കെ‌ബി‌ആർ കാതിക്കുടം – 1

“… ഏതൊരു ഗ്രാമത്തിലും വന്ദ്യവയോധികർ ഉണ്ടായിരിക്കും. വയസ്സന്മാരുണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. രോഗങ്ങളുണ്ടെങ്കിൽ അതിനോടു ബന്ധപ്പെട്ട അസ്വസ്ഥകളും ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു ഒരു ക്ലിനിക്കെങ്കിലും ഉണ്ടാകും. അല്ല ഉണ്ടാകുമെന്നല്ല… മറിച്ചു ഉണ്ടാകണമെന്നാണ്. കേരളത്തിലെ സകലഗ്രാമങ്ങളിലും അറ്റ്‌ലീസ്റ്റ് ഒരു ഹെല്‍ത്ത് ക്ലിനിക്കെങ്കിലും ഉണ്ടാകേണ്ടത് ആരോഗ്യസംരക്ഷണത്തിനു അത്യാന്തപേക്ഷമാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യമന്ത്രിയായത്…”

കാടുകുറ്റി പഞ്ചായത്തിൽ ആറാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന മെമ്പർ, പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് തോമസ് അവിടെവച്ചു പ്രസംഗം നിര്‍ത്തി. അദ്ദേഹം തികഞ്ഞ വാഗ്മിയാണ്. പ്രസംഗകലയിൽ പരിണതപ്രജ്ഞനും. എന്നിട്ടും വേദിയിൽ ഇരിക്കുന്നവരുടെ സഹായം തേടേണ്ടിവന്നു. അവരും കയ്യൊഴിഞ്ഞപ്പോൾ പ്രസംഗത്തിന്റെ റൂട്ടിൽ ചെറിയ മാറ്റം‌വരുത്തി. നടുലേശം പിന്നോട്ടുവളച്ചു ശബ്ദത്തിന്റെ തീവ്രത കൂട്ടി.

“ആരോഗ്യമന്ത്രി ആരായിരുന്നു എന്നതല്ല, മറിച്ച് ആരോഗ്യമെങ്ങനെയായിരുന്നു എന്നതാണ് മുഖ്യം. രോഗികളില്ലാതെ സര്‍ക്കാർ ആശുപത്രികളിലെ കട്ടിലുകളിൽ മൂട്ടകൾ താവളമടിച്ചെന്നതായിരുന്നു സത്യം. ഡോക്ടര്‍മാരാണെങ്കിലോ ഡ്യൂട്ടിക്കു വരുന്നത് ഒരു കുത്ത് ചീട്ടുമായിട്ടും…”

തോമസ് അരമണിക്കൂറോളം പിന്നേയും കത്തിക്കയറി. ഒടുക്കം ഉപസംഹരിച്ചു.

“അപ്പോൾ നമ്മുടെ ഈ അലോപ്പതി ക്ലിനിക് ഉല്‍ഘാടനം ചെയ്യാൻ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് മോഹനേട്ടനെ ഞാന്‍ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. അതിനുശേഷം ശ്രീനിവാസനും ഉല്‍ഘാടനം ചെയ്യുന്നതായിരിക്കും”

നാട്ടുകാര്‍ക്കു അതിൽ പുതുമയില്ലായിരുന്നു. കക്കാടിലെ എല്ലാ പരിപാടികളും ഇങ്ങിനെയാണ് നടക്കുക. കോണ്‍ഗ്രസില്‍‌നിന്നു വി.കെ.മോഹനനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍‌നിന്നു ശ്രീനിവാസനുമാണ് സകല ഉല്‍‌ഘാടനങ്ങള്‍ക്കും നാട മുറിക്കുക. തൃശൂർ മെഡിക്കൽകോളേജില്‍‌നിന്നു എംബിബി‌എസ് എടുത്ത, കക്കാടിലെ ആദ്യപട്ടാളക്കാരൻ കൊടുമ്പിള്ളി ഭാസ്കരന്റെ മകൻ, ദിനേശ് സ്വന്തം ഗ്രാമത്തിൽ ഒരു അലോപ്പതിക്ലിനിക് തുടങ്ങാൻ തീരുമാനമെടുത്തപ്പോൾ അതുവരെ തുടര്‍ന്ന ഉല്‍ഘാടന ചടങ്ങുകളുടെ ഘടനയിൽ മാറ്റംവരുത്തണമെന്നു കരുതിയതാണ്. കലാരംഗത്തെ ഏതെങ്കിലും പ്രഗല്‍ഭനെ കൊണ്ടുവരാനുള്ള ശ്രമം നാട്ടുകാരുടെ നിസ്സഹരണം മൂലം അദ്ദേഹത്തിനു മാറ്റിവക്കേണ്ടി വന്നു.

വെള്ളമുണ്ടും ഖദർ‌ഷർട്ടും ധരിച്ചു, കൈകൂപ്പി മോഹനേട്ടന്‍ വേദിയിലെത്തി.ചാലക്കുടി മണ്ഢലത്തിനു അകത്തും പുറത്തും അറിയപ്പെടുന്ന കോണ്‍‌ഗ്രസ് നേതാവാണു അദ്ദേഹം. സൌമ്യതയുടെ പ്രതീകം. സദസ്സിനു മുന്നില്‍നിന്നു തഴക്കംവന്ന അദ്ദേഹം മൈക്കുസ്റ്റാന്‍ഡിന്റെ ഉയരം തന്റേതിനു അനുപാതികമായി ക്രമീകരിച്ചു. മൈക്കിൽ ചൂണ്ടുവിരല്‍കൊണ്ടു കൊട്ടി.

“ഹലോ ടെസ്റ്റ്…”

പറഞ്ഞ വാക്കുകള്‍ക്കുപകരം കാതുതുളച്ചുകയറുന്ന ഉച്ചസ്ഥായിയിലുള്ള ശബ്ദം സ്പീക്കറിനെ ഭേദിച്ചു പുറത്തുവന്നു. ട്രയിന്‍ പുറപ്പെടുന്ന സമയത്തെ ചൂളം‌വിളി പോലൊന്ന്.

“കീ… കീ…കീ…”

ചെവിപൊത്തി മോഹനേട്ടൻ മൈക്കിനു മുന്നിൽ കുനിഞ്ഞു. വണങ്ങുന്നതാണെന്നേ സദസ്യര്‍ക്കു തോന്നൂ. ആരൊക്കെയോ ലൈറ്റ് & സൌണ്ട്സ് ഓപ്പറേറ്റര്‍ക്കായി ഒച്ചവച്ചു.

“രവ്യേയ്… ഓടിവാടാ”

‘കെബി‌ആർ ലൈറ്റ് & സൌണ്ട്സ്, കാതിക്കുടം‘ എന്ന സ്ഥാപനത്തിന്റെ മാനേജറായ കോക്കാടൻ രവി എസ്‌എന്‍‌ഡിപി സെന്ററിലെ സ്റ്റേജിനു കുറച്ചുദൂരം അകലെയുള്ള പരമുമാഷിന്റെ പീടികയിലായിരുന്നു. പീടികത്തിണ്ണയിൽ ചുരുണ്ടുകൂടിയവരുമായി ഭയങ്കര പുളുവടി. സ്പീക്കറില്‍നിന്നു ചൂളം‌വിളി ഉയര്‍ന്നപ്പോൾ അദ്ദേഹത്തിന്റെ ശ്രോതാക്കളിൽ പലരും അടുത്തെങ്ങും റെയില്‍‌വേട്രാക്ക് ഇല്ലെന്നു അറിയാമായിരുന്നിട്ടും, ഇനി തങ്ങളറിയാതെ എങ്ങാനും ട്രാക്ക് വലിച്ചിരിക്കുമോ എന്ന ശങ്കയിൽ, മുണ്ടു മടക്കിക്കുത്തി ഓടി. അത്ര ഒറിജിനാലിറ്റി. അത്യാവശ്യം മിനുങ്ങി തിണ്ണയില്‍ചാരി മയങ്ങുകയായിരുന്ന കുട്ടപ്പൻ‌ചേട്ടൻ‌ ഞെട്ടിയെഴുന്നേറ്റു പരിഭ്രാന്തനായി ചോദിച്ചു.

”പരമൂ ഞാനെവിട്യാടാ. കൊരട്ടി ട്രാക്കിലാ? എന്നെയൊന്ന് പിടിച്ചു കേറ്റ്യോ?”

കോക്കാടന്‍ രവിക്കുമാത്രം കാര്യങ്ങൾ മനസ്സിലായി. അദേഹം സന്തതസഹചാരിയായ പ്ലെയർ വായിൽ‌ കടിച്ചുപിടിച്ചു, ഇടതുകയ്യിൽ ഒരുകെട്ടു ഇലക്‍ട്രിക് വയർതൂക്കി വലതുകൈകൊണ്ടു അഴിഞ്ഞുപോയ മുണ്ട് വാരിപ്പിടിച്ചു സ്റ്റേജിനടുത്തേക്കു ഓടി. ഒരുപാടു ഉത്സവങ്ങൾക്കും മറ്റുപരിപാടികള്‍ക്കും ഇടയിൽ നാട്ടുകാര്‍ക്കു സുപരിതമായ കോക്കാടൻ സ്റ്റൈൽ ഓട്ടം. തന്റെ മരണപാച്ചിൽ നോക്കിനില്‍ക്കുന്ന എല്ലാവരേയും പോണപോക്കിൽ ആശ്വസിപ്പിക്കുകയും ചെയ്‌തു.

“നിങ്ങ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ”

സ്റ്റേജിനടുത്തെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ അദ്ദേഹത്തിന്റെ കൈകൾ തത്തിക്കളിച്ചു. പത്തു നിമിഷത്തിനുശേഷം സംതൃപ്‌തിയോടെ എഴുന്നേറ്റു. മോഹനേട്ടനു നേരെ ആഗ്യം കാണിച്ചു. എല്ലാം ഒകെ.

പ്രസിഡന്റ് മൈക്ക് വീണ്ടും ഓണാക്കി. “ഹലോ ടെസ്…”

മുഴുമിപ്പിക്കാന്‍ പറ്റിയില്ല. കുറച്ചകലെ വച്ചിരുന്ന വലിയ സെറ്റുകൾ കുലുങ്ങി. അതിനടുത്തിരുന്ന നാലുപേർ കസേരയോടൊപ്പം പിന്നോട്ടുമറിഞ്ഞു. രവി വീണ്ടും ഇലക്ട്രോണിക് ഉപകരണങ്ങളുമായി മല്‍പ്പിടുത്തം തുടങ്ങി. അതിനിടയിൽ പ്രസിഡന്റ് മോഹനൻ മഞ്ഞനിറമുള്ള റിബൺ അഴിച്ചുമാറ്റി കോണ്‍ഗ്രസിന്റെ മൂവര്‍ണനിറമുള്ള റിബ്ബൺ ഉപയോഗിച്ചു. നാട മുറിച്ചു. സദസ്സിലെ കോണ്‍ഗ്രസുകാർ കയ്യടിച്ചു.

“….. രാജ്യത്തിന്റെ അഖണ്ഢത ശക്തിപ്പെടുത്താനുള്ള സോണിയാജിയുടെ ശ്രമങ്ങള്‍ക്ക് ഈ ക്ലിനിക് ഒരു നിമിത്തമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു”

കുഴപ്പം മാറിയ മൈക്കിലൂടെ അടുത്ത അനൌണ്‍സ്‌മെന്റ് എത്തി. “അടുത്തത് ശ്രീനിവാസന്റെ ഊഴമാണ്…”

മോഹനേട്ടന്‍ മുറിച്ച മൂവര്‍ണറിബ്ബൺ ദൂരെയെറിഞ്ഞു, കക്കാടിന്റെ കമ്മ്യൂണിസ്റ്റ് പോക്കറ്റില്‍നിന്നു ചുവന്ന റിബ്ബൺ എടുത്തു. വാതിലിനു കുറുകെ ബന്ധിച്ചു അതു ഒറ്റവെട്ടിനു മുറിച്ചു. ഇങ്ക്വിലാബ് വിളികളാൽ അന്തരീക്ഷം മുഖരിതമായി. ബഹളം ഒട്ടൊന്നു ശമിച്ചപ്പോൾ ശ്രീനിവാസൻ മൈക്ക് കയ്യിലെടുത്തു.

“… അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വീടുപണി ചെയ്യാതെ നിസ്വവര്‍ഗത്തെ സേവിക്കാൻ തീരുമാനിച്ച ദിനേശന്റെ ക്ലിനിക് ഒരു വിജയമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു”

പരിപാടികൾ എല്ലാം ഗംഭീരമായി പര്യവസാനിച്ചു. എല്ലാവര്‍ക്കും നേട്ടമായിരുന്നു. കോക്കാടൻ രവിക്കു ഒഴികെ. അദ്ദേഹത്തിനു നഷ്ടം മുന്നൂറ് രൂപ. ലൈറ്റ് ആന്‍ഡ് സൌണ്ടുകാര്‍ക്കു പലപ്പോഴും കരാർ ഉറപ്പിച്ച പൈസ ആരും കൊടുക്കാറില്ല. കിട്ടിയതുകൊണ്ടു തൃപ്‌തിപ്പെടുന്ന സ്വഭാവക്കാരനായതിനാൽ രവി ആരോടും ശണ്ഠയ്‌ക്കു പോകാറുമില്ല.

“എനിക്ക് എല്ലാരും തരാനൊള്ള കുടിശിക കാശ് കൂട്ടിനോക്ക്യാ ഞാൻ ബോധം കെട്ടുവീഴും. കേക്കണോരും ബോധം കെടും. കാരണം അതു ലക്ഷങ്ങൾ കവിഞ്ഞേക്കാം ആന്റു”

പിറ്റേന്നു അന്തിക്കു, തീരദേശം ഷാപ്പില്‍വച്ചു കള്ളു മോന്തി ഫിറ്റാകുമ്പോൾ പതിവായി പറയാറുള്ള വാചകം കോക്കാടന്‍ അന്നും എല്ലാവരോടും പറഞ്ഞു. ആന്റണി താടിക്കു കൈകൊടുത്തു സമീപത്തിരുന്നു.

“ആരും പറഞ്ഞ കാശുതരാറില്ലാന്നു പറഞ്ഞാ വിശ്വസിക്കാമ്പറ്റില്ല രവീ. ചെലരെങ്കിലും കൊള്ളാവുന്നവരില്ലേ?”

“തീര്‍ച്ചായും ഇണ്ട്. പക്ഷേ എന്റെ അനുഭവത്തീ അവരും ഒരു പത്തുരൂപ കൊറച്ചേ തരാറൊള്ളൂ. അത് ഒരുമാതിരി പതിവായിപ്പോയി. ഇനി പറഞ്ഞട്ട് കാര്യല്ല“

“അങ്ങനാണെങ്കീ കാശ് നിനക്ക് അഡ്വാന്‍സായി വാങ്ങിച്ചൂടെ?”

മീന്‍‌ചാറ് നക്കി രവി പറ്റില്ലെന്നു ആഗ്യംകാട്ടി. “അഡ്വാന്‍സായി കാശു വാങ്ങ്യാ പിന്നെ എനിക്ക് പണിചെയ്യാന്‍ തോന്നില്ല ആന്റു. അതുവേറെ കാര്യം”

സംഭാഷണം നിര്‍ത്തി കോക്കാടൻ രവി എഴുന്നേറ്റു. കാശെണ്ണി കൊടുത്തു. ബെഞ്ചിൽ വച്ചിരുന്ന പ്ലെയർ എടുത്തു പോക്കറ്റിലിട്ടു. അതങ്ങിനെയാണ്, രവി എവിടെയുണ്ടോ അവിടെ പ്ലെയറും ഉണ്ടാകും. ഒന്നുകിൽ ഷര്‍ട്ടിന്റെ പോക്കറ്റിൽ. അല്ലെങ്കിൽ അരയിൽ മുണ്ടിനിടയിൽ. അദ്ദേഹം റോഡിലൂടെ നടന്നുപോകുമ്പോഴോ, സ്വന്തം ഓട്ടോയിൽ സഞ്ചരിക്കുമ്പോഴോ നാട്ടുകാർ വിളിച്ചു എന്തെങ്കിലും പണികൊടുക്കും. ഒന്നുകിൽ ഫ്യൂസ് കെട്ടുക അല്ലെങ്കിൽ മോട്ടോർ കണക്ഷൻ നോക്കുക അങ്ങിനെ ചെറുതും വലുതുമായ പണികൾ. എപ്പോഴാണ് മൊബൈലിലേക്കു വിളികൾ വരിക എന്നും പറയാൻ പറ്റില്ല. അതുകൊണ്ടാണ് പ്ലെയർ സദാസമയവും കൂടെ കരുതുന്നത്.

കാതിക്കുടം ഓസീന്‍ കമ്പനിക്കു സമീപം താമസിക്കുന്ന കോക്കാടൻ ഭാസ്‌കരന്റേയും കമലുവിന്റേയും മൂത്ത പുത്രനാണ് രവി എന്ന കോക്കാടൻ രവി. നാട്ടിലെ എണ്ണമറ്റ രവികളിൽ ഒരാൾ. കോക്കാടൻ എന്നു പറഞ്ഞാലേ നാട്ടുകാർ അറിയൂ. അദ്ദേഹത്തിന്റെ കമ്പം എന്നും ഇലക്‍ട്രിക്കൽ – ഇലക്ട്രോണിക് വിഷയങ്ങളിലായിരുന്നു. ഒന്നരവയസ്സുള്ളപ്പോൾ മുട്ടിൽ നീന്തുന്ന മകനു കളിക്കാനായി അച്‌ഛൻ കോക്കാടൻ ഭാസ്‌കരൻ കേടായ ഒരു റേഡിയോ നല്‍‌കിയെന്നും രണ്ടുമണിക്കൂറിനുള്ളിൽ കുട്ടിയായ രവി അതു നന്നാക്കി തിരികെ കൊടുത്തതുമാണ് അദ്ദേഹത്തെപറ്റി നാട്ടുകാര്‍ക്കുള്ള ആദ്യസ്‌മരണ. ആദ്യസ്മരണയെ കവച്ചുവക്കുന്നവ പിന്നീടും സംഭവിച്ചു. അതുകൊണ്ടുതന്നെ പത്താം ക്ലാസ് കഴിഞ്ഞു രവി ചാലക്കുടി ഐടിഐയിൽ ഇലക്ട്രിക്കൽ ട്രേഡിൽ ചേര്‍ന്നപ്പോൾ ആരും അല്‍‌ഭുതപ്പെട്ടില്ല. രവിക്കതു ചേരുമെന്നു എല്ലാവരും മനസിൽ പറഞ്ഞു.

ഐ‌ടി‌ഐയിൽ ചേരുമ്പോൾ രവിയുടെ ലക്ഷ്യം നാട്ടിൽ പണിയുന്ന ഗള്‍ഫുകാരുടെ വീട്ടിലെ വയറിങ്ങ് പണികളായിരുന്നു. കൂടാതെ ലൈന്‍‌മാൻ ഇല്ലാത്തതിനാൽ ധാരാളമായുള്ള കെ‌എസ്‌ഇബി വര്‍ക്കുകളും. അവയെല്ലാം തനിക്കു നിഷ്‌പ്രയാസം കിട്ടുമെന്നു അദ്ദേഹം കരുതി. അതു ശരിയായി ഭവിക്കുകയും ചെയ്യുമായിരുന്നു, സ്വന്തമായി ചെയ്‌ത ആദ്യത്തെ ജോലിയിൽ പറ്റിയ ഒരു അക്കിടി ഇല്ലായിരുന്നെങ്കിൽ.

കാതിക്കുടം ഗവണ്‍‌മെന്റ് ആശുപത്രിക്കു സമീപത്തുനിന്നു കക്കാട് അയ്യങ്കോവ് അമ്പലത്തിനടുത്തേക്കു താമസം മാറിയെത്തിയതായിരുന്നു മൊട്ട ഇട്ടൂപ്പ്. പേരുപോലെ തലയിൽ ഒറ്റപ്പൂടയില്ല. താമസം മാറാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല. വെറുതെയിരിക്കുമ്പോൾ ഇടവക മാറാൻ തോന്നി. കക്കാടിലെത്തിയാൽ കൊരട്ടി ഇടവകയാകും. കൊരട്ടിപ്പള്ളിയാണെങ്കിൽ കേരളത്തിലെതന്നെ പ്രശസ്‌ത തീര്‍‌ത്ഥാടന കേന്ദ്രവുമാണ്. കക്കാടിലെത്തിയ ഇട്ടൂപ്പ് ആദ്യം പുതിയൊരു വീട് പണികഴിപ്പിച്ചു. കണ്ണാമ്പലത്തുവീട്ടിൽ അജിതന്റെ വീടിനോടു ചേർന്ന കല്ലുവെട്ടുകുഴിയിൽനിന്നു ചോരനിറമുള്ള ചെങ്കല്ലുവെട്ടി, കൽ‌പ്പണിക്കാരൻ പ്രഭാകരൻ പണിത കിണ്ണൻ വീട്. അതിന്റെ വയറിങ്ങ് പണി കോക്കാടന്‍ രവിക്കു കൊടുക്കാൻ ഇട്ടൂപ്പിനോട് ശുപാർശ ചെയ്തത് അജിതന്റെ ചേട്ടൻ പുരുഷോത്തമനായിരുന്നു. കമ്പനിപ്പടിക്കല്‍വച്ചു സൈക്കിളിൽ വരികയായിരുന്ന ഇട്ടൂപ്പിനെ പുരുഷോത്തമൻ വിളിച്ചു.

“ഡാ ഇട്ടൂ“

അസാരം തിരക്കിലായിരുന്നെങ്കിലും ഇട്ടൂപ്പ് നിന്നു. വിളിക്കുന്നത് കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമൻ ആണ്. ചെന്നില്ലെങ്കിൽ പിശകാവും. ഇട്ടൂപ്പ് തലേക്കെട്ട് അഴിച്ചു ഭവ്യനായി നിന്നു. പുരുഷു സിനിമയിൽ അഭിനയിക്കണമെന്ന കാര്യം മുതൽ പുല്ലാനിത്തോട്ടിൽ ചൂണ്ടയിടരുതെന്നു വരെയുള്ള അനവധി ഉപദേശങ്ങൾ ഇട്ടൂപ്പിനു കൊടുത്തു. അദ്ദേഹം അതുമുഴുവൻ തലയാട്ടി കേട്ടു. കോക്കാടനു വർക്കു കൊടുക്കാൻ പറഞ്ഞപ്പോൾ മാത്രം തലയാട്ടിയില്ല. അപ്പോൾ പുരുഷു ചെവിക്കു പിടിച്ചു ആട്ടിച്ചു. അങ്ങിനെ എല്ലാ തടസങ്ങളും നീങ്ങി.

പിറ്റേന്നു രാവിലെ അയ്യങ്കോവ് ശാസ്‌താവിനു തേങ്ങയടിച്ചു കോക്കാടൻ പണിക്കു കയറി. പ്ലാൻ വരച്ചു, അതിനനുസരിച്ചു ചെങ്കല്ലു കുത്തിപ്പൊളിച്ചു. പിവിസി പൈപ്പിലൂടെ വയർ വലിച്ചു സിമന്റടിച്ചു. സ്വിച്ചുകളും പ്ലഗ്ഗുകളും സജ്ജീകരിച്ചു. ശരിക്കു ചെയ്‌താൽ മൂന്നാഴ്ചസമയത്തെ പണിയേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും രവി ഒരു മാസമെടുത്തു. ഒടുക്കം പണി പൂര്‍ത്തിയാക്കി, മെയിന്‍സ്വിച്ച് ഓൺ ചെയ്തപ്പോൾ വീട് പ്രഭാപൂരിതമായത് ബള്‍ബ് കത്തിയതുകൊണ്ടായിരുന്നില്ല, വയറുകത്തിയതു കൊണ്ടായിരുന്നു. പിവിസി പൈപ്പ് പോയവഴിയൊക്കെ വിണ്ടുകീറി. അപൂര്‍വ്വം സ്ഥലങ്ങളിൽ ചെങ്കല്ലും പൊട്ടിത്തെറിച്ചു. ഫലം. നാട്ടുകാരുടെ വര്‍ക്കുമില്ല, കെ‌എസ്‌ഇ‌ബി വര്‍ക്കുമില്ല. പുരുഷോത്തമനാണെങ്കിൽ അണ്ടർഗ്രൌണ്ടിലും പോയി.

ആഴ്‌ച ഒന്നു കഴിഞ്ഞപ്പോൾ പുരുഷുവിന്റെ നല്ലപാതി തീരദേശം പാടത്തുനിന്നു വരുന്ന കാറ്റേറ്റു പായയിൽ കിടക്കുകയായിരുന്ന രവിയോടു ചോദിച്ചു. “അങ്ങേര് എവിടാന്ന് ഒന്ന് പറേടാ രവീ. ഇത്ര നാളായില്ലേ?”

കോക്കാടന്‍ പായയിൽ തിരിഞ്ഞുകിടന്നു. ശരീരവേദന ശമിച്ചിരുന്നില്ല. “ഉഷേച്ചി ആള് അപ്പറത്ത്ണ്ട്. പോയി കണ്ടോ”

അപ്പുറത്തു കോലായിലെത്തി കരച്ചിലും പിഴിച്ചിലും നടത്തി നല്ലപാതി തിരിച്ചെത്തി. രവിയോടു അന്വേഷിച്ചു. “നീയിനി ഈ പണിക്ക് പോണില്ലേ?”

രവിയൊന്നും മിണ്ടിയില്ല. അതേ കിടപ്പിൽ കിടന്നു പലതും ആലോചിച്ചു. ഒരു ആഴ്‌ചയോളം ആലോചിച്ചു. ഒടുക്കം വഴി തെളിഞ്ഞുവന്നു. സ്വന്തമായി ഒരു ലൈറ്റ് & സൌണ്ട്സ് സ്ഥാപനം തുടങ്ങുക. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വേണ്ടപ്പെട്ടവരുമായുള്ള കൂടിയാലോചിച്ചു. തീരുമാനത്തിലെത്തി. ഒരു മാസത്തിനുള്ളിൽ കാതിക്കുടം ജംങ്‌ഷനിൽ തെക്കൂട്ട് സുബ്രന്റെ പലചരക്കുകടക്കു സമീപമുള്ള ചെറിയ മുറി വാടകക്കെടുത്തു പ്രവർത്തനം ആരംഭിച്ചു. കടയുടെ ഉച്ചിയിൽ ബോർഡ് തൂക്കി.

“കോക്കാടൻ ഭാസ്കരൻ രവി Alias കെ‌ബി‌ആർ കാതിക്കുടം”

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

21 replies

 1. കോക്കാടന് രവിക്കുമാത്രം കാര്യങ്ങള്‍ മനസ്സിലായി. അദേഹം സന്തതസഹചാരിയായ പ്ലെയര്‍ വായില് കടിച്ചുപിടിച്ചു. ഇടതുകയ്യില്‍ ഒരുകെട്ടു ഇലക്ട്രി ക് വയറും തൂക്കി വലതുകൈകൊണ്ടു അഴിഞ്ഞുപോയ മുണ്ട് വാരിപ്പിടിച്ചു സ്റ്റേജിനടുത്തേക്കു ഓടി. ഒരുപാട് ഉത്സവങ്ങളും മറ്റുപരിപാടികള്ക്കും ഇടയില്‍ നാട്ടുകാര്ക്ക്ക സുപരിതമായ കോക്കാടന്‍ സ്റ്റൈല്‍ ഓട്ടം. തന്റെ മരണപാച്ചില് നോക്കിനില്ക്കുകന്ന എല്ലാവരേയും പോണപോക്കില് അദ്ദേഹം പ്രയാസപ്പെട്ടു ആശ്വസിപ്പിക്കുകയും ചെയ്‌തു.

  “ഇരുന്നോ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ”

  പുരാവൃത്തങ്ങളിൽ ഇത്തവണ കോക്കാടൻ രവി. വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനിൽ || ഉപാസന

  Like

 2. ഹ ഹ……… 🙂
  അതെന്താ ആ വയറു കത്തി ചുമര് കീരിയതിന്റെ രഹസ്യം?

  Like

 3. രഹസ്യം : വയറിംഗ് പണി ശരിക്കു അറിയണം 🙂

  Like

 4. ഹഹഹ… അതു കൊള്ളാം.

  Like

 5. “ഇരുന്നോ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ”

  Like

 6. Gollaam!!! ee part part ayi idunnathennathina…orumichitta elupparkku 🙂

  Like

 7. @ ഗോകുൽ

  ഒരുമിച്ചു പബ്ലിഷ് ചെയ്താൽ വായനക്കാർ ഗണ്യമായി കുറയും. നന്ദി
  🙂
  ഉപാസന

  Like

 8. എന്നത്തേം പോലെ കലക്കി 🙂
  ഇതൊക്കെ കൂടെ ഒരു ബുക്ക്‌ ആക്കി ഇറക്കണം !

  Like

 9. രവി ആളൊരു സംഭവം തന്നെ…എന്നാലും വയറിംഗ് കത്തി പോകാന്‍ എന്താരിക്കും കാരണം..
  പ്ളെയറാണെ സത്യം ഏതോ താല്‍പ്പര കക്ഷികള്‍ രവിക്ക് കിണ്ണന്‍ പണി കൊടുത്തതാ…അതെ അതായിരിക്കും സത്യം..

  Like

 10. ഇരുന്നോ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ..
  കുതിരവട്ടം പപ്പു പറയുന്ന പോലെ..ഇപ്പ ശര്യാക്കാം..

  Like

 11. ഒന്നരവയസ്സുള്ളപ്പോള് മുട്ടില്‍ നീന്തുന്ന മകനു കളിക്കാനായി അച്‌ഛന് കോക്കാടന്‍ ഭാസ്‌കരന് കേടായ ഒരു റേഡിയോ നല്‍‌കിയെന്നും രണ്ടുമണിക്കൂറിനുള്ളില് കുട്ടിയായ രവി അതു നന്നാക്കി തിരികെ കൊടുത്തെന്നുമാണ് അദ്ദേഹത്തെ പറ്റി നാട്ടുകാര്ക്കു്ള്ള ആദ്യസ്മരണ
  പതിവ് പോലെ ഗംഭീര വര്‍ണനകള്‍.. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. വലിയ ഗാപ്പില്ലാതെ പോസ്റ്റുമല്ലോ 🙂 ആശംസകള്‍!!

  Like

 12. @ ജുനൈദ്

  ഇതൊക്കെ പപ്പു പറഞ്ഞിട്ടു വേണോ ജുനൈദ്. നമ്മുടെ നാട്ടിൻ‌പുറങ്ങളിൽ ഇതുപോലുള്ള എത്രയോ ‘വിറ്റു’കൾ കേൾക്കാൻ കിട്ടും.

  നന്ദി
  🙂

  Like

 13. കഥയാണെന്ന് തോന്നില്ല-അത്ര റിയലിസ്റ്റിക് ആയ വിവരണം.നന്നായി.

  Like

 14. കൊരട്ടി അങ്ങാടി റെയില്‌വേ സ്റ്റേഷന്‍ ഒക്കെ ചെറുപ്പത്തിലേ പരിചയം ഉള്ളതാ ആദ്യം അവിടന്നു ട്രെയിന്‍ കയറുമ്പോള്‍ അതിന്റെ ആദ്യത്തെ പാലത്തില്‍ നിന്നും അതു മറിയുമെന്നും എന്റെ അവസാന യാത്രയായിരിക്കും എന്നു വിചാരിച്ചു കണ്ണടച്ചു നിന്നതോര്‍മ്മിപ്പിച്ചു. അവസാനം അങ്കമാലിയില്‍ എത്തിയിട്ടാണു കണ്ണു തുറന്നു നോക്കിയത്‌

  Like

 15. “ഇരുന്നോ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ”

  .. ennaal pOratte.

  Like

 16. നമ്മുക്ക് ഇതൊക്കെ പപ്പു പറഞ്ഞു തന്നെ കേള്‍ക്കണം…ഇവിടെ മുഴുവനും അച്ചടി മലയാളമല്ലേ ഭായ് , അങ്ങേയറ്റം പോയാല്‍ 'എന്നാത്തിനാ' എന്നൊന്ന് കേള്‍ക്കാം എന്നല്ലാതെ..

  Like

 17. valare nannayi paranjirikkunnu… abhinandanangal……..

  Like

 18. പരിയാരത്തെത്ത്യപോളേണ്ട്..

  ഈ ഭാഷ 🙂

  Like

 19. കൊള്ളാം സുനിലെ നന്നായി രസിച്ചു.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: