സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
“എന്താടാ ഇന്ന് മെയിന്‍ ന്യൂസ്?”
തോര്‍ത്തുമുണ്ടു കൊണ്ടു മേലാകെവീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്‍ന്നു. വടക്കേ കോലായില്‍നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻപേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്‍ത്തി വായന തുടങ്ങി. ഉടന്‍ ആവേശത്തോടെ പറയുകയും ചെയ്‌തു.
“ഇത് നോക്കടാ. ലീഡർ പിന്നേം റാലി നടത്താൻ പോണൂന്ന്”
പിള്ള പറഞ്ഞത് അപ്പുക്കുട്ടൻ കേട്ടില്ല. മുന്‍പേജിലെ ഏതോ വാര്‍ത്തയിൽ കൊണ്ടുപിടിച്ച വായന. പറഞ്ഞതു ആവര്‍ത്തിക്കാതെ പിള്ള മുറ്റത്തെ, തുളസിത്തറക്കു അടുത്തുള്ള ഒട്ടുമാവിന്റെ കടക്കൽ കാര്‍ക്കിച്ചുതുപ്പി.
“ആക്രാഷ്… ഫ്‌തൂം”
ഇത്തവണ അപ്പുക്കുട്ടന്‍ പത്രത്തില്‍നിന്നു തലപൊക്കി. അപ്പുക്കുട്ടൻ മാത്രമല്ല അയൽപക്കത്തെ വീട്ടുകാരെല്ലാം തലപൊക്കിയിരിക്കും. അത്ര കേമമാണ് ആ ശബ്ദം. പിള്ള ചോദിച്ചത് പ്രധാനന്യൂസാണെങ്കിലും അപ്പുക്കുട്ടൻ വായിച്ചത് പ്രധാനവാര്‍ത്തക്കു താഴെയുള്ള മറ്റൊരു വാര്‍ത്തയുടെ തലക്കെട്ടാണ്. റേഞ്ചർ കൂടുതൽ പ്രാധാന്യം നല്‍കുക അതിനായിരിക്കുമെന്നു അറിയാമായിരുന്നു.
“ചന്ദനക്കടത്ത്: മറയൂരിൽ നാലുപേർ പിടിയിൽ”
പിള്ള ഞെട്ടി. ചാടിയെഴുന്നേറ്റു. ചുമരിൽ തൂങ്ങുന്ന ഇരട്ടക്കുഴൽ തോക്കിനുനേരെ അഞ്ചുനിമിഷം നോക്കി വീണ്ടും കസേരയിൽ ചാഞ്ഞു. അപ്പുക്കുട്ടൻ മുന്‍പേജ് അങ്ങോട്ടുനീട്ടി.
സാധാരണയായി ആദ്യപേജ് വായിക്കാൻ പിള്ള തിടുക്കം കൂട്ടാറില്ല. എങ്കിലും ചില പ്രത്യേക വിഷയങ്ങളുണ്ടെങ്കിൽ പേജ് ആവശ്യപ്പെടും. അത്തരം വിഷയങ്ങൾ ഏതൊക്കെയാണെന്നു അപ്പുക്കുട്ടനു നിശ്ചയമാണ്. ലിസ്റ്റിൽ ഒന്നാമതു പ്രധാനപ്പെട്ട ക്രിക്കറ്റ് വാർത്തകളാണെങ്കിൽ രണ്ടാമത് കാടുമായി ബന്ധപെട്ട വാര്‍ത്തകളാണ്. പ്രത്യേകിച്ച് ചന്ദനക്കടത്ത്. കാര്യമില്ലാതെയല്ല ഈ ചന്ദനഭ്രമം. ആയകാലത്തു കേരളത്തിലെ മികച്ച ഫോറസ്റ്റ് റേഞ്ചറായിരുന്നു അദ്ദേഹം. നക്സലൈറ്റുകൾ അരങ്ങുവാണിരുന്ന വയനാടൻകാടുകളെ കുറച്ചെങ്കിലും സുരക്ഷിതമാക്കിയിരുന്നത് എം.ജി.പി പിള്ള എന്ന ഫോറസ്റ്റ് റേഞ്ചറുടെ സാന്നിധ്യമായിരുന്നു. എല്ലാം എല്ലാവര്‍ക്കും അറിയാമെന്നതുപോലെ അപ്പുക്കുട്ടനും അറിയാം.
പിള്ള വായന പൂര്‍ത്തിയാക്കി പേപ്പർ നാലായി മടക്കി ചാരുകസേരയുടെ പടിയിൽ വച്ചു. അപ്പുക്കുട്ടന്‍ സംശയം ചോദിച്ചു. “നായര് എത്ര കാട്ടുകള്ളന്മാരെ സര്‍വീസിനെടക്ക് പിടിച്ചണ്ട്?”
പിള്ള അമ്പരന്നു. “എന്താപ്പോ ഇങ്ങനെ ചോദിക്കാൻ?”
“ഒന്നറിയാനാ. നാട്ടീ ചെലര് പറേണ്ട് നായര്ടെ സര്‍വ്വീസ് വെർതെ ആയിരുന്നൂന്ന്”
“വെര്‍ത്യോ! ഹഹഹ“ പിള്ള തലയറഞ്ഞു ചിരിച്ചു. “അവരെന്നെ ഊശിയാക്കണതാടാ”
പറച്ചിൽ നിര്‍ത്തി അദ്ദേഹം കസേരയിൽ ചാഞ്ഞു. ഇനി മിണ്ടില്ലെന്നു കരുതിയെങ്കിലും പിന്നീട് എന്തോ നിശ്ചയിച്ച് ഉറപ്പിച്ചപോലെ മുന്നോട്ടാഞ്ഞു. “എന്നാ ശരി. നീ കേട്ടോ എത്രണ്ണത്തിനെ ഞാന്‍ കാച്ചീണ്ടെന്ന്”
പിള്ള ഇടതുകയ്യിലെ വിരലുകൾ മടക്കി എണ്ണംകൂട്ടാൻ തുടങ്ങി. ക്രമേണ വലതുകയ്യിലെ വിരലുകളും പങ്കുചേര്‍ന്നു. പലതവണ മടക്കി നിവര്‍ത്തി ഒടുവിൽ കണക്കു പ്രഖ്യാപിച്ചു. “മുപ്പത്തിമൂന്നര…”
“അരയോ?”
“അതേടാ. ഒരുത്തനെ പിടിച്ചതാര്ന്നു. പക്ഷേ അവന്‍ ചാടിപ്പോയി. ഞാന്‍ ചുമ്മാ വിട്ടതാന്ന് നീ വേണങ്കി കൂട്ടിക്കോ”
“അത് ശരി. അപ്പോ സര്‍വ്വീസീ വിട്ടുവീഴ്ചകളും ചെയ്തണ്ടല്ലേ”
“ഹ അങ്ങനല്ലടാ. ജോലിക്കാര്യത്തീ ഞാൻ കര്‍ക്കശാ. അതോണ്ടന്നേണ് എന്നെ വയനാട്ടിക്ക് വിട്ടതും. പക്ഷേ ഒരുത്തനെ പിടിച്ചപ്പൊ മാത്രം എനിക്കൊന്ന് അയയേണ്ടിവന്നു“
“കാരണം?”
പിള്ള ഗൌരവംപൂണ്ടു. വായിൽ തുപ്പലൊന്നുമില്ലായിരുന്നിട്ടും ഒട്ടുമാവിന്റെ കടക്കലേക്കു കാര്‍ക്കിച്ചുതുപ്പി.
“ഇന്നേവരെ ആരോടും പറയാത്ത കാര്യാത്. ഇപ്പൊ നീ ചോദിച്ചോണ്ട് മാത്രം ഒന്നു സൂചിപ്പിച്ച് വിടാണ്. നീയിത് ആരോടും പറയര്ത്. നാട്ടാര് അറിഞ്ഞാ എന്റെ സര്‍വ്വീസിന് കളങ്കാവും”
അപ്പുക്കുട്ടന്‍ സമ്മതിച്ചു. പിള്ള അനേകം രഹസ്യങ്ങളുടെ കലവറയാണെന്നു മുമ്പേ അറിയാം. സുകുമാരക്കുറുപ്പ് മുതൽ നക്സലൈറ്റ് വര്‍ഗ്ഗീസ് വരെ ആ ലിസ്റ്റിലുണ്ട്. അതൊക്കെ തുറന്നുവച്ചാൽ ഭരണരംഗത്തുള്ളവർക്കു വരെ പണിയാകും. അങ്ങിനെയുള്ള പിള്ള എന്താണ് ഇപ്പോൾ പറയാൻ പോകുന്ന രഹസ്യം. അപ്പുക്കുട്ടൻ ആവേശഭരിതനായി.
“മലബാറിലന്നു കുപ്രസിദ്ധരായ ഒരുപാട് മരംവെട്ടുകാര്ണ്ടായിരുന്നു. ചെലര്‍ക്ക് സര്‍ക്കാരീന്ന് ലൈസന്‍സ്ണ്ട്. ചെലര്‍ക്ക് അതില്ല. ലൈസന്‍സില്ലാത്തവരെ പിടിച്ചുകൊടുക്കാൻ ലൈസൻസൊള്ളോർക്ക് ഭയങ്കര താല്പര്യാ. പക്ഷെ തരികിട കാണിക്കണ കാര്യത്തീ രണ്ടുകൂട്ടരും ഒറ്റക്കെട്ടും“
“എന്തു തരികിടയാ”
“എന്ന്വച്ചാ കണ്ണുതെറ്റ്യാ ചന്ദനം വെട്ടൂന്ന്. അങ്ങനൊരുത്തനായിര്ന്നു ഒരു കുഞ്ഞച്ചൻ. അവനെ വിളിക്കണതന്നെ മരംമക്കീന്നാ. പിന്നെ വയനാട്ടീ തന്ന്യൊള്ള ഒരു റാവുത്തറ്. അവനെ ഒരിക്ക ഞാന്‍ കാച്ചീണ്ട്. അതോടെ അവന്‍ വെട്ട് നിര്‍ത്തി”
എല്ലാം സാകൂതം കേട്ടിരിക്കെ പിള്ള നാടകീയമായി ചാരുകസേരയിൽ മുന്നോട്ടാഞ്ഞു. “എടാ നിനക്കറിയോ… ഇമ്മാതിരി തരികിടകള്‍ടെയൊക്കെ ചീഫ് ആരായിരുന്നൂന്ന്?”
“ആരാ?”
“മ്മടെ രാഘവൻ”
“ഏത് രാഘവൻ?“
പിള്ള മീശപിരിച്ചു കാണിച്ചു. ഉളി മൂര്‍ച്ചവപ്പിക്കുന്ന ആശാരിമാരെപ്പോലെ കൈത്തലം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. ആരെയാണെന്നു ഉദ്ദേശിക്കുന്നതെന്നു അപ്പുക്കുട്ടനു ഊഹംകിട്ടി. തേമാലിപ്പറമ്പിനടുത്തെ വീട്ടുമുറ്റത്തിരുന്നു എല്ലാദിവസവും രാവിലെ അരംകൊണ്ടു അറക്കവാളിന്റെ പല്ലിനു മൂര്‍ച്ചകൂട്ടുന്ന കൊമ്പന്‍മീശക്കാരൻ മൂത്തേടത്തുവീട്ടിൽ രാഘവനാണ് കഥാപാത്രം. അപ്പുക്കുട്ടന്റെ മുഖത്തു അവിശ്വാസം വിളയാടി.
““ജയന്‍ചേട്ടന്റെ അച്ഛനാ!”
“അതേടാ. നിനക്കെന്താ വിശ്വാസം വരണില്ലേ. ഇന്ന് വീട്ടുമുറ്റത്തിരുന്ന് വാളിന്റെ പല്ല് ചെത്തണ ഈര്‍ക്കിളി പോലത്തെ രാഘവനല്ല അന്നത്തെ രാഘവന്‍. തടിപിടിക്കാൻ വരണ ആന ഒരറ്റത്തു പിടിച്ചാ മറ്റേ അറ്റം രാഘവന്‍ പിടിക്ക്വായിരുന്നു. മലബാർ ഉസ്താദെന്നാ എല്ലാരും അവനെ വിളിക്കാ. പേര് പോലെത്തന്ന്യാ പണീം. നിന്നനിപ്പിന് മരം കടത്തും. എവടെപ്പോയീന്ന് അന്വേഷിച്ചാ പൊടിപോലും കിട്ടില്ല”
പിള്ള ഒന്നുനിര്‍ത്തി കിണ്ടിയിലെ വെള്ളമെടുത്തു കുലുക്കുഴിഞ്ഞ് തുപ്പിയിട്ടു തുടര്‍ന്നു. “വയനാട്ടിലായിര്ന്നപ്പോ അവനെ ഒരിക്ക കാച്ചണ്ടതായിര്ന്ന്. പക്ഷേ ദേവൂനേം കൊച്ചുങ്ങളേം ഓര്‍ത്തപ്പോ വേണ്ടാന്ന് വച്ചു. അല്ലെങ്കി രാഘവന്റെ കാര്യം പണ്ടേ സ്വാ…..ഹ”
“അതിനു മാത്രം എന്തുണ്ടായി നായരേ?”
“എന്തുണ്ടായീന്നോ. എടാ നിനക്കറിയോ, മറയൂരീന്ന് വയനാട്ടിക്ക് എന്നെ ട്രാന്‍സ്‌ഫർ ചെയ്യാൻ കാരണം ആരാന്ന്? ഈ രാഘവനാ… ഞാന്‍ റേഞ്ചറായിര്ക്കുമ്പോ ചന്ദനത്തിന്റെ ഒര് ചുള്ളിക്കമ്പ് പോലും മക്കാന്‍ പറ്റില്ലെന്ന് അവനറിയാരുന്നു”
ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് ഈ ചുള്ളിക്കമ്പ് കണക്ക്. അപ്പുക്കുട്ടനു ബോറടിച്ചു.
“അപ്പോ രാഘവേട്ടന് ചന്ദനംകടത്ത് ഇണ്ടായിര്ന്നാ?”
“അത്ശരി. അപ്പോ നിനക്കാ കഥയൊന്നും അറീല്ലേ. എടാ അവനതീ ഉസ്താദായിരുന്നു. മലബാറിലെ ചന്ദനക്കടത്തിന്റെ നായകത്വം വരെ രാഘവനാന്ന് ഒരു പറച്ചില്ണ്ടായിരുനു. നിനക്ക് നമ്മടെ ദേവരാജനെ പരിചയല്ലേ…”
നാട്ടിൽ ഇപ്പോൾ ആകെയുള്ള മരംവെട്ടുകാരനാണ് തൈക്കൂട്ടത്തു താമസിക്കുന്ന ദേവരാജൻ. തേലേക്കാട്ട് വീട്ടുകാരുടെ നാലുനിലക്കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള കൂറ്റൻ ആഞ്ഞിലി സേഫായി മുറിച്ചതുമുതൽ ആളുടെ ഗ്രാഫ് മുകളിലോട്ടാണ്. പിള്ള വിഷയം മാറ്റി തടിതപ്പുമെന്നു തോന്നിയതിനാൽ അപ്പുക്കുട്ടൻ മുഖ്യധാരയിലേക്കു വന്നു.
“നായരേ ട്രാന്‍സ്ഫർ കിട്ടീട്ട്?”
“ട്രാന്‍സ്‌ഫർ കിട്ടീട്ട് ഡിഎഫോ എന്നെ ആള്‍ടെ ഓഫീസില്‍ക്ക് വിളിപ്പിച്ചു. സാധാരണരീതീ അത് പതിവൊള്ളതല്ല. നമ്മള് വെറും റേഞ്ചർ. ഒരുകേസിന് കൂടിവന്നാ ഐമ്പത് വാങ്ങാമ്പറ്റും. ഡിഎഫോ ഒക്കെയാണെങ്കി ലക്ഷങ്ങളല്ലാതെ വാങ്ങില്ല“
“കോഴ!!” ധര്‍മ്മിഷ്ഠനായ റേഞ്ചർ പിള്ള കോഴ വാങ്ങുമോ. അപ്പുക്കുട്ടന്‍ അന്തിച്ചു. അതുമനസ്സിലാക്കി പിള്ള വിശദീകരിച്ചു.
“കോഴാന്നൊന്നും പറയാന്‍ പറ്റില്ലടാ. അവര്ടെ ഒരു സന്തോഷം. അത്രന്നെ. പോരാഞ്ഞ് എനിക്ക് കാശിനാവശ്യണ്ടായിര്ന്നു. നാലു പിള്ളേരാ എനിക്ക്. ഡിഎഫോടെ കാര്യം അങ്ങനല്ല. അപ്പൊത്തന്നെ കാശുകാരനാ. എന്നാലും പിന്നേം വാങ്ങും. അതും ലക്ഷങ്ങള്. അതിനെ വേണങ്കി കോഴാന്ന് വിളിക്കാം!”
പിള്ളയുടെ വിശദീകരണം അപ്പുക്കുട്ടനു തൃപ്തികരമായി തോന്നി. “എന്നട്ട് ?”
“ഞാന്‍ ചെന്നപ്പൊ ഡീഎഫോടെ മേശേമ്മെ മന്ത്രീടെ ഓർഡർ കെടക്കാണ്. ഇനി ഒരു തടിമുറിച്ചാ പുള്ളീനെ ഡിസ്‌മിസ് ചെയ്യൂന്നാ വെരട്ടൽ. ആൾടെ അപ്പഴത്തെ അവസ്ഥ കണ്ടപ്പോ എനിക്കും പാവംതോന്നീടാ. ഞാൻ തോളീ തട്ടി ആശ്വസിപ്പിച്ചു. മറയൂര് നോക്ക്യപോലെ വയനാടും നോക്കാന്ന് പറഞ്ഞപ്പോ പുള്ളിക്ക് പിന്നേം പരോശായി. ഒടുക്കം എറങ്ങാന്‍ നേരം എന്റെനേരെ ഒരു ഫോട്ടോ നീട്ടി കരഞ്ഞട്ട് പറയാ. പ്രഭേ ഇവനെ അറിയോ എന്ന്”
പിള്ള ഒരു കാജയെടുത്തു കത്തിച്ചു.
“നായരെ ആരായിരുന്നു ആ ഫോട്ടോല്?”
“എടാ അതീ നമ്മടെ രാഘവനായിരുന്നു. ജയന്റെ അച്ഛന്‍. മഴക്കാലത്ത് പൊഴേന്ന് ഊത്തല്‌കേറുമ്പോ തോട്ടീ കാണണ ഒരുതരം മീനില്ലേ… മാംഗ്ലാഞ്ചി. അതിന്റെപോലത്തെ വായും താടീം. ചെറിയ കണ്ണ്. കൊമ്പൻ മീശ. ഒറ്റ നോട്ടത്തീത്തന്നെ എനിക്ക് ആളെ പിടികിട്ടി. പക്ഷേ എന്നട്ടും ഞാന്‍ ഡിഎഫോട് പറഞ്ഞത് അറിയില്ലാന്നാ”
“അതെന്തേ? പേടിച്ചാണോ പറയാണ്ടിര്ന്നെ”
പിള്ള തോര്‍ത്തുകൊണ്ട് ശരീരമാകെ അഞ്ചാറുതവണ വീശി. “പേട്യാ! എനിക്കാ?. അതും രാഘവനെ ഹഹഹ… എടാ മറയൂരീ വർക്ക് ചെയ്യുമ്പൊത്തന്നെ ഉന്നതങ്ങളിലൊരു പറച്ചിലിണ്ടായിരുന്നു. പ്രത്യക്ഷത്തീ എതിരാണെങ്കിലും ഞാനും രാഘവനും ഒരു സൈഡാന്ന്. എന്റെ വീട്ടിലെ ചന്ദനക്കട്ടിൽ അവൻ സമ്മാനിച്ചതാന്നും. ആ സ്ഥിതിക്ക് ഞാൻ അറിയൂന്ന് പറഞ്ഞാ എന്റെ ജോലി പോക്കാ. അതോണ്ട് ഞാന്‍ കണ്ണടച്ചു”
ഉന്നതങ്ങളിൽ മാത്രമല്ല നാട്ടിലും പറച്ചിലുണ്ടായിരുന്നു. മറയൂരില്‍നിന്നു മുറിച്ച ചന്ദനത്തടി പുഴയിലൂടെ ഒഴുക്കി തൈക്കൂട്ടം പനമ്പിള്ളിക്കടവിലെത്തിച്ചതും, മൂന്നുപേര്‍ക്കു ഒരേസമയം സുഖമായി ശയിക്കാൻ മാത്രം വലുപ്പമുള്ള കട്ടിൽ പണിതത് ശിവരാമൻ ആശാരിയുമാണെന്നാണ് സംസാരം. കാടിനെപ്പറ്റി പറയുമ്പോഴൊക്കെ പിള്ള ചന്ദക്കട്ടിലിനെപ്പറ്റിയും പറയും. ഓര്‍മ്മകൾ കൃത്യമാണ്.
“ഞാന്‍ ചെല്ലണ കാലത്ത് മറയൂരീ രാഘവൻ ഇണ്ടായിരുന്നൂന്നൊള്ളത് സത്യാ. പക്ഷേ എപ്പഴും അവടെ കാണാറില്യ. രാഘവന് പ്രധാനായും വേറെ സ്ഥലത്തായിരുന്നു പണി. വയനാട്ടീ ഒരിക്കലെങ്ങാണ്ടാ വന്നട്ടൊള്ളൂ. അന്ന് ഞാൻ താക്കീത് കൊടുത്ത് വിട്ടു. അതാ മുമ്പ് പറഞ്ഞ അരക്കണക്ക്. നീയെന്നെങ്കിലും രാഘവനോട് ചോദിച്ചണ്ടാ എന്താ വയനാട്ടിക്ക് പോവാഞ്ഞേന്ന്?”
“ഉവ്വ്. അപ്പോ പുള്ളി പറഞ്ഞു അവടെപ്പോയാ രോഗം വരൂന്ന്”
പിള്ള അലറിച്ചിരിച്ചു. കാര്‍ക്കിച്ചുതുപ്പാൻ തോന്നിയപ്പോഴാണ് നിര്‍ത്തിയത്. “ആക്രാഷ് ഫ്തൂം… നിനക്ക് സംഗതി മനസ്സിലായല്ലാ രാഘവൻ എന്താ പോവാഞ്ഞേന്ന്”
“മനസ്സിലായി”
“എന്നാ പറ അവനെന്താ വരാണ്ടിര്ന്നെ?”
“മലമ്പനിയെങ്ങാൻ പിടിച്ചാലോന്ന് പുള്ളി പേടിച്ചണ്ടാവും”
പിള്ള അപ്പുക്കുട്ടനെ ആട്ടി. “ഛായ്. നിനക്കൊരു കോപ്പും അറിയില്ലടാ. രാഘവന്‍ വയനാട്ടീ വരാണ്ടിരിക്കാൻ കാരണം മലമ്പന്യല്ല. മറിച്ച് ഞാനാ. അവന്റെ ഗ്യാങ്ങിലെ റാവുത്തറെ കാച്ചീത് ഞാനാ. മുട്ടുചെരട്ട തകര്‍ത്തളഞ്ഞു. അതോടെ രാഘവന് പേട്യായി”
എല്ലാ സംഭാഷണങ്ങളുടെയും അവസാനം പോലെ അപ്പുക്കുട്ടന്‍ അതിശയിച്ചു. “നായര് ആളൊരു ഭയങ്കരന്‍ തന്നെ”
ആ പ്രശംസ ആസ്വദിച്ചു റേഞ്ചർ ചാരുകസേരയിൽ ചാരി. ഓര്‍മകളിൽ നിമഗ്നനായി.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
രാഘവേട്ടനെ പറ്റി എന്നോട് ആദ്യം പറയുന്നത് വയനാട്ടില്‍ റേഞ്ചറായിരുന്ന എം.ജി.പ്രഭാകരന്‍ പിള്ളയാണ്. വെളുപ്പിനുള്ള പത്രംവായനക്കിടയില്‍ ഒരിക്കല്‍ ആരാഞ്ഞു. “എടാ നീ നമ്മടെ രാഘവനെ അറിയോ?”
“ജയന്‍ ചേട്ടന്റെ അച്ഛനല്ലേ?”
“അതെ. പക്ഷേ അതല്ല അവന്റെ ഒന്നാമത്തെ ഐഡന്റിറ്റി. അതു മലബാറുമായി ബന്ധപ്പെട്ടതാ. ഇരുപത്തഞ്ചുകൊല്ലത്തോളം രാഘവന്‍ അവിടെയായിരുന്നു…..”
അത്രയും നാള്‍, വീട്ടുമുറ്റത്തിരുന്നു അരംകൊണ്ടു അറക്കവാള്‍ മൂര്‍ച്ചവപ്പിക്കുന്ന, കരുമാത്രവീട്ടിലെ രാഘവന്‍ എനിക്കു ഒരു സാധാരണക്കാരനായിരുന്നു. പിള്ളയുടെ പറച്ചിലില്‍ പൊലിമയുടെ അതിപ്രസരം കുറവായിരുന്നിട്ടും മനസ്സിനുള്ളില്‍ രൂപപ്പെട്ട ഉസ്താദിന്റെ രൂപം പൂര്‍ണമായിരുന്നു. പിന്നീട് പലപ്പോഴും പലരില്‍ നിന്നും, ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഉസ്താദില്‍ നിന്നു നേരിട്ടും, മലബാര്‍ പുരാവൃത്തങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. വിടവുകള്‍ നികത്തപ്പെടുകയായിരുന്നു. പക്ഷേ കാലമേറെയെടുത്തു. ഒന്നര വര്‍ഷം മുമ്പു തുടങ്ങിയതാണ് ഇതിന്റെ എഴുത്ത്. ഒടുക്കം വൈകിയെത്തിയ ഫിനിഷിങ്ങ്, ഉണ്ണികൃഷ്‌ണനെപ്പോലെ. വൈകുമെന്നേയുള്ളൂ, പൂര്‍ത്തീകരണം തീര്‍ച്ചയായും ഉണ്ടാകും.
ശിക്കാരിക്കു ശേഷം കക്കാടിന്റെ പുരാവൃത്തങ്ങളില്‍ വീണ്ടും റേഞ്ചര്‍ പിള്ളയും അപ്പുക്കുട്ടനും. അടുത്ത ഭാഗത്തില്‍ ഉസ്താദും വരുന്നു.
എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
🙂
നല്ല പോസ്റ്റ്
ഇങ്ങനെ ഒരു സ്ഥലത്ത് ജനിച്ചതിലും ജീവിച്ചതിലും, നിങ്ങള്‍ ഭാഗ്യവാനാണ്…..
ഇവരെപ്പോലെയുള്ള ആളുകള്‍ എല്ലാ നാട്ടിലുമുണ്ട് മത്താപ്പേ 🙂
This comment has been removed by the author.
കക്കാടിന്റെ പുരാവൃത്തങ്ങളില്‍ വീണ്ടും, റേഞ്ചര്‍ പിള്ളയും അപ്പുക്കുട്ടനും, ഉസ്താദുമൊക്കെ പുത്തൻ കഥാപാത്രങ്ങളായി അരങ്ങുവാഴാൻ പോകയാണല്ലേ….
വായിക്കാന്‍ രസമുള്ള എഴുത്ത്. അടുത്ത ഭാഗം വൈകിക്കേണ്ട. 🙂
നല്ല തുടക്കം… അടുത്തതിനായി കാത്തിരിക്കാം
നായര് ആളൊരു ഭയങ്കരന്‍ തന്നെ-നന്നായി എഴുതി.
അടുത്ത ഭാഗം വായിയ്ക്കട്ടെ.
മുരളി ഭായ് : തീര്‍ച്ചയായും അവര്‍ ആടിത്തിമിര്‍ക്കും 🙂
ബിന്ദുചേച്ചി : വീണ്ടുമെത്തിയതിനു നന്ദി 🙂
കൊച്ചുരവി : നല്ല പേര് 🙂
ജ്യോ : ആള്‍ ജഗജില്ലിയാണ്. ‘ശിക്കാരി‘ എന്ന പഴയ പോസ്റ്റ് വായിച്ചില്ലേ 🙂
എച്ച്‌മു 🙂
എല്ലാവര്‍ക്കും പ്രണാമം
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
അടുത്ത ഭാഗം നോക്കട്ടെ
ഉസ്താദ് ഉഗ്രൻ സുനിൽ, മൂന്നുപോസ്റ്റും ഒന്നിച്ചാണ് വായിച്ചത്. നല്ല അനുഭവം.