മലബാര്‍ ഉസ്‌താദ് – 3

ശ്രദ്ധിക്കുക: മുന്‍‌പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്.

ഉസ്താദ് കുറ്റിബീഡി നിലത്തിട്ടു. മര്യാദാമുക്കിലെ മര്യാദക്കാരാകെ ഉഷാറായി. ഇതാ മറ്റൊരു മലബാർ പുരാവൃത്തം ചുരുളഴിയാന്‍ പോകുന്നു.

ഉസ്‌താദ് കൈകൾ അന്തരീക്ഷത്തിൽ പായിച്ച് വിവരണം ആരംഭിച്ചു.

“അന്ന് ഞാൻ ജോലി ചെയ്യണത് മറയൂരിലായിരുന്നു. ചന്ദനം മക്കണ സ്ഥലത്തൊന്ന്വല്ല. അവടന്നും കൊറേ പോണം. ഞാനാണെങ്കി തടിവെട്ട് തുടങ്ങീട്ടന്ന് കൊറച്ച് നാളാ ആയിട്ടുള്ളൂ. എല്ലാം പഠിച്ച് വരണ സമയം. അതിനെടക്കൊരു ദെവസം അത്യാവശ്യായി എനിക്ക് വയനാട്ടീ പോവണ്ടിവന്നു. എന്റെ ആശാന്റെ ഗ്യാങ്ങിലെ ഒരു റാവുത്തറെ ഏതോ റേഞ്ചർ വെടിവച്ചൂന്ന്. അപ്പോ അതിന്റെ ചൊമതല എന്റെ തലേലായി“

ഏത് റാവുത്തറാണെനു അപ്പുക്കുട്ടനു മനസ്സിലായി. വെടിവച്ചത് പിള്ള തന്നെ. ഉസ്‌താദ് തുടര്‍ന്നു.

“ഞാൻ അപ്പത്തന്നെ കെട്ടും ഭാണ്ഢോം മുറുക്കി. പോവാന്‍ നേരം ആശാന്റെ വലം‌കൈയായ ഒരു തമിഴൻ എന്റെ ടെന്റീവന്ന് ആശാൻ വിളിക്കണെന്ന് പറഞ്ഞു. ഒരു സ്ഥലത്തേക്ക് പോവാനെറങ്ങുമ്പോ ആരെങ്കിലും പിന്നീന്ന് വിളിക്കണത് എനിക്കിഷ്‌ടല്ല. പക്ഷേ ഇവടെ സംഗതി വേറാണല്ലാ. അതോണ്ട് കാര്യാക്കീല്ല്യ. ഞാൻ ചെല്ലുമ്പോ ആശാൻ ഒരു കൈത്തോക്ക് പോളീഷ് ചെയ്‌തോണ്ടിരിക്കാ. മോത്താണെങ്കി ഭയങ്കര ടെന്‍‌ഷനും. എന്നെ ഉള്ളീക്കേറ്റീട്ട് കൂടെവന്നവൻ അവന്റെ പാട്ടിനുപോയി. ഞാന്‍ പേടിച്ചു, നമ്മളെ എങ്ങാനും കാച്ചാനാണോ പോണേന്ന് വിചാരിച്ച്. പക്ഷേ അങ്ങനൊന്ന്വല്ലായിരുന്നു. ആശാൻ എന്റെ തോളത്ത് പിടിച്ച് ശക്ത്യായിട്ടു ഒലച്ചു. പിന്നെ പറയാ”“രാഘവാ സൂക്ഷിക്കണം. പോണത് വയനാട്ടീക്കാ. ഇപ്പോ അവടത്തെ റേഞ്ചർ എം.ജി.പി പിള്ളയാ. ഷാർപ്പ് ഷൂട്ടർന്നു പറഞ്ഞാ അതാ പിള്ള. ആരേം കൂട്ടാക്കൂലാ. ഡിഎഫോടെ സൊന്തം ആള്“

നാട്ടിൽ സുപരിചിതനായ പിള്ളയുടെ അതുവരെ കണ്ടിട്ടില്ലാത്ത മുഖം ഉസ്‌താദ് വരച്ചുവച്ചപ്പോൾ മര്യാദാമുക്കാകെ ഉദ്വോഗത്തിലായി.

“ഉസ്‌താദിനപ്പോ പറയാർന്നില്ലേ. നിങ്ങ ഒരേ നാട്ടാരാന്ന്”

“അതെങ്ങനെ. നമ്മടെ പിള്ളയാ ഈ പിള്ളാന്ന് എനിക്കപ്പ കത്തീല്യാന്ന്”

“ഓ അങ്ങനെ. എന്നട്ട്…”

ഉസ്‌താദ് തുടര്‍ന്നു. “പിള്ളേനെപ്പറ്റി മുന്നറിയിപ്പ് തന്നട്ട് ആശാൻ കയ്യിലെ കൈത്തോക്ക് എനിക്ക് തന്നു. ഒട്ടും രക്ഷേല്ലെങ്കി കാച്ചീക്കോളാനും പറഞ്ഞു. എനിക്കങ്ങട് രോമാഞ്ചായി. ഒന്ന് വെടിവക്കാൻ എത്രനാളായ്‌ന്നറിയോ ആശിക്കണേ”

ആശാന്‍‌കുട്ടിക്കു സംശയം. “തോക്കല്ലാണ്ട് വേറെന്തെങ്കിലും ആയുധം?”

ഉസ്താദ് വീട്ടിലുള്ള മലപ്പുറം കത്തിയെപ്പറ്റി സൂചിപ്പിച്ചു. “ആ കത്തി പണ്ടേ എന്റേലൊള്ളതാ”

ആശാന്‍ സമ്മതിച്ചു. “വയനാട്ടീ പോയിട്ട്…”

“പോയത് ലോറീലാ. അതാണെങ്കി പാതിവഴീ കുഴീച്ചാടി. വേറൊരു ലോറിക്ക് സൈഡ് കൊട്ത്തപ്പോ മണ്ണിടിഞ്ഞതാ. ആദ്യം എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചു. ഞങ്ങ നിന്ന റോഡിന്റെ ഒരു സൈഡില് ചെറിയൊരു കൊക്കേം മറ്റേ സൈഡില്‍ നല്ല പൊക്കോള്ള മലേമായിരുന്നു. ഒന്നും ചെയ്യാമ്പറ്റിയില്ല. അവടെത്തന്നെ നിന്നു. അതിനെടക്ക് ഒരു ജീപ്പ് വന്നപ്പോ ഒരാള് അതീക്കേറിപ്പോയി. ടൌണീന്ന് ക്രെയിൻ വിളിച്ചോണ്ടുവരാൻ. വണ്ടി പൊക്കണ്ടെ”

കാടിനെപ്പറ്റി പിള്ള നടത്താറുള്ളതിനേക്കാളും രസകരമായ വിവരണത്തിൽ അപ്പുക്കുട്ടൻ ആകൃഷ്ടനായി.

“ഞങ്ങളങ്ങനെ ഒരു രാത്രി മുഴുവൻ അവടെ, ആ റോഡ്‌സൈഡീ, വെയ്‌റ്റ് ചെയ്‌തു. മുഴുവൻ സമയോം വണ്ടീത്തന്നെ. അപ്പഴൊക്കെ നല്ല മഴേം. ആദ്യൊക്കെ രസായി തോന്നി. പക്ഷേ വയനാട്ടീ അതുപോലത്തെ മഴേനെ എല്ലാർക്കും പേട്യാ. കാരണം മലമോളീന്ന് വെള്ളറങ്ങും. ഞങ്ങടെ വണ്ടി കെടക്കണടത്തേക്കു തലേന്ന് രാത്രിമൊതലേ, മോളീന്ന് ചെറിയ അരുവിപോലെ ഒരു നീർച്ചാല് ഒഴുകണ്ടായിരുന്നു. ആദ്യം വിട്ട്കളഞ്ഞെങ്കിലും പിന്നെ അതൊരു പ്രശ്നായേക്കാന്ന് എനിക്ക് തോന്നി. അപ്പൊ മഴക്കോട്ടിട്ട് വണ്ടീടടത്തൂന്ന് നീങ്ങിനിന്നു. ഒരു ഇല്ലിക്കാടിന്റെ അടീലാ നിന്നെ. അപ്പ ദേ വേറൊരു ജീപ്പ് വരണ്. ഭയങ്കര സ്പീഡില്. ടൌണീപ്പോണ വണ്ട്യാണെങ്കി കേറാലോന്നു വച്ച് ഞാൻ കൈകാണിച്ചു. നിർത്താനൊള്ള ഭാവല്ല്യെന്ന് തോന്നീപ്പോ രണ്ടുംകയ്യും വിടർത്തി റോഡിലേക്കെറങ്ങി. പക്ഷേ വണ്ടി അടുത്ത് വന്നപ്പഴാ അറിഞ്ഞെ, അത് ഫോറസ്റ്റ് ജീപ്പാന്ന്. അതിന്റുള്ളീ കോട്ടും തൊപ്പീംവച്ച് ഇരിക്കണതോ… നമ്മടെ പ്രഭാകരനും!“

റേഞ്ചർ വിവരണത്തിലേക്കു തലനീട്ടി.

“പ്രഭേടെ ചുണ്ടില് ഒരു കാജബീഡീണ്ടായിരുന്നു. ഇന്നത്തെ മാതിരി അന്നും പുള്ളി കാജ മാത്രേ വലിക്കൂ. കാരണെന്താന്ന് നിനക്കറിയോ?“

“അറിയാം. കാജക്കാണ് കാശ് കൊറവ്”

ഉസ്താദ് തലയാട്ടി. “അതന്നെ. ഏതാണ്ട് പത്തുപൈസ കൊടുത്താ രണ്ടുമൂന്നെണ്ണം കിട്ടും. അന്ന് എന്റേം ഫേവറൈറ്റ് കാജ്യാ. അന്നേരത്തെ തണുപ്പും മഴേം ഒക്കെക്കൂടിയായപ്പോ എനിക്കൊന്ന് വലിക്കാൻ തോന്നി. ഒരു സൊകം കിട്ടും. പക്ഷേ, നാട്ടിലെ പരിചയംവച്ച് ചോദിച്ചപ്പോ, പുള്ളി തന്നില്ലാന്ന് മാത്രല്ല എന്നോട് മെക്കിട്ട് കേറേം ചെയ്തു, ഞാന്‍ ചന്ദനം കടത്താൻ വന്നതാന്നും പറഞ്ഞൂണ്ട്. വയനാട്ടീ ചന്ദനൊണ്ടോന്നും കൂടി എനിക്കറീല്ല്യ. പുള്ളിക്കും അറിയില്ലാന്നു പിന്ന്യാ മനസ്സിലായെ“

അപ്പുക്കുട്ടന്‍ അസ്വസ്ഥത ഭാവിച്ചു. കഥാപാത്രങ്ങൾ എല്ലാം രംഗപ്രവേശനം ചെയ്തു കഴിഞ്ഞു. എന്നിട്ടും കാര്യങ്ങൾ നീങ്ങുന്നില്ലല്ലോ. “രാഘവേട്ടാ പോയിന്റിലേക്ക് വാ”

“വരാണ് വരാണ്. തെരക്ക് പിടിക്കാണ്ടിരി. എല്ലാം പറേണ്ടേ” ഉസ്‌താദ് ചിരിച്ചു. അരമിനിറ്റ് ദൈര്‍ഘ്യമുള്ള ചിരി.

“ഞാന്‍ പ്രഭാകരനോട് ബീഡി ചോദിച്ചു. തന്നില്ല. പുള്ളി വല്യ ജാഢകാണിച്ച് വണ്ടീടെ അടീലൊക്കെ കെടന്ന് പരിശോധന നടത്തി. അപ്പഴാ എനിക്കൊര് ശങ്ക തോന്ന്യെ. ഇന്നലെരാത്രി ചെറിയ നീർച്ചോല മാത്രായിരുന്ന ആ വെള്ളപ്പാച്ചിലിനിപ്പോ കൊറച്ച് ഫോഴ്‌സില്ലേന്ന്!. ഞാനിത് പ്രഭാകരനോട് പറഞ്ഞതും പുള്ളി പേടിച്ചു. വണ്ടീടെ അടുത്തൂന്ന് മാറി ഇല്ലിക്കാടിനടുത്തുവന്നു. പിന്നെ വണ്ടീടെ പേപ്പറൊക്കെ നോക്കാന്‍ തൊടങ്ങി. ഒരുമിനിറ്റേ കഴിഞ്ഞൊള്ളൂ. തവിട്ടു നെറത്തിലൊരു ഹുങ്കാരംവന്ന് വണ്ടീനെ എടുത്തോണ്ടോയി. വല്യ വല്യ പാറേക്കെ ആ ഉരുൾ‌പൊട്ടലിലിണ്ടാർന്നു”

അപ്പുക്കുട്ടന്‍ സംശയം ചോദിച്ചു. “അപ്പോ രാഘവേട്ടന്‍ പറഞ്ഞു പിള്ളേനെ രക്ഷിച്ചൂന്ന്”

“അതല്ലേ ഇപ്പോ പറഞ്ഞെ“

“എപ്പോ പറഞ്ഞു?”

“ഉരുള്‍‌പൊട്ടലിണ്ടാവൂന്ന് തോന്ന്യപ്പോ ഞാനാ പ്രഭാകരനെ വിളിച്ച് മാറ്റിനിർത്ത്യത്. അത് രക്ഷിക്കലല്ലേ?”

അപ്പുക്കുട്ടനു സംഗതികൾ മനസ്സിലായി. അമിതപ്രതീക്ഷയാണു വിനയായത്.

ക്ലൈമാക്‍സ് ഏശിയില്ലെന്നു തോന്നിയ ഉസ്‌താദ് വീണ്ടും വിശദീകരിക്കാൻ ആഞ്ഞു. അപ്പോൾ ഇളയമകന്‍ അടുത്തേക്കു വരുന്നതു കണ്ടു. ഉദാസീനമായി ചോദിച്ചു. “എന്താടാ ജയാ”

“നേരം ആറര കഴിഞ്ഞു. ഒരു വാൾ എത്തീട്ടില്ല!”

പറഞ്ഞതു കേട്ടെങ്കിലും ഉസ്താദ് ആവർത്തിച്ചു ചോദിച്ചു. “ഏ എന്തൂട്ടാ നീ പറഞ്ഞെ?”

“ഒരു വാൾ എത്തീട്ടില്ലാന്ന്. നേരം കൊറേയില്ലേ”

“ഫ്‌ഭാ! രാഘവന്റെ വാളുമ്മേണോ കളി” ഉസ്താദ് ചൂടായി. “ആരാടാ കൊണ്ടോയെ?”

“ദേവരാജന്‍ ചേട്ടനാ”

നാട്ടിലെ മരം‌വെട്ടുകാരിൽ ഉസ്താദിന്റെ അംഗീകാരവും നല്ല സര്‍ട്ടിഫിക്കേറ്റുമുള്ള ഒരേയൊരാളാണ് തൈക്കൂട്ടത്തു താമസിക്കുന്ന ദേവരാജന്‍. ആഴ്ചയിൽ പത്തുതവണയെങ്കിലും അദ്ദേഹം വാൾ ആവശ്യപ്പെട്ടു വരും. നന്നായി മരമറിഞ്ഞു അറക്കാനും പല്ലുകൾ വളയാതെ സൂക്ഷിക്കാനും കേമൻ. ഇന്നുവരെ കൃത്യസമയത്തു തിരിച്ചെത്തിക്കുന്നതിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല. അതുകൊണ്ടു ഉസ്‌താദ് തണുത്തു. എന്നിട്ടും വെറുതെയിരുന്നില്ല. മകനോടു പറഞ്ഞു.

“ജോബീനെ വിളീടാ. എനിക്കൊന്നു പോയിനോക്കണം”

പത്തുമിനിറ്റിനുള്ളിൽ കണ്ണമ്പിള്ളി ജോബിയുടെ ഓട്ടോ കുലുക്കത്തോടെ വന്നുനിന്നു. പെട്രോളിനു വിലകൂട്ടിയതോടെ ജോബി ഡീസൽഎന്‍‌ജിനുള്ള പുതിയ ഓട്ടോ വാങ്ങിയിരുന്നു. പേരു പഴയതുതന്നെ. കണ്ണമ്പിള്ളി എന്നു. ഡീസൽഎഞ്ചിന്റെ ഇരമ്പൽ കേട്ട് ഉസ്താദ് ആശങ്കപ്പെട്ടു.

“ഇതിലിരുന്നാ എനിക്കെന്തേലും പറ്റ്വോടാ ഔസേപ്പേ?”

മിനുങ്ങി വാമായാൽ‌പിന്നെ ഉസ്‌താദ് നാട്ടിലെ എല്ലാ ഇളമുറക്കാരുടേയും പേരു മറക്കും. പിന്നെ അവരുടെ പിതാക്കന്മാരുടെ പേരേ വിളിക്കൂ. ജോബി പ്രോത്സാഹിപ്പിച്ചു.

“രാഘവേട്ടൻ കേറ്യെ. ഇത്തിരി കുലുങ്ങുന്നേള്ളൂ. ഇവന് ഭയങ്കര ചുറുചുറുക്കാ”

ജോബി ഓട്ടോ കത്തിച്ചുവിട്ടു. ഗോഡ്‌ഫാദർ സിനിമയിൽ അഞ്ഞൂറാൻ ജീപ്പിലിരിക്കുന്ന പോസിൽ ഉസ്‌താദ് മീശപിരിച്ചു അക്ഷമനായി പിന്നിലിരുന്നു. അഞ്ചുമിനിറ്റിനുള്ളിൽ വണ്ടി പനമ്പിള്ളിക്കടവിനടുത്തെത്തി. അവിടെ പുഴയോടു ചേർന്നു ചെറിയ പൂരത്തിനുള്ള ആളുകൾ. പുഴയിലേക്കു ചരിഞ്ഞു, വലിയ ശിഖരങ്ങളുള്ള ഒരു കൂറ്റന്‍ വൃക്ഷം നിൽക്കുന്നു. അതു മുറിക്കുന്ന തന്ത്രപ്പാടിലാണ് എല്ലാവരുടേയും ശ്രദ്ധ. മരം നിറഞ്ഞൊഴുകുന്ന പുഴയിലേക്കാണ് ആഞ്ഞുനിൽക്കുന്നത്. കരയിൽ വീഴില്ലെന്നത് സുനിശ്ചിതം.

ഉസ്താദിനെ കണ്ടപ്പോൾ ജനക്കൂട്ടം വഴികൊടുത്തു മാറിനിന്നു. തടിയുടെ അടിവേരു മഴു ഉപയോഗിച്ചു മുറിക്കുകയായിരുന്ന ദേവരാജൻ ‘മലബാർ ഉസ്താദ്‘ രാഘവനെ കണ്ടപ്പോൾ തലേക്കെട്ട് അഴിച്ചു. ഉസ്താദ് സ്ഥലംഉടമ പാച്ചന്‍ മേനോനോട് അന്വേഷിച്ചു.

“ഇതെന്തിനാ മേന്‌നെ വെട്ടണെ. ഒരു ചുക്കിനും കൊള്ളാത്ത തടി. അടുപ്പില് വേണങ്കി വക്കാം. ഇതിവിടെ നിന്നെങ്കി പൊഴേലേക്ക് മണ്ണിടിയില്ലായിരുന്നു. ഇനീപ്പോ കരിങ്കല്ലിട്ടു കെട്ടീല്ലെങ്കി ഓരോ വർഷകാലത്തും പൊഴ മണ്ണ് വാരിക്കൊണ്ടോവില്ലേ?”

പാച്ചന്‍ മേനോൻ വിശദീകരിച്ചു. “ഇവടെ ഒരു ചെറിയ കടവ് കെട്ടാന്‍ പോവാ രാഘവേട്ടാ. അതാ വെട്ടാന്‍ തീരുമാനിച്ചെ”

“ഒരുപാട് പേര്ണ്ടാവോ കുളിക്കാൻ?”

പാച്ചൻ മേനോൻ ചുമൽ വെട്ടിച്ചു. “ ഏയ്. ശ്രീക്കുട്ടൻ മാത്രം“

പനമ്പിള്ളിക്കടവിനടുത്തു താമസിക്കുന്ന പാച്ചന്‍മേനോന്റെ അനിയനാണ് ശ്രീക്കുട്ടൻ. ജനിച്ചതിനുശേഷം അഞ്ചോ ആറോ തവണയേ അദ്ദേഹം കിണറുവെള്ളത്തിൽ കുളിച്ചിട്ടുള്ളൂ. വളരുന്തോറും പുഴവെള്ളത്തോടുള്ള അഭിനിവേശവും കൂടിക്കൂടി വന്നു. കാലത്തും വൈകിട്ടും തേവാരം പനമ്പിള്ളിക്കടവിലായി. എപ്പോഴൊക്കെ വെള്ളം മാറി കുളിച്ചിട്ടുണ്ടോ അപ്പോഴൊക്കെ എയി‌ഡ്‌സും ക്യാൻസറും ഒഴിച്ചുള്ള ഒട്ടുമിക്ക മാരകരോഗങ്ങളും അദ്ദേഹത്തിനെ പിടികൂടിയിട്ടുണ്ട്. ഈ വസ്തുതകൾ സകലരേയും പോലെ ഉസ്താദിനും അറിയാം. പാച്ചൻ മേനോൻ കാര്യങ്ങൾ കുറച്ചുകൂടി വിശദീകരിച്ചു.

“പൊഴേല് നീർനായ എറങ്ങീട്ടൊള്ള കാര്യം രാഘവേട്ടന് അറിയാലോ”

“ആ ഷാപ്പീ പറേണ കേട്ടു. അപ്പൊ ഒള്ളതാല്ലേ”

“അതെ. പൊഴേല് മുങ്ങിക്കെടക്കായിരുന്ന ഒരു പോത്തിന്റെ കാശുകുടുക്ക നീര്‍നായ കൊണ്ടോയി. അതേപ്പിന്നെ കുട്ടന് ഭയങ്കര ഭയം”

ശ്രീക്കുട്ടന്റെ ആശങ്ക ഉസ്‌താദും മനസ്സിലാക്കി. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ രക്ഷക്കല്ലേ. എല്ലാം വേണ്ടതുതന്നെ. അപ്പോഴേക്കും ദേവരാജന്‍ ഉസ്താദിന്റെ അരുകിലെത്തി. രണ്ടുപേരും സ്വകാര്യം പറഞ്ഞു മരത്തിനടുത്തേക്കു നീങ്ങി. ഒരുമിനിറ്റു നേരം കഴിഞ്ഞപ്പോൾ പാച്ചൻമേനോനും അടുത്തേക്കു വന്നു.

“മരം പൊഴേ വീഴും. അല്ലേ രാഘവേട്ടാ?”

പാച്ചൻ‌മേനോൻ ചോദിച്ചത് ആശങ്കയോടെയാണ്. ചാലക്കുടിപ്പുഴ നിറഞ്ഞുകവിഞ്ഞു ഒഴുകുകയാണ്. പീച്ചി അണക്കെട്ടിന്റെ രണ്ടു ഷട്ടർ തുറന്നതോടെ ഒഴുക്ക് പൂര്‍‌വാധികം ശക്തമാണ്. പനമ്പിള്ളിക്കടവിന്റെ കുത്തനെയുള്ള ഇറക്കത്തിന്റെ തുടക്കം വരെ മുങ്ങിയിരിക്കുന്നു. തടിയെങ്ങാൻ പുഴയിൽ വീണാൽ ദൈവം വിചാരിച്ചാൽപോലും കരയിലടുപ്പിക്കാനൊക്കില്ല. പാഴ്ത്തടിയാണെങ്കിലും വിറകായിട്ടു ഉപയോഗിക്കാവുന്നതാണ്. അതും ഒരു മിനി ലോറിയിൽ കൊള്ളിക്കാൻ മാത്രമുണ്ടാകും.

പാച്ചന്റെ സംശയം കേട്ടു ഉസ്താദ് കൊമ്പന്‍‌മീശ തടവി ചിരിച്ചു. ചിരി പതിവുപോലെ അരമിനിറ്റ് നീണ്ടുനിന്നു.

“ആരു പറഞ്ഞ് പൊഴേപ്പോവൂന്ന്. തടി കരേ തന്നെ വീഴും. ഇനിയതല്ല എവിട്യാ വീഴണ്ടേന്ന് പാച്ചന് വല്ല നിർബന്ധണ്ടെങ്കി പറ. അവടെ വീഴ്ത്താം എന്താ?“

“അങ്ങനൊന്നൂല്ല്യ. ഒഴുക്കീപ്പെടാണ്ട് കിട്ട്യാ മതി” ഉസ്താദിന്റെ ഉറപ്പിലും പാച്ചനു സംശയം മാറിയിരുന്നില്ല. ഇതുപോലെ വെള്ളത്തിലേക്കു ചാഞ്ഞുനില്‍‌ക്കുന്നതെങ്ങിനെ മണ്ണിൽ വീഴ്ത്തുമെന്ന ചിന്തയായിരുന്നു ഉള്ളിൽ. പക്ഷേ ദേവരാജനു ആത്മവിശ്വാസമുണ്ടായിരുന്നു. ഉസ്താദിനൊപ്പം ജോലി ചെയ്‌ത കാലത്തു ഇതിനേക്കാളും പ്രശ്നമുള്ള കേസുകൾ അദ്ദേഹം പരിഹരിക്കുന്നതിനു ദൃക്‌‌സാക്ഷിയായിട്ടുള്ളതാണ്. പിന്നല്ലേ. ഉസ്താദും ദേവരാജനും രണ്ടുമിനിറ്റുനേരം എന്തോ കുശുകുശുത്തു. ഉസ്താദ് കുറച്ചുദൂരെ നീങ്ങിനിന്നു മരത്തിനെ അടിമുടി നോക്കി. ശിഖരങ്ങളുടെ വലുപ്പം, ജ്യോമട്രി, തൂക്കം, സ്ഥാനം എന്നിവയും മരത്തിന്റെ അപ്പോഴത്തെ ചായ്‌വും സസൂഷ്മം നിരീക്ഷിച്ചു. വീണ്ടും മരച്ചുവട്ടിൽ വന്നു. ചുറ്റുമുള്ള മണ്ണിന്റെ ഉറപ്പും പ്രതലനിരപ്പിലെ ഉയർച്ചയും താഴ്‌ചയും വീക്ഷിച്ചു. ഒടുക്കം ഉസ്താദിന്റെ അകക്കണ്ണിൽ മരത്തിന്റെ തായ്‌വേരും അടിവേരുകളും ഭൂപടം പോലെ പരന്നുകിടന്നു. പിന്നെയൊക്കെ എളുപ്പമായിരുന്നു.

മരത്തിന്റെ ചുവട്ടിൽ‌നിന്നു കുറച്ചുനീങ്ങി കുഴിയെടുക്കാൻ തുടങ്ങി. മരം വീഴാതെ താങ്ങിനിർത്തുന്ന പ്രധാനവേര്, അതിനു ഒരു ശിഖരത്തിന്റെ വണ്ണമുണ്ടായിരുന്നു, ഒഴിവാക്കി അതിനു നൂറ്റിപ്പത് ഡിഗ്രി വലത്തോട്ടുള്ള വേര് വെട്ടാന്‍ തുടങ്ങി. ഒപ്പം മൂന്നുവടമിട്ടു കരയിലേക്കു ചരിയത്തക്കവിധം തടി വലിച്ചുമുറുക്കി. വേരിൽ മഴുവീഴുന്ന മുറക്കു വടവും മുറുക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഉസ്താദ് എത്തിയശേഷം ഒരുമണിക്കൂർ തികയുന്നതിനു മുമ്പുതന്നെ വൃക്ഷം നിലം‌പതിച്ചു. ഒരിലയുടെ തുമ്പു പോലും പുഴവെള്ളത്തെ സ്പര്‍‌ശിച്ചില്ല.

ജോബിയുടെ ഓട്ടോയിൽ വാളുമായി തിരിച്ചുവരുമ്പോൾ മര്യാദാമുക്കിൽ എല്ലാവരുമുണ്ടായിരുന്നു. ഉസ്താദ് വണ്ടിനിർത്തിച്ചു ഇറങ്ങി. മകന്റെ കയ്യിൽ വീട്ടിലേക്കു വാൾ കൊടുത്തയച്ചു. കൊമ്പന്മീശ തടവി മുമ്പു പറഞ്ഞതിന്റെ ബാക്കിപറയാൻ ആഞ്ഞു.

“പ്രഭാകരനെ അന്ന് ഞാൻ വിളിച്ച് മാറ്റിനിർത്തീല്ലെങ്കീ ഇന്ന്…”

ഉസ്താദ് പിള്ളയുടെ വീടിനുനേരെ കൈചൂണ്ടി വിണ്ടും കത്തിക്കയറാന്‍ തുടങ്ങി. മലബാറിന്റെ പുരാവൃത്തങ്ങൾ കക്കാടിലെ ഇളമുറക്കാർക്കു മുന്നിൽ വീണ്ടും തുറക്കുകയായി.

രാഘവേട്ടന്‍ ഇക്കാലത്തും രാവിലെ വാളു പരിശോധന നടത്തി, ഉച്ചക്കു പൂമുഖത്തിരുന്നു വിശ്രമിച്ചു, സന്ധ്യക്കു അന്നമനട വരെ നടക്കും. നാട്ടിലെ സമപ്രായക്കാരെല്ലാം സിമൽ ബസിൽ കയറി കൊരട്ടി മധുര ബാറില്‍‌നിന്നു വീശുമ്പോൾ അന്നമനട ഇന്ദ്രപ്രസ്ഥം ഷാപ്പിൽനിന്നു ഒരുകുപ്പി കള്ളും കപ്പയും പുഴമീന്‍‌കറിയുമാണ് അദ്ദേഹത്തിന്റെ ഉന്നം. പതിവു മിനുങ്ങൽ കഴിഞ്ഞു മര്യാദാമുക്കിലെത്തി മലബാർ പുരാവൃത്തം ചുരുളഴിക്കുന്നതിനു മുമ്പായി വീട്ടിലേക്കു വിളിച്ചു ചോദിക്കും.

“ജയാ വാളെല്ലാം എത്തീല്ലേടാ”

അതാണ് ഉസ്താദ്. ആള്‍ക്കു മക്കൾ ആറല്ല, മറിച്ചു അഞ്ചു വാളുകൾ അടക്കം പതിനൊന്നാണ്.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

16 replies

 1. അപ്പൊ മഴക്കോട്ടിട്ട് വണ്ടീടടത്തൂന്ന് നീങ്ങിനിന്നു. ഒരു ഇല്ലിക്കാടിന്റെ അടീലാ നിന്നെ. അപ്പ ദേ വേറൊരു ജീപ്പ് വരണ്. ഭയങ്കര സ്പീഡില്.

  ടൌണീപ്പോണ വണ്ടിയാണെങ്കി കേറാലോന്ന് വച്ചു ഞാന് കൈകാണിച്ചു. നിര്താനു നുള്ള ഭാവമില്ലെന്നു തോന്നീപ്പോ രണ്ടുംകയ്യും വിടര്ത്തിട

  റോഡിലേക്കിറങ്ങി. പക്ഷേ അടുത്തു വന്നപ്പഴാ അറിഞ്ഞെ, അത് ഫോറസ്റ്റ് ജീപ്പാന്ന്. അതിന്റുള്ളില് ഇരിക്കണതോ… കോട്ടും തൊപ്പീം വച്ച് നമ്മടെ

  പ്രഭാകരനും!!“

  റേഞ്ചര്‍ വിവരണത്തിലേക്കു തലനീട്ടിയതോടെ അപ്പുക്കുട്ടന്‍ ഉത്സാഹത്തിലായി.

  “പ്രഭേടെ ചുണ്ടില് ഒരു കാജബീഡിണ്ടായിരുന്നു. ഇന്നത്തെപ്പോലെ അന്നും പുള്ളി കാജ മാത്രേ വലിക്കൂ. കാരണെന്താന്ന് നിനക്കറിയോ’

  “അറിയാം. കാജക്കാണ് കാശ് കുറവ്”

  ‘മലബാര്‍ ഉസ്‌താദ്’ അവസാന ഭാഗം.

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രാ‍യമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  Like

 2. പതിവ് തെറ്റിച്ചില്ല,
  കണ്മുന്നില്‍ കാണുന്ന ഒരു ഫീല്‍ തരുന്നു വിവരണം.
  നന്നായിരിക്കുന്നു…..

  കൊടകരപുരാണം,
  ആദ്യമായി ചിരിച്ചു തീര്‍ത്ത ബ്ലോഗ്‌,
  അത് വായിച്ചു കഴിഞ്ഞപ്പോള്‍ പക്ഷെ, ഇതുപോലൊരു ഫീലിംഗ് ഉണ്ടായിരുന്നെ ഇല്ല,
  കൊടകരയിലെ, adorable ആയ പലതും കൊടകര പുരാണത്തില്‍ വന്നിട്ടില്ല്ലാത്തതുകൊണ്ടാകും.
  അതോണ്ടാവും
  ഇവിടെ ഉള്ള എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട് ഞാന്‍,
  നിങ്ങളുടെ ഗ്രാമത്തെ ഞാന്‍ വളരെയേറെ മിസ്സ്‌ ചെയ്യുന്നു…
  പോളിറെക്നിക്കിന്റെ ക്ലാസ് മുറികളും,
  മര്യാദമുക്കും,
  ഗ്രൌണ്ടും,
  വൈകീട്ടത്തെ ബസ്സിലെ തിരക്കും,
  ഒക്കെ പരിചിതമാണെന്ന് തോന്നുന്നു.

  wish you all the very best ……..

  Like

 3. ഉസ്താതിന്റെ കഥകൾ വായിക്കുന്നുണ്ട്,ഒപ്പം ഒരു വൺ-വേയ് അഭിപ്രായകാരണായതിലും ആലസ്യമുണ്ട് …. ബൂലോഗത്തിൽ ആളായെന്ന് തോന്നുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നനാണിത് കേട്ടോ

  November 6, 2010 9:15 PM

  Like

 4. This comment has been removed by the author.

  Like

 5. This comment has been removed by the author.

  Like

 6. ചിരി പതിവുപോലെ ഒരുമിനിറ്റ് നീണ്ടുനിന്നു.
  😉

  Like

 7. സുനിലേ ഉസ്താദിന്റെ പുരാവൃത്തങ്ങള്‍ തീര്‍ക്കല്ലേ,ഇനിയും എത്രയോ കാര്യങ്ങള്‍ കഥകളായ് ആ നാവിന്‍ തുമ്പില്‍ നിന്ന് തന്നെ വരുന്ന തോന്നലുളവാക്കുന്ന സുനിലിന്റെ വരികളിലൂടെ വായിക്കണം
  ക്വോട്ടുകള്‍ ഒത്തിരിയുണ്ട്
  “അതെ. പൊഴേല് മുങ്ങിക്കെടക്കായിരുന്ന ഒരു പോത്തിന്റെ കാശുകുടുക്ക നീര്നാലയ കൊണ്ടോയി. അതേപ്പിന്നെ കുട്ടനു ഭയങ്കര ഭയം”
  കാശുകുടുക്ക ചിരിപ്പിച്ചു..
  ഉസ്താദ് ഓരോ കാട്ടിലും വെട്ടിയതിന്റെ കഥകളില്ലേ
  ഇനി ശ്രീക്കുട്ടന്റെ കഥയില്ലേ, ഓരോന്നോരോന്നായ് പോരട്ടെ..

  Like

 8. @ ജുനൈദ്

  ശരിയാണ് ശരിയാണ്.

  അയ്യങ്കോവ് അമ്പലത്തിലെ രണ്ടായിരാമാണ്ടിലെ പൈങ്കുനി ഉത്രം‌വിളക്ക് മഹോത്സവത്തിന്റെ പിറ്റേന്ന്, ചൈത്രമാസം പത്താം തീയതി, പതിവു തേവാരത്തിനിറങ്ങിയ കണ്ണാമ്പലത്ത്‌വീട്ടില്‍ ശ്രീക്കുട്ടനു പനമ്പിള്ളിക്കടവിലെ പഞ്ചാരമണലില്‍ കിടന്ന് പച്ചനിറത്തിലൊരു കല്ലുകിട്ടിയ കഥയുണ്ട്.

  അതുപൂശേണ്ട സമയമായി വരുന്നു.
  നന്ദി
  🙂
  ഉപാസന || സുപാസന

  Like

 9. ചിരിപ്പിച്ചതിന് ………

  Like

 10. കൊള്ളാം ഇങ്ങനെയുള്ള ഉസ്താദുമാര് എല്ലാനാട്ടിലും ഉണ്ട്. ഒന്നും ഇല്ലെങ്കിലും പട്ടാള പുളു പറയുന്നവരെങ്കിലും ഉണ്ട്.
  കൊള്ളാം ഉസ്താദു കഥകള്‍

  Like

 11. Randum MoonnumKadannu Pinneyum….!

  Manoharam, Ashamsakal…!!!

  Like

 12. This comment has been removed by the author.

  Like

 13. കമന്റിൽ കാര്യമില്ല മകനെ…വായനയാണു പ്രധാനം..വായിക്കാതെ കമന്റി കമന്റി ആളുകൾ കൃഷി നടത്തിയിട്ട്‌ എന്തു കാര്യം.ചില ആളുകൾ കമന്റ്‌ കൃഷി മാത്രം നടത്തി വായിക്കാത്തവരാണ്‌.. ചില ആളുകൾ കമന്റ്‌ കൃഷിയിൽ തൽപരരല്ല….അതിനാൽ വിഷമിക്കേണ്ട..തുടരുക… ! അഭിനന്ദനങ്ങൾ

  Like

 14. ഉസ്താദിന്റെ ഭാഷ മനസിലാക്കാന്‍ ഇത്തിരി ബുദ്ധി മുട്ടിയെങ്ങിലും….. മനസില്‍ ഉണര്‍ത്തിയ സന്തോഷ്‌ വും ചിരിയും മാച്ചു വെകുന്നില്ല ………. ആശംസകള്‍

  Like

 15. മാഷേ..കമന്റുകളുടെ എണ്ണം നോക്കി റീഡേഴ്സില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല. ഒരു കമന്റിടാൻ മടിയുള്ള എത്രയോ വായനക്കാർ ഇവിടെയൊക്കെ കറങ്ങിനടപ്പുണ്ട്.

  അല്പം സമയമെടുത്തെങ്കിലും വയിചു തീർത്തു. ഉസ്താദ് ഇഷ്ടായി.
  satheeshharipad.blogspot.com

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: