ശങ്കരമ്മാൻ കാവ് – 2

‘ശങ്കരമ്മാൻ കാവ് – 1‘ എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

“എന്റെ കൊക്കിന് ജീവനൊള്ളപ്പോ ഇത് നടക്കില്ല”

മര്യാദാമുക്കിലിരുന്നു ലോകകാര്യങ്ങൾ സംസാരിക്കുകയായിരുന്ന മര്യാദക്കാരോടു തമ്പി കട്ടായംപറഞ്ഞു. പിള്ളേച്ചൻ ഉപദേശിച്ചു. “തമ്പീ നീ ആവശ്യല്ലാത്ത കാര്യങ്ങൾക്ക് പോണ്ട. അവര്ടെ അമ്പലത്തീ പൂജ നടത്തണേന് നിനക്കെന്താ ചേതം?“

“ഹ അനിച്ചേട്ടനെന്താ ഇങ്ങനെ പറേണെ. ഇമ്മാതിരി പ്രവൃത്തികൾ നാട്ടാരെ കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കാ നയിക്കാ”

“ഓ അന്ധവിശ്വാസം… നിന്നെപ്പോലെ ഒരു എത്തീസ്റ്റല്ലേ ലാസർ ചേട്ടന്‍. എന്നട്ട് ആള്‍ടെ പുതിയവീടു വെഞ്ചരിച്ചത് നീയറിഞ്ഞില്ലേ”

“അതാ അത് ഭാര്യേടെ നിര്‍ബന്ധം. അല്ലാണ്ട്…”

തമ്പി പിള്ളേച്ചന്റെ വാദങ്ങളോടു പിടിച്ചുനില്‍ക്കാൻ ശ്രമിച്ചു. അതിൽ വിജയിച്ചില്ലെങ്കിലും പറഞ്ഞ വാക്കില്‍നിന്നു പിന്നോക്കം പോയില്ല. നിരീശ്വരവാദ കാമ്പയിനുകളിൽ സജീവമായി പങ്കെടുത്തവരിൽ പലരും കാലക്രമത്തിൽ കാല്‍മാറ്റി ചവിട്ടിയപ്പോൾ തമ്പി അക്രമാസക്തനുമായി.

വൈകീട്ട് അമ്പലത്തിലേക്കു പോവുകയായിരുന്ന, കക്കാടിലെ പഴയ തലമൂത്ത നിരീശ്വരവാദിയും ഇപ്പോൾ കറകളഞ്ഞ വിശ്വാസിയുമായ, കൈപ്പുഴവീട്ടിൽ ജനാർദ്ദനനെ മര്യാദാമുക്കില്‍‌വച്ചു തമ്പി തടഞ്ഞു. കള്ളിമുണ്ട് കയറ്റിക്കുത്തി മുഖത്തോടു സ്വന്തം മുഖം അടുപ്പിച്ചു. “ജനഞ്ചേട്ടൻ അപ്പോ എന്നോട് വാക്കുപറഞ്ഞതൊക്കെ മറന്നൂല്ലേ”

ജനാർദ്ദനൻ എല്ലാ കാര്യങ്ങളിലും അജ്ഞതനടിച്ചു. “എന്തിനെപ്പറ്റ്യാ തമ്പി നീ പറേണെ. എനിക്കൊന്നും മനസ്സിലാവണില്ലാ“

“മനസ്സിലാവണില്ലാലേ. മനസ്സിലാക്കിത്തരാം. ജനഞ്ചേട്ടന് അമ്പലക്കൊളത്തിന്റെ പടീല്‌വച്ചു ഞാൻ കോവൂരണ്ണനേം യുക്തിവാദത്തെപ്പറ്റീം ക്ലാസെടുത്തത് ഓർമേല്ല്യെ?”

ജനാർദ്ദനൻ പരിഹസിച്ചു. “ഹഹഹ. കോവൂരാ അതാരപ്പാ?”

യാതൊരു മയവുമില്ലാത്ത നിഷേധം. തമ്പി മുരണ്ടു. ജനാർദ്ദനൻ അതു ഗൌനിച്ചില്ല. “നാളെ ഭദ്രകാളിക്ക് ഗുരുതി വഴിപാട്ണ്ടെന്ന് അച്ഛനോട് പറഞ്ഞേക്ക്. കാലത്തു ആറിന്‌തന്നെ അമ്പലത്തിലെത്തണം”

“ഊതണ്ട ചേട്ടാ. ഊതണ്ട. എല്ലാത്തിനേം ഞാന്‍ കാണിച്ച് തരണ്ട്. കൊറച്ച് നാളൂട്യൊന്ന് കഴിഞ്ഞോട്ടെ”

തമ്പിയുടെ മനസ്സുനിറയെ കാലുഷ്യമായിരുന്നു. ആരെതിര്‍ത്താലും ഉത്സവപരിപാടികൾ തടയുമെന്ന ദൃഢനിശ്ചയമായിരുന്നു. ആദ്യം കാര്യങ്ങൾ നേരായ രീതിയില്‍തന്നെ നീക്കി. എങ്കിലും ഉത്സവാഘോഷങ്ങൾ സമ്പൂര്‍ണമായി പൊളിക്കാനുള്ള മുന്‍‌തീരുമാനം മാറ്റിവക്കാൻ തമ്പി നിര്‍ബന്ധിതനായ കുറച്ചു സംഭവങ്ങൾ പിന്നീടു അരങ്ങേറി. അതിനു വേദിയൊരുക്കിയതോ ശങ്കരമ്മാൻകാവ് പരിസരവും.

സംഭവം നടന്നതു ഒരു കറുത്തവാവ് ദിവസമാണ്. ശനിയുടെ വിളയാട്ടദിവസമായ കറുത്തവാവ്. ദിവസം മുഴുവൻ അപ്രതീക്ഷിതമായി തകർത്തുപെ‌യ്ത മഴ ഇടവേള കൊടുത്ത, ഈറനും ഇരുട്ടും സാന്നിധ്യമറിയിച്ച സന്ധ്യാസമയത്തു പടമാന്‍വീടിന്റെ പൂമുഖത്തു നാമജപത്തിൽ മുഴുകിയിരുന്ന ഒരു അമ്മൂമ്മ ശങ്കരമ്മാൻ‌കാവിനു നേരെ എത്തിവലിഞ്ഞു നോക്കി. അവിടെ കണ്ടതു സിശ്വസിക്കാനാകാതെ നാമംചൊല്ലൽ നിര്‍ത്തി. മുറ്റത്തിറങ്ങി തുളസിത്തറക്കു സമീപം ചെന്നു പറമ്പിന്റെ വടക്കേമൂലയിലേക്കു വീണ്ടും നോട്ടമയച്ചു. ശങ്കരമ്മാൻ‌കാവിനു അടുത്തുള്ള ഏഴിലം‌പാലയുടെ ചുവട്ടിൽ കനത്തഇരുട്ട് മാത്രം. കാറ്റും മഴയുമേല്‍ക്കാതെ എല്ലാ കറുത്തവാവിനും വിളക്കുവക്കാൻ കൊല്ലൻ പണിതുകൊടുത്ത ചെറിയ ഓട്ടുകമാനത്തിനു കീഴിൽ വെളിച്ചത്തിന്റെ തരിപോലുമില്ല.

അമ്മൂമ്മ അങ്കലാപ്പിലായി. ഉമ്മറത്തിണ്ണയിൽ കെമിസ്ട്രിബുക്കിൽ തലപൂഴ്ത്തിയിരിക്കുന്ന കൊച്ചുമകളോടു അന്വേഷിച്ചു. “ദേവീ പാലച്ചോട്ടീ വെളക്ക് വച്ചില്ലേ?”

ശ്രീദേവി ഓര്‍മകളിൽ പരതി. കാവിൽ മാത്രമേ വിളക്കുവച്ചുള്ളൂ. പാലച്ചുവട്ടിലേക്കു പോകാന്‍ മറന്നു. “അയ്യോ അതു മറന്നു. ഞാനിപ്പോ പോവാം അമ്മമ്മേ”

ശ്രീദേവി വിളക്കെടുക്കാന്‍ അകത്തുകയറി. കത്തിച്ച വിളക്കുമായി വന്നപ്പോൾ അമ്മൂമ്മ വിലക്കി. “ഇനീപ്പോ ഈ ഇരുട്ടത്ത് അങ്ങട് പോണ്ട. വല്ല ഇഴജന്തുക്കളുംണ്ടാവും“

കൊല്ലങ്ങളായി തുടര്‍ന്നുവന്നിരുന്ന ഒരു അനുഷ്ഠാനം അവിടെ ലംഘിക്കപ്പെടുകയായിരുന്നു. പ്രകൃതിയുടെ വരുതിയിൽ നില്‍ക്കാത്ത ചില ശക്തികൾ അസ്വസ്ഥരായി. കറുത്തവാവുകളിൽ പാലച്ചുവട്ടിൽ തിരിവച്ചില്ലെങ്കിൽ പൊട്ടക്കിണറിന്റെ ആഴങ്ങളിൽ സമാധികൊള്ളുന്ന അന്തര്‍ജ്ജനം കോപിക്കുമെന്ന കണിയാന്‍ കൈമളിന്റെ താക്കീത് ശരിവച്ചുകൊണ്ടു, കിണറിന്റെ ആഴങ്ങളിൽ ഒരു പിശറന്‍കാറ്റ് രൂപംകൊണ്ടു. ആ കാറ്റിൽ കിണറിന്റെ വശങ്ങളിൽ വേരുപടര്‍ത്തി ഭീമാകാരം രൂപം‌പൂണ്ടു നില്‍ക്കുന്ന ഏഴിലംപാലയാകെ അടിമുടി പൂത്തുലഞ്ഞു. കാവിൽ കത്തിച്ചുവച്ച വിളക്കുകൾ വീശിയടിച്ച കാറ്റിൽ അണഞ്ഞു. തന്റെ വാക്കു സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ഒന്നും അമ്മൂമ്മ അറിഞ്ഞില്ല, അനുഭവിച്ചുമില്ല. അതിനുവേണ്ടി വിധി നീക്കിവച്ചത് കക്കാടിന്റെ തീരദേശംപാടത്തുള്ള ആന്റണിയുടെ ഷാപ്പിലിരുന്നു കള്ളുമോന്തുന്ന ഒരുവനെയായിരുന്നു.

സമയം പിന്നേയും ഇഴഞ്ഞുനീങ്ങി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ അന്തരീക്ഷം ശാന്തമായിരുന്നു. പക്ഷേ പുല്ലാനിത്തോട്ടിലെ കൈതപ്പൊന്തകളിലും തീരദേശം‌പാടത്തെ വരമ്പുകളിലും ഇരുട്ട് വേരുപിടിച്ചപ്പോൾ, ഹരിവരാസനം പാടി അയ്യങ്കോവ്‌ ക്ഷേത്രത്തിലെ ശ്രീകോവിൽ അടച്ചപ്പോൾ പൊട്ടക്കിണറിന്റെ അഗാധതയിൽ രൂപംകൊണ്ട പിശറന്‍കാറ്റ് സാവധാനം വന്യതയാര്‍ജ്ജിച്ചു വന്നു. തെങ്ങിന്‍‌തലപ്പുകളെ ആടിയുലച്ചു രൌദ്രഭാവം പൂണ്ട ആ കാറ്റിൽ ഏഴിലം‌പാല മാത്രം നിശ്ചലമായി നിന്നു. പാലപ്പൂവിന്റെ മാദകഗന്ധം എങ്ങും ഒഴുകിപ്പരന്നു. ഓസീന്‍‌കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ രാത്രികാവലിരുന്ന രാജേന്ദ്രൻ പാലച്ചുവട്ടിൽ നേര്യതുടുത്തു പാദസരമണിഞ്ഞ സ്ത്രീരൂപം കണ്ടു ഞെട്ടിവിറച്ചു.

രാവ് പിന്നേയും കനത്തു. കാറ്റിനു അകമ്പടിയായി കനത്തമഴയും ആരംഭിച്ചതോടെ കക്കാട്ദേശമാകെ നിശബ്ദതയിലാണ്ടു. എങ്ങും ഒച്ചയില്ല. അനക്കമില്ല. തീരദേശം ഷാപ്പിലപ്പോൾ തമ്പിയും ദേവരാജനും വീശൽ കഴിച്ചു ഇറങ്ങുകയായിരുന്നു. തൈക്കൂട്ടം സെന്ററിനടുത്തു താമസിക്കുന്ന, മരം‌വെട്ട് തൊഴിലാക്കിയ ദേവരാജൻ പലകാര്യങ്ങളിലും തമ്പിയുടെ ഗുരുവാണ്. കൊമ്പന്‍ മീശ തടവി അദ്ദേഹം നിര്‍ദ്ദേശം വച്ചു.

“തമ്പ്യേ മഴ മാറൂന്ന് തോന്നണില്ല. നീയെന്റൂടെ തൈക്കൂട്ടത്തേക്ക് വാ. ഇന്ന് നമക്കവടെ കൂടാം“ ക്ഷണിച്ചശേഷം ഒന്നുകൂടി ഊന്നിപ്പറഞ്ഞു. “എന്തായാലും ഈരാത്രി നീ തന്നെപ്പോണ്ട”

തമ്പി സമ്മതിക്കില്ലെന്നു തോന്നിയതിനാൽ അദ്ദേഹം താക്കീതു ചെയ്തു. “ഇന്ന് കറുത്തവാവാട്ടാ. പടമാന്‍­വീട്ടാര്ടെ പറമ്പിന്റടുത്തെത്തുമ്പോ ഒന്ന് സൂക്ഷിച്ചോണം.  അന്തര്‍ജ്ജനത്തിന്റെ കാര്യം അറിയാലോ? അന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാന്നാ പുരുഷു കഴിഞ്ഞാഴ്ചേങ്കൂടി എന്നോട് പറഞ്ഞെ”

എത്തീസ്റ്റായ തമ്പി തലയറഞ്ഞു ചിരിച്ചു. “ആ‍ഹഹ. രാജഞ്ചേട്ടാ ഞാനൊരു ചോദ്യം ചോദിക്കാൻ പോവാ. ഉത്തരം പറയോ?”

“നീ ചോദിക്ക്”

ചിറിതുടച്ചു തമ്പി പതിവു ചോദ്യംകാച്ചി. “ദൈവംണ്ടാ?”

മറുപടി പറയാതെ ദേവരാജൻ യാത്രപറഞ്ഞു. വായിൽ വിളഞ്ഞ ഭരണിപ്പാട്ടുകൾ പാടി, ഓസീന്‍‌കമ്പനിക്കരുകിലെ നീണ്ട വിജനമായ റോഡിലൂടെ തമ്പിയും സാവധാനം നടന്നു. പ്രകൃതിയുടെ വിളി അസഹ്യമായപ്പോൾ റോഡരുകിൽ കുന്തിച്ചിരുന്നു പാടത്തേക്കു മൂത്രമൊഴിച്ചു. പാടത്തു കള്ളിന്റെ രൂക്ഷഗന്ധം പരന്നു. കുടിച്ച തമ്പിക്കുപോലും അറപ്പുതോന്നി.

“എന്തൂട്ട് നാറ്റാ ഇത്. ഞാന്‍ കുടിച്ചത് ഇതന്ന്യാണാ”

തുമ്പത്തുണ്ടായിരുന്ന അവസാനതുള്ളിയും തമ്പി അടിച്ചുതെറിപ്പിച്ചു. അറിയാവുന്ന ഇംഗ്ലീഷ് പരിജ്ഞാനം വിളമ്പി. “എന്തൊരു റിലാക്സ്. എന്തൊരു സാറ്റിസ്ഫാക്ഷൻ”

തമ്പിയുടെ മനസ്സിൽ പ്രത്യേകിച്ചു കാരണമില്ലാതെ ഉത്തര്‍പ്രദേശിലുള്ള പ്രണയിനിയുടെ സ്മരണകൾ തലപൊക്കി. തമ്മിൽ കണ്ടിട്ടു രണ്ടുവര്‍ഷം കഴിഞ്ഞു. അവളുടെ യൌവനം വെറുതെ പാഴായിപ്പോവുകയാണെന്നു ഓര്‍ത്തപ്പോൾ സങ്കടം സഹിക്കാനായില്ല.

“മാനസേശ്വരി മാപ്പു തരൂ…”

“മറക്കാന്‍ നിനക്ക് മടിയാണെങ്കിൽ മാപ്പുതരൂ…”

പാടശേഖരത്തിനു നടുവിലൂടെ നീണ്ടുപോകുന്നതാണ് തൈക്കൂട്ടത്തേയും കക്കാടിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ടാര്‍‌റോഡ്. അതിന്റെ ഒരുവശത്തു തീരദേശംപാടമാണ്. മറുവശത്തു ഓസീന്‍ കമ്പനിയും. പകുതിയോളം വഴി പിന്നിട്ടപ്പോൾ തമ്പി അവശനായി. അടുത്തുകണ്ട കലുങ്കിലിരുന്നു. കൂര്‍ത്ത കരിങ്കൽ കഷണങ്ങൾ ഉന്തിനില്‍ക്കുന്ന ആ കലുങ്കും തമ്പിയുടെ മനസ്സിൽ സ്മരണകൾ ഉണര്‍ത്തി. രണ്ടുകൊല്ലം മുമ്പു വാസുട്ടനെ പാമ്പുകടിച്ചത് ഇവിടെ ഇരിക്കുമ്പോഴാണ്. തമ്പിയുടെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു. അറിയാതെ ചിലവാക്കുകൾ പുറത്തുചാടി.

“എന്നട്ട് എന്തൂട്ട് കോപ്പാ ഇണ്ടായേ. ആശാന്റെ ഒരുനേരത്തെ ഭക്ഷണം മൊടങ്ങി. അത്രന്നെ. പോരാഞ്ഞ് നാട്ടിലാകെ ഫേമസാവേം ചെയ്തു“

തമ്പി കലുങ്കിനു താഴേക്കു തുറിച്ചുനോക്കി. ഏതെങ്കിലും പാമ്പ് അവിടെ പതുങ്ങിനില്‍ക്കുന്നുണ്ടോ? കളിമണ്ണ് കലര്‍ന്ന ചെളിവെള്ളം കുതിച്ചൊഴുകുന്നതു മാത്രമേ തമ്പി കണ്ടുള്ളൂ. അതിലേക്കു കാര്‍ക്കിച്ചുതുപ്പി പിറുപിറുത്തു. “ആശാന്റൊരു ടൈം… അല്ലാണ്ടെന്താ”

അഞ്ചുമിനിറ്റ് കലുങ്കിൽ മഴനനഞ്ഞു, മലര്‍ന്നുകിടന്നു ക്ഷീണംമാറ്റിയ തമ്പി റോഡിന്റെ വീതിയളന്നു വീണ്ടും നടത്തം തുടര്‍ന്നു. പാമ്പുചിന്തകളില്‍നിന്നു മുക്തനാവാത്തതിനാൽ പാടാനും തുടങ്ങി.

“കൊണ്ട്രവടി… കൊണ്ട്രവടി“

“റോട്ടിലൊരു പാമ്പ്… (2)

“ചേരയല്ല മൂര്‍ഖനല്ല”

“ചേനത്തണ്ടന്‍ തന്നെ” (2)

നടത്തം അര‌മണിക്കൂറിലും കൂടുതൽ നീണ്ടു. ഒടുവിൽ ഓസീന്‍കമ്പനിക്കടുത്തു, മൂന്നുവഴികൾ സന്ധിക്കുന്ന കവലയിലെത്തിയപ്പോൾ സമയം പതിനൊന്നിനു അടുത്ത്. ചുറ്റിലും ഒറ്റ വിളക്കില്ല, വെളിച്ചമില്ല. എങ്ങും കൂരിരുട്ട്.

തമ്പി ആരെയെന്നില്ലാതെ ചീത്ത വിളിച്ചു. “എവനൊക്കെ കെടന്നൊറക്കായാ. കുംഭകര്‍ണന്മാര്”

സ്വന്തംവീട്ടിലേക്കു പോകാനുള്ള വഴിയിലേക്കു തിരിയുമ്പോൾ കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ രാജേന്ദ്രനുണ്ടാകുമെന്ന കാര്യം ഓര്‍ത്തു. അവിടെ ഹോട്ട് സാധനം ഉണ്ടാകാൻ സാധ്യതയുണ്ട്. തമ്പി അങ്ങോട്ടു നടന്നു. കമ്പിളിപ്പുതപ്പുകൊണ്ടു ശരീരമാകെ മൂടി രാജേന്ദ്രന്‍ ഉറക്കം തൂങ്ങുകയാണ്. മേശപ്പുറത്തു ഒരു പെട്രോമാക്സ് സഹജമായ ‘ശൂ‍‘ ശബ്ദം പുറപ്പെടുവിച്ചു മങ്ങിക്കത്തുന്നു. അതിനുചുറ്റും പറന്നുകളിക്കുന്ന ഏതാനും ഈയാം‌പാറ്റകൾ.

തമ്പി വിളിച്ചു. “ഡാ രാജേന്ദ്രാ”

രാജേന്ദ്രന്‍ എഴുന്നേറ്റു. ജനലിലൂടെ പുറത്തേക്കുനോക്കി. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ മഴനനഞ്ഞ മസിൽ ശരീരം കണ്ടുഞെട്ടി. പിന്നോക്കം നടന്നു.

“ഞാനാടാ രാജേന്ദ്രാ, തമ്പി… വാതില് തൊറക്ക്“

വാതിൽ തുറന്നു രാജേന്ദ്രൻ അവിശ്വസനീയതയോടെ തമ്പിയുടെ മുഖവും നട്ടെല്ലും കൈകൊണ്ടു തടവി. രാജേന്ദ്രന്റെ കൈകളുടെ വിറയൽ അറിഞ്ഞു ഹോട്ട് ചോദിക്കാൻ വന്നതാണെന്ന കാര്യം തമ്പി മറന്നു.

“നീയെന്താ വല്ലാണ്ടിരിക്കണെ?”

രാജേന്ദ്രന്‍ വാതില്‍ക്കൽ നില്‍ക്കുകയായിരുന്ന തമ്പിയെ സെക്യൂരിറ്റി റൂമിലേക്കു കയറ്റാൻ ശ്രമിച്ചു. തമ്പി സമ്മതിച്ചില്ല. “ഞാനില്ലടാ പോവാണ്. നേരം കൊറെയായി. പോരാഞ്ഞ് നശിച്ച മഴേം”

“തമ്പിയണ്ണാ… തമ്പിയണ്ണന്‍ ഇപ്പോ പോണ്ട. പോയാ ആകെ പ്രശ്നാവും”

തമ്പി നെറ്റിചുളിച്ചു. “എന്തൂട്ട് പ്രശ്നം?”

“അണ്ണാ ഇന്ന്… ഇന്ന് കറുത്തവാവാ!”

“അതിന് ഞാനെന്താടാ വേണ്ടെ?”

രാജേന്ദ്രന്‍ നിശ്വാസരൂപേണ തുടര്‍ന്നു. “അണ്ണാ… ഞാന്‍ കൊറച്ചുമുമ്പ് പാലച്ചോട്ടീ വെള്ളനേര്യതുടുത്തു ഒരുപെണ്ണ് നിക്കണ കണ്ടു!“

തമ്പി സംശയഭാവത്തിൽ നോക്കി. രാജേന്ദ്രന്‍ ആണയിട്ടു. “സത്യാ അണ്ണാ. പാദസരത്തിന്റെ കിലുക്കോം ഇണ്ടായിരുന്നു. അപ്പോ ഇവടൊക്കെ പാലപ്പൂവിന്റെ ഭയങ്കര മണായിരുന്നു“

തമ്പിയിലെ യുക്തിവാദി ഉണര്‍ന്നു. “അതുപിന്നെ പാലപൂത്താലോ, കള്ള് കുടിച്ചാലോ മണമടിക്കും രാജേന്ദ്രാ. പിന്നെ നീ കണ്ട പെണ്ണ് ദേവ്യായിരിക്കും“

“അല്ലണ്ണാ ദേവ്യല്ല. ഞാനിവിടെ ഏതാണ്ട് ഫുള്‍ടൈമും ഇണ്ടായിരുന്നു. ദേവീന്ന് പാലച്ചോട്ടിൽക്ക് വന്നട്ടില്ല. വെളക്കും തെളിച്ചട്ടില്ല“

തമ്പി അലസോരം ഭാവിച്ചു. “ദേവി തന്ന്യായിരിക്കൊള്ളൂ രാജേന്ദ്രാ. നീയത് വിട്”

“ദേവ്യാ. നേര്യത് ഉടുക്കേ! അണ്ണനെന്തൂട്ടാ ഈ പറേണെ”

“എന്താടാ അവൾക്ക് നേര്യത് ഉടുത്തൂടേ?”

“ഉടുക്കാന്‍ കൊഴപ്പൊന്നൂല്ല്യാ. പക്ഷേ…”

“എന്തോന്ന് പക്ഷേ…”

“ആ ഉടുക്കലീ ഇത്തിരി പ്രശ്നംണ്ടായിരുന്നു”

തമ്പിയിൽ ആകാംക്ഷ മുളച്ചു. “തെളിച്ച് പറ രാജേന്ദ്രാ”

സാഹചര്യത്തിന്റെ ഗൌരവംമറന്നു രാജേന്ദ്രന്റെ മുഖത്തു നര്‍മ്മഭാവം പടര്‍ന്നു. “ഞാന്‍ കണ്ട പെണ്ണിന്റെ മേത്ത് നേര്യത് മാത്രാ ഇണ്ടായിരുന്നൊള്ളൂ. വേറെ തുണിയൊന്നൂല്യാർന്നു”

“ങ്ഹേ അതുവ്വോ“ യാത്രപോലും പറയാതെ ആവേശഭരിതനായി മഴയിലേക്കു ഇറങ്ങിയ തമ്പിയെ രാജേന്ദ്രന്‍ വട്ടം‌പിടിച്ചു.

“ഹ ആ പെണ്ണ് പോയണ്ണാ. ഇപ്പോ അതിനെ അവടെ കാണാനില്ല”

തമ്പി ആശയിലായിരുന്നു. “ഏയ്. ഞാനൊന്നു നോക്കട്ടെന്ന്”

“ഇല്ലണ്ണാ. അവള് പോയി. അണ്ണനിനി നേരം കളയണ്ട. അവടേം ഇവിടേം തങ്ങാതെ നേരെ വീട്ടീക്ക് വിട്ടോ” രാജേന്ദ്രന്‍ ഒരു കാജബീഡിയെടുത്തു കത്തിച്ചുകൊടുത്തു. മഴ നനയാതിരിക്കാന്‍ ഒരു കവറും.

രാജേന്ദ്രനോടു വിടപറഞ്ഞു തമ്പി നടപ്പുതുടങ്ങി. ഇടക്കു വഴിയരികിൽ കുന്തിച്ചിരുന്നു വീണ്ടും സം‌തൃപ്തി നേടി. പക്ഷേ സം‌തൃപ്തിക്കൊടുവിൽ തമ്പിയെ മൂടിപ്പൊതിഞ്ഞതു ആന്റണിയുടെ ഷാപ്പില്‍നിന്നു കുടിച്ച കള്ളിന്റെ മണമല്ല, മറിച്ചു പാലപ്പൂവിന്റെ മദിപ്പിക്കുന്ന തീഷ്‌ണഗന്ധമായിരുന്നു. ഒപ്പം ഉടുക്കുവാദനത്തിന്റെ ഇമ്പമുള്ള അലയൊലികളും. തമ്പിക്കു കൂടുതൽ പിടിച്ചുനില്‍ക്കാനായില്ല. പാലപ്പൂവിന്റെ മാദകഗന്ധത്തിൽ മയങ്ങി അതിന്റെ ഉറവിടംതേടി അലഞ്ഞു. എത്തിയതു പടമാന്‍‌വളപ്പിലെ ശങ്കരമ്മാൻ കാവിലും.
മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

15 replies

 1. പക്ഷേ കക്കാട് പുല്ലാനിത്തോട്ടിലെ കൈതപ്പൊന്തകളിലും തീരദേശംപാടത്തെ വരമ്പുകളിലും ഇരുട്ട് വേര്പിടിച്ചപ്പോള്…
  ‘ഹരിവരാസനം’ പാടി അയ്യങ്കോവ്ക്ഷേത്രത്തിലെ ശ്രീകോവില്‍ അടച്ചപ്പോള്..

  അപ്പോള് പൊട്ടക്കിണറ്റിന്റെ അഗാധതയില്‍ രൂപംകൊണ്ട പിശറന്കാുറ്റ് സാവധാനം വന്യതയാര്ജ്ജി ച്ച് വന്നു. തെങ്ങിന്‍‌തലപ്പുകളെ ആടിയുലച്ചും കുറ്റിക്കാടുകളെ പിഴുതെരിഞ്ഞും ഭീമാകാരം പൂണ്ട ആ കാറ്റില്‍ ഏഴിലം‌പാലയാകെ പൂത്തുലഞ്ഞു. പാലപ്പൂവിന്റെ മാദകഗന്ധം എങ്ങും ഒഴുകിപ്പരക്കാന്‍ തുടങ്ങി. ഓസീന്‍‌കമ്പനിയുടെ സെക്യൂരിറ്റി റൂമില്‍ രാത്രികാവലിരുന്ന പുനലൂര്‍‌കാരന്‍ രാജേന്ദ്രന്‍ ഏഴിലം‌പാലച്ചുവട്ടില്‍ നേര്യതുടുത്ത്, പാദസരങ്ങളണിഞ്ഞ സ്ത്രീരൂപം കണ്ട് ഞെട്ടിവിറച്ചു.

  രണ്ടാം ഭാഗം വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ഓഫ് : അടുത്ത ഭാഗത്തോടെ പോസ്റ്റ് പൂര്‍ത്തിയാകുന്നതാണ്.

  Like

 2. കൊള്ളാം കൊള്ളാം. കഥ കൂടുതല്‍ മുറുകി വരുന്നു… തുടരട്ടെ.

  Like

 3. ചാത്തനേറ്: അടുത്ത ഭാഗം പുറത്ത് വരാതെ ഈ ഭാഗം ദയവായി ആരും വായിക്കരുത് പ്ലീ‍ീ‍ീസ്..

  ഓടോ: ഡാ അഭിനവ ബാറ്റണ്‍ ബോസേ..നിന്നെ പിന്നെ കണ്ടോളാം..

  Like

 4. ആകാംക്ഷയുടെ മുള്ള് മുനയില് കാത്തിരിക്കുന്നു ഞാനും

  Like

 5. ചാത്താ : എന്റെ പ്രിയവായനക്കാരോട് വായിക്കരുതെന്ന് വാണിങ്ങ് കൊടുക്കാന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ ചെയ്തൂ.
  പറയൂ…
  🙂
  ഉപാസന

  Like

 6. കൊള്ളാം മാഷെ.. അടിപൊളി ..

  Like

 7. സുന്യേ, തകര്‍ക്ക്!

  അടുത്ത ഭാഗം പെട്ടെന്നിറക്ക് കേട്ടാ.

  @ചാത്തന്‍: യിത് ഏറ്റുമാനൂര്‍ ശിവകുമാറാണു മോനേ…!

  Like

 8. @ ജയകൃഷ്ണന്‍

  അണ്ണന്‍ എന്റെ ബ്ലോഗ് വായിക്കാറുണ്ടെന്നത് ഒരു പുതിയ അറിവാണെനിക്ക് ട്ടാ (ഹരിയും ഹരിഷും നോക്കാറുണ്ടെന്നറിയാം). എന്തായാലും കുറച്ച് സന്തോഷമായി. നമ്മളെ അറിയുന്നവര്‍ വായിക്കുമ്പോള്‍ ഒരു പ്രത്യേകത്രില്‍!
  സ്ക്രാപ് അയക്കാം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  Like

 9. കൊള്ളാം…. നന്നായിട്ടുണ്ട്… അടുത്ത ഭാഗം വേഗം അടുപ്പത്ത്‌ വെക്കൂ… 🙂

  Like

 10. Ganbheeramakunnu… Thudaratte… Ashamsakal…!!!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: