കണ്ണമ്പിള്ളി ബ്രദേഴ്സ് – 2

കണ്ണമ്പിള്ളി ബ്രദേഴ്സ് -1 എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

“അപ്പോ പൌലോസേ. ബെന്നീത് കാര്യായിട്ടാ‍?” ചാത്തൻ‌മാഷിനു കാര്യങ്ങൾ അത്ര പന്തിയായി തോന്നിയില്ല.

“അതേന്നാ തോന്നണെ. മാഷിനറിയോ കഴിഞ്ഞാഴ്ച മൂന്ന് കല്യാണാലോചനേം കൊണ്ട്‌ മൂന്നാമൻ വന്നതാ““എന്നട്ട്?”

“ബെന്നിക്ക് ആൾടെ വരവിഷ്ടായില്ല. അപ്പത്തന്നെ വെരട്ടി ഓടിച്ചു!”

ചാത്തൻ‌മാഷ് അന്തിച്ചുപോയി.

“മാഷെ ആ മൂന്നാമനാ മിനീടെ കല്യാണം ശരിയാക്കീത്. അതും പത്തുപൈസ ചെലവില്ലാണ്ട്. ഇതും പെട്ടെന്നൊറപ്പിക്കാന്ന് വെച്ചാ ആള് വന്നെ“

“നല്ല ആലോചന്യാണോ?”

ഒന്നാന്തരമെന്നു പൌലോസ് ആഗ്യംകാണിച്ചു. “അതും പറഞ്ഞ് ഞാൻ നിർബന്ധിച്ചപ്പോ‍ ബെന്നി പറഞ്ഞതേ‍ ജോയിക്കു നോക്കിക്കോളാൻ”

ചാത്തൻ‌മാഷ് ചിരിച്ചു. പിന്നെ ചിന്തിച്ചു. “അതൊന്ന് ആലോചിച്ചൂടാർന്നോ. ജോയീം പ്രായം തെകഞ്ഞുനി‍ക്കല്ലേ”

പൌലോസ് രണ്ടുതവണ കൈഞൊട്ടി ശബ്ദമുണ്ടാക്കി. “ജോയിയാ! നല്ല കാര്യായി. ഹഹഹ“

“അതെന്താ ചിരിച്ചെ. ഈ മേടത്തീ ജോയിക്ക് മുപ്പത്തിരണ്ട് തെകയാ. എന്റെ വിജൂം ജോയീം തമ്മീ രണ്ടുമാസേ വ്യത്യാസൊള്ളൂ”

“വയസ്സൊക്കെ ശരിതന്ന്യാ മാഷെ. പക്ഷേ അവന്റെ കാര്യോം തൽക്കാലത്തേക്ക് രക്ഷയില്ല. കഴിഞ്ഞമാസം ജോയി ഒരു ശകടം വാങ്ങീല്ലേ? ഇപ്പഴത്തെ പ്രധാന‌പണി അതിലിരുന്ന് ഊരുചുറ്റലാ”

ചാത്തൻ‌മാഷ് തിണ്ണയിൽ അനങ്ങിയിരുന്നു. കുറച്ചുനാളായി ചോദിക്കണമെന്നു കരുതിയിരുന്ന കാര്യമാണ് അപ്പോൾ മനസ്സിലുയർന്നത്. “ആ വണ്ടിക്ക് നല്ല ഗമയാട്ടാ പൌലോസേ. എത്ര കാശായി?“

“ആ… ഒരു പത്തൈമ്പത് ആയിക്കാണും“

കാതിക്കൂടം ഓസീൻ കമ്പനിയിൽ ജോലികിട്ടിയ ഉടൻ പൌലോസിന്റെ രണ്ടാമത്തെ മകൻ, സിനിമാനടൻ അശോകന്റെ തനിഛായയുള്ള, ജോയിച്ചൻ ചെയ്തതു ഒരു പുത്തൻ റോയൽ എൻഫീൽഡ് സ്വന്തമാക്കുകയാണ്. കക്കാടിലെ ആദ്യഎൻഫീൽഡായിരുന്നു അതെന്ന കാരണത്താൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ജോയിച്ചന്റെ താരപ്പൊലിമ നാട്ടിൽ ക്രമാതീതം വർദ്ധിച്ചു. ഒപ്പം നാട്ടുകാരുടെ സ്നേഹപ്രകടനങ്ങളും. എൻഫീൽഡ് ഭ്രാന്തന്മാരായ കക്കാടിലെ യുവജനങ്ങൾ, സമീപപ്രദേശങ്ങളിൽ പോകേണ്ട ആവശ്യംവന്നാൽ, സ്ഥിരമായി കണ്ണമ്പിള്ളിവീടിന്റെ സമീപത്തു ചുറ്റിപ്പറ്റി നിൽക്കാൻ തുടങ്ങി. അല്പനേരത്തെ കാത്തിരിപ്പിനു ശേഷവും ജോയിച്ചന്റെ വിവരമില്ലെങ്കിൽ പിന്നെ ചെറിയ തോതിൽ ചുമക്കൽ. അതും വിഫലമായാൽ പ്രതികൂല സാഹചര്യമാണെന്നു കരുതി സ്ഥലംവിടും, ചെറാലക്കുന്നു തമ്പി ഒഴികെ. നാട്ടുകാരുടെ സ്ഥിരം നമ്പറുകളായ ചുമക്കൽ, ചുറ്റിപ്പറ്റി നിൽക്കൽ തുടങ്ങിയവ ഇറക്കാതെ തമ്പിനേരെ വീട്ടിൽകയറി ലോഹ്യം ചോദിക്കും.

“എന്താ പൌലോസേട്ടാ ഒരു വല്ലായ്മ”

വല്ലായ്മകൾ ഒന്നുമില്ലാതെ മനസ്സമാധാനത്തോടെ ഇരിക്കുന്ന പൌലോസ് തമ്പിയെ കണ്ടാലുടൻ മുറുക്കാൻ ചെല്ലം മാറ്റും. “മേരിക്കുട്ട്യേയ്… നീയീ ചെല്ലം അകത്തുവച്ചേ. തമ്പിക്ക് വേണോങ്കി ഒരുചെറിയ വെറ്റിലേം ഇത്തിരി ചുണ്ണാമ്പും കൊടുത്തേക്ക്”

തമ്പി നിരുത്സാഹപ്പെടുത്തും. “അതിവിടെ ഇരുന്നോട്ടെ പൌലോസേട്ടാ. എന്താ കൊഴപ്പം”

ചെറിയ ലഹരിയിലൊന്നും വീഴാറില്ലാത്ത തമ്പി സംസാരം തുടങ്ങുന്നതിനു മുന്നോടിയായി നാലഞ്ചു തളിർ‌വെറ്റിലകൾ വാരിയെടുത്തു ചുണ്ണാമ്പുതേച്ചു വായിൽ‌തള്ളും. പുകല, അടയ്ക്ക, പാക്ക് തുടങ്ങിയ അനുബന്ധസാമഗ്രികൾ പിന്നാലെ. മുറുക്കു തുടങ്ങി അല്പസമയത്തിനുള്ളിൽ ചെല്ലം കാലിയാക്കുമെങ്കിലും തമ്പിയുടെ ലക്കും‌ ലഗാനുമില്ലാത്ത വർത്തമാനം എല്ലാവരേയും പോലെ പൌലോസിനും ഹരമാണ്. അതിനുവേണ്ടി ചില ത്യാഗങ്ങൾ സഹിക്കാൻ അദ്ദേഹം തയ്യാർ.

“തമ്പ്യേ… നീ കഴിഞ്ഞാഴ്ച കൺ‌മണീടെ വീട്ടീപ്പോയീന്നു കേട്ടല്ലോടാ”

തമ്പി അമ്പരന്നു. “ആര് ഞാനാ! അവൾടെ അട്‌ത്താ. നല്ല കാര്യായി. പൌലോസേട്ടാ… പൌലോസേട്ടൻ അതൊന്നും വിശ്വസിക്കര്ത്. അതൊക്കെ ശത്രുക്കള് പറഞ്ഞ് പരത്തണതാ“

പൌലോസ് വിട്ടില്ല. “നീയെന്റട്ത്ത് നൊണ പറേരുത്… ങ്ഹാ. നീയെന്തോ ചോദിച്ചില്ലേടാ അവൾടടുത്ത്?”

പൌലോസ് രണ്ടാമതു പറഞ്ഞത് തമ്പി നിഷേധിച്ചില്ല. പകരം പുള്ളി ഇതെങ്ങിനെ അറിഞ്ഞു എന്നു ആശ്ചര്യപ്പെട്ടു. “ഓ അതാ… അത് ശര്യാ. പക്ഷേ വീട്ടിൽക്കൊന്നും ഞാൻ പോയട്ടില്ല”

സത്യത്തിൽ പൌലോസ് ഒരു നമ്പർ ഇറക്കിയതായിരുന്നു. തമ്പി കൺ‌മണിയുടെ വീട്ടിൽ പോയെന്നും മറ്റും അദ്ദേഹത്തോടു ആരും പറഞ്ഞിരുന്നില്ല. പക്ഷേ തന്റെ ഉണ്ടയില്ലാത്ത‌വെടി തമ്പി അംഗീകരിച്ചതോടെ അതു സൃഷ്ടിച്ച ഓളത്തിൽ പൌലോസ് മുങ്ങിപ്പോയി.

“എന്താടാ അവള് പറഞ്ഞെ?”

തമ്പി വീടിനകത്തേക്കും ചുറ്റിലും നോക്കി പൌലോസിന്റെ ചെവിയോടു ചുണ്ടുകൾ അടുപ്പിച്ചു. “പൌലോസേട്ടാ അവള്… അവള് സമ്മതിച്ചില്ല. എന്നെ കൊറേ തെറി പറഞ്ഞു”

മേമ്പൊടി സംഭാഷണങ്ങൾ കഴിഞ്ഞാൽ തമ്പി തന്ത്രപരമായി കാര്യത്തിലേക്കു കടക്കും. നേരിട്ടു പ്രധാനവിഷയത്തിലേക്കു വരാതെ എല്ലാ കാര്യങ്ങളും ‘പറയാതെ പറയും‘.

“പൌലോസേട്ടാ ചാലക്കുടി വരെ പോയാലോന്ന് ഒര് ആലോചന”

“എന്നാ നീയിനി സമയം കളയണ്ട. ഇപ്പൊത്തന്നെ പൊക്കോ. സിമല്‍ വരണ്ട സമയായി”

“അവട്യാ പ്രശ്നം. സിമല് തെക്കോട്ട് പോയിട്ടില്ലെന്നാ കമ്പനീലെ സെക്യൂരിറ്റി പറഞ്ഞെ. അതോണ്ട് വേറെന്തെങ്കിലും വഴിനോക്കണം”

പൌലോസ് തിരുത്തി. “സിമൽ പോയിട്ടില്ലാന്നാ. ഞാൻ ആ ബസിലല്ലേ കൊറച്ചുമുമ്പ് കൊരട്ടീന്ന് വന്നെ. നീ ധൈര്യായിട്ടു ചെല്ല്. ബസൊക്കെണ്ട്”

തമ്പി കാൽ ‍മാറ്റിച്ചവിട്ടി. “ആ… അത് പറഞ്ഞപ്പഴാ ഓർത്തെ. നമ്മടെ ജോയിച്ചൻ ചാലക്കുടിക്ക് പോവാനൊള്ള പരിപാടീണ്ട്ന്നു കേട്ടല്ലോ”

“ഇണ്ടാ… ഇണ്ടെങ്കി?”

“അല്ല ജോയിച്ചനെങ്ങാനും ചാലക്കുടീ പോണ്ടെങ്കി പുള്ളീനേം കൊണ്ടുപോവാലോന്ന് വിചാരിച്ചാ ഞാൻ വന്നെ”

തമ്പിയുടെ ഉദ്ദേശം മനസ്സിലായ പൌലോസ് സരസഭാഷണം തുടരാൻ താല്പര്യം പ്രകടിപ്പിക്കും. “ഏയ് അതൊക്കെ നിനക്ക് തോന്നീതാരിക്കും. നീ ഇപ്പത്തന്നെ ബസ് പിടിക്കാൻ പൊക്കോ”

തമ്പി അത്തരം മറുപടികളിൽ നിരാശനാകില്ല. ഉടൻ അടുത്ത നമ്പർ ഇറക്കും. ഒടുക്കം തീരെ നിവൃത്തിയില്ലെങ്കിൽ കൊരട്ടിപ്പള്ളിയിൽ പോകുന്നവഴി ജോയിച്ചൻ തമ്പിയേയും കൂടെകൂട്ടും. വഴിയിൽകൂടി നടന്നുപോകുന്ന എല്ലാവരേയും കൈവീശി ‘ഷിബ്വോ നിനക്കൊക്കെ ഒരു വണ്ടി വാങ്ങിച്ചൂട്രാ‘ എന്നു കളിയാക്കിയും, വളവുകളിൽ ജോയിച്ചൻ ബ്രേക്കു ചവിട്ടുമ്പോൾ ‘ജോയിച്ചാ ഞാൻ വണ്ടിയെടുക്കണോ‘ എന്നു ഉടയോനെത്തന്നെ താങ്ങിയും തമ്പി ആനപ്പുറത്തിരിക്കുന്ന വിശാലതയോടെ വണ്ടിയുടെ പിന്നിൽ ഗമയോടെയിരിക്കും. കട്ടിമീശയും മുഴക്കമുള്ള ശബ്ദവും കൈമുതലായുള്ള ജോയിച്ചൻ കറുത്ത കൂളിങ്ങ് ഗ്ലാസ്സ് ധരിച്ചു എൻഫീൽഡിൽ കത്തിച്ചുപോകുമ്പോൾ, വണ്ടിയുടെ പിറകിൽ ജോയിച്ചനെ കെട്ടിവരിഞ്ഞിരുന്നു യാത്രചെയ്യാൻ കക്കാടിലെ കൃസ്ത്യൻ യുവതികളുടെ ചങ്ക് പടപടാന്നനെ മിടിക്കും. പക്ഷേ ജോയിച്ചന്റെ മനസ്സാരോ അതിനകം അടിച്ചുമാറ്റിയിരുന്നു.

വായിലെ മുറുക്കാൻ‌ചണ്ടി തുപ്പിക്കളഞ്ഞു പൌലോസ് വീടിനുള്ളിലേക്കു നോക്കി വിളിച്ചു. “മേര്യേയ്. ഒരു മൊന്ത വെള്ളം”

അടിഭാഗം ഞെളങ്ങിയ ഓട്ടുമൊന്തയിൽ വെള്ളമെത്തി. ചാത്തൻ‌മാഷിന്റെ സാന്നിധ്യമറിഞ്ഞു മേരിച്ചേടത്തി അന്വേഷിച്ചു. “വിനയന് കല്യാണായെന്നു ജാനകി പറഞ്ഞു. എവിടന്നാ‍ മാഷെ?“

“വെള്ളാങ്കല്ലൂര്‍ന്ന്“

“എങ്ങന്ണ്ട് മാഷെ കൊച്ച്?”

“നല്ല കുട്ട്യാ മേരി. ബി.എഡ് കഴിയാറായീന്നാ പറഞ്ഞെ”

കുസൃതിച്ചിരിയോടെ മേരിച്ചേടത്തി വീണ്ടുമാരാഞ്ഞു. “എത്ര്യാ മാഷെ വിനയൻ ചോദിക്കണെ?”

“ഹഹഹ. അങ്ങനൊന്നൂല്ല. അവൻ പറേണത് ഒന്നും വേണ്ടാന്നാ“

സംശയങ്ങളൊഴിയാത്ത മനസ്സോടെ മേരിച്ചേടത്തി വീടിനുള്ളിലേക്കു നടന്നു. പൌലോസ് മൊന്തയിലെ വെള്ളം വായിലൊഴിച്ചു കുലുക്കുഴിഞ്ഞു. പേട്ടത്തെങ്ങിന്റെ കടക്കൽ നീട്ടിത്തുപ്പി. അപ്പോഴാണ് പ്ലാസ്റ്റിക്‍സഞ്ചി നിറയെ പലചരക്കുസാധനങ്ങളുമായി ഷൈജു പടികടന്നെത്തിയത്.

“നീ വല്ലോട്ത്തേക്കും എറങ്ങുമ്പോ എവിടക്കാന്ന് പറഞ്ഞട്ട് പൊയ്ക്കൂടേടാ”

ഷൈജുവിന്റെ മുഖത്തു ചോദ്യഭാവം. അതു അവഗണിച്ചു പൌലോസ് ഇനി വരാനിരിക്കുന്ന സംഭവങ്ങളിൽനിന്നു പീലാത്തോസിനെപ്പോലെ കൈകഴുകി.

“നിന്നെ അന്വേഷിച്ച് ബെന്നിച്ചൻ പരീക്കപ്പാടത്തേക്ക് പോയീണ്ട്. അവൻ തിരിച്ച്‌വരുമ്പോ നീ ഇവിടന്ന് മാറി നിന്നോണം. ഇല്ലെങ്കി പൂശ് കിട്ടും”

ഷൈജു അകത്തുകയറി കുളിക്കാൻ തയ്യാറെടുത്തു. എണ്ണതേച്ചു കിണറിനു സമീപം കസർത്തു കാണിക്കുമ്പോൾ മേരിച്ചേടത്തി അലറി. “കെണറിന്റെ അട്‌ത്ത്‌ന്ന് മാറിനിക്കടാ ചെക്കാ. ഇനീം വീണു നാട്ടാർക്ക് പണീണ്ടാക്കര്ത്. വർക്കിച്ചനാണെങ്കി കൂപ്പില് പോയേക്കാ“

മേരിച്ചേടത്തിയുടെ സംസാരം ചാത്തൻമാഷിനെ അന്ധാളിപ്പിച്ചു. “പൌലോസേ ഷൈജു കെണറ്റീ വീണാ”

“അത്‌ശരി. അപ്പോ മാഷതൊന്നും അറിഞ്ഞില്ലേ! കഴിഞ്ഞ ശനിയാഴ്ച വൈന്നേരം കാൽതെന്നി വീണു. കുളിക്കാനെറങ്ങീതാന്നാ അവൻ പറേണെ”

‘എന്നട്ട്…”

“എന്നട്ടെന്തൂട്ടാ, ഭാഗ്യത്തിന് വർക്കിച്ചനപ്പോ സൈക്കിളീ വരണ്ടായിരുന്നു. അവനെറങ്ങ്യാ പൊക്കിയെട്‌ത്തെ. ഇല്ലെങ്കി…”

ചാത്തൻ‌മാഷ് ഗൌരവത്തിൽ മൂളി. “ഉം. ഞാനിത് ഇപ്പഴാ അറിയണെ. എന്നോടാരും പറഞ്ഞില്ല”

“എല്ലാം പെട്ടെന്ന് കഴിഞ്ഞു മാഷെ. ഷൈജു വീഴലും വർക്കിച്ചൻ എറങ്ങീതൊക്കെ വെറും പത്ത് മിനിറ്റിലാ സംഭവിച്ചെ. അതോണ്ടന്നെ നാട്ടീ പലർക്കും അറീല്യ. ഞാനാണെങ്കി അറീയ്‌ക്കാനും പോയില്ല”

പൌലോസ് നിശബ്ദനായി. സംസാരിക്കാൻ വിഷയങ്ങളില്ലാതെ രണ്ടുപേരും കുറച്ചുസമയം വെറുതെ ഇരുന്നു. തീരദേശം പാടത്തുനിന്നു ‌കയറിവന്ന കാറ്റ് ചാത്തൻ‌മാഷിന്റെ നരവീണ മുടിയിഴകളെ നൃത്തം ചെയ്യിച്ചു.

“അപ്പോ പൌലോസേ ഞാൻ ബെന്നീനെ വിളിച്ചൊന്നു സംസാരിച്ചാലോന്ന് ആലോചിക്കാണ്”

ചാത്തൻ‌മാഷ് അങ്ങിനെയാണ്. എല്ലാവരേയും നേർ‌വഴിക്ക് നടത്താൻ ഉത്സാഹി.

“എന്തൂട്ട് സംസാരിക്കാൻ?”

“യോഗേ പോണത് നിർത്താൻ…”

ചാത്തൻ‌മാഷ് പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ പൌലോസ് മറുപടി പറഞ്ഞു. “എന്റെ മാഷെ അതൊന്നും നടക്കില്ല. ബെന്നീപ്പോ പണ്ടത്തെപ്പോലൊന്ന്വല്ല. അവന് യോഗേലേതാണ്ട് പ്രധാന ചുമതലയൊക്കേണ്ട്. ആചാര്യനുശേഷം രണ്ടാമനോ മറ്റോ. അതൊരു ചില്ലറക്കാര്യല്ലന്നാ അവൻ പറേണെ”

കൊരട്ടി യോഗവിദ്യാപീഠത്തിൽ യോഗപരിശീലനത്തിന്റെ തുടക്കത്തിൽ ബെന്നിച്ചന്റെ പ്രകടനം വളരെ മോശമായിരുന്നു. ആദ്യദിവസം ആചാര്യൻ കാൽ‌വളച്ചു കഴുത്തിലൂടെയിട്ടു അതുപോലെ ചെയ്യാൻ പറഞ്ഞപ്പോൾ അദ്ദേഹം‍ യോഗാ ഹാളിൽ‌നിന്നു എഴുന്നേറ്റ് പുറത്തേക്കോടി. തട്ടിയും മുട്ടിയും രണ്ടു‌മാസം മനസ്സില്ലാമനസ്സോടെ യോഗ പഠിച്ചെങ്കിലും മൂന്നാംമാസത്തിൽ സകലആസനങ്ങളും എങ്ങിനെയോ പെട്ടെന്നു പഠിച്ചെടുത്തു. രണ്ടുകാലും ‘റ’ വട്ടത്തിൽ വളച്ചു തോളിലിട്ടും ഒന്നരമിനിറ്റ് ശ്വാസമെടുക്കാതെയും കണ്ണമ്പിള്ളിത്തറവാട്ടിലെ ബെന്നി യോഗവിദ്യാപീഠത്തിൽ ആശ്ചര്യമായി. അതോടെ യോഗക്ലാസിൽ ആചാര്യനു ശേഷം രണ്ടാമനും. രണ്ടുമാസം നീളുന്ന വിദേശപര്യടനത്തിൽ അടുത്ത സഹായിയായി കൂടെ പോകാൻ ആചാര്യൻ ബെന്നിച്ചനെ തിരഞ്ഞെടുത്തതും അന്നൊരിക്കലാണ്.

ഒരുമണിക്കൂർ നേരത്തെ സംഭാഷണത്തിനൊടുവൽ ചാത്ത‌മാഷ് യാത്ര പറഞ്ഞിറങ്ങാൻ നേരം മേരിച്ചേടത്തി അരസഞ്ചി നിറയെ പഴുത്ത നാട്ടുമാങ്ങ മാഷിനു കൊടുത്തു. “ജാനൂന് കൊടുത്തേര് മാഷെ. കൂട്ടാൻ ഇണ്ടാക്കാൻ നല്ല പാകാ”

ചാത്തൻമാഷിനു മാമ്പഴക്കറി നല്ല ഇഷ്ടമാണ്. പക്ഷേ ആകെയുള്ള പത്തുസെന്റിൽ ഒറ്റമാവില്ല. കടയിൽനിന്നു വാങ്ങാമെന്നു കരുതിയാൽ പൊള്ളുന്ന വിലയും. സഞ്ചിവാങ്ങി മേരിച്ചേടത്തിയുടെ നല്ലമനസ്സിനു സ്തുതി പറഞ്ഞു. പേട്ടത്തെങ്ങ് ക്രോസ് ചെയ്യുമ്പോൾ പൌലോസിനു വാക്കുകൊടുത്തു.

“ഞാൻ നാളെ തൈക്കൂട്ടത്ത് പോണ്ണ്ട്. തെങ്ങിന്റെ കാര്യം ദേവരാജനോട് ഞാൻ പറഞ്ഞോളാം“

പൌലോസ് സന്തോഷത്തോടെ സമ്മതിച്ചു.

ഷൈജുവിനെ പരീക്കപ്പാടത്തു കാണാതെ നാടുമുഴുവൻ തിരക്കിയ ബെന്നിച്ചൻ വിയർത്തുകുളിച്ചു വീട്ടിലെത്തിയപ്പോൾ കണ്ടത് കിണറ്റിൻ‌കരയിൽ ശരീരമാസകലം എണ്ണതേച്ചു കുളിക്കാൻ തയ്യാറെടുക്കുന്ന അനിയനെയാണ്. കടുത്ത ഫയറിങ്ങ് പ്രതീക്ഷിച്ച ഷൈജുവിനേയും പൌലോസിനേയും അമ്പരപ്പിച്ചു ബെന്നിച്ചൻ ചീത്തയൊന്നും പറയാതെ ഒരു മൂളിപ്പാട്ടു പാടി മുറിയിൽ കയറി. മൂന്നുമിനിറ്റിനുശേഷം കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ബൈക്കിന്റെ കീ ചൂണ്ടുവിരലിൽ കറക്കി ഇറങ്ങിവന്നു. കൊരട്ടിയിൽ‍ യോഗക്ലാസിൽ പോവുകയാണ്.

വരാന്തയിൽ തൂക്കിയ, ഒരു മൂലയിൽ പൊട്ടലുള്ള കണ്ണാടിയിൽനോക്കി മുടിഈരി ബെന്നിച്ചൻ സൌന്ദര്യം ആസ്വദിക്കുമ്പോൾ പൌലോസ് പ്രത്യേക ഈണത്തിൽ വിളിച്ചു. ”യെടാ ബെന്നിച്ചാ…”

അപ്പന്റെ നീട്ടിയ‌വിളിയിൻ ബെന്നിച്ചൻ കാര്യങ്ങൾ മനസ്സിലാക്കി. പോക്കറ്റിൽനിന്നു നൂറുരൂപ കൊടുത്തു. നാളെ വീശാനുള്ള കാശാണ്. പതിവു ക്വോട്ടയായ അമ്പതിനു പകരം നൂറ് കിട്ടിയപ്പോൾ പൌലോസിന്റെ മനസ്സ് പതിവില്ലാത്തവിധം ആഹ്ലാദിച്ചു. കമ്പനിയിൽ ബെന്നിച്ചന്റെ ശമ്പളം കൂട്ടിയിരുന്നു. അതുകൊണ്ടു ബെന്നിച്ചൻ തന്റെ വിഹിതവും കൂട്ടിക്കാണും.

“അപ്പന്റെ കാര്യം നീ മറന്നില്ലല്ലാ. ഇനി വേണമെടാ എനിക്ക് ദെവസോം ലാർജടിക്കാൻ”

പൌലോസിന്റെ ആഗ്രഹങ്ങളുടെ അടിസ്ഥാനം ഊഹിച്ച ബെന്നിച്ചൻ അതെല്ലാം മുളയിലേനുള്ളി. “അപ്പാ… ഞാനിന്ന് നൂറുരൂപ തരാൻ കാരണം എന്തായാലും സാലറി കൂട്ടീതോണ്ടല്ല”

“പിന്നെ?”

ബെന്നിച്ചൻ പൂത്തിരിപോലെ ചിരിച്ചു. “ഇന്ന് ഞാനാണപ്പാ യോഗേല് ക്ലാസിന് മേൽനോട്ടം വഹിക്കണെ. അപ്പോ അതിന്റെ ഒരു സന്തോഷം”

പൌലോസ് അമ്പരന്നു. അദ്ദേഹത്തിനു അതു പുതിയ അറിവായിരുന്നു. “നീ ക്ലാസെടുക്ക്വേ! അപ്പോൾ നിന്റെ ആശാനോ?”

ബെന്നിച്ചൻ അപ്പനെ തിരുത്തി. “അപ്പാ ആശാൻ എന്നല്ല, ആചാര്യൻ എന്നാ വിളിക്കാ. ‘ജി‘ക്കു ഇന്നലെമൊതൽ ഭയങ്കര നടുവേദന. അതോണ്ടാ ഇന്നത്തെ ചൊമതല രണ്ടാമനാ‍യ എനിക്ക് തന്നെ“

നൂറു കിട്ടിയതിന്റെ സന്തോഷം പൌലോസിന്റെ മനസിൽ‌നിന്നു പോയി. മകൻ യോഗയിൽ കൂടുതൽ ആകൃഷ്ടനായാൽ ഉണ്ടായേക്കാവുന്ന അപകടം ആലോചിച്ചു അദ്ദേഹം തലക്കു താങ്ങുകൊടുത്തു. ബെന്നിച്ചൻ ബൈക്കെടുത്തു ഇറങ്ങി. പുല്ലാനിത്തോടിനടുത്തുള്ള ഹെയർപിൻ വളവ് തിരിയുമ്പോൾ ചാത്തൻ‌മാഷുടെ വീട്ടുവരാന്തയിലിരുന്നു നാലഞ്ചുപേർ വെടിപറയുന്നതുകണ്ടു. യോഗയിലെ സഹപാഠിയായ ജയദേവനും കൂട്ടത്തിലുണ്ടെന്നു മനസ്സിലാക്കി ഗേറ്റിനടുത്തു വണ്ടിനിർത്തി. എല്ലാവരേയും നോക്കി മന്ദഹസിച്ചു.

“ഇന്ന് യോഗേല് ക്ലാസെടുക്കണത് ഞാനാ”

വരാന്തയിലുള്ളവർ അൽഭുതപ്പെട്ടു. ജയദേവൻ ആശ്ചര്യത്തോടെ അന്വേഷിച്ചു. “സത്യാ ബെന്നീ? ജി അങ്ങനെ പറഞ്ഞോ”

“അതെ ജയാ. ഷൈജൂനെ അന്വേഷിച്ച് പരീക്കപ്പാടത്തു ചെന്നപ്പഴാ ജീടെ ഫോൺ വന്നെ. ഇന്നുമൊതൽ ഒരാഴ്ച ക്ലാസ്സിലെ എല്ലാകാര്യോം ഞാൻ മാനേജ് ചെയ്യണന്ന്. ഇന്നെന്തൊക്ക്യാ സംഭവിക്കാന്ന് നമക്ക് കാണാം. ആചാര്യനേക്കാളും ഒട്ടും മോശല്ല ഈ ബെന്നീന്ന് എല്ലാരും ഇന്നറിയും”

വരാന്തയിലെ സംഘത്തിലുണ്ടായിരുന്ന പിള്ളേച്ചൻ ഗുണദോഷിച്ചു.

“നീ യോഗേല് കടുത്ത വ്യായാമങ്ങളൊക്കെ ചെയ്യാറ്ണ്ടെന്നു ജയൻ പറഞ്ഞു. ശര്യാ? കാര്യം നമക്കിത്തിരി സ്റ്റാർ‌വാല്യൂ ഒക്കെ കിട്ടും. പക്ഷേ ശരീരത്തിന്റെ സ്ഥിതി നോക്ക്യേ എന്തും ചെയ്യാവൂ. കാലൊക്കെ തിരിച്ചുമറിച്ച് കഴുത്തീക്കോടെ ഇട്ടാ മേല് ചെലപ്പോ സ്തംഭിച്ചുപോവും, പറഞ്ഞില്ലാന്ന് വേണ്ട”

മറ്റുള്ളവർ അതു ശരിവച്ചു. “നീ കൊറച്ചൂടെ മയത്തീ കാര്യങ്ങൾ ചെയ്യണം”

ബെന്നിച്ചൻ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞില്ല. ജയദേവനോട് പറഞ്ഞു. “ജയാ നീ വാ. പോവണ്ട നേരായി”

ചാത്തൻ‌മാഷുടെ നല്ലപാതി ജാനകിചേച്ചി കൊണ്ടു‌വന്ന ചായ ബെന്നിച്ചൻ കുടിച്ചില്ല. കുടിക്കണമെന്നു ആഗ്രഹമുണ്ടായിരുന്ന ജയദേവനെ സമ്മതിച്ചുമില്ല. “ചായ ലഹരിയാണ് ജയാ. നമ്മ അതൊന്നും കുടിക്കാൻ പാടില്ല. ഓൺലി മിൽക്ക്”

വിശദീകരണം കേട്ടിട്ടും മടിച്ചുനിന്ന ജയദേവനെ പിടിച്ചുവലിച്ചു ബെന്നിച്ചൻ യാത്ര പറഞ്ഞിറങ്ങി. പിള്ളേച്ചനും കൂട്ടരും അവരുടെ സംഭാഷണത്തിലേക്കും തിരിഞ്ഞു.

സമയം വീണ്ടും കടന്നുപോയി. തിരദേശം പാടത്തിന്റെ അങ്ങേയറ്റത്ത്, ചക്രവാളത്തിലെ ചുവപ്പു‌രാശി പൂര്‍ണമായും മങ്ങി. കക്കാടിലെ ഇടവഴികളിൽ ഇരുട്ടു വീണുപടർന്നു. പുല്ലാനിത്തോടിനരികത്തെ കൈതപ്പൊന്തകൾക്കിടയിലിരുന്നു ചീവീടുകൾ കാറി. യോഗക്ലാസ് കഴിഞ്ഞു തിരിച്ചുവരേണ്ട സമയമായിട്ടും ബെന്നിച്ചൻ കക്കാടിലെത്തിയില്ല. മടക്കയാത്രയിൽ‍ ചാത്തൻ‌മാഷുടെ വീട്ടുവരാന്തയിലുള്ള സുഹൃത്തുക്കളോടു അന്നന്നു യോഗയിൽ ചെയ്തതു അവേശത്തോടെ വിശദീകരിക്കുക ബെന്നിച്ചന്റെ പതിവാണ്. ആ വിവരണം ശ്രവിക്കാനായി കാത്തുനിന്ന എല്ലാവരേയും ഞെട്ടിച്ചു ഒമ്പതരയോടെ ജയദേവൻ എത്തി ദുഃഖത്തോടെ അറിയിച്ചു.

ബെന്നിച്ചൻ ആശുപത്രിയിൽ!

ജയദേവൻ തുടർന്നു. “യോഗേൽ അഭ്യാസം കാണിക്കുമ്പോ ബോഡി വെലങ്ങി. ശ്വാസെടുക്കാൻ പറ്റീല്ല്യ. ഒടനെ ആശുപത്രീ കൊണ്ടോയി”

ജയദേവന്റെ പരവേശംകണ്ടു ആരോ ഒരുഗ്ലാസ്സ് വെള്ളം കൊണ്ടുകൊടുത്തു. അതു കുടിച്ചു പതുക്കെ ആശ്വസിച്ചു ജയദേവൻ എല്ലാം പറയാൻ തയ്യാറെടുത്തു. “ജീയുടെ അസിസ്റ്റന്റായി പലതവണ നിന്നണ്ടെങ്കിലും ബെന്നിച്ചൻ നേരിട്ട് യോഗക്ലാസിന് നേതൃത്വം കൊടുക്കണത് ഇന്ന് ആദ്യായിട്ടായിരുന്നു”

പിള്ളേച്ചൻ തിടുക്കപ്പെട്ടു. “അത് ഞങ്ങള്‍ക്കറിയാ ജയാ. നീ കാടും പടലും തല്ലാതെ”

ജയദേവൻ തുടർന്നു. “കൊരട്ടീലേക്ക് ബൈക്കീ പോവുമ്പോത്തന്നെ ബെന്നിച്ചൻ എന്നോട് പറഞ്ഞിരുന്നു, ‘ഞാനിന്നൊരു അലക്ക് അലക്കുമെടാ ജയാ‘ എന്ന്. എന്തെങ്കിലും നിസാരവിദ്യകൾ കാണിച്ചാമതീന്നു ഞാനപ്പോ ബെന്നീനോട് സൂചിപ്പിച്ചതാ. പക്ഷേ അപ്പഴെല്ലാം തലകുലുക്കി സമ്മതിച്ച ബെന്നിച്ചൻ യോഗ ക്ലാസിലെത്തി വിദ്യാർത്ഥികളെ കണ്ടപ്പോ എല്ലാം മറന്നു“

“ജയാ ബെന്ന്യെന്തിനാ ഇങ്ങനെ ടഫായി യോഗ ചെയ്യണെ?”

“പിള്ളേരെ കയ്യിലെടുക്കാൻ. പിള്ളേച്ചനറിയോ ബെന്നിക്ക് അങ്കമാലീല് സ്വന്തായി ഒരു യോഗാസ്കൂൾ തുടങ്ങാനൊള്ള പ്ലാനുണ്ടായിരുന്നു. ആ സ്കൂളിലേക്ക് കൊരട്ടീന്നു കൊറച്ചു പിള്ളേരെ അടർത്തി എടുക്കണന്ന് പലതവണ എന്നോട് പറഞ്ഞണ്ട്. അതോണ്ടാ ബെന്നിച്ചൻ ടഫായ എക്സർസൈസുകൾ എപ്പഴും ചെയ്യണെ”

എല്ലാവർക്കും കാര്യങ്ങൾ പിടികിട്ടി.

“ബെന്നി അതോണ്ടും മതിയാക്കീല്ല്യ. ശീർഷാസനത്തിനു പകരം ഇരുന്നത് കയ്യിൽ ഭാരമൂന്നിയാ. പിള്ളേർക്കൊള്ള നിർദ്ദേശങ്ങൾ ആ ഒറ്റഇരിപ്പീ തന്നെ കൊടുത്തു. ഏതാണ്ട് പതിനഞ്ചുമിനിറ്റ് അങ്ങനെ കഴിഞ്ഞു. പിന്നെ അടുത്ത ഘട്ടത്തിലേക്ക്“

“ഏതായിരുന്നു ആ ഇനം” പിള്ളേച്ചൻ അന്വേഷിച്ചു.

“മെയ്‌വഴക്കം കൂട്ടാൻ ചെയ്യണ കഠിനവ്യായമങ്ങളാ അതില് നെറയെ”

“ബെന്നി അതില് എക്സ്പെർട്ട് ആയിരുന്നോ?”

ജയദേവൻ ഒന്നാന്തരമെന്നു വിരൽ‌കൊണ്ടു ആഗ്യം കാണിച്ചു. പിന്നെ കലാശകൊട്ടിനു ഒരുങ്ങി.

“ബെന്നിച്ചൻ ആദ്യം‌ ചെയ്തത് കാലു‌രണ്ടും കൂളായി സ്പ്ലിറ്റ് ചെയ്യാണ്. ഒരു മിനിറ്റ് ആ ഇരുപ്പിലിരുന്നു. പിന്നെ എല്ലാരേം അമ്പരപ്പിച്ച് പിന്നിലേക്ക് ഒറ്റ മറയൽ“

“എന്താ പറ്റ്യേ?”

“ആ അറീല്യ. തട്ടിപ്പോയോന്ന് ഞങ്ങ പേടിച്ചു. പക്ഷേ എന്റെ തോളീത്താങ്ങി എണീറ്റ്, നെറഞ്ഞ കണ്ണൊപ്പി ‘അതെന്റെ ഒരു നമ്പറായിരുന്നെടാ ജയാ’ എന്ന് ബെന്നിച്ചൻ പറഞ്ഞപ്പഴാ ഞങ്ങൾക്കും അതൊരു നമ്പറായിരുന്നൂന്ന് മനസ്സിലായെ“

ഗ്ലാസിൽ അവശേഷിച്ചിരുന്ന വെള്ളവും ജയദേവൻ കുടിച്ചു. “പിന്നോട്ട് വീണശേഷം ബെന്നിച്ചൻ പത്തുമിനിറ്റ് റെസ്റ്റെടുത്തു. നിർത്താന്ന് ഞാൻ ആഗ്യത്തീ പറഞ്ഞു. എവടെ സമ്മതിക്കാൻ. പുള്ളീനെ കൊച്ചാക്ക്യ പോലാ തോന്നീണ്ടാവാ. ആള് ചൂടായി. നെലത്തിരുന്ന് എടത്തേകാൽ വളച്ച് തോളീക്കോടെ ഇട്ടു. വലത്തേകാലും പിന്നിൽക്കു വളച്ചിടാൻ നോക്ക്യ ബെന്നി പിന്നെ അനങ്ങീല്ല. ആ ഇരിപ്പീത്തന്നെ ആശൂത്രീ കൊണ്ടോയി“

“എവടെ?”

“വിത്സന്റെ ആശൂത്രീല്‍. പക്ഷേ വിത്സൺ പറഞ്ഞു, കാര്യല്ലാ വല്ല ആയുർ‌വേദ ആശൂത്രീൽക്കും കൊണ്ടോക്കോളാൻ“

ചാത്തൻ‌മാഷ് മുന്നോട്ടാ‍ഞ്ഞു. “നമ്മടെ ദിനേശനെ കാണിച്ചൂടാർന്നോ ജയാ. അലോപ്പതി ആണെങ്കിലും പുള്ളി ഒരുകൈ നോക്ക്യേനെ”

പിള്ളേച്ചൻ തടഞ്ഞു. “വേണ്ട മാഷെ അത് റിസ്കാണ്”

ചാത്തൻ‌മാഷിനു രസിച്ചില്ല. കക്കാട്‌ ദേശത്തെ ആദ്യ എം.ബി.ബിഎസ് ബിരുദധാരിയായ ദിനേശന്റെ ചികിത്സ റിസ്കാണെന്ന്. എന്താ കഥ.

“അതെന്താ അന്യേ നീയങ്ങനെ പറഞ്ഞെ? കഴിഞ്ഞാഴ്ച ജാനൂന് വയറുവേദന വന്നപ്പൊ പാളേങ്കോടൻ പഴാ ദിനേശൻ മര്ന്നായി കൊടുത്തെ. പിറ്റേദെവസം എല്ലാം ഒകെ”

പിള്ളേച്ചൻ തന്റെ ഭാഗം വിശദീകരിച്ചു. “മാഷെ ഞാൻ വെറ്തെ പറഞ്ഞതല്ല. കഴിഞ്ഞാഴ്ച നമ്മടെ ഭാസ്കരൻ നായര് കാലുവേദനക്ക് പുള്ളീനെ കാണാൻ പോയി. ദിനേശൻ പറഞ്ഞതേ കാല് മുറിച്ച്‌കളയാനാ”

“ഹഹഹ. അത് പാക്കരന്റെ നമ്പറല്ലേടാ അനീ”

സംഭാഷണം ഇത്രയുമായപ്പോൾ ജയദേവൻ ഇടക്കുകയറി. “ചാലക്കൂടീലെ ഒരു വൈദ്യനെ കാണിക്കാനായിരുന്നു പ്ലാൻ. പക്ഷേ അപ്പഴേക്കും വയ്യാണ്ടായിക്കെടക്കണ ആചാര്യൻ വന്നു. ജി ബെന്നീനോട് ഏത് അടവാ കാണിച്ചേന്ന് ചോദിച്ചു. ബെന്നിച്ചൻ എന്തോ മന്ത്രിക്കേം ചെയ്തു. പിന്നെ ജി ബെന്നീടെ പള്ളക്ക് പിടിച്ച് വെലങ്ങ്യ മസിൽ നേരെ വലിച്ചിട്ടു”

പിള്ളേച്ചൻ ആരാഞ്ഞു. “അപ്പോ ആചാര്യനു മർമ്മവിദ്യ അറിയോ?”

“അതല്ലേ രസം… ഒരു കൂട്ടര് പറേണത് ജി വെലങ്ങ്യ മസില് വലിച്ച് നേരേട്ടതാന്ന്. മറ്റുചെലര് പറേണത് ജി പള്ളക്ക് പിടിച്ചപ്പോ ഇക്കിളി സഹിക്കാണ്ട് ബെന്നിച്ചൻ കുതറീപ്പോഴാ മസിൽ നേരെ വീണേന്ന്. ഏതാ വിശ്വസിക്കണ്ടേന്ന് എനിക്കറീല്ല”

പിള്ളേച്ചൻ പറഞ്ഞു. “രണ്ടാമതാവാനാ സാധ്യത. ഷർട്ടിട്ടാ പോലും പുള്ളിക്ക് ഇക്കിളി വരും. അതല്ലേ എപ്പഴും ബോഡികാണിച്ച് നടക്കണെ. ആദ്യരാത്രി അലമ്പാവുംന്ന് സാരം…”

ചാത്തൻ‌മാഷ് തിരക്കി. “ഇപ്പോ ബെന്നിക്ക് കൊഴപ്പം എന്തെങ്കിലുംണ്ടാ ജയാ?”

“കാലിന്റെ ജോയിന്റീ നീര്ണ്ട്. വേറെ പ്രശ്നൊന്നൂല്ല്യ. ആശുപത്രീ വെച്ച് ഭയങ്കര ബഹളായിരുന്നു“

“എന്തിന്?”

എനിക്ക് അപ്പനെ കാണണടാ ജയാ എന്നും പറഞ്ഞ്!”

സംഭവത്തിന്റെ ഗൌരവം മറന്നു എല്ലാവരും ആർത്തുചിരിച്ചു.

കക്കാട് പുല്ലാനിത്തോടിനടുത്തു ഹെയർപിൻ വളവിലുള്ള സിമന്റുതേക്കാത്ത വീട്ടിൽ ഇന്നു ചാത്തൻമാഷില്ല. എവിടെവച്ച് കണ്ടാലും “എന്താ സുന്യേയ്. എവടെപ്പോണ്?” എന്ന പതിവ് അന്വേഷണം മുടക്കാറില്ലാത്ത മാഷ് ഇന്നു അനന്തവിഹായസിലിരുന്ന് പുനർജന്മങ്ങൾ പലതരത്തിലുണ്ടെന്നു മനസ്സിലാക്കി ചിരിക്കുന്നുണ്ടാകാം. വൈകുന്നേരം നാലരക്കു ചാലക്കുടിയിലേക്കു ഫുള്ളടിച്ച് പോകുന്ന സിമൽ‌ബസും, ഉമ്മറത്തിണ്ണയിൽ കാൽമടക്കിയിരുന്നു, തീരദേശംപാടം കടന്നുവരുന്ന കാറ്റുകൊണ്ട് വിസ്തരിച്ചു മുറുക്കുന്ന പൌലോസേട്ടനും നാട്ടിലെത്തുന്ന നാളുകളിൽ ഇന്നുമൊരു പതിവുകാഴ്ചയാണ്.
മര്യാദാമുക്കിൽവച്ചു കാണുമ്പോൾ വണ്ടിയുടെ വേഗംകുറച്ചു ചിരിച്ചുകൊണ്ട് കൈവീശുന്ന കണ്ണമ്പിള്ളി പൌലോസേട്ടന്റെ മൂത്തപുത്രൻ ബെന്നി എന്ന ബെന്നിച്ചൻ എന്നുമൊരു നല്ല സുഹൃത്താണ്. ചെറുപ്പകാലത്തു യോഗ ഹരമായിരുന്ന ബെന്നിച്ചനു ഇന്നു അതെല്ലാം നിത്യഹരിതമായ ചില ഓർമകൾ മാത്രം. പതിനഞ്ചുവയസ്സുള്ള പിള്ളേർപോലും പൾസറിൽ കത്തിക്കുന്ന ഇക്കാലത്ത് പണ്ടത്തെ താരപ്പൊലിമയില്ലെങ്കിലും ജോയിച്ചനും അദ്ദേഹത്തിന്റെ നിറം മങ്ങിയ കറുത്ത എൻഫീൽഡും കക്കാടുവാസികൾക്കു സുന്ദരമായ ഒരു നൊസ്റ്റാള്‍ജിയയാണ്.


Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

14 replies

 1. <>രണ്ട് മാസം നീളുന്ന വിദേശപര്യടനത്തില് അടുത്ത സഹായിയായി കൂടെ പോകാന് ആചാര്യന് ബെന്നിച്ചനെ തിരഞ്ഞെടുത്തതും അന്നൊരിക്കല് തന്നെ. മര്യാദാമുക്കില് എല്ലാവരും സമ്മേളിച്ച ഒരു രാവിലാണ് ബെന്നിച്ചന് ആ വാര്ത്ത മര്യാദക്കാര്ക്ക് മുന്നില് അനാവരണം ചെയ്തത്.

  മതിലില് നീണ്ട്നിവര്ന്ന് കിടന്ന് മാനത്തെ നക്ഷത്രങ്ങളെണ്ണി ബെന്നിച്ചന് സ്വപ്നത്തിലെന്നപോലെ മന്ത്രിച്ചു.

  “അമേരിക്കയാടാ ജയാ… അമേരിക്ക”<>റിപ്പോര്ട്ടഡ് സ്പീച്ചിന് പ്രാമുഖ്യം കൊടുത്ത്കൊണ്ട് എഴുതിത്തീര്ത്ത ഒരു പോസ്റ്റ്.
  <>കണ്ണമ്പിള്ളി ബ്രദേഴ്സ്!!<>എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില് || ഉപാസന

  Like

 2. വലിപ്പക്കൂടുതല്‍ തോന്നിപ്പിയ്ക്കാത്ത ഒഴുക്ക് ഉള്ളതിനാല്‍ രസകരമായി വായിച്ചു തീര്‍ത്തു…

  പോസ്റ്റ് കൊള്ളാം!

  Like

 3. “അത് ഞങ്ങള്‍ക്കറിയാം ജയാ. നീ കാടും പടലും തല്ലാതെ”

  പെട പെട പെട സുന്യേ… 🙂
  സിനിമ കാണണ പോലെ വായിച്ചു തീര്‍ത്തു.രസികന്‍ 🙂

  (ദുര്‍ഗാ പ്രസാദ് കുര്യച്ചെറ-തലോര്‍ത്തെ ഗുണ്ട്യാ? തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ടല്ലേ ഗഡീടെ ഏരിയ?)

  Like

 4. upu kurachu naalaayi madi pidichirikkarinnu..otta irippinu randu bhagom vaayichu ennu parayumbo arinjoode sangathi thakarppanaayeennu

  Like

 5. ആഹാ..സൂപ്പറായിട്ടു എഴുതീ ട്ടാ..നീളക്കൂടുതലിന്റെ കാര്യം അറിഞ്ഞില്ലെന്നതാണു സത്യം..എല്ലാരേം മനസ്സില്‍ കണ്ടു വായിക്കാന്‍ പറ്റി..ബെന്നിക്കു വന്ന വിന വിവരിക്കുന്ന ഭാഗം വായിച്ചു ചിരിച്ചൊരു വഴിയായി..നല്ലൊരു രസികന്‍ പോസ്റ്റ്..:)

  Like

 6. നന്ദന്‍ ഭായ്

  ദുര്‍ഗാ പ്രസാദ് അയ്യന്തോള്‍ കാര്‍ത്ത്യാനി അംബലം ഏര്യേന്നാ….

  പിന്നെ ഉള്ളത് കുര്‍ക്കഞ്ചേരിയും

  സുനില്‍ജി

  അടിപൊളി വിവരണം

  Like

 7. ചാത്തനേറ്: നാലു വാചകത്തില്‍ പറയാമായിരുന്ന സംഭവം ‘കാടും പടലും തല്ലി’ ഇത്രേം വലിച്ചു നീട്ടിയോ മിടുക്കാ…:)

  Like

 8. ചാത്തന് : സംഭവങ്ങളെ മാത്രം ബ്രാക്കറ്റ് ചെയ്ത് ഞാന്‍ എഴുതാറില്ല്ലെന്ന് അറിയില്ലേ? 🙂
  റിപ്പോര്‍ട്ടഡ് സ്പീച്ച് എങ്ങിനെയൊക്കെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് കൂടെ ശ്രമിക്കുകയായിരുന്നു ഞാന്‍.

  നന്ദി സുഹൃത്തേ
  🙂
  ഉപാസന

  Like

 9. ഒരുപാടുണ്ടല്ലോ…
  ഞാന്‍ പാതി വായിച്ചു ….പിന്നെ കുറെ കഴിഞ്ഞു പാതി ….
  അങ്ങനെ അങ്ങനെ… വായിച്ചു
  രസക്കുറവ്‌ കൊണ്ടല്ല കേട്ടോ…ജോലിത്തിരക്കേയ്.. 🙂

  നന്നായിട്ടുണ്ട്..
  ഇനി ഒന്നൂടെ വായിക്കാം സമയം കിട്ടുമ്പോള്‍.
  ആശംസകള്‍..

  Like

 10. സുനീ,

  നന്നായിട്ടുണ്ട്. പക്ഷേ രണ്ട് എപ്പിസോഡായി ഇട്ടാല്‍ മതിയായിരുന്നു…

  ഒഴുക്കുള്ളതിനാല്‍ കുഴപ്പമില്ല….

  🙂

  Like

 11. കലക്കി
  നല്ല ഒഴുക്കുള്ള
  എഴുത്ത്‌

  Like

 12. Good craft. Like visualising a ” Sathyan anthikkad” film…

  Really enjoyed…especially when i am one among them.

  Like

 13. വായനാ സുഖമുള്ളതിനാൽ നീളക്കൂടുതൽ അറിയുന്നില്ല…നല്ല പോസ്റ്റ് ഉപാസന….അഭിനന്ദനങ്ങൾ…..

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: