ചെറുവാളൂര്‍ ഗബ്രെസെലാസി

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ജനുവരിയിലെ തണുത്ത പ്രഭാതം. കാലത്തെഴുന്നേറ്റു പല്ലുതേച്ചു, അപ്പുക്കുട്ടൻ പത്രവായനക്കു പരമു മാഷിന്റെ പീടികയിലേക്കു നടന്നു. മുൻ‌പേജിൽ പ്രതീക്ഷിച്ച വാർത്ത തന്നെ. കരുണാകരൻ ഇൻ ആക്ഷൻ. തലക്കെട്ടിനു താഴെയുള്ള ചിത്രത്തിൽ കൊച്ചി മറൈൻ ‌ഡ്രൈവിലെ ജനസാഗരത്തെ സാക്ഷി നിർത്തി പീതാംബരക്കുറുപ്പ് ‘ഐ‘ ഗ്രൂപ്പിന്റെ ഉദയം തൊട്ടുള്ള കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് കത്തിക്കയറുന്നു. വേദിയുടെ മധ്യഭാഗത്തു, വലിയ കസേരയിൽ കുറുപ്പിന്റെ വെടിക്കെട്ട് ആസ്വദിച്ചു കേരള രാഷ്ട്രീയത്തിലെ ലീഡർ, സ്വതസിദ്ധ രീതിയിൽ കണ്ണിറുക്കിച്ചിരിച്ച് ഇരിക്കുന്നു. രാഷ്ട്രീയത്തിൽ തൽ‌പരനല്ലാത്തതിനാൽ വാർത്ത ഒന്നോടിച്ചു നോക്കി അപ്പുക്കുട്ടൻ കായികം പേജിലേക്കു പറന്നു. അവിടെ അൽഭുതപ്പെടുത്തുന്ന തലക്കെട്ട്.

വീണ്ടും സെലാസി!

അറ്റ്ലാന്റ ഒളിമ്പിൿസിൽ പതിനായിരം മീറ്ററിൽ ഏത്യോപ്യയുടെ ഹെയ്‌ലി ഗബ്രസെലാസി ഫൈനലിൽ എത്തിയെന്നതായിരുന്നു കായികം പേജിലെ പ്രധാനവാർത്ത. ഈ കൊല്ലത്തെ സെലാസിയുടെ നാലാമത്തെ ഫൈനലാണത്രെ. പങ്കെടുത്ത എല്ലാ മീറ്റിലും ഒന്നാമത്. ഇപ്പോൾ ഒളിമ്പിൿസിലും. അപ്പുക്കുട്ടൻ കുറച്ചു നാളുകളായി സെലാസിയുടെ ആരാധകനാണ്. ദരിദ്രരാജ്യങ്ങളായ ഏത്യോപ്യയെയും കെനിയയേയും മറ്റും ലോക‌ അത്‌ലറ്റിക്സ് ഭൂപടത്തിൽ രേഖപ്പെടുത്തുന്നത് അവരുടെ ദീർഘദൂര ഓട്ടക്കാരാണ്. മെലിഞ്ഞ കാലുകളും ശരീരവും പ്രദർശിപ്പിച്ചു സെലാസിയും കൂട്ടരും ഓടുമ്പോൾ അതിനു പ്രത്യേക ലക്ഷ്യമുണ്ട്. വിജയിയായ ശേഷം ആരാധകർക്ക് ചുംബനം എറിഞ്ഞു കൊടുക്കുമ്പോഴും തന്റെ രാജ്യത്തിന്റെ അവസ്ഥയോർത്തു സെലാസി വേദനിക്കുന്നുണ്ടായിരിക്കണം. പ്രതികൂല അവസ്ഥകളോട് പോരടിച്ച്‌ വന്നു വിജയിയാകുന്ന സെലാസിക്ക് അപ്പുക്കുട്ടന്റെ മനസ്സിൽ തികഞ്ഞ ഹീറോ പരിവേഷമായിരുന്നു. പത്രവായന കഴിഞ്ഞു വീട്ടിലെത്തി കുളിച്ച് അപ്പുക്കുട്ടൻ സ്കൂളിലേക്കു നടന്നു.

ക്ലാസിൽ എത്തുന്നതിനു മുമ്പേ, സ്കൂൾ ഗ്രൗണ്ടിൽ കുമ്മായം കൊണ്ടു ട്രാക്ക് വരയ്ക്കുന്നവരെ കണ്ടു. നാളെ മുതൽ രണ്ടു ദിവസം സ്കൂൾ സ്‌പോർട്‌സ് ഡേ ആണ്. ഒളിമ്പിൿസിനു ഇടയിൽ തന്നെ സ്കൂൾ കായികദിനവും. അതിനൊരു പ്രത്യേക ത്രിൽ തോന്നി. ക്ലാസ്സിൽ കയറണ്ടെന്നു തീരുമാനിച്ച് അപ്പുക്കുട്ടൻ ട്രാക്ക് വരക്കുന്നവർക്കു അരികിലേക്കു നടന്നു.

വാളൂർ സ്കൂൾ ഗ്രൗണ്ടിനു മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്താരമുണ്ട്. മൈതാനത്തിന്റെ, പിഷാരത്ത് അമ്പലത്തിനോട് ചേർന്ന ഭാഗം ‘ബ്രദേഴ്‌സ്’ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൌണ്ട് ആണ്. മറുഭാഗത്തു ക്രിക്കറ്റ് ഗ്രൗണ്ടും, വോളിബോൾ – ബാസ്കറ്റ് ബോൾ കോർട്ടുകളും. ക്രിക്കറ്റ് കളി മാത്രമേ സജീവമായുള്ളൂ. ക്രിക്കറ്റ് കളിക്കുന്നവരിൽ പ്രധാനികൾ കുലയിടത്തെ ബ്ലൂമാക്സ് ടീമംഗങ്ങളാണ്. മഴയായാലും മഞ്ഞായാലും എല്ലാ ശനിയും ഞായറും വെളുപ്പിനു ആറുമണി മുതൽ പത്തുമണി വരെ അവർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമെന്നത്, സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന പോലെ സുനിശ്ചിതമാണ്. വേനലവധിക്കു അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും ഗ്രൌണ്ടിൽ സംഘടിപ്പിക്കാറുണ്ട്. കെങ്കേമമായി തന്നെ. തുടർച്ചയായ ദിവസങ്ങളിൽ കളികൾ നടത്തുന്നതിനു പകരം ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ കളികൾ ഉണ്ടാകൂ. അതിനാൽ ടൂർണമെന്റിന്റെ ദൈർഘ്യം രണ്ടു മാസമാണ്. ക്രിക്കറ്റ് ഗ്രൌണ്ടിന്റെ ഒരു വശത്താണ് വോളിബോൾ, ബാസ്കറ്റ്‌ബോൾ കോർട്ടുകൾ. സൗകര്യമുണ്ടെങ്കിലും ആരും ഈ ഗെയിമുകൾ കളിക്കാറില്ല. ഫുട്ബാളിൽ നിന്നു യുവാക്കളുടെ ശ്രദ്ധ മാറാതിരിക്കാൻ വോളിബോൾ കളിക്കു അപ്രഖ്യാപിത വിലക്കുണ്ട്. വാളൂരിന്റെ പ്രധാന വിനോദം ഫുട്‌ബോൾ ആണ്. കുലയിടത്തിന്റേത് ക്രിക്കറ്റും.

മൈതാനത്തിൽ ട്രാക്ക് വരയ്ക്കാൻ മുപ്പതോളം പേരുണ്ട്. മൂന്നു സംഘങ്ങളായി വേർതിരിഞ്ഞാണ് പണി. ഗ്രൗണ്ടിലുള്ളവർക്കു നിർദ്ദേശങ്ങളുമായി സന്തോഷ് സാർ എല്ലായിടത്തും ഓടി നടക്കുന്നു. ആറടിയോളം ഉയരമുള്ള ഒരു ചുള്ളനാണ് സന്തോഷ് സാർ. കട്ടിമീശ. നടന്‍ മുരളിയെപ്പോലെ കനത്ത ശബ്ദം. ടിപ്‌ടോപ് വേഷം. ഒരു മിനിറ്റിൽ ഒരു തവണയെങ്കിലും കൈകൊണ്ട് ബെല്‍റ്റ് തപ്പി നോക്കും, എല്ലാം ഭദ്രമല്ലേ എന്നറിയാന്‍. വസ്ത്രധാരണത്തില്‍ നല്ല ശ്രദ്ധയാണ്.

വെയിലത്ത് നടന്ന് തളർന്നപ്പോൾ, പുളിച്ചുവട്ടിൽ ഇരിക്കുന്ന അപ്പുക്കുട്ടനും സംഘത്തിനും അടുത്തേക്കു സന്തോഷ് സാർ വന്നു. ഒരു തണുത്ത സോഡ കുടിച്ച്, മുഖം കഴുകി. പുളിച്ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ചാരിനിന്ന് സാർ ചോദിച്ചു.

“അപ്പു ഏതു ഹൗസിലാ?”

സാർ ചോദിക്കാൻ പ്രത്യേക കാരണമുണ്ട്. സബ് ജൂനിയർ ബോയ്സിലെ 100, 200, 400 എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഉറപ്പുള്ള മൽസരാർത്ഥിയാണ് അപ്പുക്കുട്ടൻ. ഹൗസിനു പത്തു പോയിന്റെങ്കിലും നേടിക്കൊടുക്കുമെന്നു ഉറപ്പിച്ചു പറയാവുന്ന അത്‌ലറ്റ്.

അപ്പുക്കുട്ടൻ പറഞ്ഞു. “യെല്ലോ ഹൗസ്”

ബൈക്കിന്റെ മിററില്‍ സ്വന്തം സൌന്ദര്യം ആസ്വദിച്ച് സാർ പ്രവചിച്ചു.

“ഇത്തവണ ട്രോഫി കിട്ടാന്‍ കൂടുതൽ സാദ്ധ്യത യെല്ലോവിനാണ്… രാജീവനില്ലേ!”

അപ്പുക്കുട്ടൻ ശരിയാണെന്നു തലയാട്ടി. കുറച്ചു സമയം വിശ്രമിച്ച ശേഷം സാർ വീണ്ടും ഗ്രൗണ്ടിലിറങ്ങി.

കഴിഞ്ഞ ആഴ്ചയാണ് സ്പോർട്സ് ഡേയ്ക്കു കുട്ടികളെ തിരഞ്ഞെടുക്കാൻ ഹൗസ്‌ ക്യാപ്റ്റന്‍‌മാരെയും കൂട്ടി സന്തോഷ് സാർ ക്ലാസിൽ വന്നത്. റെഡ്‌ ഹൗസിന്റെ ജോജുവും, യെല്ലോ ഹൗസിന്റെ രാജീവനുമായിരുന്നു പ്രധാന ക്യാപ്റ്റന്മാർ. ആദ്യ ഊഴത്തിൽ ജോജു ക്ലാസിലെ സീനിയറായ കക്കാട് സുധീഷിനെ വിളിച്ചു. രാജീവൻ ആദ്യത്തെ വിളിയിൽ അപ്പുക്കുട്ടനേയും. പത്ത് പോയന്റിന്റെ മൂല്യം.

കഴിവും കരുത്തുമുള്ള ക്യാപ്റ്റന്റെ ടീമിൽ അംഗമാവുക ഏതൊരു അത്‌ലറ്റിന്റേയും സ്വപ്നമാണ്. അത് സഫലമായതിൽ അപ്പുക്കുട്ടൻ സന്തോഷിച്ചു. കാരണം വാളൂർ – പുളിക്കകടവ് ബസ്‌സ്റ്റോപ്പിനടുത്തു താമസിക്കുന്ന രാജീവൻ ചെറുവാളൂർ ഹൈസ്കൂളിന്റെ ഗബ്രെസെലാസിയാണ്. അതുവഴി വാളൂർ ദേശത്തിന്റെ രോമാഞ്ചമാണ്. സ്പോര്‍ട്സ് ഡേയിലെ പ്രധാന ദീര്‍ഘദൂര ഇനങ്ങളായ 3000, 5000, 8000 മീറ്റർ എന്നിവയ്‌ക്കു മത്സരിക്കാൻ രാജീവന്‍ പേര് കൊടുക്കുന്നതോടെ ആ ഇനത്തിലെ വിജയിയുടെ പേരിന്‌ നേരെ ’രാജീവന്‍’ എന്ന് സന്തോഷ് മാഷ് മെഡല്‍ പട്ടികയില്‍ എഴുതിച്ചേർക്കും. ഒന്നാം സ്ഥാനത്തിനുള്ള മൽസരം വെറും ചടങ്ങാണെന്നു അറിയാവുന്ന മറ്റു മൽസരാർത്ഥികൾ മനസ്സിലും രാജീവന്റെ പേര് കുറിച്ച് വയ്‌ക്കും.

വലിയ പുഷ്ടിയില്ലാത്ത ഒതുങ്ങിയ, എന്നാൽ ഫുട്ബാൾ കളിച്ച് ഉറച്ച ശരീരം. ‘ബ്രദേഴ്സ്’ ഫുട്‌ബാൾ ടീമിന്റെ വിശ്വസ്തനായ ഫോർവേഡ്. സംസാരിക്കുമ്പോൾ ചിരിക്കുന്നെന്നു തോന്നിക്കുന്ന സംഭാഷണശൈലി. മറ്റുള്ളവരുമായി പെട്ടെന്നു പരിചയത്തിൽ ആകാത്ത പ്രകൃതം. ഇതൊക്കെയാണ് വാളൂരിന്റെ രാജീവൻ.

കായികദിനത്തില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ മാത്രമാണ് രാജീവന്‍ മത്സരിക്കുക. ആരാണ് വിജയിയാവുകയെന്ന് നന്നായി അറിയാവുന്ന മറ്റ് മത്സരാർത്ഥികൾ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് പോരടിക്കുക.

ഒരു അത്‌ലറ്റിന്റെ രൂപഭാവങ്ങള്‍ ഒന്നുമില്ലാത്ത കക്കാട് ആശാന്‍‌വീട്ടില്‍ ഉണ്ണികൃഷ്ണന്‍, രാജീവനെ തറ പറ്റിക്കുമെന്നു എല്ലാ കൊല്ലവും ആണയിടാറുള്ള കുലയിടം ദേവസ്സി, സ്പ്രിന്റ് ഇനങ്ങളിൽ ഏകദേശം രാജീവനു സമതുല്യനായ ജോജു, നടൻ സോമനെപ്പോലെ വീതുളി കൃതാവ് മുഖമുദ്രയാക്കിയ ദിലീപൻ, പൊക്കം കുറവാണെങ്കിലും ഹൃസ്വദൂര സ്പ്രിന്റ് ഇനങ്ങളിലെ താരമായ രാജേഷ്.,  ഇവരാണ് രാജീവന്റെ സ്ഥിരം ഓട്ടസഹയാത്രികര്‍. ഇവരിൽ ദേവസ്സിയും ജോജുവും രാജീവനു വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളവരാണ്. തന്റെ ദിവസം ആണെങ്കിൽ ദിലീപൻ രണ്ടാം സ്ഥാനം വരെ നേടും. ഹൃസ്വദൂര ഇനങ്ങളിലെ ‘ഫ്ലയിങ് ബുള്ളറ്റ്’ രാജേഷിനു പക്ഷേ അതേ മികവ് ദീർഘദൂര ഇനങ്ങളിൽ ഇല്ല. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ആശാൻവീട്ടിൽ ഉണ്ണികൃഷ്ണൻ. അപൂർവ്വ ജനുസായ അദ്ദേഹത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

Read More ->  ആനന്ദന്‍ എന്ന അസൂറി

രാജീവനും മറ്റുള്ളവരും ഓട്ടമത്സരം പൂര്‍ത്തിയാക്കി, പുളിമരത്തിന്റെ ചുവട്ടിൽ സോഡ കുടിച്ച് വിശ്രമിക്കുമ്പോഴും ഉണ്ണികൃഷ്ണന്‍ 5000 മീറ്ററിന്റെ മുക്കാൽ ഭാഗം മാത്രമേ ഓടിയെത്തിയിരിക്കുള്ളൂ!

അതാണ് കക്കാടിന്റെ ഉണ്ണികൃഷ്ണൻ. 5000 മീറ്ററും ഓടി പൂര്‍ത്തിയാക്കണമെന്നല്ലാതെ മത്സരത്തിലെ ആദ്യമൂന്നു സ്ഥാനങ്ങള്‍ ആരു നേടിയാലും ഉണ്ണിക്ക് ഒരു ചുക്കുമില്ല. സമ്മാനങ്ങള്‍ക്കും പ്രശംസാ വാക്കുകള്‍ക്കും അപ്പുറത്ത് കറകളഞ്ഞ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റിന്റെ പര്യായമാണ് ഇദ്ദേഹം. ഉണ്ണികൃഷ്ണന്റെ ഏറ്റവും വലിയ പിന്തുണ സന്തോഷ് സാറല്ലാതെ മറ്റാരുമല്ല. മറ്റുള്ളവരെല്ലാം മൽസരം പൂർത്തിയാക്കിയ ശേഷവും, ട്രാക്കിലൂടെ ഉണ്ണി ഒറ്റക്ക് ഓടുമ്പോള്‍ സാർ ബാവയുടെ കടയില്‍‌നിന്ന് സോഡ വാങ്ങി കൊടുക്കും. ഏകനായി ഓടുന്ന ഉണ്ണിയുടെ കൂടെ കുറച്ച് സമയം എന്തെങ്കിലും തമാശ പൊട്ടിച്ച് ഓടാനും സാര്‍ തയ്യാര്‍!

എല്ലാ കൊല്ലവും, ദീര്‍ഘദൂര ഇനങ്ങളില്‍ മത്സരിച്ചിട്ടും ഒരിക്കല്‍പോലും സമ്മാനം നേടാതിരുന്ന ഉണ്ണികൃഷ്ണനെ സ്കൂളിലെ പല കുട്ടികളും അതിന്റെ പേരില്‍ കളിയാക്കാറുണ്ടായിരുന്നു. പക്ഷേ ഉണ്ണികൃഷ്ണനു ലഭിച്ച സമ്മാനം വാളൂര്‍സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കും അന്നുവരെ ലഭിച്ചിട്ടില്ലാത്ത ഒന്നായിരുന്നു; എല്ലാ വിദ്യാര്‍ത്ഥികളും കരസ്ഥമാക്കാന്‍‍ കൊതിച്ചിരുന്ന ഒന്നായിരുന്നു.

ഉണ്ണികൃഷ്ണന്റെ അവസാന വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികത്തിലാണ് എല്ലാം സംഭവിച്ചത്. പഠനത്തില്‍ ആവരേജ് ആയിരുന്ന ഉണ്ണിക്ക് പതിവ്പോലെ കായിക‌ ഇനങ്ങളിലും സമ്മാനം ഇല്ലായിരുന്നു. എന്നിട്ടും സ്റ്റേജിനടുത്ത് ഉണ്ടാകണമെന്നു സന്തോഷ്‌ സാർ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ണി അമ്പരന്നു.

കായിക ഇനങ്ങളുടെ സമ്മാനദാനം കഴിഞ്ഞ് സന്തോഷ്‌ സാർ മൈക്ക് കയ്യിലെടുത്ത്, ഘനഗംഭീര ശബ്ദത്തില്‍ എല്ലാവരേയും അഭിസംബോധന ചെയ്തു.

“പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അദ്ധ്യാപകരെ, രക്ഷാകര്‍ത്താക്കളെ… വാളൂര്‍ സ്കൂളിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു വിദ്യാര്‍ത്ഥിക്കും കൊടുത്തിട്ടില്ലാത്ത ഒരു കായികസമ്മാനം ഇക്കൊല്ലം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഞാന്‍ നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഈ പുതിയ പ്രൈസ് ഇനിയുള്ള എല്ലാ വര്‍ഷവും നല്‍കിപ്പോരാന്‍ തീരുമാനിച്ചിരിക്കുന്ന ഒന്നല്ല. അര്‍ഹതയുള്ളവരുണ്ടെങ്കില്‍ മാത്രമേ ഈ പ്രൈസ് തുടര്‍ന്നും നല്‍കേണ്ടതുള്ളൂ എന്നാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം”.

“ഇക്കൊല്ലത്തെ കായികദിനത്തിൽ പലരും ഉന്നത നിലവാരം പുലര്‍ത്തിയെന്നത് ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം എടുത്തു പറയുന്നു. അതോടൊപ്പം തന്നെ പരാമര്‍ശിക്കേണ്ടതാണ് പങ്കെടുത്തവരുടെ അര്‍പ്പണ മനോഭാവവും കാഴ്ചപ്പാടുകളും. മത്സരങ്ങളില്‍ പങ്കെടുക്കുകയും പ്രൈസ് കിട്ടിയില്ലെങ്കിലും മത്സരത്തെ അതിന്റെ സമഗ്രതയില്‍ സമീപിച്ച് മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച ചിലരെ ഞാന്‍ ഇവിടെ ബഹുമാനപൂര്‍വം സ്മരിക്കുന്നു… ഇതൊക്കെ മുന്‍‌നിര്‍ത്തിക്കൊണ്ട് കൊണ്ട് സ്കൂള്‍ അധികൃതര്‍ ഈ വര്‍ഷവും, മുന്‍‌വര്‍ഷങ്ങളിലും തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ച, പ്രദര്‍ശിപ്പിക്കാറുള്ള വിദ്യാര്‍ത്ഥിക്ക് ഒരു പ്രശസ്തിപത്രം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ‘ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രസ്തുത അവാര്‍ഡിന്, പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷത്തില്‍ തന്നെ അര്‍ഹനായിരിക്കുന്നത് പത്താം ക്ലാ‍സ്സ് ബിയിലെ ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ ആണ്. ഉണ്ണിയെ ഞാന്‍ ഈ വേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.”

ഫെബ്രുവരിയിലെ തണുത്ത രാവിൽ, ചെറുവാളൂര്‍ ഗ്രൌണ്ടില്‍‍ തിങ്ങിനിറഞ്ഞ ജനങ്ങളെ ആവേശത്തിലാക്കി, മൈതാനത്തിന്റെ അവിടവിടങ്ങളില്‍ നിന്ന് ആശാന്‍‌വീട്ടില്‍ ഉണ്ണികൃഷ്ണനായി അഭിവാദ്യങ്ങള്‍ മുഴങ്ങി!

ഉണ്ണികൃഷ്ണൻ വേദിയില്‍ കയറി. സന്തോഷ്‌ സാറിനെ ആലിംഗനം ചെയ്‌ത ശേഷം ട്രോഫി ഏറ്റുവാങ്ങി. ഉണ്ണികൃഷ്ണന്റേയും വാളൂര്‍സ്കൂളിന്റേയും ചരിത്രത്തിലെ ഒരു അസുലഭനിമിഷം.

‘എങ്ങിനെ എല്ലാ തവണയും ഒന്നാമതെത്തുന്നു‘ എന്ന് ചോദിച്ചാല്‍ രാജീവന്റെ പക്കല്‍ ഉത്തരം റെഡിയാണ്.

“സ്റ്റാമിന… പിന്നെ ടൈമിങ്ങ്”

ടൈമിങ്ങിനെപ്പറ്റിയുള്ള രാജീവന്റെ അവകാശവാദങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം മത്സരത്തിന്റെ തുടക്കത്തില്‍ രാജീവന്‍ ഓടിത്തുടങ്ങുന്നത് വളരെ മെല്ലെയാണ്. ആദ്യത്തെ രണ്ട് റൌണ്ട് കഴിയുമ്പോഴും മറ്റുള്ളവരിൽ നിന്ന് അല്പം പുറകിലായിരിക്കും പുള്ളി. പക്ഷേ മത്സരം മുറുകുന്തോറും സാവധാനം ശക്തിയാര്‍ജ്ജിച്ച് ഓരോരുത്തരെയായി പിന്തള്ളും. പത്ത്മിനിറ്റ് ഇടവേളകളില്‍ ആരെങ്കിലും എത്തിക്കുന്ന സോഡ ഓടുന്നതിനിടയില്‍ കുറച്ച് കുടിച്ച് ബാക്കി തലയില്‍ കമഴ്ത്തും. ചിലപ്പോള്‍ രാജീവന്‍ കൈകളുയര്‍ത്തി മൈക്ക്‍സെറ്റില്‍ പാട്ടിടാന്‍ സന്തോഷ്‌മാഷിന് സിഗ്നല്‍ കൊടുക്കും. പിന്നെ പാട്ട് ആസ്വദിച്ചാണ് ഓട്ടം.

“ചുമ്മാ ചുമ്മാ ദേ ദേ ചുമ്മാ…“

സ്ഥിരമായി കൂടെ ഓടാറുള്ള ഉണ്ണിയെയും ദേവസ്സിയേയും പാസ് ചെയ്യുന്നതിന് മുമ്പ് അവരുമൊന്നിച്ച് രാജീവന്‍ അര റൌണ്ട് ദൂരം കുശലം പറഞ്ഞ് ഓടും. ഇങ്ങിനെ എല്ലാവരേയും ചിരിച്ച്കൊണ്ട് ഇല്ലാതാക്കിയാണ് രാജീവന്‍ മത്സരം പൂര്‍ത്തിയാക്കുക.

കാലാകാലങ്ങളായി വാളൂര്‍സ്കൂളിലെ ദീര്‍ഘദൂര ഇനങ്ങള്‍ ഇത്തരത്തിലാണ് നടക്കുക പതിവ്. എല്ലാ കൊല്ലവും രാജീവന്‍ എന്ന ഗബ്രെസെലാസി വിജയി. സ്കൂളിലെ പ്രധാനികളായ ദേവസ്സിയും ജോജുവും അനിരുദ്ധനും പഠിച്ച പണികളെല്ലാം പയറ്റിയിട്ടും, കനത്ത വെല്ലുവിളികൾ അല്ലാതെ, രാജീവനെ തോല്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അക്കൊല്ലം ചില അൽഭുതങ്ങൾ കാലം കാത്തുവച്ചിരുന്നു.

എല്ലാ അധ്യയന വർഷത്തിന്റെ ആരംഭത്തിലും, പല പല കാരണങ്ങളാൽ മറ്റു സ്കൂളുകളിൽ നിന്ന് കുറച്ചു വിദ്യാർത്ഥികൾ വാളൂർ സ്കൂളിൽ ചേരാൻ എത്തുമായിരുന്നു. അഞ്ച്, എട്ട് ക്ലാസുകളിൽ ചേരാൻ എത്തുന്നവരുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമെങ്കിലും മറ്റു ക്ലാസുകളിൽ എത്തുന്നവർ രണ്ടോ മൂന്നോ മാത്രമായിരിക്കും. ഇപ്രകാരം പാലിശ്ശേരി സ്കൂളിൽ നിന്നു ഒമ്പതാം ക്ലാസിൽ ചേരാൻ അക്കൊല്ലം ഒരു പുതിയ വിദ്യാർത്ഥി എത്തിയിരുന്നു. പേര് സന്തോഷ്. പുളിക്കക്കടവ് സ്വദേശി. സ്കൂൾ മാറി വരുന്ന വിദ്യാർത്ഥികൾ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും മറ്റും സമയമെടുമല്ലോ. ഇവിടേയും അത് സംഭവിച്ചു. തികഞ്ഞ അത്ലറ്റ് ആയിരുന്ന സന്തോഷിന്റെ കഴിവിനെ ആരും തിരിച്ചറിഞ്ഞില്ല. അദ്ദേഹമാകട്ടെ അല്പം അന്തർമുഖനും ആയിരുന്നു.

ഹൗസ് ക്യാപ്റ്റന്മാർ കുട്ടികളെ തിരഞ്ഞെടുക്കുമ്പോൾ സന്തോഷിനെ വിളിച്ചത് റെഡ് ഹൗസിലെ ജോജു ആയിരുന്നു. അതാകട്ടെ സന്തോഷിന്റെ പ്രാഗൽഭ്യം അറിയാതെ, അവസാനം ബാക്കി വന്ന കുട്ടികളെ അലസമായി വിളിക്കുന്നതിനു ഇടയിൽ യാദൃശ്ചികമായി സംഭവിച്ചതുമാണ്. സന്തോഷ് 5000 മീറ്റർ ഓട്ടത്തിനു പേരു കൊടുത്തതും ആരും ശ്രദ്ധിച്ചില്ല. ഇനി ശ്രദ്ധിച്ചിരുന്നെങ്കിൽ തന്നെയും കാര്യമായി എടുക്കുകയുമില്ല. അങ്ങിനെയാണല്ലോ ദീർഘദൂര മൽസരങ്ങളുടെ ചരിത്രം.

പിറ്റേന്നു, സ്പോര്‍ട്സ് ഡേ ദിവസം. പതിവുപോലെ 200 മീറ്ററിൽ അപ്പുക്കുട്ടൻ ഒന്നാമതെത്തി. 100, 400 ഇനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു. പതിനൊന്ന് വിലപ്പെട്ട പോയന്റുകള്‍ യെല്ലോ ഹൌസിന് സമ്മാനിച്ച അപ്പുക്കുട്ടനെ രാജീവൻ തമ്പ്‌സ് അപ് സിഗ്നൽ കാണിച്ചു അഭിനന്ദിച്ചു.

ഉച്ചക്ക് ശേഷമാണ് ദീര്‍ഘദൂര ഇനമായ 5000 മീറ്റര്‍ ഡാഷ്. രാവിലെ നടന്ന 3000 മീറ്ററില്‍ രാജീവന്‍ വെന്നിക്കൊടി പാറിച്ചിരുന്നു. റെഡ്, യെല്ലോ ഹൌസുകള്‍ തമ്മില്‍ പോയന്റിലുള്ള വ്യത്യാസം നാമമാത്രമായതിനാല്‍ 5000 മീറ്റര്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു. പക്ഷെ 5000 മീറ്റർ രാജീവന്റെ സ്ഥിരം ഇനമായിരുന്നതിനാല്‍ യെല്ലോ ഹൗസ് അംഗങ്ങൾ ആഘോഷങ്ങള്‍ തുടങ്ങി. അപ്പുക്കുട്ടനും യെല്ലോ ഹൗസിലെ മറ്റുള്ളവരും മാലപ്പടക്കം വാങ്ങാൻ തീരുമാനിച്ച്, അംഗങ്ങൾക്കിടയിൽ പൈസ പിരിവ് തുടങ്ങി. അപ്പോൾ രാജീവൻ അപ്പുക്കുട്ടനെ ഡ്രസ്സിംങ് റൂമിലേക്കു വിളിപ്പിച്ചു.

Read More ->  പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]

അപ്പുക്കുട്ടൻ എത്തുമ്പോൾ രാജീവൻ ഒരുകാല്‍ നിലത്തൂന്നി മറുകാല്‍ 90 ഡിഗ്രിയില്‍ കോണിൽ ജനാലയില്‍ വച്ച് തുടയുടെ എക്സര്‍സൈസ് ചെയ്യുകയാണ്. മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് മുഖത്ത് നിന്നു വായിക്കാം. അതിന്റെ കാരണമാകട്ടെ അപ്പുക്കുട്ടനു പിടികിട്ടിയുമില്ല.

രാജീവന്‍ ചെറിയ ചിരിയോടെ പറഞ്ഞു. “ആഘോഷമൊന്നും ഇപ്പോൾ പ്ലാൻ ചെയ്യണ്ട. മൽസരം കഴിയട്ടെ. എന്നിട്ട് നോക്കാം.”

അതെന്ത് പറച്ചിലാണ്! അപ്പുക്കുട്ടൻ അമ്പരന്നു. അത് കണ്ടാകണം കൂടുതൽ അന്വേഷിക്കാതെ തന്നെ രാജീവൻ കാര്യം വ്യക്തമാക്കി.

“റെഡ് ഹൌസിന് വേണ്ടി ഇത്തവണ ഉണ്ണികൃഷ്ണൻ മാത്രമല്ല ഓടുന്നത്. പുതിയ ഒരാളുമുണ്ട് – സന്തോഷ്. സീനിയർ ബോയ്സ് 400 മീറ്ററിൽ രണ്ടാമത് എത്തിയ ആൾ.”

”അതിനു..?”

“അതിന്…” രാജീവൻ കൈവള്ള നിവർത്തി വരകളിൽ കണ്ണോടിച്ച് പറഞ്ഞു. “സന്തോഷ് നന്നായി ഓടും. പുതിയ ആളായത് കൊണ്ട് ആർക്കും അറിയില്ലെന്ന് മാത്രം.”

രാജീവൻ അസ്വസ്ഥനായിരുന്നു. ജനൽകമ്പികൾക്കിടയിലൂടെ മൽസരാർത്ഥികളെ കാത്ത്, അങ്കത്തട്ട് പോലെ കിടക്കുന്ന ഗ്രൗണ്ടിലേക്ക് രാജീവന്‍ വെറുതെ നോക്കിനിന്നു. അപ്പോൾ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ഉച്ചത്തില്‍ മുഴങ്ങി.

“സീനിയര്‍ ബോയ്സ് 5000 മീറ്റര്‍ ഡാഷ്. യെല്ലോ ഹൌസ്: രാജീവന്‍, ഗ്രീന്‍ ഹൌസ്: ദിലീപന്‍ ആൻഡ് ദേവസ്സി, റെഡ് ഹൌസ്: സന്തോഷ് ആൻഡ് ഉണ്ണികൃഷ്ണൻ, ബ്ലൂ ഹൗസ്: രാജേഷ്… മത്സരിക്കുന്നവര്‍ എത്രയും പെട്ടെന്ന് സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ എത്തിച്ചേരുക”

സ്റ്റാർട്ടിൽ ലൈനിൽ വച്ച് റെഡ് ഹൗസിൽ നിന്ന് തന്നെ കൂടാതെ വേറൊരാൾ കൂടി ഓടുന്നുണ്ടെന്നത് ഉണ്ണികൃഷ്ണൻ ശ്രദ്ധിച്ചു. അടുത്ത് ചെന്നു പരിചയപ്പെട്ടു. സന്തോഷ് ഹൃദ്യമായ ചിരിയോടെ സംസാരിച്ചു. ഉണ്ണികൃഷ്ണൻ മൽസരഫലം എങ്ങിനെയായിരിക്കും എന്നെല്ലാം പറഞ്ഞ്, രണ്ടാം സ്ഥാനം നേടാൻ കഴിയട്ടെ എന്ന് ആശംസിച്ചു. സന്തോഷ് നേരിയ ചിരിയോടെ അതും സ്വീകരിച്ചു.

‘Set Go’ വിളിക്ക് കാതോര്‍ത്ത് നില്‍ക്കുന്ന രാജീവനെ അപ്പുക്കുട്ടൻ ആശങ്കാകുലനായി നോക്കി. മൽസരം കടുക്കുമെന്ന ശങ്ക അദ്ദേഹത്തെ മാനസികമായി ഉലച്ചിട്ടുണ്ട്.

മൽസരം തുടങ്ങി. ആദ്യത്തെ രണ്ട് റൗണ്ട് എല്ലാ മൽസരാർത്ഥികളും ഏകദേശം ഒരുമിച്ചാണ് ഓടിയത്. മൂന്നാം റൗണ്ട് മുതൽ പതിവ് പോലെ രാജീവൻ ലീഡ് എടുത്ത് തുടങ്ങി. ഇനി സംഭവിക്കുക ഒരു റൗണ്ടിന്റെ ഫുൾ ലീഡ് ഓരോരുത്തർക്ക് എതിരെയും എടുത്ത ശേഷം രാജീവൻ അവരോടൊത്ത് വീണ്ടും ഒരുമിച്ച് ഓടുകയാണ്. കാര്യങ്ങൾ അതുപോലെ തന്നെ നീങ്ങി. ആദ്യം ഉണ്ണികൃഷ്ണനെ മറികടന്നു. അപ്പോഴേക്കും സോഡ എത്തി, മൈറ്റ് സെറ്റിലൂടെ പാട്ടും. രാജേഷിനെ മറികടക്കുകയായിരുന്നു അടുത്തത്. ദിലീപനും ദേവസ്സിയും നന്നായി ചെറുത്ത് നിന്നെങ്കിലും മൽസരം അവസാനിക്കാൻ മൂന്ന് റൗണ്ട് ബാക്കി നിൽക്കെ രാജീവൻ അവരേയും ഒരു റൗണ്ട് വ്യത്യാസത്തിൽ മറികടന്നു. അപ്പുക്കുട്ടനും സംഘവും ആശ്വസിച്ചു. അൽഭുതങ്ങൾ ഒന്നും ഇതുവരെ ഇല്ല. ഭീഷണി ആകുമെന്ന് കരുതിയ സന്തോഷ് ഇപ്പോഴും രാജീവനേക്കാൾ ഏകദേശം അര റൗണ്ട് പിന്നിലാണ്. മൽസരം അവസാനിക്കാറാകുമ്പോഴോ അതിനു മുമ്പോ സന്തോഷിനേയും ഒരു റൗണ്ട് വ്യത്യാസത്തിൽ മറികടക്കുമെന്നത് തീർച്ചയാണ്.

എന്നാൽ, എല്ലാവരുടേയും കണക്കുകൂട്ടൽ തെറ്റിച്ച്, കാര്യങ്ങൾ അവിടം മുതൽ കീഴ്മേൽ മറിഞ്ഞു. മൽസരം തീരാൻ മൂന്ന് റൗണ്ട് ബാക്കി നിൽക്കെ സന്തോഷ് വേഗം കൂട്ടി. ദീർഘദൂര ഇനങ്ങളിൽ വേഗം പെട്ടെന്ന് കൂട്ടുക അത്ര എളുപ്പമല്ല. ലീഡ് എടുക്കുന്നത് സാവധാനവും ക്രമാനുഗതവുമായിരിക്കും. രാജീവൻ അപ്രകാരം എടുത്ത അര റൗണ്ട് ലീഡ് സന്തോഷിനു മറികടക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. മാത്രമല്ല അവസാന ലാപ്പിൽ ചെറിയൊരു കുതിപ്പിനുള്ള ഊർജ്ജം രാജീവനിൽ ബാക്കിയുമുണ്ടാകും. ഇതെല്ലാം രാജീവനെ വിജയിയാക്കുമെന്ന് ഏവരും കരുതി. എന്നാൽ സന്തോഷിന്റെ സ്റ്റാമിനയെ പറ്റി ആർക്കും ഒരു ഊഹവുമില്ലായിരുന്നു എന്നതാണ് സത്യം. അവസാന റൗണ്ടുകളിൽ സന്തോഷിന്റെ വേഗം ഏവരേയും അതിശയിപ്പിച്ചു. മൽസരം അവസാനത്തോടു അടുക്കവെ സന്തോഷം രാജീവനും തമ്മിലുള്ള അര റൗണ്ട് വ്യത്യാസം ചുരുങ്ങി ചുരുങ്ങി വന്നു. അവസാന ലാപ്പിലേക്ക് രാജീവൻ പ്രവേശിക്കുമ്പോൾ സന്തോഷ് തൊട്ടു പിറകിൽ വരെ എത്തി!

മൈക്ക് സെറ്റ് കൺട്രോൾ റൂമിലിരുന്ന് മൽസരം വീക്ഷിക്കുകയായിരുന്ന സന്തോഷ് സാറും കൂട്ടരും വേഗം ട്രാക്കിനു അരികിലേക്ക് ഓടിയെത്തി. മൽസരം അതീവ ആവേശകരമായി മാറിയതോടെ ട്രാക്കിൽ ഓടിക്കൊണ്ടിരുന്നവരുടെ ശ്രദ്ധയും ഇവരിലായി. മൈതാനത്തിന്റെ അവിടവിടങ്ങളിൽ സൊറ പറഞ്ഞ് നിന്നിരുന്നവർ എല്ലാം ട്രാക്കിന്റെ വശങ്ങളിൽ തടിച്ച് കൂടി. കായിക ഇനങ്ങളിൽ പൊതുവെ കമ്പമില്ലാത്ത ടീച്ചേഴ്സ് വരെ ട്രാക്കിനു അരികിലെത്തി മൽസരം വീക്ഷിച്ചു.

അവസാന ലാപ്പിന്റെ തുടക്കം മുതൽ രാജീവൻ കുതിപ്പ് തുടങ്ങി. എന്നാൽ സന്തോഷുമായി ദൂരവ്യത്യാസം വർദ്ധിപ്പിക്കാൻ അത് മതിയായില്ല. മൽസരം അവസാനിക്കാൻ അര റൗണ്ട് ബാക്കി നിൽക്കെ, ചെറുവാളൂർ ഹൈസ്കൂളിന്റെ ചരിത്രത്തിൽ അന്നുവരെ നടന്നിട്ടില്ലാത്ത, അവിശ്വസനീയമായ കാര്യം സംഭവിച്ചു. രാജീവനെ പിന്നിട്ട് ഒരു കൈദൂരം അകലത്തിൽ സന്തോഷ് ലീഡ് എടുത്തു. അത് മറികടക്കാനുള്ള രാജീവന്റെ ശ്രമങ്ങള്‍ വിഫലമാകുന്നത് അവിശ്വസനീയതയോടെ അപ്പുക്കുട്ടൻ നോക്കിക്കണ്ടു. എന്നിട്ടും, ഒരു ഫിനിക്സ് പക്ഷിയേപ്പോലെ അവസാനം യെല്ലോ ക്യാപ്റ്റൻ ഓടിക്കയറി വരുമെന്ന് അപ്പുക്കുട്ടൻ വൃഥാ ആശിച്ചു. ഒന്നും സംഭവിച്ചില്ല. സന്തോഷ് ഫിനിഷിങ് ലൈൻ തൊടുമ്പോൾ രാജീവൻ ഒരു കൈദൂരം അകലത്തിൽ തന്നെയായിരുന്നു.

അപ്പുക്കുട്ടൻ പിന്നെയവിടെ നിന്നില്ല. ട്രാക്കില്‍ നിന്ന് ദൂരെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ മാനം നോക്കി മലര്‍ന്നു കിടന്നു. മൈക്കിലൂടെ അനൗൺസ്‌മെന്റ് ഒഴുകിയെത്തി.‍

“സീനിയര്‍ ബോയ്‌സ്, 5000 മീറ്റർ ഡാഷ് – ഫസ്റ്റ് പ്രൈസ് സന്തോഷ്, റെഡ് ഹൌസ്. സെക്കന്റ് പ്രൈസ് – രാജീവൻ, യെല്ലോ ഹൗസ്…”

പിറ്റേന്ന് രാവിലെ, പത്രം നിവര്‍ത്തി സ്പോര്‍‌ട്സ് പേജിലെ ന്യൂസ് വായിക്കാൻ അപ്പുക്കുട്ടൻ അല്പം ഭയന്നു. ചെറുവാളൂർ ഗബ്രെസെലാസി വീണാൽ, സാക്ഷാൻ ഗബ്രെസെലാസിക്കു പിഴക്കുമോ? ആശങ്കകൾ അടിസ്ഥാനരഹിതമായിരുന്നു. സ്പോർട്സ് പേജിൽ അതാ വലിയ തലക്കെട്ട്.

“അറ്റ്ലാന്റ ഒളിമ്പിക്സില്‍, 15000 മീറ്റര്‍ ഡാഷില്‍ ഏത്യോപ്യയുടെ ലോകചാമ്പ്യന്‍ ഹെയ്‌ലി ഗബ്രെസെലാസി വിജയിയായി”.

സന്തോഷിന്റെ ജയം ഒരു അപൂർവ്വതയായിരുന്നു. എന്നാൽ, അതാവർത്തിക്കാൻ അദ്ദേഹത്തിനു പിന്നീട് കഴിഞ്ഞില്ല. രാജീവനു അല്പം കൂടി കരുതലും ആസൂത്രണവുമേ വേണ്ടി വന്നുള്ളൂ. പിൽക്കാലത്ത് നടന്ന ദീർഘദൂര മൽസരങ്ങളിൽ എല്ലാം രാജീവൻ തന്നെ വെന്നിക്കൊടി പാറിച്ചു.


43 Replies to “ചെറുവാളൂര്‍ ഗബ്രെസെലാസി”

  1. <>“ബെസ്റ്റ് സ്പോര്‍ട്സ്മാന് ഓഫ് ദ ഇയര്“ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രസ്തുത അവാര്‍ഡിന്, പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷത്തില് തന്നെ, അര്‍ഹനായിരിക്കുന്നത് പത്താം ക്ലാ‍സ്സ് ബി യിലെ ഉണ്ണി എന്ന ഉണ്ണികൃഷ്ണന് ആണ്. ഉണ്ണിയെ ഞാന് സാദരം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.”ഫെബ്രുവരിയിലെ തണുത്ത രാവിനെ വക വയ്ക്കാതെ വാളൂര് ഗ്രൌണ്ട് മുഴുവന് തിങ്ങി നിറഞ്ഞ ജനങ്ങളെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് മൈതാനത്തിന്റെ അവിടവിടങ്ങളില് നിന്ന് ആശാന്‍‌വീട്ടില് ഉണ്ണികൃഷ്ണനായി അഭിവാദ്യങ്ങള് മുഴങ്ങി..!!!“ധീരാ‍ാ‍ാ വീരാ‍ാ‍ാ ഉണ്ണികൃഷ്ണാ‍ാ‍ാ…”“തോഴാ‍ാ‍ാ ഭീഷ്മാ‍ാ‍ാ ദേവകീപുത്രാ‍ാ‍ാ…”“വാളൂര്‍ദേശ മുകുന്ദാ‍ാ‍ാ കൃഷ്ണാ‍ാ‍ാ…” “നിനക്കായിരമായിരം അഭിവാദ്യങ്ങള്..!!!” <><>സ്പോര്‍ട്സ് ഡേയിലെ പ്രധാന ദീര്‍ഘദൂരഇനങ്ങളായ 3000, 5000, 8000 മീറ്റര് എന്നിവക്ക് രാജീവന് പേര് കൊടുക്കുന്നതോടെ ആ ഇനത്തിലെ വിജയിയുടെ പേരിന് നേര്‍ക്ക് “രാജീവന്” എന്ന് ലീലാവതി ടീച്ചര് മെഡല് പട്ടികയില് എഴുതിച്ചേര്‍ത്തിരിക്കും..!!!അതാണ് രാജീവന് എന്ന ചെറുവാളൂര് ഗബ്രെസെലാസി..!<>രാജീവന് ഒരു കൊച്ചു ഇതിഹാസമാണ്..!ചെറുവാളൂരിന്റെ കായികചരിത്രത്തില് എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു ഇതിഹാസം..!ദീര്‍ഘദൂരഓട്ടം എന്ന ഇനത്തിലെ കിരീടം വയ്ക്കാത്ത രാജാവ്.സ്കൂള് അത്‌ലറ്റിക്സ് ആയാലും ഗ്രാമസഭ നടത്തുന്ന കായിക മത്സരങ്ങള് ആയാലും രാജീവന് അപ്രതിരോധ്യനാണ്.പല നാട്ടിന്‍‌പുറങ്ങളില് കാണാന് പറ്റുന്ന പ്രതിഭാശാലികളില് ഒരാള്.കാലക്രമേണ, വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മണ്മറഞ്ഞ് പോകാറുള്ള പലരിലെ ഒരാള്.നാണുവിനും വാളൂരാനും ശേഷം, ആരും പാടിപ്പുകഴ്ത്തിയിട്ടില്ലാത്ത വാളൂരിന്റെ മറ്റൊരു ലോക്കല് ഹീറോയ്ക്ക് ഉപാസന ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.കൂടെ മറ്റൊരു തിളങ്ങുന്ന കഥാപാത്രമായി കക്കാട് ആശാന്‍‌വീട്ടില് ഉണ്ണികൃഷ്ണനും..!<>രാജീവന് എന്ന ചെറുവാളൂര് ഗബ്രെസെലാസി..!!!<>ഒരു ചെറിയ ഇടവേളക്ക് ശേഷം “പൊട്ടന്‍” ല്‍ മറ്റൊരു പോസ്റ്റ്.എല്ലാ ബൂലോകസുഹൃത്തുക്കളും വായിക്കുക അഭിപ്രായമറിയിക്കുക.🙂 എന്നും നേഹത്തോടെ സുനില് | ഉപാസന<>ഓഫ് ടോപിക്<> : ഒരു കായിക ഇനത്തെപ്പറ്റി ഒരു സ്കൂള് പശ്ചാത്തലത്തില് എഴുതുമ്പോള് ആ സ്കൂളിന്റെ അത് വരെയുള്ള കായികരംഗത്തെക്കുറിച്ചും, ആ രംഗത്തെ പ്രധാന വ്യക്തികളെക്കുറിച്ചും പരാമര്‍ശിക്കാതെ തരമില്ല. (അതു കൊണ്ടാണ് ഇത് പ്രധാനമായും രാജീവനെപ്പറ്റിയുള്ള പോസ്റ്റായിരുന്നിട്ടും ഉണ്ണികൃഷ്ണനും സന്തോഷ് മാഷും കഥയിലേക്ക് കയറി വന്നത്.)അല്ലാതെ മത്സരത്തെയും രാജീവനേയും മാത്രം ബ്രാക്കറ്റ് ചെയ്ത് കഥ എഴുതിയാല് അത് യാന്ത്രികമായിപ്പോവുകയേ ഉള്ളൂ എന്നാണെന്റെ അഭിപ്രായം.അത് കൊണ്ട് എന്നത്തേയും പോലെ പോസ്റ്റിന് കുറച്ച് നീളം കൂടുതലായിരിക്കും.പൊറുക്കുക സുഹൃത്തുക്കളേ.

  2. സുനിലേ, നിനക്കൊരു തേങ്ങ അടിക്കണമെന്നു കുറെ നാളുകളായി വിചാരിക്കുന്നു..ഇപ്പോഴാ സാധിച്ചത്..:)വിവരണം അസ്സലായിരുന്നുട്ടോ..പിന്നെ ഇനി മുതല്‍ പോസ്റ്റുകള്‍ വീക്കെന്‍ഡില്‍ ഇട്ടാല്‍ മതി.സാവകാശം ഇരുന്നു വായിക്കാലോ.പതിവുപോലെ “എന്തൊരു നീളം”

  3. ഉപാസന,സ്പോര്‍ട്സ്‌ വളരെ വളരെ ഇഷ്ടമായതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. മുത്തുകളില്‍ വളരെ മികച്ചതെന്നു തോന്നുന്നു. വളരെ നല്ല വിവരണം. ഇഷ്ടപ്പെട്ടു. 🙂

  4. “ഇതൊക്കെ മുന്‍‌നിര്‍ത്തിക്കൊണ്ട് കൊണ്ട് സ്കൂള്‍ അധികൃതര്‍ ഈ വര്‍ഷവും, മുന്‍‌വര്‍ഷങ്ങളിലും തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ച, പ്രദര്‍ശിപ്പിക്കാറുള്ള വിദ്യാര്‍ത്ഥിക്ക് ഒരു പ്രശസ്തിപത്രം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.“ ഇങ്ങനൊന്ന് ഞങ്ങടെ സ്കൂളില്‍ ഉണ്ടായിരുന്നെങ്കില്‍ സത്യം എന്റെ വീട്ടിലും ഒരു പ്രശസ്തി പത്രം ഉണ്ടാകുമായിരുന്നു

  5. ഹോ…ഹോവ്… ഹെയ്യോ…അയ്യോ… ഹൊ.. ഹു.. വയ്യേ…ന്റെമ്മച്ചീ… ഹൂയ്… തളര്‍ന്നൂ‍ൂ‍ൂ……ഒരു 8000 മീറ്റര്‍ ഓടിത്തളര്‍ന്ന പ്രതീതി, ഈ നീളന്‍ പോസ്റ്റ് വായിച്ചുതീര്‍ന്നപ്പോള്‍!. പക്ഷെ വായിക്കുന്തോറും എന്റെ പഴയ സ്കൂള്‍ ഓര്‍മ്മകള്‍ ഒരോന്നായി മനസ്സിലേക്ക് ഓടിയെത്തിയത് കാരണം, നല്ല മൂഡില്‍ പാട്ടൊക്കെ ആസ്വദിച്ച് കൂടെയോടുന്നവരോട് കുശലം ചോദിച്ചും മറ്റും കൂളായി ഓടി ഫിനിഷിങ്ങ് പോയിന്റില്‍ ആദ്യമെത്തുന്ന രാജീവനെപോലെ ഞാനും കൂളായി ഇത് ഫിനിഷ് ചെയ്തു. അല്പം തളര്‍ച്ചയോടെയാണെങ്കില്‍കൂടി… 🙂പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ (!?) ഞാന്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ‘വേഗതയേറിയ ഓട്ടക്കാരന്‍‘ എന്ന ബഹുമതി കിട്ടുക ഈയിനത്തില്‍ (100 മീറ്റര്‍) ജയിച്ചാലാണ് എന്നത് കൊണ്ട് മാത്രമല്ല ഈ ഐറ്റങ്ങളില്‍ മാത്രം നില്‍ക്കുന്നത്, മറിച്ച് 2000, 3000, 5000, 8000 മീറ്ററൊക്കെ ഓടിയാല്‍ ഫിനിഷിങ്ങ് പോയിന്റിനടുത്ത് എനിക്ക് വേണ്ടി ഒരു ശവപ്പെട്ടി കരുതിവെക്കേണ്ടിവരും എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ട് കൂടിയാണ്. (അത്രയും മികച്ച സ്റ്റാമിനയും ആരോഗ്യമായിരുന്നേയ്.. ജസ്റ്റ് ലൈക്ക് കോലുമിഠായ്!!). ഈയിനങ്ങളിലും ഫസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. (മറവികാരണമാവാനേ വഴിയുള്ളൂ… യേത്?). ഒരുപാട് തവണ സെക്കന്റ് കിട്ടി, കുറച്ച് തവണ തേഡ് കിട്ടി. (ഇപ്പോ നീ മനസ്സില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം: “ഡൌട്ട് വേണ്ട, മൂന്ന് കുട്ടികള്‍ മാത്രമായിരുന്നില്ല മത്സരത്തില്‍ പങ്കെടുത്തത്!. അയ്യഡ“). പിന്നെ നിന്റെ സ്കൂളിലെ സുരേഷ്‌മാഷെ പോലെ ഞങ്ങള്‍ക്ക് ഒരു ബാബുമാഷ് ആയിരുന്നു കായികാദ്ധ്യാപകന്‍. സുനിലിന്റെ ഓര്‍മ്മക്കുറിപ്പിലെ ദീര്‍ഘദൂരഓട്ടമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ഉണ്ണികൃഷ്ണനെപോലെ എല്ലാ ഐറ്റങ്ങള്‍ക്കും പങ്കെടുക്കുകയും ഒരിക്കലും സമ്മാനം കിട്ടാതിരിക്കുകയും ചെയ്യാറുള്ള ഷനിലിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ‘ഓട്ടം തുള്ളലാണ്’ അവന്റെ ഫേവ്രേറ്റ് ഐറ്റം :-). യുവജനോത്സനത്തില്‍ അല്ല കേട്ടോ.. ‘ലോങ്ങ്ജമ്പിന്‘ പുള്ളി പറയാറ് ‘ഓട്ടംതുള്ളല്‍‘ എന്നാണ്. ഈ ഐറ്റം മുതല്‍ എടുത്താല്‍ പൊങ്ങാത്ത ഷോട്ട് പുട്ടിന് വരെ പങ്കെടുക്കുകയും ഒരിക്കലും സമ്മാനം വാങ്ങിക്കാതിരിക്കുകയും ചെയ്യാറുള്ള എന്റെ പ്രിയ സുഹൃത്ത് ഷനിലിനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് മറ്റൊരു ഇന്‍സിഡന്റ് മൂലമാണ്. അതായത്, ഈ വിദ്വാന്‍ പങ്കെടുക്കുന്ന ഓട്ടമല്‍സരങ്ങളില്‍ START വിസില്‍ അടിക്കുന്ന ബാബുമാഷ്‌ക്ക് പുള്ളി സ്ഥിരം ഒരു തലവേദനയായിരുന്നു. “ഓണ്‍ യുവര്‍ മാര്‍ക്ക്…” എന്ന് പറയുമ്പോഴേക്ക്, എക്സൈറ്റ്മെന്റ് കൊണ്ട് പുള്ളി മിനിമം 4 മീറ്റര്‍ ഓടിപ്പോയിട്ടുണ്ടാകും. ഫൌള്‍ ആയതിനാല്‍ പിന്നേം പൊസിഷനില്‍ നില്‍പ്പിക്കും.. പിന്നേം ഓടും.. ഫൌളാക്കും… (അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ഇന്നസെന്റിനെ പോലീസ് വേഷം സിനിമയില്‍ ഷൂട്ട് ചെയ്യുന്ന രംഗമാണ് ഓര്‍ത്തുപോകുന്നത്..). ഒരിക്കല്‍, 6-7 തവണ ഷനില്‍ ഈ പരിപാടി തുടര്‍ന്നപ്പോള്‍ ബാബുമാഷ് പുള്ളിയുടെ ചന്തിക്ക് നോക്കി നല്ല ഒരു പെടവച്ചുകൊടുത്തു. ഇനി ആവര്‍ത്തിച്ചാല്‍ പിടിച്ച് പുറത്താക്കും എന്ന ഒരു വാണിങ്ങും. അതിനുശേഷം.. “ഓണ്‍ യുവര്‍ മാര്‍ക്ക്… സെറ്റ്….പീ‍ീ‍ീ‍ീ‍ീപ്പ്”വിസിലടിച്ചപ്പോ… എല്ലാരും ഓടിത്തുടങ്ങിയപ്പോ….. വളരെ ദയനീയമായി ബാബുമാഷിനെ നോക്കി പുള്ളി ചോദിച്ചു…“എന്നാപ്പിന്നെ ഇനി ഞാനും ഓടിക്കോട്ടേ മാശേ….!?”അത് കേട്ട് പൊട്ടിച്ചിരിച്ച സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ കൂടിനിന്ന അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുഖം ഇന്നും മനസ്സില്‍ തെളിയുന്നു..അതൊക്കെ പോട്ടെ, അല്ല സുനിലേ, ഇവിടെ രജീവന്‍ രാജീവനെ തോല്പിച്ചു. ഓകെ. ജൂനിയര്‍ ബോയ്സില്‍ പെടുന്ന ഒരാള്‍ സീനിയര്‍ ബോയ്സില്‍ പെടുന്ന ഒരു അംഗത്തെ തോല്പിച്ചു. അതിന് പിന്നില്‍ എന്ത് ‘സ്പെല്ലിങ്ങ് മിസ്റ്റേക്ക്’ ഉണ്ടേലും രജീവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കായികശേഷികൊണ്ട് മാത്രമാണല്ലോ അയാള്‍ ജയിച്ചത്? വേറെ ഫൌള്‍ പ്ലേ ഒന്നും ഇല്ലല്ലോ. അതുകൊണ്ട് രാജീവന്‍ ഇത്ര നിരാശനാകേണ്ട കാര്യമെന്താണെന്നാ ഞാന്‍ ആലോചിക്കുന്നത്. സാധാരണ, സീനിയേഴ്സില്‍ പെട്ട ഒരാള്‍ ജൂനിയേഴ്നിന്റെ കൂടെ ഓടി സമ്മാനം വാങ്ങുമ്പോഴാണ് ഇഷ്യൂസ് ഉണ്ടാവുന്നത്. ഇവിടെ നടന്നത് ഒരു ഇഷ്യു ആണോ? യേയ്യ് അല്ല…ഓഫ് ടോപ്പിക്കേ:അപ്പോഴേക്ക് എനിക്ക് ഒടുക്കത്തെ മറ്റൊരു ഡൌട്ട്! ഈശ്വരാ, ഇനി ഈ കെനിയയുടെ വിത്സണ്‍ കിപ്‌കെറ്റര്‍ എന്ന ചങ്ങായി എത്യോപ്യയുടെ ഹെയ്‌ലി ഗബ്രസലാസിയുടെ അനിയനോ മറ്റോ ആണോ ആവോ? എനി ചാന്‍സ്? യേയ്… നോ ചാന്‍സ്…! ഹി ഹി 🙂

  6. വളരെ നല്ല വിവരണം. എന്നുമെന്നത് പോലെ സുനിലിന്റെ ഈ പോസ്റ്റും വളരെ നന്നായി. കണ്ണീരും, സന്തോഷവും ഒക്കെ പാകത്തിന് ചേര്‍ത്തിട്ടുണ്ട്.

  7. സുനിയുടെ പോസ്റ്റുകളില്‍ എപ്പോഴും എന്നെ ആകര്‍ഷിക്കുന്നത് വരികളിലെ ഫീല്‍ ആണ്.ഇതും ഒരുപാട് നന്നായി.

  8. സുനില്‍….എന്നെ വീണ്ടും വാളൂര്‍ സ്കൂളിലേക്കു കൂട്ടിക്കൊണ്ടുപോയി…. നല്ല വരികള്‍… അനുഭവിപ്പിക്കുന്നത്…. താങ്കള്‍ക്കുതന്നെ അറിയാവുന്ന പോലെ, വലുപ്പം അല്പം കുറയ്ക്കണോ…

  9. ഞാനും കുറെ ഓടിട്ടുണ്ട് പക്ഷെ ഓട്ടത്തില്‍ നമ്മളെന്നും പിന്നിലാണെന്നു മാത്രം അങ്ങനെ ഓടിയോടി ഞാന്‍ ദുബായിലുമെത്തി.ഇപ്പോ ഉപാസനയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നോടിയാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ട്

  10. നല്ല നീളമുണ്ട് പോസ്റ്റിനും അഭിലാഷിന്റെ കമന്റിനും. വായിക്കാന്‍ ഈ വഴി വീണ്ടും വരാട്ടോ . ഇപ്പിത്തിറ്റി തിരക്കിലാ…🙂

  11. പോസ്റ്റിന്റെ നീളം കാരണം മാറ്റിവെച്ചിരിക്കുകയായിരുന്നു. സുനിലിന്റെ എഴുത്തുകള്‍ നല്ല ഫീല്‍ തരുന്നുണ്ട്. നീളമല്‍പ്പം കൂടിപ്പോയിയെങ്കിലും ഓര്‍മ്മകളുടെ സുരഭിലത മതിയാവോളം ..

  12. തുടക്കതിലേ വായിച്ചൂ അങ്ങ് പോയി.. പോസ്റ്റിന്റെ വലിപ്പം നോക്കിയില്ല. അവസാനം കമ്മന്റ് കണ്ടിട്ടാണ് പോസ്റ്റിന്റെ വലിപ്പം നോക്കിയത്.. സുനിലിന്റെ വാക്കുകളില്‍ കൂടി കടന്ന് പോയപ്പോള്‍ വലിപ്പം ശ്രദ്ധിയിലേ പെട്ടില്ല..😉

  13. പതിവുപോലെ ആസ്വദിച്ച്‌ വായിച്ചു. ഗുള്ളിറ്റ്‌ എന്നു കേട്ടപ്പോ പിന്നേം ഞെട്ടി! ആ ചോദ്യമെങ്ങാന്‍ ആരേലും എന്നോട്‌ ചോദിച്ചെങ്കി കാണാരുന്നു. 😉ആളു വല്യ പുള്ളിയാ അല്ലേ, പഠിത്തം മാത്രമല്ലാ സ്പോര്‍റ്റ്‌സും ഉണ്ടല്ലോ!

  14. വളരെ ഇഷ്ടപ്പെട്ടു ഉപാസനേ. പോസ്റ്റിന്റെ നീളം കൂടുതല്‍ വായനയെ ഒട്ടും ബാധിച്ചില്ല..വളരെ നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍

  15. നല്ല വിവരണം മാഷെ …. അവസാനംsppd track ilae ദിലിപിനെ പോലെ ഒരു ഓട്ടം ഞാന്‍ പ്രേതിഷിച്ചു… എന്തോ നായകന്‍ തോടു പോകുന്നത് എനിക്ക് അത്ര ഇഷ്ടം അല്ല …

  16. സുനീ,നല്ല വിവരണം.സന്തോഷ് മാഷെ പറ്റി നന്നായി വര്‍ണ്ണിച്ചിരിയ്കുന്നു. പിന്നെ നമ്മുടെ വാളൂര്‍ സ്കൂളിലെ കായിക ദിനങ്ങളെപറ്റിയും നന്നായി വിവരിച്ചിരിയ്കുന്നു….തുടരട്ടെ…ഈ നാട്ടുവിശേഷങ്ങള്‍….ആശംസകള്‍ … അഭിനന്ദനങ്ങള്‍…സസ്നേഹം…

  17. ാജീവനെക്കുറിച്ചുള്ള കഥ വായിച്ചവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.ജഹേഷ് ഭായ് : തേങ്ങ ആഗ്രഹം സാധിച്ചൂലോ..! പിന്നെ വീക്കെന്‍ഡില്‍ പോസ്റ്റ് ഇടുന്ന കാര്യം. അത് ഉറപ്പ് പറയാന്‍ പറ്റില്ല. സോറി. സമയവും കാലവും ഒത്ത് വരുന്ന മുറക്ക് പബ്ലിഷ് ചെയ്യുന്നതാണ് എന്റെ പോസ്റ്റുകള്‍. എങ്കിലും വീക്കെന്‍ഡില്‍ ഇടാന്‍ ഞാന്‍ ശ്രമിക്കാം. പിന്നെ നീളത്ത്ന്റെ കാര്യം. സത്യം പറയാലോ ഇപ്പോ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ കഥകള്‍ക്കും ഇതിനേക്കാളും നീളമാണ്. 🙂പക്ഷേ മുഷിപ്പിക്കലില്ലാത്തെ വായിക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നു. നന്ദി 🙂വല്ലഭന്‍ ഭായ് : രാജീവന്‍ എന്ന മുത്തും വിജയിക്കട്ടെ. അല്ലേ. നന്ദി 🙂തോന്ന്യാസി : അപ്പോ ഇയാളും സ്റ്റാര്‍ ആയിരുന്നുവല്ലേ..! നന്ദി 🙂കുതിരവട്ടന്‍ ഭായ് : നന്ദി വായനക്കും അഭിപ്രായങ്ങള്‍ക്കും. 🙂അഭിലാഷ് ഭായ് : ഭായ് സ്കൂളില്‍ പഠിച്ചിട്ടുണ്ട് എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. ഉണ്ണികൃഷ്ണനേയും രാജീവനേയും പോലുള്ളവരെ നമുക്ക് എല്ലാ സ്കൊളുകളിലും കണ്ടെത്താം.ഭായ് വിവരിച്ച സ്കൂള്‍ സംഭവം വളരെ രസകരമായി.പിന്നെ രജീവന്‍ രാജീവനെ തോല്പിച്ച കാര്യം. ഞാന്‍ മുമ്പ് പറഞ്ഞ പോലെ ഈ കഥയുടെ കൈമാക്സ് സാങ്കല്‍‌പികമാണ്. അവര്‍ രണ്ട് പേരും ഒരുമിച്ച് മത്സരിച്ചിട്ടില്ല. പിന്നെ കഥയില്‍ രാജീവന്‍ തോറ്റേ മതിയാകൂ എന്ന് ഞാന്‍ തീരുമാനിച്ചതു കൊണ്ട് രജീവന് വേണ്ടിയും ഞാന്‍ ഒരു റോളൊരുക്കി.പിന്നെ വിത്സന്‍ കിപ്കെറ്റര്‍ ഭായിയെ തല്ലാന്‍ ദുബായിലേക്ക് വരാന്‍ പോകുന്നു എന്ന് കേട്ടു. ആളെ അപമാനിച്ചത്രെ അഭിലാഷങ്ങള്‍..!വളരെ നന്ദി ഈ “ഭയങ്കരമായ” കമന്റിന്. 🙂ഷാരുട്ടി : ഈ പോസ്റ്റിലെ കണ്ണീര്‍ വ്യാജമാണ്. 😉 രാജീവന്‍ തോറ്റിട്ടില്ല. മറ്റ് കഥകളിലെ കണ്ണീര്‍ ഒറീജിനല്‍ ആണ്. ശരിക്കും ഒറിജിനല്‍..!നന്ദി അഭിപ്രായങ്ങള്‍ക്ക്. 🙂ആഗ്നേയാ : വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. 🙂വാളൂരാനേ (മുരളി മാഷ്) : ഇടക്കൊക്കെ എന്റെ സ്കൂളിലേക്ക് ഇത്തരം “തീര്‍ത്ഥയാത്രകള്‍“ ഞാനും നടത്താറുണ്ട്. ഒരു ചെറിയ ഷോര്‍ട്ട്സും കൈയില്ലാത്ത ബനിയനുമായി, മൈക്കിലൂടെ ഒഴുകി വരുന്ന പാട്ട് കേട്ട് മന്ദം മന്ദം ഓടുന്ന രാജീവനേയും, അണച്ച് അണച്ച് ഓടുന്ന ഉണ്ണിനേം മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോ വാളൂരാനേ, പുളിമരത്തിന്റെ ചോട്ടിലിരുന്ന് സ്പോര്‍ട്സ് ഡേ കാണുന്ന പോലത്തെ ഒരു എഫക്ട് ആണ് എന്റുള്ളില്‍..! അനിര്‍വചനീയം.നന്ദി എന്റെ നാട്ടുകാരന്റെ ഈ കമന്റിന്. 🙂പിന്നെ നീളത്തിന്റെ കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്. മറ്റുള്‍ലവര്‍ എല്ലാവരും വായിക്കാന്‍ വേണ്ടി നീളം കുറച്ച് എഴുതണമെന്നാണോ മാഷ് പറേണെ. അത് ശരിയല്ലാന്ന് ഒരു തോന്നല്‍. മനസ്സിലുള്ളത് മുഴുവന്‍ എഴുതണം എനിക്ക്. ഇനി വരുന്ന എല്ലാ പോസ്റ്റുകള്‍ക്കും മാരകനീളമാണ് മാഷെ 😉ബോറടിക്കുന്നെങ്കില്‍ പറയണേ..!ായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ ഉപാസന

  18. അനൂപ് : ഹഹ. ഓട്ടപ്പോസ്റ്റ് വായിച്ച് അഭിപ്രായമറിയിച്ചതിന് നന്ദി. 🙂നിരക്ഷരന്‍ (മനോജ് ഭായ്) : കാതിരിക്കുകയാണ് ഞാന്‍. ഒന്ന് ഓടിയെത്തിയതിന് നന്ദി. 🙂കുട്ടന്‍ മേനോന്‍ : നീളത്തിന്റെ കാര്യം ഞാന്‍ മുന്‍ കമന്റുകളില്‍ പറഞ്ഞ പോലെ. ഓര്‍മകളുടെ കാര്യമല്ലേ. സ്കൂള്‍ എന്നൊക്കെ പറയുമ്പോ ഓര്‍മകള്‍ ഇരമ്പുമെന്നാ എന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയിരിക്കുന്നത്. നന്ദി മേന്‌നെ. 🙂ചിതല്‍ ഭായ് : പോസിന്റെ വലുപ്പം ശ്രദ്ധിച്ചില്ല എന്ന് കേട്ടപ്പോ മനസ്സിലായി വായന ഇഷ്ടമായി എന്ന്. പ്രണാം :-‌)അപര്‍ണാ : പതിത്തവും സ്പോര്‍ട്സും മാത്രമല്ല വോളീബാള്‍ എക്സ്പെര്‍ട്ട് കൂടെയാണ്. അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂ചാത്തന് : രണ്ട് പോസ്റ്റാക്കാമായിരുന്നു എന്ന് ചാത്തന്‍ പറഞ്ഞത് ചിലപ്പോ നീളം കൊണ്ടായിരിക്കാം അല്ലെങ്കില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളുള്ളത് കൊണ്ടായിരിക്കാം. ആദ്യത്തേതാവില്ല ചാത്തന്‍ ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു. എഴുതുമ്പോള്‍ നീളം ഒരു പ്രശ്നമാണോ.രണ്ടാമത്തേതിന്റെ വിശദീകരണം ഇതാ. സത്യത്തില്‍ രാജീവനും ഉണ്ണികൃഷ്ണനും ഒപ്പം മറ്റൊരു പ്രധാന കഥാപാത്രവും ഈ കഥയിലുണ്ടായിരുന്നു. എല്ലാ കൊല്ലവും രാജീവനെ മലത്തിയടിക്കുമെന്ന് വീമ്പ് പറഞ്ഞ് നടക്കുകേം അതിനായി കഠിന പരിശീലനങ്ങള്‍ ഒക്കെ ചെയ്യുന്ന ഒരു വ്യക്തി. ഓട്ടത്തിനെ മുക്കാല്‍ പങ്കും രാജീവനേക്ക്കാള്‍ ലീഡ് ചെയ്യുമെങ്കിലും പിന്നെ സ്റ്റാമിനയില്ലാത്തതു മൂലം തോല്വി പറ്റാറുള്ള ഒരു കഥാപാത്രം.എഴുതിക്കഴിഞ്നപ്പോ എനിക്ക് തോന്നി മൂന്ന് പ്രധാനകഥാപാത്രങ്ങള്‍ അനാവശ്യമാണെന്ന്. അത് കൊണ്ട് ഈ എഴുതിയിട്ടില്ലാത്ത മൂ‍ന്നാമനെപ്പറ്റി ഞാന്‍ പിന്നീട് എഴുതാന്‍ തീരുമാനിച്ചു. രണ്ട് കഥകള്‍ക്കുള്ള “കോപ്പുകളേ” എന്റെ കൈവശം ഉള്ളൂ എന്നത് കൊണ്ട് ഞാന്‍ ഉണ്ണിനേം രാജീവനേം ഒറ്റ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചു.നന്ദി ഈ ചെറുതെങ്കിലും പ്രസക്തമായ കമന്റിന്. 🙂സനലേ : വായിക്കാരുണ്ടെങ്കിലും ആദ്യമായി രേഖപ്പെടുത്തുന്ന ഈ കമന്റിന് എല്ലാ ആദരങ്ങളും. നന്ദി 🙂പൈങ്ങോടന്‍ : ചിതലിന്റെ പോലെ നീളം പ്രശ്നമായില്ല എന്ന് പറയുന്ന മറ്റൊരു കമന്റ്.നന്ദി പൈങ്ങോടന്‍. 🙂പ്രിയാ : വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. 🙂നവരുചിയന്‍ : സ്വാഗതം ഉപാസനയിലേക്ക്. പിന്നെ ഈ കഥയുടെ അന്ത്യഭാഗത്ത് രാജീവന്‍ തോല്‍ക്കേണ്ടത് അനിവാര്യതയാണ്. അത് കൊണ്ട് ഇങ്ങിനെയൊക്കെ വന്നു. ഇതുപോലെ രാജീവന്‍ നായകനാകുന്ന മറ്റൊരു പോസ്റ്റ് ഞാന്‍ എഴുതുന്നുണ്ട്. അതില്‍ ഒടുവില്‍ വിജയി രാജീവന്‍ ആണ്..!നന്ദി 🙂ശ്രീച്ചേട്ടാ : മാഷ് ബെല്‍ട്ട് തപ്പി നോക്കാറുള്ള കാര്യം ഞാന്‍ എഴുതിയതായി ആളറിഞ്ഞാലോ..! അഹഹ്ഹ.ആശംസാള്‍ക്കും അഭിനന്ദനങ്ങള്‍ക്കും മുന്നില്‍ പ്രണാം 🙂വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ ഉപാസന

  19. സുന്യേയ്..ഞാനിവിടെ ആദ്യമായിട്ടാണ്. അല്ലെങ്കിലും നല്ലത് കണ്ടെത്താന്‍ നമ്മളൊക്കെ എപ്പഴും വൈകുമല്ലോ!മനോഹരമായി ശൈലി.വിയര്‍പ്പിന്റെ ഉപ്പു രുചിക്കുന്ന ഈ ഓര്‍മ്മകള്‍ക്ക് എന്തൊരു ചൂടാണ്, ഇപ്പഴും?! ജീവിതത്തിലെന്നേവരെ ഒരു സ്പോര്‍ട്ട്മാനല്ലാഞ്ഞിട്ടും എന്തൊരു ആസ്വാദ്യതയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്..! ഒരു കലാലയാനുഭവത്തെ എഴുത്തിന്റെ കയ്യടക്കത്താലും, ശൈലികൊണ്ടും എവിടെയൊക്കെയാണ് സുനില്‍ ഭായ് എത്തിക്കുന്നത്?! അപാരം. നന്ദി.. അഭിനന്ദനങ്ങള്‍.ഓഫ്: പോസ്റ്റിന്റെ നീളത്തെക്കുറിച്ചു ഞാനും കേള്‍ക്കാറുണ്ട് പരാതി. ഇവിടെയും കണ്ടു ആ പരാതി. ഓര്‍മ്മകളെയും അനുഭവങ്ങളേയും എങ്ങിനെയാണാവോ സ്കെയില്‍ വെച്ചു അളക്കുന്നത്?! പോസ്റ്റിന്റെ നീളത്തെക്കുറിച്ചു എന്നും പരാതിയുള്ളവരോടു ഒരു കാര്യം ചോദിച്ചോട്ടേ, ‘ഒരു പോസ്റ്റിന്റെ ശരാശരി നീളം എത്രയാണ്?’ ‘പോസ്റ്റിന്റെ നീളം അളക്കുന്നതിനുള്ള ഉപകരണം വല്ലതുമുണ്ടോ?’ സുനിലിനു സാധ്യമാകുന്ന രീതിയില്‍ എഴുതുക.ആശംസകള്‍.

  20. രണ്ടാമത്തേത് തന്നെയാ ഉദ്ദേശിച്ചത്. ഉണ്ണിയെ പകുതി വഴിയ്ക്ക് വച്ച് കൈവിട്ടപ്പോള്‍ വേണ്ട പ്രാധാന്യം കൊടുത്തില്ലാന്ന് തോന്നി. സത്യത്തില്‍ അനിയനോട് ഓടിത്തോറ്റതില്‍ കരഞ്ഞോണ്ടിരുന്ന ഒരാളുടെ കണ്ണീരിനെക്കാളും ഹൃദയത്തില്‍ തൊടുന്നത് അങ്ങനൊരു അനൌണ്‍സ്മെന്റ് കേള്‍ക്കുന്ന ഉണ്ണീടെ സന്തോഷക്കണ്ണീരാ.

  21. സുനിലേ.. കലക്കി, ഗബ്രെസെലാസിയും രജീവനും, രജീവനുമെല്ലാം ചേര്‍ന്ന് വല്ലാത്തൊരു വായനാനുഭവം സമ്മാനിച്ചു. താങ്കളില്‍ ഒരു സ്പോര്‍ട്സ് ലേഖകന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഉറപ്പ്. http://orrorr.blogspot.com/2006/09/blog-post_24.html സമയം കിട്ടുമെങ്കില്‍ ഈ ലിങ്ക് ഒന്നു വായിച്ച് നോക്കൂ.. സ്പോര്‍ട്സ് മാസികയില്‍ മുന്‍പ് പ്രസിധീകരിച്ച ഒരു ആര്‍ട്ടിക്കിളാണ്.

  22. അന്ന് അജ്‌മല്‍ വാങ്ങിക്കൊണ്ട് വന്ന സോഡ രാജീവന്‍ വാങ്ങിച്ചില്ല..!സന്തോഷ് മാഷെ നോക്കി പാട്ട് വക്കാന്‍ പറഞ്ഞില്ല..!ദിലീപനുമായി ഓട്ടത്തിനിടയില്‍ കുശലം ചോദിച്ചില്ല..!സുനില്‍ സൂപ്പര്‍……

  23. ദീര്‍ഘദൂര ഓട്ടത്തിലാണല്ലേ താല്‍പര്യം.കൂടെ ഓടിയെത്താന്‍ പറ്റിയില്ല.അതാണ്‌ ഒന്നും മനസ്സിലാകാതെ വന്നത്‌.ദാ…ഇപ്പോള്‍ പിടിച്ചു കെട്ടിയിരിക്കുന്നു.ഇനി ഉണ്ണിയെപ്പോലെ മതി.അതും കുറച്ചു ദൂരം…മെല്ലെമെല്ലെ…സ്പെഷ്യല്‍ അവാര്‍ഡിനു തീര്‍ച്ചയായും അര്‍ഹതയുണ്ട്‌….എന്തായാലും ഈ സ്പോര്‍ട്‌ മാന്‍ സ്പിരിറ്റ്‌ സമ്മതിച്ചു തന്നിരിക്കുന്നു.ആശംസകള്‍….!!!

  24. ഉപാസനേ,കുറേ കഥാപാത്രങ്ങളെ ജീവനോടെ കണ്ടു. സന്തോഷ് മാഷിനെ കൂടുതല്‍ ഓര്‍ത്തു പോകുന്ന പൊലെ.പിന്നെ, വായിയ്ക്കുമ്പോളെനിയ്ക്കു തോന്നിയത്, ഈ എക്സ്ക്ലമേഷന്‍ മാര്‍ക്ക് ഇത്തിരി കുറച്ചാല്‍ ഇത്തിരി കൂടി എഫക്റ്റ് വരില്ലേ എന്നു തോന്നി. പല ഭാഗങ്ങളില്‍, പലപ്രാവശ്യം അതു കാണുമ്പോള്‍ വാചകത്തിന്റെ എഫക്റ്റ് കുറയുന്നില്ലേ?എഴുത്ത് പലപ്പോഴും മനസ്സിനൊരു വ്യായാമം തന്നെയാണ്. തുടരൂ..

  25. പിന്നെ ഉപാസനേ,ഒരു ഓഫ്. പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോള്‍ മറക്കാതെ “പോസ്റ്റ് ഓപ്ഷന്‍സില്‍“ തിയ്യതി ശരിയല്ലേ എന്നൊന്നു ചെക് ഛെയ്തു നോക്കൂ, അപ്പോള്‍ മിയ്ക്കവാറും അഗ്രിഗേറ്ററില്‍ ഉടനെ വരും.പിന്നെ ഇപ്പോ തിയ്യതിയ്ക്കും സമയത്തിനുമനുസരിച്ച് ഷെഡ്യൂള്‍ഡ്‌ലിസ്റ്റിലാക്കി, അതില്‍ നിന്നും ഓട്ടോമാറ്റിക്കായി പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. ആ തിയ്യതിയും ഡെയ്റ്റും ഒന്നും ശരിയാക്കിയാല്‍ മതിയെന്നാണെന്റെ അനുഭവം.🙂

  26. nannayittundu….ella postukalum vaayichu… neelam aanu oru prashnam..pinne etho oru commentinu marupadiyayi manasilullathu muzhuvan ezhuthande enna chodyathinu munnil neelathinte kaaryam pinvalikkunnu…iniyum ezhuthuka…

  27. നന്ദകുമാര്‍ ഭായ് : ഉപാസനയുടെ ബ്ലോഗിലേയ്ക്ക് സ്വാഗതം. സ്പോര്‍ട്സ്മാനല്ലായിരുന്നിട്ടും ഭായി ആസ്വദിച്ചു എന്നറിഞ്ഞതിത്സന്തോഷം.നീളത്തിന്റെ കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്. എന്റെ ഇനി വരുന്ന പോസ്റ്റുകള്‍ക്ക് ഇതിനേക്കാളും നീളമാണ്. നന്ദി ഈ ആദ്യസന്ദര്‍ശനത്തിന്. 🙂പുടയൂര്‍ : എന്നില്‍ സ്പോര്‍ട്സ് ലേഖകനോ. 🙂പുടയൂര്‍ തന്ന ലിങ്കിന് വളരെ നന്ദി. രാമചന്ദ്രന്‍ ഭായിയുടെ ആ ആര്‍ട്ടിക്കിള്‍ എനിയ്ക്ക് വളരെ ഇഷ്ടമായി. ഐ.എം.വിജയനൊക്കെ വന്ന് ഒരു നല്ല വായനാനുഭവം.നന്ദി. 🙂ശരത് : അഭിനന്ദനങ്ങള്‍ക്ക് നന്ദി. 🙂ലീലാ മാഢം : ശരത്തിന്റെ അമ്മയാണല്ലേ. :-). നന്ദി ഉണ്ണിയൊക്കെ എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ഭയങ്കര റിസ്കാണ്ദീര്‍ഘദൂര ഇനങ്ങള്‍ ഓടി മുഴുമുപ്പിയ്ക്കാന്‍. അഭിപ്രായത്തിന് നന്ദി. 🙂ശ്രീശോഭീ : അഭിപ്രായത്തിന് നന്ദി. പിന്നെ കഥയാവുമ്പോ സംഭവങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി പലപ്പോഴും അവതരിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ രസകരമാകില്ല. 🙂ചെറുവാളൂര്‍ ഗബ്രെസെലാസി വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ | ഉപാസന

  28. പീയാറേ : പീയാര്‍ പറഞ്ഞത് ശരി തന്നെ. എക്സ്ക്ലേമേഷന്‍ മാര്‍ക്കുകള്‍ കുറച്ച് കൂടുതലാണ്. ഇനി പോസ്റ്റിടുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചോളാം. സമയം കിട്ടുന്ന മുറയ്ക്ക് പഴയ പോസ്റ്റുകളിലെ മാര്‍ക്കുകള്‍ നീക്കംചെയ്യുകയും ചെയ്യാം. നന്ദി ഞാന്‍ ശ്രദ്ധിക്കാതെ പോയ ഈ ന്യൂനത ചൂണ്ടിക്കാണിച്ചതിന്.പിന്നെ എഴുത്ത് വ്യായാമമാണെന്ന കാര്യം. വളരെ ശരിയാണത്. കഥയെഴുത്ത് എനിയ്ക്ക് നേരം പോക്കല്ല. ഞാന്‍ ഒരുപാട് സമയമെറ്റുത്താണ് ഇതൊക്കെ എഡിറ്റ് ചെയ്യുന്നത്. എഴുതിക്കഴിഞ്ഞ് പല ആവര്‍ത്തി വായിച്ച് ധാരാളം തെറ്റുതിരുത്തലുകള്‍ ഒക്കെ നടത്തും. ശരിയ്ക്കും മനസ്സിന് വ്യായാമമാണ് ഈ കഥയെഴുത്ത്. പിന്നെ പുതിയ പോസ്റ്റ് അഗ്രഗേറ്ററില്‍ വരാനുള്ള ആ സൂത്രം പറഞ്ഞു തന്നതിന് ഇതാ ഒരു പ്രണാമം. കാരണം പീയാറ് പറഞ്ഞത് പോലെ ചെയ്തപ്പോ എന്റെ ഏറ്റവും പുതിയ പോസ്റ്റ് “തമ്പീടെ ചെറാലക്കുന്ന് എക്സ്പ്രസ്സ്” ആദ്യത്തെ ശ്രമത്തില്‍ തന്നെ അഗ്രഗേറ്ററില്‍ വന്നു.അതോണ്ട് റൊമ്പ താങ്ക്സ്.അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വളരെ നന്ദി. 🙂ചാത്തന് : ഉണ്ണിയെ കൈവിട്ടതല്ല ചാത്താ. ഞാന്‍ മുമ്പ് ഇട്ട കമന്റില്‍ പറഞ്ഞതാണ് കാരണം. രാജീവനെ തോല്പിക്കുമെന്നും പറഞ്ഞ് തമ്പി ചെയ്തതൊക്കെ എഴുതാനുണ്ട്. അതാണ് കൂടുതല്‍ വികസിപ്പിച്ചെഴുതാന്‍ പറ്റുന്ന സബ്ജക്ട്. ഉണ്ണീയെക്കുറിച്ച് എഴുതിയാല്‍ അത്രയും പുള്‍ കിട്ടില്ല.അത് കൊണ്ടാണ് ഉണ്ണിയെ ഇതില്‍ രണ്ടാമത്തെ പ്രധാനകഥാപാത്രമാക്കി മാത്രം നിര്‍ത്തിയത്.നന്ദി ഈ വിശദമായ അഭിപ്രായപ്രകടനങ്ങള്‍ക്ക്. 🙂ചെറുവാളൂര്‍ ഗബ്രെസെലാസി വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ.🙂എന്നും സ്നേഹത്തോടെസുനില്‍ | ഉപാസന

  29. ക്രാക്ക് വേര്‍ഡ്സ് : ഇത് മുഴുവന്‍ കുത്തിയിരുന്ന് വായിച്ചതിന് നന്ദി ട്ടോ. 🙂സന്തനു ഭായ് : സ്വാഗതം ഉപാസനയിലേയ്ക്ക്. നീളത്തിന്റെ കാര്യത്തില്‍ നോ രക്ഷ. 🙁എല്ലാ പോസ്റ്റുകളും വായിച്ചെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം മാത്രം.വേഗം എഴുതിത്തുടങ്ങൂ സ്വന്തം ബ്ലോഗില്‍. നന്ദി. 🙂സജീ : നീയും ചാത്തന്റെ സൈഡ് ആണല്ലോ. 😉നന്ദി മച്ചാനേ. 🙂സുരേഷ്കുമാര്‍ : സ്വാഗതം ബൂലോകത്തേയ്ക്കും ഉപാസനയിലേയ്ക്കും. അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂ഗീതേച്ചി : കണ്ടില്ലല്ലോ എന്നോര്‍ത്ത് ഇരിയ്ക്കായിരുന്നു. ഒത്തിരി നല്ല വാക്കുകള്‍ക്ക് നന്ദി. 🙂അതുല്‍ : സാഗി പറഞ്ഞു.അഭിപ്രാമറിയിച്ചതിന് നന്ദി. 🙂ചെറുവാളൂര്‍ ഗബ്രെസെലാസി വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ.🙂എന്നും സ്നേഹത്തോടെസുനില്‍ | ഉപാസന

  30. Find 1000s of Malayalee friends from all over the world.Let’s come together on < HREF="http://www.keralitejunction.com" REL="nofollow">http://www.keralitejunction.com<> to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.Let’s also show the Mightiness of Malayalees by coming together on < HREF="http://www.keralitejunction.com" REL="nofollow">http://www.keralitejunction.com<>

അഭിപ്രായം എഴുതുക