുകയും ചെയ്യാറുണ്ട്.

രണ്ടായിരത്തിരണ്ടിലെ ഉത്സവം അടുത്തപ്പോൾ രവി രണ്ടും കല്പിച്ചു രംഗത്തിറങ്ങി നോക്കി. ഉത്സവക്കമ്മറ്റി അംഗങ്ങളുടെ അടുത്ത സുഹൃത്തും, അക്കാലത്തു മിസ്റ്റർ പനമ്പിള്ളിയുമായിരുന്ന കക്കാടുകാരൻ മണിലാലിനെ അദ്ദേഹം പോയി കണ്ടു. അതിരാവിലെ എത്തുമ്പോൾ മണിലാൽ എന്ന ലാലു സൂര്യനമസ്കാരം ചെയ്യുകയായിരുന്നു. പത്തിരുപതു തവണ നിഷ്‌പ്രയാസം മൂരി നിവർന്ന ശേഷം ലാലു കയ്യിന്റെ മസിൽ രവിക്കു നേരെ പെരുപ്പിച്ചു കാണിച്ചു. മസിൽ അത്രയൊന്നും പൊങ്ങിയില്ലെങ്കിലും സാധിക്കേണ്ട കൃത്യത്തെപ്പറ്റി ഓർത്തപ്പോൾ പ്രശംസിക്കുന്നതിൽ രവി പിശുക്കു കാട്ടിയില്ല. ഞെട്ടിയത് പോലെ അഭിനയിച്ച് അദ്ദേഹം കണ്ണുകൾ തുറിപ്പിച്ചു.

“ഹൌ. എന്തൂട്ടാ ഈ സൈസ് ലാലൂ. ഇതെങ്ങന്യാ ഒപ്പിച്ചേ?”

കേട്ട വാക്കുകളിൽ ഉത്തേജിതനായി ലാലു വേറെയും പോസുകൾ കാണിച്ചു. ബോറടിച്ചെങ്കിലും രവി വീണ്ടും ധാരാളിയായി. പ്രശംസ വാക്കുകൾ ധാരയായി ചൊരിഞ്ഞു. ഒടുവിൽ വന്ന കാര്യം നയത്തിൽ അവതരിപ്പിച്ചു. രവിയുടെ പ്രതീക്ഷകൾക്കു വിപരീതമായി ലാലു അതത്ര ഗൌരവത്തോടെ എടുത്തില്ല.

“കരാർ പതിവു പോലെ കൊരട്ടിക്കാർക്ക് കൊടുക്കാനാ കമ്മറ്റീടെ പ്ലാൻ”

രവി താഴ്‌മയായി പറഞ്ഞു. “ലാലു ഇതിലെടപെടണം. പറ്റൂങ്കി എനിക്ക് ശരിയാക്കിത്തരണം”

“നോക്കാം. പക്ഷേ കിട്ടാണ്ടിരിക്കാനാ സാദ്ധ്യത. എല്ലാ കൊല്ലോം കൊരട്ടിക്കാരല്ലേ നടത്താറ്. ഇന്നേ വരെ കൊഴപ്പോന്നും ഇണ്ടാക്കീട്ടൂല്ല്യ. അപ്പോ പിന്നെ എന്തുട്ട് പറഞ്ഞാ മാറ്റാ?”

രവി ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. പറഞ്ഞത് ന്യായമാണ്. ഒരുവേള കമ്മറ്റിക്കാരെ തന്നെ പോയി കണ്ടാലോ എന്നു ആലോചിച്ചെങ്കിലും പുനരാലോചനയിൽ അത് ഉപേക്ഷിച്ചു. അക്കൊല്ലവും ലൈറ്റ് & സൌണ്ട്സ് കരാർ വിബ്‌ജിയോർ കൊണ്ടുപോയി. പക്ഷേ വേറൊരു തരത്തിൽ ഉത്സവത്തിന്റെ ഭാഗഭാക്കാകാൻ രവിക്കു സാധിച്ചു. ലൈറ്റ് & സൌണ്ട്സ് കരാറിനു രവി പരിശ്രമിച്ചതും പരാജയപ്പെട്ടതുമെല്ലാം അറിയാവുന്ന ഒരാൾ അക്കൊല്ലം ഒരു ആനയെ സ്പോൺസർ ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചു. സാധാരണ ഗതിയിൽ അതു തീർത്തും സാധ്യമല്ലാത്ത കാര്യമാണ്. കാരണം ഉത്സവത്തിനു വരുന്ന ഏഴു ആനകളിൽ ഏഴും സ്പോൺസർ ചെയ്യാൻ പതിവുകാരുണ്ട്. ആ മുൻ‌ഗണന തെറ്റിക്കുക സാധ്യമല്ല തന്നെ. രവി ആലോചിച്ചപ്പോൾ ലൈറ്റ്‌&സൌണ്ട്സ് കരാർ നേടിയെടുക്കാൻ പറ്റാത്തതിന്റെ ക്ഷീണം ആനയെ സ്പോൺസർ ചെയ്യുന്നതിലൂടെ കുറേയൊക്കെ മറികടക്കാമെന്നു തോന്നി. ഉട്ടോളി രാജശേഖരൻ എന്ന കൊമ്പൻ അങ്ങിനെ വരവായി.

Read More ->  ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് - 1

ഉത്സവം ഏപ്രിൽ രണ്ടാമത്തെ ആഴ്ച വിഷുവിനോടു അടുപ്പിച്ചാണു നടന്നത്. നല്ല ചൂടിന്റെ കാലം. രവി രാവിലത്തെ കാഴ്‌ചശിവേലിക്കു മുമ്പേ തന്നെ അമ്പലപ്പറമ്പിലെത്തി ഉട്ടോളി രാജശേഖരനു വേണ്ടി എല്ലാം ഒരുക്കുന്നതിൽ തികഞ്ഞ ശ്രദ്ധ പ്രദർശിപ്പിച്ചു. തലേന്നു തന്നെ തൈക്കൂട്ടം പനമ്പിള്ളിക്കടവിന്റെ ഓരത്തു തലയുയർത്തി നിന്നിരുന്ന പനയിൽ കയറി പട്ടകൾ വെട്ടി, വട്ടപ്പറമ്പൻ ജയന്റെ വിക്രം വണ്ടിയിൽ സ്ഥലത്തെത്തിച്ചിരുന്നു. രാവിലെയും ഉച്ചക്കുമുള്ള കാഴ്‌ചശിവേലിക്കു ശേഷം വിക്രം വണ്ടിയിൽ തന്നെ വലിയൊരു ടാങ്ക് ശീതീകരിച്ച വെള്ളമെത്തിച്ചു ഉട്ടോളിക്കു ധാര കോരി. കക്കാടിലെ ആനപ്രേമി സന്തോഷിന്റെ വക അഞ്ചു വാഴക്കുലകളും ഇതിനിടയിൽ എത്തി. ഇതെല്ലാം ശാപ്പിട്ടു, പിശുക്കാതെ പിണ്ഢമിട്ട് ഉട്ടോളി പ്രസന്നവദനായി നിന്നു.

ഉത്സവത്തിനു വന്ന ആനപ്രേമികളിൽ ചിലർ അന്വേഷിച്ചു. “അല്ല രവി ലൈറ്റാന്റ് സൌണ്ട് കരാറ് കിട്ടാൻ ശ്രമിച്ചൂന്ന് കേട്ടല്ലോ. എന്തേ ശരിയാവാഞ്ഞേ?”

രവി ഓർത്തു. ശ്രമിച്ചിട്ടു കിട്ടിയില്ലെന്നു പറഞ്ഞാൽ ക്ഷീണമാണ്. അതുകൊണ്ട് എല്ലാം നിഷേധിച്ചു.

“ഹഹഹ. അതെല്ലാം കേട്ടുകേഴ്‌വികള്. രവി എറങ്ങി കളിച്ചാ ഗോളടിച്ചേ തിരിച്ചു കേറൂ. ഗോളടിച്ചിട്ടില്ലെങ്കി അതിന്റെ അർത്ഥം കളിച്ചില്ലാന്നാ“

ഒന്നു നിർത്തി രവി കൂട്ടിച്ചേർത്തു. “ഇതിപ്പോ ഗിരീശൻ നിർബന്ധിച്ചോണ്ട് ഞാനൊരു ആനേനെ സ്‌പോൺസർ ചെയ്‌തു. അത് നേരാവണ്ണം നോക്കി നടത്തണ്ടത് എന്റെ ചൊമതല്യാ. അല്ലേ. ഇത് കഴിഞ്ഞാ ഞാൻ വന്നപോലെ അങ്ങട് പോവും. അത്രേള്ളൂ”

ദീപാരാധനക്കു ശേഷം ഇരട്ടത്തായമ്പക. അതു കഴിഞ്ഞാണ് തെക്കെവിടെയോ ഉള്ള പേരെടുത്ത ഒരു ട്രൂപ്പുകാരുടെ നാടകം ആരംഭിച്ചത്. അനവധി സ്റ്റേജുകൾ കിട്ടിയ നാടകം. കാണാൻ പതിവിലധികം കാണികൾ വന്നു ചേർന്നിരുന്നു. ന്യൂസ്‌പേപ്പറുകളും പുതപ്പുകളും നിലത്തു വിരിച്ചു അവർ ഇരുന്നു. ചിലർ കിടന്നു. ഉറങ്ങി. ആഘോഷമായി തുടങ്ങിയ നാടകം ഒമ്പതരക്കു ശേഷവും തകർത്തു മുന്നേറി. കലാപരിപാടികൾ ഇഷ്‌ടമായിരുന്നെങ്കിലും രവി സ്റ്റേജിനു അടുത്തുണ്ടായിരുന്നില്ല. രാത്രി പത്തരക്കുള്ള എഴുന്നള്ളിപ്പിനു ആനയെ ഒരുക്കുന്നിടത്തായിരുന്നു അദ്ദേഹം.

അമ്പലപ്പറമ്പിന്റെ വശത്തു കൂടി പോകുന്ന ടാർറോഡിനു അരികിലുള്ള പുളിമരച്ചുവട്ടിലാണ് ഉട്ടോളിയെ തളച്ചിരുന്നത്. പുളിമരത്തിന്റെ തായ്‌വേരൊഴികെ മറ്റു വേരുകളെല്ലാം പുറത്തുകാണാമായിരുന്നു. പണ്ടു കാലത്തു അവിടം ഉയർന്ന പ്രതലമാണെന്നു സൂചന തരുന്ന തെളിവ്. ഗ്രൌണ്ടിനു കൂടുതൽ വിസ്‌താരം ലഭിക്കാൻ വേണ്ടി മണ്ണു മാന്തിയപ്പോൾ ഏതോ പ്രകൃതിസ്‌നേഹി പുളിമരത്തിന്റെ ഭാഗം ഒഴിച്ചിട്ടു. പക്ഷേ ഓരോ കാലവർഷവും വേരുകളെ വലിച്ചു പുറത്തിട്ടു കൊണ്ടിരുന്നു. ഇനി തായ്‌വേരു മാത്രം ബാക്കി. മണ്ണടിച്ചു സംരക്ഷിച്ചില്ലെങ്കിൽ, ഗ്രൌണ്ടിൽ പൊരിവെയിലത്തും മഴക്കാലത്തും കളിക്കാൻ വരുന്നവർക്കു ഒരു കുടത്താങ്ങായി നിൽക്കുന്ന ആ പുളിമരം അടുത്തു തന്നെ നിലം‌പതിക്കും. ചെറുവാളൂർ സ്കൂൾ ഗ്രൌണ്ടിന്റെ സ്വത്വത്തിലെ അവശേഷിക്കുന്ന പഴമയും അങ്ങിനെ വിടവാങ്ങും. വാളൂരിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവർക്കും സുപരിചിതമായ ഈ പുളിമരത്തിനു അടുത്തായിരുന്നു ഉട്ടോളി രാജശേഖരനെ തളച്ചിരുന്നത്. തളച്ചു എന്നുപറയാൻ മാത്രം ഒന്നുമില്ല. മുൻ‌കാലുകളിൽ കൂച്ചുവിലങ്ങ്. അത്ര തന്നെ.

ആനക്കു അണിയാനുള്ള നെറ്റിപ്പട്ടം സന്തോഷിന്റെ നേതൃത്വത്തിൽ ചിലർ താ‍ങ്ങിപ്പിടിച്ചു കൊണ്ടുവന്നു. ചുറ്റും തിങ്ങിക്കൂടിയ പത്തിരുപത് ആനപ്രേമികളെ തള്ളിമാറ്റി രവി നെറ്റിപ്പട്ടം ചുമക്കുന്നവർക്കു വഴികാണിച്ചു കൊടുത്തു. അന്നേരമാണു രവിയെ പുറകിൽ നിന്നു ഒരാൾ വിളിച്ചത്

“എടാ രവീ“

എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. അതാ പുരുഷു! ആനയെ സ്പോൺസർ ചെയ്യുന്ന കാര്യം പറയാൻ വിട്ടുപോയെന്നു ഓർത്തപ്പോൾ തന്നെ വിളിയിലെ ഉദ്ദേശം രവിക്കു മനസ്സിലായി.

“എന്റെ പുരുഷുച്ചേട്ടാ. ഇതെവ്യട്യായിരുന്നു?. ഇന്നലെ വൈന്നേരം പനമ്പിള്ളിക്കടവീ പനമ്പട്ട വെട്ടാൻ പോയപ്പോക്കൂടി ഞാൻ അന്വേഷിച്ചതാ, പുരുഷുച്ചേട്ടൻ എവട്യാന്ന്. ആനേനെ സ്പോൺസർ ചെയ്ത കാര്യം പറയാണ്ട് എനിക്ക് എന്തൊരു സങ്കടായിരുന്നൂന്നാ”

രവി വികാരാധീനനായി. പുരുഷോത്തമൻ തണുത്തു. ആനയെ അടിമുടി നോക്കി കൊള്ളാമെന്നു കൈത്തലമനക്കി. രവിക്കു സന്തോഷമായി. രണ്ടാം പാപ്പാൻ ആനപ്പുറത്തു കയറി നെറ്റിപ്പട്ടം വലിച്ചു ശരിയാക്കാൻ തുടങ്ങി. നോക്കിനിന്നു മടുത്തപ്പോൾ എന്തെങ്കിലും പറയണ്ടേ എന്നു കരുതി രവി നടക്കാൻ സാധ്യതയില്ല്ലാത്ത ഒരു കാര്യം കാച്ചി.

“അടുത്ത കൊല്ലം രാമേന്ദ്രനെ സ്‌പോൺസർ ചെയ്‌താലോന്ന് ആലോചിക്കാ ഞാൻ”

ചുറ്റും കൂടി നിന്നവരിൽ ചിലർ ചിരിച്ചു. ആരോ വിളിച്ചു ചോദിച്ചു. “കാശ്‌ണ്ട്‌റാ രവ്യേ?”

രവി വിക്കി. “കാശാ കാശ്… കാശക്കെ ഇണ്ടാവും“

തിരിച്ചടിക്കാൻ ആശയം കിട്ടിയപ്പോൾ അദ്ദേഹം വീറോടെ പറഞ്ഞു. “എനിക്കിതു വരെ എല്ലാരും തരാനൊള്ള കുടിശ്ശിക തന്നാതി. എല്ലാ കൊല്ലോം രാമേന്ദ്രനെ ഇവടെ എത്തിക്കാം. ഏറ്റോ?“

സംഭാഷണം ഇത്രയുമെത്തിയപ്പോൾ മൈക്കു സെറ്റിലൂടെ വരുന്ന ശബ്ദങ്ങൾ നിലച്ചു. പുളിമരത്തിനു സമീപം വച്ചിരുന്ന സെറ്റിൽ‌നിന്നു ‘ശ്‌ശ്‌ശ്’ എന്ന സ്വരം പുറത്തു വന്നു. എല്ലാവരും തലതിരിച്ചു സ്റ്റേജിനു നേരെ നോക്കി. അവിടെ ഒന്നോ രണ്ടോ ട്യൂബുകൾ മാത്രം മങ്ങിക്കത്തുന്നു. വെളിച്ചമില്ലാത്തതിനാൽ നാടകം നിർത്തി വച്ചിരിക്കുകയാണ്. കാണികൾക്കിടയിൽ വിസിലടികളുടെ പൂരം.

ആരോ പറഞ്ഞു. “കറന്റു പോയീന്നാ തോന്നണേ”

അമ്പലക്കമ്മറ്റിയിലെ അംഗങ്ങൾ പരിപാടികൾ പ്രശ്‌നമില്ലാതെ നടക്കുന്നതിൽ ആശ്വസിച്ചു, ഒരു പെട്ടിക്കടക്കു മുന്നിൽനിന്നു കപ്പലണ്ടി കൊറിക്കുകയായിരുന്നു. സ്റ്റേജിലെയടക്കം മൈതാനത്തിന്റെ ഒരുഭാഗത്തെ ലൈറ്റുകൾ അണഞ്ഞപ്പോൾ അപകടം മനസ്സിലാക്കി അവർ ഓടിയെത്തി. ടർപ്പായ മറച്ചുണ്ടാക്കിയ ലൈറ്റ് & സൌണ്ട്സ് കൺ‌ട്രോൾ റൂമിൽ കടന്നു. അവിടെ ഒരു പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല ശതമാനം പരിപാടികൾ കഴിഞ്ഞതിനാൽ സീനിയറായ ഓപ്പറേറ്റർ പുറത്തു പോയിരുന്നു. പയ്യനാണെങ്കിൽ സ്വിച്ചുകൾ ഓൺ ഓഫ് ചെയ്യുക, ശബ്ദം ക്രമീകരിക്കുക തുടങ്ങിയ അടിസ്ഥാന ജോലികളേ അറിയൂ. ചുരുക്കത്തിൽ സംഗതികൾ കുഴപ്പത്തിലായി. ഇനിയെന്തു ചെയ്യണമെന്ന കാര്യത്തിൽ കമ്മറ്റിക്കാർ പിന്നെ സംശയിച്ചില്ല. ഒരാൾ ഉച്ചത്തിൽ നീട്ടിവിളിച്ചു.

“രവ്യേയ്… ഓടി വാടാ…”

അഞ്ചുപത്തു വർഷത്തെ പരിചയം കൊണ്ടാകാം വിളിയിലെ ഉദ്ദേശം രവിക്ക് പിടികിട്ടി. തന്റെ കരാറല്ലെങ്കിലും, വിബ്‌ജിയോർ ബദ്ധവൈരികളാണെങ്കിലും, നാട്ടുകാർ വിളിച്ചാൽ അടങ്ങിയിരിക്കാനൊക്കുമോ. അദ്ദേഹം ലുങ്കിയുടെ മടിക്കുത്തഴിച്ച് അലങ്കോലമാക്കി അതു ഒരു കൈകൊണ്ടു വാരിപ്പിടിച്ച്, സന്തത സഹചാരിയായ പ്ലെയർ പോക്കറ്റിൽ ‌നിന്നെടുത്ത് വായിൽ തിരുകി ഓടി. രവിയുടെ തനത് സ്റ്റൈൽ ഓട്ടം പിഷാരത്ത് അമ്പല മൈതാനിയിലും!

വീട്ടിൽ പോകാനായി എഴുന്നേറ്റ പലരേയും രവി ഓട്ടത്തിനിടയിൽ പതിവുപോലെ ആശ്വസിപ്പിച്ചു. “ഇപ്പ ശര്യാക്കാം. നിങ്ങ ഇരുന്നോ”

സ്റ്റേജിനടുത്തു അങ്ങോട്ടുമിങ്ങോട്ടും ഉലാർത്തുന്ന കമ്മറ്റിക്കാരുടെ അടുത്ത് രവിയെത്തി. അവരിൽ ഒരാൾ അക്ഷമയോടെ പറഞ്ഞു. “അവന്മാരെ ഒന്നിനേം കാണണില്ല. നീയൊന്നു കേറി നോക്ക്”

ചെറുതല്ലാത്ത ഗ്ലാമർ കിട്ടുന്ന കാര്യമാണ്. നാടു മുഴുവൻ നോക്കി നിൽക്കുകയുമാണ്. എന്നിട്ടും രവി മടിച്ചു നിന്നു. കാരണം, കാര്യം സങ്കീർണമാണെന്ന തിരിച്ചറിവു തന്നെ. സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കിൽ ഇതുവരെ ഉണ്ടാക്കിയെടുത്ത ഖ്യാതി മുഴുവൻ പോവും. അനുഭവ പരിചയം വച്ചു നോക്കിയാൽ പ്രശ്നപരിഹാരം ഒട്ടും എളുപ്പമല്ല. സ്റ്റാൻഡ്ബൈ കണക്ഷനുകളിലേക്കു ശ്രദ്ധ പതിപ്പിക്കുന്നതിനു മുമ്പ് കൺ‌ട്രോൾ റൂമിനു പുറത്ത് അന്വേഷിക്കേണ്ടതുണ്ട്. ഇത്രയും വലിയ ഉത്സവം കൈകാര്യം ചെയ്‌തിട്ടില്ലാത്തതിനാൽ രവിക്കു മൊത്തത്തിൽ കൺ‌ഫ്യൂഷൻ അനുഭവപ്പെട്ടു. എന്നാൽ അതൊന്നും പുറത്തു കാണിച്ചതുമില്ല. സ്റ്റേജിനു പിന്നിൽ കുറച്ചു ദൂരെ കണ്ണുചിമ്മിയും തുറന്നും കളിച്ചിരുന്ന ട്യൂബുകളിൽ രവി നോക്കിനിന്നു. എങ്ങിനെയാണു തലയൂരുക എന്ന ചിന്തയായിരുന്നു ഉള്ളിലെങ്കിലും, പുറമേക്കു അദ്ദേഹത്തിന്റെ നോട്ടത്തിലും നിൽ‌പ്പിലും അപാരമായ നാടകീയതയായിരുന്നു. കേസിന്റെ തുമ്പ് രവി കണ്ടുപിടിച്ചു കഴിഞ്ഞു എന്ന പ്രതീതിയാണ് എല്ലാവരിലും ഉണ്ടായത്.

Read More ->  ശിക്കാരി - 1

അന്നേരം കാണികളിൽ ഒരാൾ സ്റ്റേജിനു അടുത്തേക്കു വന്നു. അദ്ദേഹം പരിഭ്രമിച്ചു നിൽക്കുന്ന കമ്മറ്റിക്കാരോട് ചോദിച്ചു. “എന്തൂട്ടാ പ്രശ്നം?”

മറുപടി പെട്ടെന്നു കിട്ടി. “കറന്റ് പോയതാ!“

“അതേലേ. ഞാങ്കരുതി നിങ്ങള് മെയിൻ‌ സ്വിച്ച് ഓഫ് ചെയ്‌തതാന്ന്”

രണ്ടുകൂട്ടർക്കും ചൊറിഞ്ഞു കയറി. അപ്പോഴാണ് കാണി രവിയെ കാണുന്നത്.

“ആഹാ രവീണ്ടാ ഇവടെ. എന്നാപ്പിന്നെ നിങ്ങളൊക്കെ പൊക്കോ. പുള്ളീത് ഇപ്പ ശര്യാക്കും”

കമ്മറ്റിക്കാർ അതെയെന്നു തലയാട്ടി.

രവി കാണിയെ തലതിരിച്ചു നോക്കി. ‘എവടന്നു വന്നെടാ ഈ പാര’ എന്നു ആത്മഗതം ചെയ്‌തു. വീട്ടിലെ കറന്റുപോയ ഭാവത്തിലാണ് അദ്ദേഹത്തിന്റെ നിൽ‌പ്പ്. രവി ആ കേസ് വിട്ടു. ഏതു ട്യൂബിനു നേരെയാണൊ കുറച്ചു മുമ്പു നോക്കിക്കൊണ്ടിരുന്നത് അവിടേക്കു മുഖം തിരിച്ചു. പക്ഷേ ആ ട്യൂബും അതിനകം കെട്ടിരുന്നു.

രവി കമ്മറ്റിക്കാരോടു പറ്റില്ലെന്നു പറയാൻ തീരുമാനിച്ചു. പക്ഷേ അതിനു തുനിയും മുമ്പ് ഇരുട്ടിൽ ഒരു മനുഷ്യരൂപം അമ്പലത്തിന്റെ ചെറിയ മതിൽ ചാടിയത് യാദൃശ്ചികമായി കണ്ടു. ആ‍ ഭാഗത്തു കൂരിരുട്ടായിരുന്നതിനാൽ നിഴൽ പോലെയാണു തോന്നിയത്. ലൈറ്റ് ആൻഡ് സൌണ്ട്സുകാർക്കു പൊതുവെ മൂങ്ങയുടെ കാഴ്ചശക്തിയാണ്. പണി രാത്രിയിലായത് കൊണ്ടുതന്നെ. രാത്രിയിൽ സവിശേഷമായി ലഭിക്കുന്ന ഈ സിദ്ധിമൂലം മതിൽ ചാടി അതിവേഗം നീങ്ങിയ നിഴൽരൂപം, തന്നെ ആദ്യമായി ജോലിക്കു വിളിച്ചു രക്ഷ്തസാക്ഷിയായ ഇട്ടൂപ്പിന്റേതാണെന്നു രവി ഉറപ്പിച്ചു. അടുത്തതായി ചിന്തിക്കേണ്ടിയിരുന്നത് ഇട്ടൂപ്പെന്തിനു ഇരുട്ടിൽ പതുങ്ങിക്കളിക്കുന്നു എന്നതായിരുന്നു. പക്ഷേ രവിയുടെ മനസ്സിൽ മിന്നിയത് ഇട്ടൂപ്പ് നിന്നിരുന്ന ഭാഗത്തെ വയറിങ്ങ് കണക്ഷനുകളുടെ രൂപരേഖകളാണ്. ഇടക്കിടെ ഇങ്ങിനെ വസ്തുതകളുമായി പ്രത്യക്ഷ ബന്ധമില്ലാത്ത കാര്യങ്ങൾ മനസ്സിൽ തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളെ ശാസ്‌താവിന്റെ കളികളെന്നാണ് അദ്ദേഹം പൊതുവെ വിശേഷിപ്പിക്കുക. കൺ‌ട്രോൾ റൂമിൽനിന്നു ഇട്ടൂപ്പ് നിന്ന സ്ഥലത്തേക്കുള്ള ദൂരവും, സ്റ്റേജിലെ കറന്റു പോയിട്ടും സ്റ്റേജിനു പിന്നിൽ കെടാൻ മടിച്ച ട്യൂബുലൈറ്റുകളും രവിയെ ആദ്യം ആശയക്കുഴപ്പത്തിലും പിന്നീട് പ്രശ്നപരിഹാരത്തിനു ഉതകിയേക്കാവുന്ന ഒരു ടെക്നിക്കൽ നിഗമനത്തിലും എത്തിച്ചു. എല്ലാം പതിനഞ്ചു നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.

പിന്നെ അധികമൊന്നും ആലോചിക്കാതെ, എന്നാൽ ഗഹനമായി ആലോചിക്കുകയാണെന്നു നടിച്ച്, രവി കൺ‌ട്രോൾ റൂമിൽ കടന്നു. ഒരു മൂലക്കു ചിതറിക്കിടക്കുന്ന അനേകം ബോൿസുകളിലും വയർ‌ചുറ്റുകളിലും കണ്ണുപായിച്ച അദ്ദേഹത്തിനു, പരിചിതമല്ലാത്ത കക്ഷികളുടെ ഉപകരണങ്ങളായിട്ടും, സ്റ്റാൻ‌ഡ്‌ബൈ കണക്ഷനുകളുടെ രൂപരേഖ ഏകദേശം പിടികിട്ടി. അവയിലൊന്നു തിരഞ്ഞെടുത്തു അയ്യങ്കോവ് ശാസ്‌താവിനെ ധ്യാനിച്ച് അദ്ദേഹം മെയിൻ‌സിൽനിന്നു വലിച്ച ഒരു എൿസ്‌റ്റന്ററിൽ കുത്തി. ശരിയായ തിരഞ്ഞെടുപ്പ്. സ്റ്റേജും പരിസരങ്ങളും പ്രകാശമാനമായി. കമ്മറ്റിയംഗങ്ങൾ സ്തബ്ധരായി. അതു ശ്രദ്ധിക്കാത്ത മട്ടിൽ രവി പ്ലെയർ കടിച്ചു പിടിച്ചു, മുണ്ട് അരയിൽ വാരിക്കുത്തി ആനയുടെ അടുത്തേക്കു തിരിച്ച് ഓടി.

നെറ്റിപ്പട്ടം ഉറപ്പിക്കുന്നത് അവസാനഘട്ടത്തിൽ എത്തിയിരുന്നു. അദ്ദേഹം അവിടെ എത്തുന്നതിനു മുമ്പുതന്നെ സ്റ്റേജിൽ നാടകം പുനരാരംഭിച്ചു. ആനക്കു ചുറ്റും കൂടിയവരിൽ ഒരാൾ ചോദിച്ചു.

“എന്തിനാ രവീ കമ്മറ്റിക്കാര് വിളിച്ചെ?”

രവിയുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി. ഇവനു സംഗതി ഇനിയും കത്തിയിട്ടില്ല. ആദ്യ ചോദ്യം ആരാഞ്ഞ വ്യക്തി വീണ്ടും ചോദിച്ചു. “ആരാ രവി ലൈറ്റ് ശര്യാക്കെ?”

രവി അഭിമാനപൂർവ്വം നെഞ്ച് വിരിച്ച് നിന്നു.

പിറ്റേന്നു വൈകിട്ടു തീരദേശം ഷാപ്പിൽ പതിവു ക്വോട്ടാക്കു മുന്നിൽ ഇരിക്കുമ്പോൾ രവിക്കു മുന്നിൽ ആളുകൂടി. അവർക്കു മുന്നിൽ അദ്ദേഹം രഹസ്യം അനാവരണം ചെയ്‌തു. “എല്ലാം ഇട്ടൂപ്പിന്റെ കളികൾ. അല്ലാണ്ടെന്താ”

ആന്റു അമ്പരന്നു. “അതിനവന് ഇലട്രിക്കലീ ഒരു കുന്തോം അറീല്ലല്ലോ”

“റിപ്പയറിങ്ങിനല്ല സഹായന്ന് പറഞ്ഞെ. അവനാ ഇരുട്ടീ പതുങ്ങിച്ചെന്ന് അവടത്തെ കണക്ഷനിലെന്തോ ചെയ്‌തു”

“അതു ഇട്ടൂപ്പാന്ന് എന്താത്ര ഒറപ്പ്. ഇര്ട്ടത്തല്ലേ നീ കണ്ടെ”

രവി ചൂടായി. ”ദെവസോം കാണണ ഒരുത്തൻ ഇരുട്ടീക്കോടെ പാഞ്ഞാലും എനിക്ക് മനസ്സിലാവൂടാ ആന്റ്വോ”

”എന്നാ ശരി. പക്ഷേ അവനെന്തൂട്ടാ അവടെ ചെയ്തേ?”

“അതെനിക്കും അറിയില്ല“ രവി പറഞ്ഞുനിർത്തി.

രവി പറഞ്ഞത് സത്യമായിരുന്നു. വേറെ ലൈറ്റ് ആൻഡ് സൌണ്ട്സ് പാർട്ടിക്കാരുടെ ഉപകരണങ്ങളായതിനാൽ സംഭവിച്ച തകരാർ എന്തെന്നു രവിക്കു അറിയില്ലായിരുന്നു. സംഭവ സ്ഥലം വിശദമായി പരിശോധിക്കാനും പറ്റിയില്ല. അപ്പോൾ പിന്നെ എല്ലാ രഹസ്യങ്ങളുടേയും കുരുക്കഴിക്കാൻ കഴിയുന്നത് ഒരാൾക്കു മാത്രം. ഇരുട്ടിൽ മതിൽ ചാടി ഓടിയെന്നു രവി ആണയിട്ടു പറയുന്ന ഇട്ടൂപ്പിന്. അദ്ദേഹം പക്ഷേ അതു താനല്ലെന്ന പക്ഷത്തിലായിരുന്നു കുറേക്കാലം. അതിനു ശേഷം ഒരു പെരുമഴക്കാലത്തു പുല്ലാനിത്തോട്ടിൽ ചൂണ്ടയിടുമ്പോൾ അന്നു സംഭവിച്ച കാര്യങ്ങൾ അദ്ദേഹം തമ്പിയോട് വെളിപ്പെടുത്തിയത്രെ.

”രവിയെ രാവിലെ മൊതൽ അമ്പലപ്പറമ്പീ കണ്ടപ്പൊ ഞാങ്കര്തീത് ഉത്സവത്തിന്റെ ലൈറ്റാന്റ് സൌണ്ട് അവന്റ്യാന്നാ. അല്ലാണ്ട് ആനേനെ സ്പോൺസർ ചെയ്ത കാര്യം എനിക്ക് അറീല്ലായിരുന്നു. പണ്ടെന്റെ വീട് വയറിങ്ങ് ചെയ്തേന്റെ വിള്ളലുകൾ ഇപ്പഴും ചൊമരീ ബാക്ക്യാ. ആ കാര്യൊക്കെ ഓർത്തപ്പോ അവനൊരു പാര വക്കണന്ന് തോന്നി. സ്റ്റേജിന് പിന്നിലെ കണക്ഷനീ പ്രോബ്ലണ്ടാക്കീത് അങ്ങനാ. പക്ഷേ ചക്കിനു വച്ചത് കൊക്കിനാ കൊണ്ടെ. അവന്റെ ഒരു ടൈം. അല്ലാണ്ടെന്താ!”

ഇട്ടൂപ്പ് ഉപസംഹരിച്ചു. തമ്പി തോട്ടിലെ ചെളിയിൽ മീനിനെ തപ്പുന്നതിനിടയിൽ ചിരിച്ചു മറിഞ്ഞു.

കാതിക്കുടം ജംങ്ഷനിൽ സുബ്രൻ ചേട്ടന്റെ പലചരക്കു പീടികക്കു സമീപം, രവിയുടെ ചായക്കടയുടെ എതിർവശത്തു കാതിക്കുടം ലൈറ്റ് ആൻഡ് സൌണ്ട്സിന്റെ ഓഫീസ് ഇന്നുമുണ്ട്. പണ്ട് ശിഷ്യന്മാരായി ട്യൂബ് ഫിക്സ് ചെയ്യാനും ആമ്പ്ലിഫയർ കൈകാര്യം ചെയ്യാനും പഠിച്ചവർ കാലം കടന്നു പോയപ്പോൾ പിരിഞ്ഞു പോയി വേറെ ലൈറ്റ് ആന്‍ഡ് സൌണ്ട്സ് സ്ഥാപനങ്ങൾ തുടങ്ങി. കുറച്ചു വർക്കുകൾ പോയെങ്കിലും രവിയെ അത് ഏശിയിട്ടില്ല. പരിചയസമ്പത്തിന്റെ ബലത്തിൽ രവി ഇന്നുമുണ്ട്. നാളെയും ഉണ്ടാകും. പരമ്പരാഗതമായ ഒരുപിടി വ്യക്തികള്‍ക്ക് ഇക്കാലത്തും ‘ശബ്ദവും വെളിച്ചവും’ എന്നുപറഞ്ഞാൽ അതു കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ്. അത്രയേ രവിയും ആഗ്രഹിക്കുന്നുള്ളൂ.


8 Replies to “കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് – 2”

  1. രവി എന്നു പറഞ്ഞാൽ നാട്ടുകാർ അറിയില്ല. കോക്കാടൻ എന്നു സംബോധന ചെയ്യണം. എമണ്ടൻ രവിക്കു ഒപ്പമോ അതിനു മേലെയോ ആണു കോക്കാടൻ രവി എന്ന പേരിന്റെ സൌന്ദര്യം.

    മര്യാദാമുക്കിലെ സന്ധ്യകളിൽ അയ്യങ്കോവ് ശാസ്താവ് എന്ന ഓട്ടോ വരുമ്പോൾ അതിന്റെ ഡ്രൈവർ സീറ്റിൽനിന്നു ഒരു കൈ പുറത്തേക്കു നീണ്ട് അഭിവാദ്യം ചെയ്യുന്നുണ്ടാകും. വളവു തിരിഞ്ഞ് സുബ്രൻ ചേട്ടന്റെ ഗൾഫിലെ മരുമകൻ വച്ചിരിക്കുന്ന വീടിനോടു ചേർന്ന് ഓട്ടോ നിർത്തി രവിച്ചേട്ടൻ അടുത്തുവരുമ്പോൾ ഗ്രീസ് പുരണ്ട ഷർട്ടിന്റെ പോക്കറ്റിൽനിന്നു പ്ലെയർ എല്ലാവരേയും എത്തിനോക്കുന്നുണ്ടാകും.

    നാടിന്റെ ഇലക്ട്രിക്കൽ മേഖലയിൽ ലൈൻമാനായും, വയർമാനായും രവിയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ മുഖ്യലാവണവും സ്വത്വവും കെബിആർ എന്ന ലൈറ്റ് ആൻഡ് സൌണ്ട്സ് സ്ഥാപനം തന്നെ. എന്നും ഏതിലും എന്തിലും അടുത്തകൂട്ടായിരുന്ന അനുജൻ സന്തോഷിന്റെ ആകസ്മിക നിര്യാണത്തിനുശേഷം (കെഎസ്ഇബി ക്കു വേണ്ടി ലൈൻ കെട്ടാൻ ഇലക്ട്രിക് പോസ്റ്റിൽ കയറിയതാണ്. കമ്പിയിൽനിന്നു ഷോക്കേറ്റു. കക്കാടിന്റെ ദുഃഖം) മാനസികമായി ഒറ്റപ്പെട്ടെങ്കിലും രവിച്ചേട്ടൻ പിടിച്ചുനിൽക്കുന്നു. ജീവിക്കാതെ വയ്യല്ലോ??

    പുരാവൃത്തങ്ങളിൽ കോക്കാടൻ രവി…
    വായിക്കുക, അഭിപ്രായമറിയിക്കുക
    🙂
    എന്നും സ്നേഹത്തോടെ
    ഉപാസന || സുപാസന

  2. ഒന്നാം ഭാഗത്തിന്റെയും, മറ്റു പുരാവൃതങ്ങളുടെയും, ആ കയ്യടക്കം; അത് ഇതില്‍ കാണാനില്ല……

  3. എത്താന്‍ അല്പം വയ്കി. മനോഹരമായിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വിശദമാക്കുന്ന ആ പതിവ് തെറ്റിച്ചില്ല.
    ആദ്യ പാരഗ്രാഫിലെ ആസ്ഥാനം “അസ്ഥാനം” അല്ലെ?
    ആശംസകള്‍.

  4. Thodakkam korachu izhanju. pakshe..

    “രവ്യേയ്… ഓടിവാടാ…”

    ..ithinushesham mone, pidicha kittoola…Kidilan.

  5. മിസ്റ്റര്‍ കെ : വരവിനും വായനക്കും നന്ദി.

    ദിലീപ് : കുറച്ചുകൂടി വിശദീകരിച്ചിരുന്നെങ്കില്‍ വിശദമായ മറുപടി തരാമായിരുന്നു. നന്ദി.

    അരുണ്‍ : ചിലരെ ഉപദ്രവിക്കണം എന്നു കരുതി ചെയ്യുന്നത് അവര്‍ക്ക് ഉപകാരമായി മാറാറില്ലേ. അതുതന്നെ ഇവിടെയും സംഭവിച്ചു.

    ഗന്ധര്‍‌വ്വരേ : 'ചെറിയ കാര്യങ്ങള്‍' എന്നു പറയാതെ ഭായ്. എന്റേത് വെറും സംഭവത്തെ മാത്രം കേന്ദ്രീകരിച്ചുള്ള എഴുത്തല്ല. നാടിനേയും അവിടത്തെ സിമ്പലുകളേയും ഉല്‍സവങ്ങളേയും പറ്റിയൊക്കെ എനിക്കു ചിത്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ്‌ അമ്പലവും, മൈതാനത്തെ പുളിമരവും ഒക്കെ പോസ്റ്റിലേക്കു കടന്നുവന്നത്. 🙂

    ഗോകുല്‍ : മുകളിലെ മറുപടി വായിക്കൂ. നന്ദി 🙂

    എല്ലാവര്‍ക്കും നന്ദി
    :-‌)
    ഉപാസന

  6. “നോക്കാം. പക്ഷേ കിട്ടാതിരിക്കാനാ സാദ്ധ്യത കുറവ്. എല്ലാ കൊല്ലോം കൊരട്ടിക്കാരല്ലേ നടത്താറ്”.-നമ്മൾ തൃശൂരുകാരുടെ സ്ലാങ്ങിന്റെ ഒരു പ്രത്യേകത! (ഹേയ്‌,അങ്ങ്‌ ട്‌ പോണ്ട ഗെഡീ. അവ്‌ ട്യൊക്കെ മഴ പയ്ത്‌ ആകെ നീറ്റായി കെട്‌ ക്കാ, )

അഭിപ്രായം എഴുതുക