ഡിറ്റക്ടീവ് വില്‍സന്‍ – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ഡിക്‍ടറ്റീവ് വിത്സന്‍ – 1 എന്ന മുന്‍‌പോസ്റ്റിന്റെ തുടർച്ചയാണിത്.

കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർ‌റോഡിനു അരികിലെ പൊട്ടക്കുളത്തിൽ‌നിന്നു കണ്ടുകിട്ടിയ അസ്ഥികൂടം കാടുകുറ്റിയിൽ നിന്നു വളരെ കൊല്ലങ്ങൾക്കു മുമ്പു കാണാതായ കണ്ടപ്പൻ പണിക്കരുടേതാണെന്നു സ്ഥിരീകരിക്കാൻ ഡിറ്റക്ടീവ് വിത്സൻ പ്രയോഗിച്ചത് വളരെ ലളിതമായ ബുദ്ധിയാണ്. കേസന്വേഷണം വിജയകരമായി പൂര്‍ത്തിയായതിന്റെ ആഹ്ലാദത്തിൽ കൊരട്ടി മധുര ബാറിൽ‌ നിന്നു വളരെക്കാലത്തിനു ശേഷം ഒരു ലാർജടിച്ചപ്പോൾ അദ്ദേഹമത് സഹപ്രവർത്തകനായ ഷാജുവിനോടു പോലീസ് ഭാഷയിൽ വിശദീകരിക്കുകയും ചെയ്തു.

“ഷാജു ഈ കേസ് വളരെ കുഴഞ്ഞു മറിഞ്ഞതാണെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സത്യത്തിൽ അങ്ങിനെയല്ലായിരുന്നു. തുമ്പുകൾ കിട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും വേഗം അന്വേഷണം പൂര്‍ത്തിയാക്കാൻ എനിക്കു കഴിഞ്ഞു”

ഒരു സിപ്പെടുത്തു ഷാജു മൂളി. വിത്സൻ തുടർന്നു. “ആദ്യം ഞാൻ അന്വേഷിച്ചത് കക്കാടു നിന്നും സമീപ പ്രദേശങ്ങളിൽ‌ നിന്നും എത്രപേർ കുറേ കൊല്ലം മുമ്പു മിസ്സായിട്ടുണ്ട് എന്നാണ്”

ഷാജു സമ്മതിച്ചു. “അതുതന്നെയാണ് എന്റെ മനസ്സിലേയും ആദ്യത്തെ സ്റ്റെപ്പ്”

“പക്ഷേ ഷാജു എനിക്കവിടെ നിരാശപ്പെടേണ്ടി വന്നു. കാരണം മിസ്സായത് ഒന്നും രണ്ടും പേരല്ല, മറിച്ചു ഏഴു പേരാണ്. ഒരാൾ കക്കാടു നിന്നും. മുമ്മൂന്നു വീതം പേർ അരിയമ്പുറം, കാടുകുറ്റി ഭാഗത്തു നിന്നും“

“ഫോറൻ‌സിക് റിപ്പോർട്ടു പ്രകാരം അസ്ഥികൂടം നാല്പതു വയസ്സു തോന്നിക്കുന്ന ഒരാളുടേതാണ്. അങ്ങിനെ വരുമ്പോൾ ഏഴു പേരിൽ നിന്നു മൂന്നു പേരെ ഒഴിവാക്കാം. അവർ വളരെ ചെറുപ്പമാണ്. അങ്ങിനെ നാലുപേർ ഫൈനൽ റൌണ്ടിലെത്തി. ഇവരിൽ ആരുടെയാണ് അസ്ഥികൂടം എന്നു തിരിച്ചറിയാൻ തെളിവുകളൊന്നും എന്റെ പക്കൽ ഇല്ലായിരുന്നു“

ഷാജു നെറ്റി ചുളിച്ചു. “ഒരു തുമ്പുമില്ലെന്നോ. കൊലപാതകി എന്തെങ്കിലും തെറ്റു വരുത്തുമെന്നാണല്ലോ പോലീസ് തിയറി പറയുന്നത്. പഴുതടച്ചുള്ള കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ലേ”

ഡിറ്റക്ടീവ് വിത്സൻ അനുകൂലമായി തലയാട്ടി. 

“അതെ അതു ശരിയാണ്. തെളിവുകൾ ഒന്നെങ്കിലും ഇല്ലാത്ത കേസുകളുണ്ടാവില്ല. നമ്മൾ അതു കാണണം എന്നുമാത്രം. കാഴ്‌ചയിൽ കാണാതെ മറഞ്ഞു കിടക്കുന്നവ കാണാനുള്ള ഒരു കഴിവ്. അതു പ്രയോഗിച്ചാൽ ഇവിടേയും നമുക്കു ചില തെളിവുകൾ കിട്ടും. ഷാജു ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ വലതു കൈപ്പത്തിയിലെയും ഇടതു കാൽ‌‌പാദത്തിലേയും പകുതി ഒടിഞ്ഞു പോയ ഏതാനും വിരലുകൾ”

Read More ->  കക്കാട് ബ്രദേഴ്സ് - 1

ഷാജു മൊട്ടത്തലയിലെ മസിൽ തടവി അല്‍ഭുതപ്പെട്ടു. “അതിലെന്ത് തുമ്പാണ് സാർ ഉള്ളത്. ദ്രവിച്ചു പോയതല്ലേ. വിരലുകൾക്കു മാത്രമല്ലല്ലോ തലയോട്ടിക്കും വാരിയെല്ലിനും കാര്യമായ കേടുപാടുകളില്ലേ“

“ഉണ്ട് ഷാജു, ഉണ്ട്. പക്ഷേ കാൽ‌‌വിരലുകളേയും വാരിയെല്ലുകളേയും പോലെയല്ല കൈപ്പത്തി. കൈപ്പത്തി നമ്മൾ കുറച്ചു കൂടി ഫോക്കസ് ചെയ്യേണ്ട ഭാഗമാണ്. തെളിവു കിട്ടാൻ സാദ്ധ്യതയുള്ള ഒരു അവയവം“

“അതെങ്ങനെ“

“ഷാജു… വാരിയെല്ലിനും കാല്‍‌വിരലുകൾക്കും ഒപ്പം തന്നെ കൈവിരലുകളും ദ്രവിച്ചു പോയെന്ന ഫോറൻസിക് റിപ്പോർട്ട് നമ്മൾ അതേപടി അംഗീകരിക്കണോ”

ഷാജു ചുണ്ടു കൊട്ടി. “പിന്നല്ലാതെ. ഇരുപത്തഞ്ചോളം കൊല്ലത്തെ പഴക്കമാണെന്നാ ഫോറൻസിക് വിഭാഗം പറയുന്നെ. ദ്രവിച്ചു പോകുമെന്നു അവരും സമ്മതിക്കുന്നുണ്ടല്ലോ”

“ശരിയാണ് അവർ എന്നോടു പറഞ്ഞതും വിരലുകൾ ദ്രവിച്ചു പോയതാണെന്നാണ്. പക്ഷേ അങ്ങനെ ചിന്തിച്ചാൽ നമ്മുടെ പക്കൽ തെളിവുകൾ ഒന്നുമുണ്ടായെന്നു വരില്ല“

“സാറെന്താ ഉദ്ദേശിക്കുന്നേ. എനിക്കു മനസ്സിലാകുന്നില്ല”

“ഷാജു, നമുക്കു ഈ കേസിൽ ആദ്യം തന്നെ വിണ്ഢിത്തങ്ങളെന്നു ഒറ്റ ചിന്തയിൽ തോന്നിയേക്കാവുന്ന ചില ഊഹങ്ങൾ നടത്തിയേ മതിയാകൂ. അത് നമ്മെ ചില തുമ്പുകളിലേക്കു നയിച്ചേക്കാം. നമുക്കു എത്ര ആഴത്തിൽ ചിന്തിക്കാൻ സാധിക്കുമെന്നത് ഇവിടെ പ്രസക്തമായി വരുന്നു. ഒറ്റ നോട്ടത്തിൽ ബാലിശമെന്നു തോന്നിയേക്കാവുന്ന ചില അനുമാനങ്ങളാണ് ഞാൻ ആദ്യം നടത്തിയത്. അതിന്മേലാണ് ഈ കേസന്വേഷണത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയതും“

ഷാജു തലയാട്ടി.

“ഫോറൻസിക് വിഭാഗം പറഞ്ഞ ദ്രവിച്ചു പോകൽ സിദ്ധാന്തം അപ്പടി വിഴുങ്ങേണ്ട കാര്യമില്ലെന്നു ഞാൻ തീരുമാനിച്ചു. ഉദാഹരണമായി അവർ പറഞ്ഞ പ്രകാരം വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും ഭാഗികമായി ദ്രവിച്ചു പോയിട്ടില്ല. ഇതായിരുന്നു എന്റെ പ്രാഥമിക നിഗമനം”

“അതുകൊള്ളാം സാർ. പക്ഷേ ഈ നിഗമനത്തിൻ‌മേൽ എങ്ങിനെയാണ് അടിത്തറ പണിയാൻ സാധിക്കുക?”

ഗ്ലാസൊന്നു മൊത്തി വിൽ‌സൻ മുന്നോട്ടു ആഞ്ഞിരുന്നു.

“കൈവിരലുകൾ ദ്രവിച്ചു പോയിട്ടില്ല എന്ന നിഗമനത്തിലെത്തിയാൽ സ്വാഭാവികമായും നമുക്കു അതിന്റെ മറുപുറവും കിട്ടും. അതായത് ആരുടെ അസ്ഥികൂടമാണോ കുളത്തിൽ ‌നിന്നു കിട്ടിയത്, അയാൾക്കു മരിക്കുന്നതിനു മുമ്പുതന്നെ നടുവിരലിന്റെയോ പെരുവിരലിന്റെയോ പകുതി നഷ്ടപ്പെട്ടിരുന്നു എന്ന്! കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാൽ വിക്ടിം ജീവിച്ചിരുന്നതു പകുതിയില്ലാത്ത വിരലോടു കൂടിയാണെന്ന്“

ഷാജു ആശ്ചര്യസൂചകമായി ചൂളമടിച്ചു.

“വിഡ്ഢിത്തമെന്നു തോന്നാവുന്ന നിഗമനത്തിലൂടെ മരിച്ച വ്യക്തി ആരെന്നു അറിയാൻ നമുക്കു ഇപ്പോൾ തുമ്പു കിട്ടിയില്ലേ!”

ഷാജുവിന്റെ മുഖത്തെ ആകാംക്ഷ അയഞ്ഞു. “ശരിയാണ് സാർ. വിരൽ മുറിഞ്ഞു പോയവർ എന്തായാലും നാട്ടിൽ അധികം ഉണ്ടാകാൻ പോകുന്നില്ല”

ഡിക്‍ടറ്റീവ് വിത്സൻ വിവരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചു. 

“ആരെങ്കിലും കാണാതായതിനെപ്പറ്റി ഓർമയുണ്ടോ എന്നു ഞാൻ നമ്മുടെ നാട്ടിലെ കാരണവന്മാരോടു ചോദിച്ചു. എല്ലാവർക്കും ഒരു മദ്ധ്യവയസ്‌കയെ കാണാതായതായി ഓർമ്മയുണ്ട്. പക്ഷേ ഇവിടെ മരിച്ചത് ഒരു പുരുഷനാണെന്നു തീർച്ചയാണ്. കാരണം സ്കെലിറ്റന്റെ വാരിയെല്ലിൽ ഒരെണ്ണം കുറവായിരുന്നു. പഴയ നിയമപ്രാകാരം ആണിന്റെ വാരിയെല്ല് ഊരിയാണ് പെണ്ണിനെ ഉണ്ടാക്കിയതെങ്കിൽ ഇങ്ങനെ വരാൻ ന്യായമില്ലാ“

Read More ->  കക്കാട് ജ്വല്ലറി വർൿസ് - 1

സത്യകൃസ്‌ത്യാനിയാണെന്നു ഡിക്‍ടറ്റീവ് ആവർത്തിച്ചു തെളിയിച്ചു.

“അടുത്ത പടിയായി ഞാൻ തൈക്കൂട്ടത്തേക്കാണു പോയത്. അവിടെ നിന്നാണ് പ്രതീക്ഷിച്ച തെളിവു കിട്ടിയതും. മുപ്പതു കൊല്ലം മുമ്പു കാണാതായത് മൂന്നു പേരാണ്. അതിലൊന്നു സ്‌ത്രീയും. അതുകൊണ്ടു അന്വേഷണം രണ്ടു പേരിലേക്കായി ചുരുങ്ങി. ഒരാൾ കുട്ടികൃഷ്ണൻ. ആശാരിയാണ്. കരിമ്പനക്കാവു അമ്പലത്തിലെ വലിയ വിളക്ക് കാണാൻ ദുർഘടം പിടിച്ച തീരദേശം പാടം വഴി പോയതാണ്. പിന്നെയാരും കണ്ടിട്ടില്ല. കരിമ്പനകളിലെ യക്ഷി പിടിച്ചതാണെന്നു പറച്ചിലുണ്ട്. കാണാതായ രണ്ടാമത്തെയാൾ കണ്ടപ്പൻ പണിക്കർ എന്ന ഈർച്ചമില്ലുകാരനായിരുന്നു. തടിയെടുക്കാൻ കൂപ്പിൽ പോകുന്നെന്നു പറഞ്ഞു പോയതാണത്രെ. രായ്‌ക്കുരാമാനം മിസായി”

ഷാജുവിനു ഉദ്വേഗം അടക്കാനായില്ല. “ഇതിൽ ആർക്കാണു സാർ വിരലിന്റെ പകുതി ഇല്ലാതിരുന്നത്. അതറിഞ്ഞാൽപ്പിന്നെ ഒക്കെ എളുപ്പമായില്ലേ”

വിത്സൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “അല്ല ഷാജു, അടുത്ത സ്റ്റെപ്പ് ഒട്ടും എളുപ്പമല്ലായിരുന്നു. കാരണം മേൽ‌പ്പറഞ്ഞ രണ്ടുപേർക്കും വലതു കൈപ്പത്തിയിലെ ഓരോ വിരലിന്റെ പകുതി നഷ്ടപ്പെട്ടിരുന്നു. ആശാരിയായ കുട്ടികൃഷ്ണനു നടുവിരലിലേയും ഈർച്ചമില്ലുടമയായ കണ്ടപ്പനു ചൂണ്ടുവിരലിലേയും!”

ഡിക്‍ടറ്റീവ് വിത്സനും ഷാജുവിനും ഇടയിൽ കുറച്ചധികം നേരം മൌനം തളം‌കെട്ടി. മുഖത്തോടു മുഖം നോക്കാതെ ഏതാനും മിനിറ്റുകൾ. ഒടുവിൽ കൈത്തലങ്ങൾ പരസ്‌പരം ഉരസി ചൂടാക്കി വിത്സൻ ആരാഞ്ഞു.

“ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചാൽ ഷാജു എന്തുചെയ്യും?“

ഒട്ടും താമസമില്ലാതെ മറുപടിയെത്തി. “ഞാനാണെങ്കിൽ സാർ മുമ്പു പറഞ്ഞ പോലെ പ്രത്യക്ഷത്തിൽ വിണ്ഢിത്തമെന്നു തോന്നാവുന്ന എന്തെങ്കിലും ഊഹങ്ങൾ ഉണ്ടാക്കും. പിന്നെ അതിന്റെ അടിത്തറയിൽ കേസ് കെട്ടിപ്പൊക്കും. എന്താ ശരിയല്ലേ?“

ഡി‌ക്‍ടറ്റീവ് സുഹൃത്തിനെ വിലക്കി. “പാടില്ല ഷാജു പാടില്ല. നമ്മൾ കുറച്ചുകൂടി ബുദ്ധി ഇവിടെ പ്രയോഗിക്കേണ്ടതായുണ്ട്. അബദ്ധങ്ങളെന്നു തോന്നാവുന്ന ചില നിഗമനങ്ങളെ മുൻ‌നിർത്തി നമ്മൾ ഈ കേസിനെ ഇത്രവരെ എത്തിച്ചു. ഇനിയും അത്തരം നിഗമനങ്ങളെ നമ്മൾ പിന്തുടർന്നുകൂടാ. അതുകൊണ്ട്…”

ഷാജുവിന്റെ ആകാംക്ഷ മാനംമുട്ടെ ഉയർന്നു. കേസു തെളിയിക്കാൻ ഡിറ്റക്‍ടീവ് പ്രയോഗിച്ച തന്ത്രം എന്താണെന്നറിയാൻ അദ്ദേഹം തിടുക്കം കൊണ്ടു. 

“അതുകൊണ്ട്..?”

“അതുകൊണ്ട് ഞാൻ ഒരു രണ്ടുരൂപ നാണയമെടുത്തു ടോസിട്ടു. ഹെഡ് വീണാൽ കുട്ടികൃഷ്ണൻ. ടെയിൽ വീണാൽ കണ്ടപ്പൻ‌ പണിക്കർ. വീണത് ടെയിലാണ്. സോ പണിക്കരുടെ അസ്ഥികൂടമാണ് നമുക്കു കുളത്തിൽ‌ നിന്നു കിട്ടിയത്”

പ്ലേറ്റിൽ ‌നിന്നു ചൂണ്ടുവിരലിൽ അച്ചാറെടുത്തു നക്കി കക്കാടിന്റെ ഡിക്ടറ്റീവ് പറഞ്ഞു നിർത്തി. കട്ടപ്പുറം ഷാജു മൊട്ടത്തലയിലെ മസിൽ എന്തിനെന്നറിയാതെ വീണ്ടും തടവി.


25 Replies to “ഡിറ്റക്ടീവ് വില്‍സന്‍ – 2”

  1. ഗ്ലാസൊന്നു മൊത്തി ഡിക്ടറ്റീവ് വിത്സന് മുന്നോട്ടു ആഞ്ഞിരുന്നു.

    “കൈവിരലുകള്‍ ദ്രവിച്ചുപോയിട്ടില്ല എന്ന നിഗമനത്തില്‍ എത്തിയാല് സ്വാഭാവികമായും നമുക്കു അതിന്റെ മറുപുറവും കിട്ടും. അതായത് ആരുടെ അസ്ഥികൂടമാണോ കുളത്തില്നിന്നു കിട്ടിയത്, അയാള്ക്ക് മരിക്കുന്നതിനു മുമ്പുതന്നെ നടുവിരലിന്റെയോ പെരുവിരലിന്റെയോ പകുതി നഷ്ടപ്പെട്ടിരുന്നു എന്നു!. കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാല് വിക്ടിം ജീവിച്ചിരുന്നതു പകുതിയില്ലാത്ത വിരലോടു കൂടിയാണെന്ന്.“

    കക്കാടിലെ ആദ്യ, ഏകപോലീസുകാരനും മണ്‍മറഞ്ഞുപോയ ‘സൌഭാഗ്യ ആര്‍ട്‌സ് & സ്‌പോര്‍ട്സ്’ ക്ലബ്ബിന്റെ എതിരില്ലാത്ത നായകനുമായ വിത്സന്‍ ഇത്തവണ പുരാവൃത്തങ്ങളില്‍ എത്തുന്നു. കണ്ണമ്പിള്ളി ബ്രദേഴ്‌സിന്റെ‍‌ രണ്ടാം ഭാഗം എന്നു വിശേഷിപ്പിക്കാവുന്ന ഈ പോസ്റ്റ് ഇതോടെ പൂര്‍ണമാവുകയാണ്.

    എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ | ഉപാസന | സുപാസന

  2. ഡിക്ടാക്റ്റീവിൽ തുടങ്ങി കേരള പോലീസിന്റെ 'scientific analysis' എത്തിയത്‌ പോലെയായി..

  3. ആ നാണയമിടുന്ന പരിപാടി ഭയങ്കരമായിരുന്നു.
    എന്തൊരെളുപ്പം!

    പോസ്റ്റിടുമ്പോ ഒരു മെയിലയക്ക്വോ, എപ്പളും വൈകും വായിയ്ക്കാൻ. പിന്നെന്തിനാ കമന്റ് എന്ന് വിചാരിയ്ക്കും.

  4. @ kusumam chEchchi

    തികച്ചും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളപോലീസിനെ കളങ്കം ചാര്‍ത്താനും കൊടിയേരിയുടെ ആഭ്യന്തരവകുപ്പിന്റെ പാളിച്ചകളിലേക്കു വിരല്‍ ചൂണ്ടുന്നതുമായ ചേച്ചിയുടെ കമന്റ് കേവലം മാധ്യമസൃഷ്ടികള്‍ക്കു വശപ്പെട്ടു കൊണ്ടുള്ളതാണെന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട് 🙂

    @ എച്ച്‌മു

    ഇനി ഡാഷ് ബോര്‍ഡില്‍ വന്നോളും. മെയില്‍ ഗ്രൂപ്പില്‍ എച്ച്മുവിന്റെ ഇമെയില്‍ ആഡ് ചെയ്യാം 🙂

  5. നാണയം ടോസ്സ് ചെയ്തുള്ള നിഗമനം ഗംഭീരമായി-നന്നായിരിക്കുന്നു.

  6. 'പക്ഷേ ഇവിടെ മരിച്ചത് ഒരു പുരുഷനാണെന്നു തീര്‍ച്ചയാണ്. കാരണം സ്കെലിട്ടന്റെ വാരിയെല്ലില് ഒരെണ്ണം കുറവായിരുന്നു. പഴയ നിയമപ്രാകാരം ആണിന്റെ വാരിയെല്ല് ഊരിയാണ് പെണ്ണിനെ ഉണ്ടാക്കിയതെങ്കി ഇങ്ങനെ വരാന് ന്യായമില്ലാ“

    സത്യകൃസ്‌ത്യാനിയാണെന്നു ഡിക്‍ടറ്റീവ് ആവര്‍ത്തിച്ചു തെളിയിച്ചു…'അതാണ്‌

    പാവം ഡോ വാട്സൺ…കുറച്ച് മുന്നേ ജനിച്ചു പോയില്ലേ?
    മൊട്ടത്തലയിലെ മസ്സിലിനെകുറിച്ചാവട്ടെ അടുത്ത അന്വേഷണം…
    😀

  7. സാബു ഭായ് : നമ്മുടെ പോലീസുകാര്‍ ശാസ്ത്രീയ അന്വേഷണത്തിനു പകരം പ്രശ്നം വച്ചു ഒത്തുതീര്‍പ്പാക്കുകയാണെന്നാണു തോന്നുന്നത് 🙂

    ഞാന്‍ : പെട്ടെന്നു തീര്‍ക്കാന്‍ പറ്റി. അപ്പോ അങ്ങട് കാച്ചി

    ചെറുവാടി : താങ്കള്‍ക്കും ആശംസകള്‍

    ശ്യാം ഭായ് : ഒരു മൂന്നാം പാര്‍ട്ട് കൂടി എഴുതിച്ചേര്‍ക്കെണ്ടെന്നു കരുതി പെട്ടെന്നു നിര്‍ത്തിയതാണ്. അല്ലെങ്കില്‍ ചൂണ്ടുവിരല്‍ നടുവിരല്‍ സ്വപ്പിങ്ങിനു ശേഷം വീണ്ടുമെഴുതാന്‍ സ്കോപ്പുണ്ട് ::-)

    ശോഭീ : 🙂

    പ്രവീണ്‍ കുമാര്‍ : ഏതു പ്രവീണ്‍ ആണെന്നു എനിക്കു മനസ്സിലായില്ല കേട്ടോ. മര്യാദമുക്കിലെ മര്യാദക്കാരന്‍, കൈപ്പുഴ പ്രവീണാണെങ്കില്‍, സോറി മച്ചൂ 🙂

    മുരളീഭായ് : ഉപാസന ധന്യനാകുന്നു ഓരോ പോസ്റ്റും വായിച്ചെന്നറിയുമ്പോള്‍

    എല്ലാവര്‍ക്കും നന്ദി
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  8. കുസുമേച്ചി : കറുത്ത സത്യം 🙂

    സുരേഷ് ഭായ് : ദേ പിന്നേം ഞാന്‍ നമിക്കുന്നു 🙂

    എച്ച്‌മു : നാണയമിടുന്നതുവരെ എങ്ങിനെയെത്തിയെന്നു നോക്കണ്ടേ. ഗ്രൂപ്പ് മെയിലില്‍ താങ്കളുടെ ഇമെയില്‍ആഡ് ചെയ്തിട്ടുണ്ട് 🙂

    ജ്യോ : അതിലെന്താ തെറ്റ് ?? 🙂

    ജയരാജ് ഭായ് : വരവിനു നന്ദി 🙂

    ലിഡിയ : അതെ ഷാജുവിന്റെ തലയിലെ മുടി കൊഴിഞ്ഞതു എങ്ങിനെ എന്നാറിയാന്‍ ഒരു അന്വേഷണം ഡിജിപി ഓര്‍ഡര്‍ ചെയ്തെന്നു കേട്ടു. അതിനു പിന്നില്‍ ലിഡിയുടെ കയ്യുണ്ടോ ?? 🙂

    എല്ലാവര്‍ക്കും നന്ദി
    🙂

    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  9. ഗംഭീരം ഞാന്‍ ഇന്നാണ് ഈ ബ്ലോഗ്‌ വായിച്ചത് കൊള്ളാം ആശാനെ എങ്കിലും കേരള പോലീസിനെ ഇത്ര തരാം താഴ്ത്തണോ

    സന്ദീപ്‌

  10. കൊള്ളാം..സുനി…..
    ടോസ് ഇട്ട് ‌കേസ് കണ്ടുപിടിക്കുന്നത് ഒരു നല്ല ലോജിക്‌ ആണ്…
    ഇനിയുള്ള കാലം ഇതൊക്കെ തന്നെ ശരണം….
    ആശംസകള്‍…..

  11. ‘പ്രിയ സുനിലേ’, ഇന്നു താങ്കൾ സൂചന തന്നപ്പോഴാണ് ഇത് വായിച്ചത്. രണ്ടു ലക്കത്തിൽ സുന്ദരമായി വർണ്ണിച്ചെഴുതി. ഒരു ‘യക്ഷി’യുടെ പേരിൽ ഞാനൊന്നു കൈവച്ചു നോക്കിയതാണേ. ഇതുപോലെ നല്ല വാചകങ്ങളിലൂടെ വിശദീകരിക്കാൻ ഞാനാളായില്ല സാറേ. ആദ്യമായി ഒന്നെഴുതിനോക്കി, അത്രമാത്രം. സുനിലിന്റെ രസാവഹമായ ശൈലിയുടെ മുമ്പിൽ,കക്കാടിലെ നാട്ടുകാരെപ്പോലെ ഞാനും അതിശയിച്ചു നിൽക്കുന്നു. ഞാനിവിടെ വന്നിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ, കഥാരംഗത്തെ ബാല്യം. താങ്കളുടെ എഴുത്തിലുള്ള പ്രാഗൽഭ്യത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും രേഖപ്പെടുത്തട്ടെ…….

  12. ജയന്‍ ഭായ് : വരവു വച്ചിരിക്കുന്നു 🙂

    അനോണു : ഞാന്‍ അവരെ പ്രശസ്തരാക്കുകയല്ലേ ചെയ്-തേ. സൈബര്‍ കേസ് എങ്ങാനും എടുക്കോ ?? 🙂

    അല്‍‌ഡസ് : ഇനിയുള്ള കാലം ഇങ്ങിനെയോ. ച്ഛായ് എന്തു പറഞ്ഞെടാ. നിന്റെ ക്കൂമ്പിടിച്ച് വാട്ടും (പോലീസ് മുറയില്‍…) 🙂

    ജയകുമാര്‍ : ഇതു രണ്ടാമത്തെ കമന്റ് ആണല്ലോ !!

    പ്രവാസമ : ആദ്യവരവിനു നന്ദി

    വി‌എ : എത്തിയതിനും അഭിപ്രായം പങ്കുവച്ചതിലും സന്തോഷം.

    എല്ലാവര്‍ക്കും പ്രണാമം
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക