കക്കാട് ബ്രദേഴ്സ് – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


സിമന്റ് അടർന്നു വിള്ളൽ‌വീണ ഉമ്മറത്തിണ്ണയിൽ പരമശിവനെ പോലെ കാൽമടക്കി ഇരിക്കുമ്പോൾ പൌലോസിന്റെ ചിന്തകൾ കാട് കയറുകയായിരുന്നു. കാലത്തു കമ്പനിപ്പടിയിൽ സുബ്രഹ്മണ്യനുമായി നടന്ന ഉരസൽ മുതൽ പാടത്തു വെള്ളം തിരിക്കുന്നതു വരെയുള്ള ഒരുപാടു കാര്യങ്ങൾ. ഒടുവിൽ എല്ലാ ആലോചനകൾക്കും വിരാമമിട്ട് അദ്ദേഹം വീടിനു അകത്തേക്കു നോക്കി പറഞ്ഞു.  

“മേര്യേയ്. ആ മുറുക്കാൻ ചെല്ലം ഒന്നു കൊണ്ടന്നേ”

അടുക്കളയിൽ പാത്രങ്ങൾ തട്ടിമറിഞ്ഞു വീഴുന്നതിന്റെ കോലാഹലങ്ങൾ. അര മിനിറ്റിനുള്ളിൽ മുറുക്കാൻ ‌ചെല്ലം എത്തി.

“അനിതേടെ വീട്ടിലെ കോഴീനെ കയ്യീക്കിട്ട്യാ ഞാൻ അരിവാളോണ്ട് കണ്ടിക്കും. പറഞ്ഞില്ലാന്ന് വേണ്ട“

പൌലോസ് അമ്പരന്നു. “എന്താ കാര്യന്ന് പറ മേര്യേ. ഈ പ്രായത്തീ നാട്ടാരോട് തല്ലുകൂടാൻ വയ്യ”

മേരി കാലുഷ്യത്തിന്റെ കാരണം പറഞ്ഞു. “അവറ്റോള് തൂറി നെറക്കാത്ത സ്ഥലല്ല്യ ഈ വീട്ടീ. തരം കിട്ട്യാ അടുക്കളേ വരെ കേറിയെറങ്ങും”

അത്രയേയുള്ളൂ. പൌലോസ് അത് അവഗണിച്ചു. പരിഭവം നിർത്തി മേരി അകത്തേക്കു പോയി.

പൌലോസ് മുറുക്കാൻ‌ ചെല്ലത്തിൽ നിന്നു വാടാത്ത രണ്ടു തളിർ‌വെറ്റില എടുത്ത് ഞെട്ട് ഇറുക്കിക്കളഞ്ഞ്, ഞെരമ്പ് വരഞ്ഞു ചുണ്ണാമ്പ് തേച്ചു. പാക്കുവെട്ടി ഉപയോഗിച്ച് മുറിച്ച അടയ്ക്ക ചേർത്തു വെറ്റില അണപ്പല്ലിനിടയിൽ തിരുകി. മനസ്സ് വീണ്ടും ഓർമകളിലേക്കു കൂപ്പുകുത്തി. തലേന്നു വൈകീട്ട് ഇരിഞ്ഞാലക്കുട – കാടുകുറ്റി റൂട്ടിലെ മംഗലത്ത് ബസിൽ നടന്ന ഒരു സംഭവം പൌലോസിന്റെ മനസ്സിൽ ചുരുളഴിഞ്ഞു.

കാതിക്കുടം ഓസീൻ കമ്പനിയിൽ നിന്നു വിരമിച്ച എല്ലാ കാർന്നോന്മാരുടേയും പതിവാണ് വൈകുന്നേരങ്ങളിൽ കൊരട്ടി മധുര ബാറിൽനിന്നു ചെറിയ തോതിലൊരു വീശൽ. സമീപത്തെ നാടുകളിൽ നിന്നു‌ വൈകുന്നേരം ചാലക്കുടിയിലേക്കു പോകുന്ന കാലിയായ ബസുകളെ അപേക്ഷിച്ചു കാടുകുറ്റിയിൽ ‌നിന്നു കാതിക്കുടം വഴി ചാലക്കുടിയിലേക്കും തുടർന്നു ഇരിഞ്ഞാലക്കുടയിലേക്കും സർവ്വീസ് നടത്തുന്ന സിമൽ ബസിൽ നല്ല തിരക്കായിരിക്കും. നാലേ‌ നാല്പത്തിയഞ്ചിനു ഓസീൻ കമ്പനിപ്പടിയിൽ എത്തുന്നമ്പോൾ വാതിൽ‌പ്പടി വരെ യാത്രക്കാർ നിറയുന്ന ബസ്, കാതിക്കുടം വിശ്വകർമ്മ നഗർ കടക്കുന്നതോടെ ബൾജ് ചെയ്‌ത ഫുട്ബോൾ പോലെയാകും. അനിയന്ത്രിതമായ തിരക്ക് മൂലം വിശ്വകർമ്മ നഗറിനു ശേഷം മൂന്നു സ്റ്റോപ്പുകൾ ബാക്കിയുണ്ടെങ്കിലും അവിടെയൊന്നും നിർത്താതെ ബസ് കൊരട്ടി ജംങ്ഷനിലേ നിർത്തൂ. കൃത്യമായി പറഞ്ഞാൽ മധുര ബാറിനു മുന്നിൽ. പിന്നെ ആദ്യപന്തിക്കു ഇരിക്കാനായി, കൊരട്ടിപ്പള്ളി പെരുന്നാളിന്റെ എട്ടാമിടം രാത്രി വെടിക്കെട്ടിനു ശേഷമുള്ള പോലെ ഭയങ്കര തിക്കുംതിരക്കുമാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി. കാതിക്കുടം ദേശത്തിലൂടെ ഓടുന്ന മറ്റു ബസുകളെ അപേക്ഷിച്ച് സിമൽ ബസിന്റെ സീറ്റുകൾക്കും ഉൾഭാഗത്തിനും പൊതുവേയുള്ള ശോചനീയാവസ്ഥയുടെ കാരണം ഈ കൂട്ടപ്പൊരിച്ചിൽ അല്ലാതെ മറ്റൊന്നുമല്ല.

ജന്മനാ പഞ്ചപാവമായ പൌലോസിനു എല്ലാ ദിവസവും ബസിൽ സീറ്റുപിടിച്ചു കൊടുക്കാറുള്ളത് ആത്മസുഹൃത്തായ പുന്നൂസാണ്. സർവ്വീസ് കാലത്തു ഓസീൻ കമ്പനിയിൽ ഒരേ വകുപ്പിൽ ജോലി ചെയ്തിരുന്നവൻ, സത്യകൃസ്ത്യാനി എന്ന ഗണത്തിൽ പെടുന്നവൻ എന്നീ നിലകളിൽ പുന്നൂസിനു പൌലോസിനോടുള്ള ബഹുമാനത്തിന്റെ ബഹിർ‌സ്ഫുരണമായിരുന്നു പരപ്രേരണ കൂടാതെയുള്ള സീറ്റുപിടുത്തം. ദാഹശമനത്തിനു എല്ലാവരും കൊരട്ടിയിൽ പോകുന്നത് സിമൽ ബസിലാണെങ്കിൽ തിരിച്ചു വരവ് മംഗലത്ത് ബസിലാണ്. കാതിക്കുടത്തു കൂടി സർവ്വീസ് നടത്തുന്ന രാജഹംസം.

അന്നും പതിവുപോലെ വീശി മംഗലത്ത് ബസിന്റെ മുൻ‌വാതിലിലൂടെ ഇടിച്ചു കയറിയ പുന്നൂസും കുറച്ചുപേരും മുൻ‌ഭാഗത്ത് നിലയുറപ്പിച്ചു. ബാക്കിയുള്ളവർ പിൻസീറ്റുകളിലും, കമഴ്ത്തിയിട്ടിരിക്കുന്ന ടയറിലും സ്വസ്ഥമായ സ്ഥാനങ്ങൾ പിടിച്ചു പുളുവടി തുടങ്ങി. കാർഗിൽ യുദ്ധം നടക്കുന്ന സമയമാണ്. പുന്നൂസ് മൊട്ടത്തല തടവി ആർമിയിൽ ‌നിന്നു വിരമിച്ച സുബ്രമണ്യനോടു പത്രത്തിലെ അന്നത്തെ വിഷയം സൂചിപ്പിച്ചു.

Read More ->  ഒരു ഭക്തൻ - 1

“സുബ്രാ… ഇന്നത്തെ പത്രത്തീ കണ്ടില്ലേ. നമ്മടെ സേന 5700 അടി വരെ മുന്നേറീന്ന്”

സുബ്രഹ്മണ്യൻ മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. അദ്ദേഹം വെള്ളമടിച്ചാൽ മിതഭാഷിയാകുന്ന ടൈപ്പാണ്.

“സുബ്രാ. ഈ 5000 അടീന്ന് പറഞ്ഞാ എന്തോരം പൊക്കണ്ടാവൂടാ?”

സുബ്രമണ്യൻ മൗനവ്രതം ഉപേക്ഷിച്ചു. “നമ്മടെ ചെറാലക്കുന്നിന്റെ ഏതാണ്ട് അമ്പത് ഇരട്ടി”

പുന്നൂസ് അൽഭുതപ്പെട്ടു. “എന്റെ മുത്ത്യേ. അത്ര്യാ”

സംഭാഷണം ഇത്രയുമായപ്പോൾ ടിക്കറ്റ് ചോദിച്ച് കണ്ടക്ടർ മണി വന്നു. അധികം ഗുലുമാലിനൊന്നും പോകാത്ത പാവം. സ്ഥിരം കാണാറുള്ള പാമ്പുകളെയാകെ ദയനീയമായി നോക്കി താണു തൊഴുത്, തനിക്കു വഴിമുടക്കി പിൻ‌തിരിഞ്ഞു നിൽക്കുന്ന പുന്നൂസിന്റെ തോളിൽ തട്ടി അപേക്ഷിച്ചു.

“വല്യപ്പാ… കൊറച്ചങ്ങ്‌ട് നീങ്ങി നിന്നേ”

പോരേ പൂരം. പ്രായം അറുപതു കഴിഞ്ഞിട്ടും മൊട്ടത്തലയിൽ അവശേഷിക്കുന്ന തലമുടിയും, നരച്ച മീശയും ഡൈ ചെയ്തു കറുപ്പിച്ചു നടക്കുന്ന പുന്നൂസ് ഒരു വശത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ്. തെക്കേലെ അമ്മിണിയും കല്ലുമടയിലെ ജാനകിയും തന്നെ നോക്കി ചിരിയോടു ചിരി.

പുന്നൂസിനു സങ്കടവും അരിശവും ഒരുമിച്ചു വന്നു. “മാനം പോയീലോ ന്റെ മുത്ത്യേയ്‌”

കടന്നു പോകാനൊരുങ്ങിയ കണ്ടക്ടർ മണിയെ പുന്നൂസ് ബലമായി പിടിച്ചു അഭിമുഖമായി നിർത്തി. പോക്കറ്റിൽ നിന്നു കോലൻചീപ്പെടുത്തു തലമുടിയും ചെന്നിയിലെ രോമങ്ങളും ഭംഗിയായി ഈരിയൊതുക്കി. പിന്നെ മുഖം പ്രസന്നഭാവത്തിൽ പിടിച്ചു. മണിയോടു സൌമ്യമായി ചോദിച്ചു.

”മണ്യേയ്… ദേ നീ ഇങ്ങട് നോക്ക്യേ. അങ്ങിനന്നെ. നീയിനി പറ. എനിക്കെത്ര വയസ്സായെടാ”

“ഹഹഹ”

ബസിൽ നടന്നതെല്ലാം മനസ്സിൽ മിന്നിമറഞ്ഞപ്പോൾ പൌലോസിനു ചിരിയടക്കാൻ സാധിച്ചില്ല. പാവം പുന്നൂസ്. വായിൽ‌ നിറഞ്ഞ മുറുക്കാൻ മുറ്റത്തെ പേട്ടത്തെങ്ങിന്റെ കടക്കലേക്കു നീട്ടിത്തുപ്പി. അപ്പോൾ അക്കാര്യം വീണ്ടുമോർത്തു. പേട്ടത്തെങ്ങ് വെട്ടാൻ തൈക്കൂട്ടത്തു പോയി ദേവരാജനെ കാണണം. കഴിഞ്ഞ മൂന്നു കൊല്ലമായി വെള്ളവും വളമിടലും മുറക്ക് നടക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണമൊന്നും കിട്ടുന്നില്ല. തെങ്ങിന്റെ പത്തടി പൊക്കത്തിൽ പൊന്മാൻ കൊത്തി കൂടുണ്ടാക്കി. കർക്കടകത്തിലെ മഴക്കു അകമ്പടിയായി വരുന്ന കാറ്റിൽ തെങ്ങ് ഒടിഞ്ഞാൽ, തന്നെ കൊരട്ടിപ്പള്ളി സെമിത്തേരിയിലേക്കു എടുക്കേണ്ടി വരുമെന്നു പൌലോസ് ചിന്തിച്ചു. ആ നിമിഷമാണ് പിന്നിൽ നിന്നു രോഷത്തോടെ അന്വേഷണം കേട്ടത്.

“അപ്പാ. അപ്പനവനെ കണ്ടാ?”

സെമിത്തേരി ചിന്തകളിലായിരുന്ന പൌലോസ് അപ്രതീക്ഷിതമായി കേട്ട ശബ്ദത്തിൽ ഞെട്ടിത്തരിച്ചു പോയി. വായിൽ വിളഞ്ഞ പച്ചത്തെറി തീരദേശം പാടത്തുനിന്നു വീശി വന്ന കാറ്റിൽ ലയിപ്പിച്ചു പൌലോസ് പുത്രനെ നോക്കി. പതിവുപോലെ ബെന്നിച്ചൻ ദേഷ്യത്തിലാണ്. മുഖം ചെമ്പരത്തിപ്പൂവ് സമാനം ചുവന്നിരിക്കുന്നു.

“അപ്പാ അപ്പനവനെ കണ്ടോന്ന്. ഷൈജൂനെ?”

വെറ്റിലച്ചെല്ലത്തിലെ രണ്ടു അടയ്ക്ക കഷണങ്ങൾ എടുത്തു വായിലെറിഞ്ഞു പൌലോസ് മൊഴിഞ്ഞു. “ആ‍ എനിക്കറിയില്യാ അവന്റെ കാര്യങ്ങൾ”

മറുപടിയിൽ നിരാശനായി മുറ്റത്തേക്കു ഇറങ്ങിയ മകനോടു പൌലോസ് സൂചിപ്പിച്ചു.

“ബെന്നിച്ചാ നീയാ പരീക്കപ്പാടത്തൊന്ന് നോക്ക്. ചെലപ്പോ അവനവടെ ഫുട്ബാൾ കളിക്കണ്ടാവും”

മുറ്റത്തേക്കിറങ്ങിയ ബെന്നിച്ചൻ തിരിച്ചു കോലായിൽ കയറി കയർത്തു. “അപ്പനവനെ കളിക്കാൻ സമ്മതിച്ചാ‍?”

പൌലോസ് തിണ്ണയുടെ ഒരു മൂലയിലേക്കു ഒതുങ്ങി ഇരുന്നതല്ലാതെ യാതൊന്നും പറഞ്ഞില്ല. ബെന്നിച്ചൻ ചൂടായാൽ പിന്നെ മിണ്ടിയിട്ടു കാര്യമില്ല.

“കഴിഞ്ഞ മാസം ഫുട്ബാൾ കളിച്ച് തള്ളവെരലിന്റെ പെൻസിലൊടിഞ്ഞപ്പോ എന്റെ കയ്യീന്നു കാശെത്ര്യാ പോയേന്നു അപ്പനറിയോ”

പൌലോസിന്റെ തുടർമൌനം ബെന്നിച്ചനെ കൂടുതൽ പ്രകോപിപ്പിച്ചു. “അപ്പന്റെ നാവെറങ്ങിപ്പോയാ. കാലീ ചീള്വക്കാൻ ഡോക്ടർ എന്റേന്ന് നൂറ് രൂപ വാങ്ങീത് അപ്പനറിയോന്ന്?”

അറിയാമെന്നു പൌലോസ് തലയാട്ടി സമ്മതിച്ചു. ബെന്നിച്ചൻ വർദ്ധിത വീര്യത്തോടെ ചീറി. “എന്നട്ടും അപ്പനവനെ കളിക്കാൻ സമ്മതിച്ചാ”

Read More ->  കേരള സാഹിത്യ അക്കാദമി അവാർഡ്

പൌലോസ് കൈ മലർത്തി. “ഞാൻ പറഞ്ഞാ അവൻ കേക്കണ്ടെ ബെന്നിച്ചാ. നീയൊന്ന് നോക്ക്”

അപ്പന്റെ അനുമതി കിട്ടിയതും ബെന്നിച്ചൻ വേലിയിലെ കൊന്നപ്പത്തൽ ഒടിച്ച്, ഇലകൾ തൂർത്തു കളഞ്ഞു പരീക്കപ്പാടത്തേക്കു കുതിച്ചു. പൌലോസിന്റെ ഇളയ പുത്രൻ ഷൈജുവിന്റെ പന്തുകളി ഭ്രമമാണ് ഈവിധ അസ്വാരസ്യങ്ങളുടെ മൂലകാരണം. നല്ല ചുള്ളത്തി പെൺ‌കൊച്ചുങ്ങൾ വരുന്ന കൊരട്ടിപ്പള്ളിയിലെ ബൈബിൾ ക്ലാസ് കട്ടുചെയ്യാനും, ഏത്തപ്പഴം പുഴുങ്ങിയത് നെയ്യിലിട്ടു വറുത്തത് തിന്നാതിരിക്കാനും ഷൈജു തയ്യാറാണ്. പക്ഷേ എല്ലാ വൈകുന്നേരവും പരീക്കപ്പാടത്ത് ഫുട്ബാൾ കളിക്കാതിരിക്കാൻ പുള്ളിക്കാകില്ല. അത്ര വലിയ പന്തുകളി ഭ്രാന്തൻ. ഫുട്ബാൾ കളി വശമില്ലാത്ത ബെന്നിച്ചൻ ഷൈജുവിന്റെ ഫുട്ബാൾ സ്വപ്നങ്ങൾക്കു മീതെ എന്നുമൊരു കരിനിഴലാണ്.

ഷൈജുവിനെ അന്വേഷിച്ചു ബെന്നിച്ചൻ പായുന്നതു കണ്ടാണ് ചാത്തൻ മാഷ് പടി കയറി വന്നത്. “എങ്ങടാ പൌലോസേ ബെന്നി പാഞ്ഞ് പോണെ”

ചാത്തൻമാഷിനെ കണ്ടപ്പോൾ ബെന്നിച്ചൻ കെടുത്തിക്കളഞ്ഞ ഉത്സാഹം പൌലോസിനു തിരിച്ചുകിട്ടി.

“അവൻ ഷൈജൂനെ തെരക്കി പരീക്കപ്പാടത്ത് പോണതാ. കഴിഞ്ഞമാസം പന്തുകളിച്ച് ഷൈജൂന്റെ ‌വെരലൊടിഞ്ഞു. ഇനി കളിക്കില്ലെന്ന ഒറപ്പീ ബെന്ന്യാ കാശെറക്കി ചീളുവച്ചെ. പക്ഷേ ഇന്നിപ്പോ അവൻ പിന്നേം കളിക്കാൻ പോയീന്നാ തോന്നണേ”

ചാത്തൻമാഷ് പൌലോസിനെ തടസ്സപ്പെടുത്തി.

“ഷൈജൂ റേഷൻ കടേല്ണ്ടല്ലാ. സന്തോഷിന്റെ കൂടെ റമ്മി കളിക്കാണ്”

പൌലോസ് ഞെട്ടി. “സത്യാ?”

“അതേന്ന്. ഞാനിപ്പോ അവടന്നല്ലേ വരണെ. പിന്നെ പൌലോസേ ഞാൻ മിനിഞ്ഞാ‍ന്നു ഷൈജൂനോട് പന്തുകളി കൊറക്കണന്നു പറഞ്ഞണ്ട്. ഗുണം ഇണ്ടാവേരിക്കും”

പൌലോസിനു ആശ്വാസത്തോടൊപ്പം അങ്കലാപ്പുമുണ്ടായി. “അത് നന്നായി. പക്ഷേ കൊറച്ചുമുമ്പ് ബെന്നീനെ കുത്തിപ്പൊക്കി പാടത്തേക്ക് വിട്ടത് ഞാനാ. ഇനീപ്പോ അവടെക്കാണാണ്ട് തിരിച്ചുവരുമ്പോ എനിക്കിട്ട് മെക്കിട്ട് കേറും”

പൌലോസ് ചാത്തൻ‌മാഷിനു നേരെ വെറ്റിലച്ചെല്ലം നീക്കിവച്ചു. വെറ്റിലയുടെ ഞെട്ടുനുള്ളി, ചുണ്ണാമ്പ് തേക്കുമ്പോൾ മാഷ് അന്വേഷിച്ചു. “എവിടന്നാ ഈ വെറ്റ്‌ല. നല്ല നെറം”

“വർക്കി കൊണ്ടന്നതാ. എവിടന്നാന്ന് എനിക്കറീല്ല”

വെറ്റില വായിൽ തിരുകിയ ചാത്തൻമാഷിനു നേരെ പൌലോസ് പൊകല നീട്ടി. പക്ഷേ അദ്ദേഹം നിരസിച്ചു. “വേണ്ട. പൊകല വെച്ചാ തലക്കൊരു മന്ദത പോലാണിപ്പോ. വയസായില്ലേ ഹഹഹ”

ചാത്തൻ‌മാഷ് കാര്യത്തിലേക്കു കടന്നു. “പൌലോസ് ഒരു കാര്യം ചെയ്യ്. ബെന്നീനെ പെണ്ണുകെട്ടിക്ക്. അപ്പോ അവന്റെയീ ചൂടത്തരോക്കെ മാറിക്കോളും”

“അതൊന്നും നടക്കില്ല. പള്ളീലെ അച്ചൻ ഇതൊക്കെ പറഞ്ഞതാ. ബെന്നി സമ്മതിക്കണില്ല”

“അതെന്തേ?”

“അവനിപ്പോ എന്തൂട്ടാണ്ട് കസറത്ത് പഠിച്ച്‌ നടക്കല്ലേ. യോഗാ എന്നെങ്ങാണ്ടാ പറയാ. അതിലാ ഇപ്പോ ബെന്നീടെ കമ്പം മുഴുവൻ”

നാലുമാസം മുമ്പാണ് ബെന്നിച്ചൻ ആത്മസുഹൃത്തായ ജയദേവനു ഒപ്പം കൊരട്ടിയിലെ യോഗവിദ്യാപീഠം അവിചാരിതമായി സന്ദർശിക്കാൻ ഇടയായത്. പ്രസ്തുത സന്ദർഭത്തിൽ ഒരു സന്ന്യാസി ബെന്നിച്ചന്റെ എവിടെയൊക്കെയോ പിടിച്ചു ഭയങ്കരമായി തിരുമ്മിയെന്നും, തത്‌ഫലമായി ബെന്നിച്ചനെ കാലാകാലങ്ങളായി അലട്ടിയിരുന്ന കാലുവേദന, നടുവേദന, കഴുത്ത് വേദന., തുടങ്ങിയ സകലവേദനകൾക്കും ഉടനടി ശമനമുണ്ടായെന്നുമാണ് കക്കാടിലെ സംഭാഷണം. പക്ഷേ പലചരക്കുകട ഉടമയായ പരമുമാഷ് ബെന്നിച്ചന്റെ എല്ലാ അവകാശവാദങ്ങളും പുച്ഛിച്ചു തള്ളി. “ആ സാമിയാര് ബെന്നീനെ എന്തോ കാണിച്ച് മയക്കീതാന്നാ എന്റെ ഡൌട്ട്. ശരിക്കൊള്ള കാരണം അറിയണോങ്കി കൈമളോട് ചോദിക്കണം”

നാട്ടിലെ ഊഹോപോഹങ്ങൾ എന്തൊക്കെയായാലും ആദ്യസന്ദർശനത്തിനു ശേഷം ബെന്നിച്ചൻ കടുത്ത യോഗ ഫാൻ ആയെന്നതാണ് സത്യം.

(രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


21 Replies to “കക്കാട് ബ്രദേഴ്സ് – 1”

  1. കക്കാട് ദേശത്ത് ആകെയുള്ള രണ്ട് ക്രൈസ്തവത്തറവാടുകളില്‍ ഒന്നാണ് കണ്ണമ്പിള്ളി വീട്ടുകാര്‍. ഒരു ചുമലില്‍ മരച്ചീനി കുത്തിനിറച്ച പ്ലാസ്റ്റിക് ചാക്കേന്തി മറുകയ്യില്‍ ഭാരമളക്കാനുള്ള വെള്ളിക്കോല്‍ പിടിച്ച് വരുന്ന കണ്ണമ്പിള്ളിത്തറവാട്ടിലെ കാരണവരായ ലോന എന്റെ കുട്ടിക്കാലത്തെ അല്‍ഭുതദൃശ്യങ്ങളില്‍ ഒന്നായിരുന്നു. ചാഞ്ഞും ചെരിഞ്ഞും അനങ്ങാതെ നില്‍ക്കാന്‍ മടിയുള്ള വെള്ളിക്കോല്‍ എന്നും എന്റെ പിഞ്ചുമനസ്സില്‍ ജനിപ്പിച്ചിരുന്ന അത്ര ആശ്ചര്യം മറ്റൊന്നും ഉളവാക്കിയിട്ടില്ല. അവ ഉപയോഗിച്ച് ചെറുഭാരമളക്കാന്‍ കിട്ടുന്ന എല്ലാ അവസരവും എനിക്ക് സന്തോഷദായകങ്ങളായിരുന്നു.

    മണ്‍മറഞ്ഞ് പോയിട്ടും അദ്ദേഹത്തെപ്പറ്റിയുള്ള ചില ഓര്‍മകള്‍ എന്നെ കൈവിട്ടിട്ടില്ല. മരച്ചീ‍നി വില്പന, ആദ്യംകാണുമ്പോല്‍ കിട്ടുന്ന തുടയിലെ നുള്ളല്‍, പടമാന്മാരുടെ വാട്ടര്‍ടാങ്കില്‍ ഇദ്ദേഹത്തിന്റെ വിസ്തരിച്ചുള്ള കുളി… അങ്ങിനെയങ്ങിനെ.

    കക്കാടിന്റ് എപുരാവൃത്തങ്ങളില്‍ ഇത്തവണ കണ്ണമ്പിള്ളി ലോനയുടെ മൂത്തപുത്രന്‍ പൌലോസിന്റെ ഊഴം.. രണ്ട് ഭാഗങ്ങളായി പബ്ലിഷ് ചെയ്യാനിരിക്കുന്ന കണ്ണമ്പിള്ളി ബ്രദേഴ്സിന്റെ ആദ്യഭാഗം.

    എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

    ഓഫ്: കുറച്ച് നാളത്തെ വരള്‍ച്ചക്ക് ശേഷം എനിക്ക് ഈ റിസഷന്റെ സമയത്ത് തന്നെ ഒരു പുതിയ വര്‍ക്ക് കിട്ടിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. അത്കൊണ്ട് തന്നെ സമയം കുറച്ച് കുറവാണ്. പറ്റാവുന്നത്ര എഴുതും. എല്ലാ മാസവും ഒരു പോസ്റ്റെങ്കിലും പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കാം. 🙂

  2. പഴയ പോലെ കാണാറില്ലെങ്കിലും വൈകുന്നേരങ്ങളില്‍ മധുര ബാറില്‍ നിന്നും ഇറങ്ങുന്ന വല്യപ്പന്മാര്‍ ഇന്നും വൈകുന്നേരങ്ങളില്‍ കൊരട്ടിയിലെ സ്ഥിരം കാഴ്ചയാണ് അല്ലേ?

  3. സുനില്‍ ജീ..

    ഒരു ചെറിയ സംഭവം എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത് അതും നാട്ടുഭാഷയുടെ ഭംഗിയോടെ..

    ഈ ഓസീന്‍ കമ്പനി അത് ഓട്ടു കമ്പനിയാണൊ?

    ബെന്നിയുടെ തിരിച്ചുവരവോര്‍ക്കുന്ന പൌലോസച്ചായന്റെ ഞെട്ടല്‍, ഞാന്‍ ചിരിച്ചുപോയി ആ രംഗമോര്‍ത്ത്.

    തുടരട്ടെ ഈ യാത്ര.. ജോലിയിലും ശ്രദ്ധ നല്‍കൂ..

  4. ചാത്തന് : ഈ പോസ്റ്റിന്റെ തുടക്കം കണ്ടാല്‍ ധാരാളം നീളമുള്ള ഒന്നാണെന്ന് തോന്നുമോ? സത്യത്തില്‍ ഞാന്‍ ഈ പോസ്റ്റിന്റെ 45 ശതമാനത്തോളം എഴുതിക്കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്.

    കഥ എന്ന ഗണത്തില്‍ പെടുത്താവുന്നതാണോ എന്റെ പോസ്റ്റുകള്‍ എന്ന കാര്യത്തില്‍ എനിക്ക് സ്സന്ദേഹമുണ്ട്. അറിവുള്ളവര്‍ പറയട്ടെ. ഒരു മാസമൊന്നും വെയിറ്റ് ചെയ്യിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം. 🙂

    കുഞ്ഞന്‍ ഭായ് : ഓസീന്‍ എന്നത് മൃഗങ്ങളുടെ എല്ലില്‍ നിന്ന് സംസ്കരിച്ചെടുക്കുന്ന ഒരു പ്രോഡക്ട് ആണ്. ഓട്ട്കമ്പനിയല്ല ഓസീന്‍ കമ്പനി. 🙂

    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  5. സുനീ… ചാത്തന്‍ പറഞ്ഞ അതേ കാര്യം ഞാനും എഴുതണമെന്ന് കരുതിയിരുന്നതാ… ഈ പോസ്റ്റ് മോശമായെന്നല്ല ചാത്തന്‍ ഉദ്ദ്ദേശ്ശിച്ചത് എന്നെനിയ്ക്കു മനസ്സിലായി. ഈ ഒന്നാം ഭാഗത്തില്‍ നീ എഴുതാന്‍ ഉദ്ദ്ദേശിയ്ക്കുന്ന സംഭവത്തിന്റെ/കഥയുടെ പ്രസക്തമായ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല എന്നായിരിയ്ക്കണം. കണ്ണമ്പിള്ളിക്കാരെ മൂന്നു പേരെ പരിചയപ്പെടുത്താനായി എന്നതോടെ തലക്കെട്ടും ഈ പോസ്റ്റുമായുള്ള ബന്ധം അവസാനിച്ചു. കഥയുടെ മര്‍മ്മം എന്താണെന്ന് ഈ ഒരു പോസ്റ്റോടേ വാ‍യനക്കാര്‍ക്ക് പിടി കിട്ടാനിടയില്ല. നീ എന്താണ് പറഞ്ഞു വരുന്നതെന്ന് എനിയ്ക്കും പിടി കിട്ടിയിട്ടില്ല. ഇനിയും പറയാനിരിയ്ക്കുന്നതേയുള്ളൂ എന്നാണ് എനിയ്ക്കും തോന്നിയത്.

  6. ശോഭീ : ചാത്തനും നീയും പറഞ്ഞത് 99 ശതമാനവും സത്യമാണ്. ഞാന്‍ പോസ്റ്റിന്റെ മെയിന്‍സ്ട്രീമിനെ ഒന്ന് തലോടിയിട്ടേയുള്ളൂ ഈ ഒന്നാം ഭാഗത്തില്‍.

    അതാണ് യോഗ!!!

    കണ്ണമ്പിള്ളി ഫാമിലിക്കാരെ പരിചയപ്പെടുത്തല്‍ മാത്രമല്ല അവരുടെ സ്വഭാവവിശേഷണങ്ങളും വായനക്കാര്‍ക്ക് കുറച്ചൊക്കെ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. അങ്ങിനെയൊരു പരിചയപ്പെടുത്തലിന് ഞാന്‍ മറ്റ് സംഭവങ്ങലെ ആശ്രയിച്ചിട്ടുണ്ട്.

    പോസ്റ്റിന്റെ ടോപിക് അടുത്ത ഭാഗത്തില്‍ (ചിലപ്പോള്‍ അവസാനത്തേതും) കൂടുതലായി വരും.
    തുറന്ന് പറച്ചിലിന് നന്ദി.
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

    ഓഫ്: സങ്കുചിതനും ഈ അഭിപ്രായം പറഞ്ഞിരുന്നു. 🙂

  7. കഥയില്ലേലും കഥനം നന്നായി സുനിലേ. വായിച്ചു പോകാന്‍ രസമുണ്ട്. ചാത്തന്‍ പറയുന്നത് നോക്കേണ്ട. ഭായി എഴുതു ഭായി.

    ഒരു നോവല്‍ എഴുതാനുള്ള എന്റെ ആഗ്രഹം മുളയിലേ നുള്ളിയവനാ ചാത്തന്‍. ചാത്താ ഞാന്‍ തിരിച്ചു വരുന്നുണ്ട് ആ നോവലും കൊണ്ട് 🙂

    -സുല്‍

  8. ഒരു തിരക്കഥ വായിക്കുന്ന സുഖമുണ്ട് സുനിലേ.. ഇനി വരുന്ന ഭാഗങ്ങളില്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുന്നുണ്ട്. കഥയില്ലെങ്കിലും(?) ആഖ്യാനം വളരെ നന്നായിട്ടുണ്ട്. ഒരു പത്മരാജന്‍ / സത്യന്‍ അന്തിക്കാട് സിനിമാ ദൃശ്യങ്ങള്‍ പോലെ കഥ മനസ്സില്‍ ദൃശ്യമായോടുന്നു 🙂

    (ആദ്യ ദിവസം വായിച്ചെങ്കിലും അഭിപ്രായം പറയാന്‍ സാധിച്ചത് ഇന്നാണ്)

  9. നന്ദന്‍ ഭായിക്ക് :

    എന്തോ വലുത് സംഭവിക്കാന്‍ പോകൂന്നെന്ന തോന്നല്‍ ഉളവാക്കുന്നു

    ആ തോന്നലുകള്‍ക്കൊപ്പം ഉയരാനാകണേ എന്ന പ്രാര്‍ത്ഥന എന്റെ മനസ്സില്‍.

    സത്യന്‍!(പോരാതെ പപ്പേട്ടന്‍!!!)

    എന്റീശ്വരാ! അത്രയൊന്നും വേണ്ട മാഷെ. അറ്റ്ലീസ്റ്റ് നന്ദന്‍ ഭായിയുടെ സിനിമയിലെങ്കിലും ഒരു തിരക്കഥ എഴുതാന്‍ പറ്റിയാല്‍ മതി. 😉

    🙂
    ഉപാസന

  10. കഥാകഥനരീതിയുടെ മികവു കൊണ്ടാവാം, ഞാനിതു വായിക്കുകയാണെന്നു വൈകിയാണു റിയലൈസ് ചെയ്തത്. കാണുകയായിരുന്നു, കാര്യങ്ങളൊക്കെ. ഇഷ്ടമായി കഥനം

  11. തുടക്കവും കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും നന്നായി , സുനില്‍.ബാക്കി ഭാഗങ്ങള്‍ കൂടി പോരട്ടെ.

  12. ചാത്തു സാറിന് : അയ്യോ! ഞാന്‍ പറഞ്ഞില്ലായിര്‍ന്നോ? ഉവ്വെന്നായിരുന്നു മനസ്സില്‍ വിചാരം. 🙁
    ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്. നോക്കൂ 🙂

    പിന്നെ സൈമണ്‍ അല്ലല്ലോ..? ജോയിയാണ് വരുന്നത്. പക്ഷേ കൂ‍ടുതല്‍ പ്രാധാന്യം ബെന്നിച്ചന് തന്നെ. 🙂

    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  13. സുനില്‍ ഭായ്,
    മനസ്സിൽ ഈ പുരാവൃത്തങ്ങള്‍ മിന്നിമറയുന്നു,തീർച്ചയായും ഭാവിയിലെ ഒരു കുഞ്ഞു പപ്പേട്ടനാവാനുള്ള ചാൻസുണ്ടു!കണ്ണമ്പിള്ളി ബ്രദേഴ്സ് – 1 ഇഷ്ടമായി!!!111

അഭിപ്രായം എഴുതുക