സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
ചെറാലക്കുന്നിന്റെ അടിഭാഗത്ത് കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിൽ പ്രീമിയര്‍സര്‍ക്കസുകാർ വന്നതു ഏപ്രിൽ – മെയ് മാസങ്ങളിലായിരുന്നു. കൊച്ചപ്പന്റെ കള്ളുഷാപ്പിനു മുന്‍ഭാഗത്ത് ചേരിയിൽവീട്ടിൽ മാധവൻനായർക്കു നൂറ്റിപ്പത്ത് സെന്റ് നെല്‍പാടമുണ്ട്. അവിടെയവർ കട്ടിയുള്ള തുണികൊണ്ടു തമ്പുകൾ കെട്ടി. തമ്പിനുസമീപം വൃത്താകൃതിയിൽ കളംവെട്ടി കുഴികൾ മണ്ണിട്ടുനികത്തി. കൂടുതൽ നിരപ്പാക്കാൻ വെള്ളംതളിച്ചു ഇടികട്ടകൊണ്ടു ഇടിച്ചു. പാടത്തിന്റെ നാലതിരിലും മുളങ്കാൽ കുഴിച്ചിട്ടു അതിന്റെ തുഞ്ചത്തു കോളാമ്പിമൈക്കുകൾ സ്ഥാപിച്ചു. ഒരു മുളങ്കോലില്‍നിന്നു മറ്റൊന്നിലേക്കു ചാക്കുചരടുകെട്ടി മൈദപ്പശ തേച്ചു വര്‍ണ്ണക്കടലാസുകൾ ഒട്ടിച്ചു. തമ്പും സമീപവും അങ്ങിനെ നിറപ്പകിട്ടാര്‍ന്നു.
പകല്‍സമയം മുഴുവൻ തമ്പുകളിൽ തികഞ്ഞ ശാന്തതയായിരിക്കും. ഉള്ളിൽ ആരുമില്ലെന്ന മട്ട്. പാടത്തേക്കു സാകൂതം കണ്ണുനട്ടിരിക്കുന്ന പൊടിപിള്ളേരെ തൃപ്തിപ്പെടുത്തി ഒന്നോ രണ്ടോപേർ പുറത്തു മുഖംകാണിച്ചാലായി. അതുതന്നെ കുട്ടികളിൽ ഓളങ്ങളുണ്ടാക്കുമായിരുന്നു. നാലുമണിക്കുശേഷം സൂര്യപ്രകാശം മങ്ങുന്നതിനനുസരിച്ച് തമ്പിൽ ആളനക്കം കൂടും. ചെറിയഇരുട്ട് വീണാലുടൻ കോളാമ്പിമൈക്കിലൂടെ സിനിമാഗാനങ്ങൾ ഒഴുകിവരും.
“കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാൻ വാ…”
“മച്ചാനേ പൊന്നുമച്ചാനേ…”
പാട്ടിന്റെ ശീലുകൾ അന്തരീക്ഷത്തിൽ പരക്കുന്നതോടെ പാടത്തേക്കു നാടൊഴുകും. അന്നുവരെ സര്‍ക്കസ് എന്നതു കൊരട്ടിപ്പള്ളി പെരുന്നാളിനു കാണുന്ന അല്ലറചില്ലറ നമ്പറുകളായിരുന്നു. പ്രീമിയർ സര്‍ക്കസിൽ കുറച്ചുകൂടി നിലവാരമുള്ള ഇനങ്ങൾ കാണാമെന്നതിനാൽ നാട്ടിൽ പൊതുവെ ആവേശമായിരുന്നു. ഒറ്റച്ചക്രമുള്ള സൈക്കിളിലെ സവാരിയും അല്പം മുതുകാട് നമ്പറുകളുമാണ് തുടക്കത്തിൽ കാണിക്കുക. അതിനുശേഷമാണ് പ്രധാനഐറ്റമായ ഡാന്‍സ്. മുട്ടിനുമുകളിൽ കഷ്ടിച്ചെത്തുന്ന കുട്ടിയുടുപ്പണിഞ്ഞു വെണ്ണക്കല്‍നിറമുള്ള തുടകളെ അനാവൃതമാക്കി രണ്ടുയുവതികൾ സിനിമാപാട്ടിനനുസരിച്ചു മാദകമായി ചുവടുവക്കും. അവർ വട്ടംചുറ്റുമ്പോഴോ മുകളിലേക്കു ചാടുമ്പോഴോ കാണികളുടെ ശ്വാസംവിലങ്ങും. അങ്ങിനെയാണു വസ്ത്രങ്ങളുടെ സെറ്റപ്പ്. ‘രാമായണക്കാറ്റേ…‘ എന്നഗാനത്തിൽ വട്ടംചുറ്റൽ ധാരാളമായതിനാൽ അതിനായിരുന്നു കാണികൾക്കിടയിൽ കൂടുതൽ ആവശ്യക്കാർ.
പ്രീമിയർ സര്‍ക്കസിലെ ഗ്ലാമര്‍ഏറ്റം കാബറേഡാന്‍സാണെങ്കിലും അതിൽ ഏറെ ശ്രദ്ധ ലഭിക്കുക യുവതികള്‍ക്കല്ല. മറിച്ച് അവരുടെകൂടെ പാട്ടുപാടി ചുവടുവക്കുന്ന ഒരു ആണ്‍കുട്ടിക്കാണ്. പൊടിമീശ മാത്രമുള്ള, പതിനഞ്ചുവയസ് തോന്നിക്കുന്ന പയ്യൻ ഡാന്‍സിനിടയിൽ യുവതികളുടെ അരയിൽ കൈചുറ്റി കിടിലൻ പ്രകടനം നടത്തുമ്പോൾ കാണികളിൽ പലരും അങ്കലാപ്പോടെ വിളിച്ചുകൂവും.
“എടാ അത്രേം മുറുക്കെപ്പിടിക്കണ്ട…“
“അവള്‍ടെ പൊക്കിളീ തൊട്ടാ നിന്നെ ഞാനടിക്കും”
വിളിച്ചുപറയാൻ സങ്കോചമുള്ളവർ അടക്കംപറഞ്ഞു പരിതപിക്കും. “അവന്റെ ഒരു ടൈം. അല്ലാണ്ടെന്താ”
ശ്വാസമടക്കിയിരുന്നു കാണേണ്ട പതിനഞ്ചുമിനിറ്റുകള്‍ക്കുശേഷം മജീഷ്യന്റെ തൊപ്പിയിൽ നാണയങ്ങളും നോട്ടുകളും പെരുമഴ പെയ്യുകയായി. അതോടെ അന്നത്തെ പരിപാടികൾ അവസാനിക്കും.
നാട്ടിൽ സര്‍ക്കസ് തുടങ്ങിയതോടെ ഏപ്രിൽ – മെയ് മാസങ്ങളിൽ വ്യാപകമായുള്ള ഉത്സവങ്ങള്‍ക്കും അനുബന്ധ കലാപരിപാടികള്‍ക്കും പൊലിമകുറഞ്ഞു. കാബറേ സമാനമായ ഡാന്‍സ്ഐറ്റമുള്ളപ്പോൾ അതൊന്നുമില്ലാത്ത ഉത്സവങ്ങള്‍ക്കു ആരാണു പോവുക. സര്‍ക്കസുകാർ വരുന്നതിനുമുമ്പു ആളൊഴിഞ്ഞു കിടക്കുമായിരുന്ന പാടത്തു അവരെത്തിയതോടെ തിരക്കായി. ബലൂൺ, ഇഞ്ചിമിഠായി വില്‍പനക്കാർ അവിടെ താവളമടിച്ചു. സമീപപ്രദേശങ്ങളിലെ കുടിയന്മാരുടെ വരവോടെ കൊച്ചപ്പന്റെ കള്ളുഷാപ്പിലെ വരവുകൂടി. ചുരുക്കിപ്പറഞ്ഞാൽ ഉത്സവാന്തരീക്ഷം.
സര്‍ക്കസ് ആരംഭിച്ചു മൂന്നാഴ്ച കഴിഞ്ഞപ്പോഴാണു കാബറേഡാന്‍സിലെ പയ്യൻ അജ്ഞാതകാരണങ്ങളാൽ എവിടേക്കോ ഒളിച്ചോടിയത്. അതു പലവിധ ഊഹോപഹങ്ങൾ നാട്ടിൽ പരക്കാൻ നിമിത്തമായി.
“മൊട്ടേന്ന് വിരിയണേനു മുമ്പ് അരേമ്മെ പിടിക്കണ പരിപാടി ചെക്കന് ഇഷ്ടായിണ്ടാവില്ല. അതന്നെ കാരണം” പരമുമാഷിന്റെ കടയിൽച്ചു ചാലക്കുടി കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാരനായ ഷാജൻ തന്റെ നിഗമനങ്ങളിലൊന്നു അവതരിപ്പിച്ചു. മാഷിനു ആ വാദത്തിൽ കഴമ്പുണ്ടെന്നു തോന്നിയില്ല.
“ഹേയ് അങ്ങിനാവാൻ തരല്ല്യ. കാരണം ഈ പ്രായത്തീ ഇത്തരം കാര്യങ്ങളില് ഇന്ററസ്റ്റ് കൂടേള്ളൂ”
ചര്‍ച്ച ഒന്നുംരണ്ടും പറഞ്ഞ് മുന്നേറി. മുറുക്കാനായി ചുണ്ണാമ്പ് അന്വേഷിച്ചുവന്ന ആശാന്‍കുട്ടി അലസോരം ഭാവിച്ചു. “അതേ ആ ചെക്കന്‍ പോണങ്കി പോട്ടേന്ന്. ആര്‍ക്കാ ചേതം. പെങ്കൊച്ചുങ്ങളില്ലേ?”
ആശാന്റേതു പോലെയായിരുന്നു പലരുടേയും ചിന്താഗതി. സര്‍ക്കസ് മുതലാളിയും തഥൈവ. പയ്യനില്ലെങ്കിലെന്ത്, രംഭയോളം അഴകുള്ളവരല്ലേ കൂടെ. പക്ഷേ ആണ്‍കുട്ടിയുടെ അസാന്നിധ്യം സാരമാക്കാതെ നടത്തിയ ആദ്യകാബറേ അതിശയകരമാംവിധം പൊളിഞ്ഞു. ഏറിയാൽ അമ്പതുപേരേ എത്തിയുള്ളൂ. അവരില്‍തന്നെ പലരും ഡാന്‍സിനിടയിൽ കോട്ടുവായിട്ടു എഴുന്നേറ്റുപോയി. ആണ്‍തരിയില്ലാതെ രംഗം കൊഴുക്കുന്നില്ലെന്നു മുതലാളി മനസ്സിലാക്കി. സമയം പാഴാക്കാതെ പുതിയകുട്ടിക്കുവേണ്ടി അന്വേഷണവും ആരംഭിച്ചു. അതു ചെന്നെത്തിയത് കക്കാട് ലക്ഷംവീട് കോളനിയിലെ പൊന്നാങ്കിളി – കുറുമ്പൻ ദമ്പതികളുടെ ഇളയമകനായ അശോകനിലാണ്.
കക്കാട് എസ്‌എന്‍ഡിപി സെന്ററിലെ ഭാസ്കരന്റെ ചായക്കടയിൽ കട്ടൻചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മെലിഞ്ഞ പയ്യൻ പേട്ടസൈക്കിളിൽ ഹാന്‍ഡിൽ പിടിക്കാതെ വളവുകൾ സമര്‍ത്ഥമായി തിരിച്ചുവരുന്നത് മുതലാളി കണ്ടു. ‘കൊരട്ടി ജെടിഎസി‘ൽ അധ്യാപകനായ വിജയന്‍മാസ്റ്ററുടെ വീടിനടുത്തെ തൊണ്ണൂറുഡിഗ്രി വളവും പയ്യൻ നിഷ്‌പ്രയാസം തിരിച്ചപ്പോൾ പുതിയ കുട്ടിക്കുവേണ്ടിയുള്ള അന്വേഷണം നിര്‍ത്താമെന്നു മുതലാളി തീരുമാനിച്ചു. സൈക്കിളില്‍വന്ന പയ്യൻ ചായക്കടക്കുസമീപം വേലിയരികിൽ, മുതലാളിക്കു അഭിമുഖമായി, കുന്തിച്ചിരുന്നു മൂത്രമൊഴിച്ചു. യാതൊരു മറയുമില്ലാതെ ലൈവായി സംഗതികൾ വീക്ഷിച്ച മുതലാളിയോടു ‘കാര്‍ന്നോര്‍ക്ക് ആണും പെണ്ണും തമ്മീ ഭേദല്ല്യേ?‘ എന്നു ചോദിക്കുക കൂടിചെയ്തു. അതോടെ മുതലാളി പയ്യനെ തന്റെ സംഘത്തിലേക്കു റാഞ്ചണമെന്നു ഉറപ്പിച്ചു. സർക്കസ് സംഘത്തിലെ ലലനാമണികളെ കൈകാര്യംചെയ്യാൻ ഇവൻ ധാരാളം.
മുതലാളി ഗ്ലാസ്സിൽ അവശേഷിച്ച ചായകുടിച്ചു പൈസ എണ്ണിക്കൊടുത്തു. തിരിച്ചിറങ്ങവെ ബെഞ്ച് തുടക്കുന്ന പയ്യനോടു അന്വേഷിച്ചു. “അവന്റെ പേരെന്താടാ ചെക്കാ. ആ മൂത്രിച്ചവന്റെ?”
താഴോട്ടു തൂങ്ങിവന്ന മൂക്കിള പയ്യന്‍ മേലോട്ടുവലിച്ചു. “അശോകന്‍…”
അക്കാലത്തു ചെറുവാളൂർ ഹൈസ്കൂളിൽ മിന്നിത്തിളങ്ങുന്ന താരമാരെന്നു ചോദിച്ചാൽ അതിനുത്തരമാണു കക്കാടിന്റെ അശോകൻ. യുവജനോത്സവത്തിനും ആനിവേഴ്‌സറിക്കും നടത്തുന്ന മത്സരങ്ങളിൽ വെന്നിക്കൊടി പാറിക്കുന്ന മിടുക്കൻ. ഇഷ്‌ടഇനം ഗാനമേള തന്നെ. ഒപ്പന, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളിൽ വാളൂര്‍ടീമായ ‘ഐശ്വര്യ & പാര്‍ട്ടി‘ക്കുള്ള അപ്രമാദിത്വം ഗാനമേളയിൽ കക്കാട് ടീമായ അശോകന്‍ – മനോജ് സഖ്യത്തിനാണ്. പാട്ട് വശമില്ലെങ്കിലും ഘടം എന്ന ഉപകരണത്തിന്റെ ആത്മാവറിഞ്ഞ കൊട്ടാണ് അദ്ദേഹത്തെ മത്സരവേദികളിൽ ശ്രദ്ധാകേന്ദ്രമാക്കുക.
അശോകന്‍ കാബറേഡാന്‍സിൽ അരങ്ങേറാൻ പോകുന്ന വാര്‍ത്ത നാട്ടിൽ പരന്നു. ഉടക്കിലുള്ളവർ പോലും തങ്ങളുടെ പൂര്‍വ്വനിലപാടുകളിൽ മയംവരുത്താൻ നിര്‍ബന്ധിതരായി. മറ്റുചിലർ അസൂയാലുക്കളായി പൊന്നാങ്കിളിയെ ഭയപ്പെടുത്തി.
“എടീ കിള്യേയ്… അശോകനെ ആ പെമ്പിള്ളേര് എന്തൂട്ടൊക്ക്യാ ചെയ്യാന്ന് ആര്‍ക്കറിയാം. അവളുമാര്ടെ മുട്ടല്‍ സഹിക്കാണ്ടാവൊള്ളൂ മറ്റേ ചെക്കൻ നാടുവിട്ടെ”
പൊന്നാങ്കിളി അതൊന്നും കാര്യമായെടുത്തില്ല. അവർ മകന്റെ ഏതെങ്കിലും തീരുമാനങ്ങളെ എതിർത്ത സന്ദർഭങ്ങൾ അപൂർവ്വമാണ്.
“എന്റെ കെട്ട്യോൻ എന്നെ കല്യാണം കഴിച്ചതേ വെറും പതിനാറാം വയസ്സിലാ. എന്നട്ടും എന്തേലും കൊറവ്‌ണ്ടായിര്ന്നാ?” പൊന്നാങ്കിളി ആരോ ഇക്കിളിപ്പെടുത്തിയപോലെ ചിരിച്ചു. “അശോകനാണെങ്കി ഇപ്പോ പതിനേഴായി. അവളുമാര് കേറിപിടിക്കാണെങ്കി പിടിക്കട്ടേ. അവനായി അവന്റെ പാടായി”
പൊന്നാങ്കിളി മകനു പൂര്‍ണസമ്മതം കൊടുത്തു. അതോടെ തടസങ്ങളെല്ലാം ഒഴിവായി. പൂർണചന്ദ്രന്‍ തെളിഞ്ഞുനിന്ന രാവിൽ അശോകൻ പ്രീമിയർ സര്‍ക്കസിൽ ഡാന്‍സറായി അരങ്ങേറി.
മനോജ് പ്രഭാകറിനെപ്പോലെ തലയിലും കൈത്തണ്ടയിലും വെള്ളബാന്‍ഡ് ചുറ്റി. കടുംചുവപ്പു ഷര്‍ട്ടും ബെല്‍ബോട്ടംപാന്റ് മുട്ടിനുമുകളിൽ മുറിച്ചുണ്ടാക്കിയ നിക്കറും വേഷം. എൿസ് മിലിട്ടറി കൊടുമ്പിള്ളി ഭാസ്കരന്റെ പാകമാകാത്ത ഗംബൂട്ട് കവുങ്ങിന്‍പാള ഉപയോഗിച്ചു കാലിലിടാൻ പറ്റുന്ന പരുവത്തിലാക്കി. ഈവേഷത്തിൽ ഡാന്‍സുകളിച്ചു അശോകൻ നാട്ടിൽ താരമായി. പെണ്‍കുട്ടികളുടെ അരയില്‍വച്ച അശോകന്റെ കൈകൾ മുത്താനും പിടിച്ചുകുലുക്കാനും ആളുകൾ തിരക്കുകൂട്ടി. ചായക്കട ഭാസ്കരന്റെ കടയിൽ രാവിലെ ഒരു കുറ്റിപുട്ടും കടലക്കറിയും അശോകനു സൌജന്യം. പൊന്നാങ്കിളിയുടെ വകയിൽ പരചരക്കുകടയിലെ പറ്റ് പരമുമാഷ് എഴുതിത്തള്ളി. പോരാതെ കുറുമ്പനു ദിവസേന ഒരുപാക്കറ്റ് വില്‍സും!
അങ്ങിനെ അശോകന്‍മൂലം വീട്ടുകാര്‍ക്കും ഗുണങ്ങളായി. പക്ഷേ എല്ലാം അധികനാൾ നീണ്ടുനിന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ നാടുവിട്ട പയ്യൻ തിരിച്ചുവന്നു. താമസിയാതെ സര്‍ക്കസ് കമ്പനിക്കാരും പെട്ടിമടക്കിപ്പോയി. ഫലം. പുട്ടടി നിലച്ചു. പലചരക്കുകടയിലെ പറ്റ് മുന്‍കാലപ്രാബല്യത്തോടെ വീണ്ടും നിലവില്‍വന്നു.
വീട്ടുകാർ നിരാശരായെങ്കിലും അശോകനെ അത് ഏശിയില്ല. അദ്ദേഹം താന്‍ നിര്‍വഹിച്ചറോളിന്റെ സ്മരണയിൽ സംതൃപ്തിനുകര്‍ന്നു കലാപ്രവര്‍ത്തനങ്ങൾ തുടരാൻ തീരുമാനിച്ചു. ആദ്യപടിയായി കൊരട്ടി മാതാടാക്കീസിൽ മരബെഞ്ചുകളിലെ മൂട്ടകളെ തുരത്താൻ മണ്ണെണ്ണ സ്പ്രേചെയ്തു. ഫലപ്രദമായ സ്പ്രേയിങ്ങിനെ തുടര്‍ന്നു മൂട്ടകൾ തിയേറ്റർ ഉപേക്ഷിച്ചു കോളനിയിലേക്കു വന്നു. അതോടെ ആ ജോലി നിർത്തി. പിന്നീടു കൈവച്ചതു അന്നമനട വിഎം ടാക്കീസിൽ കരിഞ്ചന്തയിൽ ടിക്കറ്റുവില്‍ക്കലിലാണ്. കൌണ്ടറിലെ കളക്ഷനേക്കാളും കൂടുതൽ കരിഞ്ചന്തക്കാരൻ നേടുന്നതുകണ്ട വിഎംടിക്കാർ അശോകനെ കളക്ഷന്‍ഏജന്റാക്കി. അങ്ങിനെ സിനിമകാണുക എന്നതു ഒരു ബുദ്ധിമുട്ടല്ലാതായി. നസീറിന്റെ ബ്ലാക്ക് & വൈറ്റ് സിനിമകളാണ് കണ്ടുതുടങ്ങിയതെങ്കിലും കമ്പം കയറിയതു മലയാളത്തേക്കാളുപരി തമിഴ്‌സിനിമകളിലാണ്. സ്റ്റൈൽമന്നൻ ഒരു ജ്വരമായി പടര്‍ന്നുകയറിയ നാളുകൾ. സിനിമയോടുള്ള ആകർഷണം നാൾക്കുനാൾ കൂടി. ഫലം, ഒരുരാത്രി അമ്മ പൊന്നാങ്കിളിക്കു കുറിപ്പെഴുതിവച്ച് അശോകൻ സിനിമാമോഹങ്ങളുമായി കോടമ്പാക്കത്തേക്കു വണ്ടികയറി.
“അവന്‍ ജനിച്ചപ്പൊത്തന്നെ കൈമൾ പറഞ്ഞതാണേ, ഭാവി സിനിമേലാന്ന്” പതിവുപോലെ പൊന്നാങ്കിളി പുന്നാരമകന്റെ ചെയ്തികളെ ന്യായീകരിച്ചു.
“എന്നാലും കിളീ ചെക്കന്‍ അവടെങ്ങാനും കെടന്ന് വയ്യാണ്ടായാലോ”
“വയ്യാണ്ടായാ അവൻ ഇങ്ങട് വരും. അത്രന്നെ. നിങ്ങളാരും അത്ര വെഷമിക്കണ്ട”
പൊന്നാങ്കിളി ചൂടായാൽ കൊയ്ത്തരിവാൾ എടുക്കുന്ന തരമാണ്. പിന്നെയാരും അശോകനെപ്പറ്റി തിരക്കാൻ പോയില്ല. പക്ഷേ നാട്ടിൽ ഊഹോപോഹങ്ങളുടെ ചാകരയായിരുന്നു.
അശോകന്‍ കോടമ്പാക്കത്തു തെണ്ടിനടക്കുകയാണ്, അശോകന്‍ മണിരത്നത്തിന്റെ സഹായിയാണ്, അശോകന്‍ ചിലപ്പോൾ നടനായേക്കും… ഇങ്ങിനെ സ്ഥിരീകരണമില്ലാത്ത കുറേ ഊഹങ്ങൾ. അവയ്ക്കിടയിൽ കക്കാടിൽ കൂടുതൽ പ്രചാരം കിട്ടിയത് സ്റ്റൈല്‍മന്നൻ രജനിയുടെ ‘അഴകൻ’ സിനിമയുടെ ക്യാമറാമാന്‍ അശോകനാണെന്നും പേരുമാറ്റിയാണ് സിനിമയുടെ തുടക്കത്തിൽ എഴുതിയിരിക്കുന്നതെന്നുമുള്ള പറച്ചിലിനാണ്. അതോടെ ജ്യേഷ്ഠന്‍ അയ്യപ്പന്‍കുട്ടി എന്ന ‘ഐപ്പൂട്ടി‘യുടെ കാര്‍മികത്വത്തിൽ അശോകനു കക്കാടിൽ ഫാന്‍ക്ലബ്ബ് പിറന്നു. സ്വതന്ത്രഇന്ത്യയിൽ ഒരു ക്യാമറാമാനു വേണ്ടി രൂപീകൃതമായ ആദ്യത്തെ ഫാന്‍ക്ലബ്ബ്!
ക്ലബ്ബ് രൂപീകരണത്തിനു ചുക്കാന്‍പിടിച്ച ഐപ്പൂട്ടിക്കു നിരവധി പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നു. അതിലൊന്നാണ് അംഗത്വവിതരണം ആരംഭിച്ചപ്പോൾ അഭിമുഖീകരിച്ചത്. ഫാൻക്ലബ്ബിന്റെ ആദ്യത്തെ കോര്‍കമ്മറ്റി മീറ്റിങ്ങിനു ഐപ്പൂട്ടിയും അമ്മ പൊന്നാങ്കിളിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരും ആ സംരംഭത്തിൽ ഭാഗഭാക്കായില്ല. പക്ഷേ അത്തരക്കാർക്കു പിന്നീട് തീരുമാനം മാറ്റേണ്ടിവന്നു. അതിനുനാന്ദിയായത് ഒരു ഫോട്ടോയും.
ഒരു ഇടവപ്പാതിയിൽ പടികയറിവന്ന, പോസ്റ്റുമാൻ അംബുജാക്ഷന്‍നായർ ഏല്‍പ്പിച്ച കവര്‍തുറന്നു നോക്കിയ ഐപ്പൂട്ടി ബോധംകെട്ടു പിന്നിലേക്കു മറിഞ്ഞു. പിന്നാലെ പൊന്നാങ്കിളിയും. ചെറുവാളൂരിലെ ഡോൿടർ ജോസ് നെല്ലിശ്ശേരിയുടെ ഹെല്‍ത്ത്ക്ലിനിക്കിൽ രണ്ടുപേരും അഞ്ചുദിവസം കോമയിൽ കിടന്നു. അത്ര കനത്ത പ്രതികരണമാണ് പ്രസ്തുതകവർ സൃഷ്ടിച്ചത്. കവറിനുള്ളിൽ അശോകന്റെ ഫോട്ടോയായിരുന്നു. കൂടെ തോളോടുതോൾ ചേര്‍ന്നു നില്‍ക്കുന്നതോ തമിഴകത്തെ സ്റ്റൈല്‍മന്നൻ രജനീകാന്തും!. പോരേപൂരം. അശോകന്‍ ഫാന്‍ക്ലബിൽ അംഗത്വത്തിനായി ആളുകൾ ക്യൂ നിന്നു. നാടിന്റെ പലഭാഗത്തും കൌണ്ടറുകൾ തുറന്നു. അദ്ദേഹത്തിന്റെ ജനസമ്മതി ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലായി. പണ്ടു തല്ലുകൊള്ളിയായി നടന്നതിനെ ചുറ്റിപ്പറ്റിയുള്ള പരാതികൾ നാട്ടുകാർ വിദഗ്ദമായി വഴിതിരിച്ചുവിട്ടു.
“അല്ല ആഗസ്തി… നിന്റെ പുതിയ കടേടെ പണിയൊക്കെ കഴിഞ്ഞില്ലേ. ഇനി അധികം വച്ച്‌താമസിപ്പിക്കാണ്ട് തൊറന്നൂടെ. ഒരു പത്ത്‌രൂപ പറ്റെഴുതാണ്ട് എനിക്കെന്തോ വല്ലാത്തപോലെ”
പരമുമാഷിനു ശേഷം കക്കാടിലെ രണ്ടാമത്തെ പലചരക്കുകടയുടെ ഉടമയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഗസ്‌തി. കടയുടെ പണി പൂര്‍ത്തിയായിട്ടും പിന്നീട് കാര്യങ്ങൾ പുരോഗമിക്കാത്തപ്പോൾ ചന്ദ്രന്‍ചേട്ടനു ആകാംക്ഷയായി.
“ആ തൊറക്കണം ചന്ദ്രേട്ടാ. കൊറച്ച് ദെവസംകൂടി കാക്ക്. നമ്മടെ അശോകൻ വന്നട്ട് വേണം എല്ലാം നേര്യാക്കാൻ”
“കട തൊറക്കാന്‍ അവനെന്തിനാ ആഗസ്തി?”
“ഹഹഹ. ഉൽഘാടനം ചെയ്യണത് പിന്നെ ആരാന്നാ ചന്ദ്രേട്ടൻ വിചാരിച്ചെ”
നാട്ടിലുണ്ടായിരുന്ന കാലത്തു അശോകനുമായി രസത്തിലല്ലാതിരുന്ന ആഗസ്‌തിയുടെ ഇപ്പോഴത്തെ നിലപാട് ചന്ദ്രന്‍ചേട്ടനെ ആശയക്കുഴപ്പത്തിലാക്കി.
“പണ്ട് സായ്‌വിന്റെ പറമ്പീ കെട്ട്യ നിന്റെ മുട്ടനാടിനെ കാരണല്യാണ്ട് അഴിച്ചുവിട്ടത് അശോകനാന്നും പറഞ്ഞു നീ അവനോട് അടീണ്ടാക്കീതല്ലേ. പിന്നെന്താ ഇപ്പോ മനംമാറ്റം”
“അതാ… ആ കേസീ അശോകന് പങ്കൊന്നൂല്യാന്നാ എനിക്കിപ്പോ തോന്നണെ”
ഇപ്രകാരം പൂര്‍വ്വകാലത്തെ തെറ്റുകളില്‍നിന്നെല്ലാം അശോകനെ ഒഴിവാക്കി, ഇമേജ് വര്‍ദ്ധിപ്പിച്ചു, നാട്ടുകാർ കാത്തിരുന്നു. വീട്ടുകാർ കാത്തിരുന്നു. കാത്തിരുന്നു മടുത്തു. ഒടുക്കം നാടുവിട്ടതിനുശേഷമുള്ള മൂന്നാം ഓണക്കാലത്തു കക്കാട് എസ്‌എന്‍ഡിപി സെന്ററിലെ ഓണംകളിക്കിടയിൽ അശോകൻ പ്രത്യക്ഷനായി. രണ്ടുദിവസത്തിനുശേഷം ഷാജൻ ഞെട്ടിപ്പിക്കുന്ന വാർത്ത ആഗസ്തിയുടെ കടയിൽ അനൌണ്‍സ് ചെയ്തു. അശോകന്‍ ഇനി കോടമ്പാക്കത്തേക്കു തിരിച്ചുപോകുന്നില്ല എന്നായിരുന്നു വാർത്ത.
“എന്താടാ ഷാജാ കാര്യം?” ആഗസ്തി ചോദിച്ചു. “അതിലെന്തോ മിസ്ടേക്കുപോലെ എനിക്കു തോന്നണ്”
“അതെ അതെനിക്കും തോന്നണ്ണ്ട്” ഷാജനും തലയാട്ടി. “പൊന്നാങ്കിളി സമ്മതിക്കണില്ലെന്നാ വപ്പ്. പക്ഷേ അവനവടെ എന്താണ്ട് തരികിട ഇണ്ടാക്കീട്ടാ വന്നേക്കണേന്ന് ഞാൻ പറയും”
കേട്ടവർ ആരും വിശ്വസിച്ചില്ല. സിനിമയിലെ ഗ്ലാമര്‍ലോകം വേണ്ടെന്നുവച്ചു ആരെങ്കിലും നാട്ടിൽ നില്‍ക്കുമോ. ഷാജനാണെങ്കിൽ ഇടക്കു ബഢായികൾ ഇറക്കാറുള്ള വ്യക്തിയുമാണ്. ഇതും അത്തരത്തിലൊന്നാകാനേ തരമുള്ളൂ. രണ്ടാഴ്ചക്കുശേഷം കക്കാടിലെ ‘തുടി‘ നാടന്‍പാട്ടുസംഘത്തിൽ അശോകന്‍ ഗായകനായി ചേര്‍ന്നപ്പോൾ മാത്രമാണ് നാട്ടുകാര്‍ക്കു ഷാജൻ പറഞ്ഞതു സത്യമാണെന്നു മനസ്സിലായത്. കാര്യം തിരക്കിയവരോടു ഐപ്പൂട്ടിയും സമ്മതിച്ചു. ഇനി സിനിമയിലേക്കു വിടണില്ല.
“വേണ്ടാരുന്നു അശോകാ. നീ സിനിമേല് എറങ്ങി കളിക്കുമ്പോ ഞങ്ങക്കും ഒരു ഗ്ലാമർ ഇണ്ടായിരുന്നു. അതൊക്കെ കളഞ്ഞ് കുളിച്ചില്ലേ”
“കാര്യം അങ്ങനല്ല ആഗസ്തി” അശോകന്‍ വികാരാധീതനായി. “സിനിമേലെ ഗ്ലാമർ അത്രൊന്നൂല്യ. ഞാൻ മൂന്നുകൊല്ലം അവടെ വര്‍ക്ക് ചെയ്തു. എന്നട്ടും ഇപ്പോ കയ്യിലൊന്നൂല്ല്യാ. ഇനീം അവടെ തെണ്ടിനടക്കാന്‍ വയ്യ. ഇവടെ കൊറച്ച്നാൾ നോക്കട്ടെ”
അതായിരുന്നു അണ്ണന്‍ രജനിയുടെ ഒപ്പം ഫോട്ടോക്ക് പോസ് ചെയ്ത കക്കാടിന്റെ അഴകന്റെ ഉറച്ച തിരുമാനം. പക്ഷേ അതിനു അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. ചെറുവാളൂർ സ്കൂൾ ഗ്രൌണ്ടിൽ ‘പോര്‍ട്ടർ‘ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ അശോകൻ മുന്‍തീരുമാനം മാറ്റിവക്കാൻ നിര്‍ബന്ധിതനായി.
കോളനിയിലെ പുരയിൽ ഉച്ചമയക്കത്തിലായിരുന്ന അശോകനെ കൂവിവിളിച്ചു ജ്യേഷ്ഠൻ ഐപ്പൂട്ടി ഓടിയെത്തി.
“അശോകാ… അശോകാ” വികാരവിക്ഷോഭവും അണപ്പും മൂലം ഐപ്പൂട്ടി വിക്കി. “അശോകാ വാളൂർ സ്കൂൾഗ്രൌണ്ടീ സിനിമാക്കാര് വന്നേക്കണ്ടാ. എബീം മാതൂം ഒക്കെണ്ട്”
എത്രയെത്ര ഷൂട്ടിങ്ങുകൾ കണ്ടിരിക്കുന്നു. അശോകന്‍ താല്പര്യം കാണിച്ചില്ല. “അതിനു അണ്ണനെന്തിനാ കെടന്ന് ചാടണെ?”
“ഇന്ന് കൊറേപേരോട് ഗ്രൌണ്ടീ വരാൻ പറഞ്ഞണ്ട്. ചെലപ്പോ വല്ല സെലക്ഷനോ മറ്റോ കാണും”
ആ വാര്‍ത്ത അശോകനെ ഞെട്ടിച്ചു. യാദൃശ്ചികമായി സിനിമയിൽ അരങ്ങേറി പ്രശസ്തരായ ഒരുപിടി താരമുഖങ്ങൾ കണ്മുന്നിൽ തെളിഞ്ഞു. പിന്നെ താമസിച്ചില്ല. വീടിനുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. ദീര്‍ഘമായ അഞ്ചുമിനിറ്റ്. ആ സമയത്തിനുള്ളിൽ ചില തട്ടുമുട്ടുശബ്ദങ്ങളല്ലാതെ അശോകൻ മാത്രം പുറത്തുവന്നില്ല. അത്യാഹിതം സംഭവിച്ചപോലെ വീടിനുചുറ്റും ആളുകൾ ഓടിക്കൂടി. അവർ അഭ്യൂഹങ്ങള്‍ക്കു വിത്തുപാകി. തന്നോടു ആലോചിക്കാതെ സിനിമാഷൂട്ടിങ്ങുകാർ വന്നതിൽ മനംനൊന്തു അശോകൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. പൊന്നാങ്കിളിയെ വിളിക്കാന്‍ പാടത്തേക്കു ആളുപോയി. പക്ഷേ അമ്മ വരുന്നതിനുമുമ്പുതന്നെ പുരയുടെ വാതിൽ ചവിട്ടിത്തെറിപ്പിച്ചു അശോകൻ പ്രത്യക്ഷപ്പെട്ടു.
വേഷം നീലജീന്‍സും മസിലുകൾ എടുത്തുകാണിക്കുന്ന ടീഷര്‍ട്ടും. ടീഷര്‍ട്ടിനുമീതെ ബട്ടന്‍സിടാത്ത മഞ്ഞഷര്‍ട്ട്. നീലകൂളിങ് ഗ്ലാസ് ചൂണ്ടുവിരലിൽ കറക്കി ചെവിയിൽ വച്ചു. ഷര്‍ട്ട് അകത്തിപ്പിടിച്ചു അണിഞ്ഞിരുന്ന ബെല്‍റ്റ് എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. പിന്നെ രണ്ടുകയ്യിലും ഓരോ സിഗററ്റെടുത്തു ഒരേസമയം വായിലെറിഞ്ഞു പിടിപ്പിച്ചു. ആ നമ്പറിൽ കക്കാട് ലക്ഷംവീട് കോളനിയാകെ തരിച്ചിരുന്നു. അണ്ണൻ രജനിക്കു മാത്രം സാധ്യമാകുന്ന പ്രകടനം ഇതാ നമ്മുടെ അശോകന്‍ ചെയ്യുന്നു!. എല്ലാവരും അന്തിച്ചുനില്‍ക്കെ തൊഴുത്തില്‍നിന്നു അണ്ണാമലൈ മോഡൽ സൈക്കിളിറക്കി അശോകൻ വാളൂര്‍സ്കൂൾ ഗ്രൌണ്ടിലേക്കു കുതിച്ചു. സൈക്കിൾ ആഞ്ഞാഞ്ഞു ചവിട്ടുമ്പോൾ നാളത്തെ താരം താനാണെന്നു പകല്‍ക്കിനാവ് കണ്ടു. ആ കിനാക്കളിലേറി അശോകൻ ഗ്രൌണ്ടിലെത്തി. അവിടെ പൂഴിവീഴാന്‍ ഇടമില്ലാത്തത്ര തിരക്ക്. അതിനു സമാനമായ തിരക്ക്, പണ്ടു കരിമ്പനക്കാവ് അമ്പലത്തിൽ ചാലക്കുടി എന്‍എന്‍എസ് കരയോഗത്തിന്റെ തിരുവാതിരക്കളിക്കു മാത്രമേ അശോകന്‍ കണ്ടിരുന്നുള്ളൂ.
വിശാലമായ ഗ്രൌണ്ടിൽ പിഷാരത്തു ശ്രീകൃഷ്ണക്ഷേത്രത്തോടു ചേര്‍ന്ന ഭാഗത്തായിരുന്നു സിനിമാഷൂട്ടിങ്ങ്. പടുകൂറ്റന്‍ ആല്‍മരത്തിനുകീഴിൽ പതുപതുത്ത കുഷ്യനുകളിൽ നടീനടന്മാരും അവരുടെ സില്‍ബന്ധികളും വിശ്രമിക്കുന്നു. കുറച്ചകലെ ക്ഷേത്രകവാടത്തിൽ ഷൂട്ടിങ്ങിനുള്ള മുന്നൊരുക്കങ്ങൾ. സാങ്കേതികസഹായികൾ ലൈറ്റും ട്രോളിയും അറേഞ്ചുചെയ്യുന്നു. മിക്കവരും തമിഴർ. അണ്ണാമലൈ സൈക്കിൾ ഡയറക്ടറുടേയും നിര്‍മാതാവിന്റേയും കാറിനുസമീപം പാർക്കുചെയ്‌തു അശോകന്‍ നായിക ഇരിക്കുന്നിടത്തേക്കു ചെന്നു. അവിടെ കേട്ട ബഢായികൾ അദ്ദേഹത്തിന്റെ കര്‍ണത്തെ പ്രകമ്പനം കൊള്ളിച്ചു. ലിപ്‌സ്റ്റിക്കും പൌഡറും വാരിത്തേച്ചു നാലിഞ്ചു ആഴമുള്ള പൊക്കിൾ അനാവരണമാക്കി ഇരുന്ന സഹനടിയുടെ അമ്മ യാതൊരുദയയും കാണിക്കാതെ അരികില്‍വന്ന അശോകനോടു തുറന്നടിച്ചു.
“എന്റെ മോള്‍ക്കു സല്‍മാന്റെ ഓഫർ വന്നതാ. പോയില്ലാ”
“എന്തേ അമ്മച്ചി പോവാഞ്ഞെ?”
“അമ്മച്ചിയോ. എനിക്കത്ര വയസായോ മോനേ”
“പിന്നല്ലാതെ”
“എന്നാ മോന്‍ പറ. എത്രായി?”
നാല്പത്തഞ്ച് തോന്നിക്കുമെങ്കിലും അശോകൻ കൂട്ടിപ്പറഞ്ഞു. “കുറഞ്ഞാ ഒരു ഐമ്പത്”
“നിന്റെ മറ്റോൾക്കാടാ ഐമ്പത്…” പിന്നെക്കേട്ടത് ഭരണിപ്പാട്ടാണ്.
അശോകൻ ചെവിപൊത്തി. മറ്റുള്ളവരും. സംവിധാനസഹായിയായ തമിഴനു സഹനടിയെ പ്രീതിപ്പെടുത്താന്‍ ഇതിലും നല്ല അവസരമില്ലായിരുന്നു. തടിച്ച ദേഹം അനക്കിയനക്കി അദ്ദേഹം അശോകന്റെ അടുത്തേക്കുവന്നു. കോളറിനു പിടിച്ചു തെറിപറഞ്ഞു.
“എന്നാടാ മൊക്കപ്പയ്യാ”
ലൈറ്റ്ബോയ്‌സായ കോടമ്പാക്കത്തെ തമിഴന്മാർ ഞെട്ടിത്തരിച്ചു. അവര്‍ക്കു അശോകനെ അറിയാം. അഴകന്‍ സിനിമയുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹത്തോടു അവര്‍ക്കു ആരാധനയായിരുന്നു. അണ്ണന്‍ രജനിയുടെ കൈകൾ വിശ്രമിച്ചിട്ടുള്ള കോളറിൽ മറ്റൊരു തമിഴൻ കുത്തിപ്പിടിച്ചതു പലര്‍ക്കും സഹിച്ചില്ല. അവർ മുന്നോട്ടു ആഞ്ഞുവന്നു.
അശോകന്‍ വിലക്കി. “അടിയൊന്നും ഇണ്ടാക്കരുത്. ഇതു നാൻ മാനേജ് പണ്ണിറേന്‍”
തമിഴന്മാർ പ്രതീക്ഷിച്ചത് അശോകൻ രജനിസ്റ്റൈലിൽ സംവിധാനസഹായിക്കിട്ടു രണ്ടുപൊട്ടിക്കുമെന്നാണ്. പക്ഷേ അദ്ദേഹം ചെയ്തതോ ഷര്‍ട്ടിന്റെ കയ്യിൽ മുഖം അമർത്തിതുടച്ചു, ആരോടും മിണ്ടാതെ സ്ഥലംവിടുകയും! അപാരമായ ആത്മസംയമനം. അതിന്റെ പൊരുളെന്ത്? എല്ലാവരും പരസ്പരം ചോദിച്ചു. ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടു പിടികിട്ടി. ഒരേ നിലവാരത്തിലുള്ളവരോടേ ഏറ്റുമുട്ടാവൂ.
വാളൂർ സ്കൂള്‍ഗ്രൌണ്ടിലെ തിക്താനുഭവം നടന്നു രണ്ടാഴ്ചക്കുശേഷം അന്നമനട വിഎംടിയിൽ മാറ്റിനികണ്ടു അശോകനും കക്കാടിൽ വളരെ ജനകീയനായ സുബ്രണ്ണനും തിരിച്ചുവരികയായിരുന്നു. രണ്ടുപേരും ‘ഇന്ദ്രപ്രസ്ഥം‘ കള്ളുഷാപ്പില്‍നിന്നു ചെറിയതോതിൽ വീശിയിട്ടുണ്ടായിരുന്നു.
സുബ്രണ്ണനു കഷ്‌ടിച്ചു അഞ്ചടി പൊക്കമേയുള്ളൂ. പക്ഷേ അപാരകട്ടയാണ്. വയസ്സ് നാല്പത്തഞ്ചായിട്ടും ഒറ്റനരവീഴാത്ത കൊമ്പന്‍മീശ. സദാസമയം വെറ്റിലമുറുക്കുന്ന സ്വഭാവം. സര്‍വ്വോപരി രസികന്‍. കക്കാട് ദേശവിളക്കിനു രണ്ടാള്‍ക്കുമാത്രം ഉയര്‍ത്താൻ പറ്റുന്ന ആനക്കാവടി തലയിൽ തോര്‍ത്തുമുണ്ടിനു മുകളിൽവച്ചു ഒരു ആടലുണ്ട്. സുബ്രന്‍ സ്പെഷ്യലാണത്.
അന്നമനട പഞ്ചായത്തു ബസ്‌സ്റ്റാന്റ് കഴിഞ്ഞു പാലത്തിലേക്കു പ്രവേശിച്ചപ്പോൾ പഴയഫെറിയുടെ അടുത്തു വലിയ ആള്‍ക്കൂട്ടം. ഉദ്വഗംവന്ന സുബ്രണ്ണന്‍ പതിവുപോലെ മീശപിരിച്ചു. “അശോകാ ആരാണ്ട് മുങ്ങിച്ചത്തെന്നാ തോന്നണെ”
ദൂരം കൂടുതലായതിനാൽ അശോകനും കാര്യങ്ങൾ വ്യക്തമായില്ല. പക്ഷേ കുറച്ചുകൂടി അടുത്തപ്പോൾ ആള്‍ക്കൂട്ടം ഒരു സിനിമ യൂണിറ്റിന്റേതാണെന്നു മനസ്സിലായി. മലയാളസിനിമാ പ്രവര്‍ത്തകരാകാൻ സാധ്യതയുണ്ട്. സുബ്രണ്ണൻ അറിഞ്ഞാൽ പ്രശ്നമാകും.
“മുങ്ങിച്ചത്തതൊന്ന്വല്ല, സിനിമാക്കാരാന്നാ തോന്നണെ. വിട്ടുകളയാം”
സുബ്രണ്ണന്‍ അംഗീകരിച്ചില്ല. കള്ളിന്റെ വീര്യത്തിൽ ആവശ്യപ്പെട്ടു. “എടാ നിന്നെ തല്ലാന്‍വന്നവനെ എനിക്കൊന്നു കാണണം. ഞാനവന്റെ കൂമ്പിടിച്ച് വാട്ടും”
“വേണ്ട സുബ്രണ്ണാ. പാവങ്ങള് പൊക്കോട്ടെ”
അശോകന്‍ എതിര്‍ത്തിട്ടും ഫലിച്ചില്ല. സൈക്കിൾ ബലമായി തിരിപ്പിച്ചു. പഴയകടവിന്റെ ഇറക്കത്തുള്ള കള്ളുഷാപ്പിനുമുന്നിൽ കോണ്‍ട്രാക്ടർ അനിയനുണ്ടായിരുന്നു. അദ്ദേഹത്തോടു സുബ്രണ്ണൻ അന്വേഷിച്ചു.
“ആരെടാ അനിയാ ഇവന്മാര്?”
“തമിഴന്മാരാ സുബ്രണ്ണാ. വിജയ് ഒക്കെണ്ട്”
“അത്‌ശരി. ഏതാ സിനിമ?”
“മധുര എന്നെങ്ങാണ്ടാ പറയണ കേട്ടെ. ഒറപ്പില്ല”
മലയാളസിനിമ ടീമല്ലെങ്കിലും അനിയന്റെ അറിയിപ്പിൽ സുബ്രണ്ണൻ സന്തോഷവാനായി. വിജയിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. ഗില്ലി പടം ഹിറ്റായ ശേഷം കുറച്ചുനാൾ അതിരാവിലെ ജോഗിങ്ങിനു പോയിരുന്നു. പിന്നെയുണ്ടോ വിജയിനെ കാണാന്‍ ഒത്തുവന്ന അവസരം പാഴാക്കുന്നു. കൈലിമുണ്ട് മടക്കികുത്തി അദ്ദേഹം ഫെറിയെ ലക്ഷ്യമാക്കിനടന്നു. അശോകന്‍ കൂടെ ചെന്നില്ല. ആള്‍ക്കൂട്ടത്തെ ഒഴിവാക്കി അനിയന്റെ അരികിലെത്തി.
പുളിക്കകടവ് പാലം വന്നശേഷം ഫെറിസര്‍വ്വീസ് നിര്‍ത്തിയതാണ്. ഇപ്പോൾ ഷൂട്ടിങ്ങിനുവേണ്ടി പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റുഫോമിൽ ചെറിയ മിനുക്കുപണികൾ നടത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനു കുറച്ചുദൂരെ പുഴയുടെ കുഞ്ഞോളങ്ങളിൽ മന്ദം ആടിയുലയുന്ന ചെറിയ ബോട്ട്. അതിലിരുന്നു പുഴഭംഗി ആസ്വദിക്കുന്നതിനോടൊപ്പം അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണു ഇളയദളപതി. സംവിധായന്‍ സീൻ പറഞ്ഞുകൊടുത്തു ബോട്ടില്‍നിന്നിറങ്ങി. കയ്യിൽ പ്ലാസ്റ്ററിട്ട നായികയെ നായകനായ വിജയ് തല്ലുന്നതാണു സീൻ. ആദ്യഷോട്ടുതന്നെ ഒകെ. ശേഷം കുഷ്യനിൽ ചാഞ്ഞു കാത്തുനിന്നവര്‍ക്കു അദ്ദേഹം ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുത്തു.
അന്നത്തെ ഷൂട്ടിങ്ങ് അതോടെ അവസാനിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ യൂണിറ്റ് പായ്ക്കപ്പ് ചെയ്തു. സ്വതവേ ഗൌരവക്കാരനായ വിജയ് പതിവിനു വിപരീതമായി കാറിൽ കയറുന്നതിനുമുമ്പു എല്ലാവരേയും നോക്കി കൈവീശി. സംവിധായകന്റെ കാറിനുപിന്നാലെ അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെൻസ് പതുക്കെനീങ്ങി. ഷൂട്ടിങ്ങ് കാണാനെത്തിയവർ പിന്നാലെ. വണ്ടി അനിയന്റെ ഷാപ്പും കടന്നുപോയതോടെ എല്ലാവരും സാവധാനം പിന്തിരിഞ്ഞു. പക്ഷേ പിന്തിരിയുകയായിരുന്നവരെ അതിശയപ്പെടുത്തി വിജയിന്റെ ബെൻസ് പൊടുന്നനെ സഡന്‍ബ്രേക്കിട്ടു. നല്ലസ്പീഡിൽ റിവേഴ്സെടുത്തു ഷാപ്പിനു മുന്നിലെത്തി. പിന്നീടു അവിടെ നടന്നത് ആര്‍ക്കും വിശ്വസിക്കാനായില്ല. കാറിൽ നിന്നിറങ്ങിയ ഇളയദളപതി അതിനകം മന്ദഹസിച്ചു അടുത്തേക്കുവന്ന അശോകനെ ഹസ്തദാനം ചെയ്യുന്നതു കാറിനെമൂടിയ പൊടിപടലങ്ങള്‍ക്കിടയിലൂടെ സുബ്രണ്ണൻ കണ്ടു. നാട്ടുകാർ കണ്ടു. ഷൂട്ടിങ്ങ് കാണാനെത്തിയ മലയാളസിനിമായൂണിറ്റുകാർ കണ്ടു. കണ്ടവരെല്ലാം രണ്ടടി പിന്നോട്ടുവക്കുകയും ചെയ്തു.
അരമിനിറ്റു നേരത്തെ കുശലംപറച്ചിൽ. അതിനൊടുവിൽ ഇരുവരും കാറില്‍കയറി യാത്രയായി. വാർത്ത അഞ്ചുമിനിറ്റിനുള്ളിൽ കക്കാടിലെത്തി. പരമുമാഷ് പലചരക്കുകടയിലെ പൊന്നാങ്കിളിയുടെ പറ്റ് എഴുതിയ പേജ് കീറി കത്തിച്ചുകളഞ്ഞു. ചായക്കട ഭാസ്കരൻ അന്നേവരെ ഉണ്ടാക്കിയിട്ടില്ലാത്ത ഒരു സ്ട്രോങ്ങ് ചായ അടിച്ച്, അശോകനെ കാത്തിരുന്നു. പക്ഷേ അശോകൻ തിരിച്ചുവന്നത് പോയതിന്റെ മൂന്നാം നാളാണ്. അന്നുച്ചക്കു പുരയിൽ മയങ്ങുകയായിരുന്ന അദ്ദേഹത്തെ അന്വേഷിച്ചു മലയാളസിനിമ യൂണിറ്റില്‍നിന്നു ആളുകളെത്തി. കോളറില്‍പിടിച്ച തമിഴൻ കാലില്‍വീണു.
“മന്നിച്ചിടുങ്കോ സാർ മന്നിച്ചിടുങ്കോ. ഉങ്കളെപ്പതി തെരിയലാ”
ചുമരിൽ തൂങ്ങുന്ന അണ്ണൻ രജനിയുടെ ചിത്രത്തെ സാക്ഷിയാക്കി അശോകൻ എല്ലാം പൊറുത്തു. മാപ്പുകൊടുത്തു. എന്നിട്ടും പിരിയാന്‍ മടിച്ച തമിഴരോടു സിഗററ്റ് ചുണ്ടിലെറിഞ്ഞു പിടിപ്പിച്ചു സുഗ്രീവാജ്ഞ നല്‍കി.
“എനക്ക് വരത്തമില്ലൈ. പോങ്കോ”
“അതൊക്കെ ഞാന്‍ വിട്ടു. നിങ്ങൾ വിട്ടില്ലേ?”
ഒരു ഇടവപ്പാതിയില് പടികയറിവന്ന പോസ്റ്റുമാന് അംബുജാക്ഷന് നായര് ഏല്പ്പിുച്ച കവര്‍തുറന്നു നോക്കിയ ഐപ്പൂട്ടി ബോധംകെട്ട് പിന്നിലോട്ട് മറിഞ്ഞു. പിന്നാലെ പൊന്നാങ്കിളിയും. ചെറുവാളൂരിലെ ഏകഡോക്ടര് ജോസ് നെല്ലിശ്ശേരിയുടെ ഹെല്ക്ലി നിക്കില്‍ രണ്ടുപേരും അഞ്ചുദിവസം ‘കോമ’യില്‍ കിടന്നു. അത്ര കനത്ത ഇംപാക്ടാണ് പ്രസ്തുതകവര് സൃഷ്ടിച്ചത്.
കവറിനുള്ളില് അശോകന്റെ ഫൊട്ടോയായിരുന്നു. കൂടെ തോളോടുതോള്‍ ചേര്ന്നു നില്ക്കു ന്നതോ തമിഴകത്തെ സ്റ്റൈല്‍മന്നന് രജനീകാന്തും!!
അശോകനുമായി ആദ്യം പരിചയപ്പെടുന്നത് കക്കാട് തെന്നാലിപ്പറമ്പിലെ ക്രിക്കറ്റ് കളിയിലൂടെയാണ്. ലക്ഷംവീട് കോളനിയുടെ എതിരില്ലാത്ത ക്യാപ്റ്റനായിരുന്നു അദ്ദേഹമന്ന്. കാലം പോകവെ സ്കൂളിലെ കലാവേദികളെ ഘടവാദനം കൊണ്ട് പുളകം കൊള്ളിക്കുന്നതും, ചെറുവാളൂര്‍ സ്കൂള്‍ മൈതാനിയില്‍ സിനിമായൂണിറ്റിന്റെ ട്രോളിയുന്തുന്നതും കണ്ടു. അശോകന്‍ അഴകനായി പരിവര്‍ത്തിക്കപ്പെട്ടിരുന്നു അപ്പൊഴേക്കും. തിരുവനന്തപുരത്തും ബാംഗ്ലൂരിലും അലയുന്നതിനിടയില്‍ നാട്ടിലെത്തുമ്പോള്‍ മര്യാദാമുക്കിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന്റെ പുഞ്ചിരി എനിക്കുനേരെ പാറിവരും.
കണ്ടു സുനി! എല്ലാം നന്ന്! സന്തോഷം!
അശോകനായി, കക്കാടിന്റെ അഴകനായി എന്റെ ഉപാസന.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
അതൊക്കെ ഞാന്‍ വിട്ട്. നിങ്ങള്‍ വിട്ടില്ലേ??
നല്ല പോസ്റ്റ്…..
Hmm…good one bit dramatic…pinne Vijay vannathu “madurai” film shooting nu aanu….
സുന്ദരമായ എഴുത്ത്…
ആശംസകൾ….
അശോകന്റെ കഥ പറഞ്ഞു പറഞ്ഞു ഒരു ഗ്രാമത്തിനെ മുഴുവന്‍ മുന്നിലെത്തിക്കുന്നു,സുനില്‍.ബ്ലോഗ് വായനക്കാര്‍ക്ക് അല്‍പം നീണ്ടതായി തോന്നുമെങ്കിലും മുഷിപ്പിക്കുന്നില്ല.
ഉപാസന ,
അഴകന്റെ സിനിമാ വിശേഷങ്ങള്‍ ക്കൊപ്പം ഞാനും സഞ്ചരിചു ,
നല്ലൊരു പുതു വര്‍ ഷവും നേരുന്നു!!
കൊള്ളാംട്ടോ 🙂
sunil,
alpam lengthy ayippoyengilum mushinjilla…yatharthathil ulla kathapathramano eth? atho fantasyo? adyam katha vayichappol fantasy avum ennu thonni..pakshe, thangalute comment athu thiruththunnu….? enthayalum nalla post
Reality yum Fantacy yum iTa kalarthth ezhuthiyathaane.
Azokan enna character uLLathu thanne. he also worked in Cinema industry.
🙂
Upasana
നന്നായിരിക്കുന്നു സുനിൽ 🙂 എഴുത്തിന്റെ മനോഹാരിത വീണ്ടും എടുത്തു പറയുന്നു
ഉപാസന ഭായ്..
കഥ വായിച്ച് അവസാനം എത്തിയപ്പോൾ ബാർബർ ബാലന്റെ കഥ മനസ്സിലോടിയെത്തി..!
രസകരമായ രംഗാവിഷ്കാരം.
2010 നല്ലൊരു തുടക്കത്തോടെ..ഇനിയും ഇനിയും ഈ ജൈത്രയാത്ര മുന്നോട്ട്..ആശംസകൾ പുതുവത്സരാശംസകൾ..!
അശോകന്‍ മനസില്‍ തറച്ചു..മനോഹരമായ എഴുത്ത് ഭായി….
സരസവും രസകരവുമായ എഴുത്ത്..
നന്നായിട്ടുണ്ട്. അശോകൻ ശിങ്കമായ കഥ. ക്യാമറാമാനായത് അത്ര യോജിക്കുന്നില്ല.
rathu superbbb…
jusi same as original “AZHAKAN”
rathu superbbb…
just same as original “AZHAKAN”
2010 നല്ല തുടക്കം
അന്യനാട്ടിലെ വാസത്തിനു ശേഷം നാട്ടിലെത്തുന്ന അശോകനെ നിറക്കൂട്ടൊടെ അവതരിപ്പിച്ചു
പതിവ് പോലെ നല്ല ഒഴുക്കുള്ള
നല്ലൊരു കഥ ഉപാസന പറഞ്ഞു വച്ചു.
പുതുവത്സരാശംസകള്‍
🙂
good one. happy new year !!!!
ചാത്തനേറ്: പതിവ് നാട്ടിന്‍പുറ ടച്ച്.
ഓടോ:: എല്ലാം കൂടിക്കൂട്ടി പുരാവൃത്തങ്ങള്‍ “ഒരു ദേശത്തിന്റെ കഥ“ യാവുമോ?
@ Chaaththan
appO iniyum kaththiyittillaa enne arththham 😉
Upasana
കക്കാടിന്റെ അന്തരിക്ഷവും കഥാപാത്രങ്ങളും കുറച്ച് നേരത്തേയ്ക്ക് ഒരു യാഥാർത്ഥ്യമായി കണ്മുൻപിലെത്തിയത് പോലെ!
പൊടിപ്പും തൊങ്ങലും ധാരാളമുണ്ടാകും അല്ലേ സുനിൽ? 🙂
ഹൊ, സംഭവബഹുലമാണല്ലോ അശോകപുരാണം.
എഴുത്തിന്റെ മനോഹരശൈലി ശരിയ്ക്കും ആസ്വദിച്ചൂട്ടോ…
കലക്കൻ പോസ്റ്റ്.. നല്ല എഴുത്ത്.. അശോകൻ മനസ്സിൽ പതിഞ്ഞുകിടക്കുന്നു..
എല്ലാ ആശംസകളും..
നല്ല പോസ്റ്റ് സുനി .
അശോകന്‍ മനസ്സില്‍ പതിഞ്ഞു
ആശംസകള്‍
നല്ല ഒഴുക്കോടെ എഴുതിയിരിയ്ക്കുന്നു.
@ Bhoomiputhri
kuRachchokke kaaNumennEy…
bhaavanayillaathe enthu ezhuthth
🙂
Upasana
വേറിട്ട വ്യക്തിത്വം ത്തന്നെ അശോകന്‍ …
നാട്ടിന്‍പുറത്തിന്റെ മണമുള്ള ഒരു നല്ല പോസ്റ്റ്…ആശംസകള്‍ 🙂
വളരെ നന്നായി എഴുതി.
ഒരു ഒന്ന് ഒന്നര പോസ്റ്റായിരുന്നെങ്കിലും തീരെ മുഷിപ്പില്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു .. ഒരു നാടിന്റെ വാന്ഗ്മയ ചിത്രം .. അസ്സലായിരിക്കുന്നു … അഭിനന്ദനങ്ങള്‍
ദിലിപ് : തേങ്ങ ആദ്യമാണല്ലോ.
രവിശങ്കര്‍ : അതെനിക്ക് അറിയാമെടാ. മനപ്പൂര്‍വ്വം മാറ്റിയതാണ് ചില കാര്യങ്ങള്‍ പൊരുത്തപ്പെടാനായി.
ചാണക്യന്‍ : ആദ്യമായാണെന്നു തോന്നുന്നല്ലോ. സന്തോഷം ഭായ് എല്ലാ പോസ്റ്റും വായിച്ചതിന്.
മുസാഫിര്‍ : അതാണ് ശൈലി.
മഹേഷ് ഭായ് : സന്തോഷം
കിച്ചു : താങ്ക് യു.
മനോരാജ് : രണ്ടുമുണ്ട് ഇതില്‍.
ലക്ഷ്മി : മനോഹാരിത ‘എടുക്കാതെ’ നിലത്തുവച്ചു പറയൂ 😉
കുഞ്ഞന്‍ : ഇത് നാട്ടില്‍ നടന്ന കാര്യങ്ങളെ കുറച്ചു ഭാവുകത്വത്തോടെ സമീപിച്ചപ്പോള്‍ തൂലികയില്‍ / കീബോര്‍ഡില്‍ വിളഞ്ഞതാണ്. 🙂
എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
മനുവണ്ണാ : എബടാണ് തറച്ചെ. ഊരിയെടുത്തോളൂ. 🙂
കുമാരന്‍ : സന്തോഷം
പാര്‍ത്ഥന്‍ ഭായ് : അദ്ദേഹം സാങ്കേതിക ഏരിയയിലാണ് വര്‍ക്ക് ചെയ്തത്. സോ ക്യാമറ പിടിക്കട്ടേന്ന് ഞാന്‍ കരുതി. ഓവറായി എഴുതിയാല്‍ അതിനുമാത്രം സ്റ്റഫ്സ് എന്റെ കയ്യിലില്ല. 🙂
കോതു : ആദ്യകമന്റിന് നന്ദി. ഇനി എല്ലാം പോസ്റ്റും വായിക്കണം. മസ്റ്റ്…
മാണിക്യം : വരവ് ഒരു സംഭവമായിരുന്നു. എല്ലാവര്‍ക്കും ചോദിക്കാന്‍ ഒരേയൊരു വിഷയം. സിനിമ. 🙂
പുള്ളേ : സ്ഥിരമായി വരണം ട്ടാ.
ചാത്തന് : നിലവാരമുള്ളതാണെങ്കില്‍ എന്തും സംഭവിക്കാം ചാത്താ… എന്തും. 🙂
ഭൂമിപുത്രി : ഞാന്‍ ഭാവന കലര്‍ത്തിയാണ് എഴുതാറ്. പക്ഷേ മൂലസംഭവവും മറ്റു വിശദാംശങ്ങളും മിക്കപ്പോഴും ഒരു യാഥാര്‍ത്ഥ്യമായിരിക്കും. ഇവിടേയും അങ്ങിനെതന്നെ.
ബിന്ദുചേച്ചി : പുരാണമല്ല, പുരാവൃത്തമെന്നു പറ. എല്ലാ പുരാവൃത്തങ്ങളും സംഭവബഹുലം തന്നെ.
സുനില്‍ പണിക്കര്‍ : വരവിനും അഭിപ്രായത്തിനും നന്ദി.
അഭി : പതിപ്പിക്കും അഭീ 🙂
ശോഭീ : 🙂
ജെന്‍ഷിയ : ലേബല്‍ തന്നെ ‘വേറിട്ട വ്യക്തികള്‍’ എന്നല്ലേ ബഹന്‍. 🙂
ജ്യോ : വീണ്ടുമെത്തിയതില്‍ സന്തോഷം.
ശാരദനിലാവ് : എന്റെ പോസ്റ്റുകള്‍ ഒന്നൊന്നരയല്ല അതിലും നീളമുള്ളവയായിരിക്കും എപ്പോഴും. ഇതുമാത്രം നീളം കുറഞ്ഞുപോയി. വായന ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Oru deshathinte kadhayum… manoharam, Ashamsakal…!!!
nalla rasamundaayirunnutto…
ഇത്രയും വൈകി കമന്റ് ഇട്ടതിൽ മാത്രം ചെറിയ ഒരു ഖേദം….പല കഥാപാത്രങ്ങളും തങ്ങി നിന്നു……നല്ല രചന സുനിലേട്ടാ….
നന്നായിട്ടുണ്ട്
Enthe ???
🙂
Your post reminds me the style of SK Pottekkatt..especally the first part where you give the background information and the part were you introduce the characters one by one..I think i mentioned it to you before, isn`t it? It is a shame that you haven`t read “Oru Deshathinte katha”
I like it when you write the stories of the past..more olden times more better,,I dont know why.
Good one..as always
ella kadakalum valare valare nalathu thanne.ellam nannayi sradhikkukayum, vayikkukayum cheyyunnu. i feel naustalgic. wish u all the best.
entha prayuka nannayi ennallathe …………
നല്ല ഒഴുക്കുണ്ട് കഥകൾക്ക്!.. അഭിനന്ദനങ്ങൾ!
ഒപ്പം ഓണാശം സകൾ നേരുന്നു!