ഈ ബ്ലോഗ്ഗറെ അറിയുമോ ?

ആവി പൊങ്ങുന്ന ഒരു കുറ്റി പുട്ടിന് മുന്നില്‍ ഫുള്‍കൈ തെറുത്ത് കയറ്റി ഇരിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അച്ചായനോട് “ന്യൂസ് പേപ്പറെട് ദേവസ്യേ” എന്ന മട്ടില്‍ ആഗ്യം കാണിച്ചു. ഫ്രന്റ് പേജില്ലാതെയാണെങ്കിലും ബാംഗ്ലൂര്‍ പ്രാദേശിക വാര്‍ത്തകള്‍ ഉള്ള പേജ് കിട്ടി. ഫ്രന്റ് പേജ് വേറൊരുത്തന്‍ വെട്ടി വിഴുങ്ങാണ്. അന്നേരം അവന്റെ ആ ഇരിപ്പ് എനിയ്ക്കൊട്ടും രസിച്ചില്ല. പത്രം വായിക്കാന്‍ ഭയങ്കര ആക്രാന്തം പോലെ.

പുട്ടിന്റെ ചൂട് കുറക്കാനായി മൂന്ന് ഭാഗങ്ങളായി ഭാഗിച്ച് അതിന്റെ നടുഭാഗം ജരാസന്ധന്റെ ബോഡിയെ ഭിമന്‍ പിളര്‍ത്തിയ പോലെ രണ്ടാക്കിവെച്ചു. ചൂടുള്ള പുട്ടായതിനാല്‍ നല്ല മാര്‍ദ്ദവം. ഇടയില്‍ വയ്ക്കാറുള്ള തേങ്ങാപ്പീര തപ്പി നടക്കുന്നതിനിടയില്‍ ഞാന്‍ അച്ചയനെ കൈയാട്ടി വിളിച്ചു. കൂടെ സഹധര്‍മ്മിണിയും അടുത്തെയ്ക്ക് വന്നു.

“അച്ചായനാണല്ലേ ഇന്ന് പുട്ട്ണ്ടാക്ക്യെ..?

പുള്ളി അല്‍ഭുതപരതന്ത്രയായി.
വൈഫിനെ കൈ ചൂണ്ടിയിട്ട് കാച്ചി.

“അതാ. ഇവള് പുട്ട്ണ്ടാക്ക്യാ ഒരു വക്യാ. തേങ്ങൊന്നും കാര്യായി ഇടില്ലാ.”

ഞാന്‍ പെട്ടെന്ന് മുന്നിലെ പ്ലേറ്റിലെ പുട്ടിലേക്ക് തുറിച്ചു നോക്കി.

“എന്നിട്ട് എവിടെ തേങ്ങപ്പീര..? ഞാന്‍ ഒരു പകലന്ധനും കൂടി ആയോ”

ഒരു പിടി പുട്ട് വാരി വായിലിട്ട് പ്രാദേശിക കോളത്തിലേക്ക് ദൃഷ്ടി പായിച്ച ഞാന്‍ പെട്ടെന്ന് ജാകരൂകനായി. ബാംഗ്ലൂര്‍ ബുക്ക് ഫെസ്റ്റിവല്‍..!

കഴിഞ്ഞ രണ്ട് കൊല്ലവും പോയി പുസ്തകം വാങ്ങി മുടിഞ്ഞത് ആരുടെയോ കയ്യീന്ന് കടം വാങ്ങിയ കാശു കൊണ്ടാണ്. അത് കൊണ്ട് ഇത്തവണ ഈ പരിപാടിയങ്ങ് വിട്ട് കളയാമെന്ന് പെട്ടെന്ന് തീരുമാനിച്ചു.

പക്ഷേ ഉച്ചയായപ്പോള്‍ എന്തോ മനം മാറ്റം. അടുത്ത ഫെസ്റ്റിവലിന് നമ്മളിവിടെ ഉണ്ടാകുമോ എന്ന് ആരറിഞ്ഞു. അത് കൊണ്ട് ഫെസ്റ്റിവലിന് പോകണ്ട എന്ന മുന്‍തീ‍രുമാനം പെട്ടെന്ന് തിരുത്തി. ‘വെറുതെ ഒന്ന് പോയി ചുറ്റിക്കറങ്ങാമെന്നും വാങ്ങിക്കേണ്ടി വന്നാല്‍ മാക്സിമം ഒരു എഴുപത്തഞ്ച് രൂപയില്‍ കൂടുതല്‍ ഒന്നും വാങ്ങണ്ട എന്ന തീരുമാനത്തില്‍മേല്‍ വൈകീട്ട് നാല് മണിയോടെ ഞാന്‍ ഫെസ്റ്റിവലിന് ഇറങ്ങി.

ശിവാജി നഗറീന്ന് നേരെ മേക്രി സര്‍ക്കിളിലേയ്ക്ക് പോയ ഞാന്‍ ബസ് ഇറങ്ങീത് യശ്വന്തപുരത്തിനടുത്ത്. എന്താ കഥ. തിരിച്ച് ടിക്കറ്റ് എടുക്കാതെ മേക്രി സര്‍ക്കിള്‍ വരെ കള്ളവണ്ടി കയറി. ഇരുപത് രൂപ അടച്ച് ഫെസ്റ്റിവല്‍ ഹാളില്‍ കയറി. ബാഗ് കയ്യിലുണ്ടെങ്കില്‍ കോളേജ് ചെക്കനാന്ന് പറയാമായിരുന്നെങ്കിലും ചെക്കപ്പ് ചെയ്താല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് ആ റിസ്കിന് പോയില്ല.

ഡി‌സി ബുക്ക്സിന്റെ സ്റ്റാളിന് അടിത്തെത്തിയപ്പോള്‍ പൊട്ടിക്കാനായി ഇനിയും ബുക്ക് കെട്ടുകള്‍ കിടക്കുകയാണ്. കണ്ണട വെച്ച ഒരുത്തനെ കരിമ്പനാല്‍ ബില്‍ഡിങ്ങിലോ ചിറ്റൂര്‍ റോഡിലോ കണ്ട ഒരോര്‍മ്മ. എന്റെ കച്ചറ വേഷം കണ്ടത് കൊണ്ടാ‍കണം സ്റ്റാളിലെ സ്റ്റാഫുകള്‍ മൈന്‍ഡ് ചെയ്തതേയില്ല. ഇടയ്ക്ക് “കൊടകരപുരാണം“ അന്വേഷിച്ചപ്പോള്‍ അത് വന്നിട്ടില്ല എന്ന് മറുപടിയും കിട്ടി.

Read More ->  ജോണ്‍ പോള്‍ : പാളം തെറ്റുന്ന 'പാളങ്ങള്‍'

പാറപ്പുറത്തിന്റെ “അര നാഴിക നേരം“ കണ്ടപ്പോള്‍ കുഞ്ഞോനാച്ചനെ ഓര്‍മ്മ വന്നു. മനസ്സിനൊരു ചാഞ്ചാട്ടം. പണ്ട് വായിച്ചതാണെങ്കിലും ഒക്കെ മറന്ന് പോയി. അതിന്റെ വില നോക്കിയപ്പോള്‍ എഴുപത്തഞ്ച് എന്നുള്ള ക്വോട്ടാ ഞാന്‍ ഇത്തിരി കൂട്ടി നൂറ്റിപ്പത്ത് ആക്കി. “മാറ്റാത്തി“ കണ്ടപ്പോള്‍ അത് പിന്നേയും കൂടി. ഒരു വടക്കന്‍ വിരഗാഥയുടെ തിരക്കഥ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ചേട്ടന്റെ കൊച്ചിന്റെ പേരിടലിന് പോകാനായി സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് പുസ്തകം വാങ്ങി മുടിഞ്ഞു. പിറ്റേന്ന് രാജുമോന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങി വീട്ടിപ്പോയി.

മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തി ഹോട്ടലില്‍ പൂരിയ്ക്ക് വെയിറ്റ് ചെയ്യുന്ന വേളയില്‍ ദേവസ്സി അച്ചായന്‍ പേപ്പറിന്റെ ഒരു പേജ് മാത്രം അലക്ഷ്യമായി മുന്നിലേക്കിട്ടു. ദീപസ്തംഭം മഹാശ്ചര്യം!

അതാ പത്രത്തില്‍ പരിചിതമായ ഒരു മുഖം. ക്യാമറയും കൊണ്ട് വന്നവരോട് ‘നോ പ്രസ്സ്, നോ പ്രസ്സ്’ എന്ന് പറഞ്ഞ് കര്‍ശനമായി വിലക്കിയതാണ്. എവിടെ കേള്‍ക്കാന്‍?. നമ്മുടെ മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്ന് മുറവിളി ഉയരുന്നതില്‍ കാര്യമുണ്ടെന്ന് ഞാനും അപ്പോള്‍ മനസ്സിലാക്കി.


പത്രത്തിലെ ഫോട്ടോയില്‍ ഏത് ബ്ലോഗ്ഗര്‍ ആണെന്ന് ഊഹിക്കാനായി ഒന്ന് രണ്ട് ക്ലൂസ് തരാം.

1. എസ്.എസ്.എല്‍.സി ബുക്കില്‍ വ്യക്തിയെ തിരിച്ചറിയാനുള്ള അടയാളമായി എഴുതിച്ചേര്‍ത്ത “ഇറക്കി വെട്ടിയ, വീതുളി പോലത്തെ ചെന്നി“ (ആരും തര്‍ക്കിക്കാന്‍ വരരുത്!!! പിള്ളേച്ചന്‍ സര്‍ട്ടിഫൈ ചെയ്തതാണ്. അതില്‍ കൂടിയ അംഗീകാരമൊന്നും നിലവില്‍ ഇല്ല)

2. ഒമ്പത് വര്‍ഷത്തെ സ്തുതര്‍ഹ്യ സേവനത്തിനുടമായ ‘സൊണാട വാച്ച്‘ (ഇനിയൊരു ഒമ്പത് കൊല്ലം കൂടി ഉപയോഗിക്കാനുള്ളതാണ്. ആരും കണ്ണ് വക്കരുത്).

3. പേഴ്സ് തുറക്കുമ്പോള്‍ തന്നെ കാണാന്‍ പറ്റുന്ന ശബരീശന്റെ ഫോട്ടോ.

ഇനി പറയൂ. ആരാണീ ബ്ലോഗ്ഗര്‍..?


Featured Image Credit: – http://cpatheatricals.org/2015/blog-who-is-this-larry-little/

അഭിപ്രായം എഴുതുക