മലബാര്‍ ഉസ്‌താദ് – 2

ശ്രദ്ധിക്കുക: മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്‍ക്കു മൂര്‍ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവേട്ടനോടു റേഞ്ചർപിള്ളയുടെ പരാമര്‍ശത്തെപറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചുവെളുത്ത കൊമ്പന്‍‌മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്‌തത്. എഴുന്നുനില്‍ക്കുന്ന ഞരമ്പുകളെ വകഞ്ഞുമാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി കബഡി കളിച്ചു. ചിരിനിര്‍ത്താതെ അദ്ദേഹം കയ്യിലെ അരം നിലത്തുവച്ചു. തോര്‍ത്തുകൊണ്ടു നിറഞ്ഞ കണ്ണുകളൊപ്പി.

“ഹഹഹഹഹ…”

ചിരി പിന്നേയും നീണ്ടുനിന്നു. രാഘവേട്ടന്റെ ചിരിക്കു എപ്പോഴും ദൈര്‍ഘ്യം കൂടുതലാണ്. തുടങ്ങിയാൽ കുറച്ചുസമയമെടുത്തേ നിര്‍ത്തൂ. അതിനകം കണ്ണും മൂക്കും ചുവന്നിരിക്കും. വെളുത്തുനരച്ച കൊമ്പന്‍‌മീശ മാത്രം അണുവിട സ്ഥാനം തെറ്റാതെ വില്ലുപോലെ നില്‍ക്കും.

“പിള്ള ചുമ്മാ പുളുവടിക്കണതാ കൊച്ചേ. എനിക്ക് ചന്ദനം വെട്ടൊന്നൂല്യായിർന്ന്”

അപ്പുക്കുട്ടന്‍ വിശ്വസിച്ചില്ല. “എന്നാലും കൊറച്ചെങ്കിലും സത്യണ്ടാവില്ലേ”

ഉസ്താദ് കൈമലര്‍ത്തി. “എവടന്ന്. അങ്ങേര് പണ്ടു കുറുപ്പിനെ പിടിച്ചൂന്ന് പറഞ്ഞ് കാട്ടിക്കൂട്ട്യ കോലാഹലോക്കെ നിനക്കറീല്ലേ?”

“അത് ഒള്ളതല്ലേ”

“ഒള്ളതാ! ഹ നീയെന്തൂട്ടാ ഈ പറേണെ? കാട്ടിലായിരുന്നപ്പോ ഒരിക്ക താടീം മുടീം ഒളള ഏതോ സാമീനെ കണ്ടൂന്നേള്ളൂ. അത് കുറുപ്പാന്നാ പറഞ്ഞോണ്ട് നടന്നെ”

അപ്പുക്കുട്ടന്‍ പിന്നെയൊന്നും മിണ്ടിയില്ല. അറക്കവാളിന്റെ പല്ലു രാകുന്നതു നോക്കിയിരുന്നു. ഉസ്താദിന്റെ ഞെരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയിൽ മസിലുകൾ ഓടിക്കളിച്ചു. ലോഹങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായി. ക്രമമായ ഇടവേളകളിൾ ‘ഉശ്‌’ എന്ന ശബ്ദം ഉസ്താദും പുറപ്പെടുവിച്ചു. അപ്പുക്കുട്ടന്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന മറ്റു വാളുകളിലേക്കു നോക്കി. ഇപ്പോൾ മൂര്‍ച്ചകൂട്ടുന്ന വാളിനു മറ്റുള്ളവയില്‍നിന്നു കാര്യമായ വ്യത്യാസമുണ്ട്. വീതികുറഞ്ഞു, കട്ടി കൂടുതലുള്ള ഒന്ന്. പല്ലിന്റെ വിന്യാസത്തിലും വ്യത്യാസമുണ്ട്.

“ഈ വാളെന്താ ഇങ്ങനെ?”

ഉസ്താദ് തലയുയര്‍ത്തി. “ആ ഇതോ… ഈ വാള് കാഠിന്യം കൂട്തലൊള്ള തടി മുറിക്കാൻ ഉപയോഗിക്കണതാ”

“ഏതാ ആ തടി. തേക്കാ?”

“ഏയ് തേക്കല്ല. തടികളീവച്ച് ഏറ്റോം കാഠിന്യം പുളിക്കാണ്. പ്ലാവിന്റെ തടി മുറിക്കാന്‍ ഉപയോഗിക്കണ വാൾ പുളിക്ക് ഉപയോഗിച്ചൂടാ. പല്ല് കേടുവരും“

ഗൂഢമായി ചിരിച്ചു ഉസ്താദ് പൂരിപ്പിച്ചു. “ഈ വാള് അധികാരും കൊണ്ടോവാറില്ല. കൊണ്ടോവുമ്പോ ഞാൻ കാശിത്തിരി കൂടുതൽ വാങ്ങും. അന്നൊരു ഗ്ലാസ്സ് കൂടുതലും കഴിക്കും”

ഉസ്താദ് സംസാരം നിര്‍ത്തി. മുറുക്കാന്‍ തുപ്പിക്കളഞ്ഞു. കൊമ്പൻ‌മീശയുടെ അഗ്രത്തിൽ ചോരനിറം പറ്റിപ്പിടിച്ചു.

മലബാറിൽ ഇരുപത്തഞ്ച് കൊല്ലത്തിലധികമാണ് കക്കാട് മൂത്തേടത്തുവീട്ടിൽ രാഘവൻ എന്ന ഉസ്താദ് രാഘവൻ മരം‌വെട്ടു പണിയിൽ വ്യാപൃതനായത്. പോയിപ്പോയി നാട്ടുകാരുടെ സംബോധന മലബാർ ഉസ്താദ് എന്നായി. ആ വിളിയിൽ ഒരുതരം ബഹുമാന്യത ഒളിഞ്ഞിരിക്കുന്നതായി അറിയാമായിരുന്നതിനാൽ അദ്ദേഹം ആ വിളിയെ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിച്ചു. പക്ഷേ പുറമേക്കു കൊമ്പന്‍മീശ തടവി ഗൌരവം നടിക്കും. അങ്ങിനെയാണല്ലോ വേണ്ടതും.

ഉസ്താദിനു മരം‌മുറിക്കാൻ അഞ്ചു അറക്കവാളുകളുണ്ട്. കൂപ്പിലെ പണിനിര്‍ത്തി മടങ്ങിപ്പോരുമ്പോൾ കൂടെ കൊണ്ടുവന്ന ഏകസമ്പാദ്യം. സ്വന്തം മക്കളെക്കാളും പ്രിയങ്കരം. കേടൊന്നും വരാതിരിക്കാന്‍ കൊല്ലനെക്കൊണ്ടു നിശ്ചിത ഇടവേളകളിൽ പരിശോധിപ്പിക്കും. കൊല്ലം തോറും പുതിയ പിടികെട്ടും. ഇതിനു പുറമേ ദിവസേനയുള്ള പരിശോധന വേറെ.

രാവിലെ കാപ്പികുടിയും തേവാരവും കഴിഞ്ഞു അടുക്കളക്കോലായിലെ മേല്‍ക്കൂരയില്‍നിന്നു ഏതാനും അരങ്ങൾ എടുത്തു ഉസ്താദ് മുറ്റത്തു വന്നിരിക്കും. ഇളയമകന്‍ ജയദേവൻ അഞ്ചു അറക്കവാളും ചുമന്നു അരികിലെത്തിക്കും. ഉസ്താദിനു പല്ലുകളിൽ ഒന്നു ഓടിച്ചു നോക്കുകയേ വേണ്ടൂ. ഏതു ഭാഗത്തു ഏതു പല്ലിനാണ് മൂര്‍ച്ച കുറവെന്നു ആ അകകണ്ണിൽ തെളിയും. പിന്നെയാ ഭാഗത്തു അതിദ്രുതം അഞ്ചാറുതവണ രാകുകയായി. മൂര്‍ച്ച പാകമാണോയെന്നു അറിയാൻ തന്തവിരലിന്റെ അരികുകൊണ്ടു നേര്‍ത്തൊരു തലോടൽ. മിക്കവാറും വീണ്ടും രാകേണ്ടി വരില്ല. അത്ര ശരിയായിരിക്കും മനസ്സിലെ കണക്കുകൂട്ടൽ. എല്ലാ ദിവസവും രാവിലെയുള്ള ഈ പരിശോധനക്കിടയിൽ വാൾ ആവശ്യമുള്ളവർ വന്നു വാങ്ങിക്കൊണ്ടു പോകും. ഒരുദിവസം അമ്പതുരൂപയാണു വാടക. അഞ്ചുവാളും എപ്പോഴും സര്‍ക്കീട്ടിലുമായിരിക്കും. അത്രക്കു പ്രശസ്തം. ഉസ്താദിന്റെ വാളാണെങ്കിൽ ഏതു മരവും വീഴുമെന്നാണ് നാട്ടിലെ പൊതുഅഭിപ്രായം. വൈകുന്നേരം ആറുമണിക്കകം കൊണ്ടുപോയ വാൾ തിരിച്ചെത്തിയിരിക്കണമെന്നു മാത്രം. ഇല്ലെങ്കിൽ കണ്ണമ്പിള്ളി ജോബിയുടെ ഓട്ടോറിക്ഷ വിളിച്ചു മരംവെട്ടുന്ന കാലത്തേ കൂടെ കരുതാറുള്ള കത്തിയെടുത്തു ഉസ്താദ് ചെല്ലും. പിന്നെത്തെ കാര്യങ്ങൾ കൈമള്‍ക്കു പോലും പ്രവചിക്കാൻ പറ്റില്ല.

എല്ലാ വാളുകളും പരിശോധിച്ചു കഴിഞ്ഞാൽ കിണറ്റിന്‍കരയില്‍നിന്നു ഒരുബക്കറ്റ് വെള്ളംകോരി കയ്യും മുഖവും കഴുകും. ചായ്പിൽ ആവിപറക്കുന്ന കഞ്ഞിയും ചുട്ട നാളികേരമരച്ച ചമ്മന്തിയും അപ്പോഴേക്കും റെഡിയായിരിക്കും. അതു മൊത്തിക്കുടിച്ചു, വിയര്‍പ്പാറ്റി പൂമുഖത്തെ ചാരുകസേരയിൽ ചാഞ്ഞശേഷം വിശദമായ ഒരു മുറുക്കൽ. വീടിന്റെ പൂമുഖത്തിനു ചുമരോ കമ്പിയഴികളോ ഇല്ല. ചെറിയ മുറ്റത്തിനപ്പുറം ടാറിട്ട റോഡാണ്. റോഡിലൂടെ പോകുന്നവരോടു കുശലം തിരക്കി ഉസ്താദ് നാലുമണി വരെ ഇരിക്കും, അക്ഷമനായി. വെയിൽ ചാഞ്ഞാലുടൻ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിലെത്തി കൊമ്പന്‍മീശ വില്ലുപോലെയല്ലേ എന്നു ഉറപ്പിക്കും. പിന്നെ വെള്ളഷര്‍ട്ട് ധരിച്ചു കാലന്‍‌കുടയെടുത്തു അന്നമനടയിലെ ‘ഇന്ദ്രപ്രസ്ഥം‘ കള്ളുഷാപ്പിലേക്കു ഇറങ്ങുകയായി.

അന്നമനടയിലും സമീപപ്രദേശങ്ങളിലും പ്രശസ്തമായ ഇന്ദ്രപ്രസ്ഥം കള്ളുഷാപ്പിനു സത്യത്തിൽ ഒരു ഷാപ്പിന്റെ രൂപവും ഭാവവുമല്ല ഉള്ളത്. ആദ്യകാലത്തു പഞ്ചായത്തു സ്റ്റേഡിയത്തിനടുത്തു പാടത്തിന്റെ ഒരുവശത്തു ചെറിയതോതിൽ നടത്തിയിരുന്ന ഷാപ്പ് ഇപ്പോൾ അന്നമനടയിലെ പ്രമുഖ സിനിമാകൊട്ടകയായ സിന്ധു തിയറ്ററിനു ഉള്ളിലാണ്. സിനിമ കാണുന്നതിലും ആളുകള്‍ക്കു താല്പര്യം മധുപാനത്തിലാണെന്നു മുന്‍‌കൂട്ടി ദര്‍ശിച്ചവരുടെ ബുദ്ധിപൂര്‍വ്വമായ നീക്കം. എല്ലാ ദിവസവും ഇന്ദ്രപ്രസ്ഥത്തില്‍നിന്നു ഒരുകുപ്പി വീശുന്നതു ഉസ്താദിന്റെ ഹോബിയാണ്. അതിനുപോലും മക്കളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. എല്ലാ ചെലവുകളും അഞ്ചു അറക്കവാളുകൾ ചേര്‍ന്നു സാധിച്ചുകൊടുക്കും. നല്ല അസ്സൽ തെങ്ങിന്‍കള്ളാണ് ഇന്ദ്രപ്രസ്ഥത്തിലെ പ്രത്യേകത. കൂടാതെ പുളിക്കകടവ് പുഴയില്‍‌നിന്നു വലവീശിപ്പിടിക്കുന്ന ആറ്റുമീന്‍‌കൊണ്ടുണ്ടാക്കുന്ന മീന്‍‌കറിയും. ഒരു കുപ്പി കള്ളും ഒരു പ്ലേറ്റ് കപ്പയും മീന്‍‌കറിയും കഴിച്ചാൽ അന്നു സുഖമായി ഉറങ്ങാമെന്നാണ് ഉസ്താദിന്റെ സിദ്ധാന്തം.

എത്ര കഴിച്ചാലും ഉസ്താദിന്റെ കാലുകൾ പതറില്ല. അന്നമനടയില്‍‌നിന്നു കക്കാടിലേക്കുള്ള മൂന്നു കിലോമീറ്റർ ദൂരം അദ്ദേഹം നടന്നെത്തും. മര്യാദാമുക്കിൽ എത്തുമ്പോൾ സമയം ആറരക്കു അടുത്തായിരിക്കും. മര്യാദാമുക്കിൽ മര്യാദക്കാരെ കണ്ടാൽ ഉസ്താദ് നടപ്പുനിര്‍ത്തി പോക്കറ്റിൽ ബീഡി തപ്പും. പോക്കറ്റിലില്ലെങ്കിൽ ആരെയെങ്കിലും ആഗസ്‌തിയുടെ കടയില്‍വിട്ടു ബീഢി വരുത്തിക്കും. രണ്ടു പുകയെടുത്താൽ അടുത്തപടി അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ്. ‘പണ്ട് ഞാന്‍ മലബാറിലായിരുന്നപ്പോ‘ എന്നായിരിക്കും ആമുഖമായി പറയുക. ശേഷം അനര്‍ഗളമായി വിവരണങ്ങൾ വരും. ബഢായികളും ആവശ്യം പോലെ ചേര്‍ക്കാൻ അദ്ദേഹം മടിക്കില്ല.

അങ്ങിനെ ഉസ്താദ് മിനുങ്ങി കത്തിക്കയറിയ ഒരു സന്ധ്യയിലാണ് അപ്പുക്കുട്ടൻ പിള്ളയെപ്പറ്റി വീണ്ടും ആരായുന്നത്.

“നമ്മടെ പിള്ള വയനാട്ടീ റേഞ്ചറായിരുന്നല്ലോ രാഘവേട്ടാ. ആളെപ്പറ്റി എന്തേലും ഓര്‍മ്മകള്ണ്ടാ?”

സംസാരിക്കാന്‍ ചൂടൂള്ള വിഷയം കിട്ടിയതോടെ ഉസ്താദ് ഉഷാറായി.

“ഉണ്ടോന്നാ… ഹഹഹ“ ഉസ്‌താദ് ദൈര്‍‌ഘ്യമേറിയ ഒരു ചിരി പാസാക്കി. “പ്രഭാകരനെ പറ്റി പറേമ്പോ ആദ്യായിട്ട് ഓര്‍മ വരണത് ആള്‍ടെ റേറ്റാണ്”

“റേറ്റോ! അപ്പോ പുള്ളി പൈസ വാങ്ങ്വോയിരുന്നോ?” കോഴയെപ്പറ്റി പിള്ള പറഞ്ഞതു ഓര്‍മ്മ വന്നെങ്കിലും അപ്പുക്കുട്ടന്‍ എല്ലാത്തിലും അജ്ഞത നടിച്ചു. ഉസ്താദിന്റെ അഭിപ്രായം അറിയണമല്ലോ.

“വാങ്ങോന്നാ! പത്തീ കൊറഞ്ഞ് പ്രഭാകരൻ ചോദിക്കാറില്ല”

“രാഘവേട്ടനോടും കാശ് ചോദിച്ചണ്ടാ?”

“നല്ല കാര്യായി. എന്നോട് ചോദിച്ചാ കാണായിര്ന്നു” ഉസ്താദ് കറിക്കു പച്ചക്കറി അരിയുന്നപോലെ കൈത്തലം ലംബമായി പിടിച്ചു അതിദ്രുതം ചലിപ്പിച്ചു. “ആര്‍ക്കും കാശുകൊടുത്ത് ശീലോല്ല്യ. പോരാഞ്ഞ് എന്റെ കയ്യിലെവിടന്നാ കാശ്”

ഉസ്താദ് കൊമ്പന്‍‌മീശ ഒന്നുകൂടി തഴുകി. “ഒരിക്ക കാട്ടീവച്ച് ഉരുള്‍‌പൊട്ടലിണ്ടായപ്പോ പ്രഭാകരനെ രക്ഷിച്ചത് ആരാന്നറിയോ?”

പൂമുഖത്തിരുന്നു പത്രംവായനക്കിടയിൽ പിള്ള അപ്പുക്കുട്ടനോടു പറയാത്ത കാര്യങ്ങളില്ല. സുകുമാരക്കുറുപ്പിനെ പിടിച്ചുകെട്ടിയതു മുതൽ ചന്ദനക്കടത്തുവരെ അനര്‍ഗളം പ്രവഹിക്കും. പക്ഷേ ഒരിക്കല്‍പോലും ഉരുള്‍‌പൊട്ടൽ പോലുള്ള കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

“അങ്ങനൊരു കാര്യം പിള്ള പറഞ്ഞട്ടില്ലല്ലാ”

“പ്രഭ പറയില്യ. അത് ഊഹിക്കാവുന്നതേള്ളൂ. പക്ഷേ നിനക്ക് കേക്കണങ്കി ഞാൻ പറയാം”

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

12 replies

 1. അങ്ങിനെ ഉസ്താദ് ‘മിനുങ്ങി‘ കത്തിക്കയറിയ ഒരു സന്ധ്യയിലാണ് അപ്പുക്കുട്ടന് പിള്ളയെപ്പറ്റി വീണ്ടും ആരായുന്നത്.

  “നമ്മടെ പിള്ള വയനാട്ടില് റേഞ്ചര് ആയിരുന്നല്ലോ രാഘവേട്ടാ. ആളെപ്പറ്റി എന്തേലും ഓര്മ്മെകള്ണ്ടാ?”

  സംസാരിക്കാന് ചൂടൂള്ള വിഷയം കിട്ടിയതോടെ ഉസ്താദ് ഉഷാറായി.

  “ഓര്മസകളാ… ഹഹഹഹ“ ഉസ്‌താദ് ദൈര്‍‌ഘ്യമേറിയ ഒരു ചിരി പാസാക്കി. “പിന്നില്ലാണ്ടാ!. പ്രഭാകരനെ പറ്റി പറേമ്പോ ആദ്യായിട്ട് ഓര്മല വരണത് ആള്ടെി റേറ്റാണ്”

  ‘മലബാര്‍ ഉസ്‌താദ്’ രണ്ടാം ഭാഗം. മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗത്തില്‍ ഉസ്‌താദിനൊപ്പം കണ്ണാമ്പലത്തുവീട്ടില്‍ പാച്ചനും രംഗത്തു വരുന്നു.

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രാ‍യമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  Like

 2. ഇത് വേണ്ടായിരുന്നു, 😦
  പകുതിക്ക് വെച്ചുള്ള ഈ നിര്‍ത്തലേയ്……
  അഭിപ്രായം ബാക്കി കൂടി വായിച്ചിട്ട് പറയാം….

  Like

 3. കൊള്ളാം, കഥ തുടരട്ടെ…
  വായിക്കാം.

  Like

 4. ഉസ്താദിന്റെ ദിനചര്യകള്‍ ഇഷ്ടായി. നന്നായി എഴുതിയിരിക്കുന്നു. 🙂

  Like

 5. ഉസ്താദിനെ ഇഷ്ടായി. ഇനി ബാക്കി കഥ കൂടി പോരട്ടെ.

  Like

 6. നല്ല ഒഴുക്കില്‍ വായിച്ചു വരികയായിരുന്നു,അപ്പോള്‍ ദേ കിടക്കുന്നു ഒരു തുടരും..യൂ ദുഷ്…എളുപ്പം തുടരൂ..
  ഉസ്താദ് ആള് കില്ലാടി തന്നെ..

  Like

 7. ഈ പരിപാടി പറ്റില്ല. അങ്ങനെ രസത്തിൽ വായിച്ച് വരുമ്പോ , പിന്നെയാവാംന്ന്…….

  Like

 8. മത്താപ്പേ : പൊറുക്കടോ. മുടിഞ്ഞ നീളമല്ലേ. പിന്നെന്താ ചെയ്യുക 🙂

  ജയന്‍ ഭായ് : അതെ ഇനിയൊരു ഭാഗം കൂടിയുണ്ട്.

  ബിന്ദുചേച്ചി : അത് ആകര്‍ഷകമാണ്. ഒന്നുരണ്ടു മണീക്കൂറ്റ് വാളിനുമുന്നില്‍ കുന്തിച്ചിരിക്കാന്‍ പുള്ളിക്ക് യാതൊരു മടിയുമില്ല. 🙂

  എഴുത്തുകാരി : എത്തിയതിനു സലാം

  ജുനൈദ് : ആദ്യവരവിനു നന്ദി. പെരിയ കില്ലാടിയാണ്.

  അരീക്കോടന്‍ : സത്യമാണത്

  എച്ച്‌മു : ചൂടാകരുത് 😦 നന്ദി

  എല്ലാവര്‍ക്കും പ്രണാമം
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  Like

 9. അടുത്തത് വായിക്കട്ടെ എന്‍െറ ഉസ്താദേ..

  Like

 10. sunile nammude laghu paulose oru kadhapathramalle

  Like

 11. അനോണി : തീർച്ചയായും. പ്രശ്നമെന്താണെന്നു വച്ചാൽ എനിക്കു അദ്ദേഹവുമായി പരിചയം ഇല്ല എന്നതാണ്. എങ്കിലും ഭാവിയിൽ ഞാൻ എഴുതിയേക്കാം.
  നന്ദി 🙂

  താങ്കളുടെ പേര് പറയാമായിരുന്നു. 🙂

  Upasana

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: