അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ശ്രദ്ധിക്കുക: മുൻ‌പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്.

അഭിഭാഷകവൃത്തിയാണ് പ്രധാന ജോലിയെങ്കിലും നാട്ടുകാരെല്ലാം നല്ലവരായതിനാൽ പിള്ളേച്ചനു കേസുകൾ കുറവായിരുന്നു. കോടതിയിൽ പോകുന്നത്, രാജേഷ് ചൗഹാൻ സിൿസ് അടിക്കുന്ന പോലെ, അപൂർവ്വമായി മാത്രം. ധാരാളമായുള്ള ഒഴിവു സമയങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിൽ അനാവശ്യമായി കൈകടത്തിയാണ് അദ്ദേഹം സമയം പോക്കിയിരുന്നത്. കക്കാടിനടുത്തു നല്ല രീതിയിൽ നടത്തപ്പെടുന്ന അഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ചെറുവാളൂർ പിഷാരത്ത്, കാതിക്കുടം കരിമ്പനക്കാവ്, തൈക്കൂട്ടം കാളിവിരുത്തിക്കാവ്, വാളൂർ വൻപുഴക്കാവ്, ചെറാലക്കുന്ന് ഭദ്രകാളി ക്ഷേത്രം … എന്നിങ്ങനെ. പക്ഷേ പ്രശസ്തമായ അവയെയൊക്കെ തഴഞ്ഞു സ്വൈരവിഹാരത്തിനായി പിള്ളേച്ചൻ തിരഞ്ഞെടുത്തതു കക്കാടിന്റെ തിലകക്കുറിയായ അയ്യങ്കോവ് ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രമാണ്. ആദ്യകാലത്തു കുത്തിക്കുറിപ്പുകൾക്കായി എന്തോ അപ്രധാന ചുമതല കമ്മറ്റിയിൽ ഉണ്ടായിരുന്നെങ്കിലും കാലക്രമത്തിൽ പുത്തന്‍‌കൂറ്റുകാർ അദ്ദേഹത്തെ അഴിമതിക്കേസിൽ പ്രതിയാക്കി പുറന്തള്ളി.

“ഉത്സവദിവസം കാഷ്യർ കസേരേൽ കാലത്ത് ഒമ്പതുമണി മൊതൽ വൈന്നേരം നാലുമണി വരെ ഒറ്റ ഇരുപ്പിരുന്ന ഞാൻ സോഡ കുടിക്കാൻ അഞ്ചുരൂപ എടുത്തു. അത് കടുത്ത അഴിമതിയാന്നായിരുന്നു കമ്മറ്റിക്കാര്ടെ ആരോപണം” പിള്ളേച്ചൻ അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു.

“പിള്ളേച്ചൻ എടുത്ത നോട്ടിൽ അഞ്ചിന്റെ വലതു വശത്ത് രണ്ട് പൂജ്യങ്ങൾ ഇണ്ടായിരുന്നൂന്നാണല്ലോ നാട്ടാര് പറേണെ”

പിള്ളേച്ചന്‍ ചൂടായി. “ഇണ്ടായിരുന്നു. പക്ഷേ ആ രണ്ട് പൂജ്യങ്ങൾ ഞാൻ കണ്ടില്ലെന്നൊള്ളതാ ആശാനേ സത്യം”

ആശാന്‍‌കുട്ടി തലമുടി പിടിച്ചു വലിച്ച് കമ്മറ്റിക്കാരോട് അമര്‍ഷം പ്രകടിപ്പിച്ചു.

നോട്ടെടുക്കൽ സംഭവത്തിലൂന്നി ഉത്സവക്കമ്മറ്റിയിൽ നിന്നു പുറന്തള്ളിയിട്ടും കമ്മറ്റിയിലെ സ്ഥാനമാനങ്ങൾ വെറും സാങ്കേതികം മാത്രമാണെന്നു തെളിയിച്ച് എല്ലാ ഉത്സവങ്ങളുടേയും അയ്യപ്പൻ ‌വിളക്കിന്റേയും അവസരത്തിൽ കമ്മറ്റിയംഗങ്ങൾ ഇരിക്കുന്ന പ്രത്യേക ‌കാബിനിലെ കാഷ്യർ കസേരയിൽ രാവിലെ മുതൽ പിള്ളേച്ചനുണ്ടാകും. കമ്മറ്റിയിലെ അംഗങ്ങളിൽ പലരും മര്യാദാമുക്കിലെ മര്യാദക്കാരാണ്. അവര്‍ക്കിടയിൽ എല്ലാ വിധ സ്വാധീനവുമുണ്ട്. അവ ഉപയോഗപ്പെടുത്തിയും, അത്യാവശ്യം കയറിക്കളിച്ചും എല്ലാ കമ്മറ്റി തീരുമാനങ്ങളിലും അദ്ദേഹം അദൃശ്യമായി തന്റെ നിഴല്‍വീഴ്ത്തി. ഇപ്രകാരം പിള്ളേച്ചൻ നടത്തിയ ചില ചരടുവലികളുടെ ഫലമായാണ് അയ്യങ്കോവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രണ്ടായിരത്തിയെട്ടിലെ പൈങ്കുനി ഉത്രം വിളക്ക് മഹോത്സവത്തിനു മുന്‍‌വര്‍ഷങ്ങളിൽ നാലു തവണയും തുടര്‍ച്ചയായി പങ്കെടുത്ത ‘നായത്തോട് ഗുരുവായൂരപ്പന്‍‘ എന്ന കൊമ്പന്‍ വീണ്ടും വരുന്നത്. മര്യാദാമുക്കിൽ ‌വച്ചു ആശാൻ‌കുട്ടിയുമായി നടത്തിയ ഗൂഢാലോചനയാണു കമ്മറ്റിയുടെ പ്രസ്തുത തീരുമാനത്തിനു പിന്നിൽ പ്രവര്‍ത്തിച്ച ഘടകം.

അന്നു രാത്രി മര്യാദാമുക്കിൽ, മാണിച്ചൻ‌ വാങ്ങിയ പുതിയ മൊബൈൽ പിള്ളേച്ചൻ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിസനു സൈക്കിളിൽ വന്നത്. മുഖമാകെ ദേഷ്യത്താൽ ചുവന്നിട്ടുണ്ട്. സൈക്കിൾ വല്ലാത്ത ഊക്കിൽ സ്റ്റാന്‍‌ഡിലിട്ടു സനു വിഷയം അവതരിപ്പിക്കാൻ തയ്യാറെടുത്തു. ആമുഖമായി പതിവുവാചകം കാച്ചി.

“പിള്ളേച്ചാ‍ ദേ സത്യം പറയാലോ… എനിക്കിതീ എടപെടണ്ട കാര്യല്ല്യ”
പിള്ളേച്ചന്‍ കുത്തി. “പിന്നെന്തിനാ സന്വോ നീ എടപെടണേ?”

“എടപെടണതാ എടപെടണതാ“ സനു വികാര വിക്ഷോഭത്താൽ വിക്കി. “അത്… നാട്ടിലെ കൊച്ചുങ്ങള്‍ക്ക് ഒറക്കണ്ടാ. അതുങ്ങൾ പാതിരാക്ക് എണീറ്റു കരയുന്നു. കൊച്ചുങ്ങളെ ഉറക്കാനായി കക്കാടിലെ അമ്മമാരും ഉറക്കമിളക്കുന്നു. ഫലം ക്ഷീണം, ആരോഗ്യനഷ്ടം”

പിള്ളേച്ചനൊന്നും മനസ്സിലായില്ല. ആശാന്‍‌കുട്ടിക്കു നേരെ തിരിഞ്ഞു. “എന്തൂട്ടാടാ സനു പറയണെ?”

ആശാന്‍ മതിലിൽ അനങ്ങിയിരുന്നു. “നമ്മടെ ജയിംസേട്ടൻ ഡോബര്‍മാനെ വാങ്ങ്യ കാര്യാ”

പിള്ളേച്ചന്‍ അല്‍ഭുതപരതന്ത്രനായി. “ഡോബര്‍‌മാനോ! അതിനു പുള്ളീടെ വീട്ടിൽ നിധി ഇണ്ടോടാ”

ആശാന്‍ ചിരിച്ചു. വീണ്ടും അന്വേഷണമെത്തി. “അതിനു നാട്ടിലെ അമ്മമാരെന്തിനാ ഒറക്കമിളക്കണെ”

വീണ്ടും ഫയറിങ്ങ് തുടങ്ങാനാഞ്ഞ സനുവിനെ എല്ലാവരും സമാധാനിപ്പിച്ചു. “അടങ്ങ് സന്വോ”

ആശാന്‍‌കുട്ടി വിശദീകരിച്ചു. “ആ പട്ടി രാത്രി മുഴ്വോന്‍ ഭയങ്കര കൊരയ്ക്കലാ പിള്ളേച്ചാ. ദൂരെ എസ്‌എന്‍‌ഡിപി സെന്ററീ ആരെങ്കിലും ചൊമച്ചാലോ, ഓസീന്‍ കമ്പനീലെ രാത്രി പന്ത്രണ്ടരെടെ സൈറണടിച്ചാലോ പിന്നൊന്നും പറയണ്ട. കൊരയോട് കൊരയാ“

പിള്ളേച്ചൻ നമ്പറിട്ടു. “ജയിംസേട്ടനോട് അവനെ മെരുക്കാൻ പറ”

“അതല്ലേ രസം. പട്ടീനെ വാങ്ങീത് പുള്ള്യാ. പക്ഷേ പുള്ളീനെ കണ്ടാലും അവന്‍ കൊരക്കും!“

“എന്നാ പിന്നെ കാര്യല്ല്യാ. ആര്‍ക്കെങ്കിലും കൊട്ടേഷൻ കൊട്”

പറച്ചിൽ നിര്‍ത്തിയ പിള്ളേച്ചനു നേരെ ആശാൻ അമ്പലത്തിലെ ഉത്സവനോട്ടീസിന്റെ സാധ്യതാ കോപ്പി നീട്ടി. പിള്ളേച്ചൻ അന്വേഷിച്ചു.

“ഏതാന്യാ ഇത്തവണ ശാസ്താവിന്റെ തിടമ്പേറ്റണെ?”

“കര്‍ണൻ, മംഗലാംകുന്ന്”

“നന്നായി”

“പിന്നെ പിള്ളേച്ചാ. എല്ലാ കൊല്ലോം വിളിക്കണ നായത്തോട് ഗുരുവായൂരപ്പനെ ഇത്തവണ ഒഴിവാക്കാൻ ആലോചനേണ്ട്ന്ന് രാജന്‍‌ചേട്ടൻ പറഞ്ഞു“

അത്ര സമയം ടെന്‍ഷനില്ലാതെ ഇരിക്കുകയായിരുന്ന പിള്ളേച്ചന്റെ മുഖം പൊടുന്നനെ ഗൌരവപൂര്‍ണമായി. “കാരണം?”

‘കുറച്ചൂടെ ഊക്കനായ ഒരു ആനേനെ വര്ത്താന്ന് വിചാരിച്ചാന്നാ പറയണെ“

“ഊക്കനാ… ഏതാ ആ ഊക്കൻ”

“വിനയശങ്കർ”

പിള്ളേച്ചന്റെ മുഖത്തെ പരിഹാസഭാവം ഓടിമറഞ്ഞു. “ആര് ബാസ്റ്റ്യനാ!”

ആശാന്‍ അനുകൂല ഭാവത്തിൽ തലയാട്ടി.

“എങ്കീ പെടക്കും. എത്ര്യാ അവര്ടെ റേറ്റ്. ഹൈ ആണോ?”

“ഏയ് അത്ര്യൊന്നൂല്ല്യ. നമക്ക് താങ്ങാവുന്നതൊള്ളൂ”

“അപ്പോ ഒക്കെ ഭംഗിയായി”

ആശാന്‍ പക്ഷേ അത്ര ഭംഗിയായില്ല എന്നു സൂചിപ്പിച്ചു. “പിള്ളേച്ചാ… അവടെ ഒരു പ്രശ്നണ്ട്. വിനയശങ്കറിനെ നീരീന്ന് അഴിച്ചട്ടേള്ളൂ. ഉത്സവത്തിന്റെ സമയാ‍വുമ്പഴേക്കും ഒകെ ആയില്ലെങ്കി വേറെ ഏതെങ്കിലും ആന ആയിരിക്കും. അതൊരു ഇഷ്യൂവാണ്”

പിള്ളേച്ചൻ കട്ടായം പറഞ്ഞു. “ആശാനേ, ഞാന്‍ തീര്‍ത്തു പറയാം. ശങ്കർ ആണെങ്കി ഒകെ. അല്ലെങ്കീ നായത്തോട് തന്നെ മതി”

ആശാന്‍ കൈ മലര്‍ത്തി. “നടക്ക്വോന്ന് കണ്ടറിയണം. രാജഞ്ചേട്ടൻ നായത്തോടിനു എതിരാ”

“രാജൻചേട്ടനല്ല ആരെറങ്ങി കളിച്ചാലും കാര്യല്ല്യാ” പിള്ളേച്ചന്‍ കൂടുതൽ വാദഗതികൾ നിരത്തി. “ഇന്നേവരെ ഒരു ഉത്സവത്തിനും പ്രശ്നണ്ടാക്കാത്ത ആന്യാ നായത്തോട് ഗുരുവായൂരപ്പൻ. ആ കാര്യത്തീ ഞാനവന്റെ ഫാനാ. ആശാനെ മീറ്റിങ്ങിൽ ഈ തീരുമാനത്തിന് ഞാനെതിരാന്ന് രാജന്‍ചേട്ടനോടു പറഞ്ഞേക്ക്. പിന്നെ നീയീ ഇഷ്യൂല് എന്റെ കൂടെ നിക്കണം“

സംഭാഷണം ഇത്രയുമെത്തിയപ്പോൾ എസ്‌എന്‍ഡിപി സെന്റർ ഭാഗത്തു വലിയ ബഹളം കേട്ടു.
“പിള്ളേച്ചാ. ജാഥയാന്നാ തോന്നണ്”

Read More ->  ചെറുവാളൂര്‍ ഗബ്രെസെലാസി

“ഇരുട്ട് വീഴാമ്പോണ ഈ നേരത്ത് എന്തൂട്ടിനാ ജാഥ”

“ചാലക്കുടീല് ആരാണ്ടെ വെട്ടീന്ന് കേട്ടു“

ആശാന്റെ ഊഹം ശരിയായിരുന്നു. കുറച്ചുസമയം കഴിഞ്ഞു മുദ്രാവാക്യം വിളിച്ചു, പന്തം കൊളുത്തി ജാഥയെത്തി. ഏറ്റവും മുന്നിൽ കക്കാടിന്റെ കമ്മ്യൂണിസ്റ്റ്, ശ്രീനിവാസൻ.

“സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..”
“കേരളം ഞങ്ങൾ സ്തംഭിപ്പിക്കും”

ശ്രീനിവാസന്‍ മതിലിൽ പിള്ളേച്ചനെ കണ്ടു. ജാഥ വിട്ടു അടുത്തേക്കു വന്ന് രോഷത്തോടെ പറഞ്ഞു. “പിള്ളേച്ചാ. നമ്മടെ ആളെ ചാലക്കുടീല് വെട്ടി”

പിള്ളേച്ചന്‍ കുലുങ്ങിയില്ല. “അപ്പോ നാളെ ഹര്‍ത്താലില്ലേ”

 “അതുപിന്നെ പറയാന്ണ്ടാ. ചാലക്കുടി അസംബ്ലീല് കാലത്ത് ആറ് തൊട്ട് വൈന്നേരം ആറ് വരെ. എല്ലാവരും സഹകരിക്കണം”

മര്യാദക്കാരോട് ബൈ പറഞ്ഞ് ശ്രീനിവാസൻ, അതിനകം കടന്നുപോയ ജാഥക്കു നേരെ മുദ്രാവാക്യം വിളിച്ചു ഓടി.

ആശാന്‍ സംശയങ്ങൾ നിരത്തി. “അവരെന്തിനാ പന്തം കൊളുത്തിപ്പിടിച്ചേക്കണെ? വെറ്തെ മുദ്രാവാക്യം വിളിച്ച് പോയാപ്പോരേ”

“രാത്ര്യല്ല്യെ ആശാനെ. വഴീല് വല്ല പാമ്പും ഇണ്ടാവുംന്ന് പേടിച്ചട്ടാരിയ്ക്കും“

“ആട്ടെ… പിള്ളേച്ചൻ കമ്മ്യൂണിസ്റ്റായാ. പാര്‍ട്ടീന്നൊക്കെ പറയണ കേട്ടല്ലാ”

“മുമ്പ് കോണ്‍ഗ്രസായിരുന്നു. പക്ഷേ ഇപ്പോ ഞാൻ കമ്മ്യൂണിസ്റ്റാ“

“അതോണ്ടാണോ വെട്ടീന്ന് കേട്ടപ്പോ ഞെട്ടീത്”

“ഏയ്. അതൊരു നമ്പറായിരുന്നു”

“അപ്പോ കമ്മ്യൂണിസ്റ്റാന്ന് പറഞ്ഞത്”

“എടാ. അട്ത്ത തെരഞ്ഞെടുപ്പീ കോണ്‍ഗ്രസ്സ് തോല്‍ക്കാനാ സാധ്യത. അതോണ്ടാ ഞാന്‍ കമ്മ്യൂണിസ്റ്റാന്ന് പറഞ്ഞെ”

ആശാനു എന്നിട്ടും കത്തിയില്ല. “അപ്പോ ഈ പാര്‍ട്ടി മാറലിന് പിന്നിലൊള്ള പ്രത്യയശാസ്ത്ര വിശദീകരണം എന്താ?”

ആശാന്റെ ആരായൽ കേട്ടതും, അത്രനേരം പുറംവളച്ചു ഇരിക്കുകയായിരുന്ന പിള്ളേച്ചൻ ഉടനെ നിവർന്ന് ഇരുന്നു ഭിക്ഷക്കാരെപ്പോലെ വയറ്റത്തടിച്ചു ചോറു വേണമെന്നു ആഗ്യം കാണിച്ചു.

“പ്രത്യയശാസ്ത്ര വിശദീകരണം വയറാണ്“ ചുറ്റും ആരുമില്ലെന്നു ഉറപ്പു വരുത്തി കൂട്ടിച്ചേർത്തു. “എടാ തെരഞ്ഞെടുപ്പീ ജയിക്കൂന്ന് ഒറപ്പൊള്ള പാര്‍ട്ടീടെ കൂടേ ഞാൻ നിക്കൂ”

സംഭാഷണം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പിള്ളേച്ചൻ ഉപസംഹരിച്ചു. “അപ്പൊ ആശാനെ. ബാസ്റ്റ്യന്‍ വിനശങ്കർ ആണെങ്കി നായത്തോട് ഇല്ലെങ്കിലും കൊഴപ്പല്ല്യ. പക്ഷേ നീര് കാരണം ശങ്കർ വന്നില്ലെങ്കി നായത്തോട് ഗുരുവായൂരപ്പൻ തന്നെ വേണം. മാധവൻ സുനീനോടും സൂചിപ്പിച്ചേക്ക്. നമക്കിത് വലിച്ച് ശരിയാക്കണം”

എല്ലാ കാര്യത്തിലും ഒരുമുഴം മുമ്പേ എറിഞ്ഞു ശീലമുള്ള പിള്ളേച്ചന്റെ കണക്കുകൂട്ടലുകള്‍ക്കൊപ്പം പദ്ധതികൾ നീങ്ങി. മാര്‍ച്ച് ഇരുപത്തൊന്നാം തീയതിയിലെ ഗംഭീര ഉത്സവത്തിനു നീരില്‍നിന്നു പൂർണമായും മുക്തനാകാത്ത വിനയശങ്കർ വന്നില്ല. പകരം, പിള്ളേച്ചന്റെ ഫേവറൈറ്റ് നായത്തോട് ഗുരുവായൂരപ്പന്‍ എത്തി. ഉച്ചക്ക് മൂന്നുമണിക്കു തുടങ്ങിയ പാണ്ടിമേളത്തിനു, അന്നനാട് വേലുപ്പിള്ളി ദേവസ്വത്തിന്റെ വക, ബാലശാസ്താവിന്റെ തിടമ്പേറ്റിയ മംഗലാംകുന്ന് കര്‍ണന്റെ വലതുവശത്തു നിന്നു ഗുരുവായൂരപ്പൻ തിളങ്ങി.

പിള്ളേച്ചൻ തിരക്കിലായിരുന്നു. കാഷ്യർ കസേരയിൽ ഉച്ചക്കു തുടങ്ങിയ ഇരുപ്പ് അവസാനിച്ചത് രാത്രി എട്ടുമണിക്ക്. ദീപാരാധന തൊഴാൻ മാത്രം ഇടക്കു അല്പനേരം വിട്ടുനിന്നു. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠക്കു സമീപം നടുനിവര്‍ത്തി വിശ്രമിക്കുമ്പോൾ ലക്ഷദീപത്തിനു തെളിയിച്ച അനേകം നിലവിളക്കുകൾ ട്രോളിയിലാക്കി ഉന്തി ആശാന്‍‌കുട്ടി അടുത്തേക്കു വന്നു. ഭക്ഷണം കഴിച്ചു അദ്ദേഹം നന്നായി വിയര്‍ത്തിട്ടുണ്ട്. ഇഡ്ഡലി, കൊള്ളിക്കിഴങ്ങ് ഇഷ്ടൂ, സാമ്പാർ, നല്ല കടുപ്പവും ചൂടുമുള്ള കട്ടൻ‌ചായ. ശിവ ശിവ.

പിള്ളേച്ചനെ കണ്ടപ്പോൾ ആശാൻ അല്‍ഭുതപ്പെട്ടു. “പിള്ളേച്ചാ. ഹ ഇവടെ നിക്കാണ്. വേഗം ചെല്ല്. അല്ലെങ്കീ കൊള്ളിക്കെഴങ്ങ് ഇഷ്ടൂ ഇപ്പത്തീരും. ഇഡ്ഡല്യാണെങ്കി ഇഷ്ടം പോലേണ്ട്”

ചിന്തകളുടെ കാര്യത്തിൽ പണ്ടേ റിബലായ പിള്ളേച്ചനു സംശയം. ആശാൻ നമുക്കിട്ടു ഒന്നു താങ്ങിയതാണോ.

“ആശാനേ, ഇഷ്ടു ഒന്നും പോര. നല്ല സദ്യയാ വേണ്ടെ”

“പിള്ളേച്ചാ ദേ പറഞ്ഞില്ലാന്ന് വേണ്ട. ഇഷ്ടൂന്റെ ടേസ്റ്റ്ണ്ടല്ലാ സൊയമ്പൻന്ന് പറഞ്ഞാ കൊറഞ്ഞ് പോവും. മാരകം“

പിള്ളേച്ചന്‍ കൈയും ചുണ്ടും മലര്‍ത്തി. “എന്നോട് വേണോ ആശാനേ ഇതൊക്കെ“

പക്ഷേ ആശാന്‍ രണ്ടാം റൌണ്ട് ശാപ്പാടിനു ദഹണ്ണപ്പുരയിൽ എത്തിയപ്പോൾ ഞെട്ടി. ഇഷ്ടൂവിന്റെ വലിയ ചെമ്പിനടുത്തു, ദഹണ്ണക്കാർക്കു വിശ്രമിക്കാനുള്ള സീറ്റിനു മുന്നിൽ, രണ്ടു വാഴയിലകൾ അടുപ്പിച്ചു വച്ചിരിക്കുന്നു. ഒരു ഇലയിൽ സാമ്പാറിൽ കുളിച്ച എട്ടൊമ്പത് ഇഡ്ഡലികൾ. രണ്ടാമത്തേതിൽ ചെറാലക്കുന്നു പോലെ കുമിഞ്ഞു കിടക്കുന്ന ഇഷ്‌ടു. വലിയ മൊന്ത നിറയെ ആവി പറക്കുന്ന കട്ടന്‍ചായ. ആനക്കൊമ്പ് പോലുള്ള രണ്ടു നേന്ത്രപ്പഴം. ഇവയ്ക്കു മുന്നിൽ ഷര്‍ട്ടിന്റെ കൈകൾ തെറുത്തു കയറ്റി ഇരിക്കുന്നത് സാക്ഷാൽ പിള്ളേച്ചൻ!

“പിള്ളേച്ചാ” ഒന്നു അമറി പിള്ളേച്ചനു നേരെ കുതിച്ച ആശാന്‍ ആരോടെന്നില്ലാതെ അലറി. “എന്നെ പിടിക്കടാ”

ആശാൻ അവിവേകത്താൽ പിള്ളേച്ചനെ തല്ലിയാലോ എന്നു പേടിച്ച ദഹണ്ണക്കാരൻ ദീപേഷും ഇഷ്‌ടു വെട്ടി വിഴുങ്ങുകയായിരുന്ന ചെറാലക്കുന്ന് തമ്പിയും ഒരു നിമിഷം പോലും കളയാതെ അദ്ദേഹത്തെ വട്ടംപിടിച്ചു. പിടിച്ചവരില്‍നിന്നു പിടിവിടുവിക്കാൻ ദുര്‍ബലമായി കുതറി ആശാൻ രണ്ടാമതും അലറി.

“എന്നെ വിടടാ”

ആശാനെ കണ്ടപ്പോൾ തന്നെ പിള്ളേച്ചന്റെ തൊണ്ടയിൽ വലിയ കൊള്ളിക്കഷണം കുടുങ്ങി. അദ്ദേഹം മൊന്തയിൽ ‌നിന്നു ചായ കുടിച്ചു തടസം മാറ്റി. “നീയൊന്നു പൊറുക്ക് ആശാനേ. കപ്പ ഇഷ്ടൂന്ന് വച്ചാ എനിക്ക് പണ്ടേ വീക്ക്നെസ്സാ”

ആശാൻകുട്ടി മിണ്ടിയില്ല. ഇഷ്ടുവിന്റെ ചെമ്പില്‍നിന്നു ബക്കറ്റു കൊണ്ടു ഇഷ്‌ടു കോരി ചെറിയ പാത്രത്തിൽ നിറക്കുകയായിരുന്ന ദീപേഷ് ശബ്ദമില്ലാതെ ചിരിച്ചു.

ശാപ്പാട് കഴിഞ്ഞു പല്ലിന്റെ ഇടകുത്തി വിയര്‍പ്പാറ്റി നിന്ന പിള്ളേച്ചന്റെ അടുത്തേക്കു മാധവൻ സുനി വന്നു. പിള്ളേച്ചൻ ഉടൻ ആരോപണം തൊടുത്തു.

“സുന്യേയ്… ഇഷ്ടൂ അത്ര ഏശിയില്ല. എരിവ് കൊറവായിരുന്നു. കപ്പക്കഷണങ്ങളീ ചെലത് മുട്ടൻ കടഭാഗോം. അപ്പിടി വേര്”

സുനി അമ്പരന്നു. “എന്നട്ട് പിള്ളേച്ചൻ എത്ര ഇഡ്ഡലി തിന്നു?”

“ഇത്തിരി സാമ്പാറ് കൂട്ടി ആറ്… അല്ലല്ല മൂന്ന് ഇഡ്ഡലി കഴിച്ചൂന്ന് വരുത്തി”

തൊട്ടപ്പുറത്തെ പേട്ടത്തെങ്ങിൽ തളച്ചിരിക്കുന്ന മംഗലാംകുന്ന് കര്‍ണനെ നോക്കി സുനി അതിശയിച്ചു. “പിള്ളേച്ചന് ആനേനെ പേടീണ്ടാ?”

പിള്ളേച്ചന്‍ പൊട്ടിച്ചിരിച്ചു ഒന്നു കുനിഞ്ഞു നിവര്‍ന്നു. “ആനേന്യാ? എനിക്കാ! ഹഹഹ… സത്യം പറയാലാ സുനീ. ആന എടഞ്ഞാ ഓടണ്ട കാര്യോന്നൂല്യാന്നാണ് എന്റെ അഭിപ്രായം. നമ്മ ദ്രോഹിച്ചില്ലെങ്കി ആനേം ദ്രോഹിക്കില്ല. അല്ലേ… ശര്യല്ലേ?”

സുനി ഒന്നും മിണ്ടിയില്ല. നിലവിളക്കുകൾ കയറ്റിയ ട്രോളിയുന്തി ആശാൻ കടന്നു പോയി. സുനി താക്കീതു കൊടുത്തു. “ആശാനേ ആനേടെ അടുത്തൂടെ പോണ്ട. നോക്ക്യേ കര്‍ണ്ണൻ കുലച്ച് നിക്കാ. നിന്നെക്കണ്ട് പിടിയാന്യാണോന്നെങ്ങാനും ഡവുട്ടടിച്ചാ കാര്യം പോക്കാ“

പിള്ളേച്ചന്‍ ആ നര്‍മ്മം ആസ്വദിച്ചു. അപ്പോളോര്‍ത്തു ഒരിക്കൽ ചാലക്കുടിയിൽ‌ വച്ചു ഇടഞ്ഞ ആനയെ നേരിൽ കണ്ടത്. ‘ഈ കര്‍ണ്ണനെങ്ങാനും ഇപ്പോ എടഞ്ഞാ‘ സുനി സംസാരം തുടർന്നു. ട്രോളിയിലെ നിലവിളക്കുകൾ ആശാൻ നിലത്തേക്കു മറിച്ചതും അതേ നിമിഷമായിരുന്നു. വിളക്കുകൾ പരസ്‌പരം കൂട്ടിമുട്ടി, ചങ്ങല കിലുങ്ങുന്ന ശബ്ദമുണ്ടായി. സുനി ഞെട്ടി ഓടാനാഞ്ഞു. പക്ഷേ പെട്ടെന്നു തന്നെ സത്യാവസ്ഥ മനസ്സിലാക്കി. ആശാനെ പ്രാകി.

Read More ->  ശിക്കാരി - 1

“ഹോ… പേടിപ്പിച്ച് കളഞ്ഞു”

സുനി ദീര്‍ഘനിശ്വാസം ചെയ്‌ത് തിരിഞ്ഞു നോക്കി. അല്‍ഭുതം. അതിശയം. പിള്ളേച്ചനെ കാണാനില്ല! രവിയുടെ വളപ്പിനരുകിലേക്കു കാൾലൂയിസിനെ പോലെ കത്തിക്കുന്ന മിന്നായം മാത്രം കണ്ടു. പിള്ളേച്ചന്‍ ഓടുന്നതു നാട്ടുകാർ ആദ്യമായാണ് കാണുന്നത്. വേലിക്കരുകിൽ ഇഷ്ടൂ ഉണ്ടാക്കിയ ചെമ്പിൽ കമിഴ്ന്നു കിടന്നു കഴുകുകയായിരുന്ന സജീവൻ തലയുയര്‍ത്തി ചോദിച്ചു.

“എന്തിനാ പിള്ളേച്ചാ ഓടണേ?”

പിള്ളേച്ചനു എന്തോ പന്തികേടു തോന്നി. സജീവനു ജീവഭയം ഇല്ലേ. അതോ ഇനി ആന ഇടഞ്ഞില്ലേ. അദ്ദേഹം തല തിരിച്ചു നോക്കി. പിന്നിൽ ആനയുമില്ല, ചേനയുമില്ല. ഒന്നും മിണ്ടാതെ, എല്ലാവരേയും നോക്കി വിളറിയ ചിരി പാസാക്കി പിള്ളേച്ചൻ കാഷ്യർ കസേരയിലേക്കു നടന്നു. അവിടെയിരുന്ന് എഴുന്നള്ളിപ്പിനു കൊട്ടുന്ന പഞ്ചവാദ്യം പൊടിതട്ടിയെടുത്തു മേശയിൽ പ്രയോഗിച്ചു. പത്തുമിനിറ്റ് കഴിഞ്ഞു. കൊട്ടികൊട്ടി കലാശമാവാറായി. താളം മുറുകിയ വേളയിൽ കക്കാടിലെ ആനപ്രേമി സന്തോഷ് ഒരു പൂവന്‍‌കുല ചുമലില്‍താങ്ങി ഗുരുവായൂരപ്പനു നേരെ ചെല്ലുന്നത് കണ്ടു. പഴക്കുല പാപ്പാനെ ഏല്‍‌പിച്ചു സന്തോഷ് സ്ഥലം‌ വിട്ടതോടെ പിള്ളേച്ചൻ കസേരയില്‍‌നിന്നു നാടകീയമായി എഴുന്നേറ്റു. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി ആനക്കു നേരെ നടന്നു.

പിള്ളേച്ചനെ കണ്ടപ്പോൾ കൊമ്പന്‍മീശക്കാരനായ പാപ്പാൻ കുറുപ്പ് എഴുന്നേറ്റു. പിള്ളേച്ചന്റെ ഇടപെടൽ മൂലമാണു ഇത്തവണ ഉത്സവം കിട്ടിയതെന്നു അദ്ദേഹം അതിനകം മനസ്സിലാക്കിയിരുന്നു.

“എന്തൊക്ക്യാ കുറുപ്പേ വിശേഷം?“ പിള്ളേച്ചൻ ആരാഞ്ഞു.

തലയിൽ ചുറ്റിയ തോർത്തുമുണ്ടഴിച്ചു കുറുപ്പ് വിനയം ഭാവിച്ചു. “ഉത്സവങ്ങള് ഇപ്പോ പണ്ടത്തെപ്പോലൊന്നും കിട്ടണില്ല. സാർ സഹായിച്ചോണ്ട് ഇത് ശരിയായി. ഇല്ലെങ്കീ…. നന്ദീണ്ട്”

“ഓഹ്, അതൊന്നും കാര്യാക്കണ്ടാ കുറുപ്പേ. എനിക്ക് ശരീന്ന് തോന്നണത് ഞാൻ ചെയ്യും. അത്രന്നെ”
ഇത്രയും പറഞ്ഞു ഷര്‍ട്ടു പൊക്കി പിള്ളേച്ചൻ വയറ്റിൽ രണ്ടുമൂന്നു തവണ കൊട്ടി. “ഊണു കഴിച്ചട്ട് രണ്ടു പഴം കഴിച്ചില്ലെങ്കീ വയറ്റിലെന്തോ ഗ്യാസ് പോലാണ് കുറുപ്പേ”

താമസിയാതെ പഴക്കുലയുടെ അടിഭാഗത്തുള്ള മുഴുപ്പേറിയ മൂന്നുപഴം പിള്ളേച്ചൻ ഉരിഞ്ഞു. ഭോജനത്തിനു ശേഷം പഴത്തൊലികൾ ആനയുടെ മുന്‍‌കാലിനു നേർക്കെറിഞ്ഞു. ആ അവഗണനയിൽ പാപ്പാന്റെ കയ്യില്‍‌നിന്നു പഴക്കുല സ്വീകരിക്കാൻ കാത്തുനിന്ന കൊമ്പൻ ക്ഷുഭിതനായി. പിള്ളേച്ചൻ അതുകൊണ്ടും നിര്‍ത്തിയില്ല.

“കുറുപ്പേ ആ കടലാസിങ്ങെടുത്തോ. ഞാനൊരു പടല കൊണ്ടുപോവാ.“

ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കാൻ കാരണക്കാരനായ വ്യക്തിയാണ് പഴം ആവശ്യപ്പെടുന്നത്. അതും അടിഭാഗത്തെ മുഴുത്ത ഒരു പടല. പാപ്പാൻ കുറുപ്പിനു ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. ഒന്നിനു പകരം രണ്ട് പടലയുരിഞ്ഞു കടലാസിൽ പൊതിഞ്ഞു കൊടുത്തു. സന്തോഷത്തോടെ സ്വീകരിച്ചു പിള്ളേച്ചൻ നടന്നു നീങ്ങി.

പഴക്കുലയിൽ ശേഷിച്ച തള്ളവിരൽ വലുപ്പമുള്ള അഞ്ചാറു ചെറിയ പടലകൾ ‌കുറുപ്പ് ഗുരുവായൂരപ്പനു നേരെ നീട്ടി. തുമ്പിക്കൈ ആട്ടിനിന്ന കൊമ്പൻ ഒറ്റകുതിപ്പിനു പഴക്കുല കൈക്കലാക്കി. പക്ഷേ വായിലേക്കു തള്ളുന്നതിനു പകരം, പഴക്കുല ചുഴറ്റി ആൾക്കൂട്ടത്തെ ലാക്കാക്കി എറിയുകയാണ് ചെയ്തത്. പിന്നിൽ ചങ്ങല കിലുക്കം കേട്ടെങ്കിലും പിള്ളേച്ചൻ ഗൌനിച്ചില്ല. ‘വേല മനസ്സിലിരിക്കട്ടെ ആശാനേ’ എന്നു മനസ്സിൽ പറഞ്ഞു. പക്ഷേ ചങ്ങല കിലുക്കത്തിനൊപ്പം അതിവേഗം പാഞ്ഞടുക്കുന്ന ആനച്ചൂരിൽ കാര്യങ്ങൾ പിടികിട്ടി. എവിടേക്കെന്നില്ലാതെ പാഞ്ഞു. കൂടെ മറ്റുള്ളവരും.

ഉത്സവപ്പറമ്പാകെ ഇളകി മറിഞ്ഞു. ആളുകൾ ചിതറിയോടി. വഴിയരികിൽ തോരണം‌ കെട്ടാൻ നാട്ടിയിരുന്ന മുളങ്കാലുകൾ ഗുരുവായൂരപ്പൻ പിഴുതെടുത്തു ഒടിച്ചു വലിച്ചെറിഞ്ഞു. കൃഷ്ണന്‍‌കുട്ടി‌ മാഷുടെ പുതുതായി പണിത മതിൽ ഒറ്റച്ചവിട്ടിനു തവിടുപൊടിയാക്കി. പാപ്പാന്‍‌മാരെ അടുത്തേക്കു അടുപ്പിച്ചില്ല. പിള്ളേച്ചൻ ഉള്‍പ്പെടെ പലരും റേഷൻ‌കടക്കു എതിരെയുള്ള പണിതീരാത്ത വീടിന്റെ ടെറസിൽ വലിഞ്ഞു കയറി. ആനയെ പിടിച്ചു നിര്‍ത്താൻ പീടികയിൽ തൂങ്ങുന്ന പഴക്കുലകൾ പടലകളായി എറിഞ്ഞു കൊടുത്തു. ചിലർ വാളൂരിലെ പൗരപ്രമുഖനായ ശശി ചേട്ടനു ഫോൺ ‌കറക്കി. അദ്ദേഹത്തിനു സ്വന്തമായി ആനയുണ്ട്. ആനയെ തളക്കാൻ മിടുക്കരായവരെ അറിയും. പത്തു മിനിറ്റിനുള്ളിൽ രണ്ടു എന്‍ഫീല്‍ഡിലായി നാലു പേരെത്തി. അതോടെ പിള്ളേച്ചന്‍ ടെറസിൽ നിന്നിറങ്ങി. അവന്‍‌മാർ പുലികളാണെന്നു മുമ്പേ അറിയാം. വന്നപാടെ ശശിച്ചേട്ടൻ വിവരങ്ങൾ ആരാഞ്ഞു.

“എന്താ ആന എടയാന്‍ കാരണം?”

ആളുകളെ വകഞ്ഞു മാറ്റി ശശിച്ചേട്ടന്റെ മുന്നിലേക്കു വന്ന പിള്ളേച്ചൻ പെട്ടെന്നു പിന്തിരിയാൻ ഭാവിച്ചു. പുലിവാലാകുമല്ലോ ശാസ്താവേ. ആശാൻകുട്ടി പക്ഷേ രക്ഷകനായി.

“ഗുരുവായൂരപ്പന് കൊണ്ടോന്ന പഴക്കൊലേന്ന് പാപ്പാൻ കണ്ണായ നാലഞ്ചു പടല ഊരി. ആനക്ക് ഇഷ്ടപ്പെട്ടില്ല. കുല വാങ്ങി എറിഞ്ഞു”

കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങിയില്ല. ആന മെരുക്കൽ വിദഗ്ദർ പത്തുമിനിറ്റേ എടുത്തുള്ളൂ. പഴക്കുലകൾ പാകത്തിനെറിഞ്ഞു നായത്തോടിനെ അവർ വടത്തിൽ കയറ്റി. മുന്‍കാലിൽ കൂച്ചുവിലങ്ങിട്ടു. ഉത്സവ പരിപാടികൾ തടസമില്ലാതെ തുടര്‍ന്നു. രാത്രി എഴുന്നള്ളിപ്പിനു മൂന്നു ആനകൾ മാത്രം എഴുന്നള്ളി. എല്ലാ പരിപാടികളും അവസാനിച്ചു സഹപ്രവര്‍ത്തകരുമായി മടങ്ങുമ്പോൾ ശശിച്ചേട്ടൻ പിള്ളേച്ചനെ വിളിച്ചു സ്വകാര്യത്തിൽ പറഞ്ഞു.

“കാര്യങ്ങൾ ഞാനറിഞ്ഞൂട്ടാ പിള്ളേ. ഇനി ഇങ്ങനത്തെ നമ്പറുകൾ ഇറക്കരുത് ട്ടാ”

പിള്ളേച്ചൻ ചിരിച്ചു കൊണ്ട് തലയാട്ടി.


20 Replies to “അഡ്വക്കേറ്റിന്റെ നമ്പറുകൾ – 2”

  1. സാമ്പാറിന്റെ പറച്ചിലും ട്രോളിയിലെ നിലവിളക്കുകള്‍ ആശാന്‍ മറിച്ചതും ഒരുമിച്ചായിരുന്നു. വിളക്കുകള്‍ കൂട്ടിമുട്ടി ചങ്ങലകിലുങ്ങുന്ന ശബ്ദമുണ്ടായി. സാമ്പാറ് ഞെട്ടി ഓടാന്‍ ആഞ്ഞു. പക്ഷേ പെട്ടെന്നുതന്നെ സത്യാവസ്ഥ മനസ്സിലാക്കി. ആശാനെ പ്രാകി.

    “ശവിമോന്‍ പേടിപ്പിച്ച് കളഞ്ഞു”

    സാമ്പാര്‍ ദീര്‍ഘനിശ്വാസം ചെയ്ത് തിരിഞ്ഞ് നോക്കി.
    അല്‍ഭുതം… അതിശയം… പിള്ളേച്ചനെ കാണാനില്ല!!
    കോക്കാടന്‍ രവിയുടെ വളപ്പിനരുകിലേക്ക് കാള്‍ ലൂയിസിനേപ്പോലെ കത്തിക്കുന്ന ഒരു മിന്നായം മാത്രം കണ്ടു.

    ഇക്കാലത്ത് അയ്യങ്കോവ് അമ്പലത്തിലെ ഉത്സവത്തിനും അയ്യപ്പന്‍‌വിളക്കിനും കാഷ്യര്‍ കസേരയില്‍ പിള്ളേച്ചനില്ല. സന്ധ്യകളില്‍ മര്യാദാമുക്കിലെ ഒത്തുചേരലുകളില്‍ പിള്ളേച്ചന്റെ അസാന്നിധ്യം ശൂന്യതകള്‍ സൃഷ്ടിക്കുന്നു.

    കക്കാടിന്റെ പുരാവൃത്തങ്ങളില്‍ ഇത്തവണ നമ്പറുകളുടെ ഉസ്താദ്!
    എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  2. “ശരി ശ്രീനി. നാളത്തെ സിറ്റിങ്ങിന് ഏതായാലും ഞാന്‍ കോടതീല് പോണില്ല”

    പിള്ളേച്ചന്റെ വിശദീകരണത്തില്‍ ആശാന്‍കുട്ടി അമ്പരന്നു. രണ്ട് മൂന്ന് മാസായിട്ട് ഒരു പെറ്റിക്കേസ്പോലും ഇല്ലെന്നും നാട്ടിലെ ആരെയെങ്കിലും കാശ്കൊടുത്ത് തല്ലിക്കാതെ എന്തെങ്കിലും കേസ് കിട്ടുമെന്ന് കരുതുന്നില്ലെനും കുറച്ച് മുമ്പ് പറഞ്ഞതേയുള്ളൂ. പിന്നെ എന്ത് സിറ്റിങ്ങ്? എന്ത് കോടതി?
    സുനിയേ നന്നായിട്ടുണ്ട്…നാട്ടിന്‍ പുറത്തിന്റെ തനിമ സംഭാഷണങ്ങളില്‍ നിലനിര്‍ത്താന്‍ പറ്റിയിട്ടുണ്ട്…

  3. ആളുകളായും ആനകളായും കഥാപാത്രങ്ങള്‍ കുറച്ചധികമായില്ലേ എന്ന സംശയം ഒഴിച്ചു നിര്‍ത്തിയാല്‍ നീളക്കൂടുതല്‍ ഒരു പ്രശ്നമായി തോന്നിയില്ല.
    🙂

  4. ഹായ് നാട്ടില് വന്ന് ഒരുപൂരം കണ്ട പ്രതീതി..
    കലക്കി മാഷെ..ഉഗ്രൻ വിവരണം

  5. Kalaki Dasaaaaaaaaa….ottayiripinu vayichu….Pillechante oru photo kittumo… veetil chillutu vakyana…

    Yeetavum ishapetta bhagam adiyil kodukunnu

    “സാമ്പാറിന്റെ പറച്ചിലും ട്രോളിയിലെ നിലവിളക്കുകള്‍ ആശാന്‍ മറിച്ചതും ഒരുമിച്ചായിരുന്നു. വിളക്കുകള്‍ കൂട്ടിമുട്ടി ചങ്ങലകിലുങ്ങുന്ന ശബ്ദമുണ്ടായി. സാമ്പാറ് ഞെട്ടി ഓടാന്‍ ആഞ്ഞു. പക്ഷേ പെട്ടെന്നുതന്നെ സത്യാവസ്ഥ മനസ്സിലാക്കി. ആശാനെ പ്രാകി.

    “ശവിമോന്‍ പേടിപ്പിച്ച് കളഞ്ഞു”

    സാമ്പാര്‍ ദീര്‍ഘനിശ്വാസം ചെയ്ത് തിരിഞ്ഞ് നോക്കി.
    അല്‍ഭുതം… അതിശയം… പിള്ളേച്ചനെ കാണാനില്ല!!
    കോക്കാടന്‍ രവിയുടെ വളപ്പിനരുകിലേക്ക് കാള്‍ ലൂയിസിനേപ്പോലെ കത്തിക്കുന്ന ഒരു മിന്നായം മാത്രം കണ്ടു.”

  6. ഉപാസനേ …

    കക്കാടിന്റെ ചരിത്രം വായിക്കുകയായിരുന്നു , മുമ്പത്തെതടക്കം വായിച്ചു , ഓരോ ദേശത്തിന്റെ കഥയും എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട് , മാല്‍ഗുഡിയും , അതിരാണിപ്പാടവും , ഖസാക്കും , തൃക്കോട്ടൂരും , കക്കാടും ഇനി ആ കൂട്ടത്തിലുണ്ടാവും .

  7. sunee

    nalla tensionil irikkumbola ithu kandathu…rasichu sarikkum….kure nerathekku vishamam marannedaaa.
    thanks

    chirichu oru paruvamaayi…….. sanu vinte last dialogue okke thakarathu

  8. ഈശ്വരാ ഇത്ര നാളായിട്ടും ഞാന്‍ ഈ പോസ്റ്റില്‍ കമന്റ് ഇട്ടവര്‍ക്കു മറുപടി കൊടുത്തില്ലേ!!!
    🙁

    ഓട്ടക്കാലണ / അല്‍ഡസ് : ആളെപ്പോഴും ഭയങ്കര തിരക്ക് അഭിനയിക്കുന്ന ആളാണ്.

    ആര്‍, കൊറോത്ത്, സുനീഷ് : നന്ദി

    സുല്ലിക്കാ : എല്ലായിടത്തും ഉണ്ടാകും ഭായ്

    ശോഭീ : നാട്ടിലും ഒരുപാടാളില്ലേടാ 🙂

    എല്ലാവര്‍ക്കും നന്ദി
    🙂
    ഉപാസന

  9. ശാന്തചേച്ചി : എല്ലാ നാട്ടിന്‍‌പുറങ്ങളിലും ഉള്ളവര്‍ തന്നെ.

    ബിലാത്തിപട്ടണം : വെടിക്കെട്ട് ഇഷ്ടമായില്ലേ, പിള്ളേടെ 🙂

    ജീവാ : ഒള്ളതാടാ അത്. ഞാനീ കണ്ണോണ്ട് കണ്ടതാ. 🙂

    റഫീക് / ഐസൊലേറ്റഡ് : അവരൊക്കെ ലെജന്ററി അല്ലേ ഭായ്. 🙂

    സുരേഷ് ഭായ് : ആശംസകള്‍ പറയാതെ വിടില്ല അല്ലേ. 🙂

    സജിത് : സനു ഒരു സംഭവമാടാ

    ചാത്തുമ്മാന്‍ : എല്ലാം നാടിനുവേണ്ടി.

    ജെന്‍ഷിയ : 🙂

    ചേച്ചിപ്പെണ്ണ് : അപ്പോ മുമ്പും വന്നണ്ടല്ലേ

    മിഥുന്‍ : നന്ദി 🙂

    കുസുമേച്ചി : എല്ലാം വായിക്കുന്നതില്‍ സന്തോഷം 🙂

    എന്നും സ്നേഹത്തോടേ
    സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക