പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ നടത്താറുണ്ട്. ഒരാഴ്‌ച നീളുന്ന പൂജകളും കളമെഴുത്തും പാട്ടും. അവസാനദിവസം തായമ്പകയും ചെറിയതോതിലൊരു മേളവും ഉണ്ടാകും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചിലെ ഉത്സവത്തോടു അനുബന്ധിച്ച് ഒരു ദേവപ്രശ്നം കൂടി കാവിൽ നടത്താൻ അമ്പലക്കമ്മറ്റി തീരുമാനിച്ചു. കാവിൽ ശങ്കരമ്മാനൊപ്പം കുടിയിരുത്തിയിരുന്ന ദേവകൾ ക്ഷുഭിതരാണെന്നതിനു ഉപോല്‍‌ബലമായി പല ദുര്‍‌നിമിത്തങ്ങളും അതിനകം കണ്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ആരും കാര്യമായെടുത്തില്ല. എങ്കിലും അടിയന്തിരശ്രദ്ധ ആവശ്യമുള്ള ഒന്നുകൂടി നടന്നപ്പോൾ ദേവപ്രശ്‌നത്തിനു തിടുക്കത്തിൽ ധാരണയിലെത്തി.

എല്ലാ ദേശക്കാരിലും വിവരം എത്തിയിരുന്നതിനാൽ ശങ്കരമ്മാൻ‌കാവിൽ നല്ല ജനക്കൂട്ടമെത്തി. കാവിന്റെ ഇടതുമൂലയിലെ സര്‍പ്പക്കാവിനു മുന്നിൽ പലനിറത്തിലുള്ള പൊടികള്‍കൊണ്ടു വരച്ച ഒരു കളം. ദൃംഷ്‌ടകളും നീണ്ട നാക്കുമുള്ള ഒരു യക്ഷിയുടെ രൂപമാണ് കളത്തിനു നടുവിൽ. വാഴപ്പോള ഉപയോഗിച്ചു കളത്തിനു അതിരുകളും കമാനവും ഒരുക്കിയിരുന്നു. ‘വാഴപ്പോള അമ്പല‘ത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഏഴുതിരിയിട്ട ഏഴു വലിയ നിലവിളക്കുകൾ. വിളക്കുകള്‍ക്കു മുന്നിൽ വലിയ ഓട്ടുരുളിയിൽ ചെത്തിപ്പൂവിട്ട ചുവന്ന ഗുരുതിപ്രസാദം. പിന്നിൽ ചതുരാകൃതിയിലുള്ള കരിങ്കല്ല്. അതിന്‍‌മേൽ ചുവന്നപട്ടിൽ പൊതിഞ്ഞ, കൊല്ലൻ പ്രത്യേകമായി പണിത വലിയൊരു ഇരുമ്പാണി.

തൈക്കൂട്ടത്തെ പ്രശസ്‌ത കണിയാനും മാന്ത്രികനുമായ ബാലകൃഷ്ണകൈമള്‍ക്കാണ് പ്രശ്‌നത്തിന്റെ മേല്‍‌നോട്ടം. അൻ‌പത്തഞ്ച് വയസ്സുള്ള ആരോഗ്യദൃഢഗാത്രനാണ് കൈമൾ. വെളുത്ത നിറം. കഴുത്തു മറയ്‌ക്കുന്ന നീണ്ട താടി. രോമാവൃതമായ കുടവയറിൽ മുട്ടിയുരസിക്കിടക്കുന്ന വെള്ളി കെട്ടിയ രുദ്രാക്ഷമാല. ചിരിക്കാത്ത പരുക്കൻ ‌മുഖഭാവം. ഇതൊക്കെയാണ് ബാലകൃഷ്‌ണക്കൈമൾ. മഞ്ഞനിറമുള്ള പട്ടുചേലയിൽ ഇരിപ്പുറപ്പിച്ചു അദ്ദേഹം പൂജകൾ ആരംഭിച്ചു. നിഗൂഢങ്ങളായ അനേകം മന്ത്രങ്ങൾ അവിരാമം ഉരുക്കഴിക്കാൻ തുടങ്ങി. ഓരോ മന്ത്രവും ഉരുക്കഴിച്ചശേഷം കളത്തിലേക്കു ഒരുനുള്ള് ഭസ്മം വലിച്ചെറിയുന്നുമുണ്ട്.

നെറ്റിയിലാകെ ഭസ്‌മംപൂശി ധ്യാനത്തിലിരിക്കുന്ന കൈമളെ ആശങ്കയോടെനോക്കി അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി, പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്ന, കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനോടു ചോദിച്ചു.

“കൈമള്‍ വിചാരിച്ചാ വല്ലോം നടക്ക്വോ പുരുഷൂ?”

സ്വാമിയോടു ഒച്ച കൂട്ടരുതെന്നു ആഗ്യംകാണിച്ചു പുരുഷോത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“സാമീ അങ്ങനെ പറേര്‌ത്. കൈമള് ചെയ്താ അത് അച്ചട്ടാ! അറീലേ തൈക്കൂട്ടം കാളിവിരുത്തികാവിലെ കാഞ്ഞിരത്തീ തറച്ചേക്കണ യക്ഷീനെ? ഈ കൈമള് പിടിച്ച് കെട്ടീതാ“
അതെ… യക്ഷിയാണിവിടെ വിഷയം. ശങ്കരമ്മാൻ‌കാവിന്റെ ഒരുവശത്തു സാമാന്യം വിസ്താരമുള്ള മൈതാനമാണ്. മൈതാനത്തിനു നടുവിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കാവിലെ ആവശ്യങ്ങൾക്കു പണ്ട് കുഴിച്ചതാണെങ്കിലും വർഷങ്ങളായി ആ കിണർ ആരും ഉപയോഗിക്കാറില്ല. അതിന്റെ ആഴവും ആര്‍ക്കുമറിയില്ല. പേടിമൂലം ആരുമങ്ങോട്ടു പോകാറേയില്ല. പൊട്ടക്കിണറിന്റെ ഉൾവശത്തു വേരുറപ്പിച്ചു വലിയൊരു ഏഴിലം‌പാല നിൽ‌പ്പുണ്ട്. എപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ മൈതാനത്താണ് കക്കാടിലെ ഏകക്ഷേത്രമായ അയ്യങ്കോവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം‌വിളക്ക് ഉത്സവത്തിനു ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുക. അല്ലാത്തസമയം മരക്കിഴങ്ങ് കൃഷി ചെയ്യും. അപ്പോഴും പൊട്ടക്കിണറിനു ചുറ്റുമുള്ള കുറച്ചുഭാഗം ഒന്നുംചെയ്യാതെ വെറുതെയിട്ടിരിക്കും. അതാണ് ചിട്ട. ആരും തെറ്റിച്ചുകൂടാ.

വളരെ പണ്ട് ഏതോ പെണ്ണ് പൊട്ടക്കിണറിൽ ചാടി മരിച്ചിട്ടുണ്ടത്രെ. അന്നമനടയിലുള്ള ഒരു അന്തര്‍ജ്ജനമാണെന്നാണു പഴയ തലമുറയിലെ ആളുകൾ പറയുന്നത്. അവർ അവരുടെ പൂര്‍വികരില്‍നിന്നു കേട്ടു മനസ്സിലാക്കിയതാണ്. ദുര്‍മരണം നടന്ന കാലത്തെപ്പറ്റി കൃത്യമായ അറിവ് ആര്‍ക്കുമില്ലെങ്കിലും മൂന്നുതലമുറക്കു മുമ്പെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. മരണകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും അന്തർജ്ജനത്തിന്റെ മരണം അപമൃത്യുവായിരുന്നു എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അന്തര്‍ജ്ജനത്തെ ആരോ ചതിച്ചതാണെന്നും, അവരുടെ ആത്മാവ് മൈതാനത്തു ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നുമാണ് പലരുടേയും ഉറച്ച വിശ്വാസം. അയ്യങ്കോവ് അമ്പലത്തിലെ ഭദ്രകാളിത്തറയുടെ കാവലാളായ പണിക്കവീട്ടിൽ ശേഖരൻ പലരാത്രികളിലും പൊട്ടക്കിണറിൽ അന്തര്‍ജ്ജനത്തെ കണ്ടിട്ടുണ്ടത്രെ. പക്ഷേ ഇത്തരം പറച്ചിലുകളല്ലാതെ അന്തര്‍ജ്ജനം ഇതുവരെ ആരെയെങ്കിലും ഉപദ്രവിച്ചുവെന്നോ ശല്യപ്പെടുത്തിയെന്നോ പരാതിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതും സംഭവിച്ചു.

ചാലക്കുടി കെ‌എസ്‌ആർ‌ടി‌സി ഡിപ്പോയിൽ ജോലിയുള്ള കണ്ണാമ്പലത്തുവീട്ടിൽ പുരുഷു എന്ന പുരുഷോത്തമന്‍ ആഴ്ചയിൽ രണ്ടുദിവസമേ വീട്ടിൽ എത്തുകയുള്ളൂ. അത്യാവശ്യം ഒരു മിനുങ്ങൽ ഒക്കെ കഴിച്ചാണ് അദ്ദേഹം വരിക. വരുന്നതോ, അര്‍ദ്ധരാത്രിയോടു അടുത്ത സമയത്തും.

കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഒരു അപാരധൈര്യശാലിയാണെന്നാണ് കക്കാടിലെ പ്രമുഖ കൃസ്‌ത്യൻ തറവാടായ കണ്ണമ്പിള്ളിവീട്ടിലെ കാരണവരായ പൌലോസേട്ടൻ കാണുന്നവരോടെല്ലാം പറയുക. അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നതോ പുരുഷുവിന്റെ ഇടതൂര്‍ന്ന മീശയും. ഗോമൂത്രം ഒഴിച്ച ചീരച്ചെടികളുടെ വളര്‍ച്ചയാണ് പുരുഷുവിന്റെ മീശക്ക്. അനിയന്ത്രിതമായ വളര്‍ച്ചമൂലം വായപോയിട്ടു താടിപോലും കാണാൻ പറ്റില്ല. കട്ടിമീശയുള്ളതുകൊണ്ടാണോ ധൈര്യശാലിയായത് എന്നൊന്നും പൌലോസേട്ടനോടു ചോദിക്കരുത്. അദ്ദേഹം‍ ചൂടാകും. പൌലോസേട്ടനു ഏതാണ്ട് സമപ്രായക്കാരനായ പുരുഷുവിനെപ്പറ്റി പറയാൻ കഥകൾ ഒത്തിരിയുണ്ട്. പണ്ട് രണ്ടുപേരുടേയും ചെറുപ്പകാലത്തു, ഇരുവരും അന്നനാട് വേലുപ്പിള്ളി അമ്പലത്തിലെ ഉത്സവംകണ്ടു മടങ്ങിവരുമ്പോൾ ഒടിയന്‍ പണിക്കർ‍ പോത്തിനെ അയച്ചതും, ആ പോത്തിനെ തിരിഞ്ഞുനോക്കാതെ പണിക്കരുടെ വീട്ടില്‍പോയി അദ്ദേഹത്തെ തല്ലിയതും, തല്ലിയതിന്റെ ഏഴാംനാൾ പണിക്കർ പരലോകം പൂകിയതുമെല്ലാം പൌലോസേട്ടൻ വള്ളിപുള്ളി വിടാതെ, ഒറ്റ ശ്വാസത്തിൽ വിവരിക്കും. ഈ പുരുഷുവിനെയാണ്, പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനെയാണ്, യക്ഷി പേടിപ്പിച്ചത്. അപ്പോൾ അതിൽ പതിരില്ലാതെ തരമില്ല.

Read More ->  ‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകരൂപത്തിൽ

സംഭവം ഇങ്ങിനെയാണ്. പതിവുപോലെ ബസിൽ ഒരു നീണ്ടയാത്ര കഴിഞ്ഞു രണ്ടുദിവസം വിശ്രമിക്കാമെന്നു കരുതിവന്നതാണ് പുരുഷു. കക്കാടിലെ ഏക വൻ‌കിട വ്യവസായശാലയായ ഓസീന്‍ കമ്പനിയുടെ പടിക്കൽ ഓട്ടോറിക്ഷ നിര്‍ത്തിച്ച് പോക്കറ്റില്‍നിന്നു കാശെണ്ണുമ്പോൾ ഡ്രൈവർ ഓര്‍മിപ്പിച്ചു.

“സാറേ ഞാന്‍ വേണോങ്കീ വീട്ടിലെറക്കാം. കൂടുതൽ കാശൊന്നും തരണ്ട. എന്തായാലും ഈ നട്ടപ്പാതിരക്ക് സാറ് തനിച്ച് പോണ്ട”
മിനുങ്ങലിന്റെ ഹാങ്ങോവറിൽ പുരുഷു ഓട്ടോഡ്രൈവറെ ഉഗ്രമായി ആട്ടി. “ഫ്‌ഭാ കഴ്വേറി മോനേ… കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷൂനെ ഉപദേശിക്കെ! എടാ ഇത് നോക്ക്ടാ, പണിക്കരെ തല്ലിയ കയ്യാ ഇത്. അറിയോടാ ശവീ. ഓട്രാ നിന്റെ പാട്ടവണ്ടീം കൊണ്ട്”

ഓട്ടോറിക്ഷക്കാരൻ വേഗം പറപറന്നു. കമ്പനിപ്പടിക്കൽ പാറാവുനില്‍ക്കുന്ന പുനലൂർ സ്വദേശി രാജേന്ദ്രൻ‌‍ പുരുഷുവിനെ കണ്ടപ്പോൾ നീണ്ടുനിവര്‍ന്നു സല്യൂട്ട് ചെയ്‌തു. സല്യൂട്ട് സ്വീകരിച്ചു പുരുഷു ‘സമയമില്ല പോകുന്നു’ എന്നു ആഗ്യം കാണിച്ചു. ചെറിയ പതര്‍ച്ചയോടെ നടന്നുപോകുന്ന പുരുഷുവിൽ‌നിന്നു നോട്ടം പിന്‍‌വലിച്ചു രാജേന്ദ്രൻ കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ കയറി.

കമ്പനിപ്പടി കഴിഞ്ഞ് മൂന്നുകൈവഴികളുള്ള കവലയിൽ എത്തിയപ്പോഴാണ് പുരുഷു ഓര്‍ത്തത്. ഇന്നു വെള്ളിയാഴ്ച, കറുത്ത വാവിന്റെ ദിവസമാണ്. സമയമോ നട്ടപ്പാതിര! കമ്പനിയിൽ നിന്നുള്ള വെളിച്ചം കഴിഞ്ഞു. ഇനിയങ്ങോട്ട് കുറ്റാക്കൂരിരുട്ടാണ്. പുരുഷുവിന്റെ നോട്ടം മൈതാനമധ്യത്തിലെ പൊട്ടക്കിണറിനുനേരെ നീണ്ടു. അറിയാതെ ഒരു ഉള്‍ക്കിടിലം മനസ്സിലുണ്ടായി.

എവിടെയും കനത്ത നിശബ്ദതയായിരുന്നു. പൊട്ടക്കിണറിൽ വേരുറപ്പിച്ച്, വളര്‍ന്നു നില്‍ക്കുന്ന ഏഴിലം‌പാലയുടെ ഇലകള്‍ക്കു അനക്കമില്ലെന്നല്ലാതെ, ഏഴിലം‌പാലയാകെ പൂത്തുനില്‍ക്കുന്ന കാര്യം പുരുഷു ശ്രദ്ധിച്ചില്ല. നോട്ടം പിന്‍‌വലിച്ചു രണ്ടുചുവടുകൾ മുന്നോട്ടുവച്ചു. അപ്പോൾ റോഡരുകിലെ ഇല്ലിക്കാട്ടില്‍നിന്നു ഏതോപക്ഷി ഉച്ചത്തിൽ ചിലച്ച് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്നുപോയി. ഞെട്ടി പിന്നോട്ടുമാറി ഇല്ലിക്കാട്ടിലേക്കു നോക്കിയ പുരുഷു കണ്ടത് ചുവന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കുന്ന രണ്ട് ചെമ്പോത്തുകളെയാണ്.

പുരുഷുവിനു എന്തോ വല്ലായ്‌മ തോന്നി. പതിവില്ലാത്തതാണിത്. ഈ വല്ലായ്‌മയെ പേടിയെന്നു വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോൾ വായില്‍നിന്നു ചില വാക്കുകൾ അറിയാതെ പുറത്തു ചാടി.

“കണ്ണാമ്പലത്ത്‌വീട്ടിൽ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷോത്തമനു പേട്യോ? ഹഹഹ”

ചുണ്ടിൽ വിടര്‍ന്നചിരിയിൽ ലയിച്ചു പുരുഷു പാടാൻ തുടങ്ങി.

“എന്റെ സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു…
കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു…
ക്വാര്‍ട്ടർ റമ്മെടുത്ത് പച്ചക്കടിച്ചൂ…”

പുരുഷു വീണ്ടും ചിരിച്ചു. “കണ്ണാമ്പലത്തുവീട്ടിലെ പുരുഷൂന് പേട്യോ! ഹഹഹഹ“

അഞ്ചുനിമിഷത്തിനു ശേഷം പുരുഷു ചിരിക്കുന്നത് നിര്‍ത്തി. പക്ഷേ എന്നിട്ടും അന്തരീക്ഷത്തിൽ ചിരിയുടെ അലയൊലികൾ നിന്നില്ല.

“ഹഹഹഹ”

വേറൊരാൾ കൂടി ചിരിക്കുന്നു. കുണുങ്ങിക്കുണുങ്ങി ചങ്കിൽ തറക്കുന്ന തരം ചിരി. അരമണികളുടെ കിലുക്കം പോലെയുള്ള ചിരി. അതെ. ഒരു പെണ്ണിന്റെ ചിരി!

പുരുഷുവിന്റെ തൊണ്ട വരണ്ടു. ഞെരമ്പുകളിൽ ചോര ഉറഞ്ഞു കനംവച്ചു. നോട്ടം ഒരിക്കല്‍കൂടി മൈതാനമധ്യത്തെ പൊട്ടക്കിണറിനുനേരെ നീണ്ടു. അവിടത്തെ ദൃശ്യം കണ്ട് പുരുഷോത്തമൻ ഞെട്ടിവിറച്ചു.

പൊട്ടക്കിണറിലെ ഏഴിലം‌പാലയുടെ ചുവട്ടിൽ ഒറ്റത്തിരിയിട്ട ഏഴ് തൂക്കുവിളക്കുകൾ എരിയുന്നു. മഞ്ഞപ്രകാശത്തിനു പകരം കടും‌ചുവപ്പുനിറമുള്ള പ്രകാശകിരണങ്ങളായിരുന്നു ആ വിളക്കുകൾ വാരിവിതറിയിരുന്നത്. വിളക്കുകള്‍ക്കു പിന്നിൽ വെള്ളക്കസവിന്റെ ഒറ്റമുണ്ടുടുത്തു, മുലക്കച്ചയില്ലാതെ ഒരു നേര്യത് മാത്രം മാറത്തിട്ടു, വശ്യമായ പുഞ്ചിരിയോടെ മദാലസയായ ഒരു സ്ത്രീ നില്‍ക്കുന്നു. പുരുഷുവിന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. നാവ് അറിയാതെ ചലിച്ചു.

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!“

നേര്യതിനിടയിലൂടെ ഇഴഞ്ഞുകയറുന്ന പ്രകാശത്തിൽ അന്തര്‍ജ്ജനത്തിന്റെ വശങ്ങളിലേക്കു തള്ളിനിൽക്കുന്ന കല്ലന്‍മുലകൾ മുക്കാലും അനാവൃതമായിരുന്നു. ഇടുങ്ങിയ അരക്കെട്ട്. വീതിയും വിസ്താരവുമുള്ള പിന്‍ഭാഗം. ലക്ഷണമൊത്ത കൈകാലുകൾ. പനങ്കുലപോലെ തഴച്ചുവളര്‍ന്ന തലമുടി. സ്ത്രീസൌന്ദര്യത്തിന്റെ മൂര്‍ത്തഭാവം.

സ്തോഭജനകമായ ഈ കാഴ്ചകണ്ടു പുരുഷു ശ്വാസമെടുക്കാതെ തരിച്ചുനിന്നു. തുടരെത്തുടരെ കുണുങ്ങിച്ചിരിച്ചു അന്തര്‍ജ്ജനം‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ വാലിട്ടെഴുതിയ മിഴികളുടെ കടാക്ഷങ്ങള്‍ക്കൊന്നും പുരുഷോത്തമനെ ഇളക്കാനായില്ല. ഏതാനും നിമിഷത്തെ പകപ്പിനുശേഷം അദ്ദേഹം വീടിനെ ലക്ഷ്യമാക്കി നടപ്പുതുടര്‍ന്നു. ഇന്നേവരെ ആരേയും ഉപദ്രവിക്കാത്ത യക്ഷിയല്ലേ എന്നു സമാധാനിച്ചു നടന്ന പുരുഷുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കിണറ്റിന്‍കരയിലെ പാലമരത്തില്‍നിന്നു അന്തര്‍ജ്ജനം വായുവിലൂടെ ഒഴുകി അദ്ദേഹത്തിനു മുന്നിൽ വന്നുനിന്നു. പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഉടൻ മുണ്ട് മടക്കിക്കുത്തി ഓടാൻ ആഞ്ഞെങ്കിലും കഴിഞ്ഞില്ല. കാലുപോയിട്ടു ചുണ്ടുപോലും അനക്കാനാകുന്നില്ല. കഴിച്ചതെല്ലാം ഇറങ്ങിയപ്പോൾ പേടിയെന്തെന്ന് അറിഞ്ഞു. അടിമുടി വിയര്‍ത്തു.

പുരുഷുവിന്റെ കനത്തമീശയിൽ തലോടി കീഴ്ച്ചുണ്ടു കടിച്ചു കുണുങ്ങിച്ചിരിച്ച്, അന്തര്‍ജ്ജനം ഇമ്പമേറിയ സ്വരത്തിൽ മൊഴിഞ്ഞു. “ഞാന്‍… ഞാനെന്നും കാണാറ്ണ്ട് പുരുഷൂനെ. എനിക്കെന്ത് ആശയാന്നാ. ഇന്ന്… ന്നെനിക്ക് വേണം”

Read More ->  ഖാലി - 2

അനക്കമില്ലാതെ നിന്ന പുരുഷുവിന്റെ കണ്ണുകൾ ചോദ്യഭാവത്തിൽ ചലിച്ചു. മാറത്തെ നേര്യത് വലിച്ചെറിഞ്ഞു, വിജൃംഭിച്ചു നില്‍ക്കുന്ന മുലകളെ അനാവൃതമാക്കി അന്തര്‍ജ്ജനം രാഗപരവശയായി.

“സുരതം… സുരതം!”

യക്ഷിയുമായുള്ള സുരതക്രിയ മനുഷ്യര്‍ക്കു താങ്ങാനാവില്ലെങ്കിലും പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിലെ പുരുഷുവിനു പറ്റും. പക്ഷേ അദ്ദേഹം തികഞ്ഞ ധര്‍മ്മിഷ്‌ഠനാണ്. മറുപടി കൊടുക്കാന്‍ താമസമേതുമുണ്ടായില്ല.

“പുരുഷൂന് ഒരു ഭാര്യണ്ട്. വെറ്‌തെ മെനക്കെടണ്ടാ“

ആവശ്യം നിരസിക്കപ്പെട്ട മോഹഭംഗത്തിൽ അന്തര്‍ജ്ജനം ഉഗ്രമായി അലറി. “ഹാര്‍ച്ച്… ഹാര്‍സ്ച്ച്…”

കൂര്‍ത്ത നഖംകൊണ്ടു പുരുഷുവിന്റെ മുഖം വരഞ്ഞു രക്തംവരുത്തി അന്തര്‍ജ്ജനം വീണ്ടും ഭീഷണമായി ചോദിച്ചു. “പറ്റില്ലേ പുരുഷൂ”

നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലിനൊപ്പം അന്തര്‍ജ്ജനത്തിന്റെ വഴികാട്ടിയായ തൂക്കുവിളക്കിന്റെ കൂര്‍ത്തഅഗ്രം പുരുഷുവിന്റെ വലത്തെ ഉള്ളംകയ്യിൽ ആഴ്ന്നിറങ്ങി. വീണ്ടും അലറിയ അന്തര്‍ജ്ജനത്തിന്റെ കണ്ണുകൾ ചോരഗോളങ്ങളായി മാറി. നഖങ്ങൾ നീണ്ടുവന്നു. അന്ത്യമടുത്തെന്നു മനസ്സിലാക്കിയ പുരുഷു ആദ്യം വീട്ടുകാരെ ഓര്‍ത്തു. ശേഷം നാട്ടുകാരെ ഓര്‍ത്തു. അവസാനം രക്ഷക്കായി അവസാനത്തെ ആശ്രയത്തെ തേടി. ദിവസവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു തൊഴാറുള്ള, പലതവണ ഇരുമുട്ടിക്കെട്ടുമായി മലയും പടിയും കയറിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഏതു കക്കാട്‌വാസിയേയും പോലെ അഭയം ചോദിച്ചു.

“എന്റെ ശാസ്താവേ!”

പിന്നെ നിറമിഴികളോടെ കൈകൂപ്പി നിന്നു. അപ്പോൾ ശങ്കരമ്മാൻ‌കാവിൽ‌നിന്നു കുറച്ചുദൂരെയുള്ള അയ്യങ്കോവ് ക്ഷേത്രത്തിലെ പാലച്ചുവട്ടിൽ കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ആടിയുലഞ്ഞു. ഭദ്രകാ‍ളിത്തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ പള്ളിവാളില്‍നിന്നു ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ പണിക്കവീട്ടിൽ ശേഖരൻ ഉറക്കത്തില്‍നിന്നു അരമണികൾ കിലുങ്ങുന്ന ശബ്ദം ശ്രവിച്ചു ഞെട്ടിയെഴുന്നേറ്റു ഉറഞ്ഞുതുള്ളി.

“ഹാര്‍‌ര്ച്ച്… ഹാര്‍‌ര്‌ര്ച്ച്…”

അതെ. ഭദ്രകാളിത്തറയിൽ ഭഗവതി നിലപാടുകൊണ്ടു. അലൌകികമായ പ്രകാശം പരിസരമാകെ ചൂഴ്ന്നുതുടങ്ങി. ക്രമേണ അയ്യങ്കോവ് ക്ഷേത്രമാകെ പ്രകാശപൂരിതമായി. അന്തരീക്ഷത്തിൽ ഉടുക്കുപാട്ടിന്റെ ധ്വനികൾ മുഴങ്ങിത്തുടങ്ങി. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠയില്‍നിന്നു ആരെയോ വരവേല്‍ക്കാനായി ശംഖുനാദം ഉതിര്‍ന്നു. ചുറ്റമ്പലത്തിലെ വാതിലുകൾ, മണികൾ മുഴക്കി, സാവധാനം വലിച്ചു തുറക്കപ്പെട്ടു. മുനിഞ്ഞു കത്തുന്ന ദീപനാളപ്രഭയിൽ ശ്രീകോവിലില്‍നിന്നു തലയിൽ കാവിക്കെട്ടും കയ്യിൽ ചൂരലുമായി ഒരു ബാലവേഷധാരി ഇറങ്ങി വന്നു.കക്കാട്ദേശം കാത്തുസൂക്ഷിക്കുന്ന അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താവ്!.

അരമണികൾ കിലുക്കി മന്ദംമന്ദം നടന്നുവന്ന ബാലവേഷധാരി ഭദ്രകാളിത്തറക്കു മുന്നിൽ ശിരസ്സ് നമിച്ചു. പട്ടിൽ‌ പൊതിഞ്ഞ ചോരയിറ്റുവീഴുന്ന പള്ളിവാൾ കടന്നെടുത്തു കണ്ണിൽ ചേർത്തു ധ്യാനിച്ചു. അനുവാദം ചോദിച്ചു.

“അമ്മേ ഭദ്രേ”

അന്തരീക്ഷത്തിൽ ചേങ്ങിലകൾ മുഴങ്ങി‍. “ഛിൽ ചിൽ ചിൽ”

പടമാന്‍വളപ്പിൽ‍ പുരുഷുവിനെ താഢിച്ചു ആഗ്രഹപൂര്‍ത്തിക്കു പ്രേരിപ്പിക്കുകയായിരുന്ന അന്തര്‍ജ്ജനം അദൃശ്യമായ ഒരു ചൂരലിന്റെ അടിയേറ്റു വേദനയിൽ പുളഞ്ഞു. ആരോ വലിച്ചെറിഞ്ഞപോലെ വായുവിലേക്കു എറിയപ്പെട്ടു. ഭയന്നുവിറച്ച അന്തര്‍ജ്ജനത്തിന്റെ മുഖം ബീഭത്സമായി. മദാലസയില്‍നിന്നു യക്ഷിയിലേക്കുള്ള പരിവർത്തനം നേരില്‍കണ്ട പുരുഷു ബോധമറ്റുവീണു. പിറ്റേന്നു വെളുപ്പിനു വിതരണത്തിനായി പത്രക്കെട്ടെടുക്കാൻ കൊരട്ടിയിൽ പോയ വത്സനാണ് നടുറോഡിൽ ചോരയൊലിച്ചു കിടന്ന പുരുഷുവിനെ ആദ്യം കണ്ടത്. അടുത്തു ആരോ പറഞ്ഞേൽ‌പ്പിച്ചപോലെ ഇമയനക്കാതെ കാവലിരിക്കുന്ന ശേഖരൻ വെളിച്ചപ്പാടിനേയും.

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം അസാമാന്യശക്തി കൈവരിച്ചതായി നാട്ടുകാർ അറിഞ്ഞു. സന്ധ്യ മയങ്ങിയാൽ ആണുങ്ങളാരും ആ വഴി പോകാതായി. ഒടുക്കം ഇതെല്ലാം കൈമളുടെ ചെവിയിലുമെത്തി. യക്ഷിയെ കാഞ്ഞിരത്തിൽ തറക്കണമെന്നു നാട്ടുകാരും നിശ്ചയിച്ചു. അതിനു കേമന്‍ കൈമൾ തന്നെ.

മൂന്നര മണിക്കൂർ നീണ്ട പൂജയിലെ അവസാനപടിയായിരുന്നു ദേവപ്രശ്നം. ശാസ്താവിനെ ധ്യാനിച്ച് കൈമൾ പലകയിൽ കവടി നിരത്തി. വിധികൾ ഒന്നിനു പിറകെ ഒന്നായി വന്നു. അയ്യങ്കോവ് അമ്പലത്തിൽ അഷ്ടബന്ധകലശം നടത്തണം. ഭദ്രകാളിത്തറ പുതുക്കിപ്പണിതു വര്‍ഷം‌തോറും മുടിയാട്ടം നടത്തണമെന്നും പ്രശ്നത്തിൽ കണ്ടു. പരിഹാരങ്ങളെല്ലാം ചെയ്താൽ അന്തര്‍ജ്ജനം ശാന്തയാകുമെന്നും കാഞ്ഞിരത്തിൽ തറക്കേണ്ട തരത്തിലുള്ള ഭയങ്കരയക്ഷിയല്ല ഇതെന്നും കൈമൾ കൂട്ടിച്ചേര്‍ത്തു. ദിവസവും ശങ്കരമ്മാന്‍‌കാവിൽ വിളക്കുവക്കുന്നതോടൊപ്പം കറുത്തവാവ് ദിവസം ഏഴിലം‌പാലച്ചുവട്ടിലും ഒരു തിരി വച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നു കൈമൾ അറിയിച്ചതോടെ‍ എല്ലാവരും സമാധാനംകൊണ്ടു.

അന്നു കൈമൾ പറഞ്ഞ ചിട്ടകളൊന്നും ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല. അതുകൊണ്ടു പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ശാന്തയാണ്. എങ്കിലും ഇക്കാലത്തും പാ‍തിരാത്രിയിൽ പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമന്‍, ഒന്നുമിനുങ്ങി ഓസീന്‍കമ്പനിപ്പടിക്കൽ ഓട്ടോയിലെത്തി, സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഏഴിലം‌പാലയില്‍നിന്നു അന്തര്‍ജ്ജനത്തിന്റെ കുണുങ്ങിക്കുണുങ്ങിയുള്ള ക്ഷണിക്കൽ കേള്‍ക്കാമത്രെ.

“പുരുഷൂ… ഇങ്ങടൊന്ന് വര്വോ?“

72 Replies to “പൊട്ടക്കിണറിലെ അന്തര്‍ജ്ജനം”

 1. പുരുഷു അമ്പത് അടിച്ചല്ലോ..!നാണുവിന് ശേഷം വീണ്ടും ഉപാസന ഹാഫ് സെഞ്ചുറി അടിച്ച പോസ്റ്റ്..!എല്ലാവര്‍ക്കും നന്ദി പറയുന്നു. 🙂അപര്‍ണാ : ഉവ്വ്, ഉവ്വുവ്വ്..! അന്നമനടേലെ ആ അന്തര്‍ജ്ജനം ചാവാന്‍ വേണ്ടി മാത്രം കക്കാട്ടേക്ക് പോന്നു. ഞങ്ങടെ ദുരിതം..! പിന്നെ “സുനിലേ…ട്ടോ“ എന്നൊക്കെ പറഞ്ഞ് എന്നെ ഒതുക്കമെന്ന് നിരീക്കണ്ടാ. ഒരിക്കല്‍ വിളിക്കേണ്ടി വരും, നേരെ ചൊവ്വേ. ങ്ഹാ..! നന്ദി 🙂നജീമിക്ക : ഇത്ര ഭയങ്കരനായിട്ടും ഭായിക്ക് പേടിയോ..? യക്ഷി ഒരു വല്യ ജിന്നൊന്നുമല്ലെന്നേയ്. 🙂ശ്രീച്ചേട്ടാ : എന്തേലും ഊന്നിപ്പറയൂ ട്ടോ. നന്ദി 🙂കൃഷ് ഭായ് : യക്ഷി ദര്‍ശനം അനുവദിക്കുകയോ..? അതും ഞങ്ങള്‍ക്കോ..!!!. നോ നെവര്‍. ദര്‍ശനം പുരുഷുച്ചേട്ടന് മാത്രം. അതാ ചിട്ട. പിന്നെ ഡീറ്റെയിത്സ് എഴുതാനാണെങ്കില്‍ ഇവിടെ ബാംഗ്ലൂരില്‍ ഷോപ്പിങ് കോപ്ലക്സുകളില്‍ പലപ്പോഴും ചില യക്ഷികള്‍ വരാറുണ്ട്. ഗുട്ടന്‍സ് പിടി കിട്ടിയില്ലേ. 🙂മൂര്‍ത്തി സാറേ : വായിച്ചെന്നറിഞ്ഞതില്‍ ബഹുത് സന്തോഷം. 🙂കാര്‍വര്‍ണമേ : ചെങ്കന്‍ പേരാണല്ല്. സ്വാഗതം ഉപാസനയിലേക്ക്. പിന്നെ പുറത്തെ അനക്കം നാഗവല്ലിയുടെ ആയിരിക്കും. 🙂അഭിലാഷ് ഭായ് : ഇല്ലാ ഞാന്‍ കണ്ടിട്ടില്ലാ‍ാ‍ാ. ദര്‍ശനം പുരുഷുച്ചേട്ടന് മാത്രമേ അനുവദിക്കാറുള്ളൂ. പാഗ്യവാന്‍..! ഓന്റൊരു ടൈം, അല്ലാതെന്താ..!!! 🙂പുരുഷുച്ചേട്ടന്റെ കഥ വായിച്ച് ഭിപ്രായമറിയിച്ചവ്ര്ക്കും മിണ്ടാതെ പോയവര്‍ക്കും വളരെ നന്ദി.🙂 എന്നും സ്നേഹത്തോടെ ഉപാസന

 2. ഉപാസനാ…ശരിക്കും പേടിച്ചു..രാത്രിയില്‍ പേടിച്ച് ഉറക്കം വരാതെ കിടക്കുമെങ്കിലും പ്രേതകഥകള്‍ എനിക്കൊത്തിരി ഇഷ്ട്ടമാണ്..പ്രത്യേകിച്ചും യക്ഷിക്കഥകള്‍.പിന്നെ കമന്റ്സ് വായിക്കാതെ കമന്റിയിരുന്നേല്‍ വലിയൊരു പൊട്ടത്തരം പറ്റിയേനേ..ഇതു കക്കാടിന്റെ ഏതോ കഥ സുനില്‍ ഞങ്ങള്‍ക്കായി പരഞ്ഞതാണെന്നാ ഞാന്‍ കരുതിയിരുന്നത്.അന്ന് ഓണ്‍ലൈന്‍ വന്നപ്പോള്‍ ഞാനുദ്ദേശിച്ചതും അതാണ്.എന്തായാലും ഉപാസനയുടെ എന്നല്ല പറയേണ്ടത്, മലയാള സാഹിത്യത്തിലെ തന്നെ നല്ലൊരു സൃഷ്ടി..എനിക്കങ്ങനെ തോന്നി.

 3. എതിരവാ : ശാസ്താവ് ഭൈരവന്റേം കാളിയുടേയും മകനല്ല. മറിച്ച് ഹരിയുടേയും ഹരന്റേയും മകനാണ് (ഹരിഹരസുതന്‍). പിന്നെ മോറാലിറ്റി എന്‍ഫോഴ്സ് ചെയ്യാന്‍ ഒരാളുണ്ടാകുന്നത് നല്ലതല്ലേ ഭായ്.പിന്നെ, ഈ കഥ മുഴുവന്‍ ഭാവനയില്‍കൂടിയാണ് ഞാന്‍ പറഞ്ഞിരിക്കുന്നതെന്ന് സ്ഥാപിക്കാണോ നോക്കുന്നങത്. വേണ്ട അത് ഏശില്ല സാറേ:)പുരുഷുച്ചേട്ടന്റെ കഥ നടന്നിട്ട് അധികം കാലം ഒന്നുമായിട്ടില്ല. ഒരു എട്ടു വര്‍ഷം. ഇതത്ര വല്യ കാലയളവാണോ..?മന യില്‍ താമസിക്കുന്നത് നമ്പൂരിമാര് മാത്രമാണോ..? ഇപ്പോ ഞാന്‍ ഒരു പുതിയ വീട് വച്ച് അതിന് ഒരു ‘മന’പ്പേര് വച്ചാ ആരാ ചോദിക്കാ..? 🙂 ഞങ്ങടെ നാട്ടില്‍ ഇത് പോലുള്ള രണ്ട് മൊന്ന് വീടുകള്‍ ഉണ്ട്.ഒരെണ്ണത്തില്‍ താമസിക്കുന്നത് മുസ്ലിമാണ്. എന്താ കഥ..!പിന്നെ കിണറ്റിനകത്താണ് ഏഴിലം പാല എന്ന് ഞാന്‍ വെറുതെ പറഞ്ഞതാ. 🙂 അകത്തല്ല, അടുത്താണ്. ഞാന്‍ അത് കിണറ്റിനകത്തേക്ക് ഇറക്കിവച്ചുന്നേയുള്ളൂ. അതിലിപ്പോ എന്താ തെറ്റ് മാഷെ :)))പ്രിന്റോ..? ഉം നടക്കട്ടേ, 🙂പിന്നെ ഞാന്‍ കമന്റ് ഇട്ടിരിക്കുന്നത് തികഞ്ഞ സൌഹൃദ മനോഭാവത്തോട് കൂടിയാണെന്നതില്‍ എതിരവന് സംശയമേതും വേണ്ട. നന്ദീട്ടാ ഇവിടെ വന്ന് കൊറച്ച് വാക്ക് കുറിച്ചതിന്. 🙂ഗീതേച്ചി : ഉപാസന ഒരു കറ കളഞ്ഞ ഒ.വി.വിജയന്‍ ഫാന്‍ ആണെന്നതില്‍ ഒരു സംശയവും വേണ്ട. വിജയന്‍ വലിയ ‘പെരിയോര്‍’ ആ‍ണെനിക്ക്. ഇതിഹാസം എന്റെ ബൈബിളും ആണ്.ദേശത്തെ അടയാളപ്പെടുത്തുന്ന, ദേശക്കാരെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ എന്നും എന്റെ ആവേശമായിരുന്നു.ഖസാക്കിന്റെ ഇതിഹാസം : ഒ.വി.വിജയന്‍തട്ടകം : കോവിലന്‍ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ : എന്‍.എസ്.മാധവന്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി : സാറാ ജോസഫ്മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍ : എം.മുകുന്ദന്‍സ്മാരകശിലകള്‍ : പുനത്തില്‍ കുഞ്ഞബ്ദുള്ളതുടങ്ങി താരതമ്യേന പുതുമുഖമായ സി.അഷ്‌റഫിന്റെ “ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങള്‍” വരെ ഞാന്‍ വായിച്ച് ഇഷ്ടപ്പെട്ടവയാണ്.അതു കൊണ്ട് തന്നെ എന്റെ നാട്ടുകാരെ ക്കുറിച്ച് എഴുതാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ അദ്ധ്യായങ്ങളായി അവ ഞാന്‍ പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒടുക്കം… ഒടുക്കം ഈ അധ്യായങ്ങള്‍ ഒക്കെ പരസ്പരം ബന്ധിപ്പിച്ച്, ആറ്റിക്കുറുക്കി,അടച്ചൊതുക്കി പറഞ്ഞ് ഒരു നോവലെഴുതാനും എനിക്ക് പ്ലാന്‍ ഉണ്ട്. :)))ഇങ്ങിനെയാണ് എന്റെ ഭാവനകള്‍ ചിറക് വിരിക്കുന്നത്. ഹ്ഹഹഹഹ്ഹ്.പിന്നെ ഇതില്‍ ചിലത് ഭാവനകളാണ്. പക്ഷേ യക്ഷി എന്നൊരു മിത്ത് ഉണ്ടവിടെ. പുരുഷുച്ചേട്ടനേ ഞാന്‍ ആ യക്ഷിയുമായി ബന്ധിപ്പിച്ചെഴുതി.അത്രയേ ഉള്ളൂ.പിന്നെ അയ്യങ്കോവ് അമ്പലമൊക്കെ അടുത്ത് തന്നെ ഉണ്ട്.അതായത് മിത്ത്, സ്ഥലകാല വിവരണങ്ങള്‍ ഒക്കെ സത്യമാണ്. 🙂നന്ദി ഈ പ്രോത്സാഹനത്തിന്.🙂 എന്നും സ്നേഹത്തോടെ ഉപാസന

 4. കഥയില്‍ ഭൈരവനും കാളിയും ആദ്യം ‘റെസ്പോണ്ട്’ ചെയ്തിട്ടാണ്‍ ശാസ്താവ് ഇറങ്ങി വരുന്നത്. ഭദ്രകാളിയെ അമ്മേ എന്നും വിളിയ്ക്കുന്നു. അതുകൊണ്ടു ഞാന്‍ വിചാരിച്ചു…..ഭസ്മാസുര-മോഹിനി കഥ എവിടുന്നു വന്നു എന്ന് അത്ര പിടിയില്ല ആര്‍ക്കും. ഗുജറാത്തില്‍ എങ്ങോ നിലവിലുള്ളത് ഏകദേശം സമാന്തരമാണത്രെ. മോഹിനി-വിഷ്ണു ശിവ സംയോഗം കഥ പുതുതാണെന്നര്‍ത്ഥം. (മോഹിനി വിജയം കഥകളി എഴുതിയ പി. രാജശേഖര്‍ നല്‍കിയ വിവരം).ഉപാസനയുടെ കഥയിലെ മിത് കുറച്ചു പഴകിയതാണെന്ന സൂചന തോന്നിയത് അവസാനം “ഇന്നും” എന്ന പ്രയോഗമാണ്.മന എന്നത് കര്‍ണാടകത്തില്‍ വീട് എന്നതിനുപയോഗിക്കുന്ന വാക്കല്ലെ. കേരളത്തിലെ മനകളില്‍ താമസിക്കുന്ന പോറ്റിമാര്‍ കര്‍ണാടകത്തില്‍ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്ന് വായിച്ചിട്ടുണ്ട്. മുസ്ലീമുകള്‍ താമസിക്കുന്ന മന നമ്പൂതിരിമാരില്‍ നിന്നും വാങ്ങിച്ച വീടായിരിക്കുമോ?

 5. കുറുമാന്‍ ജി : തന്നെ കുറുമാന്‍ ജി. പുരുഷൂ ചേട്ടന്റെ ആ മീശേം, ഒന്ന് മിനുങ്ങിയ മുഖവും ഒരു ഉള്‍ക്കിടിലം ആണ് എല്ലാവരിലും ഉണ്ടാക്കുക. 🙂എതിരവാ : ഭ്ദ്രകാളിയെ എല്ലാ ഭക്തരും “അമ്മേ” എന്നും “ഭദ്രേ” എന്നുമാണ് വിളിക്കാറ്. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. 🙂അത്ര പഴകിയതൊന്നുമല്ല ട്ടോ 🙂മോഹിനി-ശിവ സംയോഗം എന്നാണെന്ന് എനിക്കും വല്യ പിടിയില്ല. അതൊന്നും ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. 🙂കന്നഡത്തില്‍ വീടിന് പറയുക “മനെ” എന്നാണ്.മുസ്ലിം വാങ്ങിയ വീട് നമ്പൂരിടെ ആണോ എന്ന് അറൊഇയില്ല.. 🙂അഭിപ്രായമറിയിച്ചതിന് നന്ദി🙂 എന്നും സ്നേഹത്തോടെ ഉപാസന

 6. ഇന്നും ഒരു വെള്ളിയാഴ്ച. ഇവിടാണെങ്കില്‍ രാവിലെ തൊട്ട് തുടങ്ങിയ പൊടിക്കാറ്റിന്‍ ശക്തി കൂടി കൂടി വരികയുമാണ്. ഇനി ആ യക്ഷി ഇങോട്ടെങ്ങാനം കെട്ടിയെടുക്കുന്നതാണോ ഭഗവാനേ…പിന്നേ… ഡ്രാക്കുള വരെ വായിച്ചിട്ട് കൂളായി കിടന്നുറങ്ങിയ എന്നോടാ കളി..ങ്ഹ്

 7. ഷാരൂ : എന്റെ പുരുഷുക്കഥ രസിച്ച് വായിച്ചു ന്ന് അറിഞ്ഞതില്‍ സന്തോഷം. ഇനിയും ഇത് പോലെ അനുഭവമായി തോന്നുന്ന കഥകള്‍ പറയാന്‍ ശ്രമിക്കാം. 🙂കൂട്ടുകാരാ (ബാലകൃഷ്ണാ) : ശാസ്താവ് രക്ഷിക്കും എല്ലാവരേയും, മൂന്ന് തരം..! പിന്നെ ഈ സംഭവം നടന്നതിന് ശേഷം നാട്ടുകാരായ നാട്ടുകാരൊക്കെ പിറ്റേന്ന് രാത്രി പ്രസ്തുത സ്ഥലത്ത് തമ്പടിച്ചു. അന്തര്‍ജ്ജനത്തെ “കാണാം” എന്ന് കരുതി വന്നാതാണ്..! ബട്ട് നോ രക്ഷ. നീ സംശയിക്കേണ്ട ഞാന്‍ അങ്ങോട്ടൊന്നും പോയേ ഇല്ല. മന്‍സൂറിക്കാ‍ാ : ഭായ് :). ഉപാസന ടച്ച് അങ്ങിനൊന്നുണ്ടോ..? എനിക്കറിയില്ല. ഞാന്‍ അങ്ങിനെയൊന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നൊനുമില്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഈ ‘ടച്ച്’ കള്‍ ഒക്കെ എങ്ങനെയാ ഉണ്ടാകുന്നതെന്ന് പോലും നിശ്ചയമില്ല. 🙂പുരുഷു ചേട്ടന്റെ ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണെന്നുള്ളത് ശരിയാണ്. പക്ഷേ എല്ലാ കഥയും ഇത് പോലെ നന്നാക്കാനാവില്ല. അതിനുള്ള ആമ്പിയര്‍ എനിക്കില്ല. അത് ഒരു ദുഃഖസത്യമാണ്. 🙂മനു ഭായ് : പുരുഷു തകര്‍ത്തൂന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ട്ടോ. 🙂ദ്രൌപദി : ഹൊററും സെക്സും സമന്വയിപ്പിച്ച ഒരു പോസ്റ്റാണ് ഇത് എന്നുള്ള നിരീക്ഷണം ശരിയാണ്. ഇഷ്ടമായ് എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ. 🙂വേണു മാഷേ : ശ്ശോ മാഷ്ക്ക് ഈ പ്രായത്തിലും പേടിയോ. ;). ആ പാട്ട് പാടാന്‍ പി.ജെ.ആന്റണീയേക്കാളും നല്ല ചോയ്സ് വേറെ ഇല്ല. :)) എഴുത്തുകാരി : യക്ഷിക്കഥ ആണ്. പുരുഷുക്കഥയും കൂടി ചേര്‍ത്തോളൂ ട്ടോ. നന്ദി 🙂പുരുഷു ചേട്ടനെക്കുറിച്ചുള്ള കഥ വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും, മിണ്ടാതെ പോയവര്‍ക്കും ഉപാസ്നായുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ ഉപാസന

 8. കുട്ടന്‍ മേന്‌നേ : ആ വിളി എന്റെ ചങ്കിലും ഉണ്ട് എല്ലായ്പ്പോഴും..! “ഇനി ചാലക്കുടി സ്റ്റാന്‍ഡിന്റെ അടുത്തുള്ള ചേമ്പിന്‍ കൂട്ടം കണ്ടാല്‍ എന്തായാലും ഇതോര്‍മ്മിക്കും“. :))) വയ്യ. 🙂കൊസ്രക്കൊള്ളി : ബ്ലോഗിലമ്മയല്ല രക്ഷിക്കാറ്. കക്കാട് ദേശം വാഴും അയ്യങ്കോവ് ക്ഷേതത്തിലെ ശ്രീധര്‍മ്മശാസ്താവ് ആണ് രക്ഷകന്‍..!!! നന്ദി 🙂കെ എം എഫ് : ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ സന്തോഷം മാത്രം. 🙂വീണേച്ചി : ശിവകുമാര്‍ എന്റെ ശിഷ്യനായിരുന്നു ട്ടോ ;). ഞാന്‍ കൊറേ നാളായി മനൊരമ യൊന്നും വായിക്കാറില്ല. മുമ്പ് ശ്രീകൃഷ പരുന്ത് വായിച്ച ഓര്‍മ മാത്രമേയുള്ളൂ. 🙂ആഗ്നേയാ : മലയാളസാഹിത്യത്തിലേതോ. അത്രയൊക്കെയുണ്ടോ സുഹൃത്തേ..? ഒത്തിരി നല്ല വാകുകള്‍ക്ക് നന്ദി.പിന്നെ ഒന്ന് കൂടെ “ഇതും കക്കാടിന്റെ ഒരു കഥയാണ്ട്ടോ, ഇതിഹാസമാണ് ട്ടോ..!” 🙂കുതിരവട്ടാ : പ്രദേശമൊക്കെ അറിയാമല്ലോ അല്ലേ..? 😉 അഭിപ്രായമറിയിച്ചതിന് വളരെ നന്ദി. 🙂വനജേച്ചി : ഡൊണ്ട് വറി. യക്ഷിയെ പണീക്കര്‍ ഇവിടെ കുടിയിരുത്തിയിരിക്കുകയാണ്. അങ്ങോട്ട് വരാമാട്ടേന്‍. നന്ദി 🙂പുരുഷു ചേട്ടനെക്കുറിച്ചുള്ള കഥ വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും, മിണ്ടാതെ പോയവര്‍ക്കും ഉപാസ്നായുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ ഉപാസന

 9. എന്റെ പൊന്നുപാസുനിലേ..ഇത് ഞാന്‍ വായിച്ചിട്ട് കുറേ ദിവസങ്ങളായെങ്കിലും ഇന്ന് വീണ്ടും ഒരിക്കല്‍ക്കൂടിവായിച്ചുകഴിഞ്ഞ് കമന്റുപുരയിലെത്തിയപ്പോഴാണ് എന്റെ കയ്യൊപ്പിടാന്‍ മറന്നത് ശ്രദ്ധയില്‍പ്പെട്ടത്..നിന്റെ പോസ്റ്റുകളില്‍ പലതും ഞാന്‍ ഒന്നിലധികം തവണ വായിക്കാറുണ്ട്..ചുമ്മാ പേടിക്കാന്‍ തോന്നുമ്പോള്‍ പോലും ഇങ്ങോട്ടുവരാമെന്നായി 🙂അവതരണശൈലിയും കലക്കന്‍!നാട്ടിന്‍പുറത്തെ കഥാപാത്രങ്ങളേയും അഭൌമശക്തികളുടെ സ്വാധീനങ്ങളും ഭയവും മയപ്പെടുത്തിയ സെക്സും മനം കവരുന്നരീതിയില്‍ നീ അവതരിപ്പിച്ചിരിക്കുന്നു.നിന്റെ നാട്ടിലെ ഇരുട്ടുവീണപാടവരമ്പുകളിലൂടെ മനസ്സ് പതിയെ നടന്നു…ഏഴിലമ്പാലകളും അതിന്റെ ചോട്ടില്‍ കൊതിയും കാമവും നിറഞ്ഞ ചോരമിഴികളും കണ്ട് പതിയെ നടന്നു…ശാസ്താവിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്..അയ്യപ്പന്‍/ശാസ്താവ് ആട്ടിപ്പായിക്കപ്പെട്ട ബുദ്ധസമൂഹത്തിന്റെ ബാക്കിശേഷിപ്പാണെന്നുവരെ ‘കഥ’കള്‍!തെക്കന്‍‌കേരളത്തില്‍ പാടശേഖരങ്ങളോടുചേര്‍ന്ന് ‘മണ്ഡപ’ങ്ങളുണ്ട്.അവയൊക്കെയും ഇന്ന് ശാസ്താക്ഷേത്രങ്ങളാണ്.നാട്ടിന്‍പുറങ്ങളില്‍ “മൊറാലിറ്റി എന്‍ഫോഴ്സര്‍’ആയ ശാസ്താവ് ശരിക്കും ആരാണ്?കേരളത്തില്‍ ജീവിച്ച ഏതെങ്കിലുമൊരു പടയോട്ടക്കാരനോ കഥാന്ത്യത്തില്‍ ബുദ്ധമതം സ്വീകരിച്ച രാജാവോ ആരായിരുന്നിരിക്കും?!

 10. അനാമിക ചേച്ചി : അദ്യത്തെ സന്ദര്‍ശനത്തിന് ഉപാസനയുടെ കൂപ്പുകൈ. അഭിപ്രായമറിയിച്ചതിന് വളരെ നന്ദി. 🙂ഹരിയണ്ണാ : ഇരുട്ട് വീണ് കിടക്കുന്ന പാടവമ്പുകളേയും, നിശബ്ദത മുറ്റി നില്‍ക്കുന്ന ഇടവഴികളെയും കോര്‍ത്തിണക്കി ഞാന്‍ പറയും ഇന്യുമൊരുപാട് കക്കാടിന്റെ ഇതിഹാസങ്ങളെപ്പറ്റി.വായിക്കണം.പിന്നെ ശാ‍ാസ്താവിന്റെ ഒറിജിന്‍ ഒന്നും ഇവിടെ ഞാന്‍ ഉദ്ദേശിച്ചില്ല ട്ടോ. :))സജിത് : മച്ചാ‍ാനേ..! പുരുഷു എങ്ങ്ന്ണ്ട്രാ. 😉നന്ദി അഭിപ്രായമറിയിച്ചതിനും, വായനക്കും. 🙂കണ്ണാമ്പലത്ത് പുരുഷുവിന്റെ കഥ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ ഉപാസന

 11. ഉപാസനേ എന്തേയിത് ഞാന്‍ കണ്ടില്ല?വായിച്ച് ഒറ്റശ്വാസത്തില്‍ തിര്‍ത്തു..കോട്ടയം പുഷ്പരാജ് ഒന്നും ഒന്നുമല്ല..പുല്ല്…ഇനിയും പോരട്ടെ ഇതേ പോലെത്തെ അന്തര്‍ജനഭികരകഥകള്‍…

 12. പ്രിയ ഏറനാടന്‍ : പുഷ്പരാജും ഉപാസനറ്റും ആരാ..!നന്ദി അഭിപ്രായമറിയിച്ചതിന്🙂 എന്നും സ്നേഹത്തോടെ ഉപാസന

 13. നന്നായിട്ടുണ്ട്..സിയാടെ ബസ്സില്‍ നിന്നും ലിങ്കില്‍ കയറിയാ ഇവിടെ എത്തിയത്..കാശ് മൊതലായി!

Leave a Reply

%d bloggers like this: