കക്കാട് ബ്രദേഴ്സ് – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


കക്കാട് ബ്രദേഴ്സ് -1 എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

നാട്ടിലെ ഊഹോപോഹങ്ങൾ എന്തൊക്കെയായാലും ആദ്യസന്ദർശനത്തിനു ശേഷം ബെന്നിച്ചൻ കടുത്ത യോഗ ഫാൻ ആയെന്നതാണ് സത്യം. അതിന്റെ ആദ്യപടിയായി ഇറച്ചി, മീൻ തുടങ്ങിയ മാംസാഹാരങ്ങൾ അദ്ദേഹം നിര്‍ത്തി. പിന്നെ, എല്ലാ ദിവസവും വെളുപ്പാൻ‌ കാലത്തു തൈക്കൂട്ടം പനമ്പിള്ളിക്കടവിലെ മണൽ‌പ്പരപ്പിലിരുന്ന് ഒന്നര മണിക്കൂർ ഏകാഗ്രധ്യാനം. അക്കാലത്തു യോഗവിദ്യാപീഠത്തിലെ ആചാര്യൻ ബെന്നിച്ചനെ തന്റെ പിൻ‌ഗാമിയാക്കാൻ പോകുന്നെന്ന ശ്രുതിയും നാട്ടിൽ പരന്നിരുന്നു. അതിനു ഉപോൽ‌ബലമായാണ് നാട്ടിൽ പലരും കല്യാണം കഴിക്കുവാനുള്ള ബെന്നിച്ചന്റെ വിമുഖതയെ നോക്കിക്കണ്ടത്.

“അപ്പോ ബെന്നീത് കാര്യായിട്ടാ‍?” ചാത്തൻ‌മാഷിനു കാര്യങ്ങൾ അത്ര പന്തിയായി തോന്നിയില്ല.

“അതേന്നാ തോന്നണെ. മാഷിനറിയോ കഴിഞ്ഞാഴ്ച മൂന്ന് കല്യാണാലോചനേം കൊണ്ട്‌ മൂന്നാമൻ വന്നതാ“

“എന്നട്ട്?”

“ബെന്നിക്ക് ആൾടെ വരവ് ഇഷ്ടായില്ല. അപ്പത്തന്നെ വെരട്ടി ഓടിച്ചു!”

ചാത്തൻ‌മാഷ് അന്തിച്ചു പോയി.

“മാഷെ ആ മൂന്നാമനാ എലിസബത്തിന്റെ കല്യാണം ശരിയാക്കീത്. അതും പത്തുപൈസ ചെലവില്ലാണ്ട്. ഇതും പെട്ടെന്നൊറപ്പിക്കാന്ന് വെച്ചാ ആള് വന്നെ“

“നല്ല ആലോചന്യാണോ?”

ഒന്നാന്തരമെന്നു പൌലോസ് ആഗ്യംകാണിച്ചു. “അതും പറഞ്ഞ് ഞാൻ നിർബന്ധിച്ചപ്പോ‍ ബെന്നി പറഞ്ഞതേ‍ ജോയിക്കു നോക്കിക്കോളാൻ”

ചാത്തൻ‌മാഷ് ചിരിച്ചു. പിന്നെ ചിന്തിച്ചു. “അതൊന്ന് ആലോചിച്ചൂടാർന്നോ. ജോയീം പ്രായം തെകഞ്ഞു നി‍ക്കല്ലേ”

പൗലോസ് രണ്ടുതവണ കൈഞൊട്ടി ശബ്ദമുണ്ടാക്കി. “ജോയിയാ! നല്ല കാര്യായി. ഹഹഹ“

“അതെന്താ ചിരിച്ചെ. ഈ മേടത്തീ ജോയിക്ക് മുപ്പത്തിരണ്ട് തെകയാ. എന്റെ വിജൂം ജോയീം തമ്മീ രണ്ടുമാസേ വ്യത്യാസൊള്ളൂ”

“വയസ്സൊക്കെ ശരി തന്ന്യാ മാഷെ. പക്ഷേ അവന്റെ കാര്യോം തൽക്കാലം രക്ഷയില്ല എന്നതാ സത്യം. കഴിഞ്ഞ മാസം ജോയി ഒരു ശകടം വാങ്ങീല്ലേ? ഇപ്പഴത്തെ പ്രധാന‌ പണി അതിലിരുന്ന് ഊരുചുറ്റലാ”

ചാത്തൻ‌മാഷ് തിണ്ണയിൽ അനങ്ങിയിരുന്നു. കുറച്ചു നാളായി ചോദിക്കണമെന്നു കരുതിയിരുന്ന കാര്യമാണ് അപ്പോൾ മനസ്സിലുയർന്നത്.

“ആ വണ്ടിക്ക് നല്ല ഗമയാട്ടാ. എത്ര കാശായി?“

“ആ… ഒരു പത്തൈമ്പത് ആയിക്കാണും“

കാതിക്കൂടം ഓസീൻ കമ്പനിയിൽ ജോലി കിട്ടിയ ഉടൻ പൌലോസിന്റെ മൂന്നാമത്തെ മകൻ ജോയിച്ചൻ ചെയ്തത് ഒരു പുത്തൻ റോയൽ എൻഫീൽഡ് സ്വന്തമാക്കുകയാണ്. കക്കാടിലെ ആദ്യത്തെ എൻഫീൽഡായിരുന്നു അതെന്ന കാരണത്താൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ജോയിച്ചന്റെ താരപ്പൊലിമ നാട്ടിൽ ക്രമാതീതം വർദ്ധിച്ചു. ഒപ്പം നാട്ടുകാരുടെ സ്നേഹപ്രകടനങ്ങളും. എൻഫീൽഡ് ഭ്രാന്തന്മാരായ കക്കാടിലെ യുവജനങ്ങൾ, സമീപ പ്രദേശങ്ങളിൽ പോകേണ്ട ആവശ്യം വന്നാൽ, സ്ഥിരമായി പൗലോസിന്റെ വീടിനു സമീപം ചുറ്റിപ്പറ്റി നിൽക്കാൻ തുടങ്ങി. അല്പനേരത്തെ കാത്തിരിപ്പിനു ശേഷവും ജോയിച്ചന്റെ വിവരമില്ലെങ്കിൽ പിന്നെ ചെറിയ തോതിൽ ചുമക്കൽ. അതും വിഫലമായാൽ പ്രതികൂല സാഹചര്യമാണെന്നു കരുതി സ്ഥലം വിടും, ചെറാലക്കുന്നു തമ്പി ഒഴികെ. നാട്ടുകാരുടെ സ്ഥിരം നമ്പറുകളായ ചുമക്കൽ, ചുറ്റിപ്പറ്റി നിൽക്കൽ തുടങ്ങിയവ ഇറക്കാതെ തമ്പി നേരെ വീട്ടിൽ കയറി ലോഹ്യം ചോദിക്കും.

“എന്താ പൌലോസേട്ടാ ഒരു വല്ലായ്മ”

വല്ലായ്മകൾ ഒന്നുമില്ലാതെ മനസ്സമാധാനത്തോടെ ഇരിക്കുന്ന പൌലോസ് തമ്പിയെ കണ്ടാലുടൻ മുറുക്കാൻ ചെല്ലം മാറ്റും.

“മേരിക്കുട്ട്യേയ്… നീയീ ചെല്ലം അകത്തു വച്ചേ. തമ്പിക്ക് വേണോങ്കി ഒരു ചെറിയ വെറ്റിലേം ഇത്തിരി ചുണ്ണാമ്പും കൊടുത്തേക്ക്”

തമ്പി നിരുത്സാഹപ്പെടുത്തും. “അതിവിടെ ഇരുന്നോട്ടെ പൌലോസേട്ടാ. എന്താ കൊഴപ്പം”

ചെറിയ ലഹരിയിലൊന്നും വീഴാറില്ലാത്ത തമ്പി സംസാരം തുടങ്ങുന്നതിനു മുന്നോടിയായി നാലഞ്ചു തളിർ‌വെറ്റിലകൾ വാരിയെടുത്തു ചുണ്ണാമ്പുതേച്ചു വായിൽ ‌തള്ളും. പുകല, അടയ്ക്ക, പാക്ക് തുടങ്ങിയ അനുബന്ധ സാമഗ്രികൾ പിന്നാലെ. മുറുക്കു തുടങ്ങി അല്പസമയത്തിനുള്ളിൽ ചെല്ലം കാലിയാക്കുമെങ്കിലും തമ്പിയുടെ ലക്കും‌ ലഗാനുമില്ലാത്ത വർത്തമാനം എല്ലാവരേയും പോലെ പൌലോസിനും ഹരമാണ്. അതിനു വേണ്ടി ചില ത്യാഗങ്ങൾ സഹിക്കാൻ അദ്ദേഹം തയ്യാർ.

“തമ്പ്യേ… നീ കഴിഞ്ഞാഴ്ച കൺ‌മണീടെ വീട്ടീപ്പോയീന്നു കേട്ടല്ലോടാ”

തമ്പി അമ്പരന്നു. “ആര് ഞാനാ! അവൾടെ അട്‌ത്താ. നല്ല കാര്യായി. പൌലോസേട്ടാ… പൌലോസേട്ടൻ അതൊന്നും വിശ്വസിക്കര്ത്. അതൊക്കെ ശത്രുക്കള് പറഞ്ഞ് പരത്തണതാ“

പൌലോസ് വിട്ടില്ല. “നീയെന്റട്ത്ത് നൊണ പറേര്ത്… ങ്ഹാ. നീയെന്തോ ചോദിച്ചില്ലേടാ അവൾടടുത്ത്?”

പൌലോസ് രണ്ടാമതു പറഞ്ഞത് തമ്പി നിഷേധിച്ചില്ല. പകരം പുള്ളി ഇതെങ്ങിനെ അറിഞ്ഞു എന്നു ആശ്ചര്യപ്പെട്ടു.

“ഓ അതാ… അത് ശര്യാ. പക്ഷേ വീട്ടിൽക്കൊന്നും ഞാൻ പോയട്ടില്ല”

സത്യത്തിൽ പൌലോസ് ഒരു നമ്പർ ഇറക്കിയതായിരുന്നു. തമ്പി കൺ‌മണിയുടെ വീട്ടിൽ പോയെന്നും മറ്റും അദ്ദേഹത്തോടു ആരും പറഞ്ഞിരുന്നില്ല. പക്ഷേ തന്റെ ഉണ്ടയില്ലാത്ത‌ വെടി തമ്പി അംഗീകരിച്ചതോടെ അതു സൃഷ്ടിച്ച ഓളത്തിൽ പൌലോസ് മുങ്ങിപ്പോയി.

“എന്താടാ അവള് പറഞ്ഞെ?”

തമ്പി വീടിനകത്തേക്കും ചുറ്റിലും നോക്കി പൌലോസിന്റെ ചെവിയോടു ചുണ്ടുകൾ അടുപ്പിച്ചു.

“പൌലോസേട്ടാ അവള്… അവള് പിന്നെ നോക്കാംന്ന് പറഞ്ഞു”

മേമ്പൊടി സംഭാഷണങ്ങൾ കഴിഞ്ഞാൽ തമ്പി തന്ത്രപരമായി കാര്യത്തിലേക്കു കടക്കും. നേരിട്ടു പ്രധാന വിഷയത്തിലേക്കു വരാതെ എല്ലാ കാര്യങ്ങളും ‘പറയാതെ പറയും‘.

“പൌലോസേട്ടാ ചാലക്കുടി വരെ പോയാലോന്ന് ഒര് ആലോചന”

പൗലോസ് ഗൂഢസ്മിതത്തോടെ പറയും. “എന്നാ നീയിനി സമയം കളയണ്ട. ഇപ്പൊത്തന്നെ പൊക്കോ. സിമല്‍ വരണ്ട സമയായി”

“അവട്യാ പ്രശ്നം. സിമല് തെക്കോട്ട് പോയിട്ടില്ലെന്നാ കമ്പനീലെ സെക്യൂരിറ്റി പറഞ്ഞെ. അതോണ്ട് വേറെന്തെങ്കിലും വഴി നോക്കണം”

പൌലോസ് തിരുത്തി. “സിമൽ പോയിട്ടില്ലാന്നാ. ഞാൻ ആ ബസിലല്ലേ കൊറച്ചു മുമ്പ് കൊരട്ടീന്ന് വന്നെ. നീ ധൈര്യായിട്ടു ചെല്ല്. ബസൊക്കെണ്ട്”

തമ്പി കാൽ ‍മാറ്റിച്ചവിട്ടി. “ആ… അത് പറഞ്ഞപ്പഴാ ഓർത്തെ. നമ്മടെ ജോയിച്ചൻ ചാലക്കുടിക്ക് പോവാനൊള്ള പരിപാടീണ്ട്ന്നു കേട്ടല്ലോ”

“ഇണ്ടാ… ഇണ്ടെങ്കി?”

“അല്ല ജോയിച്ചനെങ്ങാനും ചാലക്കുടീ പോണ്ടെങ്കി പുള്ളീനേം കൊണ്ടു പോവാലോന്ന് വിചാരിച്ചാ ഞാൻ വന്നെ”

തമ്പിയുടെ ഉദ്ദേശം മനസ്സിലായ പൌലോസ് സരസഭാഷണം തുടരാൻ താല്പര്യം പ്രകടിപ്പിക്കും. “ഏയ് അതൊക്കെ നിനക്ക് തോന്നീതാരിക്കും. നീ ഇപ്പത്തന്നെ ബസ് പിടിക്കാൻ പൊക്കോ”

തമ്പി അത്തരം മറുപടികളിൽ നിരാശനാകില്ല. ഉടൻ അടുത്ത നമ്പർ ഇറക്കും. ഒടുക്കം തീരെ നിവൃത്തിയില്ലെങ്കിൽ കൊരട്ടിപ്പള്ളിയിൽ പോകുന്ന വഴി ജോയിച്ചൻ തമ്പിയേയും കൂടെ കൂട്ടും. വഴിയിൽകൂടി നടന്നു പോകുന്ന എല്ലാവരേയും കൈവീശി ‘ഷിബ്വോ നിനക്കൊക്കെ ഒരു വണ്ടി വാങ്ങിച്ചൂട്രാ‘ എന്നു കളിയാക്കിയും, വളവുകളിൽ ജോയിച്ചൻ ബ്രേക്കു ചവിട്ടുമ്പോൾ ‘ജോയിച്ചാ ഞാൻ വണ്ടിയെടുക്കണോ‘ എന്നു ഉടയോനെ തന്നെ താങ്ങിയും തമ്പി ആനപ്പുറത്തിരിക്കുന്ന വിശാലതയോടെ വണ്ടിയുടെ പിന്നിൽ ഗമയോടെയിരിക്കും. കട്ടിമീശയും മുഴക്കമുള്ള ശബ്ദവും കൈമുതലായുള്ള ജോയിച്ചൻ, കറുത്ത കൂളിങ്ങ് ഗ്ലാസ്സ് ധരിച്ചു എൻഫീൽഡിൽ കത്തിച്ചു പോകുമ്പോൾ, വണ്ടിയുടെ പിറകിൽ ജോയിച്ചനെ കെട്ടിവരിഞ്ഞ് ഇരുന്ന് യാത്ര ചെയ്യാൻ കക്കാടിലെ കൃസ്ത്യൻ യുവതികളുടെ ചങ്ക് പടപടാന്നനെ മിടിക്കും. പക്ഷേ ജോയിച്ചന്റെ മനസ്സ് അതിനകം ആരോ അടിച്ചു മാറ്റിയിരുന്നു.

Read More ->  കക്കാട് ജ്വല്ലറി വർൿസ് - 1

വായിലെ മുറുക്കാൻ‌ചണ്ടി തുപ്പിക്കളഞ്ഞു പൌലോസ് വീടിനുള്ളിലേക്കു നോക്കി വിളിച്ചു. “മേര്യേയ്. ഒരു മൊന്ത വെള്ളം”

അടിഭാഗം ഞെളങ്ങിയ മൊന്തയിൽ വെള്ളമെത്തി. ചാത്തൻ ‌മാഷിന്റെ സാന്നിധ്യമറിഞ്ഞ് മേരിച്ചേടത്തി അന്വേഷിച്ചു. “വിനയന് കല്യാണായെന്നു ജാനകി പറഞ്ഞു. എവിടന്നാ‍ മാഷെ?“

“വെള്ളാങ്കല്ലൂര്‍ന്ന്“

“എങ്ങന്ണ്ട് മാഷെ കൊച്ച്?”

“നല്ല കുട്ട്യാ മേരി. ബി.എഡ് കഴിയാറായീന്നാ പറഞ്ഞെ”

കുസൃതിച്ചിരിയോടെ മേരിച്ചേടത്തി വീണ്ടും ആരാഞ്ഞു. “എത്ര്യാ മാഷെ വിനയൻ ചോദിക്കണെ?”

“ഹഹഹ. അങ്ങനൊന്നൂല്ല്യ. അവൻ പറേണത് ഒന്നും വേണ്ടാന്നാ“

സംശയങ്ങളൊഴിയാത്ത മനസ്സോടെ മേരിച്ചേടത്തി വീടിനുള്ളിലേക്കു പോയി. പൌലോസ് മൊന്തയിലെ വെള്ളം വായിലൊഴിച്ചു കുലുക്കുഴിഞ്ഞ്, പേട്ടത്തെങ്ങിന്റെ കടക്കലേക്കു നീട്ടിത്തുപ്പി. അപ്പോഴാണ് പ്ലാസ്റ്റിക്‍ സഞ്ചി നിറയെ പലചരക്ക് സാധനങ്ങളുമായി ഷൈജു പടി കടന്നെത്തിയത്.

“നീ വല്ലോട്ത്തേക്കും എറങ്ങുമ്പോ എവിടക്കാന്ന് പറഞ്ഞട്ട് പൊയ്ക്കൂടേടാ”

ഷൈജുവിന്റെ മുഖത്തു ചോദ്യഭാവം. അതു അവഗണിച്ച് പൌലോസ് ഇനി വരാനിരിക്കുന്ന സംഭവങ്ങളിൽ നിന്നു പീലാത്തോസിനെ പോലെ കൈകഴുകി.

“നിന്നെ അന്വേഷിച്ച് ബെന്നിച്ചൻ പരീക്കപ്പാടത്തേക്ക് പോയീണ്ട്. അവൻ തിരിച്ച്‌വരുമ്പോ നീ ഇവിടന്ന് മാറി നിന്നോണം. ഇല്ലെങ്കി പൂശ് കിട്ടും”

ഷൈജു അകത്തു കയറി കുളിക്കാൻ തയ്യാറെടുത്തു. എണ്ണതേച്ചു കിണറിനു സമീപം കസർത്തു കാണിക്കുമ്പോൾ മേരിച്ചേടത്തി അലറി.

“കെണറിന്റെ അട്‌ത്ത്‌ന്ന് മാറി നിക്കടാ ചെക്കാ. ഇനീം വീണു നാട്ടാർക്ക് പണീണ്ടാക്കര്ത്. വർക്കിച്ചനാണെങ്കി കൂപ്പില് പോയേക്കാ“

മേരിച്ചേടത്തിയുടെ സംസാരം ചാത്തൻമാഷിനെ അന്ധാളിപ്പിച്ചു. “പൌലോസേ… ഷൈജു കെണറ്റീ വീണാ”

“അത്‌ശരി. അപ്പോ മാഷതൊന്നും അറിഞ്ഞില്ലേ! കഴിഞ്ഞ ശനിയാഴ്ച വൈന്നേരം കാൽതെന്നി വീണു. കുളിക്കാനെറങ്ങീതാന്നാ അവൻ പറേണെ”

‘എന്നട്ട്…”

“എന്നട്ടെന്തൂട്ടാ, ഭാഗ്യത്തിന് വർക്കിച്ചനപ്പോ സൈക്കിളീ വരണ്ടായിരുന്നു. അവനെറങ്ങ്യാ പൊക്കിയെട്‌ത്തെ.”

ചാത്തൻ‌മാഷ് ഗൌരവത്തിൽ മൂളി. “ഉം. ഞാനിത് ഇപ്പഴാ അറിയണെ. എന്നോടാരും പറഞ്ഞില്ല”

“എല്ലാം പെട്ടെന്ന് കഴിഞ്ഞു മാഷെ. ഷൈജു വീഴലും വർക്കിച്ചൻ എറങ്ങീതൊക്കെ വെറും പത്ത് മിനിറ്റിലാ സംഭവിച്ചെ. അതോണ്ടന്നെ നാട്ടീ പലർക്കും അറീല്യ. ഞാനാണെങ്കി അറിയിക്കാനും പോയില്ല”

പൌലോസ് നിശബ്ദനായി. സംസാരിക്കാൻ വിഷയങ്ങളില്ലാതെ രണ്ടുപേരും കുറച്ചു സമയം വെറുതെ ഇരുന്നു. തീരദേശം പാടത്തു നിന്നു ‌കയറി വന്ന കാറ്റ് ചാത്തൻ‌മാഷിന്റെ നര വീണ മുടിയിഴകളെ നൃത്തം ചെയ്യിച്ചു.

“അപ്പോ പൌലോസേ ഞാൻ ബെന്നീനെ വിളിച്ചൊന്നു സംസാരിച്ചാലോന്ന് ആലോചിക്കാണ്”

ചാത്തൻ‌മാഷ് അങ്ങിനെയാണ്. എല്ലാവരേയും നേർ‌വഴിക്ക് നടത്താൻ ഉത്സാഹി.

“എന്തൂട്ട് സംസാരിക്കാൻ?”

“യോഗേ പോണത് നിർത്താൻ…”

ചാത്തൻ‌മാഷ് പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ പൌലോസ് മറുപടി പറഞ്ഞു.

“എന്റെ മാഷെ അതൊന്നും നടക്കില്ല. ബെന്നീപ്പോ പണ്ടത്തെപ്പോലെ ഒന്ന്വല്ല. അവന് യോഗേൽ ഏതാണ്ട് പ്രധാന ചുമതല ഒക്കേണ്ട്. ആചാര്യനു ശേഷം രണ്ടാമനോ മറ്റോ. അതൊരു ചില്ലറക്കാര്യല്ലന്നാ അവൻ പറേണെ”

കൊരട്ടി യോഗ വിദ്യാപീഠത്തിൽ യോഗ പരിശീലനത്തിന്റെ തുടക്കത്തിൽ ബെന്നിച്ചന്റെ പ്രകടനം വളരെ മോശമായിരുന്നു. ആദ്യദിവസം ആചാര്യൻ കാൽ‌വളച്ചു കഴുത്തിലൂടെയിട്ടു അതുപോലെ ചെയ്യാൻ പറഞ്ഞപ്പോൾ ബെന്നിച്ചൻ‍ തലകറങ്ങി പിന്നിലേക്കു വീണു. തട്ടിയും മുട്ടിയും ഒരു ‌മാസം മനസ്സില്ലാമനസ്സോടെ യോഗ പഠിച്ചെങ്കിലും മൂന്നാം മാസത്തിൽ സകല ആസനങ്ങളും ആൾക്കു ഹൃദിസ്ഥമായി. രണ്ടുകാലും ‘റ’ വട്ടത്തിൽ വളച്ചു തോളിലിട്ടും, ഒരു മിനിറ്റ് ശ്വാസമെടുക്കാതെയും ബെന്നിച്ചൻ യോഗവിദ്യാപീഠത്തിൽ ആശ്ചര്യമായി. അതോടെ യോഗ ക്ലാസിൽ ആചാര്യനു ശേഷം രണ്ടാമനും. മൂന്ന് മാസം നീളുന്ന ശ്രീലങ്കൻ പര്യടനത്തിൽ അടുത്ത സഹായിയായി കൂടെ പോകാൻ ആചാര്യൻ ബെന്നിച്ചനെ തിരഞ്ഞെടുത്തതും അന്നൊരിക്കലാണ്.

ഒരു മണിക്കൂർ നേരത്തെ സംഭാഷണത്തിനൊടുവിൽ ചാത്ത‌ൻ മാഷ് യാത്ര പറഞ്ഞിറങ്ങാൻ നേരം മേരിച്ചേടത്തി അരസഞ്ചി നിറയെ പഴുത്ത നാട്ടുമാങ്ങ മാഷിനു കൊടുത്തു.

“ജാനൂന് കൊടുത്തേര് മാഷെ. കൂട്ടാൻ ഇണ്ടാക്കാൻ നല്ല പാകാ”

ചാത്തൻമാഷിനു മാമ്പഴക്കറി നല്ല ഇഷ്ടമാണ്. പക്ഷേ ആകെയുള്ള പത്തുസെന്റിൽ ഒറ്റ മാവില്ല. കടയിൽ നിന്നു വാങ്ങാമെന്നു കരുതിയാൽ പൊള്ളുന്ന വിലയും. സഞ്ചി വാങ്ങി മേരിച്ചേടത്തിയുടെ നല്ല മനസ്സിനു സ്തുതി പറഞ്ഞു. പേട്ടത്തെങ്ങ് കടന്നു നടക്കുമ്പോൾ പൌലോസിനു വാക്കുകൊടുത്തു.

“ഞാൻ നാളെ തൈക്കൂട്ടത്ത് പോണ്ണ്ട്. ദേവരാജനോട് ഞാൻ പറഞ്ഞോളാം“

പൌലോസ് സന്തോഷത്തോടെ സമ്മതിച്ചു.

ഷൈജുവിനെ പരീക്കപ്പാടത്തു കാണാതെ നാടു മുഴുവൻ തിരക്കിയ ബെന്നിച്ചൻ വിയർത്തു കുളിച്ച് വീട്ടിലെത്തിയപ്പോൾ കണ്ടത് കിണറ്റിൻ‌ കരയിൽ ശരീരമാസകലം എണ്ണതേച്ചു കുളിക്കാൻ തയ്യാറെടുക്കുന്ന അനിയനെയാണ്. കടുത്ത ഫയറിങ്ങ് പ്രതീക്ഷിച്ച ഷൈജുവിനേയും പൌലോസിനേയും അമ്പരപ്പിച്ച്, ബെന്നിച്ചൻ ചീത്തയൊന്നും പറയാതെ മൂളിപ്പാട്ട് പാടി മുറിയിൽ കയറി. മൂന്നു മിനിറ്റിനു ശേഷം കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ബൈക്കിന്റെ കീ ചൂണ്ടുവിരലിൽ കറക്കി ഇറങ്ങി വന്നു. യോഗ ക്ലാസിൽ പോവുകയാണ്.

വരാന്തയിൽ തൂക്കിയ, ഒരു മൂലയിൽ പൊട്ടലുള്ള കണ്ണാടിയിൽ നോക്കി മുടി ഈരി ബെന്നിച്ചൻ സൌന്ദര്യം ആസ്വദിക്കുമ്പോൾ പൌലോസ് പ്രത്യേക ഈണത്തിൽ വിളിച്ചു. ”യെടാ ബെന്നിച്ചാ…”

അപ്പന്റെ നീട്ടിയ‌ വിളിയിൻ ബെന്നിച്ചൻ കാര്യങ്ങൾ മനസ്സിലാക്കി. പോക്കറ്റിൽ നിന്നു നൂറുരൂപ എടുത്ത് കൊടുത്തു. വീശാനുള്ള കാശാണ്. പതിവു ക്വോട്ടയായ അമ്പതിനു പകരം നൂറ് കിട്ടിയപ്പോൾ പൌലോസിന്റെ മനസ്സ് പതിവിൽ കവിഞ്ഞ് ആഹ്ലാദിച്ചു. കമ്പനിയിൽ ബെന്നിച്ചന്റെ ശമ്പളം കൂട്ടിയിരുന്നു. അതുകൊണ്ടു ബെന്നിച്ചൻ തന്റെ വിഹിതവും കൂട്ടിക്കാണും.

“അപ്പന്റെ കാര്യം നീ മറന്നില്ലല്ലാ. ഇനി വേണമെടാ എനിക്ക് ദെവസോം ലാർജടിക്കാൻ”

പൌലോസിന്റെ ആഗ്രഹങ്ങളുടെ അടിസ്ഥാനം ഊഹിച്ച ബെന്നിച്ചൻ അതെല്ലാം മുളയിലേ നുള്ളി. “അപ്പാ… ഞാനിന്ന് നൂറു രൂപ തരാൻ കാരണം എന്തായാലും സാലറി കൂട്ടീതോണ്ടല്ല”

“പിന്നെ?”

ബെന്നിച്ചൻ ചിരിച്ചു. “ഇന്ന് ഞാനാണപ്പാ യോഗേല് ക്ലാസിന് മേൽനോട്ടം വഹിക്കണെ. അപ്പോ അതിന്റെ ഒരു സന്തോഷം”

പൌലോസ് അമ്പരന്നു. “നീ ക്ലാസെടുക്ക്വേ! അപ്പോൾ നിന്റെ ആശാനോ?”

ബെന്നിച്ചൻ അപ്പനെ തിരുത്തി. “അപ്പാ… ആശാൻ എന്നല്ല, ആചാര്യൻ എന്നാ വിളിക്കാ. ജി ഇന്ന് സ്ഥലത്തില്ല. അതോണ്ടാ ഇന്നത്തെ ചുമതല രണ്ടാമനാ‍യ എനിക്ക് തന്നെ“

നൂറു കിട്ടിയതിന്റെ സന്തോഷം പൌലോസിന്റെ മനസിൽ‌നിന്നു പോയി. മകൻ യോഗയിൽ കൂടുതൽ ആകൃഷ്ടനായാൽ ഉണ്ടായേക്കാവുന്ന അപകടം ആലോചിച്ചു അദ്ദേഹം തലക്കു താങ്ങു കൊടുത്തു. ബെന്നിച്ചൻ ബൈക്കെടുത്തു ഇറങ്ങി. പുല്ലാനിത്തോടിനു അടുത്തുള്ള ഹെയർപിൻ വളവ് തിരിയുമ്പോൾ ചാത്തൻ‌ മാഷുടെ വീട്ടുവരാന്തയിലിരുന്ന് നാലഞ്ചു പേർ വെടിപറയുന്നതു കണ്ടു. യോഗയിലെ സഹപാഠിയായ ജയദേവനും കൂട്ടത്തിലുണ്ടെന്നു മനസ്സിലാക്കി ഗേറ്റിനടുത്തു വണ്ടി നിർത്തി. എല്ലാവരേയും നോക്കി മന്ദഹസിച്ചു.

Read More ->  ഒരു ഭക്തൻ - 2

“ഇന്ന് യോഗേല് ക്ലാസെടുക്കണത് ഞാനാട്ടാ”

വരാന്തയിലുള്ളവർ അൽഭുതപ്പെട്ടു. ജയദേവൻ ആശ്ചര്യത്തോടെ അന്വേഷിച്ചു. “സത്യാണോ? ജി അങ്ങനെ പറഞ്ഞോ”

“പറഞ്ഞു. ജി എവിടേക്കോ പോയേക്കാണ്. തിരിച്ച് വരുന്നത് വരെ, ഒരാഴ്ച, ക്ലാസ്സിലെ എല്ലാ കാര്യോം ഞാൻ മാനേജ് ചെയ്യണം. ഇന്നെന്തൊക്ക്യാ സംഭവിക്കാന്ന് നമക്ക് കാണാം. ആചാര്യനേക്കാളും ഒട്ടും മോശല്ല ഈ ബെന്നീന്ന് എല്ലാരും ഇന്നറിയും”

സംഘത്തിലുണ്ടായിരുന്ന ഒരാൾ ഗുണദോഷിച്ചു.

“നീ യോഗേല് കടുത്ത വ്യായാമങ്ങളൊക്കെ ചെയ്യാറ്ണ്ടെന്നു ജയൻ പറഞ്ഞു. ശര്യാ? കാര്യം നമക്കിത്തിരി സ്റ്റാർ ‌വാല്യൂ ഒക്കെ കിട്ടും. പക്ഷേ ശരീരത്തിന്റെ സ്ഥിതി നോക്ക്യേ എന്തും ചെയ്യാവൂ. കാലൊക്കെ തിരിച്ചു മറിച്ച് കഴുത്തീക്കോടെ ഇട്ടാ മേല് ചെലപ്പോ സ്തംഭിച്ചു പോവും, പറഞ്ഞില്ലാന്ന് വേണ്ട”

മറ്റുള്ളവർ അത് ശരിവച്ചു. “നീ കൊറച്ചൂടെ മയത്തീ കാര്യങ്ങൾ ചെയ്യണം”

ബെന്നിച്ചൻ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. ജയദേവനോട് പറഞ്ഞു. “ജയാ നീ വാ. പോകേണ്ട നേരമായി”

ചാത്തൻ‌മാഷുടെ നല്ലപാതി കൊണ്ടു‌വന്ന ചായ ബെന്നിച്ചൻ കുടിച്ചില്ല. കുടിക്കണമെന്നു ആഗ്രഹമുണ്ടായിരുന്ന ജയദേവനെ സമ്മതിച്ചുമില്ല.

“ചായ ലഹരിയാണ് ജയാ. നമ്മ അതൊന്നും കുടിക്കാൻ പാടില്ല. ഓൺലി മിൽക്ക്”

വിശദീകരണം കേട്ടിട്ടും മടിച്ചുനിന്ന ജയദേവനെ പിടിച്ചുവലിച്ചു ബെന്നിച്ചൻ യാത്ര പറഞ്ഞിറങ്ങി. മറ്റുള്ളവർ അവരുടെ സംഭാഷണത്തിലേക്കും തിരിഞ്ഞു.

സമയം കടന്നു പോയി. തിരദേശം പാടത്തിന്റെ അങ്ങേയറ്റത്ത്, ചക്രവാളത്തിലെ ചുവപ്പു‌രാശി പൂര്‍ണമായും മങ്ങി. കക്കാടിലെ ഇടവഴികളിൽ ഇരുട്ടു പടർന്നു. പുല്ലാനിത്തോടിനു അരികെയുള്ള കൈതപ്പൊന്തകൾക്ക് ഇടയിലിരുന്ന് ചീവീടുകൾ കാറി. യോഗ ക്ലാസ് കഴിഞ്ഞു തിരിച്ചു വരേണ്ട സമയമായിട്ടും ബെന്നിച്ചൻ കക്കാടിൽ എത്തിയില്ല. മടക്കയാത്രയിൽ‍ ചാത്തൻ‌മാഷുടെ വീട്ടുവരാന്തയിലുള്ള സുഹൃത്തുക്കളോടു അന്ന് യോഗയിൽ ചെയ്തത് അവേശത്തോടെ വിശദീകരിക്കുക ബെന്നിച്ചന്റെ പതിവാണ്. ആ വിവരണം ശ്രവിക്കാനായി കാത്തുനിന്ന എല്ലാവരേയും ഞെട്ടിച്ച്, ഒമ്പതരയോടെ ജയദേവൻ എത്തി ദുഃഖത്തോടെ അറിയിച്ചു.

ബെന്നിച്ചൻ ആശുപത്രിയിൽ!

ജയദേവൻ തുടർന്നു. “യോഗേൽ അഭ്യാസം കാണിക്കുമ്പോ ബോഡി വെലങ്ങി. ശ്വാസെടുക്കാൻ പറ്റീല്ല്യ. ഒടനെ ആശുപത്രീ കൊണ്ടോയി”

ജയദേവന്റെ പരവേശം കണ്ടു ആരോ ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തു. അതു കുടിച്ചു പതുക്കെ ആശ്വസിച്ച് ജയദേവൻ എല്ലാം പറയാൻ തയ്യാറെടുത്തു.

“ജീയുടെ അസിസ്റ്റന്റായി പല തവണ നിന്നണ്ടെങ്കിലും ബെന്നിച്ചൻ നേരിട്ട് യോഗ ക്ലാസിന് നേതൃത്വം കൊടുക്കണത് ഇന്ന് ആദ്യായിട്ടായിരുന്നു”

പിള്ളേച്ചൻ തിടുക്കപ്പെട്ടു. “അത് ഞങ്ങള്‍ക്കറിയാ ജയാ. നീ കാടും പടലും തല്ലാതെ”

ജയദേവൻ തുടർന്നു. “കൊരട്ടീലേക്ക് ബൈക്കീ പോവുമ്പോത്തന്നെ ബെന്നി എന്നോട് പറഞ്ഞിരുന്നു, ‘ഞാനിന്നൊരു അലക്ക് അലക്കുമെടാ ജയാ‘ എന്ന്. എന്തെങ്കിലും നിസാരവിദ്യകൾ കാണിച്ചാ മതീന്ന് ഞാനപ്പോ ബെന്നീനോട് സൂചിപ്പിച്ചതാ. പക്ഷേ അപ്പഴെല്ലാം തലകുലുക്കി സമ്മതിച്ച ബെന്നിച്ചൻ യോഗ ക്ലാസിലെത്തി വിദ്യാർത്ഥികളെ കണ്ടപ്പോ എല്ലാം മറന്നു“

“ജയാ ബെന്ന്യെന്തിനാ ഇങ്ങനെ ടഫായി യോഗ ചെയ്യണെ?”

“പിള്ളേരെ കയ്യിലെടുക്കാൻ. പിള്ളേച്ചനറിയോ, ബെന്നിക്ക് അങ്കമാലീല് സ്വന്തായി ഒരു യോഗ സ്കൂൾ തുടങ്ങാൻ പ്ലാനുണ്ടായിരുന്നു. ആ സ്കൂളിലേക്ക് കൊരട്ടീന്നു കൊറച്ചു പിള്ളേരെ അടർത്തി എടുക്കണന്ന് പലതവണ എന്നോട് പറഞ്ഞണ്ട്. അതോണ്ടാ ബെന്നിച്ചൻ ടഫായ എക്സർസൈസുകൾ എപ്പഴും ചെയ്യണെ”

എല്ലാവർക്കും കാര്യങ്ങൾ പിടികിട്ടി.

“ബെന്നി ശീർഷാസനത്തിനു പകരം ഇരുന്നത് കയ്യിൽ ഭാരമൂന്നിയാ. പിള്ളേർക്കൊള്ള നിർദ്ദേശങ്ങൾ ആ ഇരിപ്പീ തന്നെ കൊടുത്തു. ഏതാണ്ട് അഞ്ച് മിനിറ്റ് അങ്ങനെ കഴിഞ്ഞു. പിന്നെ അടുത്ത ഘട്ടത്തിലേക്ക്“

“ഏതായിരുന്നു ആ ഇനം”

“മെയ്‌വഴക്കം കൂട്ടാൻ ചെയ്യണ വ്യായമങ്ങളാ”

“ബെന്നി അതില് എക്സ്പെർട്ട് ആയിരുന്നോ?”

ജയദേവൻ ഒന്നാന്തരമെന്നു വിരൽ‌കൊണ്ടു ആഗ്യം കാണിച്ചു. പിന്നെ കലാശകൊട്ടിനു ഒരുങ്ങി.

“ബെന്നിച്ചൻ ആദ്യം‌ ചെയ്തത് കാലു‌രണ്ടും കൂളായി സ്പ്ലിറ്റ് ചെയ്യാണ്. ഒരു മിനിറ്റ് ആ ഇരുപ്പിലിരുന്നു. പിന്നെ എല്ലാരേം അമ്പരപ്പിച്ച് പിന്നിലേക്ക് ഒറ്റ മറയൽ“

“എന്താ പറ്റ്യേ?”

“അറീല്യ. ഞങ്ങ പേടിച്ചു. പക്ഷേ എന്റെ തോളീത്താങ്ങി എണീറ്റ്, നെറഞ്ഞ കണ്ണൊപ്പി ‘അതെന്റെ ഒരു നമ്പറായിരുന്നെടാ ജയാ’ എന്ന് ബെന്നിച്ചൻ പറഞ്ഞപ്പഴാ ഞങ്ങൾക്കും അതൊരു നമ്പറായിരുന്നൂന്ന് മനസ്സിലായെ“

ഗ്ലാസിൽ അവശേഷിച്ചിരുന്ന വെള്ളവും ജയദേവൻ കുടിച്ചു. “പിന്നോട്ട് വീണശേഷം ബെന്നിച്ചൻ അഞ്ച് മിനിറ്റ് റെസ്റ്റ് എടുത്തു. നിർത്താന്ന് ഞാൻ ആഗ്യത്തീ പറഞ്ഞു. എവടെ സമ്മതിക്കാൻ. പുള്ളീനെ കൊച്ചാക്ക്യ പോലാ തോന്നീണ്ടാവാ. ആള് ചൂടായി. നെലത്തിരുന്ന് എടത്തേ കാൽ വളച്ച് തോളീക്കോടെ ഇട്ടു. വലത്തേ കാലും പിന്നിൽക്കു വളച്ചിടാൻ നോക്ക്യ ബെന്നി പിന്നെ അനങ്ങീല്ല. ആ ഇരിപ്പീത്തന്നെ ആശൂത്രീ കൊണ്ടോയി“

“എവടെ?”

“വിത്സന്റെ ആശൂത്രീല്‍. പക്ഷേ വിത്സൺ ഡോക്‌ടർ പറഞ്ഞു, കാര്യല്ലാ, വല്ല ആയുർ‌വേദ ആശൂത്രീൽക്കും കൊണ്ടോക്കോളാൻ“

ചാത്തൻ‌ മാഷ് മുന്നോട്ടാ‍ഞ്ഞു. “നമ്മടെ ദിനേശിനെ കാണിച്ചൂടാർന്നോ ജയാ. അലോപ്പതി ആണെങ്കിലും പുള്ളി ഒരു കൈ നോക്ക്യേനെ”

പിള്ളേച്ചൻ പറഞ്ഞു. “ശരീരം വിലങ്ങലിനു നല്ലത് ആയുർവേദം തന്ന്യാ മാഷെ”

ജയദേവൻ തുടർന്നു. “ചാലക്കൂടീലെ ഒരു വൈദ്യനെ ഉടൻ കാണിച്ചു. അദ്ദേഹം ബെന്നീനോട് എന്ത് അടവാ കാണിച്ചേന്ന് ചോദിച്ചു. ബെന്നിച്ചൻ എന്തോ മന്ത്രിക്കേം ചെയ്തു. വൈദ്യൻ അപ്പോത്തന്നെ ബെന്നീടെ പള്ളക്ക് പിടിച്ച് വെലങ്ങ്യ മസിൽ നേരെ വലിച്ചിട്ടു”

പിള്ളേച്ചൻ ആരാഞ്ഞു. “അപ്പോ ആ വൈദ്യനു മർമ്മവിദ്യ അറിയോ?”

“അതല്ലേ രസം… ഒരു കൂട്ടര് പറേണത്, വൈദ്യൻ വെലങ്ങ്യ മസില് വലിച്ച് നേരെ ഇട്ടതാന്ന്. മറ്റു ചെലര് പറേണത്, വൈദ്യൻ പള്ളക്ക് പിടിച്ചപ്പോ, ഇക്കിളി സഹിക്കാണ്ട് ബെന്നിച്ചൻ കുതറീപ്പോഴാ മസിൽ നേരെ വീണേന്ന്. ഏതാ വിശ്വസിക്കണ്ടേന്ന് എനിക്കറീല്ല”

ചാത്തൻ ‌മാഷ് തിരക്കി. “ഇപ്പോ ബെന്നിക്ക് കൊഴപ്പം എന്തെങ്കിലുണ്ടാ ജയാ?”

“കാലിന്റെ ജോയിന്റിൽ നീര്ണ്ട്. വേറെ പ്രശ്നൊന്നൂല്ല്യ. ആശുപത്രീ വെച്ച് ഭയങ്കര ബഹളായിരുന്നു“

“എന്തിന്?”
എനിക്ക് അപ്പനെ കാണണടാ ജയാ എന്നും പറഞ്ഞ്!”

സംഭവത്തിന്റെ ഗൌരവം മറന്നു എല്ലാവരും ആർത്തു ചിരിച്ചു.


14 Replies to “കക്കാട് ബ്രദേഴ്സ് – 2”

  1. <>രണ്ട് മാസം നീളുന്ന വിദേശപര്യടനത്തില് അടുത്ത സഹായിയായി കൂടെ പോകാന് ആചാര്യന് ബെന്നിച്ചനെ തിരഞ്ഞെടുത്തതും അന്നൊരിക്കല് തന്നെ. മര്യാദാമുക്കില് എല്ലാവരും സമ്മേളിച്ച ഒരു രാവിലാണ് ബെന്നിച്ചന് ആ വാര്ത്ത മര്യാദക്കാര്ക്ക് മുന്നില് അനാവരണം ചെയ്തത്.

    മതിലില് നീണ്ട്നിവര്ന്ന് കിടന്ന് മാനത്തെ നക്ഷത്രങ്ങളെണ്ണി ബെന്നിച്ചന് സ്വപ്നത്തിലെന്നപോലെ മന്ത്രിച്ചു.

    “അമേരിക്കയാടാ ജയാ… അമേരിക്ക”<>റിപ്പോര്ട്ടഡ് സ്പീച്ചിന് പ്രാമുഖ്യം കൊടുത്ത്കൊണ്ട് എഴുതിത്തീര്ത്ത ഒരു പോസ്റ്റ്.
    <>കണ്ണമ്പിള്ളി ബ്രദേഴ്സ്!!<>എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
    🙂
    എന്നും സ്നേഹത്തോടെ
    സുനില് || ഉപാസന

  2. വലിപ്പക്കൂടുതല്‍ തോന്നിപ്പിയ്ക്കാത്ത ഒഴുക്ക് ഉള്ളതിനാല്‍ രസകരമായി വായിച്ചു തീര്‍ത്തു…

    പോസ്റ്റ് കൊള്ളാം!

  3. “അത് ഞങ്ങള്‍ക്കറിയാം ജയാ. നീ കാടും പടലും തല്ലാതെ”

    പെട പെട പെട സുന്യേ… 🙂
    സിനിമ കാണണ പോലെ വായിച്ചു തീര്‍ത്തു.രസികന്‍ 🙂

    (ദുര്‍ഗാ പ്രസാദ് കുര്യച്ചെറ-തലോര്‍ത്തെ ഗുണ്ട്യാ? തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ടല്ലേ ഗഡീടെ ഏരിയ?)

  4. upu kurachu naalaayi madi pidichirikkarinnu..otta irippinu randu bhagom vaayichu ennu parayumbo arinjoode sangathi thakarppanaayeennu

  5. ആഹാ..സൂപ്പറായിട്ടു എഴുതീ ട്ടാ..നീളക്കൂടുതലിന്റെ കാര്യം അറിഞ്ഞില്ലെന്നതാണു സത്യം..എല്ലാരേം മനസ്സില്‍ കണ്ടു വായിക്കാന്‍ പറ്റി..ബെന്നിക്കു വന്ന വിന വിവരിക്കുന്ന ഭാഗം വായിച്ചു ചിരിച്ചൊരു വഴിയായി..നല്ലൊരു രസികന്‍ പോസ്റ്റ്..:)

  6. നന്ദന്‍ ഭായ്

    ദുര്‍ഗാ പ്രസാദ് അയ്യന്തോള്‍ കാര്‍ത്ത്യാനി അംബലം ഏര്യേന്നാ….

    പിന്നെ ഉള്ളത് കുര്‍ക്കഞ്ചേരിയും

    സുനില്‍ജി

    അടിപൊളി വിവരണം

  7. ചാത്തന് : സംഭവങ്ങളെ മാത്രം ബ്രാക്കറ്റ് ചെയ്ത് ഞാന്‍ എഴുതാറില്ല്ലെന്ന് അറിയില്ലേ? 🙂
    റിപ്പോര്‍ട്ടഡ് സ്പീച്ച് എങ്ങിനെയൊക്കെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് കൂടെ ശ്രമിക്കുകയായിരുന്നു ഞാന്‍.

    നന്ദി സുഹൃത്തേ
    🙂
    ഉപാസന

  8. ഒരുപാടുണ്ടല്ലോ…
    ഞാന്‍ പാതി വായിച്ചു ….പിന്നെ കുറെ കഴിഞ്ഞു പാതി ….
    അങ്ങനെ അങ്ങനെ… വായിച്ചു
    രസക്കുറവ്‌ കൊണ്ടല്ല കേട്ടോ…ജോലിത്തിരക്കേയ്.. 🙂

    നന്നായിട്ടുണ്ട്..
    ഇനി ഒന്നൂടെ വായിക്കാം സമയം കിട്ടുമ്പോള്‍.
    ആശംസകള്‍..

  9. സുനീ,

    നന്നായിട്ടുണ്ട്. പക്ഷേ രണ്ട് എപ്പിസോഡായി ഇട്ടാല്‍ മതിയായിരുന്നു…

    ഒഴുക്കുള്ളതിനാല്‍ കുഴപ്പമില്ല….

    🙂

  10. വായനാ സുഖമുള്ളതിനാൽ നീളക്കൂടുതൽ അറിയുന്നില്ല…നല്ല പോസ്റ്റ് ഉപാസന….അഭിനന്ദനങ്ങൾ…..

അഭിപ്രായം എഴുതുക